Begin typing your search above and press return to search.
proflie-avatar
Login

തീവ്രമാകുന്ന വെയിലിന്റെ കാഠിന്യം; തണലിന്റെ അഭാവം-ഉണ്ണികൃഷ്ണൻ പുതൂരിനെ മകൻ ഓർക്കുന്നു

തീവ്രമാകുന്ന വെയിലിന്റെ കാഠിന്യം; തണലിന്റെ അഭാവം-ഉണ്ണികൃഷ്ണൻ പുതൂരിനെ മകൻ ഓർക്കുന്നു
cancel

പ്രശസ്​ത എഴുത്തുകാരൻ ഉണ്ണികൃഷ്​ണൻ പുതൂർ ജീവിച്ചിരുന്നെങ്കിൽ ഇത്​ നവതി ആഘോഷവേളയായിരുന്നേനെ. അച്ഛനെപ്പറ്റി ഒാർക്കുകയാണ്​ മകൻ.1933 ജൂലൈ 15ന് ജനിച്ച അച്ഛൻ (ഉണ്ണികൃഷ്ണൻ പുതൂർ) ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ 2023 ജൂലൈ 15ന് നവതി പിന്നിടുമായിരുന്നു. പക്ഷേ, വിധിയെയും ആയുസ്സിനെയും ആർക്കും മാറ്റിമറിക്കാനാവില്ലല്ലോ! ജീവിതത്തിലും സാഹിത്യത്തിലും പടവെട്ടി പോരാടിയ വ്യക്തിയും എഴുത്തുകാരനുമായിരുന്നു അച്ഛൻ. എന്നാൽ, കുടുംബബന്ധങ്ങളിൽ ആർദ്രതയും കരുതലും സ്നേഹവും അദ്ദേഹം കാത്തുസൂക്ഷിച്ചു. അപ്പൂപ്പൻ കല്ലാത്ത് ചുള്ളിപ്പറമ്പിൽ ശങ്കുണ്ണി നായർക്കും അച്ഛമ്മ പുതൂർ ജാനകിയമ്മക്കും രണ്ടു മക്കളാണുള്ളത്. മൂത്തയാൾ...

Your Subscription Supports Independent Journalism

View Plans
പ്രശസ്​ത എഴുത്തുകാരൻ ഉണ്ണികൃഷ്​ണൻ പുതൂർ ജീവിച്ചിരുന്നെങ്കിൽ ഇത്​ നവതി ആഘോഷവേളയായിരുന്നേനെ. അച്ഛനെപ്പറ്റി ഒാർക്കുകയാണ്​ മകൻ.

1933 ജൂലൈ 15ന് ജനിച്ച അച്ഛൻ (ഉണ്ണികൃഷ്ണൻ പുതൂർ) ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ 2023 ജൂലൈ 15ന് നവതി പിന്നിടുമായിരുന്നു. പക്ഷേ, വിധിയെയും ആയുസ്സിനെയും ആർക്കും മാറ്റിമറിക്കാനാവില്ലല്ലോ!

ജീവിതത്തിലും സാഹിത്യത്തിലും പടവെട്ടി പോരാടിയ വ്യക്തിയും എഴുത്തുകാരനുമായിരുന്നു അച്ഛൻ. എന്നാൽ, കുടുംബബന്ധങ്ങളിൽ ആർദ്രതയും കരുതലും സ്നേഹവും അദ്ദേഹം കാത്തുസൂക്ഷിച്ചു. അപ്പൂപ്പൻ കല്ലാത്ത് ചുള്ളിപ്പറമ്പിൽ ശങ്കുണ്ണി നായർക്കും അച്ഛമ്മ പുതൂർ ജാനകിയമ്മക്കും രണ്ടു മക്കളാണുള്ളത്. മൂത്തയാൾ അച്ഛൻ. രണ്ടാമത്തെയാൾ സഹോദരി പുതൂർ സരസ്വതിയമ്മയും. ചെറുപ്പം മുതലേ ബുദ്ധിമുട്ടുകൾക്കിടയിലും മക്കളുടെ പിറന്നാൾ നിലവിളക്കിന് മുന്നിൽ ഇലയിട്ട് ഊണു വിളമ്പി ആചാരങ്ങളോടെ അനുഷ്ഠിക്കാൻ ആ മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നു. പേരക്കിടാങ്ങളോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ജന്മദിനം ആഘോഷിക്കാൻ അച്ഛന് ഇഷ്ടമായിരുന്നു.

