9mm ബെരേറ്റ -നോവൽ
ചാരവനിത മൊബൈല് ഫോൺ ഉപയോഗിക്കാൻ തുടങ്ങിയതിൽപിന്നെ ഡോക്ടർ യാസിം സലിമിന് ഒരിക്കൽപോലും മനപ്പൂർവം സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നിട്ടില്ല. പക്ഷേ, ഇന്നത് വേണ്ടിവന്നു. ഒപ്പം ഉണ്ടായിരുന്ന ഫോറൻസിക് ഉദ്യോഗസ്ഥൻ പോള് ജോണ് പറഞ്ഞതാണ് യാഥാർഥ്യം. ''സമ്മർദം ഉണ്ടാവും, വഴങ്ങിയില്ലെങ്കിൽ ഭീഷണി ഉണ്ടാവും. മാനസികമായി തയാറെടുത്തുകൊള്ളുക. ഒരു സാധാരണക്കാരന്റെ മൃതദേഹമല്ല...
Your Subscription Supports Independent Journalism
View Plansചാരവനിത
മൊബൈല് ഫോൺ ഉപയോഗിക്കാൻ തുടങ്ങിയതിൽപിന്നെ ഡോക്ടർ യാസിം സലിമിന് ഒരിക്കൽപോലും മനപ്പൂർവം സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നിട്ടില്ല. പക്ഷേ, ഇന്നത് വേണ്ടിവന്നു. ഒപ്പം ഉണ്ടായിരുന്ന ഫോറൻസിക് ഉദ്യോഗസ്ഥൻ പോള് ജോണ് പറഞ്ഞതാണ് യാഥാർഥ്യം. ''സമ്മർദം ഉണ്ടാവും, വഴങ്ങിയില്ലെങ്കിൽ ഭീഷണി ഉണ്ടാവും. മാനസികമായി തയാറെടുത്തുകൊള്ളുക. ഒരു സാധാരണക്കാരന്റെ മൃതദേഹമല്ല നിങ്ങൾ കീറിമുറിക്കാൻ പോകുന്നത്.'' റിപ്പോർട്ട് കൊടുത്തത് മുതൽ സമാധാനപരമായി ഉറങ്ങാൻ കഴിയുന്നില്ല. പലതരം ആളുകൾ വിളിക്കുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്യാതെ നിവൃത്തിയില്ലെന്നായി.
ഇൻക്വസ്റ്റ് റിപ്പോർട്ട് പരിശോധിച്ചശേഷമായിരുന്നു പോസ്റ്റ്മോർട്ടം തുടങ്ങിയത്. മരിച്ച വ്യക്തിയുടെ പേര് വായിച്ചപ്പോൾതന്നെ ഡോക്ടർ യാസിം സലിമിന്റെ ഉള്ളിൽ ആധി കയറിയിരുന്നു... ഫോട്ടോഗ്രാഫർ നിർവികാരനായാണ് പല ആംഗിളിൽനിന്നും ചിത്രങ്ങൾ പകര്ത്തിയത്. ശവത്തിന്റെ വസ്ത്രങ്ങളിൽ ചോരവാർന്ന പാടുകൾ ഉണ്ടായിരുന്നു. വിവസ്ത്രമാക്കപ്പെട്ട മൃതശരീരം പകർത്തുമ്പോഴാണ്, ഫോട്ടോഗ്രാഫറുടെ മനുഷ്യഹൃദയം പ്രവർത്തിച്ചതെന്ന് തോന്നുംവിധമായിരുന്നു അയാളുടെ മുഖഭാവം. നെഞ്ചിലും വയറിലും കഴുത്തിലെ ഇടതുഭാഗത്തും ഉണ്ട കയറിയ മുറിവുകൾ ഉണ്ടായിരുന്നു. അയാൾ അതെല്ലാം പകർത്തി. അതിനുശേഷം പാതോളജിസ്റ്റ് ഫിംഗര് പ്രിന്റ് എടുത്തു. അത് കഴിഞ്ഞാണ് മുഴുവൻ ശരീരത്തിന്റെയും എക്സ്റേ പകർത്തിയത്. പൊട്ടിയ അസ്ഥികളും വെടിയുണ്ട തുളഞ്ഞുകയറിയ ക്ഷതങ്ങളും അതിൽ വ്യക്തമായി. എക്സ്റേ സ്പെക്ട്രോമെട്രി പരിശോധിച്ചപ്പോൾ ഗൺ പൗഡറിന്റെ അംശവും കണ്ടെത്തിയിരുന്നു.
അതിനുശേഷമാണ് ഫോറൻസിക് പാതോളജിസ്റ്റ് ബോഡി ഫ്ലൂയിഡ് പരിശോധിച്ചത്. മരണപ്പെട്ട വ്യക്തിയുടെ മാനസികനില, വിഷം ഉള്ളിൽ ചെന്നിരുന്നോ എന്നതെല്ലാം ഇതിൽനിന്നും തെളിയും...
''കാൽപാദത്തിന് അടിയിൽനിന്നും മുകളിലേക്ക് വെടിയുണ്ട തുളഞ്ഞുകയറിയതിന്റെ ചുവന്ന വട്ടപ്പാടുണ്ട്. പക്ഷേ, അശോക് ചാവ്ഡ ഉപയോഗിച്ച ഷൂസിന് തുള വീണിട്ടില്ല! ഇത് ദുരൂഹമാണ്.'' പോൾ ജോൺ പറഞ്ഞത് യാസിം സലിമിനെ അലട്ടിക്കൊണ്ടിരുന്നു.
