നമുക്കിടയിൽതന്നെയുണ്ട് ബഷീറും സുഹറയും മജീദും
വൈക്കം മുഹമ്മദ് ബഷീർ വിടവാങ്ങിയിട്ട് 30 വർഷം തികഞ്ഞു. ‘‘അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും വിഭാവനം ചെയ്ത സന്ദർഭങ്ങളും ഇന്നും പ്രസക്തമായി’’ തന്നെ തുടരുന്നുവെന്നും പൊതുസമൂഹത്തിന്റെ നയങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിലും കൃത്യമായ ലക്ഷ്യത്തോടെയുള്ള സാമൂഹിക വിമർശനങ്ങൾ അവതരിപ്പിക്കുന്നതിലും ബഷീർ കാണിച്ച അസാധാരണ വൈഭവം വിശദീകരിക്കാൻ എളുപ്പമല്ലെന്നും നിരൂപകയായ ലേഖിക എഴുതുന്നു.
മലയാള സാഹിത്യലോകത്തെ സാധാരണക്കാരന്റേതു കൂടിയാക്കി മാറ്റിയതിന് ബഷീർ എന്ന എഴുത്തുകാരന്റെ പങ്ക് വളരെ വലുതാണ്. സ്വന്തം ജീവിതത്തെ നർമത്തിന്റെ അകമ്പടിയോടെ വായനക്കാരിലേക്ക് എത്തിക്കാനുള്ള കഴിവ് ബഷീറിനോളം മറ്റൊരു എഴുത്തുകാരനും ഇല്ലെന്നുതന്നെ പറയാം. വേദനയുടെ പടുകുഴിയിൽ വീണു കിടക്കുമ്പോഴും, താളംതെറ്റിയ മാനസികാവസ്ഥയിലും അദ്ദേഹം എഴുതി.
മനുഷ്യജീവിതത്തിന്റെ ആത്യന്തികഭാവം വേദനയാണെന്നിരിക്കെ ഭാവനയിലും വേദനകൾ സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം കഥകൾ നിർമിച്ചു. ഏതു പ്രായക്കാർക്കും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്നതായിരുന്നു ബഷീറിന്റെ രചനാരീതികൾ. തന്റെ പരിമിതമായ ഭാഷാജ്ഞാനത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ പ്രകാശിപ്പിച്ചുകൊണ്ട് മലയാള സാഹിത്യത്തെ തന്റേതായ വഴിയിലൂടെ ആവാഹിച്ചെടുക്കുകയും പ്രാദേശിക ഭാഷയെ കൈപ്പിടിയിലൊതുക്കി ബഷീറിയൻ ഭാഷ, ബഷീറിയൻ ശൈലി എന്നിങ്ങനെ പ്രസ്ഥാനങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.
സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ഇന്ത്യയിലൂടെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതാനുഭവങ്ങളാണ് ബഷീറിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയത് എന്നു പറയാം. ബഷീറിന്റെ കൃതികൾ നാനാ ഭാഷകളിലേക്കും പടരുകയും വിശ്വ സാഹിത്യത്തോളം വളരുകയുംചെയ്തു. വലിയ ബുദ്ധി ഒന്നുമില്ലാത്തതുകൊണ്ട് തനിക്ക് പറ്റിയ പണി എഴുത്താണെന്ന് സ്വയം പ്രഖ്യാപിച്ച ബഷീർ 1942ൽ തന്റെ ആദ്യ കൃതി പുറത്തിറക്കി. തുടർന്ന് ‘ന്റുപ്പുപ്പാക്കൊരാേനണ്ടാർന്ന്’, ‘ആനവാരിയും പൊൻകുരിശും’, ‘പാത്തുമ്മായുടെ ആട്’, ‘ശബ്ദങ്ങൾ’, ‘ഭൂമിയുടെ അവകാശികൾ’, ‘മതിലുകൾ’, ‘സ്ഥലത്തെ പ്രധാന ദിവ്യൻ’, ‘വിശ്വവിഖ്യാതമായ മൂക്ക്’, ‘നീലവെളിച്ചം’, ‘ഓർമയുടെ അറകൾ’, ‘പൂവൻപഴം’, ‘മുച്ചീട്ടു കളിക്കാരന്റെ മകൾ’, ‘പാവപ്പെട്ടവരുടെ വേശ്യ’, ‘വിശപ്പ്’ തുടങ്ങി നിരവധി കൃതികൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നു.
