പെൺപ്രജയുടെ അനുഭവസങ്കീർണതകൾ
ആശാലതയുടെ കവിതകൾ മലയാള കവിതയിൽ വേറിട്ടുനിൽക്കുന്നു –പ്രമേയംകൊണ്ടും കാവ്യഭംഗികൊണ്ടും. ആ കവിതയുടെ സാമൂഹിക-കാവ്യ മാനങ്ങൾ പഠനവിധേയമാക്കുകയാണ് കവിയും നിരൂപകയുമായ ലേഖിക.2002ൽ പ്രസിദ്ധീകൃതമായ ‘കടൽപ്പച്ച’, 2013ൽ പ്രസിദ്ധീകൃതമായ ‘എല്ലാ ഉടുപ്പും അഴിക്കുമ്പോൾ’, എന്നീ സമാഹാരങ്ങൾക്കുശേഷം 2022ലാണ്...
Your Subscription Supports Independent Journalism
View Plansആശാലതയുടെ കവിതകൾ മലയാള കവിതയിൽ വേറിട്ടുനിൽക്കുന്നു –പ്രമേയംകൊണ്ടും കാവ്യഭംഗികൊണ്ടും. ആ കവിതയുടെ സാമൂഹിക-കാവ്യ മാനങ്ങൾ പഠനവിധേയമാക്കുകയാണ് കവിയും നിരൂപകയുമായ ലേഖിക.
2002ൽ പ്രസിദ്ധീകൃതമായ ‘കടൽപ്പച്ച’, 2013ൽ പ്രസിദ്ധീകൃതമായ ‘എല്ലാ ഉടുപ്പും അഴിക്കുമ്പോൾ’, എന്നീ സമാഹാരങ്ങൾക്കുശേഷം 2022ലാണ് ആശാലതയുടെ ‘ജാതിക്കാത്തോട്ടം’ എന്ന കവിതാസമാഹാരം പ്രസിദ്ധീകൃതമാകുന്നത്. ‘കടൽപ്പച്ച’ എന്ന ആദ്യസമാഹാരത്തിൽനിന്ന് വായന തുടങ്ങി ‘ജാതിക്കാത്തോട്ട’ത്തിലെത്തി നിൽക്കുമ്പോൾ ഭാഷാപരമായും ഭാവുകത്വപരമായും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കവിയെ നമുക്ക് കാണാം.
യാഥാർഥ്യത്തിലേക്കും കൽപനയിലേക്കും ഹിംസയിലേക്കും അഹിംസയിലേക്കും യുക്തിയിലേക്കും അയുക്തിയിലേക്കുമുള്ള ഊഞ്ഞാലാട്ടങ്ങൾ, ആർക്കറിയാമെന്ന സന്ദിഗ്ധതകൾ, അങ്ങനെയെങ്കിൽ അങ്ങനെ, ഇങ്ങനെയെങ്കിൽ ഇങ്ങനെ എന്ന ഉദാസീനതകൾ ഇങ്ങനെ വിപരീതങ്ങളുടെയും അസ്ഥിരതകളുടെയും പല ഒച്ചകളുടെയും ഒരു ഉത്സവപ്പറമ്പാണ് ആശാലതക്കവിതകൾ.
അനിശ്ചിതത്വത്തിന്റെയും ചഞ്ചലതകളുടെയും ഭാഷാശരീരമാണ് ആശാലതക്കവിതകൾ പലപ്പോഴും സ്വീകരിച്ചു കാണുന്നത്. ‘ജാതിക്കാത്തോട്ട’ത്തിലെ കവിതകളിൽ കാൽപനികാഖ്യാനങ്ങളെ തകർക്കാനുള്ള നിരന്തര ശ്രമങ്ങളുണ്ട്. അതേസമയം, വർത്തമാനകാലത്തിൽ നിലയുറപ്പിക്കാനാവാതെ ഭൂതകാലത്തിലേക്കും മുതിർച്ചയിൽ തുടരാനാവാതെ കുട്ടിത്തത്തിലേക്കും യാഥാർഥ്യത്തിന്റെ മണ്ണിൽ നിൽപുറപ്പിക്കാൻ കഴിയാതെ ആകാശത്തേക്കും ആശാലതക്കവിതകൾ പിടിവിട്ട് പറക്കുന്നുമുണ്ട്.
പൂർവികരായ എഴുത്തുകാരുടെ കൃതികളിലെ കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും വരികളെയും പുതിയൊരു ആശയത്തെ അവതരിപ്പിക്കുന്നതിനായി ആശാലത തന്റെ കവിതകളിൽ ഉപയോഗപ്പെടുത്തുന്നതായി കാണാം. ഐറണിയുടെയും സറ്റയറിന്റെയും ഉപയോഗത്തിൽ അയ്യപ്പപ്പണിക്കരുടെ തുടർച്ചയുണ്ട് ആശാലതയുടെ കവിതകളിൽ. വ്യക്തിജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും സമകാലിക അനുഭവങ്ങളെ ഭാഷയിലേക്ക് വലിച്ചെടുക്കുന്നതിന്റെ മികവാണ് ആശാലതയുടെ കവിതകളുടെ സവിശേഷത.
