കല്ലുവെട്ടിക്കുഴിയുടെ ആഴങ്ങളില്‍ -അനില്‍ ദേവസ്സിയുടെ പുതിയ നോവലെറ്റ് ആരംഭിക്കുന്നു
ഒന്ന് അമ്മച്ചി പോയേന്റെ പിന്നാലെ കുഞ്ഞോള്‍ടെ നല്ല ജീവിതം പോയിക്കിട്ടി. കൊലകുത്തി കായ്ച്ച മരം ഉണങ്ങിപ്പോയല്ലോ, തൂണും തുണയുമില്ലാണ്ട് ഒറ്റപ്പെട്ടുപോയല്ലോ എന്നൊക്കെ പുത്തന്‍പാനയുടെ ഈണത്തില്‍ സങ്കടം പാടണ നാട്ടുകാരുടെ ഇടയില്‍നിന്നും കുഞ്ഞോളെ മോചിപ്പിച്ച് എലിഞ്ഞിപ്രയിലുള്ള അമ്മായീടെ വീട്ടില്‍ വളര്‍ത്താന്‍ കൊണ്ടുവിടുമ്പോള്‍ പത്താംതരം പരീക്ഷ കഴിഞ്ഞ്...
Your Subscription Supports Independent Journalism
View Plansഒന്ന്
അമ്മച്ചി പോയേന്റെ പിന്നാലെ കുഞ്ഞോള്‍ടെ നല്ല ജീവിതം പോയിക്കിട്ടി. കൊലകുത്തി കായ്ച്ച മരം ഉണങ്ങിപ്പോയല്ലോ, തൂണും തുണയുമില്ലാണ്ട് ഒറ്റപ്പെട്ടുപോയല്ലോ എന്നൊക്കെ പുത്തന്‍പാനയുടെ ഈണത്തില്‍ സങ്കടം പാടണ നാട്ടുകാരുടെ ഇടയില്‍നിന്നും കുഞ്ഞോളെ മോചിപ്പിച്ച് എലിഞ്ഞിപ്രയിലുള്ള അമ്മായീടെ വീട്ടില്‍ വളര്‍ത്താന്‍ കൊണ്ടുവിടുമ്പോള്‍ പത്താംതരം പരീക്ഷ കഴിഞ്ഞ് മദിച്ചുനടക്കണ പ്രായായിരുന്നു അവള്‍ക്ക്.
പേര് എലിസബത്തെന്നാണേലും, അമ്മച്ചിക്കവള് കുഞ്ഞോളായിരുന്നു. ആ പഞ്ചാരവിളിയും രാജകുമാരി ചമയലും പതുക്കെപ്പതുക്കെ മാഞ്ഞുപോയി; എടീ, പോടീ വിളികള്‍ തെളിഞ്ഞുവന്നു.
കല്ലുവെട്ടിക്കുഴിയില്‍ വീണാണ് അമ്മച്ചി മരിച്ചത്. വെട്ടുകല്ല് ചെത്തിയെടുത്ത്, വീടിന്റെ പിന്നാമ്പുറത്ത്, സ്വർണം പൂശിയ പള്ളിയറകണക്കെ രൂപപ്പെട്ട കല്ലുവെട്ടിക്കുഴിയില്‍ പെരുമഴക്കാലമാകുമ്പോള് വെള്ളം നിറയാന്‍ തുടങ്ങും.
താഴേക്കിറങ്ങാന്‍ വെട്ടിയിറക്കിയിട്ടുള്ള പടവുകളില്‍ കുന്തിച്ചിരുന്ന്, ചളുങ്ങിയ ചെരുവംകൊണ്ട് വെള്ളം തേവിയെടുക്കുന്ന അമ്മച്ചിയുടെ രൂപം കുഞ്ഞോള്‍ടെ മനസ്സിലെ ഓളങ്ങളില്‍ കൊട്ടത്തേങ്ങപോലെ ഒഴുകിനടന്നു.
''നമ്മളതിങ്ങോട്ടാ അപ്പാ?'' അമ്മച്ചി പോയേന്റെ ഏഴാംപക്കം, മഴ തെല്ല് ശമനപ്പെട്ട പകലില്‍, സെമിത്തേരിയിലെ ചളിയും പൂക്കളും കുഴഞ്ഞുമറിഞ്ഞ അമ്മച്ചിക്കുഴിയില് മെഴുകുതിരിയൊരെണ്ണം കൊളുത്തിവെച്ച്, മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും ചൊല്ലി മടങ്ങുമ്പോള്‍ കുഞ്ഞോള് ചോദിച്ചു. പള്ളിയില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ്, അന്തോനീസ് പുണ്യാളന്റെ കപ്പേള വലംവെച്ച്, കാറ്റാടിമരങ്ങള്‍ കുടപിടിച്ച മണ്വഴിയിലൂടെയായിരുന്നു മടക്കയാത്ര എങ്കില്‍ കുഞ്ഞോളാ ചോദ്യം ചോദിക്കില്ലായിരുന്നു. വെയില് തലപൊക്കി നോക്കണ, ടൗണിലെ പീടികകളുടെ മേല്‍ക്കൂരകള്‍ തെളിയണ ടാറിട്ട റോഡിന്റെ മധ്യത്തിലെത്തിയപ്പോഴും അവളാ ചോദ്യം ആവര്‍ത്തിച്ചു. അപ്പന് ഒന്നും പറയാതെ ആദ്യം കണ്ട ചായക്കടയിലേക്ക് കയറി.
പാലുവെള്ളം ഊതിയൂതി കുടിക്കുമ്പോഴും വെണ്ണറൊട്ടി നുള്ളിത്തിന്നുമ്പോഴും പലവിധ ചോദ്യങ്ങള്‍ കുഞ്ഞോള്‍ടെ നെഞ്ചിന് ചട്ടിയില്ക്കിടന്ന് ഉരുകി.
''പെണ്ണല്ലേ അവറച്ചാ, ഒറ്റയ്ക്ക് കൂട്ട്യാകൂടില്ല. പാര്‍ട്ടി, പഞ്ചായത്ത്, നാട്ടുകാര്‍ ഇതൊക്കെ കഴിഞ്ഞ് കുടുമ്മത്ത് ഇരിക്കാന്‍ എനിക്കെവ്ടാ നേരം.'' ചായക്കടക്കാരന്റെ ചോദ്യത്തിന് അപ്പന് മറുപടി പറഞ്ഞു: ''എലിഞ്ഞിപ്രേലൊള്ള പെങ്ങള് നോക്കിക്കോളും. അവള്‍ക്കാണേ ക് ടാങ്ങളില്ല. ഇനിയൊട്ട് ഇണ്ടാകേം ഇല്ല.''
