മുടിയറകൾ 30
124 രാത്രിയോട്ടം കഴിഞ്ഞ് മിഷനാശുപത്രിയുടെ മുന്നിൽ വണ്ടിയൊതുക്കുമ്പോഴും വാറാന്റെ കൈവിറയൽ മാറിയിരുന്നില്ല. നെറ്റിയിലെ ചോര ധൃതിയിൽ തുടച്ച്, അയാൾ ആശുപത്രിയിലേക്ക് കയറി. സ്ട്രെച്ചറിൽ കൊണ്ടുവരുന്നത് ഒരു സ്ത്രീയുടെ ശവമാണെന്ന് കണ്ടതോടെ അയാളുടെ ഉള്ളൊന്നു ആന്തി. തുരുമ്പിച്ച വീലുകളുടെ ദയനീയ ഒച്ച ഇടനാഴിയിലൂടെ അകന്നുപോയതും, ചോര തുടച്ച കർച്ചീഫ് ഡസ്റ്റ്ബിന്നിലിട്ട്, വാറാൻ വേഗം ലിഫ്റ്റിലേക്ക് കയറി.സ്ത്രീകളുടെ വാർഡിലേക്ക് എത്തിയ ഉടനെ കൗണ്ടറിലെ...
Your Subscription Supports Independent Journalism
View Plans124
രാത്രിയോട്ടം കഴിഞ്ഞ് മിഷനാശുപത്രിയുടെ മുന്നിൽ വണ്ടിയൊതുക്കുമ്പോഴും വാറാന്റെ കൈവിറയൽ മാറിയിരുന്നില്ല. നെറ്റിയിലെ ചോര ധൃതിയിൽ തുടച്ച്, അയാൾ ആശുപത്രിയിലേക്ക് കയറി. സ്ട്രെച്ചറിൽ കൊണ്ടുവരുന്നത് ഒരു സ്ത്രീയുടെ ശവമാണെന്ന് കണ്ടതോടെ അയാളുടെ ഉള്ളൊന്നു ആന്തി. തുരുമ്പിച്ച വീലുകളുടെ ദയനീയ ഒച്ച ഇടനാഴിയിലൂടെ അകന്നുപോയതും, ചോര തുടച്ച കർച്ചീഫ് ഡസ്റ്റ്ബിന്നിലിട്ട്, വാറാൻ വേഗം ലിഫ്റ്റിലേക്ക് കയറി.
സ്ത്രീകളുടെ വാർഡിലേക്ക് എത്തിയ ഉടനെ കൗണ്ടറിലെ ടേബിളിൽ തലചായ്ച്ചു കിടന്നിരുന്ന സിസ്റ്ററിനെ വിളിച്ചുണർത്തി.
“എങ്ങനെയുണ്ട് സിസ്റ്ററേ?”
“പാവം. വിഷമിച്ചിരിക്കുവായിരുന്നു. ഇപ്പഴാ ഒന്നുറങ്ങിയത്.”
“ഒരോട്ടമുണ്ടായിരുന്നു.”
“സെഡേഷനിലാ. കിടന്നോട്ടെ, വന്നാലുടനെ അച്ചനെയൊന്നു വിളിക്കാൻ പറഞ്ഞു.”
മരുന്നുപൊതി സിസ്റ്ററിനെ ഏൽപിച്ച് അയാൾ റൂമിലേക്ക് കയറി. ഡ്രിപ്പിട്ടിരിക്കുന്ന ഭാര്യയുടെ അടുത്ത് കുറച്ചുനേരം ഇരുന്നു. ഒന്നു വലിക്കണമെന്ന് തോന്നിയതും റൂമിൽനിന്നിറങ്ങി.
മൂന്നാലു കൊല്ലം മുന്നേ നടന്ന ഒരു തൊഴിൽത്തർക്കം പരിഹരിക്കുന്നതിനാണ് വാറാൻ ആദ്യമായി മിഷനാശുപത്രിയിലേക്ക് ചെല്ലുന്നത്.
അന്ന് മാമ്പള്ളിയച്ചനായിരുന്നു ആശുപത്രിയുടെ ഡയറക്ടർ. വാറാൻ യൂനിയന്റെ ലോക്കൽ നേതാവും. അച്ചന്റെ റൂമിൽവെച്ച് നടന്ന മീറ്റിങ്ങിൽ തൊഴിലാളികളുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ വന്നതോടെ ആന്റണിയും കൂട്ടരും വഴക്കിട്ട് ഇറങ്ങി. പിറ്റേ ഞായറാഴ്ച വൈകീട്ട് റെയിൽവേ ട്രാക്കിനോടു ചേർന്നുള്ള ചളിപിടിച്ച വഴിയിലൂടെ ളോഹയും പൊക്കിപ്പിടിച്ച് അച്ചൻ കപ്യാർക്കൊപ്പം അയാളുടെ വീട്ടിലേക്ക് ചെന്നു.
റിസപ്ഷനിലേക്ക് നടക്കുമ്പോൾ ആന്റണി അതെല്ലാം ഓർത്തു. വീട്ടിലേക്കാണ് വന്നതെങ്കിലും അച്ചനും കപ്യാരും അക്കാര്യം മറച്ചുപിടിച്ചാണ് സംസാരം തുടങ്ങിയത്.
“വെഞ്ചരിപ്പിനിറങ്ങിയതാ. ഇതു നിന്റെ വീടായിരുന്നോ?”
വാറാന്റെ ഭാര്യ സ്റ്റൂളു തുടച്ചുകൊടുത്തു.
