മുടിയറകൾ -31
129 ഒടുവിലത്തെ ആളും നടയിൽനിന്നിറങ്ങിയതോടെ മലർക്കെ തുറന്നുകിടന്ന പള്ളിയുടെ ആനവാതിൽ ക്ലേശത്തോടെ അയാൾ ചേർത്തടച്ചു. ഏത് വാതിൽ ചേർത്തടക്കുമ്പോഴാവും ഒരുവന്റെ കാഴ്ചയിൽനിന്ന് അവന്റെ അകം മറയുക. വിറയലോടെ അൾത്താരയിലേക്ക് ചെന്നു. കളങ്കപ്പെട്ട മനസ്സുമായി തിരിച്ചിറങ്ങുമ്പോൾ അതൊന്നും ആരും കണ്ടിട്ടില്ലെന്നാണ് അയാൾ കരുതിയത്. എന്നിട്ടും ചെമ്പിന്റെ ചെവിത്തോണ്ടിയുള്ള താക്കോൽകൂട്ടം അച്ചനെ ഏൽപിക്കുമ്പോൾ അയാളുടെ കൈ വിറച്ചു.“താനിരിക്കെടോ.” സാധാരണ...
Your Subscription Supports Independent Journalism
View Plans129
ഒടുവിലത്തെ ആളും നടയിൽനിന്നിറങ്ങിയതോടെ മലർക്കെ തുറന്നുകിടന്ന പള്ളിയുടെ ആനവാതിൽ ക്ലേശത്തോടെ അയാൾ ചേർത്തടച്ചു. ഏത് വാതിൽ ചേർത്തടക്കുമ്പോഴാവും ഒരുവന്റെ കാഴ്ചയിൽനിന്ന് അവന്റെ അകം മറയുക. വിറയലോടെ അൾത്താരയിലേക്ക് ചെന്നു. കളങ്കപ്പെട്ട മനസ്സുമായി തിരിച്ചിറങ്ങുമ്പോൾ അതൊന്നും ആരും കണ്ടിട്ടില്ലെന്നാണ് അയാൾ കരുതിയത്. എന്നിട്ടും ചെമ്പിന്റെ ചെവിത്തോണ്ടിയുള്ള താക്കോൽകൂട്ടം അച്ചനെ ഏൽപിക്കുമ്പോൾ അയാളുടെ കൈ വിറച്ചു.
“താനിരിക്കെടോ.”
സാധാരണ താക്കോലും മേടിച്ച് അച്ചൻ അകത്തേക്ക് പോവുകയാണ് പതിവ്. കയറിയിരിക്കാൻ പറഞ്ഞതോടെ കപ്യാരുടെ നെഞ്ചിടിപ്പ് കൂടി. പാതിരി കണ്ടിട്ടുണ്ടാവുമോ. തൊണ്ടിമുതലുമായി പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ കസേരയുടെ ചാരിലേക്ക് ശരീരം താങ്ങി അയാൾ വിറച്ചു നിന്നു.
“എത്ര കാലമായി ഇതു തുടങ്ങിയിട്ട്..?”
“ആദ്യായിട്ടാണച്ചാ.”
“സാരമില്ല, തന്റെ ബുദ്ധിമുട്ടുകൾ കൊണ്ടല്ലേ.”
തടിയലമാരയിൽനിന്ന് പുത്തൻനോട്ടിന്റെ ഒരു കെട്ടെടുത്ത് അതിൽനിന്നും കുറച്ചു രൂപ കൂനിക്കൂടിനിന്നവന്റെ അന്ധാളിപ്പിനു മുന്നിലേക്ക് പാതിരി നീട്ടി.
“ഇതിരിക്കട്ടെ. തനിക്ക് ഞാനൊന്നും തന്നിട്ടില്ലല്ലോ. എന്നോടൊന്നും ആവശ്യപ്പെടാറുമില്ലായിരുന്നു.”
കുറ്റബോധത്തോടെ അയാൾ ഇരുട്ടിലേക്ക് ഇറങ്ങുന്നതും നോക്കിനിന്നിട്ട് അച്ചൻ മുറിയിലേക്ക് കയറി. അലമാര പൂട്ടിയെന്ന് ഒന്നുകൂടി ഉറപ്പുവരുത്തിയിട്ട് ഹോട്ട്ബാഗുമായി കട്ടിലിൽ കിടന്നു. ഞാറക്കടവ് പള്ളിയുടെ തുടക്കം മുതൽ എത്രയോ പാതിരിമാർ കിടന്നിട്ടുള്ള കട്ടിലാണ്. പാപത്തിന്റെ ചില പടർപ്പുകൾ മേക്കട്ടിയിലൂടെ ഞാന്നിറങ്ങി കട്ടിലിനെ മലിനപ്പെടുത്തിയിട്ടുള്ള കഥകൾ കപ്യാരാണ് വെളിപ്പെടുത്താറുള്ളത്. ഒരാവർത്തനംപോലെ ഇനി വരുന്ന പാതിരിയോടും അയാളത് പറയും.
മേക്കട്ടിയുള്ള കട്ടിൽ ആദ്യമായി കാണുന്നത് സെമിനാരിയിൽവെച്ചാണ്. എല്ലാ കട്ടിലുകൾക്കും ഓരോ കഥ പറയാനുണ്ടാവുമെന്ന് അവിടത്തെ കുശിനിക്കാരനും പറയുമായിരുന്നു. അപ്പനോടൊപ്പം സെമിനാരിയിൽ ചേരാൻ പോയ ദിവസമാണ് കോങ്കണ്ണുള്ള അയാളെ പരിചയപ്പെടുന്നത്. അന്ന് നല്ല മഴയായിരുന്നു. ശീലക്കുടയിലേക്ക് അപ്പൻ ചേർത്തുപിടിച്ചിട്ടും പുത്തൻ ഷർട്ടും മുണ്ടുമെല്ലാം നനഞ്ഞു. സന്ധ്യയായതോടെ പനിച്ചു. കുരുമുളകിട്ട ചായയും തന്ന് കുശിനിക്കാരനാണ് ആശ്വസിപ്പിച്ചത്.
