Begin typing your search above and press return to search.
proflie-avatar
Login

പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർച്ചുകിന്റെ 'The Books of Jacob' വായിക്കുന്നു

പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർച്ചുകിന്റെ The Books of Jacob വായിക്കുന്നു
cancel

2019ലെ സാഹിത്യത്തിനുള്ള നൊ​േബൽ സമ്മാനം നേടിയ പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർച്ചുകിന്റെ 'The Books of Jacob' എന്ന ഏറ്റവും പുതിയ നോവൽ വായിക്കുന്നു.2018ലെ മാൻബുക്കർ അന്തർദേശീയ പുരസ്കാരവും 2019ലെ സാഹിത്യ പുരസ്കാരവും നേടി സാഹിത്യ ലോകത്തെ വിസ്മയിപ്പിച്ച എഴുത്തുകാരിയാണ് പോളണ്ടിലെ ഓൾഗ ടോകാർച്ചുക് (Olga Tokarczuk). മാൻബുക്കർ ലഭിച്ച 'പലായനങ്ങൾ' (Flights) എന്ന നോവൽ വായിക്കുന്നതിന് മുമ്പുതന്നെ House of Day House of Night എന്ന വിഖ്യാത നോവലും വായിക്കാൻ കഴിഞ്ഞിരുന്നു. ഇതുകൂടാതെ Playing on Many Drums എന്ന ഒരു ചെറുകഥാ സമാഹാരവും പുറത്തുവന്നിരുന്നു. അങ്ങനെ ലോകസാഹിത്യ സീമയിൽ വളരെ പെട്ടെന്നാണ്​ അവർ തന്റെ സാന്നിധ്യത്തിന്റെ വെളിച്ചം പകരുന്ന ജാലകങ്ങൾ ഓൾഗ തുറന്നിട്ടത്....

Your Subscription Supports Independent Journalism

View Plans
2019ലെ സാഹിത്യത്തിനുള്ള നൊ​േബൽ സമ്മാനം നേടിയ പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർച്ചുകിന്റെ 'The Books of Jacob' എന്ന ഏറ്റവും പുതിയ നോവൽ വായിക്കുന്നു.

2018ലെ മാൻബുക്കർ അന്തർദേശീയ പുരസ്കാരവും 2019ലെ സാഹിത്യ പുരസ്കാരവും നേടി സാഹിത്യ ലോകത്തെ വിസ്മയിപ്പിച്ച എഴുത്തുകാരിയാണ് പോളണ്ടിലെ ഓൾഗ ടോകാർച്ചുക് (Olga Tokarczuk). മാൻബുക്കർ ലഭിച്ച 'പലായനങ്ങൾ' (Flights) എന്ന നോവൽ വായിക്കുന്നതിന് മുമ്പുതന്നെ House of Day House of Night എന്ന വിഖ്യാത നോവലും വായിക്കാൻ കഴിഞ്ഞിരുന്നു. ഇതുകൂടാതെ Playing on Many Drums എന്ന ഒരു ചെറുകഥാ സമാഹാരവും പുറത്തുവന്നിരുന്നു. അങ്ങനെ ലോകസാഹിത്യ സീമയിൽ വളരെ പെട്ടെന്നാണ്​ അവർ തന്റെ സാന്നിധ്യത്തിന്റെ വെളിച്ചം പകരുന്ന ജാലകങ്ങൾ ഓൾഗ തുറന്നിട്ടത്. ശരിക്കും പ്രതിഭയുടേതായ ഒരു പിൻബലം അവർക്കുണ്ടായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.

