മുടിയറകൾ -9
35വണ്ടിത്താവളത്തിലെ അടിപിടിയിൽനിന്നും രക്ഷപ്പെട്ട് ലോറിയിലേക്ക് ഓടിക്കയറുമ്പോൾ അതെങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കാനുള്ള സാവകാശമൊന്നും രായനും കുഞ്ഞാപ്പിക്കുമില്ലായിരുന്നു. കൈയിലെ ചോര രായൻ കളമുണ്ടിൽ തുടച്ചു. മൂന്നാം വളവിലെ നിരപ്പിൽ ലോറി ഒതുക്കി ചായ കുടിക്കാനിറങ്ങുമ്പോഴാണ്, മലയിറങ്ങി ഞാറക്കടവിലേക്കാണ് തടി കയറ്റിയ ലോറി പോകുന്നതെന്ന്...
Your Subscription Supports Independent Journalism
View Plans35
വണ്ടിത്താവളത്തിലെ അടിപിടിയിൽനിന്നും രക്ഷപ്പെട്ട് ലോറിയിലേക്ക് ഓടിക്കയറുമ്പോൾ അതെങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കാനുള്ള സാവകാശമൊന്നും രായനും കുഞ്ഞാപ്പിക്കുമില്ലായിരുന്നു. കൈയിലെ ചോര രായൻ കളമുണ്ടിൽ തുടച്ചു.
മൂന്നാം വളവിലെ നിരപ്പിൽ ലോറി ഒതുക്കി ചായ കുടിക്കാനിറങ്ങുമ്പോഴാണ്, മലയിറങ്ങി ഞാറക്കടവിലേക്കാണ് തടി കയറ്റിയ ലോറി പോകുന്നതെന്ന് അറിയുന്നത്. മേപ്പാളത്തെ ഫിലിപ്പിന്റേതാണ് ലോറി. അയാളാണിപ്പോൾ ഞാറക്കടവിലെ മുതലാളിയെന്ന് കിളിയുടെ സംസാരത്തിൽനിന്നും മനസ്സിലായി.
രാത്രി വണ്ടിക്കാരോടൊപ്പം പോകാതെ അടിവാരത്ത് തങ്ങാമെന്ന് രായൻ പറഞ്ഞു. കുത്തു കിട്ടിയവന്റെ ആളുകൾ പിന്നാലെ വരുമെന്നുള്ള പേടിയും നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവും കൂടിയായപ്പോൾ കുഞ്ഞാപ്പി ലോറിയിലേക്ക് കയറി.
"പത്തുപതിനഞ്ചു കൊല്ലമായിനാട്ടീന്ന് പോന്നിട്ട്. നമുക്ക് അവിടെവരെയൊന്നു പോകാം. നീ കേറ് രായാ."
രായന് മടി. ഒടുക്കം അച്ചമ്മയെ കണ്ടിട്ട് ആരുമറിയാതെ മടങ്ങാമെന്ന് പറഞ്ഞതോടെ രായനും കയറി.
നാടുവിട്ടുപോയതിനു ശേഷം ഞാറക്കടവിലേക്കുള്ള ആദ്യത്തെ മടക്കയാത്ര. അടിവാരത്ത് എത്തിയപ്പോൾ അച്ചമ്മക്ക് വേണ്ടി കുഞ്ഞാപ്പിയൊരു കരിമ്പടം വാങ്ങിച്ചു. ബഹളങ്ങളിലെല്ലാം പേടിച്ച് അവന്റെ കഴുത്തിൽ ഇറുക്കിപ്പിടിച്ചിരുന്ന കുട്ടിത്തേവാങ്ക് ഇടക്കിടെ ഇരുട്ടിലേക്ക് കണ്ണു മിഴിച്ചോണ്ടിരുന്നു.
