എന്താണ് ബഷീർ മറ്റുഭാഷക്കാർക്ക് സമ്മാനിച്ച വായനാനുഭവം?
വൈക്കം മുഹമ്മദ് ബഷീർ പലദേശങ്ങളിൽ പല കാലങ്ങളിൽ വായിക്കപ്പെടുക പല രീതിയിലാണോ? എന്താണ് ബഷീർ മറ്റുഭാഷക്കാർക്ക് സമ്മാനിച്ച വായനാനുഭവം. തമിഴിലെ പ്രധാന എഴുത്തുകാരിലൊരാളായ എസ്. രാമകൃഷ്ണൻ ബഷീറിനെ ഒാർക്കുന്നു, വായിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി എപ്പോൾ ചിന്തിച്ചാലും ഒപ്പംതന്നെ താ. മണിയെൻറ ഓർമയും ഒപ്പംവരുന്നു. ചിലപ്പോൾ എനിക്ക് ബഷീറിനെ പരിചയപ്പെടുത്തിയ ആൾ എന്ന കാരണവുമാകാം. മാത്രമല്ല, അദ്ദേഹത്തെപ്പോലെ ബഷീറിനെ സ്നേഹിച്ച ഒരൊറ്റയാളിനെയും ഞാൻ കണ്ടിട്ടേയില്ലെന്നതും കാരണമാവാം.
താ. മണി സാഹിത്യ രചയിതാവല്ല. എന്നാൽ, സാഹിത്യകാരനുവേണ്ട എല്ലാ ഗുണഗണങ്ങളും നിരീക്ഷണവും അദ്ദേഹത്തിനുമുണ്ട്. അദ്ദേഹം സ്വന്തം താൽപര്യപ്രകാരം എഴുത്തുകാരനാവാതെ ഒഴിഞ്ഞുമാറിയതാണോയെന്നറിയില്ല. തീവ്രമായ സീരിയസ് വായനക്കാരനാണ്. തമിഴ്, ഇംഗ്ലീഷ് കൃതികളെ തേടിത്തേടി അന്വേഷിച്ചു വായിച്ചതാണ്. കുറച്ചുകാലം 'ക്രിയ' പബ്ലിക്കേഷനിൽ ജോലി ചെയ്തിരുന്നു. പിന്നീട് സഹകരണ സ്ഥാപനത്തിൽ ജോലിചെയ്തുകൊണ്ട് ജീവിത പരീക്ഷണങ്ങളെ, കയ്പേറിയ അനുഭവങ്ങളെ താങ്ങാനാവാതെ അസുഖബാധിതനായി മരിച്ചു.
വണ്ണനിലവന്റെ എസ്തർ കഥാസമാഹാരം വായിച്ചവർക്ക് (ഒന്നാംപതിപ്പ്) ആ പേര് പരിചയമുണ്ടാവും. പുസ്തകത്തിനു മുഖവുരയായി വിക്രമാദിത്യൻ, ലയോണൻ, താ. മണി എന്നിവരുടെ സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്. ഞാനും ആ മുഖവുരവഴിയാണ് മണി അണ്ണാച്ചിയെ പരിചയപ്പെട്ടത്. കോണങ്കിയാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ശങ്കരൻ കോവിലിനു സമീപം താ. മണി അപ്പോൾ ജോലി ചെയ്തിരുന്നു. തെങ്കാശിയിലാണ് വീട്. ഞാൻ അപ്പോൾ കോളജിൽ പഠിക്കുകയായിരുന്നു. ആദ്യ സമാഗമത്തിൽ തന്നെ അദ്ദേഹവുമായി നീണ്ടകാലം പഴകിയ അടുപ്പമുണ്ടായി. അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ട സ്ഥലം ആര്യങ്കാവാണ്. സുഹൃത്തുക്കൾ ആരു വന്നാലും ആര്യങ്കാവിലേക്ക് കൂട്ടിക്കൊണ്ടുപോയി വെള്ളം പായുന്ന ആറ്റിൻകരയിൽ വെട്ടിവീഴ്ത്തപ്പെട്ട വലിയ മരത്തടികളിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കും.
ആദ്യ സമാഗമത്തിൽതന്നെ താ. മണി എനിക്ക് 'പാത്തുമ്മായുടെ ആട്' എന്ന പുസ്തകം നൽകി. ബഷീറിനെപ്പറ്റി ഒന്നും പറഞ്ഞില്ല. അന്ന് ആര്യങ്കാവിലേക്ക് കൊണ്ടുപോയി ഒരുപാടം സമയം സംസാരിച്ചിരുന്നു. സംസാരം റഷ്യൻ സാഹിത്യം, സുന്ദര രാമസ്വാമി കഥകൾ, അഗ്നിനദി നോവൽ എന്നിവയെ ചുറ്റിത്തന്നെ നടന്നു. വീട്ടിലെത്തിയ രാത്രിയിൽ പുസ്തകത്തിലുണ്ടായിരുന്ന രണ്ടാമത്തെ കഥ -'ബാല്യകാല സഖി' എന്ന നോവലിനെ -വായിക്കാൻ തുടങ്ങി.
പകുതിക്കുമേൽ പഠിക്കാനാവാതെ മനസ്സിൽ വലിയ ഭാരംപോലെ വിങ്ങാൻ തുടങ്ങി. കണ്ണുകളിൽ കരച്ചിൽ വന്നണഞ്ഞു. വായിച്ചവസാനിച്ചശേഷം ഉറക്കമില്ലാതെ തെരുവിൽ ഇരുണ്ട പാലത്തിൽ ഏകനായി ഇരുന്നു. വെള്ളത്തിൽ മൂങ്ങാത്ത വസ്തുപോലെ മനസ്സ് ഇരുളിൽ ദുഃഖം പങ്കിട്ടെടുത്തതുപോലെ മനസ്സ് നടുങ്ങിക്കൊണ്ടിരുന്നു.
ഇതുവരെ ഞാൻ വായിച്ച പ്രേമകഥകളിൽ 'ബാല്യകാല സഖി'യാണ് ഉന്നതമായ കഥയെന്ന് ഞാൻ പറയും. ആ കഥയുടെ പ്രത്യേകത അതിെൻറ ലാളിത്യവും നേരിട്ട് കഥ പറയുന്നതിനോടൊപ്പം ഒഴിച്ചുനിർത്താനാവാത്തവിധം ഇഴയോടുന്ന നേർമയായ നർമവും വായിച്ചവസാനിക്കുേമ്പാൾ ഏർപ്പെടുന്ന ദുഃഖവുമാണ്. 1944ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖിയെ ഇപ്പോൾ വായിക്കുേമ്പാഴും വളരെ പുതിയതായാണ് അനുഭവപ്പെടുന്നത്.
