റങ്കൂൺ ലോഡ്ജിന്റെ കഥാകാരൻ
എ. നന്ദകുമാർ എന്ന പേരിനെ ‘ഒരു’ നന്ദകുമാർ എന്ന് വിവർത്തനം ചെയ്യുമായിരുന്നു അവൻ. എൺപതുകളുടെ മധ്യത്തിൽ ‘ഊണും ബോണസും ചില കൈപ്പിഴകളും’ എന്ന കഥാപുസ്തകം ചിന്ത രവീന്ദ്രന്റെ അവതാരികയോടെ പന്തളത്തെ പുസ്തക പ്രസാധക സംഘം പുറത്തിറക്കിയപ്പോൾ അത് എ. നന്ദകുമാർ എന്ന കഥാകൃത്തിന്റെ ഉദയമായിരുന്നു എന്ന് ഞാൻ തെറ്റിദ്ധരിച്ചിരുന്നു സുഹൃത്തും എഴുത്തുകാരനും ആക്ടിവിസ്റ്റുമായിരുന്ന നന്ദകുമാറിനെ ഓർമിക്കുന്നു.പത്തു രൂപക്ക് ഒരു കട്ടിൽ, അതാണ് റങ്കൂൺ ലോഡ്ജ്. എ....
Your Subscription Supports Independent Journalism
View Plansഎ. നന്ദകുമാർ എന്ന പേരിനെ ‘ഒരു’ നന്ദകുമാർ എന്ന് വിവർത്തനം ചെയ്യുമായിരുന്നു അവൻ. എൺപതുകളുടെ മധ്യത്തിൽ ‘ഊണും ബോണസും ചില കൈപ്പിഴകളും’ എന്ന കഥാപുസ്തകം ചിന്ത രവീന്ദ്രന്റെ അവതാരികയോടെ പന്തളത്തെ പുസ്തക പ്രസാധക സംഘം പുറത്തിറക്കിയപ്പോൾ അത് എ. നന്ദകുമാർ എന്ന കഥാകൃത്തിന്റെ ഉദയമായിരുന്നു എന്ന് ഞാൻ തെറ്റിദ്ധരിച്ചിരുന്നു സുഹൃത്തും എഴുത്തുകാരനും ആക്ടിവിസ്റ്റുമായിരുന്ന നന്ദകുമാറിനെ ഓർമിക്കുന്നു.
പത്തു രൂപക്ക് ഒരു കട്ടിൽ, അതാണ് റങ്കൂൺ ലോഡ്ജ്. എ. നന്ദകുമാർ, റങ്കൂൺ ലോഡ്ജ്, കെ.പി. കേശവമേനോൻ റോഡ്, കോഴിക്കോട് -1. ഫോൺ: 91 4 21 21610 എന്നതായിരുന്നു വർഷങ്ങളോളം നന്ദന്റെ മേൽവിലാസം. അവിടെയിരുന്ന് നന്ദൻ കഥയും സിനിമയും സ്വപ്നം കണ്ടു. നാം അത്യഗാധമായി ഒരു കാര്യം ആഗ്രഹിച്ചാൽ അതു നടത്തിയെടുക്കാൻ ലോകം ഗൂഢാലോചന നടത്തിക്കോളും എന്നോ മറ്റോ പൗലോ കൊയ് ലോ പറഞ്ഞുവെന്ന ഉദ്ധരണിയിൽ വിശ്വസിച്ചു ജീവിച്ചുപോരുന്നവർ എത്രയെങ്കിലുമുണ്ട്. അതൊക്കെ കഥകളുടെയും നോവലുകളുടെയും ലോകം. അതല്ല ജീവിതം. ജീവിതത്തിൽ ഒരു ചെറു കൈത്താങ്ങ് കിട്ടാതെ ഇല്ലാതായിപ്പോകുന്നവരാണ് കൂടുതലും. നന്ദനും അതിൽപെട്ട ഒരാളായിരുന്നു.
‘റങ്കൂൺ’ എന്ന പേരുതന്നെ നഷ്ടകാലത്തിന്റേതാണ്. മലയാളികളുടെ ആദ്യ പ്രവാസം ബർമയിലെ റങ്കൂണിലേക്കായിരുന്നു. എൻ.എൻ. പിള്ളയുടെ ആത്മകഥയിൽ ആ റങ്കൂൺ കാലമുണ്ട്. രണ്ടാം ലോകയുദ്ധ കാലത്ത് റങ്കൂണിൽനിന്നും മടങ്ങിയ മലയാളികളാണ് ബർമയുടെ ഓർമയിൽ കേരളത്തിൽ റങ്കൂൺ സ്മാരകശിലകൾ കൊത്തിവെച്ചത്. ഇന്ന് ബർമയില്ല. റങ്കൂണുമില്ല. മ്യാന്മറും യാംഗോനുമാണത്. കോഴിക്കോട്ടെ റങ്കൂൺ ലോഡ്ജിന്റെ വേരുകൾ ചിതറിക്കിടപ്പുണ്ടാകാം അവിടെയിപ്പോഴും. കാലാന്തരത്തിൽ കോഴിക്കോട്ടങ്ങാടിയുടെ ചരിത്രത്തിൽ അത് പൊടിയിൽ മൂടിപ്പോയി. അളകാപുരിയും നീലഗിരിയും പാരഗണും ഇംപീരിയലും കോമളവിലാസവും മാത്രമല്ല റങ്കൂൺ പോലത്തെ ഇരുട്ടു മുറി ലോഡ്ജുകളും കോഴിക്കോടൻ ജീവിത ചരിത്രത്തിലുണ്ട്. നന്ദൻ അതിന്റെ ചരിത്രം കഥയായി എഴുതും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അതുണ്ടായില്ല.
നന്ദനെ ഓർക്കുമ്പോൾ ആദ്യം ഓർമ വരുക ന്യൂട്ട് ഹാംസന്റെ ‘വിശപ്പ്’എന്ന നോവലിലെ ആർക്കും വേണ്ടാത്ത കഥകളുമായി അലയുന്ന കഥാകൃത്തിന്റെ വിശപ്പുകളാണ്. പിന്നെ അവനുമായി പൂർത്തിയാകാത്ത ഒരഭിമുഖത്തിനുവേണ്ടി റങ്കൂൺ ലോഡ്ജിലെ വെളിച്ചം കടക്കാത്ത മുറിയിലെ കട്ടിലിൽ ചെന്നിരുന്നപ്പോൾ ദസ്തയേവ്സ്കിയുടെ ‘അധോതലക്കുറിപ്പുകളി’ലെ പേരില്ലാത്ത നായകന്റെ മുഖമായിരുന്നു അവന്.
എ. നന്ദകുമാർ എന്ന പേരിനെ ‘ഒരു’ നന്ദകുമാർ എന്ന് വിവർത്തനം ചെയ്യുമായിരുന്നു അവൻ. എൺപതുകളുടെ മധ്യത്തിൽ ‘ഊണും ബോണസും ചില കൈപ്പിഴകളും’ എന്ന കഥാപുസ്തകം ചിന്ത രവീന്ദ്രന്റെ അവതാരികയോടെ പന്തളത്തെ പുസ്തകപ്രസാധക സംഘം പുറത്തിറക്കിയപ്പോൾ അത് എ. നന്ദകുമാർ എന്ന കഥാകൃത്തിന്റെ ഉദയമായിരുന്നു എന്ന് ഞാൻ തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല. അന്ന് നന്ദൻ നല്ല സ്റ്റൈലിലുള്ള ബുൾഗാൻ താടിയൊക്കെ വെച്ച് ഇംഗ്ലീഷിൽ സംസാരിക്കുന്ന ബോംബെ യു.എൻ.ഐയിലെ ഒരു ജേണലിസ്റ്റായിരുന്നു. അന്നത്തെ അരാജക ബുദ്ധിജീവികളുടെ സദസ്സുകളിൽ നന്ദൻ സ്വീകാര്യനായിരുന്നെങ്കിലും അതിനപ്പുറം മാധ്യമമതിൽ ചാടിക്കടക്കാൻ നന്ദന് കഴിഞ്ഞില്ല. പണി കളഞ്ഞ് കോഴിക്കോട്ടേക്ക് കഥയും സിനിമയുമായി തിരിച്ചെത്തിയ നന്ദൻ പതുക്കെപ്പതുക്കെ ഒന്നും നടക്കാത്ത നിലയിലേക്ക് കൂപ്പുകുത്തി.
