മുടിയറകൾ - 5
അമ്മയുടെ വെളുപ്പും ഭംഗിയും അതുപോലെ അവന് കിട്ടിയിരുന്നു. നീളൻമൂക്കും കനമുള്ള ശബ്ദവും മെതിയടി അണിഞ്ഞുള്ള നടപ്പും അപ്പൻ നമ്പൂതിരിയെ ഓർമപ്പെടുത്തി. | ചിത്രീകരണം: കന്നി എം
17അപ്പാപ്പൻ ലിയോനാർദിന്റെ മരണത്തോടെ മിഖായേൽ തനിച്ചായി. പകിട കളിച്ചും പാൽക്കഞ്ഞി കുടിച്ചും ഞാറക്കടവിൽ കഴിഞ്ഞിരുന്ന കൗമാരക്കാരന് കൊപ്രാകച്ചവടത്തിന്റെ രീതികളൊന്നും അറിയില്ലായിരുന്നു. പിടിപ്പുകേടു കാരണം കുമിഞ്ഞുകൂടിയ തേങ്ങകളെല്ലാം പൊട്ടിമുളച്ചതോടെ കച്ചവടം നിലച്ചു. മട വീണ് പാടം മുങ്ങിയ രാത്രി, ചുമരിൽ പെരുകുന്ന കൂറകളെ ഭയന്ന്...
Your Subscription Supports Independent Journalism
View Plans17
അപ്പാപ്പൻ ലിയോനാർദിന്റെ മരണത്തോടെ മിഖായേൽ തനിച്ചായി. പകിട കളിച്ചും പാൽക്കഞ്ഞി കുടിച്ചും ഞാറക്കടവിൽ കഴിഞ്ഞിരുന്ന കൗമാരക്കാരന് കൊപ്രാകച്ചവടത്തിന്റെ രീതികളൊന്നും അറിയില്ലായിരുന്നു. പിടിപ്പുകേടു കാരണം കുമിഞ്ഞുകൂടിയ തേങ്ങകളെല്ലാം പൊട്ടിമുളച്ചതോടെ കച്ചവടം നിലച്ചു. മട വീണ് പാടം മുങ്ങിയ രാത്രി, ചുമരിൽ പെരുകുന്ന കൂറകളെ ഭയന്ന് പിതാക്കന്മാരുടെ കട്ടിലിൽ അവൻ അന്ധാളിപ്പോടെ കുത്തിയിരുന്നു.
വീടിനുള്ളിൽ ഒതുങ്ങിപ്പോയ മിഖായേൽ, അപ്പാപ്പന്റെ ആണ്ടുബലിക്കാണ് പുറത്തേക്ക് ഇറങ്ങിയത്. മരിച്ചവർക്കു വേണ്ടിയുള്ള തിരുക്കർമങ്ങളും കഴിഞ്ഞ് പള്ളിനടയിറങ്ങിയതും ഒരു സ്ത്രീ പിന്നാലെ കൂടി. എളിയിൽനിന്നൂർന്ന കുഞ്ഞിനെയും തോളിലെടുത്ത് ഒപ്പം നടക്കുമ്പോൾ ലിയോനാർദിന്റെ കുട്ടിക്കാലം മുതലുള്ള കാര്യങ്ങൾ അവർ പറഞ്ഞുകൊണ്ടിരുന്നു. ചന്തക്കടവും പിന്നിട്ട് വീടെത്തിയതും പരിചയമുള്ളതുപോലെ അവർ അകത്തേക്കു കയറി അടുപ്പിൽ കലംവെച്ചു. ചാരംമൂടിയ കനലൂതിയിട്ട് സംസാരം തുടർന്നു.
കേട്ടിരിക്കുമ്പോൾ അവന്റെ മനസ്സിലേക്ക് തേങ്ങകളുമായി തുരുത്തു ചുറ്റിയെത്തുന്ന കേവുവള്ളങ്ങളുടെ ഓർമകളെത്തി. നെടിപ്പലകയിലെ കാരണവർക്ക് വെയിലു കായാതിരിക്കാൻ ശീലക്കുട ഉയർത്തിപ്പിടിച്ചു കൊടുക്കുന്ന പണിക്കാർ. മുറ്റത്തെ തറയിൽ കൊപ്രായുണക്കുന്ന പെണ്ണുങ്ങൾ. മെതിയടിയൊച്ച കേട്ട് പിന്നാക്കം മാറുമ്പോഴുള്ള അവരുടെ പരിഭ്രമങ്ങൾ.
''ഉണക്കിനൊരു പാകമുണ്ട്, കൂടിയാലും കുറഞ്ഞാലും എണ്ണതീർത്തും വാർന്നുകിട്ടില്ല.'' കൊപ്രാവ്യാപാരത്തിന്റെ പൊരുളുകൾ പറഞ്ഞുകൊടുത്തിട്ട് ഇറങ്ങുമ്പോൾ ആരാണെന്നുള്ള ചോദ്യത്തിന് അവരൊന്നു പുഞ്ചിരിച്ചു.
ആദ്യകാലത്തുണ്ടായ പാളിച്ചകളെ അതിജീവിച്ച് കൊച്ചുമകൻ ഇളംകുന്നത്തു തറവാടിന്റെ പ്രതാപകാലം തിരിച്ചുപിടിക്കുന്നതു കണ്ട് ലിയോനാർദിന്റെ ആത്മാവ് സന്തോഷിച്ചു. വെയിലേറ്റു ചുരുങ്ങുന്ന കൊപ്രാപകുത്തുകളുടെ മൂപ്പുംനോക്കി പകൽ മുഴുവൻ ചില്ലകൾക്കിടയിൽ ആത്മാവ് ഒളിച്ചിരിക്കും. രാത്രിയാവുന്നതോടെ തറവാടിനു മുകളിൽ അത് വട്ടംചുറ്റുന്നതിന്റെ ചിറകടിയൊച്ച മിഖായേൽ എന്നും കേൾക്കാറുണ്ടായിരുന്നു.
അമ്മയുടെ വെളുപ്പും ഭംഗിയും അതുപോലെ അവന് കിട്ടിയിരുന്നു. നീളൻമൂക്കും കനമുള്ള ശബ്ദവും മെതിയടി അണിഞ്ഞുള്ള നടപ്പും അപ്പൻ നമ്പൂതിരിയെ ഓർമപ്പെടുത്തി. കച്ചവടം മെച്ചപ്പെട്ടതോടെ നായർപടയുടെ ആക്രമണത്തിൽ ചിതറിപ്പോയ ബന്ധുക്കളെ മിഖായേൽ ഞാറക്കടവിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ആളും പണവും ചേർന്നതോടെ കുന്നേക്കാരോടു കിടപിടിക്കാൻ പാകത്തിൽ ഇളംകുന്നത്തു തറവാട് വളർന്നു.
പിയാത്തരൂപം പണിയുന്ന സമയത്താണ്, ആങ്ങളയേയും കൂട്ടി ഡെറിനാന ഞാറക്കടവിൽ എത്തുന്നത്. ബന്ധുക്കളിൽ അവരുടെ കുടുംബത്തോടായിരുന്നു മിഖായേലിനു കൂടുതൽ അടുപ്പം. നാനയുടെ ആങ്ങളയായ കാർലോസിന് ഉരുവിന്റെ പണിയാണ്. അയാൾക്ക് കൊത്തുപണിയും അറിയാം. മുഖപ്പിലെ വ്യാളീരൂപമൊക്കെ തനിച്ചാണ് കൊത്തിയിരുന്നത്. പണി മുഴുമിച്ചാൽ പെങ്ങൾ ഒറ്റക്കാണെന്നുള്ള വിചാരമൊന്നുമില്ലാതെ പത്തേമാരിയിൽ കയറി പുറംകടലിലേക്ക് പോകും. പിന്നെ കുറേക്കാലം കഴിഞ്ഞേ വരൂ.
പ്രതിമയുടെ കാര്യങ്ങൾ നോക്കിനടത്താൻ കാർലോസിനെയാണ് മിഖായേൽ ചുമതലപ്പെടുത്തിയത്. പിച്ചിമണം നിറയുന്ന കാറ്റിനുപോലും ഉളിയൊച്ചയുടെ ഈണമുള്ള മാമല്ലപുരത്തെ തമിഴരായിരുന്നു പണിക്കാർ. പള്ളിപ്പറമ്പിൽ കഴിഞ്ഞിരുന്ന ശിൽപിയെ കൊത്തുപണിയോടുള്ള ഭ്രമത്താൽ അയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചായ്പിൽ കഴിയാനുള്ള സൗകര്യം ചെയ്തുകൊടുത്തതിന്റെ ഈറയിൽ നാന ഇടഞ്ഞെങ്കിലും കാർലോസ് പതിവുപോലെ അതൊന്നും കാര്യമായെടുത്തില്ല.
ശിൽപി താമസം തുടങ്ങി ഒരുമാസം തികയും മുന്നേ ഉരുവിന്റെ മുതലാളിയും കാവനാട്ടുള്ള ആശ്രിതൻ അലിയും കൂടി കാർലോസിനെ പണിക്കു വിളിക്കാനെത്തി. പള്ളിയിലെ രൂപം തീരുംവരെ പോകേണ്ടെന്ന് നാന തടസ്സം പറഞ്ഞെങ്കിലും രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ അയാൾ ആരോടും പറയാതെ ഞാറക്കടവു വിട്ടുപോയി.
ഉരുവിന്റെ പണിക്ക് ആങ്ങള പോയിട്ടും പെണ്ണിനൊപ്പം ശിൽപി താമസിക്കുന്നതിന് നാട്ടുകാർക്ക് ചില മുറുമുറുപ്പുകൾ. നാന അതൊന്നും ഗൗനിക്കാൻ പോയില്ല. പണി കഴിഞ്ഞ് ചായ്പിലേക്ക് എത്തിയാൽ ശിൽപി പുറത്തേക്ക് ഇറങ്ങാറില്ല. തനിച്ചാണ് വെപ്പും തീറ്റിയും. ഇടക്ക് മലയാളം പാട്ടുകൾ പാടും. സംസാരം കേട്ടാൽ ഒരു തമിഴനാണെന്ന് തോന്നുകയില്ല. ചായ്പിന്റെ ഭിത്തി കടന്നെത്തുന്ന പാട്ടുകൾ നാനക്ക് ഇഷ്ടമായിരുന്നു.
കൊത്തുപണി അന്തിവരെ നീളുന്ന ദിവസങ്ങളിൽ പനങ്കള്ളും വാങ്ങിയാണ് ശിൽപിയെത്തുക. ചായ്പിലിരുന്ന് കുടിക്കുമ്പോൾ മാമല്ലപുരത്തെ വിശേഷങ്ങൾ അയാൾ ഉച്ചത്തിൽ പറയും. അടുക്കളയിൽനിന്ന് അതെല്ലാം കേൾക്കുമെങ്കിലും നാന തിരിച്ചൊന്നും പറയാറില്ലായിരുന്നു.
