മുടിയറകൾ -24
99 ‘‘കായേന് എന്തു ശിക്ഷയാണ് കിട്ടിയതെന്ന് നിനക്കറിയുമോ?‘‘കുഞ്ഞാപ്പിക്ക് അതൊന്നും അറിയില്ലായിരുന്നു. അവൻ വെറുതെ മാമ്പള്ളിയച്ചനെ കേട്ടുനിന്നു. ‘‘ആബേലിനെ കൊന്നതിനുശേഷം ചാകും വരെ അവൻ മലമുകളിലൂടെ അലഞ്ഞു. തിരിച്ചറിയാൻ കായേന്റെ നെറ്റിയിലൊരു മുറിവ് അടയാളമായി കൊടുത്തു. അവനെ ഇല്ലായ്മചെയ്യുന്നവരെ ഏഴിരട്ടിയായി ശിക്ഷിക്കുമെന്ന മുന്നറിയിപ്പുമുണ്ടായി. ദൈവത്തിന് എല്ലാവരെയും കുറിച്ചൊരു കരുതലുണ്ട്. നീ രായനുമായി വഴക്കിനൊന്നും...
Your Subscription Supports Independent Journalism
View Plans99
‘‘കായേന് എന്തു ശിക്ഷയാണ് കിട്ടിയതെന്ന് നിനക്കറിയുമോ?‘‘
കുഞ്ഞാപ്പിക്ക് അതൊന്നും അറിയില്ലായിരുന്നു. അവൻ വെറുതെ മാമ്പള്ളിയച്ചനെ കേട്ടുനിന്നു.
‘‘ആബേലിനെ കൊന്നതിനുശേഷം ചാകും വരെ അവൻ മലമുകളിലൂടെ അലഞ്ഞു. തിരിച്ചറിയാൻ കായേന്റെ നെറ്റിയിലൊരു മുറിവ് അടയാളമായി കൊടുത്തു. അവനെ ഇല്ലായ്മചെയ്യുന്നവരെ ഏഴിരട്ടിയായി ശിക്ഷിക്കുമെന്ന മുന്നറിയിപ്പുമുണ്ടായി.
ദൈവത്തിന് എല്ലാവരെയും കുറിച്ചൊരു കരുതലുണ്ട്. നീ രായനുമായി വഴക്കിനൊന്നും പോകണ്ട.’’
രായനെക്കുറിച്ച് അച്ചനോട് പരാതി പറയേണ്ടിയിരുന്നില്ലെന്ന് കുഞ്ഞാപ്പിക്ക് തോന്നി. അച്ചനുമായി അവന് നല്ല അടുപ്പമുണ്ട്. അത് എന്തിന്റെ പേരിലാണെന്ന് കുഞ്ഞാപ്പിക്ക് മനസ്സിലായില്ല.
രണ്ടു മൂന്നാഴ്ച കഴിഞ്ഞ് ഒരു കുപ്പി ചാരായവും വാങ്ങി കുഞ്ഞാപ്പി കൂട്ടുകാരനെ കാണാൻ ചെന്നു. കനാലിനോടു ചേർന്നുള്ള ഗോഡൗണിൽ എത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു. വാതിലിൽ മുട്ടി. അകത്തുനിന്നും രായന്റെ പരുക്കനൊച്ച.
‘‘കേറി വാ.’’
ഓർമവെച്ച കാലം മുതൽ കാണുന്നതാണ് കനാലിന്റെ കരയിലെ നിരനിരയായുള്ള ഗോഡൗണുകൾ. ഫിലിപ്പ് മുതലാളിയാണ് ഇപ്പോഴത്തെ കൈവശക്കാരൻ. ജനൽപാളിയെല്ലാം വിജാഗിരി വിട്ട് ഉറഞ്ഞുതൂങ്ങിത്തുടങ്ങി. ഭിത്തിയിൽ ആലിന്റെ വേരുകൾ. വിണ്ടുകീറിയ സിമന്റുതറ. ചെരിപ്പു ഫാക്ടറിയിലേക്കുള്ള റബർഷീറ്റാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. തെക്കേച്ചിറയിലെ ഒരാൾ രാത്രി കാവലിനുണ്ടാകും. പള്ളീലച്ചൻ ഇടപെട്ട് അയാളെ മാറ്റിയിട്ടാണ് രായന് ആ പണി ഏർപ്പാടാക്കിയത്.
