ബുക്കർ പുരസ്കാരത്തിന് അർഹമായ ജിയോർജി ഗോസ് പോഡിനോവിന്റെ 'Time Shelter' വായിക്കുന്നു
2023-ലെഅന്താരാഷ്ട്ര ബുക്കർ പ്രൈസ് നേടിയ ബൾഗേറിയൻ സാഹിത്യകാരൻ ജിയോർജി ഗോസ്പോഡിനോവിന്റെ 'കാലത്തിന്റെ അഭയസങ്കേതം' (Time Shelter) എന്ന നോവൽ വായിക്കുന്നു
സമകാലിക യൂറോപ്യൻ സാഹിത്യത്തിൽ ബൾഗേറിയക്കുള്ള സ്ഥാനം എന്താണെന്ന് നല്ല വായനക്കാർക്കുപോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അടുത്തകാലത്താണ് ബൾഗേറിയൻ സാഹിത്യകാരൻ ജിയോർജി ഗോസ്പോഡിനോവിന്റെ (Georgi Gospodinov) 'കാലത്തിന്റെ അഭയസങ്കേതം' (Time Shelter) എന്ന നോവൽ വായിക്കാൻ കഴിഞ്ഞത്. സാഹിത്യ നൊേബൽ പുരസ്കാരം നേടിയ പോളിഷ് എഴുത്തുകാരി ഓൾഗാ ടോകാർചുക് (Olga Tokarczuk) 'ഏറ്റവും ഉത്കൃഷ്ടമായ സാഹിത്യം' എന്ന് ഈ രചനയെ വിശേഷിപ്പിച്ചതിന്റെ പൊരുൾ ശരിക്കും വായനയിലൂടെ നമുക്ക് തിരിച്ചറിയാനാകും. ഒരു മഹാപ്രതിഭക്കുമാത്രം അവതരിപ്പിക്കാൻ കഴിയുന്ന ഒരു ശൈലിയിലാണ് നോവൽ രചിച്ചിരിക്കുന്നത്. തികച്ചും പ്രവചിക്കാനാവാത്ത രീതിയിലാണ് ഈ നോവലിസ്റ്റ് നമ്മളെ കൊണ്ടുപോകുന്നത്. എളുപ്പത്തിൽ ഇനിയും ഇനിയും വായിക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങളുടെ സ്ഥാനത്താണ് സ്വകാര്യ ലൈബ്രറിയിൽ ഞാനിതിന് ഇടംകൊടുത്തിരിക്കുന്നത്.
ബൾഗേറിയൻ ഭാഷയിൽനിന്നും ഇംഗ്ലീഷിലേക്ക് ഏഞ്ചല റോഡൽ (Angela Rodel) പരിഭാഷപ്പെടുത്തിയ ഈ നോവൽ ലണ്ടനിലെ വിയിെഡൻഫെൽഡ് ആൻഡ് നിക്കോൾസൺ (Weidenfeld and Nicolson) പ്രസാധകരാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
നിഗൂഢതയുടെ പ്രതീകമായ മടിയൻ കഥാപാത്രം ഗൗസ്റ്റിൻ പങ്കുവെക്കുന്ന ഒരു പ്രമാണത്തിൽ 'ടൈം ഷെൽട്ടറി'നെതിരെ ആരുമിതുവരെ ഒരു ഗ്യാസ് മാസ്കോ ഒരു ബോംബ് ഷെൽട്ടറോ കണ്ടുപിടിച്ചിട്ടില്ല. ഭൂതകാലത്തിനുവേണ്ടി ഒരു ക്ലിനിക് തുറക്കാനും അയാൾക്ക് കഴിയുന്നുണ്ട്. അതിലൂടെ അൽൈഷമേഴ്സ് രോഗികൾക്ക് മികച്ച രോഗശുശ്രൂഷയും അയാൾ വാഗ്ദാനം ചെയ്യുന്നു. ഇതിലെ ഓരോ നിലയും ഒരു ദശാബ്ദക്കാലത്തെ കൃത്യമായി പുനർനിർമിക്കുന്നതിലൂടെ രോഗികളെ കൃത്യമായി അവിടേക്ക് കൊണ്ടുപോവുന്നു. പേക്ഷ, ഇതിലെ മുറികൾ കൂടുതൽ വിശ്വാസ്യമാകുന്നതോടെ എണ്ണത്തിലധികം ആരോഗ്യവാന്മാരായ ആളുകൾ അതിനെ ഒരു കാലത്തിന്റെ അഭയസ്ഥാനമായി തിരിച്ചറിയുന്നു. തങ്ങൾ ജീവിക്കുന്ന കാലത്തിന്റെ ഭീകരതകളിൽനിന്നും സ്വതന്ത്രരാവുക എന്ന ലക്ഷ്യം മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. തികച്ചും അപ്രതീക്ഷിതമായ പ്രഹേളികകളാണ് (concendrem) അവർക്കിതിൽനിന്ന് ലഭിക്കാൻ പോകുന്നത്. അതായത് അവരുടേതു മാത്രമായ ഭൂതകാലം വർത്തമാനകാലത്തെ ആക്രമിക്കാൻ തുടങ്ങിയ അവസ്ഥ.
ഭൂതകാലത്തിന്റെ നിഗൂഢതകൾ തേടുന്ന ഈ ക്ലിനിക്കിലൂടെ നോവലിന്റെ പ്രമേയമായി വരുന്നത് ഓർമയാണ്. ആവർത്തനത്തിന്റെ വിരസതക്കുള്ളിലും അത് മുന്നോട്ടുള്ള പ്രയാണത്തിന്റെ സജീവതക്കുള്ളിലാണ് നിലകൊള്ളുന്നത്. പക്ഷേ, എല്ലാം അവസാനിക്കുമ്പോൾ എല്ലാം തീർച്ചയായും ശിഥിലമായ ഒരുതലത്തിനുള്ളിൽ അമർന്നുപോവും. ഓർമകൾ പലപ്പോഴുമിങ്ങനെയാണ്. ഭയപ്പെട്ട് ചിറകടിച്ചുയരുന്ന പ്രാവിൻകൂട്ടത്തെപ്പോലെയാണവരുടെ പ്രയാണം. ഓർമകളിൽ വീണുകിടക്കുന്ന മനുഷ്യന് വിയനയിലെ തെരുവുകളിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞുനടന്ന ഒരു കാലത്തിലേക്ക് മടങ്ങിപ്പോകാൻ കഴിയും. ഗൗസ്റ്റിൻ അങ്ങനെയാണയാളെ നോവലിലെ പ്രത്യേകിച്ച് പേരില്ലാത്ത ആഖ്യാതാവായ, കഥാപാത്രം വിളിക്കുന്നത്. ഭവനരഹിതരായ മനുഷ്യർക്ക് ഗൗസ്റ്റിൻ സ്നേഹവും ഭയവും പങ്കുവെച്ചുകൊടുക്കുന്നു. ഇതിനെ വിശേഷിപ്പിക്കാൻ ശരിക്കും വാക്കുകളൊന്നും പോരാതെ വരുന്നു. അവരെ സ്നേഹിക്കുന്നതോടൊപ്പം അവയെ ഭയപ്പെടാനും അയാൾക്ക് കഴിയുന്നുണ്ട്. അധികം വൈകാതെ അവരിലൊരാളായി മാറാനാണ് അയാൾ ശ്രമിക്കുന്നത്. പ്രത്യാശകൾ നശിച്ച മനുഷ്യരുടെ നീണ്ടനിരയാണ് തന്റെ മുന്നിൽ അയാൾ കാണുന്നത്. രക്തബന്ധംകൊണ്ട് അയാൾ അവരിലൊരാൾതന്നെയാണ്. കാലത്തിനുള്ളിലെ വ്യർഥ സഞ്ചാരികളിലൊരാളായി അവർക്കൊപ്പം അയാൾ മാറുന്നു. അക്കാലത്തെ കമ്യൂണിസ്റ്റ് ഇരുമ്പുമറക്കുള്ളിലെ ജീവിതത്തിന്റെ നിഗൂഢസമസ്യകളിലേക്ക് നോവൽ പ്രത്യക്ഷമായിട്ടല്ലെങ്കിലും വ്യാപനംചെയ്യുന്നുണ്ട്. ഇരുണ്ടതും ഒട്ടും വൈകാരികമല്ലാത്തതും അസംബന്ധജടിലവുമായ യാഥാർഥ്യങ്ങളുടെ വഴികളാണിവിടെ തുറക്കപ്പെടുന്നത്.
