അതൃപ്തരായ ആത്മാക്കൾ -4
ഇനിയും ഇത്തരം ഒരുപാട് കഥകൾ ഡെൽഫി പറഞ്ഞതായുണ്ട്. പക്ഷേ, മിക്കതും പല സ്ത്രീകളും പറഞ്ഞു കേട്ടിട്ടുള്ള സാധാരണ അനുഭവങ്ങൾ തന്നെയാണ്. അഞ്ചാമത്തെ വയസ്സിൽ അയൽവാസിയായ ഒരു ചേട്ടൻ മടിയിൽ കയറ്റിയിരുത്തി ഉമ്മവെക്കുകയും വേണ്ടാത്തിടത്ത് തൊടുകയും ചെയ്തു; ടൂർ പോയപ്പോൾ ബന്ധുവായ ഒരാൾ അടുത്ത സീറ്റിലിരുന്ന് പാവാട പൊക്കി കാലിൽ തടകിയത്; കല്യാണവീട്ടിൽ വെച്ച് തലേന്ന് രാത്രി ഇരുട്ടിൽ നെഞ്ചിൽ കയറിപ്പിടിച്ചത്; അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉറങ്ങാൻ കിടന്നപ്പോൾ അയാൾ...
Your Subscription Supports Independent Journalism
View Plansഇനിയും ഇത്തരം ഒരുപാട് കഥകൾ ഡെൽഫി പറഞ്ഞതായുണ്ട്. പക്ഷേ, മിക്കതും പല സ്ത്രീകളും പറഞ്ഞു കേട്ടിട്ടുള്ള സാധാരണ അനുഭവങ്ങൾ തന്നെയാണ്. അഞ്ചാമത്തെ വയസ്സിൽ അയൽവാസിയായ ഒരു ചേട്ടൻ മടിയിൽ കയറ്റിയിരുത്തി ഉമ്മവെക്കുകയും വേണ്ടാത്തിടത്ത് തൊടുകയും ചെയ്തു; ടൂർ പോയപ്പോൾ ബന്ധുവായ ഒരാൾ അടുത്ത സീറ്റിലിരുന്ന് പാവാട പൊക്കി കാലിൽ തടകിയത്; കല്യാണവീട്ടിൽ വെച്ച് തലേന്ന് രാത്രി ഇരുട്ടിൽ നെഞ്ചിൽ കയറിപ്പിടിച്ചത്; അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉറങ്ങാൻ കിടന്നപ്പോൾ അയാൾ ഉടുപ്പു പൊക്കി ടോർച്ചടിച്ചു നോക്കിയത്. പിന്നെ മൊബൈൽ ഫോണിൽ വന്ന പഞ്ചാര കോളുകൾ, അശ്ലീല വീഡിയോകൾ...
ആദ്യമൊക്കെ ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് ഒരു ചമ്മലും അത്ഭുതവുമുണ്ടായിരുന്നു. ആദ്യമായാണ് ഒരന്യ സ്ത്രീയുമായി ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത്. പക്ഷേ, ഡെൽഫിക്കങ്ങനെയൊരു സങ്കോചമുള്ളതായി തോന്നിയിട്ടില്ലെനിക്ക്.
ഡെൽഫിയെ കുറിച്ചുള്ള ആളുകളുടെ പ്രധാന പരാതി അവർ എപ്പോളും ഫോൺവിളിയാണ് എന്നാണ് ഡെൽഫി പറയുന്നത്. അതിനുള്ള കാരണമായി ഡെൽഫി പറഞ്ഞ അതീവ രഹസ്യമായ ഒരു കാര്യമുണ്ട്. അതിപ്പോൾ എഴുതുന്നില്ല. അവസരം വരുമ്പോൾ എഴുതാം. കടുത്ത ഏകാന്തതയും വിരസതയുമാണ് മറ്റു കാരണങ്ങൾ. പല ഫോൺവിളികളിലേക്കും ഡെൽഫി അവരറിയാതെ വലിച്ചിഴക്കപ്പെടുകയായിരുന്നു. അവർക്ക് ഒരു കൂട്ടുകാരി കുറെ ചെറുപ്പക്കാരുടെ ഫോൺനമ്പറുകൾ കൊടുത്തു. ഡെൽഫി അതിലേക്കൊന്നും വിളിക്കാതായപ്പോൾ ആ കൂട്ടുകാരി ചെറുപ്പക്കാർക്ക് ഡെൽഫിയുടെ ഫോൺനമ്പർ കൊടുത്തു.
