ജബ് ചാന്ദ് മേരാ നികലാ... വിഷാദമധുര മോഹനഗാനം
വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിലും ജീവിതത്തിലും സംഗീതം നിലക്കാതെ പടരുന്നുണ്ട്. ‘അനുരാഗത്തിന്റെ ദിനങ്ങളി’ലും ‘ബാല്യകാലസഖി’യിലുമൊക്കെ ആ സംഗീതം എങ്ങനെയാണ് നിറയുന്നത്?നിലാവ് മറ്റ് എഴുത്തുകാരെപ്പോലെ ബഷീറിനെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രണയതീവ്രത അനുഭവിച്ച നാളുകളിൽ ബഷീർ ഏറ്റവും കൂടുതൽ കേട്ടത് പങ്കജ് മല്ലിക് പാടിയ ‘‘ജബ് ചാന്ദ് മേരാ നികലാ’’ ആണ്. മറ്റു കൃതികളെക്കാൾ ‘അനുരാഗത്തിന്റെ ദിനങ്ങളി’ലാണ് സംഗീതത്തെപ്പറ്റി കൂടുതൽ പരാമർശങ്ങളുള്ളത്. പ്രണയത്തിലും...
Your Subscription Supports Independent Journalism
View Plansവൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിലും ജീവിതത്തിലും സംഗീതം നിലക്കാതെ പടരുന്നുണ്ട്. ‘അനുരാഗത്തിന്റെ ദിനങ്ങളി’ലും ‘ബാല്യകാലസഖി’യിലുമൊക്കെ ആ സംഗീതം എങ്ങനെയാണ് നിറയുന്നത്?
നിലാവ് മറ്റ് എഴുത്തുകാരെപ്പോലെ ബഷീറിനെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രണയതീവ്രത അനുഭവിച്ച നാളുകളിൽ ബഷീർ ഏറ്റവും കൂടുതൽ കേട്ടത് പങ്കജ് മല്ലിക് പാടിയ ‘‘ജബ് ചാന്ദ് മേരാ നികലാ’’ ആണ്. മറ്റു കൃതികളെക്കാൾ ‘അനുരാഗത്തിന്റെ ദിനങ്ങളി’ലാണ് സംഗീതത്തെപ്പറ്റി കൂടുതൽ പരാമർശങ്ങളുള്ളത്. പ്രണയത്തിലും വിരഹത്തിലും അദ്ദേഹം കൂടുതൽ കേട്ടത് സൈഗാളിന്റെയും പങ്കജ് മല്ലിക്കിന്റെയും സി.എച്ച്. ആത്മയുടെയും തലത് മഹ്മൂദിന്റെയും നൂർജഹാന്റെയും കോഴിക്കോട് അബ്ദുൽ ഖാദറിന്റെയും പാട്ടുകളായിരുന്നു. സിനിമാപ്പാട്ടുകൾ മാത്രമല്ല ഗസലുകളും ഗീതുകളും അതിൽ ഉൾപ്പെടും.
ബഷീറിന്റെ ആദ്യപ്രണയം പ്രമേയമായിവന്ന ‘ബാല്യകാലസഖി’യിൽ ബാല്യകാലത്ത് കേട്ട ഒരു നാടോടി ഗാനത്തിലൂടെ പ്രണയത്തിന്റെ തീവ്രാനുഭൂതി പകരുന്നുണ്ട്. മജീദും സുഹറയും ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടുമ്പോൾ ഒരു പാട്ട് പശ്ചാത്തലത്തിൽ കേൾക്കാം. ബഷീർ പാട്ടിന്റെ സന്ദർഭം നോവലിൽ ഇങ്ങനെ വിവരിക്കുന്നു: “ഗ്രാമീണ നിശ്ശബ്ദതയെ ഭേദിച്ച്, ഒരു പ്രേമഗാനം ദൂരത്തെവിടെയോനിന്നും ഉയർന്നു. ഏതോ കാമുകൻ ഏതോ പ്രേമഭാജനത്തെ വിചാരിച്ച്, ശോകമധുരിമയോടെ പാടി.
