അതൃപ്തരായ ആത്മാക്കൾ -2
ഈ അധ്യായത്തിൽ പ്രേതങ്ങളെയും ആത്മാക്കളെയും കുറിച്ചുള്ള കഥകളാണ് ഞാൻ ചേർത്തിട്ടുള്ളത്. ചിലതൊക്കെ ഒഴിവാക്കാമായിരുന്നു. എന്നാൽ, ഡെൽഫി ആവേശത്തോടെ പറഞ്ഞുതന്നവയായതിനാൽ അതിന് മനസ്സുവന്നില്ല. നമുക്കീ കഥകളൊക്കെ യുക്തിയും ശാസ്ത്രബോധവും വെച്ച് അസംബന്ധമെന്നോ അന്ധവിശ്വാസമെന്നോ പറഞ്ഞ് പുച്ഛിച്ചുതള്ളാം. അതാണ് ശരിയും. പക്ഷേ, ഡെൽഫിക്കീ കഥകളൊക്കെ യാഥാർഥ്യത്തേക്കാൾ വിശ്വസനീയങ്ങളാണ്. അവരുടെ പ്രത്യേക മാനസികാവസ്ഥയും യുക്തിബോധവും വിശ്വാസവും...
Your Subscription Supports Independent Journalism
View Plansഈ അധ്യായത്തിൽ പ്രേതങ്ങളെയും ആത്മാക്കളെയും കുറിച്ചുള്ള കഥകളാണ് ഞാൻ ചേർത്തിട്ടുള്ളത്. ചിലതൊക്കെ ഒഴിവാക്കാമായിരുന്നു. എന്നാൽ, ഡെൽഫി ആവേശത്തോടെ പറഞ്ഞുതന്നവയായതിനാൽ അതിന് മനസ്സുവന്നില്ല. നമുക്കീ കഥകളൊക്കെ യുക്തിയും ശാസ്ത്രബോധവും വെച്ച് അസംബന്ധമെന്നോ അന്ധവിശ്വാസമെന്നോ പറഞ്ഞ് പുച്ഛിച്ചുതള്ളാം. അതാണ് ശരിയും. പക്ഷേ, ഡെൽഫിക്കീ കഥകളൊക്കെ യാഥാർഥ്യത്തേക്കാൾ വിശ്വസനീയങ്ങളാണ്. അവരുടെ പ്രത്യേക മാനസികാവസ്ഥയും യുക്തിബോധവും വിശ്വാസവും ഏതുരീതിയിലാണ് എന്നു കാണിക്കാൻ ഈ കഥകൾ ചേർക്കാതെ വയ്യ.
ഇത്തരത്തിലുള്ള കഥകളാണ് എനിക്ക് വേണ്ടതെന്ന് എന്റെ മുൻകാല കൃതികൾ വായിച്ചതിലൂടെ ഡെൽഫിക്ക് അറിയാമായിരുന്നു എന്നെനിക്കുറപ്പാണ്.
ജനിച്ചപ്പോൾതന്നെ ആഞ്ചിക്ക് ചില പ്രത്യേകതകളുണ്ടായിരുന്നെന്ന് വെളമക്കുട്ടി പറഞ്ഞതായി ജൊസ്ഫീന ഡെൽഫിയോട് പറയാറുണ്ട്. ജനിച്ച നിമിഷം മുതൽ ആഞ്ചിക്ക് രണ്ട് പല്ലുകളുണ്ടായിരുന്നു. പ്രേതങ്ങളെയെല്ലാം അവയുടെ തനിസ്വരൂപത്തിൽതന്നെ നേരിട്ടുകാണുകയും ചെയ്യാം.
എറണാകുളത്തെയും ചെട്ടിഭാഗത്തെയും മാർക്കറ്റുകളിൽനിന്ന് പലചരക്ക് സാധനങ്ങൾ മൂലമ്പിള്ളിയിലെത്തിച്ചിരുന്നത് കേവുവള്ളങ്ങളിലായിരുന്നു. വള്ളം തുഴയുന്നയാളെ കേവുകാരൻ എന്നാണ് പറയുക. മൂലമ്പിള്ളിയിൽ ഒരു കേവുകാരൻ തേത്തായി ഉണ്ടായിരുന്നു. അയാൾ വള്ളത്തിൽനിന്ന് വീണ് മുങ്ങിമരിച്ചതാണ്. ഇടക്കെല്ലാം ആഞ്ചി ട്രീസയുടെ ചെമ്മീൻകെട്ടിൽ വെറുതെ കാര്യങ്ങളന്വേഷിക്കാനായി പോകാറുണ്ട്. ഒരു സന്ധ്യക്ക് ആഞ്ചി അവിടെ ചെന്നപ്പോൾ മരിച്ചുപോയ തേത്തായി അവിടെ തൂമ്പിലിരുന്നു ബീഡിവലിച്ചു പുകയൂതി വിടുന്നു. ആഞ്ചിക്ക് നടന്നുപോകേണ്ട തൂമ്പിലാണ് തേത്തായി ഇരിക്കുന്നത്. ആഞ്ചി അയാളോട് എന്താണ് തേത്തായി ഇവിടെയിങ്ങനെയിരിക്കുന്നതെന്ന് ചോദിച്ചു. തേത്തായി മറുപടിയൊന്നും പറയാതെ കേൾക്കാത്ത മട്ടിരുന്നു. എന്റെ വഴിമുടക്കാതെ എഴുന്നേറ്റു മാറെടാ എന്ന് ആഞ്ചി അലറി. തേത്തായി ആഞ്ചിയെ ചുവന്ന മത്തക്കണ്ണുകൊണ്ട് തുറിച്ചുനോക്കി. വേറെ ഏതു മനുഷ്യരാണെങ്കിലും ഭയന്ന് വിറച്ചുപോയേനെ ആ നേരത്ത്. ആഞ്ചി പേടിക്കാതെ വഴിമാറെടാ എന്ന് വീണ്ടും അലറി. തേത്തായി വഴി ഒഴിഞ്ഞുകൊടുത്തു.
