9mm ബെരേറ്റ -നോവൽ
ഇരകളുടെ ജാതകം
തിളയ്ക്കുന്ന വെള്ളത്തിന്റെ ശബ്ദം മാത്രമാണ് ആനന്ദി ബെന്നിനു കേൾക്കാനാവുന്നത്. കഴിഞ്ഞ ആറു മാസമായി അവർ കിടപ്പിലാണ്. വെട്ടിത്തിളക്കുന്ന വെള്ളത്തിന്റെ ഒച്ച അപകടകരമാംവിധം ഭയപ്പെടുത്തുമ്പോൾ മാത്രം അവർ കൈചലിപ്പിക്കും, ചുണ്ടനക്കും, അവർക്കുപോലും കേൾക്കാൻ കഴിയാത്തത്രയും നേർത്ത ശബ്ദത്തിൽ പറയും ''അടുപ്പ് ഓഫാക്കൂ...അടുപ്പ് ഓഫാക്കൂ...''
അശോക് ചാവ്ഡ ഉദ്യോഗത്തിൽനിന്ന് പിരിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ആനന്ദിക്ക് അസുഖം വന്നത്, പിന്നെ അധികം വൈകാതെ അവർ കിടപ്പിലാവുകയും ചെയ്തു. ഭാര്യയെ പരിചരിച്ചുകൊണ്ടു റിട്ടയർമെന്റ് ജീവിതം കഴിക്കുന്നതിൽ അശോക് ചാവ്ഡക്കു നിരാശയൊന്നുമില്ല. പക്ഷേ തന്റെ താങ്ങും തണലുമായവൾ അനങ്ങാതെ കിടക്കുന്നതു കാണുമ്പോൾ ആധിയാണ്. ഇനിയവൾ എഴുന്നേറ്റു നടക്കുമെന്ന പ്രതീക്ഷയൊന്നും അയാൾക്കില്ല. നടന്നില്ലെങ്കിലും കുഴപ്പമില്ല, മിണ്ടിത്തുടങ്ങിയാൽ മതിയായിരുന്നു...ഒരു മനുഷ്യന്റെ ഏകാന്തത ഒഴിവാക്കാൻ മുറിയിൽ ഇളകുന്ന കർട്ടൻ ഉണ്ടായാലും മതി. പക്ഷേ അനക്കമില്ലാത്തതു ഭയം വർധിപ്പിക്കുകയേ ഉള്ളൂ. ശ്വാസം എടുക്കുന്നതിന്റെ നേർത്ത അനക്കം ആനന്ദിയുടെ വസ്ത്രത്തിൽ പടരുന്നുണ്ടോ എന്ന് അശോക് ചാവ്ഡ ഇടക്ക് നീരിക്ഷിക്കും. ആ സൂക്ഷ്മമായ അനക്കം കണ്ടെത്തുമ്പോൾ അയാൾ നെടുവീർപ്പിടും. Life is nothing ,
but a series of Breath...
1980 ഐ.പി.എസ് ബാച്ചാണ് അശോക് ചാവ്ഡ. സ്വപ്രയത്നത്താൽ ജീവിതവിജയം നേടിയ മനുഷ്യൻ. പക്ഷേ കരിയറിൽ നേരിനും ഇഷ്ടങ്ങൾക്കും എതിരെ പ്രവർത്തിക്കേണ്ടിവരുമ്പോൾ ആണ് തളർന്നുപോയിരുന്നത്. അശോക് ചാവ്ഡ ഐ.ജി ആയിരിക്കുമ്പോഴാണ് കലാപമുണ്ടായത്. ഈ സമയത്തെല്ലാം വല്ലാത്ത പിരിമുറുക്കമായിരുന്നു. ഒറ്റ രാത്രികൊണ്ട് മുടിയെല്ലാം നരച്ചുപോയി എന്നാണ് ആ അനുഭവത്തെപ്പറ്റി അശോക് ചാവ്ഡ വിവരിക്കുക. വിവാഹം കഴിഞ്ഞ നാളുകളിൽ ആനന്ദിക്കും പൊലീസിന്റെ വീരകഥകൾ കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. അയാളെ സ്നേഹിക്കാൻ കിട്ടുന്ന നേരങ്ങളിൽ അവർ ചോദിക്കും.''െപാലീസിന്റെ കഥ പറയൂ...''
''പൊലീസിന് കഥയൊന്നുമില്ല, അവർക്കു പറയാൻ മറ്റുള്ളവരുടെ കഥകളെയുള്ളൂ.''
''എങ്കിൽ ആ അനുഭവങ്ങൾ പറയൂ...''
ഇങ്ങനെയുള്ള നിമിഷങ്ങളിൽ ഔദ്യോഗിക ജീവിതത്തിന്റെ പിരിമുറുക്കം അയഞ്ഞുപോകുന്നത് അശോക് ചാവ്ഡക്കു വലിയ ആശ്വാസം പകർന്നിരുന്നു. കലാപകാലങ്ങളിൽ പല രഹസ്യങ്ങളും അയാൾ ഭാര്യയോട് പങ്കുവെച്ചു. അന്നൊക്കെ എപ്പോഴാണ് വീട്ടിൽ വരുക, പോവുക എന്നൊന്നും നിശ്ചയമില്ലായിരുന്നു. അയാളെ അടുത്തിരുത്തി ആനന്ദി തലോടും. നിങ്ങൾ സത്യം വിട്ടു ഒന്നും ചെയ്യണ്ട എന്ന് പറയും. എന്നിട്ട് അയാൾക്ക് എത്രയും പ്രിയപ്പെട്ട ഇഞ്ചിച്ചായ ഉണ്ടാക്കിക്കൊടുക്കും.
മേലധികാരികളുടെ നിർദേശങ്ങൾ അയാളെ പലപ്പോഴും വെട്ടിലാക്കാറുണ്ട്. തല പൊട്ടിത്തെറിക്കുന്നതുപോലെ ചാവ്ഡക്കു തോന്നും. ഇങ്ങനെയുള്ള ദിവസങ്ങളിൽ അയാളെ സമനില തെറ്റാതെ കാത്തുസൂക്ഷിച്ചിരുന്നത് ആനന്ദിയാണ്.
''ഒന്നും ഓർത്ത് അധികം വിഷമിക്കേണ്ട, get into the problem, then the problem will get out of you'' ആനന്ദി അയാൾക്ക് ആത്മവിശ്വാസം നൽകും. അശോക് ചാവ്ഡക്കു അത്രയും മതിയായിരുന്നു. നെറികേടുകൾക്കൊന്നും അയാൾ കൂട്ട് നിന്നില്ല, വലിയ തെറ്റുകളിലേക്ക് വഴുതിവീണില്ല. വ്യാജ ഏറ്റുമുട്ടൽ കൊലപാതകം വിവാദമായപ്പോഴും യൂനിഫോമിൽ കറപുരളാതെ അശോക് ചാവ്ഡക്കു തലയുയർത്തി നടക്കാനായത് അതുകൊണ്ടാണ്. പക്ഷേ രഹസ്യങ്ങൾ അയാൾക്കു പുറത്തു പറയാൻ വയ്യ. അതിന്റെ ഭാരവുമായി ജീവിക്കുമ്പോഴാണ്, ഏറ്റവും പ്രിയമായതു നിശ്ചലമായത്. ആനന്ദി...അയാൾ വിളിക്കുന്നതൊന്നും അവരറിയുന്നില്ല. സർവിസ് കഥകൾ കേൾക്കാൻ അവർക്കു ഇഷ്ടമായിരുന്നു. ഇപ്പോഴും അത് കേൾക്കാൻ ആനന്ദി കാതോർക്കുന്നുണ്ടാവുമോ? അയാൾ ഭാര്യയുടെ നേർത്ത കൈകളിൽ പിടിച്ചു.
''നിനക്ക് കഥകൾ കേൾക്കണോ?''