തണുപ്പും പേറിയുള്ള രാത്രിയാത്ര വെളുപ്പിന് അമ്പനാപുരത്ത് എത്തി. ഉറക്കച്ചടവോടെ കണ്ണും തിരുമ്മി കുഞ്ഞാപ്പി എഴുന്നേറ്റു. കടപ്പുളി നിറയുന്ന ആറ്റുകടവിലേക്ക് നോക്കിയിരിക്കെ, ഡെറിനാനയുടെ പറമ്പിലേക്ക് മിഖായേലച്ചയുടെ മകളെ കൂട്ടിക്കൊണ്ടുവന്നതു മുതലുള്ള കാര്യങ്ങൾ അവനോർത്തു. വർഷങ്ങൾ കഴിഞ്ഞെങ്കിലും ഒരു ഉൾഭയം. രായനെ ഉണർത്താതെ തോളിൽ ഇറുക്കിപ്പിടിച്ച തേവാങ്കിനെയും തടവി അവൻ ലോറിയിൽ നിന്നിറങ്ങി.
അമ്പനാപുരം കഴിഞ്ഞാൽ പറോട്ടിയാണ്. അതും കഴിഞ്ഞ് ഞാറക്കടവ്. വറവലിന്റെ മണമുള്ള ചന്തക്കടവിലെ മാധവന്റെ ചായക്കട, എതിർവശത്തെ അലിയാർ സാഹിബിന്റെ മസ്ജിദ്. മിനാരത്തിനു മുകളിലെ നീളൻ കോളാമ്പിമൈക്ക്. കൂറ്റൻ മണി മുഴങ്ങുന്ന സായിപ്പച്ചന്റെ ഞാറക്കടവു പള്ളി. തിരുനാളിന്റെ കാതടപ്പൻ ബാൻഡ് സെറ്റ്. രായന്റമ്മ തൊഴാൻ പോകുന്ന കോവിൽ. എട്ടും പത്തും നിലകളിൽ കരിമരുന്നിന്റെ കാഴ്ചയൊരുക്കുന്ന ഉത്സവപ്പറമ്പിലെ വെടിക്കെട്ട്. ആളും അനക്കവുമില്ലാത്ത തീണ്ടാത്തുരുത്ത്. പിള്ളേരുകളികളുടെ ഈറ്റില്ലമായ പാട്ടിപ്പറമ്പ്. കുട്ടികളുമായി തല്ലുകൂടുന്ന കരിക്കച്ചിറ സ്കൂളിന്റെ ഓടുപാകിയ വരാന്ത.
പള്ളിപ്പെരുന്നാളിന് അരമനയിലെ താടിക്കാരനച്ചൻ കാണിക്കാറുള്ള വിശുദ്ധനാടിന്റെ സ്ലൈഡ്ഷോപോലെ ഒളിച്ചോടുമ്പോഴുള്ള ഞാറക്കടവിന്റെ ഭൂപടം കുഞ്ഞാപ്പിയുടെ ഓർമകളിൽ തെളിഞ്ഞു.
ലോറിയൊതുക്കി ആറ്റിലേക്കിറങ്ങിയ ഡ്രൈവറും ക്ലീനറും തിരിച്ചെത്തുന്നതും കാത്ത് അവൻ അരയിൽ ചേടിയിരുന്ന മൂക്കിപ്പൊടി എടുത്തു. രായനപ്പോഴും തലവഴി മൂടിപ്പുതച്ച് കിടന്നു.
മാലിപ്പുറത്തെ അമ്മവീട്ടിലേക്ക് ബസിനു പോകുമ്പോഴോക്കെ അരികിലെ സീറ്റിൽ പിടിച്ചിരുത്തി കടന്നുപോകുന്ന ഒാരോ ദേശവും അവിടത്തെ പ്രത്യേകതകളും അച്ചമ്മ പറയാറുണ്ട്.
''ഇത് അമ്പനാപുരം. ദാ ആ കാണുന്നതാ ലക്ഷ്മി ടാക്കീസ്.''
അച്ചമ്മയിൽനിന്നാണ് ദേശപ്പെരുമ പഠിച്ചത്. എല്ലാ സ്ഥലങ്ങളോടും ചേർന്ന് എന്തെങ്കിലും പ്രത്യേകതകൾ അച്ചമ്മക്ക് പറയാനുണ്ടാവും. മിഖായേലിന്റെ മകളുടെ മരണത്തെ തുടർന്ന് രായനൊപ്പം ഞാറക്കടവു വിട്ടുപോകാൻ തീരുമാനിച്ച രാത്രി അച്ചമ്മയെ കണ്ടിരുന്നുവെങ്കിൽ പേടിച്ചുള്ള അന്നത്തെ ഒളിച്ചോട്ടം അവരെങ്ങനെയെങ്കിലും തടയുമായിരുന്നു.