പന്ത്രണ്ടാം വയസ്സിലായിരുന്നു ആദ്യ ശിൽപം. പക്ഷിയെ മെനഞ്ഞു തീർന്നയുടനെ അത് ചിറകുവിരിച്ചു പാടി. ഉളിയും പിടിച്ച് ബോധംകെട്ടു വീണവനെ പണിപ്പുരയിലേക്ക് എത്തിയ ആശാനാണ് വെള്ളം തളിച്ചുണർത്തിയത്.
കൊത്തുന്നതെല്ലാം മനസ്സിലാണ് രൂപപ്പെടുന്നതെന്നും പിന്നീടാണ് കല്ലിലേക്ക് പകർത്തുന്നതെന്നും ശിൽപി പറഞ്ഞു. ശിൽപം കാണുന്നവരുടെ മനസ്സിലേക്കും അവരറിയാതെ ഒരു രാസമാറ്റം സംഭവിക്കുമെന്ന് പറയുമ്പോൾ അയാളുടെ ഒച്ചക്കൊരു മുഴക്കം. ശിൽപിയുടെ വലംകണ്ണിന് കാഴ്ചയില്ലെന്ന് അറിഞ്ഞപ്പോൾ നാനക്ക് അത്ഭുതം. ഇടംകണ്ണുകൊണ്ടാണോ അയാളിത്രയും മനോഹരങ്ങളായ ശിൽപങ്ങൾ തീർത്തത്?
ആറേഴുമാസമങ്ങനെ കഴിഞ്ഞു. പിയാത്തരൂപത്തിന്റെ പണി തോൾപ്പൊക്കമായി. ഒരുദിവസം പള്ളിപ്പറമ്പിൽനിന്നെത്തിയ ശിൽപി ചായ്പിലേക്ക് പോകാതെ നാനയുടെ കോലായിലിരുന്നു. കടവിലെ കുളിയും കഴിഞ്ഞ് ഈറനോടെ വന്ന അവളെ കണ്ട് അയാൾ എഴുന്നേറ്റു. ഒതുക്കമുള്ള ശരീരത്തെ മൂടിപ്പൊതിഞ്ഞ നനഞ്ഞ മുണ്ടിൽനിന്നും അപ്പോഴും വെള്ളം ഇറ്റുന്നുണ്ടായിരുന്നു. വെളിച്ചെണ്ണ മണക്കുന്ന അവളുടെ മുടിയിഴകളിലേക്ക് നോക്കിനിൽക്കുമ്പോൾ ദാരുശിൽപത്തിന് ചലനംവെച്ചു. വിടർന്ന കണ്ണുകളിലെ ഇമവെട്ടലിൽ പിടഞ്ഞ് അയാൾ അടുത്തേക്ക് ചെന്നു.
''എനിക്കൊന്നു കാണണം.''
അയാളെന്താണ് ചോദിക്കുന്നതെന്ന് മനസ്സിലാകാതെ നാന അകത്തേക്ക് കയറി. ഈറൻമുണ്ട് കുടഞ്ഞു വിരിക്കുമ്പോൾ പിന്നാലെയെത്തിയ ശിൽപി കതക് ചാരി. ഞരക്കമുള്ള വാതിൽപാളികളെ ചേർത്തമർത്തിയുള്ള ഓടാമ്പലൊച്ച കേട്ടപ്പോഴേക്കും താളംതെറ്റിയുള്ള ശ്വാസഗതിയിൽ വേർപ്പുചാലുകൾ ഒഴുകിയ അവളുടെ ശരീരം വിറച്ചു.
''എന്താ... എന്തിനാ കതകടച്ചേ..?''
''ഒന്നൂല്ല... ഒന്നു കാണണം. വെറുതെയൊന്നു കണ്ടാ മതി.''
"നാണമില്ലേ നിങ്ങക്ക്..."
അയാൾ വേഗം മുറ്റത്തേക്കിറങ്ങി. കയറിപ്പിടിക്കുമെന്ന് കരുതിയവൻ പേടിച്ചിറങ്ങിയതിന്റെ ആശ്വാസത്തോടെ നാന വാതിലടച്ചു. വിയർത്തുപോയ അവളുടെ ശരീരത്തിലേക്ക് പനിച്ചൂട് വിട്ടതുപോലൊരു തണുപ്പ്. തഴപ്പായയിലേക്ക് നാന തളർന്നു.
എന്നും കേൾക്കാറുള്ള അയാളുടെ പാട്ട് അന്നുണ്ടായില്ല. വെട്ടം വീണയുടനെ നാന ചായ്പിലേക്ക് ചെന്നെങ്കിലും ശിൽപി അതിനും മുന്നേ വീടുവിട്ടിറങ്ങിയിരുന്നു.