ഒരു ദിവസം കട്ടിലിന്റെ അരികിൽ ഇരുന്നു ആനന്ദിയുടെ ഹൃദയമിടുപ്പു നിരീക്ഷിക്കുകയായിരുന്ന ചാവ്ഡ ചോദിച്ചു. യാതൊരു പ്രതികരണവും ഇല്ല. അയാൾക്കു സങ്കടം വന്നു.
''അടുപ്പ് ഓഫാക്കൂ...അടുപ്പ് ഓഫാക്കൂ...'' ഇങ്ങനെ പറയുമെന്നാണ് അശോക് ചാവ്ഡ കരുതിയിരുന്നത്. പേക്ഷ അവർ മയങ്ങി കിടന്നു. സങ്കടം സഹിക്കാൻ കഴിയാതെ അയാൾ പ്രിയപ്പെട്ടവളോട് കഥ പറയാൻ തുടങ്ങി.
വര്ഷങ്ങള്ക്ക് മുമ്പ് നടന്ന കാര്യമാണ് ആനന്ദി... അന്ന് ഞാൻ കമീഷണർ ആയിരുന്നു. ചോരത്തിളപ്പുള്ള കാലം. വിചിത്രമായ കേസായിരുന്നു അത്. മാച്ച് ലാ ദേവിയും കിഷൻ കുമാറും വിവാഹിതരായിട്ടു ഏതാനും ദിവസങ്ങളെ ആയിരുന്നുള്ളൂ. ഒരു ദിവസം ഇരുവരും സിനിമക്ക് പോയി, അവർ താമസിക്കുന്ന സ്ഥലത്തുനിന്ന് വളരെ അകലെയായിരുന്നു തിയറ്റർ. പട്ടേലുമാർ തിങ്ങി പാർക്കുന്ന പ്രദേശത്തെ വഴിയിലൂടെയാണവർ സ്നേഹം പറഞ്ഞു നടന്നത്. ഒരു വളവു കഴിഞ്ഞപ്പോൾ വൃദ്ധനായ സർപഞ്ചിന്റെ നേതൃത്വത്തിൽ കുറെ ചെറുപ്പക്കാർ അവരെ വളഞ്ഞു.
''എന്താടിയിത്?'' വൃദ്ധൻ ചോദിച്ചു. മാച്ച് ലാ ദേവി അമ്പരന്നു കിഷൻകുമാറിനെ നോക്കി. ഇരുവർക്കും ഒന്നും മനസ്സിലായില്ല.
''ഊരെടി ചെരിപ്പ്'', ആൺകൂട്ടം അലറി.
അപ്പോഴാണ് കിഷൻകുമാറിന് കാര്യം മനസ്സിലായത്. അവിടെ ദലിതർക്കു ചെരിപ്പിട്ടു നടക്കാൻ അവകാശമില്ല. കല്യാണത്തിന് വാങ്ങിയ പുത്തൻ ചെരിപ്പായിരുന്നു. അയാൾ എന്തെങ്കിലും പറയുംമുമ്പേ ഒരു ചെറുപ്പക്കാരൻ അവളുടെ മുടി കൂട്ടിപ്പിടിച്ചു. മാച്ച് ലായുടെ കണ്ണിൽനിന്നും വേദന പിടഞ്ഞു. കിഷൻകുമാറിന് തടുക്കാനായില്ല. അയാളെയും അവർ വലിച്ചിഴച്ച് ആൽമരത്തിന്റെ ചോട്ടിലേക്കു കൊണ്ടുപോയി. ഒച്ചകേട്ടു ആൾക്കാർ കൂടി. ഊരിപ്പിടിച്ച ചെരിപ്പുമായി കിഷൻകുമാർ ദയനീയമായി എല്ലാവരെയും നോക്കി. ''അടിക്കടാ അവളെ'' വൃദ്ധൻ സർപഞ്ച് ആജ്ഞാപിച്ചു. പ്രിയതമയെ തല്ലാന് അയാൾക്കായില്ല. എല്ലാ ശക്തിയും ചോർന്നുപോയ കിഷൻകുമാറിനെ ഒരു ചെറുപ്പക്കാരൻ മുട്ടൻ വടികൊണ്ട് മുതുകിനടിച്ചു. അയാൾ വീണുപോയി.
''മര്യാദക്ക് അവളെ തല്ലുന്നതാണ് നിനക്ക് നല്ലത്.''
കിഷൻ വേദനകൊണ്ടു പിടഞ്ഞു. മനസ്സില്ലാമനസ്സോടെ അവൻ ഭാര്യയെ തല്ലി.
''ചെരിപ്പുകൊണ്ട് തലോടാനല്ല പറഞ്ഞത്'', സർപഞ്ച് ഒച്ചവെച്ചു.
ആൾക്കൂട്ടം ആർപ്പുവിളിച്ചു. കിഷൻ ചെരിപ്പെടുത്തു വീണ്ടും ഭാര്യയുടെ മുഖത്ത് ആഞ്ഞടിച്ചു.
അവൾ കരഞ്ഞുകൊണ്ട് സർപഞ്ചിന്റെ കാലുപിടിച്ചു.
''ഞങ്ങളെ വെറുതെ വിടണം. ഇനി അവൾ ഒരിക്കലും ചെരിപ്പിടില്ല'', അയാൾ കേണു, വൃദ്ധൻ കാലുനീട്ടി അവനെ ചവിട്ടിയകറ്റി.
''ഇവറ്റകൾക്ക് തക്കതായ ശിക്ഷ കൊടുക്കണം, ഇതാവർത്തിക്കാൻ പാടില്ല.''
അശോക് ചാവ്ഡ വിവരിക്കുന്നത് കേട്ടുകൊണ്ടിരിക്കെ ആനന്ദി മൂളാൻ തുടങ്ങി. ചാവ്ഡക്കു ആശ്വാസമായി. അയാൾ ഉറക്കെ തുടർന്നു...
ചെറുപ്പക്കാർ മാച്ച് ലാ ദേവിയെയും കിഷൻകുമാറിനെയും വലിച്ചിഴച്ചു തെരുവിന്റെ മറുപുറത്തെത്തിച്ചു. അവിടെ വെച്ച് കിഷനോട് ഭാര്യയുടെ തല മുണ്ഡനം ചെയ്യാൻ ആവശ്യപ്പെട്ടു. മാച്ച് ലാ വാവിട്ടുകരഞ്ഞു. അതൊന്നും ഒരാളും ചെവിക്കൊണ്ടില്ല. കിഷൻ വിറകൈകളോടെ യാചിച്ചു. യാതൊരു ഫലവുമുണ്ടായില്ല.
ഭാര്യയുടെ തല അയാൾ ക്ഷൗരം ചെയാൻ തുടങ്ങി. മാച്ച് ലാ വിധിയെ പഴിച്ചു എണ്ണിപ്പെറുക്കി കരഞ്ഞു. അവളുടെ കണ്ണുനീർ സർപഞ്ചും കൂട്ടരും ശരിക്കും ആസ്വദിച്ചു. ആൾക്കൂട്ടം കൈയടിച്ചു. മുടിമുഴുവനും നിലത്തു ചത്തുവീണു. അവൾ അണിഞ്ഞ ചെരുപ്പിൽ പുണ്യാഹം തളിച്ച ശേഷം വൃദ്ധൻ അതുകൊണ്ടു അവളുടെ മൊട്ടത്തലക്കടിച്ചു അനുഗ്രഹിച്ചു. ആൾക്കൂട്ടവും അവളെ കൂടുതൽ അപമാനിക്കാനായി കൂവി. ചെരിപ്പ് അൽപനിമിഷത്തിനകം മാലയായി. ഉപേക്ഷിക്കപ്പെട്ട മുടി മാച്ച് ലാ വാരിപ്പുണർന്നു തേങ്ങി. മുടി അവളുടെ സാരികോന്തലയിൽ കെട്ടിവെച്ച ശേഷം ആൾക്കൂട്ടം ഇരുവരെയും വീട്ടിലേക്കു പിൻനടത്തി. ചെരുപ്പ് മാല മാച്ച് ലാ ദേവിയുടെ കഴുത്തിൽ വിഷപ്പാമ്പ് ചുറ്റികിടന്നതുപോലെ കിഷന് തോന്നി.