സ്വന്തമായി ഒരു കാമറയുണ്ടായിരുന്നു നന്ദന്. പി.എ. ബക്കറിന്റെയും ചിന്ത രവീന്ദ്രന്റെയും ജോൺ എബ്രഹാമിന്റെയും സ്കൂളിൽ സിനിമയിലേക്ക് പിച്ചവെച്ചിരുന്ന നന്ദൻ ഒരു സിനിമയെടുക്കാനായി സ്വന്തം മനസ്സിലെ സിനിമാസ്വപ്നങ്ങൾ എത്രയോ അടി ഷൂട്ടുചെയ്തിരുന്നത് ഓർമയുണ്ട്. അപ്പോഴേക്കും ഫിലിം മരിച്ചു. ഡിജിറ്റൽ കാമറകൾ ലോകം കീഴടക്കി. നന്ദൻ ഷൂട്ട് ചെയ്ത റോൾ കാമറകൾ ഏതോ ലോഡ്ജിൽ വാടക നൽകാനാതെ കടന്നുകളഞ്ഞ കൂട്ടത്തിൽ അവിടത്തെ സ്ഥാവര ജംഗമവസ്തുക്കൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ടു. ലോഡ്ജ് മാറ്റം അക്കാലത്ത് നന്ദന്റെ ഒരു കലയായിരുന്നു.
വാടക കുടിശ്ശിക എത്രയെങ്കിലുമാകുമ്പോൾ ലോഡ്ജുകാർ മുറി സീൽചെയ്ത് നന്ദനെ പുറത്താക്കും. അവിടത്തെ മൊത്തം ശേഖരം അതോടെ ഉപേക്ഷിക്കപ്പെടും. നന്ദൻ ക്ലീൻ സ്ലേറ്റിൽ പുതിയ ലോഡ്ജിൽ പുതിയ ജീവിതം തുടങ്ങും. ഏറ്റവും അവസാന കാലത്താണ് നന്ദൻ ‘മാതൃഭൂമി’ക്കടുത്തുള്ള റങ്കൂൺ ലോഡ്ജിലെ പത്തു രൂപ കട്ടിലിൽ അന്തേവാസിയാകുന്നത്.
എത്ര കുടിശ്ശികയുണ്ടെങ്കിലും പരമാവധി കരുണ നന്ദന്റെ ലോഡ്ജ് മാനേജർമാർ നന്ദനോട് കാണിക്കുമായിരുന്നു. കള്ള് കുടിച്ച് അലമ്പുണ്ടാക്കുന്നത് സഹിക്കാതാകുമ്പോൾ മാത്രമാണ് അവർ മുറി സീലുവെക്കുന്നത്. പലപ്പോഴും തൊട്ടടുത്ത ദിവസം ശാന്തനായി തിരിച്ചെത്തുന്ന നന്ദന് അതേ മുറികൾ അവരെക്കൊണ്ടുതന്നെ തുറപ്പിക്കാനുള്ള മാജിക്കും അറിയാം. ചിലപ്പോൾ അത് ഫലിക്കാതെ പോവുകയും ചെയ്യും.
നന്ദനെപ്പോലെ അടിമുടി കോഴിക്കോടൻ തെരുവിന്റെ കഥാകാരനായി ജീവിച്ച മറ്റൊരാൾ മലയാള സാഹിത്യത്തിൽ വേറെയുണ്ടാകാൻ വഴിയില്ല. വളരെ ചുരുക്കം കഥകളേ നന്ദന്റേതായി ഉള്ളൂ. ഏതെങ്കിലും പത്രാധിപന്മാർ നന്ദനെ വിളിച്ച് “ഒരു കഥ എഴുതിത്തരുമോ നന്ദാ’’എന്ന് 63 വയസ്സ് നീണ്ട ആ ജീവിതത്തിൽ ഒരിക്കലും അവനോട് ആവശ്യപ്പെട്ടു കാണാനിടയില്ല. കമ്പോളത്തിൽ നിലനിൽപിനായി കുതിച്ചുപായുന്ന മാധ്യമലോകത്ത് വിൽപനസാധ്യതയുള്ള പേരായിരുന്നില്ല നന്ദന്റേത്.
ഒരു കഥാകൃത്തായി മാധ്യമങ്ങൾ നന്ദനെ കണ്ടിട്ടുമില്ല. ‘‘ഓ, നന്ദൻ’’-അതായിരുന്നു നന്ദനെക്കുറിച്ചുള്ള മാധ്യമബോധം. ആർക്കും വേണ്ടാത്ത എഴുത്തുകൾ പരമശൂന്യതയിലെ നിലവിളികളാണ്. നന്ദൻ അതിൽ കൈകാലിട്ടടിച്ചു. എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു തെരുവിന്റെ കഥ’യുടെ തുടർച്ചയിൽ നന്ദനുണ്ടാകും. ശൂന്യതകളിലൂടെ സഞ്ചരിക്കുന്ന ന്യൂട്ട് ഹാംസന്റെ ‘വിശപ്പി’ലെ ആർക്കും വേണ്ടാത്ത കഥകളുടെ എഴുത്തുകാരനെപ്പോലെ കോഴിേക്കാട്ടെ തെരുവിന്റെ മുക്കിലും മൂലയിലും തലങ്ങും വിലങ്ങും അലഞ്ഞ് അവന്റെ സമയം തീർത്തു.
‘ഒന്നുമറിയില്ല’എന്നത് നന്ദന്റെ അവസാനത്തെ കഥയായിരുന്നു. അത് വായിച്ച് അത് അച്ചടിക്കാൻ കൊള്ളാമോ എന്ന് അഭിപ്രായം പറയാനാണ് അതിന്റെ ഒരു കോപ്പി എനിക്ക് കൊണ്ടുത്തന്നത്. ഒരു നഷ്ടകഥയുടെ ഓർമയായിരുന്നു അത്. “1992ലാണ് അത് എഴുതിത്തുടങ്ങിയത്. 1994ൽ അത് നഷ്ടപ്പെട്ടു.’’ അതിന്റെ തനത് രൂപത്തിൽ ആ കഥ എന്തായിരുന്നിരിക്കും എന്നോർക്കാൻ 1985ൽ ഇറങ്ങിയ നന്ദന്റെ ‘ഊണും ബോണസും ചില കൈപ്പിഴകളും’എന്ന കൊച്ചു ചെറുകഥാ പുസ്തകം വായിക്കുകയേ നിർവാഹമുള്ളൂ. അതെന്നും മനസ്സിലുള്ള ഒരു കഥാപുസ്തകമാണ്. “ഇത്രയൊക്കെയേ ഉള്ളൂ സ്നേഹിതാ’’എന്ന് ജീവിതത്തെ വ്യാഖ്യാനിക്കുന്ന അതിലെ ഉള്ളുലക്കുന്ന ഒരു വരി അക്കാലത്തേ മനസ്സിൽ തറച്ചുകിടന്ന ഒരു പ്രയോഗമായിരുന്നു.
പേരു ചോദിച്ചപ്പോൾ “ഒന്നുമറിയില്ല’’ എന്നുമാത്രം പറയുന്ന ഒരു പെൺകുട്ടിയുടെയും അവൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു കഥാകൃത്തിന്റെയും കഥയാണ്. അത് വായിച്ച് “കൊള്ളാം, അതിലൊരു മിസ്റ്ററിയുണ്ട്’’ എന്നു പറഞ്ഞപ്പോൾ സന്തോഷത്തോടെ ഇരുപത് രൂപയും വാങ്ങി അവൻ ഇറങ്ങിപ്പോയി. ഇരുപത് രൂപ ഒരു ചായക്കും ഉപ്പുമാവിനുമുള്ളതാണ്. രണ്ടാം ഗേറ്റിനടുത്തുള്ള നന്ദന്റെ പറ്റുകടകളിലെ ഹോട്ടലുകാരും നന്ദനോട് കരുണയുള്ളവരായിരുന്നു.
‘ഒന്നുമറിയില്ല’എന്ന കഥ ആദ്യം ‘മാതൃഭൂമി’ വാരാന്തപ്പതിപ്പും രണ്ടാമത് ‘മാതൃഭൂമി’ആഴ്ചപ്പതിപ്പും തിരസ്കരിച്ചു. കുറേനാൾ വെച്ചിരുന്ന് അവരതു നന്ദനുതന്നെ തിരിച്ചുകൊടുത്തു. അതവന്റെ ബാക്കിയായ ആത്മവിശ്വാസത്തെ കുറച്ചൊന്നുമല്ല തകർത്തത്. കഥയെഴുത്തിലെ അവസാന ശ്രമമായിരുന്നു അത്. നിരാശനായ നന്ദൻ എന്നെ റങ്കൂൺ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി.
