അതൃപ്തരായ ആത്മാക്കൾ -3
നല്ല പ്രായത്തിലേ ബൈക്കപകടം സംഭവിച്ച് ജെർസൻ ഒന്നിനും കൊള്ളാത്ത ഒരാളായി തീർന്നപ്പോൾ ഡെൽഫിക്ക് പുരുഷന്മാരിൽനിന്ന് നേരിടേണ്ടിവന്ന വ്യത്യസ്തമായ അനുഭവങ്ങൾ ഏറെയുണ്ട്. അതിൽ പ്രണയാഭ്യർഥനകളുണ്ട്. അവരെ എങ്ങനെയെങ്കിലും പാട്ടിലാക്കണമെന്ന ഉദ്ദേശ്യത്തോടെ ആണുങ്ങൾ നടത്തിയ നീക്കങ്ങളുണ്ട്. അവയെ ഡെൽഫി നേരിട്ട രീതികൾ കേൾക്കാൻ രസമാണ്. തന്റെ കടുത്ത ഏകാന്തതയകറ്റാൻ ഡെൽഫി ഒരുപാട് പേരുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടെന്ന് പറഞ്ഞല്ലോ. ഫോൺവിളിയുടെ തുടക്കത്തിൽതന്നെ ഒരാളെയും ഡെൽഫി പിണക്കുകയോ നിരുത്സാഹപ്പെടുത്തി അകറ്റുകയോ ചെയ്യാറില്ല. ചിലരെ കോമാളികളാക്കി രസിച്ചിട്ടുണ്ട്. ഒരു സുഹൃത്തിനെപ്പോലെ കരുതി ആരോടും എത്രനേരം വേണമെങ്കിലും ഡെൽഫി വർത്തമാനം പറയും. അവരുടെ ജീവിതത്തിലെ ഏകാന്തതക്കും വിരസതക്കും കുറെയെങ്കിലും ശമനമുണ്ടാക്കാൻ ഇത്തരം സൗഹൃദങ്ങളും സംഭാഷണങ്ങളും സഹായിച്ചിട്ടുമുണ്ട്.
എത്രനേരം വേണമെങ്കിലും നമുക്ക് സുഹൃത്തുക്കളെപ്പോലെ സംസാരിക്കാം. അതിനപ്പുറത്തേക്ക് ഒരു രീതിയിലും ഈ ബന്ധം വളരരുത് എന്ന സന്ദേശം ഡെൽഫി എനിക്കെപ്പോളും തന്നിരുന്നു. ഡെൽഫിയെ ദുരുദ്ദേശ്യത്തോടെ വിളിക്കുന്ന ആണുങ്ങളിലൊരാളാകാൻ ഞാൻ തീരെ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് എപ്പോളും ഞാൻ സംസാരിച്ചിരുന്നതും. ഡെൽഫിയാൽ ബ്ലോക്ക് ചെയ്യപ്പെട്ട എത്രയോ പുരുഷന്മാരുണ്ട്. അവരിലൊരാളായി മാറുന്നത് എത്രയോ മോശം കാര്യമാണ്.
ഒരുവിധത്തിൽ പറഞ്ഞാൽ സുന്ദരികളും ഏകാകികളുമായ ഒട്ടുമിക്ക സ്ത്രീകൾക്കും പല പ്രായത്തിലും നേരിടേണ്ടിവരുന്ന സ്വാഭാവികമായ അനുഭവങ്ങൾതന്നെയാണ് ഡെൽഫിക്കും ഉണ്ടായിട്ടുള്ളത് എന്നുവേണമെങ്കിൽ പറയാം. അതൊക്കെ മുഴുവനായും വിസ്തരിച്ചെഴുതിയാൽ അതു പരമബോറാകും. എങ്കിലും ചിലതെഴുതാം.
പതിനാലാം വയസ്സിൽ പെറ്റിക്കോട്ടിട്ടു നടക്കുന്ന പ്രായത്തിലെ ഒരു പ്രണയകഥയുണ്ട്. ഡെൽഫി അന്നേ ഒരു കൊച്ചു സുന്ദരിയാണ്. ഒരു മാടപ്രാവിനെപ്പോലെ സുന്ദരിയെന്ന് ഡെൽഫി അവരെ കുറിച്ചുതന്നെ പറയുന്നു. അന്നേ ആണുങ്ങൾ അവരെ തുറിച്ചുനോക്കുമായിരുന്നു. ഏതാണ്ട് ഇരുപത് വയസ്സിനോടടുത്ത പവിയാനോസ് അക്കാലത്താണ് ഡെൽഫിയുടെ പിറകേ നടക്കാൻ തുടങ്ങിയത്. രണ്ടാം ശനിയാഴ്ചകളിൽ സ്കൂളുകളിൽനിന്ന് കുട്ടികൾക്ക് പോഷകാഹാരം കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. അവിടെ സ്കൂളിലെ സ്റ്റാഫെന്ന നിലക്ക് ഡെൽഫിയുടെ ചേച്ചിക്ക് പോകണമായിരുന്നു. ഒപ്പം ചേച്ചിയെ സഹായിക്കാൻ ഡെൽഫിയും കൂടെ പോകും. പവിയാനോസ് അവിടെ വരുമായിരുന്നു. എപ്പോൾ കണ്ടാലും കണ്ണെടുക്കാതെ അയാൾ തുറിച്ചുനോക്കും.
ഡെൽഫിയുടെ വീടിനടുത്തുതന്നെയായിരുന്നു പള്ളിയും സെമിത്തേരിയും. അവിടെ കുഴിമാടങ്ങൾ അലങ്കരിക്കാൻ പവിയാനോസ് ചെല്ലുമായിരുന്നു. മൺവെട്ടിയോ വെള്ളമോ മറ്റെന്തെങ്കിലുമോ ചോദിക്കാൻ അയാൾ ഡെൽഫിയുടെ വീട്ടിലും വരും. അപ്പോളും അയാൾ വല്ലാതെ തുറിച്ചുനോക്കും. അതു കാണുമ്പോൾ ഡെൽഫിക്ക് വല്ലാത്ത അസ്വസ്ഥതയായിരുന്നു. ഒരുദിവസം പള്ളിമുറ്റത്ത് വെച്ച് ആരും കാണാതെ പവിയാനോസ് ഷർട്ടിന്റെ പോക്കറ്റിൽനിന്ന് ഒരു കത്തെടുത്ത് ഡെൽഫിക്ക് കൊടുത്തു. ഡെൽഫി പരിഭ്രമംകൊണ്ട് അതു വാങ്ങിയില്ല. പവിയാനോസ് അപ്പോൾ ധൃതികൂട്ടി. മേടിക്കടോ വേഗം മേടിക്കടോ എന്നയാൾ പറഞ്ഞുകൊണ്ടിരുന്നു. ആ നേരത്താണ് ദൂരെനിന്നും ആരോ വരുന്നത് അവർ കണ്ടത്. ആരെങ്കിലും കണ്ടാൽ എന്താകും അവസ്ഥ എന്നോർത്ത് ഡെൽഫി ആ കത്ത് വേഗം വാങ്ങി. പവിയാനോസിനെ രക്ഷിക്കാൻ വേണ്ടിമാത്രമാണ് അവരത് ചെയ്തത്.
