9mm ബെരേറ്റ
തൊണ്ടിമുതല്‍9MM ബെരേറ്റ കൈയിലെടുത്തപ്പോള്‍, ജീവിതത്തില്‍ അന്നേവരെ അനുഭവപ്പെടാത്ത ഒരു വികാരമാണ് ശിവറാം ഗോദ്രക്ക് ഉണ്ടായത്. മറ്റൊരാളോട് വിവരിച്ചുകൊടുക്കാന്‍ കഴിയാത്ത അനുഭൂതി. മേലാസകലം കുളിരുകേറി രോമം എഴുന്നുനിന്നുവെന്ന് പറയാനേ അയാള്‍ക്ക് ആവുമായിരുന്നുള്ളൂ. മെറ്റലിന്റെ തണുപ്പ് അയാളുടെ വിരല്‍ത്തുമ്പില്‍നിന്ന് പോകുന്നതേയില്ല. മനസ്സിനെയും ശരീരത്തെയും...
Your Subscription Supports Independent Journalism
View Plansതൊണ്ടിമുതല്‍
9MM ബെരേറ്റ കൈയിലെടുത്തപ്പോള്‍, ജീവിതത്തില്‍ അന്നേവരെ അനുഭവപ്പെടാത്ത ഒരു വികാരമാണ് ശിവറാം ഗോദ്രക്ക് ഉണ്ടായത്. മറ്റൊരാളോട് വിവരിച്ചുകൊടുക്കാന്‍ കഴിയാത്ത അനുഭൂതി. മേലാസകലം കുളിരുകേറി രോമം എഴുന്നുനിന്നുവെന്ന് പറയാനേ അയാള്‍ക്ക് ആവുമായിരുന്നുള്ളൂ. മെറ്റലിന്റെ തണുപ്പ് അയാളുടെ വിരല്‍ത്തുമ്പില്‍നിന്ന് പോകുന്നതേയില്ല. മനസ്സിനെയും ശരീരത്തെയും അടിമുടി ബാധിച്ച, നീണ്ടുനിന്ന ആ വികാര തള്ളിച്ചയില്‍ ശിവറാം ഗോദ്ര അംബാല ജയില്‍ കണ്ടു. ഗോഡ്സെജിയെ ഓര്‍ത്തു. പുലര്‍കാലത്ത് തൂക്കിലേറ്റാന്‍ കൊണ്ടുപോകുമ്പോള്‍ ഗോഡ്സെജിയുടെ മനസ്സില്‍ എന്തായിരുന്നിരിക്കണം? അദ്ദേഹം അവസാനമായി എന്തായിരിക്കും നാരായണ്‍ ആപ്തെജിയോടു പറഞ്ഞിട്ടുണ്ടാവുക? അധികാരികളോട് എന്താണ് അവസാനമായി ആവശ്യപ്പെട്ടിരിക്കുക? ഒരു ഇംഗ്ലീഷ് കോഫി!
ശിവറാം ഗോദ്ര ചെറുതായി തുരുമ്പെടുത്തുതുടങ്ങിയ 9 MM ബെരേറ്റ ഒരു വെളുത്ത ടൗവലില്‍ പൊതിഞ്ഞശേഷം, അടുക്കള റാക്കില്നിന്നെടുത്ത വെജിറ്റേറിയന്‍ കടയുടെ പേപ്പര്‍ ബാഗിലിട്ടു. കുളികഴിഞ്ഞ് പ്രാർഥിച്ചശേഷം ആ പേപ്പര്‍ ബാഗുമെടുത്ത് കാറില്‍ കയറി. ബാന്ദ്ര വരെ പോകണം. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ മുന്‍ സീറ്റില്‍വെച്ച പേപ്പര്‍ ബാഗില്‍ കിടന്ന് തോക്ക് ഗോഡ്സെയുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി.