“നീ ഇങ്ങോട്ടു വരുന്നില്ലെങ്കിൽ ഞാനങ്ങോട്ടു വരും’’ -അതൊരു ഭീഷണിയാണ്. നന്ദനെ ഓഫിസിനകത്ത് കടത്തരുതെന്ന് ‘മാതൃഭൂമി’ സെക്യൂരിറ്റി ഓഫിസർ റിസപ്ഷനിൽ കർക്കശ നിർദേശം നൽകിയിട്ടുള്ളതാണ്. അപ്പോൾ പിന്നെ അങ്ങോട്ടുപോവുന്നതായിരുന്നു സുരക്ഷിതം. അവനുമായി ഒരു മുഖാമുഖത്തിനായിരുന്നു അവനെന്നെ ക്ഷണിച്ചുവരുത്തിയത്. “ആരും ഇന്നുവരെ എന്നെ ഒരഭിമുഖം നടത്തിയിട്ടില്ല. നീയെങ്കിലും അതു ചെയ്യണം. എന്റെ കഥയല്ലേ ആർക്കും വേണ്ടാത്തത്.
എനിക്ക് ജീവിതം പറയണം’’-ആ അഭിമുഖം മുഴുവനായില്ല. പലതുകൊണ്ടും അത് പാതിയിൽ നിന്നുപോയി. പിന്നെ അതൊരു കുറ്റബോധമായി അവശേഷിച്ചു. ആ പാതി അഭിമുഖം പിന്നെ പൂർത്തിയാക്കാം എന്നു വിചാരിച്ച് എന്റെ കടലാസുകൾക്കിടയിൽ ഉറങ്ങി. അഭിമുഖം എന്ന് പറയാനാവില്ല, നന്ദൻ പറയുകയായിരുന്നു. ഞാനത് കുറിച്ചെടുത്തുകൊണ്ടേയിരുന്നു. അതിന് നിയതമായ തുടക്കമോ ഒടുക്കമോ ഇല്ലാതെ തന്റെ യാത്രകളുടെ രൂപരേഖ അവൻ പറഞ്ഞു.
ആത്മാവിനെ വന്ദിക്കാൻ പഠിക്കാത്ത മലയാളി
‘ഒന്നുമറിയില്ല’ എന്നത് ജ്ഞാനമീമാംസയിൽ ശരിയാണ്. ആർക്കുമറിയില്ല ഒന്നും. അറിഞ്ഞതായി നാം നടിക്കുന്നു എന്നുമാത്രം. ‘ഒന്നുമറിയില്ല’ എന്ന കഥയിലെ പെൺകുട്ടിയുടെ പേരുതന്നെ ഒന്നുമറിയില്ല എന്നായത് അങ്ങനെയാണ്. അത്തരത്തിൽ മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയാൽ വിനയമുണ്ടാകും മനുഷ്യർക്ക്. അഹന്തയുണ്ടാകില്ല. ആത്മാവിനെ വന്ദിക്കാൻ എന്നത് മലയാളി ഇനിയും പഠിച്ചിട്ടില്ല.
1999ൽ ‘ഘടികാരം എന്താണ് പറയുന്നത്’ എന്ന കഥ ‘സാംസ്കാരിക മലയാള’ത്തിൽ എസ്. ജയചന്ദ്രൻ നായരുടെ അടുത്ത് കൊണ്ടുക്കൊടുത്തു. സന്തോഷമായി. എന്നാൽ, കഥ പ്രസിദ്ധീകരിക്കുന്നില്ല. മൂന്നുമാസമായി. 2000ത്തിലെ ആദ്യ ലക്കത്തിൽ “ഈ മില്ലേനിയം നിന്റെ കഥയിൽനിന്നു ആരംഭിക്കട്ടെ’’ എന്നറിയിച്ചു പിന്നീട്. എം. കൃഷ്ണൻ നായർ അര പേജിലുള്ള വിമർശനം എഴുതിയ ഏക കഥ അതായിരിക്കും. ഇയാൾക്ക് കഥയെഴുതാൻ അറിയില്ല എന്ന് തെളിയിക്കാൻ തൊട്ടടുത്ത ലക്കത്തിൽ തന്നെയായിരുന്നു കൃഷ്ണൻ നായരുടെ വിമർശനം. അലൺ പാറ്റണിന്റെ ‘ക്രൈ മൈ ബിലൗഡ് കൺട്രി’ വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു വിമർശനം. പിന്നെ ഞാൻ കഥയെഴുതിയിട്ടില്ല. 12 വർഷത്തിനുശേഷം ‘ഒന്നുമറിയില്ല’ എഴുതി.
1984ൽ സുഹൃത്ത് പി.സി. ജോസിയാണ് ‘ഊണും ബോണസും ചില കൈപ്പിഴകളും’ പ്രസിദ്ധീകരിക്കുന്നത്. ചിന്ത രവി അവതാരിക എഴുതിത്തന്നു. 2011ൽ അത് ‘മാതൃഭൂമി’ വീണ്ടും പുറത്തിറക്കി. സെക്കൻഡ് എഡിഷൻ. മിത്തിനെ റിയാലിറ്റിയാക്കി കൊണ്ടുവരുന്ന കാലമാണിത്. ബ്രസീലിയൻ നോവലിസ്റ്റ് ജോർജ് അമേദുവിന്റെ ‘ദ ടെന്റ് ഓഫ് മിറക്കിൾസ്’ ആ വഴിയിലുള്ള ഒരു യാത്രയാണ്. പാലക്കാട് വള്ളുവനാട്ടിലെ പെരുങ്ങോട് പൂമുള്ളി മനക്ക് അടുത്ത ഗ്രാമത്തിൽ, കോതച്ചിറയിലാണ് ഞാൻ വളർന്നത്. പെരുങ്ങോട് സ്കൂളിലാണ് പഠിപ്പ് തുടങ്ങിയത്. ജന്മിത്തത്തിന്റെ അവസാന കാലമായിരുന്നു അത്.
അച്ഛൻ, കെ. മാധവൻ രവീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യനായിരുന്നു. വാര്യർ എന്ന ജാതിപ്പേര് ഒരിക്കലും ഉപയോഗിച്ചിട്ടില്ല. മദ്രാസ് ക്രിസ്ത്യൻ കോളജിൽ കലാ അധ്യാപകനായിരുന്നു. അമ്മ മാധവി. വാരസ്യാരായിരുന്നു. എന്നാൽ, അച്ഛനെപ്പോലെ അമ്മക്കും ജാതിയില്ലായിരുന്നു. ഇന്ദു, സതീശൻ, ഉഷ, നന്ദകുമാർ. മക്കളിൽ നാലാമനായിരുന്നു ഞാൻ. ആർക്കും ജാതിപ്പേരിട്ടിട്ടില്ല. ‘എ’ എന്നത് ആത്രശ്ശേരി, അമ്മയുടെ തറവാട്ടുപേരാണ്. അതാണ് എന്റെ പേരിനൊപ്പം ചേർന്നത്. അച്ഛൻ മദിരാശിയിലായിരുന്നതുകൊണ്ട് മദിരാശി ക്രിസ്ത്യൻ കോളജിലായിരുന്നു പഠനം. ബി.എക്ക് നാട്ടിലേക്ക് വന്നു. എം.എ കേരള യൂനിവേഴ്സിറ്റിയിൽ.
‘കറുക്കുന്ന മട്ടഡഹള്ളി’ എന്ന കഥ അടിയന്തരാവസ്ഥയുടെ അനുഭവമാണ്. പഠിപ്പ് കഴിഞ്ഞപ്പോൾ എറണാകുളത്ത് എനിക്കൊരു ഗുമസ്തപ്പണി ഉണ്ടായിരുന്നു. അത് രാജിവെച്ചാണ് ഞാൻ കോഴിക്കോട്ട് എൽഎൽ.ബിക്ക് ചേർന്നത്. ജയിക്കാൻ പാരലൽ കോളജ് അധ്യാപകനുമായി. 1980ൽ എൽഎൽ.ബി വിട്ട് കൊച്ചി യൂനിവേഴ്സിറ്റി ഡോ. കരുണാകരന്റെ കീഴിൽ പിഎച്ച്.ഡിക്ക് ചേർന്നു. ഡിപ്പാർട്മെന്റ് ഓഫ് അപ്ലൈഡ് ഇക്കണോമിക്സിൽ. ലേബർ മൈഗ്രേഷൻ ആയിരുന്നു വിഷയം. 1983ൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ റിസർച് മെത്തഡോളജി കോഴ്സിന് ചേർന്നു.
അവിടെത്തന്നെ ജൂനിയർ െലക്ചററായി പണിയും കിട്ടി. പിന്നെ യു.എൻ.ഐയിൽ (യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ) പണി കിട്ടിയപ്പോൾ ജേണലിസ്റ്റായി. ഫിനാൻഷ്യൽ മാർക്കറ്റിങ്ങിന്റെ ലോകമായിരുന്നു അവിടെ എന്റേത്. ഡോളറും പൗണ്ടുമൊക്കെ വാങ്ങലും വിൽക്കലും അതിന്റെ റേറ്റ് ഫ്ലക്ച്വേഷനുമൊക്കെ എന്റെ ലോകമായി. ഫോറിൻ എക്സ്ചേഞ്ച് ബ്രോക്കേഴ്സിനെയൊക്കെ അടുത്തറിഞ്ഞു. അത് ഒരു റാക്കറ്റായിരുന്നു. റേറ്റ് ഫിക്സിങ്ങിലെ വ്യത്യാസം വരുന്നതെങ്ങനെ എന്ന് അന്വേഷിച്ചുപോയി.