ബഷീറിനെ നേരിൽ കാണണമെന്ന ആഗ്രഹം 'ബാല്യകാല സഖി'യെ വായിച്ച കാലത്തുതന്നെ തുടങ്ങിയതാണ്. അതുവരെ തീവ്രമായ സാഹിത്യം എന്നത് (സീരിയസ് സാഹിത്യം എന്ന് വിവക്ഷ) തടിയൻ പുസ്തകങ്ങളും നൂറുകണക്കിന് സംഭവങ്ങളും ഉൾക്കൊണ്ടതായിരിക്കും എന്നാണ് കരുതിയിരുന്നത്. അതിനുള്ള പ്രധാന കാരണവും, റഷ്യൻ സാഹിത്യമാണ്. എന്നാൽ, ബഷീറിെൻറ നോവെലറ്റുകൾ ഈ എെൻറ വിശ്വാസങ്ങൾ എല്ലാം ഒരേസമയം തൂത്തുതുടച്ചെറിഞ്ഞു.
അതിനുശേഷം 'ബാല്യകാലസഖി' ഒരു ചെടിപോലെ എെൻറ ഉള്ളിൽ വളർന്നുകൊണ്ടേയിരുന്നു. ബഷീറിെൻറ അരികിൽ ഇരിക്കുന്നതുപോലുള്ള അടുപ്പം 'ബാല്യകാലസഖി'യെ വായിക്കുേമ്പാൾ തന്നെ ഉണ്ടായി. അദ്ദേഹത്തിെൻറ ചെറുകഥകൾ, നോവലുകൾ, ലേഖനങ്ങൾ ഒക്കെയും കഥപറയുന്നതിെൻറ ഉന്നതമായ അനുഭൂതികൾ നിറഞ്ഞുകാണാം, അനുഭവിക്കാം. R.E. Asherടെ പരിഭാഷയിൽ ബഷീർ കഥകൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച് മൂന്നു പ്രാവശ്യം നൊബേലിന് പരിഗണിച്ചിരുന്നു. യുനെസ്കോയുടെ കഥാസമാഹാരത്തിലും സ്ഥാനം പിടിച്ചു. ഇന്നുവരെ നൊേബൽ സമ്മാനം ലഭിച്ചിട്ടുള്ള മറ്റുള്ള എഴുത്തുകാരുടെ രചനകൾക്ക് സമാനമായതാണ് ബഷീറിെൻറ സൃഷ്ടികൾ.
'പാത്തുമ്മായുടെ ആട്' നോവലെറ്റിൽ വീട്ടിലുള്ള ഓരോരുത്തരും പണം പണം എന്ന് ശല്യം ചെയ്യുേമ്പാൾ തെൻറ കൈവശമുള്ള ധനത്തെ ആടിനു ഭക്ഷിക്കാൻ ബഷീർ നൽകുന്നു. ആട് അതിനെ വളരെ സാവധാനം ചവച്ചുതുടങ്ങുന്ന ഒരു സംഭവം സ്ഥാനം പിടിക്കുന്നുണ്ട്. അതു വായിക്കുേമ്പാൾ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ എത്രമാത്രം ഒരു മനുഷ്യനെ സംഘർഷഭരിതനാക്കുന്നു എന്നതിനെ നർമഭാവത്തോടെ മനസ്സിലാക്കാൻ കഴിയും. മറ്റൊരു കഥയിൽ ആനയുടെ വാൽരോമം വേണം എന്ന് ഒരു കുട്ടി. നദിയിൽ കുളിക്കുന്ന ആനയുടെ വാലിന് കടിക്കുന്നു. ആന ശബ്ദമിട്ട് ഗ്രാമത്തിനെ തന്നെ കൂട്ടിയേക്കും.
കുട്ടികളുടെ മാനസിക നില ബഷീറിലും അങ്ങനെ തന്നെയുണ്ട്. അദ്ദേഹത്തിെൻറ സൃഷ്ടികളിൽ മാത്രമേ കുട്ടികൾ അവരുടെ ഒരിക്കലും ശമിക്കാത്ത ഭാവനയോടും സത്യം ഒളിക്കാനാവാത്ത പ്രകടമായ ഭാഷയോടും വേദനസഹിക്കുന്ന പക്വതയോടെയും പുറത്തറിയാൻ തുടങ്ങിയത്.
തെരു നായകൾ, പൂച്ചകൾ, ആനകൾ, ചിലന്തി, പാമ്പ്, തവള തുടങ്ങി പ്രകൃതിയിൽനിന്നും വേർതിരിക്കാനാവാത്ത എല്ലാ ജീവനുകളും സംഗമിക്കുന്ന മനുഷ്യജീവൻ അതിസൂക്ഷ്മം അദ്ദേഹത്തിെൻറ കഥകളിൽ വളരെ നൈർമല്യത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെ പ്രേമിക്കാൻ പറഞ്ഞുകൊണ്ട് കത്തിയാൽ ഭീഷണിപ്പെടുത്തുന്ന മുരടൻമാരെയും അദ്ദേഹത്തിെൻറ കഥകളിൽ ദർശിക്കാം. സ്നേഹവും കരുണയുമാണ് അദ്ദേഹത്തിെൻറ എല്ലാ സൃഷ്ടികളുടെയും അടിസ്ഥാന നാദമായി മാറിക്കൊണ്ട് പുറത്ത് വളരെയേെറ പ്രസരിക്കുന്നുമുണ്ട്.
അദ്ദേഹത്തിെൻറ സൃഷ്ടികളിൽ ദുഃഖമാണ് പരിഹാസ്യമാകുന്നത്. നാം എവിടെയൊക്കെ ചിരിക്കുന്നുവോ അവിടെ മറയ്ക്കപ്പെട്ട ഒരു വേദന ഒളിഞ്ഞിരിക്കുന്നു. എളിയ മനുഷ്യരുടെ മേലുള്ള സ്നേഹം വളരെ പ്രധാനമാണ്.വേശ്യകൾ, ഭിക്ഷക്കാർ, മനവിഭ്രാന്തിക്കാർ, മനസ്സു തകർന്ന് പോയവർ തുടങ്ങിയവരോടൊക്കെ അദ്ദേഹത്തിെൻറ സൃഷ്ടികൾ കാട്ടുന്ന പ്രാധാന്യം പ്രത്യേക പരാമർശാർഹമാണ്.