ജീവിതത്തിൽ എന്തു പ്രയാസങ്ങളുണ്ടായാലും ഒളിച്ചോട്ടം ഒരു പരിഹാരമല്ലെന്ന് അവരെപ്പോഴും പറയും. എവിടെ നിന്നാണ് പേടിച്ചു ഓടുന്നത്, അവിടേക്കുതന്നെ കാലം മനുഷ്യനെ എത്തിക്കും. മരണത്തെ പേടിച്ചുള്ള ഓട്ടത്തിന്റെ പേരാണ് ജീവിതം. ഒടുക്കം മനുഷ്യരെല്ലാം എത്തിച്ചേരുന്നത് മരണത്തിലും. മരണത്തെയും ജീവിതത്തെയും പേടിക്കരുത്. രണ്ടും അപകടമാണ്. അത് മനുഷ്യരെ കരുത്തില്ലാത്തവരാക്കും. ക്രിസ്ത്യാനികൾക്ക് മരണമെന്നത് ഒരു നീണ്ട ഉറക്കമാണ്. ദൈവസന്നിധിയിലോ സാത്താന്റെ പണിപ്പുരയിലോ ആകും നിത്യനിദ്ര അവസാനിക്കുക. ഒരാൾ ചെയ്ത പ്രവൃത്തികൾക്ക് അനുസരിച്ചായിരിക്കും മരിച്ചതിനു ശേഷമുള്ള അയാളുടെ ഇടങ്ങൾ തീരുമാനിക്കുക. ചില നേരങ്ങളിൽ അരൂപി കയറിയതുപോലെ അച്ചമ്മയങ്ങനെ നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കും. അതൊക്കെ കേൾക്കാൻ മനുഷ്യരുതന്നെ വേണമെന്നില്ല. ഒരു കോഴിക്കുഞ്ഞോ ആട്ടിൻകുട്ടിയോ മുന്നിലുണ്ടായാൽ മതി.
"കുഞ്ഞാ നീയാർക്കും ഒതപ്പാകാതെ വളരണം."
അച്ചമ്മയെപ്പോഴും ഓർമപ്പെടുത്തും. അവർ ആഗ്രഹിച്ചതുപോലെയൊന്നും ജീവിക്കാനായില്ല. കൗമാരത്തിൽതന്നെ ഒരു കൊലപാതകത്തിനു കൂട്ടാളിയാവേണ്ടി വന്നു. രായനൊപ്പമുള്ള അലച്ചിലുകളിൽ അതിന്റെ തുടർച്ചകളുണ്ടായി. ചിലപ്പോഴൊക്കെ രായനെ ഉപേക്ഷിച്ച് ഞാറക്കടവിലേക്ക് മടങ്ങിയാലോ എന്നോർക്കും. മിഖായേലിന്റെ മകളുടെ മരണം തീർത്ത കുരുക്കിലേക്കാവും ആ യാത്ര. അങ്ങനെയൊരു ചിന്തയിൽ ജന്മനാട്ടിലേക്കുള്ള മടക്കയാത്ര ഉപേക്ഷിക്കും. മുരുക്കിലേക്ക് പടർന്നുപോയൊരു കാട്ടുവള്ളിപോലെയായിരുന്നു രായനുമായുള്ള ജീവിതം. അടർന്നു മാറണമെന്നുണ്ട്. പക്ഷേ, തനിച്ചൊരു നിലനിൽപില്ലെന്ന ഉൾഭയം.
എത്ര വർഷങ്ങൾ അങ്ങനെ കടന്നുപോയിരിക്കുന്നു. കാലം ശീല മാറ്റിയുടുപ്പിക്കുന്ന ശരീരം, അതിന്റെ ആകാരം മാറ്റിയെങ്കിലും മനസ്സിലെ ഞാറക്കടവു ജീവിതത്തിനിപ്പോഴും കൗമാരം.