18
പണിക്കാരോടൊപ്പം പള്ളിമുറ്റത്ത് താമസം തുടങ്ങിയ ശിൽപിയെ കാണാൻ നാന ചെന്നു. അവൾക്ക് മുഖംകൊടുക്കാതെ അയാൾ പണിപ്പുരയിലേക്ക് കയറിപ്പോയി. നിസ്സഹായതകൊണ്ടോ ഭയംകൊണ്ടോ ആണുങ്ങളൊരുക്കുന്ന നിശ്ശബ്ദതകൾക്ക് അവരുടെ കീഴ്പ്പെടുത്തലുകളേക്കാൾ മൂർച്ചയുണ്ടെന്ന് ഡെറിനാനക്ക് തോന്നി. ശിൽപിയുടെ അവഗണനയിൽ മുറിപ്പെട്ടെങ്കിലും കുളികഴിഞ്ഞ് ഈറൻ മാറുമ്പോൾ മുന്നിൽ അയാളുണ്ടെന്നൊരു തോന്നലിൽ നാനയുടെ കവിൾ ചുവന്നു. അയാളുടെ തിളക്കമുള്ള കണ്ണും കാറ്റിൽ ഉലയുന്ന നീണ്ടമുടിയും അവളുടെ ഉച്ചമയക്കങ്ങളെ ഉളിയൊച്ചകളാൽ ഇക്കിളിപ്പെടുത്തി.
ഒരാവർത്തികൂടി അയാളങ്ങനെ ചോദിക്കാൻ കൊതിച്ച് ഇടക്കിടെ അവൾ പള്ളിമുറ്റത്തേക്ക് ചെല്ലും. കൊത്തുന്ന കല്ലിൽനിന്ന് കണ്ണെടുക്കാതെ അയാൾ കുമ്പിട്ടിരിക്കും. രൂപത്തിന്റെ മുഖം പണിയാനുള്ള സമയമായപ്പോൾ പ്രതിമക്കുചുറ്റും ഓലമറ തീർത്തു. അത്രയും കാലം തുറന്നിട്ടുള്ള പണിത്തരങ്ങൾ കണ്ടിരുന്നവർക്ക് ശിൽപി മറയൊരുക്കിയത് പിടിച്ചില്ല.
''തീർന്നു കഴിഞ്ഞേ ഇനി മറ്റൊരാളത് കാണാൻ പാടുള്ളൂ.''
പരാതിയുമായി ചെന്നവരെ പണിക്കാർ സമാധാനിപ്പിച്ചു.
കടവിലെ കുളിയും കഴിഞ്ഞ് ശിൽപിക്കൊരു ഊരുചുറ്റലുണ്ട്. കൂട്ടാളികളില്ലാതെ തനിച്ചാണ് അലച്ചിൽ. അന്തിവിളക്ക് വെക്കുന്ന ഏതെങ്കിലുമൊരു പെണ്ണിൽനിന്ന് തനിക്ക് കൊത്താനുള്ള മുഖം കിട്ടുമെന്ന് അയാൾ വിശ്വസിച്ചു. സൂക്ഷ്മതയുള്ള നോട്ടത്തിന്റെ പൊരുൾ അറിയില്ലെങ്കിലും അയാളങ്ങനെ നോക്കുന്നതിലുള്ള സന്തോഷം മറച്ചുവെച്ച് പെണ്ണുങ്ങൾ ഈറ കാട്ടി. അലഞ്ഞുനടന്ന് ഒടുക്കം ശിൽപി എത്തിച്ചേർന്നത് തെക്കേച്ചിറയിലെ ചെല്ലപ്പെണ്ണിന്റെ വീട്ടിലാണ്. അകത്ത് ആളുണ്ടെങ്കിൽ അയാളൊന്നും പറയാതെ മടങ്ങും. ആരുമില്ലെന്ന് തോന്നിയാൽ പതുക്കെ വാതിലിൽ മുട്ടും.
''ഒരാണിന് പെണ്ണിന്റെ മടിയിലിങ്ങനെ കിടക്കാനാവുമോ?''
രാത്രി അയാളുടെ മടിയിൽ കിടക്കുമ്പോഴൊക്കെ ചെല്ലപ്പെണ്ണ് ശിൽപത്തെക്കുറിച്ച് ഓരോന്ന് ചോദിക്കും. കുമ്പിട്ടു ഉമ്മവെക്കുന്നതല്ലാതെ അയാൾ അതിനൊന്നും മറുപടി പറഞ്ഞിരുന്നില്ല. അടങ്ങലം ചേർക്കുമ്പോൾ അയാൾക്കൊരു സങ്കടച്ചൂരാണെന്ന് അവൾക്ക് തോന്നി.
അണച്ചുപിടിക്കുമ്പോഴുള്ള ചൂടിൽനിന്നും ആണുങ്ങളുടെ മനോനില ചെല്ല അറിഞ്ഞിരുന്നു. എല്ലാ പുരുഷൻമാരുടെയും വിയർപ്പിന് ഒരേ ചൂരല്ല. എല്ലാവരും തരുന്ന സുഖവും ഒരുപോലെയല്ല. വിളക്കണച്ചാൽ പിന്നെയെല്ലാം ഒരേ ഏർപ്പാടല്ലേയെന്ന് ചിലർ. എന്നാൽ, അതങ്ങനെയല്ല, വ്യത്യാസമുണ്ടെന്ന് ചെല്ലയും. ശിൽപിയോട് ഒരു പ്രത്യേക സ്നേഹമായിരുന്നു അവൾക്ക്. തന്റെ ദേഹത്തേക്ക് അയാൾ ചായുമ്പോഴൊക്കെ ഉളിക്ക് കൊത്തി താൻ മറ്റൊരാളായി മാറുന്നപോലെ അവൾക്ക് തോന്നും.
