9 MM ബെരേറ്റ -നോവൽ അവസാനിക്കുന്നു
ഡയറക്ട് ആക്ഷൻ ''എന്റെ ജീവിതം ആരുടെ തടവുകാലമാണ്?''ആബിയ മഖ്ധൂമി നീരുവന്ന കാലുകളിലേക്കു നോക്കിയിരുന്നു. അവൾക്കു കരച്ചിൽ വന്നു. തന്നെ കാണാഞ്ഞു ഉമ്മി തളർന്നു കാണും. സഹപാഠികൾ തന്റെ തിരോധാനത്തെപ്പറ്റി ഇപ്പോഴും ചർച്ചചെയ്യുന്നുണ്ടാവും, സമരം ചെയ്യുന്നുണ്ടാവും. കാലിൽ നീരുവരുന്നതുപോലെയാണിപ്പോൾ ആബിയായുടെ മനോനിലയും. ചിലപ്പോൾ വീറും വാശിയും കാണിക്കും. ആത്മവിശ്വാസം ഉണ്ടാവും, അത് കരച്ചിലായും വിഷാദമായും മാറും. പിന്നെ പിടിച്ചുനിൽക്കാനുള്ള ധൈര്യം സംഭരിക്കും....
Your Subscription Supports Independent Journalism
View Plansഡയറക്ട് ആക്ഷൻ
''എന്റെ ജീവിതം ആരുടെ തടവുകാലമാണ്?''
ആബിയ മഖ്ധൂമി നീരുവന്ന കാലുകളിലേക്കു നോക്കിയിരുന്നു. അവൾക്കു കരച്ചിൽ വന്നു.
തന്നെ കാണാഞ്ഞു ഉമ്മി തളർന്നു കാണും. സഹപാഠികൾ തന്റെ തിരോധാനത്തെപ്പറ്റി ഇപ്പോഴും ചർച്ചചെയ്യുന്നുണ്ടാവും, സമരം ചെയ്യുന്നുണ്ടാവും. കാലിൽ നീരുവരുന്നതുപോലെയാണിപ്പോൾ ആബിയായുടെ മനോനിലയും. ചിലപ്പോൾ വീറും വാശിയും കാണിക്കും. ആത്മവിശ്വാസം ഉണ്ടാവും, അത് കരച്ചിലായും വിഷാദമായും മാറും. പിന്നെ പിടിച്ചുനിൽക്കാനുള്ള ധൈര്യം സംഭരിക്കും. ഈ മാനസികവ്യതിയാനങ്ങൾ ആരോഗ്യത്തെയും ബാധിച്ചിരുന്നു. ആപത്തുകാലത്താണ് ഭൂതകാലം മനുഷ്യരെ വേട്ടയാടുക. ഭാവി ഇരുളടയുമ്പോൾ മനുഷ്യർ പിറകിലേക്ക് നോക്കും. അവിടത്തെ വെളിച്ചം കെട്ട ഇടങ്ങളാവും ആദ്യം തെളിഞ്ഞു കിട്ടുക. നടു വേദനിക്കുന്നുണ്ട്. അവൾ കാലുനീട്ടി കിടന്നു. ഓർമകൾ ഒരേസമയം ഊർജവും ഉത്സാഹക്കുറവും ഉണ്ടാക്കും. ചെമ്മരിയാടിൻപറ്റങ്ങളെയുംകൊണ്ട് ഒരു കശ്മീരി ബാലൻ വാൾനട്ട് തോട്ടത്തിലൂടെ നീങ്ങി പോകുന്നത് അവൾ കണ്ടു. അവൻ എന്നും രാവിലെ അതുവഴി പോകാറുണ്ട്. ഷാൾ പുതച്ച അവനെ കണ്ടാലറിയാം വളരെ മെലിഞ്ഞ ശരീരപ്രകൃതമാണെന്ന്. ആടുകളുമായി അവൻ താഴ്വാരത്തിലേക്കാണ് പോകുന്നത്. വൈകുന്നേരംവരെ അവറ്റകൾ മേഞ്ഞു നടക്കും. അവൻ കാവലിരിക്കും. റേഡിയോ കേൾക്കും. വാൾനട്ട് തോട്ടം വഴി ആട്ടിന്പറ്റങ്ങൾ കടന്നുപോയതിനു ശേഷമാണ് കുട്ടികൾ അവിടെ കളിക്കാൻ എത്തുന്നത്. അപ്പോഴേക്കും ചെറിയ വെയിൽ പരന്നുതുടങ്ങും. ഒരുദിവസം തോട്ടത്തിൽനിന്നു വെടിയൊച്ചകൾ കേട്ടു. അവിടെ പതിവില്ലാത്തതാണ്. അമ്മമാർക്ക് വേവലാതിയായി. വീടുകളിൽനിന്ന് അവരെല്ലാം തങ്ങളുടെ കുട്ടികൾ കളിക്കുന്നയിടത്തിലേക്കു വന്നു. തോട്ടത്തിന്റെ അങ്ങേയറ്റത്തുള്ള റോഡിൽനിന്നാണ് പട്ടാളക്കാർ വെടിയുതിർക്കുന്നത്. അമ്മമാർ കൂട്ടത്തോടെ ഒച്ചവെച്ചു. ഞാനും അവിടേക്കു ഓടിച്ചെന്നു. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ യാതൊരു പ്രകോപനവുമില്ലാതെ പട്ടാളവും പൊലീസും വെടിവെക്കാറില്ല. ആ ധൈര്യത്തിലാണ് സ്ത്രീകളെല്ലാം തങ്ങളുടെ കുട്ടികളെ രക്ഷിക്കാൻ പാഞ്ഞെത്തിയത്. പക്ഷേ, ഞങ്ങളെ കണ്ടിട്ടും പട്ടാളം വെടി നിർത്തിയില്ല. ഞങ്ങളുടെ പ്രതിഷേധം ശക്തമായതോടെ അവർ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് കുട്ടികളെയും വെറുതെ വിട്ടു പിരിഞ്ഞുപോയി. എല്ലാം ശാന്തമായെന്നു ഞങ്ങൾ കരുതി. പക്ഷേ, അരമണിക്കൂറിനുശേഷം ഒരു വലിയ വണ്ടിയിൽ പട്ടാളക്കാർ വന്നു. റോഡിന്റെ അപ്പുറത്തുനിന്നു വെടിയുതിർക്കാന്‍ തുടങ്ങി. പാലത്തിന് കുറുകെ ആരോ നേരിയ കമ്പികൾ കെട്ടിവെച്ചിരുന്നുപോലും. പട്ടാളവണ്ടി അതുവഴി പോയപ്പോൾ കമ്പിയിൽ തട്ടി നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞില്ലേന്നേയുള്ളൂ. കുട്ടികളാണ് ചെയ്തതെന്ന് കരുതി കലിതീർക്കാന്‍ വന്നതാണ്. കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ചിതറിയോടി. മകളെ രക്ഷിക്കാൻ വന്ന സൈദാഭാനുവിനു കാലിൽ വെടികൊണ്ടു. അവരുടെ മകൾ നൂർജഹാനെ ഞാൻ വാരിയെടുത്തു വൻ വാൾനട്ട് മരത്തിനു പിറകിലൊളിച്ചു. അവളുടെ തൊപ്പി ഊർന്നുപോയി. വെടിയുണ്ടകൾ വന്നുകൊണ്ടിരുന്നു. ഞങ്ങൾ നിന്ന മരത്തിന്റെ തൊട്ടടുത്ത് കുട്ടികൾ ഓടി പോകുമ്പോൾ ഉപേക്ഷിച്ച ക്രിക്കറ്റ് ബാറ്റ് ഉണ്ടായിരുന്നു. ഞാൻ നോക്കിനിൽക്കെ വെടികൊണ്ടു ബാറ്റ് അനേകം കഷണങ്ങളായി ചിതറി. ഞാൻ നൂർജഹാനെ കെട്ടിപ്പിടിച്ചു ചുറ്റിലും നോക്കി. എല്ലാ വാള്‍നട്ട് മരത്തിന്റെ മറവിലും അമ്മമാർ ഒളിഞ്ഞുനിൽപുണ്ട്. ശ്വാസമടക്കിപ്പിടിച്ചു ഞങ്ങൾ എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല. വെടിയൊച്ച ശമിച്ചപ്പോൾ നൂർജഹാൻ ഉറക്കെ കരയാൻ തുടങ്ങി, ഞാൻ അവളുടെ വായ പൊത്തി. മരത്തിന്റെ മറവിൽനിന്നു തലയേന്തി റോഡിലേക്ക് നോക്കാൻ എനിക്ക് പേടിതോന്നി. സൈദാഭാനു ഒരു മരത്തിന്റെ മറവിൽനിന്ന് ഇഴഞ്ഞുവന്നുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു: അവർ പോയി...അവർ പോയി...
എല്ലാവരും മരത്തിന്റെ മറവിൽനിന്ന്, കുട്ടികളുടെ കൈപിടിച്ച് വീടുകളിലേക്ക് കിതച്ചോടി. അതിനിടയിൽ ആരൊക്കെയോ ചേർന്ന് സൈദയെ ആശുപതിയിലേക്കു കൊണ്ടുപോയി. ഞാൻ നൂർജഹാനെ തോളത്തെടുത്തു വീട്ടിലേക്കു പാഞ്ഞു. അപ്പോൾ ആട്ടിൻപറ്റങ്ങളുമായി ആ മെലിഞ്ഞ പയ്യൻ വരുന്നത് ഞാൻ ദൂരക്കാഴ്ചയിൽ കണ്ടു. വാൾനട്ട് തോട്ടത്തിൽ എത്തിയതും അവറ്റകൾ വെടിയേറ്റ മരങ്ങൾ കണ്ടിട്ടാവണം അസ്വസ്ഥത പ്രകടിപ്പിക്കുകയും കൂട്ടംതെറ്റുകയും കരയുകയും ചെയ്തു. ആട്ടിടയൻ അവറ്റകളെ മേയ്ക്കാൻ പാടുപെട്ടു. പിന്നീടുള്ള പ്രഭാതങ്ങളിലൊന്നും ആട്ടിൻപറ്റങ്ങളുമായി അവൻ വാൾനട്ട് തോട്ടത്തിലൂടെ കടന്നുപോകുന്നത് ഞാൻ കണ്ടിട്ടില്ല.
* * * *
വൈന്‍ നുണഞ്ഞശേഷം വിമൽ വൻസാരെ കുളിമുറിയിൽ കയറി ഷേവ് ചെയ്യാൻ തുടങ്ങി. മേധാ അയാൾക്കായി ചപ്പാത്തി തയാറാക്കുകയായിരുന്നു. അപ്പോൾ വിമലിന്റെ ഫോൺ ശബ്ദിച്ചു.
''മേധാ ഒന്ന് ഫോൺ എടുക്കാമോ? വിമൽ വിളിച്ചു പറഞ്ഞു. ലൈനിൽ ശിവറാം ഗോദ്രയായിരുന്നു.
