9MM ബെരേറ്റ -നോവൽ 28
വിഭജനത്തിന്‍റെ മുറിവുകള്‍ ഒരു മരണവീടാണ് മദന്‍ലാല്‍ പഹ്‌വ. വീട് അയാളെ ആഗ്രഹിച്ചപ്പോള്‍ അയാള്‍ വീടുപേക്ഷിക്കുകയും അയാള്‍ വീട് ആഗ്രഹിച്ചപ്പോള്‍ കുടുംബം അയാളെ ഉപേക്ഷിക്കുകയും ചെയ്തതാണ്. ഇരുപത് വയസ്സേ ആയിട്ടുള്ളൂ, മീശ കിളിര്‍ത്തു വരുന്നേയുള്ളൂ. ഇതിനിടയില്‍ അവന് എന്തെല്ലാമാണ് അനുഭവിക്കേണ്ടിവന്നത്. പിളര്‍പ്പുകള്‍ അവന്‍റെ കൂട പിറപ്പാണ്.ലോകത്തിന്‍റെ ശാപം വീണ ഒരു സായാഹ്നത്തില്‍ കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ പോലും അവന് വേദന തോന്നിയിട്ടില്ല. തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴും അവന്‍ അധീരനായില്ല. വിഭജനത്തിന്റെ മുറിവുകള്‍ മറ്റെല്ലാ വേദനകളെയും ശമിപ്പിക്കാനുള്ള മരുന്ന്...
Your Subscription Supports Independent Journalism
View Plansവിഭജനത്തിന്‍റെ മുറിവുകള്‍
ഒരു മരണവീടാണ് മദന്‍ലാല്‍ പഹ്‌വ. വീട് അയാളെ ആഗ്രഹിച്ചപ്പോള്‍ അയാള്‍ വീടുപേക്ഷിക്കുകയും അയാള്‍ വീട് ആഗ്രഹിച്ചപ്പോള്‍ കുടുംബം അയാളെ ഉപേക്ഷിക്കുകയും ചെയ്തതാണ്. ഇരുപത് വയസ്സേ ആയിട്ടുള്ളൂ, മീശ കിളിര്‍ത്തു വരുന്നേയുള്ളൂ. ഇതിനിടയില്‍ അവന് എന്തെല്ലാമാണ് അനുഭവിക്കേണ്ടിവന്നത്. പിളര്‍പ്പുകള്‍ അവന്‍റെ കൂട പിറപ്പാണ്.
ലോകത്തിന്‍റെ ശാപം വീണ ഒരു സായാഹ്നത്തില്‍ കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ പോലും അവന് വേദന തോന്നിയിട്ടില്ല. തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴും അവന്‍ അധീരനായില്ല. വിഭജനത്തിന്റെ മുറിവുകള്‍ മറ്റെല്ലാ വേദനകളെയും ശമിപ്പിക്കാനുള്ള മരുന്ന് മദന്‍ലാലിന് നല്‍കിയിരുന്നു.
''എന്താടാ നിന്റെ പേര്?''
ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അവനെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി.
അവന്‍ പണ്ട് സംഘത്തില്‍നിന്ന് പഠിച്ച അച്ചടക്കത്തിന്റെ പാഠങ്ങള്‍ ഓര്‍ത്തു. നിയമംപാലിക്കേണ്ടത് എങ്ങനെയെന്ന് അവന് നന്നായി അറിയാമായിരുന്നു.
അവന്‍റെ ധീരമായ മൗനത്തിനു മുന്നില്‍ മറ്റ് പൊലീസുകാര്‍ ചൂളിപ്പോയി. ഓഫീസര്‍ക്ക് കലിയിളകി. അയാള്‍ അവന്‍റെ വയറ്റിന് ലാത്തികൊണ്ട് ആഞ്ഞു കുത്തി.
അവന് ഛർദിക്കാന്‍ വരുന്നപോലെ തോന്നി. വയറ് ഇരു കൈകള്‍കൊണ്ടും പൊത്തിപിടിച്ചപ്പോഴേക്കും വാരിക്ക് മറ്റൊരു കുത്ത് കിട്ടി.
''നിന്റെ പേര് നിന്റെ അച്ഛന്‍ വന്നു പറയുമോടാ'', അസിസ്റ്റന്റ് ഇൻസ്‌പെക്ടർ അലറി.
ശാഖയിൽ ചേർന്നതിന്റെ പേരിൽ വർഷങ്ങൾക്ക് മുമ്പ് അച്ഛൻ വഴക്കടിച്ചതും തല്ലിയതും അവനപ്പോൾ ഓർത്തു. ആ വേദനയിൽ പുളഞ്ഞു.
വാരിക്ക് വീണ്ടും കുത്തു കിട്ടിയപ്പോൾ അവൻ ഇരുന്നുപോയി. ദയനീയമായ ഒരു ശബ്ദം പുറത്തു വന്നു.
''വെള്ളം...''
ഒരു പൊലീസുകാരൻ മൺപാത്രത്തിൽ അവനു വെള്ളം കുടിക്കാൻ കൊടുത്തു. ഒരു കൈകൊണ്ട് വയർ പൊത്തി പിടിച്ചുകൊണ്ട് അവൻ വെള്ളം കുടിച്ചു.
''നിന്റെ പേര് എന്താണ്?''
പ്രായം ചെന്ന ആ പൊലീസുകാരൻ മൺപാത്രം തിരിച്ചുവാങ്ങുന്നതിനിടയിൽ ചോദിച്ചു.
ഉയർന്ന പൊലീസ് ഓഫീസർ ലാത്തിയുമായി വീണ്ടും അടുത്തേക്ക് വന്നു.
''ഞാൻ പഞ്ചാബിൽനിന്നുള്ള അഭയാർഥിയാണ്.''
അവൻ തല ഉയർത്തിക്കൊണ്ട് പറഞ്ഞു.
''നാവു പിഴുതെടുത്താലേ നീ പേര് പറയൂ എന്നുണ്ടോ?'' പൊലീസ് ഓഫീസർ അവന്‍റെ കാൽപാദം ബൂട്ടിട്ട് ചവിട്ടി.