അമ്പനാപുരത്തെ ടാക്കീസിലായിരുന്നു ഞാറക്കടവിലുള്ളവർ ആദ്യകാലത്ത് സിനിമ കാണാൻ പോയിരുന്നത്. പിന്നീടാണ് ഞാറക്കടവിലൊരു കൊട്ടക വന്നത്. അച്ചമ്മ മുടങ്ങാതെ സിനിമകൾ കാണുമായിരുന്നു. അമ്പനാപുരത്തെ ടാക്കീസിൽ പോകുമ്പോഴെല്ലാം അവനെയും കൂടെക്കൂട്ടും. ജങ്ഷനിൽ എത്തുന്നതോടെ ഓലക്കെട്ടിടത്തിലെ പാട്ടു കേൾക്കാം. കൊണ്ടുപോകാൻ കാശില്ലാതെ വരുമ്പോഴൊക്കെ മടിയിൽ പിടിച്ചു കിടത്തി സിനിമയുടെ കഥ മുഴുവൻ അച്ചമ്മ പറഞ്ഞുകൊടുക്കും. രാത്രി അതൊക്കെ കേട്ടു കിടക്കുമ്പോൾ കൊട്ടകയിലിരുന്നു കാണുന്നപോലെ അവനു തോന്നും.
കടവിലെ കുളിയും കഴിഞ്ഞ് ഡ്രൈവറും കിളിയും വരുന്നതു കണ്ട് കുഞ്ഞാപ്പി വേഗം ലോറിയിലേക്ക് കയറി. ആറ്റുകടവു പിന്നിട്ട് വണ്ടി മുന്നോട്ടു നീങ്ങുമ്പോൾ അവൻ പുറത്തേക്ക് നോക്കി. ആൽമരത്തിന്റെ തെക്കോട്ടുള്ള കൊമ്പ് മുറിച്ചു മാറ്റിയിരുന്നു. ആലിൻചോട്ടിലെ പിച്ചളയിൽ പൊതിഞ്ഞ ഗണപതിയുടെ കോവിൽ തിളങ്ങി. പണ്ടവിടെ കല്ലിന്റെ വിഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നിലുണ്ടായിരുന്ന സിനിമാ തിയറ്ററിനു പകരം നീല പെയിന്റടിച്ച ഓഡിറ്റോറിയം.
''രായാ. എഴുന്നേൽക്ക് നമ്മളിപ്പോ എത്തും.''
''ഒന്നു മിണ്ടാതിരിക്ക്.''
ഉറക്കം പോയതിന്റെ ഈറയോടെ രായൻ ചീത്ത വിളിച്ചു.
പാട്ടിപ്പറമ്പിലെ പാമ്പിൻപൊത്തിൽ കമ്പിട്ട് കുത്തിയിളക്കുന്നതുപോലെ ഡ്രൈവർ ഗിയറിടുകയും നിർത്താതെ ഹോണടിക്കുകയും ചെയ്യുന്നതും നോക്കി കുഞ്ഞാപ്പി മിണ്ടാതെയിരുന്നു.
പാറോട്ടി പള്ളിയുടെ മുന്നിൽ ലോറി നിർത്തിയതും കിളി ധൃതിയിൽ ഇറങ്ങി. കുഞ്ഞാപ്പിയുടെ മടിയിൽ കിടന്ന കുട്ടിത്തേവാങ്ക് അവന്റെ തോളിലേക്ക് കയറി. ചെങ്കല്ലിൽ അടിത്തറ കെട്ടിയിരുന്ന പഴയ പള്ളിയുടെ സ്ഥാനത്ത് പുത്തനൊരു കോൺക്രീറ്റ് ദേവാലയം. മേടയുടെ മുന്നിൽ പണ്ട് ഉണ്ടായിരുന്ന വൃക്ഷങ്ങളെല്ലാം വെട്ടിമാറ്റിയിട്ടുണ്ട്. മുറ്റത്തൊരു കിണറുണ്ടായിരുന്നത് കാണാനുമില്ല. റോഡിന് ഇരുവശത്തുമുണ്ടായിരുന്ന നിരപ്പലകയിട്ടു പൂട്ടുന്ന പലചരക്കു കടകളും ബേക്കറികളും ആകെ മാറിപ്പോയി. അേന്ത്രാസിന്റെ ശവപ്പെട്ടിക്കട മാത്രം പഴയതുപോലെതന്നെയുണ്ട്. റോഡരികിലെ പോസ്റ്റിൽ ചാരി പണിതീരാത്ത രണ്ടു ശവപ്പെട്ടികൾ വെയിലു കായുന്നു.