“വീട്ടിൽനിന്ന് മാറിനിൽക്കുന്നതിന്റെ സങ്കടപ്പനിയാ. മാറിക്കോളും.”
ആരെ നോക്കിയാണ് സംസാരിക്കുന്നതെന്ന് കൃത്യം മനസ്സിലാക്കാൻ കഴിയാത്ത അയാളുടെ കണ്ണുകളുടെ പിടച്ചിൽ അച്ചൻ ഓർത്തു. ദൃഷ്ടികൾ വിപരീതദിശകളിലേക്ക് വികലമായെങ്കിലും പാചകംപോലെ അയാൾക്ക് ജീവിതത്തിന്റെ പാകവും അറിയാമായിരുന്നു.
തൂതപ്പുഴയിൽവെച്ച് അയാളുമായി സൗഹൃദത്തിലാവുമ്പോൾ മീശപോലും കിളിർത്തിട്ടില്ല. ഫിലോസഫി കഴിഞ്ഞിട്ടും പൊക്കം വെക്കാതെ ഒരു കൊച്ചുപയ്യനായി തുടർന്നു. കൊച്ചുമാമ്പള്ളി എന്നായിരുന്നു പട്ടം കിട്ടുന്നതുവരെ എല്ലാവരും വിളിച്ചിരുന്നത്. ആഹാരത്തിനൊന്നും മുട്ടുണ്ടായിട്ടില്ല. നാലുമണി യോടെ ക്ലാസ് കഴിയും. തോട്ടത്തിൽ എന്തെങ്കിലും പണിയുണ്ടാവും. അതുകഴിഞ്ഞ് ഇരുട്ടുവീഴുംവരെ തിമിർത്ത് വോളിബോൾ കളിക്കും. അന്തിക്കുള്ള പ്രാർഥനയും അത്താഴവും കഴിഞ്ഞാൽ പലവിചാരം കൂടാതെ തളർന്നുറങ്ങും. ചില ദിവസങ്ങളിൽ ഇതൊക്കെ തെറ്റും. നിവൃത്തിയില്ലാതെ വരുമ്പോൾ കുളിമുറിയിലേക്ക് കയറി ഷവറിനടിയിൽ നിൽക്കും. മിക്കപ്പോഴും എല്ലാം കൈവിട്ടുപോകും. പാപഭാരത്തോടെയാവും തല നനച്ചിറങ്ങുക.
പട്ടം കിട്ടിയതോടെ വിലക്കുകളെല്ലാം മാറി. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം. അത്രയും കാലം അടിച്ചമർത്തിയതൊക്കെ മറന്നുള്ള തീറ്റിയും കുടിയും. എല്ലാറ്റിനോടും ഒരുതരം ആർത്തി. വീണുപോകുന്ന നിമിഷങ്ങൾ. ആരും അറിയാതെ ചിലതെല്ലാം മൂടിപ്പൊതിഞ്ഞു വെക്കുന്നതാണ് വിശുദ്ധിയെന്ന് അന്ന് കൂടെയുള്ളവർ പറയുമായിരുന്നു.
മഴ കനത്തതോടെ അച്ചൻ എഴുന്നേറ്റ് ജനാല ചാരി. ഗ്രോട്ടോയിൽ കത്തിച്ചുവെച്ചിരുന്ന തിരിയെല്ലാം കെട്ടു. ഹോട്ട്ബാഗ് നെഞ്ചോട് ചേർത്തുപിടിച്ചിട്ടും ശ്വാസംമുട്ട് കൂടുന്നതുപോലെ.
“കിടന്നുപോകുന്നതിനു മുന്നേ നീയെന്നെ വിളിക്കണേ.”
കൊന്തയെടുത്തു. ആവർത്തിച്ചുള്ള പ്രാർഥനകൾക്കും പലവിചാരങ്ങൾക്കും ഇടയിൽ എപ്പഴോ ഒന്നു മയങ്ങി.
മേക്കട്ടിയിലേക്ക് പടർന്ന പാപത്തിന്റെ വള്ളിയിൽനിന്നൊരു പൂവ് വിടരുന്നത് കണ്ടിട്ടാവണം ഉറക്കത്തിലും അച്ചൻ ഞരങ്ങിക്കൊണ്ടിരുന്നു.
130
പ്രീസ്റ്റ് ഹോമിലേക്ക് പോകുന്നതിന്റെ തലേദിവസം രാവിലെ ദീനാമ്മ മദറും രണ്ടു സിസ്റ്റേഴ്സുംകൂടി മേടയിലെത്തി.
“കപ്യാരെ പറഞ്ഞുവിട്ടെന്ന് കേട്ടു.”
“അയാൾക്ക് തീരെ വയ്യ മദറേ. ഓർമക്കുറവുമുണ്ട്. പുതിയൊരു പയ്യനെ എടുത്തു. അവനാകുമ്പോൾ ഓടിനടന്ന് ഓരോന്നു ചെയ്തോളും.”
വയസ്സായെങ്കിലും ചുറുചുറുക്കോടെ നടന്നിരുന്ന ആളായിരുന്നു കപ്യാര്. അച്ചൻ പറയുന്നത് വിശ്വാസമായില്ലെങ്കിലും മദർ അതിനെക്കുറിച്ചൊന്നും ചോദിക്കാൻ നിന്നില്ല.
“എനിക്കും ഇത്തിരി ഓർമക്കുറവുണ്ടച്ചാ.”