2014-15 കാലത്ത് അവർ മാതൃഭാഷയായ പോളിഷിൽ രചിച്ച മഹത്തായ നോവൽ രചനയെ കുറിച്ചുള്ള വാർത്തകൾ വന്നു. ജേക്കബിന്റെ പുസ്തകങ്ങൾ (The Books of Jacob) എന്ന ശീർഷകത്തിലാണ് പതിനെട്ടാം നൂറ്റാണ്ടിലെ പോളിഷ് ജൂതസമൂഹത്തിന്റെ ജീവിത സമസ്യകളെ ആധാരമാക്കിയുള്ള ഈ മഹാരചന പ്രസിദ്ധീകരിക്കപ്പെട്ടത്. ഇത് പോളണ്ടിലും മറ്റു യൂറോപ്യൻ ഭൂമികകളിലും വലിയ ചലനങ്ങൾ സൃഷ്ടിച്ച ഒരു ചരിത്ര നോവലായി വിലയിരുത്തപ്പെട്ടു. 2019ലെ നൊ​േബൽ സമ്മാനം ലഭിക്കുമ്പോൾ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയുണ്ടായിട്ടില്ലെങ്കിലും മറ്റു യൂറോപ്യൻ ഭാഷകളിൽ വന്നിരുന്ന ഇതിനെ കമ്മിറ്റിക്ക് പരിഗണിക്കേണ്ടതായി വന്നിരുന്നു. ഈ കാര്യം അവർ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ, പരിഭാഷകയായ ജെനിഫർ ​ക്രാഫ്​റ്റ്​ (Jennifer Croft) ചെയ്തുകൊണ്ടിരിക്കുന്നു എന്ന ആശ്വാസകരമായ വാർത്തയും കാലാകാലങ്ങളിലുള്ള അതിന്റെ പുരോഗതിയും വലിയ വാർത്തയായിരുന്നു. ആദ്യം 2021 ജൂണിലും 2021 നവംബറിലും ഇതിന്റെ പ്രകാശനമുണ്ടാകുമെന്നുള്ള പ്രതീക്ഷ പ്രസാധകർ നൽകി. എന്നാൽ 2021 വർഷാന്ത്യത്തോടെയാണ് ലണ്ടനിലെ ഫിറ്റ്സറാൾഡോ എഡിഷൻസ് (Fitzcaraldo Editions, London) ഇതിന്റെ പ്രകാശനം നിർവഹിച്ചത്. അമേരിക്കൻ എഡിഷൻ ഇൗ ഫെബ്രുവരി അന്ത്യത്തോടെ മാത്രമെ പുറത്തുവരൂ എന്ന രീതിയിൽ വാർത്തകളുണ്ട്.

ആറു ഭാഗങ്ങളിലൂടെ തൊള്ളായിരം പേജുകളിലൂടെയാണ്​ ഈ ബൃഹത് രചന പൂർത്തീകരിക്കപ്പെട്ടിരിക്കുന്നത്. ജർമൻ എഴുത്തുകാരൻ ഡബ്ല്യു.ജി. സെബാർഡിനെയും മിലാൻ കുന്ദേരയെയും ദാനിലൊകിസ്സിനെയും ദുബ്രാവുക ഉഗ്രസിക്കിനെയും ഓർമിപ്പിക്കുന്ന ഈ വലിയ നോവൽ പോളിഷ് സാഹിത്യത്തിൽ ഇതുവരെ വന്ന ഏറ്റവും മികച്ച നോവലുകളിലൊന്നായി നിരൂപകർ അംഗീകരിക്കുന്നു.



