അമരകോശം

കമാൽ സാബ് -1976 “കമാൽ സാബ്, നിങ്ങൾ ഒന്നുകൂടി ചെല്ലൂ...” അതു പറയുമ്പോൾ പൈവ വല്ലാതെ കേഴുന്നുണ്ടായിരുന്നു. സ്വാഭിമാനം നഷ്ടപ്പെടുന്ന ഒരു കാര്യത്തിനാണ് പൈവ നിർബന്ധിക്കുന്നത്; അസനാരെ കാണാൻ. മുമ്പ് രണ്ടു തവണയും താൻ പോയതും വിചാരിച്ച കാര്യം നടക്കാതെ തിരിച്ചുവന്നതും കമാൽ ഓർത്തു. വീണ്ടും വീണ്ടും എന്തിനാണ് ഇതുതന്നെ പറയുന്നത്. “അവൻ വഴങ്ങുമെന്ന് തോന്നുന്നില്ല തങ്കേ.’’ കമാൽ അങ്ങനെയാണ് പൈവയെ സ്നേഹത്തോടെ വിളിക്കുക. അസനാരുടെ അടുത്ത് പൈവ പഠിക്കാൻ ചെല്ലുമ്പോൾ ആ വീട്ടിൽ രണ്ട് ആണുങ്ങളായിരുന്നു പാർപ്പ്. കമാലും അസനും. രാവിലെ എത്തിയാൽ രാത്രി മടങ്ങുന്ന പൈവ ആ വീട്ടിലെ തന്നെ അംഗത്തെപ്പോലെയായി. അങ്ങനെയാണ് പൈവയെ കമാൽ...
Your Subscription Supports Independent Journalism
View Plansകമാൽ സാബ് -1976
“കമാൽ സാബ്, നിങ്ങൾ ഒന്നുകൂടി ചെല്ലൂ...”
അതു പറയുമ്പോൾ പൈവ വല്ലാതെ കേഴുന്നുണ്ടായിരുന്നു. സ്വാഭിമാനം നഷ്ടപ്പെടുന്ന ഒരു കാര്യത്തിനാണ് പൈവ നിർബന്ധിക്കുന്നത്; അസനാരെ കാണാൻ. മുമ്പ് രണ്ടു തവണയും താൻ പോയതും വിചാരിച്ച കാര്യം നടക്കാതെ തിരിച്ചുവന്നതും കമാൽ ഓർത്തു. വീണ്ടും വീണ്ടും എന്തിനാണ് ഇതുതന്നെ പറയുന്നത്.
“അവൻ വഴങ്ങുമെന്ന് തോന്നുന്നില്ല തങ്കേ.’’
കമാൽ അങ്ങനെയാണ് പൈവയെ സ്നേഹത്തോടെ വിളിക്കുക. അസനാരുടെ അടുത്ത് പൈവ പഠിക്കാൻ ചെല്ലുമ്പോൾ ആ വീട്ടിൽ രണ്ട് ആണുങ്ങളായിരുന്നു പാർപ്പ്. കമാലും അസനും. രാവിലെ എത്തിയാൽ രാത്രി മടങ്ങുന്ന പൈവ ആ വീട്ടിലെ തന്നെ അംഗത്തെപ്പോലെയായി. അങ്ങനെയാണ് പൈവയെ കമാൽ തങ്കച്ചീ എന്നു വിളിക്കാൻ തുടങ്ങിയത്. ആദ്യമൊക്കെ പൈവ തിരികെ തങ്കച്ചാ എന്നു വിളിക്കുമായിരുന്നു. മുതിർച്ചയെത്തുംതോറും അവളുടെ വിളി കമാൽ സാബിലേക്ക് തന്നെ മടങ്ങിയെത്തി.