''ലാസറളിയന്റെ അവസ്ഥ അത്രയ്ക്ക് മോശാണോ?'' ചായക്കറകള്‍ പടര്‍ന്നു കയറിയ പറ്റുപുസ്തകത്തിലെ ഭൂപടങ്ങള്ക്കിടയില്നിന്നു തലയുയര്‍ത്തി ചായക്കടക്കാരന് അപ്പനെ നോക്കി.
''ഓഹ്! ഇനിയൊര് ഉയിര്‍ത്തെഴുന്നേല്‍പ്പ് കാണില്ലെന്നെ. അമ്മാതിരി തുപ്പല്ലേ ചോര.'' അപ്പന് പറഞ്ഞതു കേട്ടപ്പോള്‍, ക്ഷയരോഗിയായ കൊച്ചപ്പച്ചന്റെ വാടിയ മുഖം കുഞ്ഞോള്‍ടെ മനസ്സിലേക്ക് ഓടിയെത്തി.
ഉണങ്ങിയ പഞ്ഞിക്കായകള്‍ പൊട്ടിയടര്‍ന്ന് കാറ്റില്‍ കൊടിപിടിക്കുന്ന വയസ്സന് പഞ്ഞിമരത്തോടു ചേര്‍ന്നുള്ള ചായ്പിലാണ് കൊച്ചപ്പച്ചന്റെ കെടപ്പ്. ആ പാവത്തിന്റെ ഓരോ ചുമയിലും പഞ്ഞിമരത്തിന്റെ ചോട്ടിലേക്ക് ചോരപ്പൂക്കള്‍ കൊഴിഞ്ഞുവീഴും.
''വേം കുടിക്കെറീ ക് ടാവേ, ബസ്സിപ്പ വരും.'' അപ്പന് തെരക്ക് കൂട്ടി.
''ചൂടല്ലേ അപ്പാ...'' കുഞ്ഞോള്‍ടെ കണ്ണുകള്‍ നിറഞ്ഞു; ചായവെള്ളത്തിലെ പതകള്‍ കലങ്ങി.
''എന്നാ കുടിച്ചത് മതി. എറങ്ങാന്‍ നോക്കിങ്ങോട്ട്.'' ഇളവെയില് വാടിവീഴുന്ന വെട്ടോഴിയിലേക്ക് അപ്പന് തിടുക്കപ്പെട്ടു.
ooo
എലിഞ്ഞിപ്ര എന്ന് വലിയ അക്ഷരങ്ങളില്‍ ബോര്ഡെഴുതിവെച്ചിട്ടുള്ള ബസില്‍ ആദ്യമായിട്ടായിരുന്നില്ല കുഞ്ഞോള് യാത്രചെയ്യുന്നത്. ഇതിനും മുമ്പ് എത്രയോ തവണ ആ ബസിന്റെ വരവും പോക്കും നോക്കി ഉത്സാഹത്തോടെ ബസ് സ്റ്റോപ്പില്‍ കാത്തുനിന്നിട്ടുണ്ടെന്നോ. സൈഡ്സീറ്റിലെ കാറ്റേറ്റ്, ജീവിതം പിറകോട്ട് ഓടുന്നത് രസിച്ച്, റോഡിലെ കുഴികളിലൂടെ പായുമ്പോള്‍ അയഞ്ഞും മുറുകിയും ബസിന്റെ ഏതേതോ ഭാഗങ്ങളില്‍ നിന്നും പൊട്ടിപ്പുറപ്പെടുന്ന നട്ടുബോള്ട്ടുകളുടെ ശബ്ദങ്ങള്‍ ആസ്വദിച്ച്, മുന്നേ പോകുന്ന വാഹനങ്ങളെ വെട്ടിക്ക് വെട്ടിക്ക് എന്ന് ആവേശംകൊണ്ട് പലവട്ടം ആനന്ദത്തേരില്‍ കുതിച്ച വഴികളിലൂടെ ആദ്യമായിട്ടവള് കരഞ്ഞുകൊണ്ട് കിതച്ചു.
''ഈ പെണ്ണിതിനുമാത്രം മോങ്ങണതെന്തൂട്ടിന്നാന്നേ? നീ പൊക്കോടാ വര്‍ക്ക്യേ.''
കുഞ്ഞോള്‍ടെ കരച്ചില് കണ്ടിട്ട് ലൂസ്യമ്മായിക്ക് അരിശം വന്നു.
ഇല്ലിവേലി കടന്ന്, ചരലിറക്കം കഴിഞ്ഞുള്ള മണ്‍വഴി മായുന്നതുവരെ അപ്പന്റെ തലവെട്ടം തെളിഞ്ഞു കണ്ടു. നോക്കിനില്‍ക്കെ അതുമെല്ലെ മാഞ്ഞുപോയി; എടുത്താ പൊന്താത്ത മഴക്കാറ് കേറിവന്നു. വല്ലപ്പോഴും ആശിച്ചുമോഹിച്ച് വന്നുനിക്കാറുള്ള ലൂസ്യമ്മായിടെ വീട് അന്നുമുതല്‍ കാരാഗൃഹത്തിന്റെ ഏകാന്തത വാരിപ്പുതയ്ക്കുന്നത് കുഞ്ഞോള് അറിഞ്ഞു.
രണ്ട്
''സ്വന്തം വീട്ടിലേക്കുള്ള വഴി മറന്നുപോകാന്‍ വിധിക്കപ്പെട്ട ജന്മങ്ങളാണ് പെണ്ണുങ്ങള്.'' അമ്മച്ചി കൂടെക്കൂടെ പറയാറുള്ളത് ശരിയാണെന്ന് കുഞ്ഞോള്‍ക്ക് തോന്നി.
