മുടിയറകൾ -14
53“ഭൂമിയിലേക്കൊരു പടുമരം ചാഞ്ഞിറങ്ങി. അതിന്റെ പൊത്തു നിറയെ ചെറുതും വലുതുമായ പാമ്പുകൾ. അഭിഷിക്തരുടെ വിശുദ്ധവസ്ത്രങ്ങൾക്ക് മീതെയായിരുന്നു നൊളപ്പ്.”ദർശനം പറയുമ്പോൾ മേപ്പാടിമദർ അസ്വസ്ഥയായിരുന്നു. മെഴുതിരിവെട്ടത്തിൽ അവരുടെ കഴുത്തിലെ പിണഞ്ഞ ഞരമ്പുകൾ എറിച്ചുനിന്നു. നെറ്റിയിലെ വിയർപ്പു തുടച്ച് ചുറ്റുമിരുന്ന സിസ്റ്റേഴ്സിനെ നോക്കി. പിന്നെയൊന്നും ഉരിയാടാതെ നമസ്കാരപ്പായയും വിശുദ്ധഗ്രന്ഥങ്ങളുമെടുത്ത് മലമുകളിലേക്ക് ധൃതിയിൽ...
Your Subscription Supports Independent Journalism
View Plans53
“ഭൂമിയിലേക്കൊരു പടുമരം ചാഞ്ഞിറങ്ങി. അതിന്റെ പൊത്തു നിറയെ ചെറുതും വലുതുമായ പാമ്പുകൾ. അഭിഷിക്തരുടെ വിശുദ്ധവസ്ത്രങ്ങൾക്ക് മീതെയായിരുന്നു നൊളപ്പ്.”
ദർശനം പറയുമ്പോൾ മേപ്പാടിമദർ അസ്വസ്ഥയായിരുന്നു. മെഴുതിരിവെട്ടത്തിൽ അവരുടെ കഴുത്തിലെ പിണഞ്ഞ ഞരമ്പുകൾ എറിച്ചുനിന്നു. നെറ്റിയിലെ വിയർപ്പു തുടച്ച് ചുറ്റുമിരുന്ന സിസ്റ്റേഴ്സിനെ നോക്കി. പിന്നെയൊന്നും ഉരിയാടാതെ നമസ്കാരപ്പായയും വിശുദ്ധഗ്രന്ഥങ്ങളുമെടുത്ത് മലമുകളിലേക്ക് ധൃതിയിൽ മടങ്ങി.
“മേപ്പാടിയുടെ ഒറ്റമൂലിപോലെയാണച്ചാ, അവരുടെ വെളിപാടുകളും.”
വീടിന്റെ തഴക്കദോഷത്തെക്കുറിച്ച് ആകുലപ്പെട്ട സിസ്റ്റേഴ്സിനെ മാമ്പള്ളിയച്ചൻ സമാധാനപ്പെടുത്തി.
“കുർബാന ചൊല്ലുന്നതോടെ അതൊക്കെ മാറിക്കോളും.”
ഹാളിലാണ് അൾത്താര ഒരുക്കിയത്. ചുറ്റുവട്ടത്തു നിന്നെത്തിയ പ്രായമായവർ വരാന്തയിലെ മരക്കസേരകളിലിരുന്നു. തണുത്ത കാറ്റിൽ ഇല കൊഴിയുന്നതിനൊപ്പം ലന്തമരത്തിലെ റേന്തക്കുപ്പായക്കാർ ചിറകുവിരിക്കുന്ന കാഴ്ച. വെള്ളിച്ചിറകും കിന്നരവുമൊക്കെയുള്ളവരുടെ ഇടയിലേക്ക് വീണ്ടും അവൻ ഇഴഞ്ഞെത്തിയതോടെ ലൂസി സിസ്റ്റർ മുട്ടിൻമേൽനിന്നെഴുന്നേറ്റു.
“മേപ്പാടിയുടെ വെളിപാടു കേട്ടിട്ട് കുഞ്ഞിന് വെറുതെയോരോന്ന് തോന്നുന്നതാവും.”
മദർ ആശ്വസിപ്പിച്ചു. ഉറക്കമില്ലാതായതോടെ അവിരാ കിടന്നിരുന്ന മുറിയിൽനിന്ന് ലൂസി സിസ്റ്ററിനെ മാറ്റി.