“അത്രയും വലിയൊരു അറിവിന്റെ കുന്നിലാണ് അവനിരിക്കുന്നത്. നമ്മൾ പറയുന്നതെല്ലാം ഉൾക്കൊള്ളാൻ കഴിയില്ല.’’ അതു പറഞ്ഞു നിർത്തുമ്പോഴും കമാലിനറിയാം താൻ പോകേണ്ടി വരുമെന്ന്. തന്റെ വ്യക്തിപരമായ വൈഷമ്യങ്ങൾക്ക് സ്ഥാനമില്ലെന്ന്. ഇരുട്ട് കടക്കാൻ പന്തം കൊളുത്തി നൽകിയത് പൈവയാണ്. എന്തിനാണ് ഇങ്ങനൊരു വെളിച്ചത്തിന്റെ ആവശ്യം. ഈ ഗ്രാമത്തിലെ വഴികൾ എല്ലാം തനിക്ക് കാണാതെ അറിയുമല്ലോ. ഇരുട്ടിൽ കണ്ണുകെട്ടി വിട്ടാലും തനിക്ക് എത്തേണ്ടിടത്തേക്ക് പോകാൻ കഴിയും.
“എന്തിനാണ് പന്തം? എനിക്ക് അറിയാത്ത സ്ഥലവും അല്ലല്ലോ..!’’
“നമ്മൾ പഴയതുപോലെയല്ല. ഇരുട്ടിൽനിന്നും എന്താണ് വരുന്നതെന്നുപോലും അറിയില്ല. സ്പെഷ്യൽ പോലീസ് എന്നും വന്നുപോകുന്നത് എന്തിനാണെന്ന് ആർക്കറിയാം. ഈ സ്ഥലം എല്ലാം കൃത്യമായി പഠിച്ച് ഒരു രാത്രിയിൽ നമ്മളെ ആക്രമിക്കാൻ ആണെങ്കിലോ?”
അവൾ എപ്പോഴും ഇങ്ങനെയാണ്. പറയുന്നതിൽ പകുതിയും കവിതയുടെ സ്വഭാവമുള്ള എന്തെങ്കിലും ഉള്ളതാകും. അസൻ തന്നെയാണ് അവളെ ഇതെല്ലാം പഠിപ്പിച്ചത്. അതുകൊണ്ടാകാം അയാളെ കാണാൻ പൈവ വരാത്തതും. അറിവു പകർന്നു തന്ന അയാളോട്, ഒരുപക്ഷേ തർക്കിക്കാൻ നേരം പതറിപ്പോയാലോ! കമാൽ പുറത്തേക്കിറങ്ങി. അത്രകാലവും തോന്നാത്ത, അന്യത്വം അപ്പോൾ ഇരുട്ടിനോട് തോന്നി. താൻ നടന്ന വഴികളാണ്. സന്തോഷത്തോടെ കഴിഞ്ഞ ഇടങ്ങളാണ്. കാടിറങ്ങി വന്ന ജന്തുക്കൾ ഒന്നിനെയും ഭയക്കാതെ ഓടി നടന്ന ഇരുട്ടാണ്. അതാണ് ഇപ്പോൾ അപരിചിതമായി തോന്നുന്നത്.
