അതൃപ്തരായ ആത്മാക്കൾ -നോവൽ അവസാനിക്കുന്നു
എന്നോട് മുഴുവനായും പറയില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്ന ഡെൽഫിയുടെ കഥയുടെ ക്ലൈമാക്സായിരിക്കുമോ അതെന്ന് ഞാൻ ഭയന്നു. എനിക്ക് വിശ്വസിക്കാൻ ഏറെ പ്രയാസമായ ഒരു വിശേഷമാണിത് എന്ന മുഖവുരയോടെ തികഞ്ഞ ആത്മവിശ്വാസത്തിൽ ഡെൽഫി പറയുകയാണ്; രാത്രിയായാൽ നേരം ഇരുട്ടിക്കഴിഞ്ഞാൽ ഡെൽഫിക്ക് ഒരു പ്രേതമായി മാറാനുള്ള കഴിവുണ്ടത്രെ! സഞ്ചാരിയായ കൃപാസനം മാതാവാണ് അവർക്ക് അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ ചെയ്യാനും; യാത്രചെയ്യാനുള്ള ഡെൽഫിയുടെ കൊതിയും...
Your Subscription Supports Independent Journalism
View Plansഎന്നോട് മുഴുവനായും പറയില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്ന ഡെൽഫിയുടെ കഥയുടെ ക്ലൈമാക്സായിരിക്കുമോ അതെന്ന് ഞാൻ ഭയന്നു.
എനിക്ക് വിശ്വസിക്കാൻ ഏറെ പ്രയാസമായ ഒരു വിശേഷമാണിത് എന്ന മുഖവുരയോടെ തികഞ്ഞ ആത്മവിശ്വാസത്തിൽ ഡെൽഫി പറയുകയാണ്; രാത്രിയായാൽ നേരം ഇരുട്ടിക്കഴിഞ്ഞാൽ ഡെൽഫിക്ക് ഒരു പ്രേതമായി മാറാനുള്ള കഴിവുണ്ടത്രെ! സഞ്ചാരിയായ കൃപാസനം മാതാവാണ് അവർക്ക് അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ ചെയ്യാനും; യാത്രചെയ്യാനുള്ള ഡെൽഫിയുടെ കൊതിയും ഇഷ്ടവും തീർക്കാനും ഇത്തരമൊരു വരം കൊടുത്തനുഗ്രഹിച്ചത്.
ഒരു രാത്രിയിൽ ഡെൽഫിപോലുമറിയാതെ അത് സംഭവിക്കുകയായിരുന്നു. ആദ്യം അവർ കരുതിയത് താനൊരു സ്വപ്നം കാണുകയാണെന്നാണ്; ഉണരുമ്പോൾ ഓർമ മാത്രമായിത്തീരുന്ന സ്വപ്നം. പിന്നീടാണ് ഡെൽഫിക്ക് ഉറപ്പിക്കാനായത് അത് യാഥാർഥ്യംതന്നെയാണെന്ന്. സ്വപ്നം കണ്ടെന്ന മട്ട് ഉണർന്നെഴുന്നേറ്റപ്പോൾ മൂക്കിലേക്ക് സെന്റ് ആന്റണി പൂക്കളുടെ രൂക്ഷമെങ്കിലും ഹൃദ്യമായ സുഗന്ധം തുളച്ചുകയറുന്നത് അവർ അറിഞ്ഞു. പാരിജാതപ്പൂക്കളെയാണ് ഡെൽഫി സെന്റ് ആന്റണി പൂക്കളെന്ന് പറയുന്നത്. അവർ ചുറ്റുപാടും നോക്കിയപ്പോൾ കണ്ടത് കാടുപോലെ വളർന്ന്, വെളുത്ത പൂക്കൾ നിറയെ ഉണ്ടായിനിൽക്കുന്ന പാരിജാത ചെടികളാണ്. നല്ല നിലാവുള്ള രാത്രിയായി
രുന്നു അത്. ഇതെങ്ങനെ സംഭവിച്ചു, താൻ വീടിനകത്ത് കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്നല്ലോ എന്നോർത്ത് ഡെൽഫി അമ്പരന്നു. ആ നേരത്ത് എങ്ങോനിന്നും ഒരു തണുത്ത കാറ്റുവീശി. പാരിജാത പൂക്കളുടെ മണമുള്ള കാറ്റ്. ആ കാറ്റിൽ തന്റെ കാലുകൾ ഒരു വൃക്ഷത്തലപ്പുപോലെ ആടുന്നതായി ഡെൽഫി അറിഞ്ഞു. കാലുകൾ തെന്നിനീങ്ങുന്നു. ഡെൽഫി അറിയാതെ താഴേക്കു നോക്കി. അവരുടെ നോട്ടം കാലുകളിൽ ഉടക്കി. തന്റെ കാൽപാദങ്ങൾ നിലത്ത് തൊട്ടിട്ടില്ലെന്ന് നിലാവെട്ടത്തിൽ നല്ല വ്യക്തമായിത്തന്നെ ഡെൽഫി കണ്ടു. വായുവിൽ തടസ്സങ്ങൾ വകവെക്കാതെ വേഗത്തിൽ ഒഴുകിനീങ്ങാൻ തനിക്ക് കഴിയുമെന്ന് ഡെൽഫി അറിഞ്ഞു. അവർ വീടിന്റെ പരിസരങ്ങളിൽ മരങ്ങൾക്കിടയിലൂടെ അലഞ്ഞു. അവരുടെ ചുണ്ടിൽനിന്ന് ഇഷ്ടപ്പെട്ട കവിത ഇൗണത്തിൽ പുറത്തുവന്നു.
ഇനിയൊന്ന് തിരികെ നടക്കണം, വന്ന വഴിയോർത്തോർത്തു പോകണം. മുള്ളു പതിച്ചൊരാ, വേവിന്റെ ചൂടുള്ള പെരുവഴിയിലൂടെ തിരിക്കണം...
മുമ്പൊരിക്കൽ സംസാരത്തിനിടക്ക് ഡെൽഫി എന്നോട് ചോദിച്ചിരുന്നു. സലിൽ വാലിപ്പറമ്പിൽ എന്ന കവി എഴുതിയ ഇനിയൊന്ന് തിരികേ നടക്കണം എന്ന കവിത കേട്ടിട്ടുണ്ടോ എന്ന്. ഇല്ലെന്ന് ഞാൻ പറഞ്ഞിരുന്നു. യൂട്യൂബിൽ കേട്ടു നോക്കുമോ എന്നെന്നോട് ചോദിച്ചു. ഒരുതവണ ഞാനാ കവിത കേൾക്കുകയും ചെയ്തിരുന്നു. ഡെൽഫിക്ക് ആ കവിത വലിയ ഇഷ്ടമാണത്രെ. ഇടക്ക് അവരത് കേൾക്കാറുണ്ട്. ഒരു പ്രേതമായിത്തീർന്നപ്പോൾ മൂളാൻ ഡെൽഫി തെരഞ്ഞെടുത്തതും ആ കവിതതന്നെ.
എന്തു പ് രാന്താണ് ഡെൽഫി ഈ പറയുന്നതെന്ന് ഞാനോർത്തു. വിഷാദരോഗം കടുത്ത് അവരുടെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടിട്ടുണ്ടാകുമോ? ആദ്യ അധ്യായങ്ങളിലെ പ്രേതങ്ങളുടെയും ആത്മാക്കളുടെയും അവർ പറഞ്ഞ കഥകൾ മറ്റുള്ളവരുടേതായിരുന്നു. ഇപ്പോളിതാ അവർതന്നെ ഒരു പ്രേതമായിത്തീർന്നിരിക്കുന്നെന്ന്.
ഒരു പ്രേതമായി അലഞ്ഞുനടക്കാൻ വലിയ ആഗ്രഹമുണ്ടെന്ന് ഒരിക്കൽ ഡെൽഫി എന്നോട് പറഞ്ഞിരുന്നത് അപ്പോൾ എനിക്കോർമ വന്നു.
