മുടിയറകൾ - 4
കച്ചവടത്തിൽ മരുങ്ങില്ലാത്ത നമ്പൂതിരിയെ പറ്റിച്ച് ഇളംകുന്നത്തുകാർ അയാളുടെ ഭൂസ്വത്തുക്കൾ തീറെഴുതി വാങ്ങി. കളരിയിലെ പയറ്റുമുറകൾ കണ്ട് ഭയന്നെങ്കിലും രാത്രി കഥകളി കാണാൻ മഞ്ചലിലേറി വന്ന പെണ്ണിനോടു നമ്പൂതിരി വേളിക്ക് സമ്മതം ചോദിച്ചു. കളിത്തട്ടിലെ ആട്ടമെല്ലാം കഴിഞ്ഞ് മതിമറന്നുറങ്ങിയവൾ പിറ്റേന്ന് രാവിലെ മനസ്സു തുറന്നു. | ചിത്രീകരണം: കന്നി എം
14മൊന്തേരോയച്ചന്റെ മരണശേഷമാണ് കൊപ്രാവ്യാപാരിയായ ലിയോനാർദ് ഞാറക്കടവിലെത്തുന്നത്. നായർപടയെ ഭയന്ന് ഇളംകുന്നത്തുനിന്നും രായ്ക്കുരാമാനം പലായനം ചെയ്യുമ്പോൾ പേരക്കുട്ടിയായ മിഖായേൽ കൈക്കുഞ്ഞാണ്. മുലകുടി മാറാത്തവനെയും അണച്ചുപിടിച്ച്, ഏക മകളുമായുള്ള യാത്ര ഞാറക്കടവിൽ എത്തിയതും മകൾക്ക് പൊങ്ങൻപനി. വടക്കോട്ടുള്ള സഞ്ചാരം തടസ്സപ്പെട്ടതോടെ...
Your Subscription Supports Independent Journalism
View Plans14
മൊന്തേരോയച്ചന്റെ മരണശേഷമാണ് കൊപ്രാവ്യാപാരിയായ ലിയോനാർദ് ഞാറക്കടവിലെത്തുന്നത്. നായർപടയെ ഭയന്ന് ഇളംകുന്നത്തുനിന്നും രായ്ക്കുരാമാനം പലായനം ചെയ്യുമ്പോൾ പേരക്കുട്ടിയായ മിഖായേൽ കൈക്കുഞ്ഞാണ്. മുലകുടി മാറാത്തവനെയും അണച്ചുപിടിച്ച്, ഏക മകളുമായുള്ള യാത്ര ഞാറക്കടവിൽ എത്തിയതും മകൾക്ക് പൊങ്ങൻപനി. വടക്കോട്ടുള്ള സഞ്ചാരം തടസ്സപ്പെട്ടതോടെ ഞാറക്കടവിൽ താമസിക്കാൻ അയാൾ തീരുമാനിച്ചു. ചക്കാലപ്പാടത്തോടു ചേർന്നുള്ള ഒരേക്കർ ഭൂമി വാങ്ങി ജീവിതം തുടങ്ങി. പുറംലോകത്തേക്ക് ഇറങ്ങാതെ വീടിനുള്ളിൽ ഒതുങ്ങിയ മകളെ കാണുമ്പോഴെല്ലാം ഇളംകുന്നത്തെ നിലവറയിൽനിന്നുയർന്ന നിലവിളി അയാളെ പിന്തുടർന്നിരുന്നു.