അസനാരെ കാണാൻ വീടു ലക്ഷ്യമാക്കി നടക്കുമ്പോൾ ഗിരിപ്പക്ഷിയുടെ പാട്ട് കേൾക്കാൻ തുടങ്ങി. കമാലിനറിയാം അണ്ണലാർ മലയിറങ്ങി വരാൻ ഒരുങ്ങുമ്പോഴാണ് പക്ഷി പാടുന്നതെന്ന്. പണ്ട് ഉമ്മയുടെ ഇടവും വലവും പറ്റി താനും അസനും കിടക്കുമ്പോൾ ഈ പാട്ടു കേൾക്കും. അസൻ പറയും അണ്ണലാർ വരുന്നെന്ന്. അന്നൊക്കെ അവനു താൽപര്യം അണ്ണലാരെപ്പോലെ കരുത്തുകൊണ്ടു നമ്മെ കാക്കുന്ന മനുഷ്യരെയായിരുന്നു. പിന്നീടെപ്പോഴോ…
സാഹസങ്ങളിലും അസനായിരുന്നു മുമ്പൻ. കൗമാരത്തിലെത്തിയ ഒരു വേളയിലാണ് കമാലിനെയും കൂട്ടി അസൻ കുന്നുകയറിയത്. ഉപ്പയുടെയും ഉമ്മയുടെയും കണ്ണുവെട്ടിച്ചുകൊണ്ടായിരുന്നത്. അണ്ണലാരെ കാണാനുള്ള ആഗ്രഹംതന്നെയായിരുന്നു കാരണം. എന്നാൽ കുന്നിൻമുകളിലെത്തിയിട്ടും ആരെയും കാണുന്നേയില്ല. മടങ്ങാൻ കമാലിനു ധൃതിയായി. എന്നാൽ അസനാകട്ടെ അതിനു കൂട്ടാക്കുന്നുമില്ല. ഒടുവിൽ രാത്രി ഒരുപാട് വൈകി ഗ്രാമത്തിലെത്തുമ്പോൾ അവരെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ പലവഴിക്ക് നടക്കുന്നുണ്ടായിരുന്നു. അന്ന് ഒന്നും പറയാതെ ധൈര്യത്തോടെ ഉപ്പയുടെ മുന്നിലൂടെ ഉള്ളിലേക്ക് കയറിപ്പോയ അസനെ കമാലിന് ഓർമയുണ്ട്. അപ്പോഴും അയാൾ പേടിച്ചു പുറത്തുനിൽക്കുകയായിരുന്നു. അന്നത്തെ ആ രാത്രി കുന്നിറങ്ങിവരുമ്പോളുള്ള ആ ഇരുട്ട് ഇപ്പോഴില്ലല്ലോ? പക്ഷേ, പൈവ പറഞ്ഞതുപോലെ ഇരുട്ടല്ല സ്പെഷൽ പോലീസാണ് അപകടം.
ഗ്രാമ കവാടത്തിലെ വീടിനു മുന്നിലെത്തിയപ്പോൾ കൈയിലെ പന്തം അയാൾ കെടുത്തി. ‘ദാറുസ്സലാം’ എന്ന എഴുത്തിനു മേൽ പിടിച്ചിരുന്ന പൊടി തുടച്ചുനീക്കി. അതു തന്റെകൂടി വീടായിരുന്നുവല്ലോയെന്നു പെട്ടെന്നു കമാൽ ഓർത്തു. അവിടെനിന്ന്, എന്നെന്നേക്കുമായി ഇറങ്ങിപ്പോന്നപ്പോൾ, ഇനിയവിടേക്ക് കയറരുത് എന്ന് അസൻ പറഞ്ഞിട്ടില്ല. എങ്കിലും എന്താണ് താൻ അങ്ങോട്ട് മടങ്ങാത്തത്? ചെന്നാലും അസൻ സ്വീകരിക്കുകയേ ഉള്ളൂ, ബഹുമാനിക്കുകയുംചെയ്യും. പക്ഷേ, കുറച്ചുനാളായി എപ്പോഴും അവിടെ ചതി മണക്കുന്നപോലെ തോന്നും. ഗ്രാമകവാടം വഴി വന്നാൽ സ്പെഷൽ പോലീസ് ആദ്യം എത്തുക അവിടെയാകുമല്ലോ.
പറമ്പിനുള്ളിലേക്ക് കയറുമ്പോൾ കുട്ടികൾ എതിരെ വരുന്നുണ്ട്. അസനെ കാണാനും സംസാരിക്കാനും വരുന്നെങ്കിൽ ഈ രാത്രിനേരത്ത് മാത്രമേ പറ്റൂ. അതിരാവിലെ തന്നെ ഉണരുന്ന പ്രകൃതക്കാരനാണ് അസൻ. അൽപനേരം എന്തെങ്കിലും വായിക്കും. ഗ്രാമത്തിനു പുറത്തേക്ക് യാത്രപോകാറുള്ള മണി കൊണ്ടുവരാറുള്ള പുസ്തകങ്ങളും മാസികകളുമാണ് പ്രധാന വായന. പഴയ കടലാസുകൾ കൂട്ടിത്തുന്നി അയാൾതന്നെ ഒരു നോട്ടുപുസ്തകം ഉണ്ടാക്കിയിട്ടുണ്ട്. വായനയിൽനിന്നു കിട്ടിയ എന്തെങ്കിലും അതിൽ എഴുതിെവക്കും. സുബ്‌ഹ് നമസ്കാരം കഴിഞ്ഞാൽ പിന്നെ കുട്ടികളുടെ വരവാണ്. ഓരോരുത്തർക്കും ഓരോരോ പാഠങ്ങൾ പറഞ്ഞുകൊടുക്കും. രാത്രിവരേക്കും അതു തുടരും. എപ്പോഴും കുട്ടികളാൽ ആ വീട് സജീവമായിരുന്നു.

