എന്താണ് ഇനി സബർമതിക്ക് സംഭവിക്കുക?; ഗുജറാത്ത് സര്‍ക്കാര്‍ ഏറ്റെടുക്കലിെൻറ ലക്ഷ്യം?
എഴുപത്തിനാല് വര്‍ഷം മുമ്പാണ് ഗാന്ധിയെ ഹിന്ദുത്വതീവ്രവാദികൾ വെടിവെച്ചുകൊന്നത്. അവിടുന്നിങ്ങോട്ട് അദ്ദേഹം നിലകൊണ്ട ആശയങ്ങള്‍ക്കുനേരെ അക്കൂട്ടര്‍ കത്തിയും ബോംബുമെറിഞ്ഞു. ഏഴു വര്‍ഷംമുമ്പ് ഇന്ത്യന്‍ ജനാധിപത്യചരിത്രത്തില്‍ ഒരു കറുത്ത അധ്യായത്തിെൻറ തുടക്കം എഴുതിചേര്ക്കപ്പെട്ടപ്പോള് മുതല്‍ ഗാന്ധിയെന്ന രാഷ്ട്രനിര്‍മിതിയുടെ പിതാവിനെ അവര്‍ അരികുവത്കരിച്ചുകൊണ്ടേയിരിക്കുന്നു. പാഠപുസ്തകങ്ങളില്‍നിന്ന് പുറത്താക്കിയും സ്വാതന്ത്ര്യസമരത്തെ വളച്ചൊടിച്ചും ദേശം വെടിപ്പാക്കാന്‍ ആഹ്വാനം ചെയ്ത ഉദ്യമത്തിലേക്ക് മാത്രം ആ ആശയങ്ങളെ ഒതുക്കിയും അവര്‍ പകരംവീട്ടല്‍ തുടര്‍ന്നു. ഗാന്ധി മരിച്ചതോ ആത്മഹത്യചെയ്തതോ അല്ല കൊല്ലപ്പെട്ടതാണെന്ന് ഒരുകൂട്ടം ജനത നിസ്സഹായരായി ഉറക്കെ പറയേണ്ടിവന്നു. എല്ലാവരുടേതുമാണ് രാഷ്ട്രമെന്ന സങ്കല്പത്തില്നിന്ന് ആരുടേതാണെന്ന ചോദ്യത്തിലേക്കും ഞങ്ങളുടേത് മാത്രമാണെന്ന തീര്‍പ്പിലും അവര്‍ കൊണ്ടുനിര്‍ത്തി. അതിെൻറ തുടര്‍ച്ചയിലാണ് ഗാന്ധിയുടെ സബര്‍മതി ആശ്രമത്തെയും അവര്‍ വില്‍ക്കുന്നത്. എല്ലാം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന പുതിയ ഇന്ത്യന്‍ നയത്തില്‍ ഏറ്റവും വിപണിമൂല്യമുള്ള വസ്തുവായി ഗാന്ധിയെയും അവര്‍ ഏറ്റെടുത്തിരിക്കുന്നു. ലോകത്തിന് ഇന്ത്യയുടെ മുഖം എക്കാലവും ഗാന്ധിയായതിനാല്‍ സകലതിനെയും വെള്ളപൂശാനുള്ള ശ്രമത്തിെൻറ ഭാഗംതന്നെയാണിത്.
കേന്ദ്രസര്‍ക്കാറിെൻറ ആശീര്‍വാദത്തോടെ ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ 1200 കോടി രൂപയുടെ പദ്ധതിയാണ് സബര്‍മതി ആശ്രമത്തെ 'ലോകോത്തര നിലവാര'മുള്ള സ്മാരകമായി ഉയര്‍ത്താന്‍ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി നേരിട്ട് വിലയിരുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും ചേര്‍ന്നാണ്. 2019 മാര്‍ച്ച് അഞ്ചിന് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിലൂടെയാണ് സബര്‍മതി ആശ്രമത്തെ അടിമുടി മാറ്റുന്ന പുതിയ പദ്ധതിയെകുറിച്ച് പുറംലോകമറിയുന്നത്. Gandhi Ashram Memorial and Precinct Development Project എന്ന സബര്‍മതി ആശ്രമത്തിെൻറ പുനര്‍വികസന പദ്ധതി അതിെൻറ എല്ലാ സ്വാഭാവികതകള്‍ക്കും ചരിത്രത്തിനും വിള്ളലേല്‍പ്പിക്കുമെന്നാണ് ഇപ്പോഴുയരുന്ന ആശങ്ക.
