അടിമപ്പന്തികള്‍ കഥപറയുമ്പോള്‍
അറബി സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ലിബിയന്‍ വനിതയായ നജ്വാ ബിൻ ശത് വാന്‍ എഴുതിയ ‘The Slave Yards’ വായിക്കുന്നു. പ്രണയകഥയുടെ ചട്ടക്കൂടുപയോഗിച്ച്, ചരിത്രം മൗനത്തില്‍ കുഴിച്ചുമൂടിയ ട്രാന്‍സ് സഹാറന്‍ അടിമത്തവ്യവസ്ഥയുടെ നികൃഷ്ടത പരിശോധിക്കുന്ന കൃതിയാണിതെന്ന് ലേഖകൻ.ഇബ്രാഹിം അല്‍ കൂനി, അഹ്മദ് ഇബ്രാഹീം അൽ ഫഖീഹ്, ഖാലിദ് മതവ്വ, ഹിഷാം മതാര്‍, മുഹമ്മദ് മിസ്റതി തുടങ്ങിയ തലയെടുപ്പുള്ള എഴുത്തുകാരാല്‍ സമ്പന്നമെങ്കിലും,...
Your Subscription Supports Independent Journalism
View Plansഅറബി സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ലിബിയന്‍ വനിതയായ നജ്വാ ബിൻ ശത് വാന്‍ എഴുതിയ ‘The Slave Yards’ വായിക്കുന്നു. പ്രണയകഥയുടെ ചട്ടക്കൂടുപയോഗിച്ച്, ചരിത്രം മൗനത്തില്‍ കുഴിച്ചുമൂടിയ ട്രാന്‍സ് സഹാറന്‍ അടിമത്തവ്യവസ്ഥയുടെ നികൃഷ്ടത പരിശോധിക്കുന്ന കൃതിയാണിതെന്ന് ലേഖകൻ.
ഇബ്രാഹിം അല്‍ കൂനി, അഹ്മദ് ഇബ്രാഹീം അൽ ഫഖീഹ്, ഖാലിദ് മതവ്വ, ഹിഷാം മതാര്‍, മുഹമ്മദ് മിസ്റതി തുടങ്ങിയ തലയെടുപ്പുള്ള എഴുത്തുകാരാല്‍ സമ്പന്നമെങ്കിലും, വനിതാ എഴുത്തുകാരികളുടെ പേര് ലിബിയന്‍ സാഹിത്യത്തില്‍ ഇപ്പോഴും അപൂർവതയാണ്. ലിബിയയിൽനിന്ന് അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുത്ത എഴുത്തുകാരിയും അക്കാദമിക്കുമാണ് നജ്വ ബിൻശത് വാന്‍. ദേശത്തെ അടിമക്കച്ചവടത്തിന്റെ ഇരുണ്ട ചരിത്രമുറങ്ങുന്ന ബെന്‍ഗാസിയില്‍നിന്ന് 150 കി.മീ. മാത്രം അകലെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള അജ്ദാബിയ പട്ടണത്തിലാണ് അവരുടെ ജനനം.
ഖദ്ദാഫി അനന്തരകാലത്തു നിലയുറപ്പിച്ച ജെൻഡര്‍ ബോധ്യനിലപാടുള്ള (Gendered point of view) വനിതാ എഴുത്തുകാര്‍ സങ്കീർണ സ്ത്രീപാത്രസൃഷ്ടികളിലൂടെ ജെൻഡര്‍ സമത്വത്തിന്റെ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നു. സ്ത്രീവീക്ഷണത്തില്‍, പോയ നൂറ്റാണ്ടിന്റെ ചരിത്രത്തെ പുനരാവിഷ്കരിക്കുന്നതിലും സ്ത്രീയെ സംബന്ധിക്കുന്ന കര്‍തൃത്വരഹിത വസ്തുക്കള്‍ (women as inactive objects) എന്ന പരമ്പരാഗത സമീപനത്തെ പൊളിച്ചെഴുതുന്നതിലും ഈ എഴുത്തുകാരികള്‍ മുമ്പില്ലാത്തവിധം ശ്രദ്ധാലുക്കളാണ്. അതിനായി, അമേരിക്കന്‍ നോവലിസ്റ്റ് മേഡ് ലിന് മില്ലറെ പോലെ, നാടോടിക്കഥകളും ഗ്രീക് പുരാണവും വിശുദ്ധ ഗ്രന്ഥങ്ങളും സ്ത്രീകഥാപാത്രങ്ങളുടെ വീക്ഷണത്തില്‍ പുനരാവിഷ്കരിക്കുന്ന ശൈലി എഴുത്തുകാരികള്‍ അവലംബിക്കുന്നു.