പതിനെട്ടാം നൂറ്റാണ്ടിലെ ജൂവിഷ് മിസ്റ്റിക്ക് (Jewish Mystic) എന്ന പേരിലറിയപ്പെടുന്ന ​ജേക്കബ് ഫ്രാങ്കിന്റെ ജീവിതത്തിന്റെ ഫിക്​ഷനൽ രീതിയിലുള്ള അനാവരണമാണ് ഈ നോവലിന്റെ പ്രമേയമായി വിലയിരുത്തപ്പെടുന്നത്. ഒരുതരം കരിസ്മാറ്റിക്ക് വശീകരണ ശക്തിയുള്ള കഥാപാത്രമായിട്ടാണ്​ അദ്ദേഹം നോവലിൽ വരുന്നത്. അദ്ദേഹത്തിന്റെ മതപരമായ ബന്ധത്തിന്റെ തീവ്രത ക്രിസ്തീയ ഇസ്‍ലാം, ജൂദായിസം, കാതോലിക്കിസം തുടങ്ങിയ മതങ്ങളുമായി ഇഴചേർന്നുനിന്നിരുന്നു എന്നുള്ള പ്രത്യേകത കഥാപാത്രത്തിന്റെ പരിവേഷങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നു. ചുറ്റുമുള്ള സമൂഹം ഒരു മിശിഹായുടെ വരവിനെയും സാന്നിധ്യത്തെയുമാണ് ഈ കഥാപാത്രത്തിന്റെ പ്രസക്തിയുമായി കൂട്ടിച്ചേർത്തിരിക്കുന്നത്.

സമകാലിക സാമൂഹികാവസ്ഥയിൽ കൊടുങ്കാറ്റും നാശവും സൃഷ്ടിച്ചുകൊണ്ടുള്ള ഒരു ആഗമനമാണ് ജേക്കബ് ഫ്രാങ്ക് രൂപപ്പെടുത്തിയിരുന്നെന്നുള്ളതും ശ്രദ്ധേയമാണ്​. സ്വന്തം സമൂഹത്തിന്റെ നിഗൂഢമായ മതാചാരങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങളുടെ ഒരു വലിയ സാധ്യതയാണ്​ ഇതുവഴി തുറന്നുവന്നത്. ഇതോടൊപ്പം ഓട്ടോമൻ സാമ്രാജ്യത്തിന്റെ കടന്നുകയറ്റത്തിന്റെയും വ്യാപ്തിയുടെയും സൂചനകളും നിറഞ്ഞുനിൽക്കുന്നു.

ജൂതസമൂഹത്തിന്​ പോളണ്ടിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും സംഭവിച്ച സഞ്ചാരപഥങ്ങളുടെ ഒരു വലിയ രൂപരേഖ തന്നെ നോവലിന് അത്യപൂർവമായ ശക്തി പകർന്നുകൊടുക്കുന്നുണ്ട്. ചരിത്രസംഭവങ്ങളെ നാടകീയമായ രീതിയിൽ രൂപകൽപന കൊടുത്തിട്ടാണവർ നോവലിലെ സംഭവങ്ങളും കാലവുമായി ഇണക്കിച്ചേർത്തിരിക്കുന്നത്. ഇതുവഴി മാനവരാശിയുടെ ചരിത്രവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ അവിശ്വസനീയമാംവിധത്തിലുള്ള സംഭവങ്ങളും അവയുടെ ക്രൂരതയുടെ സ്പർശമുള്ള സംവിധാനങ്ങളും അരങ്ങേറുന്നുണ്ട്: നോവലിന്റെ പ്രമേയത്തിന്റെ തനതായ സാധ്യതകൾ വഴിയാണ് എഴുത്തുകാരി ഇവയെ ഉൾക്കൊള്ളാനും ശ്രമിച്ചിരിക്കുന്നത്.

ഈ നോവലിലെ കഥാപാത്രങ്ങളുടെ നീണ്ട പട്ടിക ഏതൊരു വായനക്കാരനും ഒരുപക്ഷേ, ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന ബൃഹത് നോവലിനെ കുറിച്ചോർത്തുപോകും. അതുകൊണ്ട് തന്നെയാണിതും ചരിത്ര ക്ലാസിക്കായി നാം തിരിച്ചറിയുന്നത്. ഹീബ്രൂ രചനാ പാരമ്പര്യമനുസരിച്ച് പേരുകളുടെ ഒരു എതിർദിശാ സങ്കൽപമാണിവിടെയും ക്രമീകരിച്ചിരിക്കുന്നത്. നിരവധി ഭൂപടങ്ങളും ചിത്രങ്ങളും നോവലിന്റെ ഘടനയിൽ തുടർച്ചയായ സാന്നിധ്യവും കുറിക്കുന്നുണ്ട്.