അടിച്ചുവാരാതെ കിടന്ന മുറി കുഞ്ഞാപ്പി തൂത്ത് വെടിപ്പാക്കി. റോഡരികിലെ ടാപ്പിൽനിന്നും വെള്ളമെടുത്തു കൊണ്ടുവെച്ചു.
‘‘എന്താ നിന്റെ പരിപാടി, ഇവിടെ കൂടാനൊന്നും പറ്റില്ല.’’
‘‘അങ്ങനെയൊന്നുമില്ല രായാ. മാറാല കണ്ട് ചൂലെടുത്തതാ.’’
കുഞ്ഞാപ്പി കൊണ്ടുവന്ന കുപ്പി രായനെടുത്തു.
കൂട്ടുകാരൻ എന്തെങ്കിലും പറയുമെന്ന പ്രതീക്ഷയോടെ കുഞ്ഞാപ്പി തറയിലിരുന്നു. കനാൽക്കരയിലെ മരത്തിൽ ചേക്കേറുന്ന പക്ഷികളുടെ ചിലക്കൽ. സിഗരറ്റും കത്തിച്ച് രായൻ എഴുന്നേറ്റ് ജനാലയുടെ അടുത്തേക്ക് ചെന്നു.
‘‘ഞാനൊരാളെ കൊന്നേച്ചാണ് ഇവിടുന്ന് പോയത്.’’
കുഴിവെട്ടി ചാക്കോ മരിക്കാനിടയായ സാഹചര്യം പറയാൻ തുടങ്ങിയതോടെ രായൻ കുപ്പിയിൽനിന്ന് ഒന്നുകൂടി ഒഴിച്ചു. കൊലയും കഴിഞ്ഞ് മലയിലേക്കുള്ള യാത്രയും, പാഴൂരിന്റെ മാളികയിലെ വിശേഷങ്ങളുമായി അവന്റെ സംസാരം നീണ്ടു.
“ഞാനിടയ്ക്കെല്ലാം പാഴൂരിന്റെ വീട്ടിൽ ചെല്ലും. ഒരുദിവസം ഇളയ പെൺകൊച്ചു മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ആള് മൂടിപ്പുതച്ചു കിടക്കുന്നു. നെറ്റിയിൽ തൊട്ടുനോക്കി. നല്ല പനി. മൂത്തവളാണെന്ന് കരുതിയാവും അവളെന്റെ കൈക്ക് പിടിച്ചു. എനിക്കൊരു രസം. ഒച്ചയുണ്ടാക്കാൻ തുടങ്ങിയതോടെ വാ പൊത്തിപ്പിടിച്ചു. ശ്വാസംമുട്ടിയിട്ടാവും പെണ്ണ് കാഞ്ഞുപോയി. നീ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ച നേരമാ. ഒറ്റയ്ക്കൊരു ശവം ഞാനെന്നാ ചെയ്യാനാ. കിളവൻ ഏലത്തിന് അടിക്കാൻ വെച്ചിരുന്ന വിഷമെടുത്ത് അണ്ണാക്കിലേക്ക് ഒഴിച്ചുകൊടുത്തിട്ട് കയ്യാല ചാടി പോന്നു. ഭാഗ്യത്തിന് ആരും കണ്ടില്ല. പിറ്റേന്ന് ഒന്നുമറിയാത്തപോലെ അവളുടെ ശവമടക്കിന് കൂടി. പെണ്ണ് ആത്മഹത്യ ചെയ്തതാണെന്നാണ് അവിടത്തെ പൊട്ടന്മാര് കരുതിയത്.”
കുഞ്ഞാപ്പിയുടെ കണ്ണുനിറഞ്ഞു.
“എന്തു പറ്റിയെടാ. എന്തേ വല്ലാണ്ട്.”
കുഞ്ഞാപ്പി ഒന്നും മിണ്ടാതെ തോർത്തിന് മുഖം തുടച്ചു. അവന്റെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ട് രായൻ ഒരെണ്ണം അവനും ഒഴിച്ചു. വേണ്ടെന്ന് പറഞ്ഞതോടെ തൊണ്ടക്കുഴിയിൽ തള്ളവിരൽ അമർത്തി. കുഞ്ഞാപ്പിയുടെ തലയിലേക്കുള്ള ഞരമ്പുകൾ വലിഞ്ഞു. കണ്ണ് രണ്ടും പുറത്തേക്ക് തള്ളി.
