Begin typing your search above and press return to search.
proflie-avatar
Login

അമരകോശം

അമരകോശം
cancel

പ്രിയദാസ് -2010 രാജ്യം സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഉണരുമ്പോൾ പ്രിയദാസിനു വയസ്സ് പതിനഞ്ചേ ആയിരുന്നുള്ളൂ. ഇതിനിടെതന്നെ, പ്രായത്തിന്റെ വലുപ്പംകൊണ്ട് കിട്ടേണ്ടുന്നതിലും കവിഞ്ഞ പ്രശസ്തി പൊതുരംഗത്ത് അയാൾ നേടിക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം, അതിനു പിന്തുണ നൽകുന്നതിനു സ്കൂൾകുട്ടികളെ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയിരുന്നത് പ്രിയദാസ് ആയിരുന്നു.‘‘ഓ പിന്നേ... ബ്രിട്ടീഷുകാരന്റെ പട്ടാളം എത്ര വരുമെന്ന് അറിയാമോ?’’ പിള്ളേരുടെ ജാഥ പോകുമ്പോൾ പ്രമാണിമാർ പറയും. ‘‘അവന്മാർ ഒന്നാഞ്ഞു തുപ്പിയാൽ ഇതെല്ലാം തീരും.’’ എന്നാൽ തുപ്പാൻ പറ, കാണട്ടെ എന്നു പി​ള്ളേരാരെങ്കിലും പറഞ്ഞാലോ? ‘‘ഓ,...

Your Subscription Supports Independent Journalism

View Plans

പ്രിയദാസ് -2010

രാജ്യം സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഉണരുമ്പോൾ പ്രിയദാസിനു വയസ്സ് പതിനഞ്ചേ ആയിരുന്നുള്ളൂ. ഇതിനിടെതന്നെ, പ്രായത്തിന്റെ വലുപ്പംകൊണ്ട് കിട്ടേണ്ടുന്നതിലും കവിഞ്ഞ പ്രശസ്തി പൊതുരംഗത്ത് അയാൾ നേടിക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം, അതിനു പിന്തുണ നൽകുന്നതിനു സ്കൂൾകുട്ടികളെ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയിരുന്നത് പ്രിയദാസ് ആയിരുന്നു.

‘‘ഓ പിന്നേ... ബ്രിട്ടീഷുകാരന്റെ പട്ടാളം എത്ര വരുമെന്ന് അറിയാമോ?’’

പിള്ളേരുടെ ജാഥ പോകുമ്പോൾ പ്രമാണിമാർ പറയും.

‘‘അവന്മാർ ഒന്നാഞ്ഞു തുപ്പിയാൽ ഇതെല്ലാം തീരും.’’

എന്നാൽ തുപ്പാൻ പറ, കാണട്ടെ എന്നു പി​ള്ളേരാരെങ്കിലും പറഞ്ഞാലോ?

‘‘ഓ, ഈ പിള്ളേരെ പിടിക്കലല്ലേ പട്ടാളത്തിന്റെ പണി. അതിനാണ് പള്ളിക്കൂടത്തിലെ ആശാന്മാര്. അവന്മാർക്കെന്തു പണി പിന്നെ!’’

പക്ഷേ പള്ളിക്കൂടത്തിലെ ആശാന്മാർ ഭൂരിഭാഗവും പിള്ളേരുടെ സമരത്തിനൊപ്പവും. തങ്ങളുടെ വിദ്യാർഥികളെ ഓർത്ത് അഭിമാനിച്ചിരുന്ന അധ്യാപകർ, പ്രത്യേകിച്ച് പ്രിയദാസിനെ ഓർത്ത്. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അത്യുജ്ജ്വല പ്രസംഗത്തെക്കുറിച്ച് അയാൾ കേട്ടിരുന്നു.

അതിന്റെ പൂർണരൂപം മലയാളത്തിലാക്കി അച്ചടിച്ച പത്രം പ്രിയദാസിന്റെ കൈകളിലെത്താൻ കുറച്ചുനാൾകൂടി കഴിഞ്ഞു. അയാളത് ശ്രദ്ധയോടെ വായിച്ചു.

‘‘ഓരോ മനുഷ്യന്റെയും കണ്ണീർ നമുക്ക് തുടക്കണം, അതിനു തൊഴിൽ വേണം, ദാരിദ്ര്യം ഇല്ലാതാക്കണം.’’

ദീർഘമായ ആ പ്രസംഗം വായിച്ച പ്രിയദാസ്, മനസ്സിലാക്കിയത് അതായിരുന്നു. ശരിയാണ്, മനുഷ്യരാകെ പട്ടിണിയിലാണ്. കൂടെ പഠിക്കുന്നവരിൽ എത്ര പേരുണ്ടാകും വിശപ്പടക്കാൻ മതിയായ ഭക്ഷണം കിട്ടുന്നവർ? അവരിൽ ഭൂരിഭാഗവും, തന്നെപ്പോലെ സാമാന്യം നല്ല കുടുംബങ്ങളിൽനിന്നുള്ളവർ എന്നാണ് വെപ്പ്. അച്ഛന് സർക്കാർ ഉദ്യോഗം ഉണ്ടായിട്ടുപോലും തന്റെ വീട്ടിലുമുണ്ടല്ലോ ദുരിതങ്ങൾ.

പട്ടിണിയെക്കുറിച്ച് പ്രിയദാസ് നടുക്കത്തോടെ ഓർക്കുന്ന ഒരു കാര്യമുണ്ട്. നഗരത്തിലൂടെ നടക്കുമ്പോൾ, അപ്രതീക്ഷിതമായി കണ്ണിൽപ്പെടാറുള്ള മൃതദേഹങ്ങൾ. അവക്കടുത്തേക്ക് ചെന്നു പ്രിയദാസ് നോക്കുമായിരുന്നു, അനക്കമുണ്ടാവില്ല.

‘‘പട്ടിണി കിടന്നു ചത്തതാ.’’ ആരെങ്കിലും അയാളോട് പറയും. അയാളത് ഞെട്ടലോടെ കേൾക്കും. ചില ദിവസങ്ങളിൽ ഉന്തുവണ്ടികളിൽ കൊണ്ടുപോകുന്ന മൃതശരീരങ്ങൾ കാണാറുണ്ട്.

“പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. നമുക്ക് തൊഴിൽ വേണം. അങ്ങനെ ആൾക്കാർക്ക് വരുമാനം ഉണ്ടാകും. തൊഴിൽ കൊടുക്കാൻ എന്തുവേണം? വ്യവസായം വേണം. അവിടെ പണിയെടുക്കാൻ പറ്റിയ ആരോഗ്യവും അറിവും വേണം.’’

