എഴുത്ത്കുത്ത്
text_fieldsഎം.എ. ഉമ്മൻ കേരളീയരെ ഓർമിപ്പിക്കുന്നത്വികസനത്തെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സംസാരിക്കുന്ന ഡോ. എം.എ. ഉമ്മന്റെ ഒരഭിമുഖമുണ്ട് മാധ്യമം ആഴ്ച്ചപ്പതിപ്പിൽ (ലക്കം: 1255). അറിയപ്പെടുന്ന സാമ്പത്തികവിദഗ്ധയായ പ്രഫ. അനിതകുമാരിയുമായാണ് അദ്ദേഹം ചില കാര്യങ്ങൾ പങ്കുവെക്കുന്നത്. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളെ സ്പർശിക്കുന്ന ഈ സംഭാഷണത്തിൽ താൻ എന്തുകൊണ്ട് കെ-റെയിലിനെ എതിർക്കുന്നു എന്ന് ഡോ. ഉമ്മൻ വിശദീകരിക്കുന്നുമുണ്ട്....
Your Subscription Supports Independent Journalism
View Plansഎം.എ. ഉമ്മൻ കേരളീയരെ ഓർമിപ്പിക്കുന്നത്
വികസനത്തെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സംസാരിക്കുന്ന ഡോ. എം.എ. ഉമ്മന്റെ ഒരഭിമുഖമുണ്ട് മാധ്യമം ആഴ്ച്ചപ്പതിപ്പിൽ (ലക്കം: 1255). അറിയപ്പെടുന്ന സാമ്പത്തികവിദഗ്ധയായ പ്രഫ. അനിതകുമാരിയുമായാണ് അദ്ദേഹം ചില കാര്യങ്ങൾ പങ്കുവെക്കുന്നത്. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളെ സ്പർശിക്കുന്ന ഈ സംഭാഷണത്തിൽ താൻ എന്തുകൊണ്ട് കെ-റെയിലിനെ എതിർക്കുന്നു എന്ന് ഡോ. ഉമ്മൻ വിശദീകരിക്കുന്നുമുണ്ട്. എന്നാൽ ഏറ്റവും ശ്രദ്ധേയമായ സംഗതി സ്വാതന്ത്ര്യത്തെ വികസനത്തിന്റെ ഒന്നാം ആവശ്യമായി അദ്ദേഹം കാണുന്നതുതന്നെയാണ്. ഇന്നത് നമുക്ക് കൂടുതൽ വ്യക്തമാവും. കെ- റെയിൽ വിഷയത്തിൽ എൽ.ഡി.എഫ് സർക്കാറിന്റെ സമീപനം നോക്കുക. മുഖ്യമന്ത്രി വികസനത്തെ പറ്റി പറയുന്നതും ആലോചിക്കുന്നതും കേരളത്തെ ഒരു പൊലീസ് രാജ് ആക്കിക്കൊണ്ടാണ്. കെ-റെയിൽ പോലുള്ള, ജനങ്ങൾക്ക് ബോധ്യമാവാത്ത, കണിശമായും എതിർപ്പുള്ള ഒരു പദ്ധതി എന്തു വന്നാലും താൻ നടപ്പാക്കും എന്ന് പറയുന്നത് വികസനത്തിൽ മനുഷ്യസ്വാതന്ത്ര്യത്തിന്റെ വിലയറിയാത്ത ഒരാൾക്ക് മാത്രം സാധ്യമാവുന്ന ഒന്നാണ്.
