അതൃപ്തരായ ആത്മാക്കൾ -11
കുറേയധികം സമയം കളഞ്ഞ് ഏറെനാളത്തെ അധ്വാനംകൊണ്ട് അറിയാൻ കഴിഞ്ഞ ഈ രഹസ്യം ഡെൽഫിയുടെ ജീവിതത്തിൽ എന്തുനേട്ടമാണുണ്ടാക്കിയത്. ജെർസൻ ഏതായാലും ഈ അവസ്ഥയിലായി. അനുഭവിക്കാനുള്ളത് മുഴുവൻ അനുഭവിച്ചു. ഈ രഹസ്യമറിഞ്ഞതുകൊണ്ട് ഇതിനൊക്കെ എന്തെങ്കിലും പരിഹാരമോ കുറവോ ഉണ്ടാക്കാൻ കഴിഞ്ഞോ എന്ന് അൽപം പരിഹാസത്തോടെ ഞാനവരോട് ചോദിച്ചു. പൊലീസിൽ ഒരു പരാതികൊടുത്താലോ എന്നാണ് ഡെൽഫി ആദ്യം ചിന്തിച്ചത്. കേസ് ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല, പിന്നെ ഈ രഹസ്യം...
Your Subscription Supports Independent Journalism
View Plansകുറേയധികം സമയം കളഞ്ഞ് ഏറെനാളത്തെ അധ്വാനംകൊണ്ട് അറിയാൻ കഴിഞ്ഞ ഈ രഹസ്യം ഡെൽഫിയുടെ ജീവിതത്തിൽ എന്തുനേട്ടമാണുണ്ടാക്കിയത്. ജെർസൻ ഏതായാലും ഈ അവസ്ഥയിലായി. അനുഭവിക്കാനുള്ളത് മുഴുവൻ അനുഭവിച്ചു. ഈ രഹസ്യമറിഞ്ഞതുകൊണ്ട് ഇതിനൊക്കെ എന്തെങ്കിലും പരിഹാരമോ കുറവോ ഉണ്ടാക്കാൻ കഴിഞ്ഞോ എന്ന് അൽപം പരിഹാസത്തോടെ ഞാനവരോട് ചോദിച്ചു.
പൊലീസിൽ ഒരു പരാതികൊടുത്താലോ എന്നാണ് ഡെൽഫി ആദ്യം ചിന്തിച്ചത്. കേസ് ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല, പിന്നെ ഈ രഹസ്യം ആരോടും പറയില്ലെന്ന് റോയിക്ക് വാക്കുകൊടുത്തത് പാലിക്കണം. അതുകൊണ്ട് കേസുകൊടുക്കേണ്ടെന്ന് ഡെൽഫി ആദ്യമേ തീരുമാനിച്ചു. എന്നാൽ, പീറ്റപ്പനോട് എങ്ങനെയും പ്രതികാരം ചെയ്തിരിക്കുമെന്ന് ഡെൽഫി രഹസ്യം അറിഞ്ഞ അന്നേ തീരുമാനമെടുത്തിരുന്നത്രേ! കൈതവേലി കുടുംബത്തിലെ ആരെയെങ്കിലും കൊല്ലണമെന്നാണ് ആദ്യം കരുതിയതെങ്കിലും പ്രധാനിയും സൂത്രധാരനുമായ പീറ്റപ്പനാണ് ശിക്ഷക്ക് ഏറ്റവും അർഹൻ എന്ന് ഡെൽഫിക്ക് തോന്നി.
ഒരാളെ കൊല്ലുക എന്നത് അത്രക്ക് നിസ്സാരമായ ഒരു സംഗതിയല്ലെന്ന് അന്നേ ഡെൽഫിക്ക് തോന്നിയിരുന്നു. തയ്ക്കുന്നതിനിടയിലും വീട്ടുജോലികൾ ചെയ്യുമ്പോളുമൊക്കെ ഡെൽഫി അതിനുള്ള ഒരു മാർഗത്തെക്കുറിച്ചാലോചിച്ച് തലപുകച്ചുകൊണ്ടിരുന്നു. ഇനി കഷ്ടപ്പെട്ട് പീറ്റപ്പനെ കൊന്നാൽതന്നെ അക്കാര്യം ഒളിച്ചുവെക്കാൻ അതിലേറെ പ്രയാസമായിരിക്കുമല്ലോ; ഡെൽഫിയെ ആശ്രയിച്ചുകഴിയുന്ന ജെർസനെയും ബിനോയിയെയും അനാഥരാക്കിക്കൊണ്ട് ജയിലിൽ പോയി കിടക്കാൻവേണ്ടി മാത്രം ഒരു പ്രതികാരം ചെയ്യേണ്ടതുണ്ടോ എന്ന് ഡെൽഫി ഓർത്തു. എന്നാൽപോലും പീറ്റപ്പനെ വെറുതെവിടുന്നതെങ്ങനെയെന്നാലോചിക്കുമ്പോൾ ഡെൽഫിക്ക് ഒരു മനസ്സമാധാനവുമുണ്ടായിരുന്നില്ല അക്കാലത്ത്. അപ്പോൾ മറ്റൊരു ചിന്ത ഡെൽഫിയിലേക്ക് വന്നു. ജെർസന് അപകടം പറ്റിയതിന്റെ തിക്തഫലങ്ങൾ മുഴുവനും അനുഭവിക്കേണ്ടിവന്നത് ഡെൽഫിയും ബിനോയിയുമായിരുന്നല്ലോ. അങ്ങനെയാണെങ്കിൽ പീറ്റപ്പനും ഭാര്യയും മക്കളുമുള്ളതല്ലേ. അവരുടെ കാര്യവും ഓർക്കേണ്ടതല്ലേ.
ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടാതായപ്പോൾ ഡെൽഫി ഉപദേശത്തിനുവേണ്ടി റോയിയെ വിളിച്ചു. അന്ന് ഞാനുമായി ഫോൺവിളിയുണ്ടായിരുന്നെങ്കിൽ എന്നെയും ഉപദേശം ചോദിച്ച് വിളിക്കുമായിരുന്നേനെ എന്ന് ഡെൽഫി ഇതിനിടയിൽ പറഞ്ഞു.
