കല്ലുവെട്ടിക്കുഴിയുടെ ആഴങ്ങളില്‍ -അനില്‍ ദേവസ്സിയുടെ നോവലെറ്റ് തുടരുന്നു
അഞ്ച് ജോണപ്പൻ ഇല്ലെങ്കിൽ ലോനാച്ചൻ സാറൊരു പഞ്ചപാവമാണ്. സംഘം ചേരുമ്പോഴാണല്ലോ മനുഷ്യന്റെ ഉള്ളിലെ മൃഗം ഉണരുന്നത്. അപ്പോഴാണല്ലോ ഓരോ തോന്നലുകൾ ഉണ്ടാകുന്നതും ഓരോരോ വേണ്ടാധീനങ്ങൾക്കു പിറകെ പായുന്നതും.ശാമുവേൽ സാർ ഇനി വിളിക്കുമ്പോൾ രണ്ടിനേം ഒറ്റിക്കൊടുക്കണമെന്ന് കുഞ്ഞോൾ വിചാരിച്ചു. പക്ഷേ, അയാളുടെ വിളികൾ ഒരിക്കലും കുഞ്ഞോളെ തേടി വന്നില്ല. അവളുടെ വിളികൾ...
Your Subscription Supports Independent Journalism
View Plansഅഞ്ച്
ജോണപ്പൻ ഇല്ലെങ്കിൽ ലോനാച്ചൻ സാറൊരു പഞ്ചപാവമാണ്. സംഘം ചേരുമ്പോഴാണല്ലോ മനുഷ്യന്റെ ഉള്ളിലെ മൃഗം ഉണരുന്നത്. അപ്പോഴാണല്ലോ ഓരോ തോന്നലുകൾ ഉണ്ടാകുന്നതും ഓരോരോ വേണ്ടാധീനങ്ങൾക്കു പിറകെ പായുന്നതും.
ശാമുവേൽ സാർ ഇനി വിളിക്കുമ്പോൾ രണ്ടിനേം ഒറ്റിക്കൊടുക്കണമെന്ന് കുഞ്ഞോൾ വിചാരിച്ചു. പക്ഷേ, അയാളുടെ വിളികൾ ഒരിക്കലും കുഞ്ഞോളെ തേടി വന്നില്ല. അവളുടെ വിളികൾ അയാളിലേക്കും എത്തിയില്ല.
''എടി പെണ്ണേ, ഒന്നിങ്ങോട്ട് വന്നേടീ.'' ലോനാച്ചൻ സാറിന്റെ വിളിവന്നു. ഇപ്പൊ ഇതാണ് പതിവ്. പ്രാതൽ കഴിഞ്ഞാൽ, ഇച്ചിരെ വെയില് കൊള്ളട്ടെന്നും പറഞ്ഞ് കുളക്കരയിൽ ചെന്നിരിക്കാറുള്ള മനുഷ്യനാണ്. വന്നുവന്ന് വെയിലുകണ്ടാൽ കലിയിളകാൻ തുടങ്ങി.
''ആ കർട്ടനങ്ങോട്ട് നീക്കിയിടെടീ.'' പടിഞ്ഞാറൻ വെയിലിനെ ഒളിച്ചുകടത്തുന്ന ജനാലയിലേക്കു നോക്കി ലോനാച്ചൻ സാർ കൽപിച്ചു.
കുഞ്ഞോൾ അനുസരിച്ചു.
''അവടെ നിക്ക്.'' അടുത്ത ശാസനം.
കുഞ്ഞോൾ നിന്നുകൊടുത്തു.
''കാശ് വല്ലതും വേണോ?''
''എനിക്കെന്തുട്ട്ണ കാശ്...''
''എന്നാ വേണ്ട. നീയെനിക്ക് ഒരുപകാരം ചെയ്തു തരാവോ?''
കുഞ്ഞോൾ എന്തുപറയാനാണ്. ഒന്നുംപറഞ്ഞില്ല.
''തൊള്ള തൊറന്ന് പറ കൊച്ചേ, പറ്റോ ഇല്ല്യോ? ഒര് മനുഷ്യന്റെ അന്ത്യാഭിലാഷാണീ ചോദിക്കണത്!'' ദൈന്യത നിറഞ്ഞ ചോദ്യംകേട്ട് കുഞ്ഞോളൊന്ന് കിടുങ്ങി.
''എനിക്കെന്റെ തള്ളേനെ കാണാൻ തോന്നണ്.'' ചുമരിൽ തൂങ്ങിക്കിടക്കുന്ന ഫോട്ടോയിലേക്ക് നോക്കി ലോനാച്ചൻ സാർ വിതുമ്പി.
കണ്ണും മൂക്കുമൊക്കെ മാഞ്ഞുപോയ ആ പടത്തിൽ മേയ്ക്കാമോതിരം തൂങ്ങിയ രണ്ടു ചെവികൾ മാത്രം തെളിഞ്ഞുകിടന്നിരുന്നു.
