മുടിയറകൾ -12
44“മതിലിനു മോളില് മരിച്ചുപോയ മുത്തയ്യ. കരണ്ടടിച്ച സിൽബിച്ചൻ താഴെയും. വെന്തീങ്ങേല് മുറുക്കിപ്പിടിച്ചിട്ടും ഞാൻ വിറച്ചുപോയി. രണ്ടിനേയും കുഴിവെട്ടി മൂടിയത് ഞാനാ.’’ തലേ രാത്രിയെത്തിയ ആത്മാക്കളെക്കുറിച്ച് വിവരിക്കുമ്പോൾ കുഴിവെട്ടി ചാക്കോ വിയർക്കുന്നുണ്ടായിരുന്നു. “എന്നിട്ട്.” കപ്യാര് എരിവുകേറ്റി. ഒരു ചെറുതുകൂടി ഒഴിച്ചിട്ട് ചാക്കോ തുടർന്നു. ‘‘പൊക്കം കുറഞ്ഞൊരാത്മാവ് എന്തോ ചുമന്ന് മോളിലിരുന്നവനു കൊടുത്തു. മൂന്നാലെണ്ണം അങ്ങനെ കൊണ്ടുപോകുമ്പോഴാ...
Your Subscription Supports Independent Journalism
View Plans44
“മതിലിനു മോളില് മരിച്ചുപോയ മുത്തയ്യ. കരണ്ടടിച്ച സിൽബിച്ചൻ താഴെയും. വെന്തീങ്ങേല് മുറുക്കിപ്പിടിച്ചിട്ടും ഞാൻ വിറച്ചുപോയി. രണ്ടിനേയും കുഴിവെട്ടി മൂടിയത് ഞാനാ.’’
തലേ രാത്രിയെത്തിയ ആത്മാക്കളെക്കുറിച്ച് വിവരിക്കുമ്പോൾ കുഴിവെട്ടി ചാക്കോ വിയർക്കുന്നുണ്ടായിരുന്നു.
“എന്നിട്ട്.”
കപ്യാര് എരിവുകേറ്റി. ഒരു ചെറുതുകൂടി ഒഴിച്ചിട്ട് ചാക്കോ തുടർന്നു.
‘‘പൊക്കം കുറഞ്ഞൊരാത്മാവ് എന്തോ ചുമന്ന് മോളിലിരുന്നവനു കൊടുത്തു. മൂന്നാലെണ്ണം അങ്ങനെ കൊണ്ടുപോകുമ്പോഴാ മനസ്സിലായേ. ഒക്കെ നമ്മുടെ പള്ളീലെ പഴയ ബെഞ്ചുകളാ.’’
കപ്യാര് ചിരിച്ചുപോയി.
“എന്റെ ഈശോയേ. നേരാണോ.”
“അല്ലെടാ കോപ്പേ. പുളുവാ. മതി നീ ഓശാരം മൂഞ്ചിയത്.”
കുടിച്ചുകൊണ്ടിരുന്ന കുപ്പിയെടുത്ത് ചാക്കോ പലകത്തട്ടിൽ വെച്ചു.
സെമിത്തേരിയോടു ചേർന്നുള്ള ശവവണ്ടിപ്പുരയിലാണ് കുഴിവെട്ടി ചാക്കോയുടെ കിടപ്പും തീറ്റിയും. വണ്ടിപ്പുരയിലെപ്പോഴും ബീഡിപ്പുക തിങ്ങിനിൽക്കും. വലിച്ചുവലിച്ച് ചാക്കോയുടെ ഇരുകവിളുകളിലും ഒരു കുഴി രൂപപ്പെട്ടിരുന്നു. കാക്കി ട്രൗസർ കാണുംവിധമാണ് അയാൾ മുണ്ടുടുക്കുക. കൊമ്പൻമീശയും ചോരക്കണ്ണുമൊക്കെ ഉണ്ടായിരുന്നെങ്കിലും ആളൊരു പിടിപ്പില്ലാത്തവനായിരുന്നു. വെള്ളമടിക്കാൻ ഒരാളെ കിട്ടിയാൽ വെളുക്കുവോളം ആത്മാക്കളുടെ വരത്തുപോക്ക് പറഞ്ഞിരിക്കും. ചില ദിവസങ്ങളിൽ വെട്ടം വീഴുമ്പോഴാകും അയാൾക്ക് മനസ്സിലാവുക, അത്രയുംനേരം അതെല്ലാം കേട്ട് കൂടെയിരുന്നതും ഒരാത്മാവായിരുന്നെന്ന്.