കുരിശടിയിൽ നേർച്ചയിട്ട കിളി കുരിശുവരച്ചുകൊണ്ട് ലോറിയിലേക്ക് കയറി. അടുത്ത സ്റ്റോപ്പ് ഞാറക്കടവാണ്. പാലം കയറിയതും മഴ കനക്കാൻ തുടങ്ങി. തിമിർത്ത മഴയിൽ നനഞ്ഞു കുളിരുന്ന കേവു വള്ളങ്ങൾ. ഞാറക്കടവു പള്ളിയുടെ നീളൻകുരിശ് കണ്ടതോടെ പിതൃമണ്ണിൽ കുത്താനുള്ള ധൃതിയിൽ കുഞ്ഞാപ്പിയുടെ പരിക്കു പറ്റിയ ഇടംകാലിലേക്ക് ചോരയിരച്ചു.
36
പാറോട്ടിയും അമ്പനാപുരവുംപോലെ ഞാറക്കടവു മാറിയെങ്കിലും തോട്ടുവക്കിലെ പഴയ പാണ്ടികപ്പുരകളൊക്കെ കരിപിടിച്ച് അങ്ങനെതന്നെയുണ്ട്. ഹാജിയാരുടെ പലചരക്കുകട നിന്നിരുന്നിടത്ത് യൂനിയൻ ബാങ്കിന്റെ കെട്ടിടം. ഉദ്ഘാടനം കഴിഞ്ഞതേയുള്ളൂവെന്നു തോന്നുന്നു. മഴക്കൊപ്പം വീശിയ കാറ്റിൽ അതിന്റെ മുന്നിൽ കെട്ടിയിരുന്ന തിളക്കമുള്ള തോരണങ്ങൾ ഉലയുന്ന ഒച്ച.
ബാങ്കുവിളി മുഴങ്ങി. ഊർന്നുപോയ കുട്ടിത്തേവാങ്ക് കുഞ്ഞാപ്പിയുടെ ഷർട്ടിൽ ഇറുക്കിപ്പിടിച്ചു. അതിന്റെ ഉന്തിയ കണ്ണിലായിരുന്നു ബസ് കാത്തുനിന്നവരുടെ നോട്ടം. ബസ്റ്റോപ്പിലെ സിമന്റുെബഞ്ചിൽ രായൻ ഇരുന്നു. പിന്നാലെ കയറിയ കുഞ്ഞാപ്പി കൂഞ്ഞിപ്പിടിച്ചു നിന്നതേയുള്ളൂ. വർഷങ്ങൾക്കുശേഷമുള്ള നാട്ടുമഴയിലേക്ക് രായന്റെ ബീഡിപ്പുക കുഴഞ്ഞു.
''മഴ തോരുമെന്ന് തോന്നുന്നില്ല. നമുക്കിറങ്ങാം.''
ആളുകൾ ശ്രദ്ധിക്കുന്നതു കണ്ടു കുഞ്ഞാപ്പി തിരക്കിട്ടു. കലക്കവെള്ളത്തിലെ പെയ്ത്തു നോക്കിനിന്ന രായൻ കൂറക്കൈലി കേറ്റിക്കുത്തി മഴയിലേക്കിറങ്ങി. കരിമ്പനടിച്ച വള്ളിച്ചെരുപ്പിന്റെ ഉപ്പൂറ്റിത്തുളയിലൂടെ ഞാറക്കടവിന്റെ മണ്ണോർമ രണ്ടുപേരുടെയും ഉള്ളംകാൽ തൊട്ടു.
