9mm ബെരേറ്റ
ഗ്വാളിയോർ വിജയം റാണി ലക്ഷ്മിഭായിയുടെ മണ്ണിൽ ഉറക്കമുണർന്നതിന്റെ ഉന്മേഷമൊന്നും നാഥുറാം ഗോഡ്സെക്ക് ഉണ്ടായിരുന്നില്ല. ഗ്വാളിയോറിലെ പ്രഭാതത്തിൽനിന്നും ഡൽഹിയിലെ അന്തരീക്ഷത്തിലേക്ക് എത്രയും പെട്ടെന്ന് എത്തിയാൽ മതിയെന്നായിരുന്നു മനസ്സിൽ. ഡോ. ദത്താത്രേയ സദാശിവ പാർച്ചുറെയുടെ ബംഗ്ലാവിലെ മുകൾനിലയിൽനിന്ന് നോക്കിയാൽ ചുറ്റുമതിൽ കാണാം. പുരയിടത്തിൽ...
Your Subscription Supports Independent Journalism
View Plansഗ്വാളിയോർ വിജയം
റാണി ലക്ഷ്മിഭായിയുടെ മണ്ണിൽ ഉറക്കമുണർന്നതിന്റെ ഉന്മേഷമൊന്നും നാഥുറാം ഗോഡ്സെക്ക് ഉണ്ടായിരുന്നില്ല. ഗ്വാളിയോറിലെ പ്രഭാതത്തിൽനിന്നും ഡൽഹിയിലെ അന്തരീക്ഷത്തിലേക്ക് എത്രയും പെട്ടെന്ന് എത്തിയാൽ മതിയെന്നായിരുന്നു മനസ്സിൽ. ഡോ. ദത്താത്രേയ സദാശിവ പാർച്ചുറെയുടെ ബംഗ്ലാവിലെ മുകൾനിലയിൽനിന്ന് നോക്കിയാൽ ചുറ്റുമതിൽ കാണാം. പുരയിടത്തിൽ ധാരാളം ഔഷധസസ്യങ്ങളും മരങ്ങളും ഉണ്ട്. ഗോഡ്സെ ജനൽ തുറന്നു നേരം നന്നായി വെളുക്കുന്നതു നോക്കിനിന്നു. തലേന്ന് ഉറക്കത്തിൽ കണ്ട അതേ മതിൽക്കെട്ട് കാഴ്ചയിൽ ഉടക്കിയപ്പോൾ അയാൾക്ക് അത്ഭുതം തോന്നി. വരാനിരിക്കുന്ന കാര്യങ്ങള് സ്വപ്നങ്ങളില് നേരത്തേ തെളിയുന്നത് നല്ല ലക്ഷണമാണ്. ഇലകൾ തിങ്ങിനിറഞ്ഞ മരത്തിൽ അയാൾ ഒരു മഞ്ഞയില കണ്ടെത്താൻ ശ്രമിച്ചു. ഇല്ല, രാത്രി കാറ്റിൽ അതെല്ലാം കൊഴിഞ്ഞുപോയി കാണും. മരച്ചോട്ടിലും കൊഴിഞ്ഞ ഇലയുടെ മഞ്ഞദേഹം ഇല്ല. ഗോഡ്സെ തിരിഞ്ഞു കട്ടിലിലേക്ക് നോക്കി, നാരായൺ ആപ്തെയെ മഞ്ഞയിലകൾകൊണ്ട് മൂടിയിരിക്കുന്നു!
കുളിക്കാൻ പോകുന്നതിനുമുമ്പ് അയാൾ പുതപ്പു നീക്കി ആപ്തെയെ തട്ടിവിളിച്ചു. ''സ്വപ്നം കണ്ടത് മതി, എഴുന്നേൽക്കൂ.''
കുളിച്ചൊരുങ്ങി താഴെ ചെന്നപ്പോൾ ഡോ. പാർച്ചുറെ സ്വീകരണമുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഗോഡ്സെയും ആപ്തെയും അദ്ദേഹത്തെ വണങ്ങി. ഡോ. പാർച്ചുറെ എങ്ങോട്ടോ പോകാൻ ഒരുങ്ങിനിൽക്കുന്നതുപോലെ തോന്നി. നീണ്ടമുടിയെല്ലാം ഒതുക്കിവെച്ചിരിക്കുന്നു. താടിയിലും തൈലം പൂശിയപോലെ... താടി നെഞ്ചുവരെ നീണ്ടുകിടക്കുന്നുണ്ടെങ്കിലും എണ്ണമയം ഉള്ളതിനാൽ ഒട്ടും പാറുന്നില്ല. കറുപ്പും വെളുപ്പും കലർന്ന താടിയും തലമുടിയും കാണാൻ നല്ല പ്രൗഢിയുണ്ട്.
ഡോ. അവരോടു ഇരിക്കാൻ ആംഗ്യം കാണിച്ചു. കസേരയിൽ നടു വളക്കാതെയാണ് അദ്ദേഹം കാലിന്മേൽ കാലുകയറ്റി ഇരിക്കുന്നത്. ആരെയും ആകർഷിക്കുന്ന മെലിഞ്ഞ ശരീരം ഉറച്ച തീരുമാനങ്ങൾ നടപ്പാക്കുന്ന ഒരാളുടേതുതന്നെയായിരുന്നു. മുൻകോപിയാണെങ്കിലും, മുഖം കണ്ടാൽ അങ്ങനെ തോന്നില്ല. പാതി ചാരിയ വാതിലിന്റെയും ജനലിന്റെയും വെളിച്ചം മുറിയിലേക്ക് വന്നപ്പോൾ എണ്ണഛായാചിത്രത്തിലേതുപോലെ ഉണ്ടായിരുന്നു.