''വിമൽ ഇല്ലേ?''
സ്വരം മേധയുടേതാണെന്നറിഞ്ഞപ്പോൾ ശിവറാം ഗോദ്ര ചോദിച്ചു.
''ഉണ്ട്. ബാത്റൂമിലാണ്. തിരിച്ചുവിളിക്കാൻ പറയാം.''
''മേധക്ക് ശിവറാമിനോട് കൂടുതൽ സംസാരിക്കാൻ തോന്നിയില്ല.
''ആരാണ്?'' വിമൽ വിളിച്ചു ചോദിച്ചു.
''ശിവറാം ജി തിരിച്ചു വിളിക്കാൻ പറഞ്ഞു.''
മേധാ അടുക്കളയിൽ ചെന്നു ചപ്പാത്തി മറിച്ചിട്ടു. ഇന്നലെ ഡോക്ടറേഡ് വീഡിയോ കിട്ടിയത് മുതൽ മേധക്ക് വല്ലാത്ത അസ്വസ്ഥതയാണ്. ആബിയ മഖ്ധൂമി തീവ്രവാദ ക്യാമ്പിൽനിന്ന് സംസാരിക്കുന്നതുപോലുള്ള വീഡിയോ ആണ് പുറത്തു വന്നത്. ഗർഭിണിയായ തീവ്രവാദി രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നുവെന്ന തലക്കെട്ടോടെയാണ് വീഡിയോ ഗ്രൂപ്പുകളിലൂടെ വൈറലാക്കിയത്. പതിവുപോലെ ടാർഗറ്റ് മേധക്കായിരുന്നു. അവൾ എന്തോ ഓർത്തുനിന്നതും ചപ്പാത്തി കരിഞ്ഞുപോയി.
വിമൽ കുളി കഴിഞ്ഞു ടവല്‍ മാത്രമുടുത്തുകൊണ്ടു മേധക്ക് അരികിലെത്തി.
''എന്താ കരിഞ്ഞുപോയോ ഡാർലിങ്?'' അയാൾ കൈയിലുള്ള വൈന്‍ ഗ്ലാസ് അവൾക്കു നീട്ടി.
അടുപ്പ് ഓഫാക്കിയശേഷം മേധ വൈന്‍ മൊത്തി. ഇരുവരും സോഫയിൽ പോയിരുന്നു. വൈൻ നുണഞ്ഞുകൊണ്ട് അവൾ വിമലിന്റെ താടി തലോടി. മുഖമിനുസം അവളുടെ വിരലുകളെ ആഹ്ലാദിപ്പിച്ചു.
ഗ്ലാസ് കാലിയാക്കിയശേഷം മേധ വിമലിന്റെ മടിയിലേക്കു ചാഞ്ഞു. അവൾക്കു എന്തോ പറയാനുണ്ടെന്ന് വിമലിനു തോന്നി. അയാൾ കാലൊതുക്കിക്കൊടുത്തു. ഗ്ലാസ് മാറ്റിവെച്ചു അവളെ തലോടി.
''വിമൽ, ഞാനിന്നു രാവിലെ ഒരു സ്വപ്നം കണ്ടു.''
''എന്താണ്...പറയൂ.''
''നമ്മുടെ ഡൈനിങ് ടേബിളിൽ, ചുവന്ന ടൈ ധരിച്ച ഒരു അസ്ഥികൂടം..!''
വിമൽ ഒന്നും പറഞ്ഞില്ല. അവളുടെ നെറ്റിയും മുടിയും അയാൾ തടവിക്കൊണ്ടിരുന്നു.
വീണ്ടും മൊബൈൽ ചിലച്ചു. വിമൽ കൈയെത്തി ഫോൺ എടുത്തു. ശിവറാം ആണ്.
''വീഡിയോ നന്നായി ഓടുന്നുണ്ട്. ഡയറക്റ്റ് ആക്ഷൻ ജനുവരി 29നു നടപ്പാക്കാമെന്നാണ് സ്വാമി ശിവാനന്ദ പറയുന്നത്. അപ്പോൾ ബാക്കി കാര്യങ്ങൾ എങ്ങനെയാ?''
''ട്രോളുകൾ സജീവമാണ്. നാളെ മുതൽ കൂടുതൽ മെമുകൾ പോസ്റ്റ് ചെയ്യും. ട്വീറ്റുകൾ അത് കഴിഞ്ഞു ചെയ്താൽ മതി.'' വിമൽ സംസാരിക്കുന്നതിനിടയിലും മേധയെ തലോടിക്കൊണ്ടിരുന്നു. അവൾ അയാളുടെ കൈ സ്നേഹപൂർവം പിടിച്ചുവെച്ചു.
''സ്വാമി ശിവാനന്ദയും പ്രകൃതി ഠാക്കൂറും അവളെ കാണാൻ പോയപ്പോൾ എടുത്ത വീഡിയോ ആണ്. പ്രകൃതിയുടെ വസ്ത്രത്തിൽ പെന്‍ കാമറ ഉണ്ടായിരുന്നു. അവളെ പ്രകോപിപ്പിച്ചു സംസാരിപ്പിച്ചു. എഡിറ്റ് ചെയ്തശേഷം ഡബ്ബ് ചെയ്തതാണ്. ഒറിജിനലിനെ വെല്ലുന്ന വീഡിയോ ആണിപ്പോൾ ജനം കണ്ടുകൊണ്ടിരിക്കുന്നത്.'' ശിവറാം ഗോദ്ര ഭ്രാന്തമായ ആവേശത്തോടെയാണ് സംസാരിച്ചത്.