''എനിക്കെന്റെ അമ്മേ കാണാന്‍ തോന്നണ്ടീ ക് ടാവേ.'' പാത്യമ്പൊറത്തിരുന്ന്, കടുക് പൊട്ടിത്തെറിക്കണമാതിരി വിങ്ങിപ്പൊട്ടണ അമ്മച്ചിയെ എത്ര വട്ടം കണ്ടേക്കണെന്നോ! കുഞ്ഞോള്ക്കും അമ്മച്ചിയെ കാണാന്‍ പൂതിക്കേറി.
വീട്ടിലാണേല്, മുറ്റത്തെ ചെത്തിയില്നിന്നു ഒരു കുടന്ന പൂവ് അടര്‍ത്തിയെടുത്ത് പള്ളിമുറ്റത്തേക്ക് ഒരോട്ടം വെച്ചുകൊടുക്കാമായിരുന്നു. അമ്മച്ചിക്കുഴിയിലേക്ക് നെറ്റിമുട്ടിച്ച് സങ്കടങ്ങളിറക്കി വെക്കാമായിരുന്നു. ഇതിപ്പോ, കേള്‍ക്കാനും പറയാനും ആരുണ്ട്? അവനവന് മാത്രം കൂട്ട്!
അപ്പന് ആ പോക്കുപോയതാണ്. പിന്നെ കണ്ടിട്ടില്ല. അമ്മായീടെ അടുത്തു ചോദിച്ചാല്‍, വെറുതെ കിടന്ന് ചിണുങ്ങാതെടിവ്ളേന്നും പറഞ്ഞ് എന്തേലും പണിയെടുത്ത് തലയില്‍ വെച്ചുതരും. തൊഴുത്ത് നെറഞ്ഞുനിക്കണ പശുക്കളാണ് ലൂസ്യമ്മായീടെ ലോകം. ആ ലോകത്തേക്ക് പുതുതായി കാലെടുത്തുവെച്ച കുഞ്ഞോളെ ചവിട്ടീം തൊഴിച്ചും കുത്തിയുമൊക്കെയാണ് പശുക്കള്‍ സ്വീകരിച്ചത്.
കൊച്ചപ്പച്ചന്റെ ചായ്പിലും തൊഴുത്തിലുമായി കുഞ്ഞോള്‍ടെ ജീവിതം കറങ്ങിക്കൊണ്ടിരുന്നു.
പശുക്കള്‍ക്ക് കാടിവെള്ളം കലക്കിക്കൊടുക്കണം. കൊച്ചപ്പച്ചന്‍, കൂടെക്കൂടെ ചൂടുള്ള കഞ്ഞിവെള്ളം കൊണ്ടുകൊടുക്കണം. തുപ്പിയും തൂറിയുമിട്ട ചായ്പ് കഴുകി തുടയ്ക്കണേന്റെ പിന്നാലെ തൊഴുത്ത് അടിച്ചുതെളിക്കണം. ചാണകക്കുഴി വൃത്തിയാക്കണം. ചോറും കറീം വെക്കണം. മുറ്റമടിക്കണം. തുണികഴുകണം. വിറകു കീറണം. അമ്മായിക്ക് കുളിക്കാനുള്ള വെള്ളം ചൂടാക്കണം. ഇതിനിടയില്‍ അവനവന്റെ തീറ്റേം കുളിയുമൊക്കെ ഒരു കടത്തുകഴിക്കലായി...
തൊഴുത്തീക്കുത്ത് അധികകാലം നീണ്ടുനിന്നില്ല. ചോര തുപ്പിത്തുപ്പി, ഇന്ധനം തീര്‍ന്നുപോയ കൊച്ചപ്പച്ചന്വണ്ടി തന്റെ മുമ്പിലും പിമ്പിലും ഓടുന്നവരെക്കുറിച്ചോര്ക്കാതെ പെട്ടെന്നൊരു ദിവസം ഓട്ടം അവസാനിപ്പിച്ചു.
കൊച്ചപ്പച്ചന്റെ ശ്വാസം നിലച്ചതുമുതല്‍ തന്റെ തുടര്ജീവിതത്തെക്കുറിച്ചോര്ത്ത് കുഞ്ഞോള്‍ക്ക് ശ്വാസം മുട്ടി.
മരിപ്പറിഞ്ഞ് ഓടിപ്പാഞ്ഞെത്തിയ അപ്പനെയൊന്ന് നേരെ ചൊവ്വേ കാണാന്‍കൂടി കഴിഞ്ഞില്ല. അപ്പാന്ന് വിളിച്ച് ചങ്കലച്ച് അടുത്തേക്ക് ചെല്ലുമ്പോഴേക്കും അപ്പന് ഓരോരോ തിരക്കുകള്‍...
മുറ്റത്ത് പന്തലുകെട്ടാനുള്ള ഒരുക്കങ്ങള്‍. മഞ്ചവാങ്ങണം. മരണക്കുപ്പായം വാങ്ങണം. കുറിയടിക്കണം. പള്ളിയില്‍ പോകണം. മരിച്ചവരെപ്രതി ജീവിച്ചിരിക്കുന്നവരുടെ മരണപ്പാച്ചില്‍.
ഇതിനിടയിലും, വരുന്നവരോടും പോകുന്നവരോടും വിശേഷങ്ങള്‍ പറയാന്‍ അപ്പന് നേരണ്ട്.
കുഞ്ഞോളെയൊന്ന് വാത്സല്യത്തോടെ നോക്ക് അപ്പാ. ചേര്‍ത്തുപിടിച്ച് പുന്നാരിക്ക് അപ്പാ. കല്ലുവെട്ടിക്കുഴിയുടെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നവളുടെ നേര്‍ക്ക് കൈനീട്ട് അപ്പാ. കൊച്ചപ്പച്ചനുള്ള അന്ത്യചുംബനം കഴിഞ്ഞ് കുഞ്ഞോളെയൊന്ന് വാരിയെടുത്ത് ഉമ്മവയ്ക്കെന്റെ അപ്പാ...
കൊച്ചപ്പച്ചന്റെ തലയ്ക്കാംഭാഗത്തിരുന്ന് എണ്ണിപ്പെറുക്കുന്ന ലൂസ്യമ്മായിയോടു ചേര്‍ന്നിരുന്ന് കുഞ്ഞോളും നിശ്ശബ്ദം കരഞ്ഞു.
