വിക്ക് -ശിഹാബുദ്ദീൻ പൊയ്ത്തുംകടവിെൻറ കഥ വായിക്കാം
മാധ്യമം വാർഷികപ്പതിപ്പ് 2019 പ്രസിദ്ധീകരിച്ചത്
ഷംസുക്ക മുഖ്യസംഘാടകരിലൊരാളായി കൊണ്ടുനടക്കുന്ന ഖത്തറിലെ പ്രധാന മലയാളി സംഘടനകളിലൊന്നാണ് പ്രവാസി. കേരളത്തിലെ പ്രധാനപ്പെട്ട പ്രതിഭകൾക്ക് വർഷംതോറും ബഷീർ പുരസ്കാരം നൽകുകയും വൈക്കം മുഹമ്മദ് പ്രഭാഷണം സംഘടിപ്പിക്കുകയും ചെയ്യും. അധ്യക്ഷപദവി, ആശംസ, ഉദ്ഘാടനം ഇത്യാദി ചടങ്ങുകളൊന്നുമില്ലാതെ സ്വാഗതപ്രസംഗാനന്തരം നേരെ പ്രഭാഷണത്തിലേക്ക് കടക്കുന്ന അനൗപചാരിക ശൈലിയാണ് അവരുടേത്. ആ വർഷത്തെ ബഷീർ പ്രഭാഷണത്തിന് എന്നെയാണ് ക്ഷണിച്ചത്. ഖത്തറിൽനിന്ന് ഷംസുക്ക വിളിച്ചപ്പോൾ എന്തുകൊണ്ടോ ഒരു നടുക്കമാണ് എനിക്കുണ്ടായത്. കാരണം, വളരെ പ്രമുഖരെ നാട്ടിൽനിന്ന് കൊണ്ടുവന്ന് സംസാരിപ്പിക്കുന്ന ചടങ്ങാണതെന്ന് ഞാൻ കേട്ടിട്ടുണ്ട്. നല്ല ആഴക്കാഴ്ചയുള്ള സംഘാടകരും സദസ്സുമാണ്. വെറുതെ എന്തെങ്കിലും പറഞ്ഞ് തിരിച്ചുവരുന്ന ചടങ്ങല്ല. അങ്ങനെയാണ് നാട്ടിൽനിന്ന് ഖത്തറിൽ ഞാനെത്തുന്നത്. രണ്ടു ദിവസമായി നല്ല പനിയുണ്ടായിരുന്നു. പാരസെറ്റമോൾ വാരി വിഴുങ്ങുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല.
ചടങ്ങിനെപ്പറ്റി വളരെ കാര്യമായി ഖത്തറിലെ മലയാള പത്രങ്ങളിൽ വാർത്ത വരാറുണ്ടെന്നും എനിക്കറിയാമായിരുന്നു.
കോർണിഷ് ഭാഗത്തെ മികച്ച ഒരു ഹോട്ടലിൽ താമസം. അതികാലത്ത് വിമാനമിറങ്ങി ഞാൻ ഹോട്ടലിലെത്തി. പനിയുടെയും യാത്രയുടെയും ക്ഷീണത്താൽ ഒന്നു കിടന്നെങ്കിലും ഉറക്കം കിട്ടിയതേയില്ല. പ്രഭാഷണത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെകുറിച്ചുള്ള ആലോചന എന്നെ വല്ലാതെ മഥിച്ചിരുന്നു. ബഷീറിെൻറ സ്മരണാർഥമുള്ള പ്രസംഗമാണ്. ചില്ലറ കളിയല്ല.
എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.
സ്വപ്നത്തിൽ ബഷീർ വന്നു ചോദിച്ചു:
''എപ്പോഴെത്തി?''
അദ്ദേഹത്തെ കണ്ടതും ഞാൻ ആദരവോടെ പിടെഞ്ഞണീക്കാൻ ശ്രമിച്ചു.
അദ്ദേഹം തടഞ്ഞു: ''വിശ്രമിക്കൂ.''
ബഷീർ എെൻറ ഉള്ള് അറിഞ്ഞതുപോലെ പറഞ്ഞു:
''പ്രസംഗം വേണ്ട. ഹൃദയത്തിലേക്ക് നോക്കി സംസാരിച്ചാൽ മതി. ഇര തേടിപ്പോകുന്ന മുക്കുവെൻറ കൈയിലെ വല കണ്ടിട്ടുണ്ടോ, അതാണ് പലപ്പോഴും പ്രസംഗം.''
അദ്ദേഹം കമ്പിളിയെടുത്ത് പുതപ്പിച്ച് ഉറങ്ങൂ എന്ന് സാവധാനം മന്ത്രിച്ചു. ഞാൻ നിദ്രയിലാണ്ടു.
തുടർച്ചയായ ഫോൺ ബെല്ല് കേട്ടാണ് പിന്നെ ഞാനുണർന്നത്.
കിടക്കയിൽനിന്ന് ഏന്തിപ്പിടിച്ച് ഫോണെടുത്തപ്പോൾ മറുതലക്കൽ ചോദ്യം:
''ബാഹിസാ?''
''അതെ. ആരാണ്?''
''ബാഹിസ് തന്നെയാ?''
''അതെ. പറയൂ.''
''നീയെന്തെ വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ ശബ്ദത്തിൽ, ഇത്ര ബാസിൽ വർത്തമാനം പറേന്ന്?''
എനിക്ക് ആ നർമം ഇഷ്ടപ്പെട്ടു. ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു:
''ഉറക്കത്തിലായിരുന്നു. ഇന്നലെ രാത്രി ഉറങ്ങിയിരുന്നില്ല.''
