9mm ബെരേറ്റ -നോവൽ
തടങ്കൽ കേന്ദ്രം പരിശുദ്ധ ജലം ഒഴുകുന്ന അനേകം അരുവികൾ എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതി; ജലത്തിന് മിക്കപ്പോഴും ചുവപ്പുനിറമാണ്. വെടിയേറ്റ് വീഴുന്ന മനുഷ്യരുടെ രക്തത്തിന്റെ നിറം. അവിടമാകെ മാറിപ്പോയിരിക്കുന്നു. മഞ്ഞുകാലം കഴിഞ്ഞാലും മരങ്ങൾക്കെല്ലാം വിഷാദമാണ്. കൊടും ശൈത്യത്തിലും വരാറുള്ള മൈനകളെ ഇപ്പോൾ കാണാറേയില്ല. ഇവിടത്തെ പ്രകൃതിയോടും...
Your Subscription Supports Independent Journalism
View Plansതടങ്കൽ കേന്ദ്രം
പരിശുദ്ധ ജലം ഒഴുകുന്ന അനേകം അരുവികൾ എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതി; ജലത്തിന് മിക്കപ്പോഴും ചുവപ്പുനിറമാണ്. വെടിയേറ്റ് വീഴുന്ന മനുഷ്യരുടെ രക്തത്തിന്റെ നിറം. അവിടമാകെ മാറിപ്പോയിരിക്കുന്നു. മഞ്ഞുകാലം കഴിഞ്ഞാലും മരങ്ങൾക്കെല്ലാം വിഷാദമാണ്. കൊടും ശൈത്യത്തിലും വരാറുള്ള മൈനകളെ ഇപ്പോൾ കാണാറേയില്ല. ഇവിടത്തെ പ്രകൃതിയോടും പാവം മനുഷ്യരോടും എന്തിനാണ് നിങ്ങൾ ഇത്രയും ക്രൂരമായി പെരുമാറുന്നത്. കാശ്മീരിനു പുറത്തും കാശ്മീരികൾക്കു ൈസ്വരജീവിതമുണ്ടോ?
അജ്ഞാത തടങ്കൽ കേന്ദ്രത്തിൽ എത്തിയതും ആബിയ മഖ്ധൂമിക്കു കരച്ചിൽ വന്നു. നിറവയറാണ്, കാലിൽ നീരുണ്ട്. സഹായത്തിനാരുമില്ല. ഉമ്മി തന്നെ കാണാഞ്ഞു ആധിപിടിച്ചു കിടപ്പിലായി കാണുമെന്നവൾ പേടിച്ചു.
വെളിച്ചമൊന്നുമില്ലാത്ത മുറിയിൽ കട്ടിലും ഭക്ഷണം കഴിക്കാനുള്ള വസിയും വെള്ളം നിറച്ചുവെച്ച ഒരു കൂജയും ഗ്ലാസും ഇരുമ്പു ബക്കറ്റും പുതിയതായി പിടിപ്പിച്ചതെന്ന് തോന്നിക്കുന്ന പുത്തൻ യൂറോപ്യൻ ക്ലോസെറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തടവറയില് ഉണ്ടാവുന്നതുപോലുള്ള വെന്റിലേറ്ററിലൂടെ പകൽ വെളിച്ചം അരിച്ചിറങ്ങും. അല്ലാത്തപ്പോഴൊക്കെ മുറിയിൽ മഞ്ഞവെളിച്ചമായിരിക്കും. പൊടിപിടിച്ച ബൾബിൽനിന്നുള്ള പ്രകാശം എപ്പോഴും ഉണ്ടാവും. ആ ബൾബിന്റെ സ്വിച്ച് മുറിയിൽ ഇല്ല. ആ വൃത്തികെട്ട വെളിച്ചം ഓഫ് ചെയ്യാമെന്നു വെച്ചാലും സാധിക്കില്ല. വസികൊണ്ടു ബൾബ് അടിച്ചുപൊട്ടിക്കണമെന്നു ചില നേരങ്ങളിൽ തോന്നാറുണ്ട്. പേക്ഷ, വയറ്റിൽ വളരുന്ന കുഞ്ഞിന്റെ മാനസികാവസ്ഥയെ കരുതി ഞാൻ ക്ഷമിക്കുന്നു. സ്വയം നിയന്ത്രിക്കുന്നു. എന്നെ തടവിൽവെച്ചിട്ടു ഇവർ ഈ ലോകത്തോട് എന്താണ് ചെയ്യാൻ പോകുന്നത്?
ആബിയ മഖ്ധൂമി കൂജയിൽനിന്ന് വെള്ളം എടുത്തു കുടിച്ചു. പുതിയ തടവുമുറിയിൽ അവളും ഓർമകളും മാത്രമേയുള്ളൂ എന്നാണ് വിചാരിക്കാറ്. പേക്ഷ, വയറിന്റെ ഉള്ളിൽനിന്ന് അനക്കം അനുഭവപ്പെടുമ്പോൾ, ഈ ലോകത്തെ സ്വപ്നം കാണുന്ന മറ്റൊരാൾ തനിക്കൊപ്പം ഉണ്ടെന്നു ആബിയക്ക് സമാധാനക്കേട് തോന്നും.