ഞാന്‍ ഉപയോഗിച്ച തോക്ക് തൊട്ടപ്പോള്‍ നിനക്ക് ചോര തിളച്ചു അല്ലേ. എനിക്കും അതുണ്ടായിരുന്നു. വികാരം നിയന്ത്രിക്കാനാവാതെ ഒരു തുള്ളി മൂത്രം പോയിരുന്നു. നിനക്കറിയാമോ കൊല്ലുന്നതിനു മുമ്പത്തേക്കാള്‍ ധൈര്യം എനിക്ക് അയാളെ കൊന്നതിനു ശേഷമാണ് ഉണ്ടായിരുന്നത്. ആത്മസാക്ഷാത്കാരം ഒരാളെ എക്കാലത്തേക്കും ധീരനാക്കും. ആ മാനസികാവസ്ഥ കൈവരുന്നതോടെയാണ് ഒരു രക്തസാക്ഷി രൂപപ്പെടുന്നത്. ഞങ്ങള്‍ ഭീരുക്കളായിരുന്നില്ല. ഞങ്ങള്‍ ഹിന്ദുധർമത്തിലും ഞങ്ങളില്തന്നെയും വിശ്വസിച്ചു. പഞ്ചാബ് ഹൈകോടതി എന്റെയും നാരായണ്‍ ആപ്തെയുടെയും അപ്പീല്‍ തള്ളി. ഞങ്ങളെ തൂക്കിലേറ്റാന്‍ ഉത്തരവിട്ടു. സുപ്രീംകോടതി മുമ്പാകെ അപ്പീല്‍ നല്‍കാനുള്ള അവസരം ഉണ്ടായിരുന്നു. ഞങ്ങളത് ചെയ്തില്ല. 1949 നവംബര്‍ 15ന് രാവിലെ 8 മണിക്കായിരുന്നു വിധി നടപ്പാക്കല്‍. ആ പ്രഭാതം എനിക്കിപ്പോഴും നല്ല ഓർമയുണ്ട്. ഞങ്ങള്‍ രണ്ടാളും ദൃഢചിത്തരായിരുന്നു. അംബാല ജയിലില്‍ ഞങ്ങളുടെ കൂടെ കുറച്ചുനേരം ഗോപാലും വ്യാസും മദന്‍ലാല്‍ പഹ് വയും ഉണ്ടായിരുന്നു. എന്റെയും ആപ്തെയുടെയും മനസ്സ് സമാധാനപരവും ശാന്തവുമായിരുന്നു. ഞങ്ങള്‍ കൂട്ടുകാരോട് തമാശ പറയുകയും മറ്റു കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. രാജ്യത്തെക്കുറിച്ചും നേതാക്കളെക്കുറിച്ചും മേലുദ്യോഗസ്ഥരെക്കുറിച്ചും ഞങ്ങളെക്കുറിച്ചുമായിരുന്നു അവസാന നിമിഷവും ഞങ്ങള്‍ സംസാരിച്ചിരുന്നത്.
അംബാല ജയിലിലെ ഉദ്യോഗസ്ഥര്‍ വളരെ അലിവോടെയാണ് ഞങ്ങളോട് പെരുമാറിയത്. ഒരുമിച്ചിരുന്നു സംസാരിക്കുകയായിരുന്ന ഞങ്ങള്‍ക്ക് ജയിലുദ്യോഗസ്ഥര്‍ ചായയും കാപ്പിയും തന്നു. എനിക്ക് കാപ്പിയാണിഷ്ടം എന്നവര്‍ക്ക് അറിയാമായിരുന്നു. ജയില്‍ സൂപ്രണ്ട് അര്ജുന് ദാസ് ആണ് എനിക്ക് കാപ്പിയെടുത്തു തന്നത്. അദ്ദേഹത്തോടാണ് ഞാന്‍ അവസാനമായി പുഞ്ചിരിച്ചത്. മറുചിരി നല്കാന് അദ്ദേഹം പ്രയാസപ്പെടുന്നതായി തോന്നി. ഞങ്ങളുടെ തൂക്കിക്കൊല നടപ്പിലാക്കേണ്ടത് അര്ജുന് ദാസിന്റെ ചുമതലയായിരുന്നു. അതിന്റെ പിരിമുറുക്കം അദ്ദേഹത്തിനു കാണും. "മരണം ഉറപ്പുള്ള ഒരു മനുഷ്യനെ ഏതു ശത്രുവും സ്നേഹിക്കും." അദ്ദേഹം അടുപ്പം കാണിച്ചത് അതുകൊണ്ടൊന്നുമായിരുന്നില്ല. അത് പിന്നീടാണ് എനിക്ക് മനസ്സിലായത്. അദ്ദേഹം ഞങ്ങളോട് രാഷ്ട്രീയം സംസാരിക്കുമായിരുന്നു. ഗാന്ധിവധത്തിനു കാരണമായ കാര്യങ്ങളാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്.
പഞ്ചാബും ബംഗാളും വെട്ടിമുറിച്ച് പുതിയ രാജ്യം ഉണ്ടാക്കിയതില്‍ മറാത്തക്കാരായ നിങ്ങള്‍ക്ക് എന്തു കാര്യം? അര്ജുന് ദാസ് ചോദിച്ചിരുന്നു. ഞങ്ങള്‍ക്ക് എല്ലാറ്റിനും ഉത്തരമുണ്ടായിരുന്നു. ആയിരക്കണക്കിന് മൈല്‍ ദൂരെ സംഭവിച്ച കാര്യം ഞങ്ങളെ ഒട്ടും ബാധിക്കില്ലല്ലോ. എന്നിട്ടും എന്തിനാണ് ഞങ്ങള്‍ ഇങ്ങനെ ഒരു ഔദാര്യത്തിന് മുതിര്‍ന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. വിഭജനകാലത്തെ ചോര ചൊരിച്ചിലുകള്‍ക്ക് അര്ജുന് ദാസ് സാക്ഷിയായിരുന്നു. തെരുവില്‍ അനേകര്‍ മരിച്ചുവീഴുന്നത് അദ്ദേഹം കണ്ടതാണ്.