അന്ന് ആദ്യമായി ഡെൽഫി റോയിയുടെ ഫോണിലേക്ക് വിളിച്ചത് അയാൾക്ക് എന്തുകൊണ്ടും ആഹ്ലാദത്തിനും പ്രതീക്ഷക്കും വഴിയുള്ള ഒന്നായിരുന്നു. എന്നാൽ, പീറ്റപ്പനെ കൊല്ലാനുള്ള ഒരുപദേശത്തിനോ നീക്കത്തിനോ റോയി തയാറല്ലെന്ന് അയാൾ ഡെൽഫിയോട് തീർത്തുപറഞ്ഞു. എന്നാൽ, റോയി ഒരു ചെറിയ വഴി തുറന്നുകൊടുത്തു.
ഡെൽഫി പീറ്റപ്പന്റെ ഭാര്യയെക്കുറിച്ചോർത്ത് ഉത്കണ്ഠയും സഹതാപവും പ്രകടിപ്പിച്ചതിനാൽ മാത്രമാണ് റോയിക്കങ്ങനെയൊരു ചിന്തയുണ്ടായതെന്ന് അയാൾ പറയുകയും ചെയ്തു. അൽഫോൺസയെന്നാണ് പീറ്റപ്പന്റെ കെട്ടിയവളുടെ പേര്. അവർ പീറ്റപ്പനുമായി നല്ല ഒരു ബന്ധത്തിലല്ലത്രേ കഴിയുന്നത്. അവരുമായി സൗഹൃദമുണ്ടാക്കിയാൽ ഡെൽഫിക്ക് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞേക്കും എന്നുപറഞ്ഞ് റോയി അൽഫോൺസയുടെ ഫോൺനമ്പർ ഡെൽഫിക്ക് കൊടുത്തു.
അന്നും സംഭാഷണത്തിനിടക്ക് റോയി അവർക്കിടയിലുണ്ടാക്കിയിരുന്ന കരാറിനെക്കുറിച്ച് ഡെൽഫിയെ ഓർമിപ്പിച്ചു. അത് കേട്ടതായി ഭാവിക്കാതെ അവർ ഫോൺ കട്ട് ചെയ്തു. ആ വാക്ക് പാലിക്കാൻ ഡെൽഫി ഏതായാലും തീരുമാനിച്ചിരുന്നില്ലത്രെ!
റോയി അന്ന് ഫോൺനമ്പർ കൊടുക്കുന്നതിന് മുമ്പേ ഡെൽഫിക്ക് അൽഫോൺസയെ അറിയാം. മഞ്ഞൾപോലെ നിറമുള്ള മെലിഞ്ഞ് സുന്ദരിയായ ഒരു പാവം സ്ത്രീയാണവർ. ദുഃഖിതയായ ഒരു വിധവയുടെ ഭാവമാണ് അൽഫോൺസക്കെന്ന് പള്ളിയിലും മറ്റും വെച്ച് അവരെ കണ്ടപ്പോളൊക്കെ ഡെൽഫിക്ക് തോന്നാറുണ്ട്. തലകുനിച്ച്, തോൾവഴി സാരിത്തലപ്പ് പുതച്ച് വളരെ സാവധാനമാണ് അവർ എപ്പോളും നടക്കുന്നത്. ഈർപ്പം തങ്ങിനിൽക്കുന്ന അവരുടെ കണ്ണുകൾ കാണുമ്പോൾ തൊട്ടുമുമ്പ് അവർ കരഞ്ഞിരുന്നു എന്ന് തോന്നിപ്പോകാറുണ്ട് ഡെൽഫിക്ക്. അൽഫോൺസ ആരോടും അധികം വർത്തമാനം പറയുന്നതും ഡെൽഫി കണ്ടിട്ടില്ല.
ഡെൽഫി ഇപ്പോൾ കഥ പറയുന്നതിൽ ശ്രദ്ധയൂന്നി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നു എന്നെനിക്ക് തോന്നി. കഥയുമായി ബന്ധമില്ലാത്ത വിചിത്രവും കൗതുകകരവുമായ അവരുടെ വിശേഷങ്ങൾ ഞാനിഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. കഥ മുന്നോട്ടുപോകാൻ അതുമാത്രം മതിയാകില്ലല്ലോ.
നല്ല നോവലുകളുടെ ലക്ഷണംതന്നെ അവ വെറും കഥപറച്ചിൽ മാത്രമല്ല എന്നതല്ലേ. ചില അധ്യായങ്ങൾ വായിച്ചില്ലെങ്കിലും കഥയുണ്ടെങ്കിൽ (അങ്ങനെയൊന്ന് നിർബന്ധമല്ലല്ലോ) അതിന്റെ തുടർച്ച നഷ്ടപ്പെടാറില്ലെന്ന് പറയാറുമുണ്ട്. മലയാളത്തിലെ ജനപ്രിയ പൈങ്കിളി സീരിയലുകളും അങ്ങനെയാണ്. ചില എപ്പിസോഡുകൾ കണ്ടില്ലെങ്കിലും പ്രധാന കഥയുടെ തുടർച്ച നഷ്ടപ്പെടില്ല. സീരിയലുകളിലേത് ബാലിശമായ അതിവൈകാരികതയുടെ ആവർത്തനമാണെന്ന് മാത്രം. ഒരൊറ്റ സീരിയലുപോലും കാണാത്ത അപൂർവം സ്ത്രീകളിലൊരാളാണ് ഡെൽഫി.
പിറ്റേന്ന് ജോലിയെല്ലാമൊതുക്കിക്കഴിഞ്ഞ് ഡെൽഫി അൽഫോൺസയെ ഫോണിൽ വിളിച്ചു. ജെർസൻ ആ നേരത്ത് ശാന്തമായുറങ്ങുകയായിരുന്നു. അൽഫോൺസ തന്നെയാണ് ഫോണെടുത്തത്. ഹലോ എന്ന് കേട്ടപ്പോൾതന്നെ മൂലമ്പിള്ളിയിൽനിന്ന് ഡെൽഫിയാണെന്നവർ പറഞ്ഞു. അതേതായാലും ബുദ്ധിയായിരുന്നു എന്ന് ഡെൽഫി പറയുന്നു. അത് കേട്ടപ്പോൾ അൽഫോൺസക്ക് ആളെ മനസ്സിലായി. എന്തിനാണ് വിളിച്ചതെന്ന് അൽഫോൺസ ചോദിച്ചു. നമ്പർ മാറിപ്പോയതാണ്, വേറെ ഒരാളെ വിളിച്ചതാണ് താൻ എന്ന് ഡെൽഫി കളവുപറഞ്ഞു. ഉടനെ അൽഫോൺസ പറഞ്ഞത്രേ, ഫോൺ കട്ട് ചെയ്യല്ലേ. എനിക്ക് ചിലത് ചോദിക്കാനുണ്ട് എന്ന്. അവർ സ്വയം പരിചയപ്പെടുത്തി. ജെർസനിപ്പോൾ എങ്ങനെയുണ്ട്. ആള് സുഖമായിരിക്കുന്നോ? എന്നാണ് അൽഫോൺസ ആദ്യം ചോദിച്ചത്. അത് കേട്ട് ഡെൽഫി അത്ഭുതപ്പെട്ടുപോയത്രേ! ഇത്രവേഗം അങ്ങനെയൊന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ലല്ലോ.