വാമൊഴിയായി വരുന്ന ഭാഷയിൽതന്നെ കഥാപാത്രങ്ങളുടെ അനുഭവങ്ങൾ വിവരിക്കാൻ ബഷീർ എപ്പോഴും ശ്രദ്ധിച്ചു എന്നതാണ് ഓരോ കൃതികളുടെയും സവിശേഷത. പ്രകൃതിയിലെ വൃക്ഷലതാദികളും മൃഗങ്ങളും പക്ഷികളും ശബ്ദങ്ങളും എന്നുവേണ്ട സകല ചരാചരങ്ങളെയും എഴുത്തിന്റെ ഭാഗമാക്കുന്നതിൽ ബഷീർ എപ്പോഴും ശ്രദ്ധചെലുത്തി.
സമൂഹത്തിലെ പൊള്ളയായ കാഴ്ചകളെ റദ്ദ് ചെയ്തുകൊണ്ട് അക്ഷരങ്ങളുടെ ശക്തി മനുഷ്യരുടെ ഇടയിൽ എത്തിക്കാനും സമുദായത്തിലെ അനാചാരങ്ങളെ എതിർപ്പുകൾ വകവെക്കാതെയും സാമൂഹിക വിമർശനംകൊണ്ട് എത്ര രൂക്ഷമായി നിർവഹിക്കാം എന്നതും അദ്ദേഹം തെളിയിക്കുകയും ചെയ്തു. പരമ്പരാഗത വിശ്വാസങ്ങൾക്കെതിരെ ഉച്ചത്തിൽ പ്രതികരിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന എഴുത്തുകാരനായി ബഷീർ തുടർന്ന് പ്രത്യക്ഷപ്പെട്ടു. ഒരു സമുദായത്തോടും അതിന്റെ അടരുകളിൽ ആഴത്തിൽ ഉറച്ചുപോയ ആശയങ്ങളെയും തള്ളിപ്പറയുന്നത് എങ്ങനെയാണെന്ന് ബഷീർ തന്റെ കൃതികളിലൂടെ തെളിയിച്ചു എന്ന് വേണമെങ്കിൽ പറയാം.
പാരമ്പര്യത്തിന്റെ ചട്ടക്കൂട്ടിലെ മതവിശ്വാസത്തെ ആകമാനം എതിർത്ത് പരാജയപ്പെടുത്തുക എന്നത് എളുപ്പമല്ലാതിരിക്കെ, അദ്ദേഹം തന്റെ എഴുത്തിലൂടെയും അതിലൂടെ സാധ്യമാകുന്ന സർഗാത്മകതയെയും ആശ്രയിച്ചുകൊണ്ട് പുരോഗമന ചിന്താഗതി എന്നത് കേവലമൊരു മുദ്രാവാക്യമാക്കി മാറ്റാതെ എഴുത്തിലൂടെ പുതിയൊരു വിപ്ലവംതന്നെ സൃഷ്ടിച്ചെടുത്തു. പുരോഗമനമെന്ന സങ്കൽപങ്ങളെ ഉറപ്പിക്കുകയും സാംസ്കാരിക മൂല്യങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യുന്ന തത്ത്വങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതിനാണ് ബഷീർ തന്റെ കൃതികളിലൂടെ ലക്ഷ്യം വഹിക്കുന്നത്.
‘ബാല്യകാല സഖി’, ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’, ‘പാത്തുമ്മായുടെ ആട്’, ‘ശബ്ദങ്ങൾ’, ‘ഒരു ഭഗവദ്ഗീതയും കുറേ മുലകളും’, ‘മതിലുകൾ’, ‘ഭാർഗവീനിലയം’ എന്നിവ അതിന് ഉദാഹരണങ്ങളാണ്. ഒപ്പം ബഷീറിന്റെ സ്ത്രീ കഥാപാത്രങ്ങളുടെ രൂപവത്കരണവും ശ്രദ്ധേയമാണ്. മതം, സമുദായം, കപടസദാചാരം, സ്ത്രീപക്ഷ സമീപനം എന്നിവയെ പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
മുസ്ലിം സമുദായത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അകറ്റിനിർത്താൻ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’ എന്ന നോവലിലെ നിസാർ അഹമ്മദും അനുജത്തി ആയിഷയും പങ്കാളികളായി. വിദ്യാഭ്യാസം എത്രകണ്ട് സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കും എന്നും അതുവരെ വിശ്വസിച്ചുപോന്ന പരമ്പരാഗത രീതികൾ എല്ലാം തച്ചുടക്കപ്പെടേണ്ടതാണെന്നും മനസ്സിലാക്കുമ്പോൾ കുഞ്ഞുപാത്തുമ്മയുടെ ഉള്ളിൽനിന്നും വരുന്ന ‘‘വെളിച്ചത്തിന് എന്ത് വെളിച്ചം’’ എന്ന വാചകത്തിന് ഒരുപാട് അർഥതലങ്ങൾ ഉണ്ട്. മുസ്ലിം സ്ത്രീകൾ അന്യപുരുഷന്റെ മുന്നിൽ പോയി നിൽക്കരുതെന്നും മുടി വളർത്തുന്ന പുരുഷന്മാർ കാഫിറുകളാണെന്നുമുള്ള പൊതുതത്ത്വത്തെ പാടെ അവഗണിക്കുകയാണിവിടെ.