''പ്രഭാതസവാരിക്ക് പോയപ്പോൾ ആക്രമികൾ വെടിവെച്ചു എന്നാണ് പൊലീസ് ഭാഷ്യം. പക്ഷേ, ഗ്രൗണ്ടിന് അടുത്ത് പാർക്ക് ചെയ്ത കാറിൽനിന്നാണ് മൃതദേഹം ലഭിച്ചത്. കാറിൽ ഇരിക്കുന്ന ഒരാളുടെ കാൽപാദത്തിനടിയിലൂടെ എങ്ങനെയാണ് വെടിയുതിർക്കാൻ കഴിയുക. മാത്രമല്ല, അദ്ദേഹം നടക്കാൻ പോയ ഗ്രൗണ്ടിലെ മണ്ണിന്റെ സാമ്പിളും ഷൂസിന് അടിയിൽ പറ്റിയ മണ്ണിന്റെ സാമ്പിളും വ്യത്യസ്തമാണ്. അതിനർഥം ചാവ്ഡ മറ്റെവിടെയോ പോയിട്ടുണ്ട് എന്നാണല്ലോ. കൊല നടത്തിയശേഷം മൃതദേഹം കാറിൽ ഉപേക്ഷിച്ചതാണെന്നാണ് എന്റെ ബലമായ സംശയം.'' പോൾ ജോൺ പറഞ്ഞ കാര്യങ്ങൾ വണ്ട് മൂളുന്നമാതിരി ഡോക്ടർ യാസിം സലിമിന്റെ കാതുകളിൽ അലച്ചുകൊണ്ടിരുന്നു.
പുലരാൻ ഇനിയും ഏതാനും മണിക്കൂറുകളേ ഉള്ളൂ. ഇതിനുമുമ്പ് കൈകാര്യംചെയ്ത ഒരു മൃതശരീരവും ഇങ്ങനെ അലട്ടിയിട്ടില്ല. സത്യം പറയാൻ പ്രേരിപ്പിച്ചിട്ടില്ല.
തോളില്നിന്നും കഴുത്തിനു താഴേക്കു വൈ ആകൃതിയിൽ വരയിട്ട, ദേഹത്തിലെ തൊലി മുറിച്ചശേഷം നെഞ്ചു തുറന്നു. മസിലും മൃതകോശങ്ങളും നീക്കി. രണ്ട് കരണ്ടി ചോര എടുത്ത് രണ്ടു ചെറിയ കുപ്പിയിലാക്കി. അപ്പോൾ തെളിഞ്ഞുവന്ന നെഞ്ചുംകൂട് മുറിച്ചെടുത്തു മാറ്റിവെച്ചു. ശേഷം ആന്തരികാവയവങ്ങൾ പുറത്തെടുത്തു. ഹൃദയവും ശ്വാസകോശവും തൂക്കിനോക്കി. ഹൃദയം കൈയിൽ എടുത്തപ്പോൾ ഒരു ഡോക്ടർക്ക് ആ സമയത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത വൈകാരികതയോടെയാണ് ഡോക്ടർ സലിം പ്രതികരിച്ചത്.
''ഈ ഹൃദയത്തിലാവും ഇദ്ദേഹം രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവുക.'' ഭാഗ്യവശാൽ തന്നോടുതന്നെയുള്ള ആത്മഭാഷണമായി അത് ഒതുങ്ങിപ്പോയതിനാൽ സഹപ്രവർത്തകർ ആരും കേട്ടില്ല. അസാമാന്യ വലുപ്പമുള്ള ഹൃദയമായിരുന്നു അയാളുടേത്.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ടിഷ്യു സാമ്പിളെടുത്ത ശേഷം അവ കൂടുതൽ തെളിവെടുപ്പിനായി ഫോർമാലിൻ നിറച്ച കുപ്പികളിൽ അടച്ചുവെച്ചു. ആമാശയവും കുടലും ആണ് പിന്നെ തൂക്കിനോക്കിയത്. കനം രേഖപ്പെടുത്തിയശേഷം ആമാശയത്തിന്റെയും കുടലിന്റെയും ഉള്ളിൽ അടങ്ങിയിട്ടുള്ള ദ്രവം ശേഖരിച്ചു. ഇതിന്റെ പരിശോധനയിൽനിന്നാണ് മരണകാരണവും മരണസമയവും കണ്ടെത്തുന്നത്. ചാവ്ഡയുടെ മരണം സംഭവിച്ച സമയം പൊലീസ് രേഖപ്പെടുത്തിയ സമയത്തിനും രണ്ടു മണിക്കൂർ മുമ്പായിരുന്നു.
അതിനർഥം ചാവ്ഡ ഓടാൻ പോയ സ്ഥലത്തുനിന്നല്ല വെടിയേറ്റതെന്നും, മരണം സംഭവിച്ചത് ബോഡി കിട്ടിയ സ്ഥലത്ത് വെച്ചല്ല എന്നുമാണ്. ''ആദ്യ വെടിയേറ്റത് കഴുത്തിലാണ്. അത് ക്ലോസ് റേഞ്ചിൽനിന്നല്ല. നെഞ്ചിലേറ്റ രണ്ടു വെടിയുണ്ടകൾ രണ്ടു തോക്കുകളില്നിന്നുള്ളവയാണ്. കാരണം അതിന്റെ മുറിപ്പാടുകൾ വ്യത്യസ്തമാണ്. ഇതിനുശേഷമാവാം ആളെ എവിടെയെങ്കിലും കിടത്തി കാൽപാദത്തിനടിയിലൂടെ വെടിവെച്ചത്. ആ വെടിയുണ്ട കാലിൽ കൂടി മുകളിലേക്ക് ഹൃദയംവരെ തുളഞ്ഞുകയറിയിട്ടുണ്ട്. ഇത് അപൂർവമായ ഒരു സംഭവമാണ്. പുതിയ ഇനം തോക്ക് പരീക്ഷിച്ചതായാണ് തോന്നുന്നത്. മരണം സംഭവിച്ചശേഷം കാൽപാദത്തിൽ വെടിയുതിർത്തതാവാനാണ് സാധ്യത.''
പോൾ ജോൺ രഹസ്യം പറയുന്നതുപോലെ പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ടിലും അയാൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. പക്ഷേ, അത് പുറത്തുവരില്ലെന്ന് ഡോക്ടർ യാസിം ഭയന്നു.