യുവാക്കളുടെ ഒരു ചെറുകൂട്ടത്തെ വിളിച്ചുവരുത്തി ഇതെല്ലാം പറഞ്ഞു മനസ്സിലാക്കുകയായിരുന്നു പ്രിയദാസ് ആദ്യം ചെയ്തത്. ഓരോരുത്തരായി സംശയങ്ങൾ ചോദിച്ചു. സംശയങ്ങളെല്ലാം നീങ്ങിയെന്നായപ്പോൾ ഒരാഹ്വാനവുമായി അയാൾ മുന്നോട്ടുവന്നു.

“നമുക്ക് തന്നെ മുന്നിട്ട് ഇറങ്ങാം, കുട്ടികളെയും, വേണ്ടിവന്നാൽ മുതിർന്നവരെയും പഠിപ്പിക്കാം.’’

അങ്ങനെയാണ് ഒരുകൂട്ടം യുവാക്കളെ ചേർത്ത് ‘ലക്ഷ്യം’ എന്ന പേരിൽ സംഘടന ഉണ്ടാക്കിയത്. സ്വാതന്ത്ര്യത്തിന്റെ പത്തു വർഷങ്ങൾ കടന്നുപോയി. നഗരം കാഴ്ചയിൽ ഏതാണ്ട് അങ്ങനെതന്നെ തുടർന്നു. ഗ്രാമങ്ങളിൽനിന്നു, പട്ടിണി കാരണം തൊഴിൽതേടി വന്നവർ, വീടില്ലാതെ വഴിയരികിലോ മറ്റോ കിടന്നുറങ്ങുന്നത് നിത്യകാഴ്ചയായി. നഗരം തെരുവുകളിലേക്ക് വളർന്നു. ഈ ഘട്ടത്തിൽ പ്രിയദാസിന്റെ സംഘടനയും വളരുകയായിരുന്നു. അതിന്റെ പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും വലുതായി.

ആയിടക്കാണ് ഒരിക്കൽ പ്രധാനമന്ത്രിയെക്കാണാൻ അയാൾക്ക് അവസരം ലഭിച്ചത്. അതിനു ഹേതുവായത് അയാളുടെതന്നെ നാട്ടുകാരനും. പ്രിയദാസിന്റെ അയൽവാസിയായ രാമാനുജൻ, ടൈപ് റൈറ്റിങ് പഠിച്ച് വർഷങ്ങൾക്ക് മുമ്പേ ഡൽഹിയിലേക്ക് പോയതാണ്. അയാളെ ഓർക്കുമ്പോഴേല്ലാം ടൈപ്റൈറ്ററിന്റെ ശബ്ദം കൂടി പ്രിയദാസ് കേട്ടുകൊണ്ടേയിരുന്നു. മാത്രവുമല്ല പ്രിയദാസിന്റെ നാട്ടിൽ പാന്റും ഷർട്ടും ആദ്യമായി ധരിച്ചയാൾ രാമാനുജൻ ആയിരുന്നു.

ചെറുപ്പത്തിലേ പഠിച്ചെടുത്ത ടൈപ്റൈറ്റിങ് നൈപുണ്യം അയാളെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാക്കി. എപ്പോഴും, തന്റെ നാട്ടിലെ പ്രിയദാസ് എന്ന ചെറുപ്പക്കാരനെയും അയാളുടെ സംഘടനയുടെ പ്രവർത്തനങ്ങളെയും കുറിച്ച് രാമാനുജൻ വാചാലനായി.

‘‘ഇതുപോലുള്ള യുവാക്കൾ രാജ്യത്താകെയുണ്ടെങ്കിൽ...’’

ഒരിക്കൽ അയാൾ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് പറഞ്ഞു. രാമാനുജൻ ആവർത്തിച്ചു പറയാറുള്ള ഈ വ്യക്തിത്വത്തെ കണ്ടാൽക്കൊള്ളാമെന്ന് പ്രൈവറ്റ് സെക്രട്ടറിയാണ് പ്രധാനമന്ത്രിയോട് പറയുന്നത്.

നഗരത്തിലേക്ക് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നേരിൽ കാണാൻ തെരഞ്ഞെടുത്തവരിൽ ഒരാൾ താനാണെന്ന വാർത്ത പ്രിയദാസിനെ ഏറെ ആഹ്ലാദിപ്പിച്ചു. സ്വാതന്ത്ര്യസമരഘട്ടത്തിലും സ്വാതന്ത്ര്യം കിട്ടിയശേഷവും അദ്ദേഹത്തിന്റെ വാക്കുകൾക്ക് എന്നും പ്രിയദാസ് ചെവിയോർത്തിരുന്നു. ആ മനുഷ്യനെയാണ്, ദാ നേരിൽ കാണാൻ പോകുന്നത്.

നഗരത്തിലെ ഏറ്റവും മുന്തിയ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. എന്തുകൊണ്ടോ, പ്രിയദാസിനദ്ദേഹത്തെ അങ്ങനെയൊരു മുറിയിൽ സങ്കൽപിക്കാൻ കഴിഞ്ഞില്ല. നിറയെ പൂക്കളുള്ള, ഒരുദ്യാനത്തിൽ ഉലാത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രം അയാൾക്കുള്ളിൽ ഉറച്ചു പോയിരുന്നു.

പ്രിയദാസിനെ കാണുമ്പോൾ തന്നെ അദ്ദേഹം എഴുന്നേറ്റുനിന്നു കൈകൂപ്പി. ആറടി പൊക്കമുള്ള മനുഷ്യൻ. ദൃഢതയുള്ള കണ്ണുകൾ. മുഖത്ത് സദാ പുഞ്ചിരി. ആ മനുഷ്യനെപ്പോലെ നമുക്കും പെരുമാറാൻ തോന്നുന്ന പെരുമാറ്റരീതികൾ. ഇടക്കിടെയുള്ള ചുമൽ വെട്ടിക്കൽ, ദൂരേക്കുള്ള നോട്ടം, പിന്നിൽ കെട്ടിയ കൈകൾ, അങ്ങനെ എത്രയെത്ര ചേഷ്ടകളാണ് അദ്ദേഹത്തിൽ ശ്രദ്ധിക്കാനുള്ളത്! നടന്നു സംസാരിക്കാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നു തോന്നുന്നു. അതുകൊണ്ട് തന്നെ അയാളോട് ഇരിക്കാൻ പറയാതെ അദ്ദേഹം മുറിക്കുള്ളിൽ നടന്നു സംസാരിച്ചു. സ്നേഹാന്വേഷണങ്ങളായിരുന്നു തുടക്കത്തിൽ.

‘‘പ്രിയദാസ്, നിങ്ങളെ എനിക്ക് രണ്ടു കാര്യങ്ങൾകൊണ്ടാണ് ഇഷ്ടം.

ഒന്ന്, നിങ്ങളുടെ പ്രവർത്തനം. രണ്ട്, എന്റെയും നിങ്ങളുടെയും രാഷ്ട്രീയചായ്‌വ് ഒന്നായതുകൊണ്ട്.”

ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നിയെങ്കിലും പ്രിയദാസ് അതു പ്രകടിപ്പിച്ചില്ല. ഇഷ്ടംപോലെയെന്ന ഭാവത്തിൽ നിന്നു.

“നിങ്ങളെപ്പോലെ ഉള്ളവർ സാമൂഹ്യപ്രവർത്തനത്തിൽ മാത്രം ഒതുങ്ങിപ്പോകരുത്. രാഷ്ട്രീയ നേതൃത്വത്തിലും വരണം. ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാമല്ലോ.’’

അതൊരു ക്ഷണംകൂടിയായിരുന്നു. തൊട്ടടുത്ത നിമിഷം അയാളോട് ഇരിക്കാൻ പറഞ്ഞു. ഒരനുയായിയോട് ചായകൊണ്ടുവരാനും. ഏറെനേരം സംസാരിച്ചു കഴിഞ്ഞശേഷം അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു.

“അടുത്ത വർഷം ആദ്യം പുതിയ നേതൃത്വത്തെ വാർത്തെടുക്കാൻ ഞങ്ങൾ നടത്തുന്ന ക്യാമ്പിലേക്ക് നിങ്ങളുടെ പേരും ഞാൻ നിർദേശിക്കുകയാണ്.’’

ഒരു ചിരിയോടെ എല്ലാം കേട്ടാണ് പ്രിയദാസ് ഇരുന്നത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ പ്രധാനമന്ത്രി സന്നദ്ധനായപ്പോഴേക്കും പ്രിയദാസ് സംസാരിക്കാൻ തുടങ്ങി.

“ഈ നഗരത്തിൽ ഞങ്ങൾക്ക് വേണ്ടത് ഒരു കോളേജ് ആണ്. തൊഴിൽ പഠിപ്പിക്കുന്ന ഒരു കോളേജ്. പിന്നൊരു വ്യവസായവും.’’

പ്രിയദാസ് പറഞ്ഞു.

ഒരു നിമിഷം എന്തോ ഓർക്കുന്നപോലെ ഇരുന്നശേഷം അദ്ദേഹം മറുപടി പറഞ്ഞു.

“വ്യവസായത്തിന്റെ കാര്യത്തിൽ സർക്കാറിന് പ്രത്യേകിച്ച് ഒന്നും ഇപ്പോൾ ചെയ്യാൻ കഴിയില്ല. കോളേജിന്റെ കാര്യത്തിൽ ചെയ്യാനും കഴിയും.’’

അതൊരു വാഗ്ദാനമായിരുന്നുവെന്ന് പ്രിയദാസിന് മനസ്സിലായി. നേതൃത്വ ക്യാമ്പിലേക്കുള്ള ക്ഷണം സ്വീകരിച്ചാണ് അയാളാ മുറിവിട്ടത്.

അടുത്ത വർഷം ആദ്യം നടന്ന ക്യാമ്പിലേക്ക് പ്രിയദാസിനു ക്ഷണം കിട്ടി. മൂന്നു ദിവസമെടുത്ത തീവണ്ടിയാത്ര, അയാളെ ഏറെ ക്ഷീണിതനാക്കി. എന്നാലും ക്യാമ്പ് നടക്കുന്ന നഗരത്തിലേക്ക് ചെന്നിറങ്ങുമ്പോൾ അയാൾക്കൊരു ഉന്മേഷം തോന്നി. അർണവ് എന്നായിരുന്നു സ്വീകരിക്കാൻ വന്നയാളുടെ പേര്. അയാൾക്കൊപ്പം കാറിൽ യാത്രചെയ്യുമ്പോൾ പ്രിയദാസ് നഗരത്തെ ശ്രദ്ധിച്ചു. ബഹുനില മന്ദിരങ്ങൾ, സ്കൂളുകൾ, കോളേജുകൾ, വൃത്തിയുള്ള റോഡ്, വിശന്നു വഴിയിൽ വീണുകിടക്കുന്നവരില്ല, യാചകരില്ല. ധനികരുടെ കഥപറയുന്ന ഒരു നാടകം കാണുന്ന പ്രതീതി അയാൾക്കുളവായി. എല്ലായിടത്തും നല്ല സാധനങ്ങൾ മാത്രം വിൽക്കുന്ന കടകൾ.

 

“അർണവ്ജി, നമ്മുടെ രാജ്യത്തെ സ്ഥിതി അറിയാമല്ലോ. എന്നിട്ടും എങ്ങനെയാണ് ഈ നഗരം ഇത്രയും നല്ലതായത്?!’’ കൗതുകത്തോടെ അയാൾ ചോദിച്ചു.

“എല്ലാം അവിടുത്തെ കൃപാകടാക്ഷം.” അർണവ് കൈ ചൂണ്ടിയ ദിശയിലേക്ക് അയാൾ നോക്കി. ഒരു ആരാധനാലയമാണ് പ്രതീക്ഷിച്ചതെങ്കിലും കണ്ടത് നീളൻ പുകക്കുഴൽ. പിന്നീട് അർണവ് പറഞ്ഞപ്പോഴാണ് അതിന്റെ ശരിക്കുള്ള അർഥം മനസ്സിലായത്.

അതൊരു വ്യവസായശാലയാണ്. അതിന്റെ ഉടമയായ കൃഷ്ണ ഖേൽക്കറെക്കുറിച്ച് പ്രിയദാസിനറിയാം. പ്രധാനമന്ത്രിക്ക് ഏറെ പ്രിയപ്പെട്ടയാൾ. സ്വാതന്ത്ര്യസമരം നടക്കുമ്പോൾ, അതിനെ അദ്ദേഹം കൈയയച്ചു സഹായിച്ച കാര്യമൊക്കെ കേട്ടിട്ടുണ്ട്. അത്തവണത്തെ ക്യാമ്പ് കഴിഞ്ഞു മടങ്ങുമ്പോൾ ഒന്നേ അയാളുടെ മനസ്സിലുണ്ടായിരുന്നുള്ളൂ; തന്റെ നഗരത്തെയും ഇതുപോലെ ഒന്നാക്കി മാറ്റണം.

പ്രിയദാസിനോട്‌ പറഞ്ഞ വാഗ്ദാനം പാലിക്കപ്പെട്ടു. പ്രധാനമന്ത്രിയെക്കണ്ട് കൃത്യം ഏഴാം വർഷം, സ്വാതന്ത്ര്യത്തിന്റെ പതിനേഴാം വർഷം നഗരമധ്യത്തിൽ തന്നെ ഒരു എൻജിനീയറിങ് കോളേജ് സ്ഥാപിക്കപ്പെട്ടു. ഇനിവേണ്ടത് വ്യവസായശാലകളാണ്. പക്ഷേ അതെങ്ങനെ? ഖേൽക്കറെ ഒന്നു സമീപിച്ചാലോ? അദ്ദേഹത്തിന്റെ വിലാസം അർണവ് മുഖേന അയാൾ സ്വന്തമാക്കി. കത്തുകൾ എഴുതി. ആദ്യത്തെ കുറച്ചു കത്തുകൾക്ക് മറുപടി ഉണ്ടായില്ല. ഒരിക്കൽ, ഖേൽക്കറുടെ പി.എയുടെ ഒരു കത്ത് പ്രിയദാസിനു ലഭിക്കുകയുണ്ടായി.