''ഭക്ഷണം കഴിക്കുന്നതിനുമുമ്പ് ചില കാര്യങ്ങൾ സംസാരിക്കാം എന്ന് കരുതിയാണ് നിങ്ങളെ കാത്തിരുന്നത്. ഞാൻ പുലർച്ചക്കു എഴുന്നേൽക്കും. വ്യായാമംചെയ്യും. പിന്നെ ചില മരുന്നിന്റെ പണികളൊക്കെ ഉണ്ട്. അലോപ്പതിയാണ് ആദ്യം പഠിച്ചതെങ്കിലും ഹോമിയോയും ആയുര്വേദവുമാണ് ഞാൻ പ്രാക്ടീസ് ചെയ്യുന്നത്. ഹാ... പിന്നെ വൈകിയുണരുന്നത് ആരോഗ്യത്തിനു നല്ലതല്ല.''
ആപ്തെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കുതന്നെ നോക്കി. ഡോ. കണ്ണടയൂരി കണ്ണ് തിരുമ്മി. കണ്ണട മാറ്റിയപ്പോൾ അയാളെ മറ്റൊരാളെപ്പോലെ തോന്നിച്ചു. കലിയടങ്ങാത്ത കണ്ണുകളായിരുന്നു ഡോക്ടറുടേത്.
''രോഗികളുടെ കണ്ണുകളിലേക്കു നോക്കിയാൽ എനിക്ക് രോഗലക്ഷണം പിടികിട്ടും, നാഡിപിടിച്ചു നോക്കേണ്ട ആവശ്യം വരാറില്ല.'' വീണ്ടും കണ്ണട ചെവിയിൽ ഒതുക്കിക്കൊണ്ടു അദ്ദേഹം പറഞ്ഞു.
''ഡോക്ടറുടെ കുടുംബം മുഴുവനും ഗ്വാളിയോറിൽതന്നെയാണോ? ഈ വീട്ടിൽതന്നെ കുറെ പേരുണ്ടെന്ന് തോന്നുന്നു...'' ആപ്തെ ചോദിച്ചു.
''അതെ, ഞങ്ങൾ വലിയ കൂട്ടുകുടുംബമാണ്. ഞാൻ വീട്ടിൽ പ്രാക്ടീസ് ചെയ്യുന്നില്ല. അത്യാവശ്യത്തിന് ആരെങ്കിലും വന്നാൽ നോക്കുമെന്നല്ലാതെ... പട്ട്നഗർ ബസാറിലാണ് ഡിസ്പെൻസറി. കുടുംബം വലുതായതുകൊണ്ട് എല്ലാംകൂടി ഇവിടെ പറ്റില്ല. രാഷ്ട്രീയപ്രവർത്തകരും ഇവിടെ വരും. വലിയ കുടുംബമായതിന്റെ ഗുണവും ദോഷവും ഉണ്ട്. ഹിന്ദുക്കൾക്ക് കൂടുതൽ മക്കൾ ഉണ്ടാകണമെന്ന പക്ഷക്കാരനാണ് ഞാൻ.''
ഇവരുടെ സംസാരത്തിനിടയിൽ നീൽകന്ത്, വാതിലിന്റെ അടുത്തു വന്ന് പാർച്ചുറെയുടെ ശ്രദ്ധ ആകർഷിക്കുംവിധം നിന്നു.
''മോനെ, രൂപിനോട് വരാൻ പറയൂ.''
അവൻ മറുപടിയൊന്നും പറയാതെ വാതിലിനു പിറകിലേക്ക് മറഞ്ഞു.
''ഡോക്ടറുടെ കയ്യിൽ തോക്കുണ്ടെങ്കില് അത് തന്നാലും മതി.'' ഗോഡ്സെ മനസ്സിൽ കുറെനേരമായി തികട്ടിയ കാര്യം ചോദിച്ചു.
''എന്റെ കൈയിൽ ഒരു സ്റ്റൺഗൺ ഉണ്ട്. പക്ഷേ, അത് മുറാറിൽ ഉള്ള ഒരു സുഹൃത്തിനെ ഏൽപിച്ചിരിക്കുകയാണ്. പിന്നെ ലൈസൻസ് ഉള്ള ഒരു പിസ്റ്റൾ ആണുള്ളത്. അത് തരാൻമാത്രം വിഡ്ഢിയല്ല ഞാൻ. ബുദ്ധിമോശം കാണിച്ചു ജയിലിൽ പോകാൻ ഞാനാഗ്രഹിക്കുന്നില്ല.''
''ഞങ്ങൾ വലിയ പ്രതീക്ഷയിലാണ് വന്നത്.''
''പ്രതീക്ഷ കൈവിടുകയൊന്നും വേണ്ട. സാധനം നമുക്ക് സംഘടിപ്പിക്കാം. ആയുധങ്ങൾക്ക് ഗ്വാളിയോറിൽ ഒരു പഞ്ഞവുമില്ല.''