ഒരുപാടു വർഷങ്ങൾ അധികാരത്തിന്റെ തൊപ്പി അണിഞ്ഞിരുന്ന ചാവ്ഡയുടെ തലക്ക് അടിയിൽ റബർകട്ട വെച്ച് ഉയർത്തി. തലമുടി വടിച്ചശേഷം മാർപാപ്പയുടെ തൊപ്പിവട്ടത്തിൽ തൊലി മുറിച്ചുമാറ്റി. പിന്നെ ഇരു ചെവിയുടെയും മുകളിൽ വെച്ച് മുറിച്ച തലയോട്ടിയുടെ മേൽഭാഗം തൊപ്പിപോലെ തുറന്നു. തലച്ചോർ പ്രത്യക്ഷമായി. ''നേർവഴിക്ക് ചിന്തിച്ച മനുഷ്യന്റെ തലച്ചോറ് തൂക്കിനോക്കാനായി പുറത്തെടുത്തപ്പോൾ എനിക്ക് മുമ്പെങ്ങുമില്ലാത്തവിധം കൈ വിറച്ചതും സങ്കടം വന്നതും എന്താണ്?
ഡോക്ടർ യാസിം സലീം തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ കൈയെത്തിപ്പിടിച്ച് മൊബൈൽ ഓൺ ആക്കി. മെസേജുകളുടെ മണിമുഴക്കങ്ങൾ കുറച്ചുനേരം തുടർന്നു... തലയിണ മുഖത്ത് വെച്ച് ഉറങ്ങാൻ ശ്രമിച്ചതും മൊബൈൽ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. ആദ്യം ഗൗനിച്ചില്ലെങ്കിലും തലയിണ മാറ്റി ടേബിൾ ലാംപിനരികിലെ വിറയ്ക്കുന്ന മൊബൈൽ കൈയെത്തി തൊട്ടപ്പോൾ ചാവ്ഡയുടെ തലച്ചോറ് പിടയ്ക്കുന്നപോലെ തോന്നി. കണ്ണടച്ചിട്ടും വിചിത്രഭയം അയാളെ വിട്ടുപോയില്ല. ഡോക്ടർ ഓടിപ്പോയി ടാപ്പ് തുറന്ന് ബാത്ത്ടബ്ബിൽ കിടന്നു. വെള്ളത്തിനു പകരം ചോര നിറയുന്നതു കണ്ടപ്പോൾ അയൽക്കാർ കേൾക്കുമാറുച്ചത്തിൽ നിലവിളിച്ചു.
ആന്തരികാവയവങ്ങൾ ഇല്ലാത്ത അശോക് ചാവ്ഡയുടെ മൃതശരീരം പൊതുദർശനത്തിനു വെച്ചപ്പോൾ അമിത് പുരോഹിതും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
ഗൗരവ് ഖരക്കൊപ്പം ആൾക്കൂട്ടത്തിൽ നിന്നിരുന്ന സുപ്രിയ പട്ടേലിന് ഇതു കണ്ട് ആത്മരോഷം അടക്കാനായില്ല. നിങ്ങളാണ് ചാവ്ഡയെ കൊന്നത് എന്ന് ഉറക്കെ വിളിച്ചുപറയാൻ അവൾക്ക് തോന്നി. ഗൗരവ് കൈയിൽ മുറുകെ പിടിച്ചതിനാൽ അവൾ സ്വയം നിയന്ത്രിക്കുകയാണുണ്ടായത്. അന്ന് വൈകുന്നേരം ഗൗരവിനൊപ്പം കാറിലിരുന്ന് വീട്ടിലേക്ക് പോകുമ്പോഴും സുപ്രിയ പലവട്ടം ഡോക്ടർ യാസിം സലീമിനെ ഫോൺ ചെയ്തു. പക്ഷേ, സ്വിച്ച് ഓഫ് ആണെന്ന സന്ദേശമാണ് ലഭിച്ചുകൊണ്ടിരുന്നത്.
''ഫോറൻസിക് റിപ്പോർട്ടിന്റെ പകർപ്പ് കിട്ടിയിട്ടുണ്ട്. ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾകൂടി കിട്ടിയാൽ ലോകത്തോട് കാര്യങ്ങൾ വിളിച്ചുപറയാമായിരുന്നു. ഒരു എഫ്.ബി ലൈവ് ചെയ്യാം എന്നാണ് ഞാൻ വിചാരിക്കുന്നത്'' -സുപ്രിയ പറഞ്ഞു.
''ഒറ്റയാൾ പോരാട്ടംകൊണ്ടൊന്നും ഈ ലോകത്തെ നന്നാക്കാം എന്ന് നീ കരുതേണ്ട.'' അവളുടെ ആവേശം തണുപ്പിക്കാൻ ഗൗരവ് പറഞ്ഞു. സുപ്രിയ മറുപടിയൊന്നും പറഞ്ഞില്ല. അവൾ ഒരിക്കൽക്കൂടി ഡോക്ടർ സലിമിനെ ഡയൽ ചെയ്തു. നിങ്ങൾ വിളിക്കുന്ന നമ്പർ നിലവിലില്ല എന്ന മറുപടി അവളെ നിരാശപ്പെടുത്തി. അന്ന് രാത്രി ലക്കൻ ധവാനും രോഹിത് കാംബ്ലയും, സുപ്രിയ പട്ടേലിന്റെ ഫ്ലാറ്റിൽ വന്നു. ഒട്ടും നിശ്ശബ്ദമല്ലാതിരുന്ന ആ രാത്രിക്കുശേഷം അഹമ്മദാബാദിൽ അവൾ ജീവിച്ച പരിസരത്തുനിന്നും സൗഹൃദങ്ങളിൽനിന്നും ആഗ്രഹങ്ങളിൽനിന്നും പത്തക്ക നമ്പറിൽനിന്നും അവളെ കാണാതായി.