ഡെൽഫി ജെർസന്റെ അവസ്ഥ വിശദീകരിച്ചു പറഞ്ഞു. അതുകേട്ട് അൽഫോൺസക്ക് സങ്കടമുണ്ടായി എന്ന് ഡെൽഫിക്ക് മനസ്സിലായി.
ഒരേ ഇടവകക്കാരാണെങ്കിലും ആദ്യമായാണ് ഇരുവരും തമ്മിൽ വർത്തമാനം പറയുന്നത്. അതും ഫോണിൽ. അൽഫോൺസയൊക്കെ തെക്കുംഭാഗത്തും ഡെൽഫിയൊക്കെ വടക്കേ അറ്റത്തുമുള്ളവരാണത്രേ. കണ്ടെയ്നർ റോഡ് ഇപ്പോളവരെ വിഭജിച്ചും കഴിഞ്ഞിരിക്കുന്നു.
പിറ്റേന്ന് ഉച്ചക്ക് അത്യാവശ്യമുള്ള ഒരു തുണി തയ്ച്ചുകൊണ്ടിരിക്കുമ്പോളാണ് ഡെൽഫിക്ക് അൽഫോൺസയുടെ വിളിവരുന്നത്. ഡെൽഫിക്ക് വീണ്ടും അത്ഭുതമുണ്ടായി. ഇന്നലെ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ചോദിക്കാൻ അവർ മറന്നുപോയി. ജെർസന് അപകടം പറ്റിയതിനുശേഷം ഡെൽഫിയും മകനും എങ്ങനെയാണ് ജീവിക്കുന്നതെന്ന് അവർക്കറിയില്ലത്രേ.
അന്ന് ഡെൽഫി എല്ലാം വിശദമായിട്ടവരോട് പറഞ്ഞു. ഒരുപാടു കാലമായി പരിചയമുള്ള ഒരു കൂട്ടുകാരിയെപ്പോലെ അൽഫോൺസ മിക്കപ്പോളും ഡെൽഫിയെ വിളിക്കും. പീറ്റപ്പൻ കാണാതെയും അറിയാതെയുമാണ് വിളിക്കുന്നതെന്ന് അവർ പ്രത്യേകം പറഞ്ഞു. അൽഫോൺസ അവരുടെ ജീവിതം ഡെൽഫിയോട് പറഞ്ഞു; ഏതാണ്ട് മുഴുവനായിത്തന്നെ. അത് വിസ്തരിച്ചിവിടെ എഴുതാനാണെങ്കിൽ പേജുകൾ കുറേയധികം വേണ്ടിവരും. ഏറ്റവും ചുരുക്കി ഞാനതിവിടെ എഴുതാൻ ശ്രമിക്കാം.
വർഷങ്ങൾക്കുമുമ്പ് പീറ്റപ്പനും മറ്റുള്ളവരും പറഞ്ഞ് അൽഫോൺസ കേട്ടിരുന്നു; ഡാലിയെ കെട്ടണമെന്നുപറഞ്ഞ് ജെർസൻ പിറകെ നടന്ന് അവളെ ശല്യം ചെയ്തിരുന്ന കാര്യം. അതിനുശേഷമാണ് രണ്ടു വീട്ടുകാരും തമ്മിൽ കലഹങ്ങളുണ്ടായി പീറ്റപ്പൻ റാൻസന്റെ കുത്തുകൊണ്ട് വയറുകീറി ആശുപത്രിയിൽ കിടന്ന് നരകിച്ചതും ഒടുവിൽ ക്രിസ്റ്റഫറിന്റെ മരണത്തിൽ കലാശിച്ചതും.
അക്കാലത്ത് പീറ്റപ്പനെ ശുശ്രൂഷിക്കാൻ അൽഫോൺസ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. വിവാഹം കഴിച്ചുവന്ന കാലം മുതൽ ഒരുദിവസംപോലും പീറ്റപ്പൻ അൽഫോൺസക്ക് സമാധാനവും സന്തോഷവും കൊടുത്തിട്ടില്ല. എന്നും മൂക്കറ്റം മദ്യപിച്ചാണ് അയാൾ വീട്ടിലെത്തുക. വന്നുകയറിയാൽ അയാൾ പറയും: ഉപ്പിൽ വേകണ കറി, തന്തക്ക് ജനിക്കുന്ന മക്കൾ, ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം.
ക്രിസ്റ്റഫറിന് മൂലമ്പിള്ളിയിൽ ഉണ്ടായിരുന്ന വലിയ പന്നി ഫാം അയാളുടെ മരണത്തിനുശേഷം പീറ്റപ്പനാണ് ഏറ്റെടുത്ത് നടത്തിക്കൊണ്ടുപോകുന്നത്. ഹോട്ടലുകളിൽനിന്ന് പെട്ടി ഓട്ടോറിക്ഷകളിൽ അയാൾതന്നെ പോയി എടുത്തുകൊണ്ടുവരുന്ന വേസ്റ്റ് തീറ്റയായി കൊടുത്താണ് പീറ്റപ്പൻ പന്നികളെ വളർത്തുന്നത്. അക്കാരണത്താൽ ബിസിനസിൽ അയാൾക്ക് നല്ല ലാഭം കിട്ടിയിരുന്നു. പുഴയോരത്തായിരുന്നു ഫാം എന്നതിനാൽ വേസ്റ്റ് കളയാനും കൂട് വൃത്തിയാക്കാനും പീറ്റപ്പന് എളുപ്പമായിരുന്നു.