ഇടവകയിലെ വികാരിയച്ചന് ഒരു കുശിനിക്കാരൻ ചെക്കനുണ്ടായിരുന്നു. ഡെൽഫിയുടെ തന്നെ പ്രായക്കാരനായ ഒരു വിനയൻ. അവനുമായി ഡെൽഫി നല്ല കൂട്ടാണ്. ഈ കത്തിന്റെ കാര്യം ഡെൽഫി വിനയനോട് പറഞ്ഞു. അവൻ പറഞ്ഞു: നീയൊരു കാര്യം ചെയ്യ്. ആ കത്ത് തുറന്നുവായിക്കാൻ നിൽക്കേണ്ട. കുഞ്ഞ് കുഞ്ഞ് കഷണങ്ങളായി കീറി നമുക്കത് പള്ളിക്കുളത്തിൽ കൊണ്ടുപോയിടാം. പള്ളിക്കുളത്തിൽ ധാരാളം പിലോപ്പികളുണ്ടായിരുന്നു. കുഞ്ഞായി കീറിയ കടലാസു കഷണങ്ങൾ കുളത്തിലെറിഞ്ഞ പാടേ പിലോപ്പികൾ മത്സരിച്ച് തിന്നുതീർത്തു.
അതിനുശേഷമുള്ള ദിവസങ്ങളിൽ ആ കത്തിനുള്ള മറുപടിക്കുവേണ്ടി പവിയാനോസ് ഡെൽഫിയുടെ പിറകേ നടക്കാൻ തുടങ്ങി. ഡെൽഫിക്ക് അന്നും ഇത്തിരി കുസൃതിയുണ്ടായിരുന്നു. മറുപടി തരുമെന്നോ ഇല്ലെന്നോ അവർ പറഞ്ഞില്ല. അയാളെ പിറകെ നടത്തുന്നതിൽ നിഗൂഢമായ ഒരാനന്ദം ഡെൽഫിക്ക് കിട്ടി. ഒരുദിവസം തോടിന് കുറുകെയുള്ള പാലത്തിൽവെച്ച് പവിയാനോസ് ഡെൽഫിയെ തടഞ്ഞുനിർത്തി. ഇപ്പോൾതന്നെ രണ്ടിലൊന്നയാൾക്ക് അറിയണമെന്ന് പറഞ്ഞു. ഡെൽഫിക്ക് ഭയവും ദേഷ്യവും ഒരുമിച്ചുവന്നു. ഡെൽഫി അയാളോട് പറഞ്ഞു: കുറേ നാളായല്ലോ താൻ വേഷംകെട്ട് തുടങ്ങിയിട്ട്. ഇന്നത്തോടെ അത് നിർത്തിയില്ലെങ്കിൽ എല്ലാം ഞാനെന്റെ വീട്ടിൽ പറഞ്ഞുകൊടുക്കും. അന്നേരം പവിയാനോസ് എടുത്ത വായ്ക്കും പറയുകയാണ് പോടീ നീ അവിടെനിന്ന്. ഒരു സുന്ദരിക്കോത വന്നിരിക്കുന്നു. പിറകേ നടക്കാൻ പറ്റിയ ഒരു സാധനം എന്ന്. ഉടൻതന്നെ പവിയാനോസ് പോയി. പിന്നെ അയാൾ ഡെൽഫിയുടെ മുഖത്തുപോലും നോക്കിയിട്ടില്ല. അങ്ങനെ മൂന്നുവർഷം കടന്നുപോയി. ഇടക്ക് ഡെൽഫി പവിയാനോസിന്റെ കത്തിലെ ഒരു വരി അറിയാതെ തന്റെ കണ്ണിലുടക്കിയത് ഓർക്കും. നീ എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനൊരു മഞ്ഞുമനുഷ്യനായി തീരും; പിന്നെ ഞാൻ സ്വയം ഉരുകി തീരും. പൈങ്കിളി സാഹിത്യത്തിലേതിനേക്കാൾ മോശമായ ഒരു വരിയായി എനിക്കത് തോന്നി. ഡെൽഫിക്കാകട്ടെ ആ വരി ഓർക്കുമ്പോൾ മനസ്സിൽ കുറ്റബോധവും പ്രയാസവും ഉണ്ടാകാൻ തുടങ്ങിയത്രെ!
ഡെൽഫിയുടെ വീടിന്റെ പിറകിലെ വീട്ടിൽ അയാൾ ക്രിക്കറ്റ് ബാറ്റും മറ്റും കളികഴിഞ്ഞ് സൂക്ഷിക്കാൻ വരാറുണ്ട്. ഒരുദിവസം ഇടവഴിയിലൂടെ എന്തിനോ പോയി വരുമ്പോൾ പവിയാനോസ് ഡെൽഫിക്കെതിരെ വന്നു. തല കുമ്പിട്ട് വരുന്ന അയാൾക്കടുത്തെത്തിയപ്പോൾ ഡെൽഫി പവിയാനോസേ എന്ന് വിളിച്ചു. പതിനേഴ് വയസ്സു കഴിഞ്ഞിരുന്നു ഡെൽഫിക്കപ്പോൾ. അവളക്കാലത്ത് തയ്യൽ പഠിക്കുകയാണ്.