നിസ്സഹായതയുടെ കാല്വെപ്പുകളോടെ, ചളിയും മണ്ണും പുരണ്ട്, ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിക്കൊപ്പം അവർ വീട്ടിലെത്തി. കോളനി മുഴുവനും നിശ്ശബ്ദമായി. ആൾക്കൂട്ടം ഒഴിഞ്ഞുപോയപ്പോൾ തെരുവുപട്ടികൾ മാത്രം കുരച്ചു പ്രതിഷേധിച്ചു.
ആനന്ദി ഇതു കേട്ട് ചുണ്ടനക്കി, കൈവിരൽ ചലിപ്പിച്ചു. ശ്വാസമെടുക്കുന്നതു ഉച്ചത്തിലായി. അവരുടെ മിടിപ്പ് ചാവ്ഡ അറിഞ്ഞു. അയാൾക്ക് സന്തോഷം തോന്നി, അവൾ മൂളുന്നുണ്ട്...
ഈ കേസിൽ സർപഞ്ചും കൂട്ടരും അകത്തായി. അവരെ റിലീസ് ചെയ്യാൻ ആണ് ആദ്യം സമ്മർദം ഉണ്ടായത്. ഞാനതു ചെയ്തില്ല. എനിക്കീ സംഭവം ഒരുതരത്തിലും ന്യായികരിക്കാനാവുമായിരുന്നില്ല. ക്രൈം ചെയ്യുന്നവർക്ക് ജാതിയുടെ പേരിൽ ഇളവൊന്നും കൊടുക്കാൻ കഴിയില്ലെന്ന് ഞാൻ നിലപാടെടുത്തു. അതിനായിരുന്നു കരിയറിലെ ആദ്യത്തെ ട്രാൻസ്ഫർ!
ചാവ്ഡ എത്രയും പ്രിയത്തോടെ ആനന്ദിയെ നോക്കി. അവർ ചിരിക്കാൻ ശ്രമിക്കുന്നതുപോലെ ചാവ്ഡക്കു തോന്നി.
ആനന്ദി മൂളുമ്പോഴാണ് അവളുടെ ഉള്ളിൽ പ്രാണൻ ഉണ്ടെന്നു ചാവ്ഡക്കു ബോധ്യമാവുന്നത്. ആനന്ദി അനങ്ങാതിരിക്കുമ്പോൾ അയാൾക്ക് ഭയമാണ്. അവളുടെ മൂളൽ കേൾക്കാൻ വേണ്ടി, ചുണ്ടനക്കം കാണാൻവേണ്ടി മാത്രം അയാൾ ഇതുപോലുള്ള അനുഭവകഥകൾ പറയുന്നത് പതിവാക്കി. കഥകൾ മനുഷ്യനെ അബോധത്തിലും നിലനിർത്തുന്നു.
നരോധയിൽനിന്നും അഹമ്മദാബാദിലേക്കു മടങ്ങുന്ന വഴിയാണ് സുപ്രിയ പട്ടേലിന് സഹപ്രവർത്തകനായിരുന്ന ഗൗരവ് ഖരയെ വിളിക്കാൻ തോന്നിയത്.
''നീ വീട്ടിലുണ്ടോ?''
''തൊഴിൽരഹിതനോട് ചോദിക്കാൻ പറ്റിയ ചോദ്യം, ഞാനെവിടെ പോകാനാണ്. ഇങ്ങോട്ടു വന്നോളൂ.''
എഡിറ്ററുമായി ഉടക്കി പിരിഞ്ഞതാണ് ഗൗരവ്. അവൻ അങ്ങനെയാണ് ഒന്നിനും വിട്ടുവീഴ്ചയില്ല. പെയ്ഡ്സ്റ്റോറിയുടെ കാര്യം പറഞ്ഞാണ് വഴക്കടിച്ചത്. മാനേജ്മെന്റിന്റെ താൽപര്യമോ എഡിറ്ററുടെ നിർദേശമോ ഒന്നും അവനെ ബാധിക്കാറില്ല. ഐഡിയോളജി ഇത്രയധികം പ്രാക്ടിക്കലാക്കാൻ നോക്കുന്ന ഒരാളെ സുപ്രിയ വേറെ കണ്ടിട്ടില്ല.
വീട്ടിൽ കാപ്പി കുടിച്ചിരിക്കുമ്പോൾ സുപ്രിയ അവനോടു ചോദിച്ചു:
''ജോലി വിട്ടതിൽ നീ റിഗ്രറ്റ് ചെയ്യുന്നുണ്ടോ?''
''നെവർ, എനിക്ക് യാതൊരു ഗിൽറ്റി ഫീലിങ്ങ്സും ഇല്ല സുപ്രിയ. നമ്മുടെ ശരികളിൽ ജീവിക്കുന്നതിന്റെ സമാധാനം ഉണ്ട്.''
''ഞാനിന്നു അശോക് ചാവ്ഡാ സാറിനെ കണ്ടിരുന്നു.''
''അദ്ദേഹം പ്രസിനെ കാണാൻ കൂട്ടാക്കിയോ?''
''കുറെ മാസങ്ങളായി ഞാൻ പിന്നാലെ നടക്കുന്നു. നീ ചെയ്യേണ്ടിയിരുന്ന സ്റ്റോറിയാണ്.''
ഗൗരവ് ഖരെ പുഞ്ചിരിച്ചു.
''അദ്ദേഹം എന്തുപറഞ്ഞു, എന്തെങ്കിലും സ്കൂപ്?''
''ഇല്ല ഒന്നും വിട്ടു പറഞ്ഞില്ല. അദ്ദേഹത്തിന്റെ ജീവിതമാകെ മാറിപ്പോയി ഗൗരവ്. വല്ലാത്ത ഒരു സ്ഥലത്താണിപ്പോൾ താമസിക്കുന്നത്. നരോദ് പാട്യയിൽനിന്നും കുറച്ചു പോകണം. അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ചാവ്ലകളും വൃത്തിഹീനമായ ചേരികളും കടന്നു വേണം അദ്ദേഹത്തിന്റെ ബംഗ്ലാവിലെത്താൻ. അവിടെ ഒരു സർക്കാർ സ്കൂൾ ഉണ്ട്. അതിന്റെ ഇടതുവശത്തുള്ള റോഡ് ചെന്നവസാനിക്കുന്നതു ചാവ്ഡാ സാറിന്റെ താമസസ്ഥലത്താണ്. ദരിദ്രര് തിങ്ങിപ്പാർക്കുന്ന പ്രദേശം. ആ ഹൗസിങ് കോളനിയിലെ ഏക വലിയ വീട് ചാവ്ഡാ സാറിന്റേതാണ്.''
''അദ്ദേഹത്തിന് ടൗണിൽ വീട് വെക്കാമായിരുന്നല്ലോ, ഇത്രയും വലിയ പദവിയിൽ ഇരുന്ന ആളല്ലേ...''
''അതേക്കുറിച്ചു അദ്ദേഹം പറഞ്ഞു. വീട് വെക്കാൻ നോക്കിയിട്ടു നടന്നില്ലപോലും. ജാതിയായിരുന്നു പ്രശ്നം. മുമ്പ് െവച്ച വീടിന്റെ അടുത്തുള്ള ബാർബർ മുടിവെട്ടാൻ കൂട്ടാക്കാറില്ലായിരുന്നുവത്രെ. ഐ.ജി ആയിരുന്ന ഒരാളുടെ അവസ്ഥയാണിത്. അതിനാൽ പിന്നീട് അഹമ്മദാബാദിൽനിന്നും അകലെ പോയി വീട് വാങ്ങേണ്ടി വന്നു.''