കഠിനാധ്വാനിയായ പീറ്റപ്പന്റെ സമ്പത്തിനൊപ്പം അയാളുടെ ദുശ്ശീലങ്ങളും പന്നികളെപ്പോലെ പെരുകുകയും കൊഴുക്കുകയും ചെയ്തു എന്ന് ഡെൽഫി സാഹിത്യഭാഷയിൽതന്നെ എന്നോട് പറഞ്ഞു. ആളുകളുമായി സ്ഥിരമായി അയാൾ വഴക്കുകൂടും. അന്യസ്ത്രീകൾക്കുവേണ്ടി അയാൾ ധാരാളം പണം ചെലവഴിക്കും. പലവഴിക്കും അൽഫോൺസ പീറ്റപ്പനെക്കുറിച്ചുള്ള കഥകളെല്ലാം അറിയുന്നുണ്ടായിരുന്നെങ്കിലും ഒരിക്കലും അവർ അയാളെ എതിർക്കുകയോ വഴക്കിന് ചെല്ലുകയോ ചെയ്തില്ല. പലതവണ അൽഫോൺസ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഒരുതവണ കുപ്പിയോടെ മണ്ണെണ്ണ എടുത്ത് വായിേലക്ക് കമഴ്ത്തി; രണ്ടുമൂന്നു തവണ ഉറക്കഗുളികകൾ വാരിവിഴുങ്ങി; ഒരുപ്രാവശ്യം കയർ കഴുത്തിൽ കുരുക്കിട്ട് തൂങ്ങി. അവിശ്വസനീയമെന്ന് പറയും ആരു കേട്ടാലും എന്ന് അൽഫോൺസതന്നെ പറഞ്ഞത്രേ. എല്ലായ്പോളും അവർ മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുപോന്നു. അതിന്റെയൊക്കെ അനന്തരഫലമായി അൽഫോൺസ ഒരു രോഗിയായിത്തീർന്നിരിക്കുന്നു ഇപ്പോൾ.
വെളുത്ത് നല്ല ഉയരവും ആരോഗ്യവുമുള്ള പീറ്റപ്പൻ സുന്ദരനാണെന്ന് ഡെൽഫി പറയുന്നു. അയാളെ ഡെൽഫി ഒരുപാട് തവണ കണ്ടിട്ടുണ്ട്. അപ്പോളൊക്കെ അയാൾ ഡെൽഫിയെ കാണാത്തമട്ട് പോകാറാണ് പതിവ്. അൽഫോൺസക്ക് രണ്ടു പെൺമക്കളാണുള്ളത്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. അവൾ ഒരു പെൺകുഞ്ഞിനെയാണ് പ്രസവിച്ചത്. അത് കേട്ടപ്പോൾതന്നെ പീറ്റപ്പന് ദേഷ്യം വന്നത്രേ. ഒരുതവണപോലും അയാൾ ആ കുഞ്ഞിനെ തന്റെ കൈയിലെടുക്കുകയോ ലാളിക്കുകയോ ചെയ്തില്ല.
ജോലിക്കെന്ന് പറഞ്ഞ് പന്നി ഫാമിൽ മൂന്നാല് സുന്ദരികളായ ഹിന്ദിക്കാരി പെണ്ണുങ്ങളെ കൊണ്ടുവന്ന് അയാൾ താമസിപ്പിച്ചിട്ടുണ്ടത്രെ. ആ പെണ്ണുങ്ങളുമായൊക്കെ പീറ്റപ്പന് വഴിവിട്ട ബന്ധമുണ്ടെന്ന് എല്ലാവരും പറയുന്നു. ലോകം മുഴുവൻ പെണ്ണുങ്ങളെ വേട്ടയാടി നടക്കുന്ന ആ പന്നിക്ക് സ്വന്തം പേരക്കിടാവ് പെണ്ണായത് ഇഷ്ടപ്പെട്ടില്ല എന്നുപറഞ്ഞപ്പോൾ അൽഫോൺസ അവരുടെ പല്ലുകൾ ദേഷ്യംകൊണ്ട് ഞെരിച്ചത് ഡെൽഫി ഫോണിലൂടെ കേട്ടെന്ന് എന്നോട് പറഞ്ഞു അന്ന്.
അൽഫോൺസയുടെ കഥകൾകൂടി കേട്ടതോടെ പീറ്റപ്പനോടുള്ള ഡെൽഫിയുടെ വെറുപ്പ് ഇരട്ടിയായി. അയാൾ ചാകേണ്ടതുതന്നെ, അയാളെ കൊല്ലേണ്ടതുതന്നെ എന്ന് ഡെൽഫി ഉറപ്പിച്ചു.
പീറ്റപ്പൻ ജെർസനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതുപോലെ അയാളെ കൊല്ലാനും ആർക്കെങ്കിലും ക്വട്ടേഷൻ കൊടുത്താലോ എന്നാണ് ഡെൽഫി ആദ്യം ചിന്തിച്ചത്. കുറച്ച് പണം മുടക്കിയാൽ, അല്ലെങ്കിൽ കുറച്ചധികം പണം ചെലവാക്കിയാൽ സംഗതി എളുപ്പമല്ലേ. തന്നെപ്പോലൊരു പെണ്ണ് ഇത്തരം ഇടപാടുകൾക്ക് നിന്നാൽ ഭാവിയിലത് ബാധ്യതയായേക്കും. പദ്ധതിയെങ്ങാനും പാളിപ്പോയാൽ അതും പ്രശ്നമല്ലേ എന്നൊക്കെ വിചാരിച്ച് ഡെൽഫി അത് വേണ്ടെന്നുവെച്ചു.
പീറ്റപ്പനാണ് സ്വന്തം അപ്പനെ അപായപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്തതെന്ന് ബിനോയിയോട് പറഞ്ഞാലോ എന്നാണ് ഡെൽഫി പിന്നെ ആലോചിച്ചത്. അവൻ ചെറുപ്പമാണ്. ജെർസനെപ്പോലെ അവനും നല്ല തണ്ടും തടിയുമുണ്ട്. ഒരുപാട് കൂട്ടുകാരുമുണ്ട്. ബിനോയിക്ക് എളുപ്പത്തിൽ അവന്റെ അപ്പനുമമ്മക്കും വേണ്ടി പ്രതികാരം ചെയ്യാൻ കഴിയും. എന്നാൽ, എന്തൊരു വിഡ്ഢിത്തമാണ് താൻ ആലോചിച്ചുകൂട്ടുന്നതെന്ന് തൊട്ടടുത്ത നിമിഷംതന്നെ ഡെൽഫിക്ക് വീണ്ടുവിചാരമുണ്ടായി. സ്വന്തം മകന്റെ ഭാവി ഒരു പ്രതികാരം തീർക്കാൻവേണ്ടി തുലച്ചുകളയാനുള്ളതാണോ? മുന്നും പിന്നും നോക്കാതെ എടുത്തുചാടി എന്തു സാഹസവും കാണിക്കുന്ന പ്രായമാണ് ബിനോയിയുടേത്. ഒരു കൊലപാതകം നടത്തേണ്ടത് എത്ര ബുദ്ധിപൂർവം ആസൂത്രണം നടത്തി പഴുതുകളടച്ചായിരിക്കണം. ബിനോയിയുടെ പ്രായത്തിൽ അവൻ അങ്ങനെ മുന്നാലോചനകൾ നടത്തില്ല എന്നുറപ്പാണ്. അവൻ ആ കൊലപാതകത്തിന്റെ പേരിൽ ജയിലിലായാൽ അതോടെ അവന്റെ ജീവിതം കൂടുതൽ നിരാശയിലാകും.