“രായാ. വിട് ഞാൻ ചാവും.”
‘‘നല്ലവൻ ചമഞ്ഞ് ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാലുണ്ടല്ലോ.’’
ശവവണ്ടിപ്പുരയിൽ രാത്രി കിടക്കുമ്പോൾ കൊല്ലപ്പെട്ട ചാക്കോയെ കുഞ്ഞാപ്പി ഓർത്തു. നിറം മങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ട്രങ്കിൽനിന്നെടുത്ത് രൂപത്തട്ടിൽ വെച്ചു. തിരിവെട്ടത്തിൽ അച്ചമ്മയും ചാക്കോയും.
‘‘പിശാചാ. കൊല്ലാൻ തീരുമാനിച്ചാൽ അവനത് ചെയ്യും. സൂക്ഷിക്കണേ.’’
100
പുത്തൻ കപ്പേളയുടെ വെഞ്ചരിപ്പിന്റെ ദിവസമാണ് ഫിലിപ്പ് മുതലാളി മരിച്ചത്. ഒരുക്കങ്ങൾക്കിടയിൽ എത്തിയ മരണം പള്ളിക്കമ്മിറ്റിയിൽ ചില തർക്കങ്ങൾക്ക് കാരണമായി.
“രണ്ടു കപ്പേളകൾക്കും ഏറ്റവും കൂടുതൽ തുക നൽകിയത് ഫിലിപ്പ് മുതലാളിയല്ലേ.”
“അങ്ങേര് മരിച്ചുകിടക്കുമ്പോ എങ്ങനെയാ. കൂദാശ.”
“രാവിലെ ഫിലിപ്പിന്റെ അടക്കം. ഉച്ചകഴിഞ്ഞ് കപ്പേളയുടെ വെഞ്ചരിപ്പും.”
ആളുകൾ തർക്കം പറഞ്ഞെങ്കിലും ശവമടക്കും കൂദാശയും ഒരുദിവസംതന്നെ നടത്തുമെന്ന് അറിയിച്ചിട്ട് മാമ്പള്ളിയച്ചൻ പാരിഷ് ഹാളിൽനിന്നിറങ്ങി.
മരിക്കുന്നതിന് ഒരു ആറേഴു മാസം മുന്നേവരെ ഫിലിപ്പ് മുടങ്ങാതെ പള്ളിയിൽ വരുമായിരുന്നു. പിന്നീടത് വല്ലപ്പോഴുമായി. ഡ്രൈവറെയും കൂട്ടി പള്ളിമുറ്റംവരെ കാറിൽ എത്തും. പുറത്തേക്ക് ഇറങ്ങില്ല. തിരിയും നേർച്ചക്കാശും ഡ്രൈവറെ ഏൽപിക്കും. പുണ്യാളന്റെ നടയിലെ തിരി കത്തിത്തീരുന്നതും നോക്കി കാറിലിരിക്കും.
പിന്നീട് ഫിലിപ്പിന്റെ പള്ളിയിലേക്കുള്ള വരവ് നിലച്ചു. വീടിന്റെ തെക്കേ അതിര് ഞാറക്കടവു പള്ളിയാണെന്ന സങ്കൽപത്തിൽ അയാൾ അവിടെയൊരു കുരിശു നാട്ടി. വടക്കേയറ്റത്ത് ഞാറക്കടവു മഠത്തിനു മറ്റൊരു കുരിശും. പുണ്യാളന്റെ കുരിശടി, മഠത്തിന്റെ കപ്പേള, അങ്ങനെ പറമ്പ് മുഴുവൻ ആരാധനാലയങ്ങളുടെ കുരിശുകൾ നിറഞ്ഞു. പതുക്കെ നടന്ന് ഓരോ കുരിശിനു മുന്നിലെത്തുമ്പോഴും അയാൾ കുമ്പിട്ടു വണങ്ങി.
തീരെ വയ്യാതായതോടെ തടിമില്ലിലെ തങ്കനെക്കൊണ്ടു മുറ്റത്തെ ആര്യവേപ്പിൽനിന്നും അയാൾ ഒരു കവര മുറിപ്പിച്ചു. പോട്ടത്തിട്ട് ഉണക്കിയ വേപ്പിൻകമ്പും കുത്തിപ്പിടിച്ചായിരുന്നു പിന്നീടുള്ള നടപ്പ്.