“അതിപ്പോ വയസ്സാകുമ്പോ എല്ലാവർക്കുമുണ്ടാകും. കന്യാസ്ത്രീകളുടെ വാർധക്യകാലമാ കുറച്ചുകൂടി ഭേദം. മരണംവരെ നിങ്ങൾക്ക് മഠത്തിൽ കഴിയാല്ലോ. മേടയിൽ തനിച്ചു കഴിയുന്നവനെ ആര് നോക്കാനാണ്. വയ്യാതായാൽ ഓൾഡ് ഏജ് ഹോമിലേക്ക് പോവാതെ നിവർത്തിയില്ലല്ലോ.”
കിടന്നു മുള്ളുന്നതു കാരണം അച്ചന്റെ മുറിയിൽ എപ്പോഴും മൂത്രത്തിന്റെ ഇരപ്പുമണമുണ്ടാകും. ഈയിടെയായി മൂത്രം പിടിച്ചുനിർത്താൻ പാടാണ്. പുത്തൻവെള്ളം തളിക്കാൻ ആള് വരുന്നുണ്ടെന്നും പറഞ്ഞ് എവിടെ ചെന്നാലും കൂടെയുള്ളവർ കളിയാക്കും.
“ഞങ്ങള് കാപ്പി ഇട്ടോണ്ടു വരാം.”
മുറിയിലെ ചെടിപ്പുമണം സഹിക്കാൻ വയ്യാതെ മദറിന്റെ കൂടെ വന്ന സിസ്റ്റേഴ്സ് കുശിനിയിലേക്ക് ഇറങ്ങി.
ഞാറക്കടവു മഠത്തിൽ പുതിയതായി വന്നവരെല്ലാം ചെറുപ്പമാണ്. മഠത്തിലേക്ക് പോകാത്തതു കാരണം മിക്ക സിസ്റ്റേഴ്സിനെയും മാമ്പള്ളിയച്ചന് പരിചയമില്ല. ആബേലമ്മയുടെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്നവരെയെല്ലാം വിദേശത്തുള്ള കോൺവെന്റുകളിലേക്ക് അയച്ചിരുന്നു. അക്കൂട്ടത്തിൽ ലൂസി സിസ്റ്റർ മാത്രം അച്ചനെ വിളിച്ച് ഓരോ സങ്കടങ്ങൾ പറയും.
മുഷിഞ്ഞ കിടക്കവിരി മാറ്റി പുതിയത് വിരിക്കുമ്പോൾ മദർ അച്ചനോട് മഠത്തിലെ വിശേഷങ്ങൾ പറയാൻ തുടങ്ങി.
“പുതിയ കുട്ടികളെ മേയിക്കാൻ ഇത്തിരി പാടാണച്ചാ.”
“ഈ പ്രായത്തിൽ അവരെ ഇങ്ങനെ തളച്ചിടരുതെന്നാണ് എന്റെ അഭിപ്രായം. സന്യാസമെന്നത് ജീവിതസായാഹ്നത്തിൽ തുടങ്ങേണ്ട ഒന്നാണ്. ജീവിതം എന്തെന്ന് അറിയാനും മറ്റൊരാൾക്ക് അതിനെക്കുറിച്ച് പറഞ്ഞുകൊടുക്കാനും അപ്പോഴേ കഴിയൂ. ഇതൊക്കെ ആരോടു പറയാനാണ്.”
പതിവില്ലാതെ അച്ചൻ അങ്ങനെ പറയുന്നത് കേട്ടപ്പോൾ കാട്ടിപ്പറമ്പിലച്ചന്റെ കാര്യം മദർ ഓർത്തു. കല്യാണം കഴിക്കാൻ ആഗ്രഹമുള്ള പാതിരിമാരെ അതിന് അനുവദിക്കണമെന്ന് പ്രീസ്റ്റ് കോൺഫറൻസിൽ പറഞ്ഞതിനായിരുന്നു അച്ചനെ മിഷൻ പ്രവർത്തനങ്ങൾക്കായി പാപ്വന്യൂഗിനിയിലേക്ക് അയച്ചത്. രണ്ടുവർഷം തികക്കുന്നതിനു മുന്നേ അവിടത്തെ കാലാവസ്ഥയും ഭക്ഷണവും പിടിക്കാതെ ആള് അവശനായി നാട്ടിലേക്ക് തിരിച്ചുപോന്നു. പ്രീസ്റ്റ് ഹോമിലെ കുടുസ്സുമുറിയിൽ കിടന്നായിരുന്നു മരണം.
ഓൾഡ് ഏജ് പ്രീസ്റ്റ് ഹോം എന്ന് കേൾക്കുന്നതേ അച്ചൻമാർക്ക് പേടിയാണ്. അവിടേക്ക് പോകാനുള്ള മടി കാരണം ആരോഗ്യം ക്ഷയിച്ചാലും വികാരിയച്ചൻമാർ അതൊന്നും പുറത്തു കാണിക്കാതെ നരച്ച താടിയും മുടിയും ഡൈചെയ്ത് ചെറുപ്പമാണെന്ന് നടിക്കും. വീണുപോകുമെന്ന പേടിയുണ്ടെങ്കിലും വാക്കിങ് സ്റ്റിക്ക് ഉപയോഗിക്കില്ല. അസുഖം വന്നാൽ പുറത്താരോടും പറയാതെ പരിചയക്കാരായ ഡോക്ടർമാരുടെ സഹായത്തോടെ രഹസ്യമായി ചികിത്സിക്കും.
തടഞ്ഞുനിർത്താൻ കഠിനമായി പരിശ്രമിച്ചാലും വാർധക്യം ഒരുനാൾ അതിന്റെ ചുളിവുവീണ കൈകൊണ്ടു വട്ട പിടിക്കും. വീണുപോകുന്ന അവസ്ഥയിലാണ് പലരും പ്രീസ്റ്റ് ഹോമിലേക്കെത്തുക.