''നമ്മുടെ സംസ്ഥാനത്തെ ഏറ്റവും സത്യസന്ധനായ പൊലീസ് ഓഫീസർ ആയിരുന്നു അദ്ദേഹം. കലാപം റിപ്പോർട്ട് ചെയ്യാൻ പോയ സമയത്തെല്ലാം ഞാനതു മനസ്സിലാക്കിയിട്ടുണ്ട്'', ഗൗരവ് പറഞ്ഞു.
''അദ്ദേഹം ഇപ്പോഴും പഴയതുപോലെതന്നെയുണ്ട്. കൊമ്പൻ മീശയും ഫയൽവാന്റെ മേനിയഴകും കാത്തുസൂക്ഷിക്കുന്നു.''
''കവി നീരവ് പട്ടേലിന്റെ വലിയ ആരാധകനാണദ്ദേഹം.''
''ഓ... അതൊരു പുതിയ അറിവാണല്ലോ.''
കാപ്പിക്കൊപ്പം കിട്ടിയ ബർഫിയിലെ അണ്ടിപ്പരിപ്പ് സുപ്രിയ നുള്ളിത്തിന്നു. ഗൗരവ് അതിനിടക്ക് ജോലിക്കാരിക്ക് കാശു എടുത്തുകൊടുക്കാൻ പോയി.
''മാസാവസാനമല്ലേ, അവരതിനുവേണ്ടി കാത്തുനിൽപ്പുണ്ടായിരുന്നു, ഞാനക്കാര്യം വിട്ടുപോയി'', ഗൗരവ് തിരിച്ചു വന്നുകൊണ്ടു പറഞ്ഞു.
''നീയിനി ജോലിക്കു കയറുന്നില്ലേ?''
''പത്രപ്രവർത്തനം എനിക്ക് മടുത്തു സുപ്രിയ... നമ്മളൊക്കെ വലിയ പ്രത്യേകതകൾ ഉള്ള ആൾക്കാരാണെന്നാണ് നമ്മൾ വിചാരിക്കുന്നത്. ഫോര്ത് എസ്റ്റേറ്റ്, വിസിൽ ബ്ലോവേഴ്സ് ... ഒരു കാര്യവും ഇല്ല. ആനിമൽ ഫാമിൽ ഓർവെൽ എഴുതിയതാണ് ശരി, എല്ലാവരും സമന്മാരാണ്. ചിലർ കൂടുതൽ സമന്മാരാണ്.'' ഗൗരവ് ഇതു പറഞ്ഞു കഴിഞ്ഞതും സുപ്രിയയിൽനിന്ന് കണ്ണുവെട്ടിച്ചുകൊണ്ട് തന്റെ കാല്പാദത്തിലേക്കു നോക്കിയിരുന്നു.
''അപ്പോൾ എന്താണ് ഭാവിപരിപാടി?''
''ആശങ്കകൾ ഒന്നുമില്ല, ഗോധ്രക്കടുത്തു അമ്മയുടെ കുറച്ചു സ്ഥലം ഉണ്ട്, ഭൂമാഫിയ നോട്ടമിട്ടതാണ്. അവിടെ കൃഷിചെയ്യാം എന്ന് വിചാരിക്കുന്നു.''
സുപ്രിയ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല. അവിടെ നിന്ന് ഇറങ്ങുമ്പോൾ അവൾ ഗൗരവിന്റെ കാൽപാദത്തിലെ മുറിവടയാളം ശ്രദ്ധിച്ചു. മന്ത്രിയുടെ അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ അനുയായികൾ കൊടുത്ത സമ്മാനം. ഏഴുമാസം ആശുപത്രിവാസം. ഗൗരവ് ഡിസ്ചാർജ് ആവുന്നതിനും മുമ്പേ മന്ത്രി ജയിലിൽനിന്നും ഇറങ്ങിയിരുന്നു.
''ഈ ലോകം പലപ്പോഴും നല്ല മനുഷ്യരെ അർഹിക്കുന്നില്ല.'' വീട്ടിലേക്കു ഡ്രൈവ് ചെയുമ്പോൾ അവൾക്കു ഗൗരവിനെ ഓർത്തു കരച്ചിൽ വന്നു.
''രഹസ്യം പറയുന്നത് ആപ്പിൾ കൈമാറുന്നതുപോലെ അത്ര എളുപ്പമല്ല. എന്റെ കൈയിലുള്ള ആപ്പിൾ ഞാൻ സുപ്രിയക്ക് തന്നു എന്നിരിക്കട്ടെ, പിന്നെ എന്റെ കൈയിൽ ആപ്പിൾ ഇല്ല. സുപ്രിയയുടെ കൈയിൽ ഉണ്ടുതാനും. അങ്ങനെയുള്ള കൈമാറ്റത്തിൽ ഞാൻ സേഫ് ആണ്. പക്ഷേ രഹസ്യം കൈമാറിക്കഴിഞ്ഞാൽ അങ്ങനെയല്ല. അത് നിങ്ങളുടെ കൈയിലുമുണ്ടാവും എന്റെ കൈയിലുമുണ്ടാവും. ഇങ്ങനെയുള്ള ഇടപാടിൽ രണ്ടുകൂട്ടരും സുരക്ഷിതരല്ല.''
അശോക് ചാവ്ഡ പിന്നീട് പറയാം എന്ന് പറഞ്ഞ രഹസ്യം എന്താവും? സുപ്രിയക്ക് തീരെ ഉറക്കം വന്നില്ല. പിറ്റേ ആഴ്ച അവിടെ ചെല്ലുമ്പോൾ അശോക് ചാവ്ഡ മുറ്റത്തു തന്നെയുണ്ടായിരുന്നു. ഗേറ്റ് തുറക്കുമ്പോഴാണ് മുമ്പ് വന്നപ്പോൾ ശ്രദ്ധയിൽപെടാത്ത കാര്യം സുപ്രിയ കണ്ടത്. ഗേറ്റിന്റെ മതിലിൽ, ചാവ്ഡ ഇതുവരെ വഹിച്ച പദവികൾ എല്ലാം മാർബിൾ ഫലകത്തിൽ കൊത്തിെവച്ചിട്ടുണ്ട്. അതിൽ വള്ളിച്ചെടികൾ പടർന്നതിനാൽ പൂർണമായി കാണാനാവുന്നില്ല. മുറ്റത്തെ പൂന്തോട്ടത്തിൽ ധാരാളം ചെടികൾ ഉണ്ടായിരുന്നു. അതിനെല്ലാം ആവശ്യത്തിൽ കൂടുതൽ വെള്ളമൊഴിച്ചതിന്റെ നനവ് ചട്ടികൾക്കു പുറത്തേക്കു ഒഴുകിക്കിടന്നിരുന്നു.
''എല്ലാം ആനന്ദി നോക്കി നടത്തിയതാണ്. ചെടികൾ അവൾക്കു വളരെ ഇഷ്ടമാണ്.''
ചാവ്ഡ വാതിൽ തുറന്നുകൊണ്ടു പറഞ്ഞു.
വീടിന്റെ ചുമർ നിറയെ ഫോട്ടോകൾ ഭംഗിയായി തൂക്കിയിട്ടിട്ടുണ്ട്. പല പ്രമുഖരുടേയും കൂടെ ചാവ്ഡാ നിൽക്കുന്ന ചിത്രങ്ങൾ. ഞാനതെല്ലാം ശ്രദ്ധിച്ചിരിക്കുന്നതിന്റെ ഇടയിൽ ചാവ്ഡ അടുക്കളയിൽ പോയി ചായ ഇട്ടുകൊണ്ടുവന്നു.
''ഇഞ്ചിച്ചായയാണ്. സുപ്രിയക്ക് ഇഷ്ടമാകുമോ എന്നറിയില്ല.''
കപ്പ് നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ചായക്ക് പ്രത്യേക രുചിയുണ്ടായിരുന്നു. ഞാൻ ചിരിച്ചു.
