9mm ബെരേറ്റ
ഇന്ത്യന്‍ പര്യടനം "പുസ്തകങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നതിനും മുമ്പ് ഗ്രന്ഥശാലകള്‍ നിർമിക്കപ്പെട്ടിരുന്നെങ്കില്‍, കലാപപ്രിയര് അതെല്ലാം ബോംബ് നിർമാണശാലകളാക്കിയേനെ."തൊണ്ണൂറ്റി എട്ടാം പേജിലെ അവസാനവാചകം വായിച്ചശേഷം അലീസിയ ഗര്‍സ പുസ്തകം അടച്ചുവെച്ചു. ഇതിനിടെ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യാന്‍ പോകുന്നതിന്റെ അറിയിപ്പ് വന്നിരുന്നു....
Your Subscription Supports Independent Journalism
View Plansഇന്ത്യന്‍ പര്യടനം
"പുസ്തകങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നതിനും മുമ്പ് ഗ്രന്ഥശാലകള്‍ നിർമിക്കപ്പെട്ടിരുന്നെങ്കില്‍, കലാപപ്രിയര് അതെല്ലാം ബോംബ് നിർമാണശാലകളാക്കിയേനെ."
തൊണ്ണൂറ്റി എട്ടാം പേജിലെ അവസാനവാചകം വായിച്ചശേഷം അലീസിയ ഗര്‍സ പുസ്തകം അടച്ചുവെച്ചു. ഇതിനിടെ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യാന്‍ പോകുന്നതിന്റെ അറിയിപ്പ് വന്നിരുന്നു. സാന്‍ഫ്രാന്‍സിസ്കോയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്ര അവള്‍ക്ക് ഒട്ടും വിരസമായിരുന്നില്ല. വായിച്ചും ഉറങ്ങിയും ഓർമകളെ താലോലിച്ചും ഇരുപത്തിനാല് മണിക്കൂറും മുപ്പത് മിനിറ്റും ആകാശയാത്രയിലുടനീളം അവള് സന്തോഷവതിയായിരുന്നു.
ശിവറാം ഗോദ്ര അറൈവലിന്റെ നിശ്ശബ്ദതയില്‍ അലീസിയ ഗര്സയെ കാത്തുനിന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും കാണാന്‍ പോകുന്നത്. ഫേസ്ടൈമില്പോലും അവള് വരാന്‍ കൂട്ടാക്കിയിരുന്നില്ല. കൂടുതല്‍ തടി വെച്ച ഗര്സയെയാണ് ശിവറാം പ്രതീക്ഷിച്ചിരുന്നതെങ്കിലും ഷോ സ്റ്റോപ്പറുടെ ശരീരഭാഷയോടെയാണ് അലീസിയ ഗര്‍സ അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഗോഗള്‍സ് വെച്ചതിനാല്‍ അവളുടെ കണ്ണുകളിലെ ചേതോവികാരം അയാള്‍ക്ക് ശരിക്കും കാണാന്‍ കഴിഞ്ഞില്ല. ബാക്പാക്കും ട്രോളിബാഗും കാറിലേക്ക് കയറ്റിയശേഷം ശിവറാം അവരെ നോക്കി നിന്നു. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ പാര്‍ക്കിങ്ങില്‍വെച്ച് അലീസിയ പൊടുന്നനെ അയാളെ കെട്ടിപ്പിടിച്ചു. ബേ ഏരിയയിലേതുപോലുള്ള കുളിര്‍ക്കാറ്റ് ഇരുവര്‍ക്കും അനുഭവപ്പെട്ടു.
"നമ്മള് നേരെ പോകുന്നത് പോര്ബന്തറിലേക്കാണോ?"
"അല്ല, ഗോധ്രയിലെ എന്റെ തറവാട് വീട് കാണേണ്ടേ? അവിടെ അടുത്ത് ഹോട്ടല്‍ പറഞ്ഞിട്ടുണ്ട്."
"ഇവിടുന്ന് എത്ര സമയം എടുക്കും?"
"ട്രാഫിക് ജാം ഇല്ലെങ്കില്‍ രണ്ടര മണിക്കൂര്‍."
കാറിലിരുന്ന് അപ്പോള്‍മാത്രം പരിചയപ്പെട്ടവരെപ്പോലെ ഇരുവരും സംസാരിച്ചുകൊണ്ടിരുന്നു.
"സബര്‍മതി ആശ്രമത്തിലേക്ക് ഇവിടന്ന് അധികം ദൂരമുണ്ടോ?"
"ഇല്ല, ഏഴു കിലോമീറ്റര്‍."
"ഗോധ്രയില്‍നിന്ന് തിരിച്ചുവരേണ്ടിവരും അല്ലേ?"
"അതെ. ഞാന്‍ എല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ട്, സമാധാനമായിരിക്ക്."
അലീസിയ ഗര്‍സ തന്റെ നീണ്ട വിരലുകള്‍കൊണ്ട് ശിവറാം ഗോദ്രയുടെ കവിളില്‍ തൊട്ടു. "നിന്റെ നാട് കാണണമെന്ന് എത്ര കാലമായുള്ള ആഗ്രഹമാണ്. ഇപ്പോഴെങ്കിലും അതിനു സാധിച്ചല്ലോ. അതിന്റെ എക്സൈറ്റ്മെന്റ് ഉണ്ട്. ഈ കാലമത്രയും ഞാന്‍ ഗാന്ധിജിയെ വായിക്കുകയായിരുന്നു. നിന്നെയും മഹാത്മാവിനെയും രൂപപ്പെടുത്തിയ സ്ഥലം എനിക്കും ഏറെ പ്രിയപ്പെട്ടതാണ്."
"ഗുജറാത്ത് ലോകം കീഴടക്കാന്‍ വെമ്പല്‍ കൊള്ളുന്നവരുടെ മണ്ണാണ്." ശിവറാം ഗോദ്ര സ്നേഹപൂർവം പറഞ്ഞു.
"പക്ഷേ, നിങ്ങള്‍ക്കിപ്പോള്‍ വലിയ പ്രതിമകള്‍ സ്ഥാപിക്കുന്നതിലല്ലേ കമ്പം."
"നിങ്ങള്‍ക്ക് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഉണ്ടല്ലോ?"
"അത് ഞങ്ങള്‍ നിർമിച്ചതല്ല, സമ്മാനം കിട്ടിയതാണ്."
"നീ വല്ലാതെ മാറിപ്പോയി ഗര്‍സ."
ഒരു ചരക്കുലോറി അവരെ പേടിപ്പിക്കും വിധം തൊട്ടരികിലൂടെ കടന്നുപോയി.