താങ്കൾ അയച്ച കത്തുകൾ ഞാൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. നിങ്ങളുടെ ഈ സ്ഥിരോത്സാഹത്തിന് ഒരു അഭിനന്ദനം അറിയിക്കാനാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ മിസ്റ്റർ പ്രിയദാസ്, ഒരു വ്യവസായം തുടങ്ങാൻ ആവശ്യമായ നിരവധി ഘടകങ്ങൾ ഉണ്ടല്ലോ. അവയിൽ പ്രത്യേകിച്ച് ഒന്നാണ് സർക്കാർ പിന്തുണ. പിന്നെ വേണ്ടത് വിഭവങ്ങളാണ്. നിങ്ങൾ യുവാക്കൾക്ക്, ഞങ്ങൾക്കുവേണ്ടി ജോലിയെടുക്കാൻ കഴിഞ്ഞേക്കും. പക്ഷേ മറ്റുള്ളവയെക്കുറിച്ച് ഉറപ്പൊന്നും ഇല്ലാത്ത കാലംവരെ, ഞങ്ങൾക്ക് അവിടെ പ്രവർത്തിക്കുക ബുദ്ധിമുട്ട് തന്നെയാണ്. അതുറപ്പാക്കുന്ന ഒരു കാലമുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ നഗരത്തെ ഞങ്ങൾ പരിഗണിക്കും.

വായിച്ചശേഷം കത്ത് മടക്കി അയാൾ പെട്ടിക്കുള്ളിൽ ​െവച്ചു. കാലം പ്രിയദാസിന്റെ കൈയിലേക്ക് അധികാരം വെച്ചുകൊടുത്തത് പിന്നെയും പത്തു വർഷങ്ങൾക്ക് ശേഷമാണ്. 1974ൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രിയദാസ് ആദ്യംതന്നെ ഖേൽക്കർക്ക് ഒരു കത്ത് ഡ്രാഫ്റ്റ് ചെയ്യാൻ പറഞ്ഞു. പ്രിയദാസ് എന്ന പേരും മന്ത്രിപദവിയും പതിച്ച ആ കത്ത് ശ്രദ്ധിക്കാതെയിരിക്കാൻ ഖേൽക്കർക്ക് കഴിഞ്ഞില്ല. തൊട്ടടുത്ത മാസംതന്നെ പ്രിയദാസിനെ ഇങ്ങോട്ട് വന്നു കാണാൻ ഖേൽക്കർ തയാറായി. വാർത്താചിത്രങ്ങളിൽ കണ്ടിരുന്നുവെങ്കിലും ഇയാൾ ഇത്രയും കുറിയ മനുഷ്യനാണ് എന്നു കരുതിയിരുന്നില്ല.

ആദ്യംതന്നെ മുഖസ്തുതിയോടെയാണ് ഖേൽക്കർ സംഭാഷണം ആരംഭിച്ചത്. സാധാരണയായി രാഷ്ട്രീയക്കാരെ കാണുമ്പോൾ അയാൾ ഉപയോഗിക്കാറുള്ള ചില സ്തുതിവാക്യങ്ങളുണ്ട്. അവയിൽ പലതും ആത്മാർഥമായവയല്ല. പക്ഷേ, ഇത്തവണ അയാൾ പറഞ്ഞത് ആത്മാർഥമായാണ്.

“പ്രിയദാസ്... നിങ്ങൾ വിജയിക്കുമെന്ന കാര്യത്തിൽ എനിക്കുറപ്പുണ്ടായിരുന്നു. അത്രയും സ്ഥിരോത്സാഹിയായിരുന്നു നിങ്ങൾ.’’

പ്രിയദാസ് ഓർത്തു, ശരിയാണ്. ഏതു കാര്യത്തിലാണ് താൻ പരാജയപ്പെട്ടിട്ടുള്ളത്?! രാജ്യത്തെ പ്രധാനമന്ത്രിയോടു പോലും ആവശ്യമുള്ളത് ചോദിച്ചു വാങ്ങാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ നഗരത്തിന്റെ വളർച്ചക്കായി താൻ എത്രയോകാലം മുമ്പ് കണ്ട ഒരുപായം; അതിപ്പോൾ യാഥാർഥ്യമാകാൻ പോകുകയല്ലേ?

ഖേൽക്കർ ഇങ്ങോട്ട് വന്നിരിക്കുന്നു!

“ഞാൻ ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞല്ലോ മിസ്റ്റർ പ്രിയദാസ്, ഞങ്ങൾക്ക് വേണ്ടത് നല്ലൊരു സ്ഥലവും ദിവസം നാൽപത് ലക്ഷം ലിറ്റർ വെള്ളവും പിന്നേ ദാ ഈ ആകാശവുമാണ്.’’

അതു പറഞ്ഞുകൊണ്ട് ഖേൽക്കർ ചിരിച്ചു.

നഗരത്തിന്റെ മധ്യത്തിൽ അങ്ങനെയൊന്നു പറ്റില്ല. ഇവിടെയല്ലാതെ പിന്നെവിടെ? അപ്പോൾ ഖേൽക്കർ ഒപ്പം വന്ന സഹായിയെ നോക്കി. അയാൾ ബ്രീഫ് കേസ് തുറന്ന് ഒരു കടലാസെടുത്തു. അതൊരു ഭൂപടമായിരുന്നെന്ന് നിവർത്തിയപ്പോൾ മനസ്സിലായി.

“ബ്രിട്ടീഷ് ഭരണകാലത്ത് അവർ തയാറാക്കിയ ഭൂപടമാണിത്. ഈ നഗരത്തിൽനിന്നും ഏതാണ്ട് 60 മൈൽ മാറി ഒരു കുന്നുണ്ട്. അതിന്റെ പ്രത്യേകത എന്തെന്നാൽ അതിന്റെ ഉച്ചിയിൽ ഒരിക്കലും വറ്റാത്ത ഒരു തടാകമുണ്ട്. അവിടെനിന്നാണ് നാല് നദികളെങ്കിലും ഉറവ പൊട്ടുന്നത്. ആ കുന്ന് ഞങ്ങൾക്ക്, ഖേൽക്കർ കെമിക്കൽസിനു തരണം. എന്നാൽ എല്ലാം നിങ്ങൾ പറയുന്നതുപോലെയാകും.”

അപ്പോഴും പ്രിയദാസ് സംശയിച്ചു നിന്നു. അങ്ങനെയൊരു കുന്നോ?

താനിതുവരെ കേട്ടിട്ടുപോലുമില്ല.

“സംശയിക്കണ്ട. കഴിയുമെങ്കിൽ നാളെത്തന്നെ നമുക്കൊരുമിച്ച് ആ പ്രദേശത്തേക്ക് യാത്രചെയ്യാം.’’