ആ വിളി കേട്ടതും പവിയാനോസ് ഒരു സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റതുപോലെ ഡെൽഫിയെ നോക്കിയിട്ട് ചോദിച്ചു; ഞാൻ സ്വപ്നം കാണുകയാണോടീ ഇത് എന്ന്. പിന്നീടവർ പരസ്പരം കത്തുകളെഴുതാൻ തുടങ്ങി. വിജനമായ ഇടങ്ങളിൽവെച്ച് ഏറെനേരം വർത്തമാനം പറഞ്ഞു. അക്കൊല്ലമാണ് ചെല്ലാനത്ത് വിവാഹം കഴിച്ചയച്ചിരുന്ന ഡെൽഫിയുടെ ചേച്ചി ഒരാൺകുഞ്ഞിനെ പ്രസവിക്കുന്നത്. കൊച്ചിനെ നോക്കാൻ ഡെൽഫി ചെല്ലാനത്ത് ചെന്നുനിൽക്കണമെന്ന് പേളി ചേച്ചിക്ക് ഒരേ നിർബന്ധം. ആദ്യത്തെ ദിവസങ്ങളിൽ പവിയാനോസിനെ കാണാതിരിക്കുന്നത് ഡെൽഫിക്ക് ഭയങ്കര പ്രയാസമുണ്ടാക്കി. അക്കാലത്താണെങ്കിൽ ആർക്കും ഫോൺ ഇല്ലല്ലോ. ചേച്ചിയെ ധിക്കരിച്ചുപോരാനും പറ്റാത്ത സ്ഥിതി. അക്കൊല്ലംതന്നെയാണ് പവിയാനോസിന് പൊലീസിൽ സെലക്ഷൻ കിട്ടുന്നത്. ഡെൽഫി നാട്ടിൽ തിരിച്ചെത്തുമ്പോൾ പവിയാനോസ് ട്രെയിനിങ്ങിന് പോയിരിക്കുകയായിരുന്നു. അങ്ങനെ അവർ തമ്മിൽ കാണാതായി. ഒരു പൊലീസുകാരനായപ്പോൾ പവിയാനോസിന്റെ സ്വഭാവം മാറി. ഡെൽഫിയെ അയാൾക്ക് കാണണമെന്നില്ലാതായി. പിന്നീട് ഡെൽഫിയറിഞ്ഞു, പവിയാനോസ് ജോലിയുള്ള പെൺകുട്ടികളെ വിവാഹാലോചന നടത്തുന്നുവെന്ന്. ഒടുവിലയാൾ ഒരു സ്കൂൾ ടീച്ചറെ കല്യാണം കഴിക്കുകയും ചെയ്തു.
ഡെൽഫിയുടെ വീട്ടുകാർക്ക് പവിയാനോസിനെ ഏതായാലും ഇഷ്ടമായിരുന്നില്ല. അയാൾക്ക് വിക്കുണ്ട്, പറഞ്ഞാൽ തിരിയില്ല, പല്ലു തേക്കില്ല അങ്ങനെ നൂറു കുറ്റങ്ങൾ അയാളെ കുറിച്ചു പറയുന്നത് ഡെൽഫി കേട്ടിട്ടുണ്ട്.
പവിയാനോസ് പിറകെ നടന്നിട്ട് അയാളെ താനായിട്ട് വേദനിപ്പിച്ച് വിട്ടു എന്ന കുറ്റബോധമോ വിഷമമോ ഡെൽഫിയെ ഇന്നലട്ടുന്നില്ല. അയാളാണ് ഡെൽഫിയെ വിട്ടുപോയത്. അന്ന് അതൊരു വലിയ ദുഃഖമായിരുന്നു. ചതിച്ചത് താനല്ലെന്നോർക്കുമ്പോൾ ഇന്ന് ഡെൽഫിക്ക് അതൊരാശ്വാസവുമാണ്.
പവിയാനോസിന്റെ വിവാഹം കഴിഞ്ഞുള്ള നാളുകളിൽ ഡെൽഫി ആരും കാണാതെ എപ്പോളും ഭയങ്കര കരച്ചിലായിരുന്നു. സങ്കടം സഹിക്കാൻ കഴിയാതെ ഡിപ്രഷൻ ആകുമോ എന്ന് ഡെൽഫി ഭയപ്പെട്ടിരുന്നു അന്ന്. ടെൻഷൻ വരാതിരിക്കാൻ അവർ അക്കാലത്തിറങ്ങിയ ഏതാണ്ട് എല്ലാ സിനിമകളും തിയറ്ററുകളിൽ പോയി കണ്ടുതീർത്തു. ധ്യാനകേന്ദ്രങ്ങളിൽ പോയി ധ്യാനം കൂടി. പള്ളികളായ പള്ളികളിലൊക്കെ തീർഥാടനത്തിന് പോയി. അങ്ങനെയാണ് ആ സങ്കടം കുറെയൊക്കെ ഇല്ലാതായത്. ഒടുക്കം ഒരു കല്യാണം കഴിക്കാനവർ തീരുമാനിച്ചു.
ചേരാനല്ലൂരുനിന്ന്, കാലു വളഞ്ഞിരിക്കുന്ന ഒരു വർഗീസ് കുട്ടിയുടെ ആലോചനയാണ് ആദ്യം ഡെൽഫിക്ക് വന്നത്. നല്ല തയ്യൽക്കാരനായിരുന്നു. വീട്ടിൽ ഉള്ള സ്ഥലത്ത് അത്യാവശ്യം കൃഷിയൊക്കെയുണ്ട്. ഒരനിയൻ ഗൾഫിലാണ്. പക്ഷേ, കാലു വളഞ്ഞിരിക്കുന്നത് കാരണം വീട്ടുകാർ വർഗീസു കുട്ടിയുടെ ആലോചന വേണ്ടെന്നുവെച്ചു.
ഡെൽഫി ഈയടുത്ത് അയാളെ ചെട്ടിഭാഗത്തുവെച്ച് യാദൃച്ഛികമായി കണ്ടിരുന്നു. അന്നേരം പലതും സംസാരിച്ച കൂട്ടത്തിൽ ഡെൽഫി വർഗീസുകുട്ടിയോട് അന്നയാളെ വീട്ടുകാർ ഒഴിവാക്കിയതിന് മാപ്പുപറഞ്ഞു.
അതിനുശേഷം ഡെൽഫിക്ക് വന്ന ആലോചന കോതാട് വടക്കേയറ്റത്തുള്ള ജോർജിന്റേതാണ്. ജോർജിന് അമ്മയും ഇളയ ഒരു പെങ്ങളും മാത്രമേ ആകെയുള്ളൂ. പെങ്ങൾ കന്യാസ്ത്രീയാകാൻ മഠത്തിൽ ചേർന്നിരിക്കുകയായിരുന്നു.