കടവിലെ കാറ്റുലയ്ക്കുന്ന ഞാറമരത്തിലേക്ക് കുഞ്ഞാപ്പി നോക്കി. ആമ്പൽമാലയുമണിഞ്ഞ്, ചാഞ്ഞ ചില്ലയിൽ ചിറക് നനഞ്ഞിരുന്നവളെ കണ്ടിട്ടാവും കുട്ടിത്തേവാങ്കു പെടുത്തുപോയത്. കുഞ്ഞാപ്പിയുടെ തോളിൽ അതിന്റെ മൂത്രച്ചൂട്. നാടുവിട്ടോടിയത് കുഞ്ഞാപ്പി വീണ്ടുമോർത്തു. പ്രാണൻ പിടയുമ്പോഴുള്ള ഒരു കരച്ചിൽ അവന്റെ ഹൃദയത്തെ വരഞ്ഞു.
മഴ വീണ്ടും കനത്തു.
''ഇതെങ്ങോട്ടാ.''
രായനു വെറഞ്ഞു.
പാലമിറങ്ങി കിഴക്കോട്ടു നടന്നാൽ കുന്നേക്കാരുടെ തെങ്ങിൻതോപ്പിലെത്തും. തോപ്പ് കഴിഞ്ഞാൽ സർക്കാറു കോളനി. കിഴക്കുവശത്തെ മൂന്നാമത്തെ വീട്. ചെറ്റമറയോടു ചേർന്ന പൊടിമണ്ണിൽ നിറയെ കുഴിയാനക്കുഴികൾ. മറയിലെ വാരിപ്പറ്റുകളിൽ വേട്ടാവെളിയന്റെ കൂടുണ്ടാവും. പല്ലി, പാറ്റ, പഴുതാര, തേരട്ട തുടങ്ങി അസംഖ്യം ചെറുസൈന്യങ്ങൾ. കുട്ടിക്കാലത്ത് അവറ്റകളുമായിട്ടായിരുന്നു യുദ്ധം. കൂർപ്പിച്ച ഈർക്കിൽ അമ്പിന്റെയറ്റത്ത് ജീവൻ പോകുമ്പോഴുള്ള പിടച്ചിലുകൾ.
നാടുവിട്ടു പോകുമ്പോഴേ കാറ്റിൽ ചരിഞ്ഞുപോയിരുന്നു വീട്. നിലംപറ്റാതെ അതിനെ താങ്ങിനിർത്തിയത് പഴയ മേട പൊളിച്ചതിന്റെ ഒരു തേക്കിൻ കഴയാണ്. രാത്രിക്കുരാത്രി അപ്പൻ ചൂണ്ടിക്കൊണ്ടുവരാറുള്ള സാധനങ്ങളിലെ തെളിമയുള്ള ഒന്ന്. പള്ളിമുതൽ കട്ടോണ്ടുപോയവൻ ഗതിപിടിക്കില്ലെന്ന വികാരിയച്ചന്റെ വാക്ക് അറംപറ്റിയപോലെയായി വീടിന്റെ ഗതിയും.
കോളനിയും വീടുമൊക്കെ മനസ്സിലങ്ങനെ കുമിഞ്ഞു തുടങ്ങിയപ്പോഴേക്കും കുഞ്ഞാപ്പിക്ക് അച്ചമ്മയെ കാണാൻ തിടുക്കമായി. മരവേരുകൾ പൊന്തിനിന്നിരുന്ന ഒരു മൺവഴി തേടി അവന്റെ മനസ്സ് കുതിച്ചു. നിറയെ പൂത്തിരുന്ന കൊന്നവേലികളും പച്ചപ്പു നിറഞ്ഞ വെളിയിടങ്ങളുമൊക്കെ ചോക്കുപടങ്ങൾപോലെ മാഞ്ഞുപോകുന്നു.
കുന്നേക്കാരുടെ തെങ്ങിൻതോപ്പിനു നടുവിലൂടെയൊരു ടാറിട്ട റോഡ്. ഇരുവശങ്ങളിലും കോൺക്രീറ്റ് കെട്ടിടങ്ങൾ. കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോഴേക്കും വഴി പിന്നെയും തെറ്റി.
"രായാ ആരോടെങ്കിലും ചോദിച്ചാലോ."