“അച്ചനിരിക്ക്.”
വീടു വെഞ്ചരിക്കാനൊന്നുമല്ല അവർ വന്നതെന്ന് അറിഞ്ഞിട്ടും അതൊന്നും പുറത്തുകാട്ടാതെ പാതിരി ചോദിച്ചതിനെല്ലാം വാറാൻ സമാധാനത്തോടെ മറുപടി പറഞ്ഞു.
“നീ നമ്മുടെ ഇടവകക്കാരനാണെന്ന് എനിക്കറിയില്ലായിരുന്നു. അവരുമായി സംസാരിച്ച് നിനക്കതൊന്നു പരിഹരിച്ചു തന്നുകൂടെ.”
“തൊഴിലാളികൾക്ക് അർഹമായത് കൊടുക്കണം അച്ചാ.”
“അതു ബുദ്ധിമുട്ടാണ് ആന്റണി. ഇപ്പോൾതന്നെ കൂലി കൂടുതലാ.”
അച്ചനോട് അയാൾ തർക്കിക്കാൻ തുടങ്ങിയതും ഭാര്യ ചായയുമായി എത്തി. പള്ളിയിൽ വരാറില്ലേയെന്ന അച്ചന്റെ ചോദ്യത്തിനു മറുപടി പറയാതെ വാറാനെ ഒന്നു നോക്കിയിട്ട് അവൾ അകത്തേക്ക് കയറി.
“ഞാൻ വിലക്കീട്ടാ അവൾ പള്ളീ വരാത്തത്. അച്ചൻ ചായ കുടിക്ക്.”
“പള്ളിക്കാര്യം വിട്. ഒരു ജോലി തന്നാ നീയെന്റെ കൂടെനിൽക്കുമോ?”
വാറാൻ വഴങ്ങില്ലെന്ന് മനസ്സിലായതോടെ അടുക്കളയിലേക്ക് കയറിയ പെണ്ണിനെ അച്ചൻ നടമുറിയിലേക്ക് വിളിപ്പിച്ചു.
‘‘തൊഴിലാളികൾക്ക് വേണ്ടിയെന്നും പറഞ്ഞ് നടന്നിട്ട് ഈ വീടിന്റെ കിടപ്പു കണ്ടില്ലേ. ആശുപത്രിയിൽ ഞാനൊരു ജോലി തരപ്പെടുത്താം. തൽക്കാലം ഇവൻ സെക്യൂരിറ്റിയായി കയറട്ടെ. നീയെന്തു പറയുന്നു?”
വാറാനെ പേടിച്ച് അവൾ ഒന്നും മിണ്ടാതെ നിന്നു. അച്ചനും കപ്യാരും തിരിച്ചുപോയ ഉടനെ സൈക്കിളുമെടുത്ത് അയാൾ കൂട്ടുകാരെ കാണാനിറങ്ങി.
“അങ്ങേര് അഡ്വാൻസായി തരാമെന്നു പറഞ്ഞ പൈസ നീ വാങ്ങിക്ക്. നമുക്കൊരു ഫുള്ള് മേടിച്ച് അടിക്കാടാ.”
വടക്കേതിലെ മധുവിനെയും കൂട്ടിയാണ് ആന്റണി അന്ന് മേടയിൽ ചെന്നത്. തനിച്ച് സംസാരിക്കണമെന്ന് അച്ചൻ പറഞ്ഞതോടെ മധു ദേഷ്യപ്പെട്ട് മടങ്ങി.
“യൂനിഫോമൊക്കെ പതുക്കെ മതി. നീ അവിടെ പോയി ഒപ്പിട്ടേച്ച് ജോലിക്ക് കേറ്.”
യൂനിയൻ ഏൽപിച്ച ഒന്നു രണ്ടു കാര്യങ്ങൾകൂടി ചെയ്തു തീർക്കാനുണ്ടെന്നു പറഞ്ഞെങ്കിലും അച്ചൻ കൈയോടെ പിടിച്ച് സെക്യൂരിറ്റിപ്പണി ഏൽപിച്ചു. പാതിരിയുടെ കൈയിൽനിന്ന് കാശും വാങ്ങി മുങ്ങാമെന്ന് കരുതിയ ആന്റണിക്ക് പിന്നീടൊരിക്കലും അവിടം വിട്ടുപോരാൻ കഴിഞ്ഞില്ല.
വാറാനാന്റണി അങ്ങനെ മിഷൻ ആശുപത്രിയുടെ കാവൽക്കാരനായി. ആശുപത്രിയിലെ പണികൾ കൂടാതെ അവിടേക്ക് വരുന്ന സിസ്റ്റേഴ്സിന്റെയും പള്ളീലച്ചൻമാരുടെയും കാര്യങ്ങളെല്ലാം നോക്കിയിരുന്നതും അയാളായിരുന്നു.
ഒരു കൊലക്കേസ് പ്രതിക്ക് അച്ചൻ ജോലി കൊടുത്തതിന് രൂപതയിൽനിന്ന് എതിർപ്പുണ്ടായെങ്കിലും മെത്രാസന മന്ദിരവുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളിലെ തർക്കങ്ങൾ വാറാൻ ഇടപെട്ട് പരിഹരിച്ചതോടെ അരമനക്ക് അയാൾ സ്വീകാര്യനായി.