ഇത്തവണ സബര്മതിയിലെത്തിയപ്പോള് ആദ്യം തോന്നിയതും ഇത് തന്നെയായിരുന്നു, എത്രകാലം ഈ ആശ്രമം ഇതുപോലെ നിലനില്‍ക്കുമെന്നത്. നാലുവര്‍ഷം മുമ്പ് കണ്ടതില്‍നിന്ന് ഇത്തവണ മാറ്റങ്ങളൊന്നും കാണാനില്ല. ഇനിയൊരു വരവില്‍ കാര്യങ്ങള്‍ അങ്ങനാവണമെന്നില്ല. പുറത്ത് കാവല്ക്കാരുണ്ടാകാം, കര്‍ശന പരിശോധനയുണ്ടാവാം, പ്രവേശനത്തിന് പണം ഈടാക്കാം, നിലവിലുള്ള സ്മാരകങ്ങള്‍ക്ക് രൂപമാറ്റം വരാം (സ്മാരകങ്ങളേ ഉണ്ടായില്ലെന്നും വരാം..!), ഗാന്ധിസത്തെ വെല്ലുവിളിക്കുന്ന നിര്മിതികളുയരാം. ചുരുക്കി പറഞ്ഞാല്‍ ഈ സബര്മതിയേ അല്ലാതാവാം. പദ്ധതിയനുസരിച്ച് വരാന്‍ പോകുന്നത് അത്ര വലിയ മാറ്റങ്ങളാണ്.
ആശ്രമത്തിലെ പഴയ കെട്ടിടങ്ങള്‍ നവീകരിക്കുന്നതിനൊപ്പം പുതിയ സമുച്ചയങ്ങള്‍ ഉയര്‍ത്താനുമാണ് തീരുമാനം. മ്യൂസിയം, ഫുഡ് കോര്‍ട്ട്, മ്യൂസിയം കടകള്‍, 200 കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം, ജയ് ജഗത് ആംഫിതിയറ്റര്‍ നവീകരണം. കൂടാതെ അഹ്മദാബാദിലെ ഇന്‍കം ടാക്സ് ജങ്ഷനിലുള്ള പ്രശസ്ത ശില്പി കാന്തി പട്ടേല്‍ നിര്‍മിച്ച ഗാന്ധിപ്രതിമ ആശ്രമത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതും പദ്ധതിയിലുള്‍പ്പെടുന്നു. അഹ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.സി.പി ഡിസൈന്‍, പ്ലാനിങ് ആന്‍ഡ് മാനേജ്മെൻറ് എന്ന സ്ഥാപനത്തിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. കേന്ദ്രസര്‍ക്കാറിെൻറ സെന്‍ട്രല്‍ വിസ്ത, കാശി വിശ്വനാഥ് കോറിഡോര്‍ പദ്ധതി എന്നിവയില്‍ പങ്കാളിത്തമുള്ള ബിമല്‍ പട്ടേലിേൻറതാണ് ഈ കമ്പനി. അതില്‍നിന്നുതന്നെ ഇതിലെ താല്പര്യങ്ങളും രാഷ്ട്രീയവും വ്യക്തം.
നിലവില്‍ ആശ്രമത്തിെൻറ പരിസരത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. പതിവുപോലെ നിശ്ശബ്ദമാണ് അന്തരീക്ഷം. കോവിഡ് കാലമായതിനാലാവാം സന്ദര്‍ശകര്‍ കുറവുണ്ട്. ഉള്ളവര്‍ തന്നെ ആരുടെയും നിയന്ത്രണമില്ലാതെതന്നെ അച്ചടക്കം പാലിക്കുന്നു. പലതരം കിളികളും എണ്ണി തീരാത്തവിധം അണ്ണാരക്കണ്ണന്മാരും മാത്രമാണ് ശബ്ദമുണ്ടാക്കുന്നത്. അത് ആശ്രമത്തിെൻറ പശ്ചാത്തലസംഗീതമാണ്, ആവാസവ്യവസ്ഥയും. 'ലോകനിലവാര'ത്തിലേക്ക് പരിവര്‍ത്തിക്കുമ്പോള്‍ ഇല്ലാതാവുന്നത് ഇതൊക്കെ കൂടിയാവും. 54 ഏക്കര്‍ വിസ്തൃതിയില്‍ സ്മാരകസമുച്ചയം ഉയരുന്നമുറയ്ക്ക് ഗാന്ധിയും ഗാന്ധിയന്‍ ആദര്‍ശങ്ങളും കുടിയൊഴിക്കപ്പെടുമെന്ന് ഏറക്കുറെ ഉറപ്പാണ്.