"ഏതെങ്കിലും ഒരാളുടെ അശ്രദ്ധ മതി അല്ലേ..." അലീസിയ ഗര്‍സ പറഞ്ഞു. ശിവറാം മറുപടിയെന്നോണം കാറിന്റെ സ്റ്റീരിയോ തുറന്നു. ആഡം ലെവിന്റെ പാട്ട് മുഴങ്ങി. അവള്‍ക്കു ഏറ്റവും പ്രിയപ്പെട്ട പോപ്പ് ഗാനം...
ഒരിക്കല്‍ അലാമോയില്നിന്ന് എല്‍.എ വരെ ഇരുവരും മാറി മാറി ഡ്രൈവ് ചെയ്തു പോയപ്പോള്‍ ഗര്‍സ കാറില്‍ വെച്ച അതേ ഗാനം. അവള്‍ക്ക് അത് കേട്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.
"പ്രിയമുള്ളവരുടെ കുട്ടിക്കാലം തിരഞ്ഞു പോകുന്നതിനൊപ്പം മറ്റൊരു ഭ്രാന്തുകൂടി എന്നെ പുതുതായി പിടികൂടിയിട്ടുണ്ട് ശിവറാം. ആത്മകഥകളുടെ വായന."
"ആത്മകഥകളെല്ലാം നുണകള്‍ അല്ലേ?"
"ജീവിതമല്ലേ ഏറ്റവും വലിയ നുണ."
അയാള്‍ അൽപനേരത്തേക്ക് ഒന്നും മിണ്ടിയില്ല. അവര്‍ക്കിടയില്‍ ആഡം ലെവിന്‍ പാടിക്കൊണ്ടിരുന്നു.
"ആധി മാറാത്ത മനുഷ്യരെപ്പോലെ നീ വല്ലാതെ മെലിഞ്ഞിരിക്കുന്നു."
''ആധിയൊന്നുമില്ല. ദി എത്തിക്സ് ഓഫ് ഡയറ്റ് വായിച്ചതില്‍ പിന്നെയുണ്ടായ മാറ്റമാണ്."
"അങ്ങനെയൊരു പുസ്തകം ഞാന്‍ കേട്ടിട്ടില്ല."
"ഞാനും കേട്ടിട്ടില്ലായിരുന്നു. ഗാന്ധിജിയുടെ ആത്മകഥയില്നിന്നാണ് എനിക്കീ പുസ്തകത്തെക്കുറിച്ചുള്ള അറിവ് കിട്ടിയത്. ഹവാഡ് വില്യംസിന്റെ പുസ്തകം സംഘടിപ്പിക്കാന്‍ ഞാന്‍ വളരെ പാടുപെട്ടു."
ശിവറാം ചിരിച്ചു. സ്നേഹപൂർവം കൈ അവളുടെ തുടയില്‍ വെച്ചു. അലീസിയ പിന്നെയൊന്നും സംസാരിച്ചില്ല. വാഹനത്തിന്റെ വേഗത കുറഞ്ഞു. ശിവറാം ഗോദ്ര എന്തോ ആലോചനയിലായിരുന്നു. അയാള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ചിന്തിക്കുകയായിരുന്നു അലീസിയ. അങ്ങനെ ഏതാനും നിമിഷങ്ങള്‍ കടന്നുപോയി. പൊടുന്നനെ കുട്ടികള്‍ സംസാരിച്ചു തുടങ്ങുംപോലെ മുമ്പും പിമ്പും ആലോചിക്കാതെയെന്നോണം ശിവറാം പറഞ്ഞു:
"ഗോധ്രയെപ്പറ്റി നിനക്ക് ഗൂഗിള്‍ ചെയ്താല്‍ കിട്ടും. പക്ഷേ, എന്റെ ബാല്യം അതില്‍ തിരഞ്ഞാല്‍ കാണില്ല. എന്റെ മാതാപിതാക്കളുടെ കണ്ണീരിന്റെയും കിനാവിന്റെയും ബാക്കിപത്രമാണ് ഞാന്‍."
അതിവൈകാരികമായ ഒരു ശീല്ക്കാരത്തോടെയാണ് ശിവറാം ഗോദ്ര സംസാരിച്ചത്. അലീസിയക്ക് അത്ഭുതം തോന്നി. എന്തുകൊണ്ടോ അയാളുടെ സംസാരം തുടരാന്‍ ഉതകുന്ന ഒന്നുംതന്നെ അലീസിയ ചോദിച്ചില്ല. ചെയ്തില്ല. അയാള്‍ സ്വയം ഉള്ളു തുറക്കട്ടെ എന്നവള്‍ കരുതി.
"റാവല്പിണ്ടിയില്നിന്നാണ് അച്ഛന് ഗോധ്രയില്‍ എത്തിപ്പെട്ടത്. എല്ലാം നഷ്ടപ്പെട്ട മനുഷ്യന് പിന്നീട് ജീവിതം കെട്ടിപ്പടുത്തു. സമാധാനത്തോടെ കഴിയുമ്പോഴാണ് ലഹളയുണ്ടാവുന്നത്. അതില്‍ അച്ഛന് വെന്തു മരിച്ചു. അമ്മക്ക് മാനസികനില തെറ്റി. ഏറെക്കാലമെടുത്താണ് അത് മാറിയത്. എന്നെ വളര്‍ത്തിയത് ശാഖയാണ്. ഒരുദിവസം അയല്‍ക്കാര്‍ക്കൊപ്പം അമ്മ തീര്‍ഥാടനത്തിനു പോയി. പിന്നെ മടങ്ങിവന്നിട്ടില്ല. അമ്മ പോയതില്‍ പിന്നെയാണ് എന്റെ യാത്ര തുടങ്ങുന്നത്. അതിന്നും തുടരുന്നു."
"നീയ്യും അമ്മയും പാര്‍ത്ത വീട് ഇപ്പോഴും ഉണ്ടോ?"
"അത് പൊളിച്ചുകളയാനോ വില്‍ക്കാനോ എനിക്കിതുവരെ തോന്നിയിട്ടില്ല. അതെന്റെ പിതൃക്കളുടെ ബലികുടീരമാണ്."
"ദുരന്തങ്ങളുടെ അനുഭവമോ ഓർമകളോ ഒരു മനുഷ്യനെയും നല്ലവനാക്കുന്നില്ല. അതവനെ പാപിയാക്കുന്നു." അന്ന് ഹോട്ടല്‍ മുറിയില്‍ വിശ്രമിച്ചപ്പോള്‍ അലീസിയ ഗര്‍സ ഓര്‍ത്തു.
"ഇത്രയും കാലത്തിനിടയില്‍ നിനക്കെന്നെ കാണണമെന്ന് ഒരിക്കല്‍പോലും തോന്നിയിട്ടില്ലേ?" ശിവറാം ഗോദ്ര ബാത്ത്റൂമില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ അലീസിയ ചോദിച്ചു.
