9 MM ബെരേറ്റ -നോവൽ
ബുർഖ സമയം പുലർച്ചെ 3.30 കഴിഞ്ഞിരുന്നു. ഗാഢനിദ്രയിലായിരുന്ന നാഥുറാം വിനായക് ഗോഡ്സെയെ ഗാന്ധി തൊട്ടുണർത്തി. ബാപ്പുവിനെ സ്വപ്നം കണ്ടതില് അയാൾക്ക് കുറ്റബോധം തോന്നി. ഉണർവിലും ഉറക്കത്തിലും ഗാന്ധി പിടികൂടുന്നു. പുറത്തു കൊടും തണുപ്പുള്ള ഇരുട്ടായിരുന്നു. ഉറക്കം കിട്ടാനായി ഗോഡ്സെ സോക്സ് അണിഞ്ഞു...
Your Subscription Supports Independent Journalism
View Plansബുർഖ
സമയം പുലർച്ചെ 3.30 കഴിഞ്ഞിരുന്നു. ഗാഢനിദ്രയിലായിരുന്ന നാഥുറാം വിനായക് ഗോഡ്സെയെ ഗാന്ധി തൊട്ടുണർത്തി. ബാപ്പുവിനെ സ്വപ്നം കണ്ടതില് അയാൾക്ക് കുറ്റബോധം തോന്നി. ഉണർവിലും ഉറക്കത്തിലും ഗാന്ധി പിടികൂടുന്നു. പുറത്തു കൊടും തണുപ്പുള്ള ഇരുട്ടായിരുന്നു. ഉറക്കം കിട്ടാനായി ഗോഡ്സെ സോക്സ് അണിഞ്ഞു കിടന്നു.
ഗാന്ധി എഴുന്നേറ്റപ്പോൾതന്നെ പരിവാരങ്ങളും ഉണർന്നു. സഹായി ബ്രിജ് കൃഷ്ണ ചാന്ദിവാലയും മനുവും അദ്ദേഹത്തെ പരിചരിക്കാൻ സന്നദ്ധരായിരുന്നു. വേപ്പിൻതണ്ടുകൊണ്ട് ഒരു സാധാരണ ഇന്ത്യാക്കാരനെപ്പോലെ ഗാന്ധി പല്ലുതേച്ചു. മുഖവും കാലും കഴുകി പ്രാർഥനക്കിരുന്നു. അകത്തും നല്ല തണുപ്പായിരുന്നു. മനു അദ്ദേഹത്തിന്റെ കാലുകൾ കമ്പിളികൊണ്ടുമൂടി. എല്ലാവരും ഒന്നിച്ചു കിടന്നുറങ്ങിയ ബിർള ഹൗസിന്റെ വരാന്തയിലാണ് പ്രാർഥന... മനു ഭഗവദ്ഗീതയിലെ ശ്ലോകം ചൊല്ലി. പ്രാർഥനസമയമായിട്ടും ആബ ഉണർന്നിട്ടില്ല. ഇതു ഗാന്ധിയിൽ നീരസമുണ്ടാക്കി.
''ഇതിനേക്കാൾ നല്ലതു അവൾക്കെന്നെ വിട്ടുപോകുന്നതാണ്. എനിക്കിതൊന്നും കാണേണ്ട. ഇങ്ങനെയുള്ള കാര്യങ്ങൾ കാണാൻ ദൈവം എന്നെ അധികകാലം ഇട്ടേക്കില്ലെന്നു എനിക്കറിയാം.''
ഇതിന് ആരും മറുപടി പറഞ്ഞില്ല.
''ഇനി ഏതു പ്രാർഥനയാണ് ചൊല്ലേണ്ടത് ബാപ്പു..?'' മനു ചോദിച്ചു. അപ്പോൾ ഒരു ഗുജറാത്തി ശ്ലോകം അദ്ദേഹം ചൊല്ലി. ഇതു കേട്ടുകൊണ്ടാണ് ബിർളഹൗസിന്റെ മുകൾനിലയിൽ താമസിച്ചിരുന്ന ഘനശ്യാം ബിർളയും കുടുംബവും ഉണർന്നത്. പ്രാർഥന ഗീതങ്ങളുടെയും ചർക്കയുടെയും താളം അവർക്കു ശീലമായിട്ടു മാസങ്ങളായി.
പ്രാർഥനക്കുശേഷം ഗാന്ധി കോൺഗ്രസിന്റെ ഭരണഘടന തിരുത്താനിരുന്നു. പേഴ്സനൽ സെക്രട്ടറി വി. കല്യാണം ഗാന്ധിയുടെ തൊട്ടടുത്തുണ്ട്. അന്നേ ദിവസം ചെയ്യാനുള്ള കാര്യങ്ങളെ പറ്റി അദ്ദേഹം കല്യാണത്തിന് വിവരിച്ചുകൊടുത്തു. ഗാന്ധി ഇടക്ക് ചുമയ്ക്കാൻ തുടങ്ങി. കഫക്കെട്ട് അദ്ദേഹത്തെ വലക്കുന്നുണ്ടായിരുന്നു. സമയം 4.45 ആയപ്പോൾ നാരങ്ങാനീരും തേനും ചേർത്ത ഒരു ഗ്ലാസ് ചൂടുവെള്ളം മനു അദ്ദേഹത്തിന് നൽകി. ഭരണഘടന സൂക്ഷ്മമായി തിരുത്തുന്നതിന്റെ ഇടയിലും പിരിമുറുക്കം മറികടക്കാൻ ഇടക്ക് ഗാന്ധി കണ്ണടച്ച് ധ്യാനിച്ചു. ചിട്ടവട്ടങ്ങൾ തെറ്റുന്നത് ബാപ്പുവിനെ അലട്ടുന്നതായി കല്യാണത്തിന് മനസ്സിലായി.