ചാക്കോയുടെ ആകാരവും പ്രകൃതവും കണ്ടിട്ടാണ് അച്ചനയാളെ ൈകയാളായി നിർത്തിയത്. മേടയും പരിസരവുമൊക്കെ വൃത്തിയാക്കുന്നതിനൊപ്പം അച്ചന്റെ ലാമ്പി സ്കൂട്ടറും സൈക്കിളും തുടച്ചു മിനുക്കി വെക്കും. ചില വൈകുന്നേരങ്ങളിൽ ലാമ്പിയെടുത്തൊരു ചുറ്റലുണ്ട്. മിക്കപ്പോഴും പറഞ്ഞയക്കുന്ന കാര്യം മറന്ന് അമ്പനാപുരംവരെ പോയിട്ട് തിരിച്ചുപോരും. മേടയിലെ കാര്യങ്ങളൊന്നും നടക്കില്ലെന്നു മനസ്സിലായപ്പോഴാണ് അച്ചനയാളെ കുഴിവെട്ടിപ്പണിയിലേക്ക് മാറ്റിയത്.
ദുരാത്മാക്കൾ ബെഞ്ചു കൊണ്ടുപോയെന്ന് പറയുന്നത് നേരാണോ... മൂന്നാം മണിയടിക്കുമ്പോൾ കപ്യാർക്കൊരു സംശയം. ടോർച്ചുമായി അയാൾ കുശിനിയുടെ പിന്നിലേക്ക് ചെന്നു. സംഗതി ശരിയാണ്. കൂട്ടിയിട്ടിരുന്ന െബഞ്ചുകളിൽ മൂന്നാലെണ്ണം നഷ്ടപ്പെട്ടിട്ടുണ്ട്. പ്രമാണിമാരുടെ കുടുംബപ്പേര് എഴുതിയ മുതലാണ്. പഴയതാണെങ്കിലും അതെടുക്കാൻ ധൈര്യമുള്ളവർ ഇടവകയിലില്ല. നേർച്ചക്കോഴികളെ കട്ടവരാകുമോ ബെഞ്ച് കൊണ്ടുപോയിട്ടുള്ളത്. കപ്യാരുടനെ പള്ളീലച്ചനെ വിവരമറിയിക്കാൻ ചെന്നു.
“എന്താടോ പരവേശപ്പെട്ട്..?”
‘‘അച്ചോ നമ്മുടെ പഴയ ബെഞ്ച് മൂന്നാലെണ്ണം കാണുന്നില്ല.’’
‘‘ഊറാൻ കുത്തിയതല്ലേ. സാരമില്ല. താനിനി ഇതാരോടും പറഞ്ഞു നടക്കണ്ട.’’
അച്ചനതും പറഞ്ഞ് പള്ളിയിലേക്ക് കയറി.
പണ്ടൊരുത്തൻ പഴയ പള്ളിയുടെ കഴുക്കോലു കട്ടെടുത്തപ്പോഴുണ്ടായ പുകിലായിരുന്നു ചാക്കോയുടെ മനസ്സിലപ്പോൾ.
45
പഴയ ബെഞ്ച് നഷ്ടപ്പെട്ടത് ആരോടും പറയേണ്ടെന്ന് കപ്യാരെ വിലക്കിയെങ്കിലും കുന്നേക്കാർ അതെങ്ങനെയോ അറിഞ്ഞു.
“തൊഴിൽ ചെയ്തു ജീവിക്കാനല്ലേ. വേണമെങ്കിൽ ഒരു തുക ചായക്കടക്കാരുടെ കൈയീന്ന് വാങ്ങാം.”
അച്ചനൊരു നിർദേശം വെച്ചെങ്കിലും കുന്നേക്കാർ സമ്മതിച്ചില്ല. പഴയതാണെങ്കിലും പള്ളിബെഞ്ച് വിശുദ്ധമാണെന്നും അതങ്ങനെ കണ്ട ചായക്കടക്കാർക്ക് മറിച്ചുവിൽക്കാനുള്ളതല്ലെന്നും പറഞ്ഞ് അവർ കമ്മിറ്റിയിൽ ബഹളംവെച്ചു.