രണ്ടു ദിവസം കൂടുമ്പോൾ കിളിവാതിൽ വഴി അണിയാനുള്ള കുപ്പായം എറിഞ്ഞുകിട്ടും. ഉടുത്തത് മുഷിയുമ്പോൾ അവൾ ഒരു മൂലയിലേക്ക് മാറിനിന്നു ഉടുപ്പ് മാറും. ആ സമയത്താണ് മഞ്ഞ ബൾബിന്റെ വെളിച്ചം അവളെ കൂടുതൽ അലട്ടുക. മുറിയിൽ തനിച്ചാണെങ്കിലും ചിലതെല്ലാം ചെയ്യുമ്പോൾ ഒരു മറ വേണ്ടേ! അഴിച്ചുമാറ്റുന്ന വസ്ത്രം ചുരുട്ടിക്കൂട്ടി അതേ കിളിവാതിലിലൂടെ എറിഞ്ഞുകൊടുക്കും. പുറത്ത് ആരാണാവോ തനിക്കായി ഇതെല്ലാം ചെയ്യുന്നത്? അവർ ഒളികണ്ണിട്ടു താൻ ഉറങ്ങുന്നതും ഉണരുന്നതും നോക്കുന്നുണ്ടാകുമോ? ഈ നടപ്പു ഇനി എത്രകാലം തുടരും. അമ്മയാവാൻ ഇനി എത്രനാൾ കൂടിയുണ്ട്. അതുവരെ തളരാതെ ജീവിതം നീട്ടികിട്ടുമോ? തലപെരുകുന്ന നിമിഷം ആഭിയ ചുമരിൽ വിരൽകൊണ്ട് സ്നേഹം എന്നെഴുതും. ഉമ്മി എന്നെഴുതും. കുപ്പ്വാര എന്നെഴുതും. ആശ്വാസം കണ്ടെത്താനുള്ള വഴികൾ തീയിൽ ചവിട്ടിനിൽക്കുമ്പോഴും മനുഷ്യർ കണ്ടെത്താതിരിക്കില്ലലോ. ആബിയ വിരലെഴുത്തിലാണ് അതിജീവനം സാധ്യമാക്കുന്നത്!
താൻ തളർന്നു ഉറങ്ങിക്കിടക്കുമ്പോൾ, ഇരുളിൽ മറഞ്ഞുകിടക്കുന്ന പ്രധാന വാതിൽ തുറന്നു ആരോ അകത്തു കയറുന്നുണ്ട്. ഉറങ്ങി എഴുന്നേൽക്കുമ്പോൾ കാണുന്ന പൊതിച്ചോറും മറ്റു ഭക്ഷണസാധനങ്ങളും അങ്ങനെ കയറുന്നവർ കൊണ്ടുവെക്കുന്നതാവും. തന്നെ നശിപ്പിച്ച ആൾതന്നെയാവുമോ അകത്തു വരുന്നത്? ഇനി അയാളെ നേരിൽ കിട്ടിയാൽ വസികൊണ്ടു തലക്കടിച്ചു അൽപമെങ്കിലും ആശ്വാസപ്പെടണം. നീരുവന്ന കാലും മുഖവും പ്രാണന്റെ പിടച്ചിലും ആ ചെകുത്താന്റെ സംഭാവനയാണ്. ആബിയ ചുമരിൽ വിരൽകൊണ്ട് ആസാദി എന്നെഴുതി. പിന്നെ വിരലുകൾക്ക് വേഗത കൂട്ടി. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്ന് ചുമർ നിറച്ചു. ചുമരിൽ എഴുതിയ അക്ഷരങ്ങൾ മിന്നാമിന്നുകളായി. ഉയരമുള്ള മുറിയിൽ അവ നിറഞ്ഞു. ആ പ്രകാശവലയത്തിൽ ആബിയ സന്തോഷത്തോടെ ഒരു നിമിഷം, സ്വയം വിമാനമാകുന്ന കുസൃതിക്കുട്ടിയെപ്പോലെ ചിറകുവിരിച്ചു കറങ്ങി. പുറത്തു വെളിച്ചം കെടുമ്പോൾ ഉള്ളില്നിന്നു ഉൽപാദിപ്പിക്കപ്പെടുന്ന ഭാവനയുടെ പ്രകാശങ്ങൾ ആർക്കും കെടുത്താനാവില്ല. അതിന്റെ സ്വിച്ച് അവനവന്റെ ഹൃദയത്തിൽ തന്നെയാണുള്ളത്. ആബിയ അന്ന് നേരത്തേ ഉറങ്ങിപ്പോയി.
"വര്ഷങ്ങളായി യുവത്വം തെരുവിലിറങ്ങിയ സ്ഥലത്തുനിന്നാണ് ഞാൻ വരുന്നത്. ഭൂമിയിലെ സ്വർഗമായിരുന്നു അവിടം. പക്ഷേ തോക്കുകൾ...കല്ലേറുകൾ... സമാധാനാന്തരീക്ഷം നശിപ്പിച്ചു.
ഭൂമിയിലെ സ്വർഗം നരകമായി. ഇതിനു ഉത്തരവാദികൾ ഭരണകൂടമാണ്. ഒരു അനുഭവം പറയാം, ഒരിക്കൽ ഞാനും ഭായിജാനും റാവൽപോര വരെ പോയി. വീട്ടിൽനിന്നും നല്ലദൂരം ഉണ്ടായിരുന്നു. SMHS ആശുപത്രിയിൽ കിടക്കുന്ന അയൽവാസിയെ കാണാൻ പോയതാണ്. റോഡിന്റെ ഇരുവശത്തും പാരാമിലിറ്ററി ജവാന്മാർ ഉണ്ടായിരുന്നു; പൊലീസും. അവരുടെ പക്കൽ riot -gear ഉണ്ടായിരുന്നു. തോക്കുകളും ടിയർ ഗ്യാസ് കാനുകളും അവരുടെ തോളിൽ തൂങ്ങിക്കിടന്നു. തെരുവോരത്ത് പച്ചക്കറിവിൽപനക്കാരായ രണ്ടു സ്ത്രീകൾ മാത്രമേയുണ്ടായിരുന്നുള്ളൂ. കടകൾ എല്ലാം അടഞ്ഞുകിടപ്പായിരുന്നു. ഒരു മെഡിക്കൽ സ്റ്റോർ മാത്രം പാതി ഷട്ടർ ഇട്ട നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
"റാവൽപോരയും സനാട്ട് നഗറും സാധാരണ ഗതിയിൽ ശാന്തമായ ഇടങ്ങളാണ്. പേക്ഷ, ഇവിടെ എന്തോ പന്തികേടുണ്ട്'', ബൈക്ക് ഓടിക്കുന്നതിനിടയിൽ ഭായിജാൻ പറഞ്ഞു. ഞാൻ പേടിച്ചുകൊണ്ടു ഭായിജാന്റെ തോളിൽ മുറുകെ പിടിച്ചിരുന്നു. നട്ടുച്ചക്കാണ് ഞങ്ങൾ ആശുപത്രിയിൽ എത്തിച്ചേർന്നത്.