തെക്കേചിറയിലെ വീട്ടിലേക്ക് വന്ന് വെറുതെ മെതിച്ചിട്ടു പോകാൻ അവൾ ആരെയും അനുവദിക്കില്ല. ഒരു ദിവസം ഒരാളെയേ പറ്റൂ. ചെല്ലുന്നവൻ കുളിച്ച് മെനയ്ക്ക് ചെല്ലണം. അന്തിവരെ നിറയേ വർത്താനം പറയണം. പാചകം ചെയ്യുമ്പോൾ കൈയകലത്തിൽ നിൽക്കണം. കറിക്കുള്ള സാധനങ്ങൾ അരിഞ്ഞും ചിരകിയുമൊക്കെ കൊടുത്താൽ സന്തോഷം. അങ്ങനെയുള്ള സഹായത്തിന് അപ്പോൾതന്നെ കെട്ടിപ്പിടിക്കാം. എന്നാലും കരിക്കലിനുള്ള കുളിയും കഴിഞ്ഞേ കട്ടിലിലോട്ടു കേറാൻ സമ്മതിക്കൂ. ശയനം മാത്രമല്ല അന്നവും സ്നേഹവും വർത്തമാനവുമൊക്കെ നിറഞ്ഞൊരു രാത്രിയാണ് അവൾ ഓരോ ആണിനുമായി കരുതിയിരുന്നത്.
അരി വെന്താൽ ചെല്ല മറപ്പുര തുറന്നിട്ട് കുളിക്കും. വരുന്നവന് കണ്ടു രസിക്കാൻ കൊരണ്ടിപ്പലകയിട്ടു കൊടുക്കും. താൽപര്യമുണ്ടെങ്കിൽ മുതുകത്ത് ഇഞ്ച തേച്ചുകൊടുക്കാം. കുളി കഴിഞ്ഞ് ചെല്ലയെപ്പോഴും റൗക്കയും ഒറ്റമുണ്ടുമാണ് ഉടുക്കുക. അടിയിൽ ഒന്നരയുണ്ടാകും..
''ഇതിപ്പ തന്നെ ഊരാനുള്ളതല്ലേ പെണ്ണേ. നിനക്കൊരു തോർത്തുചുറ്റിയാപ്പോരേ...''
ചോദിക്കുന്നവന്റെ ഇടംകവിളിൽ വേദനിപ്പിച്ചൊരു കടി കൊടുക്കും. കുളിച്ച് റൗക്കയും ഒറ്റമുണ്ടുമുടുത്ത്, കണ്ണെഴുതി പൂ ചൂടി, പൊട്ടുതൊട്ടു വരുന്നതുവരെ ക്ഷമയോടെ കാത്തുനിൽക്കണം. ചിലരതിന്റെ പേരിൽ പിണങ്ങിപ്പോയിട്ടുമുണ്ട്. സാധാരണ ആണുങ്ങളെപ്പോലെ പരക്കം പാച്ചിലില്ലാത്ത ശിൽപിയുടെ നേർത്ത വിരലിനാൽ പൂത്തുലയാൻ ചെല്ലക്കെന്നും കൊതിയായിരുന്നു. അയാളുടെ കൈയിൽനിന്നു പണമൊന്നും വാങ്ങാറില്ല. അയാളാകട്ടെ അവളറിയാതെ തലയിണയുടെ കീഴേ നല്ലൊരു തുക വെച്ചിട്ടേ പോകാറുമുള്ളൂ.
പിയാത്ത രൂപത്തിന്റെ മുഖം കൊത്താൻ തുടങ്ങിയതിന്റെ തലേരാത്രി അയാളെ ചേർത്തുപിടിച്ച് ചെല്ല ചോദിച്ചു.
''മാതാവിന് എന്റെ മുഖമായിരിക്കുമോ?'''
അയാളൊന്നും പറയാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി.
''ചെല്ലേ. ഞാനൊരു കാര്യം ചോദിക്കട്ടെ...''
''അണ്ണൻ ചോദിക്ക്...''
പെണ്ണ് അയാളെ ചേർത്തുപിടിച്ചു. സ്നേഹച്ചൂരിൽ അവൾ കൊഞ്ചി...
''ചോദിക്കണ്ണാ...''
അയാളുടെ ശ്വാസത്തിന്റെ ചൂട് അവളുടെ പിൻകഴുത്തിൽ അമർന്നു.
''എനിക്കൊന്നു നിന്റെ മടീല് കിടക്കണം.''
ചെല്ല പായ വിരിച്ച് പിറന്നപടി നിലത്തിരുന്നു. അയാൾ വിലക്കി.
''നീയാ സാരിയുടുക്ക്.''
വാങ്ങിക്കൊണ്ടു വന്ന പുത്തൻ അവളുടുക്കുന്നതും നോക്കി അയാളിരുന്നു. ശിൽപിയുടെ തല മടിയിലേക്ക് ചായ്ച്ച് ചെല്ലയൊരു ഉമ്മ കൊടുത്തു. നനവാർന്ന ചുണ്ടും പുത്തൻസാരിയും മുടിയിലെ മുല്ലയും ചേർന്നൊരു ഉന്മാദം.
''ഇങ്ങനെയല്ല. പിയാത്തയിലെ മാതാവിനെപ്പോലെ. എന്നെ അടങ്ങലം മടിയിലേക്ക് ചേർത്തുപിടിക്ക്.''
''എനിക്ക് പറ്റണില്ല അണ്ണാ...''