അയാള്‍ നിഷ്കളങ്കമായി പറഞ്ഞ മറുപടി ദയാരഹിതമായിരുന്നു. "ഒരിക്കലുമില്ല."
അലീസിയക്ക് കണ്ണ് നിറയുന്നുണ്ടായിരുന്നു. അത് പുറത്തു ചാടാതിരിക്കാന്‍ അവള് പാടുപെട്ടു.
"നിങ്ങള്‍ എത്ര ക്രൂരമായാണെന്നെ സ്നേഹിച്ചത്. ഉപേക്ഷിച്ചതുപോലും ഞാനറിഞ്ഞില്ല."
മുറി വിട്ടിറങ്ങുന്നതിനുമുമ്പ് അലീസിയ ഗര്‍സ ഡയറിയില്‍ എഴുതി. അയാളുടെ സാന്നിധ്യവും ഗന്ധവും സംസാരവുമൊന്നും പഴയതുപോലെ സ്നേഹമുള്ളതല്ലെന്നു എയര്‍പോര്‍ട്ടില്‍ വെച്ച് കെട്ടിപ്പിടിച്ചപ്പോള്തന്നെ അവള് മനസ്സിലാക്കിയിരുന്നു. ആറുമാസം കഴിഞ്ഞു വരാമെന്ന് പറഞ്ഞുപോയ ആളാണ്. പിന്നെ കാണുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. അതിനിടയില്‍ വാട്സ്ആപ് മെസേജുകൾ, ഇ-മെയിലുകള്‍, വല്ലപ്പോഴും തനിക്കെന്നുമാത്രം പറഞ്ഞയക്കുന്ന സെല്‍ഫികള്‍. ഇത്രയും മതിയായിരുന്നു അലീസിയക്ക് അയാളുടെ ഉള്ളില്‍ താനിപ്പോഴും ജീവിച്ചിരിക്കുന്നു എന്നറിയാന്‍. പക്ഷേ, സത്യം മറ്റൊന്നാണ്. അതറിഞ്ഞിട്ട് അവള്‍ക്ക് ശിവറാം ഗോദ്രയോട് വെറുപ്പ് തോന്നിയില്ല. ഒരിക്കല്‍ തന്നെ വിഷാദത്തില്‍നിന്ന് കരകയറ്റിയ പ്രണയമായിരുന്നു അയാള്‍.
രണ്ടു ദിവസമാണ് അവള് ഒന്നിച്ചുണ്ടായത്. ശിവറാം ഗോദ്രക്ക് തിരക്കാണ്. അവളോട് ലോഹ്യം തുടങ്ങുമ്പോഴെല്ലാം ഫോണ്‍കോളുകള്‍ വരും. കുറച്ചുനേരത്തെക്കെങ്കിലും സ്വിച്ച്ഓഫ് ചെയ്തുകൂടേയെന്ന് ഇടക്കു ചോദിക്കുകയും ചെയ്തു. ശിവറാം അസ്വസ്ഥനായിരുന്നു. അതിന്റെ കാരണം ഗര്‍സ ചോദിച്ചതേയില്ല.
വറ്റല്‍മുളകും മഞ്ഞളും വലിയ പായയില്‍ മുറ്റത്ത് ഉണക്കാനിട്ട വീടുകള്‍ കടന്നാണ് ശിവറാം ഗോദ്രയുടെ തറവാട്ടിലെത്തിയത്. രണ്ടു നിലകളുള്ള, ഇഷ്ടികയില്‍ പണിത വീട് നരച്ചിരിക്കുന്നതല്ലാതെ വേറെ കുഴപ്പമൊന്നുമില്ല.
ഗേറ്റ് തുരുമ്പെടുത്തിരുന്നു. മുറ്റത്തെ പൂന്തോട്ടത്തില്‍ വേണ്ടത്ര പരിചരണം ലഭിക്കാഞ്ഞിട്ടും പൂക്കള്‍ വിടര്ത്തിനില്ക്കുന്ന ചെടികള്‍ ഉണ്ടായിരുന്നു. വീട് നോക്കിനടത്തുന്ന മീരാദാസ് എല്ലാം തൂത്തുവൃത്തിയാക്കിയിരുന്നു. അലീസിയ വീട് മുഴുവനും നടന്നു കണ്ടു. ശിവറാം കാറില്‍ തന്നെയിരുന്നു. മീരാദാസ് അവളുടെ പിറകെ ചെന്ന് എല്ലാ മുറികളും കാണിച്ചുകൊടുത്തു. ഏറെനാള്‍ അടച്ചിട്ടതിന്റെ വാടയൊന്നും മുറിയിലുണ്ടായിരുന്നില്ല. ദൈവങ്ങളുടെ ചിത്രങ്ങള്‍ എല്ലാ മുറികളിലും ഉണ്ടായിരുന്നു. അലീസിയ അതെല്ലാം കൗതുകത്തോടെ നോക്കിനിന്നു. മീരാദാസ് നിശ്ശബ്ദമായി അനുഗമിച്ചുകൊണ്ട്, അവള് മുഖത്തുനോക്കുമ്പോഴൊക്കെ പുഞ്ചിരിച്ചു. അവള് ശിവറാമിന്റെ മുറിയില്‍ കയറി കട്ടിലില്‍ ഇരുന്നു. മീരാദാസ് ജനല്പാളികള് തുറന്നപ്പോള്‍ വെയില് വെളിച്ചം ചെറുകണികകളോടൊപ്പം കട്ടിലില്‍ വന്നുവീണു. മുറിയില്‍ ഒരു കട്ടിലും മനോഹരമായ വലിയ മര അലമാരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അലീസിയ ഗര്‍സ അലമാരയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അതിന്റെ മുന്നില്‍ നിന്നു. അലമാര തുറക്കണമെന്ന് അവള്‍ക്ക് അതിയായ വെമ്പലുണ്ടായി. അതിന്റെ അറകളില്‍ ശിവറാമിന്റെ ഭൂതകാലം ഒളിപ്പിച്ച എന്തെങ്കിലും ഉണ്ടാവാതിരിക്കില്ലല്ലോ. ചുവരിലെ ആണിയില്‍ താക്കോല്‍ കൊളുത്തിയിട്ടിരുന്നു. അലീസിയ അതെടുത്ത് അലമാര തുറന്നു.
"മീരാദാസ്...''
മുറ്റത്തുനിന്ന് ശിവറാം ഗോദ്ര ഉറക്കെ വിളിച്ചപ്പോള്‍ അയാൾ ഗര്സയെ വിട്ടു താഴേക്ക് ധൃതിയില്‍ ഇറങ്ങിപ്പോയി. അയാളുടെ പ്രായത്തിന്റെ കിതപ്പ് അപ്പോള്‍ അവള് ശരിക്കും കേട്ടു.