''മദൻലാൽ കാശ്മീരി ലാൽ പഹ്‌വ.'' അവന്‍റെ അടിയുടുപ്പു നനഞ്ഞു. പൊലീസ് ഓഫീസർ അവന്‍റെ ചെകിടത്തു ആഞ്ഞടിച്ചു.
''ഒരു അഭയാർഥിയുടെ പകയാണെന്നാണ് തോന്നുന്നത്.''
എഫ്.ഐ.ആർ തയാറാക്കാൻ കീഴുദ്യോഗസ്ഥനോട് പറയുന്നതിനിടയിൽ ഉയർന്ന പൊലീസ് ഓഫീസർ പറഞ്ഞു.
''അവർ ഇനിയും വരും!''
മദൻലാൽ ഭ്രാന്തനെപോലെ പുലമ്പി.
പൊലീസ് സ്റ്റേഷനിലെ ആണിതുള വീണ ചുമരുകളിൽ അവശരായ ഉറുമ്പുകൾ എങ്ങോട്ടോ പലായനംചെയ്യുന്നുണ്ടായിരുന്നു. ഇത് കേട്ടിട്ടാണോ എന്തോ ഉറുമ്പുകളുടെ വരി ഉടഞ്ഞു. പൊലീസുകാർ അവനെ ഒരു ബെഞ്ചിൽ കിടത്തി.
''അപ്പോൾ നീ ഒറ്റക്കല്ല'', പൊലീസ് ഓഫീസർ കഴുത്തു ഉഴിഞ്ഞ ശേഷം കൈവിരൽ ഞൊടിച്ചു.
മിന്നൽവേഗത്തിൽ അയാൾ അവന്‍റെ കഴുത്തു ഞെക്കിപ്പിടിച്ചു.
''പറയടാ നായെ...''
വർഷങ്ങൾക്ക് മുമ്പ് അമ്മ മരിച്ചപ്പോൾ കരഞ്ഞതുപോലെ അവന്‍റെ കണ്ണ് കലങ്ങി. നേർത്ത കരച്ചിൽ പുറത്തു വന്നു. കഴുത്തിൽ പിടി മുറുകി തുടങ്ങിയപ്പോൾ അവൻ ഒരേ ഉത്തരം ആവർത്തിച്ചു.
''അവർ ഇനിയും വരും!''
''ഇവനെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് ഞാൻ പ്രത്യേകം പറഞ്ഞുതരേണ്ടതില്ലല്ലോ. തത്ത പറയുന്നതുപോലെ എല്ലാം പറയിപ്പിക്ക്.'' ഉയർന്ന പൊലീസ് ഓഫീസർ ഫോൺ ചെയ്യാനായി അടുത്ത മുറിയിലേക്ക് നടന്നു. വധശ്രമത്തിന് പിന്നിൽ ഗൂഢസംഘം ഉണ്ടെന്നു അയാൾക്ക് മനസ്സിലായി.
''ഇത് ഒരു അഭയാർഥിയുടെ മാത്രം പക പോക്കലല്ല.''
അയാള്‍ തൊപ്പി മുറുക്കിക്കൊണ്ട് പൊലീസ് ഭാഷയില്‍ കീഴുദ്യോഗസ്ഥര്‍ക്ക് എന്തോ സൂചന നല്‍കി ഫോണ്‍ ഡയല്‍ ചെയ്യാന്‍ തുടങ്ങി. ഇതെല്ലാം വീക്ഷിച്ചുകൊണ്ട് പതിനഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പ്രതി, അവന്‍റെ തന്നെ നിഴലിനെ നോക്കി മൂത്രം മണക്കുന്ന സ്റ്റേഷന്റെ മൂലയില്‍ കൂനിക്കൂടി ഇരിപ്പുണ്ടായിരുന്നു.
മാലിക് ഹസന്‍ ഹക്.
വെള്ളം നൽകിയ പൊലീസുകാരൻ മദന്‍ ലാലിന്‍റെ നെഞ്ചിൽ ലാത്തികൊണ്ട് കുത്തിയപ്പോൾ രണ്ടാനമ്മയുടെ കുത്തുവാക്കുകൾ അവന്റെ ഉള്ളിൽ കയ്ച്ചു.
''നിന്റെ കൂടെ ആരൊക്കെയുണ്ട് പറയടാ പന്നിടെ മോനെ.''
കബഡി കബഡി കബഡി കബഡി...
അവൻ ചെറുപ്പത്തിൽ കബഡി കളിച്ച നിലം ഇപ്പോൾ മറ്റൊരു രാജ്യമാണ്. 'പാക് പത്തന്‍' എന്ന മനോഹരമായ ഗ്രാമം അവിടത്തെ ഓർമകൾ അവനെ കൂടുതൽ നിശ്ശബ്ദനായിരിക്കാൻ ധീരത നൽകി. അയാൾക്കിനി അധിക ദിനമില്ല. ഞാനില്ലെങ്കിലും അവർ അയാളെ കൊല്ലും. അവൻ അവ്യക്തമായി പിറുപിറുത്തപ്പോൾ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർക്കു ദേഷ്യം വന്നു. അയാൾ അവന്‍റെ കഴുത്തിനു പിടിച്ചു എഴുന്നേൽപ്പിച്ചു. മറ്റു രണ്ടു പൊലീസുകാർ അവനെ ചുമരിൽ ചാരി നിർത്തി. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഒരു ഫുട്ബോൾ മാന്ത്രികനെപോലെ കാലുയർത്തി. നാഭിക്ക് ചവിട്ടുകിട്ടിയപ്പോൾ ഒരു പ്രാണ വേദന നട്ടെല്ല് വഴി അവന്‍റെ തലച്ചോറിലേക്ക് കയറി. മദൻലാൽ മനസ്സിൽ ആ പൊലീസ് സ്റ്റേഷന്റെ വിശാലമായ മുറിയിൽ ഒരു വര വരച്ചു.
കബഡി കബഡി കബഡി കബഡി...