ലിബിയന്‍ ചരിത്രത്തില്‍ ഒരു നികൃഷ്ട നിഴല്‍ മൂടിക്കിടപ്പുണ്ടെന്നും അത് ലിബിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും, ഇറ്റാലിയന്‍ അധിനിവേശത്തിനും ഏറെ മുമ്പേ, ഒട്ടോമന്‍ ആധിപത്യത്തിന്റെ നൂറ്റാണ്ടുകളില്‍, രാജ്യം അടിമക്കച്ചവടത്തിന്റെ താവളമായിരുന്നു എന്നതാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ വീടുകളില്‍ വേലക്കു നിന്ന കറുത്ത വർഗക്കാരികളെയോ തിരിച്ചറിയാവുന്നവിധം തങ്ങളുടേതു തന്നെയായ കുടുംബപ്പേരുകള്‍ വഹിക്കുന്ന വിദൂരസ്ഥ ആഫ്രിക്കന്‍ ദേശങ്ങളിലെ അകന്ന ബന്ധുക്കളെയോ കുറിച്ച് കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ പറയുന്ന കഥകള്‍ ലിബിയയില്‍ ജനിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ ഇപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍, മനുഷ്യരെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന്റെ വ്യാപാര ഇടപാടുകളെ കുറിച്ചോ ‘ബാര്‍ട്ടര്‍’ സമ്പ്രദായത്തെ കുറിച്ചോ അടിമകളോടുള്ള ക്രൂരതകളില്‍ തങ്ങളുടെ പൂർവികരുടെ പങ്കിനെ കുറിച്ചോ ഏതെങ്കിലും രീതിയിലുള്ള കുറ്റസമ്മതം മിക്കവാറും ഉണ്ടാവില്ല. ആ കാലഘട്ടത്തെ പുനഃസന്ദര്ശിക്കാനോ അതിന്റെ പ്രേതങ്ങളെയോ വംശീയനിലപാടുകളെയോ നേരിടാനോ, സാംസ്കാരികചരിത്രത്തില്‍ അവ പതിപ്പിച്ച മുദ്രകള്‍ വിശകലനംചെയ്യാനോ ഉള്ള ധൈര്യം അധികമാരും പ്രകടിപ്പിക്കാറുമില്ല. ആ അർഥത്തില്‍, അത്തരമൊരു അപ്രഖ്യാപിതവിലക്കുള്ള വിഷയത്തെ ഹൃദയപൂർവം പിന്തുടരുകയും അടിമകള്‍ക്ക് ആഖ്യാനസ്വരം നല്‍കുകയും ചെയ്തു ശക്തവും മനോഹരവുമായ നോവല്‍ രചിച്ചതിലൂടെ നജ് വാ ബിൻ ശത് വാന്‍ ഒരു മുന്‍ഗാമി (Pioneer) സ്ഥാനം അര്‍ഹിക്കുന്നുണ്ട് എന്നു പറയാം. മുമ്പ് അനാവരണം ചെയ്തിട്ടില്ലാത്ത വിഷയത്തെ അവതരിപ്പിക്കാന്‍ അതിനൊരു പ്രണയകഥയുടെ ചട്ടക്കൂടു നല്‍കുന്നതിലൂടെ, മികച്ചൊരു ഫിക്ഷന്‍ അനുഭവംകൂടി നോവല്‍ പകര്‍ന്നുനല്‍കുന്നു. അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരമായ IPAF ഷോര്‍ട്ട്ലിസ്റ്റില്‍ ഇടംപിടിച്ച ആദ്യത്തെ ലിബിയന്‍ വനിതയാണ് ബിൻ ശത് വാന്‍ (2017). 2011 ല്‍ പ്രസ്തുത പുരസ്കാരത്തിനു ലോങ് ലിസ്റ്റ് ചെയ്യപ്പെട്ട റസാന് നഈം അല്‍ മഗ്റബിയുടെ പുസ്തകം (Women of Wind), ഇനിയും (ഫെബ്രുവരി 2023) ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ ലഭ്യമായിട്ടില്ല.