ഇളംകുന്നത്തെ ഏറ്റവും സമ്പന്നനായ വ്യാപാരിയായിരുന്നു ലിയോനാർദ്. വാണിയർ മരച്ചക്കാട്ടിയിരുന്ന കാലത്ത് ആനപ്പുറത്തേറിയായിരുന്നു അയാളുടെ വിവാഹം. കടിഞ്ഞൂൽ പ്രസവത്തോടെ ഭാര്യ മരിച്ചു. ഏക മകളോടുള്ള വാത്സല്യത്താൽ പിന്നീടുള്ള കാലം ലിയോനാർദ് വിഭാര്യനായാണ് കഴിഞ്ഞിരുന്നത്. തലമുറക്കൈമാറ്റത്തിന് മകളേയുള്ളൂ എന്ന തിരിച്ചറിവോടെ, കളരിയുൾപ്പെടെ സകല ആയോധനകലകളും അവളെ പഠിപ്പിച്ചു. കച്ചകെട്ടിയുള്ള പെണ്ണിന്റെ അങ്കക്കലി കാണുമ്പോഴെല്ലാം ഒരാൺകുട്ടിയില്ലാത്തതിന്റെ സങ്കടം ലിയോനാർദ് മറന്നിരുന്നു.
ഇളംകുന്നത്തെ തറവാട്ടിൽവെച്ചായിരുന്നു അവളുടെ വിവാഹം. വരൻ തൃപ്പയൂരില്ലത്തെ പേരുകേട്ട നമ്പൂതിരി.
ഒളിസേവ തേടിയിറങ്ങിയ നമ്പൂതിരിയും കൂട്ടാളിയും കൊപ്രാക്കളത്തിൽവെച്ചാണ് ലിയോനാർദിന്റെ മകളെ ആദ്യമായി കാണുന്നത്. ചിക്കുപായയിൽ നാളികേര പകുത്തുകൾ നിരത്തിക്കൊണ്ടിരുന്ന കറുമ്പിപെണ്ണുങ്ങളുടെ കൂട്ടത്തിൽ വാലിട്ട് മുണ്ടുമുറുക്കിയുടുത്ത വെളുത്തപെണ്ണിനെ കണ്ട് നമ്പൂതിരി പല്ലക്കിൽനിന്നും ചാടിയിറങ്ങി.
''തിരുമേനി അത് നസ്രാണിപ്പെണ്ണാണ്.''
''ന്റെ ശിവനേ. തീണ്ടാപ്പാടകലം നോക്കാണ്ടു നിക്കണ ആ വെളുത്ത സാധനം. ഹോ. ശിവ ശിവ. അത് ദേവയാനിതന്നെ.''
അടിമകൾക്കൊപ്പം ഓലക്കുടയ്ക്കു കീഴേ നിന്നിരുന്ന പെണ്ണിനെ കണ്ട് നമ്പൂതിരി വലഞ്ഞു. കുമ്പിട്ട് കൊപ്രയുടെ ഉണക്ക് നോക്കുന്ന പെണ്ണിന്റെ അളവില്ലാത്ത ആനന്ദവും. നാലുകെട്ടിന്റെ പടി കയറുമ്പോഴുള്ള അവളുടെ ചാഞ്ചാട്ടങ്ങളും കണ്ട് അയാൾക്ക് നിലതെറ്റി. പല്ലക്കിലേറിയുള്ള പതിവുസഞ്ചാരങ്ങളെല്ലാം അവസാനിപ്പിച്ച്, അയാളെന്നും ആ വഴിയേ നടക്കാൻ തുടങ്ങി. പെണ്ണിന്റെ തന്തയായ ലിയോനാർദിന്റെ പക്കൽനിന്നും ചക്കിലാട്ടിയ എണ്ണ വാങ്ങി അയാൾ ഇളംകുന്നത്തുകാരുമായി ഒരു വ്യാപാരബന്ധത്തിനു തുടക്കമിട്ടു.