മരിക്കാതെ ഒരാൾക്ക് എങ്ങനെയാണ് പ്രേതമാകാൻ കഴിയുകയെന്ന് ഞാൻ ഡെൽഫിയോട് ചോദിച്ചു. കൃപാസനം മാതാവിന്റെ അത്ഭുതശക്തിയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഞാനങ്ങനെ ചോദിച്ചതെന്ന് ഡെൽഫി എന്നെ പരിഹസിച്ചു.
ആദ്യമൊക്കെ വീട്ടുമുറ്റത്തും അടുത്തുള്ള പറമ്പുകളിലും മാത്രമായിരുന്നു ഡെൽഫി അലഞ്ഞുനടന്നത്. പിന്നെ പിന്നെ അവരുടെ യാത്ര കണ്ടെയ്നർ റോഡ്, പള്ളിമുറ്റം, പുഴയോരം എന്നിവിടങ്ങളിലേക്കും നീണ്ടു. എത്രയോ കാലമായുള്ള ഡെൽഫിയുടെ ആഗ്രഹമാണ് നിലാവിൽ കുളിച്ചുനിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഇങ്ങനെ ഒഴുകിനടക്കണമെന്നത്. ഇപ്പോൾ അതെല്ലാം സാധ്യമായിരിക്കുന്നു.
മഴപെയ്ത രാത്രികളിലൊക്കെ ഒരുതുള്ളിപോലും പാഴാക്കാതെ ഡെൽഫി അത് മുഴുവൻ നനഞ്ഞു. മഞ്ഞിൽ തണുത്തുവിറച്ചു.
പ്രേതമായിത്തീരുന്ന നേരത്ത് തന്നെ മറ്റുള്ളവർക്ക് കാണാൻ കഴിയുമോ എന്ന് ഡെൽഫിക്കറിയില്ലായിരുന്നു. ചിലപ്പോൾ കാണാൻ കഴിഞ്ഞേക്കുമെന്ന സംശയത്താൽ അവർ ഇരുട്ടിലാണെങ്കിലും മറ്റുള്ളവർ കാണാതിരിക്കാൻ ശ്രദ്ധിച്ചാണ് സഞ്ചരിച്ചത്. എന്നാൽ, ആ നേരത്ത് താൻ അദൃശ്യയാണെന്ന് ഡെൽഫി ഉറപ്പിച്ച ഒരു സംഭവമുണ്ടായി ഒരിക്കൽ. ഒരു തുലാവർഷ രാത്രിയിൽ പുറത്തെ ശക്തമായ ഇടിക്കും മിന്നലിനും കാറ്റിനുമൊപ്പം തകർത്തുപെയ്യുന്ന മഴ നനഞ്ഞ് ഡെൽഫി ഉല്ലസിച്ചു. പുലർച്ചെ വീടിന്റെ അകത്തേക്ക് തിരിച്ചുകയറുമ്പോൾ പൂമുഖത്തുതന്നെ സെറ്റിയിലിരുന്ന് മൊബൈൽഫോണിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന ബിനോയിയുടെ മുന്നിലേക്കാണ് അവർ ചെന്നുചാടിയത്. ബിനോയിയെ ഡെൽഫി ആ സമയത്ത് അവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവനങ്ങനെയാണ്, പല രാത്രികളിലും നേരം വെളുക്കുന്നതുവരെയിരുന്ന് ഓൺലൈനിൽ ഗെയിം കളിക്കും. ഡെൽഫി എത്ര ശകാരിച്ചിട്ടും അവനാ ശീലം അവസാനിപ്പിക്കുന്നില്ല. ഉന്മാദം ഉണ്ടാക്കിയ അലസതയാണ് അന്ന് ഡെൽഫിയെ ചതിച്ചത്. പക്ഷേ, തൊട്ടുമുന്നിൽ ചെന്നുനിന്നിട്ടും ഡെൽഫിയെ ബിനോയ് കണ്ടില്ല. മുറിയിലേക്ക് ചെന്നപ്പോൾ ഉറങ്ങാതെ കിടന്നിരുന്ന ജെർസനും കണ്ടതായി തോന്നിയില്ല. പിറ്റേന്നു രാവിലെ ചായ കുടിച്ചുകൊണ്ടിരിക്കെ, ബിനോയ് പറയുകയാണ്, അമ്മേ... ദേ നമ്മുടെ വീടിനകത്തൊക്കെ ആരോ മഴയത്തുനിന്ന് കയറിവന്നതുപോലെ വെള്ളം കിടക്കുന്നെന്ന്.
പകൽനേരങ്ങളിൽ ഒട്ടുംതന്നെ പുറത്തിറങ്ങാത്തതുകൊണ്ട് ഡെൽഫിക്ക് ആ വകയിൽ കിട്ടിയിരുന്ന ചീത്തപ്പേരിന് അക്കാലത്ത് അൽപം കുറവ് വന്നുതുടങ്ങിയിരുന്നു.
ഈ തീരദേശ ദ്വീപുകൾ മിക്കതും ഒരിട്ടാവട്ടമാണ്. കെട്ടിക്കിടക്കുന്ന വെള്ളംപോലെയാണ് അവിടത്തെ മനുഷ്യരൊക്കെ. ചരൽ വാരാൻ പോകുന്ന കുറേ ആണുങ്ങളുണ്ടിവിടെ. വെളുപ്പിനേയുള്ള പണി കഴിഞ്ഞാൽ പകൽ മുഴുവൻ അവർക്ക് വേറെയൊന്നും ചെയ്യാനില്ല. പിന്നെ അവരുടെ നേരംപോക്കെന്ന് പറയുന്നത് കുറച്ച് കള്ള് കുടിക്കുക എന്നിട്ട് കുറേ പരദൂഷണം പറയുക എന്നതാണ്. പുറത്തേക്ക് മനസ്സമാധാനത്തോടെ ഒന്നിറങ്ങിനടക്കണമെങ്കിൽ ഒരു ഹെലികോപ്ടർ വാങ്ങേണ്ടിവരുമല്ലോ എന്നോർത്തിരിക്കുമ്പോളാണ് ഡെൽഫിക്ക് മാതാവ് ഇങ്ങനെയൊരു വരം കൊടുക്കുന്നത്.
റോയിയിൽനിന്ന് ആ പ്രധാനപ്പെട്ട രഹസ്യം അറിഞ്ഞുകഴിഞ്ഞതിൽപിന്നെ ഡെൽഫിയുടെ ഫോൺവിളികളും തീരെ കുറഞ്ഞു. അൽഫോൺസയെപ്പോലെ അത്യാവശ്യം ചിലരോട് മാത്രം അവർ സംസാരിക്കും.
പട്ടികളുടെയും പൂച്ചകളുടെയുമൊക്കെ കരച്ചിലുകൾ കേട്ടാൽ നേരം ഇരുട്ടിക്കഴിഞ്ഞാണെങ്കിൽ ഡെൽഫിക്ക് ചിലതൊക്കെ മനസ്സിലാക്കാൻ കഴിയുമത്രേ. രാത്രികളിൽ കാക്കകളിൽ ചിലത് കരയുന്നത് ഡെൽഫി ഇടക്ക് കേൾക്കാറുണ്ട്. താൻ മാത്രമാണോ അത് കേൾക്കാറുള്ളതെന്ന് ഡെൽഫിക്കറിയില്ല.