തടവുപുള്ളികളെപ്പോലെ കഴിയാൻ വിധിക്കപ്പെട്ട മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ (കുഞ്ഞുപാത്തുമ്മ) ജീവിതത്തിലേക്ക് പുതിയ വെളിച്ചവുമായാണ് ആയിഷയും നിസാർ അഹമ്മദും വന്നെത്തുന്നത്. അറിവുണ്ടായാൽ ഇസ്ലാമായി ജീവിക്കാൻ സാധ്യമല്ല എന്ന വാദത്തെ പിഴുതെറിയാനും അവരിലൂടെ ബഷീർ ശ്രമിച്ചു. സമത്വം എന്ന സുന്ദരലക്ഷ്യത്തെ മുൻനിർത്തി തന്നെയായിരുന്നു എഴുത്തുകാരന്റെ ഉദ്യമം. അതിന്റെ വികസനോന്മുഖമായ ഇഴകളിലേക്ക് ആഖ്യാനത്തെ ചേർത്തുവെക്കാൻ ബോധപൂർവംതന്നെ എഴുത്തുകാരൻ ശ്രമിച്ചു.
കെട്ടുകഥകളുടെ ലോകത്ത് വളർന്ന കുഞ്ഞുപാത്തുമ്മ ഭാഷ ഉപയോഗിക്കുന്നതും അന്യരോട് പെരുമാറുന്നതും വൈകൃതമായ രീതിയിലാണെന്ന് മനസ്സിലാക്കിയ ആയിഷ അവളെ പറഞ്ഞുതിരുത്തുകയും അക്ഷരം പഠിപ്പിക്കുന്നുമുണ്ട്. കുഞ്ഞു പാത്തുമ്മയുടെ ‘കരളിന്റെ വേതന’ക്കുള്ള ചികിത്സ കൂടിയായിരുന്നു വിദ്യ അഭ്യസിക്കൽ. പഠനം, വൃത്തി, പെരുമാറ്റം, ഭക്ഷണം, വേഷം തുടങ്ങിയ പുതുശീലങ്ങളിലൂടെ കുഞ്ഞുപാത്തുമ്മയുടെയും കുടുംബത്തിന്റെയും ജീവിതരീതിയിൽ മാറ്റംവരുത്താൻ നിസാർ അഹമ്മദിനും കുടുംബത്തിനും കഴിയുന്നു. സ്നേഹത്തിലൂടെയും പ്രണയത്തിലൂടെയും സൗഹൃദത്തിലൂടെയും മനുഷ്യരുടെ ബോധമണ്ഡലത്തെ എങ്ങനെ വികസിപ്പിക്കാം എന്നതാണ് നിസാർ അഹമ്മദിലൂടെ ബഷീർ സ്ഥാപിക്കുന്നത്.
1944ൽ പുറത്തിറങ്ങിയ ‘ബാല്യകാല സഖി’ സുഹറ-മജീദ് ജോടികളിലൂടെ മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും ബഷീർ വ്യക്തമാക്കുന്നു. ഈ കഥാപാത്രങ്ങൾ മുസ്ലിം സ്വത്വബോധത്തിന് കൂടുതൽ കരുത്തുപകരുകയും മതബോധത്തിന്റെ ഇടുങ്ങിയ അറകൾക്കുള്ളിൽനിന്നുകൊണ്ട് പൊതുസമൂഹത്തിന്റെ തീരത്തേക്കുള്ള പ്രയാണം എളുപ്പമല്ലെന്നും ഈ കൃതികളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. ഭാഷയിലെ വരേണ്യ വർഗങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ‘സുന്നത്ത് കല്യാണം’ ബഷീർ നോവലിൽ ചേർത്തത്. വിവാദങ്ങൾക്ക് കാരണമായേക്കാവുന്ന ആ ഭാഗം നീക്കംചെയ്യാൻ പ്രേരണകൾ നിരവധി ഉണ്ടായിരുന്നെങ്കിലും ബഷീർ വഴങ്ങിയില്ല.