വളര്‍ന്നിട്ടും കുട്ടിത്തം മാറാത്ത മനുഷ്യന്റെ ശേഖരങ്ങള്‍ ആയിരുന്നു അലമാര നിറയെ. കാര്‍ട്ടൂണ്‍ പുസ്തകങ്ങള്‍, ഹിമാന്, ബാറ്റ് മാന്‍, സ്പൈഡര്മാൻ, സൂപ്പര്മാന് തുടങ്ങിയ കളിപ്പാട്ടങ്ങളെല്ലാം അലമാരയില്‍ കുത്തിനിറച്ച് വെച്ചിരിക്കുന്നു. അതില്‍ ഒരു ബാറ്റ്മാനെ തൊട്ടപ്പോള്‍ വാല് മുറിഞ്ഞ ഒരു പല്ലി പുറത്തേക്ക് ചാടി. അലീസിയ പേടിച്ചുപോയി. അലമാര നേരാംവണ്ണം പൂട്ടാതെ അവള് പുറത്തേക്കിറങ്ങി. വീടിന്റെ പിറകില്‍, വലിയ പായയില്‍ ധാരാളം മഞ്ഞള്‍ ഉണക്കാനിട്ടിരുന്നു. ശിവറാം ഗോദ്ര അതിന്റെ അരികില്‍നിന്ന് ഫോണ്‍ ചെയ്യുകയാണ്. അയാളുടെ നിഴല്‍ മഞ്ഞള്പ്പായയില് വീണുകിടക്കുന്നത് നോക്കി മീരാദാസ് നില്‍ക്കുകയാണ്. വീടിന്റെ പിറകില്‍ നോക്കെത്താ ദൂരത്തോളം തരിശുനിലങ്ങളായിരുന്നു. അതിന്റെ ഇടയിലൂടെയുള്ള ചെമ്മണ്പാതയിലൂടെയാണവര് തിരിച്ചുപോയത്.
വിമല്‍ വന്‍സാെര അഡ്മിനായ ഒരു വാട്സ്ആപ് ഗ്രൂപ്പിലാണ് ആ സ്ക്രീന്‍ ഷോട്ട് ആദ്യമെത്തിയത്. മേധ അത് സൂം ചെയ്തു നോക്കി.
പ്രകാശ് തുലി എന്ന പയ്യന്റെ പോസ്റ്റാണ്.
"ഇന്നലെ അമ്മയുടെ മുറി അടക്കിയൊതുക്കി വെക്കുമ്പോഴാണ് മുത്തശ്ശന്റെ പെട്ടി ശ്രദ്ധയില്‍പ്പെട്ടത്. അതില്‍നിന്ന് ഒരു ഡയറി കിട്ടി. എഴുപത്തിയഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. ഡയറി തുറന്നപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. അതില്‍ ഗാന്ധിജിയുടെയും ബാബാസാഹബ് അംബേദ്കറുടെയും സി.വി. രാമന്റെയും കൈയൊപ്പുകള്‍. മുത്തശ്ശന് നിധിപോലെ സൂക്ഷിച്ച ഓട്ടോഗ്രാഫ് പുസ്തകം കേടുപാടില്ലാതെ ഇരിക്കുന്നു. ഇതിനേക്കാള്‍ എന്നെ സന്തോഷിപ്പിച്ചത് പെട്ടിയില്‍നിന്ന് കിട്ടിയ മറ്റൊരു അമൂല്യ വസ്തുവാണ്. ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്തെ ചോര നനഞ്ഞ മണ്ണ്. മുത്തശ്ശന് ജനുവരി 30ന് സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന് അമ്മ പറഞ്ഞ് ഞാന്‍ കേട്ടിരുന്നു. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല."
രണ്ടാമത്തെ സ്ക്രീന്‍ ഷോട്ടില്‍ ഓട്ടോഗ്രാഫിന്റെയും ബാപ്പു നിലംപതിച്ച സ്ഥലത്തെ മണ്ണ് നിറച്ച ഒരു ചെറിയ കുടത്തിന്റെയും പടങ്ങള്‍...
''എവിടെനിന്നാണിത് പോസ്റ്റ് ചെയ്തിരിക്കുന്നത്?" വിമല്‍ വന്‍സാെര ഗ്രൂപ്പില്‍ ചോദിച്ചു.
"ലഖ്നോ", ട്രോള്‍ ആര്‍മി ഹെഡ് പ്രകാശ് യാദവ് മറുപടിയിട്ടു.
"ലഖ്നോവില്‍ എവിടെയാണെന്ന് ട്രാക്ക് ചെയ്തോ?"
"വിഭൂതിഖണ്ഡില്‍ ആണ് വീട്."
മേധ ആ സന്ദേശത്തിന് തമ്പ്നെയില്‍ ഇട്ടു.
ഗോധ്രയില്‍നിന്ന് മുംബൈയിലേക്ക് ഡ്രൈവ് ചെയ്തു വരുന്നതിനാല്‍ ശിവറാം ഗോദ്ര വാട്സ്ആപ് നോക്കിയിരുന്നില്ല. വഴിയില്‍ നിര്‍ത്തി ഭക്ഷണം കഴിക്കുമ്പോഴും അയാള്‍ ഫോണ്‍ നോക്കിയില്ല. ഗര്സക്കു മുന്നില്‍ സ്വയം അപമാനിതനായതിന്റെ നീറ്റല്‍ അയാളെ വിട്ടുമാറിയിരുന്നില്ല. ഒരു ഹോട്ടലിന്റെ റൂഫ്ടോപ്പില്നിന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് അത് സംഭവിച്ചത്. ഗുജറാത്തി സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് നടക്കുന്നതറിഞ്ഞാണ് അവിടെ ഭക്ഷണം കഴിക്കാന്‍ കയറിയത്. റൂഫ് ടോപ്പില്‍ ഗര്സയും കംഫര്‍ട്ടബിള്‍ ആയിരുന്നു. കഴിക്കുന്നതിനിടയില്‍ മഴത്തുള്ളി ശരീരത്തില്‍ വീണതും ശിവറാം മുകളിലേക്കു നോക്കി. തന്റെ തൊട്ടുമുകളില്‍, കിടന്ന് ഒരു ശവശരീരം തുപ്പുന്നു! അയാള്‍ അലറി. വെയ്റ്റര്‍മാരും ചുറ്റിലും ഇരുന്നു ഭക്ഷണം കഴിക്കുന്നവരും ഒരു നിമിഷം സ്തംഭരായി. അലീസിയ ഗര്സക്ക് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി. അവള് ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കുമ്പോ... ശിവറാം തോക്കെടുത്ത് ആകാശത്തേക്ക് നിറയൊഴിക്കാന്‍ ഒരുങ്ങി. അലീസിയ ശരിക്കും പേടിച്ചുപോയി. അയാള്‍ മുകളിലേക്ക് നോക്കി. നിര്‍ത്താതെ തെറിവിളിക്കുകയാണ്. അലീസിയ മാനത്തേക്കു നോക്കി. നക്ഷത്രങ്ങളല്ലാതെ അവിടെ മറ്റൊന്നുമില്ല!
