മുടിയറകൾ - 6
ചിത്രീകരണം: കന്നി എം.
22ഞാറക്കടവിൽനിന്നും കുറച്ചു തെക്കുമാറി കാവനാട്ടാണ് അലിയുടെ വീട്. ഒഴുക്കിൽപെട്ട നാനയെ തിരയാനിറങ്ങിയ വലക്കാരുടെ വഞ്ചിയിൽ അയാളെ കണ്ടവരുണ്ട്. നാനയുടെ ശവമടക്കു കഴിഞ്ഞിട്ടും അയാളെന്തിനാണ് ഞാറക്കടവിൽ തങ്ങിയതെന്ന് ആർക്കുമറിയില്ലായിരുന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചുപോയ അലി പെട്ടെന്നൊരു വെള്ളിയാഴ്ച കേവുവള്ളത്തിൽ...
Your Subscription Supports Independent Journalism
View Plans22
ഞാറക്കടവിൽനിന്നും കുറച്ചു തെക്കുമാറി കാവനാട്ടാണ് അലിയുടെ വീട്. ഒഴുക്കിൽപെട്ട നാനയെ തിരയാനിറങ്ങിയ വലക്കാരുടെ വഞ്ചിയിൽ അയാളെ കണ്ടവരുണ്ട്. നാനയുടെ ശവമടക്കു കഴിഞ്ഞിട്ടും അയാളെന്തിനാണ് ഞാറക്കടവിൽ തങ്ങിയതെന്ന് ആർക്കുമറിയില്ലായിരുന്നു.
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചുപോയ അലി പെട്ടെന്നൊരു വെള്ളിയാഴ്ച കേവുവള്ളത്തിൽ ചന്തക്കടവിലെത്തി. കാവനാട്ടുനിന്നു കൊണ്ടുവന്ന വീട്ടുസാധനങ്ങൾ അയാളും കുടുംബാംഗങ്ങളും കൂടി തെക്കേച്ചിറയിലുള്ള സതീശന്റെ മുറ്റത്തിറക്കുമ്പോഴാണ് വരത്തൻ അവന്റെ വീടു വാങ്ങിയ വിവരം നാട്ടുകാർ അറിയുന്നത്.
പതിവു രാഷ്ട്രീയമൊക്കെ മറന്ന് മാധവന്റെ ചായക്കടയിലെത്തിയവരുടെ സംസാരം അലിയെക്കുറിച്ചായി. വീടു വിറ്റ തെക്കേച്ചിറയിലെ സതീശനോടായിരുന്നു രായന്റച്ഛന് കലി.
''കൊടുക്കുന്നേനു മുന്നേ ആ നാറിക്കൊന്നു പറയാമായിരുന്നു...''
''ഇവിടുള്ളവര് പെടുവില പറഞ്ഞ് അവനെ ചതിക്കാനല്ലേ നോക്കിയത്.''
''ആര് ചതിച്ചൂന്നാ മാധവേട്ടൻ പറയുന്നത്. ഒടുക്കത്തെ വിലയല്ലേ അവൻ മിഖായേലിനോടും കുന്നേക്കാരോടും ചോദിച്ചത്...''
രായന്റച്ഛനെപ്പോലെ ഇടുങ്ങിയ മനസ്സല്ലായിരുന്നു ചായക്കടക്കാരൻ മാധവന്. ഞാറക്കടവിൽ സ്ഥിരതാമസത്തിനെത്തിയ ആദ്യത്തെ മുസ്ലിം കുടുംബത്തോട് അയാൾക്കൊരു പ്രത്യേക സ്നേഹം. ചേറുള്ള കാറ്റിനു ചേലുള്ള തട്ടവുമിട്ട്, അത്തറിന്റെ മണവുമായി അതുങ്ങള് കടയുടെ മുന്നിലൂടെ പോകുമ്പോൾ ഞാറക്കടവിനൊരു വർക്കത്തുണ്ടായതുപോലെ അച്ചമ്മക്കും തോന്നി.
എല്ലാ മതക്കാരും ഞാറക്കടവിലുണ്ടാവണം എന്നായിരുന്നു മാധവന്റെ ആഗ്രഹം. മുത്തച്ഛൻ കൈപ്പട്ടൂരും അയാളെപ്പോലെതന്നെ ദീർഘവീക്ഷണമുള്ള ഒരാളായിരുന്നു. ഞാറക്കടവിനെക്കുറിച്ച് അദ്ദേഹമൊരു പുസ്തകം എഴുതിയിട്ടുണ്ട്. ഗ്രന്ഥത്തിലെ വിവരങ്ങളെല്ലാം കൈപ്പട്ടൂരിനു കിട്ടിയത് പുഴയിലൂടെ ഒഴുകിയെത്തിയ താളിയോല കെട്ടുകളിൽനിന്നാണ്.
