9 mm ബെരേറ്റ -നോവൽ
ഒളിയുദ്ധങ്ങള്‍ തലേന്ന് രാത്രി മഴ നനഞ്ഞ, മുംബൈ പൂനെ ഹൈവേയിലൂടെ മേധ കോഹ് ലെയുമായി സംസാരിച്ച് ഡ്രൈവ് ചെയ്യാന്‍ വിമല്‍ വന്‍സാെരക്ക് നല്ല രസം തോന്നി. മലകള്‍ ചെത്തിയുണ്ടാക്കിയ വളവും തിരിവുമുള്ള വീതിയേറിയ റോഡില്‍ പൊട്ടി പൊളിഞ്ഞ ഇടങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കാലിഫോര്‍ണിയയിലേതുപോലെ വൃത്തിയുള്ള റോഡുകള്‍ തന്‍റെ രാജ്യത്തും യാഥാർഥ്യമായതിലുള്ള സന്തോഷം വിമല്‍ മേധയോട് പറയുകയും ചെയ്തു.''മണ്‍സൂണ്‍ അവസാനിക്കാറാവുമ്പോഴാണ് ഇതുവഴി ടൂറിസ്റ്റുകളുടെ തിരക്ക് ഉണ്ടാവുന്നത്. പക്ഷേ ഇന്നധികം വാഹനങ്ങള്‍ ഇല്ല.'' മേധ അത്തരം സംസാരത്തിലൊന്നും താൽപര്യമില്ലാത്തതുപോലെ മലയടിവാരത്തിലേക്ക് നോക്കിയിരുന്നു....
Your Subscription Supports Independent Journalism
View Plansഒളിയുദ്ധങ്ങള്‍
തലേന്ന് രാത്രി മഴ നനഞ്ഞ, മുംബൈ പൂനെ ഹൈവേയിലൂടെ മേധ കോഹ് ലെയുമായി സംസാരിച്ച് ഡ്രൈവ് ചെയ്യാന്‍ വിമല്‍ വന്‍സാെരക്ക് നല്ല രസം തോന്നി. മലകള്‍ ചെത്തിയുണ്ടാക്കിയ വളവും തിരിവുമുള്ള വീതിയേറിയ റോഡില്‍ പൊട്ടി പൊളിഞ്ഞ ഇടങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കാലിഫോര്‍ണിയയിലേതുപോലെ വൃത്തിയുള്ള റോഡുകള്‍ തന്‍റെ രാജ്യത്തും യാഥാർഥ്യമായതിലുള്ള സന്തോഷം വിമല്‍ മേധയോട് പറയുകയും ചെയ്തു.
''മണ്‍സൂണ്‍ അവസാനിക്കാറാവുമ്പോഴാണ് ഇതുവഴി ടൂറിസ്റ്റുകളുടെ തിരക്ക് ഉണ്ടാവുന്നത്. പക്ഷേ ഇന്നധികം വാഹനങ്ങള്‍ ഇല്ല.''
മേധ അത്തരം സംസാരത്തിലൊന്നും താൽപര്യമില്ലാത്തതുപോലെ മലയടിവാരത്തിലേക്ക് നോക്കിയിരുന്നു. നനഞ്ഞ ചില്ലിലൂടെ പച്ചപ്പൂക്കള്‍ക്കിടയിലുള്ള ചെറിയ വീടുകള്‍ അവള്‍ കണ്ടു.
വിമലിന്‍റെ കമ്പനിയില്‍ ചേര്‍ന്നത് മുതല്‍ വലിയ മാറ്റമാണ് മേധക്ക് ഉണ്ടായിരിക്കുന്നത്. വളരെ കുറച്ചു മാത്രമേ അവള്‍ സംസാരിക്കുന്നുള്ളൂ. രൂപത്തിലും മാറ്റം വന്നിട്ടുണ്ട്. മുടി കഴുത്തുവരെ വെട്ടിയൊതുക്കി. ഏഴ് കിലോയോളം കുറഞ്ഞു. പ്രസരിപ്പാണ് എപ്പോഴും. വേര്‍പാടുകളും പുതിയ ബന്ധങ്ങളും മനുഷ്യരുടെ രൂപവും പെരുമാറ്റവും മാറ്റിയെടുക്കുമെന്നു വിമലിന് തോന്നി.
''കിരണ്‍ ദോലാക്കിയയുടെ മരണം ആത്മഹത്യ ആണെന്നാണല്ലോ റിപ്പോര്‍ട്ടുകള്‍. അയാള്‍ സ്വയം വെടിെവച്ച് മരിച്ചതാണെങ്കില്‍ ആ ഹോട്ടലില്‍നിന്ന്‍ തോക്ക് കണ്ടെടുക്കേണ്ടതല്ലേ. പക്ഷേ പൊലീസിന് അത് കിട്ടിയിട്ടില്ലല്ലോ...''
മേധയുടെ ചോദ്യം വളരെ അപ്രതീക്ഷിതമായിരുന്നു.
''അയാള്‍ക്ക് പാകിസ്താനി നടിയുമായി അഫയര്‍ ഉണ്ടായിരുന്നു. അവള്‍ പറ്റിച്ചുപോയതിന്‍റെ നിരാശകൊണ്ട് സ്വയം ജീവനൊടുക്കിയതാണയാള്‍.''
''അത്തരം അനേകം ട്വീറ്റുകള്‍ ഞാനും കണ്ടു. അയാളെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നത്.''
''അന്വേഷണ ഏജന്‍സികള്‍ക്കും പത്രക്കാര്‍ക്കും സംശയമില്ല. പക്ഷേ ചില നാട്ടുകാര്‍ക്കാണ് മനസ്സ് വേദനിക്കുന്നത്.''
''നമ്മുടെ IT സെല്ലിന് ഇതിന്‍റെയും ക്വട്ടേഷന്‍ കിട്ടിയില്ലേ?''
''ഉണ്ട്, അതിന്‍റെ കാംപയിനിങ് പൂനെ ഓഫീസില്‍ നടന്നുവരികയാണ്.'' വിമല്‍ തന്‍റെ പുത്തന്‍ റെയ്ഞ്ച്റോവര്‍ വഴിയരുകില്‍ ഒതുക്കി.
''നമുക്ക് ആ പഞ്ചാബി ദാബയില്‍ കയറി എന്തേലും കഴിക്കാം'', വിമല്‍ ഇറങ്ങുന്നതിനിടയില്‍ പറഞ്ഞു.