‘‘താമര പൂങ്കാവനത്തില്‍/ താമസിക്കുന്നോളേ
പഞ്ചവർണ പൈങ്കിളിയില്/ പങ്ക് റങ്കുള്ളോളേ
പൂമൊകം കണ്ടാ മതിയോ/ പൂതി തീർക്കും കാലമായോ
കാമിനിയടുത്തു വന്നോ/ കാലദോഷം വന്നു പോയോ
താമര പൂങ്കാവനത്തില്‍/ താമസിക്കുന്നോളേ…’’
അങ്ങനെ വീണ്ടും വീണ്ടും ആ അജ്ഞാത ഗായകൻ ഉരുവിട്ടുകൊണ്ടിരുന്നു. ബാല്യകാലത്ത് കേട്ട് ബഷീറിന്റെ മനസ്സില്‍ മായാതെ കിടന്നിരുന്ന പാട്ടാവണം താമരപൂങ്കാവനത്തില്. നാടന്‍പാട്ടിന്റെയും മാപ്പിളപ്പാട്ടിന്റെയും സവിശേഷമായ ഒരു സങ്കലനം. ആരാണ് എഴുതിയത് എന്നുപോലും അറിയാത്ത ഈ പാട്ട് ബഷീറിന്റെ കാലത്ത് മൂവാറ്റുപുഴയിലൂടെ തോണി തുഴഞ്ഞുപോകുന്ന ആരോ പാടി കേട്ടതാവണമെന്ന് കരുതുന്നു.
പ്രസാധകരായ മംഗളോദയത്തിന്റെ ഡയറക്ടര്‍ എ.കെ.ടി.കെ.എം. നമ്പൂതിരിപ്പാട് ബഷീറിന് എഴുതാന്‍വേണ്ടി തൃശൂരില്‍ ഒരു വീട് തരപ്പെടുത്തി കൊടുത്തിരുന്ന കാലത്താണ് ‘അനുരാഗത്തിന്റെ ദിനങ്ങള്‍’ എന്ന നോവലിന് ആസ്പദമായ പ്രണയം നടക്കുന്നത്. നോവലില്‍ “ഇത് കഥയല്ല പച്ചയായ ജീവിതത്തിന്റെ ഒരു ഭാഗം” എന്ന് ബഷീര്‍ തുടക്കത്തില്‍ എഴുതിയിരുന്നു. 1945-46 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന പ്രണയമാണ് നോവലിന് ആധാരം. ഇവിടെ കഥാനായകൻ ബഷീറും നായിക അയൽപക്കത്തെ സരസ്വതി ദേവിയുമാണ്. ഒരു മുസ്ലിം യുവാവുമായുള്ള നായർ യുവതിയുടെ പ്രണയം വീട്ടുകാർ അറിഞ്ഞപ്പോൾ വലിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. അച്ഛനും അമ്മയും ആത്മഹത്യാ ഭീഷണി മുഴക്കുന്നു. അവർ ഒന്നിച്ചാൽ മാതാപിതാക്കളുടെ മരണം ദാമ്പത്യത്തിൽ കരിനിഴൽ വീഴ്ത്തുമെന്ന് ഭയന്ന് ഇരുവരും വേർപിരിയാൻ തീരുമാനിക്കുന്നു. ദേവി മറ്റൊരു വിവാഹം കഴിക്കുന്നു. അത്യന്തം വേദനയോടെ ബഷീർ നാടുവിട്ട് മൈസൂരിലേക്ക് പോകുന്നു.
‘അനുരാഗത്തിന്റെ ദിനങ്ങളി’ൽ എഴുത്തുകാരന്റെ വിവരണത്തിന് പുറമെ കത്തുകളിലൂടെയാണ് ഭൂരിഭാഗം കഥയും പറഞ്ഞുപോകുന്നത്. ഓരോ കത്തിന്റെയും മറുപടിയും അതിനായുള്ള കാത്തിരിപ്പും വായനക്കാരെ ആകാംക്ഷാഭരിതരാക്കുന്നു. ദേവിക്ക് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു: “നമ്മൾ കണ്ടുമുട്ടി. ദേവി ഉദ്ദേശിക്കുന്നമാതിരി സമുദ്രത്തിലെ കപ്പൽപോലെ… അതോ ആകാശവിശാലതയിലെ ഏകാന്ത സഞ്ചാരികളായ പക്ഷികളെ പോലെയോ? എങ്ങനെയുമാവട്ടെ. നമ്മൾ കണ്ടുമുട്ടി. ഇപ്പോൾ പിരിയാൻ പോവുകയാണ്. ഇനി ഒരിക്കലും തമ്മിൽ കണ്ടില്ല എന്നു വരാം. എങ്കിലും സ്മരണ. സ്നേഹസാന്ദ്രമായ സ്മരണ ഉണ്ടായിരിക്കുമോ? ജബ് ചാന്ദ് മേരാ നികലാ.”