ഒരു മണിക്കൂറിനുശേഷം ഓറഞ്ച് ജ്യൂസ് എത്തി. അദ്ദേഹം അപ്പോഴേക്കും കോൺഗ്രസ് ഭരണഘടനയുടെ മുഴുവൻ ഡ്രാഫ്റ്റും വായിച്ചുകഴിഞ്ഞിരുന്നു. ജ്യൂസ് കുടിച്ചശേഷം ഗാന്ധി ഉറങ്ങാനായി കിടക്കയിലേക്ക് ചാഞ്ഞു.
''പ്രാർഥനസമയത്തെ ആബയുടെ അസാന്നിധ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ആത്മാവിനെ ശമിപ്പിക്കാനുള്ള പ്രക്രിയയാണ് പ്രാർഥന. ഞാനതിനു കൊടുക്കുന്ന പ്രാധാന്യം എല്ലാവർക്കും അറിയാമല്ലോ. അവൾക്കു പ്രാർഥനയിൽ പങ്കെടുക്കാൻ താൽപര്യമില്ലെങ്കിൽ എന്നെ വിട്ടുപോയിക്കൊള്ളട്ടെ. ഈ കാര്യത്തിലുള്ള എന്റെ അനിഷ്ടം നീ അവളെ അറിയിക്കുക.''
മനു ഒന്നും മിണ്ടാതെ ഗ്ലാസുമായി അടുക്കളയിലേക്കു നടന്നു.
ബാപ്പു ഉണരുമ്പോഴേക്കും തെറ്റ് തിരുത്തി ടൈപ്പ് ചെയ്യാമെന്ന് കല്യാണം വിചാരിച്ചു. ടൈപ്പ് റൈറ്ററിന്റെ ഒച്ച ഗാന്ധിയുടെ നിദ്രക്കു വിഘാതമാകേണ്ടെന്നു കരുതി കല്യാണം സ്ഥലം മാറിയിരുന്നു. ഇതിനിടയിൽ ആബ ഉണർന്നു ജോലികളിൽ ഏർപ്പെട്ടിരുന്നു.
കാലാവസ്ഥ വകവെക്കാതെ പ്രഭാതത്തിൽ നടക്കാൻ പോകുന്നത് ഗാന്ധിയുടെ ശീലമാണ്.
ബിർള ഹൗസിന്റെ പുല്ത്തകിടിയിലൂടെ നടക്കാൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഉറങ്ങി എഴുന്നേറ്റ ഉടൻ, നടക്കാൻ പോകാമെന്ന് അദ്ദേഹം പറഞ്ഞു.
''ബാപ്പു, ഞാനിന്നു നടക്കാൻ വരുന്നില്ല. ക്ഷമിക്കണം. വൈകുന്നേരം ലോസൻഞ്ചറിനൊപ്പം കഴിക്കാനുള്ള ഗ്രാമ്പുവും ശർക്കരയും ചുക്കും തീർന്നിരിക്കുകയാണ്, അതെല്ലാം പൊടിച്ചുവെക്കണം.'' മനു പറഞ്ഞു.
''ഇരുട്ടുവീഴും മുമ്പു സംഭവിക്കാൻ പോകുന്നതെന്താണെന്ന് ആർക്കറിയാം? ഞാൻ ജീവിച്ചിരിക്കുമെന്നതിനു എന്താണുറപ്പ്? ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ രാത്രി നിനക്കതു എളുപ്പത്തിൽ തയാറാക്കാമല്ലോ.''
നടത്തം കഴിഞ്ഞു വന്നപ്പോഴേക്കും സമയം ഏഴുമണിയാവാറായിരുന്നു. രാവിലത്തെ ആദ്യ കൂടിക്കാഴ്ച രഞ്ജൻ നെഹ്റുവുമായാണ്. അമേരിക്കയിൽ പോകുന്നതിനുമുമ്പ് ബാപ്പുവിന്റെ അനുഗ്രഹം വാങ്ങാൻ വന്നതാണ്.
''ക്ഷീണം കാരണം എനിക്ക് കൂടുതൽ നടക്കാനായില്ല. നിന്നെ കണ്ടതിൽ വലിയ സന്തോഷം. ശുഭയാത്ര നേരുന്നു. എല്ലാം നല്ലതിനാവട്ടെ'', അദ്ദേഹം തലയിൽ കൈവെച്ചനുഗ്രഹിച്ചു. തന്റെ ഒരു ഫോട്ടോഗ്രാഫ് ഒപ്പിട്ടു നൽകി.