"ഒന്നു മിണ്ടാതിരി."
കുറച്ചു ദൂരംകൂടി രണ്ടുപേരും മുന്നോട്ടു നടന്നു. പരിചിത ഇടങ്ങളൊക്കെ എവിടെപ്പോയെന്നോർത്ത് കുഞ്ഞാപ്പി അന്ധാളിച്ചു. എതിരേ വന്നവനോട് സർക്കാർ കോളനിയിലേക്കുള്ള വഴി ചോദിച്ചു. ആ പേര് ആദ്യമായി കേൾക്കുന്നപോലെ അയാൾ കൈമലർത്തി. തിരിച്ചുപോകാൻ തുടങ്ങുമ്പോഴാണ് തൊട്ടുമുന്നിലെ ഇടവഴിയിൽനിന്നും ഒരു സ്കൂട്ടർ മെയിൻറോഡിലേക്ക് കയറിവന്നത്. രായൻ കൈ കാണിച്ചു.
''സർക്കാരു കോളനിയിലേക്കുള്ള വഴി...''
ഓടിച്ചിരുന്ന ആൾ അറിയില്ലെന്നു പറഞ്ഞെങ്കിലും പിന്നിലിരുന്ന വയസ്സൻ വണ്ടിയിൽനിന്നിറങ്ങി. കുഞ്ഞാപ്പിക്ക് ആളെ മനസ്സിലായി. ഞാറക്കടവിലെ ഇറച്ചിവെട്ടുകാരൻ ഔതയാണ്. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടു കണ്ടപ്പോൾ ഒറ്റവെട്ടിനു ഉരുവിന്റെ തല വേർപെടുത്തുന്ന അയാളുടെ വിരിഞ്ഞ നെഞ്ചും ഉലക്കപോലെ കടുപ്പമുള്ള കൈകളും കുഞ്ഞാപ്പി ഓർത്തു.
''കോളനി ഇപ്പോഴില്ല. അതെല്ലാം ഫിലിപ്പ് വാങ്ങി. അവിടിപ്പ അയാളുടെ കയറു കമ്പനിയാണ്.''
നിങ്ങൾ ആരാ, എവിടുന്നാ എന്നൊക്കെയുള്ള അയാളുടെ അണപ്പുനിറഞ്ഞ ചോദ്യത്തിനു പണിതേടി വന്നതാണെന്ന് രായൻ മറുപടി പറഞ്ഞു. കിളവന്റെ കൂടെ വന്നവൻ കുഞ്ഞാപ്പിയുടെ കൈയിലിരുന്ന തേവാങ്കിനെ പേടിയോടെ നോക്കിയിട്ട് വണ്ടി സ്റ്റാർട്ടുചെയ്തു. അയാൾ കാണിച്ചു കൊടുത്ത വഴിയിലൂടെ രണ്ടുപേരും നടന്നു. കമ്മൽപ്പൂക്കൾ പടർന്നുനിന്നിരുന്ന മൺവഴികളൊക്കെ മാറിപ്പോയിരുന്നു. എല്ലായിടത്തും മതിലുകളും റോഡുകളും. കയറുകമ്പനിയുടെ മുന്നിലെത്തുമ്പോൾ കുഞ്ഞാപ്പിയുടെ തലയിലേക്ക് ഇരുട്ട് കേറി. മറപ്പുരകളിലെ കൂറക്കാറ്റിന് പകരം ഗന്ധകപ്പുകയുടെ മണം. ഫാക്ടറി ഷെഡിൽ കൂനപോലെ കൂട്ടിയിട്ടിരിക്കുന്ന ചായംതേച്ച കയറുകൾ. നിറയെ ചോന്നു പൂത്തിരുന്ന കോളനിയിലെ വാകമരം മാത്രം തെക്കുനിന്ന് രണ്ടാളെയും തല ഉയർത്തി നോക്കി.
അച്ചമ്മേന്നൊരു വിളി കുഞ്ഞാപ്പിയുടെ തൊണ്ടക്കുഴിയിൽ വന്ന് തിങ്ങി.