ചരിത്രകാരനായ സുഹൃത്തിന്റെ പുസ്തകത്തില്‍ കാണാനിടയായ ബെന്ഗാസി അടിമപ്പന്തിയുടെ ചിത്രത്തെ കുറിച്ചുള്ള അന്വേഷണത്തില്‍നിന്നാണ് പുസ്തകത്തിന്റെ ആശയത്തില്‍ എത്തിപ്പെട്ടതെന്ന് നോവലിസ്റ്റ് അബൂദബി അവാര്‍ഡ് ചടങ്ങിൽ വെളിപ്പെടുത്തി. വിഷയത്തിന്റെ ഈ അതിസംവേദനത്വം തന്നെയാണ്, അറിയാതെയെങ്ങാന്‍ ആരെയെങ്കിലും പ്രകോപിപ്പിക്കുന്നതിനെതിരെയുള്ള മുന്‍കരുതലായി, നോവലെഴുതുമ്പോള്‍ തന്റെ കുടുംബപ്പേരു തന്നെ മുഖ്യകഥാപാത്രത്തിനു നല്‍കാനുള്ള തീരുമാനത്തില്‍ നോവലിസ്റ്റിനെ എത്തിച്ചതും. മുഖ്യ ആഖ്യാതാവിന് അതീഖ എന്ന പേര് നല്‍കിയതിനെ കുറിച്ചും അവര്‍ വ്യക്തമാക്കുന്നു: സ്വതന്ത്രയാക്കപ്പെട്ട അടിമ എന്നർഥമുള്ള ആ പേര്, ഇപ്പോള്‍ സ്വതന്ത്രയെങ്കിലും ഭൂതകാലത്തെ എപ്പോഴും പേറുന്ന, താനൊരു രണ്ടാംകിട പൗരയാണ് എന്ന് എപ്പോഴും ഓർമിപ്പിക്കുന്ന ഒന്നാണ്.
കഥയുടെ വര്‍ത്തമാനം
ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന 19ാം നൂറ്റാണ്ടിലെ ലിബിയയില്‍ ബെൻഗാസിയില് നിലനിന്ന അടിമപ്പന്തികളുടെ പശ്ചാത്തലത്തില്‍ തവീദ എന്ന അടിമസ്ത്രീയുടെയും മകള്‍ ആതിഖയുടെയും കഥയായാണ് സ്തോഭജനകമായ ഇതിവൃത്തം വികസിക്കുന്നത്. രണ്ട് ആഖ്യാതാക്കളിലൂടെ പറയപ്പെടുന്ന ഇതിവൃത്തത്തില്‍ ആതിഖയിലൂടെയാണ് ആദ്യപകുതിയിലേക്ക് നാം കടക്കുന്നത്. നോവല്‍ ആരംഭത്തില്‍, അവള് മുതിര്‍ന്ന സ്ത്രീയാണ്, വിദ്യാസമ്പന്ന, രണ്ടു കുട്ടികളുടെ ഉമ്മ. ഫാര്‍മസിസ്റ്റ് ആയ ഭര്‍ത്താവ് അവളെക്കാള്‍ ഏറെ പ്രായമുള്ളവനെങ്കിലും സ്നേഹധനനാണ്. ആതിഖയുടെ സന്തുഷ്ടമായ ഈ ജീവിതാവസ്ഥ, തികച്ചും സ്തോഭജനകവും ദുരന്തപൂർണവുമായ അവളുടെ കുട്ടിക്കാലത്തിന്റെയും മാതാവ് നേരിട്ട ദുരിതങ്ങളുടെയും വരാനിരിക്കുന്ന വിവരണങ്ങളിലേക്കു കടക്കുംമുമ്പ് ശരിക്കുമൊരു ശ്വസനസ്ഥലി ആയിത്തീരുന്നുണ്ട്. കടന്നുപോന്ന ജീവിതത്തിലെ പ്രയാസങ്ങളെയെല്ലാം മറികടന്നു സ്വസ്ഥജീവിതം നയിക്കുന്ന ആതിഖയെ തേടി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അകന്ന ബന്ധുവായ അലി ബിന്‍ ശത് വാന്‍ എത്തുന്നു. അയാള്‍ അവളുടെ ജനന സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടുണ്ട്, പിതൃവഴിയില്‍ അവളുടെ പാരമ്പര്യത്തെ കുറിച്ച് അയാള്‍ക്കറിയാമെന്നും വലിയൊരു സ്വത്തിന് അവള്‍ക്ക് അവകാശമുെണ്ടന്നും അയാള്‍ പറയുന്നു. അവിടന്നങ്ങോട്ട് പുസ്തകത്തിന്റെ ആഖ്യാനഘടന മൂന്നു ചരിത്രഘട്ടങ്ങളെ കടന്നുപോകുകയാണ്. അവയോരോന്നും കൂടുതല്‍ കൂടുതല്‍ പിറകോട്ടു പോകുകയും ചെയ്യുന്നു. ഒരു കുഞ്ഞായിരിക്കെ, അതീഖ വളര്‍ന്നുവന്നത് ബെന്‍ഗാസിയിലെ അടിമപ്പന്തിയിലാണ്. അവളുടെ ഉമ്മ ‘സബിരിയ്യ അമ്മായി’ എന്നു വിളിപ്പിച്ചാണ് അവളെ വളര്‍ത്തിയത്. അതീഖക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ നടത്താനുള്ള ഒരു ചടങ്ങിന്റെ (Locking ceremony) ഘട്ടത്തിലാണ് അവളുടെ ജനനം സംബന്ധിച്ച ഒരു രഹസ്യം സബിരിയ്യ അമ്മായിക്ക് വ്യക്തമാക്കേണ്ടിവരുക: അവള് അടിമകളായ മാതാപിതാക്കളില്‍ ജനിക്കുന്ന അടിമക്കുട്ടി (‘shushana’) അല്ല. അവളുടെ പിതാവ് ഒരു ‘സ്വതന്ത്ര’നാണ്. മുഹമ്മദ് ബിൻ ശത് വാന്‍ എന്ന വെളുത്ത നിറക്കാരനായ ലിബിയക്കാരന്, ആതിഖയുടെ ഉമ്മയുടെ യജമാനനായ മുഹമ്മദ് ബിന്‍ ശത് വാന്‍ എന്നയാളുടെ മകന്. അടിമപ്പന്തിക്കു തീപിടിക്കുമ്പോള്‍ ആളിപ്പടരുന്ന തീയില്‍നിന്നു ആതിഖയുടെ ഐഡന്റിറ്റി രേഖകള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ‘സബിരിയ്യ’ കൊല്ലപ്പെടുന്നത് ഒരു സമര്പ്പണംകൂടിയായിത്തീരുന്നു. നോവലിലെ ഏറ്റവും ഹൃദയഭേദകമായ ഒരു രംഗമാണ് ഈ അന്ത്യം. പ്ലേഗ് വ്യാപന ഭയത്തില്‍ അടിമപ്പന്തിക്ക് തീകൊടുക്കുന്ന അധികൃതരുടെ നൃശംസതയുടെ ഇരയാവുകയാണ് അവരും വേറെ കുറെ പേരും. ആ നിമിഷത്തിലാണ് ഐദ അമ്മായി ആതിഖയെ അവളുടെ യഥാർഥ അസ്തിത്വവും സബിരിയ്യ അമ്മായി ശരിക്കും ആരാണെന്നും അറിയിക്കുക. ഉമ്മയെ ലഭിക്കുന്ന അതേ നിമിഷത്തിലാണ് അവള് അനാഥയാകുക എന്നതാണ് അതിന്റെ ഐറണി. ഇറ്റാലിയന്‍ അധിനിവേശ കാലത്ത് അടിമപ്പന്തികള്‍ നിര്‍ത്തലാക്കുകയും പകരം ആ പ്രാന്തപ്രദേശങ്ങളില്‍ പുതിയ ക്യാമ്പുകള്‍ തുറക്കപ്പെടുകയും ചെയ്തതിന്റെ ചരിത്രസന്ദര്‍ഭവും ഇവിടെ പ്രധാനമാണ്.
പ്രണയകഥക്കപ്പുറം
രണ്ടാം പകുതിയില്‍ അലിയാണ് ആഖ്യാതാവ്. ആഖ്യാനം കൂടുതല്‍ പിറകോട്ടുപോകുകയും ആതിഖയുടെ ഉമ്മ തവീദയും പിതാവ് മുഹമ്മദും തമ്മിലുള്ള ബന്ധത്തിന്റെ ആവിഷ്കാരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. യജമാനനും അടിമയും തമ്മിലുള്ള, വിധിയും വ്യവസ്ഥയും സാമൂഹിക ശ്രേണിയും ഒരുമിച്ച് എതിരുനില്‍ക്കുന്ന ദുസ്സാധ്യമായ പ്രണയബന്ധത്തിന്റെ ദുരന്തചിത്രമായി ഇതിഹാസമാനമുള്ള പ്രണയകഥ എന്നമട്ടില്‍ നോവലിനെ തീര്‍ച്ചയായും കണക്കാക്കാം. എന്നാല്‍, അതിനപ്പുറം പ്രസ്തുത ബന്ധത്തില്‍ ലീനമായ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും തലങ്ങളാണ് നോവലിസ്റ്റിനെ കൂടുതല്‍ ജാഗ്രതപ്പെടുത്തുന്നത്. മുഹമ്മദിനെ സംബന്ധിച്ച് തവീദ പ്രഥമമായും ഒരടിമസ്ത്രീയാണ്: വലംകൈ ഉടമസ്ഥപ്പെട്ടവള്, അവളുടെ വംശീയ ‘അപരത്വ’വും വിധേയത്വവും അവളുടെ ലൈംഗിക ആകര്‍ഷണം വർധിപ്പിക്കുന്ന ഘടകവും. എന്നാല്‍, ആ പ്രണയം ഒരുഘട്ടത്തിലും