തിണ്ണയിൽ അസനെ കാത്തിരിക്കുമ്പോൾ കമാൽ ഉള്ളിലേക്ക് നോക്കി. അവൻ പുസ്തകങ്ങൾ അടുക്കിെവക്കുകയാണ്, ഗൗരവത്തോടെ. കമാലിന് പെട്ടെന്ന് ചിരിവന്നു. ഒരുമിച്ചു വളർന്ന ബാല്യം ഓർമയിലേക്കെത്തി. പ്രായംകൊണ്ട് കുറച്ചു നാഴികകളുടെ മൂപ്പ് തനിക്കുണ്ട്. ഇരട്ടകൾ ആയിട്ടുപോലും തങ്ങൾക്ക് കാഴ്ചയിൽ സാമ്യം ഒന്നുമില്ല. അസൻ തടിച്ചിട്ട്, താൻ മെലിഞ്ഞിട്ട്.
പക്ഷേ, എപ്പോഴോ അസൻ മുതിർന്നുപോയി. ആ വീട്ടിൽ ഉണ്ടായിരുന്ന ഗ്രന്ഥങ്ങൾ അവനെപ്പോലെതന്നെ താനും വായിച്ചിട്ടുണ്ട്. പെട്ടെന്നൊരുദിവസം അവനൊരു സന്യാസിയായപോലെ കമാലിന് തോന്നുകയായിരുന്നു.
“ഇങ്ങനെ എല്ലാവരും സന്യാസിമാരായാൽ ലോകംതന്നെ നിശ്ചലമാകില്ലേ?”
കമാൽ ഇടക്കിടക്ക് സ്വയം ചോദിക്കും.
ചെറുപ്പത്തിൽ ഏറ്റവും സാഹസികനായിരുന്നത് അസനായിരുന്നു. കമാൽ ആവർത്തിച്ചോർത്തു. കുന്നിൻമുകളിലെ തടാകത്തിൽ എല്ലാവരും ഇറങ്ങാൻ മടിച്ചുനിൽക്കുമ്പോൾ അയാൾ ഒരു മരത്തടിയുംകൊണ്ട് അതിലേക്കിറങ്ങുന്നത് കണ്ടിട്ടുണ്ട്. അതിന്റെ ആഴവും പരപ്പും അറിയുന്നപോലെ അവനതിൽ നീന്തുന്നതും ഓർമയുണ്ട്. എല്ലാത്തിനെയും പരാജയപ്പെടുത്താമെന്ന ആത്മവിശ്വാസം എപ്പോഴും ആ മുഖത്തുണ്ടാവും.
പുസ്തകങ്ങൾ അടുക്കിക്കഴിഞ്ഞപ്പോൾ അസനാർ പുറത്തേക്കു വന്നു. തിണ്ണയിൽ അടുത്തായി ഇരുന്നു.
“അതേ കാര്യംതന്നെ വീണ്ടും പറയാൻ വന്നതാണോ?” ആമുഖം ഒന്നുമില്ലാതെ അസൻ ചോദിച്ചു.
“അതേ. നീ കരുതുന്നുണ്ടാകും ഞാൻ എന്തിനാണ് ഇങ്ങനെ വീണ്ടും വീണ്ടും വരുന്നതെന്ന്. ഇപ്പോൾ നിന്നെ കൂടെ ചേർക്കുക എന്നത് എന്റെകൂടി ആവശ്യമാണ്.”
“നിനക്ക് എന്താവശ്യം?’’
