ചുട്ക്ക് കവിതകൾ
ജാപ്പനീസ് കവിതയുടെ പരമ്പരാഗത രൂപമായ ഹൈക്കുവിനോട് ഏറെ സാദൃശ്യമുണ്ട് ചുട്ക്ക് കവിതക്ക്. എന്നാൽ, കുറുകിയ രൂപത്തിൽ മാത്രമാണ് ഈ സമാനതയെന്ന് സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാകും. ഇന്ത്യയിലെ ചുട്ക്ക് കവിതകളുടെ പാരമ്പര്യം വ്യക്തമാക്കുന്നു.ഇന്ത്യയിലെ പരമ്പരാഗത കാവ്യരൂപങ്ങളിലൊന്നാണ് ലഘുകവനങ്ങൾ അഥവാ ചുട്ക്ക് കവിതകൾ. രസാത്മകമായ ചെറുവാക്യങ്ങളിൽ രചിക്കപ്പെടുന്ന ചുട്ക്ക് കവിതകൾ പലപ്പോഴും നർമരസ പ്രധാനങ്ങളാണ്. സംക്ഷിപ്തതയാണ്...
Your Subscription Supports Independent Journalism
View Plansജാപ്പനീസ് കവിതയുടെ പരമ്പരാഗത രൂപമായ ഹൈക്കുവിനോട് ഏറെ സാദൃശ്യമുണ്ട് ചുട്ക്ക് കവിതക്ക്. എന്നാൽ, കുറുകിയ രൂപത്തിൽ മാത്രമാണ് ഈ സമാനതയെന്ന് സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാകും. ഇന്ത്യയിലെ ചുട്ക്ക് കവിതകളുടെ പാരമ്പര്യം വ്യക്തമാക്കുന്നു.
ഇന്ത്യയിലെ പരമ്പരാഗത കാവ്യരൂപങ്ങളിലൊന്നാണ് ലഘുകവനങ്ങൾ അഥവാ ചുട്ക്ക് കവിതകൾ. രസാത്മകമായ ചെറുവാക്യങ്ങളിൽ രചിക്കപ്പെടുന്ന ചുട്ക്ക് കവിതകൾ പലപ്പോഴും നർമരസ പ്രധാനങ്ങളാണ്. സംക്ഷിപ്തതയാണ് ഇവയെ സവിശേഷമാക്കുന്നത്. ഹ്രസ്വ കവനങ്ങളായതുകൊണ്ടുതന്നെ അവക്ക് പഴഞ്ചൊല്ലുകളോടും നീതിവാക്യങ്ങളോടുമാണ് ഏറെ അടുപ്പം. ലാളിത്യം മുഖമുദ്രയാണെങ്കിലും ചുട്ക്ക് കവനങ്ങൾ ആഴത്തിലുള്ള അർഥതലങ്ങളാൽ സമ്പന്നമാണ്. ദൈനംദിന ജീവിതം, മനുഷ്യ സ്വഭാവവൈചിത്ര്യങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ടതെന്തും ഏറെ ഉൾക്കാഴ്ചയോടെ കരുത്തുറ്റ ശൈലിയിൽ നിർവഹിക്കുന്ന ആഖ്യാനമാണ് ചുട്ക്ക് കവിതകൾ.
ജാപ്പനീസ് കവിതയുടെ പരമ്പരാഗത രൂപമായ ഹൈക്കുവിനോട് ഏറെ സാദൃശ്യമുണ്ട് ചുട്ക്ക് കവിതക്ക്. എന്നാൽ, കുറുകിയ രൂപത്തിൽ മാത്രമാണ് ഈ സമാനതയെന്ന് സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാകും. 5-7-5 എന്നിങ്ങനെയുള്ള അക്ഷര ക്രമമോ, ഋതുക്കളെക്കുറിച്ചുള്ള സൂചനകളോ, ആശയങ്ങളോ ചിത്രങ്ങളോ കൂട്ടിച്ചേർക്കുന്ന വാക്കുകളോ ഇവയിലില്ല. എന്നാൽ, പ്രകൃതിയിലെ ഒരൊറ്റ നിമിഷമോ, ദൈനംദിന ദൃശ്യങ്ങളോ അവതരിപ്പിക്കുന്നതിൽ സമാനത കാണാം. ലാളിത്യം, ആഴത്തിലുള്ള ജീവിതബന്ധം, ദ്വയാർഥ പദപ്രയോഗങ്ങൾ, ആക്ഷേപഹാസ്യം എന്നിവയിലും ഇവക്ക് സമാനത ഏറെയാണ്.
വായനക്കാരിലോ ശ്രോതാവിലോ ആവർത്തിച്ചുള്ള വായനയിൽ ആസ്വാദ്യത പകരുന്ന ചുട്ക്ക് കവിതകൾക്ക് കഥ പറച്ചിലിന്റെ സ്വഭാവമുണ്ട്. മാത്രമല്ല, കാലങ്ങളായി കൈമാറിവരുന്ന നാടോടിക്കഥകളോടാണ് ഇവക്ക് ഇഴയടുപ്പമെന്ന് കാണാൻ പ്രയാസമില്ല. ഒരു ദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിഫലനംകൂടിയായ ചുട്ക്ക് കവിതകൾ സമകാലിക പരിസരത്തിൽ ജനപ്രിയതകൊണ്ട് മറ്റു കവന മാതൃകകളെ ഉല്ലംഘിക്കുന്നുണ്ടെന്നു പറയാം. പാരമ്പര്യത്തിന് നൽകുന്ന പ്രാധാന്യംകൊണ്ടും സംക്ഷിപ്തമായ ആവിഷ്കാരത്തിന്റെ ശക്തികൊണ്ടുമാണ് ചുട്ക്ക് കവിതകൾ വ്യതിരിക്തമായി മാറുന്നത്. മേൽപറഞ്ഞ പ്രത്യേകതകൾ ഒന്നുകൂടി വിശദീകരിക്കാം.
1. സംക്ഷിപ്തത: ചുട്ക്ക് കവിതകൾ വളരെ ചെറു ആഖ്യാനങ്ങളാണ്. അർഥസാന്ദ്രവും വികാരനിർഭരവുമായ സംക്ഷിപ്തവാക്യങ്ങളാണവ. വായനക്കാരെ നിരന്തരമായി സ്വാധീനിക്കാനിതുതകുന്നു.
2. ലാളിത്യം: ലളിതവും പെട്ടെന്ന് അഭിഗമ്യവുമായ ഭാഷയാണ് ചുട്ക്ക് കവിതകളുടെ മറ്റൊരു പ്രത്യേകത. വായനക്കാരനെ പെട്ടെന്ന് കവിതയിലേക്കാകർഷിക്കാനിതിലൂടെ സാധിക്കുന്നു. നേരായ ഭാഷയും ഉജ്ജ്വലമായ ബിംബങ്ങളും അവയെ ആപേക്ഷികവും പ്രാപ്യവുമാക്കുന്നു. ആവിഷ്കാരത്തിന്റെ വ്യക്തത വായനക്കാരന് അടിസ്ഥാനഭാവവും പ്രമേയവും അനായാേസന ലഭ്യമാക്കാനുതകും.
3. നർമരസം: നർമരസപ്രധാനങ്ങളാണ് ചുട്ക്ക് കവിതകൾ. ബൗദ്ധികവും സമർഥവുമായ പദ സന്നിവേശത്തിലൂടെയാണ് നർമം സഹൃദയാഹ്ലാദകരമായിത്തീരുന്നത്. ദ്വയാർഥ പ്രയോഗം, ഗൂഢാർഥ നിബന്ധനം, ആക്ഷേപഹാസ്യം തുടങ്ങിയ രചനാകൗശലത്തിലുമായാണ് നർമസന്നിവേശം ചുട്ക്ക് കവി സാധ്യമാക്കുന്നത്.