മുറിയിലേക്ക് ഡോക്ടറുടെ ബോഡിഗാർഡായ രൂപ് വന്നു. പട്ടാളക്കാരന്റെ ശരീരമായിരുന്നു അയാളുടേത്. മൃതിയടഞ്ഞവന്റെ മുഖഭാവം, ഗോഡ്സെ അയാളെ ഒന്നേ നോക്കിയുള്ളൂ.
''നിങ്ങൾ പോയി ദന്തവതയെ വിളിച്ചുകൊണ്ടുവരണം. പോകുമ്പോൾ നീല്കന്തിനെയും കൂട്ടിക്കോളൂ.'' ഡോക്ടർ പറഞ്ഞു.
രൂപ് ശിരസ്സു കുനിച്ചുകൊണ്ടു ഡോക്ടറെ വണങ്ങിയശേഷം മുറി വിട്ടു.
''ദന്തവതെ ഹിന്ദുരാഷ്ട്രസേനയുടെ മുഖ്യപ്രവർത്തകനാണ്. നിങ്ങളുടെ ആവശ്യം അയാൾ നിറവേറ്റിത്തരും.''
ഇതു കേട്ടപ്പോൾ ഗോഡ്സെയുടെ മുഖം വിടർന്നു.
''ഡോക്ടർ ജനിച്ചു വളർന്നത് ഗ്വാളിയോറിൽതന്നെയാണോ?''
''അല്ല, പൂനയിൽ ആണ്. എന്റെ മാതാപിതാക്കൾ അവിടെ അധ്യാപകരായിരുന്നു. ഞാൻ മെഡിക്കൽ ഡിഗ്രിയൊക്കെ എടുത്തത് ബോംബെ യൂനിവേഴ്സിറ്റിയിൽനിന്നാണ്. അതു കഴിഞ്ഞാണ് ഇവിടേക്കു വന്നത്. സ്കൂൾ കാലം മുതൽ ഞാൻ പൂനയിൽ തന്നെയാണ് പഠിച്ചത്. ഇറ്റ് ഈസ് മൈ ഡെസ്റ്റിനേഷൻ ആൻഡ് ഡെസ്റ്റിനി.''
ആപ്തെക്കു അദ്ദേഹത്തോട് ബഹുമാനം തോന്നി.
''അവർ വരുമ്പോഴേക്കും നമുക്ക് ഭക്ഷണം കഴിക്കാം, വരൂ.'' ഡോ. സദാശിവ് പാർച്ചുറെ എഴുന്നേറ്റു. അകത്തളങ്ങളിൽനിന്നു സ്ത്രീകളുടെ അടക്കിപ്പിടിച്ചുള്ള സംസാരം ആപ്തെ കേട്ടു. ഈ വലിയ കെട്ടിടം നിറയെ സുന്ദരിമാർ ഉണ്ടെന്നു ആനന്ദംകൊണ്ടു.
ആരോഗ്യകരമായ ഭക്ഷണമാണ് തീന്മേശയിൽ നിരന്നത്. ആണുങ്ങളാണ് ഭക്ഷണം വിളമ്പിയതും പാത്രങ്ങൾ എടുത്തുകൊണ്ടുപോയതും. ''സ്ത്രീകളാരും ജോലിക്കാരായിട്ട് ഇല്ലേ," ആപ്തെക്കു ചോദിക്കാൻ തോന്നി. മാന്യതയെ കരുതി അയാൾ സ്വയം അടങ്ങി. അവർ പ്രാതൽ കഴിഞ്ഞ് വിസിറ്റിങ് റൂമിൽ ചെന്നിരുന്നതും ഗംഗാധർ സാക്കാറാം ദന്തവതെയെയും കൂട്ടി നീല്കന്ത് വന്നിരുന്നു.
''നമസ്കാരം ഡോ. പാർച്ചുറെ ജി.''
ഡോക്ടർ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് കൈകൂപ്പി. എന്നിട്ട് അതിഥികളെ അയാൾക്ക് പരിചയപ്പെടുത്തി.
''ഇതു വിനായക് ഗോഡ്സെ, കൂടെയുള്ളത് സുഹൃത് നാരായൺ ആപ്തെ. രണ്ടുപേരും ഹിന്ദുമഹാസഭാ പ്രവർത്തകരാണ്.''
''പാർച്ചുറെ ജി, ഞാൻ എന്താണിവർക്കായി ചെയ്യേണ്ടത്?''
''ഇവർക്ക് അടിയന്തരമായി ഒരു തോക്കു വേണം.''
''കാശു മുടക്കാം'', ഗോഡ്സെ ഇടക്ക് കയറി പറഞ്ഞു.
''ഡോക്ടറുടെ കൈയിൽ ഒരു പിസ്റ്റൾ ഉണ്ടല്ലോ, തൽക്കാലം അത് കൊടുത്താൽ പോരെ?'' സാക്കാറാം ദന്തവതെ ചോദിച്ചു. തൽക്ഷണം, കണ്ണടയൊഴികെയുള്ള ഡോക്ടറുടെ മുഖഭാവം ചുവന്നു.
''എന്നെ ഉപദേശിക്കേണ്ടതില്ല, ഞാൻ പറയുന്ന കാര്യം അങ്ങോട്ടു കേട്ടാൽ മതി. ഈ നാല്പത്തി ഏഴാം വയസ്സിൽ ജയിലിൽ കിടക്കാൻ എന്നെ കിട്ടില്ല.''