"നിങ്ങള്‍ ചെയ്തത് ത്യാഗമാണോ ബുദ്ധിമോശമാണോ എന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല", ഞാൻ കാപ്പി കുടിച്ചുകൊണ്ടു നില്ക്കുമ്പോള് അദ്ദേഹം പറഞ്ഞു. തൂക്കിക്കൊല്ലാന്‍ നിമിഷങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കൂട്ടുകാർ പിരിഞ്ഞു.
"നമുക്ക് പോകാന്‍ സമയമായി." അര്ജുന് ദാസിന്റെ കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല.
"ഞാന്‍ ഒരിക്കല്‍ പറഞ്ഞത് അങ്ങ് ഓര്‍ക്കുന്നുണ്ടാവുമല്ലോ. ഞാന്‍ തൂക്കുമരത്തെ ഭയപ്പെടുന്നില്ല. എന്നാല്‍, അതിനുമുമ്പ് എനിക്കൊരു കാപ്പി നല്‍കണം. ആ കാപ്പിയാണ് എന്റെ കൈയിലിരിക്കുന്നത്. ഈ കാരുണ്യത്തിന് ഞാന്‍ അങ്ങയോട് നന്ദി പറയുന്നു."
ഞാനിതു പറഞ്ഞപ്പോള്‍ അര്ജുന് ദാസിനു വിതുമ്പാന്‍ മുട്ടി. അയാള്‍ക്ക് യാതൊന്നും മിണ്ടാനായില്ല. ഈ സമയം അവിടേക്ക് ജയില്‍ ഡോക്ടര്‍ ചബ്ബയ്യ വന്നു. അദ്ദേഹത്തിന്റെ കൈയില്‍നിന്ന് ഞാന്‍ ഒരു പുസ്തകം വാങ്ങിയിരുന്നു. അത് മുഴുവനും വായിച്ചുതീര്‍ക്കാന്‍ സമയമെടുത്തു. "ഡോക്ടര്‍, അങ്ങയുടെ പുസ്തകം ഞാന്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ത്രിലോക് സിങ്ങിനെ ഏൽപിച്ചിട്ടുണ്ട്. കൈപ്പറ്റുമല്ലോ. അതില്‍ എന്റെ കൈയൊപ്പുണ്ട്."
എന്റെ അവസാനത്തെ കൈയൊപ്പായിരുന്നു അത്. ഡോക്ടര്‍ എന്നോട് ചിരിച്ചതേയില്ല. അദ്ദേഹം അര്ജുന് ദാസിനെ നോക്കി തല കുനിച്ചു. ആപ്തെയും ഉന്മേഷവാനായിരുന്നു. സ്വയം തിരഞ്ഞെടുത്ത മരണത്തിനു മുന്നില്‍ ആരെങ്കിലും കരഞ്ഞുനില്ക്കുമോ? ഇല്ല. ആപ്തെ ജയിലില്‍വെച്ചെഴുതിയ ഭരണ പുനര്നിർവഹണത്തിനുള്ള തീസിസിനെ കുറിച്ച് സൂപ്രണ്ടിനോട് ചോദിച്ചു. "തീസിസ് സര്‍ക്കാറിന് അയച്ചുകൊടുത്തിട്ടുണ്ട്, എന്നാല്‍ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല." സൂപ്രണ്ട് അര്ജുന് ദാസ് പറഞ്ഞു. ആപ്തെക്ക് അതിന്റെ വിധിയെക്കുറിച്ച് അറിയാമായിരുന്നെങ്കിലും പ്രതീക്ഷ കൈവിട്ടിരുന്നില്ല. ജയിലില്‍ ഞങ്ങള്‍ ഒട്ടും സമയം പാഴാക്കിയില്ല. വിഷമിച്ചിരുന്നു ജീവിതം തുലച്ചതുമില്ല. ഞങ്ങളുടെ വിധി ഞങ്ങളുടെ തിരഞ്ഞെടുപ്പാണ്. ജീവിക്കാന്‍ ആരുടെയും ഔദാര്യം ആവശ്യമില്ല. ദൃഢനിശ്ചയം മാത്രം മതി. ഞങ്ങള്‍ക്കത് നന്നായറിയാമായിരുന്നു.