പുതുമാധ്യമങ്ങൾ ജീവിതത്തിൽ നടത്തുന്ന പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകൾ ആശാലതയുടെ 2013ൽ ഇറങ്ങിയ ‘എല്ലാ ഉടുപ്പും അഴിക്കുമ്പോൾ’ എന്ന സമാഹാരത്തിലെ പല കവിതകളിലും കാണാവുന്നതാണ്. മലയാള കവിതയിൽ പ്രതീതിലോകത്തിന്റെ സങ്കീർണതകൾ ഇപ്പോഴും വേണ്ടുംവിധം ആവിഷ്കരിക്കപ്പെട്ടിട്ടില്ല. പഴയ കവിതകൾ ആവിഷ്കരിച്ച ഇന്ദ്രിയാനുഭവങ്ങളുടെ തുടർച്ചയാണ് പല കവികളും ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. കാഴ്ചയുടെ അനുഭവങ്ങളായാണ് ആശാലതയുടെ പല കവിതകളും പ്രത്യക്ഷമാകുന്നത്.
നോക്ക്, കാണ് എന്ന ക്ഷണങ്ങളോടെ അവ നമ്മെ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. നമ്മെ ചുറ്റിപ്പൊതിയുന്ന പ്രതീതിലോകത്തിന്റെ അനുഭവ സങ്കീർണതകൾ അനുഭവിപ്പിക്കുന്നു. ‘എല്ലാ ഉടുപ്പും അഴിക്കുമ്പോൾ’ എന്ന സമാഹാരത്തിലെ ‘മൊബൈൽ റ്റു മൊബൈൽ’, ‘ഡിജിറ്റൽ’, ‘സ്ക്രീനിലെ തടാകം’, ‘റീ ചാർജ് കൂപ്പൺ’ എന്നീ കവിതകളിൽ അയഥാർഥ ലോകത്തിന്റെ ശബ്ദങ്ങളും കാഴ്ചകളും അനുഭവങ്ങളുമുണ്ട്. ബഷീറിന്റെ ‘മതിലുകളി’ലെ നാരായണിയെക്കുറിച്ച് നാരായണി എന്ന പേരിൽതന്നെ ഒരു കവിത ‘എല്ലാ ഉടുപ്പും അഴിക്കുമ്പോൾ’ എന്ന സമാഹാരത്തിൽ ആശാലത എഴുതിയിട്ടുണ്ട്.
ആണെഴുത്തുകാർ അൽപംമാത്രം തുറന്നിട്ടുപോകുന്ന മതിലിനു പുറകിലെ പെൺലോകങ്ങളെ തന്റെ എഴുത്തുകളിലൂടെ മതിലുപൊളിച്ച് കാണിച്ചുതരുന്നുണ്ട് ആശാലത പല കവിതകളിലും. ‘ജാതിക്കാത്തോട്ടത്തിലെ’ വെർച്വൽ എന്ന കവിതയിൽ ‘മതിലുകളി’ലെ നാരായണിയെ വെർച്വൽ ലോകത്താണ് നമ്മൾ കണ്ടുമുട്ടുന്നത്. യാഥാർഥ്യത്തിനും പ്രതീതിക്കുമിടയിൽ വിനിമയങ്ങൾ എത്രത്തോളം സാധ്യമാണ് എന്ന ആശങ്കയാണ് ഇക്കവിത പങ്കുവെക്കുന്നത്. പ്രതീതിലോകം ഇക്കവിതയിൽ അധികസാധ്യതകളൊന്നും നാരായണിക്ക് കൊടുക്കുന്നില്ല. അവൾ പെൺജയിലിൽതന്നെ നിലകൊള്ളുന്നു.
എന്നാൽ, ‘മീൻ, കടൽ’ എന്ന കവിതയിൽ പ്രതീതിലോകം ഒരുവൾക്ക് ചില സാധ്യതകൾ കൊടുക്കുന്നതായി കാണാം. പക്ഷേ, ഇത് പരിമിതവുമാണ്. അവൾതന്നെ വരച്ചുണ്ടാക്കുന്ന സങ്കൽപക്കടലിൽ അവൾ അവനോടൊപ്പം രസിച്ചുകഴിയുന്നതായി ഇക്കവിത പറയുന്നു. പക്ഷേ, പ്രതീതിയുടെ ലോകം പെട്ടെന്ന് തീർന്നുപോകുന്നതും കടൽ കണ്ടിട്ടേയില്ലാത്ത കരയിലേക്ക് ഒരുവൾ ഒറ്റക്കു തുഴഞ്ഞുപോകുന്നതുമാണ് കവിതക്കൊടുവിൽ കാണുന്നത്. യഥാർഥ ലോകത്തിലെന്നപോലെതന്നെ പ്രതീതിലോകത്തും അവൾക്കു മുന്നിൽ തടസ്സമില്ലാത്തൊരു വഴി നീണ്ടുകിടക്കുന്നില്ല.