'ടൈം ഷെൽട്ടർ' ഗോസ്പോഡിനോവിന്റെ മൂന്നാമത്തെ നോവലാണ്. ചികിത്സാവിദഗ്ധനായ ഗൗസ്റ്റിൻ തയാറാക്കുന്ന ക്ലിനിക് ഗൗസ്റ്റിന്റെ ചികിത്സക്ക് മാത്രമുള്ള ഒരിടം മാത്രമായിരുന്നില്ല. നോവലിസ്റ്റ് ഗോസ്പോഡിനോവിന്റെ ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പിനെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ പൂർണമായ അഹംഭാവമായും കാണേണ്ടതായിട്ടുണ്ട്. ചികിത്സക്കെത്തുന്നവരുടെ മാനസികമായ തകർച്ചക്കുള്ള കാരണങ്ങളും ഇതിലൂടെ കണ്ടെത്തേണ്ടതുണ്ട്. ഇവിടേക്കെത്തിച്ചേരുന്ന ഒരു പഴയ രഹസ്യ പൊലീസ് ഉദ്യോഗസ്ഥന് പഴയ കാലങ്ങളെക്കുറിച്ചുള്ള ഓർമ നഷ്ടപ്പെട്ടിരിക്കുന്നു. പൊലീസ് ഓഫിസർ അയാളുടെതന്നെ ഉപസർഗമായ ഓർമകളായി മാറിക്കഴിഞ്ഞിരുന്നു. ഒരിക്കൽ അയാൾക്ക് പ്രോസിക്യൂട്ട് ചെയ്ത മനുഷ്യനോട് സന്തോഷത്തിന്റേതായ ചില നിമിഷങ്ങൾ വീണ്ടെടുത്തുകൊടുക്കുന്നു.
റുമേനിയക്കാരനായ മറ്റൊരു രോഗി അയാൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങളിൽ അഭയം കണ്ടെത്തുന്നതായി കാണാം. ഭ്രമാത്മകമായ ഒരു ലോകം അയാൾ സ്വയം കണ്ടെത്തുകയായിരുന്നു. ഗൗസ്റ്റിൻ ചികിത്സിക്കുന്ന ഒരു സ്ത്രീക്ക് ജലധാരക്കരികിൽ കഴിയാനാവാത്ത ഒരവസ്ഥയാണുണ്ടായിരുന്നത്. അവൾ ഒരു ഹോളോകോസ്റ്റ് അതിജീവിതയാണെന്ന് ഗൗസ്റ്റിൻ കണ്ടെത്തുന്നുമുണ്ട്. അവിടെ ഓർമ ഒരിക്കലും ആശ്വാസത്തിന്റേതായ വഴികൾ തുറന്നുതരുന്നുമില്ല. ശരിയായിട്ടുള്ള വിസ്മൃതിയുടേതായ ഒരു ലോകമാണവൾക്ക് കൂടുതൽ സഹായകം. ഒാർമകളിൽനിന്ന് ഭൂതകാലത്തെ വേർതിരിച്ചെടുക്കുന്നത് നോവലിൽ പിന്നീട് പ്രാധാന്യമർഹിക്കുന്ന അവസ്ഥയായി മാറുന്നുമുണ്ട്. രാഷ്ട്രീയക്കാരുടെ മാനസികാവസ്ഥയാണ് ഇതുമായി കൂടുതൽ പൊരുത്തപ്പെട്ടുപോകുന്നതെന്നും ഗൗസ്റ്റിൻ തിരിച്ചറിയുന്നു.