ഒന്നുരണ്ടു ദിവസം ആ മുറിയിൽ കഴിഞ്ഞതോടെ മദറിനും ചില അസ്വസ്ഥതകൾ. ഞെട്ടിയുണരുമ്പോഴെല്ലാം കാറ്റിനൊരു കെട്ടമണം. മരിച്ചവരുടെ ജപം ചൊല്ലിയിട്ടും ഉറക്കം കൈയകലത്തിൽ അകന്നു.
അവിരായും ഭാര്യയും ചേർന്ന് സന്താനവർധനയുണ്ടാക്കിയ മുറിയാണ്. മനുഷ്യരുടെ നഗ്നതയിൽ നാണിച്ചുപോയ ചുമരുകൾ. കാറ്റിലവരുടെ കുമർച്ചയോടൊപ്പം താളംതെറ്റലിന്റെ ശ്വാസമിടിപ്പുകൾ. ശൽക്കങ്ങൾ നിറഞ്ഞൊരു കുറുകിയ ദേഹം ഷവറിനു കീഴേ ഈറനോടെ നിൽക്കുന്ന കാഴ്ച. ഓവുചാലിലേക്ക് ഒഴുകുന്ന ഒതപ്പിന്റെ വഴുക്കലുകൾ.
അസ്വസ്ഥതകൾ കൂടിയതോടെ അടിത്തറയുൾപ്പെടെ പൊളിച്ചുകളഞ്ഞ് പുത്തനൊരു കെട്ടിടം പണിയാൻ തീരുമാനമായി. നീണ്ട ഇടനാഴിയും ഇരുവശങ്ങളിലും സിസ്റ്റേഴ്സിനുള്ള മുറികളുമായൊരു ഇരുനില മഠം. ഏൽപിച്ച പണി മഴയ്ക്കുമുന്നേ കാരയ്ക്കാപറമ്പൻ പൂർത്തിയാക്കി.
വീടിനൊപ്പം അവിരാ ഉപേക്ഷിച്ച കട്ടിലും മരയുരുപ്പടികളും മഠത്തിനു പിന്നിലെ ഷെഡ്ഡിൽ ഓർമകളുടെ പൊടിയേറ്റു കിടന്നു.
പുത്തൻ കെട്ടിടത്തിലും വെളിപാടുകൾക്കൊരു കുറവുമുണ്ടായില്ല. ഇടനാഴിയിലൂടെ ഇഴയുന്നവന്റെ തല തകർക്കാൻ ഇറങ്ങുമ്പോഴെല്ലാം ഇരുട്ടിന്റെ മറപറ്റിയെത്തുന്ന പിച്ചള സർപ്പത്തെ മദർ പിന്നെയും കണ്ടു.
വെട്ടംവീഴും മുന്നേ മുറ്റത്തുകൂടി നടന്നുകൊണ്ടിരുന്ന മദറിന്റെ അടുത്തേക്ക് ആഗ്നസ് തിടുക്കപ്പെട്ടു ചെന്നു.
‘‘ലൂസിക്ക് വയ്യ മദറേ.’’
‘‘മേപ്പാടിയുടെ ഒറ്റമൂലിയും കൊടുത്തിരുന്നിട്ട് കാര്യമില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകാം.’’
‘‘ആംബുലൻസ് വിളിക്കണോ..?’’
‘‘വേണ്ട. നാട്ടുകാര് ശ്രദ്ധിക്കും. ഒരു ഓട്ടോയെടുത്തു പോയാ മതി.’’
54
ഞാറക്കടവിനും പാറത്തോടിനും ഇടയിലൂടെയുള്ള കരപ്പാടം റെയിൽവേ ലൈനിന്റെ അടുത്താണ് ഹോളിക്രോസ് ഹോസ്പിറ്റൽ. ഇരട്ടവരി പാളങ്ങൾ മുറിച്ചുകടന്നാൽ ആശുപത്രിയുടെ പിന്നിലെത്താം.കമ്പിവേലി നൂണ്ട് ആളുകൾ ക്രോസു ചെയ്യുന്നിടത്ത് ‘‘ഇവിടെ ആറുപേർ മരിച്ചു, അടുത്തത് നിങ്ങളോ’’ എന്നെഴുതിയ ബോർഡ് വെച്ചിട്ടുണ്ട്. ടൗൺ ചുറ്റാതെ ആശുപത്രിയിൽ എത്താവുന്നതിനാൽ മിക്കവരും ആ വഴിയാണ് ഉപയോഗിക്കുക.