ആശുപത്രി, രോദനവും പിറുപിറുപ്പുകളുംകൊണ്ട് മുഖരിതമായിരുന്നു. മുമ്പെല്ലാം പരിക്ക് പറ്റിയ പ്രതിഷേധക്കാരെ, അറസ്റ്റ് ഭയന്ന് സർക്കാർ ആശുപത്രികളിൽ കൊണ്ടുവരാറില്ലായിരുന്നു. ഇപ്പോൾ എല്ലാ ആശുപത്രികളും നിറഞ്ഞതിനാലാവാം നിവൃത്തിയില്ലാതെ പ്രതിഷേധക്കാർ ഇവിടെ അഡ്മിറ്റ് ആയത്.
ഞങ്ങൾ നേരെ പോയത് പെല്ലറ്റ് ഗൺകൊണ്ട് ദാരുണമായി മുറിവേറ്റവരെ കിടത്തിയ പ്രത്യേക വാര്ഡിലേക്കാണ്. 12 വയസ്സുകാരനായ ഞങ്ങളുടെ അയൽവാസി ഐജാസ് അവിടെയാണുണ്ടായിരുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി സുരക്ഷാസേന ഉപയോഗിക്കുന്ന പ്രത്യേക തരം തോക്കാണ് പെല്ലറ്റ് ഗൺ. ഈ റൈഫിളിൽ നാല് കാർട്ടേജുകളാണ് ഉണ്ടാവുക. നിങ്ങള്ക്കറിയാമോ, ഒരു കാർട്ടേജ് പുറത്തുപോയി പൊട്ടുമ്പോൾ അതിൽനിന്ന് 600 ചെറിയ മെറ്റൽ ബോളുകൾ ചിതറും.
മണിക്കൂറിൽ 1100 കിലോമീറ്ററാണ് അതിന്റെ വേഗത!
മുഖത്തു വെടികൊണ്ടവരായിരുന്നു വാർഡിൽ അധികവും. പലർക്കും കണ്ണ് നഷ്ടപ്പെട്ടിരുന്നു. ഐജാസിന്റെ മുഖം ബാൻഡേജ് ചെയ്തിരുന്നു. ഖബറിലേതുപോലെ പതുങ്ങിയതും മൗനം നിറഞ്ഞതുമായ സംസാരം എന്നെ പേടിപ്പെടുത്തി. വാർഡ് നിറയെ നൂറുകണക്കിന് മുറിവേറ്റവരുണ്ടായിരുന്നു. ചെറുപ്പക്കാരും കുട്ടികളുമായിരുന്നു അധികവും.
''കശ്മീർ മുഴുവനും രക്തസാക്ഷികളുടെ ഖബർസ്ഥാനാണ്'' ഭായിജാന്റെ സുഹൃത്ത് തോളിൽ തലവെച്ചു വിതുമ്പി. അയാളുടെ അനിയന് ഇനി ഒരിക്കലും കശ്മീർ കണ്ണുകൊണ്ടു കാണാനാവില്ല!
''കാഴ്ച നഷ്ടപ്പെട്ട ആയിരക്കണക്കിന് യുവാക്കൾ കാശ്മീരിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ്. നിങ്ങൾക്കിത് സങ്കൽപിക്കാൻ കഴിയുമോ? കാഴ്ചയില്ലാത്തവരുടെ ഗ്രാമം, അർധവിധവകളുടെ ഗ്രാമം. ഭരണകൂടത്തിന്റെ ക്രൂരതകളുടെ അടയാളമായി അവർ ഈ ഭൂമികയിൽതന്നെ ഉണ്ടാവും. കുടുംബത്തിനും സമൂഹത്തിനും സഹതാപം മാത്രമേ അവർക്ക് നൽകാനാവൂ. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളെ സ്റ്റേറ്റ് കൊന്നുകളയുന്നതിങ്ങനെയാണ്.
ഒരു വരാന്തക്ക് അപ്പുറത്തായിരുന്നു സർജറി ബ്ലോക്ക്. അവിടെ കൂടുതൽ വെളിച്ചമുണ്ടായിരുന്നു. വളരെ അധികം രോഗികൾ സർജറിക്കായി കാത്തുകെട്ടി കിടപ്പുണ്ട്. പലരുടെയും ബന്ധുക്കൾക്ക് ആശുപത്രിയിൽ എത്താൻപോലുമായിട്ടില്ല. കാരണം, ഗതാഗതസൗകര്യം തടസ്സപ്പെട്ടിരിക്കുകയാണ്.
ഐജാസിനെ പാരാമിലിട്ടറി സെൻട്രൽ റിസർവ് പൊലീസുകാർ മാരകമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ സർപഞ്ച് ഇടപെട്ടിട്ടാണ് ഐജാസിനെ മോചിപ്പിച്ചു ആശുപത്രിയിൽ എത്തിക്കാനായത്.
''ഇരുപത്തിയഞ്ചു കിലോമീറ്റർ നടന്നാണ് ഞാനിവിടെ എത്തിയത്. അവന്റെ അവസ്ഥ കണ്ട് ഞാൻ തളർന്നുപോയി. രണ്ടു ദിവസം കഴിഞ്ഞു ഞാൻ വീട്ടിൽ ചെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞു. നമ്മുടെ ഐജാസ് മരിച്ചിട്ടില്ല. പേക്ഷ, അവനിനി ആരെയും കാണാൻ സാധിക്കില്ല. വണ്ടിയൊന്നും കിട്ടാത്തതിനാൽ ഞാൻ തിരിച്ചും ആശുപത്രിയിലേക്ക് നടന്നുതന്നെയാണ് എത്തിയത്'', ഐജാസിന്റെ സഹോദരൻ വിതുമ്പി.