ഒരുദിവസം നൈറ്റ്ഡ്യൂട്ടിയും കഴിഞ്ഞ് മടങ്ങുമ്പോൾ മധു അയാളെ കരിങ്കാലിയെന്നും വിളിച്ച് റെയിൽവേ ട്രാക്കിലിട്ട് വെട്ടി. വാറാന്റെ ഇടംകൈയിലെ ചെറുവിരൽ അറ്റു തൂങ്ങിയെങ്കിലും വഴക്കിനൊന്നും പോകേണ്ടെന്നും പറഞ്ഞ് അച്ചൻ അയാളെ ആശുപത്രിയിൽ പിടിച്ചുകിടത്തി.
നാലിന്റന്ന് രാത്രി പതിവില്ലാതെ ആശുപത്രിയിലേക്ക് എത്തിയ മാമ്പള്ളിയച്ചൻ ബൈസ്റ്റാൻഡർക്കുള്ള സ്റ്റൂളിൽ ഇരുന്നു.
“എങ്ങനെയുണ്ട് നിനക്ക്?”
“കുറവുണ്ട്. അച്ചനെന്താ രാത്രിയിൽ.”
റൂമിലേക്ക് മരുന്നുമായി എത്തിയ സിസ്റ്ററിനോട് പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് അച്ചൻ സ്വരംതാഴ്ത്തി.
“നീയറിഞ്ഞോ. തെക്കേച്ചിറയിലിട്ട് മധുവിനെ ആരോ വെട്ടി.”
“കുഴപ്പമാകുമോ.”
“നിന്നെ സംശയിക്കില്ല. നീ ഹോസ്പിറ്റലിൽ അല്ലേ. ഒരാഴ്ചകൂടി കഴിഞ്ഞ് ഡിസ്ച്ചാർജ് എഴുതിയാ മതിയെന്ന് ഞാൻ ഡോക്ടറോട് പറഞ്ഞിട്ടുണ്ട്.”
അച്ചൻ പോയ ഉടനെ മരുന്നുമായി സിസ്റ്റർ മുറിയിലേക്ക് കയറി.
“വിയർത്തു കുളിച്ചല്ലോ ആന്റണി. അന്ത്യകൂദാശയാണോ നിനക്ക് തന്നത്.”
അവർ ചിരിച്ചുകൊണ്ടു സിറിഞ്ചിലേക്ക് മഞ്ഞനിറമുള്ള മരുന്ന് എടുത്തു.
125
റെയിൽവേ ട്രാക്കിനടുത്തുള്ള ചേരിയോടു ചേർന്നായിരുന്നു വാറാൻ ആന്റണിയുടെ താമസം. തകരഷീറ്റു മേഞ്ഞ വീട്. ഭാര്യ അടുത്തുള്ള തുന്നൽക്കടയിൽ പോകും. ഒന്നും രണ്ടും വയസ്സിളപ്പത്തിൽ മൂന്നു കുട്ടികൾ. യൂനിയന്റെ പ്രവർത്തനത്തോടൊപ്പം അതിരു തർക്കങ്ങളും വഴക്കുകളും ഒത്തുതീർപ്പാക്കി കൊടുക്കുന്ന ഏർപ്പാടുകൂടി വാറാനുണ്ടായിരുന്നു.
സർക്കാരാശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായിരുന്ന കാലത്ത് അങ്ങനെയൊരു ഒത്തുതീർപ്പിനിടയിലുണ്ടായ കുത്തുകേസിലാണ് അയാളുടെ പണി പോയത്. അതിനുശേഷം തല്ലിനൊന്നും പോവില്ലെങ്കിലും ഫീൽഡിൽ ഇറങ്ങാതെ ഫോൺവഴി ചില ഇടപാടുകൾ നടത്തിയിരുന്നു. അച്ചനോടു കൂടിയതിൽ പിന്നെ വാറാൻ ആ കേസുകളും വിട്ടു.
സെക്യൂരിറ്റി പണിക്ക് കയറി ഒരാണ്ടു തികയും മുന്നേ വാറാന്റെ പഴയവീട് പൊളിച്ചുകളഞ്ഞ് ഒരു രണ്ടുമുറി വാർക്കകെട്ടിടം അച്ചൻ പണിതുകൊടുത്തു. രാത്രി പുറത്തേക്കൊന്നും പോകാതെ അയാൾ പുത്തൻ കെട്ടിടത്തിന്റെ ടെറസ്സിൽ ഒരു പൈന്റുമായിരിക്കും. ഇടക്കിടെ തീവണ്ടികൾ പാളങ്ങളിലൂടെ അലറിപ്പാഞ്ഞു പോകുന്നതും നോക്കി പഴയ കാര്യങ്ങളെല്ലാം ഭാര്യയോടു പറയും. വാറാനൊപ്പമിരുന്ന് നാട്ടുവർത്തമാനം പറയുന്നതിനിടയിൽ അവർ പച്ചക്കറി നുറുക്കും. മിക്കപ്പോഴും കുട്ടികളും ഒപ്പം വന്നിരിക്കും. വീടിന്റെ ടെറസ്സിലിരുന്നാൽ പാളങ്ങൾക്കപ്പുറമുള്ള കെട്ടിടങ്ങളിലെ വെളിച്ചങ്ങൾക്കൊപ്പം മിഷനാശുപത്രിയും കാണാമായിരുന്നു.
‘‘പുറത്തോട്ട് പോണോന്ന് തോന്നണുണ്ടോ?’’
‘‘പോയാ ഞാൻ പെട്ടുപോകും.’’
“ഞാൻ വിട്ടിട്ടു വേണ്ടേ.”
പിള്ളാരു കൂടെയില്ലെങ്കിൽ പെണ്ണയാളോടു ചേർന്നിരിക്കും.