15
കച്ചവടത്തിൽ മരുങ്ങില്ലാത്ത നമ്പൂതിരിയെ പറ്റിച്ച് ഇളംകുന്നത്തുകാർ അയാളുടെ ഭൂസ്വത്തുക്കൾ തീറെഴുതി വാങ്ങി. കളരിയിലെ പയറ്റുമുറകൾ കണ്ട് ഭയന്നെങ്കിലും രാത്രി കഥകളി കാണാൻ മഞ്ചലിലേറി വന്ന പെണ്ണിനോടു നമ്പൂതിരി വേളിക്ക് സമ്മതം ചോദിച്ചു. കളിത്തട്ടിലെ ആട്ടമെല്ലാം കഴിഞ്ഞ് മതിമറന്നുറങ്ങിയവൾ പിറ്റേന്ന് രാവിലെ മനസ്സു തുറന്നു.
''എനിക്കയാളെ മതിയപ്പാ.''
''അങ്ങേർക്കൊരു പിടിപ്പില്ലല്ലോ മകളേ.''
ലാളിച്ചു വളർത്തിയ മകളുടെ വാശിക്കുമുന്നിൽ അപ്പൻ കീഴടങ്ങി. ഇല്ലം മറന്ന് നമ്പൂതിരി നസ്രാണിപ്പെണ്ണിനെ കെട്ടി. അവളോടൊപ്പം കിടന്നു. സന്ധ്യക്ക് കുരിശുവരച്ചു.
''പല്ലക്കിലേറിയുള്ള സഞ്ചാരം ഇന്നത്തോടെ ഈ നടമുറ്റത്ത് അവസാനിച്ചു. ഇനിയൊരു ഇടം തേടില്ലെന്ന് എനിക്ക് ഉറപ്പു തരണം.''
കരിമഷിക്കണ്ണിൽ ചോപ്പുരാശി കലരുന്നതു കണ്ട് കഴിമിന്നിക്കാപ്പിട്ട അവളുടെ കൈയിൽ അയാൾ അമർത്തി.
''ഭഗവാനാണേ ഇനി ഞാൻ തെറ്റി നടക്കില്യാ...''
''പുണ്യാളനാണേ.''
പെണ്ണു തിരുത്തി.
മാർഗംകൂടി നമ്പൂതിരി മാളികമുറിയിൽ തങ്ങിയതിന്റെ ഒമ്പതാം മാസം പെണ്ണ് തുടുത്തൊരു ആൺകുട്ടിയെ പെറ്റു. നമ്പൂതിരിക്കവനെ അനന്തശയനൻ എന്നു വിളിക്കണമെന്നാശ. കൊച്ചിന്റെ തള്ള സമ്മതിച്ചില്ല. വാളും വീശുമുറവുമായി ആത്മാക്കളെ കാക്കാനിറങ്ങുന്ന കാവൽമാലാഖയോടുള്ള ഭക്തിയിൽ കുഞ്ഞിന് അവർ മിഖായേൽ എന്ന് പേരിട്ടു.
കുഞ്ഞ് പിച്ചവെച്ച് തുടങ്ങിയ കാലത്താണ് നമ്പൂതിരിയെ കാണാതായത്. നാടൊട്ടുക്കും അന്വേഷണം തുടങ്ങി. ഒടുക്കം വാണിയാപുരത്തെ കുടീന്ന് ഉടുതുണിയില്ലാതെ പൊക്കി, രാത്രിക്കു രാത്രി കെട്ടുവള്ളത്തിൽ ഇളംകുന്നത്തു കൊണ്ടുവന്നു. കരിക്കലുവരെ നാളികേരം ഉടയ്ക്കാനായിരുന്നു ശിക്ഷ. കൊപ്രാത്തറയിലെ പൊരിവെയിലിൽനിന്ന് ശിവ... ശിവ... എന്നുരുവിട്ട് നമ്പൂതിരിയുടെ ദേഹം തളർന്നു. നിർത്തുമ്പോഴൊക്കെ അടിമപ്പെണ്ണുങ്ങൾ വീറോടെ കാളക്കയറിന് അടിച്ചു. ചക്കിലെ ആട്ടെണ്ണപോലെ തിളക്കമുള്ള അവരുടെ മാറ് നിറഞ്ഞ സന്തോഷത്താൽ തുള്ളിയിളകി.