''എങ്കില്‍ വണ്ടി അവിടെ പാർക്കിങ്ങില്‍ ഒതുക്കിയാല്‍ പോരായിരുന്നോ?''
''നിനക്കൊരു സര്‍പ്രൈസ് തരാനാണ് ഇവിടെ ഒതുക്കിയത്. വാ...ഭക്ഷണം കഴിച്ചിട്ട് അത് പറയാം.''
''തല നരച്ചുതുടങ്ങിയിട്ടും നിനക്ക് കുട്ടിക്കളി മാറിയിട്ടില്ല.'' മേധ അയാളെ സ്നേഹപൂർവം ഇടിച്ചു. തണുത്ത കാറ്റില്‍ മേധ വിറച്ചപ്പോള്‍ വിമല്‍ അവളുടെ തോളില്‍ കൈയിട്ടു കൊണ്ട് ദാബയിലേക്ക് നടന്നു. ചെറിയ ചാറ്റല്‍മഴ അവളുടെ ചുവന്ന ചുരിദാറില്‍ ചെറിയ പൂക്കളായി വിടര്‍ന്നു. അവര്‍ ദാബയിലേക്ക് കയറിയതും പെരുമഴ പെയ്തു.
''എനിക്ക് ആലൂപൊറോട്ട മതി'', സീറ്റില്‍ ഇരുന്നതും മേധ പറഞ്ഞു.
''കൂടെ രാജ്മ കറികൂടി പറഞ്ഞാലോ.''
''എനിക്കത് വലിയ ഇഷ്ടമാണ്, പറ.''
അവര്‍ കഴിച്ചുതീരുംവരെ മഴ തകര്‍ത്തു പെയ്തിരുന്നു.
''ഇവിടെ ഇഞ്ചി ചായ കിട്ടും. നിനക്ക് വേണോ?''
''മഴതണുപ്പല്ലേ. അതും ആവാം.''
പൂനെ യാത്ര എത്രയോ കാലമായി മേധ ആഗ്രഹിക്കുന്നതാണ്. ശനിവാര്‍ വാഡ കാണണമെന്ന് എത്രവട്ടം ദീപേഷിനോട് പറഞ്ഞിരുന്നു. പ്ലാന്‍ ചെയ്താലും അവസാന നിമിഷം ദീപേഷിന്റെ തിരക്കുകള്‍ കാരണം ഒഴിഞ്ഞു പോകും.
''നമുക്ക് പൂനെ ഓഫീസില്‍ എത്ര ദിവസത്തെ പരിപാടിയുണ്ട്'', മേധ ചോദിച്ചു.
''നിന്നെ അവിടെയെല്ലാവര്‍ക്കും പരിചയപ്പെടുത്തണം. പിന്നെ ട്രോള്‍ റിക്രൂട്ട്മെന്‍റ്. നിലവില്‍ ഉള്ള ട്രോളുകളുടെ ഗെറ്റ് ടുഗതര്‍ നടത്താനും പ്ലാന്‍ ഉണ്ട്. അത് ഡല്‍ഹിയിലാണ് സംഘടിപ്പിക്കാന്‍ ആലോചിക്കുന്നത്. അതിന്‍റെ ചില ഡിസ്കഷന്‍സ്. നാളെ ഉച്ചക്ക് മുമ്പ് നമുക്ക് മടങ്ങാമെന്ന് തോന്നുന്നു.''
''ഓ... എങ്കില്‍ ഞാനൊരു കാര്യം പറയട്ടെ... എനിക്ക് ശനിവാര്‍ വാഡ കാണണമെന്നുണ്ട്... വിമലിന് സമയമുണ്ടെങ്കില്‍ നമുക്കവിടംവരെ ഒന്ന് പോയാലോ?''
''അതിനെന്താ... നമ്മുടെ പേശ്വമാരുടെ കോട്ടയല്ലേ. കണ്ടുകളയാം.''
മഴ ശമിച്ചതും അവര്‍ പഞ്ചാബി ദാബയില്‍ നിന്നിറങ്ങി. മേധ വണ്ടിയില്‍ കയറാന്‍ നോക്കിയതും വിമല്‍ പറഞ്ഞു.
''മാഡം ഇനി ഡ്രൈവിങ് സീറ്റില്‍ ഇരുന്നാല്‍ മതി.''
''അയ്യോ... ഞാന്‍ വണ്ടിയോടിക്കണോ... no way...വിമല്‍ ഞാന്‍ സ്റ്റിയറിങ് കൈകൊണ്ട് തൊട്ടിട്ട് വര്‍ഷങ്ങളായി.''
''അതൊന്നും സാരമില്ല. അടുത്ത് ഞാനിരിക്കുന്നുണ്ടല്ലോ.''
''ഏയ് അതൊന്നും ശരിയാവില്ല. മഴ നനഞ്ഞ റോഡ് റിസ്കാണ്.''
''നീ വണ്ടിയെടുക്കുന്നില്ലെങ്കില്‍ നമുക്കൊരുമിച്ചിവിടിരുന്നു മഴ നനയാം.''
അവസാനം നിവൃത്തിയില്ലാതെ മേധ കാര്‍ സ്റ്റാര്‍ട്ടാക്കി. വിമല്‍ നിർദേശമൊന്നും നല്‍കിയില്ല. വണ്ടി പതുക്കെ നീങ്ങി തുടങ്ങി. മഴ പൂർണമായും നിന്നു. മേധയുടെ ഭയം ദൂരം ചെല്ലുംതോറും കുറഞ്ഞു കുറഞ്ഞ് വന്നു.
''ഞാനിനി പൂനെ സിറ്റിവരെ ഓടിക്കണോ?''
''തിരിച്ചു വരുമ്പോഴും നീ തന്നെയാണ് ഓടിക്കാന്‍ പോകുന്നത്.'' വിമല്‍ ചിരിച്ചു. "അയ്യടാ...'' മേധയും ചിരിച്ചു.
മൂന്നര മണിക്കൂര്‍ യാത്ര. രാവിലെ 10.30നു അവര്‍ ഓഫീസിലെത്തി.