എഴുത്താശാനായിരുന്നു കൈപ്പട്ടൂർ. അയാളുടെ ഗ്രന്ഥത്തിൽ, ഞാറക്കടവ് വലിയൊരു കായലായിരുന്നു. പിന്നീടാണ് വെള്ളക്കെട്ട് നികന്ന് മൺതിട്ട തെളിഞ്ഞത്. തിട്ടകളിൽ ആദ്യം വന്നുചേർന്നത് പറവകളും ഇഴജന്തുക്കളുമായിരുന്നു. മനുഷ്യരെത്താൻ വീണ്ടും നൂറ്റാണ്ടുകളെടുത്തു.
ലോകത്ത് എവിടെയും ഉള്ളതുപോലെ ഞാറക്കടവിലെയും ആദിമമനുഷ്യർ നായാടികളാണ്. തീരത്തുനിന്നും ഇടനാട്ടിൽനിന്നുമാണ് മനുഷ്യർ മലയോരത്തേക്ക് ആദ്യം കുടിയേറിയതെന്ന ചരിത്രം തെറ്റാണെന്നാണ് കൈപ്പട്ടൂരിന്റെ കണ്ടെത്തൽ. മനുഷ്യരുടെ ആദ്യത്തെ കുടിയേറ്റം മലമുകളിൽനിന്നും തീരത്തേക്കാണ്. കാരണം ഇടനാടും തീരവും പിന്നീടാണ് രൂപപ്പെട്ടത്. തീരത്തും ഇടനാട്ടിലും മനുഷ്യജീവിതം തുടങ്ങുന്നതുതന്നെ പതിനാലാം നൂറ്റാണ്ടോടുകൂടിയാണ്. അതിനുമുന്നേ മലമുകളിൽ മനുഷ്യരുണ്ടായിരുന്നു.
കടൽ പടിഞ്ഞാറോട്ടു നീങ്ങി നികന്ന ഇടനാടുകളിലൊന്നാണ് ഞാറക്കടവ്. മലയിറങ്ങിയെത്തിയ കാട്ടുജാതിക്കാരായിരുന്നു ഞാറക്കടവിലെ ആദിമ ഗോത്രവർഗം. പിൽക്കാലത്ത് അവർ കൃഷി ചെയ്യാനും മീൻപിടിക്കാനും തുടങ്ങി. നായാടികളുടെ അമ്പെയ്ത്തു പാരമ്പര്യം സിരകളിലുള്ളതുകൊണ്ടാണ് പെരുമ്പടപ്പു സ്വരൂപത്തിന്റെ ആക്രമണത്തെ ചെറുത്തു തോൽപിക്കാൻ ഞാറക്കടവിലെ വില്ലാളിവീരന്മാർക്ക് കഴിഞ്ഞതും.
മുത്തച്ഛന്റെ പുസ്തകത്തിലെ ചരിത്രമൊക്കെ വീണ്ടും വിശദീകരിച്ചിട്ട് മാധവൻ രായന്റച്ഛനോടു പറഞ്ഞു:
''ശരിക്കും പറഞ്ഞാൽ ഞാറക്കടവിൽ നമ്മളെല്ലാവരും വരത്തരാണ്.''
''മാധവേട്ടനിങ്ങനെ ചത്തുപോയവരുടെ സാമാനോം വായിച്ച്, വേദാന്തവും ചരിത്രവും പറഞ്ഞിരുന്നോ. ഒടുക്കം ഈ ചായക്കടകൂടി അവൻമാരു വിലപറഞ്ഞു വാങ്ങും.''
കുടിച്ചുകൊണ്ടിരുന്ന ചില്ലുഗ്ലാസ് മേശപ്പുറത്ത് ഒരൊച്ചയോടെ വെച്ചിട്ട് കടയിൽനിന്നിറങ്ങുമ്പോൾ രായന്റച്ഛൻ ചിലതെല്ലാം തീരുമാനിച്ചിരുന്നു...
23
കൊച്ചുരാമനെയും കൂട്ടി അന്നു വൈകീട്ടുതന്നെ കാവനാട്ടേക്ക് പോകാൻ രായന്റച്ഛൻ തീരുമാനിച്ചു. കവലയിലെ ബാർബർഷോപ്പടച്ച്, രാമൻ ഇറങ്ങാൻ വൈകി. കാവനാട്ടേക്കുള്ള ലാസ്റ്റ്ബസ് വളവുതിരിയുന്നതു കണ്ട്, രണ്ടാളും പിന്നാലെ ഓടിക്കയറി. രാത്രി വൈകി കാവനാട്ട് എത്തുമ്പോഴും തെരുവ് ഉറങ്ങിയിട്ടില്ല. കടകളിലെ സമോവറുകളിൽ തീയണയാതെ കിടന്നു. സ്റ്റാൻഡിന്റെ വടക്കേവളവു മുതൽ തെക്കേയറ്റം വരെ തിമിർത്തു കച്ചവടം. ഇറച്ചിക്കറികളുടെയും വറവിലിന്റെയും ചൂടൻമണം.