ജോർജിന് ഡെൽഫിയെ ഭയങ്കര ഇഷ്ടമായിരുന്നു. ഡെൽഫി കോൺവെന്റിൽ തയ്യൽ പഠിക്കാൻ പോകുന്ന സമയത്ത് ജോർജ് അയാളുടെ അമ്മയുടെ കൈയിൽ ഡെൽഫിക്ക് പലതവണകളിലായി മൂന്നാല് എഴുത്തുകൾ കൊടുത്തുവിട്ടിരുന്നു. ഒരിക്കൽ ഡെൽഫിയുടെ കൊച്ചാമ്മയുടെ അടുക്കൽചെന്ന് കാലുപിടിക്കും മട്ടിൽ ഡെൽഫിക്കുവേണ്ടി ജോർജിന്റെ അമ്മ കല്യാണാലോചന നടത്തിയിട്ടുണ്ട്. ഡെൽഫിയെക്കൊണ്ട് ജോർജിനെ കെട്ടിച്ചാൽ ഞങ്ങളവളെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നവർ പറഞ്ഞു. ജോർജ് തന്റെ അമ്മയുടെ കൈയിൽ കൊടുത്തുവിട്ട എഴുത്തിൽ അയാൾ എഴുതിയിരുന്നത് ഡെൽഫി ഇപ്പോഴും ഓർക്കുന്നു. എത്രകാലം വേണമെങ്കിലും ഡെൽഫിക്ക് വേണ്ടി കാത്തിരിക്കാമെന്നും വീട്ടുകാരെക്കൊണ്ടു സമ്മതിപ്പിക്കാൻ കോതാട് പള്ളിയിലെ അച്ചനെക്കൊണ്ട് റെക്കമെന്റ് ചെയ്യിക്കാമെന്നുമൊക്കെ. വരാപ്പുഴ സ്കൂളിൽ പഠിക്കുന്ന കാലത്തേ ജോർജിന് ഡെൽഫിയെ ഇഷ്ടമായിരുന്നത്രെ. അന്നൊന്നും ഇഷ്ടം തുറന്നുപറയാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല.
ജോർജ് ഇപ്പോളും കല്യാണം കഴിച്ചിട്ടില്ല. അയാളെ ഈയിടെ കണ്ടപ്പോൾ ഡെൽഫി തന്റെ മനസ്താപവും ദുഃഖവും അയാളോടും ഏറ്റുപറഞ്ഞു.
എടോ തന്റെ കെട്ടിയവനിപ്പോൾ എങ്ങനെയുണ്ട് എന്ന് ജോർജ് ചോദിച്ചു. അങ്ങനെതന്നെയുെണ്ടടോ എന്ന് ഡെൽഫി പറഞ്ഞു. തനിക്ക് സുഖംതന്നെയല്ലേടോ എന്നയാൾ ചോദിച്ചു. അയാളുടെ എടോ എന്ന വിളി കേൾക്കാൻ നല്ല സുഖമുണ്ടായെന്ന് ഡെൽഫി തുറന്നുപറഞ്ഞു.
എങ്ങനെയാണ് വന്നതെന്ന് ജോർജ് ചോദിച്ചു. കണ്ടെയ്നർ റോഡിൽ കൂടി ബസിന് വന്നു എന്ന് ഡെൽഫി പറഞ്ഞു. ജോർജിന്റെ അമ്മയുടെ വിശേഷം ഡെൽഫി ചോദിച്ചു. വീട്ടിൽത്തന്നെയുണ്ട്. കട്ടിലിൽതന്നെ വയ്യാതെ കിടപ്പാണെടോ എന്നയാൾ.
എന്റെ വീട്ടുകാർക്ക് എന്നെ കെട്ടാൻ വരുന്ന ചെറുക്കൻ വീട്ടിലെ ഇളയ മകനായിരിക്കണം, സ്വന്തം വീടുവേണം എന്നൊക്കെയുള്ള ഡിമാൻഡുണ്ടായിരുന്നു. പിന്നെ നിങ്ങളുടെ വീട്ടിൽ കുറെ പശുക്കളുണ്ട്. അതുങ്ങളെയൊക്കെ നോക്കാനും തൊഴുത്ത് വൃത്തിയാക്കാനും ഒക്കെ ഞാൻ കുറെ കഷ്ടപ്പെടേണ്ടിവരും എന്നൊക്കെ പറഞ്ഞാണ് തന്റെ ആലോചന എന്റെ വീട്ടുകാർ വേണ്ടെന്നുവെച്ചത്.
അത് സാരമില്ലെടോ ഞാനതൊക്കെ എന്നേ മറഞ്ഞുകഴിഞ്ഞു എന്ന് ജോർജ് പറഞ്ഞെങ്കിലും ഡെൽഫിക്കറിയാം അയാളൊന്നും മറന്നിട്ടില്ലെന്ന്. ജോർജ് ഇപ്പോഴും കല്യാണം കഴിക്കാതിരിക്കുന്നതോർക്കുമ്പോൾ ഡെൽഫിക്ക് വലിയ വിഷമം തോന്നാറുണ്ട്.
ജോർജിന് അയാളുടെ പേരിൽ പത്ത് സെന്റ് സ്ഥലം സ്വന്തമായുണ്ടായിരുന്നു. പക്ഷേ, വീട് അൽപം പഴയതായിരുന്നു. ജോർജ് കല്യാണമാലോചിച്ചു നടന്ന കാലത്ത് കന്യാസ്ത്രീയാകാൻ മഠത്തിൽ പോയിരുന്ന പെങ്ങൾ പിന്നീട് പഠനം മതിയാക്കി വീട്ടിലേക്ക് എന്നേക്കുമായി തിരിച്ചുവന്നപ്പോൾ അവളെ സ്ത്രീധനം കൊടുത്തു കെട്ടിച്ചയക്കാൻ ജോർജിന് ആ പത്ത് സെന്റ് സ്ഥലം വിൽക്കേണ്ടിവന്നു. കല്യാണം കഴിക്കാതെ നിന്നുപോയതിന് അതും ഒരു കാരണമാകാം എന്ന് ഡെൽഫി ആശ്വസിച്ചു.
ജോർജ് സൽസ്വഭാവിയായ ഒരാളാണ്. അതുകൊണ്ടാണ് ഡെൽഫി അയാളോട് മാപ്പുപറഞ്ഞത്. ജോർജിനിപ്പോൾ ഒരു സ്കൂട്ടറുണ്ട്. അതിന്റെ പിന്നിൽ കയറുമെങ്കിൽ ഡെൽഫിയെ അവരുടെ വീട്ടിൽ കൊണ്ടുപോയാക്കാമെന്ന് മടിച്ചുമടിച്ചയാൾ പറഞ്ഞു. അതിനെന്താ ജോർജേ എനിക്കതിൽ സന്തോഷമേയുള്ളൂ എന്നുപറഞ്ഞ് ഡെൽഫി സ്കൂട്ടറിൽ അയാളുടെ തോളിൽ പിടിച്ച് പിറകിൽ ചേർന്നിരുന്ന് ഭാര്യാഭർത്താക്കന്മാരെ പോലെ സഞ്ചരിച്ചു. അയാൾക്ക് ഒരുപാട് സന്തോഷമായെന്ന് ഡെൽഫിക്ക് തോന്നി.