ഇതു കേട്ട് ദന്തവതെ ജീവനറ്റു നിന്നു. ഗോഡ്സെയും ആപ്തെയും വല്ലാതായി.
''ഞാൻ പരമാവധി ശ്രമിക്കാം പാർച്ചുറെ ജി.''
''എന്തു ചെയ്താലും കൊള്ളാം, തോക്കു കിട്ടണം. ഞാനിവർക്കു വാക്കു കൊടുത്തുപോയി.''
''നമുക്ക് ശരിയാക്കാം'' ദന്തവതെ ഗോഡ്സെയെ നോക്കി.
''നിങ്ങൾ സംസാരിച്ചിരിക്കൂ, ഞാൻ അപ്പോഴേക്കും ഡിസ്പെൻസറി വരെ ഒന്ന് പോയിട്ട് വരാം.''
ഡോക്ടർ മുറിവിട്ടു പോയി. മുറിയിലെ വെളിച്ചം അയാൾക്കൊപ്പം പുറത്തേക്കു പോയപ്പോൾ അവിടം മങ്ങി.
''ഇദ്ദേഹത്തിന്റെ ദേഷ്യം ഞാൻ പ്രതീക്ഷിച്ചതാണ്. നാലു ദിവസം മുമ്പാണ് ഗ്വാളിയോര് രാജാവായ ജിയാജി റാവു സിന്ധ്യ കോൺഗ്രസിനെ മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിച്ചത്. ഹിന്ദു മഹാസഭയെ ക്ഷണിക്കുമെന്നാണ് എല്ലാവരും കരുതിയത്. അങ്ങനെ നടന്നിരുന്നുവെങ്കിൽ ഡോക്ടർ മുഖ്യമന്ത്രിയായേനെ. അതിന്റെ മനോവിഷമം ഉണ്ട് ഡോക്ടർക്ക്.''
''എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്?'' ആപ്തെ ചോദിച്ചു.
''യൂണിയൻ ഗവൺമെന്റുമായി ചേർന്ന് രാജാവ് ഒത്തുകളിച്ചതാണ്. അവർ തമ്മിൽ മറ്റെന്തോ ധാരണയായി കാണും. കൂട്ടുമന്ത്രിസഭക്കു കോൺഗ്രസിനും താൽപര്യമില്ലായിരുന്നു."
"അദ്ദേഹത്തിന്റെ സേവനം ഗ്വാളിയോര് അർഹിക്കുന്നുണ്ട്'', ആപ്തെ പറഞ്ഞു.
''തീർച്ചയായും, ഹിന്ദുക്കളുടെ രക്ഷകനാണദ്ദേഹം.''
''തോക്ക് എപ്പോൾ കിട്ടും, ഞങ്ങൾക്ക് ഇന്നുതന്നെ തിരിച്ചുപോകണം'', ഗോഡ്സെ പറഞ്ഞു.
''ഞാൻ പോയിട്ട് പന്ത്രണ്ടു മണിക്ക് മുമ്പായി വരാം. ഒന്ന് രണ്ടു പേരുണ്ട്. ഞാനവരുമായി സംസാരിക്കട്ടെ.'' ദന്തവതെ തടിച്ച ശരീരം കുലുക്കിക്കൊണ്ട് അവിടെനിന്നിറങ്ങി. ഗോഡ്സെയും ആപ്തെയും മുകളിലത്തെ മുറിയിലേക്ക് മടങ്ങി.
സമയം 12.30 കഴിഞ്ഞപ്പോൾ പാർച്ചുറെ വാഡയുടെ വലിയ ഗേറ്റിൽ ആരോ ഓടാമ്പൽ തട്ടുന്ന ഇരുമ്പൊച്ച കേട്ടു. കെട്ടിടത്തിന്റെ മുകളിൽനിന്നു ചെറിയ തുണിസഞ്ചി കയറിൽ ഇറങ്ങിവരുന്നതും നോക്കി ഗേറ്റിനു പുറത്തു ഹിന്ദു മഹാസഭ പ്രവർത്തകനായ മധുകർ കാലെ നിന്നു. അയാൾ ഡോക്ടറെ കാണാൻ വന്നതാണ്. സഞ്ചി താഴെ എത്തിയതും, അയാൾ അതിൽനിന്നു താക്കോൽ എടുത്തു ഗേറ്റ് തുറന്നു. അകത്തു കയറിയശേഷം വീണ്ടും ഗേറ്റ് താഴിട്ടുപൂട്ടി. താക്കോൽ സഞ്ചിയിൽതന്നെ ഇട്ടു. പൂമുഖത്തു പാർച്ചുറെയും ദന്തവതെയും കൂടാതെ രണ്ടുപേർ ഇരിക്കുന്നത് കാലെ കണ്ടു. അയാൾ ഡോക്ടറുടെ അടുത്തേക്ക് നടന്നു. സഞ്ചി വന്നവഴി മുകളിലേക്ക് പൊങ്ങി.
അപരിചിതർ തോക്കു പരിശോധിക്കുകയാണ്. ഇരുവരുടെ കൈയിലും നാടൻതോക്കുണ്ട്. ദന്തവതെ അതിൽ ഒരെണ്ണം വാങ്ങി പ്രവർത്തനം വിവരിക്കുകയാണ്. കാലെ മടിച്ചു മടിച്ചുകൊണ്ട് അവിടേക്കു ചെന്നു. ഡോ. പാർച്ചുറെ അയാളോട് വരാന്തയിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു.