''കൊച്ചുരാമാ നിനക്കെന്നാ വേണ്ടത്...''
''പൊറോട്ട മതി...''
ഞാറക്കടവിൽ അത്ര പരിചിതമല്ലാത്ത പൊറോട്ടയും ബീഫും കൊച്ചുരാമനു വാങ്ങിക്കൊടുത്തിട്ട് രായന്റച്ഛൻ ഒരു കട്ടൻ പറഞ്ഞു.
''അണ്ണൻ കഴിക്കുന്നില്ലേ...'''
''വിശപ്പില്ലെടാ...''
ചൂടു പൊറോട്ടയുടെ പുറത്തേക്ക് ബീഫുകറി കമഴ്ത്തിയിട്ട് കൊച്ചുരാമൻ പ്ലേറ്റിന്റെ വശങ്ങളിലേക്ക് ഇറച്ചിക്കഷണങ്ങൾ പെറുക്കി കൂട്ടി. കൂട്ടത്തിലുണ്ടായിരുന്ന കരളിന്റെ തുണ്ടുകൾ പ്രത്യേകം മാറ്റിവെച്ചു. എന്തു വിളമ്പിയാലും കൊച്ചുരാമൻ അതെല്ലാം ഒന്നു ഓടിച്ച് രുചിക്കും. എന്നിട്ട് മനസ്സിന് പിടിക്കാത്തത് ആദ്യം തിന്നും. ഇലയിൽനിന്ന് ഒടുക്കം കഴിക്കുന്നതാവും അയാളുടെ ഇഷ്ടഭക്ഷണം.
തെക്കേച്ചിറയിൽനിന്നായിരുന്നു കൊച്ചുരാമന് കല്യാണം. പുതുമോടിക്ക് ഭാര്യവീട്ടിലെത്തിയ ദിവസം ചെറുക്കനും പെണ്ണിനും മുന്നിൽ തൂശനിലയിട്ടു. കൊച്ചുരാമൻ പെണ്ണിനെക്കാൾ നാണത്തോടെ ഇലയുടെ മുന്നിലിരുന്നു. ആറേഴു കറികൾക്കൊപ്പം പെണ്ണിന്റെ അമ്മ പരിപ്പും നെയ്യും വിളമ്പി. രാമന്റെ വിരൽത്തുഞ്ച് കറികൾക്കും ചുണ്ടിനുമിടയിൽ ഓടിനടന്നു. അവിയലാണ് ബെസ്റ്റ്. കൂട്ടത്തിൽ അരുചി പാവയ്ക്ക ചേർത്ത കൂട്ടുകറിക്കാണ്. മരുമകൻ ആദ്യമേ കൂട്ടുകറി വടിച്ച് എടുക്കുന്നത് കണ്ടതിന്റെ സന്തോഷത്തിൽ അവരത് വീണ്ടും വിളമ്പി. കൊച്ചുരാമൻ വിമ്മിട്ടത്തോടെ അതുതന്നെ വീണ്ടും കഴിച്ചു. അവർ പിന്നെയും വിളമ്പി.
കയ്പൻ കറി വാരിത്തിന്നേണ്ടി വന്ന വിമ്മിട്ടം പറഞ്ഞ് അയാളും പെണ്ണും ചിരിച്ചത് വെന്റിലേഷനിലൂടെ കണ്ട തെക്കേച്ചിറയിലെ ചെറുപ്പക്കാരാണ് ഇക്കാര്യങ്ങളൊക്കെ നാട്ടിൽ പറഞ്ഞു പരത്തിയത്.
''കൊച്ചുരാമന്റെയൊരു തീറ്റിയേ...''
''അവൻ ഒടുക്കം തിന്നത്. ഹോ...''
അയാളങ്ങനെ നാട്ടുഞരമ്പുകഥകളിലെ നായകനുമായി.
പൊറോട്ട കിള്ളിക്കീറി ഇറച്ചിത്തുണ്ടുമായി പൊതിഞ്ഞ് കൊച്ചുരാമൻ കഴിച്ചുകൊണ്ടിരുന്നു. ഒടുക്കം ഇഷ്ടയിനമായ കരളും കഴിച്ച് എഴുന്നേൽക്കുമ്പോഴേക്കും രായന്റച്ഛൻ കടക്കാരനോടു ഒരു ബീഡി വാങ്ങി കത്തിച്ച്, അലിയെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയിരുന്നു.