അൽഫോൺസയുടെ കഥകൾകൂടി ഡെൽഫി പറഞ്ഞതോടെ പീറ്റപ്പനോട് എനിക്കും വെറുപ്പുതോന്നി. എന്നിട്ടയാളെ ഡെൽഫി കൊന്നോ. അല്ലെങ്കിൽ ആരെക്കൊണ്ടെങ്കിലും കൊല്ലിച്ചോ? എന്ന് ഞാൻ ഡെൽഫിയോട് ചോദിച്ചു. ആ രഹസ്യം അറിയാൻ എനിക്ക് ധിറുതിയായി സത്യത്തിൽ. ആ നേരത്ത് ഫോണിൽ ജെർസന്റെ അലർച്ചയും തെറിയും ബഹളവും ഞാൻ കേട്ടു. മിക്കപ്പോഴും സംസാരത്തിനിടക്ക് ഞാനത് കേൾക്കാറുള്ളതാണ്. ഞാൻ വെക്കട്ടെ. പിന്നെ വിളിക്കാം. ജെർസൻ ബഹളംവെക്കുന്നു എന്നുപറഞ്ഞ് ഡെൽഫി ഫോൺ കട്ട് ചെയ്തു.
അടുത്തതവണ വിളിച്ചപ്പോൾ ഡെൽഫി പറഞ്ഞു, ജെർസൻ ഈയിടെയായി കൂടുതൽ വയലന്റാകുന്നുണ്ട്. ഇടക്ക് ഫിറ്റ്സും വരുന്നു. ജെർസന് ഗ്ലാസിൽ ചായയോ വെള്ളമോ കൊടുത്താൽ കുടിച്ചുകഴിയുമ്പോൾതന്നെ നോക്കിനിന്ന് ആ ഗ്ലാസ് തിരികെ വാങ്ങിക്കൊള്ളണം. അല്ലെങ്കിൽ ജെർസൻ അത് ദൂരേക്ക് വലിച്ചെറിഞ്ഞുകളയും. വീട്ടിലുള്ള പലതും പലപ്പോളായി ജെർസൻ വലിച്ചെറിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ വിളിച്ചുകൊണ്ടിരുന്നപ്പോൾ കേട്ടതും അതാണ്.
ശരിക്ക് പറഞ്ഞാൽ അപ്പോളാണ് ഡെൽഫി അക്കാലത്ത് നടന്ന മറ്റൊരു പ്രധാനപ്പെട്ട സംഭവം ഓർത്തത്. അന്ന് കൈതവേലിക്കാരോട് പ്രതികാരം ചെയ്യാൻ വഴിയൊന്നും കാണുന്നില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുന്ന സമയത്താണ് മറ്റൊരു ദുഃഖകരമായ സംഭവമുണ്ടായത്.
കല്യാണം കഴിഞ്ഞ് ഡെൽഫിയെ അവരുടെ വീട്ടിൽനിന്ന് ഉടുപ്പും അലമാരയുമൊക്കെയായി കൂട്ടിക്കൊണ്ടുവന്ന സമയത്ത് അവർ ഒപ്പം കൊണ്ടുവന്ന ഒരു തിരുഹൃദയത്തിെന്റ രൂപം വീട്ടിലുണ്ടായിരുന്നു. മുമ്പ് ജെർസൻ സ്നാനം മുങ്ങിവന്നതിനു ശേഷം മുറ്റത്തിട്ടു തീയിടാൻ ശ്രമിച്ചപ്പോൾ ഡെൽഫിയെടുത്ത് സൂക്ഷിച്ചുവെച്ചിരുന്ന ആ രൂപം ജെർസന് അപകടം സംഭവിച്ചതിനുശേഷമാണ് നടയിൽ എടുത്ത് പ്രതിഷ്ഠിച്ചത്. ഭയങ്കരമായ സഹനങ്ങൾ ഉണ്ടാകുമ്പോൾ ഡെൽഫി ആ രൂപത്തിലേക്ക് ഏറെനേരം നോക്കിനിൽക്കും. ആ നേരത്ത് കർത്താവ് തന്നെ ആശ്വസിപ്പിക്കുന്നതായി ഡെൽഫിക്ക് തോന്നുമായിരുന്നത്രേ!
വീട്ടിലെ എന്തെങ്കിലുമൊക്കെ ജെർസൻ എടുത്തെറിയുമ്പോൾ ഡെൽഫി രൂപത്തിൽ നോക്കി പറയുമായിരുന്നു. ദേ... നോക്കീം കണ്ടുമൊക്കെയിരുന്നോ. ജെർസൻ ആള് പിശകാണ്. വലിച്ചെറിഞ്ഞ് പൊട്ടിച്ചെന്നൊരു പരാതി എന്നോട് പറയാൻ പാടില്ല എന്ന്. തമാശക്ക് പറഞ്ഞുകൊണ്ടിരുന്ന് ഒടുവിലതുതന്നെ സംഭവിച്ചത്രെ. ജെർസൻ ആ രൂപം എടുത്തെറിഞ്ഞ് പൊട്ടിച്ചുകളഞ്ഞു. അവരത് ഒട്ടും പ്രതീക്ഷിച്ചില്ലത്രേ! അയാളുടെ കൈയെത്താത്തിടത്ത് ആ രൂപം എടുത്തുവെക്കേണ്ടതായിരുന്നു എന്നോർത്ത് ഡെൽഫി അന്ന് ഒരുപാട് സങ്കടപ്പെട്ടു.