‘കടൽപ്പച്ച’ എന്ന ആദ്യ സമാഹാരത്തിലെ ചില കവിതകളിൽ ആലങ്കാരികവും നാടകീയവുമായ ഭാഷ ആശാലത ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ‘ജാതിക്കാത്തോട്ട’ത്തിലെത്തുമ്പോഴേക്കും ഭാഷ കൂടുതൽ സാധാരണമായിത്തീരുന്നു. മാനകഭാഷയെ മുഴുവനായും കൈവിട്ട് വാമൊഴിയെ സ്വീകരിച്ചിരിക്കുന്നു. കവിതയിലെ സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും കൂടുതൽ മൂർത്തമാക്കുന്നതിന് വാമൊഴിയുടെ ഈ ഉപയോഗം സഹായകമായിത്തീരുന്നു. ‘ജാതിക്കാത്തോട്ട’ത്തിലെത്തുമ്പോൾ ബഹുവിധമായ ഒച്ചകൾക്ക് കൂടുതൽ മുഴക്കവും ഉണ്ടാവുന്നുണ്ട്. ആത്മഭാഷണങ്ങളുടെ സ്വഭാവം കുറഞ്ഞുവരുന്നതായും സംഭാഷണസ്വഭാവം ഏറിവരുന്നതായും കാണാം.
നോക്ക്, കാണ് എന്ന ക്ഷണങ്ങൾ, ദേ തുടങ്ങിയ ചൂണ്ടലുകൾ, ങേ, ഹോ, ഓ എന്നിങ്ങനെ അത്ഭുതത്തെയോ ഉദാസീനതയെയോ കാണിക്കുന്ന ശബ്ദങ്ങൾ, ആവോ, ആർക്കറിയാം എന്നിങ്ങനെയുള്ള സന്ദേഹങ്ങൾ ഇവയൊക്കെ പിൽക്കാല കവിതകളിൽ വർധിച്ചുവരുന്നു. വായനക്കാരുമായുള്ള ദൂരം കുറക്കുന്നതിനും വായനക്കാരോട് നേർക്കുനേർ സംസാരിക്കുന്നതിന്റെ അനുഭവം ഉണ്ടാക്കുന്നതിനും ഇത്തരം ഭാഷണങ്ങൾ സഹായകമാകുന്നു.
വിഭജിതവും കലങ്ങിയതുമായ ഒരു സ്വത്വമായാണ് ആശാലതയുടെ കവിതകളിലെ ആഖ്യാതാവ് കാണപ്പെടുന്നത്. ‘ജാതിക്കാത്തോട്ടം’ എന്ന സമാഹാരത്തിലെ ‘അഞ്ചേയഞ്ചു വരി’ എന്ന കവിത നോക്കുക. കുരിശിൽ അഞ്ചുവരികളിൽ തൂങ്ങിക്കിടക്കുന്ന ക്രിസ്തുവും താഴെയിരുന്ന് കരയുന്ന മരിയയും താൻതന്നെ എന്ന് ഇക്കവിത പറയുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് ‘മാപ്പുസാക്ഷി’ എന്ന കവിതയിൽ സമാനമായ ബിംബകൽപനകൾ ഉപയോഗിച്ച് തന്റെ കവിസ്വത്വത്തെ വിപ്ലവകാരിയുടെ സ്വത്വത്തിൽനിന്ന് വ്യത്യസ്തമായി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ആശാലതയുടെ കവിത തന്റെ സ്വത്വത്തെ തെളിച്ചെടുക്കുകയല്ല, പലമയിലേക്ക് അസ്ഥിരമാക്കുകയാണ് ചെയ്യുന്നത്. ആശാലതക്കവിതകൾ പല കാലങ്ങളിലണിയുന്ന ഭാഷയുടെ കുപ്പായങ്ങൾ പരിശോധിച്ചാൽതന്നെ ഇക്കാര്യം വ്യക്തമാവും.
ആഖ്യാതാവിന്റെ സ്വത്വം എല്ലായ്പോഴും ഇക്കവിതകളുടെ കേന്ദ്രസ്ഥാനത്ത് നിലയുറപ്പിക്കുന്നുമില്ല. പല മനുഷ്യരും പല സന്ദർഭങ്ങളും പല സംഘർഷങ്ങളും പല അഭിപ്രായങ്ങളും ഈ കവിതകളിൽ വെളിപ്പെടുന്നു.
“മരത്തിൽ കൊക്കിട്ടുരച്ചു മൂർച്ചകൂട്ടി
മിന്നൽപ്പിണരുപോൽ തുളക്കുമ്പോൾ
പുലർച്ചെ മൂന്നേമുക്കാൽ മണിക്ക്
മരംകൊത്തിയോ മരങ്കൊത്തിയോ താനെന്ന്
സ്വത്വ പ്രതിസന്ധി’’
എന്ന് ‘പുലർച്ചെ മൂന്നേമുക്കാൽ മണിക്ക്’ എന്ന കവിതയിൽ ആശാലത എഴുതുന്നു. ഈ പ്രതിസന്ധി മരത്തോട് ചേർന്ന ആപേക്ഷികസ്വത്വമാണോ സ്വതന്ത്ര സ്വത്വമാണോ താനെന്ന മരങ്കൊത്തിയുടെ പ്രതിസന്ധിയാണ്. ഈ കവിതയിലേതിനു സമാനമായി കാല ദേശ ലിംഗ വർഗ നിലകളോട് ചേർന്നു രൂപപ്പെടുന്ന സ്വത്വത്തിന്റെ ആപേക്ഷികനിലകളും താരതമ്യേന സ്വതന്ത്രനിലകളും രണ്ടിനുമിടയിലെ സംഘർഷങ്ങളും ആശാലതയുടെ പല കവിതകളിലും കാണാവുന്നതാണ്.