ട്യൂബ് ലൈറ്റിന്റെ വെളുത്ത ചില്ലുകഷണങ്ങൾ മുറിയിൽനിന്നും തൂത്തുമാറ്റുമ്പോൾ ലക്ഷ്മണൻ ഗാവന്തിന്റെ ഭാര്യക്ക് ചെറിയ ഭയം തോന്നി. വെളുത്തു തുടുത്ത ഒരു പെൺകുട്ടി കട്ടിലിൽ കിടക്കുന്നു. അവളുടെ കവിളിൽ രണ്ടിടത്ത് ചുവന്ന വിരല്പാടുകൾ. ആരാണിത്? വിമൽ സാറിന്റെ ഭാര്യ ആയിരിക്കുമോ, അതോ ശിവറാം സാറിന്റെ...? എന്നോട് ചെയ്യുന്നതുപോലെയാകുമോ ഇവർ ഈ പെൺകുട്ടിയോടും പെരുമാറുന്നുണ്ടാവുക? മുറി മുഴുവനും തുടച്ചു വൃത്തിയാക്കിക്കഴിഞ്ഞപ്പോൾ അവളെ തൊട്ടുണർത്തണമെന്ന് ലക്ഷ്മൺ ഗാവന്തിന്റെ ഭാര്യ ആഗ്രഹിച്ചു. നനഞ്ഞ വിരലുകൾകൊണ്ട് തൊടാൻ ആഞ്ഞപ്പോഴേക്കും ശിവറാം ഗോദ്ര മുറിയിലേക്കു വന്നു.
അവൾ പരിഭ്രമിച്ചുപോയി. ചൂലെടുത്ത് വേഗം പുറത്തേക്കിറങ്ങി. അടുക്കളയിൽ ചെന്ന് പാത്രങ്ങൾ കഴുകാൻ തുടങ്ങി. അന്നേവരെ തോന്നാതിരുന്ന ഭയം അവളെ പിടികൂടി. ൈകയിൽനിന്ന് ഒരു കപ്പ് താഴെവീണു പൊട്ടുകയും ചെയ്തു. ഒച്ച കേട്ടാണ് ശിവറാം അടുക്കളയിലേക്ക് വന്നത്. ഒരു ടൗസർ മാത്രമേ അയാൾ അണിഞ്ഞിരുന്നുള്ളൂ. പുരുഷന്റെ വിയർപ്പുഗന്ധം ഡിഷ് വാഷറിന്റെ സുഗന്ധത്തിനിടയിലും അവൾ തിരിച്ചറിഞ്ഞത് ഭയം സമ്മാനിച്ച ജാഗ്രതയിൽനിന്നാണ്.
''കപ്പു പൊട്ടിയതൊന്നും കാര്യമാക്കേണ്ട.'' അവൾ പ്രതീക്ഷിച്ചതുപോലെയല്ല ശിവറാം ഗോദ്ര സംസാരിച്ചത്.
''ഇനി ശ്രദ്ധിച്ചാൽ മതി.''
''ഞാൻ കരുതിക്കൊള്ളാം സാബ്.''
അവൾ ചേലത്തലപ്പെടുത്ത് കഴുത്ത് തുടച്ചു. ശിവറാം ഗോദ്ര ഒരു കൈ വാതിൽകട്ടിളയിൽ കുത്തിനിർത്തിക്കൊണ്ട് നിന്നു.
''നീ എത്ര കാലമായി ഇവിടെ ജോലിക്കു വരുന്നു?''
''വർഷങ്ങളായി കാണും സാബ്ബ്.''
''ഇവിടെ ഞങ്ങൾ എത്ര പേർ താമസിക്കുന്നുണ്ട്?''
''രണ്ട്...''
''ആരൊക്കെ?''
അവൾക്ക് കരച്ചിൽ വന്നു. നാവ് അനക്കാൻ പറ്റാതായി.
''ഞാനും വിമലും അല്ലേ?''
''അതേ സാബ്ബ്.''
''നിനക്ക് മാസം കൃത്യമായി കാശു തരാറില്ലേ?''
''ഉണ്ട് സാബ്ബ്.''
''നീ ഇവിടുത്തെ കാര്യങ്ങൾ പുറത്തുപറയുമോ?''
''ഇല്ല സാബ്ബ്.''
''ചേറ് മണക്കുന്ന നിന്റെ ഭർത്താവിനോട് പറയാറുണ്ടോ?''
''ഇല്ല സാബ്ബ്.'' അവൾ വിയർത്തു.
ശിവറാം ഗോദ്ര പതുക്കെ അവൾക്ക് അരികിലേക്കു നീങ്ങി. അവൾ പാത്രം കഴുകി ശ്രദ്ധതിരിക്കാൻ നോക്കി. അയാൾ പിന്നിൽ നിന്ന് അവളിലേക്ക് ഒട്ടിനിന്നു. എന്നിട്ട് അവളുടെ കഴുത്തിൽ കയറിപ്പിടിച്ചു. ''നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടല്ലോ അല്ലേ?'' ''പോയി കുളിച്ചിട്ട് വാടി.''
അയാൾ കഴുത്തിലെ പിടി വിട്ടു. ലക്ഷ്മണൻ ഗാവന്തിന്റെ ഭാര്യ അക്ഷരംപ്രതി അനുസരിച്ചു. ചാവി കൊടുത്തുവിട്ട ഒരു കളിപ്പാട്ടമായി അവൾ കുളിമുറിയിൽ കയറി കുളിക്കുകയും, ഈറനോടെ കട്ടിലിൽ വന്നു കിടക്കുകയും ചെയ്തു. ശിവറാം ഗോദ്ര അവൾ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത മുഖഭാവത്തോടെ സമീപിച്ചു, എന്നിട്ട് അവളുടെ അടിവയറ്റിൽ ഒരുപിടി മുളകുപൊടി പൊത്തി. വിരൽകൊണ്ട് എരിവ് ആഴങ്ങളിലേക്ക് പടർത്തി. അവൾക്ക് അകത്തും പുറത്തും പുകയാൻ തുടങ്ങി, തൊലി നിറം മാറി. കണ്ണിൽനിന്നും മൂക്കിൽനിന്നും നീരൊഴുകി. നെഞ്ചിനുള്ളിൽ മീൻ പിടയുന്നപോലെ വേദനയുണ്ടായി. അവളുടെ നിസ്സഹായത ശിവറാം ശരിക്കും ആസ്വദിച്ചു. അന്ന് പുലർച്ചക്ക് ആബിയ മഖ്ദൂമിയെ കീഴടക്കും നേരം, അവൾ പിടഞ്ഞതുപോലെ ഇതും കണ്ടുനിൽക്കാൻ വല്ലാത്ത ആനന്ദമുണ്ട്. ശ്വാസംമുട്ടുന്ന ശബ്ദം അവൾ പുറപ്പെടുവിക്കാൻ തുടങ്ങിയപ്പോൾ അയാൾ അലറി. ''എഴുന്നേറ്റ് പോടി!''