ഏതൊരാണിനും കുടി നിർത്തുകയെന്നത് ഇത്തിരി പാടാണ്. കുപ്പിയുടെ അടപ്പു തുറന്ന് മദ്യം ഗ്ലാസിലേക്ക് പകരുന്നത്. സോഡ ചേർക്കുന്നത്. ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടിച്ച് ചിയേഴ്സ് പറയുന്നത്. മദ്യത്തിന്റെ ചെടിപ്പു രുചിക്ക് മീതെ അച്ചാറു തൊട്ടു നാവിനെ രസിപ്പിക്കുന്നത്. പാട്ടു പാടാൻ തോന്നുന്നത്, താളത്തിനൊപ്പം ചുവടുവെക്കുന്നത്. നിർത്താതെ വർത്തമാനം പറയുന്നത്, വീറോടെ തർക്കിക്കുന്നത്, തല്ലുകൂടുന്നത്, പെണ്ണുങ്ങളെപ്പറ്റി മോശം പറയുന്നത്. നിലതെറ്റി അപ്പൂപ്പൻതാടിയുടെ ഭാരത്തോടെ ആടിയാടി നടക്കുന്നത്.
മദ്യത്തിന് അങ്ങനെ ആയിരക്കണക്കിന് ആനന്ദങ്ങളാണുള്ളത്. വല്യപാടാ ഈ പ്രലോഭനത്തിൽനിന്ന് പുറത്തു കടക്കാൻ.
“ഈ മരണക്കിടങ്ങ് ചാടിക്കടന്നാൽ കിട്ടുന്നൊരു സമാധാനമുണ്ടല്ലോ. അതു നീ ഒന്നു അനുഭവിച്ചുതന്നെ നോക്കണം വാറാനേ.”
മാമ്പള്ളിയച്ചന്റെ ഉപദേശത്തിലൊന്നും വലിയ കാര്യമൊന്നുമില്ലെന്ന് അറിയാമായിരുന്നിട്ടും അയാൾ കൂട്ടുകാരുമായുള്ള കുടി നിർത്തി. വീട്ടിലിരുന്നു മദ്യപിക്കും. പുത്തൻവീട്. അതിന്റെ പെയിന്റുമണം, ഭാര്യയും കുഞ്ഞുങ്ങളും ചേർന്ന് അന്തിക്കുള്ള പ്രാർഥന ചൊല്ലുമ്പോൾ വെറുതെ അവരുടെ പിന്നിൽ പോയിരിക്കും. രാത്രിക്ക് മാത്രം മാറ്റമൊന്നും ഉണ്ടായില്ല. അതെപ്പോഴും ദുഃസ്വപ്നങ്ങളുമായി അയാളുടെ ഉറക്കം കെടുത്തി.
പണ്ടൊക്കെ പാതിരാത്രി പിള്ളാരെല്ലാം ഉറങ്ങിയിട്ടേ വാറാൻ വീട്ടിൽ കയറുമായിരുന്നുള്ളൂ. അത്രയും നേരം റെയിൽവേ ട്രാക്കിൽ കൂട്ടുകാരുമായി കുത്തിയിരിക്കും. ചെറിയ വസ്തുതർക്കങ്ങളും പണമിടപാടുകളുമൊക്കെ ഒത്തുതീർപ്പാക്കുന്നതിന്റെ വകയിൽ എന്നും വെള്ളമടിയുണ്ടാകും. മിക്കവാറും ആരെങ്കിലും താങ്ങിപ്പിടിച്ചാവും വീട്ടിലെത്തിക്കുക. പിള്ളാരു ഉറങ്ങുന്നതൊന്നും നോക്കാതെയാണ് വഴക്ക്. വിളമ്പിവെച്ച ചോറും കറികളും മുറ്റത്തേക്കെറിയും. ഭാര്യയുടെ മുടിക്കുത്തിനു പിടിച്ചാണ് ഇടി. പെണ്ണിന്റെ നിലവിളി കേട്ടാൽപോലും ആരും വരില്ല. അവിടെയുള്ളവർക്ക് വാറാനെ പേടിയായിരുന്നു.
ദുരിതം പിടിച്ച നാളുകൾ മറന്നു തുടങ്ങുമ്പോഴാണ് വാറാന്റെ ഭാര്യക്ക് അസുഖം പിടിപെടുന്നത്. ഒരുദിവസം തുന്നലിനു പോയിട്ടു വരുന്ന വഴി അവർ തലചുറ്റി വീണു. മിഷനാശുപത്രിയിലെ ഡോക്ടർ പറയുന്നത് കേട്ട് അയാൾ വിഷമിച്ചു. വാറാൻ വീണ്ടും കുടിയും വഴക്കുമൊക്കെ തുടരുമോയെന്നായിരുന്നു ഭാര്യയുടെ പേടി.
അനാഥാലയത്തിൽ വളർന്നവളായിരുന്നു വാറാന്റെ ഭാര്യ. കുടിയൻമാരായ ചില കൂട്ടുകാരായിരുന്നു വാറാനെ സഹായിച്ചിരുന്നത്. അച്ചന്റെ കൂടെ കൂടിയതോടെ അവർ അകന്നു.
“ആരുമില്ലെന്ന് ഓർത്ത് നീ വിഷമിക്കണ്ട. ആശുപത്രിയിലെ ചികിത്സക്കു വേണ്ടതൊക്കെ ഞാനേർപ്പാടാക്കാം.”
മാമ്പള്ളിയച്ചൻ അയാളെ ആശ്വസിപ്പിച്ചു.
