നോവൽ തുടങ്ങുന്നു; '9MM െബരേറ്റ' യുടെ ആദ്യ ഭാഗങ്ങൾ വായിക്കാം
മാധ്യമം ആഴ്ചപ്പതിപ്പിൽ വിനോദ് കൃഷ്ണയെഴുതുന്ന 9MM െബരേറ്റ എന്ന നോവലിന്റെ ആദ്യലക്കങ്ങൾ വായിക്കാം. ചിത്രീകരണം: തോലിൽ സുരേഷ്
രണ്ട് ദേശഭക്തർ
അലിസിയ ഗര്‍സ
ആഫ്രിക്കന്‍ അമേരിക്കന്‍ പെണ്‍കുട്ടി.
വയസ്സ്: ഇരുപത്തി ഏഴ്
ശിവറാം ഗോദ്രയെ കണ്ടുമുട്ടുന്നത് വരെ ഏകാന്തതയുടെ മേല്‍വിലാസമായിരുന്നു അവള്. നാളെ പുലര്‍ച്ചെ അയാള്‍ ഇന്ത്യക്ക് മടങ്ങുകയാണ്. ദുഷ്ടന്. ഇനി അവളെ സംബന്ധിച്ച് അയാള്‍ ഒരിന്ത്യന്‍ സ്മാരകം മാത്രമാണ്. അചേതനമായ ഒന്ന്. ശ്വസിക്കുകയും ചലിക്കുകയും ചെയ്യാത്ത ഓർമകളെ ഇനി എന്തിനു കൊള്ളാം. ഉറങ്ങുന്നതിനു മുമ്പ് അവള് ശിവറാം ഗോദ്രക്ക് ടെക്സ്റ്റ് ചെയ്തു. ശുഭയാത്ര! ഉടന്‍ റിപ്ലേ വന്നു. ഒരു ഇമോജി.
മെമ്മോറിയല്‍ പാര്‍ക്കില്‍ െവച്ച് അവസാനം കണ്ടതിെൻറ സങ്കടം പുതുക്കിക്കൊണ്ട് അവള് ധൃതഗതിയില്‍ വീണ്ടും ടെക്സ്റ്റ്ചെയ്തു.
FREEDOM IS NOT FREE
അയാള്‍ക്കുള്ള അലിസിയയുടെ അവസാന സന്ദേശം ആയിരുന്നു അത്.
അലിസിയ
സിംഗിള്‍
ഫേസ്ബുക്കിലെ സ്റ്റാറ്റസ് തിരുത്തിയ ശേഷം അവള് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. എന്നിട്ട് പഴയ മേല്‍വിലാസത്തിലേക്ക് മനസ്സിനെ പൊതിഞ്ഞയച്ചു. അയാള്‍ രാജി െവച്ചത് ജോലിയില്‍നിന്ന് മാത്രമല്ല അവളുടെ ജീവിതത്തില്‍നിന്ന് കൂടിയായിരുന്നു.
ഒരേ ലക്ഷ്യത്തിനുവേണ്ടിയാണ് കാലിഫോർണിയയിലെ സാൻറാ ക്ലാരയിലുള്ള ഗൂഗിൾ ഓഫീസിൽനിന്നും ശിവറാം ഗോദ്രയും വിമൽ വൻസാരയും രാജിവെച്ചത്. യു.എസിൽനിന്നുള്ള ഡയറക്ട് ഫ്ലൈറ്റിലെ ബോറൻ യാത്രക്കു ശേഷം ഒരു സെപ്റ്റംബർ പതിനൊന്നിനാണ് അവർ ഡൽഹിയിൽ വിമാനമിറങ്ങിയത്. ഡൽഹിയിൽനിന്ന് അവർ നേരെ പോയത് മുംബൈയിലേക്കാണ്. തങ്ങളുടെ ലക്ഷ്യം നിറവേറ്റാനായി മുംബൈയിൽനിന്ന് പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് അവർ ആദ്യമേ തീരുമാനിച്ചിരുന്നു. അതിനാൽ ഓൺലൈuൻ വഴി ഒരു ബ്രോക്കറെ കണ്ടെത്തുകയും ദാദറിലെ റെയിൽവേസ്റ്റേഷനടുത്ത് മൂന്നുമുറി ഫ്ലാറ്റ് വാടകക്ക് എടുക്കുകയും ചെയ്തു. ശിവറാം ഗോദ്ര ഗുജറാത്തിയാണ്. വിമൽ വൻസാര മഹാരാഷ്ട്രീയനും. സ്വഭാവത്തിൽ വളരെ ഏറെ വൈരുധ്യമുള്ള ഈ ചെറുപ്പക്കാർ എങ്ങനെയാണ് ആത്മബന്ധം സ്ഥാപിച്ചതെന്ന് അതിശയിച്ചുപോകും. പോത്തും പന്നിയും കണക്ക് അവരുടെ സ്വഭാവം വേർതിരിച്ചെടുക്കാനാകും.
നഗരത്തിെൻറ സ്വപ്നങ്ങളും കാറ്റും വെളിച്ചവും കടക്കുന്ന വിശാലമായ ഫ്ലാറ്റായിരുന്നു അത്. ബ്രോക്കർ പുതിയ താമസക്കാർ എത്തുന്നതിന് രണ്ടുദിവസം മുമ്പേ എല്ലാം വൃത്തിയാക്കിെവച്ചിരുന്നു. ഒരു പൂജാമുറി ഒഴിച്ച് ഇൻറീരിയറിൽ വലിയ ആർഭാടമൊന്നും ഉണ്ടായിരുന്നില്ല. വാട്സാപ്പിൽ ബ്രോക്കർ അയച്ചുകൊടുത്ത ചിത്രത്തിലുള്ളതുപോലെ തന്നെ വൃത്തിയും വെടിപ്പും നേരിൽ കണ്ട് ബോധ്യപ്പെട്ട ശിവറാം ഗോദ്രയുടെ മുഖത്ത് അതിെൻറ സന്തോഷം പ്രകടമായിരുന്നു. വിമൽ വൻസാര പെട്ടെന്ന് വികാരത്തിനു അടിമപ്പെടുന്ന ആളല്ല. ആവശ്യത്തിനു മാത്രം സംസാരിക്കുന്ന പ്രകൃതമായിരുന്നു അയാളുടേത്. മറ്റുള്ളവരെ ആകർഷിക്കുന്ന ശാന്തമായൊരു ഭാവമാണ് എപ്പോഴും. മൗനത്തിെൻറ പുഴ ഉദ്ഭവിക്കുന്നത് വൻസാരയിൽനിന്നാണെന്നാണ് വിദേശ സഹപ്രവർത്തകർ കളിയാക്കാറുള്ളത്.
ബ്രോക്കർ ബാക്കി കാശ് വാങ്ങിപ്പോയതും ശിവറാം ഗോദ്ര ഫ്ലാറ്റിെൻറ ബാൽക്കണിയിൽ പോയി പുറത്തേക്ക് നോക്കി നിന്നു. തെൻറ ലക്ഷ്യത്തെ സ്വയം ഓർമപ്പെടുത്താനായി ഇടയ്ക്ക് ആകാശത്തേക്ക് തലയുയർത്തി നോക്കി നിൽക്കുന്ന ശീലം അയാൾക്കുണ്ട്. ബാൽക്കണിയിൽനിന്ന് ആകാശം നോക്കിയപ്പോൾ മേഘങ്ങൾ നിർമിച്ച അവ്യക്തമായ രൂപം കുറച്ചുകൂടി തെളിഞ്ഞുവന്ന് തെൻറ ആരാധനാ പുരുഷെൻറ മുഖഭാവം പുൽകുന്നത് ഒരു നിമിഷം ശിവറാം ഗോദ്ര ആസ്വദിച്ചു. നിയന്ത്രണം വിട്ട് പൊട്ടിച്ചിരിച്ച ശേഷം അയാൾ കുറേനേരം കൂടി ബാൽക്കണിയിലെ കാറ്റിനൊപ്പം നിന്നു.