അല്ലെങ്കിൽ, ഡോ. ഉമ്മനെപോലുള്ള സാമ്പത്തിക ചിന്തകർ മുന്നറിയിപ്പ് നൽകുന്നതുപോലെ, കെ- റെയിൽ കൊണ്ടുവരുന്ന സാമ്പത്തിക ദുരന്തം, പാരിസ്ഥിതിക വിനാശം ഒന്നും ഭരണകൂടത്തിന്റെയോ തന്റെയോ പ്രശ്നമല്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിൽത്തന്നെ സമൂഹം എന്ന നിലയിൽ കേരളം വഴിമുട്ടുന്ന ഒരു പ്രതിസന്ധിയുണ്ട് : ജനാധിപത്യത്തെ ഭയപ്പെടുന്ന ഭരണാധിപരും ജനാധിപത്യത്തെ വളർത്താനാകാത്ത ജനങ്ങളും വന്നു മുട്ടുന്ന രാഷ്ട്രീയ പ്രതിസന്ധി. നമ്മുടെ ഭാഗ്യാന്വേഷികളായ ഒരു നിര എഴുത്തുകാരെയും പാർട്ടി സേവകരെയും ഒഴിച്ചാൽ ബാക്കി മനുഷ്യർക്ക് ഇന്ന് കെ- റെയിൽ പ്രത്യക്ഷമായ ഒരു ജീവന്മരണ പ്രശ്നംതന്നെയാണ്. വ്യക്തിക്ക്, കുടുംബത്തിന്, അതൊരു കുടിയൊഴിക്കൽ പ്രശ്നമാവുമ്പോൾ പൗരസമൂഹത്തിന് അത് സ്വാതന്ത്ര്യത്തിെന്റ പ്രശ്നമാണ്. വികസനത്തെ അങ്ങനെയാണ് ജനാധിപത്യബോധമുള്ള ഒരു സമൂഹം കണ്ടെത്തുകയും ചെയ്യുക.
ഈ ദിവസങ്ങളിൽ കേരളത്തിൽ നടക്കുന്ന പൊലീസ് അതിക്രമങ്ങളുടെ പേരിൽ ഒരു എഴുത്തുകാരനും, ചലച്ചിത്രകാരനും ഈ സർക്കാർ നൽകിയ തങ്ങളുടെ പദവികൾ ഒഴിയുമെന്നോ പ്രതിഷേധിക്കുമെന്നോ കരുതേണ്ടതില്ല. എന്നാൽ ജനാധിപത്യത്തെ ഭയക്കുന്ന ഒരു പ്രത്യയശാസ്ത്രം, ഭരണനിർവഹണം, അത്രയും ഭീഷണമായി നമുക്കിടയിൽ സമരസപ്പെടുന്നു എന്ന് മനസ്സിലാക്കാൻ അവർ ധാരാളമാണ്.
കരുണാകരൻ
രണ്ട് കഥകൾ
വത്സലന്‍ വാതുശ്ശേരിയുടെ 'താന്‍', അനൂപ് അന്നൂരിന്റെ 'രാജാവിന്റെ മകന്' എന്നീ രണ്ടു കഥകളും വായിച്ചു - (ലക്കം: 1256 ).
അധികാരം എന്ന ചിലരുടെ മിഥ്യാസ്വത്വത്തെ വെറുമൊരു കല്ലുകൊണ്ടും, അസ്ത്രനിശിതമായ വാക്കുകള്‍കൊണ്ടും കൊമ്പുകുത്തിച്ച ശിവന്റെ കഥ പറയുന്ന 'താന്‍' എന്ന കഥയെഴുതി വത്സലന്‍ വാതുശ്ശേരി അനുവാചകരെ ഞെട്ടിച്ചിരിക്കുന്നു. പുതിയ ലോകത്ത് കാലഹരണപ്പെട്ട ഒരുപാട് വാക്കുകളില്‍ ചിലതാണ് 'താന്‍', 'നീ' എന്നൊക്കെയുള്ളത്. കീഴാളന്മാര്‍ക്കു നേരെ ചില മേലാളന്മാര് ഇപ്പോഴും അവ പ്രയോഗിക്കുന്നുണ്ട്. ഈ കഥ അവര്‍ക്കൊരു പാഠമാണ്. ഒരു പ്രളയദുരന്തം വന്നാലറിയാം തനിക്ക് തെളിയിക്കാനാവുന്ന മൂന്നേമൂന്നു കാര്യങ്ങളെയുള്ളൂ എന്നും അവ അഞ്ചേകാല്‍ അടിക്കുമേല്‍ നിലയില്ലാതാവുന്ന പൊക്കവും ദുര്‍മേദസ്സുകൊണ്ട് മുങ്ങിപ്പോയേക്കാവുന്ന ശരീരവും ആമവാതവും അല്ലാതെ അധികാരമോ ആഢ്യത്വമോ അല്ലെന്നും ഇതിലെ ശങ്കരന് നായര്‍ എന്ന അധികാരി മനസ്സിലാക്കുന്നു. മനുഷ്യരിലെ അധികാരഭ്രമം വെറും സങ്കൽപികം മാത്രമാണെന്നും എല്ലാ മനുഷ്യരും തുല്യരും സ്നേഹിക്കപ്പെടേണ്ടവരും ബഹുമാനിക്കപ്പെടേണ്ടവരുമാണെന്ന സന്ദേശം പരത്തിക്കൊണ്ട് ഈ കഥ ആഴ്ചപ്പതിപ്പിന്റെ താളുകളെ ഉദ്ദീപിപ്പിക്കുന്നു.