അവിടെ IT സെല്ലില്‍ മുപ്പതിലധികം ജീവനക്കാരുണ്ടായിരുന്നു. SM സെല്ലില്‍ ഔട്ട് സോര്‍സസ് ചെയ്ത കുറച്ചു പേരെ വിളിച്ചുകൂട്ടിയിട്ടുണ്ട്. അവരും വിസിറ്റിങ് റൂമില്‍ വന്നിരിപ്പുണ്ട്. വിമല്‍ മേധയെ മനോഹരമായി ഇന്റീരിയര്‍ ചെയ്ത കാബിനില്‍ കൊണ്ടിരുത്തി. ''ഇവിടെ വരുമ്പോള്‍ ഇതാണ് നിന്‍റെ സീറ്റ്.'' അയാള്‍ അവളുടെ തോളില്‍ പിടിച്ച് അവിടെ ഇരുത്തി. മേധയുടെ കണ്ണുകളില്‍ ആശ്ചര്യത്തിന്റെ തിളക്കമുണ്ടായതല്ലാതെ മറ്റൊന്നും അവള്‍ക്ക് സംസാരിക്കാനായില്ല. അനാഥമായി പോകുമായിരുന്ന നാളുകളില്‍ ഇതുപോലുള്ള സ്നേഹസ്പര്‍ശം നിരാശയില്‍നിന്ന്‍ കര കയറ്റുമെന്ന് മേധ അറിഞ്ഞുതുടങ്ങിയിരുന്നു.
ഓഫീസ് അഡ്മിന്‍ പ്രകാശ് യാദവ് കാബിനിലേക്ക് വന്നു. വിമല്‍ അയാളോട് മേധയെ പറ്റി നേരത്തേ സംസാരിച്ചിരുന്നു.
''ഗുഡ് മോണിങ് മാം'', യാദവ് വിഷ് ചെയ്തു.
''യാദവ് ഇരിക്കൂ'', വിമല്‍ പറഞ്ഞു. വിമല്‍ അന്നത്തെ പ്രോഗ്രാം വിവരിച്ചു.
''ട്രോളുകള്‍ എത്ര പേര്‍ വന്നിട്ടുണ്ട്?''
''രണ്ടു പേര്‍ വരാമെന്ന്‍ പറഞ്ഞിട്ടുണ്ട്. 12 മണിയാണ് ടൈം കൊടുത്തിരിക്കുന്നത്.''
''പുതിയ റിക്രൂട്ട്മെന്‍റ് ഇല്ലേ?''
''ഉണ്ട് സര്‍, ഇരുപത് പേരെ കോള്‍ ഫോര്‍ ചെയ്തിട്ടുണ്ട്.''
''അവരെ എന്‍റെ കാബിനിലേക്ക് വിട്ടോളൂ. ഞാനിപ്പോള്‍ വരാം.''
യാദവ് ചുറുചുറുക്കോടെ പുഞ്ചിരിച്ചുകൊണ്ട് കാബിനില്‍നിന്ന് ഇറങ്ങിപ്പോയി.
''മേധാ... ഞാന്‍ ഇന്റര്‍വ്യൂ ചെയ്യുന്ന നേരംകൊണ്ട് നീ ട്രോളുകളുമായി സംസാരിച്ചോളൂ. അവരുടെ കണ്‍സെന്‍ ഒക്കെ ചോദിച്ചു മനസ്സിലാക്കണം. ഇവര്‍ പ്രത്യേക ഇനം ജീവികളാണ്. അത് മനസ്സിലാക്കാന്‍കൂടിയാണ് ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നത്. All the best.''
വിമല്‍ കോട്ട് എടുത്തണിഞ്ഞുകൊണ്ട് തന്‍റെ കാബിനിലേക്ക് നീങ്ങി.
മേധ കസേരയില്‍ നിവര്‍ന്നിരുന്നു. അപ്പുറത്തെ മുറിയില്‍ ഒരുപാട് പേര്‍ നിരന്നിരുന്ന് കമ്പ്യൂട്ടറില്‍ ജോലിചെയ്യുന്നതവള്‍ സി.സി.ടി.വിയില്‍ കണ്ടു.
അഞ്ചാറ് മിനിറ്റിനകം പ്രകാശ് യാദവ് വന്നു.
''മാഡം ഒരു ട്രോൾ വന്നിട്ടുണ്ട്.''
''വരാൻ പറയൂ...''
ലോകത്തിന്റെ നിരാശ മുഴുവനും മുഖത്തു എഴുതിവെച്ച ഒരു ചെറുപ്പക്കാരൻ അകത്തേക്ക് വന്നു. മുടി ഒരു വശത്തേക്ക് ഒതുക്കി ചീകിവെച്ച അവനു മുപ്പതു വയസ്സിലധികം തോന്നിച്ചിരുന്നില്ല. മൂർച്ചയില്ലാത്ത ബ്ലേഡ്കൊണ്ട് ഷേവ് ചെയ്തതിന്റെ ലക്ഷണം മുഖത്തുണ്ടായിരുന്നു. അവൻ മേധയുടെ മുന്നിൽ നിസ്സംഗനായിരുന്നു. തൊലിപൊളിഞ്ഞ ബാഗിന് അവന്റെ ആത്മവിശ്വാസത്തോളം തന്നെ പഴക്കമുണ്ടെന്ന് മേധക്ക് തോന്നി.
''സെല്‍ഫ് ഇൻട്രൊഡ്യൂസ് ചെയ്യാമോ?''
അവൻ ബാഗ് കസേരയിൽ വെച്ച ശേഷം നിവർന്നിരുന്നിട്ടും വളഞ്ഞുതന്നെ കാണപ്പെട്ടു. ലോക്കപ്പിൽനിന്ന് പുറത്തുവന്ന പ്രതിയെപോലെ ചുമലുകൾ ഇടിഞ്ഞിരുന്നു.
''എന്റെ പേര് മനീഷ് ഠാക്കൂർ. യു.പിയിലെ ഗോരഖ്പൂർ ജില്ലയിലാണ് ഞാൻ ജനിച്ചത്. പഠിച്ചതും അവിടെത്തന്നെയാണ്. സ്കൂളിൽ ടോപ്പർ ആയിരുന്നു മാഡം. അതുകഴിഞ്ഞ് എൻജിനീയറിങ്ങിന് എൻട്രൻസ് പരീക്ഷ എഴുതി.''