താൻ കണ്ടും കേട്ടും വളർന്ന മുസ്ലിം സമുദായത്തിലെ പൊരുത്തക്കേടുകളെയും അന്ധവിശ്വാസത്തെയും ആചാരങ്ങളെയും എഴുത്തിലൂടെ പുറംലോകത്തെത്തിച്ച് അതിലൊരു മാറ്റംവരുത്താൻ അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു എന്നതാണ് വാസ്തവം. ഇതിലൂടെ മുസ്ലിം സമുദായങ്ങൾക്കിടയിൽ പൂർവാധികം ശക്തമായ ഹൃദയബന്ധം ഉണ്ടാക്കുന്ന രീതിയിലേക്ക് ഈ കൃതിയുടെ അവതരണം വളർന്നു. അതുവരെ ബഷീർ വായിച്ച പുസ്തകങ്ങളിലെ കള്ളന്മാർ, കൊലയാളികൾ, സമൂഹത്തിൽ താഴേക്കിടയിലുള്ള അടിസ്ഥാന വർഗങ്ങൾ, വേശ്യകൾ അവരെല്ലാം മുസ്ലിം കഥാപാത്രങ്ങളായിരുന്നു. ആ ചട്ടക്കൂടിനെ പൊളിച്ചടുക്കാൻ ബഷീർ തീവ്രമായി പ്രയത്നിച്ചു എന്നുവേണം പറയാൻ.
80 വർഷം പൂർത്തിയാക്കുന്ന ‘ബാല്യകാല സഖി’ എന്ന നോവൽ ഇന്നും വായിക്കപ്പെടുന്നതും ചർച്ചചെയ്യപ്പെടുന്നതും അതിലെ പ്രണയവും വേദനയും അത്രകണ്ട് വായനക്കാരിലേക്ക് ആഴത്തിലിറങ്ങിയതുകൊണ്ടാണ്. ജാലകത്തിനപ്പുറത്തുനിന്നുകൊണ്ട് മജീദിനെ ഉറ്റുനോക്കുന്ന കണ്ണുകൾ, എന്തോ പറയാൻവേണ്ടി വെമ്പിനിന്ന ചുണ്ടുകൾ, അതെല്ലാം ഓരോ വായനക്കാരനെയും അസ്വസ്ഥരാക്കുന്നതാണ്. ബഹുസ്വരമായ വായനാ സാധ്യത എന്നത് ബഷീർ കൃതികളുടെ സവിശേഷതയാണ്.
വർഷങ്ങൾക്കു ശേഷവും അദ്ദേഹത്തിന്റെ കൃതികൾ സമകാലികമായി അനുഭവപ്പെടുന്നത് ഈ ഭിന്നവായനാ സാധ്യതകൾ മൂലമാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മുസ്ലിം പെൺകുട്ടിയെ ‘ബാല്യകാല സഖി’യിലും കാണാം. വിവാഹിതയായിരിക്കെ അന്യപുരുഷനോട് (മജീദ്) അടുത്തിടപഴകുന്ന സുഹറയെ സൂക്ഷ്മനിരീക്ഷണം നടത്തുന്ന നാട്ടുകാരെയും ബഷീർ നോവലിൽ പരാമർശിക്കുന്നു. ഒന്നും ഒന്നും രണ്ടെന്ന സമവാക്യത്തെ ഒന്നും ഒന്നും ചേർന്നാൽ ഉമ്മിണി ബല്യ ഒന്ന് എന്നും രണ്ട് ചെറിയ പുഴകൾ ചേർന്നുകൊണ്ട് വലിയൊരു പുഴയായി മാറുന്നുവെന്നുമുള്ള ബൃഹത്തായ സന്ദേശം നൽകി സമത്വം എന്ന ആശയത്തെയാണ് ബഷീർ മുന്നോട്ടുവെക്കുന്നത്. എന്റെ കണക്ക് കൂട്ടലൊന്നും ശരിയാകുന്നില്ലെന്ന് ലോകത്തോട് മുഴുവൻ വിളിച്ചു പറയാനും അദ്ദേഹം മറക്കുന്നില്ല.