ഡെൽഫിയോടുള്ള സ്നേഹക്കൂടുതലും സഹതാപവുംകൊണ്ടാണ് ആ പ്രവൃത്തി ചെയ്തതെന്ന് കൂട്ടുകാരി ഡെൽഫിയോട് പറഞ്ഞു. പക്ഷേ, ഡെൽഫിക്കത് ഭയങ്കര കുരിശായി മാറി പിന്നീട്. കൂട്ടുകാരി നമ്പർ കൊടുത്ത എത്രപേരെയാെണന്നോ ഡെൽഫിക്ക് പറഞ്ഞൊഴിവാക്കേണ്ടിവന്നത്. സൗഹൃദം മാത്രം ലക്ഷ്യമിട്ട് വിളിക്കുന്ന ഒരുത്തൻ പോലുമില്ലെന്നാണ് ഡെൽഫി ദുഃഖത്തോടെ പറയുന്നത്.
ഈ കഥകളൊക്കെ തീർത്തും അപരിചിതനായ എന്നോടിങ്ങനെ വിസ്തരിച്ചു പറയാൻ ഡെൽഫിക്ക് എങ്ങനെ കഴിയുന്നു എന്ന് ഞാനോർക്കും. അപരിചിതനാണ് എന്നതൊരു കാരണം തന്നെയായിരിക്കാം. എഴുത്തുകാരനാണെന്നത് ഒരു കാരണമാകാം. സ്വന്തം ജീവിതകഥ ഒരു നോവലായിട്ട് വായിക്കാൻ ഒട്ടുമിക്കവർക്കും താൽപര്യമാണ്. തന്റെ സ്വകാര്യലോകം ലോകത്തിന് മുന്നിൽ വെളിപ്പെടുന്നതിലെ അപകടവും മാനക്കേടും എത്ര മോശപ്പെട്ട കാര്യമാണെന്ന് പലരും ചിന്തിക്കുന്നില്ല. ശുദ്ധഗതിയും അൽപം പൊട്ടത്തരവുമൊക്കെ െഡൽഫിയുടെ സ്വഭാവത്തിലുള്ളതുകൊണ്ടാണ് പിന്നെയും പിന്നെയും ഒന്നിന് പിറകെ ഒന്നായി ഇതുപോലുള്ള തിക്താനുഭവങ്ങൾ വന്നുചേരുന്നതെന്ന് ഉപദേശിക്കണമെന്ന് ഞാൻ വിചാരിക്കും. പക്ഷേ, ഡെൽഫിക്കത് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതി ഞാനതു വേണ്ടെന്ന് വെക്കും. വെറുതെ പോകുന്ന വയ്യാവേലികൾ വലിച്ചുവെക്കുന്നതിന് ഉദാഹരണമായി ഒരു ബാബുവിന്റെ കഥ പറഞ്ഞത് പറയാം. ഡെൽഫി നേരത്തേ പറഞ്ഞ സംഗതിയുണ്ടല്ലോ. മുഴുവനായി അവരുടെ കഥ കേൾക്കേണ്ടിവരുന്നവർക്ക് ആപത്തു വരുമെന്ന കാര്യം. അതിന്റെ ഒരു ഇരകൂടിയാണ് ഈ ബാബു. ഗുണ്ടാ ബാബുവിന്റെ കഥ കേട്ടുകഴിയുമ്പോൾ ഞാൻ ചിലപ്പോൾ ഈ കേൾവി പരിപാടി നിർത്തിയേക്കുമെന്ന് ഡെൽഫി പറഞ്ഞു. ഗുണ്ടാ ബാബുവിന്റെ മരണത്തോടെയാണ് ഡെൽഫിക്ക് ഈ സംശയം തോന്നിത്തുടങ്ങിയത്. ഈ സംഗതി ഡെൽഫി പറഞ്ഞിരിക്കുന്നത് എന്നോട് മാത്രമാണെന്ന് ഡെൽഫി പറയുന്നു. എനിക്ക് ഒരു മുന്നറിയിപ്പുതന്നില്ലെങ്കിൽ അത് മഹാ അപരാധമാകുമെന്ന വിചാരംകൊണ്ട്.
ഗുണ്ടാ ബാബു എന്ന് വിളിക്കുമെങ്കിലും അവനൊരു പാവമായിരുന്നേത്ര. പള്ളുരുത്തിയിലാണ് വീട്. ഒരിക്കൽ അവിടെ ഒരടിപിടിയുണ്ടാക്കി ഒരാളെ തല്ലി അവശനാക്കിയതിനാൽ നാട്ടിൽനിന്ന് കുറച്ചുകാലം ഒളിച്ചുമാറി നിൽക്കാനായി കൂട്ടുകാരനായ ജെർസന്റെ വീട്ടിൽ താമസത്തിനെത്തിയതാണ്. ജെർസനന്ന് അപകടം പറ്റിയിട്ടില്ല. യഹോവാ സാക്ഷിയിലും ചേർന്നിട്ടില്ല. ഒന്നോ രണ്ടോ മാസത്തേക്ക് ബാബുവിന് ഇവിടെയൊരു വീട് വാടകക്ക് വേണം. ബാബു ഒറ്റക്കായിരുന്നില്ല. അവന്റെ ഭാര്യ പ്രമീളയും കൂടെയുണ്ട്. വീട് അന്വേഷിച്ചിട്ട് അവർക്ക് ഒരിടത്തും കിട്ടുന്നില്ല. ഒടുക്കം ഡെൽഫിയാണ് ജെർസനോട് പറഞ്ഞത്, രണ്ടു മാസത്തേക്കല്ലേ അവരീ വീട്ടിൽ താമസിച്ചോട്ടേ എന്ന്.