മൂലമ്പിള്ളിയിൽതന്നെ ചുറ്റിത്തിരിഞ്ഞ് മടുത്തപ്പോൾ ഡെൽഫി പിഴല, ചേരാനെല്ലൂർ, കോതാട്, വരാപ്പുഴ, കടമക്കുടിയൊക്കെ കറങ്ങി. കടമക്കുടിയിൽ തോമസിന്റെ ചെമ്മീൻകെട്ടിൽ രാത്രി ഒറ്റക്ക് ചെല്ലുമ്പോൾ കെട്ടിൽ മീൻ വളർത്തുന്ന സീസണായിരുന്നില്ല. പാടങ്ങൾ മുഴുവൻ കൊയ്യാറായ നെൽകൃഷിയായിരുന്നു. അഞ്ചുമാസക്കാലമേ കെട്ട് പാട്ടത്തിനെടുത്തവർക്ക് നിയമപരമായി മീൻപിടിക്കാനുള്ള അവകാശമുള്ളൂ. അത് കഴിഞ്ഞാൽ ആർക്ക് വേണമെങ്കിലും കെട്ടിൽനിന്ന് മീൻ പിടിക്കാം. വലകളടക്കം പല രീതികളിലുള്ള മീൻപിടിത്ത ഉപകരണങ്ങളുമായി പകൽ ആളുകൾ വന്ന് കെട്ട് ഇളക്കിമറിച്ച് മീൻ പിടിക്കും. അന്ന് രാത്രി കെട്ട് പാട്ടത്തിനെടുത്തവർക്ക് മീനും ചെമ്മീനും കൂടുതൽ കിട്ടും. പകൽനേരത്ത് കെട്ട് ഇളക്കിമറിച്ചതിന്റെ ഫലം.
മീൻപിടിത്തം കഴിഞ്ഞുള്ള ബാക്കി ഏഴുമാസം പാടത്ത് പൊക്കാളി കൃഷി ഇറക്കണമെന്നാണ്. വെള്ളം മുഴുവൻ വറ്റിച്ച് വിത്തുപാകി നെല്ല് മുളപ്പിച്ച് ഞാറ് നട്ടുവളർത്തിയ നെല്ല് കണ്ണെത്താദൂരത്തോളം കതിരിട്ട് നിൽക്കുന്ന കാഴ്ച നിലാവെളിച്ചത്തിൽ ഒറ്റക്ക് മതിവരുവോളം നടന്നുകാണാൻ കഴിഞ്ഞത് ഒരു പ്രേതമായി മാറാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണെന്ന് ഡെൽഫി കരുതുന്നു.
കെട്ട് നടത്തി മീൻപിടിക്കാൻ അനുവാദമുള്ള അഞ്ചുമാസക്കാലം വേനലാണ്. ആ സമയത്ത് കായലിലെ വെള്ളത്തിന് ഉപ്പുരസമായിരിക്കും. അത് കഴിഞ്ഞാൽ മഴ പെയ്ത് ഉപ്പുരസം പോയി പാടത്ത് നല്ല വെള്ളമാകും. ഉപ്പുവെള്ളത്തിൽ പൊക്കാളിച്ചെടി വളരില്ല. നല്ല മഴ കിട്ടിയില്ലെങ്കിൽ നെല്ല് നശിച്ചുപോകാനും മതി.
പാടവരമ്പിലൂടെ നിലാവിൽ ഇനിയൊന്ന് തിരികേ നടക്കണമെന്ന് ചീവീടുകളുടെ ശ്രുതിക്കൊപ്പം പാടി നെൽക്കതിരുകളിൽ തലോടിക്കൊണ്ടു നടക്കുമ്പോൾ, തേത്തായി അവിടെ തൂമ്പിലിരുന്നുകൊണ്ട് ബീഡിപ്പുക ഊതിവിടുന്നത് ഡെൽഫി കണ്ടു. ചുവന്ന മഞ്ഞക്കണ്ണുകൊണ്ട് അയാൾ ഡെൽഫിയെ തുറിച്ചുനോക്കി. ഡെൽഫിക്ക് ഒട്ടും പേടി തോന്നിയില്ല. മുടി വിതർത്തിയിട്ട് കണ്ണുകൾ മിഴിച്ചുകൊണ്ട്, എഴുന്നേറ്റ് മാറെടോ എന്ന് ആഞ്ചി പറഞ്ഞിരിക്കാനിടയുള്ളതിനേക്കാൾ ഒച്ചയിൽ ഡെൽഫി അലറിപ്പറഞ്ഞപ്പോൾ തേത്തായി നെൽചെടികൾക്കിടയിലേക്ക് ചാടി ഓടി മറഞ്ഞുകളഞ്ഞു. ഡെൽഫിക്ക് അത് കണ്ട് ചിരി അടക്കാനായില്ലത്രേ.
ഇനിയൊന്ന് തിരികെ നടക്കണമെന്ന് ഉച്ചത്തിൽ പാടിനടന്ന് നേരം വെളുത്തത് ഡെൽഫി അറിഞ്ഞില്ല. കടമക്കുടിയിലെ പാടവരമ്പിൽനിന്ന് നോക്കിയാൽ തെളിഞ്ഞ ആകാശമാണെങ്കിൽ സഹ്യപർവതനിരകൾ ദൂരെയായി കാണാം. ആ കാഴ്ചയും കൂടി കണ്ടാസ്വദിച്ചതിനുശേഷം ഡെൽഫി വേഗം തിരിച്ച് വീട്ടിലേക്ക് പോന്നു.
തെളിഞ്ഞ ആകാശമാണെങ്കിൽ പോഞ്ഞിക്കര പള്ളിയുടെ കടവിൽനിന്ന് നോക്കിയാലും സഹ്യപർവതനിരകൾ കാണാൻ കഴിയുമെന്ന് ഞാൻ അപ്പോൾ പറഞ്ഞെങ്കിലും ഡെൽഫി അത് കേട്ടതായി നടിച്ചില്ല. അവരങ്ങനെയാണ്, നമ്മളെ കേൾക്കാതെ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും.
പേരണ്ടൂർ പാലത്തിലൂടെ ഒരു രാത്രിയെങ്കിലും നടക്കാൻ പോകണമെന്ന് ഡെൽഫിക്ക് വലിയ ആഗ്രഹമായിരുന്നു. അവിടെ ചെന്നപ്പോൾ െജാസ്ഫീന പറഞ്ഞിരുന്നതുപോലെ ഡെൽഫിയും കണ്ടു കുറേ പ്രേതാന്മാക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്. അവരാരും ഡെൽഫിയെ മൈൻഡ് ചെയ്തേയില്ല. ട്രെയിൻ കയറി മരിച്ച ഒരു പ്രേതത്തെ ഡെൽഫി കണ്ടു. തലയില്ലാതെ വെറുതെ ഉടലുമാത്രം വേച്ചുവേച്ച് നടന്നുപോകുന്നു.
അതിനുശേഷം ഒരുദിവസം ഡെൽഫി ആലുവ മണപ്പുറത്ത് പോയി. NAD വഴി ആലുവ ബസ് പോകുന്ന ഇടങ്ങളിലൂടെതന്നെ പോകണമെന്ന് ഡെൽഫിക്ക് നിർബന്ധമായിരുന്നു. മുമ്പ് വിൻസിക്കൊപ്പം അവിടേക്ക് ബസിൽ പോയപ്പോൾ അവരുടെ പരിഭവം കലർന്ന കലപില വർത്തമാനം തന്നെ അലോസരപ്പെടുത്തിയത് ഡെൽഫി അപ്പോൾ ചിരിച്ചുകൊണ്ട് അയവിറക്കി.
മട്ടാഞ്ചേരിയിലെ കുര്യച്ചന്റെ നടയിൽ, വല്ലാർപാടത്തമ്മയുടെ അടുത്ത്, കലൂർ പള്ളിയിൽ, ഇടപ്പള്ളി പള്ളിയിൽ, കണ്ണമാലിയിൽ ഒക്കെ ഓരോ രാത്രികളിൽ ഡെൽഫി പോയി. കൃപാസനം മാതാവിന്റെയടുക്കൽ പലതവണ പോയി. പകലുകളിലേതിനേക്കാൾ രാത്രിയിലാണ് അവിടെയൊക്കെ പോകാൻ രസമെന്ന് ഈ ആളുകളെ എങ്ങനെയാണ് പറഞ്ഞ് വിശ്വസിപ്പിക്കുകയെന്നോർത്ത് ഡെൽഫിക്ക് ദുഃഖം തോന്നിയത്രേ! ക്രിസ്മസ് കാലത്ത് ഡെൽഫി ഭയങ്കര തിരക്കിലായിരിക്കും. കാരണം, എല്ലാ പള്ളികളിലും ഓടിനടന്ന് നക്ഷത്രങ്ങൾ തൂക്കിയിരിക്കുന്നത് കണ്ടുതീർക്കേണ്ടതല്ലേ.