24
കാവനാട്ടുള്ളവർക്കെല്ലാം അലിയെ നല്ല പരിചയം. ഉരുവിന്റെ കച്ചവടത്തിൽ കടം കേറിയാണ് അയാൾ കാവനാട്ടുനിന്നു പോയതെന്ന് അവിടെയുള്ള ചിലർ രായന്റച്ഛനോടു പറഞ്ഞു. എങ്ങനെയാണ് അയാൾക്ക് അത്രയും നഷ്ടം വന്നതെന്ന് ആർക്കുമറിയില്ലായിരുന്നു.
അലി കാവനാട്ടുകാരനല്ല. അയാളും ഉമ്മിച്ചിയുംകൂടി ഒരു വെളുപ്പാൻകാലത്താണ് കാവനാട്ടേക്ക് ബസിറങ്ങിയെത്തിയത്. കാവനാട്ടെ ഖൽബത്തിയിൽ അയാളൊരു ഒറ്റമുറി വീട് വാടകക്കെടുത്തു. പൊതുവേ ആരോടും അധികം ഇടപഴകാത്ത പ്രകൃതം. അയാൾ ആദ്യം തുടങ്ങിയത് പെരുമരക്കച്ചവടമാണ്. ലോഡുസൈക്കിളിനു പിന്നിൽ വടങ്ങളും കോടാലികളും കെട്ടിവെച്ച് അതിരാവിലെതന്നെ പെരുമരം വിൽക്കാനുണ്ടോയെന്ന് ഉറക്കെ വിളിച്ച് ഊടുവഴികളിലൂടെ നീങ്ങും. കച്ചവടം ഉറപ്പിച്ചാൽ വെട്ടു തുടങ്ങും. മരം മുറിക്കുന്നതിനുമുന്നേ കൈകൾ രണ്ടും ചെവിക്കു പിന്നിൽവെച്ച് നീണ്ടൊരു പ്രാർഥനയുണ്ട്. വൃക്ഷത്തിനു ദാഹനീര് കൊടുത്തിട്ടേ ചില്ല കോതാൻ മുകളിലേക്ക് കയറൂ. കോതിയിറക്കി തായ്ത്തടിക്കു മുകളിൽ വടംകെട്ടി ചുറ്റുമുള്ള മരത്തിൽ ബന്ധിപ്പിച്ചു നിർത്തും. ചുവടു തെളിച്ചു അടിഭാഗം മുറിക്കാതെ, വേരറുത്താണ് മരം ചരിച്ചിറക്കുന്നത്... അയാളുടെ വെട്ടും തായ്ത്തടി ചരിച്ചുള്ള ഇറക്കും കാണാൻ കുട്ടികളും മുതിർന്നവരുമൊക്കെ ചുറ്റും കൂടുമായിരുന്നു. വെറും അലി അങ്ങനെയാണ് കാവനാട്ടുകാർക്ക് പെരുമരം അലിയായത്.
കാവനാട്ടുനിന്നുതന്നെ അയാൾ കല്യാണം കഴിച്ചു. ആക്രിപെറുക്കി നടന്ന മന്തൻസെയ്നൂന്റെ മോളെ അങ്ങോട്ട് പൊന്നും പണവും കൊടുത്താണ് കെട്ടിയത്. കല്യാണം കഴിഞ്ഞ് ഒരു കൊല്ലമാകുന്നതിനു മുന്നേ ഖൽബത്തിയിലെ ഒറ്റമുറി വീട്ടിൽനിന്ന് മീഞ്ചേരിയിലെ ഓടിട്ട കെട്ടിടത്തിലേക്ക് അയാൾ താമസം മാറി... കല്യാണം കഴിഞ്ഞതിൽ പിന്നെ അലി മരംവെട്ടു നിർത്തി. അമ്മായിയപ്പനുമായി ചേർന്ന് ആക്രിക്കച്ചവടം തുടങ്ങി. അധികനാൾ ആകുന്നതിനു മുന്നേ ഉരുവിന്റെ വ്യാപാരത്തിലും പങ്കാളിയായ അലി ആക്രിക്കച്ചവടത്തിനെടുത്ത വാടക കെട്ടിടവും പറമ്പും വിലയ്ക്കു വാങ്ങി.
മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനുശേഷം താടി നീട്ടി വളർത്തി അയാൾ ആരോടും മിണ്ടാതെ വീട്ടിൽതന്നെ കുത്തിയിരുന്നു. പിന്നീട് അലിയെ കാണാതായി. ഉരുവുമായി അയാൾ പുറംകടലിൽ പോയതാണെന്ന് ചോദിക്കുന്നവരോടെല്ലാം അലിയുടെ അമ്മായിയപ്പൻ സമാധാനം പറഞ്ഞു.