ഹിംസയുടെയും അഹിംസയുടെയും പ്രതിസന്ധികൾ
അഹിംസാവാദിയുടെയും ഹിംസാവാദിയുടെയും നിലകൾ ചിലപ്പോൾ ബോധപൂർവമോ മറ്റ് ചിലപ്പോൾ സാഹചര്യങ്ങളുടെ സമ്മർദത്താലോ മാറിമാറി സ്വീകരിക്കുന്ന എഴുത്താളിനെയാണ് ആശാലതയുടെ പല കവിതകൾ കൂട്ടിവെച്ച് നോക്കുമ്പോൾ കാണാൻ കഴിയുക. ഹിംസാവാദത്തിന്റെ കള്ളിയിലോ അഹിംസാവാദത്തിന്റെ കള്ളിയിലോ ഇക്കവിതകൾ കാലുറപ്പിച്ചു നിൽക്കുന്നില്ല.
‘ജാതിക്കാത്തോട്ടം’ എന്ന സമാഹാരത്തിലെ ‘ബുദ്ധനും ഞാനും നരിയും’ എന്ന കവിത ഇടശ്ശേരിയുടെ ‘ബുദ്ധനും നരിയും ഞാനും’ എന്ന കവിതയുടെ തുടർച്ചയാണ്. മനുഷ്യനും മൃഗവും നിലനിൽപിനായി മുഖാമുഖം നിൽക്കുന്ന ജീവിതസന്ദർഭത്തിൽ മൃഗത്തെ കൊന്ന് മനുഷ്യൻ മുന്നോട്ടു പോകുന്നതാണ് ഇടശ്ശേരി തന്റെ കവിതയിൽ അവതരിപ്പിക്കുന്നത്. കരുണയും അഹിംസയും പഠിപ്പിച്ച ബുദ്ധന്റെ പ്രതിമയെയാണ് നരിയെ കൊല്ലുന്നതിനായി ഇടശ്ശേരിക്കവിത ഉപയോഗിക്കുന്നത്.
ബുദ്ധനും നരിക്കുമിടയിൽ നിൽക്കുമ്പോൾ ഹിംസയോ അഹിംസയോ എന്ന സന്ദേഹത്തിന്റെ സന്ദർഭം ഇടശ്ശേരിക്കവിതയിലുണ്ട്. ആശാലതയുടെ കവിതയിലാകട്ടെ നരിയെ കരുണ പഠിപ്പിക്കുകയാണ്. ഹിംസയെ ഹിംസകൊണ്ട് നേരിടുമ്പോലെ എളുപ്പമല്ല ഇത്. നരിയെ കൊല്ലാനല്ല അതിനെ മാറ്റിയെടുക്കാനാണ് ഇക്കവിതയിൽ കവി ബുദ്ധന്റെ സഹായം തേടുന്നത്. ഹിംസയുടെ ചിഹ്നങ്ങൾ കൊഴിച്ചുകളഞ്ഞ, പറിച്ചു കളഞ്ഞ നരിയോടാണ് കവിക്ക് സ്നേഹം. എന്നാൽ
“ബുദ്ധാ, ബുദ്ധാ, ഈ നരിയെ/ എനിക്ക് വീട്ടുപൂച്ചയാക്കിത്താ/ ഈ നരിയെ എനിക്കെന്റെ/ വളർത്തുപൂച്ചയാക്കിത്താ’’ എന്ന കവിയുടെ അപേക്ഷ അഹിംസ എത്രത്തോളം സാധ്യമാണെന്ന ചോദ്യത്തെ ഇടശ്ശേരിക്കവിതയിലെന്നപോലെ നിലനിർത്തുന്നുമുണ്ട്.
അകത്തു കേറടീ, അനുസരിക്കടീ എന്ന് അലറുന്ന അധികാരത്തോട്
“ഭരിക്കാൻ നീ വരുന്ന നേരം/ മുടിയേറ്റു കാളിയായ് നിൻ/ മുടിയെടുക്കും ഞാൻ/ ഇരുട്ടിൽ നിന്റെ/ കണ്ണു ചൂഴും പല്ലെടുക്കും/ നഖമെടുക്കും/അരക്കെട്ടിലെ യന്ത്രമെന്റെ/ യരിവാൾകൊണ്ടറുത്തെടുക്കും” എന്ന് ‘ജാതിക്കാത്തോട്ട’ത്തിലെ ‘കാളിപ്പാട്ട്’ എന്ന കവിതയിൽ ഉറഞ്ഞുതുള്ളുന്ന കവി ഹിംസയുടെ ശീലങ്ങളോട് അഹിംസാവാദിയായിരിക്കുക അസാധ്യം തന്നെയായിത്തീരുന്ന സന്ദർഭത്തിൽ എത്തിനിൽക്കുന്നുമുണ്ട്.