''നിങ്ങൾ അത് ശരിയാംവണ്ണം അല്ല പിടിക്കുന്നത്'', ദന്തവതെ നാടൻ റിവോൾവർ ആപ്തെയുടെ കൈയിൽനിന്നും വാങ്ങി, കൈകാര്യം ചെേയ്യണ്ടവിധം വിശദീകരിച്ചുകൊടുത്തു.
''ഒരു കാര്യം ചെയ്യാം, നമുക്ക് വീടിന്റെ പിറകിൽ പോയി ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാം.''
ആപ്തെയും ഗോഡ്സെയും അയാളുടെ പിന്നാലെ ചെന്നു. വിശാലമായ പറമ്പായിരുന്നു പിറകിൽ. ഗോഡ്സെ രാവിലെ കണ്ട മരത്തിന് അരികിലെത്തി. മുകളിൽനിന്നു കണ്ടതിനേക്കാൾ വണ്ണവും ഇലകാപ്പും ഉണ്ടായിരുന്നു. അടുത്ത് കണ്ടപ്പോഴാണ് ആ മരത്തിന്റെ കരുത്തു ഗോഡ്സെക്ക് മനസ്സിലായത്.
ദന്തവതെ നാടൻ റിവോൾവറിൽ ഉണ്ടകൾ ഒരിക്കൽകൂടി ലോഡ് ചെയ്ത് കാണിച്ചുകൊടുത്തു. എന്നിട്ട്, രണ്ടടി മുന്നോട്ടുനീങ്ങിയശേഷം മരത്തിനു ലക്ഷ്യംവെച്ചു. കാഞ്ചിയിൽ വിരൽ അമർത്തി. ആപ്തെ ശ്വാസമടക്കി എല്ലാം കണ്ടുനിന്നു. ഗോഡ്സെക്ക് യാതൊരു കുലുക്കവും ഉണ്ടായില്ല. കാഞ്ചി വലിഞ്ഞു. വെടി പൊട്ടി. വണ്ണമുള്ള മരത്തിന്റെ തടിയിൽ ഉണ്ട തുളച്ചുകയറി. മരത്തിന്റെ തോല് ചിതറി. ഗോഡ്സെയുടെ മുഖം വിടർന്നു.
''ഇനി നിങ്ങൾ പരീക്ഷിച്ചുനോക്കൂ...'' ദന്തവതെ റിവോൾവർ ഗോഡ്സെക്ക് നീട്ടി.
ഗോഡ്സെ തോക്കു വാങ്ങി ദന്തവതെയുടെ അരികിൽ നിലയുറപ്പിച്ച് ലക്ഷ്യംവെച്ചു. മനസ്സിൽ കൗണ്ട്ഡൗൺ സങ്കൽപിച്ചു കാഞ്ചി വലിച്ചു.
മരത്തിന്റെ പ്രാർഥന വേരുകളുടേതും ചില്ലകളുടേതും ഇലകളുടേതും കിളികളുടേതും ആകാശത്തിന്റേതുമായിരുന്നു. അത് ഫലിച്ചു. വെടി പൊട്ടിയില്ല. ഗോഡ്സെ നിരാശനായി. പല്ലിറുമ്മിക്കൊണ്ട് അയാൾ പറഞ്ഞു, ''ഇതുവേണ്ട! കൂടുതൽ നല്ലൊരെണ്ണം നോക്കാം.''
ദന്തവതെ തോക്കു വാങ്ങി ഒന്നുകൂടി പരിശോധിച്ചു. കാഞ്ചി ശരിക്കും അമരുന്നില്ല. ''ആയുധങ്ങളുടെ കാര്യത്തിൽ ഭാഗ്യപരീക്ഷണം പറ്റില്ല.'' ആപ്തെ പറഞ്ഞു.
''ലളിതമായി കൈകാര്യം ചെയ്യാവുന്ന ഒരെണ്ണം കിട്ടുമോ?'' ഗോഡ്സെ ചോദിച്ചു.
''സംഘടിപ്പിക്കാം. ഒത്തുകിട്ടാൻ സമയം വേണം.''
''രണ്ടു മണിക്കുമുമ്പ് കിട്ടിയാൽ നന്ന്. മൂന്നു മണിക്കാണ് ഡൽഹിക്കുള്ള വണ്ടി'', ഗോഡ്സെ പറഞ്ഞു.
''അത് നടക്കുമെന്ന് തോന്നുന്നില്ല. വൈകുന്നേരത്തിനു മുമ്പു ഞാൻ എത്തിക്കാം. നിങ്ങളുടെ യാത്ര രാത്രിവണ്ടിക്കു ആക്കിക്കോളൂ.''
ഗോഡ്സെക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.
''അത് കുഴപ്പമില്ല, വൈകുന്നേരം തോക്കു കിട്ടണം.''
ദന്തവതെ എല്ലാവരോടും യാത്രപറഞ്ഞിറങ്ങി. മധുകർ കാലെ പാർച്ചുറെയോട് സംസാരിച്ചിരിക്കുകയായിരുന്നു. അയാളും ദന്തവതെയോട് ചിരിച്ചു.