നിറയെ വർണങ്ങളുമായി ഒരു വലിയ കാൻവാസിൽ നിറഞ്ഞുനിന്നിരുന്ന ജീവിതം ഇടുങ്ങിയ മുറിയുടെ ഷെയിഡിലേക്ക് മാറ്റിവരക്കപ്പെടേണ്ടി വരുന്നതിന്റെ വേദനകൾ മദറിനോട് പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കാപ്പിയുമായി സിസ്റ്റേഴ്സ് മുറിയിലേക്ക് വന്നത്. കസേരപ്പടിയിൽ കൈ താങ്ങി ആയാസത്തോടെ മാമ്പള്ളിയച്ചൻ എഴുന്നേറ്റു.
“ഏകാന്തതയുടെ ദ്വീപിലേക്ക് എന്റെ വഞ്ചിയടുക്കാറായി മദറേ.”
“അച്ചനങ്ങനെയൊന്നും പറയാതെ. വീട്ടിലേക്ക് പോകാനുള്ള തീരുമാനം എന്തിനാണച്ചാ ഉപേക്ഷിച്ചത്.”
“കിടപ്പിലായ മൂത്ത ചേട്ടായിയെ ആ പിള്ളേര് കഷ്ടപ്പെട്ടാ നോക്കുന്നത്. അതിന്റെ കൂടെ ഞാനും. അതു ശരിയാവില്ല.”
കാപ്പിച്ചൂട് നെഞ്ചിലൂടെ ഇറങ്ങിയതിന്റെ ആശ്വാസത്തോടെ അച്ചൻ ചാരിയിട്ടിരുന്ന ജനാല തുറന്നു.
പുറത്ത് കാത്തുനിന്നവർ മുനവെച്ച് ഓരോന്ന് പറയുന്നത് കേട്ട് സിസ്റ്റർമാരെയും വിളിച്ച് മദർ വേഗം മേടയുടെ പടിയിറങ്ങി.
131
പ്രീസ്റ്റ് ഹോമിലേക്ക് പോയി ഒരുമാസം കഴിയും മുന്നേ മാമ്പള്ളിയച്ചനെ ഇടവകക്കാർ മറന്നു.
ഓടത്തക്കലച്ചൻ ചെറുപ്പമായതുകൊണ്ടുതന്നെ ഒരു പുത്രവാത്സല്യം ദീനാമ്മ മദറിനുണ്ടായിരുന്നു. മഠത്തിൽനിന്ന് മൂന്നു നേരവും പള്ളിയിലേക്ക് ഭക്ഷണം കൊടുത്തുവിടും. ആഴ്ചയിലൊരിക്കൽ മേട വൃത്തിയാക്കും. മൂന്നാലു മാസം കഴിഞ്ഞതോടെ അച്ചൻ അതെല്ലാം വിലക്കി.
“ഇവിടുത്തെ കുശിനിയിൽ ആളായി, മഠത്തിൽനിന്ന് ഇനി ആഹാരം കൊടുത്തു വിടേണ്ട.”
കർമലിക്ക് പകരം തെക്കേച്ചിറയിൽനിന്നൊരു പെൺകൊച്ചിനെ അച്ചൻ കുശിനിയിൽ നിർത്തിയ കാര്യം മദർ അപ്പോഴാണ് അറിഞ്ഞത്. കർമലിയുടെ കല്യാണം കഴിഞ്ഞെന്നും അവൾ കെട്ടിയവനോടൊപ്പം ചെമ്മീൻകെട്ടിലെ പണിക്കാണ് പോകുന്നതെന്നും അച്ചൻ പറഞ്ഞപ്പോൾ ഒരു വാക്ക് പറയാതെ അവൾ പോയല്ലോ എന്നോർത്ത് മദർ സങ്കടപ്പെട്ടു.
മേടയിൽനിന്നും തിരിച്ചെത്തിയതോടെ മദറിനൊരു ക്ഷീണം. പാർലറിലേക്ക് കയറി ഫാനിന്റെ സ്വിച്ചിടാൻ സിസ്റ്ററിനോടു പറഞ്ഞതും ആള് തലചുറ്റി വീണു. മിഷനാശുപത്രിയിൽ മൂന്നാലു ദിവസം കിടക്കേണ്ടി വന്നു. ഹാർട്ടിന്റെ പമ്പിങ്ങിനു പ്രോബ്ലമുണ്ടെന്നും പേസ് മേക്കർ വെക്കണമെന്നും കുരുവിള ഡോക്ടർ പറയുന്നത് കേട്ടു മദർ ചിരിച്ചു.
“ഡോക്ടർക്ക് അറിയാമല്ലോ മഠത്തിലെ കാര്യങ്ങൾ. അച്ചൻമാർക്ക് അരമനയിൽനിന്ന് ചികിത്സിക്കാനുള്ള പണം അനുവദിക്കുന്നപോലെ അത്ര എളുപ്പമല്ല മഠത്തിൽനിന്നത് കിട്ടാൻ. പ്രാർഥിച്ചാൽ മാറാത്ത ഏതു അസുഖമാണ് ലോകത്തിലുള്ളത് എന്നാണ് സൂപ്പീരിയറിന്റെ ചോദ്യം. പേസ്മേക്കർ വെയ്ക്കാനുള്ള കാശ് തന്നേ പറ്റൂവെന്ന് ഞാനെങ്ങനെ പറയും.”
“മദർ സുപ്പീരിയറിനോട് ഞാൻ പറയാം.”
“വേണ്ട ഡോക്ടറേ. എന്റെ ഹൃദയത്തിൽ വസിക്കുന്നവൻ അതിന്റെ കേടുപാടുകളെല്ലാം തൊട്ടു സുഖപ്പെടുത്തിക്കോളും.”
“ഹൃദയത്തിൽ ആരു വസിച്ചാലും സിരകളിലേക്കും ധമനികളിലേക്കും രക്തം തുറന്നുവിടുന്നത് വാൽവുകളാ.”
