ഫിക് ഷനിലൂടെ ചരിത്രം പുനർജനിക്കുന്നു
വിഖ്യാത തുർക്കി എഴുത്തുകാരൻ ഒാർഹൻ പാമുകിന്റെ ഏറ്റവും പുതിയ 'Nights of Plague' (പ്ലേഗിന്റെ രാത്രികൾ) എന്ന നോവലിലൂടെ ഒരു യാത്ര.
ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരുടെ ആരാധനാപാത്രമായി മാറിയ, 2006ലെ സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം നേടിയ തുർക്കി എഴുത്തുകാരൻ ഒാർഹൻ പാമുക് തന്റെ 'പ്ലേഗിന്റെ രാത്രികളിലൂടെ' (Nights of Plague) ഏറ്റവും പുതിയ ബൃഹദ് നോവലുമായി ലോകസാഹിത്യത്തിൽ നിറഞ്ഞുനിൽക്കുന്ന സമയമാണിത്. എഴുനൂറോളം പേജുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ നോവൽ ശരിക്കും ചരിത്രത്തിന്റെ ഫിക്ഷനൽ രൂപമാണ്....
Your Subscription Supports Independent Journalism
View Plansലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരുടെ ആരാധനാപാത്രമായി മാറിയ, 2006ലെ സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം നേടിയ തുർക്കി എഴുത്തുകാരൻ ഒാർഹൻ പാമുക് തന്റെ 'പ്ലേഗിന്റെ രാത്രികളിലൂടെ' (Nights of Plague) ഏറ്റവും പുതിയ ബൃഹദ് നോവലുമായി ലോകസാഹിത്യത്തിൽ നിറഞ്ഞുനിൽക്കുന്ന സമയമാണിത്. എഴുനൂറോളം പേജുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ നോവൽ ശരിക്കും ചരിത്രത്തിന്റെ ഫിക്ഷനൽ രൂപമാണ്. 2003ൽ പ്രസിദ്ധീകരിച്ച 'എന്റെ പേര് ചുവപ്പ്' (My Name is Red) മുതൽ അദ്ദേഹം പരിഭാഷകളിലൂടെ ആസ്വാദകമനസ്സുകളിൽ നിറഞ്ഞുനിൽക്കുണ്ട്. ഇതൊരു ചരിത്ര നോവലായി കാണുമ്പോഴും ഫിക്ഷന്റെ രൂപത്തിൽ രചിക്കപ്പെട്ട ചരിത്രം എന്ന ഏറ്റവും പുതിയ നോവൽ സങ്കൽപത്തിന്റെ പ്രതീകമായി രൂപാന്തരപ്പെടുന്നു. ഇത് പാമുകിന്റെ പതിനൊന്നാമത്തെ നോവലാണ്.
നോവലിൽ പാമുക് കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രത്തിലെ മിംഗെരിയ (Mingheria) എന്ന ഒരു സാങ്കൽപിക ദ്വീപിനെ കൊണ്ടുവരുന്നു. ക്രീറ്റിനും സൈപ്രസിനുമിടയിലായി വിഭാവനം ചെയ്തിരിക്കുന്ന ഈ സാങ്കൽപിക ഭൂമികയിൽ എൺപതിനായിരം ജനങ്ങൾ താമസിക്കുന്നു. ഇവരിൽ മുസ്ലിംകളും ഗ്രീക് ഓർത്തഡോക്സ് ക്രിസ്തീയ മതവിശ്വാസികളുമാണ് ഭൂരിപക്ഷം.
ഗബ്രിേയൽ ഗാർസിയ മാർകേസിന്റെ 'ഏകാന്തതയുടെ നൂറു വർഷങ്ങളി'ലെ മക്കൊേണ്ടായും വില്യം ഫോക്നറിന്റെ യോക്നാ പാടൗഫയും (Yoknapatawpha) മിംഗെരിയക്ക് സമാനമായി ലോകസാഹിത്യത്തിൽ മുമ്പുതന്നെയുണ്ട്. മിംഗെരിയയുടെ തലസ്ഥാനം അർക്കാസ് (Arkoz) പട്ടണമാണ്.