4. സാമൂഹിക-സാംസ്കാരിക മാനം: സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങളെ വ്യക്തിപരമായ അനുഭവങ്ങളുടെ ഛായാപടമെന്നോണം ചുട്ക്ക് കവിതകൾ അവതരിപ്പിക്കുന്നു. ദൈനംദിന ജീവിതത്തോടൊപ്പം സാംസ്കാരികമായ ആചാരങ്ങൾ, സാമൂഹിക മാനദണ്ഡങ്ങൾ, പെരുമാറ്റരീതികൾ തുടങ്ങിയവ ഏറെ ഉൾക്കാഴ്ചയോടെ പ്രതിഫലിപ്പിക്കുന്നുവെന്ന സവിശേഷതയുമിതിനുണ്ട്.
5. താളാത്മകത: ചുട്ക്ക് കവിതകളുടെ ഘടന താളാത്മകമാണ്. വായിക്കാനും കേൾക്കാനും സുഖപ്രദമാണെന്നുള്ളതാണിതിന്റെ പ്രത്യേകത. ഓർമിച്ചുവെക്കാനുള്ള സൗകര്യത്തോടൊപ്പം സംപ്രേഷണസാധ്യതയെ ഇത് ഇരട്ടിപ്പിക്കുകയും ചെയ്യുന്നു.
6. ധാർമികവും തത്ത്വശാസ്ത്രപരവുമായ ഉൾക്കാഴ്ച: ധാർമികവും ദാർശനികവുമായ സന്ദേശങ്ങൾ പകരുന്നവയാണ് ചുട്ക്ക് കവിതകൾ. ജ്ഞാനാത്മകവും ധാർമികവുമായ പാഠങ്ങൾ ഇവയിൽ ദമിതമായിട്ടുണ്ട്.
7. പ്രമേയവൈവിധ്യം: നർമം സാധാരണമാണെങ്കിലും ചുട്ക്ക് കവിതകൾ പ്രണയം, പ്രകൃതി, രാഷ്ട്രീയം, മനുഷ്യബന്ധങ്ങളുൾപ്പെടെ നിരവധി വിഷയങ്ങളെ ഉൾക്കൊള്ളുന്നു. ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഒതുക്കത്തോടെ പ്രതിപാദിക്കാൻ ഈ ബഹുലത കവികളെ കെൽപുറ്റവരാക്കുന്നു.
8. സാംസ്കാരിക അനുരണനം: ചുട്ക്ക് കവിതകൾ അതത് ഭാഷകളുൾക്കൊള്ളുന്ന സംസ്കാരത്തിലും പാരമ്പര്യത്തിലും ആഴത്തിൽ വേരൂന്നിയവയാണ്. പ്രാദേശിക ആചാരങ്ങൾ, ഭാഷകൾ, നാടോടി വാങ്മയങ്ങൾ എന്നിവയുടെ കലർപ്പ് അവയിൽ പ്രത്യക്ഷമായും അല്ലാതെയും കാണും.
9. വൈകാരിക സ്വാധീനം: ലാളിത്യം, താളം, ഉജ്ജ്വലമായ ഇമേജറി എന്നിവയുടെ സംയോജനം ചുട്ക്ക് കവിതകളെ വികാരസന്നിവേശത്തിന് ഫലപ്രദമായി സഹായിക്കുന്നു. സന്തോഷമോ സങ്കടമോ പ്രണയമോ ദാർശനിക ചിന്തകളോ പ്രകടിപ്പിക്കുന്നതിലൂടെ ഈ കവിതകൾ പലപ്പോഴും വൈകാരിക പ്രതികരണമുളവാക്കുന്നു. സമ്പന്നമായ ഇമേജറിയും പ്രതീകാത്മകതയും ചേർന്ന ആലങ്കാരിക ഭാഷയുടെ ഉപയോഗo ഉജ്ജ്വലമായ മാനസിക ചിത്രങ്ങൾ സൃഷ്ടിക്കുകയും ശക്തമായ വൈകാരിക പ്രതികരണങ്ങൾ ഉളവാക്കുകയും കവിതകൾക്ക് ആഴം കൂട്ടുകയും ചെയ്യുന്നു.
ചുട്ക്ക് കവിതകൾ തമിഴിൽ
ലഘു കവനങ്ങളുടെ പാരമ്പര്യം തമിഴിൽ സംഘകാലം മുതൽക്കുണ്ട്. മധ്യകാലഘട്ടത്തിലെത്തുമ്പോൾ ആണ്ടാൾ, ആൾവാർ തുടങ്ങിയ കവി പരമ്പരകൾ ഭക്തിസാഹിത്യത്തിൽ പലപ്പോഴും ഹ്രസ്വ കാവ്യരൂപങ്ങളാണുപയോഗിച്ചിരുന്നത്. തത്ത്വശാസ്ത്രപരവും ഭക്തിപരവുമായ പ്രമേയങ്ങളടങ്ങിയ ഇവരുടെ കവിതകൾ ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിലെ നാൾവഴികളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1. ആണ്ടാൾ: കോടൈ അല്ലെങ്കിൽ നാച്ചിയാർ എന്നും അറിയപ്പെടുന്ന ആണ്ടാൾ പന്ത്രണ്ട് ആഴ്വാന്മാരിൽ ഒരാളാണ്. മഹാവിഷ്ണുവിനോടുള്ള തീക്ഷ്ണമായ ഭക്തിയാണ് ആണ്ടാളിന്റെ കവിതയുടെ സവിശേഷത:
തിരുപ്പാവൈ ശ്ലോകം:
‘‘മാർഗഴി തിങ്കൾ മതി നിറൈന്ത നന്നാലൽ
നീരാടപ്പ് പൊധുവീർ പൊധുമിനൊ നേരഴിയേർ
സേർമൽഗും ആയ്പാദി ചെൽവ ചിരുമേർഗാൽ
കോർവെൽ കൊഡുന്തൊഴിലൻ നന്ദഗോപൻകുമരൻ
ഇരന്ധ കണ്ണി യശോദൈ ഇല്ലം സിംഗം
കർമെനി ചെയ്ത പെരും പസുക്കൾ കത്തുത്ത്
തിരവെലൊരെമ്പാവൈ’’
(ഈ ശുഭകരമായ മാർഗഴി മാസത്തിൽ നന്ദഗോപന്റെയും അയർപ്പാടയുടെ സംരക്ഷകയായ യശോദയുടെയും മകനായ സുമുഖനായ കൃഷ്ണനെ നമുക്ക് സ്നാനാന്തരം ആരാധിക്കാം.)
2. തിരുവായ് മൊഴി
‘‘ഉയർവര ഉയർന്നാൽ ഉടൈയവൻ
നലമന നാലമുടൈയ്യവൻ
തയർവണ തനി മുതൽവൻ എമ്മനൻ
മയർവര മതി നാളം അരുളിനൻ’’
(ഉയർന്ന സ്വഭാവസവിശേഷതകളും നന്മയുള്ളവനുമാണ് ആദിമനും ഏകനുമായിട്ടുള്ളവൻ. നമ്മുടെ യജമാനനാകുന്നു അവൻ. നമ്മുടെ അജ്ഞത പോക്കാനുള്ള ജ്ഞാനം നൽകി അവൻ നമ്മെ അനുഗ്രഹിക്കുന്നു.)