1993ൽ ഷഷ്ട്യബ്ദപൂർത്തിയും 2003ൽ സപ്തതിയും ആഘോഷിച്ചു. അറുപതാം പിറന്നാളിന് സുഹൃത്തുക്കളോടൊപ്പം ഗുരുവായൂരിലെ ഞങ്ങളുടെ വീടായ ജാനകീസദനത്തിൽ ഒത്തുകൂടി. അടുത്ത സുഹൃത്തും എഴുത്തുകാരനുമായിരുന്ന സി.പി. ശ്രീധരൻ, തൃശൂരിലെ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന പി. ശ്രീധരൻ ഉൾപ്പെടെയുള്ള ഗുരുവായൂരിലെ മാധ്യമസുഹൃത്തുക്കൾ വന്നുചേർന്നു. എഴുപതാം പിറന്നാൾ ഗുരുവായൂരിലെ രുഗ്മിണി റീജൻസിയിൽവെച്ചാണ് നടന്നത്. തൃശൂരിലെ സാംസ്കാരിക സംഘടനയായ ‘അങ്കണ’ത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങുകളുടെ മുഖ്യ സംഘാടകൻ, അങ്കണം സാംസ്കാരികവേദിയുടെ ചെയർമാൻ ആർ.ഐ. ഷംസുദ്ദീനായിരുന്നു. അന്നത്തെ സാംസ്കാരിക മന്ത്രി ജി. കാർത്തികേയൻ, ടി. പത്മനാഭൻ, അക്കിത്തം, ഡോ. എം. ലീലാവതി, എം.പി. വീരേന്ദ്രകുമാർ, പുനത്തിൽ കുഞ്ഞബ്ദുള്ള, യൂസഫലി കേച്ചേരി, മാടമ്പ് കുഞ്ഞുകുട്ടൻ, കൊളാടി ഗോവിന്ദൻകുട്ടി, യു.കെ. കുമാരൻ തുടങ്ങിയവരെല്ലാം സുഹൃദ് സംഗമത്തിനെത്തി. ഒരു പകൽ മുഴുവൻ സൗഹൃദങ്ങൾ പങ്കുവെച്ചു. സദ്യയുണ്ട് പിരിഞ്ഞു.

2013ൽ എൺപതാം പിറന്നാളിന് വീട്ടിൽവെച്ച് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പുതൂർ കഥകളുടെ പ്രകാശനം നിർവഹിച്ചത് സഹകരണമന്ത്രിയും സുഹൃത്തുമായിരുന്ന സി.എൻ. ബാലകൃഷ്ണനായിരുന്നു. മുൻ പ്രസിഡന്റിനോടുള്ള ആദരസൂചകമായാണ് സംഘം പുസ്തകപ്രസാധനത്തിന് പിറന്നാൾവേളയിൽതന്നെ മുതിർന്നത്. സംഘം ഡയറക്ടറായിരുന്ന സി.ആർ. ദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി. ചന്ദ്രമോഹൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


മാസങ്ങളോളമായി ആരോഗ്യം​ മോശമായിരുന്ന അച്ഛൻ അക്കാലത്ത് അത്ഭുതകരമായി ആരോഗ്യം വീണ്ടെടുത്തു. 2013 ജൂലൈ 15ന് അച്ഛൻ വളരെ ഉത്സാഹത്തോടെ നടന്ന് ഗുരുവായൂരമ്പലത്തിൽ പോയി. കൂട്ടായി ഞാനും അനുജൻ ബിജുവും അടുത്ത മിത്രം ജനു ഗുരുവായൂരും കൂടെ ചേർന്നു. മാസങ്ങൾക്കുശേഷം ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് തൊഴുത് മടങ്ങിയ നിർവൃതിയും സംതൃപ്തിയും അദ്ദേഹം വീട്ടിലെത്തിയ സുഹൃദ്സംഘത്തിനോട് പങ്കുവെച്ചു.

ആരോഗ്യപരമായി വലിയ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്ന അച്ഛൻ ആദ്യമായി രോഗബാധിതനാകുന്നത് 2007ലെ ഒരു ശബരിമല യാത്രക്കിടയിലാണ്. സുഹൃത്തുക്കളുമൊന്നിച്ചുള്ള യാ​ത്രയിൽ പമ്പയിൽനിന്ന് സന്നിധാനത്തിലേക്കുള്ള കാൽനടയാത്രക്കിടയിൽ കരിമല കയറ്റത്തിൽവെച്ച് തളർച്ചയും അസ്വസ്ഥതയും അനുഭവപ്പെട്ടു. അനുജൻ ബിജുവും കൂടെയുണ്ടായിരുന്നു. ഫസ്റ്റ് എയ്ഡ് സെന്ററിലെ പരിശോധനക്കുശേഷം തുടർന്നുള്ള മലകയറ്റം ഡോക്ടർമാർ വിലക്കി. തുടർന്ന് ഡോളിയിൽ കയറി സന്നിധാനത്തെത്തി അയ്യപ്പദർശനം കഴിഞ്ഞ് ഡോളിയിൽതന്നെ തിരിച്ച് പമ്പയിലെത്തി.