1918ലാണ് ഗാന്ധി ഭാര്യ കസ്തൂര്ബക്കൊപ്പം സബര്‍മതി നദിയുടെ തീരത്തുള്ള ഈ ആശ്രമത്തിലേക്കെത്തുന്നത്. പിന്നീട് 1930 വരെ ഇവിടമായിരുന്നു കര്‍മമണ്ഡലം. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്കിയതും തെൻറ ആശയപ്രചാരണങ്ങള്‍ വ്യാപിപ്പിച്ചതുമൊക്കെ ഇവിടെവെച്ചായിരുന്നു. അന്ന് ഗാന്ധി താമസിച്ചിരുന്ന വീടായ ഹൃദയ്കുഞ്ജ്, വിനോബാ ഭാവേ താമസിച്ചിരുന്ന വിനോബാ-മീരാ കുടീരം, മഗന്‍ലാല്‍ ഗാന്ധി താമസിച്ചിരുന്ന മഗന് നിവാസ്, നന്ദിനി അതിഥിമന്ദിരം, ഉദ്യോഗ് മന്ദിര്‍, ഉപാസനാ മന്ദിര്‍, ഗാന്ധി സ്മാരക മ്യൂസിയം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഇന്നത്തെ സബര്‍മതി ആശ്രമം. സബര്‍മതി ആശ്രമ് പ്രസര്‍വേഷന്‍ മെമ്മോറിയല്‍ ട്രസ്റ്റിെൻറ ഉടമസ്ഥതയിലാണ് നിലവില്‍ ആശ്രമമുള്ളത്.
ഈ ട്രസ്റ്റ് കൂടാതെ സബര്‍മതി ആശ്രമ് ഗോശാല ട്രസ്റ്റ്, ഹരിജന്‍ സേവക് സംഘ്, ഖാദി ഗ്രാമോദ്യക് പ്രയോഗ് സമിതി, ഹരിജന്‍ ആശ്രമ് ട്രസ്റ്റ് എന്നിവയുടെകൂടെ ഉടമസ്ഥതയിലാണ് ആകെ ഭൂമി.
ആശ്രമത്തിെൻറ ചുറ്റുപാടില്‍ കഴിയുന്ന കുറച്ച് ദലിത് കുടുംബങ്ങള്‍ക്കും ഈ ഭൂമിയില്‍ അവകാശമുണ്ട്. പദ്ധതിയുടെ ആരംഭഘട്ടത്തില്‍ ഇവര്‍ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ നിലവില്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി സമരത്തിെൻറ നേതൃത്വനിരയിലുണ്ടായിരുന്ന ഹേമന്ത് ഭായ് എസ്. ചൗഹാന് പറയുന്നു. ഒരു കുടുംബത്തിന് പുതിയ ഭൂമി കണ്ടെത്തുന്നതിനും വീട് വെക്കാനുമായി 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി വരുന്നതോടെ ആശ്രമത്തിെൻറ മുഖച്ഛായ തന്നെ മാറും. വലിയ വികസനമാണ് ആശ്രമത്തിനുണ്ടാകാന് പോകുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വികസനത്തിനായി കുടിയൊഴിപ്പിക്കുന്നതിെൻറയും നഷ്ടപരിഹാരം നല്കുന്നതിെൻറയും കാര്യം പറഞ്ഞപ്പോള്‍ ആശ്രമത്തിനരികെയുള്ള സബര്‍മതി നദിയുടെ തീരത്തുണ്ടാക്കിയ റിവര്‍ഫ്രണ്ട് പാര്‍ക്കിെൻറ വസ്തുതയോര്‍ത്തു. നദീതീരത്ത് താമസിച്ചിരുന്ന പതിനായിരക്കണക്കിന് ആളുകളെയാണ് ഏഷ്യയിലെ ഏറ്റവും വലിയ റിവര്‍ഫ്രണ്ട് പാര്‍ക്കിെൻറ നിര്‍മാണത്തിനായി ഒഴിപ്പിച്ചത്. 1400 കോടി രൂപയുടെ ആ പദ്ധതിയില്‍ കുടിയൊഴിക്കപ്പെട്ടവരുടെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് എത്ര ചെലവഴിച്ചുവെന്നതിെൻറ കണക്കുകള്‍ സബര്‍മതിയില്‍ തന്നെ ഒഴുകിപ്പോയിരിക്കാം.