‘ഒടിവിദ്യ’ എന്ന കവിതയിലും ഇത്തരമൊരു പ്രതിസന്ധിയുണ്ട്. ആറ്റൂരിന്റെ സംക്രമണത്തെ ഇക്കവിത ഓർമിപ്പിക്കുന്നു. സംക്രമണത്തിൽ സ്ത്രീയെ ശാക്തീകരിക്കുന്ന ആഖ്യാതാവിനെയാണ് കാണാൻ കഴിയുക. സ്ത്രീക്കവിടെ ഏജൻസിയില്ല. ഹിംസയോ അഹിംസയോ അവളുടെ തെരഞ്ഞെടുപ്പല്ല. രണ്ടും അവൾക്ക് മാറിമാറിവെച്ചുനീട്ടുകയാണ്.
അവളെ സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി ആകാശത്തിൽ വീണ്ടും ആണിയടിച്ച് തൂക്കുന്നിടത്ത് ‘സംക്രമണം’ എന്ന കവിത അതിൽ ആദ്യമവതരിപ്പിച്ച ആശയങ്ങളെ തന്നെ നിഷേധിക്കുന്നു. ആന്തരികമായി തന്നെ ഒരു പ്രതിസന്ധി നേരിടുന്നു. ശീലങ്ങളിലുറച്ച സങ്കൽപങ്ങളും ഉള്ളിലെ യാഥാസ്ഥിതികതകളും അറിയാതെ ഈ വരികളിലെത്തുമ്പോൾ വെളിപ്പെട്ടു പോകുന്നു. ആശാലതയുടെ ‘ഒടിവിദ്യ’ എന്ന കവിതയാവട്ടെ ഒരു നേർക്കുനേർ പോരാട്ടത്തിനുള്ള ആഗ്രഹമാണ് പ്രകടമാകുന്നത്. അന്നം തട്ടിത്തെറിപ്പിച്ച, കണ്ണു പിഴുതു കളഞ്ഞ, കുത്താനിട്ടോടിച്ച, കൊന്നുതിന്ന അധികാരത്തെ ഒടിവിദ്യകൊണ്ട് നേരിടാനുള്ള ഒരുവളുടെ ആഗ്രഹമാണത്.
“നേർക്കുനേരങ്കം വെട്ടാൻ അറിയാഞ്ഞിട്ടല്ല ചങ്ങാതി/ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കൊണ്ടാ,/ അല്ലെങ്കിലാരു തേടുമിക്കാലത്ത് ഒടിവിദ്യയുടെ സങ്കേതം’’ എന്ന വരികൾ ഹിംസയെ തിരഞ്ഞെടുക്കാനുള്ള പ്രയാസത്തെ വെളിപ്പെടുത്തുന്നുണ്ട്. അതിക്രമത്തെയും അനീതിയെയും നേരിടാതിരിക്കാൻ സാധിക്കുന്നുമില്ല.
“നിനക്ക് വല്ലോം ബോധിപ്പിക്കാനുണ്ടെങ്കി/ വേഗമാവട്ടെ’’ എന്ന കരുണ കവി ബാക്കിവെക്കുന്നുമുണ്ട്.
‘എല്ലാ ഉടുപ്പും അഴിക്കുമ്പോൾ’ എന്ന സമാഹാരത്തിലെ ‘ചെന്നായ’ എന്ന കവിതയിൽ
‘‘വിശന്ന പെൺ ചെന്നായയെപ്പോലെ/ ഇക്കണ്ട ഭൂമി മുഴുവനൊറ്റയ്ക്കു വിഴുങ്ങാനും/ എനിക്ക്/ ആവും/ എങ്കിലും/ ഇപ്പോൾ ഈ ഭൂമി/ ഇങ്ങനെ നിലനിന്നോട്ടെ” എന്നെഴുതുമ്പോഴും ഈ കരുണ കാണാം.
‘പുലിജന്മം’ എന്ന കവിതയിൽ പുലിക്ക് പൂർവജന്മത്തിൽ മൂന്ന് പ്രണയമുണ്ടായിരുന്നു എന്ന് പറയുന്നു. കഴിഞ്ഞ ജന്മത്തിൽതന്നെ ചതിച്ചവനോട് പ്രതികാരം ചെയ്യാമെന്ന്, പുലിജന്മത്തിൽ പുലി കരുതി. പക്ഷേ ശത്രുവിനെ കാത്തുകാത്തിരുന്ന് പുലി സാധുവായി. ശത്രു വന്നപ്പോഴേക്കും വാസവദത്തക്ക് ഉപഗുപ്തൻ വന്നപോലെ തോന്നി. ശത്രുവിനെ കാത്തിരുന്ന് ഹിംസയിൽനിന്ന് അകന്നുപോയ പുലിയെയാണ് ഇവിടെ കാണുന്നത്. പൂച്ച സാമ്രാജ്യം എന്ന കവിതയിലാവട്ടെ പൂച്ചകളുടെ വീട്ടിലെത്തി പൂച്ചയായിത്തീരുന്നൊരാളെ കാണാം. അഹിംസാവാദിയായിരിക്കുക എന്നത് ഇക്കവിതകളിൽ തിരഞ്ഞെടുപ്പല്ല.