എത്ര കഴുകിയാലും ഈ പുകച്ചിൽ മാറില്ല. ലക്ഷ്മൺ ഗാവന്തിന്റെ ഭാര്യ എങ്ങനെയെല്ലാമോ ഉടുവസ്ത്രമണിഞ്ഞ് മുറിയിൽനിന്നും പുറത്തിറങ്ങി ലിഫ്റ്റിൽ കയറി. അടുത്ത നിലയിൽ ലിഫ്റ്റ് നിന്നപ്പോൾ വർഷ കോഹ് ലെ കയറി. നരച്ചമുടി തലോടിക്കൊണ്ട് അവർ വിയർപ്പു മണക്കുന്ന ലക്ഷ്മൺ ഗാവന്തിന്റെ ഭാര്യയെ തുറിച്ചുനോക്കി, എന്നിട്ട് കാലിൽനിന്ന് ചെരിപ്പൂരി അവളെ അടിക്കാൻ തുടങ്ങി. ജോലിക്കാരി തെണ്ടികൾക്ക് കയറാൻ ഉള്ളതല്ല ഇതെന്ന് അറിയില്ലേ നിനക്ക്? ലിഫ്റ്റ് താഴെ ചെന്നു നിൽക്കുംവരെ ചെരിപ്പുകൊണ്ട് കോഹ് ലെ അവളുടെ കഴുത്തിലും മുഖത്തും ദേഹമാസകലവും മർദിച്ചുകൊണ്ടിരുന്നു. അവൾ അതെല്ലാം നിന്ന് കൊണ്ടു. ആന്തരികമായ നീറ്റൽ കാരണം ദേഹോപദ്രവത്തിന്റെ വേദനയൊന്നും അവൾ അറിഞ്ഞതേയില്ല.
തല്ല് അനുഗ്രഹമായി അവൾക്ക് തോന്നി. അൽപനേരത്തേക്കെങ്കിലും ദുരനുഭവത്തിന്റെ പൊള്ളലിൽനിന്നും മോചനം കിട്ടിയല്ലോ. ലിഫ്റ്റിന്റെ വാതിൽ തുറന്നതും അവൾ വർഷ കോഹ് ലെയുടെ തെറിവാക്കുകൾക്ക് കാതു കൊടുക്കാതെ ഓടി. നടവഴിയിലൂടെ വേഗത്തിൽ നടന്നും, പിന്നെ കിതച്ചോടിയും വീണ്ടും തിരക്കിട്ട് നടന്നും കരഞ്ഞും പല്ലുകടിച്ചും വേദന അകറ്റാൻ ശ്രമിച്ചു. അവസാനം സഹികെട്ട് ചാണകം കൂട്ടിയിട്ട ഒരു കുഴിയിൽ കാലുകൾ പൂഴ്ത്തി. നേർത്ത തണുപ്പ് അടിയിലൂടെ ഇരച്ചുകയറിയപ്പോൾ കുറച്ച് ആശ്വാസം തോന്നി, ഇനി വീട്ടിലെത്തിയിട്ട് എണ്ണ വറ്റിയ കുപ്പി വടിച്ചെടുത്തശേഷം പുരട്ടണം. പുകച്ചിൽ മാറാൻ അവൾ ആലോചിച്ചിട്ട് അതേ വഴിയുള്ളൂ. പ്രകൃതിയുടെ പ്രാർഥനപോലെ മഴപെയ്യാൻ തുടങ്ങി.
ഠഠഠ
ആബിയ മഖ്ധൂമി തളർന്നുറങ്ങുകയാണ്. ശിവറാം ഗോദ്ര അവളെ രണ്ടുവട്ടം ചെന്നു നോക്കി. ചത്തതുപോലെ കിടക്കുകയാണ് ജന്തു ! അയാൾ ആബിയ കിടന്ന കട്ടിലിന് അരികിലിരുന്ന് പുകവലിച്ചു. അയാളുടെ സിഗരറ്റ് മണമാണ് ആബിയയെ ആദ്യം അസ്വസ്ഥമാക്കിയത്. ട്യൂബ് ലൈറ്റ് ഇല്ലാത്തതിനാൽ മുറിയിൽ അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണം കഴിക്കാതെ പ്രതിഷേധിക്കുകയായിരുന്നു ആബിയ. ശിവറാം ഗോദ്ര അവളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു: ''എന്താണ് കഴിക്കാത്തത്?''
അവൾ പ്രതിഷേധത്തോടെ മുഖംതിരിച്ചു. അയാൾക്കത് തീരെ പിടിച്ചില്ല. ചപ്പാത്തി, കറിയിൽ മുക്കി വായിൽ തിരുകി. അവൾ വായ തുറക്കാൻ കൂട്ടാക്കിയില്ല. അയാൾ കൈ ബലമായി പിടിച്ചുവെച്ചു. എന്നിട്ട് അവളിലേക്ക് ചേർന്നുനിന്ന് മറുകൈകൊണ്ട് ചപ്പാത്തിക്കഷണം വായിൽ തിരുകി. അവൾ അയാളുടെ വിരലിന് കടിച്ചു. പിന്നെ ദേഷ്യമല്ല ശിവറാമിനു വന്നത്, അഭിനിവേശമാണ്!