''എന്നെ മനസ്സിലായാ?''
''ഇല്ല.''
''ഇനിക്ക് എന്ന തിരീല. നീയൊക്കെ വല്യ ആളായിപ്പോയല്ലോ?''
''ആരാണെന്നു പറയൂ.''
''നീയെന്തിനാപ്പാ ഇത്തറ അച്ചടീല് വർത്താനം പറീന്ന്?''
എനിക്ക് ചിരി പോയി ദേഷ്യം വന്നുതുടങ്ങിയിരുന്നു.
''എവിടെനിന്നാ വിളിക്കുന്നത്?''
''ഇൗട കത്തറീന്ന് തന്നെയാപ്പാ.''
ഞാൻ ചോദിച്ചു:
''ആരിഫാണോ?''
ഇനിക്ക് നമ്മളെല്ലോ ഒാർമ്മേണ്ടോ?
''എടാ, നീ ഇത് എവിടെ? വരുന്നതെങ്ങനറിഞ്ഞു?''
''നമ്മളും പത്രം ബായിക്കല്ണ്ടപ്പാ. ഇങ്ങളെല്ലാം ബല്യ സായിത്യകാരനും സുജായിയുമൊക്കെ ആയിപ്പോയില്ലേ?''
''എടാ, ആരിഫേ, ഞാൻ താമസിക്കുന്ന ഹോട്ടൽ കോർണീഷിനടുത്താണ്. മാരിയോട്ട് ഹോട്ടൽ. ഫ്രീയാണെങ്കിൽ വാ. ഉച്ച കഴിഞ്ഞാൽ തിരക്കാവും.''
''നീ ആട്ന്ന് ഒര് ടാക്സിയെട്ത്ത് ഇങ്ങ് വാ. ഇൗട നല്ല നെയ്ച്ചോറും കോയിക്കറീം മീൻ പൊരിച്ചേം ഇണ്ട്.''
''എനിക്ക് ഇവിടെ വലിയ പരിചയമില്ല. സംഘാടകർ വൈകീേട്ട വരൂ. ഖത്തർ കറൻസിയൊന്നും കൈയിലില്ല. നിന്നെ കണ്ടിട്ട് എത്രയോ വർഷമായല്ലോടാ.''
''നിെൻറ സോപ്പ് വിട്, ഇൗട ശമാലില് വാ. ആട്ന്ന് കേറിയാ മതി. പൈശ ഞാൻ കൊടുത്തോളാ.''
''ഇവിടെനിന്ന് എത്ര ദൂരമുണ്ട്?''
''ഞാൻ നിക്ക്ന്നടത്ത്ന്ന് ആട്ത്തേക്ക് നൂറ്റിപ്പത്ത് കിലോമീറ്ററേ ഉള്ളൂ. ഒര് മണിക്കൂറ് മതി.''
''അയ്യോ, അത് അസൗകര്യമാവും ആരിഫേ.
''നീ കാറില് കേറീറ്റ് ഞാൻ പേറന്ന നമ്പർല് ഡ്രൈവറെക്കൊണ്ട് ഒന്ന് ബിളിപ്പിച്ചാ മതിയപ്പാ. സ്ഥലൂം ദിക്കൊക്കെ ഞാമ്പറഞ്ഞൊട്ത്തോളാം.''
''ആരിഫേ, എനിക്കിവിടെയുള്ള ഭാഷ അറിയില്ല. ഖത്തർ കറൻസി കൈയിലില്ല. സ്ഥലവും വശമില്ല...നീ ഡ്യൂട്ടിയിലായിരിക്കും, അല്ലേ?''
''എനക്ക് ഡ്യൂട്ടിയൊന്നും പ്രശ്നല്ല. ഡ്രൈവറ് ജോലിയാ, പൊറത്താ പണി.''
''കാറ്ണ്ടോ?''
''കാറെല്ലാം ഇണ്ട്. പക്ഷേങ്കില് നെയ്ച്ചോറും കോയീം അടുപ്പത്താ. ഇൗട സ്വന്തം കുക്കാണല്ലോ.''
''അയ്യോ, കഷ്ടായല്ലോ.''
നീരസത്തിെൻറ ചെറിയ ഇടവേളക്കു ശേഷം അവൻ ചോദിച്ചു: ''എപ്പളാ ഇെൻറ പ്രസങ്കം?''
''വൈകീട്ട് 6.30നാണ്.''
''എന്നാ ഞാനപ്പള് വരാ.''
''അയ്യോ, നീ നേരത്തേ വരണം. ഓഡിറ്റോറിയത്തിലെത്തിയാ പല ആളുകളുടെയും ബഹളമാകും. നമ്മുടേതായ സ്വകാര്യത കിട്ടില്ല. നാളെ ഞാൻ അൽഖോറിലേക്ക് പോയി നേരെ എയർപോർട്ടിലേക്കാവും. ഇപ്പോൾ വന്നാൽ ഇവിടെ സ്വസ്ഥമായി സംസാരിക്കാം. നമ്മൾ കണ്ടിട്ടും അനേക വർഷമായി. നിനക്ക് ഓർമയുണ്ടോ എത്ര വർഷമായീന്ന്?''
ആ ചോദ്യമൊന്നും കാര്യമാക്കാതെ അവൻ പറഞ്ഞു:
''ഉച്ചക്ക് ഭക്ഷണം കഴിച്ചാ എനക്കൊന്ന് ഒറങ്ങണം. വൈകീട്ട് വരാം. എനക്ക് നിെൻറ പ്രസങ്കം ഒന്ന് കേക്കണം.''
''ഓ, പ്രസംഗമൊന്നും കാര്യമാക്കണ്ട, ആരിഫേ. നാല് നാലരക്കെങ്കിലും ഇവിടെ വരൂ. ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ്, അങ്ങോട്ട് വരാൻ.''
''നിങ്ങളൊക്കെ വലിയ ആളുകളായിപ്പോയല്ലോ. ഞാമ്പരാം.''
ലാൻഡ്നമ്പറിൽ വന്ന ഫോൺ ആയതിനാൽ ഞാൻ ആരിഫിെൻറ മൊബൈൽ നമ്പർ പ്രത്യേകം ചോദിച്ചുവാങ്ങി.
ഓഡിറ്റോറിയത്തിെൻറ പേര് പറഞ്ഞു തീരും മുേമ്പ അവൻ ഫോൺ കട്ട് ചെയ്തുകളഞ്ഞു.
പിന്നീട് കിടന്നിട്ട് ഉറക്കം വന്നതേയില്ല. മുറിയിൽ എ.സിയുടെ തണുപ്പ് വല്ലാതെ കൂടിയിരിക്കുന്നു. പനി തലയെ പൊതിഞ്ഞുനിന്നിരുന്നു.
വീണ്ടും ഒന്നുറങ്ങാനുള്ള ശ്രമം പാഴായി. സമയമെത്രയായിട്ടുണ്ടാവും.
ആരിഫിെൻറ സംസാരത്തിൽ നിറയെ മുള്ളുകൾ. തോന്നിപ്പോയതാവും. സ്നേഹത്തിെൻറ മരത്തിൽ മുള്ളുകളുമുണ്ട്. നാട്ടിൽനിന്ന് വരുേമ്പാൾ ആരിഫിെൻറനമ്പർ സംഘടിപ്പിച്ച് ഒന്ന് വിളിക്കേണ്ടതായിരുന്നു. ഒരുപക്ഷേ, അതവനെ വേദനിപ്പിച്ചിട്ടുണ്ടാവും. വർഷങ്ങൾ അനവധിയായി കണ്ടിട്ടെങ്കിലും കൗമാര-യൗവനങ്ങളുടെ അതിർത്തിയിൽ നിറയെ ആരിഫായിരുന്നല്ലോ. ഞങ്ങൾ കുളിക്കാത്ത കുളങ്ങൾ നാട്ടിലുണ്ടായിരുന്നില്ല. വീട്ടുകാരെ വെട്ടിച്ച് ചിറക്കൽ ധനരാജ് ടാക്കീസിൽനിന്ന് ശനിയാഴ്ച സെക്കൻഡ്ഷോ പതിവ് ചടങ്ങായിരുന്നു. സിനിമ കഴിഞ്ഞ് വിജനമായ റോഡിലൂടെയുള്ള നടത്തം. പ്രണയം, കാമം ഇവകളെപ്പറ്റിയുള്ള അത്യുത്സാഹപൂർവമായ പതുക്കെയുള്ള സംശയം പങ്കുവെക്കൽ. സ്വപ്നസ്ഖലനത്തെക്കുറിച്ചും ലൈംഗികതയെയുംപറ്റി നിരവധി അറിവുകൾ ശേഖരിച്ച് പങ്കുവെച്ച കാലം. ചിരികളി വർത്തമാനം. ഓരോ പ്രഭാതവും പുലരുന്നത് ആരിഫിനെ കാണാനായിരുന്നു. കനത്ത ഏകാന്തതയിലെ ഏക ചങ്ങാതി.
ആയിടെ ഞാനെഴുതിയ കൊച്ചു കൊച്ചു കഥകൾ, കവിതകൾ. എവിടെയും പ്രസിദ്ധീകരിച്ചു വരാതെ മടങ്ങിയവ. പരിഹാരാർഥം നമ്മൾ തുടങ്ങിയ കൈയെഴുത്തു മാസിക.
പത്താംക്ലാസോടെ പഠനം നിർത്തി ജോലിക്ക് പോയ ഞങ്ങൾ. മില്ലുകളായ മില്ലുകളിലൊക്കെ, തങ്ങളെക്കാൾ വലിയ തടിമരം ചുമന്ന, തൊലിപൊട്ടി ചോര വന്നു കല്ലിച്ച തഴമ്പുകൾ.
ഞാനൊരു വായനശാലയിലെ ജീവിയെന്ന് പരിഹസിച്ച് അവനെഴുതിയ പാരഡി സ്വഭാവമുള്ള കവിത. അവെൻറ നാടുവിട്ടുപോയ പ്രണയിനി. ഇരുവരുടെയും കുടുംബഭാരങ്ങൾ, ഞായറാഴ്ച ഗ്രൗണ്ടിലെ ഫുട്ബാൾ കളികൾ, വളപട്ടണം പുഴയോരങ്ങളിലെ അലസ നടത്തങ്ങൾ.
ഒരിക്കൽ അവൻ എന്നോട് ചോദിച്ചു:
''നിനക്ക് എന്നോട് വർത്താനം പറയ്മ്പം മാത്രം വിക്ക് ഇല്ലല്ലോ.''