തന്‍റെ അപ്പുറത്തു നിൽക്കുന്നവർ രാജ്യ ദ്രോഹികളാണ്, മുഹമ്മദീയരാണ്, ക്രിസ്ത്യാനികളാണ്, കമ്യൂണിസ്റ്റുകളാണ്. പണ്ട് സംഘടന പഠിപ്പിച്ചത് അയവിറക്കിയപ്പോൾ അവനു കുറെക്കൂടി ധൈര്യം വന്നു, ആവേശം വന്നു. കാർക്കറെ സേട്ടിന്റെ പേര് പറയില്ല, ആരുടേയും പേര് പറയില്ല. മദൻലാൽ ഉറപ്പിച്ചു. പലായനകാലത്ത് ഇതിനെക്കാൾ വലിയ അതിക്രമം കണ്ടവനാണ്. ലാത്തിയോ തോക്കോ അവനെ ഭയപ്പെടുത്തിയില്ല. അവൻ ചുമരിൽ തലയിടിച്ചു സ്വയം വേദനിപ്പിച്ചു ഭ്രാന്തനെ പോലെ ചിരിച്ചു. പൊലീസുകാർ പകച്ചു പോയി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചുവന്നു അലറി.
''ബെഞ്ചിൽ കിടത്തി നന്നായൊന്ന് തലോടി വിട്ടേക്ക്, അതോടെ അവന്‍റെ ചിരി നിലക്കും.''
വിയർപ്പു മണക്കുന്ന മരബെഞ്ചിൽ പൊലീസുകാർ അവനെ ബലം പ്രയോഗിച്ചു കിടത്തി. ചപ്പാത്തി പരത്തുന്നപോലെ മുഴുത്ത ലാത്തി മദൻലാലിന്റെ ശരീരത്തിലൂടെ ഉരുണ്ടു. അവന്‍റെ ദേഹം വിയർത്തു. രോമകൂപങ്ങളിൽ ചോര പൊടിഞ്ഞു. മദൻലാൽ കണ്ണടച്ചുകൊണ്ട് പലായനം അയവിറക്കി.
ചെമ്മൺ പാതയിലൂടെ കാളവണ്ടികൾ നിരനിരയായി നീങ്ങുകയാണ്. അഞ്ചാറു പേരടങ്ങുന്ന സംഘമായിട്ടായിരുന്നു യാത്ര. പഞ്ചാബ് പ്രവിശ്യയിൽനിന്നുള്ള അഭയാർഥികളിൽ മദൻലാലും അവന്‍റെ ബന്ധുക്കളും ഉണ്ടായിരുന്നു. പകുതി ദൂരം പിന്നിട്ടപ്പോഴാണ് അത് സംഭവിച്ചത്. ആയുധങ്ങളുമായി ആരവങ്ങള്‍ അടുത്തേക്ക് വരുന്നു. കുറെ മുഹമ്മദീയരായ ആക്രമികൾ! അവര്‍ കാളവണ്ടിയില്‍നിന്ന് കുട്ടികളെയും സ്ത്രീകളെയും വലിച്ചു താഴെയിട്ടു. ആണുങ്ങളെ തല്ലി തല പൊളിച്ചു. കൂട്ട നിലവിളികൾക്കിടയിൽ സ്ത്രീകളെ ബലാത്സംഗം ചെയ്തു. കൂട്ടാക്കാതെ എതിർത്തുനിന്ന സ്ത്രീകളുടെ മുല അറുത്തു. കുട്ടികളെ കഴുത്തു ഞെരിച്ചു കൊന്നു. എന്ത് ചെയ്യണമെന്നറിയാതെ മദൻലാൽ നിന്നു. അവന്‍റെ ബന്ധുക്കളിൽ ചെറിയമ്മ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. ബാക്കി എല്ലാവരും കത്തിക്കിരയായി. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുപോലും തടുക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു മദൻലാൽ. ഉണക്കകമ്പ് പോലെ നിര്‍ജീവം. ഒരു കൂട്ടക്കൊല അവൻ പ്രതീക്ഷിച്ചിരുന്നില്ല. പുതിയ രാജ്യത്തിന്റെ ജയ് വിളികൾ വകവെക്കാതെ മദൻലാൽ അഭയം തേടി ഓടി. ജീവിതത്തിലേക്കുള്ള ഒാട്ടമായിരുന്നില്ല അത്. തന്‍റെ വിശ്വാസത്തിലേക്കുള്ള ഉറച്ച കാല്‍വെപ്പായിരുന്നു. ആ നരനായാട്ടു കണ്ടു അറപ്പു തീർന്ന ഇരുപതുകാരനോടാണ് പൊലീസുകാർ ലാത്തികൊണ്ട് ചോദ്യം ചെയ്യുന്നത്. ''കൈയ്പു നിറഞ്ഞ ഓർമകൾ പകയായി പരിണമിക്കുമ്പോഴാണ് ഒരാൾ തീവ്രവാദിയായി തീരുന്നത്.'' വിയർത്തു പോയ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഒരു മൂലയിൽ ചെന്നിരുന്ന് മനസ്സിൽ കിതച്ചു. ''പക്ഷേ ഇവൻ ചെകുത്താനാണ്!''
ദിഗംബർ ബാഡ്ജെ
ശങ്കർ കിസ്തയ്യ
ഗോപാൽ ഗോഡ്‌സെ
വിനായക് ഗോഡ്‌സെ
നാരായൺ ആപ്‌തെ
അവന്‍റെ മനസ്സിലൂടെ ഗൂഢസംഘത്തിന്റെ മുഖങ്ങൾ കടന്നുപോയി. വേദന കടിച്ചമർത്തികൊണ്ട് അവൻ വീണ്ടും താക്കീതുപോലെ പറഞ്ഞു. ''അവർ വീണ്ടും വരും.''
അസിസ്റ്റന്റ് ഇൻസ്പെക്ടർക്കു കലിയിളകി. നിയന്ത്രണം നഷ്ടപ്പെട്ട അയാൾ ബെഞ്ചിന്‍റെ ഒരറ്റം പിടിച്ചുയർത്തി. മദൻലാൽ നിലത്തുവീണു പുളഞ്ഞു. അയാൾ അവന്‍റെ വാരിക്കിട്ടു ചവിട്ടാൻ തുടങ്ങി. മറ്റു പൊലീസുകാരും അവനെ തലങ്ങും വിലങ്ങും കാലുകൊണ്ട് തൊഴിച്ചു. ''മതി, നിർത്തൂ, കൊല്ലണ്ടാ...'' ഉയർന്ന പൊലീസ് ഓഫീസർ പറഞ്ഞു. മദൻലാൽ ഒന്ന് ഞെരുങ്ങുക മാത്രം ചെയ്തു. രണ്ടു പൊലീസുകാർ അവനെ ചുമരിനോട് ചാരി നിര്‍ത്തി. അന്നേരം അവന്‍റെ ശരീരം അവന്‍റെ നിഴലിനെക്കാള്‍ ദുര്‍ബലമായിരുന്നു.