'ലോകനിലവാര'മുള്ള പദ്ധതി ഏറ്റവുമധികം ബാധിക്കുക ഗാന്ധിയുടെ വീടായ ഹൃദയ്കുഞ്ജിനെയായിരിക്കാമെന്ന് പൗരാവകാശപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. ഗാന്ധിയുടെ ജീവിതത്തില്‍ സുപ്രധാന പങ്കുള്ള ഇടമാണ് ഈ ഗൃഹം. തെൻറ ആത്മകഥയായ 'എെൻറ സത്യാന്വേഷണ പരീക്ഷണകഥകള്‍' 1920കളില്‍ അദ്ദേഹം എഴുതാനാരംഭിച്ചത് ഇവിടെവെച്ചാണ്. 1930ല്‍ ബ്രിട്ടീഷ് ഭരണകൂടത്തിെൻറ ഉപ്പുനിയമത്തിനെതിരെ ദണ്ഡിയിലേക്ക് തെൻറ 78 അംഗ സംഘത്തോടൊപ്പം യാത്രതിരിച്ചതും ഇവിടെനിന്നായിരുന്നു. പിന്നീട് അദ്ദേഹം ഇങ്ങോട്ടേക്ക് തിരിച്ചെത്തി ആശ്രമജീവിതം നയിച്ചിട്ടില്ല.
ഹൃദയ്കുഞ്ജ് ഇപ്പോഴും ഇവിടെ തലയുയര്‍ത്തി നില്ക്കുന്നു. നീളന്‍ വരാന്ത, ഗാന്ധി സന്ദര്‍ശകരെ കണ്ട മുറി, കസ്തൂര്‍ബയുടെ മുറി, അതിഥികള്‍ക്കുള്ള മുറി, അടുക്കള, കൊച്ചു നടുമുറ്റം തുടങ്ങിയവയൊക്കെ ചേര്‍ന്നതാണ് ഈ വീട്. ഗാന്ധി ഉപയോഗിച്ചിരുന്ന ഒട്ടുമിക്ക വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
ആ വീടിനെപറ്റിയും ബാപ്പുവിനെ പറ്റിയും കൂടുതല്‍ അറിയണമെന്നുള്ളവര്‍ക്ക് വഴികാട്ടിയായി അവിടെ പ്രതിഭാ ബെന്‍ ഉണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷമായി പതിവുതെറ്റിക്കാതെ അവര്‍ തെൻറ ഇരിപ്പിടത്തിലെത്തുന്നു. ബാപ്പുവിനെ പറ്റി അറിയേണ്ടവര്‍ക്ക് അവര്‍ക്കരികിലേക്ക് ഹൃദ്യമായ സ്വാഗതം. ഒരു ചര്‍ക്കക്ക് മുന്നില്‍ അവരുണ്ടാകും. ആ ചര്‍ക്ക അവിടെയെത്തുന്നവര്‍ക്കും ഉപയോഗിച്ചുനോക്കാം. കോവിഡ് മാനദണ്ഡങ്ങളുള്ളതിനാല്‍ ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് അതിന് അനുമതിയില്ല. വരാന്തയില്‍നിന്ന് വീടിനുള്ളിലേക്ക് മാറ്റിവെച്ച ചര്‍ക്ക അവര്‍ കാണിച്ചുതന്നു. ഈ ചര്‍ക്കയാണ് ലോകനേതാക്കള്‍ വരുമ്പോള്‍ ചിത്രങ്ങളില്‍ വരാറ്. മുന്‍ അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് വന്നപ്പോഴും ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വന്നപ്പോഴും മുന്‍ ചൈനീസ് പ്രസിഡൻറ് ഷീ ജിന്‍പിങ് വന്നപ്പോഴുമൊക്കെ അവര്‍ നൂല്‍നൂറ്റ് നോക്കിയത് ഇതിലാണ്. ഗാന്ധിയെ വെടിവെച്ചുകൊന്നത് നാഥുറാം വിനായക് ഗോദ്സെ എന്ന ഹിന്ദുത്വ തീവ്രവാദിയാണെന്നും അയാള്‍ ആര്.