''എനിക്കറിഞ്ഞു കൂടാ. പറയുന്നതൊക്കെ തെറ്റിപ്പോകുമെന്ന വ്യാധിയാവും. മിണ്ടിപ്പറയാൻ എനിക്കാരുമില്ല ആരിഫേ. വീട്ടിൽ എല്ലാവരും ഉറങ്ങുംവരെ ഞാൻ റോഡരികിലെ ഓവ് പാലത്തിലിരുന്ന് നിന്നോട്, എഴുതാൻ പോകുന്ന കഥയെപ്പറ്റി വാചാലനായത് എെൻറ വിക്ക് മാറാനായിരുന്നു. പറയാനുള്ളത് ഒന്നും പറയേണ്ടിവരുന്നത് മറ്റൊന്നുമാവുന്നതും, വിക്ക് തന്നെയാണ് ആരിഫേ.''
നന്നേ വിളർത്തുമെലിഞ്ഞ എന്നെയും കൊണ്ട് അന്നാദ്യമായി ആ കൂറ്റൻ തടിമില്ലിൽ അബ്ദുള്ള മൂപ്പനെ അന്വേഷിച്ച് പോയതോർമയുണ്ടോ?
ആനയെ ചെരിച്ചുകിടത്തിയതുപോലുള്ള തടിമരത്തിൽ ചാരിയിരുന്ന് മൂപ്പൻ എന്നെ നോക്കി അവനോട് ചോദിച്ച ചോദ്യം മറന്നിട്ടില്ല.
ഈ എല്ലും കോലും എങ്ങനെ ഇത്രയും വലിയ സൈസ് മരം ചുമക്കും?
അവൻ ചിരിച്ചിട്ട് പറഞ്ഞു: ''അബ്ദുള്ളക്കാ, കാണുേമ്പാലെയൊന്ന്വല്ലാ, ഇരുമ്പാണ്, ഇരുമ്പ്!''
തലകറങ്ങി നിന്ന ഞാൻ വിളറിയ ചിരി ചിരിച്ചു.
ദിവസം അഞ്ചുരൂപയും രണ്ടുനേരം ചായയും കടിയും കിട്ടും.
''നീ ഇരുമ്പാണോടാ?'' -ചിരിച്ചുമറിഞ്ഞ് അബ്ദുള്ള മൂപ്പൻ എന്നോട് ചോദിച്ചു.
എന്തായാലും ആരിഫിെൻറ കൂടെ ജോലി ചെയ്യുേമ്പാഴൊക്കെ വല്ലാത്ത സുരക്ഷിതത്വം അനുഭവിച്ചിരുന്നു. അവൻ വിട്ടുപോകാതിരിക്കാൻ ഞാൻ ഒട്ടിനിന്നു. തുറമുഖത്ത് അക്ഷമയോടെ കാത്തിരിക്കുന്ന ഗുജറാത്തിൽനിന്നും വന്ന ഉരുവിലേക്കുള്ള മരം കൂറ്റൻ ചീനേത്താണിയിൽ ലോഡ് ചെയ്യുേമ്പാഴാണ് അത് സംഭവിച്ചത്. ഭീമാകാരമായ സൈസ് മരത്തിെൻറ ഒരറ്റത്ത് ആരിഫും ഇങ്ങേയറ്റത്ത് ഞാനും.
വെള്ളത്തിലേക്ക് തലകറങ്ങി വീണ എന്നെ നോക്കി ആളുകൾ പരിഹസിച്ചു.
നാലഞ്ച് ഉപ്പുവെള്ളം നീറിപ്പുകഞ്ഞ് അകത്തേക്ക് പോയി. ശ്വാസകോശത്തെ ഉമ്മവെച്ച ഉപ്പുവെള്ളം പലതവണ ചുമച്ചു.
മൂപ്പൻ അബ്ദുള്ള സംഭവമറിഞ്ഞ് ഓടിയെത്തി ആരിഫിനെ കുറെ ചീത്ത പറഞ്ഞു:
''ഇതാണോടാ, ഇരുമ്പ്? ഇത് തുരുമ്പിെൻറ അസ്ഥികൂടാ...''
കൂട്ടത്തിൽനിന്ന് അപ്പോഴേക്കും ആരോ സമാധാനിപ്പിച്ചു.
എന്തുകൊണ്ടോ, ജോലി നഷ്ടമായില്ല. ആഴ്ചക്കൂലിയും വാങ്ങി ഞങ്ങൾ തടിമില്ലിൽനിന്നിറങ്ങിയപ്പോൾ അവൻ പറഞ്ഞു:
''നീയിങ്ങനെ കിട്ട്ന്ന പൈസ മുഴുവൻ വീട്ടിൽ കൊണ്ടോയിക്കൊടുത്താ ബേഗം വഫാത്തായിപ്പോകും1. എടക്ക് ആഴ്ചക്കൊരിക്കലെങ്കിലും അൽ അമാൻ ഓട്ടലിൽ പോയി പോത്തെറച്ചീം പൊറാട്ടേം കയിക്കണം.''
ഞാൻ ദീനമായി അവനെ നോക്കി.
''കദയും കവിതയും എയ്തിയാ പോരാ, മനുശനായാൽ ബുദ്ധി വേണം.''
ഞാൻ അവനോട് എന്തോ പറയാൻ ശ്രമിച്ചപ്പോഴേക്കും വിക്ക് വന്നു.
അവൻ പൊട്ടിച്ചിരിച്ചു.
''നിനക്ക് ഞാനൊരു ഇക്കട്ടപ്പേര്2 ഇടേന്ന് -വിക്കനിരുമ്പൻ!''
അതും പറഞ്ഞ് അവൻ പെരുവഴിയിൽ ചിരിച്ചു ചിരിച്ചു ശ്വാസംമുട്ടി നിന്നു.