''ഞാനൊന്നു ചോദിക്കട്ടെ... സമരം ചെയ്യുന്നവരെ, പ്രതിഷേധിക്കുന്നവരെ നിങ്ങൾ രണ്ടാംതരം പൗരന്മാരായാണോ കാണുന്നത്? രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടാവുന്നുണ്ട്. ഹരിയാനയിൽ ജാട്ടുകൾ തെരുവിലിറങ്ങി, കർഷകർ വലിയ സമരങ്ങളിൽ ഏർപ്പെട്ടു. അവരെയൊക്കെ പിരിച്ചുവിടാൻ പൊലീസ് പെല്ലറ്റ് ഗൺ ഉപയോഗിക്കാറുണ്ടോ? ഇല്ല. എന്തുകൊണ്ട് ഞങ്ങൾക്കെതിരെ മാത്രം ഉപയോഗിക്കുന്നു. കാരണം വളരെ വ്യക്തമാണ്. ഞങ്ങളുടേതൊരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ്! എങ്കിലും പ്രതിഷേധം അടങ്ങുകയില്ല. ഞങ്ങൾ തോൽക്കുകയില്ല. കർഫ്യൂ കാരണം തെരുവുകളും കടകളും അടഞ്ഞുകിടന്നാലും ഞങ്ങൾ അതിജീവിക്കും. മൂന്നുമാസത്തേക്കുള്ള റേഷനൊക്കെ കരുതിവെച്ചാണ് ഞങ്ങളിപ്പോൾ കഴിയുന്നത്.
കാകാപോരയിൽനിന്നുള്ള മൂന്നുപേര് അന്നത്തെ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടിരുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലയാണ് പിന്നെ നടന്നത്. പേക്ഷ, കുറെ പേരുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്കായി. എല്ലാ പ്രായത്തിലുള്ളവരും വീടുവിട്ട് എൻകൗണ്ടർ നടക്കുന്ന സ്ഥലത്തേക്ക് പോയി കല്ലെറിയും. അതിനാലിപ്പോൾ പൊലീസ് ഞങ്ങളുടെ ഏരിയയിലേക്ക് വരാറില്ല. എങ്കിലും ആധി ഒഴിഞ്ഞുപോയിട്ടില്ല. രാത്രികാലങ്ങളിലാണ് പൊലീസിപ്പോൾ ജനങ്ങളെ പിടിച്ചുകൊണ്ടുപോകുന്നത്. ഇതു പതിവായപ്പോൾ ഞങ്ങൾ പള്ളികളിലെ ലൗഡ്സ്പീക്കറിലൂടെ വിളിച്ചുപറയും. ജനങ്ങൾ ഉണരും. എല്ലാവരും വീടുകളിൽനിന്ന് പ്രതിഷേധിക്കാൻ ഇറങ്ങിവരും. സ്വയം രക്ഷിക്കാൻ ഞങ്ങളുടെ ജനതക്ക് എപ്പോഴും ഉണർന്നിരിക്കേണ്ടതുണ്ട്. സത്യത്തിൽ ഭരണകൂടത്തിന്റെ തോക്കുകൾ ഞങ്ങളുടെ സുഖനിദ്രക്കു വേണ്ടിയാണ് കാവൽ നിൽക്കേണ്ടത്. നിർഭാഗ്യവശാൽ കാശ്മീരിൽ അത് നേരെ തിരിച്ചാണ്.''
ആശുപത്രിയിൽനിന്നും പുറത്തുകടക്കുമ്പോൾ ഞങ്ങൾ, പൊടുന്നനെ ഉയർന്നുവന്ന ആരവങ്ങൾ കേട്ടു. ഭായിജാൻ എന്നെ ചേർന്ന് നടന്നു.
''നാരാ-ഈ-തക്ബീർ, അല്ലാഹു അക്ബർ...''
ആശുപത്രി ഗേറ്റിനരികിലേക്കു നടന്നുവരുന്ന ഒരു പയ്യന്റെ ചുറ്റിലും ആൾക്കാർ നിൽക്കുന്നു. അവർ മുദ്രാവാക്യം വിളിക്കുകയാണ്. ഞങ്ങൾ പുറത്തേക്കുള്ള കവാടം ലക്ഷ്യമാക്കി നീങ്ങി. പയ്യനെ അടുത്ത് കണ്ടു. പതിനഞ്ചിൽ താെഴയേ പ്രായമുള്ളൂ. അവന്റെ മുഖം നീരുവെച്ചു വീർത്തിരുന്നു. കടന്നൽ കുത്തിയതുപോലുണ്ട്. അവൻ ടി ഷർട്ട് ഊരി, ആൾക്കൂട്ടത്തിലേക്കു നോക്കി കൈകൾ ഉയർത്തിയപ്പോൾ ഞാൻ വല്ലാതായിപ്പോയി. അവന്റെ ശരീരം മുഴുവനും ചുവന്ന പൊട്ടുകൾ. പെല്ലറ്റുകൾകൊണ്ട് മുറിവേറ്റതാണ്! അവൻ ആവേശത്തോടെ ആശുപത്രിക്കകത്തേക്കു നടന്നുകയറിയതും ആൾക്കൂട്ടം പിരിഞ്ഞുപോയി. ഇത്തരം വ്യവസ്ഥിതിയിൽ ഇനിയവന് വിശ്വാസം ഉണ്ടാവുമോ? ഭരണകൂടത്തിന്റെ ഇരകളാണ് വിഘടനവാദത്തിലേക്ക് വേഗം ആകർഷിക്കപ്പെടുന്നത്. തീവ്രവാദികളാകുന്നത്. എനിക്കവരോടും താൽപര്യമില്ല. കാരണം, അവരും തോക്കേന്തുന്നവരാണ്. ആയുധം സമാധാനത്തിന്റെ മാർഗമല്ല, ജനാധിപത്യത്തിന്റെയും മാർഗമല്ല. ഇരുകൂട്ടരുടെയും തോക്കുകൾക്കിടയിലാണ് സാധാരണക്കാരന്റെ ജീവിതം. വിഘടനവാദി നേതാക്കളുടെ മക്കൾ എല്ലാം പഠിക്കുന്നത് വിദേശത്താണ്. ഇവിടത്തെ തെരുവുകളിൽ അവരുടെ കൂടപ്പിറപ്പുകളോ മക്കളോ വെടിയേറ്റ് മരിക്കുന്നില്ല. നമ്മുടേത് മഹാനായ ഗാന്ധിജിയുടെ നാടാണ്. അഹിംസയുടെ സമരപാരമ്പര്യമുള്ള നാടാണ്. ചെറുപ്പക്കാർ തെരുവിൽ ഇറങ്ങുന്നത് ആവശ്യങ്ങൾ നേടിയെടുക്കാനാണ്. തെരുവിൽനിന്നാണ് സ്വാതന്ത്ര്യബോധമുണ്ടാവുന്നത്. തെരുവാണ് രാജ്യം!