അമ്മായിയപ്പന്റെ മരണത്തോടെ കിഴക്കുനിന്നും പാണ്ടിലോറിയിൽ വന്നവർ പൂട്ടുപൊളിച്ച് അലിയുടെ ആക്രിക്കടയിലുണ്ടായിരുന്ന സകലതും എടുത്തുകൊണ്ടുപോയി. വന്നവരിൽ ചിലർ കെട്ടിടവും പരിസരവും വൃത്തിയാക്കി അതിനുള്ളിൽ താമസവും തുടങ്ങി. വരത്തർ കട കൈയേറിയ വിവരം പറയാൻ നാട്ടുകാർ വീട്ടിൽ ചെന്നെങ്കിലും അലിയുടെ ഭാര്യ വീടിനു പുറത്തേക്കിറങ്ങിയില്ല.
ആ സംഭവം നടന്ന് ഒരാണ്ടു കഴിയുമ്പോഴേക്കും അലി കാവനാട്ട് തിരിച്ചെത്തി. കട വിൽക്കുമ്പോൾ ഞങ്ങളോട് ഒരു വാക്കു പറയാമായിരുന്നെന്നും പറഞ്ഞ് ചിലർ അയാളോട് ദേഷ്യെപ്പട്ടു. നാലഞ്ചുമാസം കഴിഞ്ഞപ്പോഴേക്കും പെടുവിലയ്ക്ക് അലി വിറ്റ കെട്ടിടത്തിന്റെ മുകളിൽനിന്ന് കോളാമ്പി മൈക്കുകൾ കാവനാട്ടിന്റെ നാലതിരിലേക്കും നീണ്ടു.
വെളുപ്പിനെ ഉയർന്ന പതിവു സുബ്ഹി ബാങ്കുകളെ കൂടാതെ നീട്ടിയും സ്നേഹത്തിലും ഖൽബിനെ തൊടുന്ന ഒരു ബാങ്കുവിളി കാവനാട്ടുകാർ കേട്ടു. നിസ്കരിക്കാൻ ഇറങ്ങിയവർ അലിയുടെ വാടകക്കെട്ടിടത്തിലേക്ക് ചെന്നു. മഞ്ഞിന്റെ നേർത്ത ആവരണത്തിൽ പൊതിഞ്ഞ കെട്ടിടത്തിനു മുകളിൽ ചന്ദ്രിക അപ്പോഴും തെളിഞ്ഞുനിന്നിരുന്നു.
''തങ്ങളു സാഹിബിന്റെ അനുവാദമുണ്ടോ നിസ്കാരം നടത്താൻ...''
വുളുവെടുത്തു കഴിഞ്ഞ് അലി പറഞ്ഞു,
''മനുഷ്യൻമാരുടെ അനുവാദം ആവശ്യമില്ലിതിന്. ഇതു പടച്ചോന്റെ പള്ളിയാണ്.''
അലിയുടെ നാലാമത്തെ കുട്ടി ജനിച്ച വർഷമാണ് കാവനാട്ടുനിന്നും അയാൾ ഞാറക്കടവിൽ എത്തുന്നത്. നല്ല ലാഭത്തിൽ നടത്തിയിരുന്ന ആക്രിക്കടയും വീടുമൊക്കെ നഷ്ടപ്പെടുത്തി അയാൾ കാവനാട്ടുനിന്നും പോയതെന്തിനാണെന്ന് ആർക്കുമറിയില്ല. ഉരുവിന്റെ കച്ചവടത്തിൽ അയാൾക്ക് നഷ്ടം വന്നിട്ടുണ്ടാവുമെന്ന് ചിലർ പറഞ്ഞു. മറ്റു ചിലരത് നിഷേധിച്ചു. അന്വേഷിക്കാൻ പോയ രായന്റച്ഛൻ വാലും തുമ്പും തിരിയാതെ ഞാറക്കടവിലേക്ക് മടങ്ങി.
25
സൈക്കിളിൽ കെറ്റിൽ കെട്ടിവെച്ചുള്ള ചായക്കച്ചവടമാണ് ഞാറക്കടവിൽ അലി ആദ്യം തുടങ്ങിയത്. പിന്നീടയാൾ കൊള്ളിവിറകിന്റെയും മുറിക്കഷണത്തുണിയുടെയും കച്ചവടത്തിലേക്ക് മാറി. രണ്ടും ഇൻസ്റ്റാൾമെന്റായിട്ടായിരുന്നു വിൽപന. കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും കവലയിലെ മാളികക്കെട്ടിടത്തിൽ വാടകക്കൊരു മുറിയെടുത്ത് പഴയ ആക്രിക്കച്ചവടം ആരംഭിച്ചു. വാടകക്കെട്ടിടത്തിന്റെ മുകളിലത്തെ മുറികളിൽ അച്ചുതന്റെ തയ്യൽക്കടയും. അതിനോടു ചേർന്ന് രമണന്റെ ഫോട്ടോ സ്റ്റുഡിയോയും. കോവണിയുടെ കീഴേയുള്ള കുടുസ്സുമുറിയിലായിരുന്നു പ്രഭാകരന്റെ പച്ചമരുന്നു കട. താഴെ ഒഴിഞ്ഞുകിടന്ന കടമുറിയിൽ അലിയുടെ ആക്രിസാധനങ്ങൾ നിറയാൻ തുടങ്ങി.