അവിശ്വസനീയമായൊരു കഥാതന്തുവില്‍നിന്നും കേട്ടിപ്പടുത്തിരിക്കുന്ന കഥയാണ് അനൂപ് അന്നൂരിന്റെ 'രാജാവിന്റെ മകന്'. പലരും പറഞ്ഞു മടുത്തിട്ടുള്ള ഒരു സ്കൂള്‍ പ്രണയത്തില്‍നിന്നും ആരംഭിക്കുന്ന ഈ കഥ ഒടുവില്‍ തന്റെ കാമുകിയെ കവര്ന്നെടുത്തവന്റെ ഗന്ധര്‍വലോകം എന്ന മള്‍ട്ടിമില്യണ്‍ നിർമാണ പ്രോജക്ടില്‍ ചെന്നെത്തുന്നത് ഒരു പ്രത്യേക ദൗത്യം നിറവേറ്റപ്പെടാനാണ്. ശത്രുവിന്റെ ആ സ്വപ്നപദ്ധതി സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ ഹൈടെക് ജോത്സ്യന്റെ പ്രവചനമനുസരിച്ച് പ്രോജക്ട് ഉടമയായ ശത്രുവിന് ഭാര്യയെ അവളുടെ പൂര്‍വകാമുകനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിട്ടുകൊടുക്കണം. അതിനായി 'തോല്‍വി സന്തോഷ്' എന്ന പേരില്‍ അറിയപ്പെടുന്ന അവനെ അവള് ആഡംബര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി തന്നെ പ്രാപിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അവന് സാക്ഷാല്‍ ഗന്ധര്വന് പാറയുടെയും, ആയിരത്തൊന്നു രാവുകളിലെ ഷെഹറാസാദിന്റെയും കഥകള്‍ പറഞ്ഞു കേള്‍പ്പിക്കുന്നു. ''ശാപമോക്ഷം വേണ്ടേ?'' എന്ന് ചോദിച്ച അവളോട് ''വേണ്ട. എനിക്ക് ഗന്ധര്വന് പാറയായിത്തന്നെ ഇരുന്നാല്‍ മതി'' എന്നും പറഞ്ഞ് അവന് എഴുന്നേല്ക്കുന്നു. ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് അടിവാരത്തെത്തുമ്പോള്‍ സമരപ്പന്തലില്‍ അപ്പോഴും വെളിച്ചമുണ്ടായിരുന്നു. അത് കെട്ടുപോയിരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് കഥ അവസാനിക്കുന്നു.
ഭാവനാസമ്പന്നമായ ഏതാനും വാക്യങ്ങള്‍കൊണ്ട് സൗരഭ്യം പൊഴിക്കുന്നുണ്ട് ഈ കഥ. അനൂപ് അന്നൂരിന് കഥ പറയാനറിയാം. അഭിനന്ദനങ്ങള്‍.