എസ്.എസ് എന്ന സംഘടനയുടെ പ്രവര്‍ത്തകനായിരുന്നുവെന്നും വിശ്വസിക്കുന്ന കുറച്ചുപേരെങ്കിലും അവശേഷിക്കുന്ന ഈ രാജ്യത്ത് ആ ലോകനേതാക്കള്‍ക്കൊപ്പം ഫ്രെയിമുകളില്‍ നിറഞ്ഞുനിന്ന നരേന്ദ്ര ദാമോദര്‍ദാസ് മോദി മറ്റൊരു ആര്.എസ്.എസ് പ്രവര്‍ത്തകനായിരുന്നുവെന്നത് വിരോധാഭാസമായി തോന്നാം. ഗാന്ധിയെ വെറുക്കാന്‍ പഠിപ്പിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന ഒരു സംഘടനയുടെ പ്രതിനിധി രാജ്യത്തിെൻറ തലപ്പത്തേക്കുയരുമ്പോള് ഫോട്ടോ ഫ്രെയിമുകള്‍ക്കപ്പുറം എന്ത് പാഠമാണ് ലോകനേതാക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ടാവുക? ഗാന്ധിയിലേക്ക് പതിയെ നടത്തിയിരുന്ന ആ കൈയേറ്റങ്ങളുടെ ഉയര്‍ന്ന രൂപമാണ് ഇപ്പോള്‍ സബര്‍മതിയില്‍ അരങ്ങേറുന്നത്.
പല പ്രമുഖരും ഇവിടെ സന്ദര്ശകരായെത്തിയിട്ടുണ്ട്. ഇത്രയധികം വിദേശനേതാക്കളെ കണ്ടിട്ടുണ്ട്. അതില്‍ മറക്കാനാവാത്ത അനുഭവമേതാണ് എന്ന് ചോദിച്ചപ്പോള്‍ പ്രതിഭാ ബെന്‍ ചിരിച്ചു. പിന്നെ ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് മറുപടി പറഞ്ഞു:
''ഒരുപാട് ലോകനേതാക്കള്‍ വന്നിട്ടുണ്ട്. ഇന്ത്യയുടെ പലകാലത്തുള്ള ഭരണാധികാരികളും പലപ്പോഴായി വന്നിട്ടുണ്ട്. പക്ഷേ അതിലേറെയെല്ലാം ഞാന്‍ വിലമതിക്കുന്നത് ഇരുപത് വര്‍ഷത്തെ എെൻറ ഇവിടുള്ള ജീവിതമാണ്. ബാപ്പു പതിനഞ്ച് വര്‍ഷം ജീവിച്ച ഈ മണ്ണില്‍ ആ ജീവിതത്തെ കുറിച്ച് പറഞ്ഞ്, അദ്ദേഹം കഴിഞ്ഞ വീട്ടില്‍ അവിടുത്തെ ഓരോന്നും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തിയുള്ള ഇരുപത് വര്‍ഷം. അതിനേക്കാള്‍ വലിയ എന്തു ഭാഗ്യമാണ് ഒരാള്‍ക്ക് വേണ്ടത്. നിങ്ങളൊന്നാലോചിച്ച് നോക്കൂ, ബാപ്പു കഴിഞ്ഞ ഈ വീട്ടിലാണ് ഞാനെെൻറ ജീവിതത്തിെൻറ ഏറിയ പങ്കും ചെലവഴിച്ചത്. അങ്ങനൊരു പുണ്യം മറ്റാര്‍ക്കുണ്ട്. അതു തന്നെയാണ് എെൻറ മറക്കാനാവാത്ത അനുഭവം.''