അയാള്‍ക്കു കൈമോശം വരുന്നുമില്ല. അതേസമയം, മുഹമ്മദുമായുള്ള ബന്ധം തവീദയെ തന്റെ ജീവിതത്തെ മറ്റൊരു വെളിച്ചത്തില്‍ കാണാന്‍ അനുവദിക്കുകയും ചെയ്യുന്നു: ‘‘അദ്ദേഹം എന്റെ യജമാനനല്ല, എന്റെ പ്രണയസര്‍വസ്വമാണ്’’ എന്ന വാക്കുകളില്‍ അവള് മറ്റൊരു തരത്തിലും തനിക്കു ലഭിക്കാന്‍ സാധ്യതയില്ലാത്ത തെരഞ്ഞെടുപ്പിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഒരു ലോകം തനിക്കായി വിഭാവനംചെയ്യുന്നുണ്ട്. എന്നാല്‍, അത് സാധ്യമാവുകയില്ല. ആ ബന്ധം തകര്‍ക്കാന്‍ ഏതറ്റം വരെയും പോകും മുഹമ്മദിന്റെ കുടുംബമെന്നത് തികച്ചും സ്വാഭാവികമാണ്. മുഹമ്മദിനെ അടിമയുവതിയില്നിന്ന് വേര്‍പിരിക്കാന്‍ ഉമ്മ ലല്ല ഉവൈശിനയും പിതാവ് മുഹമ്മദും കണ്ടെത്തുന്ന വഴി, അയാളെ ഒരു കച്ചവട കാരവനില്‍ ദൂരേക്കയക്കുകയും അയാളുടെ അഭാവത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിനു വിധേയയാക്കുകയും മറ്റൊരു അടിമക്ക് വിവാഹം ചെയ്തു കൊടുക്കുകയുമാണ്. പ്രസ്തുത ‘വിവാഹ’ത്തിനു ശേഷവും മുഹമ്മദ് ബന്ധം തുടരുന്നതും സുന്ദരിയും അയാളുടെ രണ്ടു പെണ്മക്കളുടെ ഉമ്മയുമായ റുഖിയയെ തീര്‍ത്തും അവഗണിക്കുന്നതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണമാക്കുന്ന ഘട്ടത്തിലാണ്, മാരണം ചെയ്തു മകനെ മയക്കിയ’ കറുത്ത അടിമപ്പെണ്ണിനെ ഒഴിവാക്കാന്‍ കുടുംബസുഹൃത്തുകൂടിയായ അല്‍ ഫിഗ്ഗിയുമായി ചേര്‍ന്നു കുടുംബം പദ്ധതിയിടുന്നതും അയാളിലൂടെ തവീദ വേശ്യാലയത്തില്‍ എത്തിച്ചേരുന്നതും. ആരാധനാലയത്തിനു മുന്നില്‍ ഉപേക്ഷിക്കാന്‍ ഭരമേൽപിക്കപ്പെടുന്ന കുഞ്ഞിനെയുംകൊണ്ട് പുറത്തുകടക്കാന്‍ കിട്ടുന്ന അവസരം ഉപയോഗിച്ചുള്ള രക്ഷപ്പെടല്‍ ശ്രമത്തിനിടെ ഐദയുടെ സമീപത്ത് എത്തിച്ചേരുന്ന തവീദ, അടിമപ്പന്തിയില് മറ്റൊരു പേരും കഥയുമായി അഭയം കണ്ടെത്തുന്നു. ഒപ്പം കൂടെക്കൂട്ടിയ ചോരപ്പൈതലിനെ മകനായി ഏറ്റെടുക്കുകയും ചെയ്യുന്നതാണ്, അലിയുടെ വിവരണത്തില്‍ തെളിയുന്ന തവീദയുടെ പുരാവൃത്തം. മിഫ്താഹ് എന്നു പേരിടുന്ന കുഞ്ഞ്, ആതിഖക്ക് മുതിര്‍ന്ന കൂടപ്പിറപ്പാവുക അങ്ങനെയാണ്. ഏകനും ദുഃഖാമഗ്നനുമായ മുഹമ്മദ്, ജബെല്ലയിലൂടെ വീണ്ടും തവീദയെ സന്ധിക്കുമ്പോള്‍ ആ ബന്ധം പ്രണയത്തിന്റേതെങ്കിലും സംഘര്‍ഷപൂർണമാണ്. ആതിഖയുടെ ജന്മത്തെ കുറിച്ച് നോവല്‍ നടത്തുന്ന നിരീക്ഷണം ആ ബന്ധത്തിന്റെ സങ്കീർണ ഭാവങ്ങള്‍ ആവാഹിക്കുന്നു. തന്റെ ഐഡന്റിറ്റി മകളില്‍നിന്നു മറച്ചുവെക്കേണ്ടത്, ബിന്‍ഷത് വാന്‍ കുടുംബംതന്നെ കണ്ടെത്തി ആതിഖയെ കൊന്നുകളയാനുള്ള സാധ്യത ഒഴിവാക്കാന്‍ തവീദക്ക് ആവശ്യമായിരുന്നു.
