കശ്മീർ എങ്ങനെയാണ് ഉണരുകയും ഉറങ്ങുകയുംചെയ്യുന്നത്?
കശ്മീർ ഇപ്പോൾ എങ്ങനെയാണ് ഉണരുകയും ഉറങ്ങുകയുംചെയ്യുന്നത്? സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ നാട്ടിൽ ജനജീവിതം ഏത് മട്ടിലാണ്? കശ്മീർ സന്ദർശിച്ച മലയാളി മാധ്യമപ്രവർത്തകെൻറ കാമറ കണ്ട ചിത്രങ്ങളും കാഴ്ചകളുമാണ് ഇത്. ഹുർറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി മരിച്ച ദിവസം കർഫ്യൂവിൽ അകപ്പെട്ട അനുഭവവും എഴുതുന്നു.
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിതാണ്, അതിതാണ് എന്ന് കാവ്യാത്മകമായി ലോകത്തോട് വിളിച്ച് പറഞ്ഞത് മുഗൾ ഭരണാധികാരി ജഹാംഗീർ ചക്രവർത്തിയാണ്. അകലങ്ങളിൽ ഇരുന്ന് ''ഇവിടെയാണ് സ്വർഗം, ഇവിടെയാണ് സ്വർഗം'' എന്ന് പറയുന്നതല്ല കശ്മീർ എന്ന് അനുഭവിച്ചറിഞ്ഞു ആറു രാപ്പകലുകളിൽ.
രാജ്യത്തിെൻറ വടക്കേ അറ്റത്ത്, മഞ്ഞു പുതച്ചു കിടക്കുന്ന ഹിമാലയൻ മലനിരകൾക്കിടയിലെ താഴ്വരയുടെ മണ്ണും വിണ്ണുമൊക്കെ പുറംകാഴ്ചയിൽ സ്വർഗംതന്നെയാണ്. കൊതിപ്പിക്കുന്ന മണ്ണ്. രണ്ട് രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന ദേശം. യൂറോപ്യൻകാരും അറബികളുമടക്കം ലോകത്തിെൻറ എല്ലാ കോണുകളിൽനിന്നും സഞ്ചാരികൾ തേടിപ്പിടിച്ചെത്തുന്ന ഭൂമിക. ആ മണ്ണിലേക്ക് ശ്രീനഗർ വിമാനത്താവളത്തിൽ, സെപ്റ്റംബർ ഒന്നിന് പറന്നിറങ്ങുേമ്പാൾ മലനിരകളിൽ പൂർണമായി മഞ്ഞുരുകി തീർന്നിരുന്നില്ല.
വിമാനത്താവളങ്ങളുടെ പതിവ് രീതികളിൽനിന്നെല്ലാം വ്യത്യസ്തമാണ് ശ്രീനഗറിലേത്. പരിശോധനകളും നിരീക്ഷണങ്ങളും ശക്തം. അമൃത്സർ വിമാനത്താവളത്തിൽനിന്ന് ഉയർന്നുപൊങ്ങുേമ്പാൾ ഉണ്ടായിരുന്ന പ്രീപെയ്ഡ് സിമ്മിലെ നെറ്റ് വർക്കുകൾ ശ്രീനഗറിലിറങ്ങിയതോടെ മുറിഞ്ഞു. മൊബൈൽ ഫോൺ പൂർണമായും നിശ്ശബ്ദമായി. കശ്മീരിെൻറ ചിത്രങ്ങൾ ഒപ്പിയെടുക്കാനുള്ള ഉപകരണം മാത്രമായി അതുമാറി.
പോസ്റ്റ് പെയ്ഡ് സിമ്മുകൾ മാത്രമാണ് കശ്മീരിൽ പ്രവർത്തിക്കുക. ശ്രീനഗറിൽനിന്ന് ഒരു പോസ്റ്റ് പെയ്ഡ് സിം എടുക്കാമെന്നതായിരുന്നു തീരുമാനം. എയർപോർട്ടിൽനിന്ന് ശ്രീനഗർ ടൗണിലെത്തി മുറി എടുത്ത ശേഷം ഒരു പോസ്റ്റ് പെയ്ഡ് സിം എടുത്തു. അതായിരുന്നു പിന്നീട് കശ്മീരുമായും പുറം ലോകവുമായി ബന്ധിപ്പിച്ചത്.
വിമാനത്താവളത്തിെൻറ പുറത്തിറങ്ങിയാലും തെരുവുകളിൽ പൊലീസും സൈന്യവും ഉണ്ട്. സൈന്യത്തിെൻറ വിവിധ വിഭാഗങ്ങൾക്കാണ് നിയന്ത്രണം. പ്രധാന പാതകളിൽ മാത്രമല്ല മിക്കയിടങ്ങളിലും യന്ത്രതോക്കുകൾ ഉൾെപ്പടെയുള്ള ആയുധങ്ങളുമായി സൈനികരെ കാണാം. അവരുടെ നിഴൽ ഓരോ മനുഷ്യെൻറയും പിന്നിൽ ഉണ്ട്. മനുഷ്യരുടെ 'സ്വതന്ത്രമായ സഞ്ചാരം' പോലും ആയുധധാരികളായ സൈനികർക്ക് ഇടയിലൂടെയാണ്. പല രൂപത്തിലുള്ള സൈനിക വാഹനങ്ങളാണെങ്ങും. നടപ്പാതകളിൽ മണൽചാക്കുകൾ അടുക്കിയും ഷീറ്റും വലയുംകൊണ്ട് ഒരുക്കിയ താൽക്കാലിക സൈനിക കേന്ദ്രങ്ങൾ. അവിടെനിന്ന് പുറത്തേക്ക് ആരെയോ ചൂണ്ടി നിൽക്കുന്ന തോക്കിൻ കുഴലുകൾ കാണം. നിശ്ചിത ദൂരങ്ങൾക്കിടയിൽ നിരവധി സൈനികത്താവളങ്ങൾ. അവയുടെ പുറത്ത് രണ്ട് മുതൽ അഞ്ച് സൈനികർ വരെ ഉണ്ടാകും. തിരക്കുള്ള റോഡുകളിലെ ക്യാമ്പുകളിലെത്തുേമ്പാൾ സൈനികരുടെ എണ്ണം കൂടും.