രൂപതയുടെ ആശുപത്രിയാണെങ്കിലും അവിടത്തെ ചികിത്സച്ചെലവ് താങ്ങാൻ സമ്പന്നർക്കേ പറ്റൂ. പള്ളീലച്ചൻമാരെപ്പോലെ മഠത്തിനു വരുമാനമില്ലാത്തതിനാൽ മേപ്പാടിയുടെ ഒറ്റമൂലി ഫലിക്കാതെ വരുമ്പോഴാണ് ഹോളിക്രോസിലേക്ക് സിസ്റ്റേഴ്സ് പോവുക.
ലൂസി സിസ്റ്ററിന് അപ്പോയിൻമെന്റ് എടുത്തുവെയ്ക്കാൻ ആന്റണിയെയാണ് മാമ്പള്ളിയച്ചൻ ചുമതലപ്പെടുത്തിയിരുന്നത്. ചിറമേൽ കൊലക്കേസിലെ രണ്ടാം പ്രതിയായ അയാളുടെ ഇരട്ടപ്പേര് വാറാനെന്നാണ്. ധ്യാനംകൂടി മാനസാന്തരപ്പെട്ട വാറാന് ഹോളിക്രോസിൽ ജോലി വാങ്ങിക്കൊടുത്തത് മാമ്പള്ളിയച്ചനാണ്.
സിസ്റ്റേഴ്സ് ചെല്ലുമ്പോൾ കൗണ്ടറിൽ അയാൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
‘‘എത്തിയോന്നറിയാൻ മാമ്പള്ളിയച്ചൻ ഇപ്പോ വിളിച്ചതേയുള്ളൂ.’’
വാറാന്റെ സ്വരത്തിനൊരു റൗഡിയുടെ കടുപ്പമില്ല. അയാളുടെ പാതിയറ്റുപോയ വിരലിലേക്ക് സിസ്റ്റർ നോക്കി. ഒരാളെ പച്ചക്ക് കുത്തിമലർത്തിയ കൈകളാണ്. എത്ര മാനസാന്തരപ്പെട്ടെന്നു പറഞ്ഞാലും അതിലെ ചോരപ്പാട് പോകുമോ. മാമ്പള്ളിയച്ചനോട് ചോദിക്കുമ്പോഴൊക്കെ നീതിമാൻമാരെയല്ല, പാപികളെ തേടിയാണ് മനുഷ്യപുത്രനെത്തിയതെന്നൊരു വചനം പറഞ്ഞ് ഉത്തരം മുട്ടിച്ചു കളയും.
ഒ.പി റൂമിനു മുന്നിലെ കസേരകളിൽ ഊഴം കാത്തിരിക്കുന്ന ഗർഭിണികൾക്കൊപ്പം സിസ്റ്റേഴ്സും ഇരുന്നു. കൊന്തയെടുത്തെങ്കിലും ലൂസി സിസ്റ്ററിന് ജപം ചൊല്ലാനായില്ല. വിഷമിച്ചിരിക്കുമ്പോഴാണ് വാറാനൊരു ചേടുത്തിയെ വീൽചെയറിലിരുത്തി കൊണ്ടുവന്നത്. അവരുടെ ഞൊറിവിട്ട ചട്ടയിൽ വലുപ്പമുള്ളൊരു സ്വർണക്കുരിശ് ജീവനറ്റു കിടന്നു.
‘‘തൂതപ്പുഴയിലെ റാഫേലച്ചനെ അറിയുമോ. എന്റെ മോനാണ്.”
അടുത്തിരുന്ന സിസ്റ്റേഴ്സിനോടാണ് പറഞ്ഞതെങ്കിലും ചുറ്റുമുള്ളവരെല്ലാം കേൾക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ട് അവരുടെ സംസാരം ഉറക്കെയായി. ഒന്നുരണ്ടു സ്ത്രീകൾ തല ഉയർത്തിയെങ്കിലും വീണ്ടും അവരവരുടെ വിചാരങ്ങളിലേക്ക് മടങ്ങി.