തർക്കമൊക്കെ നീണ്ടുപോയ ഞായറാഴ്ച വൈകീട്ട് അച്ചൻ സൈക്കിളുമെടുത്ത് കുഞ്ഞാപ്പിയുടെ ചായക്കടയിലേക്ക് ചെന്നു. സ്കൂട്ടറുണ്ടെങ്കിലും ഇടവകയിലെ കാര്യങ്ങൾക്ക് അച്ചൻ സൈക്കിളിലാണ് പോവുക. ചവിട്ടി കിതച്ചുവന്ന ക്ഷീണത്തിൽ ചരിയൻതൊപ്പിയെടുത്ത് നെറ്റിയിലെ വിയർപ്പ് ഒപ്പി. കുഞ്ഞാപ്പി ബെഞ്ച് തുടച്ചുകൊടുത്തു. അച്ചനൊന്നും മിണ്ടാതെ കുഞ്ഞാപ്പിയിട്ടു കൊടുത്ത കട്ടൻ ഊതിക്കുടിച്ചുകൊണ്ടിരുന്നു.
‘‘എങ്ങനെയുണ്ടടോ... കച്ചവടം..?’’
‘‘നഷ്ടത്തിലാണച്ചാ.’’
വെറുതെ കൊടുത്ത മുതൽ തിരിച്ചുചോദിക്കാൻ ചെന്ന അച്ചൻ അതെല്ലാം മറന്ന് കുഞ്ഞാപ്പിക്ക് കുറച്ചു പൈസയെടുത്തു നീട്ടി.
‘‘അയ്യോ വേണ്ട. അച്ചന്റെ പ്രാർഥന മതി.’’
‘‘എന്നാപ്പിന്നെ അങ്ങനെയാവട്ടെ.’’
അച്ചനിറങ്ങി. റോഡുവരെ കുഞ്ഞാപ്പിയും ചെന്നു.
കുന്നേക്കാര് വഴങ്ങിയില്ലെങ്കിൽ പള്ളിവക ബെഞ്ച് തിരിച്ചുകൊടുക്കണമെന്ന് സൂചിപ്പിച്ചിട്ടാണ് അച്ചൻ മടങ്ങിയത്. പിന്നാലെ കടയിലെത്തിയ രായൻ വിവരമറിഞ്ഞതോടെ ദേഷ്യപ്പെട്ടു.
‘‘എടുത്തോണ്ടു പോകാൻ ഇങ്ങോട്ടു വരട്ടെ.’’
കലി തീരുന്നതുവരെ പള്ളിക്കാരെ ചീത്ത പറഞ്ഞു. കുഞ്ഞാപ്പിയൊന്നും മിണ്ടാതെ അതെല്ലാം കേട്ടു. എതിർത്തു പറയാൻ കഴിയാത്ത നിസ്സഹായതയെക്കാൾ, ബെഞ്ചു കാരണം പള്ളിക്കമ്മിറ്റിയിൽ അച്ചനുണ്ടായ നാണക്കേടിലായിരുന്നു അവനു വിഷമം.
രണ്ടു മൂന്നാഴ്ചക്കു ശേഷം, അതുവഴി പോകുമ്പോൾ അച്ചൻ കുഞ്ഞാപ്പിയെ താഴേക്കു വിളിപ്പിച്ചു. പണിമുണ്ടേൽ കൈ തുടച്ച് അവൻ വേഗം റോഡിലേക്ക് ചെന്നു.
‘‘എന്താടോ. സ്പെഷ്യൽ..?’’
‘‘ബീഫാണച്ചാ.’’
‘‘കടയടച്ചു കഴിയുമ്പോൾ മേടയിലേക്ക് വരണം. ഒരു പണിയേൽപിക്കാനുണ്ട്.’’
“വരാം.’’
“രായനെയും കൂട്ടിക്കോ.”
46
ഞാറക്കടവ് ഇടവകയിൽ പത്തിരുന്നൂറ് കുടുംബങ്ങളാണുള്ളത്. പള്ളി പണിതപ്പോഴുള്ള സെമിത്തേരിയാണ്. പകുതി സ്ഥലവും പ്രമാണിമാരുടെ കല്ലറകൾക്കു വേണ്ടി ഒഴിച്ചിട്ടിരുന്നു. ബാക്കിയുള്ള ഇട്ടാവട്ടത്തിലാണ് കാശില്ലാത്തവർക്കുള്ള കുഴിവെട്ട്. കുഴിമാടങ്ങളിലെ കുരിശിലെഴുതിയിരിക്കുന്ന വർഷം നോക്കിയാണ് അടുത്തയാൾക്കുവേണ്ടി കുഴി തുറക്കുക. മൂന്നാലാണ്ടു കഴിയുന്നതോടെ എടുത്തു കളയാൻ പാകത്തിൽ മാംസമൊക്കെ അലിഞ്ഞ് എല്ലും മുടിയും വേറിട്ടു കാണും.