ദേവിയുമായി പിരിയാൻ തീരുമാനിച്ചപ്പോൾ ദുഃഖം മറയ്ക്കാൻ വേണ്ടി കേട്ടത് ‘‘ജബ് ചാന്ദ് മേരാ നികലാ...’’ ആയിരുന്നു. രാജ്യം മുഴുവൻ അലഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു പാട്ടു വെക്കാൻ വീട്ടുകാർ ബഷീറിനോട് പറഞ്ഞപ്പോഴും വെച്ചത് ‘‘ജബ് ചാന്ദ് മേരാ നികലാ...’’ ആയിരുന്നു. അതൊരു സിനിമാഗാനമായിരുന്നില്ല. നോൺ ഫിലിം സോങ് എന്ന പേരിൽ പ്രശസ്തമായ ഗീത് ആയിരുന്നു.
‘‘ജബ് ചാന്ദ് മേരാ നികലാ’’ ദേവിയുടെ പ്രതീകമായിട്ടാണ് ബഷീർ നോവലിൽ അവതരിപ്പിക്കുന്നത്. ദേവിയെ പിരിഞ്ഞിരിക്കുമ്പോൾ ശൂന്യത നികത്താൻ ബഷീർ ശ്രമിക്കുന്നതും ഈ പാട്ടിലൂടെയാണ്. ഫയാസ് ഹാശ്മി എഴുതി പങ്കജ് മല്ലിക് ഈണം കൊടുത്ത് പാടിയ പാട്ട് ഇപ്പോഴും മലയാളികൾ ഓർക്കുന്നത് ‘അനുരാഗത്തിന്റെ ദിനങ്ങളി’ലൂടെയാണ് എന്ന് യൂട്യൂബിൽ പാട്ടിന്റെ താഴെ കാണുന്ന കമന്റുകളിൽനിന്ന് വ്യക്തമാണ്. ഇതിനുശേഷം ബോളിവുഡിൽ നിലാവുമായി ബന്ധപ്പെട്ട പാട്ടുകളുടെ ഒരു പ്രളയംതന്നെയുണ്ടായി. പാട്ടിൽ ഉപയോഗിച്ച വെസ്റ്റേൺ ഓർക്കസ്ട്രേഷൻ പങ്കജ് മല്ലികിന്റെ ഒരു സവിശേഷ ശൈലിയായിരുന്നു. പങ്കജ് മല്ലിക് രബീന്ദ്ര സംഗീതവുമായി ബംഗാളിൽ ഒതുങ്ങിപ്പോയതുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിഭയെ സംഗീതത്തിന്റെ മറ്റു തലങ്ങളിലേക്ക് പടർത്താൻ കഴിഞ്ഞില്ല.