വെറും ഒരൊറ്റ രാത്രികൊണ്ട് ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൺസാമ്മയുടെ കല്ലറയിൽ ചെന്ന് തൊട്ട് മൊത്തിയിട്ട് തിരിച്ചുവരാൻ കഴിയുമെന്നായപ്പോൾ ഡെൽഫിക്ക് യാത്രകൾ ഒഴിവാക്കാനാകാത്ത ലഹരിപോലെയായി. അങ്ങനെയാണ് മുക്കത്തെ കാഞ്ചനേടത്തിയെ കാണണമെന്ന് ആഗ്രഹമുണ്ടായത്. ഒരു സന്ധ്യക്ക് വീട്ടിൽനിന്ന് പുറപ്പെട്ട് എത്ര പെട്ടെന്നാണ് അവിടെ എത്തിയതെന്ന് മനസ്സിലായപ്പോൾ ഡെൽഫിക്ക് അത്ഭുതം തോന്നി. കാഞ്ചനേടത്തി വിളക്കുകൾ കെടുത്താതെ മുറിയിലെ ബെഡിൽ എന്തോ ഓർത്ത് കിടക്കുകയായിരുന്നു. മൊയ്തീനെക്കുറിച്ചായിരിക്കും ഈ വാർധക്യത്തിലും ഓർക്കുന്നതെന്ന് ഡെൽഫിക്കുറപ്പായിരുന്നു. ഡെൽഫി കാഞ്ചനേടത്തിക്കരികിൽ ചേർന്നുകിടന്ന് അവരെ മെല്ലെ കെട്ടിപ്പിടിച്ചു. തമ്മിൽ കാണാൻ കഴിയുമായിരുന്നെങ്കിൽ എന്തെങ്കിലും വർത്തമാനം പറയാമായിരുന്നു എന്ന് ഡെൽഫി ഓർത്തു.
ഒട്ടുമിക്ക രാത്രികളിലും ഓരോയിടത്തേക്കും യാത്ര പോകുമ്പോൾ വീട്ടിൽ ബിനോയ് ഉണ്ടെങ്കിലും തന്റെ ശ്രദ്ധകിട്ടാതെ ജെർസന് ആപത്തെന്തെങ്കിലും സംഭവിക്കുമോ എന്ന് ഡെൽഫി എപ്പോളും ആശങ്കപ്പെട്ടിരുന്നു. കണ്ണുതെറ്റിയാൽ രാത്രിയെന്നോ പകലെന്നോയില്ലാതെ ജെർസൻ നേരെ വീടിന് പുറത്തേക്കിറങ്ങിപ്പോകും. ഡെൽഫി ഊരുചുറ്റാൻ തുടങ്ങിയിട്ട് ഇക്കാലംവരെ ജെർസൻ ഉണർന്ന് ആപത്തിലേക്കൊന്നും പോയിട്ടില്ല. കോഴിക്കോട് മുക്കം വരെ പോയപ്പോളാണ് ഡെൽഫിയെ അമ്പരപ്പിച്ചുകൊണ്ട് ഒരു സംഭവമുണ്ടായത്. പതിവിലും വേഗത്തിൽ വായുവിലൂടെ ഒഴുകിനീങ്ങുമ്പോൾ ജെർസന് എന്തോ ഒരാപത്ത് വരാൻ പോകുന്നതായി ഡെൽഫിക്ക് വെളിപാടുണ്ടായി. കറുത്തിരുണ്ട ആകാശത്തേക്ക് ഡെൽഫി തുറിച്ചുനോക്കിയപ്പോൾ മൂലമ്പിള്ളിയിലെ മുറിയിൽ കട്ടിലിൽ കിടന്നുറങ്ങുന്ന ജെർസൻ പെട്ടെന്ന് ഉറക്കമുണർന്ന് ചാടിയെഴുന്നേറ്റ് ഡെൽഫീ ചായ താ, ഡെൽഫീ ചായ താ എന്നുപറഞ്ഞുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങാൻ പോകുന്ന കാഴ്ച അവർ അത്ഭുതംപോലെ കണ്ടു. ബിനോയ് മൊബൈലിൽ ഗെയിം കളിച്ച് തളർന്ന് ഉറക്കമായിരിക്കുമെന്ന് ഡെൽഫിക്കറിയാം. ഉടനെ എന്തെങ്കിലും ചെയ്തേ പറ്റൂ. എന്നാൽ, ഇത്രയും ദൂരത്തുനിന്നുകൊണ്ട് തനിക്കെന്തു ചെയ്യാൻ കഴിയുമെന്ന് ഡെൽഫി നിസ്സഹായതയോടെ ആലോചിച്ചു. വീട്ടിലുണ്ടായിരുന്നെങ്കിൽ അവരൊന്ന് ശാസിച്ചാൽ ജെർസൻ പോയി കിടക്കുമായിരുന്നു. ഇത്രയും ദൂരത്താണെന്നോർക്കാതെ ഡെൽഫി അവിടെ നിന്നുകൊണ്ടുതന്നെ ഉറക്കെ പറഞ്ഞു; എടോ താൻ ഈ നേരത്ത് എവിടെ പോണെടോ, പോയി കിടന്നുറങ്ങടോ ജെർസാ എന്ന്. തൊട്ടടുത്തുനിന്ന് ഡെൽഫി പറഞ്ഞത് കേട്ടെന്ന മട്ട് ജെർസൻ ഞെട്ടി തിരിഞ്ഞുനോക്കിയിട്ട് തിരികെ കിടക്കയിൽ പോയി കിടന്നുറങ്ങി. ആ സംഭവത്തോടെ ഡെൽഫിക്ക് തന്റെ കഴിവിൽ കൂടുതൽ വിശ്വാസമുണ്ടായി. ജെർസനെക്കുറിേച്ചാർത്ത് ആധിപിടിക്കാതെ ഇനി യഥേഷ്ടം എവിടെയും അലഞ്ഞുതിരിയാമല്ലോ എന്ന് ഡെൽഫി ആശ്വസിച്ചു.
അതിനുശേഷം ഡെൽഫി പള്ളുരുത്തിയിൽ സംഗീതസംവിധായകൻ അർജുനൻ മാഷിന്റെയടുക്കൽ പോയി. അദ്ദേഹം ക്ഷീണിച്ച് നല്ല ഉറക്കത്തിലായിരുന്നു. ഹാർമോണിയത്തിൽ ഈണങ്ങൾ വായിച്ച മാഷിന്റെ കൈവിരലുകളിൽ ഡെൽഫി ആരാധനയോടെ ചുംബിച്ചു. പിന്നെ ജെറി അമൽദേവ്, ജോൺസൻ മാഷിന്റെ ഭാര്യ റാണി േചച്ചി, റേഡിയോ ജോക്കി ആശാലത... ഡെൽഫി പല രാത്രികളിലായി കാണാൻ പോയവരുടെ പട്ടിക നീണ്ടുപോകുന്നു.