ലഗേജിൽനിന്ന് തെൻറ പ്രിയപ്പെട്ട പുസ്തകങ്ങൾ അലമാരയിൽ െവച്ചശേഷം വിമൽ വൻസാര ഉടുതുണിയഴിച്ച് കുളിക്കാൻ കയറി. അയാളുടെ കൈത്തണ്ടയിൽ ഹനുമാെൻറ രൂപം പച്ചകുത്തിയിരുന്നു.
''ജയ്ബജ് രംഗ് ബലി!''
സ്വാഭാവിക തണുപ്പില്ലാത്ത ജലം ദേഹത്ത് വീണപ്പോൾ അയാൾ വർഷങ്ങൾക്ക് മുമ്പ്, തെൻറ മധുരപതിനേഴിൽ ലോക്കൽ െട്രയിനിൽ അള്ളിപ്പിടിച്ച് കയറാനും തള്ളലിൽ വീഴാതിരിക്കാനും ഉരുവിടുമായിരുന്ന അതേ താളത്തിൽ, അതേ ഊർജത്തിൽ രണ്ടാമതൊന്നുകൂടി ഉരുവിട്ടു. എന്ത് ആനന്ദമാണെന്നോu അതയാൾക്ക് നൽകിയത് അയാളുടെ ദേഹരോമങ്ങൾ മാത്രമല്ല വൃഷണവും ഒന്ന് എഴുന്നുനിന്നു.
അതിവേഗപാതയിലൂടെ നിത്യവും പാഞ്ഞ് പോകുന്ന, മനുഷ്യശരീരങ്ങളെ കുത്തിനിറച്ച തീവണ്ടികൾ അന്യമതസ്ഥരെ പുറന്തള്ളുകയും, ട്രാക്കിൽ തലയടിച്ച് വീണ അവരൊക്കെയും മരിക്കുന്ന കാഴ്ച അയാൾ എത്ര കണ്ടിരിക്കുന്നു. അപ്പോഴൊക്കെ വേണ്ടെന്ന് െവച്ചാലും അറിയാതെ തെൻറ ഉടലിലേക്ക് ഇരച്ചുകയറുന്ന നിർവചിക്കാനാവാത്ത ഒരു തരം ആനന്ദം ഉണ്ട്. വരും ദിവസങ്ങളിൽ ഈ നഗരത്തിൽ താനത് ഒരിക്കൽകൂടി പണ്ടത്തേക്കാൾ തീവ്രമായി, യാതൊരു കുറ്റബോധവുമില്ലാതെ അനുഭവിക്കുമെന്ന് ഓർത്തപ്പോൾ ഗംഗാജലത്തിൽ കുളിക്കുന്നതായി വിമൽ വൻസാരക്ക് അനുഭവപ്പെട്ടു.
മനുഷ്യൻ ആധുനികനാകുമ്പോൾ മതത്തിൽനിന്ന് പുറത്തേക്ക് കടക്കുകയും കുറേക്കൂടി ആധുനികനാകുമ്പോൾ മതത്തിനുള്ളിലേക്ക് തിരികെ കയറുകയും ചെയ്യുമെന്ന് മടക്കയാത്രയിൽ ഫ്ലൈറ്റിൽ വെച്ച് പരിചയപ്പെട്ട ഹ്യൂമനിസ്റ്റ് ഗംഗാധർ പ്രസാദ് പറഞ്ഞത് പ്രായോഗികമായ ഒരറിവാണെന്ന് കുളിമുറിയിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ വിമൽ വൻസാരക്ക് തോന്നി.
അമേരിക്കൻ കൊടിയടയാളമുള്ള ബർമുഡ മാത്രമണിഞ്ഞ് ബാൽക്കണിയിൽ ഒറ്റക്ക് നിൽക്കുകയായിരുന്ന ശിവറാമിെൻറ അടുത്തേക്ക് ചെന്നയുടനെ വൻസാര ചോദിച്ചു:
"നിനക്ക് ഈ നഗരം തീർത്തും അപരിചിതമായി തോന്നുന്നുണ്ടോ?" അയാൾ ഷേവ് ചെയ്യാൻ മറന്ന മുഖം തടവി.
"ഇല്ല എനിക്കീ നഗരം ഗുജറാത്ത് മണക്കുന്നുണ്ട്. ഗോധ്ര മണക്കുന്നുണ്ട്", ശിവറാം നീങ്ങിത്തുടങ്ങിയ മേഘങ്ങളെ നോക്കി അണമുറിയാതെ ചിരിച്ചു.
"ഇങ്ങനെ ചിരിക്കാതെ, ഭൂമി കുലുങ്ങും." വിമൽ വൻസാര കൂട്ടുകാരെൻറ തോളിൽ കൈയിട്ട് താഴേക്കു നോക്കി.
പല നിറത്തിലുള്ള ഉറുമ്പുകളെപ്പോലെ വാഹനങ്ങൾ നീങ്ങുന്നു. ഡബിൾ ഡക്കർ ബസിൽനിന്നും ഇറങ്ങി നടക്കുന്ന പർദയണിഞ്ഞ ഒരു പെൺകുട്ടിയിൽ അയാളുടെ കണ്ണുകൾ ഉടക്കി. ഏറെ നേരം ഇരുവരുടേയും കണ്ണുകൾ ആ പെൺകുട്ടിയെ തന്നെ പിന്തുടർന്നു. പിന്നെ ആൾത്തിരക്കിൽ അവളെ കാണാതായപ്പോൾ വിമൽ വൻസാരക്കാണ് ശിവറാമിനേക്കാൾ അസ്വസ്ഥത തോന്നിയത്. അയാൾ പോക്കറ്റിൽ കൈയിട്ട് ചൊറിഞ്ഞു. കൈത്തണ്ടയിൽ പച്ചകുത്തിയ രൂപത്തിെൻറ വാല് നീണ്ടുപോയി പെൺകുട്ടിയുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് ആൾക്കൂട്ടത്തിൽനിന്നും ഉയർത്തി തെൻറ മുന്നിലേക്ക് കൊണ്ടുവരുന്നതായി വിമലിന് കോരിത്തരിപ്പുണ്ടായി. ആ പകൽ കിനാവിെൻറ ഹരത്തിൽ അയാൾ ചൊറിച്ചിൽ നിർത്തി കൈ പോക്കറ്റിൽനിന്ന് പുറത്തെടുത്ത് കാറ്റ് കൊള്ളിച്ചു.
നഗരം സന്ധ്യയാവുന്ന പ്രക്രിയയെ തടസ്സപ്പെടുത്താനെന്നപോലെ അസാധാരണമായ ഒരു സൈറണോടെ, സ്വപ്നങ്ങളും വിയർപ്പും ഒട്ടിച്ചേർന്നും വേർപെട്ടും വീണ്ടും പറ്റിച്ചേർന്നും കളിക്കുന്ന തീവണ്ടികളിൽ ആൾക്കൂട്ടം വീടുപിടിക്കാൻ തുടങ്ങിയിരുന്നു. അപ്പോൾ അമേരിക്കയിലെ ഒരു മഞ്ഞുകാലം ശിവറാം ഗോദ്രക്ക് ഓർമവന്നു. പോർബന്തർ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച, താൻ പലവട്ടം ഭോഗിച്ച അലിസിയ ഗര്സയുമൊത്തുള്ള മഞ്ഞുകാലം. ജന്മനാ കൈമാറി കിട്ടിയ ഓർമകൾ ഉള്ളതിനാലാണ് താൻ ജോലി രാജിവെച്ചതെന്ന് അയാൾക്ക് തോന്നി. ഓർമകൾ തുടങ്ങുന്നത് ആൾക്കൂട്ടം അതിർത്തി കടക്കുമ്പോഴാണെന്ന് അച്ഛന് അയാളെ പറഞ്ഞ് പഠിപ്പിച്ചിരുന്നു.