ഭാര്യക്ക് സുഖമാകുന്നതുവരെ സിസ്റ്റേഴ്സ് നടത്തുന്ന അനാഥാലയത്തിൽ വാറാന്റെ കുട്ടികളെ നിർത്താനുള്ള ഏർപ്പാടും അച്ചൻ ചെയ്തുകൊടുത്തിരുന്നു.
126
റിസപ്ഷനിലെ പെണ്ണ് വാറാനെ കണ്ടതും ഫോണെടുത്തു.
“ഇതെവിടെയായിരുന്നു ആന്റണി ചേട്ടാ? മൂന്നാലു തവണയായി അച്ചൻ വിളിക്കുന്നു.”
മാമ്പള്ളിയച്ചനുമായി സംസാരിച്ചിട്ട് ആശുപത്രിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോൾ മനസ്സിന്റെ കരുത്ത് നഷ്ടപ്പെടുന്നതുപോലെ വാറാന് തോന്നി. റൂമിലെത്തി ഭാര്യയുടെ കട്ടിലിൽ ഇരുന്നതും അയാൾ ഡ്രിപ്പിട്ട അവളുടെ ൈകയെടുത്ത് മടിയിൽവെച്ചു. പിണഞ്ഞു കിടന്ന ഞരമ്പുകളിൽ പതുക്കെ തടവി.
“ഇച്ചായനെപ്പോ വന്നു?”
“ഞാൻ വരുമ്പോ നീ നല്ല ഉറക്കമായിരുന്നു.”
“കാണാണ്ടായപ്പോ ഞാൻ പേടിച്ചു. അയ്യോ. ഇതെന്താ ഉടുപ്പേ ചോര..?”
“അതൊരാളെ സ്ടച്ചറീന്ന് എടുത്തപ്പ പറ്റിയതാ.”
ഭാര്യ സംശയത്തോടെ ഷർട്ടിലേക്ക് നോക്കുന്നത് കണ്ട് വാറാൻ അവരുടെ ശ്രദ്ധ മാറ്റാൻ ഓരോന്ന് ചോദിച്ചുതുടങ്ങി.
‘‘നല്ല പ്രായത്തില് ഞാൻ നിന്റെ അടിവയറ്റിന് ചവിട്ടിയതിന്റെ കേടാവും.’’
‘‘അങ്ങനൊന്നുമില്ല. ഇത് മിക്ക പെണ്ണുങ്ങൾക്കും വരുന്ന സൂക്കേടാ. അത് മാറിക്കോളും. നമ്മളൊന്നു നല്ലോണം കഴിഞ്ഞു വരുമ്പോഴാ അസുഖം. അതാ എനിക്ക് സങ്കടം.’’
“നീ വിഷമിക്കണ്ട. എല്ലാം ശരിയാകും.”
“ആബേലമ്മക്കൊരു നേർച്ചനേരാൻ ഇവിടത്തെ സിസ്റ്റർമ്മാര് പറഞ്ഞു. അവിടിപ്പ ഭയങ്കര അത്ഭുതങ്ങളല്ലേ നടക്കുന്നത്. നമുക്കും പോണം.”
‘‘എനിക്ക് നിന്നോടു ഒരു കാര്യം പറയാനുണ്ട്.’’
‘‘എന്താ ഇച്ചായാ? ടെൻഷനടിപ്പിക്കാതെ പെട്ടെന്ന് പറ.’’
‘‘പിന്നെ പറയാം.’’
റൂമിലേക്ക് സിസ്റ്റേഴ്സ് കയറുന്നത് കണ്ട് വാറാൻ എഴുന്നേറ്റു.
‘‘ആന്റണിച്ചേട്ടനിന്ന് നൈറ്റ് ഡ്യൂട്ടിയല്ലേ. ചേച്ചിയെ ഞങ്ങള് നോക്കിക്കൊള്ളാം.’’
കാന്റീനിൽനിന്നും വാങ്ങിയ കഞ്ഞി സിസ്റ്റേഴ്സിനെ ഏൽപിച്ചിട്ട് അയാൾ റൂമിൽനിന്നിറങ്ങി. സെക്യൂരിറ്റിക്കാരുടെ കാബിനിലെത്തിയ ഉടനെ ചോര പറ്റിയ ഷർട്ട് ഊരി തുണിക്കവറിൽ പൊതിഞ്ഞ് അലമാരയുടെ അടിയിൽ വെച്ചു. യൂനിഫോം ഉടുക്കാൻ തുടങ്ങുമ്പോഴാണ് ഇലക്ട്രീഷ്യൻ പയ്യൻ വന്ന് റിസപ്ഷനിലേക്ക് ചെല്ലാൻ പറഞ്ഞത്. വാറാൻ വേഗം ചെന്നു ഫോണെടുത്തു.
“ചാച്ചാ ഞങ്ങളാ.”
“മക്കളായിരുന്നോ ചാച്ചൻ പേടിച്ചുപോയി.”
“ചാച്ചനെന്തിനാ പേടിക്കുന്നേ.”
കുട്ടികളോട് അനാഥാലയത്തിലെ വിശേഷങ്ങളൊക്കെ ചോദിച്ചിട്ട് ഫോൺ വെക്കുമ്പോൾ അയാൾക്കൊരു തളർച്ച. റിസപ്ഷനിലിരുന്ന പെണ്ണ് ചോദിച്ചതിനു മറുപടിയൊന്നും പറയാതെ വാറാൻ സെക്യൂരിറ്റി കാബിനിലേക്ക് മടങ്ങി.