ഇതിനുവേണ്ടി മറ്റെല്ലാം മാറ്റി വെക്കാൻ പ്രിയദാസ് തയാറായി. ഖേൽക്കർ വന്ന, സൗകര്യങ്ങൾ നിറഞ്ഞ കാറിൽ അവർ യാത്രതിരിച്ചു. മൂന്നു മണിക്കൂർ യാത്ര ചെയ്തപ്പോൾതന്നെ ദൂരെ കുന്നു കാണാൻ തുടങ്ങി. എന്നാൽ, അതിലും വലിയ അതിശയം പ്രിയദാസിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ കുന്നിൻചെരുവിലെ ഒരു ഗ്രാമം. വൃത്തിയായി പണികഴിപ്പിച്ച വീടുകൾ. നടുവിൽ ജലാശയങ്ങൾ. പാതക്കിരുവശവും തണൽ. അവരാ യാത്ര തുടർന്നുകൊണ്ടേയിരുന്നു. നേരെ കുന്നിന്റെ താഴെയെത്തി. പ്രിയദാസിന്റെ അമ്പരപ്പ് അപ്പോഴും മാറിയില്ല.

ഇവിടെ ഇങ്ങനെ ഒരു ഗ്രാമം ഉള്ളതിനെക്കുറിച്ച് താൻ കേട്ടിട്ടില്ല. താനെന്നല്ല ആരുംതന്നെ കേട്ടിട്ടില്ല. സർക്കാർ രേഖകളിൽപോലും ഇങ്ങനെയൊന്നില്ല. പിന്നെങ്ങനെയാണ് ഖേൽക്കർ ഇതിനെക്കുറിച്ച് മനസ്സിലാക്കിയത്! അതിനുള്ള ഉത്തരം പ്രിയദാസിന് ലഭിച്ചത് ഖേൽക്കറുടെ സഹായിയിൽനിന്നാണ്. ഒട്ടുമിക്ക ബ്രിട്ടീഷ് പ്രഭുക്കന്മാരും ഖേൽക്കറുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടത്രേ. അതിൽ ആരോ ഒരാൾ കൊടുത്തതാണ് ഈ ഭൂപടവും ഈ സ്ഥലത്തെ കുറിച്ചുള്ള വിവരവും. നോക്കണേ, ഭരിക്കുന്ന സർക്കാറിന്റെപോലും ശ്രദ്ധയിൽപെടാത്ത ഒരു ഗ്രാമം! മറ്റൊരതിശയം തോന്നിയത്, സ്വാതന്ത്ര്യസമരത്തിനു സഹായം നൽകുകയും ബ്രിട്ടീഷുകാരെ സൽക്കരിക്കുകയുംചെയ്ത ഖേൽക്കറിനെ ഓർത്താണ്.

 

ഒരു വാഹനം വന്നതിന്റെ യാതൊരു ചിലമ്പലും ആ ഗ്രാമത്തിൽ ഉണ്ടായില്ല. പത്തു വയസ്സുള്ള ഒരു പെൺകുട്ടി ഇടക്ക് അൽപനേരം അവരെ വന്നു നോക്കിനിന്നു. അവൾക്കു നേരെ ഖേൽക്കർ ഒരു മിഠായി നീട്ടി. അത് വാങ്ങാൻപോലും നിൽക്കാതെ അവൾ ഓടിപ്പോയി.

അവിടെനിന്നും മടങ്ങാൻ നേരം പ്രിയദാസിന്റെ മുഖത്ത് ഉണ്ടായ ആകാംക്ഷ ചിരിയോടെ നോക്കുകയായിരുന്നു ഖേൽക്കർ. നിങ്ങൾ സർക്കാർ തന്നെയാണ്, പക്ഷേ ഇതെല്ലാം അറിയണമെങ്കിൽ ഞങ്ങളെപ്പോലെയുള്ളവർ വേണം എന്ന ചിരി. ഒരു പരാജിതന്റെ മുഖഭാവമാണോ തനിക്ക് എന്ന് പ്രിയദാസിന് തോന്നി.

“നിങ്ങൾ എന്താണ് ആലോചിക്കുന്നത്?’’ ഖേൽക്കർ ചോദിച്ചു.

“ഇവിടെ ഇങ്ങനെ ഒരു ഗ്രാമം ഉള്ള കാര്യം അറിയില്ലായിരുന്നു.’’

“അതാണോ ഓർക്കുന്നത്?’’

“അല്ല, ഇവരെ എന്ത് ചെയ്യും എന്നാണ്. ഇത്രനാളും എന്റെ മുന്നിൽ നഗരം പുതുക്കിപ്പണിയുന്നത് മാത്രമേ ഉള്ളായിരുന്നു.”

“സാധാരണ ഞങ്ങൾ ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ അവിടെയുള്ളവരെ തൽക്കാലം എങ്ങോട്ടെങ്കിലും മാറ്റിയിട്ട്, ഒരു ടൗൺഷിപ് പണിത് നൽകുകയാണ് ചെയ്യുക. ഇവിടെ മാറ്റേണ്ട കാര്യമില്ല. അവിടെത്തന്നെ ഒരു ടൗൺഷിപ് പണിയാം. ഫാക്ടറിയിലേക്കുള്ള റോഡ് അതിന് നടുവിലൂടെ ആക്കാം.’’ ഖേൽക്കർ പറഞ്ഞു.

ഇത്രനാളും വ്യവസായം കൊണ്ടുവരണം എന്നുണ്ടായിരുന്നുവെങ്കിലും ഇപ്പോഴും അതിന്റെ മുന്നോട്ടുള്ള നടപടികൾ എങ്ങനെയാണ് എന്ന് പ്രിയദാസിനറിയില്ല. അത് മനസ്സിലാക്കിയിട്ടെന്നവണ്ണം ഖേൽക്കർ പറഞ്ഞു.

“നമ്മൾ ആദ്യം, ജനങ്ങളുടെ മുന്നിൽ, അവരുടെ ജീവിതം മെച്ചപ്പെടാൻ പോകുന്നു എന്ന ധാരണ ഉണ്ടാക്കണം. വ്യവസായം വന്നാൽ ഈ നഗരവും ഗ്രാമവും എങ്ങനെ മാറുമെന്ന് അവരെ മനസ്സിലാക്കിക്കണം. അതിന് ഞങ്ങൾ അവലംബിക്കുന്ന മാർഗം, നഗരത്തിന്റെയും ഗ്രാമത്തിന്റെയും പുതിയ ഡിസൈൻ അവതരിപ്പിക്കുക എന്നതാണ്. അതിനായി രണ്ട് ഡിസൈനർമാരെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവർ ഡിസൈനുമായി താങ്കളെ വന്ന് കാണും. അത് ഇഷ്ടമായാൽ ഉടനെതന്നെ കരാർ ഒപ്പിടാം. കരാർ ഒപ്പിടുന്ന അന്ന് എല്ലായിടത്തും പുതിയ ഡിസൈൻവച്ച് പരസ്യവും കൊടുക്കാം.”