എെൻറ കോലം കണ്ട് ഒരുദിവസം മൂപ്പൻ അബ്ദുള്ളക്ക പറഞ്ഞു:
''നിനക്ക് ഈ പണി പറ്റൂല. വെറും വയറ്റില് കോയിമുട്ട പച്ചയോടെ കഴിച്ചാലും നിനക്ക് ഉശിര് വരൂലാ. പൈസെൻറ വിജാരിച്ചിട്ട് നീ ഒന്നും വാങ്ങിക്കഴിക്കേം ചെയ്യില്ല. തിങ്കളാഴ്ച മുതല് നീ വേറെ പണിക്ക് പോ.''
ഞാൻ പകച്ചുനിന്നു.
''കണ്ണൂര്ല് പാരഡൈസ് ഹോട്ടല്ന്ന് കേട്ടിട്ട്ണ്ടാ?''
ഞാൻ തലയാട്ടി.
''നീ ഈ മരമെടുത്താ, മയ്യത്തായിപ്പോകും. നാട്ട്കാര് എന്നെ കളിയാക്കാൻ തൊടങ്ങീട്ട്ണ്ട്. പാരഡൈസ് ഹോട്ടലില് ഒരു കാഷിയറെ ബേണം. നീ പത്ത് തോറ്റതൊന്നും പറഞ്ഞ്റ്റ്ല്ല. എയ്ത്ത്കാരനാന്നാ പറഞ്ഞത്. മാസം മുന്നൂറുറുപ്പികേണ്ട്. ഹോട്ടൽന്ന് നല്ലോണം എറച്ചീം പൊറാട്ടേം കഴിച്ച് തടിക്ക് കൊറച്ച് പുഷ്ടിയും ബരട്ട്.''
തരിച്ചുനിൽക്കുന്ന എന്നെ നോക്കി അയാൾ പറഞ്ഞു:
''ലേശം വിക്ക്ള്ള സംഗതി പറഞ്ഞിറ്റ്ണ്ട്. പക്ഷേങ്ക്ല് ഒരുറുപ്പിഗ കക്കൂലാന്നും പറഞ്ഞ്. നല്ലോണം നിക്കണം.''
ജീവിതത്തെ മാറ്റിമറിച്ച ജോലിയായിരുന്നു അത്. ഇടനേരത്ത് വായനയും എഴുത്തും പുരോഗമിപ്പിച്ചു. പരീക്ഷകളെഴുതി പാസായി. ജീവിതത്തിലാദ്യമായി കിടക്കാൻ ഒരു കട്ടിലും സ്വന്തമായി ഒരു മുറിയും കിട്ടി. ഒരുറുപ്പിക കക്കാത്തവനെന്ന പേരും കിട്ടി. അതിെൻറ സ്നേഹം പടിയിറങ്ങി ഏറെക്കാലം കഴിഞ്ഞിട്ടും കിട്ടി. ധാരാളം പണം കൈകാര്യം ചെയ്യുന്നതിനിടയിൽ കുറച്ച് പണം കൈവശപ്പെടുത്തി മാറ്റിവെച്ചാലോ എന്ന് പലതവണ തോന്നി. ചെയ്തില്ല. ചെയ്യണം എന്ന തോന്നൽ ശക്തമാകുേമ്പാഴൊക്കെ പള്ളിയിൽ പോയി നിസ്കരിച്ച് ബലം ആർജിച്ചു.
എഴുതിയ കഥകൾ അപ്രശസ്തമായ പ്രസിദ്ധീകരണങ്ങളിൽ, പ്രശസ്ത വാരികകളുടെ ബാലപംക്തികളിൽ വരാൻ തുടങ്ങി. പതിയെ ആളുകളുടെ ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു. പ്രധാന പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷമായതോടെ പൊതുവേദികളിൽ ക്ഷണിക്കപ്പെട്ടു. അതായിരുന്നു പ്രധാന പ്രതിസന്ധി. മൈക്കിന് മുന്നിൽ നിൽക്കുേമ്പാൾ അനിയന്ത്രിതമായ വിക്ക്. ഇതറിഞ്ഞിട്ടു തന്നെയാവണം ആരിഫ് നാട്ടിൻപുറത്തെ ഒരു വേദിയിൽ എന്നെ പ്രസംഗിക്കാൻ ക്ഷണിച്ചത്. ഒരു ആശംസ മതി, ആരിഫ് വിടാതെ കൂടി. ഞാൻ കമ്മിറ്റിക്ക് വാക്ക് കൊടുത്തുപോയി. പോകാഞ്ഞാൽ ഇൗ ഞാൻ നാണം കെടും.
പിന്നെ തരിച്ചുനിൽക്കുന്ന എന്നോട് പറഞ്ഞു:
'നീ ഈ വിക്ക്ണ്ട്ന്ന് വിജാരിച്ചാ എങ്ങനെയാ. സാഹിത്യകാരന്മാരാവുമ്പം പ്രസങ്കിക്കണ്ടേ? എനക്കറിയാം നിനക്ക് ശരിക്കും വിക്ക്ല്ല. ബേജാറായിട്ടാ. അതിങ്ങനെ പലേടത്തും പോയിപ്പോയി മാറ്റിക്കൊണ്ടേരണം. അല്ലാണ്ട് മാളത്തിലൊളിച്ചാ എങ്ങനെയാ?''
ആരിഫ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി.
അതെ. മറികടക്കേണ്ടതിനെ എന്തു വിലകൊടുത്തും മറികടക്കണം.