‘ബാല്യകാല സഖി’യിലെ സുഹറ-മജീദ് പ്രണയം വൈകാരികത നിറഞ്ഞ അനുഭൂതിയായാണ് ബഷീർ ആഖ്യാനംചെയ്തത്. കണക്കറിയാത്ത ചെറുപ്രായത്തിൽ സുഹറ മജീദിനെ കണക്ക് പഠിപ്പിക്കുന്നു. കൂട്ടുകാർക്കിടയിൽ തരംതാഴ്ത്താതെ അവനെ കൂടെനിർത്തുന്നു, അവനോ തന്റെ സങ്കൽപത്തിലെ രാജകുമാരിയായി സുഹറയെ കൽപിക്കുന്നു. സുഹറക്ക് നൽകാനായി റോസാപ്പൂക്കളുടെ പൂന്തോട്ടം നിർമിക്കുന്നു.
കാലങ്ങൾക്കു ശേഷം വലതുകാൽ നഷ്ടപ്പെട്ടു എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാനാവാതെ മജീദ് വിങ്ങുന്നുണ്ട്. വലതുകാലിലായിരുന്നു സുഹറയുടെ ആദ്യ ചുംബനം. ആ ചുംബനത്തിന്റെ ചൂടിലാണ് കാലിലെ വ്രണം പൊട്ടിക്കരിഞ്ഞുണങ്ങിയത്. പ്രണയത്തിനുവേണ്ടി എന്തും ചെയ്യാൻ തയാറാകുന്ന നായക കഥാപാത്രങ്ങൾ ബഷീർ കൃതികളുടെ പ്രത്യേകതയാണ്. ദുരന്തപര്യവസായിത്തീരുന്ന ‘ബാല്യകാല സഖി’ എന്ന നോവലിനോട് ചേർത്തുവെക്കാവുന്ന കൃതികളാണ് ‘മതിലുകളും’ ‘ഭാർഗവീനിലയവും’.
‘മതിലുകളി’ൽ ജയിൽശിക്ഷ അനുഭവിക്കുന്ന സാഹിത്യകാരൻ തന്റെ ഏകാന്തതയെ മറികടക്കാനാണ് ശബ്ദം, ഗന്ധം എന്നിവയെ കൂട്ടുപിടിക്കുന്നത്. പെൺഗന്ധവും ചൂളംവിളിയുടെയും അടക്കിയ ചിരികളുടെയും ശബ്ദങ്ങളും സാഹിത്യകാരനെ ഉണർത്തുന്നു. പ്രേമത്തിനായി കൊതിക്കുന്ന അയാളുടെ ഹൃദയം മതിലിനപ്പുറത്തുള്ള സ്ത്രീശബ്ദത്തെ കാണാനും സംസാരിക്കാനുമായി തുടിക്കുന്നു. ഇവിടെയും കഥാനായകൻ തന്റെ പ്രേമസാക്ഷാത്കാരത്തിനായി റോസാച്ചെടികൾ നട്ടുപിടിപ്പിക്കുകയും വനിതാ ജയിലിലേക്കും റോസയുടെ പരിമളം പടരാനായി വിതരണം ചെയ്യുകയും ചെയ്യുന്നു.
മതിലിനപ്പുറവും ഇപ്പുറവും നിന്നുകൊണ്ട് രണ്ട് ഹൃദയങ്ങൾ തമ്മിൽ ഒന്നാകുന്നു. കഠിനതടവിനു വിധേയയാക്കപ്പെട്ട നാരായണി നിസ്സഹായതയുടെ പ്രതീകമാണ്. അവൾ ചോദിക്കുന്നുണ്ട്, ‘‘എന്നെ മാത്രം സ്നേഹിക്കുമോ? ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ?’’ എന്നും. കാണാനും തൊടാനും കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും ആഗ്രഹിച്ച ആ പ്രണയിനികളിൽ പ്രണയത്തിന്റെയൊരു ഭാഗമായി എന്നോണം ‘മതിലിനെ’ ചേർത്തുവെക്കുന്നു. ‘മതിലുകൾ’ പ്രണയകഥ എന്ന് തോന്നിപ്പിക്കുമെങ്കിലും അന്നത്തെ രാഷ്ട്രീയ, സാമൂഹിക അരക്ഷിതാവസ്ഥകളെയും കണ്ണിചേർക്കുന്നു. ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു എന്ന് കേൾക്കുമ്പോൾ സന്തോഷിക്കുന്നതും ജയിൽമോചിതനായി എന്ന് കേൾക്കുമ്പോൾ എന്തിനാണ് സ്വാതന്ത്ര്യം, എന്താണ് സ്വാതന്ത്ര്യം എന്ന് അലറിവിളിക്കുന്ന സാഹിത്യകാരനെയും ഒരേപോലെ ‘മതിലുകളി’ൽ ബഷീർ ആവിഷ്കരിക്കുന്നു.