രാത്രിയിലെ തിരക്കൊഴിഞ്ഞതും ചോര ഉണങ്ങിപ്പിടിച്ച ഷർട്ട് അയാൾ ചവറിനോടൊപ്പമിട്ടു കത്തിച്ചു. തീയുടെ മുന്നിൽ ഇരിക്കുമ്പോൾ വളവു തിരിഞ്ഞെത്തുന്ന ആംബുലൻസിന്റെ സ്വരം. അയാൾ ഓടിച്ചെന്ന് ഗേറ്റ് തുറന്നു. കുറച്ചുനേരം കാത്തുനിന്നിട്ടും വണ്ടി കാണാതെ ആയതോടെ ഗേറ്റ് അടച്ചു. തണുത്ത വെള്ളത്തിൽ മുഖം കഴുകി. കാബിനിലേക്ക് തിരിച്ചു നടക്കുമ്പോൾ തലക്കൊരു ഭാരം. ഒന്നുറങ്ങണമെന്നുണ്ട്.
വാറാൻ കസേരയിലേക്ക് ചാഞ്ഞു.
127
പകൽ ഡ്യൂട്ടിക്കുള്ള ആളെ ഗേറ്റിൽ കണ്ടതും വാറാൻ ഡ്രസ് മാറി മാമ്പള്ളിയച്ചനെ കാണാൻ ഇറങ്ങി. പോകുന്നതിനു മുന്നേ ഭാര്യക്കുള്ള ഭക്ഷണം വാങ്ങിക്കൊടുത്തിരുന്നു.
മഫ്ലറും ചുറ്റി മേടയിലെ ചാരുകസേരയിൽ പനിച്ചു കിടന്നിരുന്ന അച്ചൻ അയാളെ കണ്ട് തല ഉയർത്തി. ചുറ്റുവട്ടത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയിട്ട് അടുത്തേക്ക് വിളിച്ചു.
‘‘നീ കുമ്പസാരിച്ചോ?’’
‘‘ഇല്ല.’’
‘‘കൊലപാതകമല്ലേ. കുമ്പസാരമായി പറഞ്ഞേക്ക്.’’
അച്ചന്റെ മുന്നിൽ വാറാൻ മുട്ടുകുത്തി. എല്ലാം അറിയാമായിരുന്നെങ്കിലും ആദ്യമായി കേൾക്കുന്നതുപോലെ മാമ്പള്ളിയച്ചൻ അയാൾ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടു.
‘‘ആളു ചത്തെന്ന് ഉറപ്പാണോ?’’
‘‘തീർന്നച്ചാ. ഞാൻ വണ്ടീന്നിറങ്ങി നോക്കിയിരുന്നു.’’
‘‘കൊലപാതകമാ. ജാതിയും മതവും നോക്കണ്ട. മരിച്ചവന്റെ ആത്മാവിനുവേണ്ടി ദിവസവും പത്ത് ആകാശങ്ങളിലിരിക്കുന്നതും, മൂന്ന് ത്രീത്വസ്തുതിയും നീ മുടക്കണ്ട.’’
പനിച്ചൂടേറ്റ അച്ചന്റെ വാക്കുകൾ അയാളുടെ കവിളിൽ തട്ടി. വാറാന്റെ നെറ്റിയിലൊരു കുരിശു വരച്ചുകൊടുത്തിട്ട് അച്ചൻ ചാരുകസേരയിലേക്ക് കിടന്നു. നാവിനെ ചെടിപ്പിച്ച കയ്പിനെ മധുരം ചേർത്ത് ഇല്ലാതാക്കിയതുപോലെയായിരുന്നു അച്ചന്റെ തുടർന്നുള്ള സംസാരം.
‘‘ഇനി നമ്മൾ തമ്മിൽ കാണുമെന്ന് തോന്നുന്നില്ല വാറാനെ.”
വീണ്ടും എന്തൊക്കെയോ കുഴപ്പങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന തോന്നലിൽ വാറാൻ അസ്വസ്ഥനായി.
“എനിക്ക് ഇവിടം വിട്ടുപോകാനുള്ള നേരമായി. വീട്ടിലേക്ക് മടങ്ങാമെന്നാണ് വിചാരിച്ചത്. ചേട്ടന്റെ കുടുംബം എന്നെ നോക്കും. എന്നാലും അതു വേണ്ട. വിശ്രമാലയത്തിലേക്കാണ് എന്റെ വഴി നീളുന്നത്. അവിടെനിന്നൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നറിയാം. ആ വണ്ടി നീ പൊളിക്കാൻ കൊടുത്തേക്ക്. വിലയൊന്നും നോക്കണ്ട. എന്നെ സഹായിച്ചിരുന്നതൊന്നും ഇനി വരുന്ന അച്ചനോട് പറയണ്ട. അതൊക്കെ പിന്നീട് കുഴപ്പമാകും.”
ശ്വാസംമുട്ടലിനുള്ള ഇൻഹെയിലർ വായോട് ചേർത്ത് ഉള്ളിലേക്ക് മരുന്ന് വലിച്ചെടുത്തിട്ട് അച്ചൻ തുടർന്നു.
“ഇവിടത്തെ ഡോക്ടറുമ്മാരു പറയുന്നതു കേട്ട് നീ അവളുടെ ഓപ്പറേഷനു സമ്മതിക്കരുത്. സഭേടെ ആശുപത്രിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആവശ്യമില്ലാത്ത സർജറിയാണ്. മരുന്നുകൊണ്ട് അതു മാറാനുള്ളതേയുള്ളൂ. എത്രയും പെട്ടെന്ന് നീയവളെ വീട്ടിലേക്ക് കൊണ്ടുപൊയ്ക്കോ. ആബേലമ്മ അവളെ സുഖപ്പെടുത്തും.’’