''കൊച്ച് ഒരു കാര്യം ചെയ്യ്. ആ കെടക്കണ പെട്ടീടെ ഉള്ളില്‍ എന്റെ തള്ളേടെ ചട്ടേം മുണ്ടും കാണും. പഴകി പഴുത്തതാണേലും ഉടുക്കാൻ പറ്റിയ ഒന്നുരണ്ടെണ്ണം കാണാതിരിക്കില്ല. പൊതമുണ്ടുകളുടെ കൂട്ടത്തിൽ സ്വർണക്കൊന്തേം മാന്തള് ചരടിൽ കോർത്തപോലത്തെ വെന്തിങ്ങേം കാണും. നെഞ്ചത്ത് കുത്തണ പൂവോ കുരിശോ കിട്ടിയാൽ അതും എടുക്ക്. എന്നിട്ട് എന്റെ തള്ളേപ്പോലെ ഉടുത്തൊരുങ്ങിയിങ്ങോട്ട് വാ. കണ്ണടയേന്ന് മുമ്പ് ഞാനൊന്ന് കൺനെറയെ കാണട്ടെ.''
മരണവെപ്രാളാണോ നട്ടപ്രാന്താണോ എന്നറിയാതെ കുഞ്ഞോളാകെ കുഴഞ്ഞുപോയി.
''കുന്തം വിഴുങ്ങ്യപോലെ നിക്കാതെ വെക്കം ചെല്ല് കൊച്ചേ.'' ലോനാച്ചന് സാര്‍ അപേക്ഷിച്ചു.
ഠഠഠ
ജീവിതം ഒരു വേഷംകെട്ട് തന്നെ! ജനനം മുതല്‍ മരണംവരെ എത്രയെത്ര വേഷങ്ങള്‍. കായത്തിന്റെ മണമുള്ള കാല്പ്പെട്ടി തുറക്കുമ്പോള്‍ കുഞ്ഞോള് ഓര്‍ത്തു. തന്റെ അമ്മച്ചിക്ക് ഇങ്ങനെയൊരു പെട്ടിയില്ലാതെ പോയല്ലോ. ഏതുകാലത്ത് തുറന്നുനോക്കിയാലും ഓർമകളെ അടുക്കടുക്കായി പുറത്തേക്കെടുക്കാന്‍ കഴിയുന്ന ഒന്ന്. ഇടക്കിടക്ക് മൂടിതുറന്നുനോക്കാന് കഴിയാത്ത പള്ളിക്കുഴിയും ഒരിക്കലും എത്തിനോക്കാന്‍ ആഗ്രഹിക്കാത്ത കല്ലുവെട്ടിക്കുഴിയും മാത്രമേ അമ്മച്ചിക്ക് സ്വന്തമായിട്ടുള്ളൂ. അതില്‍ പള്ളിക്കുഴി എപ്പോള്‍ വേണമെങ്കിലും എടുത്തുപോകാം. അതിനുവേണ്ടി മത്സരിക്കുന്നവര്‍ പിന്നാലെ വരുന്നുണ്ട്. അങ്ങനെയൊരാളാണ് തന്നോടു യാചിക്കുന്നത്. ഒടുക്കത്തെ ആഗ്രഹം പറയുന്നത്. പറ്റുന്നപോലയൊക്കെ ഉടുത്തൊരുങ്ങി, നിലക്കണ്ണാടിയില്‍ തെളിഞ്ഞ സ്വന്തം രൂപത്തില്‍ നോക്കി, ലോനാച്ചന് സാറിന്റെ അമ്മച്ചിയെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു, കുഞ്ഞോള്. നമ്മളറിയാത്ത എത്രയോ നമ്മള് നമ്മുടെയുള്ളില്‍ കുടികൊള്ളുന്നുണ്ടാകാം. മറ്റുള്ളവർക്ക് മാത്രം കണ്ടെത്താൻ കഴിയുന്ന മറ്റൊരു നമ്മൾ. ഒരുപക്ഷേ, ലോനാച്ചന് സാറിന് അദ്ദേഹത്തിന്റെ അമ്മച്ചിയെ തന്നിൽ കണ്ടെത്താന്‍ കഴിഞ്ഞേക്കും.
''സാറേ...'' അമ്മയുടെ സ്നേഹലാളനകള്‍ വഴിഞ്ഞൊഴുകുന്ന സ്വരത്തില്‍ കുഞ്ഞോള് വിളിച്ചു: ''എണീക്ക് സാറേ, ദേ സാറിന്റെ അമ്മച്ചി വന്നേക്കണ്.''
ലോനാച്ചന് സാറിന്റെ ഭാഗത്തുനിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. എന്തിന്, എടുത്താപൊന്താത്ത ആ ശരീരം ചെറുതായിട്ടൊന്നു അനങ്ങിയതുകൂടിയില്ല.
കുഞ്ഞോള്‍ടെ ഉള്ളംകൈയില്‍ വിയര്‍പ്പുപൊടിഞ്ഞു. അവള് ചുമരിലെ ഫോട്ടോയിലേക്കു നോക്കി. പതുക്കെപ്പതുക്കെ തെളിഞ്ഞുവരുന്ന ആ പടത്തില്‍ സ്വന്തം രൂപം കണ്ട് ഉള്ളുപിടഞ്ഞു. ശബ്ദം ഇടറി.