നൃശംസതയുടെ മുഖങ്ങള്‍
അറബ് അടിമ സമ്പ്രദായമോ (Trans-Indian Ocean Slave Trade) ഇതര യൂറോപ്യന്‍ അടിമവ്യാപാര സമ്പ്രദായമോ (Trans-Atlantic Slave Trade) ഏതായിരുന്നു കൂടുതല്‍ വിനാശകരവും ക്രൂരവും എന്ന ചോദ്യത്തിനു പലപ്പോഴും ആത്മനിഷ്ഠ മറുപടികളാണ് നല്കപ്പെട്ടു കാണുക. ഏതായാലും, എണ്ണത്തിലും കാലപ്പഴക്കത്തിലും മുന്നിലായിരിക്കുമ്പോഴും, മതപരമായി അടിമകളോടുള്ള നീതിപൂർവമായ പെരുമാറ്റം നിഷ്കര്‍ഷിക്കുന്നതും, തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ത്രീകളില്‍ മാത്രം ലൈംഗികബന്ധം അനുവദിക്കപ്പെട്ടിട്ടുള്ളതും അറബ് അടിമത്ത സമ്പ്രദായത്തെ, ഫലത്തില്‍, സാമാന്യേന സഹനീയമാക്കിയ ഘടകങ്ങളാണ്. അടിമകളെ മോചിപ്പിക്കുന്നത് മഹത്തരമായ കർമമായും പാപവിമോചക പ്രവൃത്തിയായും ഖുര്‍ആന്‍ വീക്ഷിക്കുന്നത്, അതിനെ അനുവദനീയമെങ്കിലും ഒഴിവാക്കപ്പെടേണ്ട ഒരു വിനിമയമാക്കി മാറ്റി എന്നും പറയാം. ഹാമിന്റെ സന്തതികള്‍ എന്നും മനുഷ്യരില്‍ താഴെയുള്ളവര്‍ എന്നും എക്കാലവും ശപിക്കപ്പെട്ടവര്‍ എന്നുമുള്ള ബിബ്ലിക്കല്‍ വിവേചനം മറയാക്കി ഒരുതരത്തിലുള്ള നൈതിക അതിര്‍വരമ്പുകളും ഇല്ലാതെ നടമാടപ്പെട്ട ഇതരരൂപം ആ അര്‍ഥത്തില്‍ കൂടുതല്‍ ക്രൂരമായിരുന്നു എന്നതിന്റെ തെളിവ് കരീബിയന്‍ മേഖലകളിലെ ആഫ്രിക്കന്‍ അടിമകളുടെയും ആഫ്രിക്കന്‍ അമേരിക്കന്‍ വർഗക്കാരുടെയും അനുഭവങ്ങളില്‍ വ്യക്തമാണ്. എന്നാല്‍, അതങ്ങനെയായിരിക്കെത്തന്നെ, അഭിമാന സംരക്ഷണം, കുലപതിയോടുള്ള സമ്പൂർണ വിധേയത്വം തുടങ്ങിയ പരമ്പരാഗത മൂല്യങ്ങള്‍ ചോദ്യംചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ മജ്ജ മരവിപ്പിക്കുന്ന ക്രൂരതകള്‍ അരങ്ങേറുന്നതിലോ, ജീവച്ഛവമാക്കുംവിധം ശിക്ഷിക്കുന്നതിലോ ഒരുതരം തടസ്സവും അറബ്/ ഓട്ടോമന്‍ അടിമത്തവ്യവസ്ഥയില്‍ ഉണ്ടായിരുന്നില്ല എന്നത് വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. പിറ്റേന്നത്തെ ആഘോഷത്തില്‍ വിളമ്പാനുള്ള ആട്ടിറച്ചി സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതിനു തവീദക്ക് നേരെ മുഹമ്മദ് അരങ്ങേറുന്ന നൃശംസതയാണ് അതിലേറ്റവും ഭീകരം. അത് തവീദയുടെ കുഞ്ഞിന്റെ മരണത്തിലും സലീമിനെ എന്നെന്നേക്കും മുടന്തനാക്കുന്ന കൊടിയ പീഡനത്തിലും, എല്ലാറ്റിലുമുപരി, ഉഗ്രപ്രതാപിയായ കുലപതിയുടെ തല എന്നെന്നേക്കും താഴ്ന്നുപോകുന്ന രഹസ്യത്തിന്റെ അനാവരണത്തിലേക്കും ശിശുഹത്യയുടെ പാപബോധത്തോടൊപ്പം സ്വന്തം ചോരയെയാണ് ഒടുക്കിയതെന്ന, അതും ലഭിക്കാമായിരുന്ന ഏക ആണ്തരിയുടെ, വിട്ടുപോകാത്ത കുറ്റബോധത്തിന്റെ ഏകാന്തതയിലേക്കും നയിക്കും. ‘‘അന്നേദിവസം ഒരു ആടിന്റെ വില, തൊട്ടിലാക്കിയ ഒരു പെട്ടിയില്‍ കിടന്ന ഒരു കുഞ്ഞായിരുന്നു’’ എന്നു നോവലിസ്റ്റ് എഴുതുമ്പോള്‍ അതില്‍ ശിശുബലിയുടെ മുഴക്കമുണ്ട്; ഒപ്പം മനുഷ്യശിശുവിനു പകരം ആടിനെ നല്കിയ ദൈവകാരുണ്യത്തിനു മനുഷ്യന്‍തന്നെ ചമക്കുന്ന ക്രൂരമായ പാരഡിയും.