''ജയ് ഹിന്ദ്."
ചുറ്റിലും നിലക്കാത്ത കൈയടികൾ ഉയർന്നു. ആബിയ മഖ്ധൂമി ഉണർന്നു. പെല്ലറ്റിന്റെ ഫയറിങ്ങാണെന്ന് പേടിച്ച, മുഖം അവൾ കൈകൊണ്ടു തുടച്ചു. കട്ടിലിൽ നിവർന്നിരുന്നു ശക്തിയായി ശ്വാസമെടുത്തപ്പോഴാണ്, മുംബൈയിൽ ചെയ്ത പ്രസംഗം ഉറക്കത്തിൽ ആവർത്തിച്ചതാണെന്നു സ്വബോധമുണ്ടായത്.
ഠഠഠ
കറപിടിച്ച വാതിലിന്റെ ഒച്ചക്കൊപ്പം പകൽവെളിച്ചവും വിശാലമായ മുറിയിലേക്ക് എത്തിനോക്കി. മൂന്നുപേർ വാതിൽ തുറന്ന് അകത്തേക്ക് കയറിയതാണ്. ആബിയക്ക് അവരുടെ മുഖം കാണാനായില്ല. മൂന്ന് കറുത്ത രൂപങ്ങൾ വെളിച്ചം മറഞ്ഞുനിൽപാണ്. സ്വാമി ശിവാനന്ദ അടുത്തേക്ക് വന്നു. പിന്നാലെ പ്രകൃതി ഠാക്കൂറും. ഇരുവർക്കും കാവൽ നിൽക്കുന്നതുപോലെ ഒരു തടിയൻ പിന്നിൽ നിൽപ്പുണ്ടായിരുന്നു. ആബിയ കണ്ണുമിഴിച്ചു അവരെ നോക്കി. എന്തുപറയണമെന്നു അവൾക്കൊരു നിശ്ചയവും ഉണ്ടായില്ല.
''മോള്ക്ക് സുഖമാണോ?'', കൈകൾ പിണച്ചുവെച്ചു സ്വാമി ശിവാനന്ദ പുഞ്ചിരിയോടെ ചോദിച്ചു.
ആബിയ ഇടത്തേ കൈകൊണ്ടു വയറുതാങ്ങിപ്പിടിച്ചുകൊണ്ട് സ്വാമിയുടെ കണ്ണിൽ തുറിച്ചുനോക്കി, ഇപ്പോൾ വിതുമ്പുമെന്ന് തോന്നിക്കുന്ന ഭാവത്തോടെ ഉറക്കെ പറഞ്ഞു:
''ഇത്ര ക്രൂരമായി ക്ഷേമം അന്വേഷിക്കുന്ന ഒരാളെ ഞാനാദ്യം നേരിടുകയാണ്.''
സ്വാമി ചിരിച്ചു. "ഈയവസ്ഥയിൽ കോപം നല്ലതല്ല മകളെ.'' അവൾ ഒന്നും മിണ്ടിയില്ല. തലതാഴ്ത്തിനിന്ന്, വിരലുകള്കൊണ്ടു വള്ളിച്ചെരിപ്പ് ബലമായി കെട്ടി പിണച്ചു.
''എന്നെ എന്തിനാണിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്?''
''നിന്നെ രക്ഷിക്കാനാണ് ഞങ്ങൾ വന്നത് !'' പ്രകൃതി ഠാക്കൂർ പറഞ്ഞു. അവരുടെ കാഷായവസ്ത്രം വിയർപ്പു നനവിൽ ചിലയിടങ്ങളിൽ നിറം കടുത്തിരുന്നു.
''ഏതാനും ദിവസങ്ങൾക്കുള്ളിൽ നിനക്ക് പുറംലോകം കാണാം. ഈ അവസ്ഥയിൽ കുപ്പ്വാരയിലേക്കു നിനക്ക് പോകാനാകുമോ? യൂനിവേഴ്സിറ്റിയിലേക്കു തിരിക്കാനാകുമോ? ഇല്ല, അതിനാൽ നിന്നെ സംരക്ഷിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. നീ നേരാംവണ്ണം മരുന്ന് കഴിക്കാത്തതെന്താണ് മകളേ... സ്വന്തം ശരീരത്തോട് ചതിചെയ്യുന്നതു നീതിയല്ല.'' സ്വാമി വളരെ ശാന്തഭാവത്തിൽ ആബിയയെ തലോടാൻ ആഞ്ഞുകൊണ്ടു പറഞ്ഞു.
''എനിക്ക് ആരെയും വിശ്വാസമില്ല.''
''ഈ രാജ്യത്തെ നിനക്ക് വിശ്വാസമില്ലേ?''
ആബിയ വായ പൊത്തിക്കൊണ്ടു വിതുമ്പി. പ്രകൃതിക്കു വലിയ ആനന്ദമുണ്ടായി.
''നിനക്ക് കാശ്മീരിലേക്ക് പോകാൻ മോഹമില്ലേ?''