3. തേവാരം (അപ്പർ സ്തുതി):
‘‘വാഴ്കൈ എന്നും കൊണ്ടൈ
വേറുണ്ടി കലപ്പിൽ
നിഴൽ പുരണ്ടുച്ച് ചെയ്യും
നിൻമൂർത്തിയുൾ കലക്കും’’
(ദുർബലമായ കുമിളപോലുള്ള ഈ ജീവിതത്തിൽ ഞങ്ങളുടെ വ്യാമോഹങ്ങളെ അകറ്റുന്ന കർത്താവേ, അങ്ങയുടെ കൃപയുടെ നിഴലിൽ ഞങ്ങൾ ആശ്വാസം കണ്ടെത്തുന്നു.)
4. തിരുവാക്കം (മാണിക്കവാസഗർ):
‘‘പൊന്നാർ മേനിയനേ! പുടൈ പരന്തനേ!
കണ്ണേർ മൽഗിയ കറുത്തിത്ത് തൊഴും എൻ കരുത്ത്ത്ത്
അന്നർ മേനിയന! അവൻ പറായി ഏയ്ദി’’
(സ്വർണനിറമുള്ള അല്ലയോ കർത്താവേ! നീ എല്ലായിടത്തും വ്യാപിച്ചു കിടക്കുന്നു. കണ്ണീർ നിറഞ്ഞ എന്റെ മനസ്സ് നിന്നെ ആരാധിക്കുന്നു. എന്റെ ഹൃദയത്തിന്റെ അഗാധമായ ഭക്തിരൂപമാണ് നീ.)
സുബ്രഹ്മണ്യഭാരതിയെപ്പോലുള്ള ആധുനിക കവികൾ സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും ദേശസ്നേഹമുണർത്തുന്നതിനും ചെറു കവനങ്ങളുപയോഗിച്ചിട്ടുണ്ട്. ഏതാനും ഉദാഹരണങ്ങൾ നൽകാം;
1. ‘‘വെള്ളൈ നിറം പാചം പോൽ ചെയ്യും
ചെൽവം കഡൽ പോൽ കണ്ടുപിടിപ്പദു എൻ ടൊടർച്ചിയും’’
(വെള്ളനിറം പുതുമ പ്രദാനം ചെയ്യുന്നതുപോലെ പരന്ന കടലിലെന്നപോലെ സമ്പത്തിനെ തിരയണം)
2. ‘‘അളകു കുറുഗിൻറാൽ മകിൽച്ചി,
ഉയിർകളൈ മെയ്തിയായ് അറിവേ’’
(സൗന്ദര്യത്തെ പുകഴ്ത്തുമ്പോഴാണ് സന്തോഷം ലഭിക്കുന്നത്. യഥാർഥ ജ്ഞാനം ആത്മാവിനെ ഉദ്ദീപിപ്പിക്കുന്നു.)
3. ‘‘പെരിയ കനവു ഒരു പെരും ചാതനൈ
ചിറിയതേയ്വുകൾ ഒരു പെരും അടൈയാളം’’
(വലിയ സ്വപ്നങ്ങൾ വലിയ നേട്ടങ്ങളാണ്. ചെറു ദൈവങ്ങൾ മഹനീയ സൂചകമാണ്.)
തമിഴ് നാടോടി സാഹിത്യവും ധാർമികവും സാംസ്കാരികവുമായ മൂല്യങ്ങളുൾക്കൊള്ളുന്ന പഴഞ്ചൊൽ രൂപത്തിലുള്ള കവിതകളാൽ സമ്പന്നമാണ്. ദൈനംദിന സംഭാഷണങ്ങളിൽപോലും ഇത്തരം കവിതാ ശകലങ്ങൾ കടന്നുവരാറുണ്ട്. തമിഴിലെ ഏതാനും പഴഞ്ചൊല്ലുകൾ ഉദാഹരിക്കാം.
1. ‘‘കട്രതു കൈ മൺ അളവു, കല്ലാതു ഉലകളവു’’
(നിങ്ങൾ അറിഞ്ഞതൊക്കെ ഒരു പിടി മണ്ണാണ്; അറിയാത്തതെല്ലാം ഈ ലോകത്തിന്റെ വലുപ്പമുള്ളതാണ്.)
2. ‘‘നീർ കാട്ടിലും മേൽ ചുവർ ചൊൽ’’
(ഒരു വാക്ക് വെള്ളത്തേക്കാൾ മൂല്യമുള്ളതാണ്)
3. ‘‘അഞ്ചാമൈ ചെമ്മൈ’’
(ധൈര്യമാണ് മഹത്ത്വം)
4. ‘‘അലൈക്കട്ര കുതിരൈ, അനാചൽക്കു തുണൈ’’
(നന്നായി പരിശീലനം നേടിയ കുതിര എന്നേക്കും തുണയാണ്)
5. ‘‘ഒരു കുതിരക്കു ഇരു ചക്രം’’
(രണ്ടു ചക്രം ഒരു കുതിരക്ക് –പരസ്പര സഹായസൂചന.)
ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും വിവേകത്തിന്റെയും സാമൂഹിക മൂല്യത്തെക്കുറിച്ചാണ് ഈ പഴഞ്ചൊല്ലുകളെല്ലാം സൂചിപ്പിക്കുന്നത്. തിരുക്കുറൾ കുറിയ കവിതകൾക്ക് പ്രസിദ്ധമായ ഉദാഹരണമാണ്. ചില ഉദാഹരണങ്ങൾ:
1. അഗര മുതല എഴുത്തെല്ലാം
ആഭി ഭഗവൻ മുദറ്റ്റെ ഉലഗു
(‘അ’യാണ് എല്ലാ അക്ഷരങ്ങളിലും ആദ്യത്തേത്. അതുപോലെ ജഗത്തിന്റെ ആദിഭഗവനാണ്)
2. ഇനിയ ഉളവാക ഇന്നാദ കൂരൽ
കനി ഇരുപ്പ കൈകവരൻ തറ്റ്റു
(അരോചകമായ വാക്കുകൾ സുഖകരമായ സാഹചര്യത്തിൽ പറയുന്നത് പഴുക്കാത്ത പഴങ്ങൾ കൈയിലിരിക്കുമ്പോൾ കഴിക്കുന്നതിന് സമാനമാണ്...)
3. മൂപ്പു അന്ധ്ര ഇന്നത ദർശനം ആർ
കണ്ടാർക്ക് കപ്പ അഫ്തൊപ്പതുൽ
(സ്വന്തം മക്കളുടെ കഷ്ടതകൾക്ക് സാക്ഷിയാകുന്നതിലും വലിയ ദുഃഖം വേറെയില്ല.)