"ശിവറാം ബീഹെവ് യുവര്‍സെല്‍ഫ്!"
"രോഗം അവയവങ്ങള്‍ക്ക് സംഭവിക്കുന്ന ക്ഷതങ്ങളാണ്. എന്നാല്‍, ഭ്രാന്ത് അങ്ങനെയല്ല. അത് ചിന്തകള്‍ക്ക് സംഭവിക്കുന്ന തകരാറാണ്. നിനക്ക് ചികിത്സ ആവശ്യമാണ് ശിവറാം. നിന്റെ അലമാര തുറന്നപ്പോഴേ എനിക്കത് മനസ്സിലായി. എത്രകാലമായി ഇതെല്ലാം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിട്ട്. കാറിലും ഉണ്ടല്ലോ ക്ഷുദ്രശക്തിയുടെ പ്രതീകമായ ടോയ്. കളിപ്പാട്ടങ്ങള്‍ക്ക് ആരോടും വൈകാരികതയില്ല. കൈകാര്യം ചെയ്യുന്നവര്‍ക്ക് അതിനോട് സ്നേഹവും അടിമഭാവവും ഉണ്ടാവുമെന്നല്ലാതെ അത് ഒരു വണ്‍ സൈഡ് അഫയര്‍ മാത്രമാണ്. ഞാന്‍ നിന്നെ സ്നേഹിച്ചതുപോലെ..."
അവസാന വാചകം വിഴുങ്ങിക്കൊണ്ട് അലീസിയ ഗര്‍സ പറഞ്ഞു. അനാവശ്യമായി ഹോണ്‍ മുഴക്കിക്കൊണ്ടാണ് അലീസിയയോട് അയാള്‍ പ്രതികരിച്ചത്. സബര്‍മതി ആശ്രമത്തിലേക്കുള്ള വഴിയിലായിരുന്നു അവര്‍. റോഡ് മോശമായിരുന്നു. അങ്ങകലെ പാടങ്ങളിലേക്ക് കാലികളെ തെളിച്ചുകൊണ്ടുപോകുന്ന പയ്യനെ കണ്ടപ്പോള്‍ അലീസിയ ഫെയര്‍ ഫീല്‍ഡിലെ മലനിരകളെ ഓര്‍ത്തു. അവിടെ ലോറികളില്‍ കൊണ്ടുവിടുന്ന പശുപ്പറ്റങ്ങളെ ഓര്‍ത്തു. സൈക്കിളുമായി ട്രക്കിങ്ങിനു പോകുമ്പോള്‍ വട്ടംനില്ക്കുന്ന പശുക്കളെ വെട്ടിച്ചുപോകാന്‍ നല്ലരസമാണ്. അവറ്റകളുടെ കരച്ചില്, ഗന്ധം, ധ്യാനത്തോടെയുള്ള പുല്ലുതീറ്റ... ഭൂമിയില്‍ എല്ലായിടത്തും നാല്ക്കാലികൾ ഒരേപോലെയാണ്. ചത്ത ഹൃദയമുള്ളവരെപ്പോലും അവ സ്നേഹിക്കും!
ആശ്രമത്തിനടുത്തുള്ള ഹോംസ്റ്റേയില്‍ അലീസിയയെ തനിച്ചാക്കി മടങ്ങിയതില്‍ ശിവറാം ഗോദ്രക്ക് ഒട്ടും കുറ്റബോധം തോന്നിയില്ല.
ചുറ്റിലും വലിയ ഫ്ലാറ്റുകള്‍ നിറഞ്ഞപ്പോള്‍ ചെറുതായിപ്പോയ വീടുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ഇടമായിരുന്നു പ്രകാശ് തുലിയുടേത്. വിഭൂതിഖണ്ഡിലെ തെരുവില്‍നിന്ന് തെക്കോട്ട് സഞ്ചരിച്ചാല്‍ ഗോമ്തി നഗറാണ്. അവിടെ എത്തുന്നതിനു തൊട്ടുമുമ്പുള്ള കവല കഴിഞ്ഞാല്‍ പ്രകാശ് തുലിയും അമ്മയും പാര്‍ക്കുന്ന പുരാതനമായ വീട് കാണാം. ലക്കൻ ധവാനും രോഹിത് കാംബ്ലെയും വിഭൂതിഖണ്ഡിലെത്തുമ്പോള് ഉച്ച കഴിഞ്ഞിരുന്നു. തുലിയുടെ വീട് കണ്ടുപിടിക്കാന്‍ അവര്‍ക്ക് പ്രയാസപ്പെടേണ്ടിവന്നില്ല. ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തതില്‍ പിന്നെ തുലിയുടെ വീട് എല്ലാവര്ക്കും സുപരിചിതമാണ്. ബാല്‍ക്കണിയില്‍ ഉണക്കാനിട്ട കുപ്പായങ്ങളില്നിന്നും വെള്ളം ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു.
കുപ്പായങ്ങളുടെ കണ്ണുനീര്!
വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഇരുവരും അനുവാദമില്ലാതെ അകത്തുകടന്നു. തുലി ചെറുപ്പക്കാരന്റെ പ്രസരിപ്പോടെ ആരോടോ ഫോണ്‍ ചെയ്യുകയായിരുന്നു. ശബ്ദം കേട്ട് അവന്റെ അമ്മ അടുക്കളയില്‍നിന്ന് പുറത്തേക്കുവന്നു. "ആരാണ്?" പരിഭ്രമത്തോടെ ചോദിച്ചു.
"ഞങ്ങള്‍ പത്രക്കാരാണ്, പോസ്റ്റ് കണ്ടപ്പോള്‍ അതേപ്പറ്റി എഴുതാന്‍ വന്നതാണ്." അമ്മയും തുലിയും കൈകൂപ്പി.
പ്രകാശ് തുലി ഡയറിയും കലശവും ലക്കൻ ധവാന് കാണിച്ചുകൊടുത്തു. രോഹിത് കാംബ്ലെ ഡയറിയുടെ താളുകള്‍ മറിച്ചുനോക്കി.
"നിങ്ങള്‍ ഏതു പത്രത്തില്‍നിന്നാണ്?" തുലി ചോദിച്ചു. ലക്കൻ ധവാന് ഒന്നും മിണ്ടിയില്ല. അവരുടെ നിശ്ശബ്ദതക്കു മുന്നില്‍ പ്രകാശും തുലിയും അമ്മയും മിഴിച്ചുനിന്നു.