ദേശീയമായ അവസ്ഥയെ ഒരു പരിധിവരെ ഒപ്പം നർമബോധത്തോടെയാണ് നോവലിസ്റ്റ് സമീപിക്കുന്നത്. അതിനുള്ള യൂറോപ്പിലെതന്നെ ഉദാഹരണങ്ങളും സ്കാൻഡിനേവിയയെയും റുമേനിയയെയും പരാമർശിച്ച് നോവലിൽ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഗോസ് പോഡിനോവ് വളരെ ശ്രദ്ധാപൂർവം നോവൽ കൈകാര്യം ചെയ്യുന്ന ഒരെഴുത്തുകാരനാണ്. ഇതിലെ ആഖ്യാതാവായിരുന്ന മനുഷ്യന് നോവലിസ്റ്റിന്റെ യഥാർഥ വീക്ഷണത്തിന്റേതായ സാമ്യവും പിൻബലവുമുണ്ട്. നോവലിസ്റ്റുമായി അത്ര തീവ്രമായി ചേർന്നിട്ടാണ്, കഥാപാത്രം സഞ്ചരിക്കുന്നത്. ആഖ്യാതാവ് യഥാർഥ നോവലിസ്റ്റിന്റെ ജീവിതവുമായി അത്രയും ബന്ധപ്പെട്ടിരിക്കുന്നു.
കമ്യൂണിസത്തിന്റെ അന്ത്യം നോവലിസ്റ്റിന് തിരിച്ചറിയാം പക്ഷേ, ഈ നോവലിൽ അതൊരു ഭീകരമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭൂതവും വർത്തമാനവും തമ്മിൽ സന്ധിക്കുന്ന ഒരിടമായിട്ടേ നമുക്ക് തിരിച്ചറിയാൻ കഴിയൂ. നോവലിലുടനീളം ഒരുതരം പ്രേതാത്മാവായിട്ടാണ് അത് നിലനിൽക്കുന്നത്. ഭൂതകാലവും വർത്തമാനകാലവും സാധിക്കുന്ന ഒരിടത്തിന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാനും കഴിയും. ആ ഒരു കാലത്തോടുള്ള അയാളുടെ ഇഷ്ടവും നമുക്കിവിടെ കാണാനാകും. കമ്യൂണിസത്തിന്റെ യഥാർഥമുഖം വൈകാരികമായ ഭാവത്തോടെയുള്ള ഒന്നാണെന്നുള്ള തിരിച്ചറിവിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. ആ ഒരു കാലത്തോടുള്ള അയാളുടെ ആകർഷണം ശരിക്കും ആത്മാർഥമായിട്ടുള്ള ഒന്നാണ്. അതേസമയം, ഭ്രമാത്മകമായ ഒന്നുംതന്നെ അതിന്റെ പിന്നിലില്ല. കഥാപാത്രങ്ങളുടെ തകർന്ന ഓർമകളിൽനിന്നാണയാൾ ശരിക്കും രൂപഭംഗിയുള്ള കഥാപാത്രങ്ങൾക്ക് ജന്മം കൊടുക്കുന്നത്. നിരീക്ഷണങ്ങളിലൂടെ വിങ്ങുന്ന ഭാവനയുടെ തീവ്രമായ സ്പർശനം ആരെയും ഇതിനെ ഇഷ്ടപ്പെട്ട ഒരു രചനയായി മാറ്റിയെടുക്കും.