ബഷീറിനെ കാണണമെന്ന് ആഗ്രഹം തുടങ്ങിയതു മുതൽ അദ്ദേഹത്തോട് എന്തു സംസാരിക്കണമെന്ന് പരിശീലനം തന്നെ തുടങ്ങി. അപ്പോൾ എനിക്ക് മലയാളം വായിക്കാനറിയില്ല. പറയുേമ്പാൾ മനസ്സിലാക്കാനാവും. ബഷീറിന് തമിഴ് അറിയുമെന്ന് തീർച്ചയായും വിശ്വസിച്ചു. വീട്ടിൽനിന്ന് ഒരു വെള്ളിയാഴ്ച രാത്രി പുറപ്പെട്ട് കോഴിക്കോട്ട് ഇറങ്ങിയശേഷം അവിടെനിന്ന് ബേപ്പൂർ പോകുന്നതിനാണ് പദ്ധതിയിട്ടിരുന്നത്.
യാത്ര തുടങ്ങിയപ്പോൾതന്നെ രാത്രി ബസിൽ ആളില്ലാത്ത സീറ്റിൽ എനിക്കു സമീപം ബഷീർ ഇരുന്നു സംസാരിക്കുന്നതുപോലെ എനിക്ക് തോന്നിത്തുടങ്ങി. അപ്പോഴപ്പോൾ മങ്ങിയ വെളിച്ചത്തിൽ പാത്തുമ്മായുടെ ആട് പുസ്തകത്തിെൻറ ഏതെങ്കിലും പുറങ്ങൾ മറിച്ച് കണ്ണുകൾക്ക് വളരെയടുത്തു പിടിച്ച് ബൈബിൾ വായിക്കുന്നതുപോലെ മുറുമുറുത്തു തുടങ്ങി. ബഷീറിെൻറ ഓരോ വാക്കും ഈർപ്പമുള്ളതും കളിമണ്ണുപോലെ നനഞ്ഞൊട്ടിയ പശിമയോടെ മനസ്സിലും ഒട്ടിപ്പോകുന്നതാണ്.
നേരം പുലരുംമുമ്പുതന്നെ കോഴിക്കോട്ട് എത്തിച്ചേർന്നു. മലയാള അക്ഷരങ്ങൾ കണ്ടപ്പോൾ ഉള്ളുപിടയാൻ തുടങ്ങി. ബഷീറിനെ കാണാനുള്ള താൽപര്യം ഒരുവശത്തും വായിച്ചപ്പോൾ ഉണ്ടായ സാമീപ്യം മതിയാവുമല്ലോ എന്ന് മറുവശത്തുമായി മനസ്സും ചാഞ്ചാടാൻ തുടങ്ങി.
ബഷീറിനെ കാണുന്നതിനായി ബേപ്പൂരിൽ ഇറങ്ങിനിന്നപ്പോൾ സ്ഥലത്തുള്ള ഭൂരിപക്ഷം ആളുകൾക്കും അദ്ദേഹത്തെ അറിയാം. ആ സ്ഥലത്തു ജീവിക്കുന്നവരെത്ര ഭാഗ്യവാന്മാർ എന്നു മാത്രം ഞാൻ പറയും. കാരണം അവരൊക്കെ ബഷീറിെൻറ കഥകളിലെ കഥാപാത്രങ്ങളായി മാറി മരണമറ്റ അവസ്ഥയിലേക്കുയർന്നുവല്ലോ?
ബേപ്പൂർ വളരെ മനോഹരമായ കടൽക്കരയുള്ള സ്ഥലം. ഒരു കാലത്ത് അറബികളുടെ തുറമുഖമായിരുന്നു എന്നു പറയുന്നു. കടൽക്കരക്കു സമീപമായതിനാൽ പ്രഭാതവെയിൽ അൽപംകൂടിയ ചൂടോടുകൂടിത്തന്നെ തെരുവിൽ ഓടിക്കിടന്നിരുന്നു. നടന്നുപോയി ബഷീറിെൻറ മുന്നിൽ ചെന്നുനിന്നപ്പോൾ ആകാശത്ത് ഒരു കടൽപക്ഷി പറന്നുപോയി. മുപ്പതു വയസ്സു കഴിഞ്ഞ ഒരാൾ പുറത്തുവന്ന് എന്തുവേണമെന്ന് അന്വേഷിച്ചു. ഞാൻ തമിഴ്നാട്ടിൽനിന്ന് ബഷീറിനെ കാണാൻ വന്നതായി അറിയിച്ചു. അയാൾ എന്നോട് കാത്തിരിക്കാൻ പറഞ്ഞ് ഉള്ളിലേക്ക് പോയി.
വീടിെൻറ ഒരുവശത്ത് ബഷീറിെൻറ പ്രശസ്തമായ മങ്കുസ്താൻ മരം നിഴൽവിരിച്ചു നിൽക്കുന്നു. മരക്കസേരയും മലയാള പത്രങ്ങളുമുള്ളത് കണ്ടു. പൂച്ച ഇരിക്കുന്നുണ്ടോ എന്ന് വളരെ സൂക്ഷിച്ചുതന്നെ നോക്കിക്കൊണ്ടിരുന്നു. പത്രക്കാരനാണോ എന്ന് അന്വേഷിച്ചുവരുന്നതിനായി ബഷീറിെൻറ ശബ്ദം ഉള്ളിൽനിന്നും കേട്ടു. ആ മനുഷ്യൻ പുറത്തുവന്നപ്പോൾ ഞാൻ കോളജ് വിദ്യാർഥി എന്നറിയിച്ചു. നല്ലകാര്യം എന്നു പറഞ്ഞ ശബ്ദത്തോടെ അയാൾക്കു പിന്നാലെ ബഷീർ വന്നുനിന്നു.
ഷർട്ടില്ലാത്ത ശരീരത്തോടെ, ഒറ്റമുണ്ടു മാത്രം ധരിച്ച് മൊട്ടത്തലയും ഹിറ്റ്ലർ മീശയുമായി ചിരിയോടുകൂടിയ മുഖത്തോടെ ബഷീർ എെൻറ മുന്നിൽ വന്ന് നമസ്കാരം പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല. വിറയ്ക്കുന്ന കൈകളോടെ അദ്ദേഹത്തിന് ഞാൻ നമസ്കാരം പറഞ്ഞു. അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: പത്രക്കാരാണെങ്കിൽ ഷർട്ടിട്ട് വരണം. ഒപ്പം ധാരാളം ചോദ്യങ്ങളോടും വന്നിരിക്കും. നല്ലകാലം, നിങ്ങൾ അങ്ങനെയാവില്ലല്ലോ എന്ന് മലയാളത്തൽ പറഞ്ഞു ചിരിച്ചു.
അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ ബഷീറിനോടു സംസാരിക്കുന്നതിന് ശേഖരിച്ചുവെച്ചിരുന്ന എല്ലാ വാക്കുകളും ചോർന്നുപോയിരിക്കുന്നു. വെറുതെ അദ്ദേഹത്തെ ഞാൻ കണ്ടുകൊണ്ടിരുന്നു. അദ്ദേഹം തെൻറ പ്രശസ്തമായ പതിവ് ചാരുകസേരയിൽ പോയിരുന്നു. അതിെൻറ എതിർവശത്ത് ഒരു മരസ്റ്റൂളുണ്ടായിരുന്നു. ഞാനതിൽ ഇരുന്നു. ബഷീർ എന്നെ നോക്കിക്കൊണ്ടിരുന്നു.
പാത്തുമ്മായുടെ ആട്, ൻറുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, വിശ്വവിഖ്യാതമായ മൂക്ക്, ജന്മദിനം, പൂവൻപഴം തുടങ്ങി ബഷീറിെൻറ ഓരോരോ കഥകളുമായി മനസ്സിൽ വന്നുകൊണ്ടിരുന്നു. അദ്ദേഹം ചായ കുടിക്കുന്നോ എന്ന് അന്വേഷിച്ചു. തലയാട്ടിയപ്പോൾ, ഞാൻ എന്താണ് പഠിക്കുന്നത് എന്നന്വേഷിച്ചു. ക്രമം തെറ്റി മറുപടികൾ പറഞ്ഞുതുടങ്ങി.
ബഷീറിന്റെ കണ്ണുകൾ എെൻറ ശങ്ക മനസ്സിലാക്കിയതുപോലെ എന്നോട്, നിങ്ങൾക്ക് മലയാളം അറിയാമോ എന്നു ചോദിച്ചു. പറയുേമ്പാൾ മനസ്സിലാകും എന്ന് ഞാൻ മറുപടി പറഞ്ഞു. എനിക്കും അത്രയേ തമിഴ് അറിയാവൂ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ചെന്നൈയിൽ കുറച്ചുകാലം ജയകേരളം എന്ന മാഗസിനിൽ ജോലി ചെയ്ത കാര്യം പറഞ്ഞു. സ്വതഃസിദ്ധമായി അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞില്ല. വീണ്ടും മൗനം ഞങ്ങളിരുവർക്കും മുകളിൽ കമിഴ്ന്നു.
ഞാൻ അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. അവിടെയുണ്ടായിരുന്ന ആളിനോട് എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇദ്ദേഹത്തെപ്പോലൊരാളെ പല വർഷങ്ങൾക്കുമുമ്പ് ഞാൻ കണ്ടിരുന്നു. എനിക്ക് പരിചയമുള്ള ഒരാളിനെപ്പോലെയിരിക്കുന്നു. എവിടെവെച്ചാണ് കണ്ടതെന്ന് എനിക്ക് പറയാനാവുന്നില്ല എന്നു പറഞ്ഞുകൊണ്ട് എന്നോട് സ്വന്തം സ്ഥലം എവിടെയാണെന്ന് ചോദിച്ചു. മറുപടി പറഞ്ഞു. തുടർന്ന് വർത്തമാനത്തിെൻറ ഊറ്റ് തുടങ്ങി.
വഴിയിലുള്ള തെരുവിലെ പട്ടികൾ നിങ്ങളെ ശ്രദ്ധിച്ചില്ലേ എന്നു ചോദിച്ചു. ഞാൻ എന്തിനാണെന്നു ചോദിച്ചു. പൊതുവായി ഇവിടെയുള്ള നായകൾ എന്നെ കാണാൻ വരുന്ന എല്ലാവരെയും വഴിയിൽ തടഞ്ഞുനിർത്തി അന്വേഷിച്ചശേഷമേ അയക്കാറുള്ളൂ. ഞാനും അതിെൻറയൊക്കെ അവകാശങ്ങളിൽ തലതാഴ്ത്താറില്ല എന്നും പറഞ്ഞുകൊണ്ട് നമ്മുടെ വീട്ടിലും ഒരുത്തൻ ഉണ്ട്. അവനിന്ന് മൗനവ്രതത്തിലാണെന്നും വിചാരിക്കുന്നു. നിങ്ങളെ കണ്ടിട്ടും കുരച്ചതേയില്ലല്ലോ എന്നു പറഞ്ഞു.
അപ്പോൾ മാത്രമാണ് ഞാൻ ബഷീറിെൻറ മുന്നിലാണ് ഇരിക്കുന്നത് എന്ന് ബോധ്യമാവാൻ തുടങ്ങിയത്. അദ്ദേഹം തുടർന്നു പറഞ്ഞുകൊണ്ടിരുന്നു. ഓരോരോ സ്ഥലങ്ങളിലുള്ള തെരുനായ്ക്കൾക്കും പ്രത്യേക സ്വഭാവങ്ങളുണ്ട്. അതിെൻറ അലക്ഷ്യഭാവം വളരെ പ്രധാനമാണ്. ബഹുഭൂരിപക്ഷം തെരുനായ്ക്കളും സ്വയം നായകളെന്ന് മറന്നുപോകുന്നവയാണ്, ചില റൗഡികളെപോലെ. അവർക്ക് അവർ റൗഡിയെന്നത് ആരെങ്കിലും പറഞ്ഞാലേ അറിയൂ. എനിക്കറിയാവുന്ന റൗഡി അങ്ങനെയായിരുന്നു. അവനോട് ആരെങ്കിലും നീ റൗഡി ആണല്ലേ എന്ന് ഓർമിപ്പിക്കുേമ്പാൾ മാത്രമേ അലർച്ചയുണ്ടാക്കി അടിപിടി തകരാറുകളിൽ ഇടപെടാറുള്ളൂ. മറ്റിതര സമയങ്ങളിൽ കള്ളുകുടി, ഉറക്കം എന്നിവയിലാണ് സമയം ചെലവഴിക്കുന്നത്.
ഞാൻ ഞങ്ങളുടെ സ്ഥലത്തിെൻറ സമീപത്ത് ജീവിച്ചിരുന്ന കള്ളന്മാരെപ്പറ്റി പറയാൻ തുടങ്ങി. ബഷീറിെൻറ മുഖത്ത് വിശദീകരിക്കാനാകാത്തത്ര ആനന്ദവും കഥ കേൾക്കുന്ന ഉദ്വേഗവും മുളയിട്ടു. കാടുകൾ മോഷ്ടിക്കുന്നവരെപ്പറ്റി പറയാൻ തുടങ്ങിയപ്പോൾതന്നെ അദ്ദേഹം കുട്ടികളെപ്പോലെ വളരെ ഉത്സാഹത്തോടെ കേൾക്കാൻ തുടങ്ങി. ഇടക്കദ്ദേഹം പറഞ്ഞു:
''എല്ലാ റൗഡികൾക്കും ഏതെങ്കിലും വലിയൊരു ബലഹീനതയുണ്ടാവും. ഒപ്പം തന്നെ റൗഡികൾ അധികം സംസാരിക്കുകയുമില്ല. അതിനൊരു കാരണമുണ്ട്. അവർ സംസാരിക്കാൻ തുടങ്ങിയാൽ ചില നിമിഷങ്ങൾക്കുള്ളിൽതന്നെ അവനൊരു മടയനാണെന്ന് നമുക്ക് മനസ്സിലായേക്കും. പിന്നീട് അവനെ നോക്കി ഭയപ്പെടില്ലല്ലോ അല്ലേ'' എന്ന് പറഞ്ഞ് ബഷീർ ചിരിച്ചുകൊണ്ട്, ''സ്ത്രീ റൗഡികളെ കണ്ടിട്ടുണ്ടോ'' എന്നു ചോദിച്ചു.