''ജന്മദേശം ആരെങ്കിലും വെറുക്കുമോ? പക്ഷേ നിങ്ങൾ അവിടെ വെറുപ്പ് വിതച്ചില്ലേ? കാശ്മീരിൽ 71,000 ആളുകൾക്ക് ഒരു വെന്റിലേറ്റർ മാത്രമേ ഉള്ളൂ. 39,000 ആളുകൾക്ക് ഒരു ഡോക്ടർ മാത്രമേ ഉള്ളൂ. പക്ഷേ, ഒമ്പതുപേർക്ക് ഒരു പട്ടാളക്കാരൻ വീതമുണ്ട്. സ്വാമി, നിങ്ങൾ ആരാണെന്നും എന്ത് ചെയ്യുന്നു എന്നും എനിക്കറിയാം. നിങ്ങളുടെ ഔദാര്യം എനിക്കാവശ്യമില്ല. ഞാൻ കുപ്പ്വാരയിലെ പെൺകുട്ടിയാണ്. സഹനം എന്റെ രക്തത്തിലുണ്ട്.''
''ഇത്രയും ആത്മവിശ്വാസമുള്ള ഒരു പെൺകുട്ടിയെ ഞാനിതുവരെ കണ്ടിട്ടില്ല. എനിക്ക് നിന്നോട് ബഹുമാനം തോന്നുന്നു ആബിയാ...'' പ്രകൃതി ഠാക്കൂർ പരിഹാസം കലർത്തി പറഞ്ഞു.
''നിങ്ങൾക്കങ്ങനെ തോന്നുന്നത് സ്ത്രീകളെ അറിയാൻ പാടില്ലാത്തതുകൊണ്ടാണ്'', ആബിയ ഒച്ചവെച്ചു.
''മോളെ നിന്നോട് തർക്കിക്കാനല്ല ഞങ്ങൾ വന്നത്. ഈയവസ്ഥയിൽ സത്ചിന്തകളാണാവശ്യം'', സ്വാമി ശിവാനന്ദ കൈകൂപ്പി. ഇരുമ്പു വാതിൽ അടഞ്ഞു. മുറിയിൽ മഞ്ഞവെളിച്ചം ബാക്കിയായി.
''ഒരു ജനതയുടെ ജീവിതം നരകമാകുന്നത് വലിയ ഗൂഢാലോചനയുടെ ഫലമാണ്.''
അവർ പോയതിനുശേഷം ആബിയയുടെ മനസ്സ് കൂടുതൽ അസ്വസ്ഥമായി.
ആബിയ ഒഴിഞ്ഞുപോയ മുറി ലക്ഷ്മൺ ഗാവന്തിന്റെ ഭാര്യ വൃത്തിയാക്കുകയായിരുന്നു. കിടക്കവിരിയും മേശമേൽ വിരിച്ച തുണിയും തട്ടിവിരിക്കുമ്പോൾ അവർക്കു കരച്ചിൽ വന്നു. ഗര്ഭത്തിന്റെ ആദ്യനാളുകളിൽ ആബിയ നിർത്താതെ ഛർദിക്കുമായിരുന്നു. അവളുടെ പുറം ഉഴിഞ്ഞുകൊടുത്തത് ലക്ഷ്മൺ ഗാവന്തിന്റെ ഭാര്യ ഓർത്തു.
ആബിയ ഇപ്പോൾ എവിടെയായിരിക്കും. മരുന്ന് കൃത്യമായി കഴിക്കുന്നുണ്ടാവുമോ? ആ പാവത്തിനെ നോക്കാൻ ആരെങ്കിലും കാണുമോ? ആബിയ ഉപേക്ഷിച്ച വസിയും ഗ്ലാസും അടുക്കളയിൽ കഴുകിവെക്കുമ്പോൾ, അതിന്റെ ഉപയോഗം അവസാനിച്ചുവെന്ന് ലക്ഷ്മൺ ഗാവന്തിന്റെ ഭാര്യ ഒരിക്കലും കരുതിയിരുന്നില്ല. ഒരുദിവസം തീർത്തും അവശനിലയിലായ ആബിയയെ അവൾ വെള്ളം ചൂടാക്കി കുളിപ്പിച്ച് കൊടുത്തിരുന്നു. എന്നിട്ട് വീട്ടിൽനിന്നും കൊണ്ടുവന്ന കണ്മഷിയെടുത്തു കണ്ണെഴുതിക്കൊടുത്തു. അവൾക്കന്ന് വല്ലാത്ത സന്തോഷം തോന്നി. അതില് പിന്നെയാണ് വീട്ടിൽ മറ്റാരും ഇല്ലാത്ത വേളയിൽ ആബിയ മനസ്സ് തുറക്കാൻ തുടങ്ങിയത്. ശിവറാം ഗോദ്ര അതെല്ലാം സി.സി.ടി.വിയിൽ കണ്ടിരിക്കും. പേക്ഷ, ആ കാമറയിൽ ചിത്രം മാത്രമേ പതിയൂ. ശബ്ദം പതിയില്ലെന്നു ആബിയ പറഞ്ഞപ്പോഴാണ് ആശ്വാസമായത്. ഇടക്ക് അവരാരും ഇല്ലാത്ത നേരത്തു ആബിയയെ പരിചരിക്കാൻ അധികം നേരം അവിടെ ചെലവഴിച്ചിരുന്നു. അവരാരും അതേപ്പറ്റി ചോദിക്കുകയോ വഴക്കുപറയുകയോ ചെയ്തില്ല. ആബിയയുടെ നാടിനെക്കുറിച്ചു കേൾക്കാൻ എനിക്കും താൽപര്യമായിരുന്നു. പേക്ഷ, അവൾ അനുഭവങ്ങൾ പറഞ്ഞുതുടങ്ങിയപ്പോൾ എനിക്കും സങ്കടമായി... എന്തൊക്കെയാണ് അവളുടെ നാട്ടിൽ നടക്കുന്നത്.
''ദീദി... പീഡിതരുടെ നരകമാണ് എന്റെ ഗ്രാമം എന്നെനിക്കു തോന്നാറുണ്ട്.'' അവൾ പറയുന്നതിന്റെ ഇടയിൽ ഒരുദിവസം ദീദി എന്ന് വിളിച്ചപ്പോൾ എനിക്കും വല്ലാത്ത അടുപ്പം തോന്നി. കാരണം, പരിഷ്കൃത മനുഷ്യരൊന്നും എന്നോട് സ്നേഹപൂർവം പെരുമാറിയിട്ടില്ല. അന്ന് വൈകുന്നേരം ഞാനവൾക്കു പച്ചമാങ്ങയും മധുരപലഹാരങ്ങളും കൊണ്ടുക്കൊടുത്തു. എന്റെ മടിയിൽ കിടന്ന് ആബിയ കുറെ സംസാരിച്ചു.