ഒടുവിൽ അതിലെ ക്രമക്കേടുകൾക്കെതിരെ ഇക്കണോമിക് എൻഫോഴ്സ്മെന്റ് ബ്യൂറോയിൽ പരാതി കൊടുത്തു. അന്വേഷണം നടന്നപ്പോൾ അന്നത്തെ യു.എൻ.ഐ ബ്യൂറോ ചീഫിനെയും അവർ ട്രാക്ക് ചെയ്തു പിടിച്ചു. യു.എൻ.ഐ ജനറൽ മാനേജർതന്നെ വിവരമറിഞ്ഞ് ബോംബെയിലെത്തി. ഒന്നുകിൽ കൽക്കത്തക്ക് പോവുക അല്ലെങ്കിൽ രാജിവെച്ചുപോവുക എന്നാണ് എനിക്ക് കിട്ടിയ ഓഫർ. ഞാൻ രാജിവെച്ചു. 1988 വരെ ബോംബെയിൽ ഫ്രീലാൻസ് ജേണലിസ്റ്റായി പിടിച്ചുനിന്നു. 1988ൽ കൊയിലാണ്ടി ആർട്സ് കോളജ് എന്ന പാരലൽ കോളജിൽ അധ്യാപകനായി എത്തി. എ. സോമൻ, എൻ.കെ. രവീന്ദ്രൻ, ശിവദാസൻ ഒക്കെയുണ്ടായിരുന്ന ലോകം.
പി.എം. ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകം സർക്കാർ നിരോധിച്ചപ്പോൾ അതിനെതിരെ മധു മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ ഞാനുണ്ടായിരുന്നു. അന്നു പൊലീസ് പിടിച്ച് ജയിലിലിട്ടു. 22 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. പിന്നെ സുഹൃത്ത് മുഹമ്മദിനൊപ്പം സ്റ്റാൻഡേഡ് ലിറ്ററേച്ചറിന്റെ പ്രചാരകനായി. പുസ്തകവിൽപനക്കാരനായി. അതും കഴിഞ്ഞ് ‘ഊണും ബോണസും’ എന്ന എന്റെ പുസ്തകത്തിന്റെ കവർ വരച്ചുതന്ന സുഹൃത്ത് ബൈജുവിന്റെ പ്രലോഗ് എന്ന സ്ക്രീൻ പ്രിന്റിങ് യൂനിറ്റിൽ ജോലി ചെയ്തു. 1992ലായിരുന്നു അത്. കല്യാണം കഴിച്ചത് അപ്പോഴാണ്. ഒരു തൊഴിലാളി സ്ത്രീയെ. വീട്ടിൽനിന്നും ആരും വന്നിരുന്നില്ല.
അത് 2001 വരെ നീണ്ടു. അതുവരെ അത് മനോഹരമായ ജീവിതമായിരുന്നു. പിന്നെ പിരിഞ്ഞു. എന്നെപ്പോലൊരാൾക്ക് പറ്റിയതല്ല കുടുംബജീവിതം എന്ന് എനിക്ക് മനസ്സിലായി. രണ്ടു മക്കളുണ്ടായി എനിക്ക്. അനിരുദ്ധനും അതുല്യയും. ഞാനല്ല അവരെ പോറ്റിയത്. കമ്പിപ്പണിയെടുത്ത് എന്റെ ജീവിതപങ്കാളിയായ സ്ത്രീ തന്നെയായിരുന്നു അവരെ പോറ്റിയത്. ഞാനൊരു ഭാരമാണെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ പിന്മാറി. അവൾ ഒരു തൊഴിലാളിയെത്തന്നെ വിവാഹം കഴിച്ചു. മക്കളെ കാണണമെന്നു തോന്നുമ്പോൾ ഞാൻ പോയി കാണും. അതിന് ആർക്കും ഒരു ബുദ്ധിമുട്ടില്ല. ഞാൻ മരിച്ചാൽ അവർ അറിയുമോ അവർ വരുമോ എന്നൊന്നും എനിക്കറിയില്ല. പിന്നെ അതെന്റെ പ്രശ്നവുമല്ല. 2001 മുതലാണ് ഞാൻ ശരിക്കും കോഴിക്കോട്ടെ തെരുവിന്റെ മകനായത്.
ഏത് ജീവിയും ജനിക്കുന്നത് അറിയുന്നില്ല. ഏത് സെക്കൻഡിൽ ജനിച്ചു എന്ന് കണക്ക് കൂട്ടി പറയാനാവില്ല. മരിക്കുന്നതും നിങ്ങൾ അറിയുന്നില്ല. അതിനിടയിൽ ഒരു സ്ഥലമുണ്ട്. ജനനത്തിനും മരണത്തിനുമിടയിൽ. അവിടെ നമ്മൾ എന്തുചെയ്തു എന്നതാണ് കാര്യം. ഒരാൾ മരിച്ചാൽ രണ്ട് എക്സ്പ്രഷനുണ്ട്. ഒന്ന് തലക്ക് കൈവെച്ച് കഷ്ടമായിപ്പോയി എന്ന്. അതിനർഥം അത് വേണ്ടപ്പെട്ട ഒരാളാണ് എന്നാണ്. ഓ മരിച്ചോ എന്നാണ് മറ്റൊന്ന് -വേണ്ടാത്ത ഒരാൾ എന്നാണതിന്റെ അർഥം. ഇത് ദാർശനികമായി തിരിച്ചറിയാത്തതുകൊണ്ടാണ് മനുഷ്യർ മൃഗീയവാസനകൾക്ക് പിറകെപ്പോകുന്നത്.
ഞാൻ ഒരിക്കലും ഒറ്റക്കല്ല. വലിയൊരു സമൂഹം എനിക്കൊപ്പമുണ്ട്. പോക്കറ്റടിക്കാർ, വേശ്യകൾ, തൊഴിലാളികൾ, ബുദ്ധിജീവികൾ, ധനികർ -ഒക്കെയുണ്ട്. എനിക്ക് ഏകാന്തതയുടെ ഒരു പ്രശ്നവുമില്ല. എന്റെ കുടുംബവും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. സഹോദരീ സഹോദരന്മാരും അവരുടെ മക്കളുമൊക്കെ ബന്ധപ്പെടാറുണ്ട്. റങ്കൂൺ ലോഡ്ജിലും തെരുവിലും ജീവിക്കുന്നവരെ നോക്കിയാൽ ഒരു പ്രശ്നവും വലുതല്ല എന്നറിയും.
എന്തിനാണ് ആൾക്കാർ വീട്ടിൽനിന്നും ഇറങ്ങിപ്പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? തെരുവിൽ കിടക്കും. കൂലിപ്പണിയെടുക്കും. എന്നാലും വീട്ടിൽ പോകില്ല. കൃത്യമായി വീട്ടിലേക്ക് പണമയക്കുന്നവരും തെരുവിലുണ്ട്. എന്നാലും വീട്ടിൽ പോകില്ല. പത്തു രൂപ കട്ടിലിനുള്ള കാലത്താണ് ഞാൻ റങ്കൂൺ ലോഡ്ജിൽ എത്തിയത്. ഇപ്പോഴത് 40 രൂപയായി. നാലായിരവും പതിനായിരവും ദിവസ വാടകക്ക് മുറി കിട്ടുന്ന കോഴിക്കോട് റങ്കൂൺ ലോഡ്ജ് ചെയ്യുന്നത് ഒരു വലിയ സാമൂഹിക സേവനമാണ്.
1844ലെ കാൾ മാർക്സിന്റെ ഇക്കണോമിക്കൽ ആൻഡ് പൊളിറ്റിക്കൽ മാനുസ്ക്രിപ്റ്റ് എല്ലാ ഭാഷയിലും പൂഴ്ത്തിവെക്കപ്പെടുകയാണ് ചെയ്തത്. ഞാനത് മലയാളത്തിലാക്കുകയാണ്. നമ്മുടെ നാട്ടിൽ അതിന് അർഹമായ പരിഗണന ഉണ്ടായിട്ടില്ല. അധ്വാനത്തിന്റെ അന്യവത്കരണം പലരൂപത്തിൽ നടക്കുന്നു. ആ സംഭാഷണം അവിടെ നിലച്ചു. അതിന് തുടർച്ചയുണ്ടായില്ല.