''ഉം. നീ എന്താണ് കഴിച്ചത്, ബിയറല്ലെന്നു മനസ്സിലായി.''
''കോണിയാക്ക്. ഗർസ സമ്മാനിച്ചു പോയതാണ്. ഇന്നാണ് അത് പൊട്ടിച്ചത്.''
''ശരി... നടക്കട്ടെ ഗുഡ്നൈറ്റ്. നാളെ കാണാം.'' വിമൽ കാൾ കട്ട് ചെയ്തു.
''പുരോഹിത് ജി ഇലക്ഷൻ ജയിക്കും അല്ലേ?'' മേധ ചോദിച്ചു.
''ഇനി അദ്ദേഹം ഒരിക്കലും തോൽക്കുകയില്ല.''
പിന്നെ ഇരുവർക്കുമിടയിൽ മൗനം കനത്തു. വൈൻ നെഞ്ചെരിച്ചിൽ ഉണ്ടാക്കിയപ്പോൾ വിമൽ പറഞ്ഞു. ''ഈയിടെയായി നീ കാണുന്നതെല്ലാം ദുഃസ്വപ്നങ്ങൾ ആണല്ലോ?''
മേധ അയാളുടെ കണ്ണുകളിലേക്കു നോക്കിയിരുന്നു. ''വിമൽ, ഞാനൊരു കാര്യം ചോദിച്ചാൽ വിഷമം ആവുമോ?''
ഇെല്ലന്ന് അയാൾ തലയാട്ടി.
''ഈ മുറി നിറയെ ഞാൻ ഇൻഡോർ പ്ലാന്റ്സ് വെക്കട്ടെ?''
''നിന്റെ ഇഷ്ടം.'' വിമലിനു കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. മേധയുടെ സ്നേഹം അയാളില്‍നിന്നു ശിവാനി ഭട്നാഗറുടെ കാലം മായ്ച്ചു കളഞ്ഞിരുന്നു.
* * * *
തടങ്കൽ കേന്ദ്രത്തിലെ മഞ്ഞവെളിച്ചത്തിനു മങ്ങലേറ്റിരുന്നു. തന്റെ കാഴ്ച മങ്ങുന്നതാണോ എന്ന് ആബിയ മഖ്ധൂമി സംശയിച്ചു. മുറി നിറയെ പശുവിന്റെ കാലടിപ്പാടുകളാണ്.
ചാണകവും ചളിയും ചവിട്ടിവന്ന പശുക്കൾ നിലത്തു മാത്രമല്ല ചുവരുകളിലും കയറി നടന്നതുപോലെ... എല്ലായിടത്തും കുളമ്പടികൾ! സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാതെ ആബിയ ഒരു നിമിഷം കുഴങ്ങി. മഞ്ഞവെളിച്ചം കെട്ടു. ഇരുട്ടിൽ അവളുറങ്ങിപ്പോയി.
ഉണർന്നപ്പോൾ പകലായിരുന്നു. മുറിയിൽ മഞ്ഞവെളിച്ചമുണ്ട്. കട്ടിലിനരികിൽ മൂന്നുപേരിരിക്കുന്നു. സ്വാമി ശിവാനന്ദ, പ്രകൃതി ഠാക്കൂർ. മൂന്നാമനെ ആബിയക്കു മനസ്സിലായില്ല. താടിയും മുടിയും നീട്ടിയ ഒരാൾ. ഒത്ത ഉയരം. ഒത്ത തടി. അയാളുടെ കണ്ണുകൾ എവിടെയോ കണ്ടപോലെ. അത് ശിവറാം ഗോദ്രയായിരുന്നു. ആബിയക്കു തന്റെ വിനാശകാരിയെ മനസ്സിലായില്ല. സ്വാമി ശിവാനന്ദയെ അവൾ തുറിച്ചു നോക്കിയപ്പോൾ ശിവറാം കട്ടിലിനരികിൽനിന്ന് മാറിനിന്നു.
''മോളെ, നിന്നെ രക്ഷപ്പെടുത്താനാണ് ഞങ്ങൾ വന്നത്. ഒറ്റ ഉപകാരം നീ എനിക്കായി ചെയ്തുതന്നാൽ മതി.''
ആബിയ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ സ്വാമി അവളെ താങ്ങി. ക്ഷീണിതയായിരുന്നു അവൾ.
പക്ഷേ, കണ്ണുകളിൽ മാത്രം ആയുസ്സിന്റെ ബലം, ഉൗർജം തുടിച്ചുനിന്നു. മുറിയിൽ തൊഴുത്തിന്റെ മണം നിറഞ്ഞതായി ആബിയക്ക് തോന്നി. അവൾക്കു ഓക്കാനം വന്നു.
''മോർണിങ് സിക്നെസ്.'' പ്രകൃതി ഠാക്കൂർ അവളുടെ പുറം ഉഴിഞ്ഞുകൊടുത്തു. എന്തെങ്കിലും പറയാൻ ആബിയക്കായില്ല. മനംപുരട്ടൽ മാനസികാവസ്ഥയാണ്. വെറുക്കപ്പെട്ടവരെ കാണുമ്പോഴും അതുണ്ടാവും.