സ്വന്തമായി ആറടി മണ്ണ് സെമിത്തേരിയിൽ വേണമെങ്കിൽ കാശുകൊടുത്തു വാങ്ങണം. അങ്ങനെയുള്ളവർക്കേ കല്ലറ പണിയാൻ പറ്റൂ. പത്തിരുപതു സെന്റ് ഭൂമിയുടെ വിലയുണ്ട് സെമിത്തേരിയിലെ ആറടിക്ക്. മറിച്ചുവിൽക്കാനാവില്ലെങ്കിലും വാങ്ങുന്നവർക്ക് കല്ലറ പണിത് തലമുറകളോളം അത് കൈവശംവെക്കാം. കുടുംബത്തിലുള്ളവർക്കെല്ലാം മരണശേഷവും കാരണവൻമാരോടു ചേർന്ന് പള്ളിപ്പറമ്പിൽ ഒന്നിച്ചുകിടക്കാനാവുന്നതിന്റെ സുഖവുമുണ്ട്.
കല്ലറ വാങ്ങാൻ പാങ്ങില്ലാത്തവരുടെ കുഴി മൂന്നാണ്ടു കഴിയുമ്പോൾ തുറന്ന് അതിൽ ആരെ വേണമെങ്കിലും പള്ളീലച്ചന് അടക്കാം. കാരണവൻമാരുടെ കുഴി അന്യാധീനപ്പെട്ടു പോകാതിരിക്കാൻ കുഴിമാടത്തിനു മീതെ ചിലർ ആസ്ബസ്റ്റോസ് ഷീറ്റും വീഞ്ഞപ്പലകയുംകൊണ്ട് കല്ലറപോലെ പണിയും. കാശു മുടക്കാതെ ചുളുവിനു ശവക്കുഴി സ്വന്തമാക്കുന്നവരെ ഒതുക്കാനാണ് സെമിത്തേരിയിൽ അച്ചൻ രാത്രി ആളെയിറക്കുക.
‘‘കുരിശുകളിൽ ഞാനൊരു അടയാളമിട്ടിട്ടുണ്ട്. കുഴിമാറിപ്പോകാതെ നോക്കണം.”
പള്ളിയിൽ എത്തിയ രായനും കുഞ്ഞാപ്പിക്കും നിർദേശം കൊടുത്തിട്ട് അച്ചൻ മേടയുടെ വാതിൽ ചാരി.
അച്ചൻ വിളിപ്പിക്കുന്നെന്ന് പറഞ്ഞപ്പോൾ മുതൽ ഈറ പിടിച്ചിരുന്ന രായൻ എതിരു പറഞ്ഞു.
‘‘ഈ നാറിയ പണിക്ക് ഞാനില്ല.’’
‘‘നീ വെറുതെ നിന്നാ മതി രായാ. ഞാൻ ചെയ്തോളാം.’’
കുഞ്ഞാപ്പി അവനെ നിർബന്ധിച്ച് സെമിത്തേരിയിലേക്ക് കൂട്ടി.
ചില കുഴികളിലെ തിരികൾ അപ്പോഴും കത്തുന്നുണ്ടായിരുന്നു. വെട്ടിനിരത്തേണ്ട കുഴിമാടങ്ങളിലെ കുരിശുകളിൽ മാമ്പള്ളിയച്ചന്റെ ചെങ്കല്ലടയാളം.
കുഴിത്തലയ്ക്കലെ കുരിശ് പിഴുത്, ആസ്ബസ്റ്റോസും പലകയുമൊക്കെ തല്ലിത്തകർക്കുമ്പോൾ ആത്മാക്കളുടെ നെഞ്ചത്താണല്ലോ ചവിട്ടുന്നതെന്ന് കുഞ്ഞാപ്പിക്ക് തോന്നി. അച്ചനേൽപ്പിച്ച പണിയിൽ ഒരു ന്യായമുണ്ടെന്നതും അവനോർത്തു. ഇത്തിരിയിടമല്ലേ സെമിത്തേരിയിലുള്ളൂ. എല്ലാവരുംകൂടി കെട്ടിപ്പിടിച്ചിരുന്നാൽ പിന്നാലെ ചാകുന്നവരെ എന്തുചെയ്യും.