ഇല്ല എന്നു പറഞ്ഞപ്പോൾ, ''ഞാൻ ചെന്നൈയിൽ അങ്ങനെയൊരു റൗഡിയെ കണ്ടിട്ടുണ്ട്. അവൾ ചൂളൈമേട്ടിലായിരുന്നു താമസം. ധാരാളം പന്നി വളർത്തുന്നവൾ. ഒരു ദിവസം അവൾ തെൻറ തുടകൾ പ്രദർശിപ്പിക്കുന്ന രീതിയിൽ സാരിയെ ഉയർത്തികെട്ടിക്കൊണ്ട് ഒരു പുരുഷനുമായി തെരുവിൽ കെട്ടിമറിഞ്ഞ് പ്രശ്നമുണ്ടാക്കികൊണ്ടിരുന്നത് ഞാൻ കണ്ടു. എനിക്ക് ഭയമായിരുന്നു. എന്നാൽ, ഏതൊരു പുരുഷനോടാണ് അവൾ ശണ്ഠനടത്തിയിരുന്നത് അതേ മനുഷ്യനുമായി നാലഞ്ചു ദിവസങ്ങൾക്കുശേഷം റിക്ഷയിൽ ഒന്നിച്ചു യാത്ര ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് അവൾ സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായത്'' -അദ്ദേഹം പറഞ്ഞു.
അപ്പോൾ ബഷീറിൽ എഴുതിതീരാത്ത കഥകൾ ഉണ്ടായിരുന്നു. അദ്ദേഹം തെൻറ ചുറ്റിലുമുള്ള ജീവിതത്തെ മുഴുവനായും ഉൾക്കൊണ്ടിരുന്നു. മാത്രമല്ല, അടിസ്ഥാന വിഭാഗം ജനങ്ങളോട് കൂടിച്ചേർന്നു ജീവിച്ച സാഹചര്യം അനന്തമായ കഥാപാത്രങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയിരിക്കുന്നു.
ചർച്ച മാനസിക വിഭ്രാന്തിയുള്ളവരിലേക്ക് നീങ്ങി.
ബഷീർ ദീർഘമായി സംസാരിച്ചുതുടങ്ങി. ''ലോകത്ത് ഏറ്റവും സന്തോഷത്തോടെ, വളരെയേറെ സന്തോഷത്തോടെ കഴിയുന്നത് ഭ്രാന്തർ മാത്രമാണ്. അവർ സത്യത്തിനും വളരെ അടുത്തുമിരിക്കുന്നു. ചില ഭ്രാന്തരെ കാണുേമ്പാൾ അവരുടെ കണ്ണുകളെ നമുക്ക് തുടർന്ന് നോക്കാനാവില്ല. കാരണം, അവരുടെ കണ്ണുകൾ എന്തൊക്കെയോ പറയുന്നുണ്ട്.
തിരുവനന്തപുരത്ത് ഒരു ഭ്രാന്തനുണ്ടായിരുന്നു. അവെൻറ ഒരേയൊരു ജോലി റോഡിലൂടെ വന്നുപോകുന്നവരെ നോക്കി ''മേലേ നോക്കൂ, താഴെ നോക്കൂ'' എന്നു പറഞ്ഞുകൊണ്ടേയിരിക്കുക എന്നതു മാത്രം. ഒരുദിവസം അവെൻറ മുന്നിൽനിന്നുകൊണ്ട്, അവൻ പറയുന്നതുപോലെ മുകളിലേക്കും താഴേക്കും ഞാൻ നോക്കി. ഒന്നുമില്ല. എന്നാൽ, എെൻറ പ്രവൃത്തി കണ്ട് അവൻ കൈകൊട്ടി ചിരിച്ചു. അവെൻറ ചിരി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. അവനെ ചിരിപ്പിക്കുന്നതിനായി അപ്പോഴപ്പോൾ അവിടെ പോയി അവനെ ചിരിപ്പിക്കണമെന്നു തോന്നിയിരുന്നു, എന്നു പറഞ്ഞുകൊണ്ട്, ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് അധികവും ഭ്രാന്തരുള്ളതെന്നറിയാമോ എന്നു ചോദിച്ചു. ഞാൻ അറിയില്ല എന്നു മറുപടി പറഞ്ഞു.
ഞങ്ങളുടെ സംസാരത്തിനിടക്ക് അദ്ദേഹത്തെ കാണുന്നതിന് ഒരു മലയാള പ്രഫസർ വന്നിട്ടുള്ളതായി പറഞ്ഞപ്പോൾ ബഷീർ എണീറ്റുപോയി. അദ്ദേഹവും ഞങ്ങളുടെ സംസാരത്തിൽ പങ്കുകൊണ്ടു. ബഷീറും അതേ ചോദ്യം അദ്ദേഹത്തോട് ചോദിച്ചു. പ്രഫസർ, ''അങ്ങനെയൊരു കണക്കെടുപ്പും നടത്തിയിട്ടില്ല'' എന്നു പറഞ്ഞപ്പോൾ, ''എന്തിനാണ് കണക്കെടുക്കുന്നത്, അത് കേരളം തന്നെ, തീർച്ച'' എന്നു പറഞ്ഞു ചിരിച്ചു. പ്രഫസറോട് എന്നെ പരിചയപ്പെടുത്തി, ബഷീർ. പ്രഫസർ എെൻറ കോളജ് വിദ്യാഭ്യാസം, നാട് എന്ന അന്വേഷണം തുടർന്നുകൊണ്ടിരുന്നപ്പോൾ ബഷീർ എണീറ്റ് പുറത്തേക്ക് പോയിരുന്നു. വർത്തമാനം എവിടെയൊക്കെയോ ചുറ്റിക്കറങ്ങി തുടങ്ങി.