മടിയിലേക്ക് അയാളെ പിടിച്ചിരുത്താൻ അവളൊരു ശ്രമം കൂടി നടത്തി. തറയിലേക്ക് കവിഞ്ഞുകിടന്ന അയാളുടെ ഉടലിന്റെ വന്യതയിലേക്ക് ചെല്ല കണ്ണടച്ചു. വാത്സല്യമുള്ള ഒരു കൺതെളിച്ചത്തോടെ അവൾ അയാളെ ചേർത്തു. ചുരത്താത്ത മാറിൽനിന്ന് എന്തോ പെടയുന്നതുപോലെ. അവൾ കണ്ണടച്ച് വീണ്ടും അയാളെ തലോടി. മൃദുവായ ഈശോയുടെ കൈകൾക്കു പകരം പേശീബലമുള്ള അയാളുടെ കരുത്ത് അവൾക്ക് പിടിച്ചില്ല.
''എഴുന്നേറ്റ് പോ.''
19
അന്നു രാത്രി രൂപം കൊത്താൻ മറയ്ക്കുള്ളിലേക്ക് കയറിപ്പോയ ശിൽപി പിന്നീടൊന്നിനും താഴേക്കിറങ്ങി വന്നില്ല. മുളംകമ്പും പനയോലയുംകൊണ്ടു തീർത്ത ഇരുൾവെളിച്ചങ്ങളുടെ നിഗൂഢതയിലിരുന്ന് രാവും പകലും അയാൾ രൂപത്തിനൊരു മുഖം തേടിക്കൊണ്ടിരുന്നു. മരക്കപ്പിവഴി പണിക്കാർ ഉയർത്തിക്കൊടുത്ത അന്നവും വെള്ളവും അതുപോലെ തിരിച്ചെത്തി. മുകളിലേക്ക് കയറാൻ ശ്രമിച്ചവർ അയാളുടെ കണ്ണുകളിലെ തീയാളൽ കണ്ട് താഴേക്ക് മടങ്ങി.
മൂന്നാം ദിവസം മുതൽ ശിൽപിയുടെ കൈകളിൽനിന്നു പൊടിഞ്ഞ ചോരത്തുള്ളികൾ താഴെ വിരിച്ച പടുതയിൽ വീണു തുടങ്ങി. ഏഴാംനാൾ അയാൾ താഴേക്കിറങ്ങി. ഖനിയിൽനിന്നും കയറിവന്നവനെപ്പോലെ കൺപീലികളിൽപോലും മെഴുക്കും പൊടിയുംനിറഞ്ഞിരുന്നു. രക്തമൊട്ടിപ്പിടിച്ച കൈകളോടു ചേർന്നു ഉളിയും ചുറ്റികയും...
പിയാത്തരൂപം കാണാൻ ഞാറക്കടവുകാർ പള്ളിക്കു ചുറ്റുംകൂടി. ചില പെണ്ണുങ്ങളുടെ നെഞ്ച് അതുവരെയില്ലാതിരുന്ന പെടപ്പോടെ മിടിച്ചുകൊണ്ടിരുന്നു. പുത്തൻവെള്ളം തളിച്ചുള്ള അച്ചന്റെ പ്രാർഥന കഴിഞ്ഞതോടെ പടുതമാറ്റി. ജനക്കൂട്ടത്തിന്റെ ഇടയിൽനിന്നൊരു ഇരമ്പം. സങ്കടം നിറയുന്ന വ്യാകുലമാതാവിന്റെ മുഖം കണ്ട് ചതുപ്പുവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ഡെറിനാനയുടെ കണ്ണു നിറഞ്ഞിരുന്നു.
20
പിയാത്ത രൂപം വെഞ്ചരിച്ചതിന്റെ പിറ്റേ ആണ്ടിൽ കാർലോസ് മരിച്ചെന്നൊരു കരക്കമ്പി നാട്ടിൽ പരന്നു. വസൂരി വന്നയാളെ ജീവനോടെ കടലിൽ എറിയുകയായിരുന്നു. കേട്ടിട്ടും നാന അത് വിശ്വസിച്ചില്ല. വഴക്കും പരിഭവങ്ങളുമായി ആങ്ങള തിരിച്ചുവരുമെന്ന് അവരുടെ ഉള്ളിലിരുന്ന് ആരോ പറഞ്ഞുകൊണ്ടിരുന്നു.
ചതുപ്പിന്റെ അരികിലൂടെയുള്ള വഴി നാനയുടെ വീട്ടിലാണ് ചെന്നുചേരുന്നത്. ആങ്ങള പോയതോടെ കട്ടകുത്തിപ്പൊക്കിയ വഴിനിറയെ കാട്ടുമുന്തിരിയും കമ്യൂണിസ്റ്റ് പച്ചയുമൊക്കെ പടർന്നു. തനിച്ചായ നാനക്ക് വിഷപ്പാമ്പുകളായിരുന്നു കൂട്ട്. വഴിക്കു കുറുകെ കാവൽ കിടക്കുന്നവ ആരുടെയെങ്കിലും കാലനക്കം അറിഞ്ഞാലുടനെ പത്തിവിടർത്തും. രാത്രിമുഴുവൻ കൂട്ടുകിടക്കുന്ന പാമ്പുകൾക്ക് നാന നൂറും പാലുമാണ് കൊടുക്കുക. വിശപ്പടങ്ങിയാൽ അതുങ്ങൾ അവളുടെ കഴുത്തിലും തുടകൾക്കിടയിലും ഇഴയും. പാമ്പുകളെ കൈയിലെടുത്ത് ഓമനിക്കുമ്പോഴൊക്കെ നാട്ടിലേക്ക് മടങ്ങിപ്പോയ ശിൽപിയുടെ നേർത്ത വിരലുകളെ നാന ഓർക്കും.