"നമുക്കിറങ്ങാൻ നേരമായി," വിമൽ ഓർമപ്പെടുത്തി.
"അതിനു മുമ്പ് എനിക്ക് ചെറിയൊരു പണി ബാക്കിയുണ്ട് യാർ" ശിവറാം ഗോദ്ര അകത്ത് ചെന്ന് ലൈറ്റിട്ടു. തെൻറ കറുത്ത ബാക്ക്പാക്കിൽനിന്ന് ഒരു പ്ലാസ്റ്റിക്ക് ബോക്സ് പുറത്തെടുത്തു. വിമൽ തയാറാവാൻ തുടങ്ങിയപ്പോഴേക്കും അയാൾ ജനലുകളെല്ലാം അടച്ചു. ബാത്ത് റൂമിലെ കൊച്ച് വെൻറിലേറ്ററിലൂടെ വെളിച്ചം അകത്തു കടക്കാത്തവിധം കടലാസ് തിരുകിെവച്ചു.
"നീ റെഡിയായില്ലേ?" വിമലിെൻറ ചോദ്യം ഉയർന്നതും ശിവറാം ധൃതിയിൽ മെൻ ഇൻ ഡിസംബർ എന്ന് എഴുതിയ കറുത്ത ടീ ഷർട്ട് ഉടലിലേക്ക് വലിച്ചിട്ടു. നീല ജീൻസിലും കറുത്ത ടീ ഷർട്ടിലും അയാൾ ഹോളിവുഡ് യുവനായകനെപ്പോലെ കാണപ്പെട്ടിരുന്നു.
"നീ താക്കോലെടുത്ത് പുറത്ത് കടന്നോ" ബെൽറ്റ് മുറുക്കുന്നതിെൻറ ഇടയിൽ ഫ്ലാറ്റിൽ വെളിച്ചം കടക്കുന്ന മറ്റ് വഴികൾ ഇല്ലെന്ന് അയാൾ ഉറപ്പുവരുത്തി.
"നമ്മൾ ഇവിടെ താമസം തുടങ്ങിയാൽ നമ്മളല്ലാതെ ജീവനുള്ള മറ്റൊന്നും ഇവിടെ ഉണ്ടാകരുത്."
ശിവറാം പ്ലാസ്റ്റിക്ക് പെട്ടിയിൽനിന്ന് ഒരു ചെറിയ കുപ്പിയും വേറൊരു പായ്ക്കറ്റും പുറത്തെടുത്തു. ഫോർമാലിനും പൊട്ടാസിയം പെർമാംഗനേറ്റുമായിരുന്നു അതിൽ. ലഗേജ് പുറത്തെടുത്തുെവച്ച ശേഷം അയാൾ ഫോർമാലിനും പൊട്ടാസിയം പെർമാംഗനേറ്റും നിലത്തിട്ട് മിക്സ് ചെയ്ത ശേഷം മൂക്ക് പൊത്തി വേഗം ഓടി പുറത്ത് വന്നു. ഉടനെ വിമൽ വൻസാര വാതിൽ വലിച്ചടച്ചു താഴിട്ടു.
മുറി പുകയുന്നത് മനസ്സിൽ കണ്ട് ഇരുവരും ലിഫ്റ്റിറങ്ങി നേരത്തേ പർദയണിഞ്ഞ പെൺകുട്ടിയെ കാണാതായ ആൾക്കൂട്ടത്തിൽ ലയിച്ചു.
ഭാഗം -2
അപരിചിത യാത്രികൻ
തീവണ്ടി ഒരു റിപ്പബ്ലിക്കാണ്. ബോഗികൾ പ്രവിശ്യകളും. പല ജാതിമതസ്ഥർ അള്ളിപ്പിടിച്ച് യാത്രചെയ്യുന്ന ഒരു ജനാധിപത്യ സംവിധാനം. അധികാരം പിടിക്കാനും ഭിന്നിപ്പിച്ച് ഭരിക്കാനും തീവണ്ടികളാണ് ആയുധം.
ഗ്വാളിയോറിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഒരു കൽക്കരി തീവണ്ടിയിൽ പ്രത്യേക ദൗത്യവുമായി രണ്ടുപേരുണ്ടായിരുന്നു. സെക്കൻഡ് ക്ലാസിലാണ് നാരായണൻ ആപ്തയുടെയും കൂട്ടുകാരെൻറയും യാത്ര. കഴിഞ്ഞ അഞ്ച് ഉദ്യമങ്ങളും പരാജയപ്പെട്ട ശേഷം വൻ പദ്ധതികളുമായാണ് അവർ രണ്ടാളും ആ തീവണ്ടിയിൽ കയറിയത്. അവർ യാത്രചെയ്തിരുന്ന കമ്പാർട്മെൻറിൽ വലിയ തിരക്കുണ്ടായിരുന്നില്ല. വളരെ സുഖമുള്ള കാലാവസ്ഥയിലൂടെയാണ് തീവണ്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിെൻറ പ്രസരിപ്പ് അവരുടെ മുഖത്ത് കാണാം. ആപ്തെക്കായിരുന്നു കൂടുതൽ ഉത്സാഹം. ആപ്തെയുടെ ചങ്ങാതി ആലോചനയിൽ മുഴുകിയിരിക്കുകയാണ്. ഇടക്കിടക്ക് കാറ്റിനൊപ്പം മയങ്ങിപ്പോകുന്നുണ്ട്. ഉൻമേഷവാനായിരുന്നെങ്കിലും അയാളെ ചെറുതായി എന്തോ അലട്ടുന്നുണ്ടായിരുന്നു. എന്താണത്?
മനസ്സിെൻറ ചലനത്തേക്കാൾ വേഗത്തിൽ മുന്നോട്ടു കുതിക്കാൻ വെമ്പൽ കൊള്ളുന്ന പഴഞ്ചൻ തീവണ്ടികളെ വല്ലാത്തൊരു കൗതുകത്തോടെയാണ് നാരായണൻ ആപ്തെ നിർവചിക്കാൻ ശ്രമിച്ചിരുന്നത്. വണ്ടി ആഗ്രയിൽ എത്തുന്നതുവരെ കൂട്ടുകാരനോട് അയാളൊന്നും സംസാരിച്ചില്ല. കൂട്ടുകാരെൻറ ഉറക്കം മുറിയുമെന്ന് കരുതിയിട്ടല്ല. അല്ലെങ്കിലും അതിനയാൾ ഉറങ്ങുകയല്ലായിരുന്നല്ലോ, കണ്ണുകളടച്ച് കിനാവുകാണുകയായിരുന്നു.
"ഒരു വെടിയിൽ തീരാനുള്ള വാർധക്യമാണ് അയാളുടെ ജീവിതം. എങ്കിലും ഞാൻ മൂന്നുവട്ടം നിറയൊഴിക്കും.'' അയാൾ സ്വപ്നം അയവിറക്കുന്നതിെൻറ ആനന്ദത്താൽ നാവ് തൊട്ട് ചുണ്ട് നനച്ചു.