കുഴിക്ക് ഒപ്പീസ് ചൊല്ലി പിരിയാം നേരം വികാരിയച്ചന് ഓർമിപ്പിച്ചു: ''തുണ നഷ്ടപ്പെട്ടവര്‍ക്ക് കര്‍ത്താവാണ് തുണ. ഭര്‍ത്താവ് നഷ്ടപ്പെട്ട ഈ സഹോദരിയുടെ സങ്കടങ്ങള്‍ക്ക് ആശ്വാസമേകാന്‍ കര്‍ത്താവായ ഈശോമിശിഹായോട് നമുക്കെല്ലാവര്‍ക്കും പ്രാർഥിക്കാം.''
സെമിത്തേരിയോട് ചേര്‍ന്നുള്ള കൂടാരത്തിലിരുന്ന് ചായേം ബിസ്കറ്റും കഴിക്കുന്നവരൊക്കെ മരണം മറന്ന് ജീവിതം സംസാരിക്കാന്‍ തുടങ്ങിയിരുന്നു.
''ജീവിതന്ന് പറഞ്ഞാ തെരക്കേറിയ റോട്ടിലൂടെ വണ്ടിയോട്ടലാണ്. ചെലപ്പോ നമ്മുടെ വണ്ടിയുടെ മുന്നില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ട് നിന്നുപോകുന്ന വണ്ടികളൊക്കെ കണ്ടേക്കാം. അതും പറഞ്ഞ് നമ്മളവിടെ കെടക്ക്വോ?'' ഒഴിഞ്ഞ വസ്തികളിലേക്ക് ബിസ്കറ്റ് നിരത്തുന്നതിനിടയില്‍ കപ്യാരേട്ടന്‍ അപ്പനെ നോക്കി പറഞ്ഞു: ''പോയോര് പോയി. വര്‍ക്കി സാറിങ്ങനെ നാട്ടുകാരുടെ കാര്യോം നോക്കി നടന്നാ മതിയോ. എന്തോരം ജീവിതാ ബാക്കിക്കെടക്കണേ.''
കൂടാരത്തില്‍ കൂടിയിട്ടുള്ള നാട്ടുകാരും ബന്ധുജനങ്ങളും അപ്പനെ പ്രോത്സാഹിപ്പിച്ചു. ഭര്‍ത്താവു നഷ്ടപ്പെട്ട ലൂസ്യമ്മായിയോടു ഒരു കല്യാണംകൂടി കഴിക്കെന്നു പറയാനുള്ള ഉത്സാഹം അവിടെയാരും കാണിച്ചില്ല. അപ്പനെ കെട്ടിക്കാനായിരുന്നു എല്ലാവര്ക്കും തിരക്ക്.
കുഞ്ഞോള് മാത്രം ആ കൂട്ടത്തില്‍ കൂടിയില്ല.
വേണ്ട അപ്പാ, മ്മടെ അമ്മച്ചിക്ക് പകരം ആരും ആവൂല്ലപ്പാ... അവള് ഉള്ളുനൊന്തു പറഞ്ഞു. പക്ഷേ, അപ്പന് അതൊന്നും കേട്ടില്ല.
കൊച്ചപ്പച്ചന്റെ നാൽപത്തൊന്ന് കഴിഞ്ഞതിന്റെ പിന്നാലെ അപ്പന്റെ രണ്ടാംകെട്ടും നടന്നു. അപ്പന്റെ കല്യാണത്തിന് ഉപ്പ് വിളമ്പിയവളെ... ആരൊക്കെയോ കുഞ്ഞോളെ കളിയാക്കി. സാരല്ല്യ, അപ്പനൊരു അന്തിക്കൂട്ടും തനിക്കൊരു തണലും ആകുമല്ലോയെന്ന് അവള് ആശ്വസിച്ചു.
മൂന്ന്
രണ്ടാനമ്മച്ചി സുന്ദരിയായിരുന്നു. കുഞ്ഞോളെ നോക്കി ചിരിക്കൊക്കെ ചെയ്തു. അവള് എന്തൊക്കെയോ കിനാവ് കണ്ടുകൂട്ടി. എല്ലാം വെറുതെയായിരുന്നു.
വയറുനിറയെ ബിരിയാണി കേറ്റിയതിന്റെ ക്ഷീണത്തില്‍ ഉച്ചമയക്കത്തിന് മലര്‍ന്ന ലൂസ്യമ്മായി, വെയില് മങ്ങിത്തുടങ്ങിയപ്പോള്‍ ചാടിപ്പെടഞ്ഞെണീറ്റ് വീട്ടിലേക്കു പോകാന്‍ തിരക്ക് കൂട്ടി.
നാശം പിടിച്ചത് പോണേല് പോട്ടേ എന്നുകരുതി കുഞ്ഞോള്, ബാഗും കുടയും ചെരുപ്പുമൊക്കെ തപ്പിയെടുത്ത് മുന്നില്‍ കൊണ്ടുകൊടുത്തു.
''കൈയും മോറും കഴ്കി എറങ്ങാന്‍ നോക്കെറീ പെണ്ണേ...'' ഇടിത്തീ പോലെ പെയ്തിറങ്ങിയ, അമ്മായീടെ വാക്കുകള്‍ കുഞ്ഞോളെ പൊള്ളിച്ചു. അവള് അന്നേരം അപ്പനേം രണ്ടാനമ്മച്ചീനേം മാറിമാറി നോക്കി.
ക് ടാവ് ഇവ്ടെ നിക്കട്ടെ നാത്തൂനെ. ഇത് അവള്ടെ വീടല്ലെ. ഞാനവള്‍ടെ അമ്മച്ചിയല്ലേ. അവളെന്റെ കുഞ്ഞോളല്ലേ എന്നൊക്കെ പറഞ്ഞ് രണ്ടാനമ്മച്ചി തടയുമെന്നോര്ത്തത് വെറുതെയായി.
കുഞ്ഞോളും പോവായോ?
ടാർപായ അഴിക്കാന്‍ വന്ന പന്തൽപണിക്കാരുടെ ചോദ്യത്തിന് അപ്പനാണ് മറുപടി പറഞ്ഞത്: ''അവള്‍ക്ക് അവിടെ ബോധിച്ചെന്നേ. ഇതിപ്പോ അപ്പന്റെ കല്യാണായോണ്ട് പോന്നതല്ലേ. അല്ലേല്‍ കാണാര്ന്ന്. എലിഞ്ഞിപ്ര വിട്ടൊരു ലോകം അവള്‍ക്കില്ല. അല്ലേടീ?''