രഞ്ജൻ നെഹ്റുവുമായി സംസാരിച്ചിരിക്കുന്നതിന്റെ ഇടയിൽ പ്യാരിലാൽ അകത്തേക്ക് വന്നു. കല്യാണം ടൈപ്പ് ചെയ്ത ഫയൽ ഗാന്ധിക്ക് കൊടുത്തു.
''പലതരം സമ്മർദങ്ങള്ക്കിടയിലാണ് ഞാനിതു തിരുത്തിയത്. ഇനി എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കണം. തിരുത്തലുകൾ ഉറപ്പാക്കണം'' -ഗാന്ധി പറഞ്ഞു.
അതുകഴിഞ്ഞ് അദ്ദേഹം കുളിക്കാൻ പോയി. ശരീരം സകലബോധത്തോടെയും അവസാനമായി നനഞ്ഞു. കുപ്പായം മാറിയ ഉടനെ ശരീരഭാരം നോക്കി. അഞ്ചടി അഞ്ചിഞ്ചു ഉയരമുള്ള ശരീരം നൂറ്റി ഒമ്പതര പൗണ്ട് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തേക്കാൾ രണ്ടര പൗണ്ട് കൂടിയിട്ടുണ്ട്. കത്തുകൾ പരിശോധിക്കുകയും ചിലതിനെല്ലാം മറുപടി എഴുതുകയും ചെയ്തശേഷം അദ്ദേഹം വാച്ചിൽ നോക്കി. സമയം 9.30. ഭക്ഷണം എത്തി.
12 ഔൺസ് ആട്ടിൻപാൽ...
പുഴുങ്ങിയ പച്ചക്കറികൾ...
ഒരു മുഴുത്ത ഓറഞ്ച്...
പാകമായ നാലു തക്കാളി,
ഒരു കപ്പ് കാരറ്റ് നീര്...
ഇഞ്ചിനീരും ചെറുനാരങ്ങ നീരും കറ്റാർവാഴ നീരും ചേർത്ത മിശ്രിതം ഒരു ടേബിൾ സ്പൂൺ.
നിരാഹാരസമരം ദുർബലമാക്കിയ ശരീരത്തിന് ഡോക്ടർമാർ നിശ്ചയിച്ച ഭക്ഷണം. ഇതെല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ ഗാന്ധിക്ക് ഉന്മേഷം തോന്നി. 1920ൽ കോൺഗ്രസിന്റെ ഭരണഘടന എഴുതിയുണ്ടാക്കിയത് പൊടുന്നനെ ഓർമവന്നു. പ്യാരിലാൽ നയ്യാർ സൂക്ഷ്മമായി പരിശോധിച്ച ഭരണഘടന ഒന്നുകൂടി വായിക്കാനെടുത്തു. ചുമ അലട്ടുന്നത് അദ്ദേഹം കാര്യമാക്കിയതേയില്ല.
ഠഠഠ
പുലർച്ചക്കാണ് നാരായൺ ആപ്തെ മുറിയിൽ വന്നുകിടന്നത്. ഷൂ പോലും ഊരാതെ കിടക്കയിലേക്ക് ചായുകയായിരുന്നു. കുളിരു വകവെക്കാതെ, കുളിച്ചു ഉടുപ്പുമാറിയ നാഥുറാം ഗോഡ്സെ, മതിമറന്നുറങ്ങുകയായിരുന്ന ആപ്തെയുടെ ഹൃദയതാളത്തിനൊത്തു മുറിയിൽ ഉലാത്തിക്കൊണ്ടിരുന്നു. വിവാഹദിനത്തിലെ മണവാളനെപ്പോലെ ഉന്മത്തനായിരുന്നു അയാൾ. മുറിഞ്ഞുപോകുന്ന ചിന്തകളെ കൂട്ടിയിണക്കാനുള്ള നടത്തത്തിന്റെ ഏകാഗ്രതയിലേക്കാണ്, കാർക്കറെ വാതിലിൽ മുട്ടിയത്.
''നാരായൺ ഉണർന്നില്ല?''
''അവന്റെ ആഘോഷം അവസാനിച്ചിട്ടില്ല...''
''എങ്കിൽ ഞാൻ കുളിക്കുംവരെ അവനുറങ്ങട്ടെ.''
വിഷ്ണു കാർക്കറെ കുളിമുറിയിൽ കയറി. ഗോഡ്സെ കട്ടിലിൽ ഇരുന്നുകൊണ്ട് അച്ഛനെ ഓർത്തു. അമ്മയെ ഓർത്തു. കണ്ണടഞ്ഞു പോയി. നിയന്ത്രിക്കാനാവാത്ത മയക്കത്തിലേക്ക് വീണു. മയക്കത്തിൽ അവ്യക്തമായ ചിലതു കണ്ടു. നിലത്തിരുന്നു ആരെല്ലാമോ കൈകൾകൊണ്ട് മണ്ണ് വാരുന്നു. ക്രമേണ അവിടം ചെറിയ കുഴി രൂപപ്പെടുന്നു. കൈകൾ തിക്കിത്തിരക്കുംതോറും കുഴിയുടെ ആഴവും പരപ്പും കൂടുന്നുണ്ട്. മണ്ണ് മാന്തിയവരുടെ ആരവങ്ങൾ അവസാനിച്ചപ്പോൾ കുഴിയിൽ ഇരുട്ടു നിറഞ്ഞു. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് കണ്ടത്, കുഴിയിൽ ഉറവ കിനിയുംപോലെ ചോര പൊടിയുന്നു. ഒടുക്കം താൻ കുഴിയിലേക്ക് ഒരു കഷ്ണം ഖാദി തുണി വലിച്ചെറിഞ്ഞപ്പോൾ ഒരു ചുവന്ന പൂവിടരുന്നപോലെ തുണിയിൽ ചോര പരക്കുന്നത് കണ്ടു.