‘‘കഥകളിപ്പദം പാടുന്ന അച്ചനല്ലേ..?”
“അപ്പോ. സിസ്റ്റർക്ക് ആളെ അറിയാം.”
റാഫേലച്ചന്റെ വിശേഷങ്ങളിൽ തുടങ്ങി സ്വന്തം അസുഖവിവരങ്ങളിൽ ചേടുത്തിയെത്തി. സ്കാനിങ് റൂമിലേക്ക് അവരെ കൊണ്ടുപോയതോടെ ലൂസി ആഗ്നസിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
‘‘എനിക്കും റിമൂവ് ചെയ്യേണ്ടിവരുമോ..?’’
“ടെൻഷനാവല്ലെ. അങ്ങനെയൊന്നുമുണ്ടാവില്ല.”
ദൈവത്തിന്റെ ആലയമാണ് മനുഷ്യരുടെ ശരീരം. എത്രയൊക്കെ വേദന സഹിച്ചിട്ടാണെങ്കിലും അവിടുന്നൊരുക്കിയ ആലയത്തിലെ ഒരവയവത്തെയും മനുഷ്യർക്ക് ഉപേക്ഷിക്കാനാവില്ല. ഒരിക്കൽ വത്തിക്കാനിലെ കർദിനാൾ ചാവുദോഷമെന്നു കരുതി അങ്ങേരുടെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞു. മരണശേഷം വിശുദ്ധപദവിയിലേക്ക് പരിഗണിക്കുമ്പോൾ ആമ്പ്യൂട്ടേഷന്റെ പേരിലാണ് അദ്ദേഹം ഒഴിവാക്കപ്പെട്ടത്.
“മരിക്കുമ്പോ ഒരു പൂർണതയില്ലാതെയാവുമോ എന്റെ യാത്ര.”
“എന്തിനാണ് ഇങ്ങനെ സങ്കടപ്പെടുന്നത്. ആത്മാവല്ലേ അവിടുത്തെ പക്കലേക്ക് പോവുക.”
“ഈശോ ശരീരത്തോടെയാണ് ഉയിർത്തത്. ഒരസ്ഥിപോലും നുറുങ്ങാണ്ട്.”
നീലഞരമ്പ് തെളിഞ്ഞ ലൂസിയുടെ കൈത്തണ്ടയിൽ ആഗ്നസ് മെല്ലെയമർത്തി. വ്യർഥമായ ചിന്തകളിലൂടെ മനുഷ്യർ സൃഷ്ടിക്കുന്ന ആകുലതകളും അനുഭൂതികളും ആസ്വദിച്ചുകൊണ്ട് കാവൽ അരൂപികൾ കണ്ണിമക്കാതെ അവർക്ക് കൂട്ടിരുന്നു.
തട്ടമിട്ടൊരു സ്ത്രീയും മകളും ഇറങ്ങിയതിനു പിന്നാലെ ലൂസി സിസ്റ്റർ ഡോക്ടറുടെ മുറിയിലേക്ക് കയറി. ആഗ്നസ് പുറത്തു കാത്തുനിന്നു.
പരിശോധനയെല്ലാം കഴിഞ്ഞ് ലൂസി സിസ്റ്ററിന്റെ വിളറിയ മുഖത്തേക്ക് നോക്കി സർജറിയുടെ കാര്യം ഡോക്ടർ സംസാരിച്ചു തുടങ്ങി.
“പറോട്ടിയിലെ തിരുനാളു കഴിഞ്ഞു മതിയോ..?”
“ഇതുടനെ ചെയ്യണം സിസ്റ്ററേ.”
അഡ്മിറ്റാവുന്ന അച്ചൻമാർക്കും കന്യാസ്ത്രീകൾക്കും രണ്ടാംനിലയുടെ വടക്കുവശത്തുള്ള മുറികളാണ് അലോട്ട് ചെയ്യുക. മൂന്നാലെണ്ണം അതിനുവേണ്ടി ഒഴിച്ചിടാറുമുണ്ട്. അവിടെയാകുമ്പോൾ ചാപ്പലിലേക്ക് പോകാൻ എളുപ്പമാണ്. പനിവന്നു കിടപ്പിലായ ധ്യാനകേന്ദ്രത്തിലെ പാതിരിയുൾപ്പെടെ രണ്ടാംനിലയിലെ റൂമിലെല്ലാം ആളായെന്നും പറഞ്ഞ് കുട്ടികളുടെ വാർഡിനടുത്തുള്ള മുറിയുടെ താക്കോൽ വാറാൻ സിസ്റ്റേഴ്സിനു കൊടുത്തു.