സണ്ണി ജോസഫ്, മാള
ഉൾക്കാഴ്ചകൾക്കൊരിടം നൽകുന്ന ആഴ്ചപ്പതിപ്പ്
ആഴ്ചപ്പതിപ്പിന്റെ ഓരോ ലക്കത്തെ യും വ്യത്യസ്തമാക്കുന്നത്, അതിലുൾച്ചേർന്ന, അധികമാരും കാണാത്ത, ഏതെങ്കിലും സവിശേഷമായ ഒരു കാഴ്ചയായിരിക്കും. മനുഷ്യൻ, അവന്റെ നിത്യജീവിതം, സാമൂഹിക- രാഷ്ട്രീയപരിസരങ്ങൾ, കാടും കടൽത്തീരവും നാടുമൊക്കെ ഉൾപ്പെട്ട പരിസ്ഥിതി... എന്നിങ്ങനെ നാം കണ്ടുമുട്ടുന്ന എന്തിനെക്കുറിച്ചും നവീനമായ ചിന്താപദ്ധതികൾ, കൃത്യമായ വിശകലനങ്ങൾ എന്നിവയൊക്കെ പങ്കുെവച്ചാണ് മാധ്യമം അതിന്റെ സുദീർഘമായ സഞ്ചാരം തുടരുന്നത്.
എത്ര സാധാരണമായ സംഭവങ്ങളിലും അസാധാരണമായ, അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കോൺ മറഞ്ഞുകിടക്കുന്നുണ്ടാകാം. ശക്തമായ നിരീക്ഷണങ്ങളും ആഴത്തിലുള്ള അന്വേഷണങ്ങളുമാണ് അവയെ വായനയുടെ മേശയിലെത്തിക്കാൻ ഏതൊരു പ്രസിദ്ധീകരണത്തെയും പ്രാപ്തമാക്കുന്നത്. സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള നവീനമായ കാഴ്ചപ്പാടുകൾക്കൊപ്പം, വിഭിന്നമായ വിചാരങ്ങളെയും ഒപ്പംകൂട്ടുക ലളിതമായ പ്രക്രിയയല്ല. ഇത്തരം വെല്ലുവിളികളെ വിജയകരമായി നേരിട്ടാണ് മാധ്യമം കൂടുതൽ ജനകീയമാകുന്നത്.
എഴുത്തുകാരെ അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തി, വെട്ടപ്പെടുത്തുന്നത് ഒരു സർഗാത്മകപ്രവർത്തനമെന്ന് മാധ്യമം കരുതുന്നു എന്നത് അഭിനന്ദനീയം. ഭാഷക്കു ശക്തിപകരുന്ന കാമ്പുറ്റ നിരവധി രചനകൾ, നോവലുകൾ, പഠനങ്ങൾ, കഥ, കവിത എന്നിവയൊക്കെ മാധ്യമത്തിലൂടെ വെളിച്ചംകാണുന്നു. ഏതാണ്ട് ഇരുപതുവർഷത്തോളം ഒന്നും പ്രസിദ്ധീകരിക്കാതിരുന്ന ശേഷം കഥകൾ കുറേശ്ശ വെളിപ്പെട്ടുവന്നകാലത്ത്, എന്റെ മരച്ചക്ക് എന്ന കഥ മാധ്യമത്തിലൂടെയാണ് പുറത്തുവന്നത്. അത് നൽകിയ ഊർജം വളരെ വലുതായിരുന്നു. ആ കഥയുടെ പേരോടെയാണ്, എന്റെ ആദ്യ കഥാസമാഹാരം പുറത്തുവന്നതും.