1901ന്റെ അന്തരീക്ഷത്തിലാണ് പാമുക് ഈ വലിയ നോവൽ സ്ഥാപിച്ചിരിക്കുന്നത്. മിംഗെരിയ തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഓട്ടോമൻ സാമ്രാജ്യത്തിലെ ഒരു പ്രൊവിൻസാണ്. അന്നത്തെ പടിഞ്ഞാറൻ മേധാശക്തികൾക്ക് ഇൗ രാജ്യത്തിന് യൂറോപ്പിലെ ഒരു രോഗബാധിതന്റെ രൂപമാണുണ്ടായിരുന്നത്.
മിംഗെരിയയിൽ വളരെ പെട്ടെന്നാണ് പ്ലേഗ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നത്. അതോടൊപ്പംതന്നെ അവസാനത്തെ ഓട്ടോമൻ ചക്രവർത്തിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ ഭരണത്തിൽനിന്ന് മോചനം നേടാനുള്ള പോരാട്ടങ്ങളും തുടങ്ങിയിരുന്നു.
നോവലിലെ ആഖ്യാതാവിന്റെ കാര്യത്തിലാണ് പാമുക് പുതുമയുടെ സ്പർശം ശരിക്കും അനുഭവപ്പെടുത്തുന്നത്. ആൽേബർ കമ്യുവിന്റെ വിഖ്യാതമായ 'പ്ലേഗ്' എന്ന നോവലിൽ രാഷ്ട്രീയമായ അവതരണത്തിന്റെ കരുത്തോടെയാണ് നോവൽ രചിച്ചിരിക്കുന്നത്. ഒന്നുകൂടി സമഗ്രമായ ശക്തിയുള്ള ആഖ്യാനവുമായി കമ്യു അന്നുതന്നെ അത്ഭുതങ്ങൾ സൃഷ്ടിച്ചിരുന്നു. മിംഗെരിയയിലേക്ക് വരുമ്പോൾ ഒരുവർഷം നീണ്ടുനിന്ന മാരകമായ ഒരു സാന്നിധ്യമായിട്ടാണ് പ്ലേഗിനെ പാമുക് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓരോ ദിവസവും കുമിഞ്ഞുകൂടിക്കൊണ്ടിരുന്ന രോഗബാധിതരുടെ മൃതശരീരങ്ങൾ അധികാരികൾ ഏർപ്പെടുത്തിയ രോഗനിർമാർജന പ്രയത്നങ്ങളെയും മറികടന്ന് കുന്നുകൂടിക്കൊണ്ടിരുന്നു. ഒടുവിൽ ദ്വീപിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ അവസാനം വിജയം കണ്ടെത്തുന്നു. നീണ്ടകാലത്തെ യാതനകളുടെയും പോരാട്ടങ്ങളുടെയും തീവ്രതക്കു മുന്നിൽ തകർന്നുകൊണ്ടിരിക്കുന്ന ഒരു സാമ്രാജ്യത്തിന് പിടിച്ചുനിൽക്കാനാവാതെയും വന്നു. നോവലിന്റെ അവസാനം ഉയർന്നുകേൾക്കുന്ന വാക്കുകളിലും കാലത്തിന്റെ മാറ്റൊലിയുണ്ട്. ''മിംഗെരിയ നീണാൾ വാഴട്ടെ! മിംഗെരിയക്കാർ നീണാൾ വാഴട്ടെ! സ്വാതന്ത്ര്യം നീണാൾ വാഴട്ടെ!''