ശിവറാം... ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? സീറ്റില്‍നിന്നും തെറ്റിപ്പോയ പേപ്പര്‍ ബാഗ് ശിവറാം ഗോദ്ര വീണ്ടും നേരെയാക്കിവെച്ചു. വാഹനപ്പെരുപ്പമുള്ള നഗരത്തില്‍ വണ്ടിയോടിക്കാന്‍ ശിവറാമിന് കലിയാണ്. ബ്രേക്കിട്ട് ബ്രേക്കിട്ട് ഡ്രൈവിന്റെ സകല ഹരവും നശിക്കും. വണ്ടി ട്രാഫിക് ജാമില്നിന്ന് മുക്തമായപ്പോള്‍ ശിവറാം ഗോദ്ര വീണ്ടും കാതോര്‍ത്തു...
ഞങ്ങളെ കഴുമരത്തിലേക്ക് കൊണ്ടുപോകാന്‍ നേരം അംബാല ജില്ലാ മജിസ്ട്രേറ്റ് നരോത്തം ഷഹ്ഗര്ഗ് ഹാജരായിരുന്നു. കൃത്യനിഷ്ഠക്കാരനായിരുന്നു അദ്ദേഹം. കണ്ണട ഊരിയാല്‍ വിതുമ്പുന്ന മുഖഭാവം. ഞാന്‍ പറഞ്ഞല്ലോ, ജയില്‍ ഉദ്യോഗസ്ഥര്‍ വളരെ കനിവോടെയാണ് ഞങ്ങളോട് പെരുമാറിയിരുന്നതെന്ന്. ഒരിക്കല്‍ മനോരമ സാല്‍വിക്ക് ആപ്തെ കത്ത് കൊടുത്തുവിട്ടിരുന്നു. അതിനെല്ലാം സഹായം ചെയ്തത് ജയില്‍ ഉദ്യോഗസ്ഥരാണ്." കൊലക്കയറിനു മുന്നില്‍ നില്‍ക്കുന്നവരെ കാണാന്‍ വിധിക്കപ്പെട്ടവരാണ് ഈ ഭൂമിയിലെ ഏറ്റവും ശപിക്കപ്പെട്ട മനുഷ്യര്‍." ഞങ്ങളെ അനുഗമിച്ചവരുടെ മുഖഭാവം അത് വിളിച്ചു പറയുന്നുണ്ടായിരുന്നു.
"നിങ്ങള്‍ക്ക് ഒട്ടും മരണഭയം തോന്നിയിരുന്നില്ലേ?"
ട്രാഫിക് സിഗ്നലില്‍ ചുവപ്പ് തെളിഞ്ഞപ്പോള്‍ ശിവറാം ഗോദ്ര ചോദിച്ചു.
"ഇല്ല, ഭയത്തെ മാത്രമേ നാം ഭയപ്പെടേണ്ടതുള്ളൂ. ഞങ്ങള്‍ അതെല്ലാം പരിശീലിച്ചിരുന്നു. ഈ ഭൂമിയിലെ ഏറ്റവും ആഹ്ലാദവാന്മാരായ മനുഷ്യരായിരുന്നു ഞങ്ങള്‍. മരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഞങ്ങള്‍ കൈയില്‍ കരുതിയത് എന്താണെന്ന് നിനക്കറിയാമോ?''
ഭഗവദ്ഗീതയുടെ കോപ്പികള്‍...
അവിഭക്ത ഭാരതത്തിന്റെ ഭൂപടം...
ഭഗവദ് പതാക!
മൂന്ന് കഴുമരങ്ങളാണ് അംബാല ജയിലില്‍ ഒരുക്കിയിരുന്നത്. നാരായണ്‍ ആപ്തെ മരിക്കുന്നതിനു മുമ്പുതന്നെ മനോരമ സാല്‍വിയുടെ വയറ്റില്‍ പുനര്‍ജനിച്ചിരുന്നു. ഗീതയുടെ പ്രതി കൈയില്‍ പിടിച്ചുനടക്കുമ്പോള്‍ അവന് ചരാചരങ്ങളുടെ ജീവിതപ്രസക്തി എന്നെക്കാള്‍ ബോധ്യമായി കാണണം. ഗീതക്കുള്ളില് അവന് തന്റെ പ്രണയലേഖനം അടക്കിവെച്ചിരുന്നു. സ്വാതന്ത്ര്യസമര പോരാളികള്‍ക്കും കാമുകന്മാര്ക്കും കഴുമരത്തിലും മരണമില്ലല്ലോ.