ചവയ്ക്കാനുള്ള ആരോഗ്യമില്ലാത്തതു കാരണം പാക്കും പൊകലയുംകൂടി വേലക്കാരി പൊടിച്ച് ഒരു ടിന്നിലിട്ട് കൊടുക്കും. ബിസ്കറ്റു പാട്ടേൽ പിള്ളാരു കൈയിട്ടു തിന്നുന്നപോലെ അയാളെപ്പോഴും മുറുക്കാൻപൊടിയെടുത്ത് ചവച്ചുകൊണ്ടിരിക്കും. ഇടക്ക് ചുണ്ടിനു മീതെ വിരലുകൾ ചേർത്തു നീട്ടിത്തുപ്പും. പാതിമുണ്ടിലും തറയിലുമായി വീഴും. തറ തുടച്ച് വേലക്കാരിപ്പെണ്ണ് കുഴഞ്ഞു.
കരിക്കലാകുമ്പോൾ കൊതുമ്പും ചിരട്ടയുമെടുത്ത് ഇറ്റാലിയൻ ഗ്രാനൈറ്റു തറയുടെ മീതെ ഫിലിപ്പ് തീ കൂട്ടും. ചൂടു കാഞ്ഞിരിക്കുമ്പോൾ കാടിനു നടുക്കാണെന്നാണ് അയാളുടെ വിചാരം. വേപ്പിന്റെ കവരക്ക മ്പ് തോക്കാണെന്നു കരുതി അതും ചൂണ്ടി ഒറ്റയിരുപ്പാ. ആരെങ്കിലും അടുത്തേക്ക് ചെന്നാൽ മിണ്ടരുതെന്ന് ആംഗ്യം കാണിക്കും.
‘‘കാട്ടുപന്നിയാ. ചാവാണ്ടിരിക്കണെ അനങ്ങാണ്ട് എന്റെ പിന്നിലിരുന്നോ.’’
വിറയലോടെ അയാളത്രയും പറഞ്ഞൊപ്പിക്കും. നായാട്ട് ചിലപ്പോൾ പാതിരാവരെ നീളും. കരിയും പുകയും പിടിച്ച് നെരോലാക് ഭിത്തി മുഴുവൻ കറുത്തു. ആഴികൂട്ടിയ തറ പട്ടിമാന്തിയപോലെ കരിക്കട്ട നിറഞ്ഞ് വലിയൊരു പോതായി.
കപ്പേളയുടെ വെഞ്ചരിപ്പിന്റെ തലേന്ന് രാത്രി മുതലാളി പതിവുപോലെ നായാട്ടിനായി കവരക്കമ്പെടുത്തു. ഒരു കാട്ടുമുയൽ പമ്മിയെത്തിയെങ്കിലും ഉന്നം പിഴച്ചു. ഫിലിപ്പ് ക്ഷമയോടെ കാത്തിരുന്നു. പാതിരയായി. ആഴിയിലെ ചിരട്ടക്കനലെല്ലാം ചാരം മൂടിത്തുടങ്ങി. കമ്പും പിടിച്ചുള്ള ഇരിപ്പിൽനിന്നു മൂപ്പിലാൻ എഴുന്നേൽക്കാത്തത് കണ്ട് വേലക്കാരി വിളിച്ചെഴുന്നേൽപിക്കാൻ നോക്കി.
‘‘അങ്ങുന്നേക്ക് ഒടുക്കത്തെ ഒരു ഉന്നാ. ദേ. പന്നി മലർന്നൂട്ടോ.’’
അവൾ തോളിൽ പിടിക്കുമ്പോഴേക്കും ഞാറക്കടവിന്റെ കുടിയേറ്റപുസ്തകത്തിലെ അവസാന പുറം ഇരുന്ന ഇരുപ്പിൽ പിന്നിലേക്ക് മറിഞ്ഞു.