ബഷീര്‍ കാമുകിയായ സരസ്വതി ദേവിക്കെഴുതിയ കത്തുകളില്‍ താന്‍ കേള്‍ക്കുന്ന പാട്ടുകളെ പറ്റി പറയുന്നുണ്ട്. സൈഗാളിന്റെയും പങ്കജ് മല്ലികിന്റെയും പാട്ടുകള്‍ നോവലിന്റെ പല ഭാഗങ്ങളിലായി കടന്നുവരുന്നത് കാണാം. തനിക്കിഷ്ടപ്പെട്ട പാട്ടുകളിലൂടെയാണ് ബഷീര്‍ തന്റെ പ്രണയവും വിരഹവുമൊക്കെ അടയാളപ്പെടുത്തുന്നത്. ഒരിക്കല്‍ തന്റെ കത്തുകള്‍ തിരിച്ചയക്കണം എന്ന് ദേവി ആവശ്യപ്പെട്ടപ്പോൾ ബഷീര്‍ അസ്വസ്ഥനായി. അദ്ദേഹത്തിനു ദേഷ്യവും സങ്കടവും നിരാശയും തോന്നി. ഒരു പുതിയ റെക്കോഡ് വാങ്ങി. അതില്‍ a sad sweet poem എന്നെഴുതി. (ഒരു വിഷാദ മധുര കാവ്യം എന്നായിരുന്നു ദേവിയെ ആദ്യമായി കണ്ടപ്പോള്‍ ബഷീറിന് തോന്നിയത്.) വിഷാദവും മധുരവും കലർന്ന രണ്ടു ഗാനങ്ങള്‍ പങ്കജ് മല്ലികിന്റെ ശബ്ദത്തിൽ കേട്ടു. ‘‘ജബ് ചാന്ദ് മേരാ നികലാ’’. മറുവശത്ത് ‘‘ജിസേ മേരി യാദ് ന ആയെ...’’
മറ്റൊരിക്കല്‍ ദേവിക്കെഴുതിയപ്പോൾ പത്ത് റെക്കോഡുകൾ വാങ്ങിയ കാര്യം പറയുന്നുണ്ട്. ‘‘യാദ് ആയേകി ന ആയേ തുംഹാരീ’’ ഓടുന്ന വണ്ടിയില്‍ ഇരുന്ന് കേട്ടു. “ഞാന്‍ ഇന്നലെ ഇവിടെ എന്റെ വീട്ടില്‍ വന്നു. ഗ്രാമഫോണ്‍ ഈ കുഗ്രാമത്തില്‍ ഒരു വിശേഷ സംഭവമാണ്. വന്ന ഉടനെ എല്ലാവര്ക്കും പാട്ട് കേള്‍ക്കണം. എന്റെ മാതാവ്, സഹോദരികള്‍, സഹോദരന്മാര്... എല്ലാവര്ക്കും. പിന്നെ അയല്പക്കത്തുള്ളവരും. ആദ്യമേ വെച്ചത് ‘‘ജബ് ചാന്ദ് മേരാ നികലാ.’’ ഒടുവില്‍ ‘‘യാദ് ആയെകി ന ആയെ തുംഹാരീ.’’ പാട്ടുകള്‍ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. പൊരുള്‍ എന്തെന്നുമാത്രം ആര്‍ക്കും അറിഞ്ഞുകൂടാ.”
ദേവിയെ ആദ്യമായി വലതുകരം ഗ്രഹിച്ചു ചുംബിച്ചപ്പോള്‍ ബഷീര്‍ വല്ലാത്തൊരു ആനന്ദം അനുഭവിച്ചിരുന്നു. ഉടനെ മുറിയില്‍ വന്ന് ഗ്രാമഫോണ്‍ പാടിച്ചപ്പോൾ റെക്കോഡ് ചുംബിക്കാന്‍ തോന്നി. ദേവിയുമായി പിരിയാന്‍ തീരുമാനിച്ചപ്പോഴും അഭയം തേടിയത് പാട്ടിലായിരുന്നു. “എനിക്ക് വിഷമം. ഞാന്‍ ഗ്രാമഫോണ്‍ എടുത്തു. ‘ജബ് ചാന്ദ് മേരാ നികലാ’ എന്ന പാട്ട് കേള്‍ക്കാന്‍ തുടങ്ങി. ഏകാന്തത! ഇനി ദേവി എന്റെ ആരാണ്? എട്ടു മണി മുതല്‍ ഒമ്പതര മണിവരെ ഞാന്‍ ഗ്രാമഫോണ്‍ പാടിച്ചുകൊണ്ടിരുന്നു. പങ്കജ് മല്ലിക്, സൈഗാള്‍, കെ.സി. ഡെ, തലത് മഹമൂദ്, നൂര്ജഹാന്, ദിലീപ് കുമാര്‍ റോയ്, മന്ജുദാസ് ഗുപ്ത, ബിങ് ക്രോസ്ബി, പോള്‍ റോബ്സന്... മനസ്സിനു വല്ലാത്ത വിഷമം തോന്നി. ആളുകളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ കൊല്ലാനുള്ള ദേഷ്യം വരും.”