ഒരു രാത്രി ഡെൽഫി മൂലമ്പിള്ളി പള്ളിമുറ്റത്ത് പോയ കൂട്ടത്തിൽ സെമിത്തേരിയിലും കയറി. ജെർസന്റെ കുടുംബകല്ലറ വല്ലാതെ കാടുപിടിച്ചുകിടക്കുന്നത് അവർ വിഷമത്തോടെ നോക്കിനിൽക്കുമ്പോളാണ് പെട്ടെന്ന് കല്ലറക്ക് മുകളിൽ കൊച്ചാപ്പു വെളമക്കുട്ടിയുമായി സൊറപറഞ്ഞിരിക്കുന്നത് കണ്ടത്. അവരിപ്പോളും പ്രേതങ്ങളായിത്തന്നെ നടക്കുകയാണല്ലോ എന്ന് ഡെൽഫി ആശ്ചര്യപ്പെട്ടു. മടിച്ചുമടിച്ചാണ് ഡെൽഫി അവരുടെ അടുത്തേക്ക് ചെന്നത്. വാത്സല്യവും ശകാരവും കലർന്ന ശബ്ദത്തിൽ അന്ന് വെളമക്കുട്ടി ചോദിച്ചു, നീയെന്താടീ മോളേ കളർസാരിയും ബ്ലൗസുമിട്ട് ഞങ്ങളുടെയിടയിലേക്ക് വരുന്നത്, പ്രേതങ്ങൾ വെള്ളയേ ഉടുക്കാറുള്ളൂ എന്ന് നിനക്കറിയില്ലേടീ എന്ന്.
അപ്പോളാണ് ഡെൽഫി കുറ്റബോധത്തോടെ അക്കാര്യം തിരിച്ചറിയുന്നത്. അന്നവർ കൂടുതൽ കറങ്ങാൻ നിൽക്കാതെ വേഗം വീട്ടിലേക്ക് തിരിച്ചുപോന്നു. പിറ്റേന്നുതന്നെ ഡെൽഫി എറണാകുളത്തു പോയി നാലഞ്ചു വെള്ളസാരികളും വെള്ള ബ്ലൗസിനുള്ള തുണികളും വാങ്ങിക്കൊണ്ടുവന്നു. ചിറ്റൂരോ വടുതലയിലോ ചെട്ടിഭാഗത്തോ പോയാലും ഇതൊക്കെ വാങ്ങാൻ കിട്ടും. എന്നിട്ടും എറണാകുളത്തുതന്നെ ഡെൽഫി പോയതിനുള്ള കാരണം അവിടങ്ങളിലെ തുണിക്കടക്കാർക്ക് തയ്യൽക്കാരിയായ ഡെൽഫിയെ നന്നായിട്ടറിയാമായിരുന്നു. കെട്ടിയവന് സുഖമില്ലാതിരിക്കുന്ന അവർ നാലഞ്ചു വെള്ളസാരികൾ വാങ്ങിവെക്കുന്നതെന്തിനാണെന്ന് ഉറപ്പായും ചോദിക്കും. പിന്നെയവർ അതെല്ലായിടത്തും പറഞ്ഞുനടക്കും. വെളുത്ത ബ്ലൗസ് വീട്ടിലിരുന്ന് തയ്ച്ചപ്പോൾ അത് ബിനോയിപോലും കാണാതിരിക്കാൻ ഡെൽഫി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അങ്ങനെ സഞ്ചരിച്ചും സന്തോഷിച്ചും നടക്കുന്ന സമയത്താണ് ഡെൽഫിയിൽ പീറ്റപ്പനെ കൊല്ലണമെന്ന വിചാരം വീണ്ടുമുണ്ടാകുന്നത്. പീറ്റപ്പനൊപ്പം ഭയപ്പെടുത്തുകയോ നോവിച്ചുവിടുകയോ ചെയ്യേണ്ട പലരും ഡെൽഫിയുടെ ജീവിതത്തിലുണ്ട്. അവരുടെ ഒരു ലിസ്റ്റ് ഡെൽഫി ആലോചിച്ച് തയാറാക്കിവെച്ചു.
കൈതവേലിക്കുടുംബത്തിലെ മറ്റുള്ളവർ, പവിയാനോസ്, ഫോണിൽ ശല്യപ്പെടുത്തിയ റോയി വരെയുള്ള അനേകം പേർ, യഹോവ സാക്ഷിയിലെ സഹോദരന്മാർ, ജൊസ്ഫീന, ജെർസനെ ഇടിച്ചിട്ട ലോറിയുടെ ഡ്രൈവർ. (അയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും കൈയിലില്ലാത്തതിനാൽ അക്കാര്യം സാധിക്കുമോ എന്ന് ഡെൽഫിക്ക് ഉറപ്പില്ലേത്ര)
ഒരുദിവസം രാത്രി ഡെൽഫി പീറ്റപ്പന്റെ പന്നിഫാമിലേക്ക് ചെന്നു. അവിടെ വലിയ കൂടുകളും അതിൽ നിറയെ പന്നികളെയും അവർ കണ്ടു. ഡെൽഫിയെ കണ്ടിട്ടാണോ എന്നറിയില്ല പന്നികൾ കൂട്ടിൽ കിടന്ന് ഉറക്കെ അമറുന്നുണ്ടായിരുന്നു. ഒരതിരിൽ പണിക്കാർക്ക് താമസിക്കാനുള്ള നല്ല ഭംഗിയുള്ള ഒരു ചെറിയ വീട് ഡെൽഫി കണ്ടു. അതിനടുത്തേക്ക് ചെന്നപ്പോൾതന്നെ അകത്ത് ഞെരക്കവും അടക്കിപ്പിടിച്ച സംസാരവും അവർ കേട്ടു. ജനലിന്റെ വിടവിലൂടെ വീടിനകത്തേക്ക് നോക്കിയ ഡെൽഫി കണ്ടു, പീറ്റപ്പൻ ഫാമിലെ ജോലിക്കാരിയായ ഹിന്ദിക്കാരിയുമൊത്ത് കട്ടിലിൽ കെട്ടിപ്പിടിച്ച് കിടക്കുന്നത്. ഡെൽഫിയുടെ രക്തം തിളച്ചു. ഇന്നുതന്നെ പീറ്റപ്പന്റെ കഥ കഴിച്ചാലോ എന്ന് അവർ ചിന്തിച്ചു. പിന്നെ തീരുമാനിച്ചു; അയാളെ ഒറ്റക്ക് കിട്ടട്ടെ അന്നേരം തീർക്കാമെന്ന്. ഡെൽഫി കലിതീർക്കാനായി പന്നിക്കൂടുകളുടെ വാതിലുകൾ കൊളുത്ത് നീക്കി വലിച്ചുതുറന്ന് മലർത്തിയിട്ടു. എന്നിട്ട് പന്നിക്കൂടുകളിലേക്ക് തലയിട്ട് വിചിത്രമായ വലിയ ശബ്ദമുണ്ടാക്കി. പന്നികളെല്ലാം കൂടിന് പുറത്തേക്ക് നിലവിളിച്ചുകൊണ്ട് പാഞ്ഞു; ഫാമിൽ മുഴുവൻ ചിതറി; ചില പന്നികൾ ഭയന്നോടി പുഴയിൽ ചാടി. ഉടനെ പീറ്റപ്പൻ കിടന്നിരുന്ന മുറിയിൽ ലൈറ്റ് തെളിഞ്ഞു. വാതിൽ തുറന്ന് രണ്ടുപേരും പുറത്തിറങ്ങി. ഹിന്ദിക്കാരി വെളുത്ത സുന്ദരിയാണെന്ന് ഡെൽഫിക്ക് തോന്നി. അവർ ചുണ്ടുകൾ ലിപ്സ്റ്റിക്കിട്ട് ചുവപ്പിച്ചിരുന്നു. ഡെൽഫി അവിടെനിന്ന് തിരിച്ചു പോരുമ്പോൾ അവർ പന്നികളെ കൂട്ടിൽ തിരികെ കയറ്റാൻ പാടുപെടുകയായിരുന്നു.