ഗോഡ്സെ കണ്ണ് തുറന്നപ്പോൾ മുറിയിൽ വെയിൽ വെളിച്ചം. നാരായൺ ആപ്തെയും വിഷ്ണു കാർക്കറെയും ഒരുങ്ങിയിരുന്നു. രണ്ടാളുടെ മുഖത്തും വിവാഹച്ചടങ്ങിനു പോകാൻനിൽക്കുന്നവരുടെ ആഹ്ലാദം!
''കാപ്പികുടിച്ചു വന്നശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം'' -ആപ്തെ പറഞ്ഞു.
വിഷ്ണു കാർക്കറെ കട്ടിലിൽനിന്നു ഗോഡ്സെയെ പിടിച്ച ്എഴുന്നേൽപിച്ചു. അയാൾ പൂശിയ അത്തറിന്റെ മണം ഗോഡ്സെക്ക് ഒട്ടും പിടിച്ചില്ല. അവർ മുറിയടച്ചു പുറത്തേക്കിറങ്ങി. ബലികൊടുക്കാൻ ഉഴിഞ്ഞുവെച്ച ആട്ടിന്പറ്റത്തെ പോലെ ആൾക്കൂട്ടം പ്ലാറ്റ്ഫോമുകളിൽ അഭയം തേടിക്കൊണ്ടിരുന്നു. ശീലമായ ആ കാഴ്ച അവരെ വേദനിപ്പിച്ചില്ല. സ്റ്റേഷനിൽ തന്നെയുള്ള റസ്റ്റാറന്റിൽനിന്ന് കഴിക്കാമെന്ന് അവർ നിശ്ചയിച്ചു. ഒരു വെജിറ്റേറിയൻ ഭക്ഷണശാലയിലേക്ക് കാർക്കറെ കയറാനൊരുങ്ങിയപ്പോൾ ഗോഡ്സെ നിരുത്സാഹപ്പെടുത്തി.
''നമുക്ക് ബ്രാന്റം & കമ്പനിയുടെ ഭോജനശാലയിൽ കയറാം.''
''അത് നോൺ വെജിറ്റേറിയൻ അല്ലെ?''
വിഷ്ണു കാർക്കറെക്ക് കണ്ണുതള്ളി. താനും ഗോഡ്സെയും ശുദ്ധ സസ്യഭുക്കുകളാണ്. ഗോഡ്സെക്കിതെന്തുപറ്റി? അയാൾക്കൊന്നും പിടികിട്ടിയില്ല.
''കാര്യമുണ്ട് വരൂ'' -ഗോഡ്സെ പറഞ്ഞു.
മൂവരും അകത്തു കയറിയിരുന്നു. വെയ്റ്റർ അവരുടെ അടുത്തേക്ക് പുഞ്ചിരിച്ചുകൊണ്ട് വന്നു. ഓർഡർ എടുക്കുന്നതിനു മുമ്പ് അയാൾ ചോദിച്ചു:
''സാബ്, നിങ്ങൾ വീട്ടിൽനിന്നും ഒരുപാട് ദൂരം വന്നല്ലോ?''
പൂനയിലെ ടീ ഷോപ്പിൽ ഉണ്ടായിരുന്ന വെയ്റ്റർ..! ഒരു നിമിഷം ഗോഡ്സെ വിളറി.
''നിങ്ങളും ഒരുപാട് ദൂരം വന്നല്ലോ'', ഗോഡ്സെ അതേ ചോദ്യം ചോദിച്ചു.
''നാട്ടിൽനിന്ന് ഇങ്ങോട്ട് ട്രാൻസ്ഫർ ആയതാണ്.''
അയാൾക്ക് നാട്ടിൽനിന്നുള്ളവരെ കണ്ടപ്പോൾ വലിയ സന്തോഷമായി.
''കഴിക്കാൻ എന്താണ് വേണ്ടത്?''
എല്ലാവരും വെണ്ണ പുരട്ടിയ റൊട്ടി പറഞ്ഞു.
''എനിക്കൊരു ഇംഗ്ലീഷ് കോഫി, ഇവർക്ക് രണ്ടാൾക്കും ചായ'' -ഗോഡ്സെ പറഞ്ഞു.
എത്രയും പെട്ടെന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയാൽ മതിയെന്നായി ഗോഡ്സെക്ക്. ആരും അത്രവേഗം തിരിച്ചറിയാതിരിക്കാനാണ് നോൺവെജ് ഹോട്ടലിൽ കയറിയത്. അതിപ്പോൾ വിനയായി. കയ്യാമംവെച്ചതുപോലുള്ള ആംഗ്യം അയാൾ കൂട്ടുകാരെ കാണിച്ചു.