പെണ്ണുകാണാൻ ഞാൻ തന്റെ വീട്ടിൽ വന്ന സമയത്ത് താൻ ഭയങ്കര പേടിത്തൂറിയും നാണം കുണുങ്ങിയുമായിരുന്നു. ഇപ്പോൾ നല്ല ധൈര്യമുണ്ടല്ലോടോ എന്ന് ജോർജ് ഡെൽഫിയെ അഭിനന്ദിച്ചു. അന്ന് ജോർജ് ഡെൽഫിയുടെ ഫോൺ നമ്പർ വാങ്ങി. ഇടക്ക് സുഖവിവരമറിയാൻ വിളിക്കും.
ചെട്ടിഭാഗത്തു വെച്ചാണ് വർഗീസു കുട്ടിയോടും ജോർജിനോടും ഡെൽഫി മാപ്പുപറഞ്ഞത്. ജെർസന് അപകടം പറ്റിയതും ചെട്ടിഭാഗത്ത് വെച്ചുതന്നെയാണ്. ചെട്ടിഭാഗവുമായി തന്റെ ജീവിതത്തിന് എന്തോ ബന്ധമുണ്ടെന്ന് ഡെൽഫിക്ക് തോന്നാൻ പിന്നെയും കാരണമുണ്ട്.
അവിടെ ബട്ടർഫ്ലൈസ് എന്ന് പേരിട്ട ഒരു ലേഡീസ് സ്റ്റോഴ്സ് ഉണ്ടായിരുന്നു. നൂലും സൂചിയും ബട്ടൻസും വളയും മാലയും കൺമഷിയുമൊക്കെ വാങ്ങാൻ ഡെൽഫി അവിടെ സ്ഥിരമായി പോകുമായിരുന്നു. സുന്ദരനായ തോമസ് എന്നൊരു ചെറുപ്പക്കാരനായിരുന്നു ആ കടയുടെ നടത്തിപ്പുകാരൻ. ഓമി എന്നാണ് അയാളെ എല്ലാവരും വിളിച്ചിരുന്നത്. അയാൾക്കും ഡെൽഫിയെ വലിയ ഇഷ്ടമായിരുന്നു. വരാപ്പുഴ ബോട്ട് ജെട്ടിയിൽ വന്നടുക്കുമ്പോൾ കൃത്യസമയത്ത് ഓമി ഡെൽഫിയെ കാണാൻ അവിടെ വന്നുനിൽക്കുമായിരുന്നു. പക്ഷേ, അയാൾ തന്റെ ഇഷ്ടം ഡെൽഫിയോട് ഒരിക്കലും പറഞ്ഞില്ല. ഒരുദിവസം ഡെൽഫി ആ കടയിൽനിന്നും സാധനങ്ങൾ വാങ്ങി തിരിച്ചുപോന്നപ്പോൾ പേഴ്സ് അവിടെവെച്ച് മറന്നുപോയി. നേരത്തേ പറഞ്ഞതുപോലെ ഫോണൊന്നും ആരുടെയും കൈയിലില്ലല്ലോ. അത്യാവശ്യത്തിനുള്ള പൈസ ഡെൽഫിയുടെ പേഴ്സിലുണ്ടായിരുന്നു. ബോട്ടിൽവെച്ച് കൂടെയുണ്ടായിരുന്ന ഒരു പെണ്ണ് ടിക്കറ്റെടുത്തത് കാരണം അവിടെവെച്ചും പേഴ്സ് നോക്കിയില്ല. വീട്ടിൽവന്ന് കൈയിലുണ്ടായിരുന്ന ചെറിയ ബാഗിൽ നോക്കിയപ്പോഴാണ് പേഴ്സ് കാണാതായ വിവരം ഡെൽഫി അറിയുന്നത്. ഡെൽഫി ആകെ വിഷമിച്ചു. അടുത്ത ബോട്ടിന് ചെട്ടിഭാഗത്തേക്ക് പോയാലോ എന്നോർത്തുകൊണ്ടവർ നിൽക്കുമ്പോഴാണ് അവരെ അമ്പരപ്പിച്ചുകൊണ്ട് ഡെൽഫിയുടെ പേഴ്സുമായി ഓമി വീട്ടുമുറ്റത്തേക്ക് വന്നുകയറുന്നത്. കടയിൽനിന്ന് ഡെൽഫിയുടെ പേഴ്സ് കിട്ടിയപ്പോൾതന്നെ ഓമി അടുത്ത ബോട്ടുകയറി ഡെൽഫിയുടെ വീട്ടിലേക്ക് വന്നിരിക്കുകയാണ്, പേഴ്സ് നേരിട്ടേൽപിക്കാൻ. അന്ന് ഡെൽഫിക്ക് മനസ്സിലായി. ഓമി തന്നെക്കുറിച്ച് എല്ലാം മനസ്സിലാക്കിവെച്ചിരിക്കുകയാണെന്ന്.
ആയിടക്കാണ് ജെർസന്റെ ആലോചന വന്നതും വിവാഹം നടന്നതും. അക്കാര്യം അറിഞ്ഞ ഓമി തന്നെ കാണുമ്പോളൊക്കെ ഒരു വിഷാദ കാമുകനെപ്പോലെ നോക്കിനിൽക്കുന്നത് ഡെൽഫി കണ്ടിട്ടുണ്ട്. ജെർസന് അപകടം സംഭവിച്ചതിനുശേഷം പഴയ തയ്യൽപ്പണി വീണ്ടും തുടങ്ങിയപ്പോൾ ഡെൽഫി നൂലും സൂചിയുമൊക്കെ വാങ്ങാൻ ഓമിയുടെ കടയിൽ ചെല്ലാൻ തുടങ്ങി. കടയിൽ ചെല്ലുമ്പോളൊക്കെ ഓമി വിശേഷങ്ങൾ തിരക്കും. ഒരിക്കൽ ഫോൺ നമ്പർ ചോദിച്ചപ്പോൾ ഡെൽഫി കൊടുത്തു. എപ്പോളും ഡെൽഫിയെ വിളിക്കും. പരിധിവിടാതെ ഒരു നല്ല സുഹൃത്തിനെപ്പോലെ സംസാരിക്കും. ഡെൽഫി പതിവുപോലെ അവരുടെ ജീവിതകഥ ഓമിയോട് പറഞ്ഞു; മുഴുവനായിത്തന്നെ. അതു കഴിഞ്ഞൊരു ദിവസമാണ് ചെട്ടിഭാഗത്ത് പോയിവന്ന മോളി ഞെട്ടിക്കുന്ന ആ വാർത്ത ഡെൽഫിയോട് പറഞ്ഞത്. ഡേവിസൺ തിയറ്ററിന് മുന്നിൽവെച്ച് ഒരു ബൈക്കപകടത്തിൽ ഓമി മരിച്ചുപോയെന്ന്. ഡെൽഫി കാണാൻ പോയിരുന്നു. അന്ന് ഡെൽഫി കുറെ കരഞ്ഞു.