വാക്കത്തിക്ക് തേങ്ങാപിളർന്ന് നമ്പൂതിരിയുടെ കൈവെള്ള കൊമളിച്ചു. കുഴഞ്ഞുവീണ അയാളെ നിലവറയിലേക്ക് എടുത്തുകൊണ്ടു പോകുവാൻ പെണ്ണ് കൽപ്പിച്ചു. നമ്പൂതിരിയെ ചുമന്നോണ്ടു വന്ന പണിക്കാർ ഇറങ്ങിയതും അവൾ ഉടുത്തൊരുങ്ങി അകത്തേക്ക് കയറി. സാക്ഷയിടുന്ന ഒച്ച കേട്ടതോടെ കരഞ്ഞുകൊണ്ടു വട്ടം പറന്ന നരിച്ചീറുകൾ നിലവറഭിത്തിയിൽ അള്ളിപ്പിടിച്ചിരുന്നു. കുത്തുവിളക്കു ചാണകത്തറയിൽ കുത്തിനിർത്തി പെണ്ണ് പായ വിരിച്ചു. അടികൊണ്ട് തിണർത്ത അയാളുടെ മുറിപ്പാടിലെല്ലാം വെണ്ണ പുരട്ടി. വിശറിയാൽ വീശി വേർപ്പാറ്റി. മെത്തപ്പായേന്നു അയാൾ നെഞ്ചിനുമീതെ കയറാൻ തുടങ്ങുമ്പോൾ പെണ്ണിന് വെറഞ്ഞു.
''എന്തേയൊരു തിടുക്കം. ഇന്ന് നിങ്ങളാ ചക്ക്. ഞാനെണ്ണയാട്ടാം..''
ചട്ടയും ഞൊറിവിട്ട മുണ്ടും അവൾ മെല്ലെ അഴിച്ച് കട്ടിലിന്റെ മേക്കട്ടിയിൽ തൂക്കി. നാഗപടത്താലി മാത്രം അവളുടെ നെഞ്ചിലെ നാണത്തിനു കൂട്ടായി. ഒരൽപം ഇടിഞ്ഞെങ്കിലും ഒട്ടും ഭംഗിചോരാതെ നിറഞ്ഞുനിൽക്കുന്നതിലേക്ക് അയാളുടെ തളർന്ന നോട്ടമെത്തി. ചിരിച്ചുകൊണ്ടവൾ മുടി മുന്നിലേക്കിട്ടു.
''ഇതിനേലും മുഴുത്തതുണ്ടോ വാണിയാപുരത്തെ കുടീല്...''
ചരടിൽ കോർത്ത് നാവി മറച്ചിരുന്ന നമ്പൂതിരിയുടെ കോട്ടത്തുണി അവളുടെ പിടുത്തത്തിൽ പിഞ്ഞിപ്പോയി. മുകളിലേക്ക് കയറുമ്പോഴുള്ള പേടി കണ്ട് അവൾ ചിരിച്ചു. വാരിപ്പറ്റിൽ കൈകുത്തിയുള്ള തേരോട്ടത്തിനൊപ്പം എത്താനാവാതെ അയാൾ വലഞ്ഞു.
''ഇങ്ങനെ പേടിച്ചാലോ.''
അവൾ മുന്നോട്ടു കുമ്പിട്ടു. തണുത്തു തുടങ്ങിയ അയാളുടെ നിസ്സഹായതയെ ഉണർത്തി അവളുടെ താളിമണം തുളുമ്പുന്ന നീണ്ടതലമുടി പന്തലിച്ചു തുള്ളി. മുഖം ഉയർത്തി അവൾ നിലത്തേക്ക് തുപ്പി.
''കുളിയും ജപവുമൊന്നുമില്ലേ?''