37
വൈകുവോളം രണ്ടുപേരും ഞാറക്കടവിൽ അലഞ്ഞുനടന്നു. ഒന്നുരണ്ടു പരിചയക്കാരെ തിരിച്ചറിഞ്ഞെങ്കിലും കുഞ്ഞാപ്പിയെയും രായനെയും ആർക്കും മനസ്സിലായില്ല.
''നമുക്ക് തിരിച്ചുപോയാലോ.''
''എങ്ങോട്ടു പോകാനാണ് രായാ.''
രായനതിന് ഉത്തരമില്ലായിരുന്നു. തള്ളേം തന്തേം ചുരമാവിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത് രായൻ പത്രത്തിൽ വായിച്ചിരുന്നു. കൗമാരകാലത്തെ രാത്രിയോർമകളുമായി തീണ്ടാത്തുരുത്തിലേക്ക് നടന്നു. നിലാവെട്ടത്ത് വിടർന്നു നിൽക്കുന്ന തോട്ടിലെ ആമ്പൽക്കൂട്ടം കണ്ടപ്പോൾ പ്രാണൻ പിടയുന്നൊരു കരച്ചിൽ കുഞ്ഞാപ്പി വീണ്ടും കേട്ടു. രായനവളെ മറന്നിട്ടുണ്ടാവും. രായനങ്ങനെ പഴയതൊന്നും മനസ്സിൽ കൊണ്ടുനടക്കുന്ന ഏർപ്പാടില്ല. ഒരു കണക്കിനു അതാണ് നല്ലത്. ഓർമകളാണ് ജീവിതത്തെ ഇത്രയേറെ കടുപ്പിക്കുന്നത്. കയ്പേറിയ കടുപ്പമില്ലെങ്കിൽ പിന്നെയെന്താണ് ജീവിതം.
കൽക്കെട്ടിൽ രണ്ടുപേരും മലർന്നു കിടന്നു. മുകളിൽ ഞാറക്കടവിന്റെ ആകാശം. അങ്ങനെ പറയാൻ പറ്റുമോ. എവിടെയായാലും ആകാശം ഒരുപോലെയല്ലേ. എന്നിട്ടും തീണ്ടാത്തുരുത്തിലെ ആകാശത്തിന് എന്തൊെക്കയോ പ്രത്യേകതകളുണ്ടെന്ന് കുഞ്ഞാപ്പിക്ക് തോന്നി. അവൻ കുട്ടിത്തേവാങ്കിനെ നെഞ്ചോടു ചേർത്തു. അതവനെ ഇറുക്കിപ്പിടിച്ചു. തണുത്ത കാറ്റേറ്റ് രണ്ടുപേരും എപ്പോഴോ ഒന്നു മയങ്ങി. പുലരാനായപ്പോൾ മഴ വീണ്ടും പെയ്തു തുടങ്ങി. കനാലിന്റെ കരയിലൂടെ വേഗം നടന്ന് ഞാറക്കടവു പാലത്തിനടിയിലെ കോൺക്രീറ്റ് എടുപ്പിലേക്ക് കയറി. തറയിൽ കിടന്നിരുന്ന പട്ടികൾ കുരച്ചുകൊണ്ടു കേറ്റത്തേക്ക് ഓടിപ്പോയി. നനഞ്ഞത് മാറുമ്പോൾ എളിയിൽ ചേടിയിരുന്ന മിഖായേലച്ചയുടെ കത്തിയെടുത്ത് രായൻ തുണിസഞ്ചിയിൽ വെച്ചു. തറ വെടിപ്പാക്കിയിട്ട് കുഞ്ഞാപ്പി അച്ചമ്മക്കുവേണ്ടി വാങ്ങിയ കരിമ്പടമെടുത്ത് രായനു നീട്ടി. മുകളിലൂടെ പോകുന്ന വണ്ടികളുടെ ഒച്ച. ഇറുക്കിപ്പിടിച്ച തേവാങ്കിന് കുഞ്ഞാപ്പിയൊരു ഉമ്മ കൊടുത്തു.
''മഴ നനയാതെ ചാച്ചാട്ടോ. ഞങ്ങളിവിടാ പണ്ട് കിടന്നിരുന്നേ...''
(തുടരും)