4. തുമ്പത്തുൽ തുയർ ഇമ്പദു ഇരപ്പിൻ
ഇൻമൈ ഇൻ ഇൻമൈ അറിവാർ തലൈ
(എല്ലാ വേദനകളിലും നൽകാൻ കഴിയാത്തതിന്റെ വേദനയാണ് ഏറ്റവും വലുതെന്ന് ജ്ഞാനികൾ പറയുന്നു)
5. തിയിനാർ ചുട്ടപുണ് ഉള്ളാറും
ആറാതേ നാവിനാർ സുത്ത വാടു
(തീ കൊണ്ടുണ്ടായ മുറിവ് ഉണങ്ങും. എന്നാൽ, വാക്കുകൾ കൊണ്ടുണ്ടായ മുറിവ് ഉണങ്ങുകയില്ല)
സംക്ഷിപ്തതയും പകരുന്ന സന്ദേശങ്ങളുടെ ആഴവുമാണ് തമിഴ് ലഘു കവനങ്ങളുടെ പ്രത്യേകതയെന്ന് മേൽക്കൊടുത്ത കുറലുകൾ വ്യക്തമാക്കുന്നുണ്ട്. ലളിതമായ ഭാഷയിലുള്ള അർഥസാന്ദ്രമായ ആവിഷ്കാരം എളുപ്പത്തിൽ ഇവയോടടുപ്പിക്കുന്നു. ധാർമിക പാഠങ്ങളോ തത്ത്വചിന്താപരമായ ഉൾക്കാഴ്ചകളോ നൽകിക്കൊണ്ട് സോദ്ദേശ്യപരമായ ലക്ഷ്യം ഇവ നിറവേറ്റിയിരുന്നു. കൂടാതെ ഭാഷയുടെയും സാഹിത്യത്തിന്റെയും വിദ്യാഭ്യാസപരമായ മൂല്യങ്ങൾ പഠിപ്പിക്കുന്നതിനും ചുട്ക്ക് കവിതകൾ തമിഴിൽ ഉപയോഗിച്ചുവരുന്നുണ്ട്.
സാഹിത്യ മാസികകളിലും സോഷ്യൽ മീഡിയയിലും പ്രസംഗവേദികളിലും ചർച്ചാവേദികളിലും ലഘു കവനങ്ങൾ സന്ദർഭാനുസരേണ പ്രത്യക്ഷപ്പെടുന്നത് ഇവയുടെ ജനകീയത അടയാളപ്പെടുത്തുന്നു. തമിഴിലെ സാഹിത്യ- സാംസ്കാരിക പാരമ്പര്യത്തെ ഈ കവനരീതി നന്നായി പ്രതിഫലിക്കുന്നുണ്ടെന്ന് ചുരുക്കം. സംഘകാലം തൊട്ട് വർത്തമാനകാലം വരെ ഈ ചെറുകവിതകൾ ആശയവിനിമയത്തിന്റെയും കലാപരമായ ആവിഷ്കാരത്തിന്റെയും ശക്തമായ രൂപമായി തുടരുന്നു.
തെലുഗുവിൽ
തെലുഗു സാഹിത്യത്തിലെ വേറിട്ട കവനരീതിയാണ് ‘ചുട്ടു’ കവിതകൾ. സംക്ഷിപ്തതകൊണ്ടും നിരങ്കുശത്വംകൊണ്ടും ബൗദ്ധികതകൊണ്ടും പ്രശസ്തങ്ങളാണ് തെലുഗുവിലെ ചുട്ക്ക് കവിതകൾ. ‘ചുട്കു’ എന്നാൽ ചെറിയ കഷ്ണം വിജ്ഞാനശകലശേഖരം, വാർത്താശലകം എന്നൊക്കെയാണ് തെലുങ്കിൽ അർഥം. തെലുഗുവിലെ ചുടുക്ക് കവിതകളുടെ ചരിത്രം സംക്ഷേപിക്കാം.
ക്ലാസിക്കൽ കാലം തൊട്ടുതന്നെ ചുട്ക്ക് കവിതകൾക്ക് തെലുഗുവിൽ പ്രചാരമുണ്ടായിരുന്നു. അതിൽ ‘നന്നയ ഭട്ടാരകുഡു’വിന്റെ മഹാഭാരതം, തിക്കനസോമയാജിയുടെ മഹാഭാരതമെന്നിവ ഇതിൽ പ്രധാനമാണ്. ചെറു കവനങ്ങളുടെ ബൃഹദ് ഗ്രന്ഥങ്ങളായിരുന്നു ഇവയെന്ന് പറയാം. ധാർമികവും തത്ത്വശാസ്ത്രപരവും നർമരസ സംബന്ധവുമായ രചനകളെന്ന നിലയിൽ ഈ കൃതികൾക്ക് സാഹിത്യ ചരിത്രത്തിലും ജനഹൃദയങ്ങളിലും വലിയ പ്രാധാന്യമാണുള്ളത്.
മധ്യ കാലഘട്ടത്തിൽ പ്രമേയവൈവിധ്യംകൊണ്ടും രചനാരീതികൊണ്ടും ചുടുക്ക് കവിതകൾ ഒന്നുകൂടി പ്രബലമായി. തെനാലി രാമകൃഷ്ണനെപ്പോലുള്ള കവികൾ സാമൂഹിക നിയമങ്ങളെയും സാംസ്കാരിക ജീവിതത്തെയും വിമർശിക്കാനുള്ള ആക്ഷേപഹാസ്യ പ്രധാനമായ ഉപകരണമായിട്ടാണ് ചുട്ക്ക് കവിതകളെ കണ്ടത്. ചുട്ക്ക് കവിതയുടെ പൊതു സ്വഭാവമായ സംക്ഷിപ്തത, നർമോക്തി, ആക്ഷേപഹാസ്യം, ശ്ലേഷം തുടങ്ങിയവ തെലുഗുവിലും കാണാം. ധാർമികതയുടെ പ്രചാരത്തിലൂന്നിയ ജ്ഞാനോപദേശം തെലുഗു ലഘുകവനങ്ങളുടെ എടുത്തു പറയേണ്ടുന്ന പ്രത്യേകതയാണ്. തെലുഗു ചുടുക്ക് കവിതകളിലെ ഭാഷ ലളിതമാണെന്നതിനു പുറമെ സംഭാഷണപ്രധാനംകൂടിയാണ്. ഈ രണ്ടു സവിശേഷതകളും അവയെ കൂടുതൽ ജനകീയമാക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നു പറയാം.
‘തെനാലി രാമകൃഷ്ണപിള്ള’ (പതിനാറാം നൂറ്റാണ്ട്) വിജയനഗര സാമ്രാജ്യകാലത്ത് ഏറെ പ്രശസ്തനായ ചുടുക്ക് കവിയായിരുന്നു. സാമൂഹിക വ്യാഖ്യാനംകൊണ്ടും മനുഷ്യപ്രകൃതിയുടെ പോരായ്മകളെ വിമർശിക്കുന്ന ആഖ്യാനമെന്ന നിലയിലും അവ ജനശ്രദ്ധ നേടുകയുണ്ടായി. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ‘വേമന’യുടെ ‘വേമനശതകം’ ദാർശനികമായ ഉൾക്കാഴ്ചകൊണ്ടും ധാർമികോദ്ബോധന സ്വഭാവംകൊണ്ടും മികച്ചു നിൽക്കുന്നു.
ഇരുപതാം നൂറ്റാണ്ടിൽ ശ്രീ ശ്രീ, ദാശരഥി തുടങ്ങിയ കവികൾ ഈ മേഖലയിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. സമകാലിക സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളെന്ന നിലയിലും അവ പരിഗണിക്കപ്പെട്ടുവരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ പാരമ്പര്യം, സംസ്കാരം, സാമൂഹികഘടന എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന ഈ കവിതകൾക്ക് ആ കാലഘട്ടത്തിലെ ദൈനംദിന ജീവിതവും വിശ്വാസങ്ങളും ആചാരങ്ങളും ചിത്രീകരിക്കുന്നവയെന്ന നിലയിലും പ്രസക്തിയുണ്ട്.