ചക്കിലെ എണ്ണയാട്ടം തുടർന്നു. വിരിവുള്ള വെളുത്ത ചന്ദനച്ചേലിനെ താങ്ങി അയാളുടെ കൈകൾ കുഴഞ്ഞു. വിയർപ്പുചാലുകൾ കഴുത്തിലൂടെ ഒഴുകി. നിലവറച്ചുമരിൽ തുള്ളിത്തിമിർക്കുന്ന പെണ്ണിന്റെ നിഴൽപെരുക്കം നമ്പൂതിരിയെ ഭയപ്പെടുത്തി. അയാൾ കുതറുമ്പോഴൊക്കെ പെണ്ണ് ചക്കുകാളയെ തല്ലുന്ന ചാട്ടയെടുത്തു.
വിളക്കെണ്ണ തീരുംവരെ കലിതുള്ളിക്കൊണ്ടിരുന്ന അവൾക്കൊപ്പം ഭിത്തിയിലെ നിഴലും നിർത്താതെ തുള്ളി.
''അയ്യോ, മതിയേ. ഞാൻ തീപ്പെട്ടുപോകും.''
പാതിരായ്ക്ക് നമ്പൂതിരിയുടെ നിലവിളി കേട്ട് പടിപ്പുരയിലെ കാവൽക്കാർ പന്തവുമായി എത്തിയെങ്കിലും കച്ചമുറുക്കി നിലവറയിൽനിന്നിറങ്ങുന്ന സിംഹിണിയെ കണ്ട് അവർ തിരിച്ചുപോന്നു.
നമ്പൂതിരിയെ അന്വേഷിച്ച് അയാളുടെ ആളുകൾ ഇളംകുന്നത്ത് വന്നെങ്കിലും ആ രാത്രി അയാൾക്കെന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ലായിരുന്നു. കരച്ചിൽ കേട്ട കാവൽക്കാരാണ് അങ്ങേരെ കൊന്നു നിലവറയിൽ കുഴിച്ചിട്ട കാര്യം രഹസ്യമായി വെളിപ്പെടുത്തിയത്.
തൃപ്പയൂരിൽനിന്നെത്തിയ നായർപട രണ്ടുദിവസം കായലിൽ നങ്കൂരമിട്ടു കിടന്നു. മൂന്നാംപക്കം ഇളംകുന്നത്തു തറവാടിലേക്ക് പാഞ്ഞുകയറി സകലതും മുച്ചൂട് തീയിട്ടു. ശത്രുസൈന്യം കായലിൽ നങ്കൂരമിട്ട വിവരം ദൂത് മുഖേന അറിഞ്ഞ ലിയോനാർദിെന്റ കുടുംബം പടയെത്തും മുന്നേ അവിടം വിട്ടുപോയിരുന്നു. കാണാത്തുരുത്തുകളെല്ലാം പിന്നിട്ട് മൂന്നാംപക്കമാണ് അവർ ഞാറക്കടവിലെത്തുന്നത്. കൈയിലുണ്ടായിരുന്ന പൊന്നുംപണവും കൊടുത്ത് ലിയോനാർദ് ചക്കാലപ്പാടത്തോടു ചേർന്നുള്ള ഭൂമി വാങ്ങി. നിലം കട്ടകുത്തിപ്പൊക്കി തെങ്ങുനട്ടു. പുരയിടത്തിന്റെ നടുക്ക് അറയും പുരയുമുള്ള വീടുയർന്നു. മുറ്റത്തൊരു കൊപ്രക്കളം പണിത് അപ്പൻ തേങ്ങാപ്പകുത്തുകൾ ഉണക്കാൻ തുടങ്ങിയതോടെ തീണ്ടാപ്പാടകലം പാലിക്കാതെയുള്ള കുടുമ കെട്ടിയ ഒരു കണ്ണേറിന്റെ ഓർമ പെണ്ണിന്റെ നെഞ്ചിലെ കനൽ തെളിച്ചു.