"ഇത് ഞങ്ങള്‍ കൊണ്ടുപോകും" -കാംബ്ലെ പറഞ്ഞു.
"അത് പറ്റില്ല, ആർക്കിയോളജി ഡിപ്പാർട്മെന്റില്‍നിന്ന് നാളെ ഇത് പരിശോധിക്കാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇത് വിട്ടുതരാന്‍ ഞാനും അമ്മയും താല്പര്യപ്പെടുന്നുമില്ല" -തുലി പൊടിമീശ തടവിക്കൊണ്ട് പറഞ്ഞു.
മുറ്റമില്ലാത്ത വീടിന്റെ മുന്നില്‍ ഒരു ജീപ്പ് വന്നുനിന്നു. തുലി കലശമെടുക്കാന്‍ തുനിഞ്ഞു. ലക്കൻ ധവാന് അതൊട്ടും ഇഷ്ടമായില്ല. അയാള്‍ തോക്കെടുത്തു. തുലിയുടെ അമ്മ തലകറങ്ങി വീണു. ഓട്ടവീണ ബനിയനും പൈജാമക്കും ഉള്ളില്‍ എന്തുചെയ്യണമെന്നറിയാതെ തുലി വിറച്ചു. ഡയറിയും കലശവും എടുത്ത് ധവാനും കാംബ്ലെയും ഓടി ജീപ്പില്‍ കയറി. ഉണക്കാനിട്ട വസ്ത്രങ്ങള്‍ അപ്പോഴും കണ്ണീര് പൊഴിച്ചുകൊണ്ടിരുന്നു. പ്രകാശ് തുലി അലറിക്കൊണ്ട് ജീപ്പിന്റെ പിന്നാലെ കുറച്ചുദൂരം ഓടി... നാട്ടുകാര്‍ വാ പൊളിച്ചു നിന്നു. തുലി നെഞ്ചത്തടിച്ച് കരഞ്ഞു. അവന്റെ ഹൃദയഭാരം ആ കലശത്തിലുള്ളതിനേക്കാള് കനമുള്ളതായി.
ദാദറിലെ സേനാപതി ദാപത് റോഡിലാണ് അമിത് ചന്ദ്ര പുരോഹിതിന്റെ കാരവാന് നിര്‍ത്തിയിട്ടിരുന്നത്. വെടിയേറ്റ് മരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അമിത്ജി. ബ്ലാക്ക്ക്യാറ്റുകളുടെ അകമ്പടിയോടെ അദ്ദേഹം കാരവാനിലേക്ക് കയറി. ശിവറാം ഗോദ്രയും സ്വാമി ശിവാനന്ദയും പ്രകൃതി ഠാക്കൂറും വിമല്‍ വന്സാെരയും കാറില്‍ കാത്തിരിപ്പുണ്ടായിരുന്നു. പത്തു മിനിറ്റിനുശേഷം അവരോടു അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു.
സ്വാമി ശിവാനന്ദയാണ് ആദ്യം കാരവാനില്‍ കയറിയത്. കൂണ് സൂപ്പ് കഴിക്കുകയായിരുന്നു അമിത് പുരോഹിത്. സ്വാമിയെ കണ്ടതും കൈ കൂപ്പി. എല്ലാവരും അദ്ദേഹത്തിന്റെ ചുറ്റിലുമായി ഇരുന്നു.
"നിങ്ങളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. പാര്‍ട്ടിയുടെ പേരില്‍ ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു. പേക്ഷ, ഇനി വരാന്‍പോകുന്നത് കഠിനമായ നാളുകളാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. മൃഗീയ ഭൂരിപക്ഷം, അതാണ് ലക്ഷ്യം. അതിനായുള്ള പദ്ധതിക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായംകൂടി ഈ കാര്യത്തില്‍ അറിയാന്‍ ഞാനാഗ്രഹിക്കുന്നു."
സ്വാമി ശിവാനന്ദ ഒരു നിമിഷം കണ്ണടച്ചിരുന്നു.
"നാടിന്റെ പലഭാഗങ്ങളിലായി സര്‍ക്കാറിനെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. അതില്‍നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടണം. പഴയ വഴിതന്നെ നോക്കാം... സ്ഫോടനങ്ങള്‍'' -പ്രകൃതി ഠാക്കൂര്‍ പറഞ്ഞു.
അമിത് ചന്ദ്ര പുരോഹിത് ഉച്ചത്തില്‍ മൂളി. ഒറ്റവിരല്കൊണ്ട് നെറ്റി തടവി.
"ആ വക കാര്യങ്ങളൊക്കെ ഞാന്‍ നോക്കിക്കൊള്ളാം"-സ്വാമി ശിവാനന്ദ പറഞ്ഞു.
"വിമലും ശിവറാമും എന്തു പറയുന്നു?" അമിത് ചന്ദ്ര ഇരുവരെയും നോക്കി.
"പുരോഹിത് ജി, സ്വാമി പറഞ്ഞ കാര്യങ്ങളോട് എനിക്കും യോജിപ്പാണ്. പക്ഷേ, ഭാരതത്തിലെ മൊത്തം ജനങ്ങളുടെ ശ്രദ്ധതിരിക്കുന്ന എന്തെങ്കിലും പദ്ധതി ഉണ്ടാക്കണം."
"അങ്ങനെ എന്തെങ്കിലും പ്ലാന്‍ നിങ്ങളുടെ കൈയിലുണ്ടോ?"
"ഉണ്ട്'', വിമല്‍ പറഞ്ഞു. "പക്ഷേ, റിസ്കുള്ള സംഗതിയാണ്."
"റിസ്ക് എടുക്കുന്നതിന്റെ പേരാണ് രാഷ്ട്രീയം." അമിത് ചന്ദ്ര ചിരിച്ചു.
"വിമല്‍ കാര്യങ്ങള്‍ വിശദീകരിച്ചാല്‍ നമുക്ക് നോക്കാം" -സ്വാമി ശിവാനന്ദ പറഞ്ഞു.
"ഡല്‍ഹിയിലെ നാഷനൽ ഗാന്ധി മ്യൂസിയത്തില്‍നിന്ന് ഗോഡ്സെ ഉപയോഗിച്ച 9 MM ബെരേറ്റ തോക്ക് മോഷ്ടിക്കണം."
"തോക്ക് നഷ്ടപ്പെട്ടതറിഞ്ഞാല് വലിയ പുകിലാവും" -പ്രകൃതി പറഞ്ഞു.
"അതാണ് നമ്മുടെ ആവശ്യം. ലോകം അത് ചര്‍ച്ചചെയ്യണം."
"നിങ്ങള്‍ ആ തോക്ക് കണ്ടിട്ടുണ്ടോ?"