''ഈ രാജ്യത്തിന്റെ പ്രാണനെയാണ് നീ ഇല്ലാതാക്കാൻ നോക്കിയത്. പറ, ആരാണ് നിനക്ക് പിന്നിലുള്ളത്? ആരാണ് നിനക്ക് നാടൻ ബോംബ് നൽകിയത്? ഗ്രെനേഡ് എവിടുന്നു കിട്ടി? പൊലീസുകാർ മാറി മാറി അവനോടു പലതും ചോദിച്ചു. അവന്‍ ഏറെ നേരം മറുപടി പറയാതെ പിടിച്ചുനിന്നു. പിന്നെ ബോധംകെട്ടു വീണു.
കാർക്കറെയുടെ കൈകളാണ് മദൻലാലിനെ താങ്ങിയത്. ബോംബെയിലെ ചെമ്പൂരിലുള്ള അഭയാർഥി ക്യാമ്പിൽെവച്ചായിരുന്നു സംഭവം. നാളുകളായി നല്ല ഭക്ഷണവും നല്ല ഉറക്കവും നഷ്ടപ്പെട്ടതിനാൽ തല കറങ്ങി വീണതാണ്. അഹമ്മദ് നഗറിൽ ചെറിയ ഹോട്ടൽ നടത്തിയിരുന്ന കാർക്കറെ ചെമ്പൂരിൽ എത്തിയത് പതിവ് സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു. അയാൾ അഹമ്മദ് നഗറിൽ ഹിന്ദു അഭയാർഥികൾക്ക് അഭയവും സൗജന്യമായി ഭക്ഷണവും നൽകുന്നുണ്ടായിരുന്നു. അതിർത്തി കടന്നുവരുന്ന ഹിന്ദുവിന്റെ മുറിവുകൾ അയാൾ തനിക്കു ആവുന്ന വിധം ഉണക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അഹമ്മദ് നഗറിൽ നല്ലനിലയിൽ കഴിഞ്ഞിരുന്ന മുഹമ്മദീയരെ തുരത്താൻ പക നിറഞ്ഞ കാർക്കറെയുടെ മനസ്സിൽ പല പദ്ധതികളും ഉണ്ടായിരുന്നു. നാടൻ ബോംബുകൾ സംഘടിപ്പിച്ച് അഭയാർഥികളെകൊണ്ട് തന്നെ അഹമ്മദ് നഗറിലെ മുഹമ്മദീയരെ വക വരുത്തുക എന്നതായിരുന്നു ഒരു ലക്ഷ്യം. അവരൊഴിഞ്ഞുപോകുന്ന വീടുകൾ, കടകൾ അഭയാർഥികൾക്ക് താമസിക്കാനും കച്ചവടം ചെയ്യാനും നൽകും. ഇങ്ങനെയുള്ള പ്രവർത്തനത്തിനായി കാർക്കറെക്ക് ഗ്രെനേഡുകൾ ധാരാളമായി ആവശ്യമായിരുന്നു. പക്ഷേ ബാഡ്ജെ ഒരു ഗ്രെനേഡിനു ഇരുനൂറു രൂപ ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ ആപ്തെയോട് ഇതിനേക്കാൾ വിലക്കുറവിൽ ചെമ്പൂരിലെ ഫാക്ടറികളിൽനിന്നും ഗ്രെനേഡുകൾ സംഘടിപ്പിക്കാൻ പറ്റുമെന്ന് കാർക്കറെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അങ്ങനെയാണ് അയാൾ ചെമ്പൂരിലെത്തിയത്.
കാർക്കറെ മദൻലാലിനെ മടിയിൽ കിടത്തി. ഇത്രയും സുന്ദരനായ ഒരു അഭയാർഥിയെ അയാൾ ആദ്യമായാണ് കാണുന്നത്.
''കുറച്ചു വെള്ളം തരൂ...'' കാർക്കറെ ക്യാമ്പിലെ ഒരു വളണ്ടിയറോട് പറഞ്ഞു. അയാൾ മദന്‍ലാലിന്റെ മുഖത്ത് വെള്ളം തളിച്ചു. കുറച്ചു വെള്ളം കുടിക്കാൻ കൊടുത്തു. മദൻലാൽ മിഴിച്ചുനോക്കിയപ്പോൾ കാർക്കറെ അവനോടു സ്നേഹപൂർവം ചോദിച്ചു:
''നിന്റെ പേരെന്താണ്?''
''മദൻലാൽ, മുഴുവൻ പേര് മദൻലാൽ കാശ്മീരിലാൽ പഹ്‌വ.''
കാർക്കറെക്കു ഒറ്റനോട്ടത്തിൽ തന്നെ അവനെ ഇഷ്ടമായിരുന്നു. അവനെ അഹമ്മദ് നഗറിലേക്ക് കൂട്ടിക്കൊണ്ട് പോകണമെന്ന് അയാൾ മനസ്സിൽ കരുതുകയും ചെയ്തു. മദൻലാൽ എഴുന്നേറ്റിരുന്നു കൈകൾകൊണ്ട് മുഖം തുടച്ചപ്പോഴാണ് കാർക്കറെ അവന്‍റെ ചൂണ്ടുവിരൽ ശ്രദ്ധിച്ചത്. ആ വിരൽ പകുതിയിലധികം അറ്റുപോയിരിക്കുന്നു.
''നിന്റെ വിരലിനെന്തു പറ്റി?''
ഒരു ചെറു മന്ദഹാസത്തോടെ വിഷ്ണു കാർക്കറെ ചോദിച്ചു.