16
ഞാറക്കടവു പള്ളി നിൽക്കുന്ന സ്ഥലത്തിനു ചുറ്റും ജലാശയങ്ങളായിരുന്നു. പിൽക്കാലത്ത് ഇളംകുന്നത്തുകാരാണ് അവ നികത്തിയത്. വെള്ളക്കെട്ടിൽനിന്നുയർത്തിയെടുത്ത സ്ഥലങ്ങളിൽ കൃഷി തുടങ്ങിയതും ലിയോനാർദായിരുന്നു. അയാളുടെ അടിയാളർ കൊയ്തുവെച്ച കറ്റയിൽനിന്നടർന്ന കതിരും പതിരും വീണാണ് പള്ളിമുറ്റം നിവർന്നത്. ദേവീദേവൻമാർക്ക് ഹോമംചെയ്ത ചാരവും മറ്റു വസ്തുക്കളും കളഞ്ഞിരുന്ന പറമ്പായിരുന്നു ലിയോനാർദ് വിരിപ്പുകൃഷിക്കായി വാങ്ങിയത്. അതിലൊരു ഭാഗം അയാൾ പള്ളിക്ക് ദാനം ചെയ്തു. മദ്ബഹ നിൽക്കുന്ന സ്ഥലം ദേവസ്വം പറമ്പായിരുന്നുവെന്ന വസ്തുത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന ഭയത്താൽ ഞാറക്കടവു പള്ളിയുടെ ചരിത്രത്തിൽനിന്ന് ലിയോനാർദിന്റെ പേര് ഒഴിവാക്കപ്പെട്ടു. പള്ളിക്കുവേണ്ടി അയാൾ പല നല്ല കാര്യങ്ങൾ ചെയ്തെങ്കിലും കുന്നേക്കാരെപ്പോലെ ഇളംകുന്നത്തു കുടുംബത്തിന് സഭാ പാരമ്പര്യത്തിൽ ഒരിടം കണ്ടെത്താനായില്ല.
ഞാറമുത്തിയുടെ ഉത്സവത്തിന്റെയന്നാണ് ലിയോനാർദ് തന്റെ കൈവശ അവകാശങ്ങളും താളിയോലകളും കൊച്ചുമോൻ മിഖായേലിനു കൈമാറുന്നത്. തറവാട്ടുകട്ടിലിൽനിന്നെഴുന്നേറ്റ് കൊച്ചുമകന്റെ കൈപിടിച്ച് അയാൾ മുറ്റത്തിട്ടിരുന്ന ചാരുകസേരയിൽ വന്നിരുന്നു. പുറത്തേക്ക് ഇറങ്ങിയിട്ട് ഏറെക്കാലമായതിനാൽ വിളറിയ മുഖം വെളിച്ചത്തോടു പൊരുത്തപ്പെടാൻ കുറച്ചു നേരമെടുത്തു. പിന്നീടയാൾ ഉത്സവപ്പറമ്പിൽനിന്നും ഉയർന്ന കരിമരുന്നുകളാൽ ഞാറക്കടവിന്റെ ആകാശം നിറംപൊലിപ്പിക്കുന്നത് മനംനിറയേ കണ്ടു.
കടുംവർണങ്ങളും നിലാത്തിരികളും അവസാനിച്ചതോടെ കൊച്ചുമകൻ മിഖായേലിനോടു തന്റെ തുടയുടെ കീഴിൽ വലതുകൈ വെക്കാൻ ലിയോനാർദ് പറഞ്ഞു. പരമ്പരാഗതമായി ചെല്ലം കൈമാറുന്ന ചടങ്ങാണെന്ന് അറിയാതെ അവന്റെ പൊടിമീശയിൽ വിയർപ്പുപൊടിഞ്ഞു. പരിഭ്രമിച്ചുനിന്ന മകനോടു അപ്പാപ്പനെ അനുസരിക്കാൻ അമ്മ ആംഗ്യം കാട്ടി.