തർക്കിച്ചെങ്കിലും മനസ്സിനെ വിഷമിപ്പിക്കുന്ന ചിന്തകളും ഭാരമേറിയ ജോലികളും ഒഴിവാക്കണമെന്ന് ഉപദേശിച്ചാണ് കുരുവിള ഡോക്ടർ മദറിനെ ആശുപത്രിയിൽനിന്നു ഡിസ്ച്ചാർജ് ചെയ്തത്.
മഠത്തിലെ ജോലികളുടെ ചുമതലയിൽനിന്ന് മദറിനെ മാറ്റിയെങ്കിലും ആബേലമ്മയെ നാമകരണ നടപടികൾ പൂർത്തിയാകുന്നതുവരെ മദർ ഞാറക്കടവിൽ തുടരണമെന്നുള്ള നിർദേശം ജനറലൈറ്റിൽനിന്നെത്തി.
“വിഷമിക്കേണ്ട, ഞാനെല്ലാം നോക്കി നടത്തിക്കോളാം. എതിരൊന്നും പറയാതെ മഠം എന്റെ കൂടെ നിന്നാ മതി.”
ഓടത്തക്കലച്ചന്റെ വാക്കുകളിൽ സാന്ത്വനമാണോ മുന്നറിയിപ്പാണോ എന്നറിയാൻ കഴിയാതെ ദീനാമ്മ മദർ വിഷമിച്ചു.
ആബേലമ്മയുടെ കുഴിമാടത്തിൽ പ്രാർഥിക്കാൻ വരുന്ന ആളുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു. നൊവേന തുടങ്ങിയതോടെ കപ്പേളയുടെ ഉള്ളിൽ നിൽക്കാൻ ഇടമില്ലാതെ റോഡരികിലേക്കും ആളുകളുടെ നിര നീണ്ടു. വിശുദ്ധയായി പ്രഖ്യാപിക്കാതെ ഇങ്ങനെയുള്ള ചടങ്ങുകളൊന്നും നടത്താൻ പാടില്ലെന്ന് അരമനയിൽനിന്ന് അറിയിച്ചെങ്കിലും നേർച്ചവരുമാനം കൂടിയതോടെ ബിഷപ് അതൊന്നും കണ്ടില്ലെന്ന് നടിച്ചു.
കപ്പേളക്കു ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം ഏതോ മാളുകാര് വാങ്ങിയെന്ന് ഓടത്തക്കലച്ചൻ പറഞ്ഞു. കാശു മുടക്കി അതെല്ലാം നേരത്തേ വാങ്ങിച്ചിടാതിരുന്നതിന് വെറുതെ ദേഷ്യപ്പെടുകയും ചെയ്തു. മൂന്നാലു പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ ഞാറക്കടവിലേക്ക് ട്രിപ് തുടങ്ങിയതോടെ തീർഥാടകരെ സഹായിക്കാനായി ആബേൽപുരം എന്നെഴുതിയ വലിയ ബോർഡ് പാലം ഇറങ്ങിവരുന്ന സ്ഥലത്ത് ഇടവകക്കാർ സ്ഥാപിച്ചു. മറ്റ് സമുദായങ്ങളിൽനിന്നും ചില എതിർപ്പുകൾ ഉണ്ടായെങ്കിലും കപ്പേള നിൽക്കുന്ന സ്ഥലത്തിന്റെ പേര് ആബേൽപുരം എന്ന് അറിയപ്പെട്ടുതുടങ്ങി.
132
“ഊട്ടുതിരുന്നാൾ നമുക്കൊന്നൂടെ വിപുലമാക്കണം. വെറുതെ ഊട്ടുതിരുനാളെന്നു പോരാ. ‘അത്ഭുത ഊട്ടുതിരുനാൾ’ എന്ന് പോസ്റ്ററിൽ അടിക്കണം. ഇനി അതിനും സുപ്പീരിയറിന്റെ അനുവാദം വേണ്ടിവരുമോ...’’
ഓടത്തക്കലച്ചന് പെട്ടെന്നാണ് ദേഷ്യം വരിക. എല്ലാ കാര്യങ്ങളും അച്ചന് സ്വയം തീരുമാനിച്ച് നടത്തണം. ശരിക്കും പറഞ്ഞാൽ രൂപതയുടെ കീഴിലുള്ള മഠം ആയതുപോലെ. മഠത്തിന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ജനറലൈറ്റിൽനിന്നാണ് അല്ലാതെ വികാരിയച്ചനല്ലെന്നും പറഞ്ഞാണ് സുപ്പീരിയറിന്റെ വഴക്ക്. രണ്ടാളുടെയും ഇടയിൽ കിടന്ന് വീർപ്പുമുട്ടിയ ദീനാമ്മ മദറിന് എങ്ങനെയെങ്കിലും ഞാറക്കടവിലെ ശുശ്രൂഷ മതിയാക്കി മലമുകളിലെ കോൺവെന്റിലേക്ക് തിരിച്ചുപോയാൽ മതിയെന്നായി.
ജനറലൈറ്റിൽനിന്നും പണം കിട്ടാനുള്ള ബുദ്ധിമുട്ടുകൾ മദർ പറഞ്ഞുനോക്കിയെങ്കിലും ഊട്ടുതിരുനാൾ വിപുലമായി നടത്തണമെന്നുള്ള തീരുമാനത്തിൽ ഓടത്തക്കലച്ചൻ ഉറച്ചുനിന്നു.