നോവൽ ആരംഭിക്കുന്നത് 1752ന്​ അന്നത്തെ പോളണ്ടിലെ വൊഡോലിയ പ്രദേശത്താണ്. ഇന്ന് അത് യുക്രയിനിന്റെ ഭാഗമാണ്​. നോവലിന്റെ തുടക്കത്തിൽതന്നെ ഫ്രാങ്കിന്റെ പിതാമഹിയായി വരുന്ന യെൻറ്റെ (Yente) എന്ന കഥാപാത്രത്തിന്റെ ഒരു രേഖപ്പെടുത്തൽ കൊടുത്തിട്ടുണ്ട്. എഴുതപ്പെട്ട ഒരു രേഖ അവർ വിഴുങ്ങുന്നതിന്റെ ചിത്രവും ഇതോടൊപ്പമുണ്ട്. സ്വന്തം മരണത്തെ ബോധപൂർവം താമസിപ്പിക്കാനുള്ള ഒരു ശ്രമമായിട്ടാണിതിനെ കാണുന്നത്. അങ്ങനെ ജീവിതത്തിനും മരണത്തിനുമിടയിൽ അനിശ്ചിതമായ ഒരവസ്ഥയിൽ തൂങ്ങിനിൽക്കുന്ന ഒരു കഥാപാത്രത്തെയാണ് നാം കാണുന്നത്. മനുഷ്യ ശരീരത്തിനുള്ളിൽ വാക്കുകൾ രണ്ടായി വിഭജിക്കപ്പെടുകയാണ്. ഒന്ന് സത്തയായും മറ്റേത് അന്തസ്സാരമായും രൂപപ്പെട്ടുവരുന്നു. ആദ്യത്തേത് പോയിക്കഴിയുമ്പോൾ രണ്ടാമത്തേത് രൂപമില്ലാതെ സ്ഥിരമായി നിൽക്കുകയും ചെയ്യുന്നു. ഒരുപക്ഷേ, അത് ശരീരകോശങ്ങളിലേക്ക് ലയിച്ചുപോയിട്ടുണ്ടാകാം. നിരവധി നിർഭാഗ്യാവസ്ഥകളുടെ കാരണമായിതിനെ വിശേഷിപ്പിക്കാമെങ്കിലും സത്തയുടെ സാന്നിധ്യവും തിരോധാനവും വലിയ മാറ്റങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്യും. ഒരു ക്ലാസിക് രചനയിലേക്കുള്ള നമ്മുടെ യാത്ര ഇതോടെ ഉദ്വേഗപൂർണമാകുന്നു.

ഓൾഗ ടോകാർച്ചുക് യെൻറ്റെ എന്ന കഥാപാത്രത്തിന്റെ സത്തയുടെ, ആത്മാവിന്റെ ഒരു പ്രത്യേക വീക്ഷണത്തിനുള്ളിൽനിന്നാണ് നോവൽ വിഭാവനംചെയ്തിരിക്കുന്നത്.

ആ കാലത്ത് ജൂതരുടെ വിചാരധാരകൾ പൂർണമായും സ്വാധീനിച്ചിരുന്നത് അതിന്റെ പരമ്പരാകൃത പണ്ഡിതരായ താർമുദിസ്റ്റുകളുടെ ചിന്തകൾക്കനുസൃതമായിട്ടാണ്: അന്നത്തെ റാബി നിയമസംഹിത അനുശാസിക്കുന്നതും മറ്റൊന്നായിരുന്നില്ല. ​േനാവലിൽ കടന്നുവരുന്ന റാബി സബാറ്റായ്ട്സ്‍വി ഇതിൽ സമാനമായി എടുത്തുകാണിക്കാൻ കഴിയുന്ന ഒന്നാണ്. ഒരേസമയം മിശിഹായായും ​േതാറാനിയമങ്ങളുടെ നിഷേധിയായും അയാൾ വർത്തിക്കുന്നുണ്ട്.