''യൂനിവേഴ്സിറ്റി സമരം പാക് അനുകൂലികൾ സ്പോൺസർ ചെയ്തതാണെന്ന് മോള് പറയണം. അവര്‍ മോളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും, അതറിഞ്ഞപ്പോൾ എതിർത്തതിന്റെ അനന്തരഫലമാണീ അവസ്ഥയെന്നും ലോകത്തോട് വെളിപ്പെടുത്തണം. പത്രസമ്മേളനം പ്രകൃതി ഒരുക്കിത്തരും. ആബിയ എന്ത് പറയുന്നു...''
ആബിയക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. സ്വാമിയുടെ മുഖത്തു കാർക്കിച്ചു തുപ്പണമെന്നു തോന്നി. പക്ഷേ മനംപുരട്ടൽ അവസാനിക്കുന്നില്ല. ഒന്നും പുറത്തേക്കു വരുന്നുമില്ല.
''വെള്ളം...''
പ്രകൃതി ഒരു ഗ്ലാസ് വെള്ളം അവൾക്കെടുത്തുകൊടുത്തു. കുപ്പ്വാരയിലെ വീര്യം അസ്തമിച്ചെന്നു ശിവറാം ഗോദ്രക്കു ആനന്ദമുണ്ടായി. അയാളെ മുഖത്തടിച്ച ഏക പെൺകുട്ടി ദയ യാചിക്കുന്നത് കാണാനാണ് വന്നതുതന്നെ.
''ആ തീവ്രവാദിയുടെ പേര് ഞാൻ പറയാം.'' ആബിയ ചുമരിൽ ചാരിയിരുന്നു. കാല്‍വണ്ണയിൽ മസിലുകേറിയപോലെ അവൾ മുഖം കോട്ടി.
''വെരി ഗുഡ്. ആബിയക്ക് ബോധോദയം ഉണ്ടായിരിക്കുന്നു.'' ശിവറാമിന് മേലാസകലം കോരിത്തരിച്ചു.
''പത്രസമ്മേളനം ഒന്നും വേണ്ട. ഞാനിപ്പോൾതന്നെ ആ തീവ്രവാദിയുടെ പേരു പറയാം. ശിവറാം ഗോദ്ര!'' ആബിയ അലറി. അവളുടെ കഴുത്തിലെ നീലഞരമ്പുകൾ വലിഞ്ഞു മുറുകി. സ്വാമി ശിവാനന്ദയും പ്രകൃതിയും ചകിതരായി. അവരുടെ നാക്കിറങ്ങിപ്പോയി.
''തേവിടിശ്ശി, നിന്നെ ഞാൻ കൊല്ലും.'' ഭ്രാന്തു പിടിച്ചവനെപ്പോലെ ശിവറാം ഗോദ്ര ആബിയക്ക് അരികിലേക്ക് ആഞ്ഞടുത്തു. അയാളുടെ ശബ്ദം തിരിച്ചറിഞ്ഞ ആബിയ നിവർന്നു നിന്നു. ശിവറാമിന്റെ കണ്ണുകളിലേക്കു നോക്കി ധൈര്യം വിളിച്ചു പറഞ്ഞു.
''you are a fanatic like Godse...''
ശിവറാം ഗോദ്ര പല്ലിറുമ്പി. ശക്തി മുഴുവനായും വലത്തേ കാലിലേക്കു ആവാഹിച്ചുകൊണ്ട് ആബിയയുടെ മുഖത്തു ആഞ്ഞടിച്ചു. മയക്കുവെടി കൊണ്ടതുപോലെ അവൾ തലകറങ്ങിവീണു.
* * * *
കനത്ത മഞ്ഞുവീഴ്ചയുള്ള ഒരു ദിവസമാണ് ഞാനും ഷാബീറും ശ്രീനഗറിൽനിന്നു കുപ്പ്വാരയിലേക്കു ബസിൽ ഒന്നിച്ചിരുന്നു യാത്രചെയ്തത്. ശ്രീനഗർ യൂനിവേഴ്സിറ്റിയിൽനിന്ന് അവധിക്കു വീട്ടിലേക്കു വരുന്നത് ഒന്നിച്ചായിരുന്നെങ്കിലും, അന്നത്തെ യാത്ര എനിക്ക് മറക്കാനാവില്ല. ആ യാത്രയിലാണ് ഷാബീർ എന്നോട് പ്രണയം പറഞ്ഞത്. പരിശുദ്ധമായ മഞ്ഞുപോലെ പ്രണയം കൊതിക്കുന്ന പെൺകുട്ടികളുടെ പ്രായമായിരുന്നു എനിക്കന്ന്. ആ മൂന്ന് മണിക്കൂർ യാത്രയിൽ തോളില്‍ ചാരിക്കിടന്നു, അവൻ പറയുന്നതിനെല്ലാം ഞാൻ മൂളിക്കൊണ്ടിരുന്നു. മഞ്ഞ് എല്ലാത്തിനും സാക്ഷിയായി. പക്ഷേ, അടുത്തദിവസം വൈകുന്നേരം ഏഴുമണിവരെയേ ഞങ്ങളുടെ പ്രണയത്തിനു ആയുസ്സുണ്ടായിരുന്നുള്ളൂ. കുപ്പ് വാരയിലെ അന്തിക്ക് ഷാബീർ കൊല്ലപ്പെട്ടു.
''ആബിയ... നീ വീട്ടിലേക്കു വരൂ...എന്റെ ഉമ്മിയെ കാണണ്ടേ? ഉമ്മിയെ കാണാൻ ശരിക്കും നിന്നെ പോലെയുണ്ട്. ആരു കണ്ടാലും ഉമ്മയും മകളുമെന്നെ പറയൂ.'' അവൻ പലവട്ടം നിർബന്ധിച്ചിട്ടും ഞാനവിടെ സന്ദർശിച്ചിരുന്നില്ല. പിന്നെ പോയത് അവന്റെ മരണം കഴിഞ്ഞു മാസങ്ങൾക്കു ശേഷമാണ്. ഉമ്മിയെ കാണാൻ.