''നിനക്ക് സുഖമാണോ? നീ ഭക്ഷണം കഴിച്ചോ? നിന്റെ വിരലിനെന്തു പറ്റി? എന്താ വല്ലാതിരിക്കുന്നത്?'' അമ്മ മരിച്ചതിൽ പിന്നെ ആരുംതന്നെ ഇങ്ങനെ ഹൃദയത്തിൽ തട്ടി അവനോടൊന്നും ചോദിച്ചിട്ടില്ല. മദൻലാലിനു കാർക്കറെയോട് വല്ലാത്ത സ്നേഹം തോന്നി. അവൻ ആ കഥ പറഞ്ഞു. ചെമ്പൂരിലെ ഒരു പടക്കനിർമാണ ശാലയിലാണ് സേട്ട് എനിക്കപ്പോൾ ജോലി. അവിടെ പടക്കം മാത്രമല്ല നിർമിക്കുന്നത്, അനധികൃതമായി മറ്റേതും നിർമിക്കുന്നുണ്ട്. ഗ്രെനേഡുകൾ. ഒരുദിവസം ഞാൻ ഗ്രെനേഡ് നിർമിക്കുന്നതിനിടയിൽ കൈ മെഷീന്റെ പൽച്ചക്രത്തിൽ കുടുങ്ങി. അടുത്തുണ്ടായിരുന്ന ഒരാൾ വേഗം മെഷീൻ ഓഫ് ആക്കി. ആദ്യമൊന്നു പിടഞ്ഞെങ്കിലും പിന്നെ വേദന തോന്നിയില്ല. ഒരു തരം മരവിപ്പായിരുന്നു. ചോര പോയിക്കൊണ്ടിരുന്നു. ചോര ഞാൻ കുറെ കണ്ടതാണെങ്കിലും ഡോക്ടറെ വിളിക്കാതെ പറ്റില്ലല്ലോ. പക്ഷേ കമ്പനി മുതലാളി അതിനു സമ്മതിച്ചില്ല. ഡോക്ടർ വന്നാൽ ലൈസൻസ് ഇല്ലാതെ നിർമിക്കുന്ന ഗ്രെനേഡുകൾ കാണും. പൊലീസ് അറിയും. ഓഫ് ചെയ്ത തൊഴിലാളിയോടു തന്നെ മെഷീന്‍ പ്രവർത്തിപ്പിക്കാൻ മുതലാളി കൽപ്പിച്ചു. അയാൾ എന്റെ കൈ മുറുകെ പിടിച്ചുെവച്ചു. െമഷീൻ ഓൺ ആയി. ചതഞ്ഞ എന്റെ വിരൽ അറ്റു വീണു. പിന്നെ എനിക്കൊന്നും ഓർമയില്ല.''
കാർക്കറെ അവനെ കെട്ടിപ്പിടിച്ചു. ഇരുവരുടെയും ഹൃദയമിടിപ്പ് പറഞ്ഞു: ''നീ എന്റെ കൂടപ്പിറപ്പാണ്.''
പൊലീസ് സ്റ്റേഷനിലെ ഫോൺ നിരന്തരം മുഴങ്ങിക്കൊണ്ടിരുന്നു. കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥന്മാർ പൊലീസ് സ്റ്റേഷനിലേക്ക് വന്നു.
''സർ മൂന്നാംമുറ പ്രയോഗിക്കേണ്ടിവരും'', അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഉയർന്ന പൊലീസ് ഓഫീസറോട് പറഞ്ഞു.
''ആദ്യം കുറച്ചു ചൂടുവെള്ളം കുടിക്കാൻ കൊടുക്ക്'', അയാൾ പറഞ്ഞു.
മദൻലാലിനെ ഒരു പൊലീസുകാരൻ എഴുന്നേൽപ്പിച്ചു ഇരുത്തി.
''എല്ലാം വേഗം തുറന്നു പറയുന്നതാണ് നല്ലത്, അല്ലെങ്കിൽ ഏമാന്മാർ നിന്നെ ഉരുട്ടി കൊല്ലും.''
മദൻലാൽ ചൂടുവെള്ളം ഒരു കവിൾ ഇറക്കി. അടുത്ത കവിളും ഇറക്കി. ''കാർക്കറെ സേട്ടിന്റെ പേര് പറയുന്നതെങ്ങനെ, ഹിന്ദു മഹാസഭയുടെ പേര് പറയുന്നതെങ്ങനെ...'' അവൻ തല കുമ്പിട്ടിരുന്നു സ്വന്തം നാവ് ആരും കാണാതെ കടിച്ചു പൊട്ടിച്ചു. വേദന ആനന്ദമായ നിമിഷം. അവൻ ചോര തുപ്പാൻ തുടങ്ങി.
''സാബ്'', പൊലീസുകാരൻ ഉറക്കെ വിളിച്ചു. എല്ലാവരും അവന്‍റെ ചുറ്റിലും കൂടി.
''നെഞ്ചു കലങ്ങി കാണും നായിന്റെ മോന്റെ.''
ഈ സമയമത്രയും മദൻലാലിനു എന്തെങ്കിലും നിയമസഹായം കിട്ടുമോയെന്നു അനേഷിക്കുകയായിരുന്നു കാർക്കറെ. മറ്റുള്ളവരെല്ലാം പല വഴിക്ക് വണ്ടിപിടിച്ചു രക്ഷപ്പെട്ടിരുന്നു. ഗോപാൽ ഗോഡ്സെയും കാർക്കറെയും മാത്രമാണ് കുറച്ചധികം സമയം ഡൽഹിയിൽ ഉണ്ടായിരുന്നത്. ബാഗിൽ തോക്കുമായി ഗോപാൽ ഗോഡ്സെയും പോകാൻ തീരുമാനിച്ചു.
തൊണ്ടിമുതലുമായി പിടിക്കപ്പെട്ടാൽ പിന്നെ എല്ലാം തീർന്നു. അയാൾ ശ്വാസത്തോടൊപ്പം ഭയവും ശ്വസിക്കാൻ തുടങ്ങിയിരുന്നു.
''ഞാൻ ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല.''
ഗോപാൽ ഗോഡ്‌സെ കാർക്കറെയോട് പറഞ്ഞു.
''ശരിയാണ്, പൊലീസ് വേട്ട തുടങ്ങിയിട്ടുണ്ടാകും.'' കാർക്കറെയും ആകെ അസ്വസ്ഥനായിരുന്നു. മദന്‍ലാലിന്റെ കാര്യമാലോചിച്ചായിരുന്നു അയാൾക്ക് ആകെ സങ്കടം.