ആദ്യ ദിവസം ശ്രീനഗർ നഗരത്തിനൊപ്പം ദാൽ തടാകക്കരയിൽ സ്ഥിതിചെയ്യുന്ന ഹസ്രത് ബാൽ ദർഗയിലേക്കാണ് പോയത്. മുഹമ്മദ് നബിയുടെ തലമുടി ഈ ദർഗയിൽ സൂക്ഷിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. ഓട്ടോറിക്ഷയിലാണ് അവിടേക്ക് പോയത്. എക്സിക്യൂട്ടിവ് ലുക്കിലെത്തിയ ഒരാളായിരുന്നു ആ ഓട്ടോറിക്ഷയുടെ ഡ്രൈവർ. പുറംകാഴ്ചകളിൽ പലതും അദ്ദേഹം പരിചയപ്പെടുത്തി. പട്ടാളത്തിനെയും പൊലീസിനെയും കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു: ഞങ്ങൾ ഓരോ കശ്മീരിയുെടയും പിന്നിൽ 12 പട്ടാളവും പൊലീസുമുണ്ട്. അവരുടെ നിഴലിലാണ് ഞങ്ങളുടെ ജീവിതം. റോഡിലൊക്കെയും ശിയ മുസ്ലിംകളുടെ ആഘോഷം കഴിഞ്ഞതിെൻറ അവശേഷിപ്പുകൾ കൊടികളായും ബാനറുകളായും ഉയർന്നുനിൽക്കുന്നു.
മസ്ജിദ് കണ്ട് മടങ്ങുമ്പോൾ പോയ വഴികളിൽ കൂടുതൽ സൈനികരും വാഹനങ്ങളും എത്തിയിരുന്നു. പല റോഡുകളും മുള്ളുവേലികൊണ്ട് അടച്ച് വാഹനങ്ങൾ തിരിച്ചുവിടുന്നു. ടാക്സി കാറിെൻറ നിരക്കിൽ ഞങ്ങളെ ശ്രീനഗറിൽ എത്തിച്ച മിനി ബസ് ജീവനക്കാർ എന്തോ പ്രശ്നം ഉണ്ടെന്നും അതാണ് ഇത്രയും സൈനികരും െപാലീസെന്നും പറഞ്ഞു. ശ്രീനഗറിൽ ആ ബസ് യാത്ര അവസാനിപ്പിച്ച് ദാൽ തടാകത്തിെൻറ മറ്റൊരു ഭാഗത്തേക്ക് ഞങ്ങൾ നടന്നു. നഗരം കാണുന്നതിനൊപ്പം, കശ്മീരി രുചികൾ അറിയുകയെന്നതുകൂടിയുണ്ടായിരുന്നു ആ കാൽനടയാത്രക്ക് പിന്നിൽ.
കബാബുകളും ടിക്കയും കശ്മീരി വസ്വാനുമൊക്കെ റസ്റ്റാറൻറുകൾക്ക് പുറത്തൊരുക്കിയ പാചക പുരകൾ സഞ്ചാരികളെ മാത്രമല്ല കശ്മീരികളെയും കൊതിപ്പിച്ചുകൊണ്ടിരുന്നു. മട്ടനും ബീഫും ചിക്കനും പല രൂപത്തിൽ വെന്തുകൊണ്ടിരിക്കുന്നു. ശ്രീനഗറിലെ ഫുഡ് സ്ട്രീറ്റിലൂടെയുള്ള ആ നടത്തത്തിനിടയിലും സൈനികരും പൊലീസും ഉണ്ട് വഴികളിൽ. ദാൽ തടാകക്കരയിലാണ് ആ നടത്തം അവസാനിപ്പിച്ചത്. അസ്തമയം കഴിഞ്ഞിരുന്നു. ശിക്കാറുകൾ നിറഞ്ഞ ദാൽ തടാകത്തിെൻറ മറുകരയിൽ ബോട്ട് ഹൗസുകൾ. ഹൃദ്യമായ കാഴ്ച. എത്ര നീണ്ടാലും ആ തടാകവും ആ കാഴ്ചകളും നമ്മളെ മടുപ്പിക്കില്ല. സഞ്ചാരികൾക്ക് പുറമെ കശ്മീരികളുമുണ്ട് ആ തടാകക്കരയിൽ. ആ തടാകത്തിലാണ് ലോകത്തിലെ ഒഴുകുന്ന ഏക േഫ്ലാട്ടിങ് പോസ്റ്റ് ഓഫിസുള്ളത്. 200 വർഷം പിന്നിട്ട ആ പോസ്റ്റോഫിസിൽനിന്ന് ലോകത്തിെൻറ വിവിധ കോണുകളിലേക്ക് സഞ്ചാരികൾ പ്രണയലേഖനം അയക്കാറുണ്ട്. ശിക്കാരയിലാണ് പോസ്റ്റ്മാൻ കത്തുകളുമായി വീടുകളിലെത്തുന്നത്. മറ്റ് പോസ്റ്റോഫിസുകളിൽ പതിക്കുന്ന സീലുകൾക്ക് പകരം ശിക്കാരയും അത് തുഴഞ്ഞുപോകുന്ന വഞ്ചിക്കാരനുമുള്ള സീലുകളാണ് കത്തുകളിൽ പതിക്കുക.