ഏതോ വലിയ ആപത്ത് തനിക്ക് വരാൻ പോകുന്നെന്ന് ഡെൽഫി ഭയന്നു. പീറ്റപ്പനെ കൊല്ലണമെന്ന തീരുമാനമെടുക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്ന ഡെൽഫി അന്ന് ഈ സംഭവത്തോടെ വിഷാദരോഗത്തിലേക്ക് വീണ്ടും വീണു. എന്നാൽ, എല്ലായ്പോളുമെന്നതുപോലെ രണ്ടേ രണ്ടു ദിവസത്തിനകം അവർ തന്റെ ഡിപ്രഷൻ മാറ്റാനുള്ള വഴി കണ്ടെത്തുകയും ചെയ്തു.
ഇത്തവണ ഡെൽഫി അതിനായി ആശ്രയിച്ചത് ആലപ്പുഴയിലെ കൃപാസനം മാതാവിനെയാണ്. കൃപാസനത്തിൽ ജൊസ്ഫീനയടക്കം പലരും പോകാറുണ്ട്. എന്നാൽ, ഡെൽഫിയെ ആ പ്രതിസന്ധിയിൽ അവിടേക്ക് ആ സമയത്ത് പറഞ്ഞുവിട്ടത് മിനിയാണ്. കൃപാസനത്തിൽ സ്ഥിരമായിട്ട് പോകാൻ തുടങ്ങിയതിനുശേഷം മിനിക്ക് ഒരു പ്രത്യേക വരം കിട്ടിയത്രേ! മൂലമ്പിള്ളിയിൽ മരണപ്പെടുന്നവരുടെ ആത്മാക്കൾ അവർക്കുവേണ്ടി പ്രാർഥിക്കണമെന്ന് സ്വപ്നത്തിൽ മിനിയോട് വന്നു പറയാൻ തുടങ്ങിയത്രേ. മിനി ആത്മാക്കളെ പ്രാർഥനകൊണ്ട് സഹായിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യാറുണ്ട്.
വിശുദ്ധ ജെർത്രൂദിന്റെ ഒരു പ്രാർഥനയുണ്ട്. ആ പ്രാർഥന ചൊല്ലിയാൽ ഒരൊറ്റത്തവണകൊണ്ട് ആയിരം ആത്മാക്കൾ രക്ഷപ്പെടുമെന്നാണ് പറയുന്നത്. അച്ചൻ കുർബാനമധ്യേ അൾത്താരയിൽ പരികർമം ചെയ്യുമ്പോൾ അവിടെ സംഭവിക്കുന്നതെന്താണെന്ന് അറിയാമോ എന്ന് ഡെൽഫി എന്നോട് ചോദിച്ചു. എനിക്കറിയില്ലായിരുന്നു. പുരോഹിതൻ ഉയർത്തിവാഴ്ത്തുന്ന അപ്പവും വീഞ്ഞും ശരിക്കും രക്തവും മാംസവും ആകുകയാണ് ചെയ്യുന്നത്. ഓരോ കുർബാനക്കും വീഞ്ഞ് രക്തമാകും. ആ രക്തത്തെ പ്രതിശുദ്ധീകരണ സ്ഥലത്ത് മോക്ഷം തേടുന്ന കുറച്ച് ആത്മാക്കളെ രക്ഷിക്കാൻ കഴിയും. അൾത്താരയിൽ അച്ചൻ കാസയുമായി നിൽക്കുന്ന സ്ഥലത്തിനും വിശ്വാസികൾക്കുമിടയിൽ എപ്പോളും കുറച്ച് സ്ഥലം ഒഴിച്ചിട്ടിട്ടുണ്ടാകും. അവിടെയാണ് ആത്മാക്കൾ രക്തമായി മാറുന്ന വീഞ്ഞ് പങ്കുപറ്റാൻ തിക്കിത്തിരക്കി നിൽക്കുന്നത്.
പാപബന്ധനംകൊണ്ട് ശുദ്ധീകരണ സ്ഥലത്തുനിന്ന് നമുക്ക് ദൈവത്തെ കാണാൻ കഴിയാതെ വരും. പ്രധാനമായും ആ സങ്കടമാണ് ഓരോ ആത്മാവും അവിടെ കിടന്ന് അനുഭവിക്കുന്നതും. ദൈവത്തെ കാണണം, കാണണം, കാണണം എന്ന ചിന്ത ഓരോ നിമിഷവും അവരെ ഉമിത്തീയിലെന്ന മട്ട് അലട്ടിക്കൊണ്ടിരിക്കും. ജീവിച്ചിരിക്കെ പാപം ചെയ്തില്ലായിരുന്നെങ്കിൽ എനിക്കിപ്പോൾ ദൈവത്തെ കാണാമായിരുന്നു എന്നോർത്ത് ദുഃഖിക്കും.
ഇതൊക്കെ ആരുപറഞ്ഞാണ് അറിഞ്ഞിരുന്നത് എന്ന് ഞാൻ ഇതിനിടയിൽ ഡെൽഫിയോട് ചോദിച്ചു. കുറേയൊക്കെ ഡെൽഫിക്കറിയാമായിരുന്നു. എന്നാൽ, യൂട്യൂബിൽ ഇതിന്റെയൊക്കെ വിവരണങ്ങൾ കിട്ടുമത്രെ. ആലീസ് ഫ്രാൻസിസ് എന്ന് സെർച്ച് ചെയ്താൽ കുറേ വിവരങ്ങൾ കിട്ടും.
അതുകേട്ട് ഞാൻ ഡെൽഫിയോട് പറഞ്ഞു, ഞാൻ കരുതിയത് ഇതൊക്കെ നാട്ടിൻപുറത്തുള്ള ആളുകൾക്കിടയിൽ മാത്രമുള്ള വിശ്വാസങ്ങളെക്കുറിച്ച് അവരിൽനിന്ന് കേട്ടറിഞ്ഞതാണെന്നാണ്. യൂട്യൂബിലും ഗൂഗിളിലും സെർച്ച് ചെയ്താൽ കിട്ടുന്നത് നോവലിൽ എഴുതാൻ കഴിയില്ല എന്ന് ഞാൻ ഡെൽഫിയെ ഓർമിപ്പിച്ചു. അത് ശരിയായ രീതിയല്ല. എഴുതിപ്പോയത് ഏതായാലും കിടക്കട്ടെ. ഇനി ഇത്തരം വിവരങ്ങൾ പറയുമ്പോൾ ചുരുങ്ങിയപക്ഷം എന്നോട് മുമ്പേ സൂചിപ്പിക്കുകയെങ്കിലും വേണമെന്ന് ഞാൻ ഡെൽഫിയോട് പറഞ്ഞു.