മറിച്ച് ആയിത്തീരലാണ്. ആയിത്തീരലുകൾ സാംസ്കാരിക നിർമിതികളാണ്. തിരഞ്ഞെടുപ്പുകളിലും ഈ ആയിത്തീരലുകൾ ഇടപെട്ടേക്കാം. സ്വത്വത്തിന്റെ അസ്ഥിരതകളിൽ ഇത്തരം സംഘർഷങ്ങളുടെ പ്രവർത്തനങ്ങളുണ്ട്. ധാർമിക പ്രതിസന്ധികളും ഇതോടൊപ്പം ഇടകലരുന്നത് ഒന്നുകിൽ അത് അല്ലെങ്കിൽ ഇത് എന്ന സാധ്യതകളുടെ ഇരുകരകളിലേക്കും മാറിമാറി നീന്തുന്നതിന്റെയും രണ്ടിനോടും പല ദൂരങ്ങൾ പാലിക്കുന്നതിന്റെയും സന്ദർഭങ്ങളായി ആശാലതക്കവിതകളിൽ പ്രത്യക്ഷമാവുന്നു.
പ്രണയം, രതി, സദാചാരം
പ്രണയവും കാത്തിരിപ്പും മരണത്തിലെത്തുന്ന നിരാശയും ആശാലതയുടെ മൂന്ന് കവിതാസമാഹാരങ്ങളിലെയും പല കവിതകളിലുമുണ്ട്. ‘ജാതിക്കാത്തോട്ട’ത്തിലെത്തുമ്പോൾ പ്രണയകവിതകളുടെ എണ്ണം കുറയുന്നു. പ്രണയത്തിലും മാറ്റം വരുന്നുണ്ട്. കാൽപനികഭാഷയെ മിക്കവാറും കൈവിടുന്ന കവി പ്രണയത്തെക്കുറിച്ചും സന്ദേഹിയാവുന്നു.
‘Ode on a Grecian Urn’ എന്ന കവിതയിൽ കീറ്റ്സ് ചുംബിക്കും മുമ്പുള്ള നിമിഷത്തിന്റെ അനശ്വരതയെ സ്ഥാപിക്കുന്നുണ്ട്. എന്നാൽ
“ചങ്ങാതീ/ ഇപ്പം അലിഞ്ഞുതീരും/ഈ മഴവില്ല്’’ എന്നും ആയതിനാൽ മുറുകെ കെട്ടിപ്പിടിക്ക് എന്നുമാണ് ‘ജാതിക്കാത്തോട്ട’ത്തിലെ ‘പതിനെട്ടാമത് വയസ്സ്’ എന്ന കവിത പറയുന്നത്. രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു എന്ന ഭാവനയെ ‘‘ഓ ലോകമൊന്നും ഇപ്പം/ മാറാൻ പോണില്ലന്നേ’’ എന്ന യാഥാർഥ്യത്തിലേക്ക് മുഖംതിരിപ്പിച്ച് നിർത്തുന്നുമുണ്ട് ഇക്കവിത. ഭൗതികവും മാംസനിബദ്ധവുമായ പ്രണയത്തിന്റെ ഭാഷയാണ് ‘ജാതിക്കാത്തോട്ട’ത്തിലെ കവിതകളിൽ പലതിലും കാണാൻ കഴിയുക.
ഗന്ധർവൻ വന്ന് ആകാശത്തേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന സങ്കൽപമല്ല യാഥാർഥ്യമെന്ന ബോധ്യവും പ്രണയത്തിനുണ്ട്. ‘മൃഗശാലക്ക് മുന്നിൽ കാത്തുനിൽക്കുന്നവൾ (മൂന്ന് സാധ്യതകളടക്കം)’ എന്ന കവിത പ്രണയത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് –സംഗമം എന്ന സാധാരണമായ ശുഭാന്ത്യത്തെ പല സാധ്യതകളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുന്നു. ജീവിതത്തിന്റെ സന്തോഷത്തെ മറ്റൊരാളിൽ കണ്ടെത്താൻ ശ്രമിക്കുമ്പോഴുള്ള അനിശ്ചിതത്വങ്ങളെല്ലാം ഇക്കവിതയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്.
കവികൾ പൊലിപ്പിച്ചെടുത്തിട്ടുള്ള കൃഷ്ണ പ്രണയസങ്കൽപത്തെയും യാഥാർഥ്യത്തിലേക്ക് വലിച്ചുതാഴ്ത്തുന്നുണ്ട് ആശാലത. ‘പതിനാറായിരത്തിയെട്ടാമൾ’ എന്ന കവിതയിൽ പതിനാറായിരത്തിയെട്ടാമത്തവൾ കുളിക്കുന്നതിനിടയിൽ കാളിന്ദിയിൽ ഒഴുകിപ്പോകുമ്പോൾ നാളെ എണ്ണമൊപ്പിക്കാമെന്ന് കരുതുന്ന കൃഷ്ണനാണുള്ളത്. ‘കടൽപ്പച്ച’ എന്ന സമാഹാരത്തിലെ അവസാനത്തെ ഗോപിക, ഗോപിക എന്നീ കവിതകൾ പ്രണയത്തിലെ ചതികളെക്കുറിച്ചാണ് പറയുന്നത്.