''എണീക്ക് സാറേ...'' അനക്കമറ്റു കിടക്കുന്ന തടിച്ച ശരീരത്തിനെ അവള് ആട്ടിയാട്ടി ചെരിച്ചുകിടത്തി.
നെഞ്ചത്തു കൈവെച്ചുനോക്കി. ചെറിയൊരു മിടിപ്പുണ്ട്. അതോ തോന്നുന്നതാണോ?
മൂക്കിനു താഴെ വിരല്‍വെച്ചു നോക്കി. ശ്വാസമുണ്ട്. അതും തോന്നലാണോ? മുഖത്ത് വെള്ളം തെളിച്ചുനോക്കി. ഉള്ളംകാലില്‍ കൈകൊണ്ടുരച്ച് ചൂടുവെച്ചുനോക്കി. ഇല്ല, ഒരനക്കോം ഇല്ല.
പുറത്തേക്കിറങ്ങിയോടാനാണ് കുഞ്ഞോള്‍ക്ക് തോന്നിയത്. ഗെയിറ്റ് കടന്ന് അവള് ഓടുകതന്നെ ചെയ്തു. ആ വലിയ വീടിനോടു ചേര്‍ന്ന് മറ്റു വീടുകള്‍ ഒന്നുമില്ലായിരുന്നു. കുറേ റബര്‍ മരങ്ങള്‍ മാത്രം. അതിന്റെ ഇടയിലൂടെ അവള് ഓടി. ഓടണയോട്ടത്തില് നെഞ്ചത്തുകുത്തിയ പൂവും കുരിശും തെറിച്ചുപോയി. വെന്തിങ്ങയില്‍ കാറ്റുപിടിച്ചു...
റബർതോട്ടം കഴിഞ്ഞാല്‍ ഒരു വെട്ടുവഴിയാണ്. അതിന്റെ അറ്റത്ത് ഒന്നുരണ്ടു കടകളുണ്ട്. അതിലൊന്നിലേക്കു കുഞ്ഞോള് ഓടിക്കേറി. കടക്കാരന് പേടിച്ചുപോയി. ചട്ടയും മുണ്ടുമുടുത്ത ഒരു പെണ്‍കുട്ടി, ശ്വാസം കിട്ടാതെ നിന്നു വിറക്കുകയാണ്. കാര്യം ചോദിക്കുമ്പോള്‍ എന്തൊക്കയോ പറയണുണ്ട്. പക്ഷേ, ഒരക്ഷരം പുറത്തേക്ക് വരണില്ല. കടക്കാരന് ഒച്ചവെച്ച് ആളെക്കൂട്ടി.
അരിച്ചാക്കിന്റെ മീതെ ചാഞ്ഞുകിടക്കുകയായിരുന്നു കുഞ്ഞോള്. ആരോ ഒരാള്‍ കുടിക്കാന്‍ വെള്ളം കൊണ്ടുകൊടുത്തു. വെള്ളം തുള്ളി അകത്തുചെന്നു കഴിഞ്ഞപ്പോള്‍ അവളുടെ ശബ്ദം പുറത്തേക്കിറങ്ങിവന്നു: ''ലോനാച്ചന് സാര്‍ മരിച്ചു.''
കേട്ടപാതി കേള്‍ക്കാത്തപാതി സകലരും അതിരമ്പേല് തറവാട്ടിലേക്ക് വെച്ചുപിടിച്ചു. അറിഞ്ഞോ, മ്മടെ അതിരമ്പേലെ കാര്ന്നോര് പോയീട്ടാ. അറിഞ്ഞവര്‍ അറിഞ്ഞവര്‍ അറിയാത്തവരെ അറിയിച്ചു.
വെട്ടുവഴിയിലൂടെ കുലുങ്ങിത്തെറിച്ചോടുന്ന ഓട്ടോറിക്ഷയിലിരുന്ന്, താന്‍ ഓടിത്തീര്‍ത്ത ദൂരത്തെക്കുറിച്ചോര്ത്ത് കുഞ്ഞോള് നെടുവീര്‍പ്പിട്ടു.
അതിരമ്പേല് തറവാടിന്റെ മുറ്റത്ത് പള്ളിപ്പെരുന്നാളിന്റെ തിരക്ക്. ആ മുറ്റത്ത് കാലുചവിട്ടാന് വിലക്കുണ്ടായിരുന്നവര്പോലും യഥേഷ്ടം കേറിനിരങ്ങുകയാണ്. മനുഷ്യന്മാരുടെ കാര്യം ബഹുരസമാണ്! ഒരു ഗ്യാരണ്ടിയുമില്ലാത്ത ജീവനുംവെച്ച് എന്തൊക്കെ അഭ്യാസങ്ങളാണ് കളിക്കുന്നത്.
''ഏത് മുറീലാ കൊച്ചേ?'' തലനരച്ച ഒരു കാര്ന്നോര് ചോദിച്ചു.
ലോനാച്ചന് സാറിനെക്കുറിച്ചുള്ള കഥകള്‍ ചിതറിക്കിടക്കുന്ന മുറ്റത്തൂടെ കുഞ്ഞോൾ ധൃതിയില്‍ നടന്നു.