രണ്ടു കുട്ടികളുടെ അമ്മയായിരുന്നു പ്രമീള. പക്ഷേ, കുട്ടികൾ പ്രമീളയുടെ കൂടെയില്ല. അവരുടെ ശരിക്കുള്ള അപ്പനായ ആദ്യ കെട്ടിയവന്റെ ഒപ്പമാണ്.
ആദ്യത്തെ കെട്ടിയവന്റെ കള്ളുകുടി നിർത്താൻ പ്രമീള അയാളെയുംകൂട്ടി പോട്ട ധ്യാനകേന്ദ്രത്തിൽ പോയതാണ്. ആ സമയത്ത് തന്നെയാണ് ഗുണ്ടാ ജീവിതത്തിൽനിന്നും രക്ഷപ്പെട്ട് മര്യാദക്കാരനായി മാറാൻ ബാബുവും അവിടെയെത്തിയത്. ധ്യാനകേന്ദ്രത്തിൽവെച്ച് പ്രമീളയും ബാബുവും തമ്മിൽ ഇഷ്ടത്തിലായി. ബാബു ഒരു മരപ്പണിക്കാരനാണ്. പക്ഷേ, പണിക്ക് പോകില്ല. എറണാകുളത്തെ ഒരു തുണിക്കടയിൽ പ്രമീള ജോലിക്ക് പോകുന്നുണ്ട്. അവിടെനിന്ന് കിട്ടുന്ന ശമ്പളംകൊണ്ടാണ് അവർ കഴിഞ്ഞുകൂടുന്നത്. പ്രമീള ജോലിക്ക് പോയിക്കഴിഞ്ഞാൽ മുഴുവൻ നേരവും ബാബു വീട്ടിൽ വെറുതെയിരിപ്പാണ്. രാവിലെ ചരൽ വാരാൻ പോകുന്ന ജെർസന്റെയൊപ്പം മിക്ക ദിവസങ്ങളിലും ബാബു കൂട്ടുപോകും. വെറുതെ വഞ്ചിയിൽ ഇരിക്കുകയേ ഉള്ളൂ എന്നാണ് ജെർസൻ പറഞ്ഞിട്ടുള്ളത്. പിന്നെ പകൽ മുഴുവനും രണ്ടുപേരും കൂടി വീട്ടിലിരുന്ന് കള്ളുകുടിയും വർത്തമാനവുമാണ്.
അക്കാലത്താണ് ഷുഗർ കൂടിയതിനാൽ ബാബുവിന്റെ കാലിൽ ഒരു കുരു വന്ന് പഴുത്തത്. അത് പണിക്ക് പോകാതിരിക്കാൻ ബാബുവിന് ഒരു കാരണമായി. ജെർസനില്ലാത്ത അപൂർവം സമയങ്ങളിൽ ഡെൽഫി ബാബുവിനോട് അവരുടെ കഥകളും കോമഡികളുമൊക്കെ പറയും. ബാബുവിന് അത് വലിയ ഇഷ്ടമായിരുന്നു
പ്രമീള ശമ്പളം കിട്ടി ജോലിസ്ഥലത്തു നിന്ന് വരുമ്പോൾതന്നെ ബാബു അവളുടെ ബാഗ് പിടിച്ചുവാങ്ങി അതിൽനിന്ന് പൈസ എടുക്കാൻ ശ്രമിക്കും. പ്രമീളയാകട്ടെ ബാഗ് കൊടുക്കാതിരിക്കാൻ ആവത് ശ്രമിക്കും. ബാഗിൽനിന്ന് ബാബു എടുക്കുന്ന പണം മുഴുവനും മദ്യപിക്കാനാണെന്ന് പ്രമീളക്കറിയാം. പ്രമീള ബാഗും കൊണ്ടോടുമ്പോൾ ബാബു പിറകെ ഓടും. പിന്നെ വീടിന് ചുറ്റും കിടന്ന് രണ്ടുപേരും പൊരിഞ്ഞ ഓട്ടമാണ്. വഴക്കുമുറുകുമ്പോൾ സഹികെട്ട് പ്രമീള പലതവണ പുഴയിൽ ചാടിച്ചാകാൻ ശ്രമിച്ചിട്ടുണ്ട്. ഒരു കണക്കിനാണ് പുഴക്കടവിലേക്കോടുന്ന പ്രമീളയെ ഡെൽഫി പിന്തിരിപ്പിച്ചു തിരിച്ചുകൊണ്ടുവരുന്നത്. അവർക്കൊപ്പം ആ വീട്ടിൽ താമസിക്കുമ്പോൾ പ്രമീളക്കെന്തെങ്കിലും സംഭവിച്ചാൽ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ടി വരുമെന്നോർത്ത് ഡെൽഫി കുറെ ടെൻഷനനുഭവിച്ചിട്ടുണ്ട്. അക്കാലത്ത് ജെർസന്റെ വീട്ടുകാരും അയൽക്കാരും ഡെൽഫിയെ ഉപദേശിക്കാനും പിണങ്ങാനും തുടങ്ങി. ഒരു കാര്യവുമില്ലാതെ ഇക്കൂട്ടരെ ഇവിടെയിങ്ങനെ കൊണ്ടുവന്നു താമസിപ്പിക്കുന്നതിന് എന്തു കാരണമാണുള്ളതെന്ന് ആഞ്ചി ഡെൽഫിയെ വിളിച്ചു ചോദിച്ചു. മാത്രമല്ല, ബാബുവിനൊപ്പമുള്ള ജെർസന്റെ മദ്യപാനം അതിരുവിടുന്നതും ഡെൽഫിക്ക് കാണേണ്ടിവന്നു. പ്രമീളയോടും ബാബുവിനോടും ഉടൻതന്നെ വീട്ടിൽനിന്ന് താമസം മാറ്റണമെന്ന് ഡെൽഫി ആവശ്യപ്പെട്ടു. അവർ മറ്റെവിടേക്കോ മാറുകയും ചെയ്തു.
അതിനു ശേഷവും ബാബു ഇടക്കിടെ ഡെൽഫിയെ വിളിക്കുമായിരുന്നു. പ്രമീള വിളിക്കുന്നതിനേക്കാൾ കൂടുതൽ. ജെർസന് അപകടം സംഭവിച്ചപ്പോൾ ബാബു ഓടിവന്നു. ആശുപത്രിയിലും വീട്ടിലും കാണാൻ വരുകയും കുറെ സഹായങ്ങൾ ചെയ്തുതരികയും ചെയ്തു. ദീർഘനാളായുള്ള പരിചയവും ഫോൺവിളികളും കാരണമാണെന്ന് തോന്നുന്നു ബാബുവിന് അവരോട് എന്തോ ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിവരുന്നുണ്ടെന്ന് ഡെൽഫിക്ക് സംശയം തോന്നിത്തുടങ്ങിയിരുന്നു. അത്രക്ക് ഉറപ്പില്ലാത്തതിനാലും ഒരിക്കലും അതിര് വിടാഞ്ഞതിനാലും ഡെൽഫി ബാബുവുമായുള്ള ചങ്ങാത്തം വിട്ടില്ല. ഇപ്പോൾ എന്നോടെന്നതിനേക്കാൾ അധികമായി എല്ലാ സംഭവങ്ങളും ഡെൽഫി ബാബുവിനോട് പറയും. ഒടുവിൽ ഡെൽഫിയുടെ ജീവിതത്തിലുണ്ടായ ക്ലൈമാക്സ് എന്ന് വിശേഷിപ്പിക്കാവുന്ന ആ സംഭവത്തെ കുറിച്ചുവരെ എന്നാണ് ഡെൽഫി അതിനെ കുറിച്ച് പറഞ്ഞത്.
അതിന്റെ പിറ്റേന്നുതന്നെയാണ് ഡെൽഫിക്ക് പ്രമീളയുടെ ഫോൺവിളി വന്നത്; ബാബു ഒരു ബൈക്കപകടം സംഭവിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണെന്ന് പറഞ്ഞുകൊണ്ട്. വീട്ടിൽ ആ നേരത്ത് ഡെൽഫി പപ്പടം മുളകിട്ടു വറുത്തതും കൂട്ടി ജെർസന് ചോറുവാരിക്കൊടുക്കുകയായിരുന്നു. മകൻ ബിനോയി വീട്ടിലുണ്ടായിരുന്നതുകൊണ്ട് ജെർസനെ നോക്കാൻ അവനെ ഏൽപ്പിച്ചുകൊണ്ട് ഡെൽഫി ആശുപത്രിയിലെത്തി.