ശാസ്ത്രത്തെയും ശാസ്ത്രാഭിമുഖ്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങൾ, നിലപാടുകളിലെ ശാസ്ത്രീയമായ അടിത്തറ, ഇവയൊക്കെ മാധ്യമം എന്ന പ്രസിദ്ധീകരണത്തിന്റെ പ്രത്യേകതതന്നെയാണ്. ശാസ്ത്രലോകത്ത്, ജേണലുകളുടെ പ്രസക്തിയെസൂചിപ്പിക്കാൻ, പലഘടകങ്ങൾ വിലയിരുത്തി ക്രമീകരിക്കുന്ന impact factor എന്ന സൂചിക ധാരാളമായി ഉപയോഗിക്കാറുണ്ട്. അതേപോലെ, സാമൂഹികരംഗത്തെ പ്രസിദ്ധീകരണങ്ങളുടെ സമഗ്രസ്വാധീനം ചൂണ്ടിക്കാട്ടാവുന്ന ഒരു സൂചികയുണ്ടെങ്കിൽ മാധ്യമം മുൻനിരയിലുണ്ടാകും എന്നത് ഉറപ്പ്. മികവിന്റെ ഇരുപത്തിയഞ്ചുവർഷങ്ങൾ പൂർത്തിയാക്കുന്ന മാധ്യമത്തിന് കൂടുതൽ ദീപ്തമായ വിജയങ്ങൾ ആശംസിക്കുന്നു.
ഉണ്ണികൃഷ്ണൻ കളീക്കൽ
യഥാർഥ ചരിത്രം പുറത്തുവരട്ടെ
ഊരൂട്ടമ്പലം ലഹളയെപറ്റിയും സാക്ഷാൽ ടിപ്പു സുൽത്താനെക്കുറിച്ചും, നമ്മൾ കേട്ടുവന്ന ആഖ്യാനങ്ങളിൽനിന്നും അമ്പേ വ്യത്യസ്തമായി പുരാരേഖകളുടെ പിൻബലത്തിൽ തിരുത്തൽ വായനകൾക്ക് പ്രചോദനവും പ്രലോഭനവുമേകുന്ന ലേഖനങ്ങൾ (ലക്കം: 1256) അവസരോചിതമായി.
കാലമേൽപ്പിച്ച അടിച്ചമർത്തലുകൾക്ക് മുകളിലൂടെ ചരിത്രത്തിലേക്ക് നവോത്ഥാനത്തിന്റെ വില്ല് വണ്ടി ഓടിച്ചു കയറ്റിയ മഹാത്മാ അയ്യൻകാളിയും, നാട്ടുരാജാക്കന്മാർ പരസ്പരം പോരടിച്ചുകൊണ്ടിരുന്ന ഭാരതത്തിൽ അധിനിവേശത്തിന്റെ ശക്തികളെ വിറപ്പിച്ചു നിർത്തിയ ടിപ്പു സുൽത്താനും വരേണ്യ തൂലികയിൽ പിറന്നുവീണ ചരിത്രത്തിന്റെ ഇരുൾവെട്ടത്തുതന്നെയായിരുന്നു എപ്പോഴും സ്ഥാനം. രേഖകളുടെ പിൻബലത്തിൽ യഥാർഥ ചരിത്ര വസ്തുതകൾ വൈകിയാണെങ്കിലും പുറത്തുവരട്ടെ എന്നാശിക്കുന്നു.
ഇസ്മായിൽ പതിയാരക്കര
കാലത്തിന്റെ കാലൊച്ച കേൾക്കുന്ന സി.പി.എം
സി.പി.എമ്മിന്റെ വികസന അടവുനയങ്ങൾ വെളിവാക്കി എൻ.കെ. ഭൂപേഷ് എഴുതിയ അഭിപ്രായങ്ങൾ, സി.പി.എം കാലത്തിന് അനുസൃതമായി മാറാൻ തയാറാകുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് (ലക്കം: 1255). സി.പി.എം മുതലാളിത്തപാതയിലേക്ക് മാറിയെന്നത് യാഥാർഥ്യമാണ്. മാറിയാലും മാറിയില്ലെങ്കിലും പടലപ്പിണക്കങ്ങൾ ഒഴിവാക്കി എറണാകുളം സമ്മേളനം വിജയകരമാക്കിയതിലൂടെ കേരളത്തിലെ ജനങ്ങൾക്ക് സി.പി.എമ്മിലുള്ള വിശ്വാസ്യത വർധിച്ചിട്ടുണ്ട്.