പിറ്റേന്ന്, അതായത് സെപ്റ്റംബർ രണ്ടിന് അതിരാവിലെ സോനാമാർഗിലൂടെ സോജിലാ പാസ് വഴി കാർഗിലിലേക്ക് പോകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആറു മണിക്ക് കാർഗിലിലേക്ക് പോകാനുള്ള വാഹനം എത്താമെന്ന് ഏറ്റിട്ടുണ്ട്. കുറഞ്ഞ ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ കണ്ട് തീർക്കുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് 10.30ഒാടെ റൂമിലേക്ക് തിരികെ നടക്കാൻ തുടങ്ങി. റോഡുകൾ വിജനമായി കഴിഞ്ഞിരുന്നു. എന്നാലും പട്ടാള വാഹനങ്ങൾ സജീവമാണ്. ഒരാൾക്ക് തല മാത്രം പുറത്തിട്ട് നഗരം പൂർണമായും വീക്ഷിക്കാനാകുന്ന രൂപത്തിൽ സജ്ജമാക്കിയ പട്ടാള വാഹനങ്ങളാണ് ഏറെയും. ഭക്ഷണകടകൾ അടക്കം പലതും അടഞ്ഞുകഴിഞ്ഞിരുന്നു. പഴവും ആപ്പിളുമായി നിരത്തിലെത്തിയ ഒരു ഉന്തുവണ്ടിക്കാരൻ ഇനിയും പൂർണമായും അടയ്ക്കാത്ത കടയിൽനിന്ന് മിഠായികൾ വാങ്ങുന്നുണ്ടായിരുന്നു. ആ കടയിൽ നിന്ന് രണ്ട് കുപ്പിവെള്ളവും ഉന്തുവണ്ടിക്കാരനിൽനിന്ന് പഴങ്ങളും വാങ്ങി ഞങ്ങൾ റൂമിലേക്ക് നടന്നു. പോകാനുള്ള വഴിയും റൂട്ടുമൊക്കെ ഒന്നൂടെ നോക്കിയുറപ്പിച്ച ശേഷമാണ് ഉറങ്ങാൻ കിടന്നത്.
ഉറങ്ങി എണീറ്റപ്പോൾ കണ്ടത് മറ്റൊരു കശ്മീർ
കാർഗിലിലേക്ക് പുറപ്പെടാൻ ആറു മണിക്ക് മുന്നെ ഫ്രഷായി റിസപ്ഷനിലെത്തുേമ്പാഴേക്കും ഹോട്ടൽ മാനേജറും മെറ്റാരു ജീവനക്കാരനും അവിടെയുണ്ട്. കൈയിലുള്ള പോസ്റ്റ്പെയ്ഡ് സിം പ്രവർത്തിക്കുന്നില്ല, വിളിക്കാനോ ഇൻറർനെറ്റ് ഉപയോഗിക്കാനോ കഴിയുന്നില്ല. പുതിയ സിം ആയതുകൊണ്ട് എന്തെങ്കിലും സാങ്കേതിക തകരാറാണെന്ന് കരുതി. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ പാതിയുറക്കത്തിലെന്നപോലെയിരുന്ന ആ കശ്മീരീ മാനേജരോട് വൈഫൈ അന്വേഷിച്ചപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞത് ഇങ്ങനെയാണ്: ''ഫോൺ നെറ്റ് വർക്ക് പോയി. വിളിക്കാനോ ഇൻറർനെറ്റ് ഉപയോഗിക്കാനോ കഴിയുന്നില്ല. പുറത്ത് എന്തോ പ്രശ്നം ഉണ്ട്.'' ഒരു കാലി ചായ നൽകി ചൂട് പകർന്നാശ്വസിപ്പിച്ച് കാത്തിരിപ്പ് ആറേ മുക്കാൽ വരെ നീണ്ടു. പുറത്ത് എന്താണ് പ്രശ്നമെന്ന് അറിയാത്തതിലുള്ള ആശങ്ക. വാഹനം എത്താത്തതിലുള്ള മുഷിപ്പ്. ഇതിന് രണ്ടിനുമൊപ്പം പുലർച്ചെയുള്ള അരിച്ചിറങ്ങുന്ന തണുപ്പും.
ഉറങ്ങിയെണീറ്റ നാലു മണിക്കൂറിനുള്ളിൽ ആ ദേശം മറ്റൊന്നായി മാറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തുടങ്ങുകയായിരുന്നു ആ നിമിഷം മുതൽ. ആറേ മുക്കാലോടെ വാഹനമെത്തി. ഇന്നലെ കണ്ട കശ്മീരല്ല ഇനി നിങ്ങൾ കാണാൻ പോകുന്നതെന്ന ആദ്യവാർത്ത കശ്മീരിയായ ആ ഡ്രൈവറിൽനിന്നാണ് അറിഞ്ഞത്. കശ്മീരിലെ ഹുർറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി മരിച്ചു. റോഡ് നിറയെ പൊലീസും പട്ടാളവുമാണ്. റോഡുകൾ മിക്കതും അടച്ചുകഴിഞ്ഞു. 25 കിലോമീറ്റർ ചുറ്റിയാണ് എത്തിയതെന്നും ഞങ്ങളുടെ മുഖഭാവം മനസ്സിലാക്കി ആ മനുഷ്യൻ പറഞ്ഞു തീർത്തു.