“നോക്ക്, ഈ ഗ്രാമത്തിൽ എല്ലാവരും ഒരുമിച്ചുനിൽക്കുകയാണ്, കമ്പനി വരുന്നതിനെതിരെ. പക്ഷേ നീ മാത്രം...’’
കമാൽ ഒന്ന് എഴുന്നേറ്റു നിന്നു. വാക്കുകൾകൊണ്ട് വലുപ്പംവെക്കുന്നവനാണ് അസനാർ. അവനു മുന്നിൽ ഇരുന്നാൽ തോറ്റുപോകുന്നപോലെ തോന്നും കമാലിന്.
“ഞാൻ മാത്രം… ബാക്കി പറയൂ.’’ അസനാർ ആവശ്യപ്പെട്ടു.
“ഞങ്ങളോട് യോജിക്കാതെ നിൽക്കുന്നു.’’
“ഏതു കാര്യത്തിലാണ് യോജിക്കാത്തത്...’’
“കമ്പനിക്ക് എതിരായ സമരത്തിൽ.’’
“ഞാൻ യോജിക്കാത്തത് നിങ്ങളോടാണ്. ആയുധംകൊണ്ട് ഒന്നും നേടാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.’’

അസൻ അതു പറയുമ്പോൾ കമാലിന് അറിയാം അതു തന്റെയും അവന്റെയും പൊതു ചരിത്രമാണെന്ന്. കാലങ്ങൾക്ക് മുന്നേ അമൂല്യ ഗ്രന്ഥങ്ങളുമായി പേർഷ്യയിൽനിന്നും വന്നുചേർന്ന ഒരു കുടുംബത്തിന്റെ കഥ. എത്രയോ നാട്ടുരാജ്യങ്ങൾ കടന്നാണ് അവരീ ഗ്രാമത്തിൽ എത്തിയത്. വഴിയിൽ എത്രയോ സൈന്യങ്ങളെയും അതിർത്തികളെയും കണ്ടു. അവരിൽനിന്നെല്ലാം തങ്ങളെ കാത്തത് ആ ഗ്രന്ഥശേഖരമത്രേ. കുട്ടിക്കാലത്ത് പറഞ്ഞു പറഞ്ഞു മനസ്സിലുറച്ചുപോയ കഥ കമാൽ ഓർത്തു.
ഒരിക്കലും അസൻ അങ്ങനെ വേർതിരിഞ്ഞു നിൽക്കുമെന്ന് കമാൽ കരുതിയിരുന്നില്ല. ഈ കമ്പനിയെക്കുറിച്ച് എല്ലാവരേക്കാളും അസന് അറിവ് കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ. എന്നിട്ടും.
“കമ്പനിയുടെ ക്രൂരതകൾ മാത്രമല്ല അവരുടെ ശക്തിയും എനിക്കറിയാം.’’
അതേക്കുറിച്ചു ചോദിക്കുമ്പോൾ അസൻ പറയും. പക്ഷേ, ആരും ആ മറുപടിയിൽ തൃപ്തരായിരുന്നില്ല. ഇത്തവണയും അതിലേക്കു തന്നെയാകും അസൻ എത്തിച്ചേരുക എന്നു കമാലിനുറപ്പാണ്.

“കമാൽ...” സ്നേഹത്തോടെ അസൻ വിളിച്ചു. ജനനംകൊണ്ട് ഇളപ്പമെങ്കിലും, അപ്പോളവനിൽ പിതൃതുല്യമായ വാത്സല്യം നിറയുന്നപോലെ കമാലിന് തോന്നി. അസൻ തുടർന്നു.
“ലോകം മാറുകയാണ്. നമുക്ക് മാത്രമായി ഒരു നിലനിൽപില്ല.”
“ആയിരിക്കാം, ആർക്കും തൊഴിൽ നൽകേണ്ട എന്നോ പഠിപ്പിക്കണ്ട എന്നോ നമ്മൾ പറയുന്നില്ല. പക്ഷേ ജീവനല്ലേ ആദ്യം വേണ്ടത്. ഒരുപാട് വായിക്കുന്നവനല്ലേ നീ...’’