സ്കൂൾ യുവജനോത്സവത്തിനു കെട്ടാറുള്ളതുപോലെ ആറേഴു കൂറ്റൻ പന്തലുകളിട്ടാണ് ആബേലമ്മയുടെ നേർച്ചസദ്യ വിളമ്പിയത്. കാരമേലെ പ്രശസ്ത ദേഹണ്ഡക്കാരനായ എമ്പ്രാന്തിരിക്കും കൂട്ടർക്കുമായിരുന്നു പാചകത്തിന്റെ ചുമതല. ഒരു ആറേഴു ലക്ഷം രൂപ എല്ലാറ്റിനും കൂടി ചെലവായി. പ്രതീക്ഷതുപോലെ നേർച്ചപ്പണം കിട്ടിയതുമില്ല.
“ഇതൊക്കെ ഒരു ബിസിനസ് മൈൻഡോടെ കാണണം. ജനം വന്ന് തിങ്ങുന്നതോടെ ഇപ്പോഴുള്ള നഷ്ടങ്ങളെല്ലാം തീരും. പഴഞ്ചൻ രീതിയൊക്കെ മാറ്റേണ്ട കാലമായി മദറേ. മഠം എന്നോടു സഹകരിച്ചാ മതി. ഞാനെല്ലാം ചെയ്തോളാം.”
ആബേലമ്മയുടെ പേരിൽ അത്ഭുതങ്ങൾ നടക്കുമെന്ന് കരുതി കാത്തിരിക്കാതെ ചിലതെല്ലാം ക്രിയേറ്റ് ചെയ്യണമെന്നാണ് ഓടത്തക്കലച്ചൻ പറയുന്നത്. വാറാൻ ആന്റണിയുടെ ഭാര്യയുടെ സൗഖ്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ അച്ചൻ പിന്നേം ദേഷ്യപ്പെട്ടു.
“ശ്രദ്ധയില്ലാതെയാണ് മഠം ആ രോഗശാന്തി കൈകാര്യംചെയ്തത്. നാമകരണ കോടതിയുടെ തെളിവെടുപ്പിന് വരുമ്പോൾ അത് തള്ളിപ്പോകും. മഠത്തിന്റെ ആശുപത്രിയിൽ ചികിത്സിപ്പിച്ചെന്ന് എഴുതി ചേർത്തതാണ് കുഴപ്പമായത്. വത്തിക്കാനിൽ എത്തുമ്പോൾ മഠം ക്രിയേറ്റ് ചെയ്ത ഒരു അത്ഭുതമായി വ്യാഖ്യാനിക്കപ്പെടും.”
ഒന്നോ രണ്ടോ രോഗശാന്തികൾ എന്തായാലും ഉടനേ ഉണ്ടാവണം. ഉപകാരസ്മരണ പുസ്തകത്തിൽ കുറച്ചു സൗഖ്യങ്ങൾ ആരുടെയെങ്കിലും പേരിൽ വെറുതെ എഴുതിയിടാൻ നിർദേശം കൊടുത്തിട്ട് മേബിൾ എഴുതിയ ആബേലമ്മയുടെ ജീവചരിത്ര പുസ്തകവുമെടുത്ത് അച്ചൻ മഠത്തിൽനിന്നിറങ്ങി.
ഞാറക്കടവിലെ ആദ്യത്തെ രോഗശാന്തി നടുവു തളർന്ന ഒരാളുടേതായിരുന്നു. ഓടത്തക്കലച്ചന്റെ നാട്ടുകാരനായിരുന്നു. ആബേലമ്മയുടെ കട്ടിലിൽ കിടത്തിയതോടെയാണ് അയാൾക്ക് സൗഖ്യം കിട്ടിയത്. വാർത്തയറിഞ്ഞ് കപ്പേളക്കു മുന്നിൽ തിങ്ങിക്കൂടിയ ജനത്തിന്റെ തിരക്കിൽപെട്ട് മൂന്നാലു പേർക്ക് പരിക്കു പറ്റി.
“തിരക്ക് കൂടുവാണല്ലോ മദറേ. സെക്യൂരിറ്റിക്കാരെ ഉടനെ നിർത്തണം.”
133
ഞാറക്കടവിൽ വരുന്ന തീർഥാടകർക്ക് താമസിക്കാനായി തീണ്ടാത്തുരുത്തിൽ കെട്ടിടം പണിയുന്നതിന് തീരുമാനമെടുത്ത മീറ്റിങ്ങിൽവെച്ചാണ് ഓടത്തക്കലച്ചൻ സമർപ്പണ നേർച്ചയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്.
“പ്രാർഥനക്കും രോഗശാന്തിക്കും കപ്പേളയിൽ വരുന്നവർ ആബേലമ്മയുടെ പേരിൽ ഒരു സമർപ്പണം എടുക്കണം. നൂറുരൂപ അടച്ചാൽ ആർക്കും സമർപ്പണത്തിൽ പങ്കാളിയാവാം. സമർപ്പണത്തിന്റെ കാലാവധി ആറുമാസമാണ്. അതുകഴിഞ്ഞാൽ വീണ്ടും പുതുക്കണം. ആബേലമ്മയുടെ സന്നിധിയിലെത്തി വീണ്ടും പണമടച്ചു രസീത് വാങ്ങുന്നവർക്കേ സമർപ്പണം പുതുക്കാൻ പറ്റൂ.
സമർപ്പണത്തിന്റെ വ്യവസ്ഥകൾ നിസ്സാരമാണ്. ഇനിമേലിൽ പാപം ചെയ്യില്ലെന്നതാണ് ആദ്യ വാഗ്ദാനം. രണ്ടാമത്തേത് ആബേലമ്മയുടെ പേരിലുള്ള പ്രസിദ്ധീകരണങ്ങൾ മുടങ്ങാതെ വാങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യണം. പാപം ചെയ്താൽ സമർപ്പണത്തിലൂടെ ലഭിക്കുന്ന സംരക്ഷണം അവസാനിക്കും. അങ്ങനെ സംഭവിച്ചാൽ ആറു മാസത്തെ കാലാവധിക്കു കാത്തുനിൽക്കാതെ അപ്പോൾതന്നെ ആബേലമ്മയുടെ സന്നിധിയിലെത്തി വീണ്ടും സമർപ്പണം പുതുക്കണം.