ഒന്ന് നിർത്തി മൗനം ശ്വസിച്ച ശേഷം അവൻ തുടർന്നു...''ആത്മവിശ്വാസത്തോടെയാണ് ഞാൻ പരീക്ഷ എഴുതിയത്. വിചാരിച്ചതുപോലെ നല്ല റാങ്ക് കിട്ടി. 85ാം റാങ്ക് അത്ര മോശം ഒന്നുമല്ലല്ലോ മാഡം. പക്ഷേ എനിക്ക് അഡ്മിഷൻ കിട്ടിയില്ല. പശുവിന്റെ തോലുകൊണ്ടു ചെരുപ്പുണ്ടാക്കുന്ന ചമാറുകൾ ഉണ്ടല്ലോ, അവർക്കു കിട്ടി. വെറും 160ാം റാങ്കുള്ളവന്. ഏതു നീതിയാണോ? ഇവിടെ എല്ലാം ഹരിജനങ്ങൾക്കും മുസ്‍ലിമിനും ഉള്ളതാണ്. ഠാക്കൂർ എത്ര പഠിച്ചിട്ടും പരിശ്രമിച്ചിട്ടും കാര്യമില്ല. ഈ വ്യവസ്ഥിതി മാറിയേ തീരൂ.''
''അവരൊക്കെ എപ്പോഴും പിന്നോക്കമാണെന്നാണ് പറയുന്നത്, ഇതു പ്രീണനമാണ്. മുസ്‍ലിംകൾ ഒന്നും പഠിക്കില്ല. കുട്ടികളെ ഉൽപാദിപ്പിക്കുന്നതിലാണ് അവർക്കു ശ്രദ്ധ. ഞാൻ പഠിക്കുമ്പോൾ വിദ്യാർഥി രാഷ്ട്രിയത്തിൽ സജീവമായിരുന്നു. മാറ്റം അനിവാര്യമാണ്. അതുകൊണ്ടാണ് ഞാൻ അമിത് പുരോഹിത്ജിയെ പിന്തുണക്കുന്നത്. ഞങ്ങളെപോലുള്ളവരെ ഇല്ലാതാക്കുന്ന സാമൂഹിക നീതി മാറണം. ട്രോളായി മാറാൻ ഞാൻ നിർബന്ധിതനായതാണ്. ഇവന്മാരെ തുരത്താൻ എനിക്കിതേ ചെയ്യാൻ കഴിയൂ...''
''ട്രോളിന്റെ ജോലി ചെയ്ത് മനീഷിനു ജീവിക്കാൻ കഴിയുന്നുണ്ടോ?''
''വരുമാനം കുറവാണ് മാഡം. ഒരു ട്വീറ്റിന് 50 രൂപവരെയേ കിട്ടുന്നുള്ളൂ. അത് കൂട്ടിത്തരണം എന്നാണ് അഭ്യർഥിക്കാനുള്ളത്. എല്ലാദിവസവും സോഷ്യൽ മീഡിയയിൽ എന്താണ് ട്രെൻഡ് ആക്കേണ്ടതെന്നു നിർദേശം ലഭിക്കും. അതിനനുസരിച്ചാണ് ഹാഷ് ടാഗ് ഉണ്ടാക്കുന്നത്. എനിക്കീ ജോലിചെയ്യാൻ വലിയ താൽപര്യമാണ്. ഈ യുദ്ധം എന്റെയും കൂടി ആവശ്യമാണല്ലോ.''
''ഇപ്പോൾ എവിടെയാണ് താമസം?''
''പൂനെയിൽ, ശനിവാർപേട്ടിലാണ്. അവിടെ കുട്ടികൾക്ക് കമ്പ്യൂട്ടർ പഠിപ്പിക്കുന്ന സ്ഥാപനം നടത്തുന്നു. ഇടക്ക് നാട്ടിൽ പോകും.''
''മനീഷ് ഠാക്കൂർ ഒരു ദിവസം എത്ര ട്വീറ്റുകൾ ചെയ്യും?''
''നാല് ട്വീറ്റുകൾ, ഏറിയാൽ അഞ്ച്.''
''ശരി ഞാൻ ബോസിനോട് സംസാരിക്കട്ടെ, എന്തെങ്കിലും കൂട്ടി തരാൻ പറ്റുമോ എന്ന് നോക്കാം.''
മനീഷ് ഠാക്കൂർ ഇറങ്ങിപ്പോകുമ്പോൾ കൈകൂപ്പിക്കൊണ്ട് ചോദിച്ചു: '' മാഡം വെജിറ്റേറിയൻ ആണോ?''
മേധ അതേയെന്ന് തലയാട്ടി. ''ഒരു ആലുപൊറോട്ടയുടെ വില എത്രയെന്നു മാഡത്തിന് അറിയുമോ?''
ഈ ചോദ്യം കേട്ട് മേധ മിഴിച്ചിരുന്നു.
''ബീഫ് ബിരിയാണിയുടെ വിലയറിയുമോ?''
മനീഷ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മേധക്ക് യാതൊരു പിടിയും കിട്ടിയില്ല.
''ആലുപൊേറാട്ടയെക്കാൾ കൂടുതലാണ് മാഡം, വളരെ കൂടുതൽ. എന്നിട്ടും അവരതു വാങ്ങി തിന്നുന്നുണ്ട്. വയറു നിറയ്ക്കുന്നുണ്ട്. ഈ രാജ്യത്ത് ഹിന്ദുക്കളുടെ കാര്യം വലിയ കഷ്ടമാണ്. സർക്കാർ ജോലിയും കാശും കച്ചോടവും അവന്മാരുടെ കൈയിലാണ്.''
മനീഷിന്റെ മുഖഭാവം മാറുന്നത് മേധ കണ്ടു. പക നിറഞ്ഞ ചെറുപ്പക്കാരന്റെ മാനസികാവസ്ഥയിൽനിന്ന് വൃദ്ധനായാലും അവനു മോചനമുണ്ടാവില്ല. മനീഷ് വാതിൽ ചാരി പുറത്തുകടന്നപ്പോൾ മേധ അവന്റെ ട്വിറ്റർ അക്കൗണ്ട് പരിശോധിക്കാൻ തുടങ്ങി. എല്ലാം സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന ട്വീറ്റുകൾ. വൃത്തികെട്ട ഭാഷ. ഈ സൈബർ ആക്രമണങ്ങൾ ഒരു സ്ത്രീക്കും സഹിക്കാനാവില്ല. അമിത് പുരോഹിത്ജി ട്വിറ്ററിൽ അവനെ ഫോളോ ചെയ്യുന്നുണ്ടെന്ന അറിവ് മേധയെ വല്ലാതെ അസ്വസ്ഥയാക്കി.