ബാബുവിന്റെ ബൈക്കിന് മുന്നിൽ ഒരു കറുത്ത പട്ടി വട്ടം ചാടിയതാണ് അപകടത്തിന് കാരണം. ദേഹത്തെങ്ങും ഒരു പരിക്കുമില്ല. തലയുടെ പിൻഭാഗത്ത് ചെറിയൊരു ചതവു മാത്രം. വാടകവീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഡെൽഫി ബാബുവിന്റെ മൃതദേഹം കണ്ടു. ജീവനുള്ള ഒരാൾ ഉറങ്ങിക്കിടക്കുന്നതുപോലെ തന്നെ എന്നവർക്ക് തോന്നി.
അത് കണ്ടപ്പോൾ മുതൽ ഡെൽഫിക്ക് ആകെ ഷോക്കായതു പോലെ ഭയങ്കര പനിയും വിറയലുമായിരുന്നു. കുറെ ദിവസങ്ങളെടുത്തു അതൊന്നു മാറിവരാൻ.
ഒരു ജോണപ്പനെ കുറിച്ച് ഡെൽഫി ഒരിക്കൽ പറഞ്ഞു. ഡെൽഫിയുടെ അകന്ന ബന്ധത്തിൽപെട്ട ഒരു ചെറുപ്പക്കാരനാണ്. ജനിച്ചപ്പോൾതന്നെ അൽപം ശാരീരിക വൈകല്യമുണ്ടായിരുന്നു. കൈയും കാലുമൊക്കെ നേർത്ത്.
ഉള്ള ബന്ധംവെച്ച് ജോണപ്പൻ ഇടക്ക് ഡെൽഫിയുടെ വീട്ടിൽ വരും. കുറെ നേരം വർത്തമാനം പറഞ്ഞിരിക്കും. ജെർസന് അപകടം പറ്റിയതിന് ശേഷമാണ് ഈ വരവ് തുടങ്ങിയത്. ഡെൽഫിയുടെ വർത്തമാനം ജോണപ്പനും വലിയ ഇഷ്ടമായിരുന്നേത്ര. വീട്ടിൽതന്നെയിരുന്ന് ബോറടിക്കുന്നതല്ലേ, കുറച്ചുനേരം പുറത്തേക്കിറങ്ങി നടക്കാമെന്ന് ജോണപ്പൻ പറയും. സന്ധ്യാസമയമായിരിക്കും. ആദ്യമൊക്കെ ജോണപ്പന് കഥ കേൾക്കുന്നതിനപ്പുറം മറ്റൊരുദ്ദേശ്യമുണ്ടായിരുന്നതായി ഡെൽഫിക്ക് തോന്നിയിരുന്നില്ല. എന്നാൽ, നടത്തത്തിനിടയിൽ ചില ദിവസങ്ങളിൽ ജോണപ്പൻ ഡെൽഫിയുടെ ദേഹത്ത് മുട്ടിയുരുമ്മാനും ബലമായി കൈയിൽ പിടിച്ചു മൃദുവായി അമർത്താനും തുടങ്ങി. ഡെൽഫിക്ക് ജോണപ്പനോട് ഒട്ടും എതിർത്ത് പറയാൻ കഴിഞ്ഞില്ല. അവർക്ക് അതിഷ്ടപ്പെട്ടില്ലെങ്കിൽകൂടി. ജോണപ്പന്റെ വിക്രിയകൾ അസഹ്യമായി തോന്നിയ ഒരുദിവസം; ബിനോയി കാത്തിരിക്കുന്നുണ്ടാകും, നേരം ഇരുട്ടിത്തുടങ്ങി. വൈകിയാൽ അവനിഷ്ടമാകില്ല. നമുക്ക് പോകാം എന്നുപറഞ്ഞവർ വേഗം വീട്ടിലെത്തി. അതിനുശേഷം പലതവണ ജോണപ്പൻ നടക്കാൻ വിളിച്ചെങ്കിലും ഡെൽഫി പോയില്ല. ക്രമേണ ജോണപ്പന്റെ വരവ് നിന്നു. ഫോൺവിളി മാത്രമായി.
ഒരുദിവസം ഡെൽഫിക്ക് ഒരു ഫോൺ വന്നു. ജോണപ്പൻ മരിച്ചുപോയേത്ര! ഒറ്റക്ക് താമസിച്ചിരുന്ന ജോണപ്പൻ വീടിനകത്ത് കിടന്നുറങ്ങുമ്പോൾ ആരോ വീട് പുറത്തുനിന്ന് പൂട്ടിക്കളഞ്ഞു. ഉണർന്നപ്പോൾ വീട് തുറക്കാൻ കഴിയാതെ പേടിച്ചാണ് ജോണപ്പൻ മരിച്ചത്.