പേരണ്ടൂർ പാലത്തിന്റെ പരിസരത്ത് ഒരുകാലത്ത് നിറയെ പ്രേതങ്ങളായിരുന്നു. ആളുകൾ അതുവഴി നടന്നുപോകുമ്പോൾ ഇരുവശത്തും അവരുടെ സാന്നിധ്യം അനുഭവിച്ചറിയാനാകും. പാലത്തിൽവെച്ച് ഏതെങ്കിലും വാഹനം നമ്മെ ഇടിച്ചിട്ടുപോകാൻ സാധ്യത കൂടുതലാണ്. പ്രേതങ്ങൾ ഡ്രൈവർമാരുടെ കണ്ണുകൾ കെട്ടിക്കളയുന്നതുകൊണ്ടാണത്. അവരുടെ കണ്ണുകളിൽ മാത്രമല്ല, നമ്മുടെ കണ്ണുകളിലും ഇരുട്ടുകയറി നമ്മൾ ദിക്കും ദിശയും അറിയാതെയായിരിക്കും നടക്കുക. അതുകാരണം പാലത്തിൽകൂടി രാത്രികാലങ്ങളിൽ ആളുകൾ കാൽനടയാത്ര കഴിവതും ഒഴിവാക്കാറുണ്ട്. നടന്നുപോയാൽ പ്രേതങ്ങൾ നമ്മളെ വെള്ളത്തിലേക്കോ റെയിൽവേ ട്രാക്കിലേക്കോ തള്ളിയിടും. ദുർമരണം ഉറപ്പാണ്. ഒഴിവാക്കാൻ വയ്യാത്ത കാര്യത്തിന് നടന്നുപോകേണ്ടിവന്നാൽ നിലത്ത് ഇരുന്നിട്ട് കൈകൾ കുത്തി നടന്നുപോകണമത്രെ. റെയിൽവേ ലൈനിന്റെ അടുത്തുകൂടിയാണെങ്കിൽ ഒട്ടുംതന്നെ നിവർന്നു നടക്കരുത്. കൈകൾ കുത്തി ഇരുന്നുതന്നെ പോകണം.
ആഞ്ചിയും കൂട്ടുകാരൻ പാഞ്ചിയുംകൂടി പേരണ്ടൂർ പാലത്തിന്റെ താഴെ എളമക്കരയിൽ ചരൽ ഇറക്കാൻ പോയപ്പോൾ പാലത്തിന്റെ അരികിൽ വള്ളം കെട്ടിയിട്ടതിനുശേഷം വള്ളത്തിൽതന്നെ കിടന്നുറങ്ങുകയായിരുന്നു. പുഴയിലപ്പോൾ വെള്ളപ്പറ്റായിരുന്നു. വേലിയിറക്കം കഴിഞ്ഞ് ഏറ്റം കയറിയാലേ വള്ളം പൊങ്ങി ചരൽ ഇറക്കാൻ പറ്റൂ. ഒരുറക്കം കഴിഞ്ഞ് പാഞ്ചി ഉണർന്ന് നോക്കിയപ്പോൾ ആഞ്ചി വള്ളത്തിൽ ആരോ ഒരാളുമായിട്ട് ഭയങ്കര മൽപിടിത്തം നടത്തുന്നു; ശരിക്കും പൊരിഞ്ഞ യുദ്ധം. പാഞ്ചിക്ക് പക്ഷേ, ആഞ്ചിയെ മാത്രമേ കാണാൻ പറ്റുന്നുണ്ടായിരുന്നുള്ളൂ. മറ്റെയാളെ കാണാൻ പറ്റുന്നില്ല. പാഞ്ചിയത് കുറച്ചുനേരം സ്തംഭിച്ചു നോക്കിയിരുന്നു. പിന്നെ അയാൾക്ക് പേടിയായി. പാഞ്ചി വെള്ളത്തിലേക്ക് ചാടി വള്ളത്തിനരുകിൽ പിടിച്ചുതൂങ്ങിക്കിടന്നു. കുറെനേരം കഴിഞ്ഞ് ആഞ്ചി തളർന്ന് വള്ളത്തിൽ വീണുകിടപ്പായി. ആ നേരത്തും അടുത്തുകിടന്ന് ശല്യംചെയ്യുന്ന ആരെയോ ആഞ്ചി ഉന്തിത്തള്ളി മാറ്റുന്നതായി പാഞ്ചി കണ്ടു.
പട്ടികൾ ഓരിയിടുമ്പോൾ സാധാരണക്കാർ പ്രത്യേകിച്ചൊന്നും കാണാറില്ലല്ലോ. എന്നാൽ, ആഞ്ചിക്ക് ആ സമയത്ത് പല കാഴ്ചകളും കാണാൻ പറ്റാറുണ്ട്. ആഞ്ചിയുടെ വീട്ടിൽ പാൽ കൊണ്ടുവന്നിരുന്ന ലോറൻസ് ചേട്ടൻ ഒരുദിവസം മരിച്ചു. അയാൾക്ക് അൽപസ്വൽപം തൂമ്പാപ്പണിയുമുണ്ടായിരുന്നു. വീടിനോട് ചേർന്ന് ആഞ്ചിക്കുണ്ടായിരുന്ന പറമ്പിൽ ഒരുദിവസം സന്ധ്യക്ക് നോക്കിയപ്പോൾ ലോറൻസ് ചേട്ടൻ തൂമ്പയെടുത്ത് കിളച്ച് കുന്തം കണ്ണിയുണ്ടാക്കുന്നത് ആഞ്ചി കണ്ടു. ലോറൻസ് ചേട്ടൻ മരിച്ചുപോയ ആളാണെന്ന് മറന്നുകൊണ്ട് ആഞ്ചി പറമ്പിൽ ചെന്നു ചോദിച്ചു. ഈ േനരത്ത് എന്തിനാണ് ചേട്ടൻ പറമ്പിൽ കിടന്നിങ്ങനെ പണിയെടുക്കുന്നത്? അപ്പോൾ ലോറൻസ് ചേട്ടൻ ചോദിച്ചു. അതിനിപ്പോൾ നേരോം കാലോമൊക്കെ നോക്കണോ ആഞ്ചീ എന്ന്.
എന്തുകാരണം കൊണ്ടായിരിക്കാം ലോറൻസ് ചേട്ടൻ ഇങ്ങനെ പറമ്പു കിളച്ചതെന്ന് ആഞ്ചി ആലോചിച്ചുനോക്കി. കുറേകാലം മുമ്പ് കുറച്ചു രൂപ തന്നോട് കടം വാങ്ങിയത് തിരിച്ചുതരാനയാൾക്ക് കഴിഞ്ഞിരുന്നില്ല. മരണശേഷമെങ്കിലും അതു വീട്ടാനുള്ള ഉപായമെന്ന നിലക്കായിരിക്കാം ഈ വേല.