1752ൽ ഒരു വാഹനം പുകമൂടിയ വഡോലിയ പ്രദേശത്തുകൂടി നീങ്ങുന്ന ദൃശ്യമാണ് നാം കാണുന്നത്. അതിൽ ഒരു ചെറുപ്പക്കാരനായ ജൂത ന്റെ സാന്നിധ്യവും നാം കാണുന്നു. അതിനകംതന്നെ ഒരു മിശിഹ എന്ന വിശേഷണം അയാൾക്ക് ലഭിക്കുകയും ചെയ്തിരുന്നു. അവരുടെ വിപണന സഞ്ചാരങ്ങളുടെ കൂട്ടത്തിൽ വ്യാപാരികളായ ജൂതരും പണ്ഡിതരുമുണ്ടായിരുന്നു. മെഡിറ്ററേനിയൻ തീരത്തുനിന്ന് വടക്കൻ സമുദ്രത്തിന്റെ തീരപ്രദേശത്തേക്കുള്ള പ്രയാണമായിട്ടാണിതിനെ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെ ജേക്കബ് ഫ്രാങ്ക് ഒരു യഥാർഥ മിസ്റ്റിക്കാണോ അതോ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടവനോ ആണെന്ന് വ്യക്തമായി നോവലിസ്റ്റ് പറയുന്നില്ല. ടോകാർച്ചുകിന്റെ നോവലോ ചരിത്രമോ ഇതിനൊരു അവകാശവാദവുമായി മുന്നോട്ടുവരുന്നുമില്ല. എന്തായാലും 'ഫ്രാങ്കിസം' എന്ന പ്രസ്ഥാനത്തിന്റെ പിന്നിൽ അനുഭാവികളുടെ ഒരു വൻ നിരതന്നെയുണ്ടായിരുന്നു. പാവങ്ങളിലൂടെയുള്ള ഒരു മോചനത്തെയാണ് ഇവിടെ വിഭാവനംചെയ്തിരുന്നത്.

ടോകാർച്ചുക് ഒരിക്കലും തന്റെ പ്രധാന കഥാപാത്രത്തോട് കൂടുതൽ അടുക്കാനുള്ള ഒരു ശ്രമവും നടത്തിയതായി കാണുന്നില്ല. പകരം അയാളുടെ സമകാലികരായ മനുഷ്യരുടെ കണ്ണുകളിലൂടെ അയാളെ അവതരിപ്പിക്കാനുള്ള ശ്രമമായിട്ട് വേണം ഈ നോവലിനെ കാണാൻ. ഇതിൽ സ്ത്രീകളുടെയും പുറത്തുള്ളവരുടെയും വീക്ഷണങ്ങളെയാണ് അവർ കൂടുതൽ ആശ്രയിച്ചിരിക്കുന്നത്. ചരിത്രപരമായ വസ്തുതകളിലൊന്നും ഇങ്ങനെയൊന്നിനെ കണ്ടില്ലെന്നുവരാം. ഈയൊരു സമീപനം ഒരിക്കലും ബോധപൂർവം അവ്യക്തതയെ ആവാഹനം ചെയ്തെടുക്കുന്നുമില്ല. ഓരോ കഥാപാത്രത്തിനും അതിന്‍റേതായ പ്രാധാന്യവും തീവ്രമായ വിഭാവന ചാരുതകളും അവകാശപ്പെടാനുണ്ട്.