ജോണപ്പന് ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നെന്ന് ഡെൽഫിക്കറിയാം. ഡെൽഫിയെ പ്രേമിക്കണമെന്നും കെട്ടിപ്പിടിക്കണമെന്നുമൊക്കെ. പക്ഷേ, അയാളുടെ സൗന്ദര്യവും ആരോഗ്യവുമൊക്കെ വെച്ചുനോ
ക്കുമ്പോൾ അതൊക്കെ സാധ്യമാകാൻ പ്രയാസമാണ്.
ശവമടക്ക് കഴിഞ്ഞ് വന്നതുമുതൽ ഓരോന്നോർത്ത് ഡെൽഫിക്ക് ഡിപ്രഷൻ തുടങ്ങി.
ഡെൽഫീ, അല്ലെങ്കിൽതന്നെ സ്വന്തമായി നിങ്ങൾക്ക് ഒരുപാട് വിഷമങ്ങൾ വേറെയുണ്ടല്ലോ. പിന്നെയെന്തിനാണ് അതിന്റെ കൂടെ അതുമിതുമൊക്കെ ആലോചിച്ചു കൂട്ടുന്നതെന്ന് ഞാൻ ഡെൽഫിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
ജോണപ്പൻ മരിച്ചിട്ട് അയാളുടെ ആത്മാവിന്റെ അടയാളങ്ങളൊന്നും വെളിപ്പെട്ടില്ലല്ലോ എന്നോർത്ത് അന്നു മുഴുവൻ ഡെൽഫി സങ്കടപ്പെട്ടു. പക്ഷേ, അന്ന് രാത്രി ഡെൽഫി കിടന്നുറങ്ങാൻ തുടങ്ങുന്ന സമയത്ത് ജോണപ്പൻ വന്ന് ഡെൽഫിയുടെ ദേഹത്തേക്ക് അമർന്നു കിടന്ന് നെറ്റിയിൽ ഉമ്മവെക്കുന്നതായി അനുഭവപ്പെട്ടേത്ര. അയാളുടെ നേർത്ത വിയർപ്പിന്റെ മണംപോലും ഡെൽഫിക്കനുഭവിക്കാൻ കഴിഞ്ഞു. ശരിക്കും ഉറക്കമാണോ ഉണർവാണോ എന്നറിയാത്ത ഒരു നേരത്താണതുണ്ടായത്. രാവിലെ അടുക്കളയിൽ പുട്ട് പുഴുങ്ങുന്ന നേരത്തും തയ്യൽ മിഷ്യനിലിരിക്കുമ്പോഴും ആരോ പിന്നിൽ പറ്റിച്ചേർന്ന് നിൽക്കുന്നതുപോലൊരനുഭവമുണ്ടായി. പിൻകഴുത്തിൽ ജോണപ്പന്റെ വാടയുള്ള ഉച്ഛ്വാസവായു തട്ടുന്നതുപോലെയുള്ള ചൂട് ശരിക്കുമറിഞ്ഞു. ഡെൽഫിയുടെ ഡിപ്രഷന് കുറവുണ്ടായത് ഈ സംഭവങ്ങൾക്ക് ശേഷം മാത്രമാണ്.
ഡെൽഫിയുടെ ചേച്ചി പേളിയുടെ കെട്ടിയവന്റെ ഒരു കൂട്ടുകാരനുണ്ടായിരുന്നു; ഫെലിക്സ്. എറണാകുളത്ത് സർക്കാരാഫീസിൽ ക്ലർക്കായിരുന്നു. വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും ചേട്ടൻ ഫെലിക്സിനെ വിളിക്കുമായിരുന്നു. അയാൾ അന്നൊക്കെ വന്നിട്ടുമുണ്ടായിരുന്നു. പക്ഷേ, ഡെൽഫി കണ്ടിട്ടില്ല. ഫെലിക്സിന് ഡെൽഫിയുടെ അതേ പ്രായമായിരുന്നു. ഒരിക്കൽ ഡെൽഫിയുടെ ഫോണിലേക്ക് അറിയാത്ത നമ്പറിൽനിന്ന് ഒരു വിളിവന്നു. ഏത് നമ്പറിൽനിന്ന് വിളിവന്നാലും ഡെൽഫി ആദ്യം അറ്റൻഡ് ചെയ്യും. പിന്നെ മാത്രമേ വേണ്ടിവന്നാൽ ഒഴിവാക്കുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യൂ.