ആഞ്ചി ജനിച്ച അതേദിവസം അതേസമയത്ത് മൂലമ്പിള്ളി സ്കൂളിലെ ഒരു മാഷിന്റെ ഭാര്യയും പ്രസവിച്ചു; ഒരാൺകുഞ്ഞിനെ. ആ കുഞ്ഞിനെ കുളിപ്പിക്കാനായി പാളയിൽ കിടത്തിയപ്പോൾ ആ കുഞ്ഞ് എഴുന്നേറ്റ് ഒരു ചെകുത്താനെപ്പോലെ നിന്നുകൊണ്ട് കുളിപ്പിക്കാൻ ചെന്നവരെ ആക്രമിക്കാൻ തുനിഞ്ഞു. ഉടനെ വീട്ടുകാർ കോതാടുള്ള ഒരു പണിക്കന്റെയടുത്തുചെന്ന് പ്രശ്നം വെച്ചുനോക്കി. അയാൾ പറഞ്ഞു, അതൊരു ചെകുത്താൻ കുഞ്ഞാണെന്ന്. ഇരുചെവിയറിയാതെ വീട്ടുകാർ ആ കുഞ്ഞിനെ തീയിലിട്ട് ചുട്ടുകരിച്ചുകളഞ്ഞു.
ഒരുദിവസം ചരൽ വാരാൻ പോയ്ക്കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ വഴിയിൽവെച്ച് ആഞ്ചിയോട് ഒരാൾ പരിചയം ഭാവിച്ചു കൂടിയിട്ട് ചോദിച്ചു, അയാൾക്കിന്ന് ഒരുനേരത്തെ ചോറ് വീട്ടിൽനിന്ന് കൊടുക്കുമോ എന്ന്. ദയ തോന്നി ആഞ്ചി അയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു, അയാൾക്ക് ധാരാളം കടബാധ്യതകളുണ്ടെന്ന്. ഊണ് കഴിഞ്ഞപ്പോൾ സഹതാപം തോന്നി, രാത്രിയായതിനാൽ ഇന്നിനി പോകേണ്ട ഇവിടെ കോലായിലെങ്ങാനും കിടന്നുറങ്ങിയിട്ട് നാളെ പോയാൽ മതിയെന്ന് ആഞ്ചി പറഞ്ഞു. അയാൾക്കതു സമ്മതമായിരുന്നു. രാത്രി വൈകുവോളം അവർ വിശേഷങ്ങൾ പറഞ്ഞിരുന്നു. പക്ഷേ, അന്ന് രാത്രി അയാൾ ആഞ്ചിയോടൊരു ചതി ചെയ്തു. അവരുടെ മുറ്റത്തെ മാവിന്റെ താഴ്ന്നുകിടന്ന കൊമ്പിൽ അയാൾ തൂങ്ങിച്ചത്തു. വൈപ്പിൻകരക്കാരനായ അയാളുടെ വീട്ടുകാരെ കണ്ടെത്തി ജഡം വീട്ടിലെത്തിക്കാനും കേസിൽനിന്ന് രക്ഷപ്പെടാനാും ആഞ്ചി കുറെ കഷ്ടപ്പെട്ടു. മരിച്ചയാളുടെ വീട്ടുകാർക്ക് പരാതിയുണ്ടാകാഞ്ഞത് ആഞ്ചിയുടെ ഭാഗ്യമായി. ധാരാളം പണവും ആഞ്ചിക്ക് ചെലവായി. അതിനേക്കാളൊക്കെ കഷ്ടം പിന്നീടയാൾ ഒരു പ്രേതമായി ആ വീട്ടിലും പരിസരത്തുമൊക്കെ കറങ്ങിനടക്കാൻ തുടങ്ങി എന്നതാണ്. ജൊസ്ഫീനയും പലതവണ അയാളെ കണ്ടിട്ടുണ്ട്.
ജൊസ്ഫീന എന്നും വെളുപ്പാൻകാലത്തെ ഉറക്കമുണരുമായിരുന്നു. മുറ്റത്തെ കരിങ്കല്ലുകൾ കൂട്ടിവെച്ചുണ്ടാക്കിയ അടുപ്പിൽ വെള്ളം ചൂടാക്കാനും കഞ്ഞിവെക്കാനും കൊതുമ്പും കോഞ്ഞാട്ടയും ചിരട്ടയുംകൊണ്ട് തീ കത്തിക്കുമ്പോൾ കാറ്റുവന്ന് തീ കെട്ടുപോകാതിരിക്കാനായി ഓലക്കീറുകൊണ്ട് മറയുണ്ടാക്കിവെക്കാറുണ്ട്. ആഞ്ചി മിക്കപ്പോഴും പുറത്തിറങ്ങി ഒരു ബീഡിയും കത്തിച്ച് ജൊസ്ഫീനക്ക് കൂട്ടിരിക്കും. കുന്തങ്കാലിൽ ഇരുന്നുകൊണ്ട് ഓരോന്നോർത്ത് പലപ്പോഴും ഉറങ്ങിേപ്പാകുകയും ചെയ്യും. അയാൾ മാവിൻകൊമ്പിൽ തൂങ്ങിമരിച്ചയിടക്ക് അടുപ്പിലെ ഓലമറക്കുള്ളിൽ അനക്കംകേട്ട് നോക്കിയപ്പോളുണ്ട് ആ മനുഷ്യൻ ജൊസ്ഫീനയെത്തന്നെ തുറിച്ചുനോക്കിക്കൊണ്ടു നിൽക്കുന്നു. തൊട്ടടുത്ത് അയാളെ ശരിക്കും കാണുന്നതുപോലെ. ജൊസ്ഫീനക്ക് ആഞ്ചിയെ തോണ്ടിവിളിക്കാൻകൂടി കഴിയുന്നില്ല.