തൂക്കുവിളക്കിന്റെ വെട്ടത്തിൽ അമ്മ കരയുന്നത് അവനു കാണാമായിരുന്നു.
''പടയിലും തീയിലും വെള്ളത്തിലും പോവാതെ തലമുറ കൈമാറിയ ചെല്ലമാണ്. അടുത്ത തലമുറയ്ക്കു കൈമാറുംവരെ നീയിത് സൂക്ഷിക്കുക. പരസ്ത്രീകൾ ഇതിൽ തൊടാനിടയാവരുത്.''
പേശീബലം വാർന്നു തുടങ്ങിയ അയാളുടെ തുടയിൽനിന്നൊരു ചൂട് മിഖായേലിന്റെ കൈവെള്ളയിലേക്ക് പാഞ്ഞു. കണ്ണടച്ച് ആശീർവാദം ഏറ്റുവാങ്ങുമ്പോൾ അവനൊരു കാഴ്ച കണ്ടു.
ആകാശത്തോളം വളരുന്ന അപ്പാപ്പന്റെ ശരീരം. ചുക്കിച്ചുളിഞ്ഞ മസിലുകളിലേക്ക് രക്തമിരച്ചു. ജര മാറി ഞരമ്പു തെളിഞ്ഞ തുട രണ്ടായി പിളർന്നൊരു മുളനാമ്പ് പുറത്തേക്ക് തലനീട്ടി. നോക്കിനിൽക്കുന്തോറും അതങ്ങനെ വളർന്നു പച്ചപ്പു നിറച്ച് ആകാശത്തെ മറച്ചുകൊണ്ടിരുന്നു. ഭൂമിയിൽ അതുവരെയുണ്ടായിരുന്നതും ചത്തുമണ്ണടിഞ്ഞതുമായ സകല പറവകളും അതിന്റെ ശിഖരങ്ങളിൽ ചേക്കേറി. അവറ്റകൾ ചേർന്നു പാടുന്ന ഗ്ലോറിയക്കൊപ്പം ചുവടുവെച്ച് ആകാശച്ചരിവിറങ്ങി മാലാഖമാരെത്തി. വെള്ളയും നീലയും ഇടകലർന്ന റേന്തക്കുപ്പായമിട്ടവരുടെ കൈയിൽ തങ്കത്തിളക്കമുള്ള വാദ്യോപകരണങ്ങൾ. നോക്കിനിൽക്കേ അപ്പാപ്പന്റെ തോളറ്റത്തേക്ക് കൂറ്റൻ ചിറകുവിരിഞ്ഞു വരുന്നത് മിഖായേൽ കണ്ടു. പൊടുന്നനെ ഞാറക്കമ്പും കവരേം തകർത്തുകൊണ്ടു അപ്പാപ്പൻ വാനദൂതർക്കൊപ്പം ആകാശത്തിലേക്ക് പറന്നുയർന്നു.
അന്നു രാത്രി അപ്പാപ്പൻ മരിക്കുമെന്നായിരുന്നു മിഖായേൽ കരുതിയത്. എന്നാൽ, ചെല്ലം കൈമാറിയ സന്ധ്യക്ക് കാരണവർക്കു പകരം ഭൂമി വിട്ടുപോയത് മിഖായേലിന്റെ അമ്മയായിരുന്നു. കുന്തിരിക്കവും മീറയും അകിലും ചേർത്ത കച്ചയിൽ പൊതിഞ്ഞാണ് അവരെ പെട്ടിയിൽ കിടത്തിയത്. അത്രയും സുന്ദരിയായ ഒരു സ്ത്രീയുടെ ശവശരീരം അന്നുവരെ ഞാറക്കടവു കണ്ടിട്ടില്ലായിരുന്നു. അവരുടെ മൃതദേഹം കാണാൻ പറോട്ടിയിൽനിന്നുപോലും ആളുകൾ ഞാറക്കടവിലെത്തി.
(തുടരും)