ഞങ്ങൾ താമസിച്ച ഹോട്ടലിൽനിന്ന് പത്ത് കിലോമീറ്ററിനുള്ളിലാണ് ഗീലാനിയുടെ വസതി. അവിടെനിന്നാണ് കശ്മീർ പൊലീസ് അദ്ദേഹത്തിെൻറ മൃതദേഹം പിടിച്ചെടുത്തതും സംസ്കരിച്ചതും. ആ വാർത്തകൾ സെപ്റ്റംബർ രണ്ടിന് രാവിലെ ഇറങ്ങിയ മലയാള പത്രങ്ങളിലടക്കം അച്ചടിച്ചുവന്നിരുന്നു. എന്നാൽ കശ്മീരികളായ ഞങ്ങളുടെ ഹോട്ടൽ ജീവനക്കാരനടക്കം പലരും ആ വാർത്ത അറിഞ്ഞിരുന്നില്ല. ഗീലാനിയുടെ നില വഷളായെന്ന് അറിഞ്ഞ ഭരണകൂടത്തിെൻറ ഇടപെടലുകളുടെ ഭാഗമായിരുന്നു തലേന്ന് രാത്രി വൈകിയും തെരുവിൽ കണ്ട സൈനിക വാഹനങ്ങൾ. കശ്മീരിനെ വീണ്ടും അടച്ചുപൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അതെന്ന് മനസ്സിലാകുന്നത് പിന്നെയാണ്.
മുക്കാൽ മണിക്കൂർ നഷ്ടപ്പെട്ടതിെൻറ ചൂട് ഉള്ളിലൊതുക്കി ഞങ്ങൾ പുറപ്പെട്ടു. ഹോട്ടലിൽനിന്ന് 200 മീറ്റർ അകലെയാണ് പ്രധാന പാത. ആ പാതയിലേക്ക് കയറിയതോടെ കശ്മീർ പുതിയ അനുഭവമായി. പട്ടാളവും പൊലീസും മാത്രമുള്ള റോഡുകൾ മുള്ളുവേലികൾകൊണ്ടും, ബാരിക്കേഡുകളുംകൊണ്ട് അടച്ചിരിക്കുന്നു. വാഹനങ്ങൾ അപൂർവം. ഓടുകയാണോ നടക്കുകയാണോ എന്ന് മനസ്സിലാകാത്ത രീതിയിലാണ് കാൽനടയാത്രക്കാരുടെ വേഗം. വാഹനങ്ങൾ തടഞ്ഞുനിർത്തുന്നു, തിരിച്ചുവിടുകയും, വേറെ വഴി പോകാനും നിർദേശിക്കുന്നു. തോക്കുകളുമായെത്തിയ പല സൈനികരും ഡ്രൈവർമാരോട് കയർക്കുകയും ആക്രോശിക്കുകയും ചെയ്യുന്നു. ഭീതിപ്പെടുത്തുന്ന നിമിഷങ്ങൾ. യാത്ര മുടങ്ങുേമാ എന്നതിൽ മാത്രമൊതുങ്ങിയില്ല ആശങ്ക. പോയി നോക്കാമെന്ന് പറഞ്ഞപ്പോൾ ഡ്രൈവർ മറ്റൊരു വഴിയെ വാഹനവുമായി പുറപ്പെട്ടു. പലയിടങ്ങളിലും തടയലും ചോദ്യംചെയ്യലുകളും തുടർന്നു. ആദ്യം ഉശിരോടെ ഇറങ്ങിത്തിരിച്ച ഡ്രൈവർ ചിലയിടങ്ങളിൽ പട്ടാളത്തോടും പൊലീസിനോടും സംസാരിക്കാൻ ഞങ്ങളെ പറഞ്ഞുവിട്ടു. നിങ്ങൾ സംസാരിക്കൂ, ഇവിടെ ഞാൻ സംസാരിച്ചാൽ മുന്നോട്ട് വിടില്ല എന്ന് പറഞ്ഞതോടെ പലയിടങ്ങളിലും വാഹനത്തിൽ നിന്ന് ഇറങ്ങി സൈനികരോടും പൊലീസിനോടും സംസാരിച്ച്, ടൂറിസ്റ്റാണെന്ന് ബോധ്യപ്പെടുത്തേണ്ടി വന്നു. എന്നാലും പത്തും പതിനഞ്ചും മിനിറ്റ് അവിടെ തടഞ്ഞ് നിർത്തും.
ഓരോ പോയൻറിലും പൊലീസിെൻറയും പട്ടാളത്തിെൻറയും അംഗങ്ങൾ ഉണ്ട്. ചിലയിടങ്ങളിൽ പൊലീസ് പോകാൻ അനുവദിച്ചാൽ, സൈന്യം വിടില്ല. ചിലയിടങ്ങളിൽ തിരിച്ചും. പിന്നീട് രണ്ട് കൂട്ടരെയും ബോധ്യപ്പെടുത്തിയാൽ മാത്രമെ തുടർയാത്ര നടക്കുകയുള്ളൂ. ശ്രീനഗറിൽനിന്ന് കാർഗിലിലേക്ക് പോകുന്നതിനിടയിൽ 35 കിലോമീറ്റർ അകലെയുള്ള കംഗൻ (Kangan) പൊലീസ് സ്റ്റേഷൻ അതിർത്തി കടക്കുന്നതിനിടയിൽ 17 തവണയാണ് ഞങ്ങളുടെ വാഹനം തടഞ്ഞത്. രണ്ടര മണിക്കൂർകൊണ്ടാണ് ഈ ദൂരം ഞങ്ങൾ താണ്ടിയത്.