101
ഫിലിപ്പിന്റെ മരണത്തിൽ രായനു സന്തോഷമാണ് തോന്നിയത്. അങ്ങേരുടെ കുടുംബക്കല്ലറ തുറക്കാൻ കുഞ്ഞാപ്പിക്കൊപ്പം അവനും കൂടി. ഫിലിപ്പിന്റെ ഭാര്യ ലാലമ്മയെയാണ് ഒടുക്കം കല്ലറയിൽ അടക്കിയത്. ശവത്തിൽനിന്ന് കമ്മൽ നീക്കം ചെയ്തിട്ടില്ലായിരുന്നുവെന്ന് കപ്യാര് സംശയം പറഞ്ഞിരുന്നു. അസ്ഥിയും മുടിയുമൊക്കെ അരിച്ചുപെറുക്കിയിട്ടും ഒരു തരിപോലും സ്വർണം കണ്ണിൽപ്പെടാതെ വന്നതോടെ കപ്യാര് പള്ളിയിലേക്ക് കയറിപ്പോയി.
‘‘ആ നാറി പറ്റിച്ചതാവും.’’
സ്ലാബിളക്കാനെടുത്ത കമ്പിപ്പാര കപ്യാരുടെ ചെരിപ്പിൽ കുത്തിനിർത്തിയിട്ട്, രായൻ പള്ളിമുറ്റത്തുനിന്നിറങ്ങി.
ഫിലിപ്പു മുതലാളിയുടെ ശവമടക്കു കഴിഞ്ഞതിന്റെ പിറ്റേമാസം മാമല്ലപുരത്തുനിന്നു പണിക്കാരെത്തി. വെട്ടുകല്ലിൽ പണിത പഴയ ശവകുടീരം പൊളിച്ചുകളഞ്ഞ് മാർബിളിന്റെ കല്ലറ അവർ പണിതു. ഞാറക്കടവു പാലത്തിൽ നിന്നാൽ കാണാവുന്നത്ര പൊക്കം കല്ലറയിൽ വെച്ച മാർബിൾ കുരിശിനുണ്ടായിരുന്നു.
പാതിരി ചോദിച്ചതിനേക്കാൾ കൂടുതൽ തുക ഫിലിപ്പിന്റെ കുടുംബം പള്ളിക്ക് സംഭാവനയായി കൊടുത്തതു കാരണം കുരിശിന്റെ പൊക്കത്തിൽ ആരും തർക്കമൊന്നും പറഞ്ഞില്ല. കല്ലറയുടെയും കുരിശിന്റെയും പണി കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച തമിഴർ വീണ്ടുമെത്തി. ഇത്തവണ വിളക്ക് കത്തിച്ചുവെച്ച് രാത്രിയായിരുന്നു മിനുക്കുപണി.
ഫിലിപ്പിന്റെ ഇളയമകനായിരുന്നു കാര്യങ്ങളെല്ലാം നോക്കിനടത്തിയിരുന്നത്. കുഞ്ഞാപ്പിയുടെ കൈയിൽ അയാൾ കുറച്ചു കാശ് വെച്ചുകൊടുത്തു.
“പണി കഴിയുന്നതുവരെ നീ പുറത്തേക്ക് ഇറങ്ങണ്ട.”
കുഴപ്പം പിടിച്ചതൊന്നും കാണേെണ്ടന്ന് കരുതി പതിവിലും നേരത്തേ കുഞ്ഞാപ്പി ശവവണ്ടിപ്പുരയിലേക്ക് കയറി വാതിലടച്ചു.
നേരം വെളുക്കുമ്പോഴേക്കും കല്ലറയിലെ കുരിശിന്റെ ഒത്തനടുക്കായി ഫിലിപ്പിന്റെ മാർബിളിൽ കൊത്തിയ തല.
നാട്ടുകാർക്ക് കൗതുകം.
മാമ്പള്ളിയച്ചന്റെ മുഖം മാത്രം തെളിച്ചമില്ലാതെ കിടന്നു.
102
നവനാൾ നോവേന കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രായനെയും കുഞ്ഞാപ്പിയെയും അച്ചൻ മേടയിലേക്ക് വിളിപ്പിച്ചു. പഴയ ഓർമയിൽ മണിയടിക്കാതെ രായൻ വാതിൽ മുട്ടി. പുറത്തേക്കിറങ്ങിയ അച്ചൻ രണ്ടാളെയും കൂട്ടി സെമിത്തേരിയിലേക്ക് ചെന്നു. അണപ്പോടെയുള്ള നടപ്പ്. പാതിരി പെട്ടെന്ന് വയസ്സനായതുപോലെ രായനു തോന്നി. സെമിത്തേരിയിലെ കാര്യങ്ങൾ പറയുന്നതിനിടയിലും ഇടക്കിടെ അച്ചൻ ചുമച്ചുകൊണ്ടിരുന്നു.