അയാൾ ആബിയ മഖ്ധൂമിയെ ചുവരിനോട് ചേർത്തുനിർത്തി ചുംബിച്ചു. അയാളെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ട് ഇടിക്കുകയും കടിക്കുകയും അലറുകയും ചെയ്തു. അയാൾക്ക് നല്ല രസം തോന്നി. കോരിയെടുത്തു കട്ടിലിലിട്ടു, എന്നിട്ട് മേലേക്ക് ചാടിവീണ് അതിക്രൂരമായി ശിവറാം അവളെ കീഴടക്കി. അയാളെ സംബന്ധിച്ച് ഏകപക്ഷീയമായ ഒരു വിനോദമായിരുന്നു അത്. വഴങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ല എന്ന് മനസ്സിലായപ്പോൾ അവൾ തലകൊണ്ട് അയാളുടെ മൂക്കിനിടിച്ചു. മുഖത്ത് ആഞ്ഞൊരടിയായിരുന്നു പകരം കിട്ടിയത്.
അതിന്റെ വേദനയിൽ ഉറക്കം ഞെട്ടിയ ആബിയ മുഖം തടവി. മുറിയിൽ അപ്പോഴും അവൾക്ക് പുകയില മണത്തു. ദുഃസ്വപ്നങ്ങൾ കണ്ട് ആളുകൾ പേടിക്കുന്നത് അത് ജീവിതത്തിൽ യാഥാർഥ്യമാകുമെന്ന് പേടിച്ചാണ്. പക്ഷേ, താൻ ദുഃസ്വപ്നം കാണുന്നത് ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ്. എന്തിനാണ് പകൽക്കിനാവിലും രാസ്വപ്നത്തിലും ജീവിതത്തിലെ ദുരനുഭവങ്ങൾ ആവർത്തിക്കുന്നത്. ആബിയ മഖ്ധൂമി ഉമ്മയെ ഓർത്ത് വാവിട്ടുകരഞ്ഞു. പക്ഷേ, തൊണ്ട അടച്ചതിനാൽ വെറുമൊരു വിതുമ്പൽ ഒച്ചയായി അത് അമർന്നുപോയി. ''ഈ മുറി ഒരു തടവറയാണ്.'' ആബിയ ലോകത്തിലെ നിസ്സഹായത പേറുന്ന പെണ്ണുങ്ങളിൽ ഒരാളാവാൻ ആഗ്രഹിച്ചില്ല. മനസ്സുകൊണ്ട് പോരാടാൻ തീരുമാനിച്ചു.
പേപിടിച്ച മൃഗത്തെപ്പോലെ തന്നെ പിച്ചിച്ചീന്തുമ്പോൾ അയാൾ ആവർത്തിച്ചു പറഞ്ഞത് ചാരപ്പണി നിർത്തിക്കോ തേവിടിശ്ശി എന്നാണ്. ഈ ശിക്ഷ ഞാൻ അര്ഹിക്കുന്നില്ല, ഞാൻ കുപ്പ് വാരയിലെ പെൺകുട്ടിയാണ്. ധീരയാണ്, പോരാടാൻ ജനിച്ചവളാണ്. വേദന കടിച്ചമർത്തിക്കൊണ്ട് അവൾ കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. തിരിച്ചിട്ടും മറിച്ചിട്ടും കീഴടക്കി ആധിപത്യം സ്ഥാപിക്കുമ്പോൾ വൃത്തികെട്ട മൃഗത്തെപ്പോലെ മൂളുകയും മുരളുകയും ചെയ്യുന്നതിന്റെ ഇടക്ക് അയാൾ പറഞ്ഞത് ആബിയക്ക് വീണ്ടും ജീവിക്കാൻ പ്രേരണ നൽകി.
''നിന്റെ അധികപ്രസംഗം ഞാനിന്ന് അവസാനിപ്പിച്ചുതരാം. നിന്നെക്കൊണ്ട് ഒരു ഹിന്ദുവിന്റെ കുഞ്ഞിനെ പ്രസവിപ്പിക്കും നായിന്റെ മോളെ.'' അയാൾ ആബിയയിൽ കിതച്ചുവീഴുമ്പോഴേക്കും അവൾ ജീവച്ഛവമായിരുന്നു.
ഠഠഠ
വിമൽ വൻസാരെയുടെ നിർബന്ധപ്രകാരമാണ് മേധ കോഹ് ലെ ദാദറിൽ ഫ്ലാറ്റ് വാങ്ങിയത്. പഴയ ഫ്ലാറ്റ് വിറ്റശേഷം മാട്ടുംഗയിൽ ഒരു സ്റ്റുഡിയോ ഫ്ലാറ്റ് അവൾ കണ്ടുവെച്ചിരുന്നു. ഇനി ലോണെടുത്ത് ജീവിതം പാഴാക്കാൻ ഇല്ലെന്ന് ആദ്യ അനുഭവം അവളെ പഠിപ്പിച്ചതിനാൽ ദാദറിലെ ഫ്ലാറ്റ് അവളുടെ സ്വപ്നമേ ആയിരുന്നില്ല.
''ഇരട്ടമുറി ഫ്ലാറ്റ് എനിക്കെന്തിനാണ് വിമൽ. അതിഥികളായിപോലും എനിക്ക് ഇനി ആരും വരാനില്ല.'' പൂനെയിൽനിന്നും മടങ്ങുമ്പോൾ മേധ പറഞ്ഞിരുന്നു.
''എങ്കിൽ ഞാൻ നിന്റെ കൂടെ കഴിയാൻ വരാം.''