“രാത്രി പിള്ളേരുടെ കരച്ചിലുണ്ടാവും. സിസ്റ്റേഴ്സിന് ബുദ്ധിമുട്ടാവുമോ.”
കുടിവെള്ളം വെച്ചിട്ട് അയാൾ പോയതോടെ ആഗ്നസ് ജനാല തുറന്നു.
റോഡിനപ്പുറം റെയിൽപാളങ്ങളുടെ അരികിലുള്ള ഒറ്റമുറിവീടുകൾ. ചളിക്കുണ്ട് നിറഞ്ഞ ഇത്തിരിയിടത്തിൽ അന്തിവെട്ടം മായുന്നതിനു മുന്നേ കളിയവസാനിപ്പിക്കാനുള്ള കുട്ടികളുടെ വേഗപ്പാച്ചിൽ. മഠത്തിനോടു ചേർന്നുള്ള സിസ്റ്റേഴ്സിന്റെ ജീവിതംപോലെ കെട്ടിയിട്ട കുറ്റിയിൽ വട്ടംചുറ്റിയൊരു വെളുത്ത പശുക്കിടാവ് നിർത്താതെ അമറുന്നു. അനക്കമറ്റു കിടന്ന ഫ്ലാറ്റുകളുടെ മുകളിലൂടെ മേഘങ്ങളെ മുട്ടിയുരുമ്മി, കുരിശാകൃതിയിലൊരു ചെറുവിമാനം. അതിന്റെ ഇരമ്പം നേർത്തുവന്നു.
‘‘വീടാണോ മഠമാണോ ആഗ്നസിനു കൂടുതൽ ഇഷ്ടം.’’
‘‘എനിക്ക് രണ്ടിടങ്ങളും ഒരുപോലെയാണ്. വീട്ടിലെത്തി ആങ്ങളയുടേയും കുടുംബത്തിന്റേയും സ്നേഹം കാണുമ്പോൾ വീടാണ് നല്ലതെന്ന് തോന്നും. മഠത്തിൽ നമ്മളിങ്ങനെ കഴിയുമ്പോൾ ഇവിടമാണ് കുറച്ചുകൂടി നല്ലതെന്നും.’’
അടർത്തിയ ഓറഞ്ചല്ലിയുമായി ലൂസി വീണ്ടും ജനാലയിലൂടെ നോക്കി. ചേർത്തുവെച്ച ക്യാപ്സ്യൂൾ ഗുളികകൾപോലെ ചരക്കുവണ്ടിയിലെ പെട്രോൾ ടാങ്കുകൾ ഞരക്കത്തോടെ നീങ്ങുന്നു. തീവണ്ടി പോയതിന്റെ പിന്നാലെ പാളം മുറിച്ചു കടക്കുന്ന തട്ടമിട്ട പെൺകുട്ടികൾ.
‘‘എല്ലായിടങ്ങളും ആണധികാരത്തിന്റെ കീഴിലാണ്. പുരോഹിതരും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം. പെണ്ണിനെ അംഗീകരിക്കുന്നൊരു മനസ്സ് സഭയ്ക്കുണ്ടായിരുന്നെങ്കിൽ നമുക്കും കുർബാന ചൊല്ലാമായിരുന്നു.”
പതിവില്ലാതെയുള്ള ആഗ്നസിന്റെ ക്ഷോഭം. സാധാരണ മേബിൾ സിസ്റ്ററാണ് ഈ വക കാര്യങ്ങളിൽ തർക്കിക്കാറുള്ളത്. ലൂസിയൊന്നും മിണ്ടാതെ അതൊക്കെ കേട്ടിരുന്നു.