നാട്ടിലെത്തി തൃശൂരിലെ മദർ ഹോസ്പിറ്റലിലെ ഡോ. ഗീവർ സക്കറിയയെ കണ്ടു. ട്രെഡ്മിൽ ടെസ്റ്റും എക്കോ ടെസ്റ്റുമെടുത്തു. കൂടുതൽ പരിശോധനകൾക്കായി എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഹൃദ്രോഗ വിദഗ്ധൻ ഡോ. ഹരിദാസിന്റെയും എന്റെ സഹപാഠി ഡോ. പ്രസന്നന്റെയും ​നേതൃത്വത്തിൽ ആൻജിയോഗ്രാം ടെസ്റ്റ് ചെയ്തു. മൂന്ന് ബ്ലോക്കുകളുണ്ടെന്നും ഓപൺ ഹാർട്ട് സർജറി ചെയ്യണമെന്നും ഡോക്ടർ നിർദേശിച്ചു. സർജറിക്ക് തീയതിയും നിശ്ചയിച്ചു. പിറ്റേദിവസം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് മടങ്ങി.

എന്നാൽ, സർജറിക്ക് നിശ്ചയിച്ച ദിവസത്തിന് മുമ്പുതന്നെ ഓപറേഷൻ വേണ്ട എന്ന തീരുമാനത്തിൽ അച്ഛൻ എത്തി. താനെന്നും സഹജീവികളോട് ആർദ്രതയും കാരുണ്യവും മാത്രമേ കാണിച്ചിട്ടുള്ളൂവെന്നും അങ്ങനെയുള്ള തന്റെ ഹൃദയം കീറിമുറിക്കരുതെന്നുമായിരുന്നു വികാരജീവിയായ അച്ഛന്റെ നിലപാട്. ശസ്ത്രക്രിയക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീണ്ടും നിർബന്ധിച്ചുവെങ്കിലും അച്ഛനതിന് തയാറായിരുന്നില്ല.

മരുന്നുകളുമായി മുന്നോട്ടുപോയ അച്ഛന്റെ ഹൃദയതാളം പിന്നീട് പലപ്പോഴും തെറ്റി. അപ്പോഴെല്ലാം തൃശൂർ അമല ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. രാജേഷിന്റെ അടുത്ത് എത്തും. ഒരാഴ്ചത്തെ പരിചരണത്തിനു ശേഷം സുഖം പ്രാപിച്ച് തിരിച്ച് വീട്ടിലേക്ക് പോകും. നിയന്ത്രണങ്ങളോടെയുള്ള ആ ജീവിതത്തിന് 2014ൽ വീണ്ടും താളഭംഗമുണ്ടായി. 2014 ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നുമാസങ്ങളിൽ ഇടവിട്ടുള്ള ആശുപത്രിവാസവുമായി മുന്നോട്ടുപോയി. മാർച്ച് അവസാനം മൂത്രതടസ്സവുമായി അടുത്തുള്ള മുതുവട്ടൂരിലെ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ പ്ലേറ്റ്ലറ്റ് കുറഞ്ഞു. തീർത്തും അവശനായി. ഡോ. ദാമോദരന്റെ ചികിത്സക്കിടെ 2014 ഏപ്രിൽ രണ്ടിന് വൈകീട്ട് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിക്കിടക്കയിൽവെച്ച് അച്ഛൻ രംഗമൊഴിഞ്ഞു.

അച്ഛന്റെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യതക്ക് പത്തുവർഷം തികയാൻ പോകുമ്പോഴും നിതാന്ത ശൂന്യതയായി അതിപ്പോഴും അവശേഷിക്കുന്നു. അമ്മ നാരായണിയമ്മയെയും എന്നെയും അനുജൻ ബിജുവിനെയും കുടുംബാംഗങ്ങളെയുമെല്ലാം അച്ഛനെക്കുറിച്ചുള്ള ഓർമകൾ നിതാന്തമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. തൊണ്ണൂറാം ജന്മവാർഷിക ദിനത്തിലും ഒാർമകൾ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. വൻവൃക്ഷങ്ങൾ കടപുഴകി വീഴുമ്പോൾ ഉണ്ടാകുന്ന വെയിലിന്റെ കാഠിന്യവും തണലിന്റെ അഭാവവും കൂടുതൽ തീവ്രവും ശക്തവുമായിരിക്കുമല്ലോ.

News Summary - son remembering Unnikrishnan Puthoor