കഴുമരത്തിലേക്ക് നടക്കുമ്പോള്‍ ഞങ്ങളുടെ മുന്നിലും പിന്നിലും ഉദ്യോഗസ്ഥര്‍ അനുഗമിച്ചു. രക്തസാക്ഷികളോടുള്ള ബഹുമാനമാണവര്‍ക്ക് ഞങ്ങളോട് ഉണ്ടായിരുന്നത്. നഷ്ടപ്പെട്ട പ്രഭാതകിരണങ്ങള്‍ കണ്ടു ഞങ്ങൾ സന്തോഷിച്ചു. ഒരു മഴവില്ല് കണ്ടതായി ആപ്തെ പറയുകപോലും ചെയ്തു. നവംബര്‍ മാസമായിരുന്നുവല്ലോ. നല്ല തണുപ്പുണ്ടായിരുന്നു. പ്രഭാതവെയില്‍ കായാന്‍ ആഗ്രഹം തോന്നി. പേക്ഷ, അതിനൊന്നും നേരമുണ്ടായിരുന്നില്ല. മരണസമയം കുറിക്കപ്പെട്ടിരുന്നു. ഞങ്ങളുടെ കൈയിലുള്ള വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ തിരിച്ചുവാങ്ങി. ഉറച്ച കാല്‍വെപ്പോടെ ഞങ്ങള്‍ കഴുമരത്തിന്റെ പ്ലാറ്റ്ഫോമിലേക്ക് കയറി. മുഷ്ടി ചുരുട്ടിപ്പിടിച്ച് ആപ്തെയാണ് ആദ്യം മുദ്രാവാക്യം വിളിച്ചത്.
"അഖണ്ഡ ഭാരതമാതാ കീ ജയ്...''
ഞാനും ആവേശത്തോടെ ഏറ്റുവിളിച്ചു.
"വന്ദേ മാതരം..."
മുദ്രാവാക്യം ഉച്ചത്തിലായതോടെ ഞങ്ങളുടെ കൈകള്‍ പിറകിലേക്ക് ചേര്‍ത്തുകെട്ടി. ജീവിതത്തില്‍ ഞാന്‍ ആദ്യമായി നിസ്സഹായനായപോലെ തോന്നി. ആപ്തെ എന്നെ നോക്കി.
ഞങ്ങള്‍ ഇരുവരും ഒരിക്കല്‍കൂടി സർവശക്തിയുമെടുത്ത് മുദ്രാവാക്യം വിളിച്ചു. ആരോ ഞങ്ങളുടെ മുഖം കറുത്ത സഞ്ചികൊണ്ട് മൂടി. തൂക്കുകയര്‍ റെഡിയാക്കി. ആരാച്ചാര്‍ ഒരുങ്ങിനിന്നു. ഞങ്ങളുടെ കണ്ണില്‍ ഇരുട്ട് കയറി. സൂപ്രണ്ട് നിര്‍ദേശം നല്‍കുന്നത് കേട്ടു. കഴുത്തില്‍ കയര്‍ വീണു. കനത്ത നിശ്ശബ്ദത പരന്നു. ഒട്ടും ഭാരമില്ലാത്ത മനസ്സുമായാണ് ഞാന്‍ നിന്നത്. കാരണം, എന്റെ ഷൂസിന്റെ ഉള്ളില്‍ ഗാന്ധിയുടെ ചിത്രമുണ്ടായിരുന്നില്ല. ആരാച്ചാര്‍ ലിവര്‍ വലിച്ചു. പ്ലാറ്റ് ഫോം വഴിമാറി. ഞങ്ങള്‍ പിടഞ്ഞില്ല. മാന്യമായ മരണം.
ഞങ്ങള്‍ തൂക്കിലേറ്റപ്പെട്ടത് ലോകം അറിഞ്ഞു. ആദ്യം ജീവന്‍പോയത് ആപ്തെയുടേതാണ്. പിറകെ ഞാനും അവനൊപ്പം പോയി. മരിച്ചശേഷമാണ് ഞാന്‍ അറിഞ്ഞത്, ജീവിക്കാന്‍ അവനു വലിയ കൊതിയായിരുന്നു...
ശിവറാം ഗോദ്ര സ്റ്റിയറിങ്ങില്‍ മുറുകെ പിടിച്ചു. വണ്ടി നിയന്ത്രണം വിട്ടതായി അയാള്‍ ഒരു നിമിഷം ശങ്കിച്ചു. ബ്ലൂ ടൂത്ത് ഫോണ്‍ റിങ് ചെയ്തതാണ്.
"നീ എത്താറായില്ലേ, അതുല്‍ അനേജയും ഞാനും ഹോട്ടലിലുണ്ട്. റൂം നമ്പര്‍ 404.''
വിമല്‍ വന്സാെരയായിരുന്നു.
"അഞ്ചു മിനിറ്റില്‍ കൂടുതലെടുക്കില്ല" -ശിവറാം ഗോദ്ര ഫോണ്‍ കട്ട് ചെയ്തു.