നൃശംസതയുടെ മറ്റൊരു പ്രകടനം വേശ്യാലയത്തില്‍വെച്ചു തവീദ നിരന്തരം നേരിടേണ്ടിവരുന്ന മെരുക്കല്‍ പ്രക്രിയയുടേതാണ്. ആവര്‍ത്തിച്ചുള്ള ഗര്ഭഛിദ്രംപോലെ പെണ്ണുടലിനു നേരെയുള്ള കടന്നുകയറ്റം ലോകമെങ്ങും അടിമത്തത്തിന്റെ മുദ്രതന്നെയായിരുന്നു. അടിമസ്ത്രീ, ഉടമയുടെ കുഞ്ഞിനെ പ്രസവിക്കുന്നതോടെ ‘ഉമ്മുല്‍ വലദ്’ എന്ന പദവിയിലേക്കുയര്‍ത്തപ്പെടുകയും സ്വതന്ത്രയാകുകയും ചെയ്യും എന്ന ഇസ്ലാമിക ആശയവും വെറും കടലാസുപുലിയാണെന്ന് ഐദ, ശരിയായിത്തന്നെ, നിരീക്ഷിക്കുന്നതും നോവലില്‍ തവീദയുടെ ജീവിതത്തിൽതന്നെ പ്രകടമാണ്. സലീമിന്റെ പാത്രസൃഷ്ടിയില്‍ നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന കൈയടക്കവും എടുത്തുപറയേണ്ടതുണ്ട്. തവീദയെ ‘വിവാഹം’ കഴിക്കാന്‍ ഉടമകള്‍ ആവശ്യപ്പെടുമ്പോള്‍ അതു ചെയ്യുന്ന സലിം, അവളുമായി ഒരു ബന്ധവും അരുതെന്ന മുഹമ്മദിന്റെ വിലക്കും ശിരസ്സാവഹിക്കുന്നു. എന്നാല്‍, അതിനു പിന്നില്‍ മറ്റൊരുതരം ലൈംഗിക ചോദനയുടെ സാന്നിധ്യംകൂടിയുണ്ടെന്നു കണ്ടെത്തുന്ന മുഹമ്മദ്, ഒട്ടും കാരുണ്യപൂർവമല്ല അയാളോടു പെരുമാറുക. അല്ഫിഗ്ഗിയുടെ മകന് ഹുസൈനുമായുള്ള അയാളുടെ ബന്ധം കണ്ടുപിടിക്കുന്ന മുഹമ്മദ്, കൗമാരക്കാരനു നല്കാന് തുടങ്ങുന്ന പീഡനം സ്വയം ഏറ്റുവാങ്ങിയും, കുറ്റം സ്വയം ഏറ്റെടുത്തും സലിം പ്രകടിപ്പിക്കുന്ന ആത്മധൈര്യം, അയാളുടെ വ്യക്തിത്വത്തിന്റെ ഭാഗംതന്നെയാണ്. അതാണ്, മുഹമ്മദിന്റെ കോപാവേശം അവഗണിച്ചും, ഭവിഷ്യത്ത് കൃത്യമായും അറിഞ്ഞുകൊണ്ടുതന്നെ, തവീദയെയും കുഞ്ഞിനെയും രക്ഷിക്കാനുള്ള പാഴ്ശ്രമം നടത്താന്‍ അയാളെ പ്രാപ്തനാക്കുന്നതും. ഉടമയെ സംബന്ധിച്ചു കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ മുഹമ്മദ്, താനും കുടുംബവും അയാളോടു ചെയ്തുപോയതിനെല്ലാം സലിമിനോടു മാപ്പുചോദിക്കുകയും അയാളെ സ്വതന്ത്രനാക്കുകയും ചെയ്യുമ്പോഴും അയാള്‍ക്ക് എന്തുകൊണ്ട് ആവേശമില്ലെന്നു നോവലിസ്റ്റ് എഴുതുന്നു: “ചോരയുടെയും വേദനയുടെയും ഒരു ആണ്‍കുഞ്ഞിന്റെ മരണത്തിന്റെയും വിലയില്‍ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അയാള്‍ക്ക് തന്റെ യജമാനനു നന്ദി പറയാനാകില്ലായിരുന്നു.” രോഗബാധിതനായി മരണശയ്യയിലുള്ള ഹുസൈനെയും ചുമലിലേറ്റി കടലാഴങ്ങളിലേക്കു മറയുന്ന സലിം, ശരിക്കുമൊരു