ഇനി പറയാൻ പോകുന്നത് പ്രണയവും വിവാഹാലോചനകളുമല്ലാത്ത വ്യത്യസ്തമായ ചില അനുഭവങ്ങളെ കുറിച്ചാണ്. വിചിത്രവും വേറിട്ടതുമായ അവ നിങ്ങളിൽ ചിരിയുണർത്താൻ പോന്നതാണ് എന്നുറപ്പാണ്.
മൂലമ്പിള്ളി പള്ളിയുടെ അടുത്തുള്ള പുഴക്കടവിൽ പലചരക്കു കട നടത്തിയിരുന്ന ഒരു ആന്റണിയുണ്ട്. അയാൾക്ക് ഒരു കമ്പവലയുമുണ്ട്. പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽചെന്ന ഡെൽഫിയോട് മീൻ വേേണാ എന്ന് ആന്റണിയുടെ ഭാര്യ ലീലാമ്മ ചോദിച്ചു. ഇപ്പോൾ വേണ്ട പിന്നെ മതിയെന്ന് ഡെൽഫി പറഞ്ഞു. ഫോൺനമ്പർ തന്നേക്ക് ഉള്ളപ്പോൾ വിളിച്ചുപറയാമെന്ന് ലീലാമ്മ പറഞ്ഞു. ഡെൽഫി പറഞ്ഞ ഫോൺനമ്പർ അവർ കടയുടെ അകത്ത് ചുമരിൽ ഒരു മൂലക്ക് പെൻസിൽ കൊണ്ട് എഴുതിയിട്ടു. അതിനുശേഷം ഒരു വൈകുന്നേരം ഡെൽഫിക്ക് ആന്റണിയുടെ ഒരു കോൾ വന്നു. അറ്റന്റ് ചെയ്ത് കഴിഞ്ഞപ്പോളാണ് ആന്റണിയാണ് വിളിച്ചതെന്ന് ഡെൽഫിക്ക് മനസ്സിലായത്.
അൽപനേരം വർത്തമാനം പറയാൻ സമയമുണ്ടാകുമോ വിളിച്ച കാര്യം ആരോടും പറയരുത് എന്നൊക്കെ പറഞ്ഞാണ് ആന്റണി തുടങ്ങിയത്. പിന്നെ ഏറെനേരംകൊണ്ട് അയാൾ ഡെൽഫിയോട് പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: ജെർസന് ഇങ്ങനെയൊരപകടം പറ്റിയത് വലിയ കഷ്ടമായിപ്പോയി. ഡെൽഫിയാണെങ്കിൽ ഇപ്പോളും നല്ല ചെറുപ്പക്കാരിയും സുന്ദരിയുമായിട്ടിരിക്കുന്നു. ജെർസൻ ഇനിയെന്നെങ്കിലും സാധാരണ ഒരാളായി സുഖപ്പെട്ടുവരാനുള്ള സാധ്യത ഏതായാലും കാണുന്നില്ല. ഒരാണിന്റെ പക്കൽനിന്നുള്ള സുഖമനുഭവിക്കാതെ എത്ര കാലമാണ് ഡെൽഫി പിടിച്ചുനിൽക്കുന്നത്. എനിക്കതോർത്തിട്ട് തീരെ സഹിക്കാൻ പറ്റുന്നില്ല. ഡെൽഫിയുടെ ജീവിതം ഇങ്ങനെ പാഴാക്കിക്കളയുവാനുള്ളതല്ല. വേണമെങ്കിൽ ആരുമറിയാതെ ഞാൻ നിന്റെ വീട്ടിലേക്ക് രാത്രിയോ പകലോ എപ്പോളാണെന്നുവെച്ചാൽ വരാം.
ആദ്യത്തെ വിളിയിൽതന്നെ ആന്റണി അപ്രതീക്ഷിതമായി അത്രയും പറഞ്ഞത് കേട്ട് ഡെൽഫിയുടെ കൈയും കാലും വിറച്ചുപോയി, നാവ് ഇറങ്ങിപ്പോയത് പോലെയായി. തിരിച്ചൊന്നും അവർക്ക് ആന്റണിയോട് പറയാനായില്ല. ഇപ്പോളാണെങ്കിൽ ഡെൽഫി അങ്ങനെ ഭയന്ന് േപാകില്ല. കേട്ടുകേട്ടു ശീലമായി.
നല്ല മറുപടി കൈയോടെ കൊടുക്കാനുമറിയാം, അവസാനിപ്പിക്കാനും അറിയാം.
ആന്റണി പറഞ്ഞ കാര്യങ്ങൾ ഉടനെ ആരെയെങ്കിലും അറിയിക്കാതെ നിവൃത്തിയില്ലെന്ന് ഡെൽഫിക്ക് തോന്നി. മൊബൈൽ ഫോണുമായി അടുത്ത വീട്ടിലെ ബിന്ദുവിന്റെ അടുക്കലേക്ക് ചെന്ന് ഡെൽഫി കാര്യം പറഞ്ഞു. അത് കേട്ടപ്പോൾതന്നെ ബിന്ദുവും വിറച്ചുപോയി. ഇനി ആന്റണിയുടെ ഫോൺ വന്നാൽ നീ എടുക്കേണ്ടെടീ എന്നവർ ഉപദേശിച്ചു. അന്ന് വാതിലൊക്കെ നന്നായിട്ട് പൂട്ടിയിട്ടുണ്ടോ എന്ന് പലതവണ നോക്കിയിട്ടാണ് രാത്രി ഡെൽഫി ഉറങ്ങാൻ കിടന്നത്. ഫോൺ സൈലന്റ് മോഡിലിട്ട് മാറ്റിവെച്ചു. അടുത്ത രണ്ടു ദിവസങ്ങളിലും ആന്റണി ഡെൽഫിയെ പലതവണ വിളിച്ചു. ഡെൽഫി ഫോണെടുത്തില്ല. ഒടുക്കം ഫോൺ കൊണ്ടുപോയി ബിന്ദുവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു: ആന്റണിയുടെ ഫോൺ വരുമ്പോളൊക്കെ എനിക്ക് കൈയും കാലും വിറക്കുന്നു ബിന്ദൂ എന്ന്. ബിന്ദു ഫോൺ വാങ്ങി അവളുടെ തുണിയലമാരയിൽ വെച്ചുപൂട്ടി. അന്ന് പകൽ ഡെൽഫി മനസ്സമാധാനത്തോടെ നടന്നു. വൈകുന്നേരം എന്തോ കാര്യത്തിന് ഡെൽഫിയുടെ ഇളയ ആങ്ങള ഡാന്റസ് എന്തോ കാര്യത്തിന് ഡെൽഫിയെ പലതവണ വിളിച്ചു. ഒടുക്കം കിട്ടാതായപ്പോൾ ബിന്ദുവിനെ തന്നെ വിളിച്ചു, കാര്യമറിയാൻ. ബിന്ദു ഫോൺ കൊണ്ടുവന്ന് ഡെൽഫിക്ക് തിരിച്ചുകൊടുത്തു ഒടുക്കം.