തെരുവു ജീവിത പോരാളി
നന്ദനെപ്പോലെ ജീവിക്കാൻ നന്ദനേ പറ്റൂ. തെരുവു ജീവിതത്തിനും വേണ്ടതുണ്ട് അതിജീവനത്തിന്റെ വേറിട്ട രീതികൾ. എങ്കിലേ അവിടെയും പിടിച്ചുനിൽക്കാനാവൂ. ആ അർഥത്തിൽ നന്ദനും ഒരു ഗറിലാ പോരാളിയായിരുന്നു. എത്ര വർഷങ്ങൾ അവൻ കോഴിക്കോടൻ തെരുവിൽ ഏകാന്തമായി ജീവിച്ചു എന്നോർത്താൽ അത്ഭുതപ്പെട്ടുപോകും.
മദ്യപിച്ച് പലതവണ നന്ദൻ ‘മാതൃഭൂമി’ ഓഫിസിൽ കയറിവന്നിട്ടുണ്ട്. ബഹളംവെച്ചിട്ടുണ്ട്. എം.ഡി എം.പി. വീരേന്ദ്രകുമാറിന്റെ മുറിയിൽ വരെ എത്തിയിട്ടുണ്ട്. ഒരിക്കൽ എം.ഡിയുടെ മുറിയിലെത്തി ഇംഗ്ലീഷിൽ അദ്ദേഹവുമായി സംവാദത്തിൽ ഏർപ്പെടുന്ന നന്ദനെയാണ് കണ്ടത്. സെക്യൂരിറ്റിക്കാർ പിറകെ ചെന്ന് എം.ഡിയുടെ മുറിക്കകത്തും പുറത്തും അവന് കാവൽ നിന്നു. അവരുടെ കണ്ണുവെട്ടിച്ച് അകത്തുകടക്കാൻ അസാധാരണ മിടുക്കുണ്ടായിരുന്നു നന്ദന്. ആദ്യം റിസപ്ഷനിൽ കയറി ഇരിക്കും. ഞാനില്ലെങ്കിൽ മറ്റൊരാളിനെ അന്വേഷിക്കും. സെക്യൂരിറ്റിയുടെ കണ്ണു തെറ്റിയാൽ നന്ദൻ അകത്തേക്ക് അപ്രത്യക്ഷനാകും.
കള്ളുകുടിച്ച് ഓഫിസിൽ കയറിവന്നാൽ ഞാനവന് പണം കൊടുക്കാറില്ല. എന്നാൽ വിശന്നുവന്നാൽ ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ല. കൃത്യം പണമേ ചോദിക്കൂ. ചായക്കും കടിക്കും ഇരുപത് അല്ലെങ്കിൽ ഊണിന് മുപ്പത്. അതുമല്ലെങ്കിൽ ഒരു യാത്രയുണ്ട്. നീയൊരു 500 രൂപ തന്നേ തീരൂ. ഇല്ലെങ്കിൽ ഒരു 250 എങ്കിലും താ എന്ന്. തിരിച്ചു ഞാൻ എങ്ങനെയെങ്കിലും വന്നോളാം എന്ന്. അത് പലപ്പോഴും ഫോൺചെയ്ത് പറയും. കൈയിലില്ലെങ്കിൽ ആരോടെങ്കിലും വാങ്ങിവെക്കാൻ. ചിലപ്പം അത് കുടിക്കാനാവാം. എന്നാലും കുടിക്കാതെ വന്നാൽ മാത്രമേ എന്നോട് പണം ചോദിച്ചാൽ കിട്ടൂ എന്ന ധാരണ നന്ദൻ കാത്തുസൂക്ഷിച്ചിരുന്നു.
എഴുപതുകളുടെ തുടക്കത്തിലാവണം നന്ദൻ കോഴിക്കോട്ടെത്തിയത്. പി.എ. ബക്കറിന്റെ ക്യാമ്പിൽ നന്ദനുണ്ടായിരുന്നു. ‘കബനീ നദി ചുവന്നപ്പോൾ’ (1976), ‘ചുവന്ന വിത്തുകൾ’ (1978), ചിന്ത രവീന്ദ്രന്റെ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ (1980) എന്നീ സിനിമകൾ നന്ദന്റെ കൂടി ചലച്ചിത്രയാത്രകളുടെ ഭാഗമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. സമാന്തര സിനിമയിൽ ഒരു തിരക്കഥാകൃത്തോ സംവിധായകനോ ആകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. പക്ഷേ എവിടെയോവെച്ച് അത് വഴുതിപ്പോയി. അതായിരുന്നു നന്ദന്റെ തെരുവിലേക്കുള്ള വരവിന്റെ തുടക്കം.
1977-79 മുതലുള്ള നന്ദനെയാണ് എനിക്ക് പരിചയമുള്ളത്. മധു മാഷിന്റെ ‘അമ്മ’ നാടകവും ജനകീയ സാംസ്കാരിക വേദിയും തെരുവുനാടകങ്ങളുമൊക്കെ പിച്ചവെക്കുന്ന കാലത്ത് നന്ദനുണ്ടായിരുന്നു അവിടെ. ഇടക്ക് പ്രത്യക്ഷപ്പെടും പിന്നെ അപ്രത്യക്ഷനാകും. അതായിരുന്നു അക്കാലം. ബോംബെയിൽ അവൻ വലിയ ഇക്കണോമിസ്റ്റും കോളമിസ്റ്റുമൊക്കെയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഒരിക്കലും ഒരു മുഴുനീള ആക്ടിവിസ്റ്റൊന്നും ആയിരുന്നില്ലെങ്കിലും എല്ലാറ്റിലും പൂർണ ബോധ്യത്തോടെ, ഓരങ്ങളിൽ നന്ദൻ ഉണ്ടായിരുന്നു. എൺപതുകളുടെ തുടക്കത്തിൽ...
കെ.ജെ. ബേബിയുടെ നാടുഗദ്ദിക ടീമിനെ കോഴിക്കോട്ട് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മധു മാസ്റ്ററുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ മുൻനിരയിൽതന്നെ നന്ദനുമുണ്ടായിരുന്നു. അത് സാക്ഷ്യപ്പെടുത്തുന്നതാണ് പി. മുസ്തഫ ക്യൂറേറ്റ് ചെയ്ത മാതൃഭൂമി ഫോട്ടോഗ്രാഫർ പി. വിശ്വനാഥൻ അന്നെടുത്ത ചിത്രം. ചിത്രകാരൻ സുനിൽ അശോകപുരത്തെയും നിലമ്പൂർ ബാലേട്ടന്റെ മകൻ വിജയകുമാറിനെയും വിശ്വനെയും ഒക്കെ ആ ചിത്രത്തിൽ കാണാം.
‘ഇത്രയൊക്കെയേ ഉള്ളൂ സ്നേഹിതാ’ എന്നതാണ് നന്ദന്റെ ഒരു സ്ഥായീഭാവം. കഥകളും ജീവിതവും അവന് വേറെ വേറെയല്ല. പറഞ്ഞുതീരാത്ത കഥകൾ അവൻ മനസ്സിൽ കൊണ്ടുനടന്നു. ചവറ്റുകൊട്ടകളിൽ മൺമറഞ്ഞ കൈപ്പിഴകളുടെ ചരിത്രം പറയുന്നു: ‘ഊണും ബോണസും ചില കൈപ്പിഴകളും’. കൈപ്പിഴകൾ ഉന്മൂലനം ചെയ്ത അവന്റെ കഥകൾ കേൾക്കാൻ അച്ചടിയുടെ ലോകം കാത്തുനിന്നില്ല. ആരും വാങ്ങാനില്ലാത്ത കഥയുടെ ആ ചന്തക്ക് പുറത്ത് നന്ദൻ ഒരു കഥയായി ജീവിച്ചു, കഥയായി മറഞ്ഞു.
പലതരം ‘വിശപ്പുകൾകൊണ്ട്’ എഴുതപ്പെട്ടവയാണ് നന്ദന്റെ കഥകൾ. ആർക്കും വേണ്ടായ്കയുടെ പരമശൂന്യതയിൽ നന്ദൻ കൈകാലിട്ടടിച്ചു. ഏത് സാംസ്കാരിക സദസ്സുകളിലും മുന്നിൽ വന്നിരുന്ന് കൈയടിച്ചു. ഉറക്കം തൂങ്ങി. ചോദ്യങ്ങൾ ചോദിച്ചു. ചിലപ്പോൾ അലോസരപ്പെടുത്തി. ഫിലിം ഫെസ്റ്റിവലുകളുടെയും ആർട്ട് ഗാലറികളുടെയും അന്തേവാസിതന്നെയായി. 2013ലാണ് ‘ജോൺ’ സിനിമയുടെ സ്വപ്നം ഞാൻ അവനുമായി പങ്കുവെക്കുന്നത്. അന്നു മുതൽ അവൻ അതിന്റെ ആളായിരുന്നു.