ഗ്രാഫിറ്റി ചെയ്ത പഴയ കെട്ടിടങ്ങള്‍ നിരനിരയായുള്ള ഒരു വഴിയിലൂടെ ശിവറാം ഗോദ്ര ശ്രദ്ധാപൂർവം കാറോടിച്ചു. ബാന്ദ്രയിലെ എല്ലാ കുറുക്കുവഴികളും അയാള്‍ക്കറിയാം. ഈ നഗരം അയാള്‍ക്ക് അമ്മവീട് പോലെ ഇഷ്ടവും സുപരിചിതവുമാണ്. അയാളുടെ കിനാവിന്റെ പേര് കൂടിയാണ് ബാന്ദ്ര! പ്ലേഗ് മഹാമാരി വന്നപ്പോള്‍ അതിനെ ആട്ടിയോടിക്കാന്‍ വിശ്വാസികള്‍ നാട്ടിയ അനേകം കുരിശുകള്‍ ഇപ്പോഴും നഗരത്തിലുണ്ട്. സെന്‍ ആന്‍ഡ്രൂസ് ചര്‍ച്ചിന്റെ വളപ്പില്‍ പുനഃസ്ഥാപിച്ച 17 അടിയുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത അത്തരമൊരു വലിയ കുരിശുണ്ട്, സംസ്കാരത്തിന്റെ അധിനിവേശം. അത് ഈ മണ്ണിനു പറ്റിയതല്ല. തോക്കില്നിന്നാണോ തന്റെ മനസ്സില്നിന്നാണോ ഈ പിറുപിറുക്കല്‍ ഉണ്ടായതെന്ന് സംശയിച്ചുകൊണ്ട് ശിവറാം ഗോദ്ര കാര്‍ ഹോട്ടലിലേക്ക് കയറ്റി.
ഫിഷര്‍മാന്‍ വാര്‍ഫില്‍നിന്ന് ബേ ബ്രിഡ്ജിന്റെ അടുത്തേക്ക് നടക്കുമ്പോഴാണ് അലീസിയ ഗര്സക്ക് കരച്ചില് വന്നത്. പക്ഷേ അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും അവള്‍ക്ക് പിടികിട്ടിയില്ല. മണി മുഴക്കിക്കൊണ്ട് കടന്നുപോയ ട്രാം അവളുടെ ശ്രദ്ധ തെറ്റിച്ചില്ല. ബേ ഏരിയയിലെ കാറ്റ് അത്ര ശക്തമായിരുന്നില്ല. ബ്രിഡ്ജില്‍ പ്രകാശം പരന്നിരുന്നു. ഗര്‍സ നടപ്പാതയിലെ കാസ്റ്റ് അയേണ്‍ ബെഞ്ചില്‍, ജലപ്പരപ്പിലേക്ക് നോക്കിയിരുന്നു. ഓർമകള്‍ ഉറങ്ങുന്ന പ്രദേശം മനസ്സിലും പുറത്തും ഒരേസമയം കണ്ടുമുട്ടുമ്പോള്‍ ശരീരം നിയന്ത്രണാതീതമായിത്തീരും എന്ന് അലീസിയ ഗര്സക്ക് തോന്നി. പട്ടിയുമായി ഒരാള്‍ നടന്നുവരുന്നതു കണ്ട് അവള് കണ്ണ് തുടച്ചു. ഒരു വലിയ ബോട്ട് കടന്നുപോയതിന്റെ ഓളങ്ങള്‍ ശക്തിയായി പാലത്തിന്റെ തൂണുകളില്‍ ചെന്നിടിക്കുന്നത് അവള് നോക്കിയിരുന്നു. ഇരുന്നു മടുത്തപ്പോള്‍ ഒരു റൗണ്ട് കൂടി നടക്കാമെന്നു വെച്ചു. ഫയര്‍ ഫോക്സിന്റെ ഓഫിസിനു മുന്നിലെ സിഗ്നലില്‍ ബട്ടണമര്‍ത്തി അവള് റോഡ് മുറിച്ചുകടന്നു. ശിവറാം ഗോദ്ര താമസിച്ചിരുന്ന ഫ്ലാറ്റ് അങ്ങകലെ കാണാമായിരുന്നു. ഉയര്‍ന്ന നിലയിലെ ആ ഫ്ലാറ്റില്‍ വെളിച്ചമുണ്ട്. പുതിയ താമസക്കാര്‍ വന്നു കാണും! കുളിര്‍കാറ്റ് ശക്തമാകാന്‍ തുടങ്ങിയപ്പോള്‍ അവള് ജാക്കറ്റിലെ ഹുഡ്കൊണ്ട് തലമൂടി. പ്രശാന്തമായ രാത്രി നഗരം പൊടുന്നനെ നിശ്ശബ്ദമായി. കുറെക്കൂടി മുന്നോട്ട് നടന്നപ്പോള്‍ താനും വന്‍ കെട്ടിടങ്ങളും മാത്രമുള്ളതായി അലീസിയക്ക് അനുഭവപ്പെട്ടു.