കൈയും കാലുമൊക്കെ മരവിച്ചതുപോലെ. ഒടുക്കം ധൈര്യം സംഭരിച്ച് ജൊസ്ഫീന കഞ്ഞിക്കലത്തിൽനിന്ന് കൈലുകൊണ്ട് തിളച്ചവെള്ളം കോരിയെടുത്ത് പ്രേതത്തിന്റെ മോന്തക്ക് ഒഴിച്ചുകൊണ്ട് കാറിത്തുപ്പി. പ്രേതം അപ്പോൾതന്നെ പേടിച്ചോടിപ്പോയി. ജൊസ്ഫീനക്ക് ആശ്വാസമായി. പക്ഷേ, പിന്നെയും അയാൾ പല ദിവസങ്ങളിലും സന്ധ്യയാകുമ്പോൾ നിഴലായി ജൊസ്ഫീനയുടെ അടുത്തുവരാറുണ്ടായിരുന്നു. സ്നേഹവും നന്ദിയും കാണിക്കാനായിരിക്കാം അയാളങ്ങനെ പോകാതെ നിൽക്കുന്നതെന്ന് ജൊസ്ഫീനക്കും ആഞ്ചിക്കും അറിയാം. എന്നാലും പ്രേതം, പ്രേതം തന്നെയല്ലേ! അയാളെ കാണുമ്പോളെല്ലാം ജൊസ്ഫീന ഉത്തരത്തിൽ വെച്ചിരിക്കുന്ന അരിവാളെടുത്ത് പ്രേതത്തിന് നേരെ വീശും. എപ്പോഴും വെട്ടുകൊള്ളുന്നത് മറ്റെവിടെയെങ്കിലുമായിരിക്കും. പക്ഷേ, പ്രേതത്തിന്റെ നിഴൽ മാഞ്ഞുപോകും. ഒടുക്കം അയാൾ ആ വീട്ടിൽനിന്നൊഴിഞ്ഞുപോകുന്നത് എല്ലാവരും കണ്ടു; ആ പരിസരത്ത് അതുവരെ ആരും കാണാത്ത ഒരു കറുത്ത പട്ടി ദൂരേക്ക് ഓടിമറയുന്നതായിട്ട്!
മൂലമ്പിള്ളി ഇപ്പോഴും ഒരു തനി ഗ്രാമമാണ്. എങ്ങും നിറയെ മരങ്ങളാണ്. എപ്പോഴും ഇരുട്ടുമൂടി കിടക്കുന്നതുപോലെ ഒരു മൂകതയാണ് എവിടെയും. ജൊസ്ഫീനക്കാണെങ്കിൽ എപ്പോഴും പ്രേതകഥകൾ പറയാനേ നേരമുള്ളൂ. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നുമില്ല. പേടിച്ചിട്ട് ഡെൽഫിക്ക് എങ്ങോട്ടും എഴുന്നേറ്റുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു.
നോമ്പുകാലമാകുമ്പോൾ ആഞ്ചി മക്കളുമായിട്ട് ദേവാസു വിളിക്കാൻ പോകുമായിരുന്നു. കൊച്ചാപ്പുവിൽനിന്ന് പകർന്നുകിട്ടിയ ശീലങ്ങളിലൊന്നാണത്. ഭൂതപ്രേത പിശാചുക്കളെയെല്ലാം ഓടിച്ചുകളയുക എന്നതാണല്ലോ രാത്രിയിലെ ദേവാസു വിളിയുടെ ഉദ്ദേശ്യംതന്നെ. വിജനമായ ഒരു സ്ഥലത്ത് പാലമരത്തിന്റെ ചുവട്ടിൽനിന്നുകൊണ്ട് ആഞ്ചി ദേവാസു വിളിച്ചുകൊണ്ടിരിക്കെ മരത്തിന് മുകളിലിരുന്ന ഒരു പിശാചിന് അതത്ര ഇഷ്ടപ്പെട്ടില്ല. ഒരു വലിയ പാലക്കൊമ്പ് അവരുടെ ദേഹത്തേക്ക് ഒടിച്ചിട്ടുകൊണ്ട് പിശാച് ഓടിക്കളഞ്ഞു. പാലക്കൊമ്പ് വലിയ ശബ്ദത്തോടെ ദേഹത്ത് വീണിട്ടും ആഞ്ചിയും കൂട്ടരും ദേവാസു വിളി നിർത്തിയില്ല. തീരുംവരെ വിളിക്കുകതന്നെ ചെയ്തു.
ആസ്റ്റർ മെഡിസിറ്റിയുടെ അടുത്ത് ഒരു പുഴയുണ്ട്. അതിനപ്പുറത്താണ് കോരാമ്പാടം. അവിടെയൊരു കടത്തുണ്ട്. വയസ്സുകാലത്ത് ചരൽ വാരാൻ പോകാനുള്ള ആരോഗ്യമില്ലാതായപ്പോൾ ഈ കടത്ത് ആഞ്ചി ഏറ്റെടുത്തിരുന്നു. രാത്രികളിൽ കടത്തിറങ്ങാൻ വരുന്നവർ വഞ്ചി അക്കരെയാണെങ്കിൽ ഇക്കരെനിന്ന് ‘പോയ്’ എന്ന ശബ്ദമുണ്ടാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും രാത്രികളിൽ ‘പോയ്’ എന്ന ശബ്ദമുണ്ടാക്കിക്കൊണ്ടുള്ള വിളികേട്ട് ആഞ്ചി അക്കരെ ചെല്ലുമ്പോൾ അവിടെ വിളിച്ചവരായി ആരും ഉണ്ടാകാറില്ല. മനുഷ്യരാരും ഇങ്ങനെ ഒരു കടത്തുകാരനെ വിളിച്ചു കബളിപ്പിക്കാറില്ലെന്നുറപ്പാണ്.
പ്രായം കൂടിക്കൂടി വന്നപ്പോൾ ആഞ്ചിക്ക് പ്രേതങ്ങളോട് മല്ലടിക്കാനും മത്സരിക്കാനുമുള്ള കായികശക്തിയും മനോബലവും ഇല്ലാതായിവന്നു. ധൈര്യം ചോർന്നുപോയി പേടിയുള്ള ഒരാളായി ആഞ്ചി മാറി. രാത്രികളിൽ പുറത്തിറങ്ങി മൂത്രമൊഴിക്കാൻപോലും കൂട്ടുവേണമെന്ന അവസ്ഥ. ജൊസ്ഫീനയെ അയാൾ കൂട്ടുവിളിക്കും. അവരാകട്ടെ ഭയങ്കര ദേഷ്യക്കാരത്തിയുമായിരുന്നു. ചിലപ്പോൾ അവർ പറയും, താൻ ഒറ്റക്ക് പൊയ്ക്കോ എനിക്കുറങ്ങണം എന്ന്.