''ഷാബീർ വൈകുന്നേരം കൂട്ടുകാരെ കാണാൻ ഇറങ്ങിയതായിരുന്നു മോളെ. ഞാനും അബ്ബാ ജാനും ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അധികനേരം കഴിയും മുമ്പേ അവൻ വീട്ടിലേക്കു ഓടിവന്നു. പൊലീസുകാർ ബണ്ടിന്റെ അടുത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു. അത് വിചിത്രമായിരുന്നു. കാരണം കല്ലേറും പ്രതിഷേധങ്ങളും സാധാരണ മെയിൻ റോഡിലാണ് നടക്കാറ്. പൊലീസുകാർ അവിടെയാണ് വരുന്നത്. ആൾക്കാർ പാർക്കുന്ന കോളനികളിലേക്കു അവർ വരാറേയില്ല. എന്താണ് അവിടെ നടന്നതെന്ന് അബ്ബാജാൻ ചോദിച്ചതും ഒരു ടിയർ ഗ്യാസ് ഷെൽ വീടിനകത്തു വന്നു വീണു.'' ഷാബീറിന്റെ ഉമ്മി വിതുമ്പി.
''അതായിരുന്നു മോളെ എല്ലാ നാശത്തിന്റെയും തുടക്കം.'' ഷാബീറിന്റെ അബ്ബാ ജാൻ, ഞാൻ ഇരിക്കുന്നതിന്റെ മുന്നിലുള്ള ചുവരിലെ കറുത്ത പാട് കാണിച്ചു തന്നു. ''അതിനു പിന്നാലെ അഞ്ചാറു പൊലീസുകാർ വന്നു. വീടിന്റെ ജനാലച്ചില്ലുകൾ തോക്കിന്റെ ബയണറ്റുകൊണ്ട് കുത്തിപ്പൊട്ടിച്ചു. കണ്ടോ, അതൊന്നും പിന്നെ ഞങ്ങൾ നന്നാക്കിയിട്ടില്ല. കമ്പിളികൊണ്ടു മറച്ചിരിക്കുകയാണ്... അവർ വാതിൽ തുറന്നു അകത്തു കയറി. ഇതിനിടയിൽ ഷാബീർ മുകൾനിലയില്‍ ഒളിച്ചിരുന്നു. പൊലീസുകാർ തലങ്ങും വിലങ്ങും വെടിവെച്ചു. ഞങ്ങൾ പേടിച്ചു നിലവിളിച്ചു.''
അദ്ദേഹം ഓട്ട വീണ ചുവരുകളും ടിൻഷീറ്റിന്റെ മേൽക്കൂരയും നോക്കി കണ്ണ് നിറച്ചു.
''നിങ്ങൾ കശ്മീരികളല്ലേ. മുസ്ലിംകള് അല്ലേ? എന്നിട്ടും നിങ്ങള്‍ വെടിവെക്കുന്നതെന്തിനാണ്..?'' ഷാബീറിന്റെ അബ്ബാ ജാൻ അലറി, ഉമ്മി പറഞ്ഞുതുടങ്ങി. ''അബ്ബാ ഒച്ചവെച്ചപ്പോൾ, പൊലീസുകാർ ഞങ്ങളെ പൊതിരെ തല്ലി. ഇതു കണ്ടു ഷാബീർ മുകൾനിലയിൽനിന്നും ചാടിയിറങ്ങി. ''നിങ്ങൾക്കെല്ലാം ഭ്രാന്താണോ? ഞങ്ങൾ എന്ത് ചെയ്തിട്ടാണ് നിങ്ങൾ ഇങ്ങനെ ഉപദ്രവിക്കുന്നത്?''
''ഡി.എസ്.പി അബ്ദുൽ ഖദ്രിക്കു കലികയറി. അയാൾ ഷാബീറിനെ പടികളിൽനിന്നു വലിച്ചു താഴെയിട്ടു. ഞങ്ങളുടെ കണ്മുന്നിൽ അയാൾ എന്റെ മോനെ വെടിവെച്ചു. ഉണ്ടകള്‍ വയറ്റിലും നെഞ്ചിലും കൊണ്ടു. അവൻ രക്ഷപ്പെടാനായി ജനൽ വഴി ചാടി. അവിടന്ന് പിന്നെ അനങ്ങിയില്ല. എല്ലാം അവസാനിച്ചിരുന്നു.''
ഉമ്മി ചുവരിലെ ചോരക്കറ എനിക്ക് കാണിച്ചുതന്നു. ''അവനെ എന്നും ഓർക്കാൻ ഞങ്ങൾക്കിപ്പോ ഇതൊക്കെയേ ഉള്ളൂ.''
''ഷാബീർ എന്റെ മടിയിൽ കിടന്നാണ് മരിച്ചത്. ഞങ്ങൾ സഹായത്തിനായി കുറെ അലറിവിളിച്ചു. പക്ഷേ ആരും അടുത്ത് വന്നില്ല. മടങ്ങും മുമ്പ് പൊലീസുകാർ വീടിനുനേരെ ടിയർ ഗ്യാസ് ഷെല്ലുകൾ എറിഞ്ഞു. പുകമറയിൽ ആരും ഞങ്ങളുടെ നിസ്സഹായാവസ്ഥ കണ്ടില്ല.'' ഷാബീറിന്റെ അബ്ബാ ഇതും പറഞ്ഞു അകത്തേക്ക് പോയി.