"ഇല്ല, അതിപ്പോള്‍ മ്യൂസിയത്തില്‍ ഒരു ലോക്കറില്‍ അടച്ചുവെച്ചിരിക്കുകയാണ്."
"രാജ്ഘട്ടിലെ ഗാന്ധി നാഷനല്‍ മ്യൂസിയത്തില്‍ വളരെ മുമ്പ് പൊതുജനം കാണും വിധം രക്തസാക്ഷി ഗാലറിയില്‍ തോക്ക് പ്രദര്‍ശിപ്പിച്ചിരുന്നു. ദുഷ്ടചിന്ത ഉണ്ടാക്കുന്നു എന്നുകരുതി പിന്നീടത് മാറ്റിവെച്ചതാണ്" -വിമല്‍ പറഞ്ഞു.
അമിത് ചന്ദ്ര പുരോഹിത് ബാക്കിവെച്ച സൂപ്പ് വലിച്ചു കുടിച്ചു. എന്നിട്ട് കുറച്ചുനേരം വാക്കുകള്‍ കിട്ടാതായതുപോലെ ഇരുന്നു. അയാളുടെ ഇടത്തേ കാല്പാദത്തില് നീരുവന്നു വീര്‍ത്തത് അപ്പോഴാണ് വിമലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. എല്ലാവരും പുരോഹിതിന്റെ മറുപടിക്കായി കാത്തിരുന്നു. തലയിണയിലേക്ക് ചാരിയിരുന്നശേഷം അദ്ദേഹം ദീര്‍ഘമായി ശ്വാസമെടുത്തുകൊണ്ട് പറഞ്ഞു, "ഞാനിതേപ്പറ്റി കൂടുതല്‍ ആലോചിച്ചിട്ട് പറയാം." എന്നിട്ട് കൈകൂപ്പി. കൂടിക്കാഴ്ച അവസാനിച്ചതായി ശിവറാം ഗോദ്രക്ക് തോന്നി. സ്വാമി ശിവാനന്ദയും പ്രകൃതി ഠാക്കൂറും അവിടെത്തന്നെയിരുന്നു. വിമലും ശിവറാമും കാറില്‍ കയറി സ്റ്റാര്ട്ടാക്കുന്നതിനുമുമ്പേ കാരവാന് നീങ്ങി തുടങ്ങിയിരുന്നു. പ്രകൃതിയോട് എന്തോ പറയണമെന്നു ശിവറാം ഗോദ്രക്ക് ഉണ്ടായിരുന്നു. പക്ഷേ, അത് എന്താണെന്ന് ഡ്രൈവ് ചെയ്യുന്നതിനിടയില്‍ അയാള്‍ക്ക് ഓര്‍ത്തെടുക്കാനേ കഴിഞ്ഞില്ല.
സബര്‍മതി ആശ്രമം കണ്ടു മടങ്ങിയശേഷം അലീസിയ ഗര്സക്ക് ഓർമകളുടെ തിരത്തള്ളലുണ്ടായി. അലാമോയിലെ മെമ്മോറിയല്‍ പാര്‍ക്കില്‍വെച്ച് ശിവറാം ഗോദ്ര വലിയ ഇഷ്ടത്തോടെ ചേര്‍ത്തുപിടിച്ചത് അവളോര്‍ത്തു. അന്ന് പാര്‍ക്കിലൂടെ എത്ര റൗണ്ട് നടന്നു എന്നൊന്നും ഓർമയില്ല. പൈന്‍ മരങ്ങള്‍ നിറഞ്ഞുനില്ക്കുന്ന പാര്‍ക്കില്‍ കൊടും തണുപ്പായിരുന്നു. തടാകത്തില്‍ ഫ്ലയിങ് ഡക്ക് നിറഞ്ഞ സമയം. അവിടത്തെ വന്മരങ്ങള് പട്ടാളക്കാരുടെ ധീരത പേറുന്നവയാണ്. മരങ്ങളുടെ ചുവട്ടില്‍ വലിയ ഉരുളന്‍ കല്ലുകള്‍ സ്ഥാപിച്ചിരുന്നു. അതില്‍ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരുടെ പേരുകളാണ് കൊത്തിവെച്ചിരുന്നത്. അവരുടെ ഓർമക്കായി നട്ട മരങ്ങള്‍ കാലശേഷവും അവരുടെ ജീവിതത്തെ മുന്നോട്ടുനയിക്കുന്നു. "In The Loving Memory of..." നൂറുകണക്കിന് ശിലകളില്‍ അവർ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ പേരുണ്ടായിരുന്നു. യുദ്ധത്തില്‍ പങ്കെടുത്തു മരിച്ചവരാണ് നേരത്തേ വന്മരങ്ങളായത്. യുദ്ധശേഷം മരിച്ച പട്ടാളക്കാരുടെ ഓർമക്കായി പിന്നീട് മരം നടും. പട്ടാളക്കാരുടെ മരണകാലമനുസരിച്ച് മരങ്ങള്‍ക്ക് പ്രായവ്യത്യാസമുണ്ട്. അങ്ങനെ നട്ടുപിടിപ്പിച്ച മരങ്ങള്‍കൊണ്ട് നിറഞ്ഞ പാര്‍ക്കില്‍, ശിവറാം ഗോദ്രയുടെ സ്വപ്നത്തിനൊപ്പം നടന്നത്. അവിടെ സ്ഥാപിച്ച ശിലാഫലകം വായിച്ചപ്പോള്‍ ശിവറാം തര്‍ക്കിച്ചത്. FREEDOM IS NOT FREE എന്ന് എഴുതിയതിനോട് അയാള്‍ക്ക് വിയോജിപ്പായിരുന്നു. സ്വാതന്ത്ര്യം ജന്മാവകാശമാണെന്നാണ് ശിവറാം പറഞ്ഞത്. "ഞങ്ങള്‍ക്കത് രക്തം കൊടുത്തും ജീവന് കൊടുത്തും നേടിയെടുത്തതാണ്. അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് സ്വാതന്ത്ര്യം സൗജന്യമല്ല." മെമ്മോറിയല്‍ പാര്‍ക്കില്‍ പിന്നീട് ഞങ്ങള്‍ ഒരുപാടു തവണ പോയിട്ടുണ്ട്. അവിടത്തെ ഏകാന്തത എനിക്ക് ഇഷ്ടമായിരുന്നു. തൊട്ടുരുമ്മി ഏറെനേരം ഒന്നും മിണ്ടാതെ ഞങ്ങള്‍ നടക്കുമായിരുന്നു. തടാകത്തില്‍ ചൂണ്ടല്‍ ഇടുന്ന കുട്ടികളോട് മാത്രം ചിരിക്കും. അവിടെ എത്ര റൗണ്ട് നടന്നാലും കിതക്കില്ലായിരുന്നു. ആ സായാഹ്നങ്ങള്‍ ഒക്കെയും സുന്ദരങ്ങളായിരുന്നു. മെമ്മോറിയല്‍ പാര്‍ക്കില്‍ ഉള്ള അതേ ഏകാന്തതയാണ് സബര്‍മതി ആശ്രമത്തിലും. മനസ്സിനെ വിമലീകരിക്കുന്ന ആനന്ദനിര്‍വൃതി അതുണ്ടാക്കുന്നു. ലോകത്തെല്ലായിടത്തെയും ശാന്തത ഒരേപോലെയാണ്. അലീസിയക്ക് ഒരിക്കല്‍കൂടി ശിവറാമിനൊപ്പം മെമ്മോറിയല്‍ പാര്‍ക്കിലൂടെ ചുറ്റിക്കറങ്ങാന്‍ മോഹമുണ്ടായി.