“കത്തിയ്ക്കണം. എന്തിനാ വെറുതെ മണ്ണും വെള്ളവും അലമ്പാക്കുന്നത്.”
കല്ലറയുടെ മുകളിൽ കാഴ്ചക്കാരനെപ്പോലെ ബീഡി വലിച്ചുകൊണ്ടിരുന്ന രായൻ അതു പറയുമ്പോൾ കുഞ്ഞാപ്പി രായന്റച്ഛനെ ഓർത്തു. വെറുപ്പ് അവന്റെ ഉള്ളിൽ പതഞ്ഞുതുടങ്ങി.
പണി കഴിയുംവരെ കുഞ്ഞാപ്പിയൊന്നും മിണ്ടിയില്ല.
സെമിത്തേരിയിൽനിന്നിറങ്ങുമ്പോൾ ശവവണ്ടിപ്പുരയുടെ മുന്നിൽനിന്ന് ചാക്കോ പൊക്കിപ്പിടിച്ചു മുള്ളുന്നു. ഗേറ്റ് കടന്നുപോകുന്നവരെ നോക്കിയെങ്കിലും ഉറക്കച്ചടവോടെ അയാൾ അകത്തേക്ക് കയറിപ്പോയി.
പള്ളിയുടെ നിഴൽപറ്റി അവർ മേടയിലേക്ക് ചെന്നു. കുഞ്ഞാപ്പി വാതിലിൽ മുട്ടി.
‘‘കഴിഞ്ഞോ. കയറിപ്പോര്.’’
അച്ചൻ വാതിൽ തുറന്നുകൊടുത്തു. രണ്ടുപേരും കുശിനിയിലേക്ക് ചെന്നു.
അഴയിൽ ഞാന്നുക്കിടക്കുന്ന പണിമുണ്ടും തോർത്തും കണ്ടപ്പോൾ കുഞ്ഞാപ്പി കർമലിയെ ഓർത്തു. പാചകമൊക്കെ നന്നായി അറിയാവുന്ന തനിക്കും അവളെപ്പോലെ അച്ചന്റെ കുശിനിയിലെ പണിക്ക് കൂടിയാൽ മതിയായിരുന്നു. രണ്ടുപേരും കൂടി അച്ചൻമാർക്കുള്ള പോർക്കിറച്ചി വരട്ടുന്നത് ഓർത്തപ്പോഴേക്കും കുഞ്ഞാപ്പിയുടെ മനസ്സിൽ സന്തോഷത്തിന്റെ ഒരു മസാലക്കൂട്ട് മൊരിഞ്ഞു.
കടയിൽനിന്നു കൊണ്ടുവന്ന പൊതി അച്ചൻ തുറന്നു.
‘‘നിനക്ക് കൈപ്പുണ്യമുണ്ട്. ബീഫ് നന്നായി.’’
ഇഷ്ടമുള്ളവരെ അകറ്റുകയും, യോജിപ്പില്ലാത്തവരെ ചേർത്തുനിർത്തുകയും ചെയ്യുന്ന ദൈവികപദ്ധതികളെക്കുറിച്ച് അച്ചൻ പറഞ്ഞുകൊണ്ടിരുന്നു. അതൊന്നും മനസ്സിലാക്കാനുള്ള മൂളയൊന്നുമില്ലാതെ കുഞ്ഞാപ്പി എഴുന്നേറ്റ് കൈ കഴുകി.
ഭക്ഷണം കഴിഞ്ഞ് മൂന്നുപേരുംകൂടി പള്ളിമുറ്റത്തേക്കിറങ്ങി.
‘‘കെട്ട നേരമാ. പ്രാർഥിച്ചിട്ട് പോയാ മതി.’’
മടിച്ചു നിന്ന രായനെയും കൂട്ടി കുഞ്ഞാപ്പി പള്ളിയിലേക്ക് കയറി.
‘‘സങ്കീർത്തിയിലാ സ്വിച്ച്, ലൈറ്റിട്ടിട്ട് വരാം.’’