ആർപ്പൂക്കര യു.പി സ്കൂളിെൻറ വാർഷികാഘോഷം പക്ഷേ, ചിരിച്ചുമറിയുന്ന സദസ്സായി. മലയാള കവിതയിലെ പ്രാസവാദത്തെപ്പറ്റിയും വൃത്ത നിരാസത്തെപ്പറ്റിയും ഒന്നരമണിക്കൂർ ബോറടിപ്പിച്ച വിദ്വാൻ ഗോപാല പണിക്കരുടെ ഉദ്ഘാടനത്തിനുശേഷം എെൻറ ആശംസാ പ്രസംഗം.
മൈക്കിന് മുന്നിൽ നിന്നതും കണ്ണിൽ ഇരുട്ടുകയറി.
ഞാൻ പറയുന്നത് എനിക്ക് പോലും മനസ്സിലായില്ല എന്നതോ പോട്ടെ. അതിൽ വിക്കിെൻറ പൂരം. പ്രി പ്രി പ്രിയപ്പെട്ട നായാട്ടുകാരേ, എന്നുപറഞ്ഞാണ് തുടക്കംതന്നെ. ചിരിയുടെ മാലപ്പടക്കത്തിന് അത് തിരികൊളുത്തി. ചിരിച്ചുമറിയുന്നവരിൽ മുമ്പന്തിയിൽ ആരിഫുമുണ്ടായിരുന്നു. നാട്ടുകാർ പാവം തോന്നി ചിരി നിയന്ത്രിക്കാൻ ശ്രമിക്കുേമ്പാഴും ആരിഫിെൻറ പൊട്ടിച്ചിരി ഉയരും. അതോടെ ചിരി വീണ്ടുമെത്തും.
തലകറങ്ങി വീഴും മുമ്പ് ഞാൻ കസേര പിടിച്ചു.
ഓർമവെച്ച നാൾ മുതലുള്ള വിചാരണകൾ ഒരു കൊളാഷ് ചിത്രമായി മാറിമറിഞ്ഞു.
തലകീഴായി തൂക്കിയിട്ടുള്ള ചോദ്യംചെയ്യലുകൾ.
ഈ കുപ്പായം ആരാണെടാ വാങ്ങിച്ച് തന്നത്?
പറയെടാ.
ഡബ്ല്യു.എ.എൽ.കെ -എന്താ വായിക്ക്യാ, ബാഹിസേ?
ആറാം ക്ലാസിൽ കൃഷ്ണൻ മാഷ്.
ഞാൻ വിക്കി വിക്കി പറഞ്ഞു:
''വാൽക്ക്.''
ചിരിച്ചുതുടങ്ങിയ കുട്ടികൾ. മറ്റു കുട്ടികൾ കൂടി ഈ തമാശ ആസ്വദിക്കട്ടേയെന്ന് ഉദ്ദേശിച്ച് കൃഷ്ണൻ മാഷ് ആവർത്തിച്ചു.
''ഡബ്ല്യു.എ.എൽ.കെ -എന്താ വായിക്ക്യാ?''
''വാൽക്ക്.''
ചിരിച്ചുമറിഞ്ഞു കുട്ടികൾ.
സുഹൃത്തുക്കളില്ലാത്ത ബാല്യകാലത്തിലേക്ക് വന്ന ഏക സുഹൃത്താണ് ക്ഷണിച്ചുകൊണ്ടുപോയി നാട്ടുകാരെക്കൊണ്ട് ചിരിപ്പിച്ചത്.
തിരിച്ചുവരുേമ്പാൾ എെന്ന സമാധാനിപ്പിക്കാൻ പറയുന്നതൊന്നും ചെവിക്കകത്തേക്ക് കയറുന്നുണ്ടായിരുന്നില്ല.
കഥ എഴുതാൻ പ്രസംഗിക്കേണ്ടല്ലോ- ഞാൻ ആശ്വസിച്ചു.
കുഞ്ഞിരാമൻ മാസ്റ്റർ മാത്രം ചേർത്തുപിടിച്ചു.
''കുഞ്ഞിമ്മോനേ, എല്ലാം എതിരായിപ്പോയ നിനക്ക് ദൈവം തന്ന പിടിവള്ളിയാണ് എഴുത്ത്. എഴുത്തിനോട് ഹൃദയം തുറന്ന് സംസാരിക്കുക. വിക്ക് മാറും.''
മാഷ് മരിച്ചിട്ടെത്ര വർഷമായി?
ആ വാക്കുകൾ നെഞ്ചിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്നു.
സ്വന്തം ഹൃദയത്തെ വാക്കുകളിലേക്കടുപ്പിക്കൂ. വിളക്ക് കത്തുന്നത് കാണാം.
ഇടക്കെപ്പോഴോ ഒരിക്കൽ കുഞ്ഞിരാമൻ മാഷെ സ്വപ്നം കണ്ടു. ബഷീറുമായി എന്തോ സംസാരിച്ചിരിക്കുന്നു. മാഷ് ചിരിച്ചു കുഴയുന്നു.
തുടർച്ചയായ കോളിങ് ബെൽ എന്നെ പിടിച്ചെഴുന്നേൽപിക്കുന്നു.
ഉണരൂ. ഇന്ത്യയിലല്ല, ഖത്തറിലാണ്. പ്രവാസി. ഷംസുക്ക, ബഷീർ പ്രഭാഷണം.
വാതിൽ തുറന്നപ്പോൾ സംഘാടകരിലൊരാൾ: ''ഞാൻ നിസാർ.''
ഉറങ്ങിക്കോട്ടെ, ശല്യപ്പെടുത്തേണ്ട എന്ന് ഷംസുക്ക പ്രത്യേകം പറഞ്ഞതുകൊണ്ടാണ് വിളിക്കാതിരുന്നത്. ഫുഡ് കഴിക്കണ്ടേ?