നോവലിന്റെ ഹൃദയഭാഗത്തേക്ക് വരുമ്പോൾ പക്കീസെ രാജകുമാരിയുടെയും അവരുടെ സാംക്രമിക രോഗനിർമാർജന വിദഗ്ധനായ ഡോക്ടർ നൂരിബെയുടെയും കഥാപാത്രങ്ങൾക്ക് മിഴിവുണ്ട്. മുൻ സുൽത്താനായ മുറാദ് അഞ്ചാമന്റെ മൂന്നാമത്തെ പുത്രിയാണ് പക്കീസെ രാജകുമാരി. മുറാദ് അഞ്ചാമനെ അപ്പോഴത്തെ അധികാരിയായി മാറിയ അബ്ദുൽ ഹമീദാണ് അധികാരത്തിൽനിന്നും സ്ഥാനഭ്രഷ്ടനാക്കിയത്. മുറാദിന്റെ സഹോദരനായിരുന്ന ഈ പുതിയ മേധാവി വർഷങ്ങളായി മുറാദിനെ അദ്ദേഹത്തിന്റെ കുട്ടികൾക്കൊപ്പം കൊട്ടാരത്തിലെ തടവിൽ പാർപ്പിച്ചിരിക്കുകയുമായിരുന്നു. പക്കീസെയുടെ ഏകാധിപതിയായ മാതുലനാണ് ഡോക്ടർ നൂരിയുമായുള്ള അവളുടെ വിവാഹം നടത്തിയത്.
മിംഗെരിയയിൽ പ്ലേഗ് മഹാമാരി പൊട്ടിപ്പുറപ്പെട്ടയുടനെതന്നെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ പൊതു ആരോഗ്യ ചീഫ് ഇൻസ്പെക്ടറായ ബോൺകോ വസ്കിയെ സുൽത്താൻ അവിടേക്ക് അയക്കുന്നു. അയാൾ അവിടെവെച്ച് ദുരൂഹമായ സാഹചര്യത്തിൽ കൊലചെയ്യപ്പെടുന്നു. അർത്താസ പട്ടണത്തിലെ മുസ്ലിം നിവാസികളുടെ ഇടത്തിൽവെച്ചാണീ കൊലപാതകം നടന്നത്. ഒട്ടും വൈകാതെ അബ്ദുൽ ഹമീദ്, പക്കീസെ രാജകുമാരിയെയും നൂരിയെയും ഇതിനെ കുറിച്ചന്വേഷിക്കാനും പരിഹാര മാർഗങ്ങൾക്കുമായി അവിടേക്ക് നിയോഗിച്ചു. പ്ലേഗ് അവിടെ വലിയ വെല്ലുവിളിയായി നിലനിൽക്കുകയായിരുന്നു. ഇവരുടെ ദൗത്യങ്ങൾക്ക് കൂടുതൽ സങ്കീർണമായ സാഹചര്യങ്ങൾ സൃഷ്ടിച്ചത് മതപരമായ എതിർത്തുനിൽപും അധികാരി വർഗങ്ങൾക്കിടയിലെ അതിതീവ്രമായ ചേരിപ്പോരുകളുമായിരുന്നു.
ആൽേബർ കമ്യുവിന്റെ നോവലിൽ ഡോ. ബർനാർഡ് റിയൂക്സ് അവസാന പേജുവരെ കാത്തിരിക്കുന്നതിനുശേഷമാണ് ആരാണ് നോവലിന്റെ ആഖ്യാതാവെന്ന് വെളിപ്പെടുത്തുന്നത്. പക്ഷേ, ഇവിടെ പാമുക് നോവലിന്റെ ഭൂരിഭാഗത്തും അതിന് തയാറാകുന്നില്ല. ആഖ്യാനത്തിലെ കലാവീക്ഷണത്തിന്റെ ശക്തിക്കുള്ളിലാണദ്ദേഹം ഇത് സൂക്ഷിക്കുന്നത്. സ്വതന്ത്രമായിത്തീർന്ന മിംഗെരിയയുടെ സൃഷ്ടിപരമായ സ്രോതസ്സുകൾക്കുള്ളിൽ ആഖ്യാതാവ് പക്കീസെ രാജകുമാരി അവരുടെ മൂത്ത സഹോദരിയായ ഹാറ്റിസെക്കെഴുതിയ 113 കത്തുകളിൽനിന്നാണ് ഇതിനുവേണ്ട കാര്യങ്ങൾ അവർ വേർതിരിച്ചെടുക്കുന്നത്. ഇതിനോടൊപ്പം പലരാജ്യങ്ങളിലെയും ആർക്കൈവ്സിൽ മറഞ്ഞുകിടന്നിരുന്ന വസ്തുതകളെയും അവർ തേടിപ്പിടിക്കുന്നുണ്ട്.