‘എല്ലാ ഉടുപ്പും അഴിക്കുമ്പോൾ’ എന്ന സമാഹാരത്തിലെ ‘അത്രമേലിഷ്ടമായതുകൊണ്ട്’ എന്ന കവിതയിലും പതിനാറായിരത്തെട്ടിലൊരുവളായിരിക്കുന്നതിന്റെയും കൃഷ്ണൻ തന്നെ മറക്കുന്നതിന്റെയും സങ്കടമുണ്ട്. ‘ഗോപിക’ എന്ന കവിതയിൽ ചിതറിപ്പോകുന്നതിന്റെ അനുഭവമുണ്ടെങ്കിലും മിക്ക കവിതകളിലും പ്രേമത്താൽ അവൾ നിലച്ചുപോകുന്നില്ല. ആശാലതയുടെ കവിതകളിലെ പ്രണയിനികൾ അടഞ്ഞിരിക്കുന്നില്ല. മിക്കവാറും കവിതകളിൽ പ്രണയം പുറത്തേക്കിറങ്ങുന്നു, അന്വേഷിക്കുന്നു.
എന്നാൽ, ഇതവൾക്ക് എളുപ്പവുമല്ല. ‘എല്ലാ ഉടുപ്പും അഴിക്കുമ്പോൾ’ എന്ന സമാഹാരത്തിലെ ‘ഇന്നലത്തെപ്പോലെ ഓർക്കുന്ന ദിവസം’ എന്ന കവിതയിൽ അവനെ അറിയാതൊന്നു നോക്കിപ്പോയതിന് വല്യമ്മായിയുടെ ചീത്ത കേൾക്കേണ്ടിവരുന്ന ഒരുവളെയാണ് നാം കാണുന്നത്. സദാചാരലോകത്തിന്റെ ഇടപെടലിൽ പ്രണയികൾക്കിടയിലെ പുഴ മാഞ്ഞുപോകുന്നു. പ്രണയത്തിൽ മുന്നോട്ടു നടക്കാനാഗ്രഹിക്കുമ്പോൾ ഒരുവളുടെ വഴികളിങ്ങനെ അടഞ്ഞുപോകുന്നുണ്ട് പലപ്പോഴും. അവൾക്കുള്ളിലെ വാതിലുകളും എപ്പോഴും തുറന്നുകിടക്കുന്നില്ല. സർവതന്ത്ര സ്വതന്ത്രമായ ശരീരമോ മനസ്സോ ഉള്ള പ്രണയിനികളെ അല്ല നമ്മൾ ഇക്കവിതകളിൽ കാണുന്നത്. സദാചാരസങ്കൽപങ്ങളെക്കുറിച്ചുള്ള ഭയങ്ങൾ അവർ പേറുന്നുണ്ട്.
‘ജലപ്പിശാച്’ എന്ന കവിതയിൽ വീണ്ടും വീണ്ടും കഴുകി കഴുകി കുളിച്ച് കുളിച്ച് ഒടുവിൽ ഉടുക്കാതെ പാറപ്പുറത്ത് കിടക്കുന്ന ഒരു പേരമ്മയെ ആണ് കവി വരച്ചിടുന്നത്. അഴുക്കായ ശരീരം എന്ന ഭയം അധികവൃത്തിയായി ഇവരിൽ പ്രത്യക്ഷമാകുന്നു. സദാചാരത്തെക്കുറിച്ചുള്ള ഇത്തരം ഭയങ്ങളെന്നപോലെ അതിനെ മറികടക്കുന്ന ഉടലിന്റെ ആസക്തികളും പല കവിതകളിലുമുണ്ട്. ‘ജാതിക്കാത്തോട്ട’ത്തിലെ ‘സാത്താന്റെ ഭൂഖണ്ഡം’ എന്ന കവിതയിൽ ആകാശത്തിൽ സാത്താൻ കൊത്തിവെച്ച ഭൂഖണ്ഡത്തിലേക്ക് മഴവിൽപാലത്തിലൂടെ പോകാനാഗ്രഹിക്കുന്ന ഒരുവളുണ്ട്. അവൾ താഴെ നിൽക്കുന്ന അവനെ നോക്കി തന്റെ സ്വാതന്ത്ര്യത്തിന്റെ പതാക വീശുന്നു.