ഏതാനും ഉദാഹരണങ്ങൾ;
1. ‘‘നിന്ദിതാനന്ദുന്ദമുനന്ദനി
ഇന്ദുമുണ്ട് വേലയു ചലനുല കണ്ടു
ചെണ്ടുച്ചു കുണ്ഡലം ഭൂലലോയതി കണ്ടു
തണ്ടുവൂല വീരുക്രോശ കോദണ്ഡമു’’
(ചന്ദ്രന്റെ കാന്തി അതിന്റെ പാടുകളാൽ എങ്ങനെ വികലമാക്കപ്പെടുന്നുവോ അതുപോലെ ദൂഷ്യങ്ങൾ മനുഷ്യപ്രകൃതിയെയും ഹനിക്കുന്നു)
2. ‘‘ഉദ്ഭരതകാശ മീട വീശിന വിജയൻ
ഈശ്വരുദാ! അലമേലുമംഗ യുനു ഫലം
ദേവസു നിവാസി വിനവേ, പലുകു ചൂടാ
പലുകേ ബംഗാരമായേ ശ്രീ.’’
(ദൈവികവും സ്വർഗീയവുമായ സൗന്ദര്യത്തെ പുകഴ്ത്തുന്ന കവിത.)
3. ‘‘കൃഷ്ണ നാ മെച്ചിന കവി സാഹിത്യമു
ലക്ഷ്മിതല ദെവിയാനി യദു താരമുലു
വിശ്വ വിജയ മുലു വെലസിന ജനുലു
ഏഷാ ജനമന്ദുന അശ്വവുലു ജയ ഷീലുലു’’
(കവിതയുടെ ഗുണങ്ങളും അത് പണ്ഡിതർക്ക് നൽകുന്ന സമൃദ്ധിയെയും പ്രശംസിക്കുന്നു)
തെലുഗു നാടോടി പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ് ചുടുക്ക് കവിതകൾ, ഗ്രാമീണ ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും ഇവ ഉദ്ധരിക്കപ്പെടാറുണ്ട്. ധാർമികോദ്ബോധനമാണ് ഇത്തരം ഉദ്ധരണികളുടെ ലക്ഷ്യം. അങ്ങനെ വിദ്യാഭ്യാസപരമായ പ്രയോജനംകൂടി അവക്കുണ്ടെന്നു പറയാവുന്നതാണ്. നേരേത്ത സൂചിപ്പിച്ചതുപോലെ മാധ്യമങ്ങളും ജനപ്രിയ സംസ്കാരവും തെലുഗുവിലും ചുട്ക്ക് കവിതകളെ ആശയാവിഷ്കാരത്തിനുള്ള ഉപാധിയായി സ്വീകരിച്ചുപോരുന്നുണ്ട്. വർത്തമാന പത്രങ്ങളിലും റേഡിയോവിലും ടെലിവിഷൻ പ്രോഗ്രാമുകളിലും നർമരസപ്രധാനങ്ങളും ഉൾക്കാഴ്ചയുള്ളതുമായ ഫീച്ചറുകളിൽ ചുടുക്ക് കവിതകളെ അവലംബിക്കുന്നത് അവക്ക് പുതിയ കാലത്തുള്ള ജനപ്രിയതയെ ഉദാഹരിക്കുന്നു.
കന്നടയിൽ
ചുടുക്ക് കവിതകൾ കന്നട സാഹിത്യത്തിലാണ് മറ്റ് ഭാഷാസാഹിത്യത്തേക്കാൾ പ്രചാരം നേടിയത്. ചെറുത് എന്ന അർഥത്തിലാണ് കന്നടത്തിലും ചുട്കു പ്രസക്തമാകുന്നത്. ചെറിയ കുട്ടിയെയോ സാധനത്തെയോ സൂചിപ്പിക്കാൻ ചുട്കു എന്ന് കന്നടയിൽ പ്രയോഗിക്കാറുണ്ട്. ഏറെ പ്രിയങ്കരമായതിനെ ഉദാഹരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
എന്നാൽ, കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ബാംഗ്ലൂർ കന്നട, മൈസൂർ കന്നട ഹംപി കന്നട തുടങ്ങിയ ഭാഷാഭേദങ്ങളിൽ ചുട്, ചുട്ക്, ചുട്ക്കു, ചുട്ക തുടങ്ങിയ പ്രാദേശികമായ ഉച്ചാരണഭേദങ്ങൾ കാണാം. അനൗപചാരിക സംഭാഷണങ്ങളിൽ കുട്ടികളെ മാത്രമല്ല ചെറിയ എന്തിനെയും പരാമർശിക്കാൻ ഈ ശബ്ദങ്ങൾ ഉപയോഗിച്ചുവരുന്നു. ‘ചുട്ട്കു ജിനി’ എന്ന പേരിൽ ചെറിയൊരു പക്ഷിയും കർണാടകത്തിലുണ്ട്. കേരളത്തിലെ അങ്ങാടിക്കുരുവിക്ക് സദൃശമാണിവ. പ്രയോഗ സാഹചര്യമാണ് ഈ ശബ്ദത്തിന് അർഥവും സൂക്ഷ്മതയും നൽകുന്നത്.
കന്നടയിൽ വാങ്മയ സാഹിത്യത്തിലാണ് ചുട്ക്ക് കവിതയുടെ വേരുകൾ. കഥപറച്ചിലിനും ധാർമികോദ്ബോധനത്തിനും വിനോദത്തിനും വേണ്ടി ലളിതവും ഹ്രസ്വവും അവിസ്മരണീയവുമായ വാക്യങ്ങൾ പഴയകാലം തൊട്ടുതന്നെ അവിടെ ഉപയോഗിച്ചുവന്നിരുന്നു. മധ്യ കാലഘട്ടത്തിലും പലപ്പോഴും ആത്മീയവും ധാർമികവുമായ ഉദ്ബോധനത്തിനായി ലഘുകവന മാതൃകകൾ കവികൾ ഉപയോഗിച്ചു. ബസവണ്ണയുടെയും മറ്റ് ലിംഗായത് സന്യാസിമാരുടെയും നേതൃത്വത്തിൽ വചനപ്രസ്ഥാനം (12ാം നൂറ്റാണ്ട്) ലളിതവും നേരിട്ടുള്ളതുമായ കാവ്യരൂപങ്ങളെ ആശയ പ്രചാരണത്തിനായി ഉപയോഗിച്ചുവന്നിരുന്നു.
വിജയനഗര സാമ്രാജ്യത്തിലെയും പിന്നീട് മൈസൂർ സാമ്രാജ്യത്തിലെയും ഭരണാധികാരികൾ ചുട്ക്ക് കവികൾക്ക് േപ്രാത്സാഹനവും സംരക്ഷണവും നൽകി. രാജാക്കന്മാരെ പുകഴ്ത്തുന്നവയും കൊട്ടാരജീവിതത്തെ ചിത്രീകരിക്കുന്നവയും ദാർശനികമാനങ്ങളുള്ളവയുമായിരുന്നു അവരുടെ രചനകൾ. ഇതര ഭാഷകളിലേതെന്നതുപോലെ സംക്ഷിപ്തതയാണ് കന്നട ചുടുക്ക് കവിതകളുടെയും എടുത്തുപറയേണ്ട പ്രത്യേകത. പ്രണയം, പ്രകൃതി, തത്ത്വചിന്ത, സാമൂഹിക പ്രശ്നങ്ങൾ, നർമം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ കന്നട ചുട്ക്ക് ചെയ്യും.