പുതിയ ട്രോളുകളെ റിക്രൂട്ട് ചെയ്ത ശേഷം വിമൽ വളരെ ഉത്സാഹത്തോടെയാണ് മേധയുടെ കാബിനിലേക്കു വന്നത്.
''മേധ...വിശക്കുന്നുണ്ടോ?''
''ഇല്ല'', മേധ എഴുന്നേറ്റു. വിമൽ അവളെ വർക്കിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവർ അവിടെ പ്രവേശിച്ചപ്പോഴേക്കും ജീവനക്കാർ എല്ലാവരും എഴുന്നേറ്റു നിന്നു. പ്രകാശ് യാദവ് സ്റ്റാഫിന് മേധയെ പരിചയപ്പെടുത്തി.
''ഗൈസ്, ഇതു നമ്മുടെ കമ്പനിയുടെ പുതിയ സി.ഇ.ഒ, മേധ കോഹ് ലെ. ഇനി മുതൽ പൂനാ ഓഫീസിന്റെ മേൽനോട്ടവും മാഡത്തിനായിരിക്കും.''
ഇതു കേട്ടപ്പോൾ മേധയുടെ കണ്ണ് നനഞ്ഞു. കണ്ണുനീർ പുറത്തേക്കു ഒഴുകാതിരിക്കാൻ അവള്‍ പാടുപെട്ടു. സ്നേഹവും ആദരവും കലർന്ന ഒരു നോട്ടംകൊണ്ട് മേധ വിമലിനെ എരിച്ചുകളഞ്ഞു. വിമൽ ഒന്നും സംഭവിക്കാത്തപോലെ ജീവനക്കാർക്കൊപ്പം കൈയടിച്ചു. മേധക്ക് ഒന്നും സംസാരിക്കാനായില്ല, അവൾ എല്ലാവരോടും കൈകൂപ്പി.
ജീവിതത്തിലെ തിരിച്ചടികൾ മനസ്സിനെ, ശ്മശാന ഭൂവിശാലതയിൽ ഒറ്റക്ക് നിൽക്കുന്ന കരിഞ്ഞുണങ്ങിയ മരംപോലെയാക്കിയിരുന്നു. വിമലിന്റെ ഹൃദയവിശാലതയാണ് എന്നെ രക്ഷിച്ചത്. ഈ പദവിയും കരുതലിന്റെയും സ്നേഹത്തിന്റെയും ഉപഹാരമാണ്. വൈകാരികത നിയന്ത്രിച്ചുകൊണ്ട് മേധ സ്റ്റാഫിനോട് പദവിക്കിണങ്ങുംവിധം സംസാരിച്ചു. ഒരു പുലാവ് നന്നായി വെച്ചാൽ പോലും അഭിനന്ദനം കിട്ടാത്ത സ്ത്രീയായിരുന്നു. ഇതു അർഹിക്കുന്നതിനേക്കാൾ കൂടുതലാണെന്നു മേധക്ക് തോന്നി. വിമൽ താൻ നഷ്ടപ്പെടുത്തിയ പുരുഷനാണ്. പോയകാലങ്ങളോട് അവൾ ഉള്ളാലെ ക്ഷമ ചോദിച്ചു.
അവര്‍ ഇറങ്ങാൻ നേരം പ്രകാശ് യാദവ് ധൃതിപിടിച്ചു കാബിനിലേക്കു വന്ന് വിമലിനോട് എന്തോ പറഞ്ഞു. വിമൽ ഉടനെ അയാൾക്കൊപ്പം ഒരു സിസ്റ്റത്തിന്റെ മുന്നിൽ പോയി ഇരുന്നു. അവർ ട്രാക്ക് ചെയ്തപ്പോൾ കിട്ടിയ ഒരു ഹാഷ്ടാഗ് അലോസരപ്പെടുത്തുന്നതായിരുന്നു.
നടി ഉൗർമിളാ കപൂറിന്റെ ട്വീറ്റ് ആയിരുന്നു അത്.
കിരൺ ദോലാക്കിയ ആത്മഹത്യ ചെയ്യാൻ മാത്രം ഭീരുവല്ല. അദ്ദേഹത്തെ ദാരുണമായി വകവരുത്തിയതാണ്. കേസ് സി.ബി.ഐ അനേഷിക്കണം.
ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമാണ്. അനേകം പേര് റീ ട്വീറ്റും ഷെയറും ചെയ്തിരിക്കുന്നു.
''പോസ്റ്റ് ചെയ്തിട്ട് പത്തുമിനിറ്റ് പോലും ആയിട്ടില്ല സർ.''
വിമൽ വിളറിയ മുഖം ആരുമറിയാതിരിക്കാൻ കൃത്രിമമായി ചിരിച്ചുകൊണ്ട് പറഞ്ഞു. ''എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം.''
മേധ വാഷ്റൂമിൽനിന്ന് ഇറങ്ങിവരുന്നതിനു മുമ്പേ വിമൽ കാര്യങ്ങൾ യാദവിന് വിവരിച്ചുകൊടുത്തു. അഞ്ചു നിമിഷങ്ങൾക്കുശേഷം ട്രോളുകൾ ഊർമിള കപൂറിന്റെ ആത്മവിശ്വാസം തകർക്കുന്ന കമന്റുകൾ ഇടാൻ തുടങ്ങി. ഇതു വിമലിനു പ്രത്യേകം താൽപര്യമുള്ള കേസ് ആണെന്ന് യാദവിനും മനസ്സിലായി.
''എന്തെങ്കിലും ഉണ്ടെങ്കിൽ ഏതു പാതിരാത്രിയിലും എന്നെ വിളിക്കാൻ മടിക്കേണ്ട'', വിമൽ ഇറങ്ങാൻ നേരം പ്രകാശ് യാദവിനോട് പറഞ്ഞു.
സ്നേഹത്താൽ മുഖം തുടുത്തിരിക്കുന്ന മേധയെയുംകൊണ്ട് വിമൽ ശനിവാർവാഡ കാണാൻ പോയി. ബാജിറാവുവിന്റെയും മസ്താനിയുടെയും സ്നേഹകൊട്ടാരം. വാൾതലപ്പിൽ ഇരുവരും സ്നേഹം പുരട്ടി ജീവിച്ച കോട്ടക്കുള്ളിൽ അതേ വിശുദ്ധിയോടെ വിമലിനെ ഒട്ടിനിൽക്കണമെന്നു ഒരു നിമിഷം മേധ ചിന്തിച്ചുപോയി. ഈ യാത്ര അവളെ അത്രക്കധികം തരളിതയാക്കിയിരുന്നു.