അടുത്ത 25 വർഷം കേരളം ഭരിക്കാനുള്ള സി.പി.എമ്മിന്റെ വികസന നയസമീപനങ്ങൾ വ്യാമോഹമായി തള്ളിക്കളയാനാകില്ല. കാരണം, കോൺഗ്രസ് അത്രമാത്രം ദുർബലമാണ്. ബി.ജെ.പി പ്രതിപക്ഷസ്ഥാനത്ത് എത്തിപ്പെടാൻ കേരളത്തിൽ സാധ്യതയും കുറവാണ്. ബംഗാളിലെയും ത്രിപുരയിലെയും അനുഭവങ്ങൾ സി.പി.എമ്മിന് വലിയ പാഠമായതിനാലാണ് തലമുറമാറ്റത്തിന് വഴിതെളിഞ്ഞത്. സംസ്ഥാനത്ത് 35,179 ബ്രാഞ്ച് കമ്മിറ്റികളിൽ 1991 എണ്ണത്തെ ഇനി നയിക്കുക തെരെഞ്ഞടുക്കപ്പെട്ട സ്ത്രീ സെക്രട്ടറിമാരാണ്. ബഹുഭൂരിപക്ഷം സെക്രട്ടറിമാരും യുവാക്കൾ! കാലത്തിന്റെ കാലൊച്ചകേട്ട് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്ന സി.പി.എമ്മിന്റെ ഭാവി കേരളത്തിൽ ശോഭനമാണ്.
ഇടതുപക്ഷ ആശയങ്ങൾ ഇന്ത്യൻ ജനങ്ങളെ വശീകരിക്കുമ്പോഴും ഒരു ഇലക്റ്റൊറൽ ഫോഴ്സ് എന്ന നിലക്ക് ഇടതുപക്ഷത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ് എന്ന രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായങ്ങളും തള്ളിക്കളയാനാകില്ല. പ്രത്യയശാസ്ത്രപരമായ വ്യക്തതയുടെ അഭാവം സി.പി.എമ്മിനെ ദേശീയതലത്തിൽ തളർത്തുന്നുവെന്നതും ചിന്തിക്കേണ്ട ഒരു ഗൗരവ വിഷയംതന്നെയാണ്.
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ മുളന്തുരുത്തി
അവിസ്മരണീയമായ സിനിമാഗാനങ്ങളുടെ കാലം
ശ്രീകുമാരൻ തമ്പി എഴുതുന്ന മലയാള ചലച്ചിത്രഗാന ചരിത്രം/സംഗീതയാത്രകൾ വായിക്കുമ്പോൾ കഴിഞ്ഞ കാലത്തേക്ക് തിരിച്ചുപോകാനുള്ള പ്രേരണയാണ് ഉണ്ടാകുന്നത്. നല്ല സിനിമകളുടെയും നല്ല ഗാനങ്ങളുടെയും കാലഘട്ടമായിരുന്നു അതെന്നുള്ളതിന് സംശയമില്ല. നല്ല ഗാനങ്ങളുടെ ഒരു സുവർണകാലമായിരുന്നു അതെന്ന് പറയാം. അത്രയും ശ്രുതിമധുരവും കാവ്യാത്മകവുമായ ഗാനങ്ങൾ ഇനി ഉണ്ടാകുമോ എന്നും സംശയമാണ്. ഗാനരചനാരംഗത്ത് വെന്നിക്കൊടി പറത്തിയ പി. ഭാസ്കരൻ, വയലാർ, ഒ.എൻ.