അല്ല എന്നുപറയാന്‍ നാവു വളച്ചപ്പോള്‍ ഒരു നെടുവീര്പ്പുയര്ന്നുവന്ന് കുഞ്ഞോള്‍ടെ നെഞ്ചില്‍ കല്ലച്ചുകിടന്നു. അഴിഞ്ഞുവീഴുന്ന പന്തലിന്റെ നടുവിലൂടെ അവള് നടന്നകന്നു.
ഠഠഠ
വീട്ടില്‍ തിരിച്ചെത്തിയതിനുശേഷം അമ്മായിയുടെ സ്വഭാവത്തില്‍ ഏതാണ്ടൊക്കെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. മിണ്ടാട്ടം മുട്ടി. തീറ്റേം കുടീം കുറഞ്ഞു. ഏതുനേരോം ഏതാണ്ടൊക്കെ ചിന്തിച്ചോണ്ടുള്ള ഇരിപ്പാണ്.
സദാസമയോം തറുതല കാണിച്ചുകൊണ്ടിരുന്ന പശുക്കളും ശാന്തസ്വഭാവം പ്രകടിപ്പിച്ചു.
ഒരുദിവസം സന്ധ്യക്ക്, പശുവൊരെണ്ണം നിന്നനില്‍പ്പില്‍ കുഴഞ്ഞുവീണു. നേരത്തോടു നേരം എത്തുന്നതിനു മുമ്പേ അതു ചത്തു. കുഞ്ഞോള് ഒറ്റക്കാണ് പറമ്പിന്റെ മൂലയ്ക്കെ കുഴിയെടുത്തതും പശുവിനെ കുഴിച്ചുമൂടിയതും. പിറ്റേന്നുതന്നെ, തൊഴുത്തില്‍ ശേഷിച്ച പശുക്കളെ മുഴുവന്‍ ആര്ക്കാണ്ടൊക്കെ വിറ്റുകളഞ്ഞു. കിട്ടിയ കാശുംകൊണ്ട് അമ്മായി എലിഞ്ഞിപ്ര ചന്തയില്‍ പോയി പോര്ക്കെറച്ചീം ബ്രാണ്ടീം വാങ്ങിക്കൊണ്ടുവന്നു.
രണ്ടു ദിവസം തീറ്റേം കുടീം തന്നാര്‍ന്നു. മൂന്നാം ദിവസം വയറിളക്കം പിടിച്ചു. നാലുദിവസം തൂറ്റലോടു തൂറ്റലായിരുന്നു. തീട്ടം കോരി കുഞ്ഞോൾടെ നടുവൊടിഞ്ഞു.
ഏഴാം ദിവസം, തലപൊന്തിയപ്പോൾ, വെള്ളസാരി വാരിച്ചുറ്റി കൈയിലൊരു ബൈബിളും പിടിച്ച് വീട്ടീന്ന് ഇറങ്ങിപ്പോയ അമ്മായി രണ്ടുദിവസം കഴിഞ്ഞാണ് മടങ്ങിവന്നത്. തിന്നാനും വേണ്ട കുടിക്കാനും വേണ്ട. മൂന്നുനേരോം കുരിശുവരേം കൊന്തചൊല്ലലും.
ഠഠഠ
''ഉടുക്കാനൊള്ളതൊക്കെ പൊതിഞ്ഞെടുക്ക് മോളേ...'' പതിവു പ്രാർഥനക്കൊപ്പം പഞ്ചാരവാക്കും പൊന്നേവിളിയും കേട്ടാണ് ഒരു പുലർച്ചക്ക് കുഞ്ഞോള് കണ്ണുതുറന്നത്.
''വീട്ടിലേക്കാണോ?'' സന്തോഷത്താല്‍ ശ്വാസംമുട്ടിക്കൊണ്ട് അവള് ചോദിച്ചു. അമ്മായി ഒന്നും പറയാതെ ഊടുവഴിയിലേക്ക് ഊർന്നു.
മുഷിഞ്ഞതും അല്ലാത്തതുമായ ഉടുപ്പുകളൊക്കെ കുത്തിനിറച്ച സഞ്ചിയും കക്ഷത്തിലേറ്റി, മടിച്ചുനിന്ന വെട്ടം മുടന്തിവന്ന ഇടവഴികളിലൂടെ കുഞ്ഞോളും തൊങ്ങിപ്പാഞ്ഞു.
ഠഠഠ
ടൗണിലെ, ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ വണ്ടികളുടെ അവസാനനിരയില്‍ പതുങ്ങിക്കിടക്കുന്ന വെളുത്ത കാറിനെ ലക്ഷ്യമാക്കി അമ്മായി റോഡു മുറിച്ചുകടന്നു.
''ഇങ്ങോട്ട് കേറ് മോളെ.'' കാറിന്റെ ഡോർ തുറന്നുപിടിച്ച് അമ്മായി പുന്നാരിച്ചു.
ഉണ്ണീശോയ്ക്ക് സമ്മാനങ്ങളുമായി വന്ന രാജാവിന്റെ മുഖച്ഛായയുള്ള ഒരു മനുഷ്യനാണ് കാറോടിച്ചിരുന്നത്. പതിഞ്ഞ ശബ്ദത്തിൽ, സങ്കടയീണത്തിൽ ആരോ മിശിഹാചരിത്രം പാടുന്നു.
''ശാമുവേല്‍ സാറേ ഇതാണ് മ്മ്ടെ കുഞ്ഞോള്.'' അമ്മായി പരിചയപ്പെടുത്തി: ''മോളെ ഇത് ശാമുവേല്‍ സാറ്. കൊച്ചപ്പച്ചന്റെ സ്വന്തക്കാരാണ്. മോള്‍ടെ കാര്യങ്ങള്‍ ഇനി ഇവര്‍ നോക്കിക്കോളും.''
അമ്മായീടെ മോളെ വിളിയില്‍ കൂര്‍ത്ത മുള്ളുകള്‍ നീണ്ടുവളരുന്നില്ലേയെന്ന് കുഞ്ഞോള്‍ക്ക് ഭയം തോന്നി.