ഒരിക്കലും കാണാതെ പ്രണയിച്ച നാരായണിയും സാഹിത്യകാരനും മനസ്സും ശരീരവും ഒന്നാക്കാൻ കൊതിക്കുന്ന വിധം അവരുടെ പ്രണയത്തെ വളർത്തി. തമ്മിൽ കാണാനുള്ള അവസരത്തെ കാത്തിരുന്ന നാരായണിയുടെയും സാഹിത്യകാരന്റെയും ഇടയിലേക്ക് വിധി വെല്ലുവിളിയായി എത്തുകയും ആരാലും കാണാത്തൊരു/ ആരെയും കാണാനില്ലാത്തൊരു മൂലയിലേക്ക് നാരായണി തള്ളി തള്ളി മാറ്റപ്പെടുകയുംചെയ്യുന്നു. ‘‘വൈ ഷുഡ് ഐ ബി ഫ്രീ?’’ എന്നും ‘‘ഹു വാണ്ട് ഫ്രീഡം?’’ എന്നുമുള്ള സാഹിത്യകാരന്റെ നിസ്സഹായത നിറഞ്ഞ ശബ്ദങ്ങൾ ‘മതിലുകളി’ൽ അലയടിച്ചു എന്നല്ലാതെ മറ്റൊന്നും നടന്നില്ല. വിധിയുടെ ക്രൂരവിനോദം ‘ബാല്യകാല സഖി’യിൽ എന്നപോലെ ‘മതിലുകളി’ലും സംഭവിക്കുന്നു.
‘ഭാർഗവീനിലയ’ത്തിലെ ഭാർഗവിക്കുട്ടി തന്റെ പ്രണയത്തെയും പ്രണയനായകനെയും ഇല്ലാതാക്കിയവനോട് പ്രതികാരം ചെയ്യുന്നുണ്ട്. യാഥാർഥ്യത്തിന്റെ കാഴ്ചയിലൂടെ അല്ലെങ്കിലും ഭ്രമാത്മകമായൊരു അന്തരീക്ഷം സൃഷ്ടിച്ച് ബഷീർ അത് സാധിച്ചെടുക്കുന്നു. ബഷീറിന്റെ ഭാവനാവൈഭവത്തെ ഏറെ പ്രകടമാക്കുന്ന ഒന്നായിരുന്നു ‘ഭാർഗവീനിലയം’ എന്ന കഥ. കഥയിലെ ശക്തമായ സ്ത്രീ കഥാപാത്രമായി ഭാർഗവിക്കുട്ടി മാറി.
മരണശേഷവും യാഥാർഥ്യലോകത്ത് വിഹരിക്കേണ്ടിവന്ന കഥാപാത്രമാണ് ഭാർഗവിക്കുട്ടി. ബഷീറിന്റെ ചില മുസ്ലിം സ്ത്രീ കഥാപാത്രങ്ങളിൽനിന്നും ഭിന്നമായി ഇവിടെ പഠിപ്പും ആഢ്യത്വവും നിറഞ്ഞവളും സൗന്ദര്യത്തിൽ ആഹ്ലാദിക്കുന്നവളുമാണ്. എഴുത്തുകാരന്റെ സാന്നിധ്യത്തിലൂടെ തന്റെ പ്രതികാരം സാക്ഷാത്കരിക്കുകയാണവൾ. ബുദ്ധിയും ഹൃദയവും ചേർത്തെഴുതിയ മനോഹര കാവ്യമായി ‘ഭാർഗവീനിലയം’ നാളുകൾക്കുശേഷവും വായനക്കാർക്കിടയിൽ സ്ഥാനംപിടിക്കുന്നു. നായകന്റെയും നായികയുടെയും ഇടയിൽ മതിലിന്റെ സാന്നിധ്യവും പ്രണയം വ്യാപരിക്കാൻ സുഗന്ധം പരത്തുന്ന പനിനീർപുഷ്പങ്ങളും ഒപ്പം കിണർന്ന പ്രഹേളികയും കഥയിൽ കാണാം.