''ഇവിടെങ്ങുമില്ല.'' മുറികളിൽനിന്നും ഇറങ്ങിവന്ന നാലഞ്ചു ചെറുപ്പക്കാര്‍ പുറത്തു കൂടിനിൽക്കുന്നവരോടായി പറഞ്ഞു. അവരുടെ നോട്ടമേറ്റ് കുഞ്ഞോള് വാടിപ്പോയി. മാതാവേ! ഇതെന്ത് മറിമായം. മരുന്നിന്റെ മണമുള്ള മുറിയിലേക്ക് കയറിയപ്പോള്‍ അവളുടെ ഹൃദയമിടിപ്പ് നിലച്ചുപോയി. ലോനാച്ചന് സാര്‍ കിടന്നിരുന്ന കട്ടില് ശൂന്യം! ഒരാൾ നീണ്ടുനിവർന്നു കിടന്നിരുന്നതിന്റെ യാതൊരു ലക്ഷണങ്ങളും കാണാനില്ല. ഒരു ചുളിവോ മടക്കോ ഇല്ലാതെ, ഇപ്പോൾ വിരിച്ചതുപോലെയുണ്ട് കിടക്കവിരിപോലും.
''കാർന്നോരെവിടെ?''
''ഇവിടുണ്ടാർന്നു.''
''കൊച്ചിനെന്നാ തലയ്ക്ക് സുഖല്ല്യേ?'' കുഞ്ഞോൾടെ വേഷത്തിലും പെരുമാറ്റത്തിലും പന്തികേട് മണത്ത ചിലർ സ്വയം പോലീസായി.
ചോദ്യംചെയ്യലിൽനിന്നും മൂന്നാംമുറയിലേക്കു കടക്കാനുള്ള ആൾക്കൂട്ടത്തിന്റെ ത്വര പൊന്തുമ്പോഴേക്കും ജോണപ്പൻ ഓടിക്കിതച്ചെത്തി.
''സാറിവിടെവിടേലും കാണും. നിങ്ങളൊക്കെ പുറത്തേക്ക് ഇറങ്ങ്യാട്ടെ.'' അയാൾ നാട്ടുകാരെ ആട്ടിപ്പായിച്ചു.
''കുളത്തിലും കിണറ്റിലും മാത്രേ ഇനി തപ്പാനുള്ളൂ.'' ഒരുത്തൻ പറഞ്ഞു.
ആഴങ്ങൾ തന്റെ ജീവിതത്തെ വലിച്ചെടുക്കുകയാണല്ലോ എന്ന് കുഞ്ഞോൾ ഭയപ്പെട്ടു.
കുളത്തിലേക്കും കിണറ്റിലേക്കും എത്തി നോക്കിയവർ ആഴങ്ങളിലെ ഇരുട്ടുകണ്ട് ഭയന്നു പിന്മാറി.
അതിരമ്പേൽ തറവാടിന്റെ അതിർത്തിയിൽ കുറ്റിയടിച്ചുനിന്നിരുന്ന തെരുവുപട്ടികളാണ് ആദ്യം കണ്ടത്, വെട്ടുവഴിയിലൂടെ സൈക്കിൾ ചവിട്ടിവരുന്ന ലോനാച്ചൻ സാറിനെ. വെയിൽ മൂത്തുതുടങ്ങിയിട്ടും കൊഴിഞ്ഞുപോകാൻ കൂട്ടാക്കാതെ ചുറ്റിപ്പറ്റിനിന്നവരൊക്കെ വേഗം സ്ഥലം കാലിയാക്കി.
''കൊച്ചെന്നാത്തിനാ നാട്ടാരെ വിളിച്ചു കൂട്ടീത്? ഞാനൊന്ന് മയങ്ങിപ്പോയതല്ലാരുന്നോ.'' ലോനാച്ചൻ സാർ നിഷ്കളങ്കമായി പറഞ്ഞു.
''സാറീ കുന്തത്തേക്കേറി എവടെപ്പോയതാ?'' ജോണപ്പൻ ദേഷ്യപ്പെട്ടു.
''ഞാനെന്റെ തള്ളയ്ക്ക് കൊടുക്കാൻ ഇച്ചിരെ മോര് വാങ്ങാൻ പോയതല്ല്യോ.''
''എന്നിട്ട് മോരെവിടെ?''
''അതാ പതിനെട്ടാം വളവ് വീശിയെടുത്തപ്പ കയ്യീന്ന് പോയി.'' നഷ്ടബോധത്തോടെ തലതാഴ്ത്തിക്കൊണ്ട് ലോനാച്ചൻ സാർ അകത്തേക്കു കയറിപ്പോയി.
ഠഠഠ
''സത്യത്തീ സാറിന്റെ അന്ത്യാഭിലാഷം എന്തോന്നാണ്?'' വൈകുന്നേരം മോന്താനിരിക്കുമ്പോൾ ജോണപ്പൻ ലോനാച്ചൻ സാറിനോടു ചോദിച്ചു.
''ഓഹ് അങ്ങനൊന്നില്ലെന്നേ. ഓരോ സമയത്ത് ഓരോ തോന്നലാണ്.''
''ഇപ്പെന്താ തോന്നണേ? പറ്റണത് ആണേൽ സാധിച്ച് തരാന്നേ.''