''അപ്പനോട് ചോദിച്ചോ?'' അങ്ങേയറ്റം ദയനീയമായ ചോദ്യം.
''അവനെന്റെ ആങ്ങളയാ, അതു കഴിഞ്ഞിട്ടല്ലേടീ അസത്തേ നിന്റെ അപ്പനായത്.'' ചൂടുകായ ഉരച്ചുവെച്ചതുപോലെ അമ്മായീടെ വിരലുകള്‍ കുഞ്ഞോള്‍ടെ തുടയില്‍ അമര്‍ന്നു.
ചോദിക്കാനും പറയാനും തനിക്കാരുമില്ലല്ലോയെന്ന് സങ്കടപ്പെട്ടുകൊണ്ട് അവള് അമ്മായീടെ മുഖത്തുനിന്നും നോട്ടം പറിച്ചെടുത്ത്, കന്നുകാലികളെ കുത്തിനിറച്ച ഒരു പാണ്ടിലോറിയുടെ പാച്ചിലിലേക്ക് കണ്ണുനട്ടു.
ഇടുക്കൂടുപ്പാലമെത്തിയപ്പോള് കാറ് നിര്‍ത്താന്‍ പറഞ്ഞ് അമ്മായി വെപ്രാളപ്പെട്ടു. കുതിരയെ പിടിച്ചുകെട്ടുന്നതുപോലെ ശാമുവേല്‍ സാർ വണ്ടി ഒതുക്കിനിര്‍ത്തി.
''പോട്ടെറീ മോളെ.'' കാറില്‍നിന്നും പുറത്തേക്കിറങ്ങിയ അമ്മായി വ്യസനം തുളുമ്പുന്ന ശബ്ദത്തില്‍ യാത്ര പറഞ്ഞു. കനാൽപാലത്തിന്റെ അപ്പുറത്തുനിന്നും, സ്വര്‍ഗരാജ്യത്തെക്കുറിച്ച് പിറുപിറുക്കുന്ന ഒരുകൂട്ടം വെള്ളരിപ്രാവുകള്‍ അമ്മായിയെ കൈകൊട്ടിവിളിച്ചു. ഹല്ലേലൂയ സ്തുതിപ്പുകളോടെ മറ്റൊരു വെള്ളരിപ്രാവായി അമ്മായി പറന്നുപോയി.
ശാമുവേല്‍ സാർ പാടിക്കൊണ്ടിരുന്ന മിശിഹാചരിത്രം നിര്‍ത്തിവെച്ച് സ്വന്തം കുടുംബചരിത്രം പറയാനാരംഭിച്ചു. തന്റെ ചരിത്രത്തിന്റെ നിർമാണഘട്ടങ്ങളിലൂടെയല്ലേ ഈ യാത്ര എന്ന വിചാരത്തില്‍ കുഞ്ഞോള്‍ക്കു മയക്കം വന്നു.
ഇരുവശങ്ങളിലും സിംഹത്തിന്റെ തലയുള്ള കവാടമെത്തിയപ്പോള്‍ ശാമുവേല്‍ സാറിന്റെ ചരിത്രം പറച്ചില് അവസാനിച്ചു.
ചിത്രകഥകളിലെ കൊട്ടാരങ്ങളെപ്പോലെ ഉദിച്ചുനില്ക്കുന്ന കൂറ്റന്‍ വീട്. പടിപ്പുരയില്‍ പതിപ്പിച്ച സ്വർണത്തകിടിലെ, അതിരമ്പേല് തറവാടെന്ന വീട്ടുപേര് ഉച്ചവെയിലിൽ വെട്ടിത്തിളങ്ങി.
ശാമുവേല്‍ സാര്‍, കുഞ്ഞോളെ അകത്തേക്ക് ക്ഷണിച്ചു. കൈയിലിരിക്കുന്ന സഞ്ചി മറച്ചുപിടിച്ച് അവള് അകത്തേക്ക് കയറി.
ഠഠഠ
ശാമുവേല്‍ സാറിന്റെ മക്കളായ ലാലിയും ലില്ലിയും കുഞ്ഞോളെ വന്നു പരിചയപ്പെട്ടു. അവളാകെ ചൂളിപ്പോയി. ചളികുത്ത്വീണ കാല്പാദങ്ങള് പാവാടക്കുള്ളിലേക്ക് മടക്കിയൊളിപ്പിക്കാന് ശ്രമിച്ച കുഞ്ഞോള്‍ടെ മൊരിപിടിച്ച കൈകളും ജടപിടിച്ച മുടിയും പ്രദര്‍ശനവസ്തുക്കളായി മാറി. ജീവിതത്തിലാദ്യമായി സ്വന്തം ശരീരത്തെക്കുറിച്ചോര്‍ത്ത് അവള് ലജ്ജിച്ചു.
ലാലിയും ലില്ലിയും ഒാരോ ചിരി പാസാക്കി, നടുമുറിയില്നിന്നു തുടങ്ങുന്ന പിരിയന്‍ഗോവണി കയറി മുകളിലത്തെ മുറികളിലേക്കു മടങ്ങി. നിശ്ശബ്ദത നട്ടുവളർത്തുന്ന താഴ്വരപോലെ ആ വീടും പരിസരവും മയങ്ങിക്കിടന്നു.
ഠഠഠ
നടുക്കടലില്‍ ചെന്നടിഞ്ഞ പൊങ്ങുതടിപോലെ ആടിയുലഞ്ഞുനില്‍ക്കുന്ന കുഞ്ഞോളോട് കൂടെ പോരാന്‍ ആംഗ്യം കാണിച്ച് ശാമുവേല്‍ സാര്‍ മറ്റൊരു മുറിയിലേക്ക് പ്രവേശിച്ചു.
മരുന്നുകളുടെ മണമുള്ള ഒരു കുടുസ്സുമുറിയായിരുന്നു അത്. ജനലിനോട് ചേര്‍ന്നുകിടക്കുന്ന, തലവശം അൽപം ഉയര്‍ത്തിവെച്ചിട്ടുള്ള ഇരുമ്പുകട്ടിലില്‍ ഒരു മനുഷ്യന് ചുരുണ്ടുകൂടി കിടക്കുന്നു.
''ന്റെ അപ്പനാ... അതിരമ്പേല് ലോനാച്ചന്. വയസ്സ് എണ്‍പത് റണ്ണിങ്ങാ.'' ശാമുവേൽ സാർ പറഞ്ഞു.