‘ക്ലിപ്പിലൊതുങ്ങാത്ത സ്വാതന്ത്ര്യം’ എന്ന കവിത ഒരടിവസ്ത്രത്തിന്റെ സ്വതന്ത്രയാത്രയെക്കുറിച്ചാണ് പറയുന്നത്. സദാചാര നിബന്ധനകളെ കൂസാതെയുള്ള ഈ യാത്ര ‘എല്ലാ ഉടുപ്പും അഴിക്കുമ്പോൾ’ എന്ന സമാഹാരത്തിലെ ‘എല്ലാ ഉടുപ്പും അഴിക്കുമ്പോൾ’, ‘മാറ് ജാരൻ വരുന്നു’ എന്നീ കവിതകളിലും കാണാം. ‘ജാതിക്കാത്തോട്ട’ത്തിലെ ‘ചാരിത്ര്യബോധം’ എന്ന കവിതയിലും ചാരിത്ര്യം കാത്തില്ലെങ്കിൽ ദൈവം തിളയ്ക്കുന്ന എണ്ണയിലിടും എന്ന ഭയപ്പെടുത്തലിനെ വകവെക്കാതെ മുന്നോട്ടുപോകുന്ന ഒരുവളാണുള്ളത്. ‘ആട്ടിൻകുട്ടികൾ’ എന്ന കവിത ഇതിനു വിപരീതമായി ലോകബോധത്തോട് മെരുങ്ങി ഇണങ്ങി ജീവിക്കുന്നവരെക്കുറിച്ചാണ് പറയുന്നത്.
സ്വന്തം മരണത്തിലേക്കു നടക്കുമ്പോഴും അനുസരണയും വിധേയത്വവും കാണിക്കുന്ന ആട്ടിൻകുട്ടികൾക്ക് സൽസ്വഭാവ സർട്ടിഫിക്കറ്റ് കിട്ടും. വിധേയരെ ഇത് പ്രലോഭിപ്പിക്കുന്നുണ്ട്. എന്നാൽ, പ്രണയത്തിന്റെയും രതിയുടെയും പ്രലോഭനം ഇതോടൊപ്പം തന്നെയുണ്ട്. പ്രലോഭിപ്പിക്കുന്ന പാമ്പായി പ്രണയവും രതിയും പല കവിതകളിലും ചുറ്റിക്കറങ്ങുന്നുണ്ട്. ഭൂമിയിൽ വിഷം തീണ്ടുന്നതുകൊണ്ട്, വഴികളടഞ്ഞു പോകുന്നതുകൊണ്ട്, പ്രണയത്തിന് പലപ്പോഴും ആകാശത്തേക്ക് പറക്കേണ്ടിയും വരുന്നു.
സമൂഹത്തിന്റെ നിരന്തരമായ ഇടപെടലുകളിൽ തന്റെ ഇഷ്ടമെന്താണെന്നതുതന്നെ ചിലപ്പോൾ ഒരുവൾ തിരിച്ചറിയുന്നില്ല.‘വെഷം’ എന്ന കവിതയിൽ ഭർത്താവില്ലാത്ത നേരത്ത് സർപ്പം പൂണ്ടടക്കം പിടിച്ച് കൊടുത്ത ചുംബനത്തിൽ പാപബോധമുണ്ടാകുന്ന ഹവ്വയെയാണ് നാം കാണുന്നത്.
“സത്യം പറഞ്ഞാൽ പാമ്പിനോട് അതായത് സാത്താനോട് ഹ/വ്വയ്ക്ക് ഒരു ലവ് - ഹെയ്റ്റ് ബന്ധമാണ് തോന്നീത് മെ/ല്ലെമെല്ലെ ഹെയ്റ്റ് കൊറഞ്ഞു വരികയും ചെയ്തു/ സുന്ദരൻ തന്നെ/ആ മരത്തിന്റെടേലിരിക്കണ ഇരിപ്പുകണ്ടാൽ -/എന്ന് മനസ്സിൽ വിചാരിച്ചു’’ എന്ന് എഴുതുന്ന ആശാലത വികാരങ്ങളുടെയും ബന്ധങ്ങളുടെയും ചില സങ്കീർണതകൾ ഈ കവിതയിലൂടെ അവതരിപ്പിക്കുന്നുണ്ട്.
‘ചോക്കു പെൻസിൽ’ എന്ന കവിതയിൽ രാത്രിയിൽ ആരോ മുട്ടുന്നതായി കേൾക്കുന്നു. ഭാവനകളെന്നപോലെ ഭയവും ഇത് ഉണ്ടാക്കുന്നു. വാതിൽ തുറക്കാമെന്ന് വിചാരിക്കുന്ന ഒരാളും ആ ആളെ തടയുന്ന മറ്റൊരാളുമുണ്ട് ഇക്കവിതയിലെ ആഖ്യാതാവിനുള്ളിൽ. രാവിലെ തുറന്നുകിടന്നിരുന്ന വാതിൽപടിയിൽ വീണുകിടന്നിരുന്നു എടുത്താൽ പൊങ്ങാത്തൊരു മഴവിൽക്കഷണം എന്നാണ് ഇക്കവിത അവസാനിക്കുന്നത്. ഈ മഴവിൽക്കഷണത്തിന്റെ പ്രലോഭനങ്ങൾ ഉള്ളിലും പുറത്തുമുണ്ട്. വാതിലിൽ കേട്ട മുട്ടുതന്നെയാണ് രതിചിഹ്നമായ പാമ്പായി വളർന്ന് തെളിഞ്ഞു മറ്റു ചില കവിതകളിൽ കടന്നുവരുന്നത്.