മിനി ആത്മാക്കൾക്കുവേണ്ടി പ്രാർഥിക്കുമായിരുന്നെന്ന് പറഞ്ഞല്ലോ. ഒരുദിവസം അവരുടെ അയൽവാസിയായ ഒരു യുവാവ് മൂലമ്പിള്ളിയിൽനിന്ന് പിഴലക്കു പോകുന്ന കടത്തിന്റെയടുത്ത് വെള്ളത്തിൽ വീണ് മരിച്ചു. അവന്റെ ആത്മാവ് അതിനടുത്ത ദിവസങ്ങളിലൊക്കെ രാത്രിയിൽ മിനിയുടെ അടുത്തുവന്ന് അവനുവേണ്ടി പ്രാർഥിക്കണമെന്ന് പറഞ്ഞ് യാചിക്കാൻ തുടങ്ങി. അവന്റെ ശല്യം തീരെ സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല മിനിക്ക്. മിനി ഇക്കാര്യം ഡെൽഫിയോട് വന്ന് പറഞ്ഞു. എന്നിട്ട് മിനി എന്താണ് അവനുവേണ്ടി പ്രാർഥിക്കാത്തത് എന്ന് ഡെൽഫി അവരോട് ചോദിച്ചു. കുറച്ചുദിവസം കഴിയട്ടെ ഡെൽഫീ എന്ന് മിനി പറഞ്ഞു. കാരണമെന്താണെന്നോ, അവൻ അവന്റെ അപ്പനെയും അമ്മയെയും ഒരുപാട് ഉപദ്രവിക്കുമായിരുന്നു. കറിക്കത്തിയുമായി അവൻ ആ സാധുക്കളെ കുത്താൻ ഓടിച്ചിടുമായിരുന്നു. വീട്ടിലെ മുഖംനോക്കുന്ന കണ്ണാടിയിൽ കുറേനേരം നോക്കിനിന്ന് വർത്തമാനം പറഞ്ഞിട്ട് ഒടുവിൽ കണ്ണാടിയിലിട്ടവൻ ഒരൊറ്റ ഇടികൊടുക്കും. കണ്ണാടി പൊട്ടിച്ചിതറും. അതായിരുന്നു അവന്റെ പ്രധാന വിനോദം. അതുകൊണ്ടാണ് ശുദ്ധീകരണ സ്ഥലത്ത് കിടന്ന് അവൻ കുറേ അനുഭവിക്കട്ടെ എന്ന് മിനി പറയുന്നത്.
കെ.എസ്.ആർ.ടി.സി ബസിൽ ഒറ്റക്കാണ് ഡെൽഫി കൃപാസനത്തിലേക്ക് പോയത്. അതിന് മുന്നിൽതന്നെ ബസിന് സ്റ്റോപ്പുമുണ്ട്. ബസ് അവിടെ നിർത്തിയപ്പോൾ യാത്രക്കാർ ഭൂരിഭാഗം പേരും അവിടെ ഇറങ്ങുന്നത് കണ്ടപ്പോൾതന്നെ ഡെൽഫിയുടെ ഉള്ളം കോരിത്തരിച്ചുപോയി.
പിന്നെയങ്ങോട്ട് കൃപാസനത്തെക്കുറിച്ചുള്ള ഡെൽഫിയുടെ ദീർഘമായ വിവരണമായിരുന്നു. ഇവിടെ ഞാനെഴുതുന്നതിനേക്കാൾ പത്തിരട്ടി ഡെൽഫി എന്നോട് പറഞ്ഞിട്ടുണ്ട്. ശരിക്കും ഞാനാ സമയങ്ങളിൽ വല്ലാതെ ബോറടിക്കുകയും ചെയ്തിരുന്നു.
കൃപാസനത്തെക്കുറിച്ച് ഞാനും ഒരുപാട് കേട്ടിരുന്നു അക്കാലത്തുതന്നെ. കൃപാസനം പത്രം ഒട്ടുമിക്ക ക്രിസ്ത്യൻ ഭവനങ്ങളിലും കാണുകയും ചെയ്തിരുന്നു. കൃപാസനമാതാവിലുള്ള വിശ്വാസം ഡെൽഫിയെ വല്ലാതെ സ്വാധീനിച്ചു അന്ന്. മാതാവിനെ രണ്ടുതവണ നേരിൽ കണ്ടിട്ടുണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ ഒരാളെ ആയിടക്ക് ഞാൻ പോഞ്ഞിക്കരയിൽവെച്ച് നേരിട്ട് കണ്ടു.
കൃപാസനത്തിലേത് സഞ്ചാരിയായ മാതാവാണെന്നാണ് ഡെൽഫി പറയുന്നത്. 2004ൽ ഭീകരമായ സൂനാമി ഉണ്ടാകുന്നതിന് തൊട്ടുമുമ്പാണ് സഞ്ചരിച്ച് സഞ്ചരിച്ച് മാതാവ് ആലപ്പുഴയിലെ കൃപാസനം അച്ചന് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്ന് അച്ചന്റെയൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീക്കും മാതാവിനെ നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായി.
ചാരനിറത്തിലുള്ള ഒരു വസ്ത്രമാണ് മാതാവ് അണിഞ്ഞിരുന്നതെന്നും മാതാവിന്റെ ഹൃദയഭാഗത്തായി ഒരു ക്ലോക്ക് മാതാവ് ചേർത്തുപിടിച്ചിരുന്നെന്നും അച്ചനും കന്യാസ്ത്രീയും സാക്ഷ്യപ്പെടുത്തുന്നു.
കൃപാസനത്തിൽ ചെന്ന ആദ്യദിവസം തന്നെ ഡെൽഫിക്ക് ഉറവിടമെവിടെനിന്നെന്നറിയാത്ത മുല്ലപ്പൂവിന്റെ സ്വർഗീയസുഗന്ധം കിട്ടിയിരുന്നു. അന്ന് പ്രാർഥനാഹാളിൽ മാതാവിന് മുന്നിൽ ഇളംനീലസാരി തലവഴി പുതച്ച് കൈയിൽ കാപ്പിക്കളറിലുള്ള കൊന്തയും വളച്ചിട്ടുകൊണ്ട് ഡെൽഫി പ്രാർഥിക്കുമ്പോൾ അവുടെ അടുത്തിരുന്ന ഒരു ആൺകുട്ടി ഡെൽഫിയെ ചൂണ്ടിക്കാട്ടിയിട്ട് അവന്റെ അമ്മയോട് ദേ... ആ ചേച്ചി മാതാവിനെപ്പോലെയിരിക്കുന്നെന്ന് പറയുന്നത് ഡെൽഫി കേട്ടിരുന്നു. ആ അമ്മ ഡെൽഫിയെത്തന്നെ സൂക്ഷിച്ച് നോക്കിയപ്പോൾ ഡെൽഫിക്ക് സന്തോഷമല്ല ദുഃഖമാണുണ്ടായത്. മാതാവ് എന്നൊക്കെ പറയാനുള്ള യോഗ്യതയൊന്നും തനിക്കില്ലെന്ന് ഡെൽഫിക്കറിയാം. അതുകൊണ്ടുതന്നെ അവർ ഗമകാണിച്ച് നിവർന്നിരിക്കാതെ വളഞ്ഞുകൂടി തലതാഴ്ത്തിയിരുന്നു; ഇനി ലോകത്തൊരാളും തന്നെ മാതാവാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് വിചാരിച്ചുകൊണ്ട്.