''മോളെ പറ്റി അവൻ എന്നോട് പറയാറുണ്ട്. വാ... ചായ കുടിക്കാം.'' ഉമ്മി എന്റെ കൈപിടിച്ചു.
ഞാൻ നൂൺ ചായ കുടിക്കുന്നതിനിടയിൽ അബ്ബാ ജാൻ ഒരു നീല പ്ലാസ്റ്റിക് കവറുമായി വന്നു. അതിൽനിന്നും വിറകൈകളോടെ ടിയർ ഗ്യാസ് ഷെല്ലുകളുടെയും വെടിയുണ്ടകളുടെയും അവശിഷ്ടങ്ങൾ പുറത്തെടുത്തു വെച്ചു. എന്നിട്ടു വിതുമ്പിക്കൊണ്ടു കവറിൽനിന്ന് ഒരു തൂവാല എടുത്തു എനിക്ക് നീട്ടി. ഷാബീറിന്റെ രക്തക്കറ പുരണ്ട തൂവാല!
''അവരെന്റെ മോനെ കൊല്ലാൻ ഒരുങ്ങിത്തന്നെ വന്നതായിരുന്നു. ഒന്നിനെയും ഞാൻ വെറുതെ വിടില്ല. ഇന്നലെ അവർ പൊലീസ് സ്റ്റേഷൻ തീ വെച്ചിട്ടു നാട്ടുകാരാണ് അത് ചെയ്തതെന്ന് പറയുന്നു. ഇവറ്റകളെ വിശ്വസിക്കാൻ കൊള്ളില്ല.''
''ഷാബീറിന്റെ അബ്ബാ പൊലീസുകാർക്കെതിരെ കേസ് കൊടുത്തു. എഫ്.ഐ.ആർ എടുക്കാൻപോലും അവർ തയാറായില്ല. കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമം നടന്നു. അബ്ബാ വിട്ടില്ല. കോടതി കയറിയിറങ്ങി. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.''
''വിഘടനവാദികൾ ജനങ്ങളെ കൊണ്ട് പൊലീസിനെതിരെ എഫ്.ഐ.ആർ കൊടുപ്പിക്കുന്നതാണ്. ഈ കേസിൽ ഖദ്രിക്ക് എതിരെ കേസെടുത്താൽ അത് പൊലീസിന്റെ മനോവീര്യം കെടുത്താനേ സഹായിക്കൂ.''
കോടതി ഈ വാദം മുഖവിലക്കെടുത്തില്ല.
അബ്ബായുടെ വിളി പടച്ചോന് കേട്ടു.
''ഷാബീറിന്റെ ചോര കറപിടിച്ച തൂവാലയിലാണ് ഞാന്‍ പാസ്പോര്‍ട്ട് കെട്ടിവെച്ചിരിക്കുന്നത്. വീട്ടിൽ പോണം. തൂവാല കെട്ടഴിച്ചു പാസ്പോര്‍ട്ട് തുറന്നുനോക്കണം. അതിലാണ് അവന് ഇഷ്ടപ്പെട്ട എന്റെ മുഖമുള്ളത്.''
* * * *
നിരന്തരം മുട്ടുകേട്ടപ്പോഴാണ് ആബിയ മഖ്ധൂമി ഉണർന്നത്. അവൾ ഇടിവണ്ടിക്കുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്നു.
''വിശക്കുന്നുണ്ടോ പെണ്ണേ?''
ഒരു പ്രായം ചെന്ന സ്ത്രീ വന്നു അവളോട് ചോദിച്ചു. താൻ ഇടിവണ്ടിക്കുള്ളിലാണെന്ന കാര്യം അപ്പോഴാണ് ആബിയ അറിഞ്ഞത്.
''ബിരിയാണി തരട്ടെ?''
ആബിയ ഇറച്ചി കഴിച്ചിട്ട് മാസങ്ങളായി. പൊരിഞ്ഞ വിശപ്പുള്ളതിനാൽ അവൾ കൊതിയോടെ അവരെ നോക്കി. ബിരിയാണിയുടെ മണം മൂക്കിലേക്ക് വലിച്ചു കയറ്റി. ഒരു പാത്രം നിറയെ ബിരിയാണി അവർ നീക്കിവെച്ചുകൊടുത്തു. തിന്നാൻ തുടങ്ങിയപ്പോൾ ഒരു കുപ്പി വെള്ളവുമായി സ്വാമി ശിവാനന്ദ വണ്ടിക്കുള്ളിലേക്കു കയറി.
''മോളെ... നിന്റെ തീരുമാനത്തിൽ വല്ല മാറ്റവും ഉണ്ടോ? അയാൾ നെറ്റിയിലെ വിയർപ്പു തുടച്ചുകൊണ്ട് ചോദിച്ചു.
ആബിയ കഴിക്കുന്നത് നിർത്തി. അയാളെ തുറിച്ചുനോക്കി. അപ്പോൾ പ്രകൃതി ഠാക്കൂറും വണ്ടിക്കകത്തേക്കു കയറിവന്നു. അവരുടെ കൈയിൽ ഒരു മൺകലശം ഉണ്ടായിരുന്നു.
''എന്തെ കഴിക്കുന്നില്ലേ?'' അവൾ ചോദിച്ചു.
''വിശപ്പില്ല'', ആബിയ പറഞ്ഞു.