ദേശം മാറുമ്പോള്‍ ഭാഷ മാറുന്നതുപോലെ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനവും മാറുന്നു. ഹോട്ടല്‍മുറിയിലെ വെളിച്ചമെല്ലാം കെടുത്തിയശേഷം അലീസിയ ഗര്‍സ ഇരുട്ടിലിരുന്ന് മെമ്മോറിയല്‍ പാര്‍ക്കിലെ ശിലാഫലകത്തില്‍ എഴുതിയത് ഓര്‍ത്തെടുത്തു. FREEDOM IS NOT FREE!
"അഹമ്മദാബാദിനോട് നാളെ വിടപറയും. ഇനി ലഖ്നോവിലേക്ക് പോകണം. അവിടെയാണ് കില്ലര്‍ കാര്‍ ഉള്ളത്. ജനുവരി 20നു ഗാന്ധിയെ വധിക്കാനായി സംഘം സഞ്ചരിച്ച വാഹനം. അത് കാണണം. മാർട്ടിന് ലൂഥര്‍ കിങ് കൊല്ലപ്പെട്ട ഹോട്ടലും അന്നവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അതേപടി സ്മാരകമായി നിലനിര്‍ത്തിയിട്ടുണ്ട്. പക്ഷേ, കില്ലര്‍ കാര്‍ സ്വകാര്യവ്യക്തിയുടെ വിന്റേജ് കാര്‍ ശേഖരത്തിലാണുള്ളത്. ഈ കാര്‍ ശരിക്കും ഏതെങ്കിലും ഗാന്ധി മ്യൂസിയത്തിലാണ് സംരക്ഷിക്കേണ്ടത്. ഇതോര്‍ത്തപ്പോള്‍ അലീസിയക്ക് അത്ഭുതം തോന്നി. അന്ന് പൊലീസ് പിടിച്ചെടുത്ത ഈ തൊണ്ടിമുതല്‍ എങ്ങനെ സ്വകാര്യവ്യക്തിയുടെ സ്വന്തമായി? രാഷ്ട്രപിതാവിനെ ചുറ്റിപ്പറ്റിയുള്ളതെല്ലാം രാഷ്ട്രത്തിന്റേതാവേണ്ടതാണ്. എഴുതാനിരിക്കുന്ന യാത്രാക്കുറിപ്പില്‍ ഈ കാറിനെക്കുറിച്ച് വിശദമായി വിവരിക്കണമെന്ന് അലീസിയ കരുതി. കാര്‍ കണ്ടതിനുശേഷം ഡല്‍ഹിയിലേക്ക് പോകണം. അവിടെ ഗാന്ധിമ്യൂസിയവും മഹാത്മാവ് അന്തിയുറങ്ങുന്ന രാജ്ഘട്ടും സന്ദര്‍ശിക്കണം. ഡല്‍ഹി കണ്ടു തീരുന്നതോടെ തന്റെ ഇന്ത്യന്‍ പര്യടനം അവസാനിക്കും. റൂട്ട് മാപ്പ് മനസ്സില്‍ കുറിച്ചിട്ടശേഷം അലീസിയ ഗര്‍സ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ ചെന്നിരുന്ന് ശിവറാം ഗോദ്രയെ വിളിച്ചു. അയാള്‍ നെറ്റ് വര്‍ക്ക് കവറേജ് ഏരിയക്ക് പുറത്തായിരുന്നു. അലീസിയയുടെ ടിക്കറ്റും താമസസൗകര്യവും ശിവറാം നേരത്തേ ഒരുക്കിക്കൊടുത്തിരുന്നു.
"നാളെ നേരം വെളുക്കുമ്പോള്‍ ഞാനിവിടം വിടും. കുറച്ചുദിവസംകൂടി അഹമ്മദാബാദില്‍ നില്‍ക്കണമെന്നുണ്ടായിരുന്നു. പേക്ഷ, മനസ്സ് സമ്മതിക്കുന്നില്ല. സാന്ഫ്രാന്സിസ്കോയിലേതുപോലെ ഇവിടെയും ഭൂമികുലുക്കം ഉണ്ടായിട്ടുണ്ട്. ഭുജില്‍ 50 ഇരുനില കെട്ടിടങ്ങള്‍ തകര്‍ന്നു. എഴുന്നൂറോളം പേരുടെ ജീവന് നഷ്ടമായി. ഇതേപ്പറ്റി അറിഞ്ഞപ്പോള്‍ എനിക്ക് വീട്ടില്‍ ഒറ്റക്കായിപ്പോയ ഒരു കുട്ടിയുടെ സങ്കടമുണ്ടായി. ഇവിടെ പ്രകൃതിദുരന്തത്തില്‍ മാത്രമല്ല, കലാപത്തിലും വന്‍ സ്ഫോടനങ്ങളിലും മനുഷ്യര്‍ പച്ചക്ക് കത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. അഹിംസയുടെ മണ്ണില്‍ ആശാന്തിയുമുണ്ട്.
അലീസിയ ഡേറ്റ് എഴുതിയശേഷം ഡയറി അടച്ചുവെച്ചു. നേരത്തേ ഓര്‍ഡര്‍ ചെയ്ത മാതളനാരകത്തിന്റെ ജ്യൂസ് കുടിച്ചു. ചുണ്ട് തുടച്ചപ്പോഴാണ് കോളിങ് ബെല്‍ അടിഞ്ഞത്. അവള് ഗ്ലാസ് കൈകളില്‍ പിടിച്ചുകൊണ്ടു തന്നെ വാതില്‍ തുറന്നു. ശിവറാം ഗോദ്രയാണ്. അവള് അത്ഭുതപ്പെട്ടുപോയി. ലഖ്നോവിലേക്ക് യാത്രയാക്കാന്‍ വന്നതാണ്. അന്ന് രാത്രി അലീസിയ ശരിക്കും അയാളുടെ കൂട്ട് ആഗ്രഹിച്ചിരുന്നു.
(തുടരും)