“ഓഹോ, തൊഴിലും പഠനവും നല്ലതാണെന്നാണോ നിങ്ങൾ കരുതുന്നത്? എന്റെ പ്രിയപ്പെട്ട കുട്ടി പൈവ, എത്ര മിടുക്കിയായിരുന്നു അവൾ. അവളോട് ഇനിയും പഠിക്കണമെന്നു ഞാൻ പറഞ്ഞു. കഴിഞ്ഞാൽ നഗരത്തിലേക്കുതന്നെ പോകണമെന്ന്. എന്നിട്ട് നിങ്ങൾ എന്താണ് അവളോട് ചെയ്തത്?’’
“അവളൊരു മുതിർന്ന കുട്ടിയല്ലേ. അവൾതന്നെ തീരുമാനിച്ചത് അല്ലേ?”
അസനാർ ചെറുതായി പുഞ്ചിരിച്ചു.
“അവളെ തിരുത്താൻ നിങ്ങൾക്ക് കഴിഞ്ഞില്ല. പിന്നെയാണോ ഈ വലിയ സർക്കാറിനെ, അതിനെ നിയന്ത്രിക്കാൻ പോന്ന കമ്പനിയെ? നോക്ക്, നീ പറഞ്ഞല്ലോ ഞാൻ പലതും വായിക്കാറുണ്ട് എന്ന്. വായിച്ചതിൽനിന്നു പറയട്ടെ, നമ്മുടെ ഗ്രാമത്തിന് അനുകൂലമായ കാര്യങ്ങളല്ല പുറത്തെല്ലാം നടക്കുന്നത്.’’
പതിവുപോലെ ഇക്കുറിയും തർക്കത്തിൽ അസൻ ഏറെ മുന്നിലെത്തിയെന്നു കമാലിന് തോന്നി. അൽപനേരം മിണ്ടാതെ ഇരുന്നു കമാൽ. തർക്കത്തിൽനിന്നും വേഗത്തിൽ വിരമിക്കാനുള്ള ആഗ്രഹം കമാലിനെ പിടികൂടി.
“നീ ഇന്നിവിടെ കിടക്ക്. നിനക്ക് ഇവിടെത്തന്നെ താമസിക്കാം.” അസനാർ പറഞ്ഞു.
“ഇല്ല. എനിക്ക് ഇവിടെ പറ്റില്ല. ചതി മണക്കുന്നപോലെ.’’
“ഭയം നിന്നെ വിഴുങ്ങി. അതാണ് നീയിങ്ങനെ പറയുന്നത്.’’
“കൂട്ടത്തിൽ എല്ലാരും നിന്നെ ഒറ്റുകാരനായി കാണുന്നു അസീ...”
വാത്സല്യത്തോടെ ആ പേരു വിളിച്ചത് എന്നാെണന്ന് അപ്പോൾ കമാൽ ഓർത്തു. ശരിയാണ്, അവനെ ഒറ്റുകാരനായാണ് ഗ്രാമത്തിൽ പലരും കാണുന്നത്. എന്തുകൊണ്ടോ അതു പുറത്തു കാണിക്കുന്നില്ല എന്നുമാത്രം. അസനെക്കുറിച്ച് ഗ്രാമത്തിൽ ചിലർ പറയുന്ന കഥ പൈവയാണ് കമാലിനോട് പറഞ്ഞത്.