ജോണപ്പന്റെ ഉറപ്പുകേട്ട് ലോനാച്ചൻ സാർ കുഞ്ഞോളെ പാളിനോക്കി.
''ഒര് കിളുന്ത് പെണ്ണിന്റെ ഇറച്ചി പച്ചക്കുരുമുളക് പെരട്ടി വരട്ടി തിന്നണം. എന്താ നടക്കോ?''
''ഒടുക്കത്തെ ആഗ്രഹം ആണല്ലോ, നടക്കായ്കൊന്നില്ല. പറമ്പിലേക്കൊന്നിറങ്ങണം, പച്ച കുരുമുളക് പൊട്ടിക്കണം. അകത്തേക്കൊന്ന് കേറണം. കിളുന്ത് പെണ്ണിനെ പൊക്കണം.''
ജോണപ്പൻ കൈത്താളമിട്ടു അകത്തേക്കു നോക്കിയതും ഠപ്പേന്നുപറഞ്ഞ് ഉമ്മറവാതിൽ അടഞ്ഞതും ഒരുമിച്ചായിരുന്നു.
''സ്വന്തം തള്ളയാന്നൊന്നും നോക്ക്കേല്ല. ചവിട്ടി നടുവൊടിക്കും ഞാൻ. ഹാ..!''
വാതിൽ തുറക്കാൻ പറഞ്ഞ് ലോനാച്ചൻ സാർ ഒച്ചയിട്ടു. കുഞ്ഞോൾ അനുസരിച്ചില്ലെന്നു മാത്രമല്ല മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വെളിച്ചത്തിലേക്ക് ഇരുട്ടൊഴിച്ചുകൊടുത്തു.
ജോണപ്പൻ കാലുകൊണ്ടും കോടാലിത്തലകൊണ്ടും വാതിലിൽ തൊഴിച്ചുനോക്കി. എവിടെ, നല്ലൊന്നാന്തരം തേക്കിന്റെ ഉരുപ്പിടിയാണ്. ആന കുത്തിയാലും ഇളകില്ല.
''സാറാ കാറിന്റെ ഉള്ളില്‍ കേറിക്കെടക്ക്. മഞ്ഞുകൊള്ളണ്ട. ഞാനീ തിണ്ണേല് കെടന്നോളാം.'' അകത്തു കടക്കാനുള്ള ശ്രമങ്ങളൊക്കെ പാളിയപ്പോൾ, തല തണുത്തു തുടങ്ങിയപ്പോൾ ജോണപ്പൻ പറഞ്ഞു.
വെളിവും വെള്ളിയാഴ്ചയുമില്ലാത്ത മനുഷ്യന്മാർ എന്തൊക്കെ പോക്രിത്തരങ്ങൾ ചെയ്തുകൂട്ടുമെന്ന് ദൈവംതമ്പുരാന് പോലും നിശ്ചയമില്ല. അതുകൊണ്ടെന്തായി? ലോനാച്ചൻ സാറിനെ അന്നുരാത്രിതന്നെ കർത്താവ് കൂട്ടിക്കൊണ്ടുപോയി.
ആറ്
''അപ്പന് കാഴ്ചയ്ക്ക് തകരാറൊള്ളതല്ലേ, ആ കൊളങ്ങോട്ട് മൂടിയേക്കാന്ന് എത്രവട്ടം പറഞ്ഞതാന്നോ. കേട്ടില്ല. കളിയ്ക്കണ കളിയല്ല കുളിക്കണ കൊളം എന്നൊക്കെ വായേ തോന്നണത് വിളിച്ചുപറഞ്ഞ് എന്നെ എതിർത്തു. അതീവീണ് ഒടുങ്ങാനായിരുന്നു യോഗം.''
ലോനാച്ചൻ സാറിന്റെ ശവമടപ്പുകൂടാൻ വന്നവരോടൊക്കെ ശാമുവേൽ സാർ സങ്കടം പറഞ്ഞു. ആൾക്കൂട്ടത്തിനിടയിൽ, തനിക്ക് അറിയുന്ന തന്നെ അറിയുന്ന ഏതേലും മുഖങ്ങൾ ഉണ്ടോയെന്ന് കുഞ്ഞോൾ കുറെ തിരഞ്ഞു. നോക്കി നോക്കി കണ്ണുകഴച്ചപ്പോൾ മനസ്സുമടുത്തു.
മൂന്നിന്റെ അന്നാണ് ഏഴു നടത്തിയത്. അന്നുതന്നെ ലാലിമോളും കുടുംബവും ദുബായിലോട്ടു മടങ്ങി. ലില്ലിയും ഭര്‍ത്താവും രണ്ടുദിവസം കഴിഞ്ഞാണ് പോയത്. അതിന്റെ പിറ്റേന്ന് ശാമുവേൽ സാറും കുഞ്ഞോളുംകൂടി പാസ്പോർട്ടാഫീസിൽ പോയി. പത്താം നാൾ കുഞ്ഞോൾടെ പാസ്പോർട്ട് വന്നു. ലൂസ്യമ്മായി ആണത്രേ സർട്ടിഫിക്കറ്റ് ഒക്കെ കൊണ്ടുകൊടുത്തത്. എന്നിട്ടും തന്നെ ഒരു നോക്ക് കാണാൻ തോന്നിയില്ലല്ലോ എന്ന് കുഞ്ഞോൾ വ്യസനപ്പെട്ടു.