പ്രതീക്ഷിച്ചപോലെ അത്ര കുലുക്കത്തോടെയൊന്നുമല്ല തീവണ്ടി ആഗ്ര സ്റ്റേഷനിൽ നിർത്തിയത്. ഇറങ്ങിയതിനേക്കാൾ കൂടുതൽ ആളുകൾ ജനറൽ കമ്പാർട്മെൻറിൽ കയറാൻ തിക്കിതിരക്കി. യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞിട്ടും തീവണ്ടി അപ്രതീക്ഷിതമായി ആഗ്രയിൽ ഏറെനേരം പിടിച്ചിട്ടു. ദീർഘനേരം യാത്രചെയ്തവർ പലരും പ്ലാറ്റ്ഫോമിലേക്കും മറ്റുമായി ഇറങ്ങിനിൽക്കുകയും കോട്ടുവായിടുകയും ചെയ്തു. സ്റ്റേഷെൻറ പരിസരത്ത് പശുക്കൾ മേഞ്ഞ് നടക്കുന്നുണ്ട്. ചിലത് തേട്ടിയരച്ച് വിശ്രമിക്കുന്നു. തെരുവ്നായ്ക്കൾ ആളുകള്‍ക്കിടയിലൂടെ കറങ്ങിനടക്കുന്നുണ്ട്. ചാണകം വാരി കുട്ടയിലാക്കുന്ന വൃദ്ധയെനോക്കി ഏറെനേരം ഇരുന്ന നാരായണൻ ആപ്തെ ഒരേയിരുപ്പിെൻറ മടുപ്പ് മാറ്റാനെന്നോണം വണ്ടിയിൽനിന്നിറങ്ങി. തണുത്ത കാറ്റേറ്റപ്പോൾ അയാൾക്ക് ഉന്മേഷം തോന്നി. അവിടെ കണ്ട ഒരു എരുമയെ അയാൾ ഓടിച്ചുവിട്ടു. അടുത്തേക്ക് വന്ന വേറൊരു വെള്ള പശുവിെൻറ കഴുത്തിന് ഉഴിഞ്ഞുകൊടുത്ത് അതിെൻറ നെറ്റിയിൽ തഴുകി ഉമ്മവെച്ചു തൊഴുതു.
അയാൾ ജനലരികിൽനിന്ന് കൂട്ടുകാരനെ തോണ്ടി വിളിച്ചു:
"വിശക്കുന്നുണ്ടോ?"
"ഇല്ല", കൂട്ടുകാരൻ പറഞ്ഞു. എന്നിട്ട് വീണ്ടും ഉറക്കം പിടിച്ചു.
ബഡാപാവ് വിൽപനക്കാരൻ ആപ്തയെ കടന്നുപോയെങ്കിലും അയാൾക്കതിൽ വലിയ താൽപര്യമുണ്ടായിരുന്നില്ല. പേരയ്ക്ക വിൽക്കാൻ വന്ന യുവതിയുടെ കൈയിൽ തൊടാതെ പേരയ്ക്ക വാങ്ങി. അതിൽ മുളക് പുരട്ടിയ ഭാഗം നക്കിക്കൊണ്ട് നാരായണൻ ആപ്തെ അവൾ നടന്നകലുന്നത് നോക്കിനിന്നു. പേരയ്ക്കാ കഷണം കഴിച്ചു തീരുമ്പോഴേക്കും തീവണ്ടി സൈറൺ മുഴക്കി. ആളുകൾ തീവണ്ടിയിൽ കയറാൻ ധൃതിപ്പെട്ടു. നാരായണൻ ആപ്തെക്ക് പക്ഷേ യാതൊരു വെപ്രാളവും ഉണ്ടായിരുന്നില്ല. അയാൾ ബാക്കി വന്ന പേരയ്ക്കാ കഷണം വലിച്ചെറിഞ്ഞ് സാവധാനം കയറാൻ തുടങ്ങുമ്പോൾ വെപ്രാളപ്പെട്ട് ഒരു മുസ്ലിം യുവതിയും രണ്ട് മൂന്ന് ചെറുപ്പക്കാരും അയാളെ തള്ളിമാറ്റി വണ്ടിയിലേക്ക് കയറി. മൂന്നാമത്തെ ചൂളം വിളിക്ക് ശേഷം ആവി എൻജിൻ നീങ്ങിത്തുടങ്ങി. വെപ്രാളത്തിൽ യുവതി കമ്പാർട്മെൻറ് മാറിക്കയറിയതാണ്. ഇരിക്കാൻ സ്ഥലം കിട്ടാതെ അവർ പരുങ്ങിനിന്നു. ഇത് കണ്ട് ആപ്തെ ഉള്ളിൽ ചിരിച്ചു. വണ്ടിക്ക് വേഗത കൂടി. ആപ്തെ പോയി കൂട്ടുകാരനരികിൽ ഇരുന്നു. അയാൾ ഇടക്കിടക്ക് യുവതിയെ തുറിച്ചു നോക്കി. വണ്ടിയുടെ കുലുക്കത്തിൽ അവരുടെ വെപ്രാളം ഇരട്ടിക്കുന്നതായി അയാൾക്ക് തോന്നി. മൂടുപടത്തിനുള്ളില്‍ അവൾ അതീവ സുന്ദരിയാണെന്ന് അവളുടെ കാൽപാദം ഇമവെട്ടാതെ നോക്കിയപ്പോൾ തന്നെ അയാൾക്ക് ഉറപ്പായി. കമ്പാർട്മെൻറില്‍ മിക്കവരും ഉറക്കം പിടിച്ച് തുടങ്ങിയിരുന്നു. ഒരു റെയിൽവേ ക്രോസിങ് കടന്നുപോയപ്പോൾ അവിടെ ഗേറ്റിെൻറ ഇരുഭാഗങ്ങളിലുമായി അനേകം കാളവണ്ടികൾ കാത്ത് കിടക്കുന്നത് അയാൾ ശ്രദ്ധിച്ചു. ഇടക്ക് തീവണ്ടിപ്പുക കമ്പാർട്മെൻറിലും കടന്നുവന്നുകൊണ്ടിരുന്നു. യുവതി പുകയേറ്റ് ഒന്നു ചുമച്ചതിനുശേഷം ബാത്ത് റൂമിലേക്ക് പോയി. വണ്ടി വല്ലാത്തൊരു ശബ്ദത്തോടെ മുന്നോട്ട് നീങ്ങുകയാണ്.