“ലേവ്യരുടെ ആർത്തവനിയമങ്ങളാണ് കന്യാസ്ത്രീയ്ക്ക് കുർബാന ചൊല്ലാനുള്ള തടസ്സം. മെനോപ്പോസ് വന്ന സിസ്റ്റേഴ്സിനെയെങ്കിലും അതിന് അനുവദിച്ചുകൂടെ. ഇതൊക്കെ നടക്കണമെങ്കിൽ സഭയുടെ തലപ്പത്തൊരു സ്ത്രീ വരണം. അല്ലെങ്കിൽ നമ്മൾ സ്ത്രീകൾക്കു മാത്രമായുള്ള ഒരു സഭയുണ്ടാവണം.”
വിലക്കുകൾ നിറഞ്ഞൊരു മഠത്തിന്റെ അതിരിനു പുറത്തേക്ക് എത്തിയതിന്റെ സ്വാതന്ത്ര്യത്തോടെ രാത്രി വൈകിയും രണ്ടാളും ഒാരോന്നു പറഞ്ഞുകൊണ്ടിരുന്നു.
കിടക്കാനുള്ള തയാറെടുപ്പോടെ ആഗ്നസ് ബെഡ്ഷീറ്റ് കുടഞ്ഞുവിരിച്ചു.
‘‘മുറിച്ചുമാറ്റുന്ന ഗർഭപാത്രം ആശുപത്രി മാലിന്യങ്ങളോടൊപ്പം കളയാതെ സെമിത്തേരിയിൽ കുഴിച്ചിടണമെന്നാണ് മാമ്പള്ളിയച്ചൻ പറയുന്നത്.’’
“നമ്മുടെ സഭയിൽ അങ്ങനെയൊന്നുമില്ലല്ലോ.”
“അഭിഷിക്തരുടെ വേർപെട്ട ശരീരഭാഗം മരിച്ചവരെപ്പോലെ സംസ്കരിക്കുന്ന പതിവ് ഇവിടെയുണ്ട്. രഹസ്യമായാണ് അതൊക്കെ ചെയ്യാറുള്ളത്. മലയിലെ പാതിരിയുടെ ആമ്പ്യൂട്ട് ചെയ്ത കാല് ഈയിടെയാണ് സെമിത്തേരിയിൽ കുഴിച്ചിട്ടത്.”
തൊട്ടടുത്ത വാർഡിൽനിന്നും ഇടക്കിടെ കേട്ടുകൊണ്ടിരുന്ന കുഞ്ഞിന്റെ കരച്ചിൽ കുറഞ്ഞുവന്നു. വരാന്തയിലൂടെ ഒരു സ്ട്രെച്ചർ ട്രോളിയുടെ വീലൊച്ച.
“ആരെയോ കർത്താവ് വിളിച്ചു.”
“അത് വിഴുപ്പു കൊണ്ടുപോകുന്നതാണ് ലൂസി.”
55
കുർബാന കഴിഞ്ഞ് പ്രഭാതഭക്ഷണത്തിനിരിക്കുമ്പോൾ മാമ്പള്ളിയച്ചൻ പ്രാർഥനയോടെ മടിയിലേക്ക് തൂവാല നിവർത്തി. മസാലയും കുരുമുളകും പാകത്തിനു ചേർന്ന പോർക്കുപീസ് സാവകാശം കഴിച്ചുതുടങ്ങി.
‘‘നന്നായിട്ടുണ്ട്. ഇതാരു വെച്ചതാണ്..?’’
‘‘പ്രസുദേന്തിയുടെ വീട്ടീന്ന് കൊടുത്തുവിട്ടതാണച്ചാ.’’
പ്രാതലും കഴിഞ്ഞ് പാർലറിൽ വിശ്രമിക്കുമ്പോൾ പനംകൽക്കണ്ടവും പച്ചക്കുരുമുളകും മത്തൻവിത്തും മഞ്ഞളുമൊക്കെ ചേർന്ന മരുന്നുകൂട്ട് തളിർവെറ്റിലയിൽവെച്ച് മദർ ചുരുട്ടിയെടുത്തു. ചവർപ്പോടെ അച്ചനത് ചവച്ചുതുടങ്ങി.
‘‘അച്ചാ എങ്ങനെയുണ്ട് മേപ്പാടിയുടെ ഒറ്റമൂലി..?’’