നോവലിലെ മുറാദ് അഞ്ചാമനും അബ്ദുൽ ഹമീദ് രണ്ടാമനും ശരിക്കുള്ള ചരിത്രവ്യക്തിത്വങ്ങളാണ്. പക്ഷേ, പക്കീസെ രാജകുമാരിയുടെ കഥാപാത്രം ശരിക്കും ഭാവനാസൃഷ്ടിയാണ്. ഇവരാരുംതന്നെ മിംഗെരിയൻ നിവാസികളുമായിരുന്നില്ല. ഇതുകൂടാതെ പ്രത്യേകമായിട്ടുള്ള ഒരു സാങ്കൽപിക കഥാപാത്രത്തെക്കുറിച്ചുള്ള ആഖ്യാനത്തിൽ (Metafiction) അതിന്റേതായ ഒരു സ്പർശം പാമുക് പകർന്നുകൊടുക്കുന്നുമുണ്ട്. ഇവയൊക്കെ ചേരുമ്പോൾ ഇതൊരു ചരിത്രനോവലും നോവലിന്റെ രൂപത്തിൽ വരുന്ന ചരിത്രവുമായി മാറുന്നതിന്റെ അത്ഭുത കാഴ്ചകളുമുണ്ട്. സാങ്കൽപികമായ ഈ ദ്വീപിന്റെ സന്താനമായിവരുന്ന കുട്ടി നോവലിസ്റ്റിനെയും ചരിത്രകാരനായ ഓർഹൻ പാമുകിനെയും ഒപ്പം കൂട്ടിയതായി കാണാം.
ഒരു നൂറ്റാണ്ടിനുശേഷം (1901ൽ സംഭവിച്ച നിർണായകമായ കാര്യങ്ങൾ കഴിഞ്ഞ്) ആഖ്യാതാവായി വരുന്ന വ്യക്തി മിംഗെരിയൻ ദേശീയവാദികളുടെ ജന്മസ്ഥലങ്ങൾ സന്ദർശിക്കാൻ പോകുന്നതിൽ ആഹ്ലാദം കണ്ടെത്തുന്നു. അവയെല്ലാംതന്നെ അപ്പോഴേക്കും മ്യൂസിയങ്ങളായി രൂപാന്തരപ്പെട്ടുകഴിഞ്ഞിരുന്നു. അവർ നിരീക്ഷിക്കുന്ന ചില വാക്കുകൾ പാമുക് നോവലിൽ കൊണ്ടുവന്നിട്ടുണ്ട്. ''ഇത്തരം മ്യൂസിയങ്ങളോട് എനിക്ക് തോന്നുന്ന ഇഷ്ടങ്ങൾക്ക് ശരിക്കും പാമുകിനോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. അദ്ദേഹവുമായിത് പങ്കുവെക്കുന്നതിലാണ് ഞാൻ സന്തോഷിക്കുന്നത്.''
'പ്ലേഗിന്റെ രാത്രികൾ' എന്നത് നോവലിൽ ആകെ എഴുത്തുകാരന്റെ സങ്കൽപങ്ങളുടെ ചരിത്രമാണ്. അത് മിംഗെരിയയുടെ ചരിത്രമായി സമന്വയിച്ചിരിക്കുന്നു. അവയുമായി ചേർന്നുപോകാൻ ഒരുപക്ഷേ ഒരു ക്യൂറേറ്റർക്കും കഴിഞ്ഞെന്നും വരില്ല. മിംഗെരിയൻ ഭൂമികയുടെ ചിന്തകൾക്കൊപ്പം അവിടത്തെ ഭക്ഷണരീതികൾ, മരുന്നുശാലകൾ, വസ്ത്രധാരണരീതികൾ, മിംഗെരിയൻ ഭാഷയുടെ സൗന്ദര്യവും എല്ലാം ഭംഗിയായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാമൂഹികമായ ഇടപെടലുകളുടെ വലിയ അനുഭവക്കാഴ്ചകളും നോവലിന്റെ പ്രത്യേകതയാണ്.