2018ൽ അതിന്റെ ഷൂട്ടിങ് നടക്കുന്നതുവരെ അതിൽ എ. നന്ദകുമാറായിത്തന്നെ അഭിനയിക്കുന്നതിനുള്ള റെമ്യൂണറേഷൻ എന്ന പേരും പറഞ്ഞ് പത്തും ഇരുപതും മുപ്പതും അമ്പതും രൂപ ഒരവകാശമായി അവൻ മേടിച്ചുകൊണ്ടു പോയി. ടി.എ. റസാക്കിന്റെ മരണത്തെ തുടർന്നുണ്ടായ നീണ്ട ഏറ്റുമുട്ടലുകളുടെ അന്ത്യത്തിൽ 2017ൽ എന്നെ കോട്ടയത്തേക്ക് ട്രാൻസ്ഫർ ചെയ്തപ്പോൾ ഒരാശ്വാസമായി ഒപ്പം നിന്ന സൗഹൃദമായിരുന്നു നന്ദൻ. ഏതോ പൊതുപരിപാടി കഴിഞ്ഞിറങ്ങുന്ന വേളയിൽ എം.ഡി എം.പി. വീരേന്ദ്രകുമാറിനെ നേരിൽ പോയി കണ്ട് ആ ചെയ്തത് അന്യായമായിപ്പോയി എന്ന് നന്ദൻ അറിയിച്ചു. അതെന്നെ വിളിച്ചുപറയുകയും ചെയ്തു: “ഈ എഴുത്തുകാർക്കൊക്കെ പേടിയാണ്. അതുകൊണ്ട് നിന്റെ കാര്യത്തിൽ അവരൊന്നും മിണ്ടില്ല.
‘മാതൃഭൂമി’ അവാർഡും കാത്തിരിക്കുന്നവർക്ക് ‘മാതൃഭൂമി’യോട് ഒന്നും മിണ്ടാനാവില്ല. അവർ വീരന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കും. എനിക്ക് ഒരു പേടിയുമില്ല. പരമാവധി അവർക്ക് ചെയ്യാവുന്നത് എന്റെ ഒരു കഥ ഇനി ‘മാതൃഭൂമി’ പ്രസിദ്ധീകരിക്കില്ല എന്നതാണ്. അതെനിക്കു വേണ്ട. ഞാൻ ഇനിയും പറയും. അയാളത് ചെയ്യാൻ പാടില്ലായിരുന്നു എന്ന്. അവരെന്താ എന്നെ പൊലീസിൽ പിടിപ്പിക്കോ. നോക്കാമല്ലോ.’’ നന്ദൻ എന്റെ ട്രാൻസ്ഫറിൽ രോഷാകുലനായിരുന്നു. അങ്ങനെ വിളിച്ചുപറയാൻ ധൈര്യപ്പെട്ട എഴുത്തുകാരനായ എന്റെ ഏക സുഹൃത്തായിരുന്നു നന്ദൻ. സന്ദർഭവശാൽ ഓർക്കുന്നു, വിടപറഞ്ഞ സി.പി.ഐ നേതാവ് സഖാവ് കാനം രാജേന്ദ്രനെയും.
“ഒരന്യായം നടന്നു എന്നറിഞ്ഞു, വീരേന്ദ്രകുമാറിനോട് ഞാൻ സംസാരിക്കണോ’’ എന്ന് വിളിച്ചു ചോദിച്ച രാഷ്ട്രീയ നേതാവായി കാനവും അന്ന് ഒപ്പം നിന്നു. ഒറ്റത്തവണ, അതും ഇടതുപക്ഷ അപചയത്തിന്റെ പേരിൽ വിമർശിച്ച ഒരു സംവാദ വേദിയിൽ പങ്കെടുത്ത പരിചയം മാത്രമായിരുന്നു കാനവുമായി ഉണ്ടായിരുന്നത്. എന്നാൽ, തിലകനെ മലയാള സിനിമയിലെ അധികാരികൾ വിലക്കിയ സമയത്ത് കോഴിക്കോട്ട് തിലകന് പിന്തുണയുമായി എത്തിയ കാനത്തിന് നൽകിയ പിന്തുണ സഖാവ് മറന്നിരുന്നില്ല. ആ ട്രാൻസ്ഫർ ജീവിതത്തിലും ഒരു വഴിത്തിരിവായിരുന്നു. ആറുമാസത്തോളം ഞാൻ ലീവിൽ പോയി. അക്കാലത്താണ് ഒരു പി.എഫ് ലോണിൽ ‘ജോൺ’ ഷൂട്ടിങ് തുടങ്ങിയത്. 35 വർഷക്കാലത്ത് എഴുതിയ ചലച്ചിത്രസംബന്ധിയായ ലേഖനങ്ങൾ മൂന്ന് പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാനും ആ നീണ്ട അവധിക്കാലം വഴിയൊരുക്കി.
2018ൽ ‘ജോൺ’ ഷൂട്ടിങ് തുടങ്ങിയപ്പോൾ കോഴിക്കോട്ടെ എല്ലാ ഷെഡ്യൂളുകളിലും ഒരാവേശമായി നന്ദൻ ഒപ്പം നിന്നു. അവനുണ്ടെങ്കിലും ഇല്ലെങ്കിലും. ഗുരുവായൂരപ്പൻ കോളജിലെ ലൊക്കേഷനിലായിരുന്നു നന്ദന് നന്ദനായിത്തന്നെ അഭിനയിക്കേണ്ടിയിരുന്ന ഭാഗം. അവിടെ ഒഡേസ സത്യൻ അനുസ്മരണ ചിത്ര പ്രദർശനത്തിന്റെ ഒരുക്കം നടക്കുന്ന വേളയിൽ ജോൺ എബ്രഹാമിനെ വിഗ്രഹവത്കരിക്കുന്നതിനെ ചോദ്യംചെയ്ത് സംഘാടകരോട് കലഹിക്കുന്ന നന്ദനായാണ് അവന് അഭിനയിക്കേണ്ടിയിരുന്നത്. അതിന്റെ പല ടേക്കുകൾ ‘ജോൺ’ ശേഖരത്തിൽ ഇപ്പോഴുമുണ്ട്.
ദീദി ബ്രീഫ് ചെയ്ത ഡയലോഗുകൾ തെറ്റിച്ച് സ്വന്തം മനോധർമമനുസരിച്ച് അവൻ സന്ദർഭത്തിൽ ജീവിച്ചു. പലപ്പോഴും രോഷംകൊണ്ട് ഡയലോഗ് വന്നില്ല. കട്ട് പറഞ്ഞിട്ടും നിർത്തിയില്ല. തെറിച്ചുപറയൽ ഒരു നന്ദൻകല തന്നെയായിരുന്നു. നന്ദൻ അത് ആസ്വദിച്ചു. സ്നേഹംകൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു. സിനിമ പൂർത്തിയാകാൻ അവൻ കാത്തിരുന്നു. വിളിച്ച് ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു, അഭിനയിച്ച ഭാഗങ്ങളെങ്കിലും ഒന്നും കാണിച്ചുകൊടുക്കാൻ. ഒടുവിൽ എഡിറ്റർ അപ്പു ഭട്ടതിരി ‘ജോണി’ന്റെ ആദ്യ ട്രെയിലർ കട്ട് ചെയ്തപ്പോൾ ഞാനത് ആദ്യം കാണിച്ചുകൊടുത്തത് നന്ദനായിരുന്നു. ട്രെയിലറിൽ സ്വന്തം വേഷം കണ്ട് അവന് തൃപ്തിയായി: “ഇനി മരിച്ചാലും പ്രശ്നമില്ല.’’
അധികകാലം നന്ദൻ പിന്നെ പിടിച്ചുനിന്നില്ല. വണ്ടിയിടിച്ചുള്ള രണ്ട് അപകടങ്ങൾ അതിജീവിച്ച്, ഒടിഞ്ഞ കൈയുംവെച്ച് നന്ദൻ അവസാനകാലത്ത് അടിവാരത്തിനടുത്ത് താമരശ്ശേരിയിൽ ഒരു പാലിയേറ്റിവ് കെയർ സെന്ററിലും പിന്നെ തേഞ്ഞിപ്പലത്ത് ഒരു വാടകവീട്ടിലും അന്തേവാസിയായി. ദീർഘകാലത്തെ കോഴിക്കോടൻ ലോഡ്ജ് ജീവിതം അവസാനിക്കുന്നത് അങ്ങനെയാണ്. ഒരോർമക്ക് തിരിച്ചുവന്ന് കയറാവുന്ന പഴയ മിഠായിത്തെരുവ് മരിച്ചു എന്ന തിരിച്ചറിവോടെ അവൻ മിഠായിത്തെരുവ് വിട്ടു. ‘ജോൺ’ മുഴുവനായും കാണണമെന്ന ആഗ്രഹത്താൽ പിന്നെയും നിരന്തരം വിളിച്ചു. പിന്നെ ആ ഫോൺ നിശ്ചലമായി.