ഒരു അമാവാസി രാത്രിയിൽ, പുറത്തുനിന്നൊരു വെളിച്ചം ദൂരെ എവിടെനിന്നോ ഗ്രാമത്തിലേക്ക് വന്നു. ആ വെളിച്ചവുമായി വന്ന മനുഷ്യൻ അതു കെടുത്തി ദാറുസ്സലാമിലേക്ക് കയറിപ്പോയി. അതൊരു രഹസ്യപ്പോലീസുകാരനായിരുന്നു. അയാളുടെ കൈയിൽ നിറയെ പണമുണ്ടായിരുന്നു. അയാൾ അസനോട് ഏറെനേരം സംസാരിച്ചു. പക്ഷേ, ആ രഹസ്യപ്പോലീസുകാരൻ മടങ്ങിപ്പോയോ എന്നാർക്കും ഉറപ്പില്ല. മടങ്ങാനായി ദാറുസ്സലാം വിട്ടിറങ്ങിയപ്പോൾ അയാൾ ഗിരിപ്പക്ഷിയുടെ പാട്ടുകേട്ടു. അയാൾ ശബ്ദം കേട്ട സ്ഥലത്തേക്ക് ഒരു നിമിഷം നോക്കിനിന്നു. ഇരുട്ടൊരു മനുഷ്യരൂപമായി. അതു പോലീസുകാരനെയുംകൊണ്ട് കുന്നുകയറിപ്പോയി. ഏതായാലും അതിനുശേഷമാണ് അസൻ ഇങ്ങനെ മാറിയത്.
“നീയത് നമ്പുന്നോ തങ്കേ...’’
അക്കഥ കേട്ടപ്പോൾ കമാൽ പൈവയോട് ചോദിച്ചു.
“ഇല്ല.” അവൾ പറഞ്ഞു.
പക്ഷേ, ഗ്രാമം ഇപ്പോൾ ഗൂഢാലോചനകളെ ഭയക്കുന്നുവെന്ന് കമാലിനറിയാം. ആ ഭയം ഇത്തരം ഓരോ സന്ദേഹങ്ങളെ പ്രസവിക്കും. അതിലൊന്നാണ് അസനാർ എന്ന ഒറ്റുകാരന്റെ കഥ.
തിണ്ണയിലെ റാന്തലിൽനിന്നും പന്തം കൊളുത്തി കമാൽ തിരിച്ചു നടന്നു. എല്ലാം അന്യമായി പോകുന്നത് അയാൾ സങ്കൽപ്പിച്ചു.
“കമാൽ...” പെട്ടെന്നാണ് അസൻ വിളിച്ചത്.
“കമാൽ, ഈ കവാടത്തിൽ ആദ്യം കാണുന്നത് നമ്മുടെ വീടാണ്. ഞാൻ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഈ ഗ്രാമം കൈയടക്കാൻ ആരുവന്നാലും എന്നെ മറികടന്നേ അവർക്ക് പോകാനാവൂ. ഞാൻ ഒറ്റില്ല. ഉറപ്പ്! ഭയപ്പെടാതെ നീ. നൂറ്റിക്കണക്കിന് സൈന്യങ്ങളെ മറികടന്ന ചരിത്രമുള്ളവരാണ് നമ്മൾ.’’
ആ വാക്കുകൾ കമാലിനു ആശ്വാസമായി. കൈയിലെ പന്തം അയാൾ വലിച്ചെറിഞ്ഞു.
ഇരുട്ടിൽ നടക്കാൻ തുടങ്ങി. തിരികെ കുന്നിൻ ചുവട്ടിലെത്തുമ്പോൾ ഗിരിപ്പക്ഷി പാടുന്നുണ്ട്. പ്രതീക്ഷയോടെ അയാൾ കുന്നിൻമുകളിലേക്ക് നോക്കി. അവിടെനിന്നും ഇറങ്ങിവരുന്ന ഒരു മനുഷ്യരൂപത്തെ പ്രതീക്ഷിച്ചു. ഉമ്മയോട് ചേർന്നുകിടന്ന് ഉറക്കം വരാത്ത ഒരു രാത്രി അയാൾക്കോർമ വന്നു. അന്ന് പതിയെ എഴുന്നേറ്റ് ജനാലവഴി പുറത്തേക്ക് നോക്കിനിന്നതും. പൊടുന്നനെ ഇരുട്ടിൽ ഒരു രൂപം കുന്നുകയറിപ്പോകുന്നത് കണ്ടതും എല്ലാം.