ആക്രിക്കട തുടങ്ങിയതിൽ അച്ചുതന് എതിർപ്പൊന്നുമില്ലായിരുന്നു. നടവഴിയിൽ തുരുമ്പെടുത്ത സാധനങ്ങളിടുന്നതിന്റെ പേരിൽ മരുന്നുപ്രഭാകരൻ ഇടക്കിടെ വഴക്കുണ്ടാക്കും. ഒരുദിവസം കടയിൽനിന്നു പോകുന്ന വഴി പ്രഭാകരൻ കുഴഞ്ഞുവീണു മരിച്ചു. അയാളുടെ കട കുറേക്കാലത്തേക്ക് അടഞ്ഞുകിടന്നു. മക്കൾക്കൊന്നും അച്ഛന്റെ പച്ചമരുന്നുകട നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം മരുന്നുകടയുടെ മുന്നിൽ ശൗവ്വാൽ സ്റ്റിച്ചിങ് സെന്റർ എന്നൊരു ബോർഡ് ഉയർന്നു.
തൊട്ടടുത്ത് തയ്യൽക്കട വന്നത് അച്ചുതനാണ് ക്ഷീണമുണ്ടാക്കിയത്. അയാൾക്ക് കിട്ടിക്കൊണ്ടിരുന്ന തയ്യൽ മുഴുവൻ അലിയുടെ തുന്നൽപ്പണിക്കാരനെ തേടിപ്പോയി. കട വാടക കൊടുക്കാനാവാതെ വന്നപ്പോൾ തയ്യൽമെഷീനുകളുമെടുത്ത് അച്ചുതൻ ഇരുനിലക്കെട്ടിടത്തിന്റെ കോണിയിറങ്ങി. അലിയുടെ ആക്രിപ്പുരക്ക് മുകളിലേക്കും ഒരു എക്സ്റ്റൻഷനായി. ഫോട്ടോയെടുക്കാൻ വരുന്നവർ തുരുമ്പും പൊടിയും നിറഞ്ഞ കടമുറി കടന്നെത്താൻ മടിച്ചതോടെയാണ് രമണൻ സ്റ്റുഡിയോ ഒഴിഞ്ഞത്. മൂന്നാലു മാസം കഴിഞ്ഞപ്പോഴേക്കും മേനങ്കാട്ടുകാരുടെ പക്കൽനിന്നും വാടകക്കെട്ടിടം അലി വിലയ്ക്കു വാങ്ങി...
പിന്നീടൊരു നോമ്പുമാസത്തിലാണ് പച്ചനിറത്തിലുള്ള കാർഡുമായി അലി ഞാറക്കടവിലെ വീടുകളിൽ കയറിയിറങ്ങിയത്. മുറിച്ച നഖരിന്റെ വലുപ്പത്തിലൊരു ചന്ദ്രികയും മീതെ നക്ഷത്രവുമുള്ള കാർഡിലെ പുതിയ വാക്കായ ''മീസാൻ ചിട്ടിഫണ്ട്'' ഞാറക്കടവുകാർക്ക് പെട്ടെന്ന് പരിചിതമായി. ഒരുവർഷംകൊണ്ട് ഇറക്കുമുതലിന്റെ ഇരട്ടിയെന്നായിരുന്നു കൊതിപ്പിക്കൽ. ആദ്യവർഷം ഇരട്ടി കിട്ടിയ ആവേശത്തിൽ ആളുകൾ ഒന്നും രണ്ടുമൊക്കെ ചേർന്നു. ഒടുക്കം ഫണ്ടു പൊട്ടിക്കേണ്ട സമയത്ത് അലി മുങ്ങി. ഞാറക്കടവുകാർ അയാളുടെ വീടിനുമുന്നിൽ കുത്തിയിരുന്ന് ഭാര്യയെയും കുട്ടികളെയും ചീത്തവിളിച്ചു. മനക്കട്ടി കൂടിയ രായന്റെ അമ്മയെപ്പോലുള്ളവർ അയാളുടെ സൈക്കിളും വീട്ടുസാമാനങ്ങളും ഉമ്മിച്ചി കിടന്നിരുന്ന കട്ടിലുമൊക്കെ എടുത്തുകൊണ്ടുപോയി. ഒടുക്കം വന്നയാൾ മുറ്റത്തെ മൈലാഞ്ചിക്കൊമ്പിൽ തൂക്കിയ പാനീസുവിളക്ക് എടുക്കുമ്പോൾ അതുവരെ പിടിച്ചുനിന്ന അലിയുടെ പെണ്ണ് കരഞ്ഞു...