''ഞങ്ങളുടെ അയൽക്കാരനായ ഫയാസ് അഹമ്മദ് ഷായുടെ ബന്ധു അടുത്ത ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. മുക്താർ അഹമ്മദ് ഷാ. ഒരിക്കൽ അദ്ദേഹം ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ പറഞ്ഞ കാര്യമാണ്. നല്ല തിളങ്ങുന്ന കണ്ണുകളായിരുന്നു ഷാക്കുണ്ടായിരുന്നത്. അത് ഞാൻ പ്രത്യേകം ഓർക്കുന്നു. ഞാനന്ന് സ്കൂളിൽ പഠിക്കുകയാണ്. അദ്ദേഹത്തിന് 25 വയസ്സുകാണും.
14 വയസ്സുള്ളപ്പോൾ മുക്താറിനെ പട്ടാളം പിടിച്ചുകൊണ്ടുപോയി ഇരുപതു ദിവസത്തോളം പീഡിപ്പിച്ചു. ആയിടെ നടന്ന ഒരു മൈൻ സ്ഫോടനത്തിൽ മുക്താറിനു പങ്കുണ്ടെന്നു കുറ്റസമ്മതം നടത്തിച്ചു. നഗ്നനാക്കിയശേഷം തലകീഴായി കെട്ടിത്തൂക്കിയിട്ട് ജനനേന്ദ്രിയത്തിൽ ഷോക്ക് ഏൽപിച്ചുപോലും. വേദന സഹിക്കാനാവാതെയാണ് മുക്താർ ചെയ്യാത്ത കുറ്റം ഏറ്റുപറഞ്ഞത്. അഞ്ചുകൊല്ലം ജയിലിൽ കിടന്നു. ശ്രീനഗറിലെ സെൻട്രൽ ജയിലിൽ കിടന്ന് അദ്ദേഹം ബാച്ലർ ഡിഗ്രിയും മാസ്റ്റേഴ്സ് ഡിഗ്രിയും എടുത്തു. പൊലീസിന്റെ മേൽ സമ്മർദം വരുമ്പോൾ അയാളെ ഇപ്പോഴും പിടിച്ചുകൊണ്ടുപോകും. പട്ടാളത്തിന്റെ അവസ്ഥയും ഇതാണ്. ജയിലിൽ കിടക്കുന്ന 90 ശതമാനം ആളുകളും നിരപരാധികളാണ്. പേക്ഷ, ജയിൽ മോചിതരാവുമ്പോൾ പലരും തോക്കു കൈയിലെടുക്കുന്നു. തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ 11 വർഷത്തിനുശേഷം മുക്താറിനെ വെറുതെ വിട്ടു. പേക്ഷ, അപ്പോഴേക്കും അയാളുടെ കുടുംബം ശിഥിലമായിരുന്നു. ഉപ്പയുടെ പരവതാനി കച്ചവടം പൊളിഞ്ഞു. കാരണം മകനെ ഓർത്ത് അദ്ദേഹത്തിന്റെ മാനസികനില തെറ്റിയിരുന്നു. കേസ് നടത്താൻ സ്വത്തെല്ലാം അവർ വിറ്റിരുന്നു. ഇപ്പോൾ കയറി കിടക്കാൻപോലും ഒരിടമില്ല. അവസാനം മുക്താർ ഷാക്ക് സർക്കാർ ടീച്ചർ ആയി താൽക്കാലിക നിയമനം കിട്ടി. മാസം ആറായിരം രൂപ. എട്ടുപേരുടെ കുടുംബം നോക്കാൻ ഇതു തികയുമോ? ജോലി സ്ഥിരപ്പെടുമെന്ന് കാത്തിരിക്കുകയാണ് അദ്ദേഹം. പക്ഷേ, അത് കിട്ടാൻ പോകുന്നില്ല. കാരണം 12 വര്ഷം മുമ്പുള്ള മറ്റൊരു കേസിൽ മുക്താർ പ്രതിയാണെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. മുക്താർ അഹമ്മദ് ഷാ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുമ്പോൾ എന്റെ ഭായിജാനോട് പറഞ്ഞ ഒരു കാര്യം ഞാനിപ്പോഴും ഓർക്കുന്നു. ''എന്റെ കുടുംബം ദരിദ്രമാണ്. അതിനാലാണ് ഞാൻ തീവ്രവാദത്തിൽ ചേരാത്തത്. ഞാൻ കൂടി പോയാൽ കുടുംബം പട്ടിണികിടന്നു ചാവും.'' അവളുടെ ഭായിജാനെ പറ്റി പറഞ്ഞപ്പോഴാണ് ഞാൻ ശരിക്കും തളർന്നുപോയത്. അന്ന് ഭക്ഷണം കഴിക്കാൻപോലും എനിക്ക് തോന്നിയില്ല. ഒരു വലിയ കഷണം ഇറച്ചിയിൽ രണ്ടു കണ്ണുകൾ പിടയുന്നത് സങ്കൽപിച്ച് ഞാൻ പേടിച്ചു. ആ വിചാരത്തിൽനിന്ന് എനിക്ക് കുറെ ദിവസത്തേക്ക് പുറത്തുകടക്കാനായില്ല. ആബിയ നീയിതെല്ലാം എങ്ങനെയാണ് സഹിക്കുന്നത്?