നോവലിന്റെ പേരായ 'ടൈം ഷെൽട്ടറി'ൽ തന്നെ ബൾഗേറിയൻ ഭാഷയിൽ പുതുതായി സൃഷ്ടിക്കപ്പെടുന്ന വാക്കിന്റെ മാതൃകയാണ്. ബോംബ് ഷെൽട്ടർ എന്ന നാമത്തിൽനിന്ന് വരുന്ന ഭാഷയുടേതായ പുതിയ രൂപം. കാലത്തിൽനിന്നുള്ള ഒരു അഭയസ്ഥാനമായിട്ടാണിതിനെ കാണേണ്ടത്.
നോവലിസ്റ്റ് സൂചിപ്പിക്കുന്ന പക്ഷികൾ യുദ്ധത്തിന്റെ തീവ്രതയിലും ഗാനമാലപിച്ചുകൊണ്ടിരുന്നു. അവിടെയാണ് ഭീകരതയുടെ യഥാർഥ മുഖം നാം അന്വേഷിക്കേണ്ടത്. തിരിച്ചറിയേണ്ടത്. അതിൽനിന്നും ലഭിക്കുന്ന സാന്ത്വനവും നാം ശരിക്കും ഉൾക്കൊള്ളാൻ ശ്രമിക്കണം. ദൈവം ഭൂതകാലത്തെ തീർച്ചയായും തിരിച്ചുവിളിച്ചുകൊണ്ട് കാലത്തിന്റെ ഒരു പുതിയ മുഖം തുറക്കുമെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു. ഓർമകൾ കുറയുമ്പോൾ അവിടെ ഭൂതകാലം കൂടുതൽ ബാക്കിയാവുന്നു. അതുകൊണ്ട് ഭൂതകാലത്തെ ഭൂതകാലംതെന്നയായി സൂക്ഷിച്ച് ഒപ്പം നിർത്തുക.
''ഒരു കാലവും നിങ്ങൾക്ക് സ്വന്തമല്ല. ഒരിടവും നിങ്ങൾക്ക് മാത്രമായി മാറ്റിനിർത്താനും കഴിയില്ല. നിങ്ങൾ കാണാനാഗ്രഹിക്കുന്നത് ഒരിക്കലും നിങ്ങളെ തേടുന്നുമില്ല. നിങ്ങൾ സ്വപ്നം കാണുന്നത് ഒരിക്കലും നിങ്ങളെ സ്വപ്നം കാണുന്നില്ല. ഒന്നുമാത്രം നിങ്ങൾക്കാശ്വസിക്കാം. നിങ്ങളിപ്പോൾ യഥാർഥ സ്ഥാനത്താണ്. പക്ഷേ, കാലം മറ്റൊന്നാണ്. നിങ്ങൾ ശരിക്കും ശരിക്കുള്ള ഒരു കാലത്തിലാണെങ്കിൽ അവിടെ ഇടം വേറൊന്നായിരിക്കും. ശരിയാക്കാനാവാത്ത ഇങ്ങനെ ഒരവസ്ഥയിൽ നോവൽ അവസാനിക്കുന്നു.''
ബൾഗേറിയയിൽനിന്നുള്ള ഈ പുതിയ എഴുത്തുകാരൻ ശരിക്കും വായനക്കിടയിൽ യാദൃച്ഛികമായി കണ്ടുമുട്ടിയ ഒരു മഹാത്ഭുതമാണ്. 1968ൽ ബൾഗേറിയയിലെ സോഫിയയിൽ ജനിച്ച ഈ പ്രതിഭക്ക് സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം ലഭിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. സർഗാത്മകതയുടെ യഥാർഥമായ രൂപമാണീ മനുഷ്യൻ. നോവൽ, കവിത, നാടകം, സിനിമ എന്നീ തലങ്ങളിലെല്ലാം ഒരേസമയം തിളങ്ങിനിൽക്കുന്ന നക്ഷത്രമാണിത്.