നിസാർ ഓഡിറ്റോറിയത്തിലെ കാർ പാർക്ക് ചെയ്യുേമ്പാൾ ഞാൻ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കൂട്ടത്തിൽ ആരിഫിനെ പരതി.
''അവനെവിടെ?''
നൂറു കിലോമീറ്റർ താണ്ടി എന്നെ മാത്രം കാണാൻ വന്നവൻ.
നിസാറിനോട് ഒന്ന് ഫോൺ ചോദിച്ചുവാങ്ങി എഴുതിവെച്ച നമ്പറിൽ ഡയൽ ചെയ്തു.
ഒടുവിൽ ഫോണെടുത്തു.
''ഞാനാണ്, ബാഹിസ്. ആരിഫേ, നീയെവിടെയാണ്, ഞാൻ ഓഡിറ്റോറിയത്തിലെത്തി.''
''ഞാൻ ഗേറ്റിനടുത്ത്ണ്ടപ്പാ. ഇങ്ങോട്ട് വാ.''
ഞാൻ പറഞ്ഞു: ''ആരിഫ് ഇങ്ങോട്ട് വരൂ. ഞാൻ സംഘാടകരുടെ നടുവിലാണ്.''
''ഓ, നീ വലിയ ശുജായി ആയിപ്പോയല്ലോ. നമ്മളൊക്കെ പാവങ്ങള്. ഞാനെത്തിക്കോളാപ്പാ.''
വല്ലാത്ത വേദന തോന്നി. തൊട്ടടുത്ത നിമിഷം അതെന്തിന് എന്ന അത്ഭുതവും തോന്നി. പരിചയക്കാരനൊരാളോട് ചിരിച്ചാൽ മടക്കിച്ചിരിച്ചില്ലെങ്കിൽ രാത്രി മുഴുവൻ അതോർത്ത് സങ്കടപ്പെടുന്ന കുട്ടി എെൻറ മനസ്സിൽ മരിച്ചിട്ട് എത്രയോ കാലമായി. ആരിഫ് അങ്ങനെയല്ലല്ലോ. അനേകം ഓർമകൾ. കളിചിരി വർത്തമാനങ്ങൾ. കടവ്, പാലം, പുഴയിലെ ഓളങ്ങൾ, നീന്തിയ കുളങ്ങൾ. വളപട്ടണം റെയിൽവേ പാലം?
സ്വാഗതപ്രസംഗം ആരംഭിച്ചപ്പോഴും ഞാൻ ജിജ്ഞാസയോടെ സദസ്സിലെ ആരിഫിനെ പരതി. പിന്നിലെവിടെയെങ്കിലും സീറ്റ് കിട്ടാെത പ്രയാസപ്പെടുന്നുണ്ടാകുമോ? നിറഞ്ഞ സദസ്സാണ്.
നോക്കിയിരിക്കേ ഒന്നാം നിരയിൽ ആരിഫ് ഇരിക്കുന്നത് കണ്ട് അത്ഭുതവും സന്തോഷവും തോന്നി.
പെട്ടെന്ന് അവനെ തിരിച്ചറിയാനായത് മുഖത്തെ പുച്ഛരസമുള്ള ഏങ്കോണിപ്പുകൊണ്ടുതന്നെ. അവന് ഞാൻ ഒരു അഭിവാദ്യം കൊടുത്തു. മനസ്സുകൊണ്ട് എണ്ണിനോക്കി.
അതെ, നീണ്ട ഇരുപത്തിരണ്ട് വർഷമായി തമ്മിൽ കണ്ടിട്ട്.
ഗൾഫിലേക്കുള്ള അവെൻറ ആദ്യയാത്ര. അവസാനമായി കൈപിടിച്ചു കുലുക്കുേമ്പാൾ എെൻറ കണ്ണ് നിറയുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്തോ പറിഞ്ഞുപോകുന്ന വേദനയിൽ ഞാൻ അവനെ കെട്ടിപ്പിടിച്ച് ഉച്ചത്തിൽ കരഞ്ഞു.
ചുറ്റും കൂടിയവരിൽ ചിലരെങ്കിലും ചിരിയടക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോഴാണ് പരിസരബോധം വന്നത്. ആരിഫ് അത്ഭുതത്തോടെ എന്നെ നോക്കിക്കാണും. യാത്രയാക്കാൻ വന്ന പല അതിഥികളെയും അവൻ ഹസ്തദാനം ചെയ്തുകൊണ്ടിരുന്നു.
ഇരുപത്തിരണ്ട് വർഷങ്ങൾ! ഞാൻ എന്നെ കൊന്നു തള്ളി. കരയുന്ന അവയവങ്ങളെ കുത്തിപ്പൊട്ടിച്ചു. വിക്കുന്ന നാവ് പിഴുതെടുത്തു. പരിഹാസം കേൾക്കുന്ന ചെവി പറിച്ചെടുത്തു. പകരം ജീവിതത്തിെൻറ ആത്യന്തിക സത്യങ്ങളെ നട്ടുപിടിപ്പിച്ചുകൊണ്ടിരുന്നു.
ഈ ഭൂമിയിൽ ആത്യന്തികമായി എല്ലാവരും അനാഥരാണ് -ഒരു കഥ തന്നെ ഇങ്ങനെയായിരുന്നു തുടങ്ങിയത്- ആരുമില്ല കൂട്ടിന്.
സ്വാഗത പ്രസംഗകൻ മൈക്കിനകത്തേക്ക് വിളിക്കുന്നു.