എയർപോർട്ടിലേക്കു എല്ലാവരും വരുമെന്നാണ് ശാമുവേൽ സാർ പറഞ്ഞത്. പക്ഷേ, ആരുംവന്നില്ല.
വിമാനം മേഘങ്ങൾക്കിടയിലേക്കു മറയുന്നതുവരെ അവൾ താഴേക്കു നോക്കിയിരുന്നു. പിന്നെ, ആഴങ്ങൾക്കുമീതെ വെള്ളിച്ചിറകുകളുമായി പറന്നുനടന്നു.
രാത്രിയിലാണ് ദുബായിൽ ചെന്നിറങ്ങിയത്. പക്ഷേ, പകൽ പോലെ തോന്നിച്ചു. ഇരുട്ടിന്റെ പല രൂപങ്ങൾ കുഞ്ഞോൾ അനുഭവിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് വെളിച്ചത്തിന്റെ പലഭാവങ്ങൾ കാണുന്നത്. വെളിച്ചംകൊണ്ട് മാത്രം നിർമിച്ച ഒരു മറുലോകത്ത് എത്തിപ്പെട്ടതുപോലെ കുഞ്ഞോൾ അന്ധാളിച്ചുനിന്നു.
എന്നാൽ അത്ഭുതങ്ങൾ കാണാൻ കിടക്കുന്നതേയുള്ളായിരുന്നു. ആ ലോകത്തേക്കുള്ള വണ്ടിയുമായിട്ടാണ് ലാലിമോൾ എയർപോർട്ടിൽ എത്തിയത്.
''പീറ്റർ എന്ത്യേടീ?'' ശാമുവേൽ സാർ മകളോട് ചോദിച്ചു.
''അതിയാന് ബിസിനസ് ടൂറിലാണ്'' -അവൾ പറഞ്ഞു.
''കേട്ടോ കുഞ്ഞോളെ...'' ശാമുവേൽ സാർ പറഞ്ഞു: ''അവനവന്റെ കാര്യം നോക്കാനുള്ള പ്രാപ്തി ആയിട്ടേ ഞാനെന്റെ മക്കളെ കെട്ടിച്ചുവിട്ടൊള്ളൂ.''
കുഞ്ഞോൾ അന്നേരം, കാറോടിച്ചുകൊണ്ടിരിക്കുന്ന ലാലിമോളെ ആശ്ചര്യത്തോടെ നോക്കി. മനസ്സിനൊപ്പം ൈകയും കാലും കണ്ണും ചെവിയുമൊക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുകയാണ്. ഏകാഗ്രത, തനിക്കൊരിക്കലും വഴങ്ങിത്തരാത്ത കാര്യം; ഒരുപക്ഷേ, കല്ലുവെട്ടിക്കുഴിയുടെ ആഴങ്ങൾ ഇല്ലായിരുന്നെങ്കിൽ തനിക്കും സാധിക്കുമായിരുന്ന ഒരു കാര്യം.
കടൽത്തീരത്തോടു ചേർന്നുള്ള ഒരു വില്ലയിലായിരുന്നു ലാലിമോൾടെ താമസം. മണ്ണിന്റെ നിറവും ഗന്ധവുമുള്ള ഒരു വീട്. മണൽമുറ്റം നിറയെ, കടലാസുപൂക്കൾ തൂങ്ങിനിൽക്കുന്ന ചെടികൾ. ഉറവിടം കണ്ടുപിടിക്കാനാകാത്ത വെളിച്ചസംവിധാനങ്ങൾ. നിശ്ശബ്ദത തളംകെട്ടിക്കിടക്കുന്ന അകത്തളങ്ങൾ...
ലാലിമോളും ശാമുവേൽ സാറും മുകളിലത്തെ നിലയിലേക്ക് കയറിപ്പോയി. അടുക്കളയോടു ചേർന്നുള്ള വലിയ മുറിയാണ് കുഞ്ഞോൾക്ക് കിട്ടിയത്. കടൽക്കാഴ്ചകളിലേക്ക് തുറന്നിരിക്കുന്ന ജാലകങ്ങളുള്ള ആ മുറിയിൽ ഒറ്റക്ക് ഇരിക്കാൻ അവൾക്ക് ഭയം തോന്നി. കടലാഴത്തിലേക്ക് മുങ്ങിപ്പോകുന്നതുപോലെ ശ്വാസംമുട്ടി.
''എനിക്ക് വേറൊരു മുറി തരോ.'' ശാമുവേൽ സാർ സിംഗപ്പൂരിലേക്കു മടങ്ങിപ്പോകുന്നതിനു മുമ്പായിട്ട് കുഞ്ഞോൾ തന്റെ ആവശ്യം അറിയിച്ചു. അതുകേട്ട് അയാൾ കുറേനേരം ചിരിച്ചു. കാര്യമറിഞ്ഞപ്പോൾ ലാലിമോൾക്കും ചിരിപൊട്ടി.