‘‘ഞാൻ ചെയ്തുകൂട്ടിയതിന്റെയൊക്കെ ദോഷമാണ് അവൾ അനുഭവിക്കുന്നത്.’’
‘‘നീയിങ്ങനെ വിഷമിക്കാതെ.’’
അച്ചൻ പറഞ്ഞതുപോലെ ഓപറേഷനു സമ്മതമല്ലെന്ന് എഴുതിക്കൊടുത്തിട്ട് ഡിസ്ചാർജും വാങ്ങി ആന്റണിയും ഭാര്യയും വീട്ടിലേക്ക് മടങ്ങി. മേപ്പാടി മദറിന്റെ ഒരാഴ്ചത്തെ ഒറ്റമൂലികൊണ്ടു തന്നെ ഭാര്യക്ക് ആശ്വാസമായി. മരുന്നല്ല ആബേലമ്മയോടുള്ള പ്രാർഥനയാണ് സുഖപ്പെടുത്തിയതെന്നും പറഞ്ഞ് പുണ്യാളത്തിയുടെ അടുത്തു പോകാൻ പെണ്ണ് നിർബന്ധിച്ചു തുടങ്ങി. ഒരു ഞായറാഴ്ച വാറാൻ അവളെയും കൂട്ടി മഠത്തിന്റെ കപ്പേളയിലേക്ക് ചെന്നു.
സർക്കാരാശുപത്രിയിൽ ജോലിയുണ്ടായിരുന്ന സമയത്ത്, പൊള്ളലേറ്റ ഒരു സിസ്റ്ററിനെ കൊണ്ടുപോകാൻ ആംബുലൻസുമായി അവിടെ ചെന്നിരുന്നത് അയാൾ ഓർത്തു.
ആശുപത്രിയിലെത്തുന്നതിനു മുന്നേ സിസ്റ്റർ മരിച്ചിരുന്നു. തിരുവസ്ത്രത്തിനു തീപിടിച്ചായിരുന്നു മരണം. കുളിമുറിയിൽ കത്തിച്ചുവെച്ച മെഴുതിരിയിൽനിന്നാണ് തീപിടിച്ചതെന്ന് മഠത്തിലുള്ളവർ അന്ന് പറഞ്ഞിരുന്നു. കരന്റ് ഉണ്ടായിട്ടും വെരോണി സിസ്റ്റർ എന്തിനാണ് കുളിമുറിയിൽ തിരി കത്തിച്ചത്. ഇനി തിരി കൊണ്ടുപോയാലും അതിൽനിന്നെങ്ങനെ തിരുവസ്ത്രത്തിലേക്ക് തീ പടർന്നു.
അന്നതൊക്കെ വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു.
128
പഴയ മഠം ആകെ മാറി. മഠത്തിലേക്ക് കയറുന്ന ഗേറ്റിനരികെ റോഡിനോടു ചേർന്നായിരുന്നു പുതിയ കപ്പേള. രൂപക്കൂട്ടിൽ പുത്തൻ പുണ്യാളത്തിയുടെ പ്രതിമ. തിരി തെളിക്കാനുള്ള ആളുകളുടെ തിരക്കുമാറാൻ കാത്തുനിൽക്കുമ്പോൾ വാറാന്റെ ഭാര്യ കെട്ടിയവനെ തിരുത്തി.
“ഇച്ചായാ പുണ്യാളത്തിയല്ല. ദൈവദാസിയാ.”
രണ്ടും തമ്മിലുള്ള വേർതിരിവ് അറിയാത്ത സാധാരണക്കാരനെപ്പോലെ അയാൾ ആബേലമ്മയുടെ രൂപത്തിൽ നേർച്ചമാലയിട്ടു.
ഭാര്യക്കൊപ്പം മുട്ടുകുത്തുമ്പോൾ മനസ്സ് വീണ്ടും അസ്വസ്ഥമായി. മാർബിൾ ഫലകമൊട്ടിച്ച കല്ലറയിൽ തലമുട്ടിച്ച് ഭാര്യ പ്രാർഥിക്കുന്നത് കണ്ട് അയാളും അതുപോലെ ചെയ്തു. കപ്പേളയിൽനിന്നിറങ്ങിയ രണ്ടു പേരോടും മധ്യസ്ഥപ്രാർഥനയുടെ രജിസ്റ്ററിൽ പ്രാർഥനസഹായം എഴുതാൻ സിസ്റ്റർ പറഞ്ഞു.
‘‘സിസ്റ്ററെഴുതിയാ മതി. ഞാൻ ഒപ്പിട്ടോളാം.’’
വാറാൻ പറയുന്നതു കേട്ട് അയാളുടെ ഭാര്യ സിസ്റ്ററിന്റെ കൈയിൽനിന്നും പേന വാങ്ങി.
‘‘അക്ഷരത്തെറ്റാ മുഴുവൻ.’’
‘‘അതൊന്നും സാരമില്ല. ദൈവം വായിച്ചെടുത്തോളും. അസുഖം മാറിയാ രണ്ടുപേരും സാക്ഷ്യം പറയണം.’’
സിസ്റ്റർ ഓർമപ്പെടുത്തി.