നമുക്ക് എന്തെങ്കിലും ആവശ്യങ്ങൾ സാധിക്കാനുണ്ടെങ്കിൽ അത് ഇത്ര ദിവസത്തിനുള്ളിൽ സാധിച്ചുതരണമെന്ന് അപേക്ഷിക്കണം. തീർച്ചയായും മാതാവ് അത് നിറവേറ്റിത്തരും. കൃപാസനത്തിലേത് സമയത്തെ ക്രമീകരിക്കുന്ന മാതാവാണ്. അവിടെ അനുദിനം സംഭവിച്ചുകൊണ്ടിരുന്ന അത്ഭുതങ്ങളുടെ സാക്ഷ്യങ്ങൾ കേട്ട് ഡെൽഫി അക്കാലത്ത് പലപ്പോഴും അറിയാതെ നിലവിളിച്ചുപോയിരുന്നത്രെ. കൃപാസനം പത്രം തുറന്നാൽ എണ്ണമറ്റ സാക്ഷ്യങ്ങൾ, യൂട്യൂബ് നോക്കിയാൽ അവിടെയും അനേകം സാക്ഷ്യങ്ങൾ...
അതിരാവിലെ ചില വീഡിയോകൾ കണ്ട് നിലവിളിച്ചുപോകുമ്പോൾ ഡെൽഫി മാതാവിനോട് ചോദിക്കുമായിരുന്നു, ബാക്കിയുള്ളവനെ കാലത്തേ കരയിപ്പിക്കാൻ കാലത്തേ ഓരോ സാക്ഷ്യങ്ങൾ തരികയാണല്ലോ മാതാവേ എന്ന്.
കൃപാസനത്തിൽ ചെല്ലുന്നവർക്ക് ലോക്കറ്റ്, തൈലം, ഉപ്പ്, ഉടമ്പടി പത്രം എന്നിവയൊക്കെ കൈയിൽ കൊടുത്തുവിടും. ഒരിക്കലും നമുക്ക് സാധിക്കാൻ കഴിയില്ലെന്ന് കരുതുന്ന കാര്യങ്ങളാണ് ഉടമ്പടിയിലൂടെ ലഭിക്കുന്നത്. തൊണ്ണൂറ് ദിവസമാണ് ഉടമ്പടിയുടെ കാലാവധി. ഉടമ്പടി പത്രത്തിൽ നമ്മുടെ ആറ് ആവശ്യങ്ങൾ ക്രമമായി എഴുതാം. അവിടന്ന് നമ്മോട് പകരമായി ആറ് ഉടമ്പടികൾ നിർദേശിക്കും.
അച്ചനുമായുള്ളതല്ല, മനുഷ്യനും ദൈവവും തമ്മിലുള്ളതാണ് ഈ ഉടമ്പടി. പണ്ട് മോശയും ഇസ്രായേൽ ജനതയും തമ്മിൽ ഉണ്ടാക്കിയതുപോലെ. വാഗ്ദാനത്തിന്റെ പേടകമായ മാതാവാണത് സാധിച്ചുതരുന്നതെന്നുമാത്രം.
രോഗികളെ സന്ദർശിക്കണം, ദുശ്ശീലങ്ങൾ ഒഴിവാക്കണം, വഴക്കുകൾ അവസാനിപ്പിക്കണം, പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും കൊടുക്കണം, നിർദേശിക്കപ്പെട്ട പ്രാർഥനകൾ വെളുപ്പിനും രാത്രിയിലും ചൊല്ലണം, നേർച്ചക്കടങ്ങൾ വീട്ടണം ഇവയായിരിക്കും ഉടമ്പടി നിർദേശങ്ങൾ മിക്കപ്പോളും.
പ്രത്യക്ഷീകരണ പ്രാർഥനകൾ തിരികൾ കത്തിച്ചുവേണം നടത്താൻ. ഓരോ ആവശ്യത്തിനും ഓരോ നിറത്തിലുള്ള മെഴുകുതിരികളുണ്ട്. പച്ച, മഞ്ഞ, നീല, ചുവപ്പ്, വെളുപ്പ്, പിങ്ക്.
മദ്യപാനത്തിന് അടിമയായവർക്ക് അവിടന്ന് കിട്ടിയ ഉപ്പ് ചോറിൽ കുഴച്ച് കൊടുത്താൽ മദ്യപാന ശീലം ഇല്ലാതാകും. എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നായി ഉപ്പും തൈലവും ഉപയോഗിക്കാം. കാശുരൂപം ചരടിൽ അല്ലെങ്കിൽ മാലയിൽ കോർത്ത് ഭയമുള്ളവർക്ക് അണിയാം.
കൃപാസനം ഡെൽഫിയെ ഡിപ്രഷനിൽനിന്ന് മോചിപ്പിക്കുക മാത്രമല്ല, പീറ്റപ്പനെ കൊല്ലണമെന്ന ചിന്ത അവരിൽനിന്ന് ഇല്ലാതാക്കുകയും ചെയ്തോ എന്ന് ഞാനോർത്തു.
അതിനടുത്ത ദിവസം ഡെൽഫി എന്നോട് പറഞ്ഞു, വളരെ പ്രധാനപ്പെട്ട ഒരു രഹസ്യം എന്നോട് പറയാനുണ്ടെന്ന്. ഇതുവരെ ഒരു സൂചനപോലും തരാത്ത രഹസ്യം. എന്താണത്? ഞാൻ ചോദിച്ചു.
(അടുത്ത ലക്കത്തിൽ അവസാനിക്കും)