ദേവി അവസാനമായി ബഷീറിനെ തേടിയെത്തിയപ്പോഴും അദ്ദേഹം പാട്ട് കേൾക്കുകയായിരുന്നു. “ഇന്നു പകല്‍ പത്തുമണിക്ക് ഞാന്‍ ഗ്രാമഫോണ്‍ പാട്ട് കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ സരസ്വതി ദേവി കയറിവന്നു. കൂടെ ഒരു ചുമട്ടുകാരനും ഒരു വലിയ ടേബിള്‍ ബെഡ്, ബെഡ് ഷീറ്റ്, നാലു തലയിണകള്‍, രണ്ടു കുഷ്യന്, വില കൂടിയ രണ്ട് കശ്മീര്ഷാളുകള് ഇത്രയുമായിട്ടാണ് ദേവി വന്നത്. എന്റെ പഴയ ബെഡും തലയിണയും മറ്റും ചുമട്ടുകാരന് കൊടുത്തു. അവനെ പറഞ്ഞയച്ചിട്ട് വലിയ ജമുകാളം വിരിച്ച് അതില്‍ ബെഡ് ഇട്ടു. ബെഡ്ഷീറ്റ് ഇട്ട് അതില്‍ തലയിണയൊക്കെ വെച്ചിട്ട് ദേവി കണ്ണട താഴ്ത്തി വെച്ചിട്ട് എന്നെ ബെഡില്‍ പിടിച്ച് കിടത്തി. ദേവിയുടെ കണ്ണുകളില്‍ ചുംബിച്ചശേഷം ഞങ്ങള്‍ കെട്ടിപ്പിടിച്ചു കുറെനേരം കിടന്നു.” അപ്പോഴും ഗ്രാമഫോൺ പാടിക്കൊണ്ടിരിക്കുകയായിരുന്നു.
പ്രഫ. എം.കെ. സാനു ബഷീറിന്റെ ജീവചരിത്രമായ ‘ഏകാന്തവീഥിയിലെ അവധൂതനി’ല്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: “സ്വച്ഛമായ ഏകാന്തത ലഭിച്ചപ്പോള്‍ ബഷീര്‍ ആ അന്തരീക്ഷത്തോട് ഇണങ്ങി രചനയില്‍ ശ്രദ്ധിച്ചു. ഒന്നും ചെയ്യാന്‍ തോന്നാത്ത സമയങ്ങളില്‍ സംഗീതം ആസ്വദിച്ചു. സ്വന്തമായ ഗ്രാമഫോണില്‍ വലിയ ഗായകരുടെ പാട്ടുകള്‍ കേള്‍ക്കുക. അത് ബഷീറിനു ഒരുതരം ലഹരിയായിരുന്നു. പങ്കജ് മല്ലിക്, സൈഗാള്‍ എന്നിവരെയാണ് ആ കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്. ഇംഗ്ലീഷ് ഗാനങ്ങളും വാദ്യസംഗീതവും അതുപോലെ ആസ്വദിച്ചുപോന്നു. ആത്മാവിന്റെ പോഷകാഹാരം ബഷീറിന് സംഗീതമായിരുന്നു. സംഗീതം ആസ്വദിക്കാന്‍ താളലയങ്ങളുടെ ചിറകുകളില്‍ പറന്നുയര്‍ന്ന് ആ ആത്മാവ് അതീതലോകങ്ങളുടെ അലൗകിക സുഖം നുകര്‍ന്നുപോന്നു.