''ആനന്ദി നന്നായി ചായ ഇടും. ഞാനുണ്ടാക്കുന്ന ഇഞ്ചിച്ചായ അവളുണ്ടാക്കുന്നത്ര പോരാ. നടക്കാൻ സാധിച്ചിരുന്നെങ്കിൽ സുപ്രിയക്ക് ആനന്ദി ഉഗ്രൻ ചായ തന്നു സൽക്കരിക്കുമായിരുന്നു.''
ആ വാക്കുകളിൽ നേർത്ത സങ്കടം ഉള്ളതിനാൽ ഞാൻ തിരിച്ചൊന്നും പറയേണ്ടെന്നു വെച്ചു. ചുണ്ടു തുടച്ച ശേഷം ഞാൻ ചോദിച്ചു:
''സർ, സർവീസിൽ ഇരിക്കുമ്പോൾ ജാതിയുടെ പേരിൽ വിവേചനം നേരിട്ടിരുന്നോ?''
''ദലിതൻ എന്ന ലേബൽ എപ്പോഴും വേട്ടയാടും. മുതിർന്ന ഓഫിസർമാരുടെ വൃത്തികേടുകൾക്കു കൂട്ടുനിൽക്കേണ്ടിവരും. പക്ഷേ ഞാൻ അത്തരം ഓർഡറുകൾ ഒന്നും ചെവിക്കൊള്ളാറില്ല. ദലിതനാണെന്നറിഞ്ഞാൽ, അവനോടു എന്തും ആവാമെന്ന മനോഭാവമാണ്. ദലിതർക്കു ആത്മാഭിമാനം ഇല്ലെന്നാണവർ കരുതുന്നത്. കോൾഡ് ബ്ലഡഡ് മർഡർ ചെയ്യാനൊക്കെ അവർ പറയും. നമ്മൾക്കും ആദർശവും അഭിമാനവും ഉണ്ടെന്നു അവർ അംഗീകരിക്കില്ല. ഉയർന്ന ജാതിയിൽപെട്ട പൊലീസ് ഓഫിസർമാരാണ് എല്ലാവരുടെയും ഗുഡ് ബുക്കിൽ ഇടം നേടുക.''
''പൊലീസിൽ മാത്രമല്ല ജാതിവിവേചനം ഉള്ളത്. നിങ്ങളുടെ പത്രസ്ഥാപനങ്ങളിലും ഉണ്ടല്ലോ. ഈയിടെ മഹാനായ ദലിത് കവി നീരവ് പാട്ടീൽ അന്തരിച്ചു. ഒരു പത്രത്തിൽപോലും അത് വാർത്തയായില്ല. ചരമകോളത്തിൽപോലും കൊടുത്തില്ല. അദ്ദേഹത്തിന്റെ പേര് സോമോ ഹിരോ ചമാർ എന്നായിരുന്നു. ജാതിവിവേചനം സഹിക്കാനാവാതെയാണ് അദ്ദേഹം പേരുപോലും മാറ്റിയത്. ഉയർന്ന ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും കവിതകൾ എഴുതി. വലിയ അക്കാദമിക് ബാക്ക്ഗ്രൗണ്ട് ഉണ്ടായിരുന്ന മനുഷ്യനാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ Ph.D ഉണ്ടായിരുന്നു. എന്നിട്ടും ജാതിസമൂഹം അദ്ദേഹത്തോട് എന്താണ് ചെയ്തത്? കീഴ്ജാതിക്കാരനെ മരിച്ചാലും ജാതി വേട്ടയാടും.''
''ഞാനദ്ദേഹത്തെ വായിച്ചിട്ടില്ല സർ...''
''വായിക്കണം. burning from the both the ends, what did I do to be black and blue തുടങ്ങിയ കവിതകൾ ഗംഭീരമാണ്.''
എപ്പോഴെങ്കിലും വ്യാജ ഏറ്റുമുട്ടൽ നടപ്പാക്കാൻ സാറിനോട് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ?
''ഉണ്ട്. അമിത് പുരോഹിത് ഒരിക്കൽ ആവശ്യപ്പെട്ടിരുന്നു. അയാൾക്കു മനുഷ്യാവകാശത്തിലൊന്നും വലിയ വിശ്വാസമില്ല. മനുഷ്യാവകാശ കമീഷൻ പിരിച്ചുവിടണമെന്ന പക്ഷക്കാരനാണ്.''
ആരെ കൊല്ലാനാണ് ഉത്തരവ് തന്നിരുന്നത്?
''ഒരു കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. സർദാർമാരെ. അതിൽ ഒരാൾ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നു. ഞാൻ പക്ഷേ പുരോഹിതിനെ ചെവിക്കൊണ്ടില്ല. പ്രതികൾ നിരപരാധികൾ ആയിരുന്നു. അവർക്കൊന്നും ജീവിക്കാൻ അവകാശമില്ല, കൊന്നുകളയൂ എന്നാണ് പുരോഹിത് പറഞ്ഞത്.''
എന്റെ കീഴ് ഉദ്യോഗസ്ഥർക്ക് അയാൾ ഓർഡർ നൽകുമെന്ന് ഞാൻ ഭയന്നു. അതിനാൽ ഞാനവരെയെല്ലാം ഓഫീസിലേക്ക് വിളിപ്പിച്ചു. പ്രതികളെ കൊല്ലാൻ എനിക്ക് ഓർഡർ കിട്ടിയിട്ടുണ്ട്, പക്ഷേ നമ്മളാരും അവരെ തൊടുകയില്ല, ഞാനതു ചെയ്യില്ല, അതുകൊണ്ടു നിങ്ങളും അത് ചെയ്യരുത്. ഇത് എന്റെ ഓർഡറാണെന്ന് പറഞ്ഞു. സബ് ഓർഡിനേറ്റ്സിനു കാര്യം പിടികിട്ടി. എന്റെ കടുത്ത നിലപാടുകൊണ്ടാണ് അന്ന് സർദാർമാർ രക്ഷപ്പെട്ടത്.''
പിന്നീട് ധാരാളം വ്യാജ ഏറ്റുമുട്ടൽ കൊലകൾ നടന്നല്ലോ? മുംബൈയിൽനിന്നുള്ള ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടു..
''ലഷ്കർ തീവ്രവാദിയാണെന്നും പറഞ്ഞാണ് ആ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പുരോഹിതിന്റെ നിർദേശപ്രകാരമാണ് നടപ്പാക്കിയത്. സംഭവത്തിന് മുമ്പെയുള്ള ഒരാഴ്ചക്കാലം അവളെയും കാമുകനെയും പുരോഹിതിന്റെ ഫാം ഹൗസിലാണ് താമസിപ്പിച്ചിരുന്നത്. പുരോഹിതിനെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് പ്രചരിപ്പിച്ചത്. ഞാൻ ലീവിൽ പോയ ദിവസങ്ങളിൽ ആണ് ഈ അനിഷ്ടസംഭവം നടന്നത്. എല്ലാ കാര്യങ്ങളും നമുക്ക് തടുക്കാനാവില്ലല്ലോ?''
ഇവർക്ക് വേണ്ടി നിലകൊള്ളാതിരുന്നതുകൊണ്ടാണോ സർ ഡി.ജി ആവാതിരുന്നത്?''
അത് സുപ്രിയക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ...
ഇതും പറഞ്ഞു ചാവ്ഡ സർ ഉറക്കെ ചിരിച്ചു. അപ്പോൾ അകത്തുനിന്ന് ഒരു ഞെരക്കം കേട്ടു.
അദ്ദേഹം അകത്തുപോയി നോക്കി. ഞാനും പിന്നാലെ ചെന്നു. ആനന്ദി ബഹൻ കണ്ണ് തുറന്നു കിടക്കുകയാണ്. അവർ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. ഞാൻ കാതോർത്തു.
''അടുപ്പ് ഓഫാക്കൂ... അടുപ്പ് ഓഫാക്കൂ...''
ചാവ്ഡ സർ അവരെ തലോടിക്കൊണ്ട് ഉറക്കെ പറഞ്ഞു.