മനസ്സില്ലാമനസ്സോടെ ശിവറാം ഗോദ്ര തനിക്കൊപ്പം ഗാന്ധിസ്മൃതിയില്‍ വന്നപ്പോള്‍ അയാള്‍ക്കിതിലൊന്നും താൽപര്യമില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് ചുറ്റിയടിച്ച് കാണുന്നതിനിടയില്‍ ഇനിയവിടെ സന്ദര്‍ശിക്കണോ എന്ന് ചോദിച്ചതാണ്. എങ്കില്‍ ഞാന്‍ ഒറ്റക്കു പോയിക്കൊള്ളാമെന്ന് പറഞ്ഞപ്പോഴാണ് കൂടെവന്നത്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി ഞങ്ങള്‍ മടങ്ങുമ്പോഴും ശിവറാമിന്റെ മുഖത്ത് പിരിമുറുക്കമുണ്ടായിരുന്നു.
"ഗാന്ധിയില്‍ നിനക്ക് വിശ്വാസമില്ലേ?"
ശിവറാം ഗോദ്ര അതിനുത്തരം കൊടുത്തില്ല. രാജ്ഘട്ടിലെ പുല്‍ത്തകിടിയിലൂടെ അവള്‍ക്ക് മുന്നിലായി നടന്നു. അത്രയും കാലം നിഴലുപോലെ നടന്നവന് ഒഴിഞ്ഞുമാറുന്നു. അലീസിയ ഗര്‍സ ധൃതിയില്‍ നടന്ന് അയാള്‍ക്കൊപ്പമെത്തി. അയാളുടെ പെരുമാറ്റം അവള്‍ക്ക് പിടിച്ചില്ല. ഇതുപോലുള്ള മൗനമാണ് അവര്‍ക്കിടയിലുള്ള പലതും ഇല്ലാതാക്കിയത്. ദേഷ്യം അടക്കാനാവാതെ ഗര്‍സ അയാളുടെ തോളില്‍ പിടിച്ചുനിര്‍ത്തി. ശിവറാം തല കുനിച്ചുനിന്നു.
"തല ഉയര്‍ത്തിപ്പിടിച്ച് എന്തെങ്കിലും പറയാനുള്ളപ്പോള്‍ മിണ്ടാതിരുന്നാല്‍, നിങ്ങളുടെ മൗനം മഹാനുണയാണെന്ന് എനിക്ക് കരുതേണ്ടിവരും."
ജനാലകളിലൂടെ പുറത്തേക്കു വന്നുകൊണ്ടിരുന്ന മഞ്ഞവെളിച്ചം, ഇരുട്ടില്‍ തലയുയര്ത്തിനില്ക്കുന്ന കെട്ടിടങ്ങളെ ലോകത്തിനു വെളിപ്പെടുത്തി. തണുത്ത കാറ്റിനു ശക്തി കൂടിയപ്പോള്‍ ജാക്കറ്റില്‍ കൈ തിരുകി അലീസിയ ഗര്‍സ വേഗം ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു.
"വ്യക്തികള്‍ക്കിടയില്‍ കനക്കുന്ന മൗനം അകല്‍ച്ചയുടെ ലക്ഷണമാണ്!"
ലിഫ്റ്റിന്റെ അടുത്തുതന്നെയായിരുന്നു 404ാം നമ്പര്‍ മുറി. ശിവറാം ഗോദ്ര അകത്തു കടന്നു. അതുല്‍ അനേജ അയാളെ കെട്ടിപ്പിടിച്ചുകൊണ്ട് വരവേറ്റു. മുറിയിലെ മഞ്ഞവെളിച്ചം അതേ നിറത്തിലുള്ള കര്‍ട്ടനിലും ചുമരിലും പ്രതിഫലിച്ചു. നല്ല മൂഡ് ഉണ്ടാക്കുന്ന വെളിച്ചവിതാനമായിരുന്നു മുറിയില്‍. ശിവറാം ഗോദ്ര കൈയിലുള്ള പേപ്പര്‍ ബാഗ് മേശമേല്‍ വെച്ചു. "നിങ്ങള്‍ വീണ്ടും നന്നായി തടിച്ചല്ലോ?" ശിവറാം പറഞ്ഞു. അനേജ കൈ കൂപ്പിക്കൊണ്ട് പുഞ്ചിരിച്ചു.
"കാര്യങ്ങള്‍ എല്ലാം ഞാന്‍ വിവരിച്ചിട്ടുണ്ട്." വിമല്‍ പറഞ്ഞു.
ശിവറാം ഗോദ്ര പേപ്പര്‍ ബാഗില്‍നിന്ന് തോക്കെടുത്ത് അനേജക്ക് നീട്ടി.
