ഹിന്ദുത്വക്ക് ഞങ്ങൾ എന്നും ശക്തരായ പ്രതിയോഗികൾ- എം.കെ. സ്റ്റാലിൻ
അഭിമുഖം തിങ്കളാഴ്ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പിൽ

കോഴിക്കോട്: ആശയപരമായി ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് തങ്ങൾ എന്നും ശക്തരായ പ്രതിയോഗികളാണെന്നും തമിഴ്നാട്ടിൽ എത്ര ശ്രമിച്ചിട്ടും ബി.ജെ.പിക്ക് ഇനിയും സാന്നിധ്യമുറപ്പിക്കാൻ ആകാത്തതിനു പിന്നിൽ തങ്ങളുടെ പ്രത്യയശാസ്ത്രമാണെന്നും തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിൻ. തിങ്കളാഴ്ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പിൽ കെ.എ. ഷാജി നടത്തിയ അഭിമുഖത്തിലാണ് സ്റ്റാലിൻ നിലപാടുകൾ ഉറപ്പിച്ചുപറയുന്നത്.
താൻ ഭാഗമായിട്ടുള്ള ദ്രാവിഡ മുന്നേറ്റ കഴകം എല്ലാകാലത്തും എല്ലാതരത്തിലുമുള്ള അധിനിവേശങ്ങൾക്കും എതിരായിരുന്നു. സാമൂഹിക നീതിയും മതേതരത്വവും അപകടത്തിലാകുമ്പോൾ അവയെ സംരക്ഷിക്കാൻ ജനങ്ങളെ ഒന്നിപ്പിക്കുക എന്നത് തങ്ങളുടെ ചരിത്രപരമായ നിയോഗമാണെന്നും സ്റ്റാലിൻ പറഞ്ഞു.
ഹിന്ദുത്വശക്തികൾക്കെതിരായ വിശാല മതേതര ഐക്യം എന്നത് വിജയകരമായി നടപ്പാക്കപ്പെട്ട ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. മറ്റിടങ്ങളിൽ ഞങ്ങൾക്കുള്ള പ്രതീക്ഷയും അതാണ്. ഒന്നിച്ചുനിന്നാൽ സംഘ്പരിവാർ ഉയർത്തുന്ന വെല്ലുവിളികളെ പോരാടി തോൽപിക്കാം. ജനാധിപത്യത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കണം. അവർക്ക് ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥയും ഉണ്ടായിക്കൂടാ.
ജനങ്ങളെ മതപരമായി ധ്രുവീകരിക്കാനും അങ്ങനെ ശത്രുക്കളാക്കി മാറ്റാനും ഞങ്ങൾ അനുവദിക്കില്ല. ഭാഷയെന്ന നിലയിൽ ഹിന്ദിയോട് ഒരു വിരുദ്ധതയുമില്ല. ദേശീയ ഭാഷയായും ഔദ്യോഗിക ഭാഷയായും അതിനെ അടിച്ചേൽപിക്കുന്നതിലാണ് പ്രശ്നമെന്നും സ്റ്റാലിൻ പറയുന്നു. ജാതി, ഭാഷ, സ്വയംഭരണം, ഗവർണറുമായുള്ള ഏറ്റുമുട്ടൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സ്റ്റാലിൻ സംസാരിക്കുന്നു. മാധ്യമം ആഴ്ചപ്പതിപ്പിൽ അഭിമുഖത്തിന്റെ പൂർണ രൂപം വായിക്കാം.