അച്ചൻ അകത്തേക്ക് പോയെങ്കിലും നീണ്ടയുടുപ്പിട്ട ഒരാൾ കുഞ്ഞാപ്പിയുടെ അടുത്ത് നിൽക്കുന്നപോലെ രായനു തോന്നി. നിശ്ശബ്ദത നിറയുന്ന ഇടങ്ങളെല്ലാം എത്ര വേഗമാണ് യുദ്ധക്കളമായി മാറുകയെന്ന് കുഞ്ഞാപ്പിക്ക് അറിയില്ലായിരുന്നു. രായനെന്തിനാണ് കത്തിയെടുത്ത് വീശിയത്. ഒഴിഞ്ഞുമാറുമ്പോൾ അവനൊരു കരച്ചിൽ കേട്ടു. രൂപക്കൂട്ടിനു മുന്നിലെ ഭണ്ഡാരപ്പെട്ടി മറിഞ്ഞ് അതിലെ നാണയങ്ങൾ ചിതറുന്ന ഒച്ച. വാളും പരിചയുമൊക്കെയായി പള്ളിക്കകം ഒരു യുദ്ധഭൂമിയായി മാറിയതുപോലെ.
പേടിച്ചു നിൽക്കുമ്പോഴേക്കും സങ്കീർത്തി മുറിയിലേക്ക് പോയ അച്ചൻ പെട്ടെന്ന് തിരിച്ചെത്തി.
47
കുറച്ചു ദിവസം കഴിഞ്ഞിട്ടും രായന്റെ മനസ്സിൽനിന്നാ സംശയങ്ങൾ ഒഴിഞ്ഞുപോയില്ല. ഇരുട്ടിൽ നീണ്ടകുപ്പായമിട്ട ഒരാളെ കണ്ടുവെന്നത് ഉറപ്പാണ്. അയാളുടെ കാലിലാണ് കത്തി കേറിയത്. കരച്ചിൽ കുഞ്ഞാപ്പിയും കേട്ടതാണ്.
‘‘എടാ കുഞ്ഞാപ്പി. എന്തിനാവും അച്ചൻ നമ്മളെ പള്ളിയിലേക്ക് വിളിച്ചു കയറ്റിയത്..?’’
‘‘എനിക്കറിയില്ല രായാ. നീയെന്തിനാണ് എന്റെ നേരെ കത്തിയോങ്ങിയത്.’’
‘‘നിന്റൊപ്പം നിന്നവനിട്ടാ ഞാൻ കീറിയത്.”
“കണ്ടത് പുണ്യാളനെയാവുമോ..?’’
“ഒന്നുപോടാ. അവന്റൊരു പുണ്യാളൻ.”
“എനിക്കൊരു പേടി. എന്തെങ്കിലും കുഴപ്പമുണ്ടോ രായാ.’’
‘‘എന്തു കുഴപ്പം നീ സൈക്കിളെടുക്ക്.’’
പാലത്തിനടിയിലേക്കുള്ള വളവെത്തിയപ്പോൾ രായൻ ചാടിയിറങ്ങി. ജീവിതംപോലെ പാളിപ്പോയ വീലു വെട്ടിച്ചെടുത്ത് കുഞ്ഞാപ്പി സൈക്കിൾ ചാരിവെച്ചു.
എടുപ്പിനു മീതെ രണ്ടാളും പായ വിരിച്ചു. ദുരൂഹതകൾ നിറയുന്ന സെമിത്തേരിയും ഞാറക്കടവു പള്ളിയുമായിരുന്നു കുഞ്ഞാപ്പിയുടെ മനസ്സിൽ. അതിനുള്ളിലെ ഒച്ചയില്ലായ്മയും രൂപങ്ങളുടെ ദൈന്യതയാർന്ന നിൽപ്പും ഏതോ ഭയാനകമായ വിപത്തുകളുടെ വരവിനായി ഒരുങ്ങുന്നതുപോലെ.
പാതിരാത്രി കാലിലൊരു തണുപ്പുപോലെ തോന്നിയിട്ട് കുഞ്ഞാപ്പി ഉണർന്നു. മങ്ങിയ വെളിച്ചത്തിൽ ഒരു ചേര പടം പൊഴിച്ച് എടുപ്പിലൂടെ ഇഴയുന്നു. പായയിൽ ഉരിഞ്ഞുവെച്ച രായന്റെ ലുങ്കിയുടെ കൂടെ ബ്ലൗസും അടിയുടുപ്പുകളും. കൽക്കെട്ടിൽനിന്നും പെണ്ണിന്റെ ചിരി.
‘‘ഉറങ്ങിയാ പിന്നെ അവനൊരു വെളിവുമില്ലെടീ.”
(തുടരും)