അതിഥികൾ ആരാണെന്നു ഡോ. പാർച്ചുറെയോട് ചോദിക്കണമെന്ന് ചെറുപ്പക്കാരനായ കാലെക്ക് ഉണ്ടായിരുന്നു. പേക്ഷ, ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിച്ച് മുഷിപ്പു സമ്പാദിക്കേെണ്ടന്നു കരുതി വിചാരം അടക്കി.
ഹിന്ദു മഹാസഭയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കാത്തതിലുള്ള പ്രതിഷേധം എങ്ങനെയാണ് സംഘടിപ്പിക്കേണ്ടതെന്ന വിഷയം ചർച്ചചെയ്യാനാണ് താൻ വന്നത്. അത് മാത്രം സംസാരിച്ചാൽ മതിയെന്ന വീണ്ടുവിചാരം കാലേക്ക് ഉണ്ടായി.
''പാർച്ചുറെ ജി ഇന്ന് വൈകുന്നേരം നഗരത്തിൽ ഒരു പ്രതിഷേധറാലി സംഘടിപ്പിക്കാമെന്നു ഞാൻ വിചാരിക്കുന്നു. അങ്ങ് എന്ത് പറയുന്നു?''
''ഉടൻ പ്രതിഷേധം എന്നനിലയിൽ അത് ചെയ്യാം. പക്ഷേ, കോൺഗ്രസിനെ താഴെ ഇറക്കുന്നതരത്തിലുള്ള പ്രക്ഷോഭമാണ് എന്റെ മനസ്സിലുള്ളത്. അത് നമുക്ക് പിന്നീട് തീരുമാനിക്കാം.''
''എങ്കിൽ ഞാൻ ഹിന്ദുരാഷ്ട്രസേനയിലെ പ്രവർത്തകരോട് വരാൻ പറയാം. ജാഥയിൽ നാട്ടുകാരുടെ പങ്കാളിത്തവും ഉറപ്പിക്കാം.''
''വിഭജനകാലത്തു സേന പ്രവർത്തിച്ചതുപോലെ പ്രവർത്തിക്കണം. മുസ്ലിംകളെ ആക്രമിക്കുക, കൊള്ളയടിക്കുക, കൊല്ലുക, അവരെ പ്രീണിപ്പിക്കുന്ന കോൺഗ്രസിനും രാജാവിനും സ്വൈരം കൊടുക്കരുത്'' ഡോക്ടർ തന്റെ നെഞ്ചുവരെ നീണ്ടുകിടക്കുന്ന താടി അമർഷത്തോടെ ഉഴിഞ്ഞുകൊണ്ടിരുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞു ആപ്തെയും ഗോഡ്സെയും അതിഥിമുറിയിൽ വിശ്രമിക്കുകയായിരുന്നു. കാർക്കറെ ഡൽഹിയിൽ എത്താറായിട്ടുണ്ടാവും, ഗോഡ്സെക്ക് ആശങ്ക തോന്നി. വഴിയിൽ വ്യാസിനെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ കാര്യങ്ങൾ കുഴയും. ജനുവരി ഇരുപത് അയാളെ അലട്ടാൻ തുടങ്ങി.
oooo
മൂന്നാം ക്ലാസ് കമ്പാർട്മെന്റിലെ തിരക്കിൽ വിയർത്തിരിക്കുകയായിരുന്നു കാർക്കറെ. ഉടുപ്പും ഷൂസും അഴുക്കുപിടിച്ചിരിക്കുന്നു. ഇനിയും അനേകം മണിക്കൂറുകൾ ഗതികെട്ട മനുഷ്യർക്കിടയിൽ ഇരിക്കേണ്ടതുണ്ട്. അയാൾക്ക് എങ്ങനെയെങ്കിലും പുറത്തു കടന്നുകിട്ടിയാൽ മതിയെന്നായി. പക്ഷേ, എഴുന്നേറ്റാൽ സീറ്റുപോകും. യാത്രികർ അള്ളിപ്പിടിച്ചു നിൽപാണ്. പലരും നിസ്സാരകാര്യങ്ങൾക്കു വഴക്കടിക്കുന്നുണ്ട്. തന്നെയാരും തിരിച്ചറിയുന്നില്ലല്ലോ എന്ന ഒറ്റ ആശ്വാസമാണ്, പിന്നീടുള്ള ദൂരമത്രയും അയാളെ ഉന്മേഷവാനായി നിലനിർത്തിയത്. ഡൽഹി ഇനി അധികം അകലെയല്ല. അയാൾ ബാഗ് അണച്ചുപിടിച്ചിരുന്നു. ആധിപിടിച്ചു മെലിഞ്ഞ മനുഷ്യരുടെ ശവക്കല്ലറയായിരുന്നു ആ ബോഗി.
''രാത്രി രണ്ടുമണിക്കാണിനി വണ്ടിയുള്ളത്...'' ഗോഡ്സെ പിറുപിറുത്തു.
''ഡൽഹിക്കുള്ള നമ്മുടെ അവസാനത്തെ യാത്ര'', ആപ്തെ ജനലിലൂടെ പുറത്തേക്കു നോക്കി ആരോടെന്നില്ലാതെ പറഞ്ഞു. ഈ സമയം ഡോ. പാർച്ചുറെ അങ്ങോട്ടു കടന്നുവന്നു.