‘‘ആളുകള് കണ്ടാ അച്ചൻ വെറ്റിലമുറുക്കും തുടങ്ങിയെന്നൊരു റൂമറുകൂടി കേൾക്കേണ്ടിവരും.’’
അച്ചൻ അതും പറഞ്ഞ് ഉറക്കെ ചിരിച്ചു.
‘‘വചനം എത്ര ഒച്ചേല് പറയുന്നുവോ. അത്രേം രോഗശാന്തി അച്ചിട്ടാ. മുറ്റത്തുവന്ന് വഴക്കുണ്ടാക്കുന്നവരോട് നമ്മൾ ഒച്ച ഉയർത്തിയല്ലേ സംസാരിക്കൂ. ഒച്ചത്തിൽ പ്രാർഥിച്ചാലേ സാത്താനൊഴിഞ്ഞു പോകൂ.’’
തൊട്ടടുത്ത് താമസിക്കുന്നവന്റെ സമാധാനംകൂടി പോകുമെന്നൊരു തറുതല മനസ്സിൽ വന്നെങ്കിലും മേബിൾ സിസ്റ്റർ അടക്കിപ്പിടിച്ചു നിന്നു. സംസാരിക്കുന്നതിനിടയിൽ പച്ചക്കുരുമുളകിന്റെ എരി അച്ചന്റെ തൊണ്ടക്കുഴിയിൽ വിലങ്ങി. നെറുകംതല തിരുമ്മി മുറ്റത്തേക്ക് ഇറങ്ങിയ പാതിരി മദറിനെ അടുത്തേക്ക് വിളിച്ചു.
“മഠത്തിനു മുന്നിലെ കുറച്ചു സ്ഥലം വിട്ടുകൊടുക്കേണ്ടി വരുമല്ലോ.”
“ന്റെ ഈശോയെ. ബൈപ്പാസ് വരൂന്ന് ഒറപ്പായോ.’’
“പേപ്പറു വർക്കു തുടങ്ങിയിട്ടുണ്ട്. റോഡിനു വീതി കൂടിയാൽ മഠത്തിന്റെയും പള്ളിയുടെയും മുന്നിലെ സ്ഥലം പോകും. എന്തെങ്കിലും ചെയ്തേ പറ്റൂ.”
“ഇടവകക്കാരുടെ കൈയീന്ന് പിരിവെടുത്ത് രൂപതയ്ക്കിനിയും സ്ഥലം വാങ്ങാം. മഠത്തിലുള്ളവർക്ക് അതിനാവില്ലല്ലോ. എത്ര കഷ്ടപ്പെട്ടിട്ടാണച്ചാ ഞങ്ങളിതൊക്കെ വാങ്ങിയത്.”
മുറ്റത്തെ പാഷൻഫ്രൂട്ടിന്റെ കായകളിൽ മഞ്ഞുതുള്ളികൾ ഇറ്റിനിൽക്കുന്നതും നോക്കി കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നിട്ട് അച്ചൻ സ്വരം താഴ്ത്തി.
“പാറയിലാ പള്ളി പണിയാൻ കർത്താവു പറഞ്ഞത്. പാറേന്നുവെച്ചാ ഓരോ സ്ഥലത്തെയും മണ്ണ്. റോഡിനോട് ചേർന്നൊരു കപ്പേളയോ കുരിശടിയോ ഉണ്ടെങ്കിൽ അവര് നമ്മളെ ഒഴിവാക്കി എതിർവശത്തുള്ള സ്ഥലം അക്വയർ ചെയ്യും. ഇതിപ്പോ കുറച്ചു മരങ്ങളല്ലെ മഠത്തിന്റെ മുന്നിലുള്ളൂ. സർവേ തുടങ്ങുന്നതിനു മുന്നേ നമുക്കവിടെ എന്തെങ്കിലും പണിയണം.”
തോൾസഞ്ചിയുമെടുത്ത് ഇറങ്ങിയ അച്ചനു പിന്നാലെ മദർ ഗേറ്റ് വരെ ചെന്നു.
“ലൂസി സിസ്റ്ററിന്റെ സർജറി നാളയല്ലേ..?”
“അതെയച്ചാ.”
“സെമിത്തേരിയിലേക്ക് അതെടുപ്പിക്കാൻ ഞാനേർപ്പാടാക്കിയിട്ടു