ജൂഹു ബീച്ചിൽ ഓടാൻ പോയതായിരുന്നു ശിവറാം ഗോദ്ര. കടലിന്റെ ശബ്ദം അയാളിലേക്ക് അലീസിയ ഗർസയുടെ ഓർമകൾ കൊണ്ടുവന്നു. രണ്ടാമത്തെ റൗണ്ട് ഓടുമ്പോഴും കിതപ്പും വിയർപ്പും അയാളെ മടുപ്പിച്ചിരുന്നില്ല. മൺമറഞ്ഞുപോയ എത്രയോ കമിതാക്കളുടെ പാദസ്പർശമേറ്റ മൺതരികള്‍ ഇപ്പോഴും ഇവിടെ മറഞ്ഞിരിപ്പുണ്ടാവുമെന്നു ഓടുന്നതിനിടയിൽ ശിവറാം ഗോദ്രക്കു ഉൾക്കുളിരുണ്ടായി. അലീസിയ ഗർസക്കൊപ്പം കാറ്റുകൊണ്ട വൈകുന്നേരങ്ങൾ അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചതും, ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നൽ അയാളെ അലട്ടാൻ തുടങ്ങി. ഓടുന്നതിനിടയിൽ അയാൾ കുറെ വട്ടം തിരിഞ്ഞുനോക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം മനസ്സ് കൈവിട്ടുപോകുന്ന നിമിഷങ്ങളുടെ എണ്ണം വർധിക്കുകയാണ്. അതാണിങ്ങനെ കാര്യമില്ലാതെ അസ്വസ്ഥനാകുന്നത്. തന്റെ പിന്നിൽ ആരുംതന്നെയില്ല. ശിവറാം ഓട്ടം തുടർന്നു. അൽപം കഴിഞ്ഞതും തന്റെ നിഴലിനൊപ്പം മറ്റൊരു നിഴൽ നീങ്ങുന്നതായി അയാൾ കണ്ടു. മഴ ചാറ്റുന്നുണ്ടോ? തലയിൽ വീണ ഒരു തുള്ളി തൊട്ടുകൊണ്ട് അയാൾ മുകളിലേക്ക് നോക്കി. തന്റെ തലക്കു മുകളിലായി ഒരു ശവശരീരം കമിഴ്ന്നുകിടന്ന് പിന്തുടരുകയാണ്...ശിവറാം ഗോദ്ര അന്ധാളിച്ചുപോയി. അതിനു രാം ചമറിന്റെ മുഖമാണ്. ആ വിഭ്രാന്തിയിൽ അയാൾ മണലിൽ വീണു. രാം ചമർ നിർത്താതെ തുപ്പുകയാണ്.
പിടഞ്ഞെഴുന്നേറ്റു ശിവറാം ഗോദ്ര കാറിന്റെ അരികിലേക്ക് പാഞ്ഞു. ശവം അപ്പോഴും അയാളെ പിന്തുടരുന്നുണ്ടായിരുന്നു. പഴക്കം ചെന്ന മഞ്ഞ കഫത്തിന്റെ ഗന്ധം ശിവറാം ഗോദ്രയുടെ പ്രാണനെ പേടിപ്പിച്ചു കളഞ്ഞു. മരണവെപ്രാളത്തോടെ അയാൾ കാറോടിച്ചു ഫ്ലാറ്റിൽ എത്തി.
ലക്ഷ്മൺ ഗാവന്തിന്റെ ഭാര്യ അപ്പോഴേക്കും ഫ്ലാറ്റ് മുഴുവനും തൂത്തു വൃത്തിയാക്കിയിരുന്നു. അവളെ ഗൗനിക്കാതെ, പേപിടിച്ചവനെപോലെ ശിവറാം ഗോദ്ര ബാത്ത് റൂമിലേക്ക് കയറി.
ഇന്ന് രാവിലെ വരാൻ പറ്റാത്തതുകൊണ്ട് വൈകുന്നേരം വന്നത് സാര്‍ നിർബന്ധിച്ചതുകൊണ്ടാണ്. ഓടാൻ പോകുന്നതിനു മുമ്പ് ബാത്ത് റൂം എല്ലാം നന്നായി കഴുകിയിടണമെന്നു പ്രത്യേകം പറഞ്ഞിരുന്നു. അതിനു നേരം കിട്ടിയിരുന്നില്ല, ഇനി വഴക്ക് അതിനാവും എന്ന് ശിവറാമിന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ ലക്ഷ്മൺ ഗാവന്തിന്റെ ഭാര്യക്ക് മനസ്സിലായി. ശിക്ഷ ഏറ്റുവാങ്ങാൻ അവൾ ഒരുങ്ങിനിന്നു.
ഏറെ നേരത്തിനു ശേഷമാണ് ശിവറാം ഷവർ കഴിഞ്ഞു പുറത്തിറങ്ങിയത്.
''എന്താടി നീ പോയില്ലേ?''
അയാൾ ചോദിച്ചു, അവൾ തലകുനിച്ചു നിന്നതേയുള്ളൂ.
നനഞ്ഞ ശരീരവുമായി അയാൾ അവളെ തുറിച്ചുനോക്കി. ശീലമായിപ്പോയ അടിമജീവിതത്തിന്റെ നിസ്സഹായതയെ ശപിച്ചുകൊണ്ട് അവൾ ചോദിച്ചു:
''ഞാൻ കുളിച്ചിട്ടു വരണോ സാബ്?''
ശിവറാം നനഞ്ഞ കൈകൊണ്ടു മുഖമടച്ചൊന്നു കൊടുത്തു. അവളുടെ മുഖം വീങ്ങിപോയി. കരയാൻപോലുമാകാതെ അവൾ ചുമർ ചാരി നിന്നു. കാൽവിരലുകൾ വേരുകളായി, അവൾക്കു അനങ്ങാൻ ആയില്ല.