തലയോലപ്പറമ്പിലെ ഒരു കൊച്ചുവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങളുടെ സംഭവബഹുലവും നർമം പുരണ്ടതുമായ ആവിഷ്കാരം എന്നതിന് പുറമെ ചൂഷണംചെയ്യപ്പെടുന്ന സ്നേഹവും വിശ്വാസവും രൂപപ്പെടുന്ന ഗൃഹാന്തരീക്ഷത്തെ വരച്ചുകാട്ടുന്ന നോവലാണ് ബഷീറിന്റെ ‘പാത്തുമ്മായുടെ ആട്’. ഇന്നത്തെ കേരളീയ സമൂഹത്തിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥയും അതിലെ സങ്കീർണതകളും കുടുംബാംഗങ്ങൾ തമ്മിലുള്ള കൊച്ചുകൊച്ചു പിണക്കങ്ങളും ഇതിലും ലളിതമായും ഹൃദ്യമായും അവതരിപ്പിക്കുവാൻ മറ്റാർക്കും കഴിയില്ല.
ബഷീറിന്റെ കൃതികളിലെ പൊതുസവിശേഷത പോലെ മൃഗങ്ങളും പക്ഷികളും പ്രകൃതികളും ഈ നോവലിലും നിറസാന്നിധ്യമാണ്. ആഖ്യയും ആഖ്യാതവും ഇല്ലാതെ സാധാരണക്കാരനുവേണ്ടി മറ്റൊരു സാധാരണക്കാരനാൽ എഴുതപ്പെട്ട നോവൽ. ആടിൽ പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്ന പാത്തുമ്മയെയും മക്കളെയും സൂക്ഷ്മമായി വരച്ചിടുന്നതോടെ സാധാരണ മനുഷ്യരുടെ വേദനകൾക്ക് പ്രതീക്ഷയും സ്വപ്നവും അല്ലാതെ മറ്റൊരു മരുന്നില്ലെന്ന് ബഷീർ ലോകത്തോട് പറയുന്നു.
നോവലിൽ ബഷീറിന്റെ ഉമ്മ കഠിനാധ്വാനിയും അതോടൊപ്പം മകനെ പണം കിട്ടാനുള്ള സ്രോതസ്സായി കാണുകയുംചെയ്യുന്ന സ്ത്രീയാണ്. അബ്ദുൽ ഖാദർ ഒരേസമയം ഉമ്മയിൽനിന്നും പണം പിടിച്ചുപറിക്കുകയും ബഷീറിന്റെ ആഖ്യാനത്തെ വിമർശിക്കുകയും ചെയ്യുന്നു. സഹോദരി പാത്തുമ്മയാകട്ടെ നിഷ്കളങ്കതയുടെ പ്രതിരൂപമായി മാറുന്നു. സ്വന്തം കഥാപാത്രത്തെപോലും നന്മയുടെ പകർപ്പാക്കാൻ ബഷീർ ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. നന്മ, തിന്മ എന്നതിന് ഉപരിയായി മനുഷ്യവികാരങ്ങൾക്കാണ് എഴുത്തുകാരൻ എപ്പോഴും ഊന്നൽ കൊടുക്കുന്നത്.
ബഷീറിന്റെ സ്ഥിരം ശൈലിയിൽനിന്നും വ്യത്യസ്തമായി മാനകഭാഷ കൈകാര്യംചെയ്തുകൊണ്ട് രചിച്ച കൃതിയാണ് ‘ശബ്ദങ്ങൾ’. ഏറെ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെട്ട നോവൽ എന്ന പ്രത്യേകതകൂടി ‘ശബ്ദങ്ങൾ’ക്കുണ്ട്. ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ സമൂഹത്തിൽ നിലനിന്ന അധികാര ചൂഷണങ്ങളെ തുറന്നുകാട്ടുകയായിരുന്നു നോവലിൽ. സ്വവർഗ ലൈംഗികത അവതരിപ്പിച്ചതുമൂലം ഒരു അശ്ലീല കൃതിയായി ‘ശബ്ദങ്ങൾ’ മുദ്രകുത്തപ്പെട്ടു. പിറന്ന ഉടനെ പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട സൈനികന്റെ ജീവിതത്തിലുടനീളം കടന്നുപോകുന്ന അനുഭവങ്ങളാണ് നോവലിന്റെ പ്രതിപാദ്യം. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത അയാൾ ആത്മാർഥതയുടെയും ധീരതയുടെയും ദേശസ്നേഹത്തിന്റെയുമൊക്കെ പ്രതീകമാകുമ്പോൾതന്നെ മദ്യത്തിനും ലൈംഗിക ലഹരിക്കും അടിമയാകുന്നതിന്റെ വൈഷമ്യങ്ങളെ കുറിച്ചും നോവൽ ചർച്ചചെയ്യുന്നു.