ഒളിക്കാൻ ശ്രമിക്കുംതോറും കൂടുതൽ വെളിപ്പെടുന്ന കാവ്യനീതിയാണ് രഹസ്യം. ഗോഡ്സെ ചെയ്ത മണ്ടത്തരം ഓർത്തുകൊണ്ട് ആപ്തെ ചായ കുടിച്ചു. മൂന്നു പേരും ഡൽഹിയിൽ ഒന്നിച്ചുണ്ടായിരുന്നു എന്നതിന് വെയ്റ്റർ സാക്ഷിയായി. ഇനിയത് മായ്ക്കാൻ സാധ്യമല്ല. അതിബുദ്ധി അപകടമാണ് ചങ്ങാതി! ആപ്തെ ആദ്യം കൈകഴുകി വന്നു. അവർ വേഗംതന്നെ മുറിയിലേക്ക് മടങ്ങി.
''ഇതിനു മുമ്പു പൂനയിൽവെച്ച് വധശ്രമം ചർച്ച ചെയ്തപ്പോൾ നമുക്ക് കാപ്പി വിളമ്പിയത് ഇതേ വെയ്റ്റർ ആയിരുന്നു.'' മുറിയിലെത്തിയിട്ടും ഗോഡ്സെ ആ വിചാരത്തിൽനിന്നും മുക്തനായിരുന്നില്ല.
''കഴിഞ്ഞത് കഴിഞ്ഞു. ഇനി ജാഗ്രതയോടെ പ്രവർത്തിക്കാം.'' കാർക്കറെ ഓർമിപ്പിച്ചു. ഗോഡ്സെ കുറച്ചുനേരം ആരോടും സംസാരിച്ചില്ല. പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ കത്തെഴുതാൻ ഇരുന്നു.
''ഇന്നേ ദിവസം നിങ്ങൾ രണ്ടുപേരും എനിക്കൊപ്പം ഇല്ലായിരുന്നു എന്ന് തെളിയിക്കാൻ എനിക്കറിയാം'' -ഗോഡ്സെ പറഞ്ഞു.
കാർക്കറെ ആശ്ചര്യത്തോടെ അയാളെ നോക്കി, ആപ്തെ ഭാവവ്യത്യാസമില്ലാതെ കട്ടിലിൽ ഇരുന്നതേയുള്ളൂ. മനസ്സുകൊണ്ട് അയാൾ മനോരമ സാല്വിയോട് സംസാരിക്കുകയായിരുന്നു.
''എന്നെക്കുറിച്ചുള്ള ഓർമകളൊക്കെയും ഒരു ചെറു കല്ലായി നീ പുഴയിൽ ഒഴുക്കി കളയുക. ഇനി എനിക്ക് ഇവിടെനിന്നൊരു മടക്കമില്ല.''
തോൽക്കാൻ പോകുന്ന കത്തിപ്പയറ്റുകാരന്റെ മാനസികാവസ്ഥയിൽനിന്നു മോചനം നേടാൻ എന്നോണം അയാൾ കുളിമുറിയിൽ കയറി പുകവലിച്ചു. ഗോഡ്സെ കത്തെഴുതിത്തുടങ്ങി. ജീവിതം പൂർത്തിയായിക്കഴിഞ്ഞാലും ഒരു വ്യക്തിയുടെ കത്തുകൾ അവശേഷിക്കും. ഹൃദയത്തിന്റെ നാവാണ് കത്തുകൾ. ആത്മഭാഷണങ്ങളുടെയും വികാരങ്ങളുടെയും അവശിഷ്ടം!
30 /01/1948
പ്രിയപ്പെട്ട ആപ്തെ,
ഞാൻ ഡൽഹിയിലാണ്. ഇന്ന് വൈകീട്ട് ഞാൻ മോഹൻദാസ് കരംചന്ദ് ഗാന്ധിയെ വധിക്കും. ഇവിടെ കാലാവസ്ഥ അനുകൂലമാണ്. നിനക്കവിടെ സുഖമെന്ന് കരുതുന്നു. ഒന്നിച്ചിരുന്നു കാപ്പികുടിക്കാൻ ഇനിയും ആഗ്രഹമുണ്ട്. പക്ഷേ, ഇനി കാണുകയെന്നൊന്നുണ്ടാവില്ല.
സ്നേഹപൂർവം,
നാഥുറാം വിനായക് ഗോഡ്സെ.
ആദ്യ കത്ത് പൂനയിലുള്ള ഹിന്ദുരാഷ്ട്രയുടെ ഓഫിസിലേക്കും രണ്ടാമത്തെ കത്ത് ആപ്തെയുടെ വീട്ടിലെ വിലാസത്തിലേക്കും മൂന്നാമത്തേത് വിഷ്ണു കാർക്കറെയുടെ പേരിൽ അഹമ്മദ് നഗറിലേക്കും അയക്കാനുള്ളതായിരുന്നു. കവറിൽ വിലാസമെഴുതി കഴിഞ്ഞതും അയാൾക്ക് പറഞ്ഞറിയിക്കാനാവാത്ത നിർവൃതിയുണ്ടായി.