സാമൂഹികമായ സന്ദർഭങ്ങളിലും അനുഷ്ഠാനാദികളിലും ചുടുക്ക് കവിതകൾ എളുപ്പത്തിലുള്ള ആശയനിവേദനത്തിനായി ഉപയോഗിക്കുന്ന പതിവും കർണാടകത്തിലുണ്ട്. ധാർമിക മൂല്യങ്ങൾ, ഭാഷാവൈദഗ്ധ്യം, സംസ്കാരിക പൈതൃകം തുടങ്ങിയവയെക്കുറിച്ചുള്ള ധാരണ പകരാൻ ഇതിലൂടെ എളുപ്പത്തിൽ സാധിക്കുമെന്നതാണ് അതിന്റെ പ്രത്യേകത. കവിയും തത്ത്വചിന്തകനുമായി പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സർവജ്ഞതന്റെ ‘ത്രിപദികൾ’ (മൂന്നു വരിക്കവിത) കൊണ്ട് വിഖ്യാതനാണ്.
അദ്ദേഹത്തിന്റെ കവിതകൾ ഇന്നും ജനപ്രിയമായി തുടരുന്നു. വചനങ്ങളെന്നറിയപ്പെടുന്ന ഈ കവിതകളുടെ ആന്തരിക ഗൗരവം വർധിപ്പിക്കുന്നത് തത്ത്വചിന്തയും അനശ്വരതാ സങ്കൽപവുമാണ്. മനുഷ്യാസ്തിത്വത്തിന് നിദാനമായ കാര്യങ്ങളെല്ലാം ഈ കവിയുടെ പ്രമേയ പരിസരത്തിലേക്ക് കടന്നുവരുന്നുണ്ട്.
സർവജ്ഞന്റെ പ്രാഥമിക സംഭാവന ത്രിപദികളാണ്. രണ്ടായിരത്തോളം ത്രിപദികൾ അദ്ദേഹത്തിന്റേതായി പ്രചാരത്തിലുണ്ട്. സംക്ഷിപ്തതകൊണ്ടും അർഥഗരിമകൊണ്ടും അഗാധതല സ്പർശിയായ ജീവിതാനുഭവങ്ങൾകൊണ്ടും ശ്രദ്ധേയങ്ങളാണവ. ധാർമികത, ഭക്തി, പ്രായോഗിക ജീവിതത്തിനാവശ്യമായ ഉപദേശങ്ങൾ തുടങ്ങിയവ ലളിതവും വ്യക്തവുമായ ശൈലിയിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
മനുഷ്യസ്വഭാവത്തെയും സാമൂഹിക സമത്വത്തെയും കുറിച്ചുള്ള ധാരണകളും നിലപാടുകളും അദ്ദേഹം തന്റെ കൃതികളിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. സാമൂഹികമായ അനീതികളെയും കാപട്യങ്ങളെയും അജ്ഞതകളെയും അദ്ദേഹം പലപ്പോഴും വിമർശിച്ചു. അദ്ദേഹത്തിന്റെ രചനകൾ ദാർശനികവും ധാർമികവുമായ പ്രതിഫലനങ്ങൾകൂടിയാണ്. വിനയം, സമഗ്രത, ജ്ഞാനാർജനം തുടങ്ങിയ സദ്ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് രചനകളുടെ ആത്യന്തിക ലക്ഷ്യം.
ജനപ്രിയതയാണ് സർവജ്ഞന്റെ ത്രിപദികളുടെ പ്രചാരത്തിന് കാരണം. ‘‘ഒരു വടിയില്ലാതെ പശു അനുസരിക്കുന്നില്ല. സമ്പത്തില്ലാത്ത മനുഷ്യന് സുഹൃത്തുക്കളില്ല, ജ്ഞാനമില്ലാതെ മനുഷ്യജീവിതംകൊണ്ടെന്തു പ്രയോജനം’’ എന്നിങ്ങനെയുള്ള ചുട്ക്കുകൾ ഉദ്ബോധനാത്മക സ്വഭാവംകൊണ്ടാണ് പ്രിയമാകുന്നത്. മറ്റൊരു ഉദാഹരണംകൂടി നൽകാം. ‘‘സമ്പത്ത് കണ്ടെത്തുന്ന എല്ലാവരും അത് സൂക്ഷിക്കുമോ; കൊതിക്കുന്ന വയറിനെ ഉപേക്ഷിക്കുന്നവൻ പട്ടിണിമൂലം മരിക്കും: വയറിനെ കാക്കുന്നവനാണ് സമ്പത്ത് വരുന്നത്.’’
കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പുരന്ദരദാസൻ (1484-1564) ചുട്ക്ക് കവിയെന്ന നിലയിലും പ്രശസ്തനായിരുന്നു. ഒരു സമ്പന്ന കച്ചവട കുടുംബത്തിൽ ജനിച്ച അദ്ദേഹം ഭൗതിക ജീവിത വിരക്തനായി ആത്മീയ മാർഗം സ്വീകരിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ പുണെയായിരുന്നു അദ്ദേഹത്തിന്റെ ജനനസ്ഥലം. ശ്രീനിവാസനായക് എന്നായിരുന്നു ആദ്യകാലെത്ത പേര്. സംഗീതത്തിലൂടെയും സാഹിത്യത്തിലൂടെയും ദൈവഭക്തി പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ച ഹരിദാസപ്രസ്ഥാനത്തിലെ പ്രമുഖനായിരുന്നു പുരന്ദരദാസൻ. ഭക്തി, ധാർമികജീവിതം, ലൗകിക സുഖങ്ങളുടെ ക്ഷണികത തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകതകൾ. ഏതാനും ഉദാഹരണങ്ങൾ നോക്കുക.
1. ഗുരുവര ഇനിസു നിംഗെ -ഗുരുവിനെ എല്ലാമായി പരിഗണിക്കുക.
2. കപ്പു കൊദഗദനു -കറുത്ത മഴമേഘം; ആരാണതിനെ വിളിക്കുക.
3. സന്തസദി കെലരയ -സന്തോഷത്തോടെ കേൾക്കുക - ഓ... ദൈവമേ!
കനകദാസനാണ് കർണാടകത്തിലെ മറ്റൊരു ചുട്ക്ക് കവി. പതിനാറാം നൂറ്റാണ്ടിൽ ഭക്തിപ്രസ്ഥാനത്തിന്റെ കാലത്താണദ്ദേഹം ജീവിച്ചിരുന്നത്. 1509ലാണ് അദ്ദേഹം ജനിച്ചത്. തിമ്മപ്പനായക എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. കുറുബ ഗൗഡ സമുദായത്തിൽപെട്ട അദ്ദേഹം മാധവാചാര്യ മുന്നോട്ടുവെച്ച അദ്വൈത ദർശനത്തിന്റെ അനുയായിയായിരുന്നു. അതിനെ തുടർന്നാണ് കനകദാസനെന്ന പേര് സ്വീകരിച്ചത്. കീർത്തനങ്ങൾ, ഉഗാഭോഗങ്ങൾ (ദാർശനിക ഗാനങ്ങൾ) തുടങ്ങിയ രചനകളിൽ കൃഷ്ണഭഗവാനോടുള്ള ഭക്തിയാണ് പ്രമേയം. അതിനോടൊപ്പം സാമൂഹിക ജീവിതത്തിലെ പ്രശ്നങ്ങളും വിളക്കിച്ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. ധാർമികതക്കും തത്ത്വചിന്താപരമായ ഉൾക്കാഴ്ചക്കുമൊപ്പം ലളിതമായ നേർ ആഖ്യാനങ്ങളെന്ന സവിശേഷതയും ഇവക്കുണ്ട്.