കുഞ്ഞോളാ മനുഷ്യനെ സൂക്ഷിച്ചുനോക്കി. ശാമുവേല്‍ സാര്‍ വിവരിച്ചുതന്ന കുടുംബചരിത്രത്തിലെ ഒറ്റയാനിതാ തളർന്നുകിടക്കുന്നു.
''പ്രതാപിയല്ലാര്ന്നോ, വീണെന്ന് സമ്മതിക്കാന്‍ വയ്യ.'' ശാമുവേല്‍ സാര്‍ സ്വരം താഴ്ത്തി പറഞ്ഞു: ''പിടിവാശിയുടെ തലതൊട്ടപ്പനാണ്. പലരും വന്നു. വന്നപോലെ പോയി. അപ്പന്റെ വായ ഒരുനേരം വെറുതെ ഇരിക്കില്ലെന്നേ. സിംഗപ്പൂര്‍ കെടക്കണ എനിക്ക് എല്ലാം ഇട്ടെറിഞ്ഞേച്ച് ഇവിടെ വന്നു നിക്കാന്‍ പറ്റ്വോ. ലാലിമോളും കുടുബോം ദുബായിലാണ്. ലില്ലിയാണേല് മസ്ക്കറ്റിലും. അവര്ക്കല്ലേലും അപ്പാപ്പനോടു വല്ല്യ സ്നേഹം കാണാന്‍ വഴിയില്ല. സ്നേഹിക്കാനറിയാത്ത ഒര് മൊരടനായിരുന്നു.''
''നിനക്കോടാ ശാമുവേ..?'' പെട്ടെന്ന്, കട്ടിലിനു ജീവന്‍വെച്ചു. ശാമുവേല്‍ സാറിന്റെ അപ്പന്, അതിരമ്പേല് ലോനാച്ചന്, ജനലഴികളില്‍ പിടിച്ച് മൂരിനിവർന്നു.
''നീയേതാടി പെണ്ണേ?'' ചുമക്കൊപ്പം, അത്രത്തന്നെ പരുക്കനായ ഒരു ചോദ്യം.
ഞാനാരാണ്? കുഞ്ഞോള് സ്വയം ചോദിച്ചു.
''ഇതാണപ്പാ ഞാന്‍ പറഞ്ഞ കുഞ്ഞോള്.'' ശാമുവേല്‍ സാര്‍ അപ്പനെ ഓർമിപ്പിച്ചു. ഒരു ഗതീം പരഗതീം ഇല്ലാത്ത ഒരുത്തിയായിട്ടാകും ലൂസ്യമ്മായി തന്നെയിവരുടെയൊക്കെ മുന്നില്‍ അവതരിപ്പിച്ചുണ്ടാകുക എന്ന് കുഞ്ഞോള് ഊഹിച്ചു.
നാല്
ശാമുവേല്‍ സാറും കുടുംബവും അവരവരുടെ ഇടങ്ങളിലേക്കു മടങ്ങിപ്പോകുന്നതിനു മുമ്പായിട്ട് ജോണപ്പന് എന്നൊരാള്‍ പ്രത്യക്ഷപ്പെട്ടു.
''ഞാനില്ലാത്തപ്പോ ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കണത് ഇവനാണ്.'' ശാമുവേല്‍ സാര്‍ ജോണപ്പനെ കുഞ്ഞോൾക്ക് പരിചയപ്പെടുത്തി: ''വീട്ടിലേക്ക് വേണ്ട സാമാനങ്ങളും അപ്പന്റെ മരുന്നുമൊക്കെ സമയാസമയാകുമ്പോള് ഇവന് വാങ്ങിച്ചോണ്ട് വരും.''
ജോണപ്പന് അന്നേരം കുഞ്ഞോളെ നോക്കി ഇളിച്ചു. ശാമുവേല്‍ സാർ ഒരു മൊബൈല്‍ ഫോണെടുത്ത് കുഞ്ഞോള്‍ക്ക് കൊടുത്തു: ''ഇത് കയ്യീ വച്ചോ, എന്ത് ആവശ്യം ഉണ്ടേലും ജോണപ്പനെ വിളിച്ചുപറഞ്ഞാ മതി.''
കുഞ്ഞോള് തലകുലുക്കി സമ്മതിച്ചു. ഫോണിലെ കോണ്ടാക്ട് ലിസ്റ്റില്‍ അപ്പന്റെയോ അമ്മായീടെയോ നമ്പറുകളുണ്ടോയെന്ന് അവൾ പരിശോധിച്ചു. ശാമുവേല്‍ സാറിന്റെയും ജോണപ്പന്റെയും നമ്പറുകള്‍ മാത്രമേ അതിലുണ്ടായിരുന്നുള്ളൂ.
ഠഠഠ
ലോനാച്ചൻ സാറിന്റെ ഭാഗത്തുനിന്നും കുഴപ്പങ്ങളൊന്നുമുണ്ടായില്ല. കൊടുക്കുന്ന ഭക്ഷണവും മരുന്നും വാശികളൊന്നും കൂടാതെ കഴിക്കുന്നുണ്ടായിരുന്നു. കുളിപ്പിക്കുമ്പോഴും ഉടുപ്പിക്കുമ്പോഴും അനുസരണയുള്ള കുട്ടിയെപ്പോലെ നിന്നുകൊടുത്തു. മുറ്റത്തൂടൊക്കെ പറ്റുന്നപോലെ നടക്കുന്നത് കാണാം. എന്നാലും അധികസമയവും ഉറക്കത്തിലാണ്. ഉണര്‍ന്നിരിക്കുമ്പോഴും ധ്യാനത്തിലെന്നപോലെ ഏകാഗ്രതയോടെ ഇരിക്കുന്നതു കാണാം. കുഞ്ഞോള്‍ക്ക് സാധിക്കാത്തതും അതാണ്. ഒന്നും ചെയ്യാനില്ലാതെ ദിവസങ്ങളങ്ങനെ നീണ്ടുനീണ്ടു കിടക്കുകയാണ്. ഏകാന്തത ചുറ്റിവരിയുന്നു; മനുഷ്യന്മാരെ കാണാൻ കൊതിയാകുന്നു.