നോവലിന്റെ അവസാനഭാഗത്ത് വയസ്സായ പക്കീസെ രാജകുമാരിയുടെ രൂപത്തെയാണ് നാം കാണുന്നത്. കൊട്ടാരത്തിൽ അവരുടേതായ ഏകാന്തതയിൽ അവർ കഴിയുന്നതിന്റെ ദുഃഖപൂർണമായ ചിത്രവും നമുക്കു മുന്നിലുണ്ട്. അവരുടെതന്നെ സുരക്ഷക്കാണവർ അപ്പോൾ കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്. നിർണായകമായ ഒറ്റപ്പെട്ട ഒരു കാലത്തിന്റെ ഭാരം അവർ അനുഭവിക്കുകയായിരുന്നു. ഒറ്റപ്പെടലിന്റെ ഏകാന്തതയുടെ ഭാരമായിട്ടാണ് ഇതിനെ അവർ ഏറ്റെടുത്തത്. മറ്റുള്ളവരെ അവർക്ക് കൂടുതൽ ആശ്രയിക്കേണ്ടതായി വരുന്നു. പ്രത്യേകിച്ചും ഭർത്താവായ നൂരിയുടെ സഹായം അവൾക്ക് ഏറ്റവും ആവശ്യമായി വന്നു. പ്ലേഗും രാഷ്ട്രീയപരമായ ആക്രമണങ്ങളും ഒക്കെച്ചേർന്ന് ദ്വീപിനെയാകെ തകർത്തുകഴിഞ്ഞിരുന്നു.
ആഖ്യാതാവായി വരുന്ന മീന മൂന്നു തലമുറയുടെ കഥയാണിതിലൂടെ പറയാൻ ശ്രമിക്കുന്നത്. അവരുടെ ആഖ്യാനത്തിന്റെ ശബ്ദം ഒട്ടും കാവ്യാത്മകമായ ഒന്നായിരുന്നില്ല. ഇത് ശരിക്കും കാണുന്നത് നോവലിൽ 'നിരവധി വർഷങ്ങൾക്കുശേഷം' എന്ന അവസാന ഭാഗത്താണ്. ഒരു എപ്പിലോഗ് പോലെയാണ് പാമുക് ഈ ഭാഗം എഴുതിച്ചേർത്തിരിക്കുന്നത്. അതിനുള്ളിൽ വായനക്കാരെ ശരിക്കുള്ള ചരിത്രപരമായ വികാസങ്ങൾക്കുള്ളിലേക്ക് കൊണ്ടുവന്നിരിക്കുന്നു. അതിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയുടെ മുഖമുണ്ട്. അതിനുശേഷം വികസിതമായ ആധുനിക തുർക്കിയുടെ മുഖമുണ്ട്. ആകെ സംഭവബഹുലമായ കാലഘട്ടത്തിന്റെ പരുക്കൻ മുഖങ്ങൾ പാമുക് നമുക്കുമുന്നിൽ അവതരിപ്പിക്കുന്നു.
തുടർച്ചയായി കത്തുകൾ എഴുതിക്കൊണ്ടിരുന്ന പക്കീസെ രാജകുമാരി ഹാറ്റിസിനുള്ള കത്തെഴുത്ത് അവസാനിപ്പിക്കുന്നതിന്റെ കാരണവും അറിയാതെ പോകുന്നു. അവളിലുള്ള വിശ്വാസം ഇല്ലാതായതുകൊണ്ടാണെന്നുള്ള കാരണവും സ്വാഭാവികമായും പുറത്തുവന്നിരുന്നു. ഒരുപക്ഷേ, കുറച്ചെണ്ണം ഹാറ്റിസിലെത്താതെ നഷ്ടപ്പെട്ടുപോയിരിക്കാം.