ആന്റണി പിന്നെയും വിളി തുടർന്നപ്പോൾ ഡെൽഫി സഹികെട്ട് അയാളോട് പഞ്ഞു: ആന്റണീ താനെനിക്ക് ഒരാങ്ങളയെ പോലെയാണ്. എന്നെയൊരു പെങ്ങളായിട്ട് കാണണം. മേലാൽ എന്റെ ഫോണിലേക്ക് വിളിക്കരുത്. ഒന്നല്ലെങ്കിൽ താൻ ജെർസന്റെ അടുത്ത കൂട്ടുകാരനെങ്കിലും ആയിരുന്നെന്ന് ഓർത്തുകൂടേ?
അതോടെ ആന്റണിയുടെ വിളി നിന്നു. ഡെൽഫി അവരുടെ പലചരക്ക് കടയിലേക്ക് ഒരു സാധനവും മേടിക്കാൻ പോകാതായി. പള്ളിയിൽ വെച്ച് കണ്ടപ്പോൾ ലീലാമ്മ ഡെൽഫിയോട് ചോദിച്ചു. എന്താണ് ഡെൽഫീ നീ കടയിലേക്കൊന്നും വരാത്തതെന്ന്. തന്റെ കെട്ടിയവൻ കൊള്ളരുതാത്തവനായതുകൊണ്ടാണെന്ന് എങ്ങനെ പറയുമെന്നോർത്ത് ഡെൽഫി ആദ്യം മറുപടിയൊന്നും പറഞ്ഞില്ല. പിന്നെയും നിർബന്ധിച്ചു ചോദിച്ചപ്പോൾ ഡെൽഫി പറഞ്ഞു, തന്റെ കെട്ടിയവനോടു തന്നെ വേണമെങ്കിൽ പോയി ചോദിച്ചുനോക്ക്, ഞാൻ പറയില്ല. എനിക്കത് പറയാൻകൂടി പറ്റില്ല എന്ന്.
കുറച്ചു നാളുകൾക്കുശേഷം, ആന്റണിയുടെ കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന ഒരു പതിനഞ്ച് വയസ്സുകാരി പെൺകുട്ടിയെ അയാൾ ഉടുമുണ്ട് പൊക്കി കാണിച്ചു. പെൺകൊച്ച് പേടിച്ച് കരഞ്ഞുകൊണ്ട് ഓടിച്ചെന്ന് വീട്ടിൽ വിവരം പറഞ്ഞു. കൊച്ചിന്റെ ആങ്ങളയും അപ്പനും ഒക്കെ കൂടിവന്ന് ആന്റണിക്കിട്ട് നല്ല ഇടികൊടുത്തു. പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിനാൽ അവരും കൊണ്ടുപോയി നല്ല ഇടി കൊടുത്തു. അതോടെ, ആന്റണി രോഗിയായി. ആയിടക്ക് കള്ളുകുടി നിർത്താനുള്ള ഒരു നാട്ടുമരുന്ന് ലീലാമ്മ ആന്റണിക്ക് കൊടുത്തതോടുകൂടി അയാൾ അവശനാകുകയും സംസാരിക്കാൻ കൂടി പറ്റാതെ ബുദ്ധിമുട്ടി ജീവിതം തള്ളിനീക്കുകയും ചെയ്യുന്നു.
ജെർസന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നതിനാൽ ഈ ആന്റണി അയാളുടെ കല്യാണത്തിനുമുമ്പ് നടത്തിയ കള്ളവെടികളെ കുറിച്ചെല്ലാം ജെർസൻ വഴി ഡെൽഫിക്കറിയാം. ചെറുപ്പക്കാരികൾ തൊട്ട് തള്ളമാരെ വരെ. കുറെ കാശ് അതിന് വേണ്ടി ആന്റണി പൊടിച്ചുകളയുകയും ചെയ്തിട്ടുണ്ട്. എല്ലാ കഥകളും ജെർസനോട് വന്നുപറഞ്ഞിട്ടുണ്ട്. േഹാ, ജെർസന്റെ അടുത്ത കൂട്ടുകാരനായിരുന്നിട്ടും അയാളങ്ങനെ പെരുമാറിയല്ലോ എന്ന് ഞാൻ അത്ഭുതം കൂറിയപ്പോൾ ഡെൽഫി പറയുകയാണ്, ജെർസന് ആവതില്ലാതായപ്പോൾ എന്നോടുള്ള ദയയും സഹതാപവുംകൊണ്ടും കൂട്ടുകാരനോടുള്ള ഉത്തരവാദിത്തംകൊണ്ടും മാത്രമല്ലേ പാവം ആന്റണി എന്നെ സഹായിക്കാൻ വന്നത്. എന്നിട്ടവർ ഉറക്കെ പൊട്ടിച്ചിരിച്ചു.
മറ്റൊരു കഥ പറയാം: ഒരുദിവസം ആരുടെയോ തുണി തയ്ച്ചത് കൊടുക്കാനായി ഡെൽഫി തെക്കോട്ടുപോയി തിരിച്ചുവരുമ്പോൾ അറുപത് വയസ്സിനടുത്ത ഒരു ഷാജിച്ചേട്ടൻ ഡെൽഫിയോട് കുശലാന്വേഷണത്തിന് കൂടി. നാട്ടുകാരനെന്ന നിലയിലെ പരിചയംവെച്ച് ഡെൽഫി നിരുത്സാഹപ്പെടുത്തിയില്ല. സംഭാഷണം കുറച്ചുകഴിഞ്ഞപ്പോൾ ഷാജിച്ചേട്ടൻ ചോദിച്ചു, മോൾക്ക് രക്ഷപ്പെടാൻ ഞാനൊരു വഴിപറഞ്ഞു തരട്ടേ എന്ന്.
ഡെൽഫി കരുതി വല്ല യഹോവാ സാക്ഷിയിലോ പെന്തക്കോസ്തയിലോ ചേർക്കാനായിരിക്കുമെന്ന്. സ്വന്തം കെട്ടിയവനും അയാളുടെ പെങ്ങളുമൊക്കെ പഠിച്ചപണി പലതും നോക്കിയിട്ടും നടക്കാതിരുന്നത് ഇയാള് വിചാരിച്ചാൽ നടക്കുമോ.