പോഡിയിൽ കൈകുത്തി മൈക്ക് മുഖത്തോടടുപ്പിച്ച് ഒരു നിമിഷം ഞാൻ സദസ്സിനെ നോക്കി.
ആരിഫ് വക്രീകരിച്ച ഒരു പൊട്ടിച്ചിരി അടക്കിപ്പിടിച്ച് നിൽക്കുന്നു. അനേകം വർഷങ്ങൾക്ക് മുമ്പുള്ള ആ പരിഹാസ്യമായ ആശംസാ പ്രസംഗം. അവൻ ഗോഷ്ടി കാണിക്കുന്നു.
ഞാൻ പതറിയോ?
അവെൻറ അടുത്തിരുന്ന ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി. സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ.
ചെരിപ്പിടാത്ത കാലുകൾ പരസ്പരം കയറ്റിവെച്ചിട്ട് ഉത്സാഹപൂർവം എന്നെ നോക്കുന്നു. വെള്ള ജുബ്ബ, മുണ്ട്. വളയൻ കാലിൽ കൈയൂന്നി, ശ്വാസത്തിനായി ഒരൽപം ബുദ്ധിമുട്ടി വലിച്ചു. പിന്നെ എന്നെ നോക്കി കൈകൊണ്ട് ആംഗ്യം കാട്ടി.
തുടരൂ. ഹൃദയത്തിൽ നോക്കി സംസാരിക്കൂ. പുസ്തകത്തിൽ നോക്കാതിരിക്കൂ. ഗൂഗിളിൽനിന്ന് പകർപ്പെടുക്കാതിരിക്കൂ... ദൈവത്തിെൻറ സംഗീതോപകരണമാണ് എഴുത്തുകാരെൻറ ഹൃദയം. അത് അവനുവേണ്ടി മീട്ടൂ...നീ ഒന്നുമല്ല. ഒരു ചുക്കുമല്ല. നിമിത്തം മാത്രം.
എത്രനേരം സംസാരിച്ചുവെന്നറിയില്ല. എഴുതിക്കൊണ്ടുവന്ന നോട്ടുകൾ എവിടെപ്പോയെന്നറിയില്ല. പ്രസംഗം തീർന്നതോടെ കൈയടിയുടെ നിലക്കാത്ത ആരവം. പിറകിലുള്ള സീറ്റിലേക്ക് നോക്കി മങ്ങിയ ചിരിയുമായി ആരിഫ് വീണ്ടും വിഫലമായി ഒരു ചിരിയിൽ മുറിഞ്ഞു.
സ്റ്റേജ് വിട്ടുവരുേമ്പാൾ പലരും ഷെയ്ക്ക്ഹാൻഡ് തന്നു: ''നന്നായി സംസാരിച്ചു.''
സംഘാടകരും സന്തോഷത്തിൽ.
ആരിഫിനെ ഞാൻ പരതിക്കൊണ്ടിരുന്നു. ഒടുവിൽ കിട്ടി.
ഞാൻ പാഞ്ഞുചെന്ന് അവനെ ചേർത്തുപിടിച്ചു.
അവൻ പരിഹാസത്തിെൻറ ഗോഷ്ടിയിൽ വക്രീകരിച്ച ചുണ്ടുകളിലൂടെ സംസാരിച്ചു.
''നീ ബലിയ സുകുമാറഴീക്കോടായിപ്പോയല്ലോ. നിെൻറ വിക്ക് കാണാനാ ഞാൻ കഷ്ടപ്പെട്ട് വന്നത്.''
ഞാൻ സമാധാനിപ്പിച്ചു. ''സാരമില്ല ആരിഫേ. നിന്നെ നിരാശപ്പെടുത്തിയതിൽ സത്യമായും എനിക്ക് വിഷമമുണ്ട്. അടുത്തതവണ നമുക്ക് നോക്കാം. മാത്രമല്ല, നിന്നെ സന്തോഷിപ്പിക്കാനായി മാത്രം ഞാൻ ഒന്നുരണ്ടു തവണ വിക്കി നോക്കി. എന്തോ, ശരിയായില്ല.''
അവൻ അക്ഷമയോടെ പറഞ്ഞു:
''എന്നാൽ നമുക്ക് പോകാം.''
''എങ്ങോട്ട്?''
''എെൻറ മുറിയിലേക്ക്. ആടെ റൂം മേറ്റ്സിനോടൊക്കെ നീ വരൂന്ന് പറഞ്ഞിട്ടുണ്ട്.''
''മറ്റൊരിക്കൽ വരാം ആരിഫേ. നാളെ കാലത്ത് അൽഖോറിലേക്കൊരു യാത്ര. സെൽഫിയൊക്കെ അടുത്ത തവണയാവട്ടെ.''
''നീയൊക്കെ ബലിയ ആളായിപ്പോയീന്നറിയാം. എന്നാലും ബരൂന്ന് ബിജാരിച്ചു.''
ഞാൻ അവനെ ചേർത്തുപിടിച്ചു.
''നിന്നെ പ്രയാസപ്പെടുത്തേണ്ടിവന്നതിൽ സത്യമായും ഞാൻ ക്ഷമ ചോദിക്കുന്നു.''
നിസാർ തുറന്നുപിടിച്ച കാറിലേക്ക് കയറി ഡോറടച്ചു. തിരിഞ്ഞുനോക്കാതിരിക്കാൻ വളരെയേറെ പ്രയാസപ്പെടേണ്ടിവന്നു.
ചിത്രീകരണം: സുനിൽ അശോകപുരം