202 കിലോമീറ്ററാണ് കാർഗിലിലേക്കുള്ളത്. സോനാമാർഗ്, സോജില പാസ്, ദ്രാസ്, കാർഗിൽ വാർ മെമ്മോറിയൽ എന്നിവ പിന്നിട്ടാണ് ദേശീയപാതയിലൂടെ കാർഗിലിലെത്തിയത്. ആ യാത്രയിൽ ഭൂപ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ അറിയാനാകും. സോനാമാർഗിലെത്തുേമ്പാൾ ഒരു വശത്ത് ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന മലനിരകളും മറുവശത്ത് അരുവിയും. ഇതിനിടയിൽ ഒരു നൂൽ പോലെയാണ് റോഡ്. നാടോടികളും ചെമ്മരിയാടുകളുടെ കൂട്ടവും കുതിരകളും പച്ചപ്പണിഞ്ഞ മലനിരകൾക്കിടയിൽ പാറക്കെട്ടുകൾ മാത്രമുള്ള മലകളും അങ്ങനെ നീളും. പിന്നിടുന്ന ഓരോ ദൂരത്തിലും പുതിയ കാഴ്ചകളാണ് ആ മണ്ണും മലയുമൊക്കെ വിരുന്നൊരുക്കുക. വർഷത്തിൽ ആറു മാസത്തിലേറെ മഞ്ഞ് പുതച്ച് കിടക്കുന്ന താഴ്വര. ഇടക്കിടക്ക് ഇടതൂർന്ന പൈൻമരങ്ങൾ.
ശ്രീനഗറിൽനിന്ന് 99 കിലോമീറ്റർ അകലെയുള്ള സോജില പാസ് വഴിയാണ് കാർഗിലിലേക്ക് പോകേണ്ടത്. ബോർഡർ റോഡ്സ് ഓർഗനൈസേഷെൻറ കീഴിലാണ് കശ്മീർ താഴ്വരയെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന സോജില പാസ്. അവിസ്മരണീയമായ യാത്രാനുഭവമാണ് 11,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോജില സമ്മാനിക്കുക. ഏപ്രിൽ അവസാനത്തോടെ തുറക്കുന്ന സോജില നവംബറിലാണ് അടയ്ക്കുക. വർഷത്തിൽ ആറു മുതൽ ഏഴു മാസംവരെ മാത്രമെ ഈ പാതവഴി യാത്ര അനുവദിക്കുകയുള്ളൂ. വർഷം മുഴുവനും യാത്ര നടക്കാനായി ഹിമാലയത്തിലൂടെ ഇന്ത്യ പണിയുന്ന സോജില ടണലുകളുടെ പണി പുരോഗമിക്കുകയാണ്. മലതുരക്കലും പാറപൊട്ടിക്കലുമൊക്കെ തകൃതിയാണ്.
ലഡാക്കിെൻറ കവാടം എന്നറിയപ്പെടുന്ന ഭൂമികയാണ് ദ്രാസ്. പട്ടണവും അല്ല ഗ്രാമവും അല്ലാത്ത ഒരു ദേശം. മനുഷ്യവാസമുള്ള ലോകത്തിൽ ഏറ്റവും കൂടുതൽ തണുപ്പുള്ള രണ്ടാമത്തെ സ്ഥലമെന്നതാണ് ഈ നാടിെൻറ ഒരു മേൽവിലാസം. 1999ൽ കാർഗിൽ യുദ്ധകാലം മുതലാണ് ദ്രാസിനെ ലോകം കൂടുതലായി കേൾക്കാൻ തുടങ്ങിയത്. ലഡാക്കിനെ കശ്മീരുമായി ബന്ധിപ്പിക്കുന്ന ദേശീയപാത ഒന്നിലാണ് ഇൗ പട്ടണം നിലനിൽക്കുന്നത്. വർഷത്തിൽ ആറു മാസവും കൊടും ശൈത്യത്തിലായിരിക്കും ഇൗ ദേശം. മഞ്ഞിലൂടെ അരിച്ചിറങ്ങുന്ന വെയിൽചൂട് ആ മനുഷ്യരെ തൊടുന്നത് വർഷത്തിൽ ആറു മാസം മാത്രമാണ്.
ഇന്ത്യ- പാക് യുദ്ധത്തിൽ ജീവത്യാഗം ചെയ്ത സൈനികരുടെ ഓർമകളിൽ നിറഞ്ഞ് നിൽക്കുന്ന കാർഗിൽ യുദ്ധസ്മാരകവും കണ്ട്, ഒടുവിൽ കാർഗിൽ എത്തുമ്പോഴും അവിടെയും ബന്ദ്. പുറത്തിറങ്ങലിനു വിലക്ക്. സഞ്ചാരികളെന്ന ആനുകൂല്യം മാത്രമായിരുന്നു, ഞങ്ങളുടെ കാറിനു തെരുവിൽ ഇറങ്ങാനുള്ള അനുമതി. ഭക്ഷണം ഇല്ല, നെറ്റ്വർക്ക് ഇല്ല. ചുറ്റിനും എന്ത് സംഭവിക്കുന്നു എന്ന് പോലും അറിയാനാകാത്ത അവസ്ഥ. ഒരു ഹോട്ടലിൽ മുറിയെടുത്തതോടെ അവിടെ നിന്ന് ഭക്ഷണം കിട്ടി. അവർ കനിഞ്ഞ് നൽകിയ വൈഫൈ ആയിരുന്നു പുറംലോകവുമായുള്ള ബന്ധം. ഗീലാനിയുടെ മരണത്തെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനെന്ന പേരിലാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുന്നതെന്ന് അറിയുന്നത്.
ആറു മണിക്ക് ശേഷം മാത്രമെ യാത്ര അനുവദിക്കുകയുള്ളൂവെന്ന് നിർബന്ധം പിടിച്ച പട്ടാളം സോനാമാർഗിലേക്ക് പോകുന്നുവെന്ന് പറഞ്ഞതോടെയാണ് പുറത്തിറങ്ങാൻ അനുവദിച്ചത്. ഓരോ മണിക്കൂർ പിന്നിടുേമ്പാഴും തടങ്കലിലാകുന്ന അവസ്ഥയായിരുന്നു പിന്നീട്.