അതിനെ പിന്തുടർന്ന് മറ്റെവിടെനിന്നെല്ലാമോ മനുഷ്യർ വന്നതും അവരൊരു വരിയായി നീങ്ങിയതും ഓർമയിലെത്തി. ഇപ്പോൾ ആരു നമ്മെ നയിക്കും. ഒരുരുരുളൻ കല്ലിനുമേൽ കമാൽ ഇരുന്നു. പതിയെ നിദ്രയിലേക്ക് വീണു. ഒരു കൊച്ചു കിളിക്കൂടയാൾ സ്വപ്നംകണ്ടു. അതിൽ പരസ്പരം ചേർന്ന് ചൂടുപറ്റി കിടക്കുന്ന രണ്ടു കിളിക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഒന്നിനെ ആരോ കുന്തമുനയിൽ കോർത്തു കൊണ്ടുപോയപ്പോൾ കമാൽ ഞെട്ടിയുണർന്നു.
1976ലെ പെരുമഴയുള്ള ഒരു രാത്രി.

സ്പെഷൽ പോലീസ് ഗ്രാമത്തിലേക്ക് ഇരച്ചുകയറുമ്പോൾ അസനാർ ഉണർന്നിരിക്കുന്നുണ്ടായിരുന്നു. അതു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി. ഗ്രാമകവാടത്തിൽ, അരണ്ട വെളിച്ചത്തിൽ സ്പെഷൽ പോലീസ് ആദ്യം കണ്ട രൂപം അസനാരുടേതായിരുന്നു. നിരായുധനായ ഒരു മനുഷ്യൻ. പോലീസ് സേന പകച്ചുനിന്നു.
ഇതാകുമോ ഇനി അണ്ണലാർ?
അയാളുടെ കൈകളിൽ ആയുധങ്ങൾ ഒന്നുമില്ലല്ലോ?
ഇനി, ചിലർ പറയുന്നപോലെ അയാൾക്ക് ഒടിവിദ്യകൾ അറിയാമോ? സേനയൊന്നാകെ ശത്രുവിനെ നേരിടാൻ തയാറായി. തോക്കുകളൊരുങ്ങുന്ന ശബ്ദം മുഴങ്ങി. അതിനു നേരെ ഇപ്പോൾ ഒരേയൊരു മനുഷ്യൻ മാത്രം; അസനാർ!നൂറ്റിക്കണക്കിന് സൈന്യങ്ങളെ അറിവുകൊണ്ടു തോൽപിച്ച വെളിച്ചം അയാൾക്ക് തിളക്കം നൽകി. യന്ത്രത്തോക്കുകളിട്ട തുളകളിൽനിന്നു രക്തവും മാംസവും ഒഴുകിയിറങ്ങിയപ്പോഴും ആ ശോഭ കെട്ടുപോയില്ല.
സ്പെഷൽ പോലീസ് ഓപറേഷൻ കഴിഞ്ഞ് ആറുമാസങ്ങൾക്ക് ശേഷം ജയിലിൽനിന്നും മടങ്ങിയെത്തിയ പൈവ അസനാരുടെ വീട്ടിലേക്ക് ചെന്നു. ആൾപ്പെരുമാറ്റമില്ലാതെ പൊടിപിടിച്ചു കിടക്കുന്ന വീട് അവളിൽ വേദനയുണ്ടാക്കി. താനടക്കം ഗ്രാമത്തിലെ എത്രയോ പേർ കുട്ടിക്കാലത്ത് ഓടിക്കളിക്കുകയും പഠിക്കുകയും ചെയ്ത സ്ഥലം. അതിന്റെ ജനാലക്കരികിൽ തുന്നിക്കെട്ടിയ ഒരു കടലാസുകെട്ട് അവൾ കണ്ടു. അതിലെ, മഴവെള്ളം വീണ് ചിതറിപ്പോയ വാക്കുകൾ കൂട്ടിവായിച്ചു.
“നിങ്ങൾ ആയുധങ്ങൾകൊണ്ട് ഏറ്റുമുട്ടുമ്പോൾ നിഷ്കളങ്കതയ്ക്കാണ് മുറിവേൽക്കുക.”
ദേഹത്ത് അവശേഷിച്ച മുറിവുകളും ഹൃദയവും അവൾക്ക് ഒരുപോലെ നീറി.