ആദ്യചുവട് അതാണ് എന്ന് പ്രിയദാസിനു മനസ്സിലായി.

അപ്പോൾ തൊഴിലിന്റെ കാര്യത്തെക്കുറിച്ച് ഇവർ എന്തായിരിക്കും പറയുക?

“അതെല്ലാം കരാറിൽ ഉണ്ടാകും.” പ്രിയദാസ് തൊഴിലിനെ കുറിച്ച് ചോദിച്ചപ്പോൾ ഖേൽക്കർ പറഞ്ഞു. “മാത്രവുമല്ല, നഗരത്തിലെ എൻജിനീയറിങ് കോളേജിൽ ഞങ്ങളുടെ ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പ്രത്യേക പരിശീലന ലാബും ആരംഭിക്കും.”

പ്രിയദാസിന് ഏറെ സന്തോഷമായി. കാര്യങ്ങൾ താൻ വിചാരിച്ച വഴിക്ക് തന്നെ നീങ്ങുന്നുണ്ടല്ലോ. പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു. ഒരു സ്ത്രീയും പുരുഷനും ഡിസൈനുമായി വന്നു പ്രിയദാസിനെ കണ്ടു. അവർ ഭാര്യാഭർത്താക്കന്മാർ ആയിരുന്നുവെന്ന് സംഭാഷണത്തിൽനിന്നും മനസ്സിലായി. നഗരത്തിന്റെയും ഗ്രാമത്തിന്റെയും ഡിസൈനുകൾ ശ്രദ്ധിച്ച ശേഷം ചില മാറ്റങ്ങൾ അയാൾ പറഞ്ഞു. രണ്ടാം വട്ടം വരുമ്പോൾ അവർക്കൊപ്പം ഒരു പെൺകുഞ്ഞു കൂടിയുണ്ടായിരുന്നു. അവരുടെ മകളാ​ണെന്ന് പ്രിയദാസിനു മനസ്സിലായി. ഇത്തവണ കുറച്ചുകൂടി മികച്ച ഒരു മാതൃകയാണ് അവർ കൊണ്ടുവന്നത്. എന്നാലും പിന്നീട് മൂന്ന് മീറ്റിങ്ങുകൾ കൂടി വേണ്ടിവന്നു കാര്യങ്ങൾ തീരുമാനിക്കാൻ. തൃപ്തമായ ഡിസൈനുമായി അവർ ഇറങ്ങാൻ നേരം പ്രിയദാസ് ആ പെൺകുട്ടിയോട് പേരു ചോദിച്ചു.

‘‘അദവി.’’ കൊഞ്ചിക്കൊണ്ട് അവൾ പറഞ്ഞു. കുഞ്ഞിനെ കണ്ടപ്പോൾതന്നെ എന്തെങ്കിലും മധുരം കൊണ്ടുവരാൻ അയാൾ ഒരാളെ ശട്ടംകെട്ടിയിരുന്നു. അയാൾ കൊണ്ടുവന്ന മധുരപലഹാരങ്ങളുടെ പാക്കറ്റ് അവളുടെ കൈകളിലേക്ക് ​െവച്ചുകൊടുത്തു.

“എന്റെ ഒരാഗ്രഹം സഫലമാകാൻ പോകുന്നതിന്റെ സന്തോഷം ആണിത്.” അയാൾ ദമ്പതികളോടായി പറഞ്ഞു. അതിന്റെ ആദ്യമധുരം ആ പെൺകുട്ടിക്ക് തന്നെ കൊടുത്തതിൽ പ്രിയദാസിനു സന്തോഷം തോന്നി. കരാർ ഒപ്പിടുന്ന ദിവസം മനോഹരമായ ആ ഡിസൈൻ പത്രങ്ങളിലാകെ പ്രസിദ്ധീകരിച്ചു. രാജ്യമാകെ തന്റെ നഗരത്തെ ശ്രദ്ധിക്കുന്നതിൽ പ്രിയദാസിനു വല്ലാത്ത അഭിമാനം തോന്നി. ഖേൽക്കറുടെ വാക്കുകളും അയാൾ ഇടക്കിടക്ക് ഓർത്തെടുത്തു.

“നിങ്ങളുടെ സ്ഥിരോത്സാഹം നിങ്ങളെ വിജയിപ്പിച്ചിരിക്കുന്നു, പ്രിയദാസ്.”

കരാർ ഒപ്പുവെച്ച് ഒരു മാസത്തിനുശേഷമാണ്, രാജ്യത്തിനെ നടുക്കിക്കൊണ്ട് ഖേൽക്കറുടെ മറ്റൊരു ഫാക്ടറിയിൽ അപകടം സംഭവിച്ചത്. ആയിരക്കണക്കിന് മനുഷ്യജീവനുകളാണ് ഇല്ലാതായത്. അതിന്റെ വാർത്തകൾ കേൾക്കുകയായിരുന്നു പ്രിയദാസ്. താൻ കണ്ട നഗരം അപ്പോഴും സുരക്ഷിതമെന്ന് പ്രിയദാസ് വാർത്തയിൽ കേട്ടു. നഗരത്തിലല്ലെങ്കിൽ പിന്നെവിടെയാണ് ഇത്രയേറെ ആളുകൾ മരിച്ചത്?

താൻ കണ്ട നഗരത്തിനപ്പുറം ദൂരത്തിൽ കണ്ട ആ പുകക്കുഴലിനപ്പുറം മറ്റൊരു നഗരം കൂടിയുണ്ടാകുമോ?

അവിടെയെല്ലാം ജനങ്ങളുണ്ടാകുമോ?

ആരോടാണ് ചോദിക്കുക?

ഖേൽക്കർ കെമിക്കൽസിനെയും ആ നഗരത്തെയും കുറിച്ചുള്ള ഇത്തരം സംശയങ്ങൾ അർണവ്ജിയോടാണ് ചോദിച്ചിരുന്നത്. കുറച്ചുനാൾ മുമ്പ് അദ്ദേഹം അർബുദത്തിന് കീഴടങ്ങി.

വളരെ പതിയെ പ്രിയദാസിനു കാര്യങ്ങൾ ബോധ്യമായി. ആ നഗരത്തെ മാത്രമല്ല ഖേൽക്കർ കെമിക്കൽസ് പരിപാലിച്ചിരുന്നത്. കമ്പനിക്കടുത്തു തന്നെ തൊഴിലാളികളുടെ കോളനികൾ ഉണ്ടായിരുന്നു. അവർക്ക് വീടു നൽകാനുള്ള തയാറെടുപ്പുകൾ നടത്തിവരവേയാണ് ദുരന്തം സംഭവിക്കുന്നത്. പക്ഷേ ഈ ദുരന്തം അശ്രദ്ധകൊണ്ടുണ്ടായതാണെന്നാണ് ചുരുക്കം ചില പത്രങ്ങൾ ഒഴിച്ച് എല്ലാം റിപ്പോർട്ട്‌ ചെയ്തത്.