ഒരിക്കൽ ആഞ്ചി പേടിച്ചുവിറച്ച് നിലാവെട്ടത്തിറങ്ങി തെങ്ങിൻചുവട്ടിൽ മൂത്രമൊഴിക്കാനിരുന്നപ്പോൾ തെങ്ങിന്റെ കടയ്ക്കൽ ചന്ദനനിറത്തിലുള്ള ഒരു ചെറിയ രൂപമിരിക്കുന്നു. അതിന് ചോരക്കട്ടപോലെ തിളങ്ങുന്ന രണ്ടു കണ്ണുകളുണ്ടായിരുന്നു. ആഞ്ചി മൂത്രമൊഴിക്കൽ പാതിക്ക് നിർത്തി. പേടിച്ച് അകത്തേക്കോടിപ്പോയി. പായയിൽ മൂടിപ്പുതച്ചു കിടന്നു. അന്നയാൾക്ക് നല്ല വിറയലും പനിയും ഉണ്ടായി. ആ നേരത്താണ് വാതിൽ തള്ളിത്തുറന്ന് അഗസ്തീനോസ് പുണ്യാളൻ വീടിനകത്തേക്ക് കയറിവന്നത്. കൈയിലിരുന്ന വടികൊണ്ട് പുണ്യാളൻ ആഞ്ചിയുടെ വലതുകാൽപ്പാദത്തിനിട്ട് ഒരടിവെച്ചുകൊടുത്തു. എന്നിട്ടു ചോദിച്ചു. നീ പേടിച്ചുപോയാടാ ആഞ്ചീ എന്ന്. പേടിക്കെണ്ടടാ എന്നുപറഞ്ഞ് പുണ്യാളൻ അപ്പോൾതന്നെ പുറത്തേക്കിറങ്ങിപ്പോവുകയും ചെയ്തു.
ആസ്റ്റർ മെഡിസിറ്റിയെന്ന വലിയ ആശുപത്രിയിരിക്കുന്ന ഭാഗത്തിന് പണ്ട് ഈയാമ്പാടമെന്നായിരുന്നു പേര്. പകൽനേരത്തുപോലും അവിടെയൊക്കെ ഒരൊറ്റ മനുഷ്യരുണ്ടാകുമായിരുന്നില്ല. ജെർസൻ പഠിച്ചിരുന്ന കാലത്ത് ആ ഭാഗത്തുകൂടെ വേണമായിരുന്നു സ്കൂളിൽ പോകാൻ. ഇരുവശവും വലിയ കണ്ടമാണ്. അതിന്റെ നടുക്കാണ് ഒരാൾക്ക് മാത്രം നടക്കാവുന്ന ഒരു ചിറ. അതായിരുന്നു റോഡ്. കണ്ണെത്താദൂരത്തോളം ഒരൊറ്റ കെട്ടിടങ്ങളോ വീടോ ഉണ്ടായിരുന്നില്ല. അതിലേ നടന്നുപോകുമ്പോൾ ഇതുവരെ കാണാത്ത ചാരനിറത്തിലുള്ള ഒരു മനുഷ്യൻ എതിരെ നടന്നുവരുന്നത് കാണാറുണ്ട്. ജെർസനൊക്കെ അന്നേരം ഏതെങ്കിലും തെങ്ങിന്റെ മറയിൽ സുകൃത ജപങ്ങളും ചൊല്ലിക്കൊണ്ട് ഒളിച്ചിരിക്കും. അവരുടെയെങ്ങാനും കണ്ണിൽപെട്ടാൽ കണ്ടത്തിലെ ഉപ്പുവെള്ളത്തിലേക്ക് തള്ളിയിടും. അല്ലെങ്കിൽ കൈവീശി അടിക്കും.
ജെർസൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. അക്കാലത്ത് അവരുടെ കുളിമുറി വീടിന് പുറത്താണ്. മറപ്പുര എന്നാണ് പറയുക. മറപ്പുരയിൽ കുളികഴിഞ്ഞ് വീടിനകത്തേക്ക് കയറിയപ്പോൾ വെളമക്കുട്ടി മുമ്പിലെ മുറിയിൽത്തന്നെ അടി എന്നടീ റാക്കമ്മ പല്ലാകെ ഞെരിച്ച് എന്ന പാട്ടുപാടിക്കൊണ്ട് ഡാൻസ് കളിക്കുന്നു. വീടിന് മുന്നിൽ അകത്തേക്ക് നോക്കിക്കൊണ്ട് അയൽക്കാരായ കുറെ കാഴ്ചക്കാർ നിൽക്കുന്നു. പ്രേതങ്ങളുടെ കളിയാണെല്ലാം.
ജെർസന്റെ ഒരേയൊരു പെങ്ങൾ ട്രീസ ഒരുദിവസം മുടിയൊക്കെ അഴിച്ചിട്ട് പിച്ചും പേയും പറയുന്നു. ഒച്ചയും ബഹളവും മുടിവലിച്ചു പറിച്ചിലുമൊക്കെയായി ആകെ ബഹളം. കുറെ പ്രേതങ്ങളെ കണ്ടു പരിചയിച്ച വെളമക്കുട്ടി പേരക്കുട്ടിയുടെ അടുത്തേക്ക് ചെന്ന് മുഖത്ത് തുറിച്ചുനോക്കിക്കൊണ്ട് ചോദിച്ചു. നിന്റെ പ്രശ്നമെന്താണ്, നീ ആരാണ്, എവിടെനിന്നുവരുന്നു?