''വിശപ്പുണ്ടാവാൻ എന്റെ കൈയിൽ ഒരു മരുന്നുണ്ട്.'' സ്വാമി ശിവാനന്ദ കലശത്തിൽ നിന്നു ഒരുപിടി മണ്ണ് വാരി ബിരിയാണിയിലേക്കിട്ടു.
ആബിയ ബിരിയാണിയിലേക്കും സ്വാമിയുടെ മുഖത്തേക്കും മാറിമാറി നോക്കി.
''ഇതു നീ വയറുനിറയെ തിന്നും..!'' പ്രകൃതി ഒരു പിടികൂടി പാത്രത്തിലേക്കിട്ടു.
ആബിയ വിരലിൽ പറ്റിയ വറ്റുകൾ വസ്ത്രത്തിൽ തുടച്ചു.
''ഇതു വെറും മണ്ണല്ല. ഗാന്ധിയുടെ ചോര പടർന്ന മണ്ണാണ്. മോളിതു തിന്നും!''
ആബിയ കണ്ണടച്ചിരുന്നു. കരയാൻ തുടങ്ങുകയാണെന്നാണ് ഇരുവരും കരുതിയത്. അവള് പാത്രം മടിയിലേക്കെടുത്തുവെച്ചു. ഒരു ഉരുള വായിലേക്കിട്ടു.
അതാരും പ്രതീക്ഷിച്ചിരുന്നില്ല. പ്രകൃതിയും സ്വാമിയും അന്തിച്ചുനിൽക്കെ ആബിയ മണ്ണ് കലർന്ന ബിരിയാണി വാരി വാരി തിന്നു.
''ഹിന്ദുസ്ഥാൻ അമർ രഹെ...''
കരയാതിരിക്കാൻ അവൾ കിണഞ്ഞു ശ്രമിച്ചു. ഇരുവരും ദേഷ്യപ്പെട്ടു ഇറങ്ങിപ്പോയി. വണ്ടി ഇളകി. വെള്ളത്തിന്റെ കുപ്പി അവള്‍ക്കരികിലേക്കു ഉരുണ്ടുവന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വലിയ ആരവങ്ങൾ കേട്ടു. അമിത് പുരോഹിതിന്റെ പ്രസംഗം. ജനം കൈയടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ട്. വീണ്ടും വണ്ടിയുടെ വാതിൽ തുറക്കപ്പെട്ടു. ഇപ്രാവശ്യം അകത്തുകയറിയത് ശിവറാം ഗോദ്രയാണ്. അയാൾ അവളെ പിടിച്ചുവലിച്ചു പുറത്തിറക്കി. രണ്ടുപേർ ചേർന്ന് സാഹസപ്പെട്ടു ഇടിവണ്ടിയുടെ മുകളിൽ അവളെ കയറ്റി. അപ്പോഴാണ് ആബിയ ജനസമുദ്രത്തെ കണ്ടത്. എല്ലാവരും അവളെ തന്നെ നോക്കിനിൽപ്പാണ്. അമിത് പുരോഹിതിന്റെ പ്രസംഗം അവസാനിച്ചപ്പോൾ ജനം പാത്രം കൊട്ടി. ആബിയ മഖ്ധൂമിക്കു സഹിക്കാനായില്ല. അവൾ ചെവിപൊത്തി. ഈ സമയംകൊണ്ടു മറ്റൊരു ഇടിവണ്ടിയുടെ മുകളിലേക്ക് ശിവറാം ഗോദ്ര ഒരു പട്ടാളക്കാരന്റെ മിടുക്കോടെ വലിഞ്ഞുകയറി. അയാൾ ആബിയക്ക് അഭിമുഖമായി നിന്നു. ജനം ആർത്തുവിളിച്ചു. എന്താണ് നടക്കാൻ പോകുന്നതെന്ന് ആബിയക്കു മനസ്സിലായില്ല. പാത്രങ്ങൾ കൂട്ടിയിടിക്കുന്നു. ശബ്ദം കുറഞ്ഞു വന്നപ്പോൾ ജനങ്ങൾക്ക് പശുവിന്റെ കൊമ്പു മുളക്കുന്നതായും വാല് വരുന്നതായും ആബിയ കണ്ടു. അവൾക്കു തല ചുറ്റി. വീഴാതിരിക്കാൻ കിണഞ്ഞു ശ്രമിച്ചു.
* * * *
സമയം 5.13. ശിവറാം ഗോദ്ര പോക്കറ്റിൽ നിന്ന് 9 M M ബെരേറ്റ കൈയിലെടുത്തു.
''തീവ്രവാദിയെ കൊല്ല്... രാജ്യേദ്രാഹിയെ കൊല്ല്...'' ജനം ആർത്തട്ടഹസിച്ചു. വണ്ടി കുലുങ്ങി. താൻ താഴെ വീഴുമെന്നു ആബിയക്ക് തോന്നി. കണ്പോളകൾക്കു കനംവെച്ചു. കണ്ണടഞ്ഞു പോകുന്നു.
ശിവറാം ഗോദ്ര കാഞ്ചിയിൽ വിരൽ തൊട്ടു. നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിയെ കൊല്ലുന്നതിനു തൊട്ടുമുമ്പ് അനുഭവിച്ച അതേ സംഘർഷം, ആത്മസുഖം ശിവറാം ഗോദ്രയും അറിഞ്ഞു.
വെടി പൊട്ടി...
''യാ അല്ലാഹ്...''
രക്തസാക്ഷിത്വം സ്വാതന്ത്ര്യസമരമാണ്!
(അവസാനിച്ചു)