അന്നത്തെ സംസാരമാണ് ദാദറിലെ ഫ്ലാറ്റ് സ്വന്തമാക്കാൻ ഇടയാക്കിയത്. വിശാലമായ രണ്ടു മുറികൾ, വലിയ അടുക്കളമുറിയുടെ അത്രയുംതന്നെ വലുപ്പമുള്ള ഡൈനിങ്, ചെറിയൊരു ബാൽക്കണി. താമസം തുടങ്ങിയതിനുശേഷമാണ് മേധക്ക് തന്റെ ഫ്ലാറ്റിനോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. ഇൻഡോർ പ്ലാന്റ്സ് വെക്കാൻ തുടങ്ങിയപ്പോൾ വിമലാണ് വിലക്കിയത്. കാരണം അവൾ തിരക്കിയില്ല. ഇടക്ക് വിമൽ അവൾക്കൊപ്പം താമസിക്കും. ഇന്ന് വൈകുന്നേരം രണ്ടാളും ഓഫീസിൽനിന്ന് ഒന്നിച്ചാണ് ഫ്ലാറ്റിലേക്ക് വന്നത്.
മേധ അടുക്കളയിൽ കയറുംമുമ്പ് വസ്ത്രങ്ങൾ അലക്കാൻ എടുത്തു. വിമലിന്റെ ഷർട്ടും പാൻറ്സും കഴുകിയെടുക്കുമ്പോൾ ചെറിയ ആനന്ദം അവൾ അനുഭവിക്കാറുണ്ട്. അയാളുടെ കുപ്പായങ്ങൾ അലക്കി ഉണക്കി മടക്കിവെക്കുന്നത് സുകൃതമായാണ് കണക്കാക്കുന്നത്. ശരീരത്തെയും മനസ്സിനെയും ഏറ്റവും നന്നായി മനസ്സിലാക്കുന്നത് കുപ്പായങ്ങളാണ്. വിവസ്ത്രരാക്കപ്പെടുമ്പോൾ മനുഷ്യർ സത്യസന്ധർ ആവുന്നത് അതുകൊണ്ടാവും. ഉടുപ്പുകൾ തോരാൻ ഇടുമ്പോൾ മേധ ഇങ്ങനെ ഓരോന്ന് ആലോചിച്ചുകൂട്ടി. ഈ നേരമത്രയും തന്റെ ഫോണിൽ ശിവറാം ഗോദ്ര അരണ്ടവെളിച്ചത്തിൽ ആബിയയോട് ചെയ്യുന്നത് വിമൽ വീക്ഷിക്കുകയായിരുന്നു. ശിവറാം അവളെ കീഴടക്കുന്നത് കണ്ടപ്പോൾ വിമലിന്റെ ശരീരം ചെറുതായി ചൂടുപിടിക്കുകയും ലിംഗം എഴുന്നേൽക്കാൻ തുടിച്ച് പരാജയപ്പെടുകയുംചെയ്തു.
ഫോൺ മാറ്റിവെച്ച് അയാൾ ബാൽക്കണിയിൽ ചെന്ന് നഗരം നോക്കിനിന്നു. അൽപം കഴിഞ്ഞപ്പോൾ കാപ്പിയുടെ മണം പരന്നു. മേധ രണ്ട് കപ്പുമായി വന്നതാണ്. ഇംഗ്ലീഷ് കോഫിയാണ്. വിമലിന് സന്തോഷം തോന്നി. അവൾ സ്നേഹപൂർവം കപ്പിന്റെ അടി കൈകൊണ്ട് തുടച്ചശേഷം വിമലിന് നീട്ടി.
''ഞാൻ ഓൺലൈനിൽ ഓർഡർ ചെയ്തതാണ്. നിനക്ക് ഇഷ്ടമാണെന്ന് എനിക്കറിയാം.''
വിമൽ കാപ്പി മൊത്തിക്കൊണ്ട് ചിരിച്ചു. ഇരുട്ടിത്തുടങ്ങിയ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് മഞ്ഞവെളിച്ചം വന്നുതുടങ്ങിയിരുന്നു. വാഹനങ്ങൾ പോകുന്നതിന്റെ ചുവപ്പ് അടയാളങ്ങളിൽ നോക്കി കാപ്പി ആസ്വദിച്ചു കുടിച്ചശേഷം വിമൽ ബാൽക്കണിയിലേക്ക് കസേര വലിച്ചിട്ടിരുന്നു. മേധ അയാളുടെ മടിയിലും.
നിനക്കിനി കാപ്പി വേണോ? മേധ തന്റെ കപ്പ് അയാളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു. അയാൾ വേണ്ട എന്ന് അവളെ തലോടി.
''ഞാനൊരു രഹസ്യം പറഞ്ഞാൽ നീ എന്നോട് പിണങ്ങുമോ?''
അവൾ വിമലിന്റെ തോളിലേക്ക് നന്നായി ചാഞ്ഞുകൊണ്ട് മൂളുക മാത്രം ചെയ്തു. ''ഈ ഫ്ലാറ്റിൽ മുമ്പ് ഒരു ദുർമരണം സംഭവിച്ചിട്ടുണ്ട്.''
മേധ ബാക്കികൂടി കേൾക്കാൻ എന്നോണം കാപ്പിക്കപ്പ് മാറ്റിവെച്ചു. ''അതുകൊണ്ടാണ് ചുളുവിലയ്ക്ക് നമുക്ക് കിട്ടിയത്.''
''എന്താണ് സംഭവിച്ചത്?''
പരേഷ് അഗർവാൾ ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. റിട്ടയേഡ് ആർ.ബി.ഐ ഉദ്യോഗസ്ഥനായിരുന്നു. മക്കൾ ഒക്കെ പുറത്തായതു കാരണം തനിച്ചായിരുന്നു താമസം. വല്ലപ്പോഴുമേ അദ്ദേഹം പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ. ഭാര്യ മരിച്ചതിൽപിന്നെ അവരുടെ നൈറ്റി അണിഞ്ഞാണ് പുറത്തിറങ്ങാറ്. ആളുകൾ ആദ്യമൊക്കെ കളിയാക്കുമായിരുന്നു. പിന്നെ എല്ലാവർക്കും അത് ശീലമായി. ഒരുദിവസം വലിയ സ്യൂട്ട്കേസുമായി അഗർവാൾ പുറത്തിറങ്ങി. എല്ലാവരും കൗതുകത്തോടെ അയാളെ നോക്കിനിന്നു.