"9 MM ബെരേറ്റ.'' അയാള്‍ തുരുമ്പെടുത്തു തുടങ്ങിയ ആയുധം തിരിച്ചും മറിച്ചും നോക്കി. "ഗാന്ധിയെ അവസാനിപ്പിച്ച ആയുധമാണ്. കൂടുതല്‍ തലോടണ്ട", ശിവറാം പറഞ്ഞു.
"ഇത് തൊണ്ടിമുതല്‍ അല്ലേ, എങ്ങനെ സംഘടിപ്പിച്ചു?"
"സര്‍ക്കാര്‍ നമ്മുടേതല്ലേ'', ശിവറാം ഗോദ്ര ചിരിച്ചു. "നാഷനല്‍ ഗാന്ധി മ്യൂസിയത്തില്‍ മുമ്പ് ഇത് പൊതുജനങ്ങള്‍ക്ക് കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട് നെഗറ്റിവ് ഇംപാക്റ്റ് ഉണ്ടാക്കുമെന്ന് പറഞ്ഞ് ലോക്കറില്‍ കയറ്റി", വിമല്‍ വന്‍സാെര പറഞ്ഞു.
"ഞങ്ങള്‍ അത് ലോക്കറടക്കം പൊക്കി."
ശിവറാം ഗോദ്ര കട്ടിലില്‍ ഇരുന്നുകൊണ്ട് പറഞ്ഞു.
"ആള്ക്കാര് അറിഞ്ഞാല്‍ പ്രശ്നമുണ്ടാവില്ലേ?" -അതുല്‍ ചോദിച്ചു.
"ആവട്ടെ, get into the problem, then the problem will get out of u എന്ന് കേട്ടിട്ടില്ലേ. so don't worry." ശിവറാം ഗോദ്ര ആവേശഭരിതനായി.
"നമുക്ക് റീലോഡ് ചെയ്യണം", വിമല്‍ പറഞ്ഞു.
"പഴയ മെക്കാനിസത്തിലുള്ള ഓട്ടോമാറ്റിക് പിസ്റ്റള്‍ ആണിത്. ഞാന്‍ വിശദമായി പരിശോധിച്ചിട്ട് പറയാം. ഫയറിങ് മെക്കാനിസം ഓക്കെയാണെങ്കില്‍ നമുക്ക് ഉണ്ട നിറച്ച് പൊട്ടിച്ചു നോക്കാം. പക്ഷേ, ഈ പഴഞ്ചന്‍ തോക്ക് എന്തിനാണ് നന്നാക്കിയെടുക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല."
"വൈകാരികത ഇളക്കിവിട്ടിട്ടാണ് നമ്മള് അധികാരം പിടിക്കാറുള്ളത്. ആ പ്രവൃത്തിക്ക് ആക്കംകൂട്ടാനുള്ള ഒരു മാർഗമായി ഇതിനെ കണ്ടാല്‍ മതി."
"ശരി, ഒരാഴ്ചത്തെ സമയം വേണം. പുത്തന്‍ തോക്കുപോലെ ഞാനിതു തിരിച്ചുതരാം."
"Thank you Man!"
"അല്ല, ഞാന്‍ കൗതുകംകൊണ്ട് ചോദിക്കുകയാണ്, തോക്ക് കൂടാതെ വേറെ എന്തെല്ലാം പൊക്കിയിട്ടുണ്ട്?"
ശിവറാം പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ''ഗാന്ധിവധവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിനു രേഖകള്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നതിനുശേഷം നശിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഇന്ത്യ കോണ്‍ഗ്രസിന്റെ ചരിത്രമാണ്. നമ്മള് ഭരിക്കുമ്പോള്‍ ഭാരതം നമ്മുടെ ചരിത്രമാണ്."
"ഗോഡ്സെജിയെ തൂക്കിക്കൊന്നശേഷം മൃതശരീരം ജയില്‍വളപ്പില്‍ ദഹിപ്പിക്കാതെ വിട്ടുകൊടുത്തിരുന്നെങ്കില് ചരിത്രം മറ്റൊന്നായേനെ", വിമല്‍ വന്‍സാെര പറഞ്ഞു.
"അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ പട്ടേലിന്റെ പ്രതിമ നിർമിക്കേണ്ടിവരില്ലായിരുന്നു!"
സംസാരം നീട്ടിക്കൊണ്ടുപോകാന്‍ അതുല്‍ അനേജ ആഗ്രഹിച്ചില്ല. അയാള്‍ തോക്കെടുത്ത് ബാഗില്‍വെച്ചു. ഇരുവരും അയാളെ പുല്കി.
അതുല്‍ അനേജ മുറിയില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ ശിവറാം ഗോദ്രക്ക് പ്രകൃതി ഠാക്കൂറിന്റെ ഫോണ്‍ വന്നു.
"സംഗതി നടക്കുമോ?"
''ഡാം ഷുവര്‍!"