നോവലിൽ മറ്റൊരു കഥാപാത്രമായി ‘രക്തം’ കടന്നുവരുന്നുണ്ട്. യുദ്ധാനുഭവം വിവരിക്കുന്നതിനിടയിൽ വെള്ളം കുടിച്ച പാത്രത്തിനടിയിൽ കണ്ട ചോരയെപ്പറ്റി സൈനികൻ എഴുത്തുകാരനോട് പറയുന്നുണ്ട്. ചോര ചോരയോട് അതായത് മനുഷ്യൻ മനുഷ്യനോട് ഏറ്റുമുട്ടുകയാണ് ഓരോ യുദ്ധക്കളത്തിലും. യുദ്ധത്തെ മരണത്തിന്റെ കാരണക്കാരായി ചിത്രീകരിക്കുമ്പോൾതന്നെ മറ്റുള്ളവരെ അടക്കിഭരിക്കാനുള്ള ഭരണാധികാരികളുടെ നികൃഷ്ടമായ മാനസികതലങ്ങളെ കൂടി നോവൽ വിഷയമാക്കുന്നു.
അധികാരം, ഭരണകൂടം എന്നിവ വരുത്തുന്ന ഭയാത്മകതയുടെ ശബ്ദമാണ് ‘ശബ്ദങ്ങൾ’ എന്ന നോവലിന്റെ കാതൽ. സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും കഥകൾ പറഞ്ഞ ബഷീറിൽനിന്നും ഏറെ വ്യത്യസ്തമായി പുറത്തുവന്ന ‘ശബ്ദങ്ങൾ’ ലോകം നേരിട്ട യുദ്ധത്തെയും അധികാരമനോഭാവങ്ങളെയുംകൂടി ചർച്ചചെയ്തു. ലോകത്തിലെ മനുഷ്യരെല്ലാം ഒരു പൊക്കിൾക്കൊടിയിലൂടെ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന മഹത്തായ സന്ദേശവും നോവൽ പ്രതിപാദിക്കുന്നു.
ജാതി മത ചിന്തയെ കേന്ദ്രീകരിച്ച് ബഷീറിനെതന്നെ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ ‘ഒരു ഭഗവദ്ഗീതയും കുറേ മുലകളും’ എന്ന കൃതി ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ്. ഭാരത പൈതൃകത്തിന്റെ സത്ത മറച്ചുപിടിച്ച് കപടസദാചാരം പ്രഖ്യാപിച്ചു നടക്കുന്ന സമൂഹത്തിനെ ആഞ്ഞടിക്കാൻ പാകത്തിലുള്ള ഒരു ചാട്ട തന്നെയായിരുന്നു പ്രസ്തുത കഥ. ഇത്തരത്തിലൊരു കഥ ഇന്നാണ് വരുന്നതെങ്കിൽ അദ്ദേഹം നേരിടേണ്ടിവരുന്ന ആക്രമണങ്ങൾക്ക് കൈയും കണക്കും ഉണ്ടാവില്ല. ഹിന്ദുത്വ രാഷ്ട്രീയവും വർഗീയവാദികളും എഴുത്തെന്നും സർഗാത്മകതയെന്നുമുള്ള പരിഗണനയൊന്നും കൽപിക്കില്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.
ബഷീർ മരിച്ചിട്ട് മുപ്പതു വർഷങ്ങൾ പൂർത്തിയാവുകയാണ്. എങ്കിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും വിഭാവനം ചെയ്ത സന്ദർഭങ്ങളും ഇന്നും പ്രസക്തമായി തന്നെ തുടരുന്നു. പൊതുസമൂഹത്തിന്റെ നയങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിലും കൃത്യമായ ലക്ഷ്യത്തോടെയുള്ള സാമൂഹിക വിമർശനങ്ങൾ അവതരിപ്പിക്കുന്നതിലും ബഷീർ കാണിച്ച അസാധാരണ വൈഭവം വിശദീകരിക്കാൻ എളുപ്പമല്ല. തീർച്ചയായും കാലത്തിനു മുന്നേ സഞ്ചരിച്ച പ്രതിഭാശാലിയാണെന്നുള്ള ബോധ്യം ഉറപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഓരോ കൃതിയും.