എഴുതാന്‍ തോന്നുന്ന ചില സമയങ്ങളില്‍ മാത്രം കഥാരചന തുടങ്ങുക എന്നതായിരുന്നു ആ ഘട്ടത്തില്‍ ബഷീറിന്റെ രീതി. കഥയുടെ സൂക്ഷ്മഭാവങ്ങള്‍ പലതും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. അവക്ക് ആവിഷ്കരണം നല്‍കുക എന്നത് എളുപ്പമല്ല. വാക്കുകളും വാക്യങ്ങളും ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കണം. ബഷീറിലെ സംഗീതാസ്വാദകനും കഥാകാരനും അത്തരം മുഹൂര്‍ത്തത്തില്‍ ഒരുമിക്കുന്നു. സംഗീതത്തിന്റേതായ താളവും ലയവും വാക്യങ്ങളില്‍ മാത്രമല്ല കഥാശിൽപത്തിലാകെ തുളുമ്പി നില്‍ക്കണം എന്നാലേ ബഷീറിന് തൃപ്തിയാകൂ.’’ (പേജ്: 126)
‘ഓർമകൾ’ എന്നായിരുന്നു ‘അനുരാഗത്തിന്റെ ദിനങ്ങളു’ടെ ആദ്യ പേര്. അത് വെട്ടിത്തിരുത്തി ‘കാമുകന്റെ ഡയറി’ എന്ന് ബഷീർ കൈയെഴുത്ത് പ്രതിയിൽ എഴുതിവെച്ചിരുന്നു. ആർക്കും പ്രസിദ്ധീകരിക്കാൻ കൊടുക്കാതെ തന്റെ ഫയലിൽ സൂക്ഷിച്ച ഈ നോവൽ എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും ചേർന്ന് തുടങ്ങിയ ക്ലാസിക് ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. ‘കാമുകന്റെ ഡയറി’ എന്ന പേരു മാറ്റി ‘അനുരാഗത്തിന്റെ ദിനങ്ങൾ’ എന്നാക്കിയതും എം.ടിയാണ്. യഥാർഥ ജീവിതത്തിൽ നടന്ന സംഭവമായതുകൊണ്ടും അതിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നതുകൊണ്ടും നോവൽ പ്രസിദ്ധീകരിക്കരുത് എന്ന് കാമുകി പറഞ്ഞിരുന്നു. അതുകൊണ്ട് 38 വർഷത്തോളം നോവൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചു. ഒടുവിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി കഥാപാത്രങ്ങളുടെയും സ്ഥലപ്പേരും മാറ്റി അവസാന അധ്യായം എഴുതി പൂർത്തിയാക്കി നോവൽ പുറത്തുവന്നു.
അനുരാഗത്തിന്റെ ദിനങ്ങളെ പറ്റി പറയുമ്പോൾ ബഷീറിന്റെ കണ്ണിൽനിന്ന് കണ്ണുനീർ വന്നിരുന്നു എന്ന് പകർത്തി എഴുതാൻ സഹായിച്ച നിരൂപകൻ എം.എം. ബഷീർ പറയുന്നു. . എന്തുകൊണ്ട് ‘അനുരാഗത്തിന്റെ ദിനങ്ങൾ’ എന്ന ഈ സൃഷ്ടി വായനക്കാരനെ അലട്ടുന്നു? ചിലപ്പോൾ അവരിൽ പലരും പ്രത്യക്ഷമായോ പരോക്ഷമായോ ഈ അവസ്ഥയിലൂടെ കടന്നുപോയിരിക്കാം. എവിടെയോ മണ്മറഞ്ഞുപോയ വായനക്കാരിലെ കാമുകനെ/ കാമുകിയെ പുസ്തകത്തിലൂടെ ചിലപ്പോൾ കണ്ടെടുക്കാനാകും.
ബഷീറിന്റെ ആദ്യ പ്രണയാനുഭൂതി പകർത്തിയ ‘ബാല്യകാലസഖി’യിലും അദ്ദേഹത്തിന്റെ മുപ്പത്തഞ്ചാം വയസ്സിൽ, തൃശൂരിൽ താമസിക്കുന്ന കാലത്ത് നടന്ന പ്രണയബന്ധത്തിന്റെ കഥപറയുന്ന ‘അനുരാഗത്തിന്റെ ദിനങ്ങളി’ലും തന്റെ സന്തതസഹചാരിയായ സംഗീതത്തെപ്പറ്റി അദ്ദേഹം ഒരു നിഗമനത്തിൽ എത്തിച്ചേരുന്നുണ്ട്. ‘‘ദുഃഖമാണ് കലയായിത്തീരുന്നത്. ശരിയായ കല സംഗീതമാണ്. അതിനു മാത്രമേ ദുഃഖത്തിന്റെ ശരിപ്പകർപ്പാകാൻ കഴിയൂ.”