സമർപ്പണം പുതുക്കിക്കൊണ്ടിരിക്കുന്നവർക്കുമാത്രം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആബേലമ്മയുടെ സംരക്ഷണവും അനുഗ്രഹവും എന്നുമുണ്ടാകും. കൂടാതെ, അസാധ്യകാര്യങ്ങളിലെ മധ്യസ്ഥ സഹായവും. കേവലം നൂറു രൂപക്ക് ആറുമാസത്തേക്കുള്ള പരിപൂർണ സംരക്ഷണം കിട്ടുന്ന ഏർപ്പാടാണ്. ആരാ ഈ നേർച്ചയിൽ വീഴാത്തത്.”
അച്ചനതും പറഞ്ഞ് സിസ്റ്റേഴ്സിന്റെ മുഖത്തേക്ക് നോക്കി. മീറ്റിങ് നടന്നുകൊണ്ടിരുന്ന പാർലറിൽ നിശ്ശബ്ദത നിറഞ്ഞു.
‘‘ആയിരം പേർ സമർപ്പണം എടുത്താൽ ആറുമാസത്തേക്ക് ഒരു ലക്ഷം രൂപാ. ഒരു ലക്ഷം പേരാണ് സമർപ്പണം എടുക്കുന്നതെങ്കിലോ.”
കാൽക്കുലേറ്ററിൽ തെളിഞ്ഞ അക്കങ്ങളിലേക്ക് നോക്കി അച്ചനൊന്നു ചിരിച്ചു.
“ആറുമാസം പോയിട്ട് ആറു ദിവസംപോലും പാപം ചെയ്യാതെ പിടിച്ചുനിൽക്കാൻ നമുക്കുപോലും കഴിയില്ല. ഒറ്റ തടസ്സമേ ഇക്കാര്യത്തിലുള്ളൂ. അരമനയിൽനിന്നും പിതാവിന്റെ അനുവാദം വാങ്ങണം. മദർ വിചാരിച്ചാൽ അത് സാധിക്കാവുന്നതേയുള്ളൂ.”
മാസാമാസം സമർപ്പണം പുതുക്കേണ്ടിവരുന്നവരുടെ തിരക്കിൽ നേർച്ചപ്പെട്ടി നിറഞ്ഞു തുളുമ്പുന്ന കാഴ്ച.
ജ്വരച്ചൂട് കൂടി മദർ കസേരയിൽനിന്ന് പിന്നാക്കം മറിഞ്ഞു.
134
പുതിയതായി വന്ന രണ്ടു സിസ്റ്റേഴ്സിനെയും കൂട്ടി ‘സമർപ്പണ’ നേർച്ചക്കുള്ള അനുവാദം വാങ്ങാൻ മദർ അരമനയിൽ ചെന്നു. മഠത്തിലെ നോവിഷ്യേറ്റുകളെ ദൈവശാസ്ത്രം പഠിപ്പിക്കാൻ വന്നിരുന്ന കാലം തൊട്ടേ ദീനാമ്മ മദറിന് മേനങ്കാട് പിതാവിനെ അറിയാം.
അരമനയിലേക്ക് മദറും കൊച്ചു സിസ്റ്റേഴ്സും നടന്നു വരുമ്പോൾ, ചൌരോക്കൊപ്പം പിതാവ് പാവലിനു പടരാനുള്ള കയറു പാകുകയായിരുന്നു. പിതാവിന്റെ നരച്ച ടീ ഷർട്ട് കണ്ടപ്പോഴേ അടുത്ത ഫീസ്റ്റിന് പുത്തനൊരെണ്ണം വാങ്ങണമെന്ന് മദർ മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു.
മദറിന് സ്തുതിയും മടക്കി, ബാക്കി പണികൾ ചെയ്യാൻ ചൌരോയോടു ആംഗ്യം കാട്ടിയിട്ട് പിതാവ് തോട്ടത്തിൽനിന്ന് കയറി.
“പാർലറിലേക്ക് ചെന്നോ. ഞാനീ വേഷമൊന്നു മാറീട്ട് വരാം.”
പാർലറിലേക്ക് കയറുമ്പോൾ ഓടത്തക്കലച്ചന്റെ തീരുമാനങ്ങൾ പിതാവിനോട് പറയണമോയെന്നൊരു ആശങ്ക. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ സഭാവസ്ത്രം ധരിച്ച് പിതാവ് പാർലറിൽ എത്തി. പച്ചക്കറി തോട്ടത്തിലെ ദൈവം മെത്രാനച്ചന്റെ കുപ്പായമിട്ടതുപോലെ മദറിന് തോന്നി.
“രണ്ടുപേരും ഇടപ്ലാംതുരുത്തുകാരാ.”
പുതിയ സിസ്റ്റേഴ്സിനെ പിതാവിനു പരിചയപ്പെടുത്തിയിട്ട് രണ്ടാളോടും പുറത്തിറങ്ങി നിൽക്കാൻ മദർ പറഞ്ഞു.
റോഡിനു സ്ഥലം കൊടുക്കാതിരിക്കാൻ മാമ്പള്ളിയച്ചൻ ഇടപെട്ട് കപ്പേള പണിയിച്ചതും, തുടർന്ന് വിൻസൺ ഓടത്തക്കലച്ചൻ വന്നതോടെ കർത്താവിനെ മറുതലിച്ച് ഓരോന്നു ചെയ്യേണ്ടിവരുന്നതിന്റെ സങ്കടവുമൊക്കെ പറയാൻ തുടങ്ങിയതും മദറിന്റെ കണ്ണ് നിറഞ്ഞു.