വാതിൽ തുറന്ന് യുവതി പുറത്തേക്ക് കടക്കാൻ ഒരുങ്ങിയപ്പോൾ ആപ്തെ അവരെ ഉള്ളിലേക്ക് തന്നെ തള്ളിനീക്കി അകത്ത് കയറി. അവർ ഒച്ചവെക്കുമെന്ന് പേടിച്ച് വായപൊത്തി. എന്നിട്ട് അതിവേഗം അവളെ മുറുകെ പിടിച്ച് കഴുത്തിൽ കടിച്ചു. അവരുടെ വിയർപ്പ് വാടകൾ ഒന്നായി തീർന്നു. ആൺമൂത്രം മണക്കുന്ന ആ ഇടുങ്ങിയ തീവണ്ടിമുറിയിൽെവച്ച് അയാൾ അവളുടെ വായയിൽ തെൻറ കുപ്പായം തിരുകിക്കയറ്റി. എന്നിട്ട് ബുർക്ക വലിച്ചു നീക്കി. അവളുടെ ദയനീയമായ കണ്ണുകൾ ഉരുണ്ടു വലുതായി തള്ളിവന്നു. കൃഷ്ണമണി അടർന്നു വീഴുമെന്നു തോന്നിയതിനാൽ അയാൾ അവളുടെ മുഖം പൊത്തിപ്പിടിച്ചു. ഇരുമ്പു ചക്രങ്ങൾ പാളത്തിൽ ഉരയുന്നതിെൻറ ആനന്ദം അനുഭവിച്ചുകൊണ്ട് അയാൾ അവളെ നനച്ചപ്പോൾ നിയന്ത്രിക്കാനാവാത്ത വിധം ചിരിപൊട്ടി. അത് പുറംലോകം കേൾക്കുമെന്ന് പേടിച്ച് അയാൾ പാടുപെട്ട് പിടിച്ചുനിർത്താൻ ശ്രമിച്ചു. സ്ഖലനത്തിെൻറ അന്ത്യനിമിഷത്തിൽ അയാൾ അവളെ അമർത്തിപ്പിടിച്ചുകൊണ്ട് ഉറക്കെ മനസ്സിൽ മുദ്രാവാക്യം വിളിച്ചു:
"ഭാരത് മാതാ കീ ജയ്..."
തീവണ്ടികിതപ്പ് അയാളുടെ കിതപ്പിനൊപ്പമെത്തി. യുവതി മോഹാലസ്യപ്പെട്ടു കിടക്കുകയാണ്. ഇതുവരെ ഓടിയതിനേക്കാൾ വേഗത്തിലാണിപ്പോൾ തീവണ്ടി ഓടിക്കൊണ്ടിരിക്കുന്നത്, അപരിചിതരായ യാത്രക്കാർ തങ്ങളുടെ വിചാരങ്ങളിലും ഉറക്കത്തിലും പകൽകിനാവിലും സ്വയം തളച്ചിട്ടിരിക്കുകയായിരുന്നു. ഒന്നും സംഭവിക്കാത്തപോലെ നാരായണൻ ആപ്തെ ശുചിമുറിയിൽനിന്നും ഇറങ്ങി തെൻറ സീറ്റിൽ വന്നിരുന്നു.
"സാലാ പാക്കിസ്ഥാനി" ആപ്തെ പിറുപിറുത്തു. തെൻറ തുണിസഞ്ചിയിൽനിന്ന് പരുത്തിതുണികൊണ്ടുള്ള വലിയ ടവ്വല്‍ എടുത്ത് മുഖം തുടച്ചു. അതിനുശേഷം അയാളുടെ മുഖം ശാന്തമായി കാണപ്പെട്ടു. ഇനിയും ജനിക്കാനിരിക്കുന്ന ഒരു പ്രവാചകെൻറ മുഖംപോലെ.
ഉറങ്ങിപ്പോയ അമ്മയുടെ മടിയിലിരുന്ന് തന്നെ നോക്കുന്ന കുട്ടിയെ ആപ്തെ അപ്പോഴാണ് ശ്രദ്ധിച്ചത്. അയാൾ അവനോട് അതിമനോഹരമായി പുഞ്ചിരിച്ചു. തീവണ്ടി ഒരു ചെറിയ നദികടന്ന് മുന്നോട്ട് നീങ്ങി. ആപ്തെയുടെ കൂട്ടുകാരൻ ശരിക്കും ഉറക്കംപിടിച്ചിരുന്നു. നേരിയ ശബ്ദത്തോടെ അയാൾ കൂർക്കം വലിക്കുന്നുമുണ്ട്.
കടുക് പാടത്തിനരികിലൂടെയുള്ള ചെമ്മൺപാതയിലൂടെ നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു ജാഥ കടന്ന് പോകുന്നത് ആപ്തെ കണ്ടു. അതിൽ ഒരു സ്ത്രീ പോലും ഇല്ല. അയാൾക്ക് ആ കോൺഗ്രസ് ജാഥയോട് പുച്ഛം തോന്നി. എന്തു മുദ്രാവാക്യമാണിവർ വായകീറി വിളിക്കുന്നത്. മതേതരത്വത്തിലൂടെ സമാധാനം ഇവിടെ നടപ്പില്ല. ഇതൊരു ഹിന്ദുഭൂരിപക്ഷ പ്രദേശമാണ്. ഹിന്ദുവിെൻറ വികാരങ്ങളെ വ്രണപ്പെടുത്തി ആർക്കും ഇവിടെ സമാധാനത്തോടെ ജീവിക്കാനാവില്ല. ആപ്തെ തീവണ്ടിയുടെ വേഗത കണക്കിലെടുക്കാതെ ജനലിനു പുറത്തേക്ക് നീട്ടിതുപ്പി. കാറ്റിൽ തട്ടി ആ പുച്ഛം എങ്ങോട്ടോ തെറിച്ചു പോയി.
തീവണ്ടിപുക കറുത്തനിറത്തിൽ വായുവിലേക്ക് മത്സരബുദ്ധിയോടെ വന്നുകൊണ്ടിരുന്നു. ഒരു വലിയ മുഴക്കത്തോടെ എന്തോ തീവണ്ടിയിൽനിന്നും തെറിച്ചുവീണതായി കൊച്ചിനെ മടിയിലിരുത്തി ഉറങ്ങുകയായിരുന്ന സ്ത്രീക്ക് തോന്നി. ഉറക്കത്തിൽ എന്തോ തോന്നിയതാവുമെന്ന് സംശയിച്ച് അവർ ചോദിച്ചു.
"ആഗ്ര കഴിഞ്ഞോ?''
സഹയാത്രികരോട് കൂട്ടുകൂടാൻ താൽപര്യമില്ലാത്തതിനാൽ ഒന്ന് മൂളുക മാത്രം ചെയ്ത് ആപ്തെ വീണ്ടും ശുചിമുറി ഭാഗത്തേക്ക് നടന്നു. രണ്ടാമതൊരുവട്ടം കൂടി ബലപ്രയോഗം നടത്താതെ ഭോഗിക്കാമെന്നാശയിൽ അയാൾ വാതിൽ മെല്ലെ തുറന്നു. കണ്ണുനീരാണോ വിയർപ്പാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം അവിടെ നനവടയാളം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"അവളെവിടെപ്പോയി?"
ആഗ്രഹം സാധിക്കാതെ വന്നതിെൻറ നിരാശയിൽ അയാൾ വാതിൽ വലിച്ചടച്ചു. എന്നിട്ട് വേഗം തന്നെ അടുത്ത ശുചിമുറിയിൽ പാളിനോക്കി. അവിടെയും അവളില്ല. അടുത്ത ബോഗിയിൽ പോയി നോക്കാനുള്ള ക്ഷമയൊന്നും അയാൾക്കില്ലായിരുന്നു. മനസ്സിനും ശരീരത്തിനും നിയന്ത്രിക്കാനാവാത്തവിധം അയാളുടെ വികാരം അണപൊട്ടിയിരുന്നു. ആ പിരിമുറുക്കം അയയാനെന്നോണം അയാൾ മൂത്രം മണക്കുന്ന കുളിമുറിയിൽനിന്ന് സ്വയം വികാരമടക്കി.
ഈ നേരമത്രയും തന്നെ സന്തോഷിപ്പിച്ചു നിര്‍ത്തിയ ബുര്‍ഖയണിഞ്ഞു വന്ന ആ തോന്നലിനു നന്ദി പറഞ്ഞുകൊണ്ട് ആപ്തെ പുറത്തിറങ്ങി.