2019ന്റെ കേരളപ്പിറവി നാൾ ആയിരുന്നു അവന്റെ മരണം. മാതൃഭൂമിയുടെ പുതിയ പത്രാധിപരായി മനോജ് കെ. ദാസ് ചുമതലയേൽക്കുന്ന ദിവസമായിരുന്നു മരണം. പുതിയ പത്രാധിപരുടെ ആദ്യ മീറ്റിങ് തുടങ്ങാനിരിക്കുന്ന സമയത്തായിരുന്നു നന്ദന്റെ മൃതദേഹം കോഴിക്കോട് ആർട്ട് ഗാലറിയിൽ എത്തിയത്. അച്ചടിക്കപ്പെടാതെ പോയ അവന്റെ അവസാനത്തെ കഥ, ‘ആർക്കറിയാം’ എന്നപോലെ അവൻ കണ്ണടച്ചു കിടന്നു.
പിറ്റേന്ന് പത്രങ്ങളിൽ വാർത്തകൾ വന്നു: എഴുത്തുകാരനും മാധ്യമപ്രവര്ത്തകനുമായിരുന്ന എ. നന്ദകുമാര് (63) അന്തരിച്ചു. 1956ല് പാലക്കാട് ജില്ലയിലെ കോതച്ചിറയിൽ ജനിച്ചു. അച്ഛൻ ചിത്രകാരനായ കെ. മാധവവാരിയർ, അമ്മ മാധവി വാരസ്യാർ. കേരള സര്വകലാശാലയില്നിന്ന് സാമ്പത്തിക ശാസ്ത്രത്തില് ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം സാമ്പത്തിക ഉപദേഷ്ടാവായും പ്രവര്ത്തിച്ചിട്ടുണ്ട്. ബോംബെ ജീവിതകാലത്ത് ‘മാതൃഭൂമി’യിൽ തുടർച്ചയായി സാമ്പത്തിക നിരീക്ഷണങ്ങൾ എഴുതിപ്പോന്നിരുന്നു.
1985ൽ ഇറങ്ങിയ ‘ഊണും ബോണസും ചില കൈപ്പിഴകളും’ എന്ന കഥാസമാഹാരത്തിന് പുറമെ ‘എ. ആര്. റഹ്മാന് ജീവിതം, സംഗീതം, സിനിമ’, ‘പ്രശ്നങ്ങളും പരിഹാരങ്ങളും’, ‘പേഴ്സനല് കമ്പ്യൂട്ടറുകളുടെ ട്രബിള് ഷൂട്ടിങ് റിപ്പയര് ആൻഡ് മെയിന്റനന്സ് (കമ്പ്യൂട്ടര് കൃതികള്) എന്നീ കൃതികൾ രചിച്ചു . ‘ഘടികാരം പറയുന്നതെന്താണ്’ എന്ന ടെലിഫിലിമിന്റെ രചന നന്ദന്റേതായിരുന്നു. 2019 നവംബർ 2 ശനിയാഴ്ച പതിനൊന്നു മണിക്ക് കൊച്ചി രവിപുരം ശ്മശാനത്ത് നന്ദൻ അവസാനമായി മരണത്തിന്റെ കൈപ്പിഴയിൽ എരിഞ്ഞു.
ശ്രദ്ധിച്ചിട്ടുണ്ടോ, സാഹിത്യത്തെ കുത്തനെ ഉയർത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ ഏതെങ്കിലും ആഴ്ചപ്പതിപ്പുകൾ നന്ദനെ ജീവിച്ചിരിക്കുമ്പോൾ ഒരെഴുത്തുകാരനായി അംഗീകരിച്ചിട്ടുണ്ടോ? ഇല്ല. മരിച്ചപ്പോഴെങ്കിലും ‘ഇതാ ഇങ്ങനെ ഒരു എഴുത്തുകാരൻ’ഇവിടെ ജീവിച്ചിരുന്നു എന്ന് ആരെങ്കിലും ഒരു ഓർമയെങ്കിലും കൊടുത്തിട്ടുണ്ടോ? ഇല്ല. അതാണ് നമ്മുടെ സാഹിത്യ ചരിത്രത്തിലെ അധികാരവ്യവസ്ഥ. അതെന്നും ‘കൂടുതൽ തുല്യർ’പങ്കിട്ടെടുക്കുന്ന ഒരു ജാതിമണ്ഡലമാണ്. അതൊരു അധികാരത്തിന്റെ തിരഞ്ഞെടുപ്പാണ്.
ഒന്നുമറിയില്ല
എ. നന്ദകുമാർ ചിത്രീകരണം: കെ.എൻ. അനിൽ
1988. ഞാൻ എറണാകുളത്തുനിന്നും മദ്യപിച്ച് അവശനായി ഒരു പച്ച ബസിൽ കോഴിക്കോട്ടേക്ക് യാത്രചെയ്യുകയാണ്. ബസിന്റെ ചില്ലുവാതിലിലൂടെ ചിതറിയ ദൃശ്യങ്ങൾ എനിക്ക് കാണാം. വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. ആലുവയിലെത്തിയപ്പോൾ പച്ചച്ച നീലച്ച പൂക്കൾ വിടരുന്ന സാരിയുടുത്ത ഒരു പെൺകുട്ടി എന്റെ സീറ്റിന്റെ അരികിൽ വന്നിരുന്നു. പാലം കടന്നപ്പോൾ പെരിയാറിന്റെ ഗന്ധം ഞാൻ അറിഞ്ഞു.
‘‘പെരിയാറെ പെരിയാറെ
പർവതനിരയുടെ പനിനീരെ’’
വണ്ടിയുടെ ചില്ലുവാതിൽ മാറ്റിയപ്പോൾ കാറ്റിന്റെ സുഗന്ധം. വണ്ടി ഒാടിക്കൊണ്ടേയിരിക്കുന്നു. കോണിച്ച കാൽവെച്ച എനിക്ക് ഭയം. എന്റെ കാൽമുട്ടുകൾ അറിയാതെ തട്ടിയാലോ. ഓരോ ചാട്ടത്തിലും വാഹനത്തിന്റെ ഗതിവിഗതികൾ മാറിക്കൊണ്ടിരിക്കുന്നു. ചില്ലുവാതിലിന്റെ ഇടയിലൂടെ കാറ്റിന് അനുസൃതമായി പ്രകൃതി ഓടിമറയുന്നു. ഞാൻ തലകുനിച്ചിരിക്കുന്നു, ഒരു വിഡ്ഢി കോമാളിയെപ്പോലെ.
‘‘പുരികങ്ങൾക്ക് താഴെ പൂക്കുന്ന
നിന്റെയൊരു സന്ധ്യയിൽ
വീണിനി ഞാൻ ഉറങ്ങട്ടെ’’
വണ്ടി തൃശൂർ സ്റ്റാൻഡിൽ കയറി. എനിക്ക് മൂത്രം ഒഴിക്കണം. ഒരു കുപ്പി മിനറൽവാട്ടർ വാങ്ങി. ഞാൻ ജലം എന്റെ അണ്ണാക്കിലേക്ക് ഒഴിച്ചു. ഒരു സിഗരറ്റ് ആ ഞ്ഞുവലിച്ചു. വണ്ടിയിലേക്ക് ചാടി.
‘‘ഏട്ടാ കുറച്ച് വെള്ളം തരോ’’
ഞാൻ ജലത്തിന്റെ കുപ്പി അവൾക്ക് നേർക്കുനീട്ടി. പരിഭ്രമത്തിന്റെ ആകാശത്തിൽനിന്നും ജലം അവളുടെ നെഞ്ചിലേക്ക് വീണു.വണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു, ‘‘എന്താ പേര്?’’ അവൾ കോണിച്ച മുഖത്തോടുകൂടി പറയുകയാണ്: ‘‘ഒന്നുമറിയില്ല.’’
ഞാൻ ചില്ലുജനാലയിലൂടെ പ്രകൃതിയിലേക്ക് നോക്കി. ‘‘ഇവൾ അഹങ്കാരിതന്നെ. ഒന്നുമറിയില്ല എന്നൊരു പേരില്ലല്ലോ. അപ്പോൾ ഇവൾക്ക് എത്രമാത്രം ധാർഷ്ട്യം ഉണ്ടായിരിക്കണം.’’
ഞാൻ മിണ്ടാതിരുന്നു. നോക്കാം. ഞാൻ താഴെ കിടക്കുന്ന എന്റെ സഞ്ചിയിൽനിന്ന് മദ്യം എടുത്ത് കുടിച്ചു.
‘‘ഒരു തുള്ളി
ചാരായ തുള്ളി
ഋതുലഹരികൾ നൃത്തം ചെയ്യും
നക്ഷത്ര തുള്ളി.’’
കുപ്പി താഴെ വെച്ചു. മദ്യത്തിന്റെ മണംകൊണ്ടെങ്കിലും ഇവളുടെ അഹംഭാവം തീരട്ടെ. വണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു.