''ഈ പിള്ളേരെ കണ്ടോ, ഏത് കൊടുങ്കാട്ടീ കൊണ്ടിട്ടാലും ഒറ്റയ്ക്ക് കഴിഞ്ഞോളും'', ലാലിമോൾ പറഞ്ഞു.
''Yes we are adventure girls.'' ലാലിമോളുടെ മക്കളായ ട്വിങ്കിളും ഡയാനയും ഒരേ സ്വരത്തിൽ പറഞ്ഞു. നാലും ഏഴും വയസ്സുള്ള ആ കുട്ടികളുടെ മുന്നിൽ കുഞ്ഞോൾ സ്വയം ചെറുതായിപ്പോയി.
എങ്ങോട്ടേക്ക് പറിച്ചുനട്ടാലും തന്റെ വേരുകളിപ്പോഴും കല്ലുവെട്ടിക്കുഴിയുടെ ആഴങ്ങൾ തേടുകയാണല്ലോയെന്ന് കുഞ്ഞോൾ പരിതപിച്ചു. വാടിവീഴില്ലെന്ന് സ്വയം തീരുമാനിച്ചാൽ മാത്രമേ വളരാനുള്ള വെള്ളവും വളവും കണ്ടെത്താനാകൂ. അമ്മച്ചിയുടെ വാക്കുകള്‍ ഉള്ളാഴങ്ങളില്നിന്നും തികട്ടിവന്നു.
ഏഴ്
''ലാലിക്കും കൊച്ചുങ്ങൾക്കും ഒരു കൂട്ട്, നിനക്കൊരു മാറ്റോം ആവും.'' ദുബായിക്ക് പറക്കുന്നതിനുമുമ്പ് ശാമുവേൽ സാർ പറഞ്ഞു. സത്യത്തിൽ തുണവേണ്ടിയിരുന്നത് കുഞ്ഞോൾക്കായിരുന്നു. മിണ്ടിയും പറഞ്ഞും ജീവിക്കാൻ ചുറ്റിലും കുറച്ച് ആൾക്കാരായല്ലോയെന്നു അവൾ ആശ്വസിച്ചു. പക്ഷേ, ഒന്നും വിചാരിച്ചപോലെയല്ല നടന്നത്.
അഞ്ചുമണിയാകുമ്പോഴേക്കും കുഞ്ഞോൾ ഉണരും. അടുക്കളയിൽ കയറും. പുട്ടോ അപ്പമോ ദോശയോ അങ്ങനെയെന്തെങ്കിലും ഉണ്ടാക്കും. പിള്ളേര് രണ്ടും അതൊന്നും തൊടില്ല. അവർ അതിരാവിലെ എഴുന്നേറ്റ് സ്കൂളിലേക്ക് പോകും. എട്ട് എട്ടര ആകുമ്പോഴേക്കും ലാലിമോളും പീറ്റർ സാറും ഓഫീസിലേക്ക് തിരിക്കും. അവരും ചിലപ്പോഴേ കഴിക്കാറുള്ളൂ. കുഞ്ഞോൾ പക്ഷേ, എല്ലാ ദിവസവും സൂര്യനുദിക്കുന്നതിനു മുമ്പേ എഴുന്നേറ്റ് എന്തെങ്കിലുമൊക്കെ ഉണ്ടാക്കിവെക്കും. ആരും ഒന്നും പറഞ്ഞിട്ടല്ല. ഇതിനൊക്കെയല്ലെങ്കിൽ പിന്നെന്തിനാണ് നിന്നെ ഇവിടെ കൊണ്ടുനിർത്തിയതെന്ന അവനവൻ ചോദ്യത്തിൽനിന്നും രക്ഷപ്പെടാൻ അതേ വഴിയുണ്ടായിരുന്നുള്ളൂ.
ഉച്ചയാകുമ്പോഴേക്കും ട്വിങ്കിളും ഡയാനയും സ്കൂള്‍ കഴിഞ്ഞ് എത്തും. കുഞ്ഞോള് ചോറും കറിയും വിളമ്പിവെക്കും. വറുത്തതും പൊരിച്ചതും ഇല്ലേല് രണ്ടിന്റേം മോന്ത ചുളുങ്ങും. ഫ്രിഡ്ജിന്റെ ഓരോ അറകളിലും പലതരം ഇറച്ചികള്‍ കുത്തിനിറച്ചുവെച്ചിട്ടുണ്ട്. കഴിപ്പുകഴിഞ്ഞാല് അവര്‍ അവരവരുടെ മുറികളിലേക്ക് കയറിപ്പോകും; രാത്രിയില്‍ എന്തേലും കഴിക്കാന്‍ വന്നാല്‍വന്നു.
ലാലിമോളും പീറ്റര്‍ സാറും വൈകുന്നേരമാണ് തിരിച്ചെത്തുന്നത്. ലാലിമോള്‍ എന്തേലുമൊക്കെ വാരിവിഴുങ്ങിയതിനുശേഷം കുറച്ചുനേരം ഉറങ്ങാന്‍ കിടക്കും. എഴുന്നേറ്റാല്‍ പിന്നെ പാതിരാത്രിവരെ ലാപ്ടോപ്പിന്റെ മുന്നില്‍ ഒരേയിരിപ്പാണ്.