“ആദ്യമായിട്ടാണ് കുരിശേൽ ഒരാളുടെ തല. അതെങ്ങനെ ശരിയാകും.”
സെമിത്തേരിയുടെ ഗേറ്റ് തുറക്കുമ്പോൾ പാതിരി സ്വരം താഴ്ത്തി.
‘‘ഫിലിപ്പിന്റെ വീട്ടിൽനിന്ന് ഞാനിത്തിരി പണം വാങ്ങിപ്പോയി. തലവെയ്ക്കുന്ന കാര്യം അവരെന്നോടു പറഞ്ഞിരുന്നുമില്ല. നിങ്ങൾ രണ്ടു പേരും കൂടി അതിങ്ങ് ഇളക്കിയെടുത്തോണ്ടു വാ.’’
കുഞ്ഞാപ്പി പേടിച്ചു. ഫിലിപ്പിന്റെ ഇളയമകൻ വെച്ചുനീട്ടിയ പൈസ വാങ്ങേണ്ടിയിരുന്നില്ല എന്നവന് തോന്നി.
‘‘തല കാണാതായാൽ അയാളെന്നോടേ ചോദിക്കൂ. അതവിടെ ഇരുന്നോട്ടെ അച്ചാ.’’ അച്ചൻ ദേഷ്യമടക്കി കുഞ്ഞാപ്പിയെ നോക്കി. രായനൊന്നും മിണ്ടാതെ അച്ചന്റെ പിന്നാലെ നടന്നു.
‘‘സെമിത്തേരിയിൽ ഒരു തല വന്നാൽ അതിന്റെ വാലേ തൂങ്ങി മരിക്കുന്നവന്റെയെല്ലാം കുരിശേൽ ചെറുതും വലുതുമായി തലകളങ്ങനെ കാശിന്റെ മിടുക്കനുസരിച്ച് വരും. തലയ്ക്കു താഴെയാ പിന്നെ തിരി കത്തുക. ഫിലിപ്പ് കേറി പുണ്യാളനാവില്ലെന്ന് ആർക്കറിയാം. നിനക്കു പേടിയാണെങ്കിൽ ഇവനത് ഒറ്റയ്ക്കു ചെയ്തോളും.’’
“രണ്ടുമൂന്നു ദിവസത്തെ സാവകാശം വേണം.”
അച്ചൻ കൊടുത്ത പണം രായൻ വാങ്ങി.
ഗോഡൗണിലേക്ക് മടങ്ങുമ്പോൾ അവനത് കുഞ്ഞാപ്പിയെ കാണിച്ചു.
‘‘ഇതെന്തു നോട്ടാണ് രായാ..?’’
‘‘ഫോറിനാ. ഇതൊക്കെ രൂപയാക്കി അച്ചനെ തിരിച്ചേൽപിക്കണം.’’
103
നോട്ടു മാറുന്ന ഒരു ചേരി കാവനാട്ടുണ്ടെന്നു രായൻ പറയുമ്പോൾ മാലിപ്പുറത്തേക്ക് പോകുന്ന വഴിയാണ് ആ സ്ഥലമെന്ന് കുഞ്ഞാപ്പിയോർത്തു. പിറ്റേന്നു രാത്രി സെമിത്തേരിയിലെത്തിയ രായൻ ഫിലിപ്പു മുതലാളിയുടെ തല കുരിശിൽനിന്ന് ഇളക്കിയെടുത്ത് ഒരു സഞ്ചിയിലാക്കി ഗോഡൗണിൽ കൊണ്ടുവെച്ചു. രാത്രിതന്നെ കുഞ്ഞാപ്പിയെയും കൂട്ടി കാവനാട്ടേക്ക് വണ്ടി കയറി. വെളുപ്പിനേ അവിടെ എത്തുമ്പോൾ മദ്രസയിലേക്കു പോകുന്ന കുറച്ചു പിള്ളാരും ആടുകളും മാത്രമേ റോഡിലുണ്ടായിരുന്നുള്ളൂ. നിരന്നുള്ള പെട്ടിക്കടകളുടെ അറ്റത്തെ ചായപ്പീടിക തുറന്നിട്ടുണ്ട്.