അവിടെനിന്ന് പുറത്തിറങ്ങാൻ പറ്റിയപ്പോൾ ഞങ്ങൾ പത്തു കിലോമീറ്റർ അകലെയുള്ള ഹണ്ടർമാൻ വില്ലേജിലേക്ക് പുറപ്പെട്ടു. പാറക്കൂട്ടങ്ങളാൽ വരണ്ടുണങ്ങിേപ്പായ മലനിരകൾക്കിടയിൽ ദ്രാസ് നദിയുടെ അരികിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം. വരണ്ടുണങ്ങിയ മലനിരകൾക്കിടയിൽ പാറക്കല്ലുകൾകൊണ്ടു കെട്ടിപ്പൊക്കിയതിന് സമാനമായ പത്തോളം വീടുകൾ ഉള്ള ഒരു ഗ്രാമം. 1971 വരെ പാക് അധീനതയിലായിരുന്നു ഈ ഗ്രാമം. 71ലെ ഇന്ത്യ - പാക് യുദ്ധത്തിലാണ് ഇൗ ഗ്രാമം ഇന്ത്യ തിരിച്ചുപിടിക്കുന്നത്. അവിടെ താമസിച്ചിരുന്ന പലരും ഇപ്പോൾ അതിന് മുകളിലെ പുതിയ ഗ്രാമത്തിലാണ് താമസിക്കുന്നത്. അവിടെ തകരഷീറ്റും ചിനാർ മരത്തിെൻറ തടിയിലും തീർത്തൊരു കടയുണ്ട്. അതിൽ INDIA-PAK BORDER SHOP എന്ന് എഴുതിയിരിക്കുന്നു. പാകിസ്താനിലെ അവസാനത്തെ ഗ്രാമം ഇവിടെനിന്നാൽ അങ്ങ് അകലെ കാണാം.
ആറരയോടെ അവിടെനിന്ന് മടങ്ങി കാർഗിലിെലത്തിയപ്പോഴും പട്ടാളവും പൊലീസും അവിടെത്തന്നെയുണ്ട്. തണുത്ത കാറ്റ് അരിച്ചിറങ്ങുന്ന ആ താഴ്വരയിലാണ് രണ്ടാം ദിനമുറങ്ങിയത്. വരിഞ്ഞു മുറുകിയ കാർഗിലിൽ നിന്ന് പ്ലാനുകളൊക്കെ മാറ്റി പിറ്റേന്ന് രാവിലെ ശ്രീനഗറിലേക്ക് മടങ്ങി.
ജീവിതം തിരുത്തിയെഴുതിയ പകൽ
കാർഗിലിൽനിന്ന് പിറ്റേന്ന് അതായത് വെള്ളിയാഴ്ച സോനാമാർഗ് വഴി ശ്രീനഗറിലേക്കുള്ള യാത്ര ആയിരുന്നു കശ്മീർ ജീവിതം തിരുത്തി എഴുതിയത്. കാർഗിലിൽനിന്ന് പുറപ്പെട്ട ഞങ്ങളെ സോജില പാസിൽ റോഡ് പണി നടക്കുന്നുവെന്ന് പറഞ്ഞ് ഒരു മണിക്കൂർ തടഞ്ഞിട്ടു. നൂറുകണക്കിന് ട്രക്കുകളാണ് അവിടെ യാത്ര അവസാനിപ്പിച്ചത്. അവിടെ ആകെയുള്ള ഒരു പെട്ടിക്കടയിൽ ഞങ്ങൾ ചെല്ലുേമ്പാൾ അവശേഷിക്കുന്നത് ഒരു ലിറ്ററിെൻറ അഞ്ചോ ആറോ കുപ്പിവെള്ളവും കുറച്ച് നൂഡിൽസും മാത്രമാണ്. ലോറിയിലെ ജീവനക്കാർ ഓരോ ചെറുസംഘങ്ങളായി ഭക്ഷണം പാകം ചെയ്യാനുള്ള ഒരുക്കം ആരംഭിച്ചു. പൊലീസിനോടും പട്ടാളത്തിനോടും കുറെയധികം സംസാരിച്ചതിനൊടുവിൽ ഒരു മണിക്കൂറിന് ശേഷം അവിടെനിന്ന് പുറപ്പെടാൻ അനുമതി കിട്ടി. ഉച്ചക്ക് ഒരുമണിയോടെയാണ് സോനാമാർഗിൽ എത്തിയത്.
അവിടെ സി.ആർ.പി.എഫും പൊലീസും മുള്ളുവേലികൊണ്ട് റോഡ് അടച്ചിരിക്കുന്നു. ശ്രീനഗറിലേക്കുള്ള വാഹനങ്ങൾ തടഞ്ഞിരിക്കുന്നു. എപ്പോൾ വിടുമെന്നോ എങ്ങനെ പോകാൻ പറ്റുമെന്നോ പറയാൻപോലും ആരും തയാറാകുന്നില്ല. അൽപം കാത്തുനിന്നാൽ വിടുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. ഞങ്ങൾ മാത്രമല്ല, സോജിലാപാസിൽ കുടുങ്ങിയേപ്പാൾ പരിചയപ്പെട്ട മറ്റ് വാഹനങ്ങളിലെ യാത്രക്കാരും. ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും വന്ന് സംസാരിക്കാമെന്ന പ്രതീക്ഷയിൽ സോനാമാർഗിലെ റസ്റ്റാറൻറിൽനിന്ന് കശ്മീരി വിഭവമായ വസ്വാൻ കഴിച്ചു. ഏഴു രുചികളിൽ വസ്വാനുണ്ടെങ്കിലും അവിടെ മൂന്ന് തരമെയുള്ളൂ. ഞങ്ങൾക്ക് മുന്നെ അവിടെ ഭക്ഷണം കഴിക്കാനെത്തിയത് ഒരു മലയാളികുടുംബമായിരുന്നു. ഞങ്ങളെ പോലെ അവരും അവിടെ കുടുങ്ങിയതാണ്. ഭക്ഷണത്തിന് ശേഷം ചെക് പോസ്റ്റിലെത്തുേമ്പാൾ സാഹചര്യങ്ങൾക്ക് ഒരു മാറ്റവുമില്ല. ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ ശ്രീനഗറിലേക്ക് ആരെയും വിടുന്നില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചു. പൊലീസുകാരനോട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചവരോട് യന്ത്രത്തോക്കുകളുമായി വന്ന സൈനികരാണ് മറുപടി നൽകിയത്. അവിടത്തെ പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും കൃത്യമായ മറുപടിയില്ല. മേൽ ഉദ്യോഗസ്ഥൻ പുറത്തുപോയിരിക്കുകയാണ്, അദ്ദേഹം തിരികെ വരുേമ്പാൾ അന്വേഷിക്കൂ എന്ന മറുപടി. മൂന്ന് തവണ ആ സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും ഒരു പ്രതികരണവുമില്ല. നാട്ടുകാരിൽനിന്നാണ് കാര്യങ്ങൾക്ക് അൽപമെങ്കിലും വ്യക്തത വന്നത്. ശ്രീനഗറിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇവിടെനിന്ന് ആരെയും വിടുന്നില്ലപോലും. കാർഗിലിലേക്ക് തിരികെ പോകാനും ശ്രീനഗറിലേക്ക് പോകാനും പറ്റാത്ത അവസ്ഥ. ഒരു തരത്തിൽ പറഞ്ഞാൽ തടങ്കലിന് സമാനം.