''ഞാൻ ഒരു ദിവസംകൂടി ഇവിടെ നിൽക്കാം, ഒരു തർക്കത്തിന് ഞാൻ ഇല്ല. വേഗം അഹമ്മദ് നഗറിലേക്ക് പോകുന്നതാണ് നല്ലത്. ഞാൻ ബോംബെയിൽ ചെന്നിട്ടു പൂനെയിലേക്കു വണ്ടി കയറും. അവർ രണ്ടു പേരും ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് ചെന്നു. അവിടെ പതിവിലധികം പൊലീസുകാർ ഉണ്ടായിരുന്നു. കർശനമായ ചെക്കിങ് നടക്കുന്നുണ്ട്. പന്തികേട് മണത്തപ്പോൾ അവർ അവിടെനിന്നു ഒരു ടോങ്ക വിളിച്ചു ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു. കാർക്കറെ ടിക്കറ്റെടുത്തു ഗോഡ്സെക്ക് നൽകി.
''ഉടനെ കാണാം...'' എന്നും പിരിയുമ്പോൾ പറയാറുള്ള വാക്കുകൾ അവരുടെ ചങ്കിൽ കുടുങ്ങി. പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് ഗോപാല്‍ ഗോഡ്സെ ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു.
പുക പരത്തിക്കൊണ്ട് കരി എൻജിൻ സ്റ്റേഷനിലേക്ക് അടുത്തപ്പോൾ ഗോപാൽ ഗോഡ്‌സെയുടെ നെഞ്ചിൽ ചിത കത്തി.
ആൾക്കൂട്ടത്തിനു മുഖം കൊടുക്കാതെ കാർക്കറെ ഒരു റിക്ഷ പിടിച്ചു ഹിന്ദു മഹാസഭ കാര്യാലയത്തിൽ വന്നു കിടന്നു. അയാൾക്ക് അവിടെയും ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. ധാരാളം പല്ലുകൾ ഉള്ള ഇരുമ്പു ചീർപ്പ് കൊണ്ട് ആരോ ബലമായി തന്‍റെ മുടി ചീകുന്നതായി അയാൾക്ക് തോന്നി. കാര്‍ക്കറെ അറിയാതെ നിലവിളിച്ചുപോയി. അബദ്ധം മനസ്സിലാക്കിയതും അയാൾ വാ പൊത്തി പിടിച്ചു. പിന്നെ ബാഗുമെടുത്തു ചെരുപ്പിനടിയിൽ കല്ല് കുടുങ്ങിയ മനസ്സുമായി തെരുവിലേക്കിറങ്ങി നടന്നു. വിവിധ മതസ്ഥരെകൊണ്ട് നിറഞ്ഞ തെരുവിൽ പതിവിലധികം പൊലീസുകാർ അയാളുടെ കണ്ണില്‍പ്പെട്ടു. അഹമ്മദ് നഗറിൽ മുഹമ്മദീയരുടെ കടകൾക്കു തീ െവച്ചപ്പോഴും വീടുകൾ കൊള്ളയടിച്ചപ്പോഴും ഉണ്ടായിരുന്ന ആത്മവിശ്വാസം അയാൾക്ക് അന്ന് തീരെ ഉണ്ടായില്ല. മദൻലാലും അയാളും ചേർന്ന് ഗ്രെനേഡുകൾ കൊണ്ട് സൃഷ്ടിച്ച ഭീതികൾ, ചെറു കലാപങ്ങൾ അന്ന് പൊലീസുകാർ അതിന്റെ ബുദ്ധികേന്ദ്രത്തെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും മദൻലാലിനെയും കാർക്കറെയും അവഗണിക്കുകയായിരുന്നു. ആ മൗനാനുവാദം അവർ ഉത്സവമാക്കിയിരുന്നു. യൂനിഫോമിലെ മനുഷ്യർക്കും മതവൈര്യം ഉണ്ടായിരുന്നു. കാക്കിക്കുള്ളിലെ അത്തരം നന്മ തേടിയാണ് കാർക്കറെ ഇപ്പോൾ പ്രതീക്ഷയോടെ ഡൽഹിയിൽ അലയുന്നത്.
ഒരു പൊലീസുകാരൻ മദന്‍ലാലിന്റെ കുപ്പായംകൊണ്ട് തന്നെ അവന്‍റെ വായ തുടച്ചു. ചുണ്ടിൽ വീണ്ടും ചോര പടർന്നു.
''സാബ്, ഇവൻ നാവ് കടിച്ചു പൊട്ടിച്ചതാണ്.'' ഇതറിഞ്ഞപ്പോൾ പൊലീസ് ഇൻസ്പെക്ടർക്കു അരിശം കയറി.
പൊലീസുകാർ മദന്‍ലാലിന്റെ കൈകൾ പിറകിൽ ചേർത്ത് കെട്ടി. ബഞ്ചിൽ യുവശരീരം കമഴ്ത്തി കിടത്തി. അവനെ അത്ഭുതപ്പെടുത്തികൊണ്ട് മണിക്കൂറുകളോളം പൊലീസുകാർ ഉപദ്രവിച്ചതേയില്ല. അവിടെ അടിയന്തരയോഗം നടക്കുകയായിരുന്നു. മരിച്ചാലും ഞാൻ കാർക്കറെ സേട്ടിനെ ഒറ്റിക്കൊടുക്കില്ല. അവന്‍റെ നെഞ്ചു പിടഞ്ഞു. കവിൾ നിറഞ്ഞ ചോര അവൻ തുപ്പൽ കൂട്ടി പുറത്തേക്കു തുപ്പി. അന്നേരം ഉറുമ്പുകൾ ചുമരൊഴിഞ്ഞുപോയി. ഒരു പൊലീസുകാരൻ അവന്‍റെ തലഭാഗത്തേക്കു കസേര വലിച്ചിട്ടിരുന്നു.
''നിന്റെ ചൂണ്ടുവിരൽ എങ്ങനെയാണെടാ നഷ്ടപ്പെട്ടത്?''
