അമരകോശം

ഓപറേഷൻ ഫൂട്ഹിൽ -1976 അസനാരുടെ സുബ്ഹ് നിസ്കാരം കഴിഞ്ഞാലുടൻതന്നെ പൈവ ഹാജരാകും. പത്താം വയസ്സു മുതൽ തുടങ്ങിയ ശീലം. അങ്ങോട്ടേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങൾ പൈവക്ക് ഇഷ്ടമാണ്. അച്ഛൻ കൃഷിസ്ഥലത്തേക്ക് പോകുമ്പോൾ അവളും കൂടും. ഗ്രാമകവാടത്തിൽ എത്തുമ്പോൾ അസനാരുടെ വീട് ലക്ഷ്യമാക്കി ഒറ്റ ഓട്ടമാണ്. ഉമ്മറത്തേക്ക് കയറും മുന്നേ ഒരു നിമിഷം തിരിഞ്ഞുനിന്ന് അച്ഛനെ നോക്കും. അസനാരുടെ വീടിനാകട്ടെ, കടലാസുകളുടെ വാസനയാണ്. ആ മണം കിട്ടുമ്പോൾ അവളാ വീടിന്റെ മച്ചിലേക്ക് നോക്കും; കടലാസുകൾകൊണ്ടുള്ള മേൽക്കൂരയാണോ വീടിനെന്ന്. പിന്നെ രാത്രി വരേക്കും ദാറുസ്സലാമിൽതന്നെയാണ് ചെലവഴിക്കുക. അസനാരുടെ പുസ്തകങ്ങൾ വായിച്ചും...
Your Subscription Supports Independent Journalism
View Plansഓപറേഷൻ ഫൂട്ഹിൽ -1976
അസനാരുടെ സുബ്ഹ് നിസ്കാരം കഴിഞ്ഞാലുടൻതന്നെ പൈവ ഹാജരാകും. പത്താം വയസ്സു മുതൽ തുടങ്ങിയ ശീലം. അങ്ങോട്ടേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങൾ പൈവക്ക് ഇഷ്ടമാണ്. അച്ഛൻ കൃഷിസ്ഥലത്തേക്ക് പോകുമ്പോൾ അവളും കൂടും. ഗ്രാമകവാടത്തിൽ എത്തുമ്പോൾ അസനാരുടെ വീട് ലക്ഷ്യമാക്കി ഒറ്റ ഓട്ടമാണ്. ഉമ്മറത്തേക്ക് കയറും മുന്നേ ഒരു നിമിഷം തിരിഞ്ഞുനിന്ന് അച്ഛനെ നോക്കും.
അസനാരുടെ വീടിനാകട്ടെ, കടലാസുകളുടെ വാസനയാണ്. ആ മണം കിട്ടുമ്പോൾ അവളാ വീടിന്റെ മച്ചിലേക്ക് നോക്കും; കടലാസുകൾകൊണ്ടുള്ള മേൽക്കൂരയാണോ വീടിനെന്ന്. പിന്നെ രാത്രി വരേക്കും ദാറുസ്സലാമിൽതന്നെയാണ് ചെലവഴിക്കുക. അസനാരുടെ പുസ്തകങ്ങൾ വായിച്ചും അവയെ അടുക്കിെവച്ചും, ഓരോന്ന് പറഞ്ഞും, അങ്ങനെ ഇരിക്കും. അതിനിടെ കുട്ടികൾ പലരും വന്നുപോയിട്ടുണ്ടാകും. പൈവ മാത്രം വൈകുന്നേരംവരെ അവിടെയിരിക്കും. ‘‘ഞാൻ കണ്ടതിൽ ഏറ്റവും മിടുക്കി’’ എന്നാണ് പൈവയെ അയാൾ വിളിക്കുക.
കുന്നിൻചെരുവിലെ ചോലയിൽ ഇടക്കിടെ അസനാർ പൈവയുമൊത്തു നടക്കും. അപ്പോൾ നാവിൻതുമ്പത്തൊരു പാട്ടുണ്ടാകും. ആദ്യമൊക്കെ അർഥമറിയാതെ അവളാ പാട്ട് ഏറ്റുപാടുമായിരുന്നു. കുറച്ചുകൂടി മുതിർന്നപ്പോൾ അവളതിന്റെ അർഥം ചോദിച്ചു.