ചായയും പഴംപൊരിയും വാങ്ങിയിട്ട് രായൻ കടക്കാരനോടു എന്തോ ചോദിച്ചു. അയാൾ പാത്രം കഴുകിക്കൊണ്ടിരുന്ന പയ്യനെ അടുത്തേക്ക് വിളിച്ച് അവരുടെ കൂടെ അയച്ചു. ചെക്കന്റെ പിന്നാലെ നടന്ന് രണ്ടുമൂന്നു വളവു കഴിഞ്ഞപ്പോഴേക്കും റോഡിനിരുവശവും പഴയ സാധനങ്ങൾ വിൽക്കുന്ന കടകൾ. കാളവണ്ടിയുടെ വീലു മുതൽ പഴയ കാലത്തെ പീരങ്കിവരെയുണ്ട് ചില കടകളിൽ.
‘‘ഇവിടെ കിട്ടാത്തതായി ഒന്നുമില്ല.’’
രായൻ പറയുന്നതു കേട്ട് കുഞ്ഞാപ്പി അതിശയത്തോടെ പഴയ സാധനങ്ങൾ കണ്ടു നടന്നു. മുസ്ലിം പള്ളി കഴിഞ്ഞ് ഇടത്തേക്കുള്ള വഴിയിലേക്ക് കയറിയപ്പോൾ കൂടെ വന്ന ചെക്കൻ ഓടിട്ട വീട് ചൂണ്ടിക്കാട്ടിയിട്ട് ഒന്നും പറയാതെ ഓടിപ്പോയി. രായൻ ഗേറ്റ് തുറന്നു. മുറ്റത്തെ കൂടുകളിൽ നിറയെ പ്രാവുകളും മുയലുകളും. കാറ്റിന് പക്ഷിക്കാട്ടത്തിന്റെ നാറ്റം. അകത്തു നിന്ന് പ്രാർഥനയോടൊപ്പം കൊച്ചു കുട്ടികളുടെ കരച്ചിൽ.
‘‘സാബിറേ ആരാ പൊരേന്റെ മുന്നീ. നോക്കീൻ.’’
മയിൽപ്പീലിപോലെ ചിറകുവിടർത്തി ഇണചേരാൻ തുള്ളുന്ന പ്രാവുകൾ. തീറ്റിക്കിടയിലും മൂക്കുവിടർത്തി ചുറ്റുപാടും പേടിയോടെ നോക്കുന്ന മുയലുകൾ. ഒരു ചൂരൽകൊട്ടയിൽ നിറയെ മുയലിനു കൊടുക്കാനുള്ള അടമ്പ. ഇല വാടിയിട്ടും അതിൽനിന്നൊരു വയലറ്റു കോളാമ്പിപ്പൂ വിടർന്നുനിന്നു. കുഞ്ഞാപ്പിയും രായനും കാഴ്ചകൾ കണ്ടുനിൽക്കുമ്പോഴേക്കും അരിപ്പപോലുള്ള തൊപ്പിയും തലയിൽവെച്ച് ഒരാൾ പുറത്തേക്കിറങ്ങി. നീളൻമൂക്കും തെളിച്ചമുള്ള കണ്ണുകളും. എവിടെയോ കണ്ടുമറന്നൊരു മുഖം.
വഴിയരികിൽ ഒതുക്കിയിട്ടിരുന്ന ലാമ്പട്രാ സ്റ്റാർട്ടാക്കി രണ്ടുപേരോടും അതിൽ കേറാൻ പറഞ്ഞു. അയാളുടെ പ്രൗഢിക്ക് ചേരാത്തൊരു തുരുമ്പിച്ച വണ്ടി. അതിനുള്ളിൽ വെച്ചായിരുന്നു പണമിടപാട്. ചെറിയ ഇടവഴികളിലൂടെ ചുറ്റിക്കറങ്ങി എത്തിയപ്പോഴേക്കും ഇടപാട് കഴിഞ്ഞിരുന്നു.
തിരിച്ചുപോരും വഴി പഴയ സാധനങ്ങൾ വിൽക്കുന്ന കടയിൽനിന്നും രായനൊരു ടൈപ്പ്റൈറ്റർ വാങ്ങി.
“ഇതാർക്കാ രായാ..?”
“അതൊക്കെയുണ്ട്. പിന്നെ പറയാം...”
(തുടരും)