ഇറക്കുമുതൽ ചോദിക്കാൻ പോയ കുഞ്ഞാപ്പിയുടെ അച്ചമ്മ റേഷൻ വാങ്ങാൻ മടിയിൽ കരുതിയിരുന്ന കാശ് പെണ്ണിനു കൊടുത്തിട്ട് തിരികെ പോന്നു.
26
പൂട്ടിക്കിടന്നിരുന്ന അലിയുടെ വാടകക്കെട്ടിടത്തിനു മുന്നിൽ റമദാൻമാസത്തിലെ നോമ്പുതുറയുടെ നേരത്ത് ഒരു പാണ്ടിലോറിയെത്തി. ആക്രിസാധനങ്ങളും തയ്യൽമെഷീനുമൊക്കെ വന്നവർ അതിൽ കയറ്റിക്കൊണ്ടുപോയി. കാവനാട്ടെ കെട്ടിടം നരച്ചു കിടന്നപോലെ കുറച്ചുനാൾ ഞാറക്കടവിലെ കടമുറിക്കെട്ടിടവും ആളില്ലാതെ പായൽപിടിച്ചുകിടന്നു.
രണ്ടു കൊല്ലം തികയുന്നതിനു മുന്നേ ഞാറക്കടവിലേക്ക് കാവനാട്ടുകാരെത്തിത്തുടങ്ങി. തെക്കേച്ചിറയിലായിരുന്നു കൂടുതൽപേരും സ്ഥലം വാങ്ങിയത്. ആളെണ്ണം കൂടിയതോടെ അലിയുടെ വീട്ടിലവർ ഒരു യോഗം ചേർന്നു. അലിയുടെ കുട്ടികളെ പഠിപ്പിക്കുന്ന ഉത്തരവാദിത്തം അതിലൊരാൾ ഏറ്റെടുത്തു. ഞാറക്കടവിൽ തുടങ്ങാൻ പോകുന്ന പുതിയ സ്കൂളിലെ തൂപ്പുപണി അലിയുടെ ഭാര്യക്ക് കൊടുക്കാമെന്നും തീരുമാനമായി...
ഞാറക്കടവിലെ രണ്ടാമത്തെ സ്കൂളായിരുന്നു മുഹമ്മദ് മസ്ജിദ് ലോവർ പ്രൈമറി സ്കൂൾ. ആദ്യത്തേത് കരിക്കച്ചിറയിലെ ക്രിസ്ത്യൻ പള്ളിക്കൂടമാണ്. ആദ്യമൊക്കെ മുസ്ലിം സ്കൂളിൽ പിള്ളാരെ അയക്കാൻ ആളുകൾ മടിഞ്ഞെങ്കിലും ഉച്ചഭക്ഷണം കൊടുത്തുതുടങ്ങിയതോടെ തെക്കേച്ചിറയിലെ പിള്ളാരവിടെ പോകാൻ തുടങ്ങി. ആറേഴു വീടുകളിലെ മുസ്ലിം പിള്ളാർക്ക് പഠിക്കാനെന്തിനാ ഇവന്മാര് ഇവിടെ സ്കൂളു പണിതതെന്നായിരുന്നു രായന്റച്ഛന്റെയും കൂട്ടരുടെയും സംശയം. ആരുടെയും കുത്തിത്തിരിപ്പിനു കൂട്ടുനിൽക്കാതെ മദ്രസ പണിയാനുള്ള മരവും ചുടുകട്ടയും പള്ളീലച്ചൻ വെറുതെ കൊടുത്തു. ഒരാണ്ടു തികയുന്നതിനു മുന്നേ എല്ലാവരെയും അതിശയപ്പെടുത്തി കാവനാട്ടുനിന്നും മറ്റു പ്രദേശങ്ങളിൽനിന്നും തട്ടമിട്ട പെൺകുട്ടികളും ഒറ്റമുണ്ട് കേറ്റിക്കുത്തി തലയിൽ തൊപ്പിവെച്ച ആൺകൊച്ചുങ്ങളും ഞാറക്കടവിലെത്തി. സ്കൂളിനോടു ചേർന്ന് പണിതിട്ടിരുന്ന യതീംഖാനയിലായിരുന്നു ദൂരെ നിന്നെത്തിയ പിള്ളേരുടെ താമസം.