അയാൾക്ക് കലിയടങ്ങിയിരുന്നില്ല. അവളുടെ കൈയിൽനിന്നു തെറിച്ചുപോയ ലക്സ് സോപ്പെടുത്തു ശിവറാം ഗോദ്ര അവളുടെ വായയിൽ ബലമായി തിരുകിക്കൊണ്ട് അലറി.
''തേവിടിശ്ശി നീ ഇതു മുഴുവനും തിന്നു തീർത്തിട്ട് പോയാൽ മതി.''
അവൾ തേങ്ങിക്കൊണ്ട് സോപ്പ് കടിച്ചുപിടിച്ചു.
ഠഠഠ
നേരം ഇരുട്ടിയിട്ടും ഭാര്യയെ കാണാഞ്ഞ് ലക്ഷ്മൺ ഗാവന്ത് സൈക്കിളെടുത്തു വഴിയിലേക്കിറങ്ങി. പുറകിൽ രാം ചമര്‍ ഇരിക്കുന്നതിന്റെ ഭാരം അനുഭവപ്പെടുന്നതുപോലെ വളരെ സാവധാനമാണ് അയാൾ ചവിട്ടിക്കൊണ്ടിരുന്നത്. മരിച്ചവരെക്കുറിച്ചുള്ള ചിന്ത നമ്മൾ ചെയ്യുന്ന പ്രവൃത്തിയുടെ വേഗം കുറയ്ക്കും!
വിമൽ പൂനെയിൽനിന്ന് അടുത്തദിവസമേ തിരിച്ചെത്തൂ എന്ന സന്ദേശം വന്നതിനാൽ നേരത്തേ അത്താഴം കഴിച്ചു കിടക്കാമെന്നു ശിവറാം ഗോദ്ര കരുതി. ഫ്രിഡ്ജിൽനിന്ന് പുലാവെടുത്തു ചൂടാക്കിയ ശേഷം അയാൾ കട്ടതൈരും അച്ചാറും കൂട്ടി വയറു നിറയെ കഴിച്ചു. ഇനി വേണമെങ്കിൽ ഡൗൺലോഡ്ചെയ്തുവെച്ച ഒരു സിനിമ കാണാം. ലാപ്ടോപ്പ് തുറന്നുവെച്ച ശേഷം സിഗരറ്റ് വലിക്കാനായി ശിവറാം ഗോദ്ര ബാല്‍ക്കണിയിലേക്കു ചെന്നുനിന്നു. നഗരം അങ്ങകലെ ചുവപ്പും മഞ്ഞയും നീലയും കലർന്ന പൊട്ടുവെളിച്ചമായി ചലിക്കുന്നതയാള്‍ കണ്ടു. സാന്‍ഫ്രാന്‍സിസ്കോ നഗരത്തിലും രാത്രിവാഹനങ്ങൾക്കു ഇതേ വെളിച്ചവേഗമാണ്. ശിവറാം സിഗരറ്റിനു തീ കൊളുത്തി. അത്താഴം കഴിഞ്ഞാൽ പുകവലിക്കുന്ന ശീലം കോളജ് കാലംതൊട്ടു തുടങ്ങിയതാണ്. യു.എസില്‍ പോയപ്പോൾ എണ്ണം കൂടിയെന്ന് മാത്രം. ഒറ്റക്ക് നിന്നുവലിക്കുമ്പോൾ കിട്ടുന്ന ഏകാന്തതക്ക് ഒരു പ്രത്യേകതയുണ്ട്, അവനവനോട് ഏറ്റവും ആത്മാർഥതയോടുകൂടി സംവദിക്കുന്ന നിമിഷമായിരിക്കുമത്. അയാൾ വളരെ സാവധാനം പുകവിട്ടുകൊണ്ടിരുന്നു. ആ പുകമണം പിടിച്ചുകൊണ്ട്, ഒരു കൊതുമ്പുവള്ളം കണക്കെ ഇരുട്ടാകാശത്തിലൂടെ എന്തോ ഒഴുകിവന്നു. ശിവറാം പേടിച്ചുപോയി. രാം ചമര്‍ തുറന്നുപിടിച്ച കണ്ണുകളുമായി തലക്കു മുകളിൽ എത്തിക്കഴിഞ്ഞു. തുപ്പൽകൊണ്ട് സിഗരറ്റ് കെട്ടുപോയി.
ശിവറാം തപ്പിപ്പിടഞ്ഞ് അകത്തുകയറി വാതിലടച്ചു. രാം ചമർ ഒഴുകിപ്പോകുന്നതു ചില്ലുജാലകത്തിലൂടെ കണ്ടു. ശവത്തിന്റെ മരവിച്ച കറുത്ത കാലുകൾ നീങ്ങിക്കഴിഞ്ഞതും, ശിവറാം ഗോദ്ര ഓടിച്ചെന്നു കർട്ടൻ വലിച്ചിട്ടു. കഫം വീണു നനഞ്ഞ കൈകൾ പാപക്കറ പോക്കുംപോലെ അയാൾ പലവട്ടം കഴുകി. സിനിമ കാണാനിരുന്നിട്ടും മനസ്സ് ശാന്തമായില്ല. വാഷ് ബേസിന്റെ മുന്നിൽ മാത്രം തലകുനിച്ചു ശീലമുള്ള ശിവറാം ഗോദ്ര വാനിൽ ഒഴുകിനടക്കുന്ന ശവത്തെപേടിച്ച് ഉറങ്ങാൻപോലുമാകാതെ നിസ്സഹായനായി. അവസാനം പഴക്കം ചെന്ന സ്ലീപ്പിങ് പിൽസ് എടുത്തു കഴിച്ചു. അയാൾ മയങ്ങിക്കഴിഞ്ഞിട്ടും ലാപ്ടോപ്പിൽ ഇൻ ഗ്ലോറിയസ് ബാസ്റ്റർഡ്‌സ് ഓടിക്കൊണ്ടിരുന്നു.
ഠഠഠ
ശനിവാർ വാഡയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കണ്ടതിനുശേഷമാണ് മേധയും വിമൽ വൻസാെരയും ഹോട്ടലിലേക്ക് മടങ്ങിയത്. സന്തോഷവതിയായിരുന്നു മേധ. ഏറ്റവും പ്രിയപ്പെട്ട ഒരാളെ ആനന്ദിപ്പിക്കാൻ കഴിഞ്ഞതിലുള്ള മനഃസുഖം വിമലും അനുഭവിക്കുന്നതായി മേധക്ക് തോന്നി. മുറിയിലെത്തിയതും മേധ മേല് കഴുകാൻ കുളിമുറിയിൽ കയറി. നിശാവസ്ത്രമണിഞ്ഞുകൊണ്ടാണവൾ ഇറങ്ങിവന്നത്. അയാളുടെ മുന്നിൽ നിന്ന് അടിവസ്ത്രം മാറാൻ അവൾ ലജ്ജിച്ചില്ല. ഒരു സാധാരണ പ്രവൃത്തിപോലെയാണ് ചെയ്തത്.
''ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ ബാജിറാവുവിന്റെയും ബീഗം മസ്താനിയുടെയും പ്രണയം എന്താണാവോ കാണിക്കാതിരുന്നത്. മുൻപ് അതുണ്ടായിരുന്നു.''
''സർക്കാർ മാറുമ്പോൾ കാര്യങ്ങൾ മാറും മേധാ.''
''പക്ഷേ, വിമൽ അവരുടെ പ്രണയ ചരിത്രം മാറില്ലല്ലോ?''
വിമൽ തർക്കിക്കാൻ നിന്നില്ല. മുറിയിലെ പ്രകാശത്തിൽ മേധ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് അയാൾ കണ്ണാടിയിൽ കണ്ടു.
''ബക്കാഡിയുണ്ട് ഒഴിക്കട്ടെ.''
മേധ വേണ്ടെന്നു പറഞ്ഞില്ല.
വിമൽ രണ്ടു ഗ്ലാസുകൾ നിറച്ചു. ഒന്നിൽ കോള കലർത്തി. മേധ അയാള്‍ക്കരികിൽ വന്നിരുന്നു. അവർ ഗ്ലാസുകൾ കൂട്ടിമുട്ടിക്കുകയോ ചിയേർസ് പറയുകയോ ചെയ്തില്ല. ഗ്ലാസിലേതു തീരുന്നതുവരെ നീണ്ടുനിന്ന മൗനത്തിനുശേഷം മേധ ചോദിച്ചു:
''വിമൽ എന്താണ് വിവാഹം കഴിക്കാത്തത്?''
വിമൽ അതിനു മറുപടിയായി, മേധയുടെ കൈയിൽനിന്നും ഗ്ലാസ് വാങ്ങി രണ്ടാമതൊന്നു ഒഴിക്കുകയാണുണ്ടായത്. അവൾ കസേരയിൽനിന്ന് എഴുന്നേറ്റ് വിമലിന്റെ മുഖം ൈകയിലെടുത്തുകൊണ്ടു ചോദിച്ചു:
''നിനക്ക് പെണ്ണുങ്ങളെ പേടിയാണോ?''
ഫോർപ്ലേയിലേക്കുള്ള പ്രലോഭനമായതു വഴുതുമോ എന്ന് വിമൽ ഭയന്നു. അയാൾ ഗ്ലാസുമായി എഴുന്നേറ്റ് ഒരു മൂലയിലേക്ക് മാറി. തനിക്കായി ഒഴിച്ചുവെച്ചത് കഴിക്കാൻ പിന്നെ മേധക്ക് തോന്നിയില്ല. വിമൽ കൈയിലുള്ളത് ഒറ്റവലിക്ക് തീർത്തു.
മേധ ആലസ്യത്തോടെ പിറകിൽ നിന്ന് വിമലിനെ പൊതിഞ്ഞു. അയാളുടെ കഴുത്തിൽ ചുംബിച്ചു. വിമൽ നിസ്സഹായനായി. മേധ വാശിയോടെ അയാളെ കട്ടിലിലേക്ക് ഉന്തിയിട്ടു.
''എന്ത് പറ്റി വിമൽ, എനിക്ക് ഗർഭപാത്രം ഇല്ലെന്നു അറിഞ്ഞതിനാൽ ഉത്തേജിതനാവാത്തതാണോ?''
''അല്ല മേധാ അല്ല...'' അയാൾ അപ്രതീക്ഷിതമായി മേധയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
അരുതാത്തതെന്തോ സംഭവിച്ചപോലെ മേധ കട്ടിലിൽ ഇരുന്നു. വിമൽ കിടന്നുകൊണ്ട് തേങ്ങി.
''ശിവാനി ഭട്ട്നാഗറിനെ വെടിവെച്ചുകൊന്നപ്പോൾ മരിച്ചത് എന്റെ കുഞ്ഞുംകൂടിയാണ്.''
മേധ തുടയിടുക്കിൽ കൈപിണച്ചിരുന്നു. അവളുടെ കണ്ണും നിറഞ്ഞു.
''അവളുടെ വേർപാട് എനിക്ക് നഷ്ടപ്പെടുത്തിയത് മൂന്ന് കാര്യങ്ങളാണ്. ശിവാനിയുടെ പ്രണയം. എന്റെ കുഞ്ഞ്, എന്റെ ലൈംഗികശേഷി, ആ വാർത്ത അറിഞ്ഞതിൽ പിന്നെ എനിക്ക് ഉത്തേജനം ഉണ്ടായിട്ടില്ല. I am impotent.''
മുറിനിറയുമാറുച്ചത്തിലുള്ള കരച്ചിലോടെ മേധയുടെ നഗ്നശരീരം വിമൽ വന്‍സാെരയുടെ ബലഹീനതയെ വാരി പുണർന്നു. അവൾ വിമലിനെ എഴുന്നേല്‍പ്പിച്ചു നിർത്തി.
''സ്നേഹംകൊണ്ട് ഞാൻ നിന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും വിമൽ.''
അന്ന് രാത്രി മുഴുവൻ മേധയുടെ ഭ്രാന്തിനു വിമൽ വഴങ്ങിക്കൊടുത്തു.
പുലർച്ചക്കു മൂത്രമൊഴിക്കാനായി ഉണർന്ന വിമൽ കണ്ടത്, പൂർണനഗ്നയായി കസേരയിൽ ഇരുന്നുറങ്ങുന്ന മേധയെയാണ്. കുപ്പി പകുതി തീർന്നിട്ടുണ്ട്. ഗ്ലാസിൽ ചവച്ചുതുപ്പിയ മുന്തിരിയുടെ കുരുക്കൾ നിറഞ്ഞിരുന്നു.
വിമൽ എഴുന്നേറ്റ് ചെന്ന് അവളുടെ അരികിൽ മുട്ടുകുത്തിയിരുന്നു.
(തുടരും)