പിന്നീട് പല രാത്രികളിലും ഡെൽഫി പീറ്റപ്പനെ ഫാമിൽ ചെന്ന് ഭയപ്പെടുത്തി. എല്ലായ്പോളും അയാൾക്കൊപ്പം ഓരോ പുതിയ പെണ്ണുങ്ങളുണ്ടായിരുന്നു. ഡെൽഫിയുടെ ശല്യം കൂടിയപ്പോൾ പീറ്റപ്പൻ ഫാമിൽ കിടന്നുറങ്ങാതായത്രേ!
പീറ്റപ്പനെ അന്വേഷിച്ച് ഡെൽഫി അയാളുടെ വീട്ടിലേക്ക് ചെന്നു. പണ്ട് വെളമക്കുട്ടിയും ജൊസ്ഫീനയുമൊക്കെ പ്രേതങ്ങൾ ചെയ്യുമായിരുന്നെന്ന് പറഞ്ഞിരുന്നതുപോലെ, പീറ്റപ്പന്റെ വീടിന് തൊട്ടടുത്തുള്ള ഏതെങ്കിലും മരത്തിൽ കയറിയിരുന്ന് അതിന്റെ കൊമ്പുകൾ പിടിച്ച് കുലുക്കി ഭയപ്പെടുത്തുകയോ ചോറിലും കിടക്കപ്പായയിലും മണ്ണ് വാരിയിടുകയോ ചെയ്യാനാണ് ആദ്യം ഡെൽഫിക്ക് തോന്നിയത്. പിന്നെ അവരത് വേണ്ടെന്നുവെച്ചു.
വെളുപ്പാൻകാലത്ത് അവിടേക്ക് ചെന്നപ്പോൾ ഡെൽഫി കണ്ടത് അടുക്കളയിൽ ഗ്യാസടുപ്പിൽ പുട്ടുകുറ്റി നിറച്ചുവെച്ച് ആവി വരുന്നത് കാത്തുനിൽക്കുന്ന അൽഫോൺസയെയാണ്. ഡൈനിങ് ടേബിളിൽ വന്നിരുന്നുകൊണ്ട് ധിറുതിപിടിച്ച് പീറ്റപ്പൻ പറയുന്നുണ്ട്; വേഗം താടീ... പുട്ടു തിന്നിട്ടുവേണം എനിക്ക് ഫാമിലേക്ക് പോകാൻ എന്ന്.
ഫാമിൽതന്നെ കിടന്നുറങ്ങുകയായിരുന്നെങ്കിൽ പന്നികളെ നോക്കാൻ പീറ്റപ്പന് വെളുപ്പാൻകാലത്തേ എഴുന്നേറ്റ് പോകേണ്ടിവരില്ലായിരുന്നുവെന്ന് ഡെൽഫിക്ക് മനസ്സിലായി. പുട്ടിന് ആവി വന്നിട്ട് അത് തിന്നതിനുശേഷം പീറ്റപ്പൻ ഇന്ന് ഫാമിലേക്ക് പോകുന്നത് ഒന്ന് കാണണമല്ലോ എന്ന് ഡെൽഫി മനസ്സിൽ കരുതി.
കാപ്പിരിയുള്ളിടത്ത് പുട്ടുകണ നിറച്ചുവെച്ചാൽ എത്രനേരം കാത്തുനിന്നാലും ആവി വരുകയില്ലെന്ന് മുമ്പ് ജൊസ്ഫീന പറഞ്ഞ് ഡെൽഫി കേട്ടിട്ടുണ്ട്. സാദാ പ്രേതങ്ങൾ നോക്കിനിന്നാലും അതേ ഫലമുണ്ടാകുമോ എന്ന് പരീക്ഷിക്കണമെന്ന് ഡെൽഫിക്ക് തോന്നി. ഡെൽഫി ആ പുട്ടുകുറ്റിയിലേക്കുതന്നെ കണ്ണെടുക്കാതെ നോക്കിനിന്നു. ഏറെനേരം കഴിഞ്ഞിട്ടും പുട്ട് വെന്ത് ആവി പുറത്തുവരുന്നില്ല എന്ന് ഡെൽഫി കണ്ടു. അതിനടുത്ത് മറ്റൊരടുപ്പിൽ അൽഫോൺസ കടലക്കറി തിളക്കാൻ വെച്ചിരുന്നു. കറിപാത്രത്തിന്റെ മൂടി ഇടക്ക് തുറന്നുനോക്കിയപ്പോളാണ് അത് പതഞ്ഞുപൊങ്ങി വളിച്ച മണം വരുന്നതായി അൽഫോൺസ അറിഞ്ഞത്.
കാപ്പിരിയുള്ളിടത്ത് കറികൾ വളിച്ച് പതഞ്ഞുവരുമെന്ന് ഡെൽഫി കേട്ടിട്ടുള്ളതും സത്യമാണെന്ന് ഡെൽഫിക്ക് മനസ്സിലായി. പഴയകാലത്ത് അടുപ്പിൽ തീ കത്തിച്ച് പാചകം ചെയ്യുമ്പോൾ പരിസരത്ത് കാപ്പിരിയുണ്ടെന്ന് സംശയം തോന്നിയാൽ പുട്ടുകണയെടുത്ത് ഒന്നടുപ്പിലിടും; കറിയിൽനിന്ന് കുറച്ച് ചാറ് ഒരുക്കിയെടുത്ത് അടുപ്പിന് ചുറ്റും തൂകും. അൽഫോൺസക്ക് ഇതൊന്നും അറിയാനിടയില്ലെന്ന് ഡെൽഫിക്ക് തോന്നി.
കുളിച്ചു വേഷം മാറിവന്ന് പുട്ടും കടലക്കറിയും കഴിക്കാൻ കാത്തിരുന്ന പീറ്റപ്പൻ ക്ഷമകെട്ട് അസ്വസ്ഥനാകുന്നതു കണ്ട് ഡെൽഫിക്ക് ചിരിവന്നു. കടലക്കറിയുടെ വളിച്ച മണംകൂടി അനുഭവപ്പെട്ടതോടെ പീറ്റപ്പന് പ് രാന്തു കയറി. അയാൾ അൽഫോൺസയെ നല്ല പുളിച്ച തെറി പറഞ്ഞിട്ട് അവരുടെ മുടിക്ക് കുത്തിപ്പിടിച്ച് മുതുകിൽ കുറേ ഇടി കൊടുത്തു. എന്നിട്ട് പുട്ടുകണ കൈകൊണ്ട് തട്ടിത്തെറിപ്പിച്ച് വീടിന് പുറത്തേക്ക് വേഗം ഇറങ്ങിപ്പോയി.
പ്രേതമായിത്തീരാൻ തുടങ്ങിയശേഷം ഇതുപോലൊരബദ്ധം ഡെൽഫിക്ക് വേറെ പറ്റിയിട്ടില്ല. പീറ്റപ്പനെ കുരുപൊട്ടിക്കാൻ ചെയ്ത ഒരു കുസൃതി കാരണം അൽഫോൺസക്ക് ഇടി കിട്ടുമെന്ന് ഡെൽഫി കരുതിയിരുന്നില്ല. അവർ അന്നും വേഗം വീട്ടിലേക്ക് തിരിച്ചുപോയി. പകൽ മുഴുവൻ അവർ വീട്ടിൽ ഒന്നും ചെയ്യാതെ സങ്കടപ്പെട്ടിരുന്നു.
പീറ്റപ്പനോടുള്ള ഡെൽഫിയുടെ പ്രതികാരം പിന്നെയും പൂർവാധികം ശക്തിയോടെ ആളിക്കത്തി. ഇനി അയാളെ ഈ ഭൂമിയിൽ ജീവിക്കാനനുവദിക്കുന്നത് നീതിയല്ല. ഉടനെതന്നെ അയാളുടെ കഥ കഴിക്കണം എന്ന് ഡെൽഫി തീരുമാനിച്ചു. ഏതു രീതിയിൽ അത് ചെയ്യണമെന്ന് മാത്രമാണ് അവർക്കിനി തീരുമാനിക്കാനുള്ളത്. ഉറങ്ങിക്കിടക്കുമ്പോൾ ഭയപ്പെടുത്തി ബോധം കെടുത്തിയിട്ട് കഴുത്തിലെ ഞരമ്പ് കടിച്ചുമുറിച്ച് ചോര വലിച്ചുകുടിക്കാം, ആകർഷിച്ച് വഴിതെറ്റിച്ച് പുഴയിലോ പാടത്തോ തോട്ടിലോ വീഴ്ത്തിയിട്ട് മുക്കിത്താഴ്ത്താം, മതിഭ്രമം വരുത്തി ആത്മഹത്യ ചെയ്യിക്കാം, കണ്ടെയ്നർ റോഡിലൂടെ ബൈക്കോടിച്ച് പോകുമ്പോൾ അപകടപ്പെടുത്താം.