നെറ്റ്വർക്കുകളില്ലാത്തത് മറ്റൊരു പ്രതിസന്ധിയായി. വൈകുന്നേരം ഏഴു മണിയോടെ ഔദ്യോഗികമായി ഒരു അറിയിപ്പ് ലഭിച്ചു. പുലർച്ചെ മൂന്നരക്ക് സൈനിക -പൊലീസ് വാഹനങ്ങളുടെ അകമ്പടിയിൽ ശ്രീനഗറിൽ എത്തിക്കും. തുടർന്ന് അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്ത് തങ്ങി. വീട്ട് തടങ്കലിെൻറ മറ്റൊരു രൂപം അനുഭവിക്കുകയായിരുന്നു അവിടെ ഞങ്ങൾ. വെള്ളിയാഴ്ച പ്രാർഥനക്ക് ജനം സംഘടിക്കാൻ സാധ്യതയുള്ളതിനാലാണ് സഞ്ചാരവിലക്ക് ഏർപ്പെടുത്തിയതെന്ന് പിന്നീട് അറിഞ്ഞു. വിവരങ്ങൾ അറിയാനുള്ള മറ്റ് സംവിധാനങ്ങളൊന്നുമില്ല. സോനാമാർഗിൽ കുടുങ്ങിയ മലയാളികളെ കണ്ടപ്പോൾ അവർക്കും പറയാനുള്ളത് ആശങ്കയുടെ വർത്തമാനങ്ങൾ. തിരികെ എന്ന് നാട്ടിലെത്താൻ പറ്റുമെന്ന ഭീതി ചിലരുടെയെങ്കിലും വാക്കുകളിലുണ്ടായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുേമ്പാൾ നഗരം ഇരുട്ടിലാണ്. തെരുവുവിളക്കുകൾ ഒന്നും തെളിഞ്ഞിട്ടില്ല. താൽക്കാലിക പട്ടാള ക്യാമ്പുകളിൽനിന്ന് ഇടക്കിടക്ക് വിസിൽ മുഴങ്ങും. ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്ന സൂചന ആ വിസിലുകളിലുള്ളതായി തോന്നി.
ഹോട്ടലിൽനിന്നുള്ള വൈഫൈ മാത്രമായിരുന്നു ഏക ആശ്രയം. അരക്ഷിതാവസ്ഥയും ആശങ്കയും നിറഞ്ഞ രാത്രികൾക്കൊടുവിൽ പുലർച്ചെ മൂന്നു മണിക്ക് റോഡിലെത്തുേമ്പാൾ നിരനിരയായി വാഹനങ്ങൾ ശ്രീനഗറിലേക്ക് പോകാൻ അവസരം കാത്തുകിടക്കുന്നു. ഇടക്കിടക്ക് സൈറൺ മുഴക്കി പൊലീസ് - പട്ടാള വാഹനങ്ങൾ റോന്തുചുറ്റുന്നു. 15 മണിക്കൂറിലെ തടങ്കലിൽ നിർത്തിയ പൊലീസും പട്ടാളവും പുലർച്ചെ അഞ്ചരയോടെയാണ് യാത്രാനുമതി നൽകിയത്.
രണ്ട് രാപ്പകലുകൾക്ക് ശേഷം തിരികെ ശ്രീനഗറിെലത്തുേമ്പാഴും അവസ്ഥകൾക്ക് മാറ്റമില്ല. പട്ടാളവും പൊലീസും അവിടെതന്നെയുണ്ട്. നെറ്റ് വർക്കുകൾ തിരിച്ചുവന്നിട്ടില്ല. അവിടെനിന്ന് പഹൽഗാമിലേക്ക് പോയ ഞങ്ങൾ തിരിെക വീണ്ടും ശ്രീനഗറിലെത്തി. ദാൽ തടാകത്തിലെ ബോട്ട് ഹൗസിലാണ് അന്ന് താമസിച്ചത്. സഞ്ചാരികൾ താമസിക്കുന്ന ബോട്ട് ഹൗസുകളുടെ വൈദ്യുതി രാത്രിയോടെ മുടങ്ങി, നേരം വെളുത്തിട്ടും ആ ഇരുട്ടിന് മാറ്റമില്ല. ശിക്കാർ വള്ളത്തിൽ േഫ്ലാട്ടിങ് മാർക്കറ്റുമൊക്കെ കണ്ടുമടങ്ങുേമ്പാഴും ആദ്യ ദിനം കണ്ട ഉണർവിലേക്ക് ശ്രീനഗർ തിരികെയെത്തിയിട്ടില്ലായിരുന്നു.