കത്തുകൾ മടക്കി കവറിൽ ഇടുന്നതിനൊപ്പം തലേന്ന് എടുത്ത തന്റെ ഫോട്ടോയും അതിൽ അടക്കംചെയ്തു. ചിത്രങ്ങളുടെ പിറകിൽ സ്റ്റുഡിയോയുടെ സീൽ ഉണ്ടായിരുന്നു. സകല കുറ്റങ്ങളും ഏറ്റെടുക്കുന്ന സ്നേഹിതനെ നോക്കി കാർക്കറെയുടെ കണ്ണ് നനഞ്ഞു. എന്തെങ്കിലും പറയാൻ അയാൾക്കായില്ല. ബീഡി ഇല്ലെന്നു അറിയാമായിരുന്നെങ്കിലും അയാൾ ആശയോടെ പോക്കറ്റിൽ തപ്പി.
നാരായൺ ആപ്തെ എഴുന്നേറ്റു ചെന്ന് വാതിൽ നന്നായി കുറ്റിയിട്ടിട്ടുണ്ടെന്നു ഉറപ്പുവരുത്തി.
''ഇനിയെന്താണ് പ്ലാൻ?'' അയാൾ ചോദിച്ചു.
''ഇരുപതാം തീയതിയിലെ സംഭവത്തിന് ശേഷം ബിർള ഹൗസില് പൊലീസ് കാവൽ ശക്തമാക്കിക്കാണും. കൂടുതൽ പൊലീസുകാരും സി.ഐ.ഡികളും ഉണ്ടാവും.''
''സാധാരണക്കാരുടെ വേഷത്തിലാവും അവർ പ്രാർഥനാ സ്ഥലത്തുണ്ടാവുക.''
''പൂനയിൽനിന്നുള്ള പൊലീസുകാർ ആരെങ്കിലും ആ കൂട്ടത്തിൽ ഉെണ്ടങ്കിലാണ് അപകടം. അവർക്കു നമ്മളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞേക്കും.''
''വെയ്റ്റർപോലെ ഏതെങ്കിലും ഒരുത്തനുണ്ടായാൽ മതി, എല്ലാം പൊളിയും.''
''എങ്കിൽ വേഷം മാറി ചെല്ലുന്നതാണ് ഉചിതം'', കാർക്കറെ പറഞ്ഞു.
''ഒരു ഫോട്ടോഗ്രാഫർ എന്ന വ്യാജേന അകത്തുകടക്കാൻ എളുപ്പമായിരിക്കും. അധികമാരും സംശയിക്കുകയുമില്ല. കാമറ ട്രൈപോഡിനൊപ്പം തോക്കു കടത്താനും സൗകര്യമുണ്ടാകും'', ആപ്തെ പറഞ്ഞു.
''ഏയ്... അത് വേണ്ട. കാമറയും തൂക്കിപ്പിടിച്ചു ഗാന്ധിയുടെ തൊട്ടടുത്ത് ചെല്ലാൻ അനുവദിക്കുകയില്ല.'' ഗോഡ്സെക്ക് ആ ഉപായം തീരെ പിടിച്ചില്ല.
''അകലെനിന്ന് വെടിയുതിർക്കാനുള്ള മിടുക്ക് ഗോഡ്സെക്കില്ല, അതിനാൽ ആ രീതി ഉപേക്ഷിക്കുന്നതാണ് നല്ലത്'', കാർക്കറെ പറഞ്ഞു.
''ശരിയാണ് അവൻ ഷാർപ് ഷൂട്ടറല്ല.''
''വേറെ എന്താണ് വഴി?''
''ഒരു കാര്യം ചെയ്യാം, ഗോഡ്സെ ബുർഖ അണിഞ്ഞുകൊണ്ട് കൃത്യം നിര്വഹിക്കട്ടെ. ഇസ്ലാം മതവിശ്വാസിയാണെന്നു ആൾക്കാർ തെറ്റിദ്ധരിക്കുകയും ചെയ്യും.'' ആപ്തെ നിർദേശിച്ചു.
''അത് ഗംഭീര ചിന്തയാണ്. അക്രമി മുസ്ലിം ആണെന്ന് പ്രചാരണം വന്നാൽ അത് മറ്റൊരു കലാപത്തിന് വഴിയൊരുക്കുകയും ചെയ്യും. ഒരു വെടിക്കു രണ്ടു പക്ഷിയെ കിട്ടും.'' ഗോഡ്സെക്ക് ആവേശമായി.
''എങ്കിൽ നമുക്ക് ചാന്ദിനി ചൗക്കിൽനിന്ന് ബുർഖ വാങ്ങിയിട്ട് വരാം'', കാർക്കറെ പറഞ്ഞു.