തിരികെ വന്ന ബഷീർ പുഞ്ചിരിയോടെ, ''ഈ സ്ഥലത്ത് എനിക്ക് അറിയാവുന്ന വിചിത്രമായ മനുഷ്യൻ ഒരാളുണ്ട്. അവൻ എെൻറ വീട്ടിൽ വരില്ല. എന്നാൽ, വാതിലിൽ വന്ന് എന്നെ കാണാൻ വന്നിട്ടുള്ളതാരാണെന്ന് എത്തിനോക്കും. ഞാൻ പുറത്തുപോയി അവനെ കണ്ടാൽ മാത്രം മതി അവൻ പോകും. എന്നെ കാണാൻ എത്രപേർ വന്നിട്ടുണ്ടെന്ന കണക്ക് ശരിക്കും അവെൻറ കൈയിലാണുള്ളത്.
ബഷീറിനോട് പൂച്ചകളെപ്പറ്റി ഞാൻ ചോദിക്കാൻ തുടങ്ങി. അദ്ദേഹം, ''ഒരു വിചിത്ര ജീവിയാണ് പൂച്ചകൾ. മനുഷ്യർക്ക് അതിനെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല. മനുഷ്യരോടൊപ്പം ജീവിച്ചിട്ടും അവയൊക്കെ മനുഷ്യരോട് സ്നേഹത്തോടിരിക്കില്ല. ചിലപ്പോൾ പൂച്ചകൾ, ശ്രദ്ധിച്ചുനോക്കിയാൽ അതിെൻറ നോട്ടത്തിൽ ഒരു ജ്ഞാനിയുടെ ഭാവം കാണാൻ കഴിയുന്നു'', എന്നു പറഞ്ഞശേഷം പൂച്ചകൾ പൊതുവെ വീട്ടിനടങ്ങാത്തതാണ്. പൂച്ചകൾ വിശപ്പ് സഹിക്കില്ല. പൂച്ചകൾ കരയുന്ന വംശമാണ് എന്നു പറഞ്ഞു.
പ്രഫസർ ഇടക്കുകയറി പൂച്ചകൾക്ക് സമാധി നിർമിക്കുന്ന പതിവ് ഗ്രീക്കിലുള്ളതായി പറഞ്ഞു. അദ്ദേഹത്തിെൻറ ചർച്ചയിൽ ബഷീർ താൽപര്യം കാണിച്ചതേ ഇല്ല. മാത്രമല്ല, അദ്ദേഹം താനറിഞ്ഞ ഏതോ ഒരു പൂച്ചയെ പറ്റിതന്നെ ചിന്തിച്ചുകൊണ്ടിരുന്നതുപോലെ മുഖഭാവംതന്നെ മാറിയിരുന്നു. പിന്നീട് അദ്ദേഹം എന്നോട് പൂച്ചകൾ കടലിൽ നീന്തുമോ എന്നു അന്വേഷിച്ചു. എനിക്കറിയില്ല, ഞാൻ പറഞ്ഞു. അദ്ദേഹം തെൻറ സ്വപ്നത്തിലൊരിക്കൽ ഒരു വലിയ പൂച്ച പ്രത്യക്ഷപ്പെട്ട് ഭീഷണിപ്പെടുത്തിയിട്ടുള്ളതായി പറഞ്ഞുകൊണ്ടുതന്നെ തനിക്ക് ധാരാളം വിചിത്രമായ സ്വപ്നങ്ങൾ വരുന്നുണ്ട് എന്നുമറിയിച്ചു.
അദ്ദേഹത്തിെൻറ 'ബാല്യകാലസഖി' എനിക്ക് വളരെയേറെ ഇഷ്ടമാണെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞു. അദ്ദേഹം ''അങ്ങനെയാണോ?'' എന്നതിനുമേൽ മറ്റൊന്നും ചോദിച്ചില്ല. പ്രഫസർ, ''എന്താണ് അങ്ങനെ അതെഴുതാൻ പ്രേരിപ്പിച്ചത്'' എന്നന്വേഷിച്ചു. ബഷീർ അൽപംപോലും ആലോചിക്കാതെ, ''വിശപ്പ്'' എന്നു മറുപടി നൽകി.
''വിശക്കുന്ന സമയങ്ങളിൽ എനിക്ക് മറ്റൊന്നും ചെയ്യാനാവില്ല. ഒപ്പംതന്നെ എെൻറ വിശപ്പിനെപ്പറ്റി ഒരു ദുഃഖവുമില്ലാതെ ലോകം ചലിച്ചുകൊണ്ടിരിക്കുന്നു എന്ന ദുഃഖവും വിശപ്പിനെ പങ്കിടാനാവാത്ത സാഹചര്യത്തിൻമേൽ ഉണ്ടായ കോപവും എന്നെ എഴുത്തിലേക്ക് നയിച്ചു. മാത്രമല്ല, വിശപ്പിനെ കടന്നുപോവുക എന്നതും എളുപ്പമല്ല, എെൻറ ഭൂരിപക്ഷം കഥകളും വിശപ്പുണ്ടായിരുന്ന നാളുകളിൽ എഴുതിയവകളാണ്'' എന്നു പറഞ്ഞു.
എന്നാൽ, വിശപ്പുകാരണമുണ്ടായ കോപം ബഷീറിൽ നർമമായും കഴിവില്ലായ്മയായും കാണാൻ കഴിഞ്ഞു. രചനകളിൽ അദ്ദേഹം പ്രദർശിപ്പിച്ച കരുണ ജീവിതത്തിൽ അദ്ദേഹത്തിന് ആരിൽനിന്നും ലഭിച്ചതേയില്ല.
നിർദാക്ഷിണ്യമായി കുതികാലിൽ അടിച്ചുവിരട്ടുന്നതുപോലെ ജീവിതം അദ്ദേഹത്തെ ഒരു സ്ഥലത്തു താമസിക്കാൻ അനുവദിക്കാതെ വിരട്ടിക്കൊണ്ടേയിരിക്കുന്നു. അദ്ദേഹം വളരെ എളിയ ഇസ്ലാമിക കുടുംബത്തിൽ ജനിച്ച് കുടുംബത്തിലെ ദാരിദ്ര്യം കാരണം ശരിയായ രീതിയിലുള്ള പള്ളിക്കൂട വിദ്യാഭ്യാസമില്ലാതെ ചെറിയ ചെറിയ ജോലികൾ ചെയ്ത് ഒരു നാടോടിയെപോലെ ഇന്ത്യയാകെ ചുറ്റിയലഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിലടയ്ക്കപ്പെട്ടു. അതിനുശേഷം സ്വതന്ത്രനാക്കപ്പെട്ട് ഒരു സാഹിത്യകാരനായി. അതിനുശേഷവും അസ്ഥിരമായ ജീവിത സമരത്തിൽ കുടുങ്ങിയപ്പോൾപോലും അദ്ദേഹത്തിെൻറ രചനയിലെ സ്നേഹവും കരുണയും വറ്റിപ്പോയതേ ഇല്ല.