ഒരു കരച്ചിലപ്പോൾ തൊണ്ടക്കുഴിയെ ഞെരുക്കും.
ആങ്ങളയെക്കുറിച്ച് അറിവൊന്നുമില്ലാതെ കുറച്ചുനാൾ വീടിനുള്ളിൽ കഴിഞ്ഞെങ്കിലും ഞാറക്കടവിലെ തിരുനാളിനു കൊടികയറിയ വെളുപ്പിന് നാന പുറത്തേക്കിറങ്ങി. ഒറ്റമുണ്ട് നെഞ്ചൊപ്പം കേറ്റിയുടുത്ത്, നെറുകയിൽ കാച്ചെണ്ണയും പൊത്തിയുള്ള അവളുടെ വരവു കണ്ട് കടവിൽ കുളിച്ചുകൊണ്ടിരുന്ന ആണുങ്ങൾ ധൃതിയോടെ കരയിലേക്ക് കയറി. കല്ലിൻമേൽ അഴുക്കുതുണി കുത്തിപ്പിഴിയുന്നവരെ ഗൗനിക്കാതെ നാന കടവിലേക്കിറങ്ങി. അവളുടെ ദേഹത്ത് മുട്ടിയുരുമ്മിയതിന്റെ ആഹ്ലാദത്തിൽ പോളപ്പായലുകൾ കുളിരോടെ വഴിമാറിയൊഴുകി.
കുളി കഴിഞ്ഞതോടെ നാനക്കൊരു ഉണർവ്. പടവിലിരുന്ന് അവൾ കുളിപ്പിന്നലിട്ടു. നീട്ടി കണ്ണെഴുതി. കള്ളിക്കാട്ടു മാർക്കറ്റിലേക്ക് വട്ടിയെടുത്ത് പോകുമ്പോൾ നാനക്ക് കൂട്ടായി മൂന്നാലു കരിഞ്ചേരകൾ മുന്നേയുണ്ടായിരുന്നെന്ന് കണ്ടുനിന്നവർ പറഞ്ഞുപരത്തി.
21
ഞാറക്കടവു ചന്തയിലെ മെൽവിന്റെ കുലക്കടയിൽനിന്ന് കിട്ടുന്ന ഉലിവുകായ. അവന്റെതന്നെ മരച്ചീനിക്കടയിലെ നുറുങ്ങു കപ്പ. സന്ധ്യാവൂന്റെ വാടിയ പച്ചക്കറി. റാവുത്തറുടെ മുട്ടക്കടയിൽനിന്ന് ചിന്നൽ വീണ മുട്ടകളും. മാർക്കറ്റ് മുഴുവൻ കേറിയിറങ്ങുന്നതോടെ നാനയുടെ വട്ടി ഓശാരം കിട്ടുന്ന സാധനങ്ങളാൽ നിറയും.
ചന്തയിലെ പട്ടിപ്പുണ്യാളന്റെ കുരിശടിക്കു മുന്നിൽ കാലണ പങ്കുവെച്ചാണ് കച്ചവടം. എതിർവശത്ത് എണ്ണക്കച്ചവടം ചെയ്യുന്നത് മിഖായേലാണ്. കാച്ചെണ്ണ മിനുസമുള്ള അയാളുടെ കഷണ്ടി, കട്ടിപ്പുരികത്തിനുതാഴെ തിളങ്ങുന്ന പൂച്ചക്കണ്ണ്. നോട്ടമിറങ്ങിവരുമ്പോൾ കള്ളിമുണ്ട് വലിച്ച് നാന തുട മറയ്ക്കും. നെഞ്ചീന്നപ്പോൾ കരത്തോർത്തു വലിയും. ഇരിക്കപ്പൊറുതിയില്ലാതെ മിഖായേൽ അരറാത്തൽ എണ്ണ നിറച്ച നീളൻ ചില്ലുകുപ്പിയുമായി നാനേടെ അടുത്തേക്ക് ചെല്ലും.
''നെറുകംതലേ നെറച്ചും പൊത്തി നീയിങ്ങനെ എന്നും കുളിച്ചു വാ.''
ചന്തസ്ഥലത്തെ തെറിവിളികളും തുറിച്ചുനോട്ടങ്ങളുമേറ്റെങ്കിലും മിഖായേലിന്റെ ചക്കെണ്ണ പുരട്ടാറുള്ള അവളുടെ മുഖത്തേക്ക് പഴയ പ്രസരിപ്പൊക്കെ തിരിച്ചെത്തി. ആങ്ങളയെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിന്റെ വിഷമം ഷാപ്പിലിരുന്ന് കള്ളുമോന്തുമ്പോൾ നാനയെ അലട്ടിയിരുന്നു.
കച്ചവടം കഴിഞ്ഞ് ഇറക്കത്തെ ഷാപ്പിലിരുന്നാണ് നാന കള്ള് കുടിക്കുക. അവളോടൊപ്പം ഇരിക്കാൻ ആരും ധൈര്യം കാട്ടിയിരുന്നില്ല. എണ്ണക്കച്ചവടം വാല്യക്കാരെ ഏൽപിച്ചിട്ട് മിഖായേൽ മാത്രം ഒപ്പം കൂടും. കൊർക്കാപ്പുളിയിട്ട എരിയൻ അയലച്ചാറിൽ കള്ളപ്പം മുക്കുന്ന നാനയെ നോക്കുമ്പോഴെല്ലാം അടിയിൽ ചുരുണ്ടുകിടക്കുന്ന കരിഞ്ചേര തല പൊക്കുന്നതറിഞ്ഞ് മിഖായേൽ വിയർക്കും.