കൂട്ടുകാരനെ വിശ്രമിക്കാൻ വിട്ടു മുറിയിൽ നിന്നവർ പുറത്തിറങ്ങി. ഗോഡ്സെക്ക് കുറച്ചു നേരമേ ഏകാന്തതയുടെ തടവുകാരനായിരിക്കാൻ സാധിച്ചുള്ളൂ. അയാൾക്ക് ഇരയെ കാണാൻ തോന്നി. അവിടെ ചെന്നാൽ പിടിക്കപ്പെടുമോ എന്ന ചിന്തയൊന്നും ഉണ്ടായില്ല. തോക്കെടുത്തു തലോടിയശേഷം കിടക്കയുടെ അടിയിൽ ഒളിപ്പിച്ചുവെച്ചു. വയറ്റിൽനിന്ന് ഒരു കാളൽ ഉണ്ടായി. എരിവ് ചങ്കിലേക്കു കയറുന്നതുപോലെ. കക്കൂസിൽ പോയി അൽപനേരം ഇരുന്നതും ശമനമുണ്ടായി. കൂട്ടാളികളോട് ആലോചിക്കാതെ അയാൾ ബിർള ഹൗസിലേക്ക് ടോങ്ക പിടിച്ചു.
പോണവഴിക്ക് അയാൾ കത്ത് പോസ്റ്റ് ചെയ്തു.
പാറാവുകാരോ പൊലീസുകാരോ അയാൾക്കു തടസ്സമായില്ല. ബിർള ഹൗസിനുള്ളിൽ കടന്നതും സാഹചര്യം തനിക്കനുകൂലമാണെന്നയാൾക്കു തോന്നി. ഗാന്ധിയുടെ പരിവാരങ്ങളും പല പണികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അകത്തെ മുറിയിൽ അയാൾ മനുവിനെ കണ്ടു. മനുവിന് ഗോഡ്സെയെയോ, അയാൾക്ക് മനുവിനെയോ മനസ്സിലായില്ല. ഗാന്ധിദർശനത്തിനു ഒരുപാടുപേർ വരുന്നതാണ്. അങ്ങനെയുള്ള ഒരാൾ ആണെന്നേ മനുവിനും തോന്നിയുള്ളൂ.
ബാപ്പു എവിടെയാണ് കിടന്നുറങ്ങുന്നത്?
എവിടെയിരുന്നാണ് ജോലിചെയ്യുക?
എപ്പോഴാണ് ഭക്ഷണം കഴിക്കുക?
ഗോഡ്സെ മനുവിനോട് കാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഒരു ഗാന്ധിഭക്തന്റെ ജിജ്ഞാസയായിരുന്നില്ല അത്. പക്ഷേ മനുവിന് യാതൊരു സംശയവും തോന്നിയില്ല. ബാപ്പുവിന്റെ ജീവിതം കാണാൻ ഒരുപാടുപേർ വരാറുണ്ട്. അവർക്കെല്ലാം ഇതുപോലുള്ള സംശയങ്ങൾ ഉണ്ടാവും. ദൈവം ഭൂമിയിൽ വേഷം മാറി വന്നതാണ് ഗാന്ധി എന്ന് വിശ്വസിക്കുന്നവരാണ് അധികവും.
വെയിൽ കായാനായി കട്ടിൽ പുൽത്തകിടിയിൽ എടുത്തിട്ടിരുന്നു. മരത്തിന്റെ ചോല പരന്നപ്പോൾ ഗാന്ധി അവിടെ തന്നെ കിടന്നുറങ്ങി. ആരും അദ്ദേഹത്തിന്റെ നിദ്രയെ തടസ്സപ്പെടുത്താനെത്തിയില്ല. മരണം പരീക്ഷിക്കാൻ വരുന്നതുപോലെ ഒരു നിഴൽ കട്ടിലിനരികിൽ എത്തി. അതീവശാന്തനായുറങ്ങുന്ന ഗാന്ധിയെ കണ്ടു ഗോഡ്സെക്ക് ചെറുതായി ശ്വാസംമുട്ടി. കാലം വാർധക്യം സമ്മാനിച്ച കാല്പാദങ്ങളിലാണ് ഗോഡ്സെയുടെ കണ്ണാദ്യം ഉടക്കിയത്.
കാല്പാദങ്ങളിൽ നെയ്യ് പുരട്ടിയിരുന്നു. ഉറങ്ങും മുമ്പ് പരിചാരകർ കാൽ തിരുമ്മി കൊടുത്തുകാണും. കൊല്ലും മുമ്പ് വണങ്ങണമെന്ന് അയാൾക്ക് തോന്നി. ഗാന്ധിയുടെ ഹൃദയമിടിപ്പു മാത്രം അപ്പോൾ ഗോഡ്സെ കൃത്യമായി കാതോർത്തു.
എഴുപത്തെട്ടു വർഷവും മൂന്ന് മാസവും ഇരുപത്തെട്ടു ദിവസവും ഈ ഭൂമിയെ ചലിപ്പിച്ച കാലുകൾ! ആ ചലനം നിലക്കാൻ പോകുകയാണ്. അടുത്ത് കാണുമ്പോള് ശത്രുവിനുപോലും ബഹുമാനം തോന്നുന്ന ശരീരം. പ്രാണനെടുക്കാൻ വന്നവൻ പ്രാർഥിച്ചുകൊണ്ട് സമ്മതം വാങ്ങി. ഗോഡ്സെ ഒന്ന് പതറി. ഇനിയും നിന്നാൽ തലകറങ്ങി വീഴുമെന്നു അയാൾ ഭയന്നു.