മനസ്സ് കള്ളം പറയാൻ ശ്രമിക്കും തോറും ശരീരം അത് വെളിപ്പെടുത്തുമെന്ന് മദൻലാലിനു തോന്നി. പൊലീസുകാരൻ അവന്‍റെ മുടി കൂട്ടിപ്പിടിച്ചു തല ഉയർത്തി.
''ചെമ്പൂരിലെ ഒരു പടക്ക നിർമാണ കമ്പനിയിൽ ആയിരുന്നു ജോലി. അവിടത്തെ മെഷീന്റെ ഇടയിൽ വിരൽ കുടുങ്ങിയിരുന്നു സാബ്. വലിച്ചിട്ടു കിട്ടാതായപ്പോൾ ഞാൻ തന്നെ ഒരു കത്തി കൊണ്ട് വിരൽ മുറിച്ചു മാറ്റിയതാണ്.''
ആ ധീരോദാത്ത വർണന പൊലീസുകാരന് ഒട്ടും വിശ്വസനീയമായി തോന്നിയില്ല. അയാൾ മദന്‍ലാലിന്റെ മുടിയിലെ പിടി വിട്ടു.
''ആരെടാ നിന്നെക്കൊണ്ട് ഈ മഹാപാപം ചെയ്യിച്ചത്?''
വേറൊരു പൊലീസുകാരൻ മദന്‍ലാലിന്റെ കാൽപാദങ്ങളിൽ ആഞ്ഞു തല്ലി. അവന്‍റെ കണ്ണ് കലങ്ങി. വേദനകൊണ്ട് കഴുത്തിലെ ഞരമ്പുകൾ എഴുന്നുവന്നു. ഉപ്പൂറ്റിയിൽ ആയിരുന്നു അടുത്ത പ്രഹരം.
''ഞങ്ങൾ വന്നത് ബോംെബയിൽനിന്നാണ്.'' അവന്‍റെ വേദനയിൽനിന്ന് എല്ലാ സത്യവും പുറത്തു വന്നു.
''അപ്പോൾ അഹമ്മദ് നഗറിലെ ഹിന്ദു മഹാസഭയുടെ നേതാവ് വിഷ്ണു കാർക്കറെയാണ് നിന്റെ രക്ഷകൻ. ചെമ്പൂരിൽനിന്നു നിന്നെ കണ്ടെടുത്തു അഭയം നൽകിയവൻ. ഈ ദൗത്യത്തിൽ നിന്റെ പ്രേരണ അയാളാണ്.''
കാർക്കറെ സേട്ടിന്റെ പേര് പറയേണ്ടി വന്നതിൽ അവനു അതിയായ കുറ്റബോധം തോന്നി.
''അപ്പോൾ നിങ്ങൾ പൂനാ ഗാങ് ആണ്.''
എഴുതിക്കൊണ്ടിരുന്ന പൊലീസുകാരൻ പറഞ്ഞു.
''അല്ലാ, പൂനാ ബ്രാഹ്മിൺ ഗാങ്.''
മദൻലാൽ പഹ്‌വ മനസ്സിൽ തിരുത്തി. മദൻലാൽ പറയുന്ന കാര്യങ്ങൾ എല്ലാം ഉർദുവിലാണ് പൊലീസുകാരൻ കുറിച്ചുകൊണ്ടിരുന്നത്. ''അപ്പോൾ അഹമ്മദ് നഗറിലെ ഹിന്ദു മഹാസഭയുടെ പ്രവർത്തകനാണ് നീ, കാർക്കറെയുടെ വലംകൈ.''
താൻ കാർക്കറെ സേട്ടിന്റെ കീഴിൽ ഹിന്ദു മഹാസഭക്കു വേണ്ടി പ്രവർത്തിച്ച കാലമാണ് ജീവിതത്തിലെ ഏറ്റവും ആഹ്ലാദം തോന്നിയ സമയമെന്നു മദൻലാലിനു പറയണമെന്നുണ്ടായിരുന്നു. പക്ഷേ അത് മറ്റുള്ളവർക്ക് കൂടുതൽ അപകടം സൃഷ്ടിക്കുമോയെന്ന് അവനു ആശങ്കയുണ്ടായി. അവൻ നാവടക്കി.
''ദൈവത്തെപോലുള്ള ഒരാളെ നിങ്ങൾക്ക് എങ്ങനെയാണ് കൊല്ലാൻ തോന്നുന്നത്? നിങ്ങൾ പിശാചുക്കളുടെ സംഘമാണ്.'' പൊലീസുകാരൻ ആരോടെന്നില്ലാതെ പറഞ്ഞു. ''മുഹമ്മദീയർ ഹിന്ദുക്കളെ കൊല്ലുമ്പോൾ അയാളുടെ മതേതരത്വത്തിന്റെ കൊടി കൂടുതൽ കൂടുതൽ ഉയർന്നുകൊണ്ടിരുന്നു. ലോകത്തിനു ഇങ്ങനെ ചലിക്കാൻ കഴിയുമോ? അയാൾ ഹിന്ദുക്കളുടെ ഒറ്റുകാരനാണ്. അധികം വൈകാതെ അയാൾ കൊല്ലപ്പെടും.'' മദൻലാൽ പഹ്‌വ നന്നായി ശ്വാസമെടുത്ത ശേഷം പിറുപിറുത്തുകൊണ്ടിരുന്നു. അവന്‍റെ മനസ്സിലെ ദുഷിപ്പ് പിടിച്ചെടുത്തിട്ടാണോ എന്തോ പൊലീസ് സ്റ്റേഷന്റെ പരിസരത്തു കെട്ടിയിട്ടിരുന്ന കുതിരകൾ വിറളിപിടിച്ചു ചിനച്ചു. കുതിരകളെ നോക്കുന്ന ഒരു പൊലീസുകാരൻ അവറ്റകൾക്കു കുറച്ചധികം പുല്ലിട്ടുകൊടുത്തു. അദൃശ്യനായ ഒരാൾ അവറ്റകളെ ഉപദ്രവിക്കുന്നതുപോലെ കുതിരകൾ പുളഞ്ഞു. പൊലീസുകാരൻ അവറ്റകളെ അഴിച്ചു മാറ്റി കെട്ടി. എന്നിട്ടും അവ ശാന്തരായില്ല. കലാപമനസ്സുള്ള ആൾക്കൂട്ടത്തെ അടിച്ചോടിക്കാൻ കുതിരപൊലീസുകാരെ ധാരാളമായി ഡൽഹിയിൽ വിന്യസിച്ചിരുന്നതിനാൽ രാത്രികാലങ്ങളിൽ മൃഗശാലകളിലെന്നപോലെ സ്റ്റേഷനോട് ചേർന്നുള്ള കുതിര പന്തികളിൽനിന്നു ഇവറ്റകളുടെ കരച്ചിൽ വ്യാപകമായിരുന്നു. അന്നേ ദിവസം രാത്രി ഒരു മരണ അറിയിപ്പ് പോലെ അന്തരീക്ഷത്തിൽ അപകടകരമാംവിധം അത് താങ്ങിനിന്നു.