അന്ന് നേരാംവണ്ണം വീട്ടുജോലി ചെയ്യാൻ ലക്ഷ്മൺ ഗാവന്തിന്റെ ഭാര്യക്കായില്ല. അവൾ അടുക്കളയിൽ കയറി, ആബിയ ഉപയോഗിച്ചിരുന്ന വസിയും ഗ്ലാസും എടുത്തു തന്റെ സഞ്ചിയിൽ വെച്ചു. ഫാനിന്റെ ചിറകിൽ പറ്റിപ്പിടിച്ച പൊടി നിർബന്ധമായും വൃത്തിയാക്കണമെന്ന് ഡൽഹിക്കു പോകുംമുമ്പു ശിവറാം ഗോദ്ര പറഞ്ഞിരുന്നു. അവൾ അന്നത് ചെയ്യാതെ വീട്ടിലേക്കു മടങ്ങി. അന്ന് രാത്രി ഉറങ്ങുന്നതിനു മുമ്പ് മരിച്ചവർക്കു നേർച്ചവെച്ച് കൊടുക്കുന്നതുപോലെ ആബിയ ഉപയോഗിച്ച വസിയിൽ ഭക്ഷണം വിളമ്പി കട്ടിലിന്റെ ചോട്ടിൽവെച്ചു. കുടിക്കാൻ ഇളം ചൂടുവെള്ളം കൊടുത്തു. പിന്നീടുള്ള രാത്രികളിലെല്ലാം ഇതു തുടർന്നപ്പോൾ അവള്ക്കു മുമ്പത്തേക്കാൾ മനഃസമാധാനമുണ്ടായി.
അലീസിയ ഗർസക്ക് യാതൊരു മനഃസമാധാനവുമുണ്ടായില്ല. വിന്റേജ് കാർ റാലി നടക്കുന്നയിടത്തു 'കില്ലർ കാർ' കാണാൻ ചെന്നപ്പോഴാണ് വൻ സ്ഫോടനം ഉണ്ടായത്. ഭാഗ്യത്തിന് അവൾ ആ പരിസരത്തുണ്ടായിരുന്നില്ല. കില്ലർ കാർ കാണണമെന്ന മോഹം അതോടെ അവസാനിച്ചു. സ്ഫോടനത്തിൽ കാർ നാമാവശേഷമായി. ഈ സംഭവത്തിനുശേഷം ഗർസക്ക് ഉറങ്ങാനായില്ല. ഡൽഹി ട്രിപ് വെട്ടിച്ചുരുക്കി എത്രയും പെട്ടെന്ന് യു.എസില് എത്തിയാൽ മതിയെന്നായി.
''തലനാരിഴക്കാണ് ഞാൻ രക്ഷപ്പെട്ടത് ശിവറാം... ജീവിതത്തിൽ ഇതു രണ്ടാം തവണയാണ്, ആദ്യം ഭൂകമ്പത്തിൽനിന്നും, ഇപ്പോൾ സ്ഫോടനത്തിൽനിന്നും...'' അലീസിയ ഗർസ സ്വയം സമാധാനിപ്പിക്കാനെന്നോണം ഇടത്തേ കൈകൊണ്ട് വലത്തേ കൈ അമര്ത്തി പിടിച്ചു.
കൊണാട്ട് പ്ലേസിലെ ഹോട്ടൽ മുറിയിൽ, ശിവറാം ഗോദ്ര അവൾക്കരികിൽ ഇരുന്നുകൊണ്ട് കഴുത്തിൽ തലോടി.
''ഭിന്ന സംസ്കാരവും വിശ്വാസവും ഉള്ളിടത്തൊക്കെ സംഘർഷവും കൊലയും ഉണ്ട്. നിനക്ക് പോറൽപോലും ഏറ്റില്ലലോ. കഴിഞ്ഞതോർത്തിനി സങ്കടപ്പെടേണ്ട.''
''മരണത്തെയല്ല എനിക്ക് ഭയം, അത് വരുന്നവഴിയാണ്.'' അലീസിയ ഗർസ അയാളുടെ കൈപിടിച്ച് മാറ്റിക്കൊണ്ട് എഴുന്നേറ്റ് ജനലരികിൽ ചെന്നുനിന്നു. 150 കോടി ജനങ്ങളുടെ പ്രതിനിധികൾ തെരുവിൽ തിക്കിത്തിരക്കി നടക്കുന്നത് കണ്ടു.
''every street is a sample of that nation. ന്യൂയോർക്കായാലും ന്യൂഡൽഹിയായാലും അതാണ് സ്ഥിതി.'' അലീസിയ ഗർസ വിചാരങ്ങളെ തെരുവിൽനിന്നു പിൻവലിച്ചപ്പോഴേക്കും ശിവറാം പിറകിൽനിന്നു അവളെ പൊതിഞ്ഞു. ഗർസ താൽപര്യമില്ലാത്തതുപോലെ കൈ വിടുവിക്കാൻ ശ്രമിച്ചു.
''എനിക്ക് വേണം'', അയാൾ പറഞ്ഞു.
''ഓൾഡ് റെയിൽവേ സ്റ്റേഷനും റെഡ് ഫോർട്ടും കണ്ടിട്ടേ ഞാൻ മടങ്ങുന്നുള്ളൂ.''
ശിവറാം ഗോദ്ര അവളിലേക്ക് കൂടുതൽ ഒട്ടിനിന്നു.
പൊടുന്നനെ തിരിഞ്ഞു അലീസിയ ഗർസ അയാളുടെ ചുണ്ടിൽ തന്റെ ചുണ്ടു കൊരുത്തു.
''ഞാൻ എന്നെന്നേക്കുമായി എന്നെ നിന്നില് ഉപേക്ഷിച്ചിട്ട് പോകുകയാണ്.'' അവൾ കുതറിമാറി കസേരയിൽ ചെന്നിരുന്നു. ശിവറാം പിന്നെയൊന്നും പറഞ്ഞില്ല. കാലിഫോർണിയയിൽവെച്ചുണ്ടായതുപോലുള്ള അഭിനിവേശമൊന്നും അയാൾക്കിപ്പോൾ ഗര്സയോടില്ല.
ഇന്നലെ രാത്രി ശിവറാമുമൊത്തുള്ള രതി വേദനാജനകമായിരുന്നു. ആദ്യമായാണ് ഗർസക്ക് ഇങ്ങനെയൊരു അനുഭവം. അയാൾ തൊടുമ്പോൾ വൈകാരികമായൊരു അകല്ച്ച. ഈ വികാരം വെറുപ്പല്ലാതെ മറ്റെന്താണ്!
(തുടരും)