‘‘പള്ളീലച്ചൻമാരെപ്പോലെ ഇനിയും പണം മുടക്കാൻ ഞങ്ങൾക്കു പരിമിതിയുണ്ട് പിതാവേ. ഓടത്തക്കലച്ചൻ ചെറുപ്പമാണ്, ഏറ്റെടുക്കുന്ന കാര്യങ്ങളൊക്കെ ചെയ്യാനുള്ള മിടുക്കുമുണ്ട്. എത്ര വേണമെന്നു പറഞ്ഞാലും പള്ളീലച്ചൻമാർക്ക് ഇടവകജനം പിരിച്ചുകൊടുത്തോളും. മഠത്തിന്റെ കാര്യം അങ്ങനെയല്ലല്ലോ. ഞങ്ങളുടെ ശമ്പളം മുഴുവൻ ഇതിനാണ് ചെലവഴിക്കുന്നത്. ഓരോന്നിനും ജനറലൈറ്റിന്റെ അനുവാദവും വേണം. പുരോഹിതരെപ്പോലെയല്ല ഞങ്ങളുടെ ജീവിതം. സ്വന്തമായി ഒരു ജോലിയുണ്ടെങ്കിൽപോലും മദർ ജനറലിന്റെ അനുവാദമില്ലാതെ അതീന്നൊരു ചില്ലിക്കാശ് ചിലവഴിക്കാൻ പറ്റില്ല. വീട്ടിലേക്ക് വല്ലപ്പോഴും ചെല്ലുമ്പോൾ ചേട്ടായിയുടെ പിള്ളാർക്ക് ഒരു മിഠായി വാങ്ങിക്കൊടുക്കാൻപോലും കാശില്ലാതെ ഞാൻ വിഷമിച്ചിട്ടുണ്ട്.
അച്ചൻമാരെപ്പോലെ കാശിട്ടു കാശുവാരുന്ന പണിയൊക്കെ ഞങ്ങൾക്ക് പേടിയാണ് പിതാവേ. ‘സമർപ്പണം’ തുടങ്ങിയാൽ അതൊരു മണിച്ചെയിൻപോലെ ആളുകളെ കപ്പേളയോടു ചേർത്തുനിർത്തുമെന്നും, പണത്തിനു പിന്നെ ബുദ്ധിമുട്ടാവില്ലെന്നുമാണ് ഓടത്തക്കലച്ചൻ പറയുന്നത്. പറ്റിക്കലാണെങ്കിലും പാപം ചെയ്യുന്നതിൽനിന്ന് ആളുകളെ തടയുമെന്നത് മാത്രമാണ് ആകെയൊരു സമാധാനം.’’
അരമനയുടെ മുന്നിലെ കൃഷിയിടവും പച്ചപ്പിനിടയിൽ നരച്ചൊരു മാലാഖയെപ്പോലെ ഓടിനടന്ന് ഓരോന്നു ചെയ്യുന്ന ചൌരോയെയും നോക്കി കുറച്ചുനേരം മിണ്ടാതെ ഇരുന്നിട്ട് പിതാവ് സ്വരം താഴ്ത്തി സംസാരിച്ചു തുടങ്ങി.
“മദർ പറഞ്ഞതൊക്കെ ശരിയാണ്. എന്നാലും ബാംഗ്ലൂരിൽ പോയി എം.ബി.എ കഴിഞ്ഞു വന്ന ആളല്ലേ ഓടത്തക്കലച്ചൻ, കാശു മുടക്കിയാൽ അത് ഇരട്ടിയാക്കാൻ മിടുക്കനാ. മഠത്തിനു കുഴപ്പമൊന്നും വരാതെ അയാൾ നോക്കിക്കൊള്ളും. ഇത്തിരിയൊക്കെ കണ്ണടച്ചാലേ ഇക്കാലത്ത് സഭയ്ക്കൊരു നിലനിൽപുള്ളൂ. കുറേയാളുകൾക്ക് നന്മ കിട്ടുന്ന കാര്യവുമല്ലേ. അതിലുണ്ടാവുന്ന തെറ്റുകളെല്ലാം കർത്താവു ക്ഷമിച്ചോളും.’’
അരമനയിൽനിന്നിറങ്ങുമ്പോൾ പച്ചക്കറിത്തോട്ടത്തിലെ ബോർഡിലെഴുതിയ വചനം ദീനാമ്മ മദർ ഒന്നുകൂടി വായിച്ചു. ഗേറ്റു കടക്കുമ്പോൾ കൊട്ട നിറയെ ചാരവുമായെത്തിയ കുശിനിയിലെ പണിക്കാരൻ വാഴയുടെ ചോട്ടിലേക്ക് അത് ഇറക്കിവെച്ചിട്ട് ദീനാമ്മ മദറിന് വീണ്ടും സ്തുതി പറഞ്ഞു.
“മദറേ വിത്തുവെല്ലതും വേണോ?”
“മഠത്തിലിപ്പോ കൃഷിയൊന്നുമില്ല ചൌരോ.”
“അതെന്നാ പറ്റി മദറേ. എന്തോരം നടീലുണ്ടായിരുന്ന മണ്ണായിരുന്നത്.”
അയാളുടെ ചോദ്യത്തിനു മറുപടി പറയാതെ മെത്രാസന മന്ദിരത്തിന്റെ ഗേറ്റുചാരി മദർ പുറത്തേക്കിറങ്ങി. അവിടെ നിന്നൊരു പറവയെപ്പോലെ മരച്ചില്ലകളിലേക്ക് പറന്നുയരണമെന്ന് തോന്നിയെങ്കിലും കാലങ്ങളായി തന്റെ ശരീരത്തെ പൊതിഞ്ഞുപിടിച്ച സഭാവസ്ത്രത്തിനുള്ളിലേക്ക് ഒതുങ്ങി മദർ എന്നത്തേയും പോലെ തല കുമ്പിട്ടു നടന്നു.
(തുടരും)