ഈ സ്ഥിതി തന്റെ നഗരത്തിനും ഗ്രാമത്തിനും ഉണ്ടാകുമോ എന്ന ഭയം ചെറുതായി പ്രിയദാസിനെ പിടികൂടി. അത്തരത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്യൽ ഉണ്ടാകാതെ ഇരുന്നാൽ പോരേ?

അയാളുടെ ചെവിയിൽ പ്രധാനമന്ത്രിയുടെ ആ വാക്കുകൾ മുഴങ്ങി.

“നമുക്ക് ദാരിദ്ര്യത്തെ തോൽപിക്കണം. നമുക്ക് മികച്ച ജീവിതം ഉണ്ടാകണം.”

പട്ടിണി കിടന്നു മരിക്കുന്നതിലും എത്രയോ നല്ലതാണ് ജോലിചെയ്യാൻ ഒരു കെമിക്കൽ ഫാക്ടറി ഉണ്ടാവുക എന്നത്. എന്നാലും കമ്പനിയുടെ വരവിനെതിരെ നഗരത്തിലും ഗ്രാമങ്ങളിലും എല്ലാം വലിയ സമരങ്ങൾ നടന്നു. കുറച്ചുനാൾ മുമ്പ് താനും ഖേൽക്കറും പോയിക്കണ്ട ആ ഗ്രാമത്തിൽ എന്താകും നടക്കുക എന്നറിയാൻ പ്രിയദാസിനു ആകാംക്ഷയായി. അതുകൊണ്ടാണ് പോലീസ് സംഘത്തെയും കൂട്ടി അങ്ങോട്ടേക്ക് തിരിച്ചത്. പക്ഷേ യാത്ര പകുതിക്ക് വെച്ച് നിർത്തേണ്ടിവന്നു. വലിയ കല്ലുകൾ ഉരുട്ടിയിട്ട് ഗ്രാമത്തിലേക്കുള്ള വഴി അടച്ചിരിക്കുന്നു. കമ്പനിക്കെതിരായ ബോർഡുകൾ അതിൽ പിടിപ്പിച്ചിട്ടുണ്ട്. കല്ലുകളിൽ ചായംകൊണ്ട് കമ്പനിക്കെതിരായ മുദ്രാവാക്യങ്ങളും എഴുതിയിരുന്നു. ദീർഘനാളായി താൻ കൊണ്ടുനടന്ന സ്വപ്നം തകർന്നടിയുന്ന വേദന പെട്ടെന്ന് പ്രിയദാസിന്റെ ഉള്ളിൽ വന്നു. എന്നാൽ ഖേൽക്കറാകട്ടെ, അപ്പോഴും ശുഭാപ്തിവിശ്വാസം കാത്തുസൂക്ഷിച്ചു.

അപകടം കാരണം അടച്ചുപൂട്ടേണ്ടിവന്ന ഫാക്ടറിക്ക് പകരം മറ്റൊന്ന് തുറക്കാനായില്ലെങ്കിൽ തനിക്കുണ്ടാകുന്ന നഷ്ടമാണ് അയാളെ വേട്ടയാടിയത്. അതുകൊണ്ടുതന്നെ, സർക്കാർ സൗകര്യമൊരുക്കുന്ന ദിവസം താൻ അവിടെ ഫാക്ടറി തുറക്കും എന്ന് ഖേൽക്കർ പ്രിയദാസിനെ അറിയിച്ചു.

പക്ഷേ എങ്ങനെ?

 

ഗ്രാമത്തിലേക്ക് പോകാൻ വഴിയില്ല. അവിടെനിന്ന് ആരെയെങ്കിലും കൊണ്ടുവന്ന് സംസാരിക്കുകയേ മാർഗമുള്ളൂ. അതാണല്ലോ വേണ്ടത്. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞാൽ നാടിനുണ്ടാകാൻ പോകുന്ന നേട്ടം എത്ര വലുതായിരിക്കും! പോലീസിനെ വിട്ട് രഹസ്യമായി കാര്യങ്ങൾ അന്വേഷിക്കുകയാണ് പ്രിയദാസ് ആദ്യംചെയ്തത്.

അണ്ണലാർ എന്നൊരാളും അയാൾ നേതൃത്വം കൊടുക്കുന്ന സംഘവും അങ്ങനെയാണ് പോലീസിന്റെ ശ്രദ്ധയിലേക്ക് വരുന്നത്. ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിലും അയാളെക്കുറിച്ചുള്ള വിവരണങ്ങൾ നൽകുന്നതിൽനിന്നും ആരും പിന്നോട്ടുനിന്നില്ല. അണ്ണലാരെയും ഗ്രാമീണരെയും അനുനയിപ്പിക്കുകയല്ലാതെ വേറെ വഴികളില്ലെന്ന് പ്രിയദാസിനും സർക്കാറിനും തോന്നി. ആ ദൗത്യം സ്വയം ഏറ്റെടുക്കാനും പ്രിയദാസ് തയാറായി.

എല്ലാ പ്രശ്നങ്ങളും കേൾക്കാനും പരിഹരിക്കാനും തയാറാണെന്നു കാണിച്ച് പലകുറി കത്തുകളയച്ചു. കത്തുമായി പോകേണ്ട ജോലി പോലീസുകാർക്കായിരുന്നു. പോലീസുകാരോടുള്ള വൈമുഖ്യംകൊണ്ടാകണം, ആരും കത്തുകൾ കൈപ്പറ്റാൻ തയാറായില്ല. എന്നാലും കത്തുകൾ അയക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു.

ഏതാണ്ട് ഒരു വർഷത്തിലധികം പിന്നിട്ടുണ്ടാകും. പ്രിയദാസിനെ തേടി ഒരു കത്ത് വന്നു.

“പ്രിയദാസിന്,

നിങ്ങൾ നിരന്തരമായി കത്തുകൾ കൊടുത്തുവിടുന്നുണ്ട്. അവയൊന്നുംതന്നെ ഞങ്ങൾ കൈപ്പറ്റുന്നില്ല. എന്നാലും അതിന്റെ ഉള്ളടക്കത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. രാജ്യം സ്വതന്ത്രമായി 28 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഞങ്ങളെത്തേടി ഇതുവരെ ആരും വന്നില്ല. ഇപ്പോൾ വരുന്നത് എന്തിനെന്നും, വലിയ വീടും സൗകര്യങ്ങളും വാഗ്ദാനംചെയ്യുന്നത് എന്തിനെന്നും ഞങ്ങൾക്ക് അറിയാം. നിങ്ങൾക്കുവേണ്ടത് ഈ കുന്നുകളും നീരൊഴുക്കുമാണ്. തൊഴിൽ കിട്ടട്ടെ, എല്ലാരും പഠിക്കട്ടെ, എന്നൊക്കെയുള്ള നിങ്ങളുടെ ആശയങ്ങളെല്ലാം നല്ലതിനാണ്. പക്ഷേ അതുമാത്രം മതിയോ? ഞങ്ങൾക്ക് സ്വൈരമായി ജീവിക്കണ്ടേ? ഖേൽക്കർ കെമിക്കൽസ് മറ്റൊരിടത്ത് ചെയ്തത് എന്താണെന്ന് ഞങ്ങൾ വിശദീകരിക്കണ്ടല്ലോ. എത്രയോ മനുഷ്യജീവനുകളാണ് അവിടെ നഷ്ടമായത്.