കൂട്ടുകാരൻ ഉണർന്നപ്പോൾ നാരായണൻ ആപ്തെ കിടന്നുറങ്ങുന്നതാണ് കണ്ടത്. അടുത്തുണ്ടായിരുന്ന അമ്മയും കുഞ്ഞും അവരുടെ കുടുംബാംഗങ്ങളും മറ്റെങ്ങോട്ടോ മാറിയിരുന്നുകാണും. അല്ലെങ്കിൽ കഴിഞ്ഞ ഏതെങ്കിലും സ്റ്റേഷനിൽ ഇറങ്ങിപ്പോയതാവാനും മതി. അയാൾ നേരം കൊല്ലാനായി അങ്ങനെയോരോന്ന് ആലോചിക്കാൻ ശ്രമിച്ചു. അപരിചിതരെപ്പോലെ അയാളും ആപ്തെയും യാത്ര തുടർന്നു. തീവണ്ടിയുടെ ശബ്ദം അയാൾക്കപ്പോൾ ഏറെ പ്രിയപ്പെട്ടതായിത്തീർന്നിരുന്നു. തെൻറ എക്കാലത്തേയും സ്വപ്നത്തെയൂട്ടിയുറപ്പിക്കാനും അതിൽനിന്ന് അണുവിട വ്യതിചലിക്കാതിരിക്കാനുമായി എന്തെങ്കിലുമൊക്കെ പ്രചോദന വാക്യം എഴുതി പരിശീലിക്കുന്നതോ അടയാളം െവക്കുന്നതോ അയാൾ പതിവാക്കിയിരുന്നു.
"ഒരാളെ കൊല്ലാൻ ഒന്നിലധികം കാരണങ്ങൾ ഉണ്ടാകുന്നത് എത്ര ആനന്ദകരമാണ്. ആ സ്വപ്നത്തിൽ തന്നെ പിടിച്ചുനിൽക്കാൻ അതു പ്രേരിപ്പിച്ചുകൊണ്ടിരിക്കും.''
നാരായണൻ ആപ്തെയുടെ തുണിസഞ്ചിയിൽനിന്ന് ഒരു ചെറിയ ടബ്ബ അയാൾ പുറത്തെടുത്തു. അതില്‍ പേനാക്കത്തി, ചെപ്പി തോണ്ടി, സൂചിയും നൂലും, ചെറിയ കമ്പികഷണങ്ങൾ മുതലായ സാധനങ്ങൾ അടുക്കിവെച്ചിരിക്കുന്നു. അതിൽനിന്ന് കുറ്റിപെൻസിൽ പോലെ തോന്നിക്കുന്ന ഒരു കൂർത്ത കത്തിയെടുത്ത് തീവണ്ടിയുടെ മരപ്പലകയിൽ 55 എന്നെഴുതിവെച്ചു. തെൻറ ഹിന്ദുരാജ്യത്തിെൻറ സംസ്കാരമായ നദി ശത്രുരാജ്യത്തായിപ്പോയതിെൻറ അമർഷം ഊക്കോടെ ആ എഴുത്തിൽ പ്രതിഫലിച്ചിരുന്നു.
"എെൻറ രാജ്യത്തിെൻറ തീരുമാനം പറയാനുള്ള അവകാശം ആരാണ് ആ ഫക്കീറിന് നൽകിയത്. അയാളുടെ പ്രാർഥന എെൻറ രാജ്യത്തിേൻറതല്ല. അയാൾ രാജ്യം പകുത്തുകൊടുത്ത ഒറ്റുകാരനാണ്."
പല്ലു കടിച്ചുകൊണ്ട്, എഴുതിയതിെൻറ മുകളിലൂടെ അയാൾ ഒന്നുകൂടി കത്തി പായിച്ചു.
"അടുത്ത ശ്രമത്തിൽ ഞാനാ കിഴവെൻറ നെഞ്ച് പിളർക്കും."
ഗ്വാളിയോറിൽ ചെന്ന് ഡോ. ദത്താത്രേയ പാർച്ചുറേ വഴി കൈക്കലാക്കിയ തോക്ക് ഒരുനിമിഷം തലോടണമെന്ന് അയാൾ കൊതിച്ചു. നാരായണൻ ആപ്തെ ചുമച്ചതിനാൽ ആ ചിന്തയിൽനിന്ന് അയാൾ വേഗം സ്വബോധത്തിലേക്ക് ഉണർന്നു. ധീരനായ മനുഷ്യൻ ഇത്തരം കാൽപനികതയിൽ വിശ്വസിക്കാൻ പാടില്ലെന്ന് ഗുരു സവർക്കർ ഒരിക്കൽ ഉപദേശിച്ചത് അയാൾക്ക് ഓർമവന്നു. അന്നേരം അയാളുടെ ഷൂസിനുള്ളിൽ കിടന്ന് രണ്ട് വിരലുകൾ തമ്മിലിടഞ്ഞു. തീവണ്ടിയുടെ താളത്തിനൊത്ത് 55 എന്ന് പലവുരു ഉരുവിട്ടു. സൂര്യനമസ്കാരം ചെയ്ത് വഴക്കിയെടുത്ത ശരീരത്തിൽ അമർഷത്തിെൻറ വിയർപ്പ് പൊടിയുന്നത് അയാളറിഞ്ഞു. ലക്ഷ്യം ഇനി ഒട്ടും അകലെയല്ല. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ താൻ ജനലക്ഷങ്ങളുടെ വികാരം ഉയർത്തിപിടിക്കും. ആത്മവിശ്വാസത്തോടെ തീവണ്ടി മുന്നോട്ട് കുതിക്കുന്നത് അയാൾ പതിവില്ലാത്തവിധം ആസ്വദിച്ചു.
തെൻറ ജീവിതത്തിലെ ഏറ്റവും മനോഹരവും ശുഭാപ്തി നിറഞ്ഞതുമായ രാത്രിയായിരുന്നു ഇന്നലെ. ഡോ. ദത്താത്രേയ പാർച്ചുറേയുമായി സംസാരിച്ചിരിക്കുമ്പോൾ നക്ഷത്രങ്ങൾ മുഴുവനും ഗ്വാളിയോറിെൻറ ആകാശത്ത് വന്ന് തിക്കിതിരക്കി പ്രകാശം ചൊരിയുന്നതായി അനുഭവപ്പെട്ടിരുന്നു.
"രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്രയെത്ര ചെറുപ്പക്കാരാണ് ഹിന്ദു മഹാസഭയിൽ അംഗത്വമെടുക്കാൻ തയാറായിവന്നതെന്നോ.'' ഇതു പറയുമ്പോൾ വല്ലാത്ത ആവേശമായിരുന്നു ഡോക്ടർക്ക്.
''ഒറ്റയിനം പൂക്കൾ മാത്രം വിരിഞ്ഞുനിൽക്കുന്ന പൂന്തോട്ടം കാണാൻ എന്ത് ചേലായിരിക്കും. മഞ്ഞ് മാത്രം മൂടിനിൽക്കുന്ന ഹിമാലയ നിരകൾപോലെ ഒറ്റയിനം മനുഷ്യർ മാത്രമുള്ള രാജ്യം എത്ര മനോഹരവും സമ്പന്നവും ശക്തവും ആയിരിക്കും. വൈവിധ്യങ്ങൾ ഉണ്ടാകുമ്പോഴാണ് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത്. ബഹുസ്വരത എല്ലാ പുരോഗതിക്കും തടസ്സമാണ്. ഹിന്ദു വലിയ സാമ്രാജ്യമാണ്. ഒരു മാജിക്കുകാരെൻറ ജീവിത പരീക്ഷണങ്ങൾകൊണ്ട് യാതൊരു കാരണവശാലും അതു തകരാൻ പാടില്ല. പുണ്യപുരാതന നദികളും ആയുർവേദവും കാമസൂത്രവും എല്ലാം ഹൈന്ദവമാണ്. മനുസ്മൃതിയുടെ മക്കളെ മതം മാറ്റുന്നവരെ െവച്ചുപൊറുപ്പിക്കരുത്.''