കൊലപാതകം നടത്തുന്നതിനെക്കുറിച്ചുള്ള ഡെൽഫിയുടെ ഉന്മാദം നിറഞ്ഞ വർത്തമാനത്തിൽനിന്ന് ശ്രദ്ധതിരിക്കാനായി ഇടക്ക് കയറി ഞാൻ ചോദിച്ചു, കഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിത്തിരിവായിട്ടുകൂടി ഇങ്ങനെ പ്രേതമാകാൻ കഴിവ് ലഭിച്ച കാര്യം ഇതുവരെ എന്തുകൊണ്ട് എന്നോടു പറയാതിരുന്നത് എന്ന്. ഈ കഥകൾ എന്നോട് പറഞ്ഞുതുടങ്ങുമ്പോളേ ഡെൽഫിക്കീ കഴിവുണ്ട്. എന്നിട്ടും ഇക്കാലം വരെ സൂചനപോലും തരാതെ വർത്തമാനം പറയാനുള്ള ഡെൽഫിയുടെ കഴിവ് അപാരംതന്നെ.
ഉടനെ ഡെൽഫി എന്നോട് പറയുകയാണ്, നിങ്ങൾ ഒരെഴുത്തുകാരനല്ലേ. ഈ രഹസ്യം ആദ്യമേതന്നെ പറഞ്ഞിരുന്നെങ്കിൽ പിന്നീട് ഞാൻ പറയാൻ പോകുന്ന ഈ കഥകളൊക്കെ കേൾക്കാൻ നിങ്ങൾക്ക് മനസ്സുണ്ടാകുമായിരുന്നോ? എനിക്ക് ചിത്തഭ്രമമോ വട്ടോ ആണെന്ന് കരുതി നൈസായിട്ട് നിങ്ങളെന്നെ ഒഴിവാക്കുമായിരുന്നില്ലേ. എന്റെ കഥകൾ ഇത്രയും പറഞ്ഞിട്ട് അതിന്റെ തുടർച്ചയായി ഇക്കാര്യം വെളിപ്പെടുത്തുമ്പോൾ അതിനൊരു വിശ്വാസ്യതയും സാധൂകരണവും ഉണ്ടാകുന്നില്ലേ. എങ്ങനെ, ഏതു സാഹചര്യത്തിൽ, എന്തുകൊണ്ട് എനിക്കൊരു പ്രേതമാകാനുള്ള കഴിവുകിട്ടി എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലേ? മറ്റൊരു കാര്യം പറയാം. ഇടക്ക് എന്നെ വിട്ടുപോകാതെ ഞാൻ ഇക്കാലം മുഴുവൻ പറയുന്നത് കേട്ടുകേട്ട് ഈ രഹസ്യം എന്നിൽനിന്നറിയുവാൻ നിങ്ങൾ ഇപ്പോളാണ് യോഗ്യത നേടിയത്.
ഇത്രയും പറഞ്ഞുകൊണ്ട് ഡെൽഫി ഒരു ഭ്രാന്തിയെപ്പോലെ ഉറക്കെ പൊട്ടിച്ചിരിച്ചു. അവരുടെ മുന്നിൽ ഞാൻ വല്ലാതെ ചെറുതായിപ്പോകുന്നതുപോലെ എനിക്ക് തോന്നി. കഥകൾ പറയാൻ മാത്രമല്ല, കേൾക്കാനും യോഗ്യത വേണമെന്നും മനസ്സ് പാകപ്പെടണമെന്നും ഡെൽഫി എനിക്ക് പറഞ്ഞുതരുന്നു. എഴുത്തുകാരനെ എഴുത്തിന്റെ തന്ത്രങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്ന കഥാപാത്രം. കൗതുകകരമായിരിക്കുന്നു ഇത്.
ഇനി പീറ്റപ്പനെ കൊന്നെങ്കിൽ അതെങ്ങനെയാണെന്നുകൂടി ഡെൽഫിയിൽനിന്ന് അറിയണം. അന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ കയറി അവരുടെ സംസാരം തടസ്സപ്പെടുത്തരുതായിരുന്നെന്ന് ഞാനോർത്തു.
ഇത് ശരിക്കും ഒരു കുഴപ്പം പിടിച്ച അവസ്ഥയാണെന്ന് എനിക്ക് തോന്നി. ഡെൽഫിക്ക് രാത്രി പ്രേതമാകാൻ കഴിയുന്നു എന്നത് അവർക്ക് പ്രധാനപ്പെട്ട കാര്യമായിരിക്കും. എന്നാൽ, എനിക്കത് അസംബന്ധവും അവിശ്വസനീയവുമാണ്. എന്നെ ഭയപ്പെടുത്താനോ ഉപദ്രവിക്കാനോ അവർ വരുന്നില്ലെങ്കിൽ ഡെൽഫി പ്രേതമായാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. എന്നാൽ, പീറ്റപ്പനെ ഡെൽഫി കൊന്നിട്ടുണ്ടെങ്കിൽ ആ രഹസ്യം അറിയുന്നതോടെ അക്കാര്യം പൊലീസിൽ അറിയിക്കാനുള്ള ഉത്തരവാദിത്തം എന്നിൽ വന്നുചേരും. കൊലപാതകം അറിഞ്ഞിട്ട് അത് മറച്ചുവെക്കുന്നതും ഒരു കുറ്റകൃത്യമല്ലേ? മറ്റൊന്ന് ഡെൽഫി നേരത്തേ എനിക്ക് തന്നിരുന്ന ആപത് സൂചനയാണ്. ഒരു ഭയത്തിന്റെ നിഴലിൽ ജീവിക്കുന്നത് എന്റെ തുടർന്നങ്ങോട്ടുള്ള സ്വസ്ഥത തീർച്ചയായും നശിപ്പിക്കും; എനിക്കതിലൊക്കെ പൂർണ വിശ്വാസമില്ലെങ്കിൽകൂടി. ഓരോന്നോർത്ത് അന്ന് ഞാനൊന്ന് മയങ്ങിയപ്പോളേക്കും നേരം പുലർച്ചയായിരുന്നു. ആ മയക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു.