പിന്നെ പറഞ്ഞുപിടിച്ചു വന്നപ്പോഴാണ് ഒരു പുതിയ ജോലിയുടെ കാര്യമാണെന്ന് മനസ്സിലായത് ഡെൽഫിക്ക്.
എന്നും, ഇങ്ങനെ ആളുകളുടെ ഡ്രസ് തയ്ച്ച് കഷ്ടപ്പെട്ട് കിട്ടുന്ന നക്കാപ്പിച്ചകൊണ്ട് കഴിഞ്ഞുകൂടുന്നതെന്തിനാണ് മോളേ. എറണാകുളത്ത് ഹൈകോടതിയുടെ അടുത്ത് ഒരു ഫ്ലാറ്റുണ്ട്. അവിടെ എൺപത് വയസ്സിനോടടുത്ത ഒരപ്പാപ്പനും അമ്മാമ്മയുമുണ്ട്. അപ്പാപ്പൻ നേവിയിൽ വലിയ ഉദ്യോഗത്തിലിരുന്ന് റിട്ടയർ ചെയ്തയാളാണ്. മക്കളൊക്കെ വിദേശത്താണ്. ഡെൽഫി ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഫ്ലാറ്റിലൊന്ന് പോകണം. അതിരാവിലെയൊന്നും വേണ്ട. പത്ത് മണിയോടടുപ്പിച്ച് ചെന്നാൽ മതി. മൂന്നുനാലു മണിക്കൂർ കഴിഞ്ഞാൽ തിരിച്ചുപോരുകയും ചെയ്യാം.
ഫ്ലാറ്റിൽ എന്തുപണിയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞില്ലല്ലോ ഷാജിച്ചേട്ടാ ഇതുവരെ? ഡെൽഫി ചോദിച്ചു.
പുള്ളിക്കാരന് വർത്തമാനം പറഞ്ഞിരിക്കാൻ ഒരാള് വേണം. ഡെൽഫിയെ ഇഷ്ടപ്പെട്ടാൽ പറയുന്ന കാശുതരും അങ്ങോര്. ഷാജിച്ചേട്ടൻ പറഞ്ഞു.
പറയുന്ന കാശോ? വെറുതെ വർത്തമാനം പറഞ്ഞിരിക്കുന്നതിനോ? ഡെൽഫി അത്ഭുതം കൂറി. അപ്പോൾ ഷാജിച്ചേട്ടൻ പറയുകയാണ്. പിന്നെ തോന്നിയാൽ അയാൾ ഇടക്കിടക്ക് അവിടേം ഇവടേം പിടിക്കുകയും തടകുകയുമൊക്കെ ചെയ്തെന്നിരിക്കും. ഡെൽഫി അതൊന്നും മൈൻഡ് ചെയ്യാതിരുന്നാൽ മതി. ഒന്നു തൊട്ടെന്നോ പിടിച്ചെന്നോ കരുതി നമുക്കെന്ത് പറ്റാനാണ്. നേരത്തേ ഒരു പെണ്ണുണ്ടായിരുന്നു. അവരെ മതിയായെന്ന് പറഞ്ഞ് അങ്ങേര് പറഞ്ഞുവിട്ടു.
ഡെൽഫിക്ക് ദേഷ്യം വന്നു. എന്റെ ഷാജിച്ചേട്ടാ, ദൈവം സഹായിച്ച് ഞങ്ങൾക്ക് വലിയ വരുമാനമൊന്നുമില്ലെങ്കിലും കണ്ണും കാലും കഴച്ച് കഷ്ടപ്പെട്ട് ഒരു തൊഴിൽ ചെയ്യുന്നുണ്ട്. ജീവിക്കാനതുമതി. ഇങ്ങനെ പോയിട്ട് കിട്ടുന്ന കാശ് വേണ്ട. എന്നാലും എന്നോടിത് ചോദിക്കാൻ തോന്നിയല്ലോ.
അല്ല ഡെൽഫീ, നീ ജെർസനെയും ശുശ്രൂഷിച്ച്, തയ്യൽപ്പണിയുമെടുത്ത് എപ്പോളും വീട്ടിൽതന്നെയല്ലേ. ഒരു റിലാക്സായിക്കോട്ടേ എന്ന് കരുതിയാണ് പറഞ്ഞത്. എറണാകുളത്ത് പണിക്കെന്നും പറഞ്ഞുപോകുന്ന ചില പെണ്ണുങ്ങളൊക്കെ ഇങ്ങനെ ഫ്ലാറ്റുകളിലേക്കാണ് പോകുന്നത് ഡെൽഫീ. നിനക്ക് വേണ്ടെങ്കിൽ വേണ്ട.
ഡെൽഫി ഓർക്കുകയായിരുന്നു, കെട്ടിയവൻമാർക്ക് സുഖമില്ലാതായാലോ മരിച്ചുപോയാലോ ആളുകൾക്ക് അവരുടെ ഭാര്യമാരോട് പിന്നെ എന്തും ചോദിക്കുകയും പറയുകയും ചെയ്യാമെന്നാണ് വിചാരം. ശരിക്കും ഷാജിച്ചേട്ടന്റെ മുഖത്ത് നോക്കി ആട്ടേണ്ടതായിരുന്നു. ഒടുക്കം ഡെൽഫി എന്നോട് പറഞ്ഞു: ഷാജിച്ചേട്ടൻ ശരിയാക്കിത്തന്ന ജോലി ഗതികേടുകൊണ്ട് ഞാൻ സ്വീകരിച്ചു എന്നുതന്നെ കരുതുക. പിറ്റേന്ന് ചായക്കടയിൽ വന്നിരുന്ന് എല്ലാവരും കേൾക്കേ ഷാജിച്ചേട്ടൻ പറയും. ഡെൽഫിക്ക് അയാളാണ് ജോലി വാങ്ങിക്കൊടുത്തതെന്ന്. എന്ത് ജോലിയാണെന്നോ? ഞാൻ പണ്ട് പണിക്ക് പോയിരുന്ന മുതലാളിയുടെ ഫ്ലാറ്റിൽ. അതു കേൾക്കുമ്പോൾതന്നെ ആളുകൾക്കെല്ലാം മനസ്സിലായിട്ടുണ്ടാകും ഞാനെന്ത് പണിക്കാണ് പോകുന്നതെന്ന്. പിന്നെ ഇവിടെനിന്നിട്ട് കാര്യമില്ല. നാടുവിട്ടു പോകുന്നതാണ് നല്ലത്. ഡെൽഫി ഉറക്കെ പൊട്ടിച്ചിരിക്കും.
(തുടരും)