നളചരിത്രേ (മഹാഭാരതത്തിലെ നളന്റെയും ദമയന്തിയുടെയും കഥയുടെ കാവ്യാത്മകമായ പുനരാഖ്യാനം), ഹരിഭക്തി സാര (ഭഗവാൻ കൃഷ്ണനോടുള്ള ഭക്തിഗാനങ്ങളുടെ ഒരു ശേഖരം), രാമധാന്യചരിത്രം (വിനയത്തിന്റെ ഗുണം ചിത്രീകരിക്കാൻ രണ്ട് ധാന്യങ്ങൾ– അരി, മുത്താറി എന്നിവ താരതമ്യംചെയ്യുന്ന ഒരു സാങ്കൽപിക കൃതി), മോഹന തരംഗിണി (ശ്രീകൃഷ്ണന്റെ ജീവിതം പ്രമേയമാക്കുന്ന കവിത) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ജാതിവ്യവസ്ഥയെ നഖശിഖാന്തം എതിർക്കുന്ന കനകദാസന്റെ കൃതികൾ സാമൂഹിക സമത്വത്തിലാണ് ഊന്നുന്നത്.
കനകദാസന്റെ ആത്മീയ പൈതൃകത്തിന് കഗിനെലെ ആദികേശവ ക്ഷേത്രവുമായി ആത്മബന്ധമുണ്ട്. തന്റെ ആത്മീയ ജീവിതത്തിന്റെ ഗണ്യമായ കാലം അദ്ദേഹം അവിടെയാണ് ചെലവഴിച്ചത്. ഉഡുപ്പിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നിരവധി അത്ഭുതകഥകൾ കനകദാസനുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. താഴ്ന്ന ജാതിയിൽപെട്ട കനകദാസന് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചപ്പോൾ ഒരു കിളിവാതിലിലൂടെ ദർശനം നൽകാൻ ശ്രീകൃഷ്ണൻ തിരിഞ്ഞിരുന്നുവെന്നാണ് ഒരൈതിഹ്യം.
കനകദാസൻ തന്റെ ഉദ്ബോധനാത്മകമായ രചനകളിലൂടെ സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി വാദിക്കുകയും ചെയ്തു. സമത്വവും ഭക്തിയും പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ സർഗാത്മകമായ കഴിവുകൾ ഉപയോഗിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം. ആചാരാനുഷ്ഠാനങ്ങളെയും ഇടനിലക്കാരെയും ഒഴിവാക്കി ദൈവവുമായി വൈയക്തികവും നേരിട്ടുള്ളതുമായ ബന്ധത്തിനാണ് കനകദാസൻ ഊന്നൽ നൽകിയത്.
കർണാടകയിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ വക്താവായിരുന്നു കനകദാസൻ. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ഭക്തിയോടൊപ്പം സാമൂഹികബോധവും വളർത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ജന്മവാർഷികം കനക ജയന്തിയായി ആഘോഷിക്കുന്നതതുകൊണ്ടാണ്.
കനകദാസന്റെ രചനാശൈലിക്കുദാഹരണമായി ഏതാനും വരികൾ താഴെ കൊടുക്കുന്നു. ‘‘മലഗിദ നെന്ദാവരു എബ്ബിസ ബെദ’’ (ഉറങ്ങുന്നവരെ എഴുന്നേൽപിക്കരുത്) –ഇവിടെ ഉറക്കം ആത്മീയമായ ഉറക്കമാണ്. ആത്മീയയാത്രയിൽ എല്ലാവരെയും ബഹുമാനിക്കണമെന്നും ആരും അവിടെയൊരു ശല്യമാകരുതെന്നുമാണ് കവി അർഥമാക്കുന്നത്.
‘‘അപ്പനെമ്പ ഹച്ചച്ച നിന്നിന്ദാനു’’ (നിങ്ങളുടെ അർപ്പണം ദൈവത്തിനുള്ള പുതുപുഷ്പമാണ്), ആത്മാർഥതയും നവത്വവുമാണ് ദൈവത്തോടുള്ള അർപ്പണത്തെ സ്വർഗീയമാക്കുന്നത്.
‘‘അശ്വത്ഥത്ഥന എലെ കദിദന്തെ’’ (അശ്വത്ഥത്തിന്റെ ഇല മുറിക്കുന്നതുപോലെ), ഏതു ദിവ്യ വൃക്ഷത്തിന്റെയും ഇല അറുത്തു മാറ്റപ്പെടുന്നതുപോലെ ജീവിതത്തിൽ നാശം സ്വാഭാവികമാണ്.
‘‘എൻജെപദദല്ലി ബാലി പുത്തി’’ (ഒഴുക്കിൽപെട്ട പെൺകുഞ്ഞ്), ലോകജീവിതത്തിന്റെ കുത്തൊഴുക്കിൽ ആത്മാവിന്റെ പരിശുദ്ധിയെയാണ് ഈ വരി ഉദാഹരിക്കുന്നത്.
‘‘കർമവില്ലദെ ഫലവില്ലവൊ’’ (പരിശ്രമമില്ലാതെ ഫലമില്ല.) ഉദ്ദിഷ്ട ഫലപ്രാപ്തിക്കായുള്ള പരിശ്രമത്തിന്റെ അനിവാര്യതയിലാണ് ഈ വരികൾ അടിവരയിടുന്നത്.
കർണാടകയിലെ കബീർ എന്ന് പ്രഖ്യാതനായ ചുട്ക്ക് കവിയാണ് ശിശുനാല ഷെരീഫ്. സൂഫി കവിയും സന്യാസിയുമായിരുന്ന അദ്ദേഹം കർണാടകയിലെ ഹവേരി ജില്ലയിലെ ശിശുവിനഹല ഗ്രാമത്തിൽ 1819ലാണ് ജനിച്ചത്. വിവിധ മത-സാംസ്കാരിക പാരമ്പര്യങ്ങളുടെ സമന്വയത്തെ പ്രതിഫലിപ്പിക്കുന്ന അദ്ദേഹത്തിന്റെ കവിതകൾ ഐക്യത്തിന്റെയും മാനവികതയുടെയും പ്രമേയങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. സാമൂഹിക പരിഷ്കരണം, മാനുഷിക മൂല്യങ്ങൾ, ആത്മീയത എന്നിവയെ അദ്ദേഹംസൂക്ഷ്മമായി അഭിസംബോധന ചെയ്യുന്നുണ്ട്.
വൈജ്ഞാനികവും ധാർമികവുമായ പാഠങ്ങളും ആത്മീയമായ ഉൾക്കാഴ്ചകളും സംക്ഷിപ്തതയും എളുപ്പത്തിൽ ഉൾക്കൊള്ളാവുന്ന തരത്തിലാണ് ഇദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്രയായി മാറുന്നത്. സ്നേഹം, ഭക്തി, ധാർമികത, ദൈവികത എന്നിങ്ങനെ അതിസങ്കീർണമായ ആശയങ്ങൾ രൂപകങ്ങളുടെയും ഉപമകളുടെയും പിൻബലത്തോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
മതപരമായ ഭിന്നതകൾക്കതീതമായൊരു ഏകദൈവസാന്നിധ്യത്തെക്കുറിച്ച് ഊന്നിപ്പറയുന്ന സാർവത്രിക സാഹോദര്യത്തിന്റെയും അനുകമ്പയുടെയും ആശയങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം ഉപരിപ്ലവമായ എല്ലാ വ്യത്യാസങ്ങൾക്കുമപ്പുറത്തേക്ക് നോക്കാൻ ഭാവുകനെ പ്രേരിപ്പിക്കുന്നു ഷെരീഫിന്റെ കവിതകൾ. ആന്തരിക വിശുദ്ധിയുടെ പ്രാധാന്യത്തെക്കുറിച്ചും ആത്മസാക്ഷാത്കാരത്തിനായുള്ള അന്വേഷണത്തെക്കുറിച്ചും ഷെരീഫ് പലപ്പോഴും എഴുതിയിട്ടുണ്ട്.