പീറ്റര്‍ സാര്‍ വീട്ടിലെത്തിയാല്‍ കുളിച്ചു വസ്ത്രം മാറി ജിമ്മിലേക്ക് ഓടും. മടങ്ങിവരുന്നത് എപ്പോഴാണെന്ന് ഒരുപിടിയുമില്ല.
വെള്ളി, ശനി ദിവസങ്ങളിൽ എല്ലാവർക്കും അവധിയാണ്. ബിരിയാണിയുടെ മണം പൊന്തുമ്പോഴേ എല്ലാവരും എഴുന്നേൽക്കൂ. കഴിപ്പ് കഴിഞ്ഞയുടനെ പുറത്തേക്ക് പോകും. ബീച്ചിലേക്ക് അല്ലെങ്കിൽ ഏതെങ്കിലും മാളിലേക്ക്.
ഒരുപ്രാവശ്യം മാത്രമാണ് കുഞ്ഞോൾ അവർക്കൊപ്പം പോയത്. ട്വിങ്കിളും ഡയാനയും കടലിൽ മുങ്ങിക്കുളിക്കുന്നതു കണ്ടുനിൽക്കാനുള്ള ത്രാണിയില്ലാതെ അവൾ ദൂരേക്കു മാറിയിരുന്ന് തിരകളെണ്ണി. മാളിലെ ഉയരങ്ങളിലേക്ക് കേറിപ്പോകാനാകാതെ ഗ്രൗണ്ട് ഫ്ലോറിലെ വാട്ടർ ഫൗണ്ടന്റെ അരികിൽ ഒറ്റക്കിരുന്ന് നേരം പോക്കി.
പിന്നെപ്പിന്നെ പുറത്തേക്കുള്ള പോക്കൊക്കെ നിന്നു. എന്തെങ്കിലും വാങ്ങാനുണ്ടെങ്കിൽ ലാലിമോളോടു പറയും. അല്ലെങ്കിൽ തൊട്ടടുത്തുള്ള ബക്കാലയിലേക്ക് വിളിച്ചുപറയും. വാ നിറയെ പല്ലുള്ള, പല്ലിൽ നിറയെ കറയുള്ള, മലയാളം കൊഞ്ചിക്കൊഞ്ചി പറയുന്ന ഒരു ബംഗാളിപ്പയ്യനാണ് സാധനങ്ങൾ കൊണ്ടുകൊടുക്കാറുള്ളത്. കുഞ്ഞോളെ കാണുമ്പോൾ അവൻ നിറഞ്ഞുചിരിക്കും. അവനെ കാണാൻ വേണ്ടി മാത്രം കുഞ്ഞോൾ ബക്കാലയിലേക്ക് നിത്യേന വിളിച്ചുകൊണ്ടിരുന്നു.
അവന്റെ പേര് ഷെബാബ് മൊണ്ടൽ എന്നായിരുന്നു. ഓരോ കൂടിക്കാഴ്ചകളിലും അവർ മിണ്ടാതെ മിണ്ടിക്കൊണ്ടിരുന്നു. ഒരിക്കെ, ഒരു വെള്ളിയാഴ്ച ഉച്ചക്ക്, ഒരു പാക്കറ്റ് ഉപ്പുംകൊണ്ട് ഷെബാബ് കുഞ്ഞോളെ കാണാന്‍ വന്നു. അവനെ സ്വീകരിച്ച് സൽക്കരിക്കാൻ അവളുടെ മനസ്സുതുടിച്ചു. പക്ഷേ, കാമറക്കണ്ണുകളെ വെട്ടിച്ച് ഒരു കളിയും നടക്കില്ലല്ലോ.
''വരൂ, നമുക്ക് കടൽ കാണാൻ പോവാം.'' അവൻ ചിരിച്ചുകൊണ്ട് കുഞ്ഞോളെ ക്ഷണിച്ചു.
''കടൽ എനിക്ക് പേടിയാണ്.'' കുഞ്ഞോൾ തടസ്സം പറഞ്ഞു.
''പേടിച്ചോടിയാൽ നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ചോർത്ത് ജീവിതകാലം മുഴുവൻ സങ്കടപ്പെടേണ്ടി വരും.'' ഷെബാബ് പറഞ്ഞു: ''എന്തിനെയാണോ നമ്മൾ പേടിക്കുന്നത് അതിനെ തേടിപ്പിടിച്ചു കീഴ്പ്പെടുത്തുകയെന്നതാണ് ഇത്തരം രോഗങ്ങൾക്കുള്ള ഒറ്റമൂലി.''
എന്നിട്ടും അവൾ മടിച്ചു.
അപ്പോൾ അവനൊരു കഥ പറഞ്ഞു. കാർപോർച്ചിനുള്ളിൽ അട്ടിയിട്ടുവെച്ചിട്ടുള്ള പഴയ കാർപെറ്റുകളുടെ മുകളിൽ കയറിയിരുന്ന് കുഞ്ഞോളാ കഥ കേട്ടു.
(തുടരും)