നൊമ്പരക്കാഴ്ചയാണ്. ഹ്രസ്വവും ദീപ്തവുമായ വാക്യങ്ങളില്‍ അത്തരം അനുഭവകാണ്ഡങ്ങള്‍ ഒതുക്കുന്നതിനുള്ള നോവലിസ്റ്റിന്റെ കൈയടക്കം എടുത്തുപറയേണ്ടതുണ്ട്. മുഹമ്മദിന്റെ പ്രതികാര കഥകളോടൊപ്പം ഇതിവൃത്തത്തിലെവിട്ടഭാഗങ്ങള് പൂരിപ്പിക്കുകയും ഭാവിയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്ന അവസാന അധ്യായങ്ങളുടെ ചടുലതയും ഇതോടു ചേര്‍ത്തു പറയാം.
നോവലിലെ ഒട്ടേറെ അപ്രധാന കഥാപാത്രങ്ങളുടെ സാന്നിധ്യവും ആചാരങ്ങള്‍, ഭക്ഷണരീതികള്‍, വസ്ത്രധാരണരീതികള്‍ തുടങ്ങിയവയെ കുറിച്ചുള്ള സൂചനകളും കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം വരച്ചുവെക്കാനും സ്ഥലരാശി പുനഃസൃഷ്ടിക്കാനുമാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നത്.
നോവലിലെ ഒട്ടേറെ അപ്രധാന കഥാപാത്രങ്ങളുടെ സാന്നിധ്യവും ആചാരങ്ങള്‍, ഭക്ഷണരീതികള്‍, വസ്ത്രധാരണരീതികള്‍ തുടങ്ങിയവയെ കുറിച്ചുള്ള സൂചനകളും കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം വരച്ചുവെക്കാനും സ്ഥലരാശി പുനഃസൃഷ്ടിക്കാനുമാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നത്. കറുത്ത മനുഷ്യരുടെ, വിശേഷിച്ചും അവരിലെ സ്ത്രീകളുടെ, ഉടലുകളെ കുറിച്ചുള്ള തെറിപ്രയോഗങ്ങള്‍, നോവലില്‍ കാണാവുന്ന ശാരീരിരിക പീഡകളുടെ അനുപൂരകമാണ്. ട്രാന്‍സ്-അറ്റ്ലാന്റിക് അടിമവ്യാപാരത്തിന്റെ കഥകള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള Slave narrative പാരമ്പര്യം ട്രാന്‍സ്-സഹാറന്‍ അടിമത്തവ്യവസ്ഥയെ സംബന്ധിച്ചു ലഭ്യമല്ല എന്നിരിക്കെ, മൗനത്തില്‍ മറവുചെയ്യപ്പെട്ട ആ ചരിത്ര സന്ദര്‍ഭത്തിന് ഒരു ആഖ്യാനം നല്‍കുക തുലോം പ്രയാസകരവും അതുകൊണ്ടുതന്നെ കൂടുതല്‍ പ്രസക്തവുമാണ് എന്ന നിരീക്ഷണംകൂടി ഇതോടു ചേര്‍ത്തുവെക്കാം. ‘വടക്കന്‍ ആഫ്രിക്കന്‍ അടിമത്തസമ്പ്രദായത്തിന്റെ ദുരന്തനായിക’ എന്നു നോവലിലെ കറുത്തവർഗക്കാരിയായ അടിമസ്ത്രീ വിവരിക്കപ്പെട്ടിട്ടുണ്ട്. അറബ് സാഹിത്യത്തിലെ ഒട്ടേറെ മികച്ച കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്ത്തനംചെയ്തിട്ടുള്ള നാന്‍സി റോബർട്സിന്റെ വിവര്‍ത്തനം, മൂലകൃതിയുടെ സാമൂഹിക സാംസ്കാരിക ധ്വനികളോട് തികച്ചും നീതിപുലര്‍ത്തിയിട്ടുണ്ട് എന്നു നിരൂപകര്‍ കരുതുന്നു.