ഈ നോവലിന്റെ രചനയിലെ കലാപരമായ പാടവത്തിന്റെ വികാസം അത് ഒരു വ്യക്തിയുടെ കഥമാത്രമാകുന്നില്ല എന്നതിലാണ്. മറ്റുള്ളവരുടെ വൈകാരികമായ അനുഭവതലങ്ങളിലേക്കത് കടന്നുചെല്ലുന്നതും ഒരു പ്രത്യേക രൂപത്തിലായതുകൊണ്ടാണ്. മറ്റുള്ളവരുടെ കഥകൾ നമ്മുടെ കഥയായി രൂപാന്തരപ്പെടുന്നു എന്നുള്ളതും പ്രാധാന്യമർഹിക്കുന്നു. നിരവധി കോണുകളിൽനിന്നുള്ള ഒരാഖ്യാന രീതിയാണിതിനെ വേറിട്ട് ശ്രദ്ധേയമാക്കുന്നത്. മിംഗെരിയ എന്ന ദ്വീപിന്റെ ചരിത്രമെന്നതിനപ്പുറം ഇതിന് സാർവലൗലികമായ ഒരു മാനവും പാമുക് പങ്കുവെച്ചുകൊടുക്കുന്നു.
'പ്ലേഗ്' ആദ്യമായിട്ടല്ല പാമുകിന്റെ രചനകളിലേക്ക് കടന്നുവരുന്നത്. 'വൈറ്റ്കാസിൽ' എന്ന നോവലിൽ പ്ലേഗിന്റെ സാന്നിധ്യം മുമ്പുതന്നെ തിരിച്ചറിഞ്ഞതാണ്. ഒരു മികച്ച കഥപറച്ചിലുകാരനായ പാമുകിന് പ്ലേഗിന്റെ രാത്രികളിലൂടെ കുറച്ചുകൂടി വിശാലമായ കാൻവാസിൽ സാങ്കൽപിക സൃഷ്ടിയായ മിംഗെരിയ ദ്വീപിന്റെ പശ്ചാത്തലത്തിൽ വികസിപ്പിച്ചെടുക്കാനും കഴിഞ്ഞു. നൈറ്റ്സ് ഓഫ് ദി പ്ലേഗ് ഒരു മഹാമാരിയുടേത് മാത്രമായി ഒതുങ്ങിപ്പോകുന്നില്ലെന്നത് ചരിത്രപരമായ അന്വേഷണങ്ങൾക്കൊപ്പം ജീവിക്കുന്ന ഒരെഴുത്തുകാരന്റെ സർഗാത്മകമായ വിഭാവനങ്ങളുടെ വിജയമായും തിരിച്ചറിയണം.
മറ്റൊരു തുർക്കി എഴുത്തുകാരനായ മുസ്തഫ കമാൽ അത്താതുർക്കിന്റെ വഴികളിലൂടെ മാത്രം സഞ്ചരിക്കാൻ പാമുക് ആഗ്രഹിക്കാത്തതിന്റെ മറ്റൊരു പ്രതീകമായി നോവൽ നിലകൊള്ളുന്നു. മഞ്ഞ് (Snow) എന്ന നോവലിനുശേഷം പാമുക് രാഷ്ട്രീയപരമായി കൂടുതൽ ചിന്തിക്കുന്നതും ഈ നോവലിലാണ്. അബ്ദുൽ ഹമീദ് രണ്ടാമൻ ഒരു ചെറിയ കഥാപാത്രമാണെങ്കിൽകൂടി അയാൾ അരങ്ങിലെത്തുന്നയിടങ്ങളെല്ലാംതന്നെ പ്രാധാന്യമർഹിക്കുന്നവയാണ്.
ചരിത്രത്തെ ഒപ്പം ചേർത്ത് ഫിക്ഷനെ പുതിയ ചില സങ്കേതങ്ങളിലൂടെ ഒരു വലിയ നോവലായി മെനഞ്ഞെടുക്കുന്നത് അത്ര ലാഘവമുള്ള ശ്രമവുമാകുന്നില്ല. പാമുകിന്റെ ഈ നോവൽ വായിക്കാനുള്ള സാഹചര്യം മികച്ച രീതിയിൽ പ്രസാധകർ ലോകമെമ്പാടും തയാറാക്കിയിട്ടുണ്ട്. അമിതമായ വിലയും കൊടുക്കേണ്ടതായി വരുന്നില്ല. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന മികച്ച എഴുത്തുകാരിൽ ഒരാളാണ് താനെന്ന് പാമുക് വീണ്ടും വീണ്ടും നമ്മെ ബോധ്യപ്പെടുത്തുന്നു.