ആ പകൽ ഞങ്ങൾ ജാമിഅ മസ്ജിദിലേക്കാണ് പോയത്. പൂർണമായും അടച്ചിട്ടിരിക്കുകയാണ് മസ്ജിദ്. ചുറ്റുമുള്ള കടകൾക്കും വിലക്കുകൾ ഉണ്ട്. പൊലീസ് - പട്ടാള നടപടികളിൽ പ്രതിഷേധിച്ച് കടകളുടെ ഷട്ടറുകളിലും സൈൻ ബോർഡുകളിലും സ്പ്രേ പെയിൻറുകൾകൊണ്ടെഴുതിയ പ്രതിഷേധ എഴുത്തുകൾ വായിക്കാനാകാത്ത രീതിയിൽ വീണ്ടും പെയിൻറ് ചെയ്ത് മായ്ച്ചിരിക്കുകയാണ് പട്ടാളം. പള്ളിയുടെ മതിൽക്കെട്ടിലെ കമ്പിവേലികൾക്കുള്ളിലൂടെ പ്രാവുകൾക്ക് ഭക്ഷണം നൽകുകയാണ് ഒരു സ്ത്രീ. ഇടക്കിടക്ക് ആ പ്രാവുകൾ ചിറകടിച്ച് ഉയർന്നു പറക്കുന്നു. കടകൾ അടഞ്ഞുകിടക്കുന്നു. ഞങ്ങളെ കൂടാതെ മൂന്നോ നാലോ പേർ മാത്രമാണ് ആ വലിയ തെരുവിലുള്ളത്. പെട്ടെന്നാണ് അവിേടക്ക് ഒരു പട്ടാളവാഹനം ഇരച്ചുവന്നുനിന്നത്. പ്രാവുകൾ പറന്നുയർന്നു. യന്ത്രത്തോക്കുകളുമായി മൂന്നു പേർ ചാടിയിറങ്ങി. എവിടെനിന്നാണെന്ന ചോദ്യത്തിന് കേരളത്തിൽനിന്നാണെന്നുള്ള മറുപടി തീരും മുന്നെ ഇവിടെയെങ്ങും ആരെയും കണ്ടുപോകരുത് എന്ന് ആേക്രാശിച്ചു. പിന്നീട് കശ്മീരിയായ ടാക്സി ഡ്രൈവറിന് നേരെ തിരിഞ്ഞു. അയാളോട് രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരണം. ഒരു തവണ അദ്ദേഹം ഒന്നു പതറിയെങ്കിലും കൂസാതെ വണ്ടിയെടുത്തു മാറ്റിയിട്ടു.
ആറാം തീയതി അവിടെനിന്ന് മടങ്ങുേമ്പാഴും അടച്ച റോഡുകൾ പലതും തുറന്നിട്ടില്ല. ഗീലാനിയുടെ മരണവാർത്തയറിഞ്ഞതു മുതൽ കശ്മീരിൽ വിച്ഛേദിച്ച ഇൻറർനെറ്റും മൊബൈൽ ഫോൺ സർവിസും പുനഃസ്ഥാപിച്ചിട്ടില്ല. അതിനിടയിൽ ഞങ്ങളുടെ മടക്കവിമാനം റദ്ദാക്കിയിരുന്നു. പുതിയ ഷെഡ്യൂളിൽ വന്ന വിമാനം ജമ്മുവിൽ ഇറങ്ങുന്നുവെന്നതായിരുന്നു മാറ്റം. തിരികെ മടങ്ങാനായി ശ്രീനഗർ എയർപോർട്ട് കവാടത്തിൽ എത്തുേമ്പാൾ തന്നെ ബാഗേജുകളടക്കം വലിയ പരിശോധനക്ക് വിധേയമായി. അതിനിടയിൽ ഭീതിപ്പെടുത്തുന്ന ശബ്ദത്തിൽ മൂന്ന് യുദ്ധവിമാനങ്ങളാണ് ആ എയർപോർട്ടിനു മുകളിലൂടെ തൊട്ടടുത്ത മിലിട്ടറി ക്യാമ്പിൽ പറന്നിറങ്ങിയത്.
ശ്രീനഗറിൽനിന്ന് 40 മിനിട്ട് ആകാശദൂരമുള്ള ജമ്മുവിൽ ഇറങ്ങുേമ്പാൾ ഞങ്ങളുടെ പോസ്റ്റ് പെയ്ഡ് സിമ്മുകളുടെ നെറ്റ്വർക്കുകൾക്ക് ജീവൻവെച്ചുതുടങ്ങി. എന്നുമാത്രമല്ല, ശ്രീനഗറിൽ നിരോധിച്ച ഇൻറർനെറ്റും ജമ്മുവിൽ കിട്ടുന്നുണ്ടായിരുന്നു. ഡൽഹി വഴി കൊച്ചിയിലെത്തുേമ്പാൾ മനസ്സിൽ ഉയർന്ന ചോദ്യമിതായിരുന്നു: ആകാശവും മണ്ണുമൊക്കെ പുറംകാഴ്ചയിൽ മനോഹരമാണ്. മനുഷ്യരും സൗന്ദര്യമുള്ളവരാണ്. പക്ഷേ എന്തുകൊണ്ടാണ് അവർ അധികം ചിരിക്കാത്തത്. ചിരി മറന്നുപോകുന്ന, ചിരി വിടരാൻ മടിക്കുന്ന ആ മുഖത്ത് നോക്കി ഇവിടെ സ്വർഗമാണ് എന്ന് എങ്ങനെ പറയാനാകും.