ജെനിഫർ ​ക്രാഫ്​റ്റ്

ജെനിഫർ ​ക്രാഫ്​റ്റ്

നർമബോധത്തിനുള്ളിലെ മാനസിക വ്യാപാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു നോവൽ ശൈലിയാണ് അവർ പിന്തുടരുന്നത്. ഇവിടെ ബാലനായ മിശിഹായുടെ ചില ദൃശ്യങ്ങളുണ്ട്. അവൻ ഈ ലോകത്തുള്ള ആത്മാക്കളോട് മുഴുവൻ വിടപറയുന്ന ഒരു കഥാപാത്രമാണ്. ഇത് ശരിക്കും ബൈബിളിലെ ആദം ഏദനിലെ സൃഷ്ടികൾക്ക് നാമങ്ങൾ പങ്കുവെച്ചുകൊടുക്കുന്നതുപോലെയാണ്. യെൻറ്റെ എന്ന മുതിർന്ന കഥാപാത്രം സ്വന്തം മരണത്തെപോലും നീട്ടിക്കൊണ്ടുപോകുന്നതായാണ് നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.

ജേക്കബിനും യെൻറ്റെക്കുമുപരി നിരവധി സഹ കഥാപാത്രങ്ങളെയാണിവിടെ നാം കണ്ടുമുട്ടുന്നത്. ഒരു വലിയ കാൻവാസിന്റെ രൂപകൽപനകൾക്കൊത്ത് അവർ സാന്നിധ്യം കുറിക്കുകയും കടന്നുപോവുകയും ചെയ്യുന്നു.

ഇതിൽ ജേക്കബിന്റെ ഭാര്യയും മകളുമുണ്ട്, ആഷർ എന്ന ജീവിതത്തിൽ പൂർണ വിരക്തി കാണുന്ന മനുഷ്യനുമുണ്ട്​. റാബിയായ (സാഹിത്യപരമായ) നാഹ്മാൻ എന്ന കഥാപാത്രമുണ്ട്. ഫാദർ ബെനഡിക്ട് ഷിമിലിയോവിസ്കിയുണ്ട്. അയാൾ തുടർച്ചയായി ബന്ധപ്പെടുന്ന കവിയായ എൽസ്ബിയറ്റാ റൂസ്ബാക്കയുണ്ട്. ഈ കവിയുടെ ശക്തമായ രചനകളെ കുറിച്ചുള്ള വിശകലനങ്ങളുണ്ട്. പ്രകൃതിയെ ഗാഢമായി സ്നേഹിച്ച ഈ കവിയുടെ രചനകൾ പങ്കുവെക്കുന്ന അനുഭവങ്ങളുടെ സുതാര്യമായ ഭാവനകൾ വല്ലാത്ത സങ്കൽപം തന്നെയാണ്. അങ്ങനെ പ്രധാനവും അപ്രധാനവുമായ നിരവധി കഥാപാത്രങ്ങളുടെ സ​ങ്കേതമായി ഈ വലിയ നോവൽ മനസ്സിൽ വിഭാവനംചെയ്യുകയെന്നത് സമകാലികരായ ഏതൊരു നോവലിസ്റ്റിന്റെയും വെല്ലുവിളിയാണ്. ഇവയെ അതിജീവിച്ച ടോകാർച്ചുകിനോട് നാം വല്ലാതെ കടപ്പെട്ടിരിക്കുന്നു. നോവലിൽ ടോകാർച്ചുക് ആ കാലത്തെ ഒരുവിധം എല്ലാവിധ ദുരന്തങ്ങളെയും പൂർണമായും ഉൾക്കൊള്ളുന്നതായി കാണാം. അതിൽ അന്ന് ജൂതസമൂഹം നേരിട്ട കൂട്ടക്കൊലയും യുദ്ധങ്ങളും പട്ടിണിയും അവരുടെ ജീവിതത്തിലെ നിലനിൽപിന് വേണ്ടിയുള്ള പ്രയാണങ്ങളുമൊക്കെയുണ്ട്.