''രണ്ടാളും മയക്കത്തിലാണോ?''
അവർ ഡോക്ടറെ കണ്ടതും ബഹുമാനത്തോടെ കസേരയിൽ നിവർന്നിരുന്നു.
''ആപ്തെയെ ഞാൻ ആദ്യമായിട്ട് കാണുകയാണ് അല്ലെ. പത്രം നടത്തുന്ന കാര്യം എനിക്കറിയാം. ഹിന്ദുരാഷ്ട്ര നന്നായി നടക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.'' പാർച്ചുറെ കസേര നീക്കി ആപ്തെയുടെ അടുത്ത് ഇരുന്നു.
''പാർച്ചുറെ ഭാവു, പത്രം നന്നായി പോകുന്നുണ്ട്. ഇടക്ക് ഫണ്ടിന്റെ പ്രശ്നം ഉണ്ടായിരുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ളതൊക്കെ കിട്ടും. കുറച്ചുകൂടി വിപുലീകരിക്കണമെന്നുണ്ട്'' -ആപ്തെ പറഞ്ഞു.
''ഹിന്ദു മഹാസഭയുടെ പ്രവർത്തനവുമായി ഞാനും ഗോഡ്സെയും നിരന്തരം സമ്പർക്കത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഞങ്ങൾ അവസാനം കണ്ടത്. ഹിന്ദു മഹാസഭയും ആർ.എസ്.എസും സംയുക്തമായി നടത്തിയ അള്വാർ സമ്മേളനത്തിൽ. അവിടത്തെ ആയുധപരിശീലന ക്യാമ്പിലും ഉണ്ടായിരുന്നു. പക്ഷേ അന്നൊന്നും വിശദമായി സംസാരിക്കാൻ സാധിച്ചില്ല. ഹിന്ദുരാഷ്ട്രയുടെ കോപ്പി അവിടെവെച്ചാണ് ഞാൻ കണ്ടത്. നമ്മുടെ ആശയപ്രചാരണത്തിന് പത്രം ആവശ്യമാണ്.''
''ഡോക്ടർ പറഞ്ഞത് ശരിയാണ്.'' ഗോഡ്സെ തലയാട്ടി.
''ഹിന്ദുരാഷ്ട്രയുടെ എഡിറ്റോറിയലുകൾ സമാഹരിച്ച് പുസ്തകരൂപത്തിലാക്കണം. പലതും ഞാൻ വായിച്ചിട്ടുണ്ട്.''
''അങ്ങനെ ഒരു ആലോചനയുണ്ട്.'' ഏറെനേരം സംസാരം നീണ്ടുപോയി. ദന്തവതെ വരാതായപ്പോൾ ഗോഡ്സെക്ക് തല പെരുക്കാൻ തുടങ്ങി. അയാളുടെ അസ്വസ്ഥത കണ്ടു ഡോ. പാർച്ചുറെ ചോദിച്ചു: ''മൈഗ്രെയ്ൻ ഉണ്ട് അല്ലെ?''
''ഇടക്ക് ഉണ്ടാവാറുണ്ട്.''
''ഹോമിയോപ്പതിയിൽ പരിഹാരമുണ്ട്. പോകുമ്പോൾ മരുന്ന് കുറിച്ച് തരാം.''
സൂര്യൻ അസ്തമിച്ചു തുടങ്ങിയതും ദന്തവതെ വന്നു.
''ഒരുപാടു വൈകിയല്ലോ, സാധനം കിട്ടിയില്ലേ?'' ഡോ. പാർച്ചുറെ ദേഷ്യത്തോടെ ചോദിച്ചു.
ദന്തവതെ അരയിൽനിന്നും ഒരു ഓട്ടോമാറ്റിക് പിസ്റ്റൾ എടുത്തു നീട്ടി. കറുത്ത മെറ്റൽ, ഒതുക്കമുള്ള ഡിസൈൻ.
''ഇതെവിടുന്നു ഒപ്പിച്ചു? കൊള്ളാം.'' ഡോക്ടർ തോളിൽ തട്ടി അഭിനന്ദിച്ചു. കണ്ണുകളിലേക്കു നോക്കി രോഗം തിരിച്ചറിയുന്നതുപോലെ തന്നെ ആയുധങ്ങളുടെ ശേഷിയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ഡോ. പാർച്ചുറെക്കു കഴിവുണ്ടായിരുന്നു.
''ആയുധവ്യാപാരി ജഗദീഷ് പ്രസാദ് ഗോയലിന്റെ കൈയിൽനിന്നു ഒപ്പിച്ചതാണ്. ഉഗ്രൻ സാധനമാണ്. 9 MM ബെരേറ്റ. സെമി ഓട്ടോമാറ്റിക് പിസ്റ്റൾ.''
ഇതുകേട്ടതോടെ ഗോഡ്സെയുടെ കണ്ണ് വിടർന്നു. തലവേദന പമ്പകടന്നു. അയാൾക്ക് അതിയായ സന്തോഷം തോന്നിയെങ്കിലും മുഖത്തു പ്രതിഫലിച്ചില്ല. ആപ്തെക്കു തോക്കു തൊടാൻ തോന്നി. അതിന്റെ തിളക്കം അത്രത്തോളം ആകര്ഷകമായിരുന്നു. ഗോഡ്സെ തോക്കു വാങ്ങി തലോടി. നന്നായി പരിശോധിച്ചശേഷം തോക്കിന്റെ കുഴലിൽ എഴുതിയത് വായിച്ചു, മനഃപാഠമാക്കി.