മ്യൂസിയത്തിൽകൂടി കയറിയിട്ടു പോകാമെന്നു പറഞ്ഞെങ്കിലും പിന്നീടൊരു ദിവസം വരാമെന്നും പറഞ്ഞ് വാറാൻ മടിഞ്ഞു. അയാൾക്ക് താൽപര്യമില്ലെന്ന് മനസ്സിലായതോടെ വാറാന്റെ ഭാര്യയെയും കൂട്ടി സിസ്റ്റർ മ്യൂസിയത്തിലേക്ക് നടന്നു. സീസോയിലും ഊഞ്ഞാലിലും കളിക്കുന്ന കുട്ടികളെയും നോക്കി മാവിൻചോട്ടിലെ കൽച്ചുറ്റിലിരിക്കുമ്പോൾ വലിക്കാൻ തോന്നിയെങ്കിലും, അയാൾ അതടക്കി അവർ തിരിച്ചുവരുന്നതും കാത്തിരുന്നു.
മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഓരോന്നിനെക്കുറിച്ചും സിസ്റ്റർ വിവരിച്ചു തുടങ്ങി.
‘‘ഇതാണ് ആബേലമ്മ ഉപയോഗിച്ചിരുന്ന സാധനങ്ങൾ. ഇത് അമ്മയുടെ സോപ്പുപെട്ടി. ഇതു അനാഥാലയത്തിൽ ഉപയോഗിച്ചിരുന്ന ടൈപ്പ്റൈറ്റർ. മഠത്തിൽ വരുമ്പോഴുണ്ടായിരുന്ന കാൽപ്പെട്ടിയാണിത്. ഇതമ്മേടെ സഭാവസ്ത്രം. മലമുകളിൽനിന്നും കഴിഞ്ഞ ദിവസമാണ് ഇതെല്ലാം കൊണ്ടുവന്നത്.’’
പഠിച്ചുവെച്ചതെല്ലാം കാണാപ്പാഠം പറയുന്ന കുട്ടിയെപ്പോലെ പിന്നാലെ വന്നവരോടും സിസ്റ്റർ അതെല്ലാം ആവർത്തിച്ചു. മുറിനിറയെ ആബേലമ്മ ഉപയോഗിച്ചിരുന്ന സാധനങ്ങൾ. ഭിത്തിയിൽ അവരുടെ ബാല്യം മുതലുള്ള രേഖാചിത്രങ്ങൾ. കുട്ടിക്കാലത്ത് അവർ വഴിയരികിലുള്ള യാചകന് ഭക്ഷണം കൊടുക്കുന്ന ചിത്രത്തിനു മുന്നിലെത്തിയപ്പോൾ വാറാന്റെ ഭാര്യ അനാഥാലയത്തിലെ കുട്ടിക്കാലം ഓർത്തു.
‘‘ആബേലമ്മയുടെ കട്ടിലാ. അതേലൊന്നു കിടന്നു പ്രാർഥിച്ചോ.’’
പെണ്ണ് കണ്ണടച്ചു കിടന്നു. അവളുടെ ഇരുകവിളിലൂടെയും കണ്ണീരൊഴുകുന്നതു കണ്ട് സിസ്റ്ററിനും സങ്കടം വന്നു. നട്ടെല്ലിലേക്ക് ഒരു ചൂടാണ് പെണ്ണിന് ആദ്യം തോന്നിയത്. പെട്ടെന്ന് ഉപ്പൂറ്റി മുതൽ ഉച്ചി വരെ ഒരു മിന്നൽ പാഞ്ഞു. കട്ടിലിലേക്ക് മുഖം അമർത്തിയ പെണ്ണിന് കരച്ചിലടക്കാൻ കഴിഞ്ഞില്ല.
പ്രാർഥന കഴിഞ്ഞിറങ്ങുമ്പോൾ അവൾ പരിഭവിച്ചു.
“ഇച്ചായൻ വരാതിരുന്നത് കഷ്ടമായിപ്പോയി.”
അവളുടെ വിവരണം കേട്ട് വാറാൻ അതിശയം ഭാവിച്ചു നിന്നു.
ചുറ്റുമതിലിൽ എഴുതിവെച്ചിരുന്ന ആബേലമ്മയുടെ വചനങ്ങൾ വായിച്ചും കപ്പേളക്കു ചുറ്റും പ്രാർഥിച്ചും നടക്കുന്ന വിശ്വാസികളുടെ തിരക്ക് കൂടിക്കൊണ്ടിരുന്നു. വണ്ടിയിൽ കയറുമ്പോൾ വെഞ്ചരിച്ച കാശുരൂപം സിസ്റ്റർ വാറാന് കൊടുത്തു.
‘‘അടുത്ത തവണ കുട്ടികളുമായി വരണം.’’
വാറാൻ യാത്ര പറയുമ്പോൾ എന്തോ മറന്നിട്ടെന്നപോലെ അകത്തേക്ക് പോയ സിസ്റ്റർ വേഗം തിരിച്ചു വന്നു.
‘‘ഇതിവിടുത്തെ നേർച്ചയാണ്.’’
പാക്കറ്റു പൊട്ടിച്ച് മിഠായി വലിപ്പമുള്ള അപ്പത്തിൽനിന്ന് ഒരു നുള്ള് അടർത്തി ഭാര്യ വാറാന് കൊടുത്തു.
വീട്ടിലെത്തിയിട്ടും ഖബറിടത്തിലെ ചന്ദനത്തിരി മണം അവിടെയെല്ലാം നിറയുന്നതുപോലെ അവൾക്ക് തോന്നി.