അപ്പോൾ ട്രീസ അവളുടെ പേരായിട്ട് പറഞ്ഞത് അവിടെ മുമ്പേ അയലത്ത് വാടകക്ക് താമസിച്ചിരുന്ന ഒരു ടെസ്സി എന്ന പെൺകുട്ടിയുടെ പേരാണ്. ശരിക്കും ടെസ്സിയുടെ ശബ്ദത്തിൽ. അവൾ ചെല്ലാനത്ത് കടലിൽ ചാടി മരിച്ചതാണ്. കാമുകൻ വഞ്ചിച്ചതാണ് കാരണം. ഇപ്പോളിങ്ങനെ വരാനുള്ള കാരണമായി പറഞ്ഞത് അവളുടെ ആത്മാവിന് വേണ്ടുന്ന കാര്യങ്ങളൊന്നും വീട്ടുകാർ ചെയ്യുന്നില്ല എന്നതാണ്. അവളുടെ കുഴിമാടത്തിലേക്കവർ തിരിഞ്ഞുപോലും നോക്കുന്നില്ല. ട്രീസക്ക് ടെസ്സിയെ അറിയാം. സെമിത്തേരിയിൽ പോകേണ്ടിവന്നപ്പോഴൊക്കെ ട്രീസ ടെസ്സിയുടെ കുഴിമാടത്തിനരികിൽ വെറുതെ നോക്കിനിന്നിട്ടുണ്ട്. വെളമക്കുട്ടി ടെസ്സിയുടെ വീട്ടിൽ ചെന്നു. അവളുടെ അമ്മയോട് സംസാരിച്ചു. അന്യമതസ്ഥനായ ഒരുവനെ ടെസ്സി പ്രേമിച്ചതും വീട്ടുകാരെതിർത്തപ്പോൾ കടലിൽ ചാടി മരിച്ചതും ശവം ചെല്ലാനം കടപ്പുറത്ത് അടിഞ്ഞുകിടന്നതുമൊക്കെ അവർ പറഞ്ഞു. മക്കൾ വഴിതെറ്റിപ്പോയാൽ കാർന്നോൻമാർക്ക് സ്വാഭാവികമായും ദേഷ്യമുണ്ടാകുമല്ലോ. അതുകൊണ്ടാണ് അവർ ടെസ്സിയുടെ ഏഴ്, മുപ്പത് അടിയന്തരങ്ങളൊക്കെ നടത്താഞ്ഞത്. കുർബാനയും ഒപ്പീസും ഒന്നും ചൊല്ലിച്ചില്ല. വെളമക്കുട്ടിയുടെ ഉപദേശപ്രകാരം ടെസ്സിയുടെ പേരിൽ കുർബാനയും കുഴിക്കൽ ഒപ്പീസും ചൊല്ലിക്കഴിഞ്ഞപ്പോളാണ് ട്രീസയിൽനിന്ന് ടെസ്സി ഒഴിഞ്ഞുപോയത്.
ജൊസ്ഫീന ഒരുദിവസം സന്ധ്യക്ക് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു. മുറ്റം നിറയെ പൂഴിമണലായിരുന്നു. ജൊസ്ഫീന നോക്കിയപ്പോൾ മണ്ണ് വായുവിൽ ഉയരത്തിൽ ചിതറുകയും പൊടിപറക്കുകയും ചെയ്യുന്നു. മറ്റൊന്നുമല്ല വീടിനരികിലൂടെ തേര് പാഞ്ഞുപോകുകയാണ്. മുൻകാലാനുഭവങ്ങൾ ഏറെയുള്ളതുകൊണ്ട് പൊടിപറക്കുന്നത് കണ്ടപ്പോൾതന്നെ ജൊസ്ഫീന ഒരു വലിയ മരത്തിന്റെ മറയിൽ ഒളിച്ചിരുന്നു. ഏതോ ഒരു ദേവന്റെ തേരോട്ടമാണ് ആടയാഭരണങ്ങളണിഞ്ഞ് കുതിരപ്പുറത്തു കയറി.
ജെർസനും തേരോട്ടം കണ്ടിട്ടുണ്ടെന്ന് പറയുന്നു. സാംസൺ തിയറ്ററിൽ സെക്കൻഡ് ഷോ കണ്ട് തിരിച്ചുവരുമ്പോൾ ഷാപ്പുകാരന്റെ വീടിന്റെ അടുത്തുള്ള തെങ്ങിന്റെ മുകൾഭാഗത്തുകൂടെ ഒരു വലിയ പ്രകാശം പോകുന്നത് കണ്ടു. ജെർസൻ അതുവന്ന് ആഞ്ചിയോട് പറഞ്ഞപ്പോൾ ആഞ്ചിയാണ് പറഞ്ഞത്, അത് തേരോട്ടമാണെന്ന്. താഴെക്കൂടി മാത്രമല്ല, മുകളിൽക്കൂടിയും തേര് പോകും. ജെർസൻ തെങ്ങിന്റെ മറയിലായിരുന്നത് ഭാഗ്യമായത്രെ!
ആഞ്ചിയുടെ പെങ്ങൾ ഒരുദിവസം കണ്ടതാണ്. വീടിനടുത്തുള്ള കുളത്തിന്റെ കരയിൽ തേരു പോയ സമയത്ത് ഒരാൾ വീണു മരിക്കുന്നത്. ദേഹത്തിന്റെ ഒരുവശം മാത്രം നീലനിറമായിപ്പോയി. നെറുക മുതൽ കാൽപാദം വരെ നീലനിറം. തേരിലുണ്ടായിരുന്ന ദേവൻ അടിച്ചിട്ടതാണെന്നാണ് പറയുന്നത്. മണിമുഴക്കി തേരു പോകുമ്പോൾ അതിന്റെ വഴിയിലുള്ളത് മുഴുവൻ അടിച്ചിട്ടിട്ടുപോകും. നമ്മൾ വെറും മനുഷ്യരല്ലേ, ദൈവങ്ങൾ കളിച്ചുല്ലസിച്ചുപോകുന്ന സമയത്ത് അവരെ നേരിട്ട് നോക്കുന്നത് തെറ്റല്ലേ?
മാർച്ച് മാസത്തിലെ 19ാം തീയതിയിലെ ഔസേപ്പ് പിതാവിന്റെ തിരുനാളും പിഴല അമ്പലത്തിലെ മഞ്ഞക്കുളിയുമൊക്കെ അടുത്തടുത്ത ദിവസങ്ങളിലായാണല്ലോ വരുന്നത്. ഔസേപ്പിതാവിന്റെ നേർച്ചസദ്യയൊരുക്കാൻ വീടുകളിൽനിന്നും എല്ലാവരും തലേദിവസം രാത്രി പള്ളിയിൽ പോകുന്ന പതിവുണ്ട്. സദ്യയൊരുക്കങ്ങളെല്ലാം കഴിഞ്ഞ് വെളുക്കാറായപ്പോഴാണ് ജൊസ്ഫീനയും ട്രീസയുമൊക്കെ തിരിച്ചുപോരുന്നത്.