യാത്രികരായിരുന്നു അസനാരുടെ മുൻഗാമികൾ. എവിടെയും തങ്ങാതെ അവരത് തുടർന്നുകൊണ്ടേയിരുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും എല്ലാം അതിലുണ്ടാകും. കുട്ടികൾ എവിടെയെത്തിയാലും കളിക്കാൻ പോകുമല്ലോ. പക്ഷേ, അപരിചിതമായ സ്ഥലമല്ലേ, വന്യമൃഗങ്ങളും മനുഷ്യരും എല്ലാം തക്കം പാർത്തിരിക്കുന്നുണ്ടാകും കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ. അപ്പോൾ കുഞ്ഞുങ്ങളോട് അപകടം വിശദീകരിക്കാൻ അമ്മമാർ പാടിയിരുന്നതാണത്രേ.
ഒരുദിവസം സുബ്‌ഹ് നിസ്കാരം കഴിഞ്ഞിട്ടും പൈവ എത്തിയില്ല. കുറുമ്പി ഉറങ്ങിപ്പോയിട്ടുണ്ടാകും എന്നാണ് അസനാർ കരുതിയത്. വെറുതെ പറമ്പിലൂടെ നടന്നു. കോട താഴാൻ തുടങ്ങിയിട്ടേയുള്ളൂ. അപ്പോളാണ് ഗ്രാമകവാടത്തിൽ കുറച്ചാളുകളെ കണ്ടത്. കോടയിൽ അവരുടെ എണ്ണമെടുക്കാൻ അൽപനേരം വേണ്ടിവന്നു അസനാർക്ക്. മൂന്നു വൃദ്ധന്മാരും ഒരു ചെറുപ്പക്കാരനും. പൈവയുടെ അച്ഛനെ കാണാൻ വന്നവരാണ്. അവരെ കണ്ടാലറിയാം, എന്തോ ബന്ധുത്വമുണ്ടെന്ന്. അതാകും അവൾ വരാൻ വൈകുന്നത്. പൈവയുടെ വീട്ടിലേക്കുള്ള വഴി കാട്ടിക്കൊടുത്ത് തിരികെ നടക്കുമ്പോൾ അസനാർ ചിന്തിച്ചു.
എന്നാൽ, അന്നും നേരത്തേ തന്നെ അസനാരുടെ അടുത്തേക്ക് പുറപ്പെടാൻ അവൾ തയാറായിരുന്നു.
‘‘മോളേ, ഇന്നു നീ പഠിക്കാൻ പോകണ്ട.’’ അച്ഛൻ പറഞ്ഞു.
എന്താണ് കാര്യമെന്നറിയാതെ പൈവ അച്ഛനെ ചുറ്റിപ്പറ്റി നിന്നു. അടുക്കളയിൽ അന്ന് നല്ല പലഹാരങ്ങളുടെ മണമാണ്. എണ്ണ ഉപയോഗിച്ചുള്ള പാചകം വിരളമാണ്. പക്ഷേ എണ്ണയിൽ പൊരിച്ച പലഹാരങ്ങളുടെ മണമുണ്ട് താനും. വിശേഷപ്പെട്ട ആരോ വരുന്നുണ്ടായിരിക്കാം. മുമ്പൊരിക്കൽ അച്ഛന്റെയൊരു സുഹൃത്ത് വന്നത് പൈവക്കോർമ വന്നു. ഈയടുത്താണ് അവൾ ഒറ്റക്ക് കുളിക്കാൻ തുടങ്ങിയത്. ഇക്കുറി പക്ഷേ അമ്മകൂടി ഒപ്പം വന്നു. ഇഞ്ചപ്പുല്ലുകൊണ്ട് തേച്ചു കുളിപ്പിച്ചു.
കുറച്ചു വൃദ്ധൻമാരും ഒരു ചെറുപ്പക്കാരനുമുള്ള സംഘമാണ് വിരുന്നിനായി വന്നത്. ഇവർക്കെന്താണ് അച്ഛനുമായുള്ള ബന്ധം? ചെറുപ്പക്കാരൻ പൈവയെത്തന്നെ നോക്കിയിരുന്നു. അവർ പോയപ്പോഴാണ് അമ്മ പൈവയോട് അതു പറഞ്ഞത്.
‘‘മോളേ, ഇനി നിന്നെ നമ്മൾ അവരുടെ വീട്ടിലേക്ക് അയക്കുകയാണ്.’’

അപ്പോഴാണ് തന്റെ വിവാഹം നടക്കാൻ പോകുന്നുവെന്നു പൈവക്ക് മനസ്സിലായത്. പോകുന്ന വീട്ടിൽ മൂന്നു നേരം ഭക്ഷണം ഉണ്ടാകുമത്രേ. അതാണ് പ്രത്യേകത. എന്തൊക്കെയാകും വിഭവങ്ങളെന്ന് അവൾ സങ്കൽപിച്ചു നോക്കി. പൈവ വേഗം തന്നെ അസനാരുടെ അടുത്തേക്കോടി. കുട്ടികളുടെ തിരക്കൊഴിഞ്ഞപ്പോൾ അടുത്തേക്ക് ചെന്നു.