പതിനായിരങ്ങളോട് പ്രസംഗിക്കുന്നതിെൻറ പ്രസരിപ്പോടെ അയാളിലേക്ക് തലേന്നത്തെ രാത്രി വീണ്ടും ഒഴുകിവന്നു. വല്ലാത്ത ഊർജമാണ് ഡോക്ടറുമായുള്ള സംസാരം നൽകിയത്. അതേപറ്റി ഓർക്കുംതോറും അദൃശ്യമായൊരു സുരക്ഷാകവചം ശരീരത്തിൽ പൊതിയുന്നതായി അയാൾക്ക് തോന്നി.
തീവണ്ടി വളരെ സാവധാനമാണ് നീങ്ങുന്നത്. ഇപ്പോൾ നിൽക്കുമെന്ന് തോന്നും. നാരായണൻ ആപ്തെ ഉറങ്ങുകയാണ്. കുട്ടികൾ ഉറങ്ങുമ്പോഴാണല്ലോ വളരുന്നത്. ഇയാളും അതെ. പക്ഷേ ശരീരമല്ലെന്ന് മാത്രം. ആപ്തെ ഉറങ്ങുമ്പോൾ അയാളുടെ ഉള്ളിലെ തിന്മകളാണ് വളർച്ച പ്രാപിക്കുന്നത്. പലപ്പോഴും മനസ്സിന് അയാളുടെ ശരീരത്തെ നിയന്ത്രിക്കാനാവാറില്ല. ഇന്നലത്തെ കാര്യംതന്നെ നോക്കൂ. ഡോക്ടർ വ്യക്തിശുദ്ധിയെ പറ്റിയും പരസ്ത്രീഗമനത്തെക്കുറിച്ചും സംഘടനയിലേക്ക് പുതുതായി വരുന്ന യുവാക്കളെ ബോധ്യപ്പെടുത്തണമെന്ന് പറഞ്ഞപ്പോൾ ആപ്തെ ഞങ്ങളുടെ സംസാരത്തിൽ വലിയ താൽപര്യം കാണിക്കാതെ ഇറങ്ങിപോവുകയാണുണ്ടായത്. ഡോക്ടർ ടെലിപതിയുള്ള മനുഷ്യനായതിനാൽ കാര്യം മനസ്സിലായിക്കാണും. ഗ്വാളിയോറിലെ വേശ്യകളുടെ മണത്തെപ്പറ്റി ആപ്തെ ഉറങ്ങുമ്പോൾ ചുണ്ടനക്കിയപ്പോഴാണ് തനിക്കത് മനസ്സിലായതെന്ന് മാത്രം.
യാത്രക്കാരെ ഒട്ടും അലോസരപ്പെടുത്താതെ നേർത്ത കുലുക്കത്തോടെ വണ്ടി നിന്നു. കാട്പിടിച്ചു കിടക്കുന്ന ഏതോ സ്ഥലമാണ്. വലിയ കുട നിവർത്തിപിടിച്ച് ആണുങ്ങള് മൂത്രമൊഴിക്കാൻ ഇരിക്കുന്നതു അയാൾ നോക്കിയിരുന്നു. തീവണ്ടി വീണ്ടും ചലിച്ചു തുടങ്ങി. ഒറ്റക്ക് എത്ര നേരം വേണമെങ്കിലും മൗനമായിട്ടിരിക്കാൻ അയാൾക്കാവും. വേണമെന്ന് െവച്ചാൽ മനസ്സുപോലും സംസാരിക്കില്ല. ഏകാഗ്രമായിരിക്കുന്ന കാര്യത്തിൽ ഒരാൾക്കും അയാളെ തോൽപിക്കാനാവില്ല. അതിനാൽ സ്വയം നിയന്ത്രിക്കാനുള്ള ശേഷി അയാൾക്ക് വളരെ കൂടുതലായിരുന്നു. ആപ്തെയെപ്പോലെ പ്രലോഭനങ്ങൾ അയാളെ ഒരിക്കലും വെട്ടിൽ വീഴ്ത്തുകയില്ല. ഇങ്ങനെയുള്ള ആളുകൾ എന്തെങ്കിലും തീരുമാനിച്ചാൽ പിന്നെ ലോകം കുലുങ്ങിയാലും അവരത് ചെയ്തിരിക്കും. കമ്പാർട്മെൻറിൽ ഇപ്പോൾ ആപ്തെയും അയാളും മാത്രമേ യാത്രക്കാരായുള്ളൂ. ആപ്തെ ഉണരുന്നതിനു മുൻപേ തലേന്ന് രാത്രിയെക്കുറിച്ച് ഒന്നുകൂടി അയവിറക്കാൻ അയാൾ ആഗ്രഹിച്ചു. വണ്ടിയുടെ താളത്തിനൊത്ത് ശരീരത്തെ വഴക്കിയെടുത്ത ശേഷം വീണ്ടും നിവർന്നിരുന്നു.
ഡോക്ടർ തുണിയിൽ പൊതിഞ്ഞ തോക്ക് മേശപ്പുറത്ത് െവച്ചു. മരുന്നു മണക്കുന്ന മനുഷ്യൻ അന്നേരം വളരെ ശാന്തനായിരുന്നു. വളരെ സ്ഫുടമായി സംസാരിക്കുന്ന തിളങ്ങുന്ന കണ്ണുകൾ ഉള്ള ഡോക്ടറെ ഒരു കൂടിക്കാഴ്ചയിലൊന്നും ആർക്കും മനസ്സിലാവില്ല. പക്ഷേ അയാൾക്ക് ആളുകളെ പെട്ടെന്ന് പിടികിട്ടും. രോഗകാരണം അവരുടെ കണ്ണിൽനോക്കി കണ്ടുപിടിക്കുന്നപോലെ. അയാൾ ഗ്വാളിയോറിെൻറ ആത്മാവാണ്. തെൻറ തലതൊട്ടപ്പനായ താത്യാറാവ് സവർക്കറിെൻറ മറ്റൊരു പതിപ്പ്. ആദ്യ കാഴ്ചയിൽ, ഒന്നും ഉരിയാടാതെതന്നെ അവർ സ്വപ്നം കൈമാറിയിരുന്നു.
"കൊണ്ടുപോകുമ്പോൾ കുപ്പായത്തിനുള്ളില്‍ സൂക്ഷിച്ചാ മതി."
ഡോക്ടർ തെൻറ നീണ്ട വിരലുകൾ പരസ്പരം ഉഴിഞ്ഞുകൊണ്ടു പറഞ്ഞു. നാരായണൻ ആപ്തെയോട് ഡോക്ടർ കൂടുതലൊന്നും സംസാരിച്ചില്ല. ഭക്ഷണം കഴിക്കുമ്പോഴും എെൻറ അരികിലാണ് ഇരുന്നത്. അപ്പോൾ അദ്ദേഹത്തിെൻറ ആത്മവിശ്വാസം കൂടി തനിക്ക് കടം തരുന്നതായി തോന്നി.
"ഹിന്ദുമഹാസഭയുടേതല്ല, ഹിന്ദുവിെൻറ തലസ്ഥാനമാണ് ഗ്വാളിേയാർ."