''ഇതാരാ വന്നതെന്ന് മനസ്സിലായോ?''
അവർ കണ്ണ് തിരിച്ചു എന്നെ നോക്കാൻ പാടുപെട്ടു. വിരലനക്കിക്കൊണ്ട് എന്തോ പറയാൻ ശ്രമിച്ചു. വാക്കുകൾ ഒന്നും പുറത്തു വന്നില്ല.
''സുപ്രിയ പാട്ടീൽ, പത്രത്തിൽനിന്നാണ്.''
മുറിയിൽനിന്ന് പുറത്തുകടന്നപ്പോൾ ചാവ്ഡ സാറിന് സംസാരിക്കാനുള്ള ഉത്സാഹം കെട്ടിരുന്നു.
''ഞാൻ ഒരു ഇഞ്ചിച്ചായകൂടി എടുക്കട്ടേ?''
''വേണ്ട സർ ഞാനധികം ചായ കുടിക്കാറില്ല.''
''ആനന്ദി ഉണ്ടാക്കിയ ഇഞ്ചിച്ചായ ആയിരുന്നെങ്കിൽ നിങ്ങൾ വീണ്ടും ചോദിച്ചു വാങ്ങിയേനെ!''
ഞാൻ ചിരിച്ചുകൊണ്ട് വീണ്ടും വിഷയത്തിലേക്കു വന്നു.
നമ്മൾ വ്യാജ ഏറ്റുമുട്ടൽ കൊലയെപ്പറ്റിയാണ് സംസാരിച്ചുതുടങ്ങിയത്...
''സുപ്രിയ ഇനി നമുക്ക് വേറൊരു ദിവസം വിശദമായി സംസാരിക്കാം'', അദ്ദേഹം ഇടക്ക് കയറി പറഞ്ഞു. ഭാര്യയുടെ നിർത്താതെയുള്ള ഞെരുക്കം അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
ഞാൻ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങിയപ്പോൾ അദ്ദേഹവും പിന്നാലെ വന്നു.
''വലിയ ഡാലിയ പൂക്കളാണല്ലോ...''
അദ്ദേഹത്തിന്റെ മനസ്സ് കുളിർപ്പിക്കാനെന്നോണം ഞാൻ ചോദിച്ചു.
''ആനന്ദി നട്ടുനനച്ചതാണ്. ഇതുവരെ പൂവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ആദ്യമായി പൂവിരിഞ്ഞത്. അതുകാണാൻ അവൾക്കു ഭാഗ്യമില്ല.''
അദ്ദേഹം ആ ചെറിയ ചട്ടി കുനിഞ്ഞെടുത്തു.
''ഇത് സുപ്രിയ കൊണ്ടുപോയിക്കോളൂ. ഞങ്ങളുടെ വസന്തമൊക്കെ അവസാനിച്ചിരിക്കുന്നു.''
മറുപടിപറയാനാവാതെ എനിക്ക് വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. അദ്ദേഹം തന്നെ ആ പൂച്ചെടി എന്റെ കാറിൽ വെച്ച് തന്നു.
''സർ ഇനി ഞാൻ എന്നാണ് വരേണ്ടത്?''
''ഫോണുണ്ടല്ലോ, ഞാൻ വിളിക്കാം.''
അദ്ദേഹം ഗേറ്റ് അടച്ചപ്പോൾ ഇലപ്പടർപ്പിൽനിന്ന് ഒരു ഓന്ത് മതിലിലെ വള്ളിപ്പടർപ്പിലേക്കു ചാടി. ആണുങ്ങൾ നോക്കി നടത്തുന്ന വീടിന്റെ അകവും പുറവും വൃത്തിയുള്ളതാവില്ലെന്നു കാർ വളയ്ക്കുമ്പോൾ സുപ്രിയക്ക് തോന്നി.
ട്രാഫിക് കൂടുതലായിരുന്നതിനാൽ വൈകിയാണ് സുപ്രിയ ഫ്ലാറ്റിൽ എത്തിയത്. എന്നിട്ടും പൂക്കള് വാടിയിരുന്നില്ല. അവൾ ചട്ടിയെടുത്തു ബാൽക്കണിയിൽ വെച്ചു. അതിന്റെ കടക്കൽ വെള്ളമൊഴിച്ചു പ്രസരിപ്പോടെ നിൽക്കുമ്പോഴാണ് ഒരു മെസ്സേജ് വന്നത്. ചാവ്ഡ സാറിന്റേതാണ്.
''ആനന്ദി പാസ്ഡ് എവേ''
ooo
പൂനയിൽ അനിഷ്ടസംഭവം നടന്ന ദിവസമാണ് ശിവറാം ഗോദ്ര ഗഞ്ച്പേട്ടിൽ വെച്ച് പ്രകൃതി ഠാക്കുറിനെ കണ്ടത്. മെലിഞ്ഞു സുന്ദരിയായ പ്രകൃതി മുടി കഴുത്തറ്റം വെട്ടിയിരുന്നു. കാഷായനിറത്തിലുള്ള ചുരിദാർ ആണ് അവർ ധരിച്ചിരുന്നത്. കഴുത്തിൽ, വളരെ ശ്രദ്ധിച്ചാൽ മാത്രം കാണാവുന്ന സ്വർണമാല. ഷാമ്പുവിന്റെയും ഡിയോഡറിന്റെയും മണം അവരുടെ ശരീരം പുറപ്പെടുവിച്ചിരുന്നു. പ്രായം പിടിതരാത്ത കണ്ണുകളായിരുന്നു പ്രകൃതിയുടേത്. ഗഞ്ച്പേട്ടിലെ ഹോട്ടലിൽ കാപ്പികുടിച്ചിരിക്കുമ്പോൾ ശിവറാമിനെപ്പറ്റി വലിയ മതിപ്പോടെയാണവർ സംസാരിച്ചത്. സ്വാമി ശിവാനന്ദ പറഞ്ഞുകൊടുത്ത കാര്യങ്ങൾ ശിവറാമിനെ നേരിൽ കണ്ടപ്പോൾ പ്രകൃതിക്ക് കൂടുതൽ ബോധ്യമായി. ശിവറാമിനും അവരെ ആദ്യമായി കാണുന്നതിന്റെ അപരിചിതത്വമൊന്നും അനുഭവപ്പെട്ടില്ല. വര്ഷങ്ങളായി അടുത്തറിയാവുന്നവരെപോലെ അവർ നേരം ചിലവിട്ടു. പ്രകൃതി ആരെയോ ഫോൺ ചെയ്യുന്നതിനിടയിൽ ശിവറാം അവളുടെ കാല്പാദങ്ങളിലേക്കു നോക്കിയിരുന്നു. നെയിൽ പോളിഷ് ചെയത വിരലുകൾ, വൃത്തിയുള്ളതും അഴകളവുള്ളതും ലാളന അർഹിക്കുന്നതുമായിരുന്നു. സംസാരത്തിനിടയിൽ പ്രകൃതി കാലാട്ടിക്കൊണ്ടിരുന്നു. താനിരിക്കുന്ന ഹോട്ടലിന്റെ വിലാസം പറഞ്ഞുകൊടുക്കുകയാണ്.
''നമുക്കൊരു ജ്യൂസ് പറഞ്ഞാലോ?''
ശിവറാം ഗോദ്ര ജ്യൂസിന് ഓർഡർ ചെയ്തു. തണുത്ത ജ്യൂസ് കുടിക്കുന്നതിനിടയിൽ പ്രകൃതിക്കു വീണ്ടും ഫോൺ വന്നു.
''ഹോട്ടലിലെ കഫെയിൽ ഉണ്ട്, ഇങ്ങോട്ടു പോരൂ.''