രാഷ്ട്രീയക്കാരെക്കാള്‍ രാജ്യത്തിെൻറ യശസ്സ് ഉയര്‍ത്തിയ പ്രതിഭകളെയാണ് കൂടുതല്‍ ആശ്രമത്തിലേത്തിക്കേണ്ടതെന്നായിരുന്നു അവരുടെ അഭിപ്രായം. നേതാക്കള്‍ വരുമ്പോള്‍ ആശ്രമത്തിെൻറ മുറ്റത്ത് ചുവന്ന പരവതാനി വിരിക്കുകയും എയര്കണ്ടീഷനൊരുക്കുകയും ചെയ്യുമ്പോള്‍ ഇതിെൻറ സ്വാഭാവികത നഷ്ടമാവുകയാണെന്നും അവര്‍ പറഞ്ഞു. അങ്ങനെ ചെയ്യുമ്പോള്‍ ഗാന്ധിയുടെ ജീവിതത്തിെൻറ ലാളിത്യവും എളിമയും മനസ്സിലാക്കാന്‍ എത്തുന്നവര്‍ അതിെൻറ ശരിയായ അര്‍ഥം അറിയാതെ പോവുകയാണ്. ഗാന്ധി എങ്ങനെയായിരുന്നോ കഴിഞ്ഞത് അതാണ് ലോകം കാണേണ്ടതും മാതൃകയാക്കേണ്ടതെന്നും അവര്‍ പറഞ്ഞുനിര്‍ത്തി.
ഗൗരവമേറിയ ഈ വിഷയം ഉയര്‍ത്തിയാണ് വിവിധ മേഖലകളിലെ പ്രശസ്തരായ 130ലധികം പേര് ചേര്‍ന്ന് പ്രസ്താവന ഇറക്കിയത്. ഗാന്ധിയെയും ഗാന്ധിയന്‍ ആദര്‍ശങ്ങളെയും തകര്‍ക്കുന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ടാണ് ചരിത്രകാരനായ രാമചന്ദ്ര ഗുഹ, ഗാന്ധിജിയുടെ പൗത്രന് രാജ്മോഹന്‍ ഗാന്ധി, സംവിധായകന് ആനന്ദ് പട്വര്ധന്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പി. സായ്നാഥ്, സംഗീതജ്ഞന് ടി.എം. കൃഷ്ണ, സാമൂഹികപ്രവര്‍ത്തകരായ ഹര്‍ഷ് മന്തേര്, യോഗേന്ദ്ര യാദവ്, ശബ്നം ഹാഷ്മി തുടങ്ങിയവരെല്ലാം പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. പദ്ധതിയെ 'ഗാന്ധിയുടെ രണ്ടാം വധ'ത്തിന് തുല്യമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഗാന്ധിയന്‍ സ്ഥാപനങ്ങളേറ്റെടുക്കാനുള്ള കേന്ദ്രസര്‍ക്കാറിെൻറ നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്നും 'ലോകനിലവാര'ത്തിലേക്ക് മാറ്റാതെ തന്നെ ആശ്രമത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ലാളിത്യവും ശക്തിയും ഗാന്ധിയന്‍ ആദര്ശങ്ങള്ക്കുണ്ടെന്നും അതില്‍ പറയുന്നു.
ഹൃദയ്കുഞ്ജില് നിന്നിറങ്ങി ഗാന്ധി സ്മാരക മ്യൂസിയത്തിലേക്ക് നടക്കുമ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. പ്രശസ്ത വാസ്തുശില്പി ചാള്‍സ് കോറിയയാണ് 1960കളുടെ തുടക്കത്തില്‍ മ്യൂസിയം രൂപകല്പന ചെയ്തത്. '63ല്‍ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. സ്വാതന്ത്ര്യത്തിന് മുന്നേ അവിടെ പണി കഴിപ്പിച്ച എല്ലാ കെട്ടിടങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന വാസ്തുവിദ്യയാണ് ഈ മ്യൂസിയത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത്. ആ പരിസരത്തോട് അത്രയേറെ ഇഴുകിയാണ് അതിെൻറ നിര്‍മിതി. മ്യൂസിയത്തിനുള്ളില്‍ ഗാന്ധിയുടെ ചിത്രങ്ങളും എണ്ണച്ചിത്രങ്ങളും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും കാണാം. ഗാന്ധിയെപറ്റിയുള്ള അനേകമനേകം പുസ്തകങ്ങളും. അവിടെ നിന്നിറങ്ങി മടങ്ങാന്‍ നേരം മഴ കനത്തു. മ്യൂസിയത്തിനപ്പുറമുള്ള പുല്‍ത്തകിടിയിലെ ഗാന്ധിപ്രതിമ അപ്പോള്‍ കണ്ണടച്ച് ഏകനായി മഴ നനയുകയായിരുന്നു.