വണ്ടി കുന്ദംകുളമെത്തി
‘‘ഒരു പുഷ്പം മാത്രമെൻ
പൂങ്കുലയിൽ നിർത്താമെൻ
ഒടുവിൽ നീ എത്തുമ്പോൾ
ചൂടിക്കുവാൻ.’’
കാതിൽ അറിയാതെ എന്റെ മനസ്സിൽ ഒരു ഹാർമോണിയം മീട്ടി. ഞാൻ അവളോട് ചോദിച്ചു: ‘‘ഈ കുന്ദംകുളം അറിയോ? ഇതാണ് പഴയ മലഞ്ചരക്ക് കേന്ദ്രത്തിന്റെ സിരാകേന്ദ്രം.’’ രസകരമായ സന്ധ്യ. അപ്പോൾ അവൾ എന്നോട് പറയുകയാണ്: ‘‘എല്ലാ പുരാതന നഗരങ്ങളും നഗരംതന്നെ, അല്ലെങ്കിൽ നരകം.’’
ഞാൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു. ജനാലയിലൂടെ അതിന്റെ പുകച്ചുരുളുകൾ പ്രകൃതിയിൽ വലിച്ചെറിഞ്ഞു. വണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു. അവൾ സ്വാതന്ത്ര്യത്തോടുകൂടി കുപ്പിയിലെ ജലം കുടിക്കുന്നു. സഞ്ചിയിൽ തിരിച്ചുവെക്കുന്നു. വീണ്ടും ഞാൻ ചോദിച്ചു: ‘‘എന്താ പേര്?’’
‘‘ഒന്നുമറിയില്ല.’’
അപ്പോൾ ഞാൻ ആലോചിച്ചു. മനുഷ്യന് ഒന്നുമറിയില്ല എന്ന പേരുണ്ടായാൽ എന്താണ് തെറ്റ്. ഈ ഭൂമിയിൽ ഓരോ മനുഷ്യനും ഓരോ പേര്. വണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു. ഇപ്പോൾ വണ്ടി എടപ്പാൾ എത്തിയിരിക്കുന്നു. ഇടത്തോട്ട് നോക്കി അവളോട് പറഞ്ഞു: ‘‘അവിടെ പൊന്നാനിയാണ്. എനിക്കിപ്പോൾ ‘പൂതപ്പാട്ട്’ കേൾക്കാം.’’
‘‘അയ്യയ്യോ വരവമ്പിളിപ്പൂങ്കുല
മെയ്യിലണിഞ്ഞ കരിംപൂതം
കാതിൽ പിച്ചളതോടകൾ തൂക്കം
കലപല പാടും ദൈവങ്ങൾ.’’
എം. ഗോവിന്ദനെ ഓർമിച്ചു.
‘‘നിൽക്കുന്നു ഗാന്ധി റോഡിൽ
കയറിപ്പോകുന്നു ഗോഡ്സെ കാറിൽ.’’
ഓർമവള്ളി എന്നെ കെട്ടിവരിഞ്ഞു ഉരുണ്ടുകയറിവന്നു ‘രാച്ചിയമ്മയായി’
ഉറൂബേ രാച്ചിയമ്മക്ക് എന്തു സംഭവിച്ചു.
പൊന്നാനി ചരിത്രഭൂമിയാണ്. ആരും ഒന്നും ശ്രദ്ധിക്കുന്നില്ല. അവളുടെ മുഖത്ത് ഒരു പുഞ്ചിരിപോലുമില്ല. വണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു. എന്റെ ഉള്ളിൽ കോപാഗ്നി. ‘‘നീ എന്താണ് വിചാരിച്ചിട്ടുള്ളത്. എന്നെ കളിയാക്കുകയാണോ? ഒരാൾക്ക് ഒന്നുമറിയില്ല എന്ന് പേരുണ്ടാകുമോ?’’ അപ്പോൾ അവൾ ആഹ്ലാദത്തിന്റെ പൂക്കൾ വിടർത്തി എന്നോട് ചോദിക്കുകയാണ്:
‘‘എന്താണ് പേര്?’’
ഞാൻ പറഞ്ഞു: ‘‘നന്ദകുമാർ.’’
‘‘ആ വാക്കിന്റെ അർഥമെന്താണ്?’’
‘‘അത് കൃഷ്ണന്റെ പര്യായമാണ്.’’
വീണ്ടുമവൾ കോണിച്ച മുഖത്തോടുകൂടി എന്നോട് ചോദിക്കുകയാണ്:
‘‘സ്വന്തം പേരിന്റെ അർഥമറിയാത്ത ഏട്ടാ, എന്തിനാ എന്റെ പേരിനെ ചോദ്യംചെയ്യുന്നത്?’’
ഞാൻ മൗനത്തിന്റെ വൃക്ഷത്തണലിൽ. ചോദ്യം രസകരം. ഇവൾ മിടുക്കി.
വണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു.
വണ്ടി ഇപ്പോൾ കോഴിക്കോട് സർവകലാശാലയുടെ മുന്നിലെത്തി. എന്റെ ഉള്ളിന്റെ ഉള്ളിലുള്ള അഹന്ത വിട്ടുമാറുന്നില്ല. ഞാൻ അവളോട് പറഞ്ഞു.
‘‘ഇതാണ് സർവകലാശാല.’’
അപ്പോൾ അവൾ എന്നോട് പറയുകയാണ്:
‘‘ഇതാണ് മന്ദബുദ്ധികളുടെ കേന്ദ്രം.’’ ഞാൻ ഉറക്കെ ചിരിച്ചു. ഇവളെ നേരിടാൻ എനിക്ക് വയ്യ. സന്ധ്യ കഴിഞ്ഞു. ഇരുണ്ടുതുടങ്ങി.
‘‘ഇനിയുള്ള കാലം ഇതിലെ കടക്കുമ്പോൾ
ഇതുകൂടി ഓർമിച്ചുകൊൾക.’’
ഒരു ഇരുണ്ട വെട്ടത്തിൽ അവസാനത്തെ രശ്മി ചില്ലുവാതിലിലൂടെ ഞങ്ങളുടെ, ഇരുവരുടെയും നെഞ്ചിൽ സ്പർശിച്ചു. ധൈര്യം അവലംബിച്ച് ക്ഷീണിതനായ ഞാൻ അവളുടെ സാരിത്തുമ്പുകൊണ്ട് മുഖം തുടച്ചു. ഒാർമ എന്നെ കൊല്ലും.
‘‘നിങ്ങളുടെ തുടകളിൽ
മുലകളിൽ
ചൂടുള്ള മാംസം കുടിക്കിൻ രസിപ്പിൻ.’’
ഒരു ഇരുണ്ട വെളിച്ചത്തിൽ വണ്ടി കോഴിക്കോട്ടെത്തി. ഒരക്ഷരംപോലും ഉരിയാടാതെ ഞാൻ ഇറങ്ങി ഓടി. റോഡ് കടന്ന് എതിർവശത്തെ മദ്യശാലയിൽ കയറി ഒരു മൂളിപ്പാട്ട് പാടി.
‘‘കായലരികത്ത് വലയെറിഞ്ഞപ്പോൾ
വളകിലുക്കിയ സുന്ദരി
പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോൾ
ഒരു നറുക്കെന്നെ ചേർക്കണേ.’’
ഇടറിയ കാലുകളുമായി ഞാൻ മദ്യശാലയിൽനിന്ന് ഇറങ്ങുമ്പോൾ ഒരു ഓട്ടോഡ്രൈവർ എന്റെ കൈകളിൽ പിടിച്ചു. അയാൾ പറയുകയാണ്: ‘‘എന്താണ് സഖാവേ കൂടെ മകളില്ലേ...’’
അവൾ എന്റെ ഇടത്തെ കൈയിൽനിന്ന് സഞ്ചി പിടിച്ചുവാങ്ങി. ഞാൻ ഓട്ടോറിക്ഷയിൽ കയറി.
അവൾ എന്നോട് ചോദിച്ചു:
‘‘എന്താ പറ്റിയത്?’’
ഞാൻ പറഞ്ഞു: ‘‘എന്റെ പേര് ഒന്നുമറിയില്ല.’’
‘‘നിന്റെയോ?’’
‘‘ഒന്നുമറിയില്ല.’’
ന്നാ ഡ്രൈവറേ വണ്ടി പോട്ടേ.
=====
കടപ്പാട്: എ. അയ്യപ്പൻ, പി. ഭാസ്കരൻ, അയ്യപ്പപ്പണിക്കർ, രാഘവൻ മാഷ്, എം.എസ്. ബാബുരാജ്, കടമ്മനിട്ട രാമകൃഷ്ണൻ, സച്ചിദാനന്ദൻ, ഉറൂബ്, ഇടശ്ശേരി