അന്ന് വെട്ടം വീണുതുടങ്ങിയിട്ടില്ല. പാലിയം തുരുത്തുവരെ നടന്നുവരണം. പള്ളികഴിഞ്ഞ് വില്ലേജാപ്പീസിനടുത്ത് അമ്പലത്തിന്റെ കോലായയിൽ രണ്ട് പെണ്ണുങ്ങൾ വർത്തമാനം പറഞ്ഞിരിപ്പുണ്ടായിരുന്നു. ഡെൽഫി ഭായിമാരെന്ന് പറഞ്ഞപ്പോൾ ഞാനാദ്യം കരുതിയത് ബംഗാളി പെണ്ണുങ്ങളാണെന്നാണ്. അതല്ല കൊങ്ങിണി സമുദായത്തിലെ സ്ത്രീകളെ ഭായിമാർ എന്നാണ് പറയുന്നത്. കൂടെയുണ്ടായിരുന്ന ജൊസ്ഫീനയോട് ട്രീസ ചോദിച്ചു, അമ്മേ ഈ ഭായിമാരെന്താണ് ഇവിടെ ഇരുന്ന് വർത്തമാനം പറയുന്നത് എന്ന്. ജൊസ്ഫീന ഉത്തരമറിയാതെ കൈമലർത്തി. അവർ നടന്ന് വീട്ടിലെത്തി. പിറ്റേന്ന് പള്ളിയിലേക്ക് നേർച്ചസദ്യയുണ്ണാൻ പോകുന്നവഴിക്ക് ഒരു കൊങ്കിണി സ്ത്രീയോട്, അമ്പലത്തിൽ ഭായിമാരെ കണ്ടതിനെ കുറിച്ച് ജൊസ്ഫീന ചോദിച്ചു. അപ്പോളവർ പറഞ്ഞു. ഇന്നലെ അമ്പലത്തിൽ മഞ്ഞക്കുളിയായിരുന്നില്ലേ. ഞങ്ങളാരും മഞ്ഞക്കുളിക്ക് വെളുപ്പിനെഴുന്നേറ്റ് അമ്പലത്തിൽ പോകാറില്ല. അവിടെ വർത്തമാനം പറഞ്ഞിരുന്നത് പ്രേതങ്ങളായിരിക്കാം.
ജൊസ്ഫീനക്കുറപ്പാണ്. ഔസേപ്പിതാവിന്റെ നേർച്ചസദ്യയൊരുക്കാൻ പോയിവരുന്ന വഴിയായതുകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ കഥ വേറെയായേനെ. പ്രേതങ്ങളെ ചെട്ടിച്ചികളായിട്ട് പുണ്യാളൻ തെറ്റിദ്ധരിപ്പിച്ചതാണ്. പിന്നെ പ്രേതങ്ങളുമായി അറിയാതെ വർത്തമാനത്തിന് ചെല്ലാതിരുന്നത് ബുദ്ധിയായി. പിഴല പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരൻ മഞ്ഞക്കുളിയുടെ അന്ന് രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയനേരത്ത് ഇതുപോലെ പ്രേതങ്ങളെ കണ്ടു പേടിച്ച് രക്തം ഛർദിച്ചു മരിച്ചിട്ടുണ്ട്.
ഒന്നിനു പിറകെ ഒന്നായി അടുക്കിവെച്ചതുപോലെ ഈ കഥകളൊക്കെ പറയുന്നതിലൊരു രസക്കേട് എനിക്ക് തോന്നാതിരുന്നില്ല. ഡെൽഫി ഇങ്ങനെയാണ്. ഒരു കഥ തീർന്ന ഉടൻ അടുത്ത കഥയിലേക്ക് മുഖവുരയില്ലാതെ കടക്കും. ഞാനും അതു ചെയ്യുന്നു.
മൂലമ്പിള്ളിയിൽ ഒരു സ്ത്രീക്ക് വസൂരിദീനം വന്നപ്പോൾ അവരെ ശുശ്രൂഷിക്കാനും വെളമക്കുട്ടിയെ അവരുടെ ബന്ധുക്കൾ വന്നു വിളിച്ചുകൊണ്ടുപോയിരുന്നു.
അന്ന് കൂടെപ്പോയത് വെളമക്കുട്ടിയുടെ സഹോദരി മടത്തീനയാണ്. ചെന്ന അന്ന് രാത്രിതന്നെ ഇടക്കുണർന്ന മടത്തീനക്ക് തോന്നി നേരം വെളുത്തെന്ന്. മടത്തീന പുറത്തിറങ്ങി നടന്ന് കുളത്തിനടുത്തെത്തിയപ്പോൾ അതിലേക്ക് എന്തോ ചാടുന്നത് കണ്ട് പേടിച്ചു നിലവിളിച്ച് വീട്ടിലേക്കോടി. വെളമക്കുട്ടി വസൂരി ദീനക്കാരിയുടെ വീട്ടിൽ ഒറ്റക്കായി. അവിടെ അന്നവർ മൂന്ന് ചെകുത്താൻമാരെ കണ്ടു. മൂന്നുപേരുടെ കൈയിലും ഓരോ ഭാണ്ഡക്കെട്ടുണ്ടായിരുന്നു. അവരത് അഴിച്ചു തുറന്ന് പരിശോധിക്കലും തമ്മിൽ ഓരോന്നു കൈമാറലും മുറുമുറെ തമ്മിൽ നിർത്താതെയുള്ള വർത്തമാനങ്ങളും ഒക്കെയായിരുന്നു.
വെളമക്കുട്ടി ഇതെല്ലാം കണ്ട് ശ്വാസംവിടാതെ കിടന്നു. പിന്നെ മൂന്നു ചെകുത്താൻമാരും വീടിന്റെ കഴുക്കോലിൽ തൂങ്ങിക്കിടന്ന് ഭയങ്കര അഭ്യാസങ്ങളും പേക്കൂത്തുകളും നടത്താൻ തുടങ്ങി. അവർ തമ്മിൽ തമ്മിൽ പല്ലിളിച്ചുകാണിച്ചു. വാലും ചുരുട്ടി കഴുക്കോലിൽ തലകീഴായി തൂങ്ങിക്കിടന്ന് ഊഞ്ഞാലാടി. പല്ല് ഞെരിച്ച് വൃത്തികെട്ട ഗോഷ്ഠികൾ കാണിച്ചു.