''ഗോയൽ 500 രൂപയാണ് ചോദിക്കുന്നത്. ഇതിൽ ഒമ്പതു ഉണ്ടകൾ നിറച്ചിട്ടുണ്ട്. കൂടുതലായി ഏഴു തിരകളും തന്നിട്ടുണ്ട്'', ദന്തവതെ പറഞ്ഞു.
നാരായൺ ആപ്തെക്കും ഗോഡ്സെക്കും പണം പ്രശ്നമായിരുന്നില്ല. എന്നിട്ടും അവർ വിലപേശി.
''300 രൂപ കൊടുക്കാം. പകരം ഞങ്ങളുടെ കൈയിലുള്ള നാടൻതോക്കും തരാം.''
''അങ്ങനെ ഒരു കൈമാറ്റത്തിന് ഗോയൽ സമ്മതിക്കുമെന്ന് തോന്നുന്നില്ല, ഞാൻ എന്തായാലും അദ്ദേഹത്തെ വിളിപ്പിക്കാം.''
''ഡോക്ടർ ഇടനില നിൽക്കുമെങ്കിൽ കാര്യം നടക്കും. ഗോയലിനോട് ഒന്ന് സംസാരിക്കാമോ. ബാക്കി 200 രൂപ കൊടുക്കുന്നതുവരെ ഒരു ഈടെന്നനിലയിൽ ഈ നാടൻ തോക്കു വെച്ചോട്ടെ'', ഗോഡ്സെ പറഞ്ഞു.
വലിയ ദൗത്യമാണ് ഈ ചെറുപ്പക്കാർ നിർവഹിക്കാൻ പോകുന്നത്. ഒരുപാടു ദൂരം യാത്രചെയ്തു വന്നതാണ്. ഡോക്ടര്ക്ക് ഗോഡ്സെയോട് സഹതാപം തോന്നി. സ്നേഹം തോന്നി. അയാൾ ജഗതീഷ് പ്രസാദ് ഗോയലിനോട് സംസാരിക്കാമെന്നേറ്റു.
തോക്ക് ടെസ്റ്റ് ചെയ്തശേഷം ഡോ. പാർച്ചുറെ നൽകിയ ഉറപ്പിന്മേൽ ദന്തവതെ, ഇരുവരെയും കൂട്ടി ഗോയലിനെ കാണാൻ പോയി.
തോക്കു സ്വന്തമാക്കി മൂവരും തിരിച്ചുവരുമ്പോൾ ടോങ്കയിൽ ഇരുന്നു ഗോഡ്സെ മാരകായുധത്തിന്റെ ജാതകം മനസ്സിൽ വായിച്ചു.
തോക്കിന്റെ കുഴലിൽ എഴുതിയത്...
P Beretta? CL.9 coroto-M*? 1934 Brevettato
Gardone VT. 1937 -X V
തോക്കിന്റെ പിടിയിൽ എഴുതിയത്...
The Monogram PB
Sr. NO. 606824
അടുത്തിരുന്ന നാരായൺ ആപ്തെയുടെ വലിയ പോക്കറ്റിൽ കിടന്നു ഏഴു തിരകൾ മരണകാവ്യമെഴുതി.
ആകാശത്ത് നക്ഷത്രങ്ങൾ കുറവുള്ള രാത്രിയായിരുന്നു. അവർ ഡോക്ടർക്കൊപ്പം നേരത്തേ അത്താഴം കഴിച്ചു. അനുഗ്രഹം വാങ്ങി പത്തരക്ക് മുമ്പ് ഗ്വാളിയോർ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. രണ്ടുമണിക്കായിരുന്നു ബോംബെ-അമൃത്സർ എക്സ്പ്രസ്. രാത്രിക്കു നല്ല തണുപ്പായിരുന്നു. വണ്ടി മൂന്ന് മണിക്കൂർ വൈകിയാണ് ഗ്വാളിയോർ സ്റ്റേഷനിൽ എത്തിയത്. ഇതിനിടയിൽ തണുപ്പകറ്റാൻ നാരായൺ ആപ്തെ മുമ്പ് പ്രാപിച്ച തെരുവു വേശ്യയുടെ അടുത്തുപോയി നേരം പോക്കി.
മനുഷ്യരെ നിർമിക്കുന്ന ഫാക്ടറിപോലെയായിരുന്നു ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷൻ. കാർക്കറെ അവിടെ തലചായ്ക്കാൻ ഇടംകിട്ടാതെ ബാഗുമായി അലഞ്ഞുനടന്നു. അസഹ്യമായ തണുപ്പിൽ അഭയാർഥികൾ ശരീരങ്ങളുടെ ചൂടുപറ്റി കിടന്നു. അനേകം മനുഷ്യരുടെ വിയർപ്പിന്റെയും കണ്ണീരിന്റെയും കലർപ്പാർന്ന മണം സഹിച്ചുകൊണ്ട് വിഷ്ണു കാർക്കറെ അവസാനം ഒരിടം കണ്ടെത്തി. നേരം വെളുക്കാനായി നിദ്ര പിടിച്ചു.
(തുടരും)