നോവലിസ്​റ്റ്​ പറയുന്നത് നോക്കൂ: ''ചരിത്രം ശരിക്കും അവസാനിക്കാത്ത യഥാർഥവും ഭാവനയുടെ തലങ്ങളിലുമുള്ള സംഭവങ്ങളുടേതായ ഒരു വിശകലനമാണ്. ഭൂതകാലം നമുക്ക് വേണ്ടി ഇവിടെ പലതും ഒളിപ്പിച്ച് സൂക്ഷിച്ചു വെച്ചിരിക്കുന്നുണ്ട്. അവയിലടങ്ങിയ അദൃശ്യമായ അർഥതലങ്ങളെ കണ്ടെത്താൻ നാം തയാറാവണം. ജേക്കബ് ഫ്രാങ്കിന്റെ കഥ നമുക്ക് പൂർണമായും ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ അന്നത്തെ ജൂതരുടെ പാരമ്പര്യവും ചരിത്രവും ഒരു പരിധിവരെയെങ്കിലും നാമുൾക്കൊള്ളേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഈ കഥാപാത്രം നമുക്ക് പൂർണമായും കീഴടങ്ങിത്തരുകയുമില്ല. വായനയിൽനിന്ന് ലഭിക്കേണ്ട ഒരു സംതൃപ്തിയുടെ അപൂർണമായ അവസ്ഥയെകുറിച്ചാണ് ഒരു സാധാരണ വായനക്കാരൻ ഭയാശങ്കകളുമായി നിൽക്കുന്നത്.'' ഇതുകൊണ്ടൊന്നും ഈ നോവൽ ഒരു ക്ലാസിക്കല്ലാതായി മാറുന്നില്ല. ജേക്കബിന്റെ മരണത്തെ കുറിച്ചറിയുന്നത് മകൾ ഇവയുടെ സൂചനകളിൽനിന്നാണ്. നോവലിന്റെ അവസാനം യെൻറ്റെ എന്ന കഥാപാത്രത്തെ വീണ്ടും നാം കാണുന്നു. സ്ക്രീനിൽ പ്രത്യക്ഷയായി ഒരിക്കൽ കൂടി എവിടേക്കോ മറഞ്ഞില്ലാതാകുന്ന ഒരു രൂപം. അവർക്കെല്ലാ താൽപര്യങ്ങളും നഷ്ടമാവുകയാണ്. ലോകം ഇവിടെ അന്ധകാരത്തിലാണ്ടുപോകുന്നതുപോലെ തോന്നും. ഭൂമിതന്നെ സ്വന്തം സാന്നിധ്യം അവസാനിപ്പിക്കുന്നതുപോലെ, സംശയമില്ല ഇവിടെ ഭൂമി ഇരുട്ടുകൊണ്ടാണ് നിർമിതമായിരിക്കുന്നത്. അങ്ങനെ നാം വീണ്ടും സ്വയം ഇരുട്ടിന്റെ ഭാഗമായിത്തീരുന്നു. ഇവിടെ കഥ പറയുന്ന മിശിഹാക്കുപോലും പരാജയപ്പെട്ട ജീവിതകഥയാണ് പറയാനുള്ളത്.

പ്രകാശത്തിന്റെ ദുരന്താനുഭവങ്ങളുടെ അനശ്വരമായ കഥയെ കുറിച്ചാണ്​ നോവലിസ്​റ്റ്​ അന്വേഷിക്കുന്നത്. അതിൽ വിജയമോ പരാജയമോ എന്തുമാവട്ടെ ജീവിതമെന്ന മഹാസമസ്യക്കുള്ളിൽ നടക്കുന്ന അത്യപൂർവമായ ചലനങ്ങളായിത് രൂപാന്തരപ്പെടുന്നു. വായന തപസ്യയാക്കി മാറ്റിയാ​േല ഇതുപോലൊരു രചനയെ അടുത്തറിയാൻ കഴിയൂ. ലോകസാഹിത്യത്തിൽ അത്യപൂർവമായേ ഇങ്ങനെയൊന്ന് സംഭവിക്കൂ.

News Summary - ‘The Books of Jacob’ review