വെളമക്കുട്ടി കണ്ണിറുക്കി അടച്ചതുപോലെ കിടന്നെങ്കിലും എല്ലാം ശ്വാസംവിടാതെ കൺപോള വിടവിലൂടെ കണ്ടു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നോർത്ത് അവർ ആശങ്കപ്പെട്ടു. പക്ഷേ, വെളമക്കുട്ടി ഭയന്നതുപോലെയൊന്നും സംഭവിച്ചില്ല. കുറച്ചു കഴിഞ്ഞ് ക്ഷീണിച്ചിട്ടോ മതിയായിട്ടോ എന്തോ മൂന്നുപേരും ഭാണ്ഡക്കെട്ടുകളും പെറുക്കി വീടിന് പുറത്തേക്കിറങ്ങിപ്പോയി. അപ്പോളാണ് വെളമക്കുട്ടിക്ക് ശ്വാസം ഒന്നു നേരെ വീണത്.
വസൂരിദീനം വന്ന എല്ലായിടത്തും ഈ സാധനങ്ങൾ വന്നുചേരാറുണ്ട്. കൊച്ചാപ്പുവുമൊത്ത് പണ്ട് മുളവുകാട് വസൂരിദീനം വന്ന വീട്ടിൽ അവരെ ശുശ്രൂഷിക്കാൻ ചെന്നപ്പോൾ അവിടെയും കണ്ടിരുന്നു ഈ സാധനങ്ങളെ. ദീനം മാറിയവർ കുളിച്ചു കഴിയുമ്പോൾ കറുത്ത പട്ടികളുടെ രൂപത്തിൽ ആ സാധനങ്ങൾ ഓടിപ്പോകുന്നത് പലരും കാണാറുണ്ട്. അവയെ ഓടിക്കാനാണ് ദീനം വന്നയിടങ്ങളിൽ കുന്തിരിക്കവും സാമ്പ്രാണിയുമൊക്കെ പുകക്കുന്നത്.
ജൊസ്ഫീനയുടെ അവസാനിക്കാത്ത പ്രേതകഥകളും പീഡനങ്ങളുംമൂലം സഹികെട്ട്, ഭയന്ന് ജെർസനും ബിനോയിയുമൊത്ത് തറവാടു വിട്ടിറങ്ങി പുതിയ വീട്ടിൽ താമസം തുടങ്ങിയതിനുശേഷം ആ വീട്ടിലും ഡെൽഫിക്ക് കുറെ അനുഭവങ്ങളുണ്ടായി. കുറച്ചു പഴക്കമുള്ള ഓടിട്ട ഒരു ചെറിയ വീടാണവർ വാങ്ങിയത്. ഒരുദിവസം വെളുപ്പിന് അഞ്ചര മണിക്കെഴുന്നേറ്റ് ഡെൽഫി മുറ്റമടിക്കുകയായിരുന്നു. സെന്റാന്റണി ചെടികൾകൊണ്ടായിരുന്നു അവിടെയും വേലികെട്ടിയിരുന്നത്. മുറ്റമടിച്ച് ചൂലുമായി നിവർന്നപ്പോൾ ഒരാളുടെ നിഴൽ അനങ്ങുന്നത് ഡെൽഫി കണ്ടു. അവർ വേഗം ഓടി വീട്ടിനകത്ത് കയറി വാതിലടച്ചു. അതിൽപിന്നെ വെളുപ്പാൻകാലത്തുള്ള മുറ്റമടി ഡെൽഫി നിർത്തിക്കളഞ്ഞു. അവിടെയും തേരോട്ടമുണ്ടായിരുന്നു. പള്ളികളിലെ പ്രദക്ഷിണംപോലെയൊരു പരിപാടിയാണീ തേരോട്ടം. അത് ഇടക്ക് വിശ്രമിക്കുന്ന സ്ഥലമായിരുന്നു അവർ പുതുതായി വാങ്ങിയ സ്ഥലത്തിന്റെ ഭാഗങ്ങൾ.
എളങ്കുന്നപ്പുഴ അമ്പലത്തിൽനിന്ന് ചേരാനല്ലൂർ അമ്പലത്തിലേക്ക് ഒരു സ്ത്രീ നടന്നുവരുമത്രെ. അവർ വരുന്നതിന്റെ ചാൽ എന്ന് പറയുന്നത് പിഴല പഞ്ചായത്തിന്റെ അപ്പുറത്ത് പാലം കടന്നുചെല്ലുമ്പോൾ അവിടെ പാല്യം തുരുത്തെന്ന് പറയുന്ന ഒരു ഉൾഭാഗമുണ്ട്. പാടവും കണ്ടവുമൊക്കെയായി കിടക്കുന്ന സ്ഥലം. ഇതിനിടയിൽ ഒരു കായലുണ്ടെന്നാണ് എന്റെ അറിവ്. ഡെൽഫി അത് പറഞ്ഞില്ല. പ്രേതങ്ങൾക്ക് നടക്കാൻ നിലംതന്നെ വേണമെന്നില്ലല്ലോ എന്ന് ഞാനോർത്തു. അവിടെ രാത്രി പന്ത്രണ്ട് മണിക്ക് ഒരു ചേച്ചി പൈപ്പിൻ ചുവട്ടിൽ വെള്ളമെടുക്കാൻ ചെന്നു. ഇവിടങ്ങളിലൊക്കെ അത് പതിവാണ്. കാരണം ആ നേരത്തൊക്കെയാണ് വെള്ളം വരുന്നതും ആളൊഴിയുന്നതും. ആ ചേച്ചി പൈപ്പിൻ ചുവട്ടിൽ നിൽക്കുമ്പോൾ ഒരു പെണ്ണ് വെള്ള സാരിയും ബ്ലൗസും ഉടുത്തുകൊണ്ട് നടന്നുപോകുന്നത് കണ്ടു. ചേരാനല്ലൂരമ്പലത്തിലെ കുളത്തിൽ കുളിക്കാൻ പോകുന്ന പോക്കാണത്.
(തുടരും)