ഫോൺ വെച്ചതും പ്രകൃതി ബാക്കി വന്ന ജ്യൂസ് ധൃതിയിൽ കുടിച്ചു തീർത്തു, കുട്ടികളെപ്പോലെ ചുണ്ടുതുടച്ചപ്പോൾ ശിവറാമിന് അവളോട് വല്ലാത്ത ആരാധന തോന്നി. മൂക്കു കുത്തിയ പാട് അപ്പോഴാണയാൾ ശ്രദ്ധിച്ചത്. അയാൾ തന്നെ നോക്കുന്നത് ഒരു നിമിഷത്തെ നോട്ടംകൊണ്ടുതന്നെ പ്രകൃതി തിരിച്ചറിഞ്ഞു. ഗൗരവം നടിച്ചുകൊണ്ട് അവൾ പറഞ്ഞു: ''ഒരു ചെറിയ ഡീൽ ഉണ്ട്, അതുകഴിഞ്ഞു നമുക്ക് വിശദമായി സംസാരിക്കാം, മുഷിയില്ലല്ലോ?''
അപ്പോഴേക്കും ഒരു ചുവന്ന ട്രോളി ബാഗുമായി കറുത്ത നിറമുള്ള രണ്ടു ചെറുപ്പക്കാർ വന്നു.
''നമസ്കാരം ബഹൻജി.''
ഇരുവരും കൈകൂപ്പി. പ്രകൃതി ഇരുവരെയും ശിവറാമിന് പരിചയപ്പെടുത്തി.
ലക്കൻ ധവാൻ
രോഹിത് കാംബ്ലെ
ഇരുവരും പരുക്കൻ സ്വഭാവമുള്ളവരെപോലെ തോന്നിച്ചു. പക്ഷേ അവരുടെ ശബ്ദം വളരെ സൗമ്യവും സ്നേഹം തോന്നുന്നതുമായിരുന്നു.
''ഇവർ ലോഹ്യാനഗറിലാണ് താമസിക്കുന്നത്.''
''എന്ത് ചെയ്യുന്നു?''
''ബഹൻജിക്ക് വേണ്ടി ജോലി ചെയ്യുന്നു.''
ശിവറാം പുഞ്ചിരിച്ചുകൊണ്ട് പ്രകൃതിയെ നോക്കി.
അവൾ ഗൗരവത്തിൽ പേഴ്സിൽ നിന്ന് കുറച്ചധികം കാശെടുത്തു ലക്കൻ ധവാന് കൊടുത്തു.
അയാളത് ഭവ്യതയോടെ വാങ്ങി. പോകുന്നതിനു മുമ്പ് ഇരുവരും പ്രകൃതിയുടെ കാൽതൊട്ടു വന്ദിച്ചു. അതാസ്വദിച്ചുകൊണ്ടു പ്രകൃതി ഠാക്കൂർ ക്ഷിപ്ര പ്രസാദിയെപോലെ ഇരുന്നു.
''ഇനി നിങ്ങൾ ശിവറാം സാബ്ബിനു വേണ്ടിയും ജോലിയെടുക്കേണ്ടിവരും'', പ്രകൃതി പറഞ്ഞു.
ഉരുക്കുമനുഷ്യരെപ്പോലെ തോന്നിച്ച ചെറുപ്പക്കാർ ശിവറാമിനെ വണങ്ങിയ ശേഷം യാത്ര പറഞ്ഞിറങ്ങി. അവർ കൊണ്ടുവന്ന ട്രോളി ബാഗ് എടുക്കുന്നതിനിടയിൽ പ്രകൃതി പറഞ്ഞു,
''ശിവറാം ജി ജ്യൂസ് മുഴുവനും കുടിച്ചില്ലല്ലോ?''
അയാൾ അപ്പോഴാണ് ആ കാര്യം ഓർത്തത്. അയാളുടെ വിചാരങ്ങളിൽ ആയുധ ഇടപാടുകളും പ്രകൃതിയെ പരിചയപ്പെട്ടതിലുള്ള സന്തോഷവും തിരതള്ളുകയായിരുന്നു. സ്ത്രീകളോട് ഇടപഴകുമ്പോഴാണ് ശിവറാം ഗോദ്രക്ക് ഏറ്റവും സന്തോഷം ലഭിക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായിടുള്ള അനാവശ്യ ആധിയും പിരിമുറുക്കവും ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം അയാൾ ഈ ഒറ്റ കൂടിക്കാഴ്ചയോടുകൂടി ബലപ്പെട്ടു.
ട്രോളി ബാഗ് വലിച്ചുകൊണ്ടു അവർ പ്രകൃതിയുടെ മുറിയിലെത്തി. ടി.വി ഓണായികിടന്നിരുന്നു. അവൾ ട്രോളിബാഗ് ഒരു മൂലയിൽ വെച്ച ശേഷം ചെരുപ്പഴിച്ചുകൊണ്ടു പറഞ്ഞു:
''രാത്രി ഡ്യൂട്ടിക്കിടയിൽ വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിച്ച പൊലീസുകാരൻ ഇന്നലെ രാത്രി തൂങ്ങിമരിച്ചു. അതിന്റെ കോലാഹലമാണ് തെരുവിലും ടി.വിയിലും. മരിച്ച പൊലീസുകാരനെ എനിക്കറിയാം, അയാളൊരു നാറിയാണ്.''
ശിവറാം ടേബിൾ ലാമ്പിന്റെ അരികിലുള്ള കസേരയിൽ ഇരുന്നു.
''ഞാനും ഈ വാർത്ത ശ്രദ്ധിച്ചിരുന്നു.''
പ്രകൃതി ട്രോളി ബാഗ് തുറന്നു അതിൽനിന്ന് രണ്ടു വലിയ കുപ്പികൾ പുറത്തെടുത്തു. കുപ്പിക്കുള്ളില് ചുറ്റിക്കിടക്കുന്ന വലിയ പാമ്പുകൾ ഉണ്ടായിരുന്നു. അവൾ കുപ്പി മേശപ്പുറത്തു വെച്ചപ്പോൾ ശിവറാം പേടിച്ചുപോയി. അയാൾ പൊടുന്നനെ കട്ടിലിലേക്ക് മാറിയിരുന്നു.
''പേടിക്കേണ്ട വിഷമില്ലാത്ത പാമ്പാണിത്. സായിപ്പുമാർ സാന്റ് ബോ എന്ന് പറയും. മണ്ണൂലി എന്നാണ് പ്രാദേശികനാമം. ഉപദ്രവിക്കാറില്ല.''
''ഇതുകൊണ്ടു പ്രകൃതിക്കു എന്താണ് കാര്യം?''
''നിങ്ങൾ കുറേക്കാലം അമേരിക്കയിൽ ആയതുകൊണ്ട് ഇന്ത്യയിൽ ഉണ്ടായ മാറ്റമൊന്നും അറിഞ്ഞുകാണില്ല. ഈ സാധനത്തിനു വൻ ഡിമാന്റാണ്.''
ശിവറാം ഗോദ്ര ഒന്നും പിടികിട്ടാത്ത ഭാവത്തോടെ പ്രകൃതിയെ നോക്കി. കുപ്പിയിൽ കിടന്ന മണ്ണൂലി ഒന്നനങ്ങി.
''കാഴ്ചയിൽ പെരുമ്പാമ്പിനോടും അണലിയോടും രൂപസാദൃശ്യമുള്ള ഒരിനം പാമ്പാണ് മണ്ണൂലി. നാലടിയിൽ അധികം നീളമുള്ള ഒരെണ്ണത്തിന് ഏഴു ലക്ഷം രൂപ വരെ കിട്ടും. പതിനഞ്ചു ലക്ഷം രൂപയുടെ മുതലാണ് ഇത്.'' പ്രകൃതി കുപ്പിതുറന്നു ഒരെണ്ണത്തിനെ പുറത്തെടുത്തു. കഴുത്തും വാലും കൂട്ടിപ്പിടിച്ചു ശിവറാമിന് നീട്ടി. അയാൾ കണ്ണടച്ച് കേഴുന്നപോലെ വേണ്ട എന്ന ഒച്ച പുറപ്പെടുവിച്ചു. പ്രകൃതി കുലുങ്ങി ചിരിച്ചു.