ഇടക്ക് എന്തോ പറയുന്നതിനിടയിൽ അദ്ദേഹം പറഞ്ഞത് ഓർക്കാൻ ഒരു കാരണംകൂടിയുണ്ട്. അത്രയും സമയത്തെ കൂടിക്കാഴ്ചക്കിടയിൽ അൽപം ഉറക്കെ പറഞ്ഞ വാക്കുകൾ ഇതാണ്. ഗ്വാളിയോറും അതിെൻറ ചരിത്രവും ഡോക്ടറുടെ രക്തത്തിലെ വികാരമാണ്. അതൊരു രോഗമല്ലാത്തതുകൊണ്ടു തന്നെ അതിനു മരുന്നില്ല. മേശപ്പുറത്ത് െവച്ച പൊതി ൈകെയിലെടുത്തപ്പോൾ അയാളുടെ ശരീരത്തിൽനിന്നും കുറേയധികം നദികൾ ഉറവ പൊട്ടി. ആനന്ദത്തിെൻറയും പകയുടെയും കുത്തിയൊഴുക്കായിരുന്നു പിന്നീട്.
ആൻഡമാനിലെ ജയിലറക്കുള്ളിൽ ജീവൻ നിലനിർത്താനായി സവർക്കർ അയവിറക്കിയ സ്വപ്നത്തിെൻറ ഒരു ചീള് അയാളുടെ ചങ്കിൽ കൊണ്ടു.
"എനിക്ക് ഇതൊന്നു ടെസ്റ്റ് ചെയ്യണം."
മുൻ അനുഭവം ആവർത്തിക്കാതിരിക്കാനായി അയാളുടെ മനസ്സ് മന്ത്രിച്ചു.
ഡോക്ടറും ആപ്തെയും ചങ്ങാതിയും കൂടി ആ പുരയിടത്തിെൻറ പിന്നാമ്പുറത്തെ അരണ്ട വെളിച്ചത്തിലേക്ക് നടന്നു. തോക്ക് കൊണ്ടുവന്ന മനുഷ്യൻ അവർക്ക് പിന്നാലെ സാവധാനം ചെന്നു. അഞ്ഞൂറു രൂപ പറഞ്ഞ തോക്കിന് മുന്നൂറു രൂപക്ക് വിലപേശിയത് അയാൾക്കത്ര ഇഷ്ടപ്പെട്ടിരുന്നില്ല. ബാക്കി പിന്നീട് തരാമെന്ന് ഡോക്ടർ ഇടനില നിന്നതുകൊണ്ടാണ് മനസ്സില്ലാ മനസ്സോടെ തോക്ക് കൈമാറാൻ സമ്മതിച്ചത്. ഒമ്പത് വെടിയുണ്ടകൾ അയാൾ കൂടെക്കരുതിയിരുന്നുവെങ്കിലും മുഷിപ്പ് തോന്നിയതിനാൽ എട്ടെണ്ണം മാത്രമേ ആദ്യം കൊടുത്തുള്ളൂ.
നാലുപേരും പരസ്പരം സംസാരിച്ചില്ല. കിളി കരയുകയോ മഴ പൊടിയുകയോ ചെയ്തില്ല. പുൽക്കൊടിയിലെ മഞ്ഞ് കണം താഴെവീഴാതെ ഭയംകൊണ്ട് പറ്റിപ്പിടിച്ചു നിന്നു. അതിർത്തിയിൽ വിഭാഗീയതയുടെ പ്രതീകമായി രാത്രിതണുപ്പിൽ ഉയർന്നുനിന്ന വൻമതിലിലേക്ക് ആപ്തയുടെ കൂട്ടുകാരൻ നിറയൊഴിച്ചു.
ഡോക്ടറും ആപ്തെയും തെല്ലും കുലുങ്ങിയില്ല. മതിലൊന്ന് ഇളകിയപ്പോൾ ചങ്ങാതി തോക്ക് ചൂണ്ടി നിൽക്കുന്നതിെൻറ നിഴൽ ചെറുതായി ഇളകിയത് ആപ്തെ കണ്ടു.
"കാഞ്ചി വലിക്കുമ്പോൾ നിെൻറ മനസ്സിൽ എന്തായിരുന്നു?"
ഡോക്ടർ തോളിൽ കൈയിട്ടുകൊണ്ട് ആപ്തേയുടെ ചങ്ങാതിയോട് ചോദിച്ചു.
"എെൻറ സ്വപ്നരാജ്യം."
"വെടിയൊച്ചകൾ തീർക്കുന്ന പിളർപ്പിൽനിന്നാണ് ദേശീയത ഉണ്ടാകുന്നത്." മതിലിൽനിന്ന് അടര്‍ന്നു വീണ കൽപ്പൊടിയെടുത്ത് ഡോക്ടര്‍ പാര്ച്യുറെ നെറ്റിയിൽ തൊട്ടു. ഭൂമി കരയുന്നതുപോലെ സകല പുൽക്കൊടികളിൽനിന്നും മഞ്ഞുകണങ്ങൾ നിലത്ത് വീണു. അസ്തിത്വം ഇല്ലാതായ നനവിനെ നോക്കി രാത്രി, നേരം വെളുക്കാൻ കിടന്നു.
"നാളെ ഡൽഹിയിൽ വണ്ടിയിറങ്ങുമ്പോൾ ആരെങ്കിലും പേര് ചോദിച്ചാൽ കള്ളം പറയരുത്. നീ ധീരനായ ദേശീയവാദിയാണ്, മണ്ണിെൻറ പുത്രൻ."
ഡോക്ടർ വിശ്രമിക്കാനുള്ള മുറി ആപ്തെക്കും ചങ്ങാതിക്കും കാണിച്ചു കൊടുത്തു. തുണിയിൽ പൊതിഞ്ഞ തോക്ക് തലയിണക്കടിയിൽവെച്ച് അയാൾ കിടന്നു.
"ബോംബെ അമൃത് സര് എക്സ്പ്രസ് വരാന്‍ ഇനിയും നേരമുണ്ട്. രാത്രി പത്തു കഴിഞ്ഞ് ഇവിടുന്ന് ഇറങ്ങിയാല്‍ മതി.''
കിടന്ന ഉടനെ ആപ്തെ മയങ്ങിപ്പോയി. അയാൾക്ക് പക്ഷേ ഉറക്കം വന്നില്ല. ''എങ്ങനെയെങ്കിലും ഡല്‍ഹിയില്‍ എത്തിയാല്‍ മതി. നേരം വെളുത്ത് കിട്ടിയാൽ മതി. എത്രയും പെട്ടെന്ന് നേർക്കുനേർ വന്നാൽ മതി, കാഞ്ചി വലിച്ചാൽ മതി.''
നന്നായി ശ്വാസം ഉള്ളിലേക്ക് വലിച്ച് അയാൾ ഉറങ്ങാനായി കണ്ണടച്ചു. അപ്പോൾ ആ മുറിയിലെ അശരീരി അയാളോട് ചോദിച്ചു:
"ധീരനായ മനുഷ്യാ നിങ്ങളുടെ പേരെന്താണ്?"
ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അയാൾ ആത്മവിശ്വാസത്തോടെ പറഞ്ഞു.
"നാഥുറാം വിനായക് ഗോഡ്സെ."
നാരായണൻ ആപ്തെ ഉണർന്നപ്പോൾ തെൻറ ചങ്ങാതി നല്ല ഉറക്കമായിരുന്നു. വണ്ടി ഓൾഡ് ഡൽഹി സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരുന്നു.
(തുടരും)
ആഴ്ചപ്പതിപ്പ് ഓൺലൈനിൽ വായിക്കാം