രാത്രി കനത്തതും കാർക്കറെ ഹതാശനായി തീർന്നു. മദൻലാലിനെ രക്ഷിക്കാൻ അയാൾ കണ്ടവരോടൊക്കെയും കൈ മലർത്തിയിരുന്നു. ഡൽഹി ഹിന്ദു മഹാസഭയിലുള്ളവരും നിരുത്സാഹപ്പെടുത്തി. അന്ന് രാത്രി ബിർളാ ധരംശാലയുടെ മുന്നിലെ ഫുട്‌പാത്തിലാണ് അയാൾ കിടന്നത്. ചുറ്റിലും ഭിക്ഷക്കാരും വീടില്ലാത്തവരും വിഭജനത്തിന്റെ ഇരകളും അനാഥമായി കിടപ്പുണ്ടായിരുന്നു. വിഷ്ണു കാർക്കറെക്കു ഉറക്കം വന്നില്ല. രാത്രി ആകാശത്തു കുറച്ചു നക്ഷത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഗ്രെനേഡുകൾകൊണ്ട് അവയെ എറിഞ്ഞുപൊട്ടിക്കാൻ പറ്റിയിരുന്നെങ്കിൽ! അയാൾ ഉറങ്ങിയും ഉറങ്ങാതെയും നേരം വെളുപ്പിച്ചു.
പത്രത്തിലെ പ്രധാന തലക്കെട്ടു ആയിരുന്നു അന്ന് ജനങ്ങളുടെ സംസാരവിഷയം. വിഷ്ണു കാർക്കറെ കാപ്പി കുടിക്കാനായി റെയിൽവേ കാന്റീനിലേക്കു ചെന്നു. അവിടെയും ആൾക്കാരുടെ ചർച്ച വധശ്രമം ആയിരുന്നു. ഒന്നിനും ചെവി കൊടുക്കാതെ അയാൾ പ്രാതൽ ഓർഡർ ചെയ്തു. കാപ്പി മുത്താൻ തുടങ്ങിയപ്പോൾ അയാൾ ആ കാഴ്ച കണ്ടു. കരിമ്പടംകൊണ്ട് മുഖം മറച്ച ഒരു ചെറുപ്പക്കാരനെ കൈയാമംെവച്ചു തെളിവെടുപ്പിനായി കാന്റീനിലേക്കു രണ്ടു പൊലീസുകാർ കൊണ്ട് വരുന്നു. ഒരു കവിൾ കാപ്പികൊണ്ട് കാർക്കറെയുടെ നാവ് പൊള്ളി. ആളുകളുടെ ശ്രദ്ധ മുഴുവൻ പ്രതിയിലേക്കു തിരിഞ്ഞു. മർദനമേറ്റു അവശനായ ഒരാളുടെ കാൽവെപ്പായിരുന്നു പ്രതിയുടേത്. വിഷ്ണു കാർക്കറെ കാശ് കൊടുത്തു വേഗം കാന്റീൻ വിട്ട് ഇറങ്ങി. നെഞ്ചു പിടച്ചതുകൊണ്ടാവണം അയാള്‍ അമിതമായി വിയര്‍ത്തു.
''മൂടുപടത്തിനു ഉള്ളിലൂടെ മദൻലാൽ പഹ്‌വ തന്നെ കണ്ടിട്ടുണ്ടാവുമോ?'' അയാൾക്ക് വയറിളകി. പൊതു കക്കൂസിൽ കയറി വാതിലടച്ചപ്പോഴാണ് കാർക്കറെക്കു സമാധാനമായത്. കരിമ്പടത്തിന്റെ നൂലിഴകൾക്കിടയിലൂടെ ഓർമകൾ അയവിറക്കാൻ മാത്രം പ്രാണൻ ബാക്കി ഉണ്ടായിരുന്ന മദൻലാൽ പഹ്‌വ പലതും കണ്ടു.
അതിർത്തിക്കടുത്തുള്ള ഒരു തടാകത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ശവശരീരങ്ങൾ ചീർത്തു പൊന്തികിടക്കുന്നത്, കഴുകന്മാർ അവ ഭക്ഷണമാക്കുന്നുണ്ട്. ജീർണിച്ച ശവത്തിന്റെ മണം മൂക്കിലേക്കടിച്ചപ്പോൾ മദൻലാൽ പഹ്‌വക്കു ഛർദിക്കാൻ വന്നു. പൊലീസുകാർ അവനെ തെരുവിന്റെ ഒരു മൂലയിലേക്ക് മാറ്റിനിർത്തി.
ആളുകൾ തിങ്ങിനിറഞ്ഞ ഒരു ജനറൽ കംപാർട്ട്‌മെന്റിൽ ആധിപിടിച്ചിരിക്കുമ്പോൾ വിഷ്‌ണു കാർക്കറെക്കു ചീഞ്ഞ മണം അനുഭവപ്പെട്ടു. എത്രയും പെെട്ടന്ന് നാട്ടിൽ എത്തിയാൽ മതി. വളരെ പതുക്കെ ഓടിക്കൊണ്ടിരുന്ന കൽക്കരിവണ്ടിയെ ശപിച്ചുകൊണ്ട് അയാൾ ഉറങ്ങിപ്പോയി. അപ്പോൾ അതിർത്തികൾ ഇല്ലാത്ത ആകാശത്തെ ഒരു പകൽനക്ഷത്രം അയാളെ പിന്തുടർന്നു.
(തുടരും)