''ഇത്രയും കാശുകൊടുത്തു ആരാണിത് വാങ്ങുന്നത്?''
''സെലിബ്രിറ്റികൾ, ജ്യോതിഷികൾ, ബിസിനസ് മാഗ്നറ്റുകൾ, പവർ പൊളിറ്റിക്സിലുള്ള രാഷ്ട്രീയക്കാർ...ഇതു വെറും പാമ്പല്ല, ഇവ ഐശ്വര്യവും സമാധാനവും സമ്പൽസമൃദ്ധിയും അമരത്വവും പ്രദാനംചെയ്യുമെന്ന് ഇവരൊക്കെ വിശ്വസിക്കുന്നു. അതിനാൽ വാങ്ങി വീട്ടിലോ സ്ഥാപനത്തിലോ ആരാധനയോടെ വളർത്തും.''
''പ്രകൃതിക്കു ഇതിൽ വിശ്വാസമുണ്ടോ?''
അവൾ വീണ്ടും കുലുങ്ങി ചിരിച്ചു. കഴുത്തിൽ കിടന്നു വിയർപ്പു പറ്റിയ മാല നന്നായി തിളങ്ങി.
''മണ്ണൂലിയെ കൈവശം വെച്ചാൽ ഗുഡ് ലക്ക് ഉണ്ടാവും. സ്ഫോടന കേസിൽ ഞാൻ രക്ഷപ്പെട്ടത് ഇതുപോലൊരെണ്ണത്തിനെ വളർത്താൻ തുടങ്ങിയതോടെയാണ്. പക്ഷേ അതിനെയും ഞാൻ കഴിഞ്ഞ മാസം വിറ്റു കേട്ടോ...''
ശിവറാം അവിശ്വസനീയമായി പ്രകൃതിയെ നോക്കിയിരുന്നു.
''വേണമെങ്കിൽ ഒന്ന് തൊട്ടോളൂ. ചെയ്യുന്നതെല്ലാം വിജയിക്കും. പിരിമുറുക്കമോ ധൈര്യക്കുറവോ ജീവിതത്തെ ബാധിക്കുകയേയില്ല.'' പ്രകൃതി സ്നേഹപൂർവം മണ്ണൂലിയെ ശിവറാമിന് നീട്ടി.
അയാൾ അറപ്പു മാറ്റിവെച്ചു ആ സാധുജീവിയെ തൊട്ടു. മണ്ണിന്റെ മണം അയാളുടെ മൂക്കിലേക്ക് കയറി.
''ഗുഡ് ബോയ്'', പ്രകൃതി ചിരിച്ചു.
അവരതിനെ കുപ്പിയിൽ അടച്ചുവെച്ചശേഷം ശിവറാമിന്റെ അരികിൽ വന്നിരുന്നു.
അയാൾക്ക് അവളോട് വല്ലാത്ത ആകർഷണം തോന്നി. പ്രലോഭനം അടക്കാൻ അയാൾക്കായില്ല. ചൂടുള്ള വിരലുകൾകൊണ്ട് അയാൾ അവളുടെ തുടയിൽ തൊട്ടു.
''ഇതുപോലെ പലരും എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്.'' പ്രകൃതി അയാളുടെ കൈ തട്ടിമാറ്റി. ''പക്ഷേ ഇന്നെനിക്കത് വേണം'', അവൾ ശിവറാമിന്റെ കവിളിൽ ഉമ്മ വെച്ചു. എത്രയും പെട്ടെന്ന് അവൾ സമ്മതപ്പെടുമെന്നു അയാൾ കരുതിയിരുന്നില്ല. അവൾതന്നെ മേലുടുപ്പ് ഊരിയെറിഞ്ഞു.
''എനിക്ക് ആണുങ്ങളെ ഭയമായിരുന്നു.''
''എന്തിന്?'' ശിവറാം അവളുടെ കഴുത്തിൽ തലോടി.
''ചെറുതാകുമ്പോൾ ഞാനും അച്ഛനും അമ്മയും ഒരേ കട്ടിലിൽ ആയിരുന്നു കിടന്നുറങ്ങാറ്. ഒരു ദിവസം രാത്രി ഞാൻ ഉറക്കം ഞെട്ടിയപ്പോൾ കണ്ടത് കട്ടിലിനു താഴെ അമ്മയുടെ മുകളിൽ ഒരു നിഴലിന്റെ ശ്വാസം താഴ്ന്നു പൊങ്ങുന്നതാണ്. ഞാൻ പേടിച്ചുപോയി. ഇരുട്ടിൽ സൂക്ഷിച്ചു നോക്കിയപ്പോൾ അച്ഛൻ അമ്മയുടെ കഴുത്തിന് പിടിച്ചു ഞെക്കുന്നതാണ് കണ്ടത്. അവരുടെ കിതപ്പിൽ എന്റെ പേടി പിടയുന്ന ശ്വാസഗതി ആരും കേട്ടില്ല. കുറെ മുതിർന്നപ്പോഴാണ് അന്നു രാത്രിയിലെ സംഭവം എനിക്ക് കൃത്യമായി പിടികിട്ടിയത്. ആ കാഴ്ചയാവാം എന്നിൽ വിരക്തിയുണ്ടാക്കിയത്'', പ്രകൃതി ശിവറാമിലേക്കു ചാഞ്ഞു.
അയാൾ അവളിലേക്ക് അമര്ന്നപ്പോള് ചൂടുനിശ്വാസം മുറി നിറഞ്ഞു. തുടക്കത്തിൽ ആസക്തിയില്ലാത്ത അനുകൂലഭാവം മാത്രമാണവൾ പ്രകടമാക്കിയത്. ഉദാസീനവും അതേസമയം വ്യഗ്രത നിറഞ്ഞതുമായ പ്രകൃതിയുടെ ആ ഭാവം, എന്നിട്ടും ശിവറാമിനെ ആവേശഭരിതനാക്കി.
അവളുടെ ചന്ദനനിറമുള്ള തൊലിയുടെ നിറം എല്ലാ ഭാഗത്തും ഒരുപോലെയായിരുന്നു. അലീസിയ ഗർസയുടെ ദേഹത്തുണ്ടായിരുന്നതുപോലെ സൂര്യതാപമേറ്റ പാടുകളോ നിറംമാറ്റമോ പുള്ളിക്കുത്തുകളോ ഉണ്ടായിരുന്നില്ല.
''എനിക്ക് കുട്ടിക്കാലത്തെ ആ രാത്രി ഓർമ വരുന്നു.''
''ഭയമുണ്ടോ?'' അയാൾ അവളിലേക്ക് അമർന്നു.
ശിവറാമിന്റെ പല്ലും നഖവും തട്ടി പ്രകൃതിയുടെ തൊലി ചുവന്നു തുടുത്തു.
ഫോൺ നിരന്തരം ശബ്ദിക്കാൻ തുടങ്ങി. പ്രകൃതി അയാളിൽനിന്ന് അടരാതെ മൊബൈൽ തലയിണക്കിടയിൽനിന്ന് തപ്പിയെടുത്തു.
ഫോൺ നോക്കിയ ശേഷം അവൾ അനർഥം സംഭവിച്ചതുപോലെ കട്ടിലിൽ കാൽ പിണച്ചിരുന്നു.
''എന്തുപറ്റി പ്രകൃതി?''
''അശോക് ചാവ്ഡ പണി പറ്റിച്ചു. ഔദ്യോഗിക രഹസ്യം അയാൾ ആ തേവിടിശ്ശിയോടു പറഞ്ഞുകാണും.''
അവൾ എഴുന്നേറ്റു ചെന്ന് കുപ്പിതുറന്നു പാമ്പിനെ കൈയിലെടുത്തു തലോടി. എന്നിട്ടു അതിവേഗം അതിനെ കുപ്പിയിൽ അടച്ചശേഷം ട്രോളി ബാഗിൽ എടുത്തുവെച്ചു.