ഡെൽഫി പറയുന്ന ഈ കഥകളിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ, പീറ്റപ്പൻ എന്നൊരാൾ മൂലമ്പിള്ളിയിലുണ്ടെങ്കിൽ അയാളുടെ ഇപ്പോളത്തെ അവസ്ഥയെന്താണ് എന്നൊക്കെ അവരറിയാതെ അന്വേഷിച്ചുപോകാൻ ഞാൻ തീരുമാനിച്ചു. ഒരു പരിപാടിക്ക് വിളമ്പാൻ കുറേയധികം പോർക്കിറച്ചി വാങ്ങാനെന്ന വ്യാജേന ഒരുദിവസം ഞാൻ മൂലമ്പിള്ളിയിലേക്ക് കാറോടിച്ച് ചെന്നു. അവിടെ പലരോടും ഞാൻ പീറ്റപ്പന്റെ പന്നിഫാമിനെക്കുറിച്ച് ചോദിച്ചു. അങ്ങനെയൊരാളോ ഫാമോ മൂലമ്പിള്ളിയിലൊരിടത്തുമില്ലെന്ന് എല്ലാവരുമെന്നോട് പറഞ്ഞു. ഒരാളുടെയും ഓർമകളിൽപോലും അങ്ങനെയൊരാളില്ലത്രേ. ഒടുവിൽ പീറ്റപ്പനെ അറിയില്ലെന്ന് തീർത്തുപറഞ്ഞ ഒരാളോട് രണ്ടും കൽപിച്ച് ഞാൻ ഡെൽഫിയെക്കുറിച്ച് ചോദിച്ചു. ഡെൽഫിയോ അതാരാണെന്ന് അയാൾ എന്നോട് തിരിച്ച് ചോദിച്ചു. എനിക്ക് വാശിയായി. ഞാൻ മൂലമ്പിള്ളിയിൽ പലരോടും അവരെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെയൊരു സ്ത്രീയെക്കുറിച്ചും ആർക്കും അറിയില്ലായിരുന്നു. ഞാനാകെ വിയർത്തുകുളിച്ച് വല്ലാതായി. അവിടെവെച്ചുതന്നെ ഡെൽഫിയെ വിളിക്കാനായി ഞാൻ ഫോൺ കൈയിലെടുത്തു. കോൾലിസ്റ്റെടുത്ത് റീഡയൽ ചെയ്യാൻ നോക്കിയപ്പോൾ അതിലൊരിടത്തും ഡെൽഫി എന്നെയോ ഞാനവരെയോ വിളിച്ചതായി കണ്ടില്ല. ഉടനെ ഞാൻ കോൺടാക്ട് ലിസ്റ്റിൽ അവരുടെ പേര് തിരഞ്ഞു. അവിടെയും അവരുടെ പേര് ഞാൻ കണ്ടില്ല. ആ സത്യത്തോട് പൊരുത്തപ്പെടാനാകാതെ ഞാൻ നടുങ്ങി. ആ നടുക്കത്തിലാണ് അമ്പരപ്പോടെ ഞാനാ ഉറക്കത്തിൽനിന്നുണർന്നത്. ഉണർന്നയുടനെ ഫോണെടുത്ത് ഞാൻ ഡെൽഫിയുടെ പേര് തിരഞ്ഞു. അതിൽ ഞാൻ ഡെൽഫിയുടെ പേരും നമ്പറും കണ്ടു. തൽക്കാലം എനിക്ക് വലിയ ആശ്വാസം തോന്നി. ഒപ്പം മൂലമ്പിള്ളിയിൽ ബസിലിരുന്ന് അവരെ ഒരിക്കൽ കണ്ട കാര്യം ഓർക്കുകയും ചെയ്തു.
പിറ്റേന്ന് പതിവുപോലെ ഡെൽഫി എന്നെ വിളിച്ചു. ഫോൺ എടുത്തയുടൻ ഞാനവരോട് പറഞ്ഞു, എന്നാൽ ഇന്ന് നമുക്ക് നേരെ കഥയിലേക്ക് കടക്കാമല്ലേ ഡെൽഫീ എന്ന്. അപ്പോൾ അവർ എന്നോട് പറയുകയാണ്. അവർ പലതവണ തിരിച്ചും മറിച്ചും ആലോചിച്ചത്രെ. നേരത്തേ പറഞ്ഞിരുന്നതുപോലെ ഡെൽഫി അവരുടെ കഥ പറയുന്നത് ഇവിടെവെച്ച് അവസാനിപ്പിക്കുകയാണെന്ന്. ഇനി നമുക്ക് മറ്റെന്തെങ്കിലുമൊക്കെ സംസാരിക്കാം. അന്ധവിശ്വാസം, അസംബന്ധം അങ്ങനെ എന്തുവേണമെങ്കിലും പറഞ്ഞോളൂ. ഒരെഴുത്തുകാരന്റെ ജീവിതംകൊണ്ട് പരീക്ഷണം നടത്താൻ ഡെൽഫി ഒരുക്കമല്ല. അവരുടെ കഥ മുഴുവൻ കേട്ടവർക്കുണ്ടായ ദുർമരണങ്ങൾ യാദൃച്ഛികമാണെന്ന് വിശ്വസിക്കാൻ അവർ ഒരുക്കമല്ലത്രെ. ഇനിയും നല്ല സുഹൃത്തുക്കളായിട്ട് തുടരാം. പുതിയ വിശേഷങ്ങൾ പങ്കുവെക്കാം.
രാത്രികാലങ്ങളിലെ പ്രേതസഞ്ചാരങ്ങളും ഡെൽഫിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു ഇപ്പോൾ.
കഥ മുഴുവനായും പറയണമെന്ന് ഞാനവരെ നിർബന്ധിക്കാൻ പോയില്ല. എത്ര നിർബന്ധിച്ചാലും സ്വന്തമിഷ്ടത്തിനല്ലാതെ ഡെൽഫി പറയില്ലെന്ന് എനിക്ക് നന്നായിട്ടറിയാം. അങ്ങനെ സമ്മർദം ചെലുത്തി പറയിക്കാനുള്ള അടുപ്പമോ സ്വാതന്ത്ര്യമോ ഞങ്ങൾക്കിടയിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും എനിക്കറിയാം.
പ്രേതമാകാനുള്ള കഴിവ് ലഭിച്ച കാര്യത്തെക്കുറിച്ച് ഇത്രയുംകാലം എനിക്കൊരു സൂചനപോലും തരാതിരുന്നത് വെച്ചുനോക്കുമ്പോൾ ഡെൽഫി മറച്ചുവെക്കാനാഗ്രഹിക്കുന്ന ആ രഹസ്യം പീറ്റപ്പന്റെ കൊലപാതകത്തെക്കുറിച്ചുതന്നെയാകണമെന്നില്ല, വേറെ എന്തെങ്കിലുമാകാൻ സാധ്യതയുണ്ട് എന്നുമെനിക്ക് തോന്നി. ഡെൽഫിയെയും പീറ്റപ്പനെയും കുറിച്ചുള്ള സത്യാവസ്ഥകളറിയാൻ സ്വപ്നത്തിലുണ്ടായതുപോലെ ഒരു യാത്ര പോയാലോ എന്ന് ഞാനോർക്കും. പിന്നെയത് വേണ്ടെന്ന് വെക്കും. കാരണം, സ്വപ്നത്തിൽ സംഭവിച്ചതുപോലെ അവരൊക്കെ ശരിക്കും ഇല്ലാത്തവരാണെങ്കിലോ? ഡെൽഫിയെ വിളിക്കാൻ ശ്രമിക്കുമ്പോൾ എന്റെ ഫോണിൽ അവരുടെ പേരും നമ്പറും കണ്ടില്ലെങ്കിലോ? അതിനെക്കുറിച്ചൊക്കെ ഓർക്കുമ്പോൾതന്നെ ഒരു വല്ലായ്ക തോന്നുന്നു.
വെളിപ്പെടുത്താനാകാെത പോകുന്ന ഒരു രഹസ്യമായിരുന്നു ഒടുവിൽ ഞാനെഴുതി പ്രസിദ്ധീകരിച്ച എന്റെ നോവലിന്റെ ക്ലൈമാക്സ്. ആവർത്തനവും അനുകരണവുംപോലെ ഈ നോവലിലും ഇത്തരമൊരു ക്ലൈമാക്സ് കൊണ്ടുവരേണ്ടിവന്നത് ഈ കൃതിയുടെ വിധിയാണ്. മുൻ നോവലിന്റെ പരിസമാപ്തി പൂർണമായും ഭാവനയായിരുന്നെങ്കിൽ ഇത് യഥാർഥത്തിൽ ഇങ്ങനെത്തന്നെയാണ്.
ഒരെഴുത്തുകാരന് തന്റെ ചില രചനകളെങ്കിലും ഏതുരീതിയിൽ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാൻ അയാൾക്ക് കഴിയില്ലെന്ന് ഞാനറിയുന്നു.
(അവസാനിച്ചു)