കബീറിനെപ്പോലെ ഷെരീഫ് ശൂന്യമായ ആചാരങ്ങളെ വിമർശിക്കുകയും ആത്മാർഥമായ ഭക്തിയുടെയും ധാർമികമായ പെരുമാറ്റത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു അദ്ദേഹം. കർണാടകത്തിന്റെ ആത്മീയ ഭൂപ്രകൃതിയിൽ ശാശ്വതമായ സ്വാധീനമുണ്ടാക്കാൻ ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു. വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള വിടവുകൾ നികത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും സാമൂഹിക ഐക്യത്തിനും ധാർമികജീവിതത്തിനും വേണ്ടിയുള്ള വാദങ്ങളെയും ജനങ്ങൾ ആഘോഷിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ആത്മീയ വളർച്ചയും സാമുദായിക ഐക്യവും ആഗ്രഹിക്കുന്ന ഏവർക്കും പ്രചോദനമായിരുന്നു. ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.
‘‘ആകാശദ ഹക്കിയന്തെ നാന ഹോരലു
കലിയുത്തേനെ’’ (ആകാശത്തിലെ പറവകളെപ്പോലെ ഞാൻ പറക്കാൻ പഠിക്കയാണ്)
‘‘ചന്ദ്രനന്തെ സാന്ത്വനെ നീടുവ മാതുഗളു’’ (വാക്കുകൾ ചന്ദ്രനെപ്പോലെ സാന്ത്വനം പ്രദാനംചെയ്യുന്നു.)
‘‘പ്രതി ഹുവു ബാടുവ മൊദലു
നനഗെ നഗു നീടുത്തദെ’’ (കൊഴിയും മുമ്പേ ഓരോ പൂവും എന്നോടു ചിരിക്കുന്നു.)
‘‘നീരുതാഗിത മണ്ണു ഹീഗെയെ ഉസിരാടുത്തദെ’’ (വെള്ളം തൊടുമ്പോൾ മണ്ണ് ഇവ്വിധം ശ്വസിക്കുന്നു)
മേൽക്കൊടുത്ത വരികൾ ശിശിനാല ഷെരീഫിന്റെ രചനകളുടെ സൗന്ദര്യവും പ്രകൃതിയും വൈകാരികതയും വ്യക്തമാക്കുന്നുണ്ട്.
ദൊഡ്ഡരംഗെ ഗൗഡ, കെ.എസ്. നിസാർ അഹമ്മദ്, ലക്ഷ്മിനാരായണ ഭട്ട എന്നിവരാണ് ആധുനികരായ കന്നട ചുട്ക്ക് കവികൾ. പരമ്പരാഗത ജീവിതശൈലിയിൽ വ്യവസായവത്കരണത്തിന്റെ സ്വാധീനം, രാഷ്ട്രീയ ആക്ഷേപഹാസ്യം, സാംസ്കാരിക പാരമ്പര്യത്തിലുണ്ടായ മാറ്റങ്ങൾ, മരണം, മോക്ഷം തുടങ്ങിയവയാണ് ഇവരുടെ പ്രമേയങ്ങൾ. ഏതാനും ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.
1. ദൊസ്സരംഗെ ഗൗഡ
നാനു യാരോ അല്ല
നാനേ ഇരലേ ബേകു
ഹൊസ്ണു മനദല്ലി
ഹെസരേ ഇല്ല
(ഞാൻ മറ്റാരുമല്ല, ഞാൻ ഞാനായിരിക്കണം പുതിയ ഹൃത്തിൽ പേരില്ല.)
2. കെ.എസ്. നിസാർ അഹമ്മദ്:
ഹാസുഗെയൊലഗിന്നു
പുനഹ് പുനഹ് ബരെദു
കവനഗല മോഡി
ഇഷ്ടു ഹേളലി
(തലയിണക്കുള്ളിൽപോലും വീണ്ടും വീണ്ടും എഴുതുന്ന കവിതകളുടെ ചാരുത എനിക്ക് എത്ര പറയാൻ കഴിയും.)
3. ലക്ഷ്മീ നാരായണ ഭട്ട:
ബർഗാല ബന്ദരെ
മലെഗാഗി പ്രാർഥനെ
ഹാരുവ നായി
ഇല്ലി കാണലു
(ഒരു വരൾച്ച വന്നാൽ; മഴക്കു വേണ്ടിയുള്ള ഈ പ്രാർഥന, ഒരു പറക്കുന്ന നായയെ എവിടെ കാണാനൊക്കും.)
മലയാളത്തിന്റെ ചുട്ക്ക് കവിതാ പാരമ്പര്യം പ്രത്യേക വിഷയമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്. നമ്മുടെ നാടോടി സാഹിത്യത്തിൽ ലഘു കവനങ്ങളുടെ പ്രത്യേകതകളുള്ള വരികൾ കാണാം. പഴഞ്ചൊല്ലുകളും സമാനസ്വഭാവം പുലർത്തുന്നുണ്ട്. മുക്കങ്ങളെയും ഒറ്റയൊറ്റ ശ്ലോകങ്ങളെയും ഈ ഗണത്തിൽപെടുത്തുന്നതിൽ ഔചിത്യമുണ്ട്. എന്നാൽ ചങ്ങമ്പുഴ തൊട്ടിങ്ങോട്ടുള്ള കവികളിലാണ് അതിന്റെ പടർച്ച കൃത്യമായി കാണുവാൻ സാധിക്കുന്നത്. ഇന്ത്യയിലെ ഇതര ഭാഷകളിലെന്നതുപോലെ ജാപ്പനീസ് ഹൈക്കു പാരമ്പര്യം മലയാളവും പിന്തുടരുന്നില്ല. 2011ൽ തുടങ്ങിയ ‘ഹൈക്കു പോയം’ എന്ന പേരിലുള്ള ഓൺലൈൻ ഗ്രൂപ് ഹൈക്കുവിന്റെ പ്രചാരത്തിന് ഏറെ സഹായിച്ചിട്ടുണ്ട്.
അയ്യപ്പപ്പണിക്കരും കുഞ്ഞുണ്ണി മാഷും മലയാളത്തിൽ ചുട്ക്ക് പാരമ്പര്യത്തെ ശക്തമാക്കി. പുതിയ തലമുറയിലെ അഷിത, സോണി വേളൂക്കാൻ, ടി.ആർ. ജോർജ്, രോഹിണി ആർ, രഘുനാഥ് അന്തിക്കാട്, രവീന്ദ്രൻ പാടി, സി.എം. വിനയചന്ദ്രൻ,സമീർ പിലാക്കൽ, സജികുമാർ തുടങ്ങി നിരവധി കവികൾ ചുട്ക്ക് കവിതക്ക് സമകാലികമായ മുഖം നൽകുന്നവരാണ്. കന്നട കവിയും നോവലിസ്റ്റുമായ കുവെമ്പുവിന്റെ ചുട്ക്ക് കവിതകൾക്കൊരാമുഖമായിട്ടാണ് തമിഴ്, തെലുഗു, മലയാളം എന്നീ ഭാഷകളിലെ ചുട്ക്ക് പാരമ്പര്യം സാമാന്യമായും കന്നട പാരമ്പര്യം സവിശേഷമായും ഇവിടെ പ്രതിപാദിച്ചത്.
(കുവെമ്പുവിന്റെ ചുട്ക്ക് കവിതകൾ അടുത്ത ലക്കത്തിൽ വായിക്കാം)