വർത്തമാനം പറഞ്ഞുതുടങ്ങിയപ്പോളാണ് ഡെൽഫി അറിഞ്ഞത്. അത് ചേട്ടന്റെ കൂട്ടുകാരനാണെന്ന്. ഫെലിക്സ് പറഞ്ഞതും മറ്റാരെയോ വിളിച്ചപ്പോൾ നമ്പർ തെറ്റിയതാണെന്നാണ്. ഡെൽഫിക്കതിൽ ചില സംശയങ്ങളുണ്ടായിരുന്നു. ഫെലിക്സ് അവിവാഹിതനാണ്. അതിനുള്ള കാരണം പലതവണ ചോദിച്ചിട്ടും അയാൾ പറഞ്ഞിരുന്നില്ല. അതിനുശേഷം അവർ എപ്പോഴും ഏറെനേരം ഫോണിൽ സംസാരിക്കും. ഫെലിക്സാണ് മിക്കപ്പോഴും വിളിക്കുക.
ഒരുദിവസം ഫെലിക്സ് ഡെൽഫിയോട് പറഞ്ഞു. അവർ ഏതെങ്കിലുമൊരു ദിവസം എറണാകുളത്ത് വരുന്നുണ്ടെങ്കിൽ പറയണം വെറുതെയൊന്നു കാണാനാണ് എന്ന്. മട്ടാഞ്ചേരിയിലെ പ്രാന്തൻ കുര്യച്ചന്റെയടുത്ത് പ്രാർഥിക്കാൻ പോകുന്നതിന് തീരുമാനിച്ച ഒരു വെള്ളിയാഴ്ച ഡെൽഫി ഫെലിക്സിനോട് വേണമെങ്കിൽ അന്ന് തമ്മിൽ കാണാമെന്ന് പറഞ്ഞു. ഹൈകോടതി ജങ്ഷനിലെ ഒരു റസ്റ്റോറന്റിന്റെ പേരു പറഞ്ഞിട്ട് ഡെൽഫി വരുന്ന സമയത്ത് അവിടെയുണ്ടാകുമെന്ന് ഫെലിക്സ് അറിയിച്ചു.
ഫെലിക്സിനെ നേരിൽ കണ്ട ഡെൽഫി അത്ഭുതപ്പെട്ടുപോയി. ആരും നോക്കിനിന്നുപോകുന്നത്ര ആരോഗ്യവും സൗന്ദര്യവും ഒത്തിണങ്ങിയ ഒരാൾ. പെരുമാറ്റത്തിലും വശ്യതയും ആകർഷണവും തോന്നും.
ഡെൽഫി അങ്ങനെയാണ്. പുരുഷന്മാരെയും ലജ്ജയില്ലാതെ കൊതിയോടെയും സൂക്ഷ്മമായും വർണിച്ചുകളയും. ഫെലിക്സിന്റെ മേൽ ചുണ്ടുമൂടുന്ന കട്ടിമീശപോലും എത്ര അത്ഭുതത്തോടെ വർണിച്ചെന്നോ. ഇങ്ങനെ പുരുഷന്മാരെ കൊതിയോടെ വർണിക്കുന്ന സ്ത്രീകളെ ഞാനധികം കണ്ടിട്ടില്ല.
അവരിരുവരും ഓരോ ചിക്കൻറോളും ബ്രൂ കാപ്പിയും കഴിച്ചു. ഫെലിക്സാണ് ബില്ല് പേ ചെയ്തത്. കുറച്ചുനേരം വർത്തമാനം പറഞ്ഞിരുന്ന അവർ പിരിയുന്നതിന് മുമ്പ് കപ്പൽപള്ളിയെന്നും നടുവിലെ പള്ളിയെന്നും വിളിക്കുന്ന ആ പള്ളിയിൽ കയറി. അതിന്റെ പടികളിൽവെച്ച് ഫെലിക്സ് പറഞ്ഞു: ജെർസൻ വയ്യാണ്ടിരിക്കുകയല്ലേ. എന്നെങ്കിലും ജെർസന്റെ കാലം കഴിയുമല്ലോ. അതെത്ര വൈകിയാണെങ്കിലും, അതിനുശേഷം നമുക്ക് രണ്ടുപേർക്കും ഒരുമിച്ചു ജീവിക്കണം ഡെൽഫീ. എന്നിട്ട് ഒരുപാട് വിദേശരാജ്യങ്ങളിലേക്ക് നമുക്ക് യാത്ര പോകണം. അവിടെയൊക്കെ പോകുമ്പോൾ ഡെൽഫി ഇങ്ങനെ സാരി മാത്രമല്ല ഉടുക്കേണ്ടത്. നല്ല മോഡേൺ ഡ്രസ്സൊക്കെ ഇടണം. ഭക്ഷണമൊക്കെ നന്നായി കഴിച്ച് ഒന്നുകൂടി വണ്ണംവെക്കണം.