ബഷീറിെൻറ കഥകൾ പാവപ്പെട്ട ജനങ്ങളുടെ ജീവിതം വിവരിക്കുന്നതാണ്. വേശ്യകൾ, ചൂതാട്ടക്കാർ, റൗഡികൾ, ഭ്രാന്തർ, വീടുവിട്ട് ഓടിവന്നവർ, പോകാനിടമില്ലാത്തവർ, നശിച്ചുപോയ കുടുംബങ്ങൾ എന്ന് അദ്ദേഹത്തിെൻറ ലോകം മനുഷ്യദുരിതങ്ങളുടെ ഗാനമാണ് മൂളിക്കൊണ്ടിരുന്നത്.
ബഷീറിെൻറ രചനകളിലെ ലാളിത്യം അപ്രതീക്ഷിതമൊന്നുമല്ല. അദ്ദേഹം താനെഴുതിയ ഓരോന്നും പല പ്രാവശ്യം വായിച്ചുതിരുത്തി ക്രമപ്പെടുത്തി മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. സുപ്രസിദ്ധമായ അദ്ദേഹത്തിെൻറ 'ബാല്യകാല സഖി'യെ ആദ്യം ഇംഗ്ലീഷിലെഴുതി തനിക്കു തൃപ്തിപ്പെടാത്തതുകൊണ്ട് അതിനെ കീറിയെറിഞ്ഞ ശേഷം മലയാളത്തിലെഴുതിയിരിക്കുന്നു.
എെൻറ എതിർവശത്തിരുന്ന ബഷീറിൽ അദ്ദേഹം അനുഭവിച്ച വേദനയുടെ ചുവടുകൾപോലും കാണാൻ കഴിഞ്ഞില്ല. ലാളിത്യവും നർമവും എഴുതിയതിൽ മാത്രമല്ല, അദ്ദേഹത്തോടൊപ്പവും ഉണ്ടായിരുന്നു. രണ്ടുമൂന്നു മണിക്കൂറോളം സംസാരിച്ചുകൊണ്ടിരുന്നു ഞാൻ. അദ്ദേഹത്തിനോട് യാത്ര പറഞ്ഞ് പുറപ്പെട്ടു കഴിഞ്ഞിട്ടും ആ അടുപ്പം എെൻറയൊപ്പം വന്നുകൊണ്ടിരിക്കുന്നു.
അതു കേട്ടില്ലല്ലോ, ഇതു പറഞ്ഞില്ലല്ലോ എന്ന് മനസ്സ് വിഷമിച്ചുകൊണ്ടിരുന്നു. മറ്റൊന്ന്, ഞാൻ ബഷീറിനെ കണ്ടുവെന്ന് ഉറക്കെ മണിയണ്ണാച്ചിയോടു പറയാൻ മനസ്സു തുടിച്ചുകൊണ്ടിരുന്നു.
ഇതിനുവേണ്ടി മാത്രം ഞാൻ മണി അണ്ണാച്ചിയെ കാണാൻ പോയി. അദ്ദേഹം തെൻറ വീട്ടിെൻറ മുകൾനിലയിൽ കിടന്നുകൊണ്ട് ബഷീറിെൻറ 'ലവ് ലെറ്റർ' എന്ന കഥ -ഇംഗ്ലീഷ് പരിഭാഷ വായിച്ചുകൊണ്ടിരുന്നു. അവിചാരിതമായൊരു അത്ഭുതമായിരുന്നു. ബഷീറിെൻറ വീട്ടിൽ സംഭവിച്ചതൊക്കെയും അതിനുശേഷം പത്തു പ്രാവശ്യത്തിനുമേൽ ഞാൻ പറഞ്ഞുകേട്ടിട്ടുണ്ടായിരിക്കും. എന്നിട്ടും അദ്ദേഹത്തിന് ബഷീറിനെ കാണണമെന്ന താൽപര്യം ഉണ്ടായതേ ഇല്ല.
എന്നാൽ, ബഷീർ അന്തരിച്ച 1994 ജൂലൈ അഞ്ചാംതീയതി വൈകുന്നേരം മണി അണ്ണാച്ചിയെ തിരുനെൽവേലിയിൽവെച്ച് കാണാൻ കഴിഞ്ഞു. അദ്ദേഹം വളരെയേെറ മദ്യപിച്ചിരുന്നു. ബഷീറിെൻറ മരണം അദ്ദേഹത്തെ നടുക്കിയിരിക്കുന്നു എന്നത് അദ്ദേഹത്തിെൻറ രൂപത്തിൽനിന്നുതന്നെ മനസ്സിലാക്കാം. എെൻറ കൈകളെ പിടിച്ചുകൊണ്ട് നമുക്ക് ഇപ്പോൾതന്നെ ബഷീറിനെ കാണാൻ പോകണമെന്ന് പറഞ്ഞു. അതിനെന്താ, പോകാം എന്ന് ഞാൻ പറഞ്ഞു.
ആദ്യം ആര്യങ്കാവിലേക്ക് പോകാമെന്ന് പറഞ്ഞുകൊണ്ട് ബസിൽ ഒപ്പം കൂട്ടിക്കൊണ്ടുപോയി. ആര്യങ്കാവിലുള്ള ചാരായക്കടയിൽ ലഹരിമൂർധന്യതയിലാവുന്നവരെ മദ്യപിച്ചു. പിന്നീട് എെൻറ കൈകളെ ചേർത്തുപിടിച്ചുകൊണ്ട് ഒരു കുഞ്ഞിനെപോലെ ബഷീർ മരിച്ചുപോയല്ലോ, ഇനിമേൽ ഞാനൊരാളെയും വായിക്കില്ല എന്നുപറഞ്ഞു.
സാധാരണ ഇരിക്കുന്ന സ്ഥലങ്ങളെല്ലാം കടന്ന് മരങ്ങൾ നിറഞ്ഞ വഴിയിലൂടെ നടക്കാൻ തുടങ്ങി. അണ്ണാച്ചിയുടെ പിന്നിലൂടെ ഞാൻ നടന്നുകൊണ്ടിരുന്നു. ആരുടെയോമേൽ കോപമുള്ളവനെപ്പോലെ താഴെ കിടന്നിരുന്ന കല്ലുകൾ എടുത്തെറിഞ്ഞു. അണ്ണാച്ചിയെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയില്ല. അേദ്ദഹത്തിെൻറ ദുഃഖം ശമിച്ചതേയില്ല, കൂടുകയാണുണ്ടായത്.