അവർക്ക് നല്ലജീവിതം അവകാശപ്പെട്ടത് തന്നെയല്ലേ?

നിങ്ങൾ സർക്കാറിന് ജനങ്ങളോട് ഒരു കരാർ ഉണ്ട്. ജീവന് സംരക്ഷണം നൽകാം എന്ന കരാർ. അത് ലംഘിക്കപ്പെട്ടില്ലേ? പിന്നെങ്ങനെയാണ് നിങ്ങൾ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുക. ഈ പ്രദേശത്ത് അങ്ങനെയൊരു കമ്പനി ഞങ്ങൾ അനുവദിക്കുകയില്ല. നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞങ്ങളുടെ ശക്തി എത്രയെന്ന്? പക്ഷേ, ഞങ്ങളെപ്പോലെയുള്ളവരോടുള്ള കരാർ ലംഘിച്ചുകൊണ്ട് ഒരു ഭരണകൂടത്തിനും നിലനിൽക്കാനാവില്ല.’’

കത്തിന്റെ ചുവട്ടിൽ ഒരു വിരലടയാളം മാത്രമാണ് ഉണ്ടായിരുന്നത്. അടുത്തതവണ ഖേൽക്കറെ കാണുമ്പോൾ പ്രിയദാസ് ആകെ അസ്വസ്ഥനായിരുന്നു. താൻ കണ്ട ഒരു സ്വപ്നം ദിവാസ്വപ്നമായി അവസാനിക്കാൻ പോകുന്ന വ്യഥ അയാളെ പൊതിഞ്ഞുനിന്നു. എന്നാൽ, പ്രിയദാസിനെക്കാൾ ആവശ്യം ഇപ്പോൾ ഖേൽക്കർക്കായിരുന്നു. പ്രിയദാസ് ഒന്നു ഭയന്നാൽ, ഒന്നു പിന്തിരിഞ്ഞാൽ, തീരുന്നതാണ് പുതിയ ഫാക്ടറി എന്ന തന്റെ സ്വപ്നം. അയാളെ പിന്തുണക്കുകയാണ് ഇപ്പോൾ വേണ്ടത്.

“നോക്കൂ പ്രിയദാസ് ജി, നിങ്ങളുടെ കൈയിൽ അധികാരമുണ്ട്. അത് കൃത്യസമയത്ത് പ്രയോഗിക്കുക എന്നതാണ് ശരി. അതിനുവേണ്ടി നിങ്ങൾ തുനിഞ്ഞിറങ്ങണം. പോലീസോ പട്ടാളമോ, എന്തുവേണമെങ്കിലും വന്നോട്ടെ.”

“അങ്ങനെ പോലീസിനെയും പട്ടാളത്തെയും വിട്ട് ഒഴിപ്പിക്കാൻ ഇപ്പോൾ ബ്രിട്ടീഷ് ഭരണമൊന്നുമല്ലല്ലോ. ജനങ്ങൾതന്നെ അതിനെ എതിർക്കും.’’

“ജനങ്ങൾ അവരെ എതിർത്താലോ?’’

“ആരെ?”

“ആ ഗ്രാമത്തിൽനിന്നുള്ളവരെ.”

അണ്ണലാരുടെ പേര് ഓർത്തെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് ഖേൽക്കർ പറഞ്ഞു.

“അതെങ്ങനെ?”

“രാജ്യത്തെ മുൻനിര പത്രങ്ങളിൽ ചിലത് എന്റേതാണ് എന്ന് നിങ്ങൾക്കറിയില്ലേ. അതെനിക്ക് വിട്ടേക്കൂ. നിങ്ങൾ പട്ടാളത്തിന്റെയോ സ്പെഷൽ പോലീസിന്റെയോ കാര്യത്തിൽ ശ്രദ്ധചെലുത്തൂ. ഞാനും പ്രഷർ കൊടുക്കാം.’’

പ്രിയദാസിനു മുന്നിൽ വീണ്ടും പ്രതീക്ഷയുടെ വഴിതെളിഞ്ഞു. എത്ര ആർജവത്തോടെയാണ് ഖേൽക്കർ കാര്യങ്ങൾ കൈകാര്യംചെയ്യുന്നത്.

ഇയാൾ രാഷ്ട്രീയത്തിലേക്ക് വന്നിരുന്നെങ്കിലോ?

അന്ന്, ഓഫീസിൽ എത്തിയ പ്രിയദാസ് സ്റ്റെനോയോട് സ്പെഷ്യൽ പോലീസ് വരേണ്ടതിന്റെ ആവശ്യം കാണിച്ച് ഒരു കത്ത് ഡ്രാഫ്റ്റ് ചെയ്യാൻ പറഞ്ഞു. അന്നേദിവസം തന്നെ രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന പത്രസ്ഥാപനങ്ങളിലെ ജേണലിസ്റ്റുകൾ, അണ്ണലാർ പടയെന്ന അപകടത്തെക്കുറിച്ചുള്ള വാർത്തകൾ സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ അണ്ണലാരെ കുറിച്ചുള്ള വിവരം ആദ്യം പുറത്തുവന്നത് പുതുതായി അച്ചടി തുടങ്ങിയ ഒരു മാസികയിലായിരുന്നു.

 

“നോട്ട് എ സേവ്യർ: കഴ്സ്.’’

അയാൾ രക്ഷകനല്ല ഈ നാടിന്റെ ശാപമാണ്.

മുഖം ഇല്ലാത്ത ഒരു രൂപമായിരുന്നു അതിന്റെ കവർചിത്രം.

രാജ്യം ആകാംക്ഷയോടെ കണ്ട ഈ തലക്കെട്ട് പോകപ്പോകെ വിസ്‌മൃതിയിലായി. പക്ഷേ 34 വർഷങ്ങൾക്കിപ്പുറം അത് വീണ്ടും ജനങ്ങളുടെ ശ്രദ്ധയിലേക്കെത്തി. എഴുപത്തിയെട്ടാം വയസ്സിൽ അന്തരിച്ച പ്രിയദാസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്ന ദിവസം നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ഇങ്ങനെ എഴുതിയിരുന്നു.

‘‘നോട്ട് എ സേവ്യർ: കഴ്സ്.’’

അതിനു നടുവിൽ പ്രിയദാസിന്റെ മുഖവും പതിച്ചിരുന്നു.

(തുടരും)

News Summary - Malayalam Novel