മുറ്റത്തെ ആമ്പല്‍ക്കുളത്തിലെ ചെറുജീവികളുടെ ജീവിതം നോക്കി ഒരു പകല്‍ തള്ളിനീക്കിക്കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞോളേയെന്ന വിളിയുമായി ജോണപ്പന് ഗെയിറ്റില്‍ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞോള് ഗെയിറ്റ് തുറന്നുകൊടുത്തു. രണ്ടു കൈയിലും ഭാരമുള്ള പൊതികളുമായി ജോണപ്പന് വീടിനകത്തേക്ക് കയറിപ്പോയി.
അടുക്കളഭരണം ഏറ്റെടുത്ത അയാള്‍ ലോനാച്ചന്സാറിന് നിഷിദ്ധമായ സകല രുചിക്കൂട്ടുകളും തയാറാക്കി. കുഞ്ഞോളെ അടുക്കളയുടെ ഏഴയലത്തേക്ക് അടുപ്പിച്ചതുമില്ല.
പോത്തും പോര്‍ക്കും മീനും സര്ലാസ്സും കൂട്ടിക്കൊഴച്ച്, കാണുന്നവരുടെയുള്ളില്‍ അറപ്പു ജനിപ്പിക്കുംവിധമാണ് ലോനാച്ചൻസാര് ഊണു കഴിച്ചത്.
ജോണപ്പനും നല്ല തട്ട് തട്ടി. അത്രേം നേരം അടുക്കളയിലെ ചൂട്ടത്തുനിന്നിട്ടും നെയ്യുരുകാത്ത ആ ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വെട്ടിവിയർത്തു. തൂശനിലയിലേക്ക് പൊഴിഞ്ഞുവീണ വിയർപ്പുമണികളെ ചോറുംപറ്റിനൊപ്പം ഉരുട്ടിയെടുത്ത് കമുകുമാന്നു വെട്ടിവിഴുങ്ങി.
കുഞ്ഞോള്‍ക്ക് വിശപ്പില്ലായിരുന്നു. മാസാമാസമുള്ള വയറുവേദന അവളെ ചുറ്റിവരിഞ്ഞു.
സന്ധ്യയായപ്പോള്‍ ജോണപ്പനും ലോനാച്ചന്സാറും കൂടി വീടിന്റെ ഉമ്മറത്തിരുന്ന് മദ്യസേവ തുടങ്ങി.
കുഞ്ഞോളന്നേരം ലോനാച്ചന്സാറിന്റെ മുറിയിലെ അലമാരയില്‍നിന്നും വെള്ളമുണ്ടൊരെണ്ണം വലിച്ചെടുത്ത് ചെറിയ കഷണങ്ങളാക്കി.
തൊട്ടുകൂട്ടാന്‍ കൊണ്ടുപോയ കരളിന്റെ കറി തികയാതെ വന്നപ്പോള്‍ രണ്ടാമതെടുക്കാന്‍ അകത്തേക്കു ഇഴഞ്ഞുകേറിയതായിരുന്നു ജോണപ്പൻ. അയാളുടെ മുമ്പില്‍ ചെന്നുപെട്ട കുഞ്ഞോള് കൈയിലിരുന്ന തുണി കഷണങ്ങള്‍ മറച്ചുപിടിക്കാന്‍ നോക്കി.
''ലോനാച്ചന് സാറേ, ദേ, കപ്പലിലൊരു കള്ളന്.'' ജോണപ്പന് വിളിച്ചു കൂവി.
''കാശാണോടാ?'' ലോനാച്ചന്സാര് തിരിച്ചു കൂവി.
''അറിയത്തില്ല സാറേ, ഞാനീ കള്ളിയെ ഒന്ന് കിള്ളി നോക്കട്ടെ.''
കുഞ്ഞോള്‍ടെ കൈയില്‍നിന്നും ചുരുട്ടിക്കൂട്ടിയ തുണിക്കഷണങ്ങള്‍ താഴേക്കുവീണു. അമ്മച്ചിക്കുഴിയുടെ ഒരോങ്ങളിലെ വിടവുകൾ മൂടിയിരുന്ന കടലാസുപൂക്കളെപ്പോലെ അവ തറയിൽ ചിതറിക്കിടന്നു.
''ഇതെന്നാ കൊച്ചേ കോണാനിണ്ടാക്കി കളിക്കാന്നോ?'' കൊച്ചിന് എന്നാവേണേലും ഈ ജോണപ്പനോട് പറയാന്‍ പാടില്ലേ?'' അതും പറഞ്ഞ് പുറത്തേക്കിറങ്ങിപ്പോയ അയാള്‍ കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരു പൊതിയുംകൊണ്ട് മടങ്ങിവന്നു.
''കൊച്ചിന് ഇതൊക്കെ വയ്ക്കാനറിയാവോ, വേണേ ജോണപ്പൻ കാണിച്ചുതരാവെ.'' വഷളന്‍ ചിരിയോടെ അയാള്‍ പറഞ്ഞു.
കുഞ്ഞോളാ പൊതിവാങ്ങി മുറിയിൽകേറി വാതില്‍ വലിച്ചടച്ചു. കട്ടിലിലേക്ക് മുഖം പൂഴ്ത്തി വിങ്ങിപ്പൊട്ടുമ്പോൾ, ജനാലച്ചില്ലുകൾ തകരുന്ന ഒച്ചകേട്ട് അവൾ ഞെട്ടിവിറച്ചു.
ലോനച്ചൻസാറും ജോണപ്പനുംകൂടി ഇഷ്ടികമുറികൊണ്ട് ജനാലച്ചില്ലുകൾ ഓരോന്നായി തകർക്കുകയാണ്.
''നീയെങ്ങാനും തൂങ്ങ്യാ ഞങ്ങൾ അകത്താകും. ചതിക്കെല്ലെടി മോളെ. അപ്പാപ്പനെ ഈ പ്രായത്തീ ജെയിലീ കേറ്റല്ലെടി മോളെ.'' ലോനാച്ചൻസാർ കെഞ്ചിപ്പറഞ്ഞു.
വെറും പരിഹാസം. ആരോരുമില്ലാത്ത ഒരു ജന്തുവിന്റെ മൂട്ടിൽ തീകൊടുത്ത് മാറിനിന്നു ആനന്ദിക്കുകയാണ് അവർ.
(തുടരും)