മൂന്നുമണിക്കൂറിനുശേഷം നാമിപ്പോൾതന്നെ പോയി അദ്ദേഹത്തിെൻറ അവസാന യാത്രയിൽ പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ കോഴിക്കോട്ട് വന്നിറങ്ങിയപ്പോൾ ബഷീറിെൻറ മരണത്തിലുള്ള ദുഃഖം ദൃശ്യമായിരുന്നു. മണി അണ്ണാച്ചി അവിടെ വന്നപ്പോഴും മദ്യപിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിെൻറ ഉള്ളിൽ വേദന ശമിക്കാൻ തയാറാവാതെ കുതിച്ചുയരുകയാണ്. എന്നാൽ കരയാനും കഴിയുന്നില്ല. ''ബഷീറിനെ കാണണ്ട, പുറപ്പെടാം'' എന്ന് പിന്നീടു മലയാള പേപ്പർ വാങ്ങി അതിലുണ്ടായിരുന്ന ബഷീറിെൻറ ചിത്രത്തിൽ ഉമ്മെവച്ചുകൊണ്ടുതന്നെ ''പോകാം'' എന്നു അണ്ണാച്ചി പറഞ്ഞു.
ബസിൽ ഒറ്റക്ക് ഒരു സീറ്റിൽ ഇരുന്നു. ബസിനുള്ളിലെ ഇരുളിനുള്ളിൽ അണ്ണാച്ചി കരയുന്ന ശബ്ദംകേട്ടു. ആ ശബ്ദം കേട്ടപ്പോഴാണ് ബഷീർ മരിച്ചുപോയ ദുഃഖം എെൻറയുള്ളിൽ വിഷമായി ശിരസ്സിൽ കയറാൻ തുടങ്ങിയത്. ബസിൽനിന്നിറങ്ങുന്നതുവരെ തമ്മിൽ മുഖത്തുനോക്കിയതുപോലുമില്ല. മണി അണ്ണാച്ചിയുടെ വീടിനരികിൽവരെ പോയശേഷം മറ്റൊരു ബസ് പിടിച്ച് ഞാൻ യാത്രയായപ്പോൾ എെൻറ തൊണ്ട വേദനിച്ചു.
ഒരാഴ്ചയോളം വീട്ടിനുള്ളിൽതന്നെ ഇരുന്നു. അതിനുശേഷം ചില മാസങ്ങൾ മണി അണ്ണാച്ചിയെ കണ്ടതേ ഇല്ല. വീണ്ടും മധുര ടൗൺഹാൾ റോഡിൽ കണ്ടപ്പോൾ സമീപത്തുള്ള ഒരു േലാഡ്ജിൽ താമസിക്കുന്നതായി പറഞ്ഞുകൊണ്ട് റൂമിലേക്ക് എന്നെയും ഒപ്പം കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിെൻറ കട്ടിലിൽ 'ബാല്യകാലസഖി'യും 'പൂവൻപഴം' കഥയുടെ ഇംഗ്ലീഷ് പുസ്തകങ്ങളും ഉണ്ടായിരുന്നു. അണ്ണാച്ചി എെൻറ കരങ്ങളെ പിടിച്ചുകൊണ്ട് പറഞ്ഞു: ''ബഷീറിനെപ്പോലെ ഒരേയൊരു കഥ എഴുതിയാൽ മാത്രം മതി, മനസ്സിലായോ?''
ഞാൻ തലയാട്ടുക മാത്രം ചെയ്തു. അതിനുശേഷം പലവർഷങ്ങൾ കഴിഞ്ഞ് അപ്രതീക്ഷിതമായി ഒരു ബസിൽ അണ്ണാച്ചിയെ കണ്ടപ്പോൾ താനിപ്പോൾ ഒന്നുംതന്നെ വായിക്കുന്നതേ ഇല്ല എന്നു പറഞ്ഞുകൊണ്ട് മുഖംനോക്കി സംസാരിക്കാൻപോലും ഇഷ്ടപ്പെടാത്തതുപോലെ അണ്ണാച്ചി കടന്നുപോയി. അതിനുശേഷം അണ്ണാച്ചിയുടെ മരണവാർത്തയാണ് അറിയാൻ കഴിഞ്ഞത്.
ആദ്യമായി ഞാൻ ബഷീറിനെ സന്ദർശിച്ചു യാത്രപറയുേമ്പാൾ അവിചാരിതമായി ഞാൻ എഴുതുന്ന ആളാണോ എന്ന് അന്വേഷിച്ചിരുന്നു. ഒന്നു രണ്ടു കഥകൾ പ്രസിദ്ധീകരിച്ചിരുന്നിട്ടും എങ്ങനെ പറയുമെന്ന ലജ്ജയിൽ ''ഇല്ല, വെറുമൊരു വായനക്കാരൻ'' എന്നു പറഞ്ഞു.
നിങ്ങളെക്കൊണ്ട് എഴുതാനാവും എന്ന് ബഷീർ പറഞ്ഞുകൊണ്ട് ചിരിച്ചു. അടുത്തകാലത്ത് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ഇന്ത്യ ചെറുകഥ സമാഹാരത്തിൽ ബഷീറിെൻറ കഥയോെടാപ്പം എെൻറ ഒരു കഥയും സ്ഥാനംപിടിച്ചിരുന്നു. അതു കണ്ടപ്പോൾ തന്നെ മണി അണ്ണാച്ചിയുടെ ഓർമ നനവുണ്ടാക്കി, ഒഴുകാൻ തുടങ്ങി. അതുപോലെ തന്നെ ഒരു ആശാെൻറ മുന്നിൽ തെൻറ വിദ്യകളൊക്കെ കാണിച്ച ശേഷം വിനയത്തോടെ നിൽക്കുന്ന വിദ്യാർഥിയെപ്പോലെയുള്ള മനസ്സിെൻറ അടുപ്പവുമുണ്ടായി.
ബഷീറിെൻറ വീട്ടിൽനിന്നും യാത്ര തിരിച്ചപ്പോൾ അവിടെ വീണുകിടന്ന മങ്കുസ്താൻ മരത്തിെൻറ ഇലയൊന്ന് രഹസ്യമായി എടുത്ത് സഞ്ചിയിൽ നിക്ഷേപിച്ചു. മരത്തിൽനിന്ന് അതിെൻറ ഇല, പൂവ്, കായ എന്ന് എന്തുവേണമെങ്കിലും കൊണ്ടുപോകാം; പക്ഷേ, ആ മരനിഴലിനെ മരത്തിൽനിന്ന് വേർതിരിച്ചെടുത്ത് കൊണ്ടുപോകാനാവില്ല എന്ന് ആ നിമിഷംതന്നെ ബോധ്യമായി. ബഷീറും അങ്ങനെയൊരു മഹാമനുഷ്യനായിരുന്നുവല്ലോ.
മൊഴിമാറ്റം: പൊൻമന വത്സകുമാർ