പതിവ് വേഷത്തിൽ ആയിരുന്നില്ല. കോട്ടും സ്യൂട്ടും ടൈയും ഒക്കെ അണിഞ്ഞ്, ആർ.ബി.ഐയിൽ ജോലിചെയ്തിരുന്ന കാലത്തേതുപോലെ മാന്യമായി വസ്ത്രം ധരിച്ചാണ് അയാൾ റോഡിലേക്ക് ഇറങ്ങിയത്. എല്ലാവർക്കും അത്ഭുതമായി. മനോരോഗം ഉള്ള അയാളെ എഴുതിത്തള്ളിയതായിരുന്നു നാട്ടുകാർ. അഗർവാൾ എങ്ങോട്ടാണ് പോകുന്നത്? ഇതിനുള്ള ഉത്തരം നാട്ടുകാർക്ക് അടുത്തദിവസം രാവിലെ പത്രം വന്നപ്പോഴാണ് കിട്ടിയത്. ജില്ലാ കലക്ടറെ കാണാനാണ് അഗർവാൾ പെട്ടിയുമായി പോയത്. തന്റെ കൈയിൽ 25 ലക്ഷത്തിന്റെ കള്ളനോട്ട് ഉണ്ടെന്നും അത് സറണ്ടർ ചെയ്യാനാണ് വന്നതെന്നും അഗർവാൾ കലക്ടറോട് പറഞ്ഞു. ഉടനെ നോട്ട് പരിശോധിക്കാനും അയാളെ കൂടുതൽ ചോദ്യംചെയ്യാനും ഉത്തരവായി. നോട്ട് പരിശോധിച്ചപ്പോൾ കള്ളനോട്ടല്ലെന്ന് ബോധ്യപ്പെട്ടു.
അദ്ദേഹത്തിന്റെ അക്കൗണ്ടിൽനിന്ന് പിൻവലിച്ചതും റിട്ടയർമെന്റിനുശേഷം കിട്ടിയ ഫുൾ ആൻഡ് ഫൈനലും ആയിരുന്നു പെട്ടിയിലെ നോട്ടുകൾ. കലക്ടർ വിശദമായ അന്വേഷണത്തിനുശേഷം പെട്ടി മടക്കിക്കൊടുത്തു. വരുന്ന വഴി അയാൾ ദാദർ റെയിൽവേ സ്റ്റേഷനിൽ ചെന്ന് നോട്ടുകൾ വാരിവിതറി. ആൾക്കൂട്ടം നോട്ടുകൾ കൈക്കലാക്കാൻ തമ്മിലടിക്കുന്നത് കണ്ടു പൊട്ടിച്ചിരിച്ചു. ഈ സംഭവത്തിനുശേഷം ഫ്ലാറ്റിൽ കയറിയ അഗർവാളിനെ പിന്നെ ആരും അധികം കണ്ടിട്ടില്ല. ഒരുനാൾ ജനാലവഴി അയാൾ ഉയരങ്ങളിൽനിന്ന് തന്റെ നൈറ്റിയും കോട്ടും സ്യൂട്ടും താഴേക്ക് വലിച്ചെറിഞ്ഞു. അതു കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഫ്ലാറ്റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായും ഈച്ചകൾ മൂളുന്ന ശബ്ദം കേൾക്കുന്നതായും അയൽക്കാർ പരാതിപ്പെട്ടു. പൊലീസ് സഹായത്തോടെ അസോസിയേഷൻകാർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഞെട്ടിപ്പോയത്. ടൈ മാത്രം ധരിച്ച പരേഷ് അഗർവാളിന്റെ നഗ്നശരീരം ഡൈനിങ് ടേബിളിൽ ചത്തു ചീർത്തുകിടക്കുന്നു...
ഒരു കഥ പറയുംപോലെ വിമൽ വൻസാരെ ഫ്ലാറ്റ് ഓണറുടെ ദുരന്തം വിവരിച്ചശേഷവും മേധ മൗനം തുടർന്നു. മരണകഥകൾ ഭയപ്പെടുത്തുന്ന ജീവിതഘട്ടമൊക്കെ അവളെന്നേ മറികടന്നിരുന്നു. മേധ ആറിത്തണുത്ത കാപ്പി കൈയിലെടുത്ത് ഒറ്റവലിക്ക് കുടിച്ചു.
''ഏകാകികളായ മനുഷ്യര് മരിക്കുമ്പോൾ, ലോകം അവരെ കണ്ടുപിടിക്കാൻ വേണ്ടിയാണ് ദൈവം ശരീരത്തിന് ദുർഗന്ധം വമിക്കാനുള്ള കഴിവ് നൽകിയിരിക്കുന്നത്.''
വിമൽ ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് മേധയിൽനിന്നും ഉണ്ടായത്.
''നിനക്ക് ഇവിടെ ഒറ്റക്ക് പാർക്കാൻ പേടി തോന്നുമോ?''
''ഇല്ല. നാം പകുതി മരിച്ച മനുഷ്യരല്ലേ, അഗർവാളിന്റെ ആത്മാവിന് നമ്മളെ പേടിപ്പിക്കാനൊന്നുമാവില്ല വിമൽ...''
ഏറെക്കാലത്തിനുശേഷം വിമൽ വൻസാരെ ഏറ്റവും രുചികരമായ അത്താഴം കഴിച്ചു. അന്ന് രാത്രി അയാളോട് ചേർന്ന് കിടക്കുമ്പോൾ മേധ ചോദിച്ചു: ''കാണാതായ ആബിയ മഖ്ധൂമി ചാരവനിത ആണെന്ന് പറയുന്നത് വാസ്തവമാണോ?''
മേധയോട് കള്ളം പറയാൻ മടിയുള്ളതിനാൽ വിമൽ വൻസാരെ മറുപടി പറയാതെ ഉറക്കം നടിച്ചു കിടന്നു.