അങ്ങനെ കുറെ ആഗ്രഹങ്ങൾ പറഞ്ഞാണ് ഫെലിക്സ് പിരിഞ്ഞത്. ഡെൽഫി അതെല്ലാം ക്ഷമയോടെ കേട്ടു. നിരുത്സാഹപ്പെടുത്തുകയോ മറുത്തുപറയുകയോ ചെയ്തില്ല. ജെർസൻ മരിച്ചതിനുശേഷം തന്നെ കെട്ടാമെന്ന് പറഞ്ഞതിലെ ക്രൂരതയും അവിവേകവും അനൗചിത്യവും ഡെൽഫിക്കിഷ്ടപ്പെട്ടില്ല. ഫെലിക്സിൽനിന്ന് അതവർ പ്രതീക്ഷിച്ചുമില്ല. മുന്നാലോചനയില്ലാതെ സത്യസന്ധതയും നിഷ്കളങ്കതയും ഇഷ്ടക്കൂടുതലും കൊണ്ട് പറഞ്ഞുപോയതാകാമെന്ന് കരുതി ആശ്വസിച്ചു. അതിനുശേഷം പലതവണ വിളിച്ചെങ്കിലും പിന്നീടൊരിക്കൽപോലും ഒരുമിച്ച് ജീവിക്കുന്ന കാര്യം ഫെലിക്സ് ഡെൽഫിയോട് പറഞ്ഞിട്ടില്ല. അതിനുശേഷം പലപ്പോളായി ഡെൽഫി അവരുടെ ജീവിതത്തിലെ ആ പ്രധാന സംഭവങ്ങൾ ഫെലിക്സിനോട് പറഞ്ഞുതീർത്തു. അതു കഴിഞ്ഞുള്ള കുറെ ദിവസങ്ങൾ ഫെലിക്സ് ഡെൽഫിയെ വിളിച്ചില്ല. ഗുണ്ടാ ബാബുവിന്റെയും ജോണപ്പന്റെയും മരണത്തിന് മുമ്പേയുള്ള സംഭവമാണ്. ഫെലിക്സ് തന്നെ വിളിക്കാത്തതിന്റെ കാരണമെന്തെന്നറിയാനായി ഡെൽഫി ഫെലിക്സിന്റെ നമ്പറിലേക്ക് വിളിച്ചു. ഫോണിന്റെ മറുതലക്കൽ ഒരപരിചിത ശബ്ദമായിരുന്നു. ഫെലിക്സിനെ ചോദിച്ചപ്പോൾ അറിഞ്ഞില്ലേ? എന്നാണ് അയാൾ ആദ്യം ചോദിച്ചത്. എന്ത്? എന്ന് ചോദിച്ച ഉടനെ എടുത്തടിച്ചതുപോലെ അയാൾ ഫെലിക്സിന്റെ മരണവാർത്ത അവരോട് പറഞ്ഞു. ആരാണെന്ന ചോദ്യത്തിന് സുഹൃത്തെന്നു മാത്രം ഉത്തരം പറഞ്ഞ് ഡെൽഫി ഫോൺ കട്ട് ചെയ്തു. ഉള്ളിലെ ആഗ്രഹങ്ങൾ പറഞ്ഞെങ്കിലും തീർത്തിട്ടാണല്ലോ ഫെലിക്സ് പോയതെന്നോർത്ത് ഡെൽഫി ആശ്വാസംകൊണ്ടു.
ഫെലിക്സിനെ കുറിച്ചുള്ള കഥ കൂടി േകട്ടതോടെ എനിക്ക് ചെറിയൊരു ഭയമൊക്കെ തോന്നിത്തുടങ്ങി. എന്താണിങ്ങനെ അപ്രതീക്ഷിത മരണങ്ങൾ ഡെൽഫിയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. യുക്തികൊണ്ട് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല. ഇനി ഡെൽഫിയെങ്ങാനും ഭാവനയിൽ മെനഞ്ഞെടുക്കുന്നതാണോ ഈ മരണങ്ങളെല്ലാം; എന്നെ ഭയപ്പെടുത്താനോ തെറ്റിദ്ധരിപ്പിക്കാനോ എന്നിലെ എഴുത്തുകാരന് ഇല്ലാത്ത കഥകൾ പറഞ്ഞുതന്ന് പ്രിയം സമ്പാദിക്കാനോ വേണ്ടി.
ശരിക്കും ഡെൽഫിയുടെ കഥ കേട്ടു മുഴുവനാക്കുന്നവരല്ല മരിക്കുന്നത്, അവരെ ഇഷ്ടപ്പെടുകയും സ്വന്തമാക്കാനാഗ്രഹിക്കുന്നവരുമാണ് മരിക്കുന്നത്. ഇക്കാര്യം പക്ഷേ, ഡെൽഫിയോട് പറയുന്നതെങ്ങനെയെന്നോർത്ത് ഞാൻ കുഴങ്ങി.