''പെണ്ണേ... നീയെന്തിനാ പാമ്പിനെയുംകൊണ്ടു നടക്കുന്നത്. ജാതകവശാൽ എനിക്ക് വിഷം തീണ്ടുമെന്നാണ് കൂടപ്പാലയിലെ സരസ്വതീടപ്പൻ പറയുന്നത്...''
''പേടിക്കണ്ട. എന്റെ പാമ്പിന്റെ കൊത്തുകിട്ടി നിങ്ങള് ചാവൂല്ല...''
പാതിരാത്രി മിഖായേലെത്തി വാതിലിൽ മുട്ടി. കാത്തിരുന്നിട്ടെന്നപോലെ നാന കതകു തുറന്നു. അയാളുടെ മെതിയടിയെടുത്ത് അകത്തുവെച്ചിട്ട് ദൃഢമാർന്ന നെഞ്ചിലേക്ക് അവൾ മുഖം ചേർത്തു. ചക്കെണ്ണ മണക്കുന്ന ഉമ്മകളാൽ അയാൾ തന്നെ മൂടുമെന്നാണ് നാന വിചാരിച്ചത്. കണ്ണടച്ചുനിന്നതോടെ ജന്മിയെപ്പോലെ അവളെ നെഞ്ചിൽനിന്ന് തള്ളിമാറ്റി അയാൾ ചാരുകസേരയിൽ കാലുകയറ്റിയിരുന്നു. പൂർവികരുടെ ചെല്ലം തുറന്ന്, വാസനച്ചുണ്ണാമ്പു തേച്ച നറുവെറ്റിലയിൽ അയാൾ സാവകാശം പാക്കും പുകലയും വെച്ചു. ഒന്നു രണ്ടു ചവ കഴിഞ്ഞതിന്റെ നൂറ് ആസ്വദിച്ചുകൊണ്ട് മിഖായേൽ പറഞ്ഞു,
''നീയതൊക്കെ ഒന്നഴിക്ക്. ഞാനൊന്ന് കാണട്ടെ.''
വാക്കുകളുടെ ആവർത്തനം കേട്ട് നാന പതറി. വിയർപ്പുചാലുകൾ പൊടിഞ്ഞ അവളുടെ ശരീരത്തിലെ സ്നേഹയൊഴുക്കുകൾ പെട്ടെന്ന് നിലച്ചു. മടിച്ചു നിന്നപ്പോഴേക്കും മിഖായേൽ മടിക്കുത്തിനു പിടിച്ചു. പേടിച്ചുപോയ നാന അയാൾക്കുവേണ്ട കാഴ്ചകളൊരുക്കി. മരിച്ചുപോയ അമ്മയുടെ വീറപ്പോൾ മിഖായേലിന്റെ ഞരമ്പിലേക്ക് പടർന്നു. അയാൾ അവളെ എടുത്തുയർത്തി ചുമരിനോടു ചേർത്തു. സ്നേഹമങ്ങനെ കഠിനവഴികളിലൂടെ നിന്നു പെയ്യുമ്പോൾ നാനയുടെ ഉള്ളിൽ യാചനയോടെ നിന്നിരുന്ന ശിൽപിയുടെ മുഖമായിരുന്നു.
ചോരയിൽ പിരണ്ട പെണ്ണിനെ കണ്ടതിന്റെ ആനന്ദത്തിൽ ഒന്നുകൂടി മുറുക്കിയിട്ട് മിഖായേൽ ചെല്ലവുമായി ഇരുട്ടിലേക്കിറങ്ങി.
പനിച്ചു കിടന്നതിന്റെ മൂന്നിന്റന്ന് നെറുകംതലയിൽ എണ്ണയും പൊത്തി നാന കടവിലേക്ക് നടന്നു. ഉരുൾപൊട്ടിയതുപോലെ കലങ്ങിമറിഞ്ഞൊഴുകുന്ന പുഴ. കടവിൽനിന്നവർ അവളോട് അധികം ഇറങ്ങല്ലേയെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഒഴുക്കിനെതിരെ നീന്തി ഒന്നു മുങ്ങിപ്പൊങ്ങുമ്പോഴാണ് കൂടപ്പാലയിലെ കെട്ടും കഴിഞ്ഞ് സരസ്വതിയെയുംകൂട്ടിയുള്ള മിഖായേലിന്റെ വരവ്. കണ്ണിലെ മെഴുക്കും സങ്കടവും പെരുവിരലിനു വടിച്ച് നാന രണ്ടുപേരെയും നോക്കി. മീനുകൾ കിന്നാരം പറയുന്ന അവളുടെ അടിവയറിലെ ഇക്കിളി നിലച്ചു.
എല്ലാം മായ്ക്കുന്ന ഒഴുക്ക് നാനയെ കൂട്ടിക്കൊണ്ടുപോയി. കാവൽനിന്ന കരിഞ്ചേരകൾ തിട്ടയിലൂടെ മുകളിലേക്ക് ഇഴയാൻ തുടങ്ങുന്നതു കണ്ട് പുതുപ്പെണ്ണിന്റെ കൈയും പിടിച്ചു മിഖായേൽ വീട്ടിലേക്ക് ധൃതിയിൽ നടന്നു.
(തുടരും)