27
ബലിപെരുന്നാള് എത്തുമ്പോഴെല്ലാം അനക്കമില്ലാതെ കിടന്നിരുന്ന ഞാറക്കടവ് പുത്തൻ ഉടുപ്പിന്റെയും നെയ്ച്ചോറിന്റെയും മണത്താൽ നിറഞ്ഞു തുടങ്ങി. ഒരു വർഷംകൂടി പിന്നിടുമ്പോഴേക്കും അലി ഉപേക്ഷിച്ചുപോയ കെട്ടിടത്തിന്റെ മുകളിൽ കോളാമ്പിമൈക്കുകൾ പ്രത്യക്ഷപ്പെട്ടു. അതിൽനിന്നു അഞ്ചുനേരം മുഴങ്ങിയ ബാങ്കുവിളിയാൽ ഞാറക്കടവ് പടച്ചോന്റെ വാക്കുകളിൽ ത്വഹൂറായി.
മുസ്ലിം പള്ളിയും പള്ളിക്കൂടവും യതീംഖാനയും ഉഷാറായതിന്റെ പിറ്റേ വർഷമാണ് കുമ്പിട്ട തലയുമായി അലി ഞാറക്കടവിൽ വന്നിറങ്ങിയത്. പൊട്ടിപ്പോയ ചിട്ടിഫണ്ടിന്റെ പണം ചോദിച്ച് ചുറ്റുംകൂടിയ നാട്ടുകാർക്കു മുന്നിൽ അയാൾ നിസ്സഹായനായി നിന്നു. മാധവേട്ടൻ ഇടപെട്ടാണ് കാര്യങ്ങൾ രമ്യതയിൽ അവസാനിപ്പിച്ചത്. രണ്ടു വർഷത്തിനുള്ളിൽ എല്ലാവരുടെയും കടം വീട്ടാമെന്ന ഉറപ്പിൽ യൂനിയനാപ്പീസിൽനിന്നിറങ്ങുമ്പോൾ അലിയുടെ കണ്ണ് നിറഞ്ഞു.
കൊള്ളിവിറകിന്റെ കച്ചവടം നടത്തി ഇറക്കുമുതൽ പലിശയുൾപ്പെടെ അയാൾ ഓരോരുത്തർക്കായി മടക്കിക്കൊടുത്തുകൊണ്ടിരുന്നു. അലിയാരു വെച്ചുനീട്ടിയ പൈസ അച്ചമ്മ വാങ്ങിയില്ല.
''ഈ കാശെനിക്ക് വേണ്ട മോനേ. നിന്നേം ആരോ പറ്റിച്ചതല്ലേ.''
''ഈ ഞാറക്കടവില്... എന്നെ തെറിപറയാത്ത ഒറ്റ ഒരാള്... ങ്ങളാ... അതിരുന്നോട്ടെ അച്ചമ്മ പെമ്പിള്ളേ...''
ചുരുങ്ങിയ കാലംകൊണ്ട് അയാൾ കടങ്ങളെല്ലാം വീട്ടി. ഇതൊക്കെ പെട്ടെന്നെങ്ങനെ കൊടുത്തു തീർക്കാനായെന്ന് ചോദിച്ചവരോട് എല്ലാം പടച്ചോന്റെ റഹ്മത്തെന്ന വാക്കിൽ അലിയൊതുക്കി. ഞാറക്കടവിൽ വരുമ്പോഴുണ്ടായിരുന്ന അയാളുടെ കുറ്റിത്താടി നീണ്ടുവളർന്നു. വെളുത്ത ജുബ്ബയും വെള്ളമുണ്ടും കഴുത്തിൽ ചുറ്റിയ ഷാളും തലയിലെ നിസ്കാരത്തൊപ്പിയും കണ്ട് ഞാറക്കടവിലുള്ള ചിലർ അയാളെ അലിയാരു സാഹിബെന്നു വിളിച്ചു.
കടമൊക്കെ വീട്ടിത്തീർത്ത ദിവസം വീട്ടുസാമാനങ്ങൾ ലോറിയിൽ കയറ്റിവിട്ടിട്ട് അലിയും കുടുംബവും ആരോടും യാത്രപറയാതെ കാറിൽ കയറി.
ഒരിടത്തും നങ്കൂരം ഉറപ്പിക്കാത്ത കപ്പൽപോലെ മകനോടൊത്തുള്ള ദേശാടനയാത്രകൾ. ഞാറക്കടവു പാലം കയറുമ്പോൾ അലി ഉമ്മയെ ചേർത്തുപിടിച്ചു. ബാങ്കുവിളി കേട്ടുണരാത്ത ഏതോ ദേശം തേടി അയാളുടെ വണ്ടി പാഞ്ഞുകൊണ്ടിരുന്നു...
(തുടരും)