വി എന്നിവരുടെ കാലമായിരുന്നു അത്. അന്നത്തെ പാട്ടുകൾ മൂളാത്തവരില്ല. ആ പാട്ടിന്റെ വരികളും ഈണങ്ങളും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ശ്രീകുമാരൻ തമ്പി അതെല്ലാം എഴുതുമ്പോൾ ഗൃഹാതുരത്വ സ്മരണകളാണ് മനസ്സിൽ ഉദിക്കുന്നത്. ''വാസന്തരാവിന്റെ വാതിൽ തുറന്നുവരും വാടാമലർക്കിളിയെ...''എന്ന ഗാനം ഇപ്പോഴും നാവിന്റെ തുമ്പിലുണ്ട്. 'കാലം മാറുന്നു' എന്ന സിനിമയിലെ ആ മലർപൊയ്കയിൽ ആടിക്കളിക്കുന്ന ഓമനത്താമരപ്പൂവിനെയും മറക്കാനാവില്ല. ''കദളിവാഴക്കൈയിലിരുന്ന് കാക്കയിന്ന് വിരുന്നുവിളിച്ചു...'' എന്ന പാട്ടു കേൾക്കാത്തവരാരും കാണുകയില്ല. ജിക്കിയുടെ മധുരശബ്ദത്തിൽ ആ പാട്ടു കേൾക്കുമ്പോൾ കദളിവാഴയും കാക്കയും നമ്മുടെ ഓർമയിലോടിയെത്തും. ''പാട്ടുപാടിയുറക്കാം ഞാൻ...''എന്ന താരാട്ട് പി. സുശീല അവിസ്മരണീയമാക്കി. എൽ.പി.ആർ. വർമ ഈണം പകർന്ന നാടകഗാനങ്ങളും മറക്കാനാവില്ല. ''പറന്നുപറന്നു ചെല്ലാൻ...'' , ''കായലിനക്കരെ പോകാനെനിക്കൊരു...''എന്നീ പാട്ടുകളും ജനങ്ങൾ ഏറ്റുപാടി. ശാന്താ പി. നായരും കെ.എസ്. ജോർജും ചേർന്ന് പാടിയ ''വാസന്തരാവിന്റെ വാതിൽ തുറന്നുവരും വാടാമലർക്കിളിയെ...'' എന്ന ഹിറ്റ് ഗാനം എത്ര മധുരമനോഹരമായി. യേശുദാസും പി. ലീലയും ചേർന്ന് പാടിയ 'അക്കരപ്പച്ച'യിലെ ''അഞ്ജനച്ചോലയിലെ...'' എന്ന പാട്ടും കേൾക്കാൻ സുഖമുള്ളതാണ്. ജയചന്ദ്രൻ പാടിയ ''ഉപാസന...ഉപാസന...''എന്ന ഗാനവും നാം ഓർത്തിരിക്കും. എസ്. ജാനകിയുടെയും പി. സുശീലയുടെയും ഹിറ്റുഗാനങ്ങളുടെ വസന്തംതന്നെയായിരുന്നു അക്കാലം. മലയാളത്തിൽ ഇത്രയധികം അതിമനോഹര ഗാനങ്ങൾ പാടിയ ശബ്ദത്തിന്റെ ഉടമകൾ മലയാളികളല്ലെന്നുള്ളതും ഓർക്കേണ്ടതാണ്. പി. സുശീലയുടെയും എസ്. ജാനകിയുടെയും രംഗപ്രവേശനംകൊണ്ട് മലയാള സിനിമാഗാനങ്ങൾക്ക് ധന്യത കൈവന്നതിനെക്കുറിച്ച് ശ്രീകുമാരൻതമ്പി എഴുതുകയുണ്ടായി. വയലാർ- ദേവരാജൻ ടീം മലയാള സിനിമക്ക് ചെയ്ത സംഭാവനകളും ശ്രീകുമാരൻ തമ്പി എടുത്തുപറയുന്നു. അക്കാലം ആരും മറക്കുകയില്ല; ആ പാട്ടുകളും.
സദാശിവൻ നായർ, എരമല്ലൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.