''നിങ്ങൾ അവിടെ നിൽപാണോ? ബാപ്പു ഉറങ്ങിക്കോട്ടെ, ശല്യം ചെയ്യാതെ.'' മനു അടുത്തേക്ക് വന്നു. രണ്ടടി പിന്നോട്ടുവെച്ചശേഷം ഗോഡ്സെ തിരിഞ്ഞു നടന്നു. അപ്പോൾ അയാളുടെ കണ്ണുകളിലെ വെപ്രാളം മനു ശരിക്കും കണ്ടു. ബിർള ഹൗസിന്റെ പ്രധാന കവാടം തുറന്നിട്ടിരുന്നു. ഗോഡ്സെ അങ്ങോട്ട് വെച്ചുപിടിച്ചു. ഭാഗ്യത്തിനാണ് താൻ രക്ഷപ്പെട്ടത്. ആരെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിലോ? മുറിയിലെത്തിയിട്ടും ഗോഡ്സെ വിയർക്കാൻ തുടങ്ങി.
അൽപം കഴിഞ്ഞപ്പോഴേക്കും ആപ്തെയും കാർക്കറെയും വന്നു.
''ബുർഖ കിട്ടി. ഇനിയൊന്നു അണിഞ്ഞു നോക്കൂ.''
''എത്ര കൊടുത്തു?''
''അമ്പതു രൂപ.''
ഗോഡ്സെ ബുർഖയെടുത്തു കുടഞ്ഞു. പുതുവസ്ത്രത്തിന്റെ മണം പരന്നു. സാവധാനം, മുമ്പ് ഉടുത്തു ശീലം ഉള്ളതുപോലെ അണിഞ്ഞു. വീണ്ടും പെണ്ണിന്റെ കുപ്പായം! കുട്ടിക്കാലം അപമാനഭാരത്തോടെ ഉള്ളിൽ നിറഞ്ഞു. മുഖം വിളറി. കിടക്കയുടെ അടിയിൽനിന്ന് തോക്കെടുത്തു അയാൾ ബുർഖയുടെ കീശയിൽ തിരുകി. ആണത്തം തിരിച്ചുപിടിച്ചു. തപ്പിത്തടഞ്ഞാണെങ്കിലും മുറിയിലൂടെ നടന്നുനോക്കി. കുഴപ്പമില്ല. രക്ഷാകവചംപോലുള്ള കുപ്പായം. ഘാതകനെ തിരിച്ചറിയാൻ ലോകത്തിന് എളുപ്പം സാധിക്കുകയില്ല. ഇതു മതിയാവും. പക്ഷേ ആ തോന്നലിനു അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. കീശയിൽനിന്ന് തോക്കെടുക്കാൻ നോക്കിയപ്പോൾ, എളുപ്പത്തിൽ സാധിക്കുന്നില്ല. അയാളുടെ പിടിവിട്ടു. സമ്മർദം കാരണം പൊട്ടിത്തെറിക്കാൻ ഒരു കാരണം നോക്കിനടക്കുകയായിരുന്നു ഗോഡ്സെ.
''എല്ലാം നശിപ്പിച്ചു. ഈ ബുർഖ ശരിയല്ല. വെറുതെ അമ്പതുരൂപയും കളഞ്ഞു. അതുണ്ടായിരുന്നെങ്കിൽ രണ്ടു നേരത്തെ ആഹാരം കഴിക്കാമായിരുന്നു. വകതിരിവില്ലാത്ത പണിയായിപ്പോയി.''
കാർക്കറെ തലതാഴ്ത്തി. ഗോഡ്സെ ബുർഖയൂരി ഇരുവർക്കുമിടയിലേക്കു വലിച്ചെറിഞ്ഞു.
''നിങ്ങൾ എന്റെകൂടെ വന്നതിൽപിന്നെ ബുദ്ധിപരമായ വല്ല നിർദേശവും തന്നിട്ടുണ്ടോ? ഇതിൽനിന്ന് തോക്കു വലിച്ചെടുക്കുമ്പോഴേക്കും നാട്ടുകാർ എന്നെ വളയും. നശിച്ച ബുദ്ധി. ഇനിയാരും ഉപദേശിക്കേണ്ട.''
''ഘാതകന് ആത്മസംയമനം വേണം. ഇരയുടെ മഹത്ത്വം ഭാരമാകുമ്പോഴാണ് കൊലയാളി പതറുക. ഇയാൾക്ക് മരണം ക്ഷണിക്കാൻ പോകുന്നവന്റെ ധ്യാനമില്ല.'' ആപ്തെ കൂട്ടുകാരന്റെ മനോബലമില്ലായ്മക്കു മാപ്പു കൊടുത്തു. ബുർഖ അയാൾ മടക്കിവെച്ചു.
''ഇനി എന്താണ് പോംവഴി?'' കാർക്കറെ ചോദിച്ചു.
''വേഷംകെട്ടൊന്നും വേണ്ട, ഞാനായിതന്നെ അയാളെ വകവരുത്തും.''
(തുടരും)