‘‘മിടുക്കീ, എവിടെ മധുരം?” അസനാർ ചോദിച്ചു. അവൾക്ക് അത്ഭുതമായി. എങ്ങനെയാകും അറിഞ്ഞത്.
“വിരുന്നുകാർ വരുന്നത് ഞാൻ കണ്ടല്ലോ. അച്ഛന്റെ ബന്ധുക്കളാണോ?’’
“അല്ല. ഒരു വിശേഷമുണ്ട്.’’
‘‘എന്താ?’’
“എന്റെ വിവാഹം നടക്കാൻ പോകുന്നു.’’
“എന്നാരു പറഞ്ഞു?”
‘‘അമ്മ. ഇന്നവരെന്നെ കാണാൻ വന്നല്ലോ...’’
അവൾ സന്തോഷത്തോടെ പറഞ്ഞു. അസനാർക്കും സന്തോഷമാകുമെന്നാണ് കരുതിയത്. പക്ഷേ, അയാളൊരു കൊടുങ്കാറ്റുപോലെ പൈവയുടെ വീട്ടിലേക്ക് പാഞ്ഞു.
അസനാരുടെ അലർച്ചയിൽ പൈവയുടെ അച്ഛനും അമ്മയും ഓടി പുറത്തേക്കു വന്നു. പൈവ നോക്കുമ്പോൾ അച്ഛൻ വിറക്കുകയാണ്. അവൾക്കപ്പോൾ ചിരിയാണ് വന്നത്. അസനാരെപ്പോലെ ഒരു പാവം മനുഷ്യനെ എന്തിനാണ് ഇങ്ങനെ പേടിപ്പിക്കുന്നത്.
‘‘ഒരു കൂട്ടർ ഇങ്ങോട്ടേക്ക് വരുന്നത് ഞാൻ കണ്ടു. നിങ്ങളുടെ ബന്ധുക്കൾ ആരെങ്കിലും ആയിരിക്കുമെന്ന് കരുതി.’’
അസനാർ അത്രയേ പറഞ്ഞുള്ളൂ. ബാക്കി, ചോദ്യം മനസ്സിലായെന്നപോലെ അച്ഛൻ മറുപടി പറഞ്ഞു.
‘‘മൂന്നുനേരം ഭക്ഷണം കൊടുക്കാമെന്ന് അവർ പറഞ്ഞു. ഇവിടെ ആണെങ്കിൽ...’’ അപ്പോൾ പൈവയുടെ അച്ഛൻ ഒന്നു വളഞ്ഞു.
അസനാർ ദേഷ്യംകൊണ്ട് കിതയ്ക്കാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും കമാൽ അങ്ങോട്ടേക്കെത്തി. അയാൾ കല്ലുടച്ചുകൊണ്ടു നിൽക്കുമ്പോൾ ഒരാൾ ഓടിവന്നു പറഞ്ഞതാണ്.
“എന്തോ പ്രശ്നം ഉണ്ട്, അസനാർ സാബ് പൈവയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടു.’’
കമാൽ എത്തുമ്പോൾ അസനാർ ദേഷ്യത്തിൽ തന്നെയാണ്.
‘‘അവളുടെ ഭക്ഷണമാണ് വിഷയമെങ്കിൽ അത് ഞങ്ങൾക്ക് വിട്ടേക്കൂ. ഓരോരോ ന്യായങ്ങൾ!’’
കമാലിനെ കണ്ടപ്പോൾ അസനാർ ഒന്ന് തണുക്കാൻ തുടങ്ങി. അതിനിടെ പൈവയുടെ അമ്മ മാപ്പിരക്കാൻ തുടങ്ങിയിരുന്നു. അന്നേ രാത്രി, ദുഃഖമാണോ സന്തോഷമാണോ കൂടുതലുണ്ടായതെന്ന് ഓർത്തെടുക്കാൻ പൈവക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. എന്തിനാണ് അസനാർ ദേഷ്യപ്പെട്ടതെന്ന് പൈവക്ക് ആലോചിച്ചപ്പോൾ മനസ്സിലായി. അവളുടെ അമ്മായിയുടെ മകളുണ്ടായിരുന്നു ദത്തുവക്ക. തന്നെക്കാൾ മുതിർന്നവൾ. വിവാഹം കഴിപ്പിച്ചു വിട്ട് മൂന്നുദിവസം കഴിഞ്ഞപ്പോൾ അവർ മരിച്ചുപോയി. അവർ മരിച്ചുകിടന്നിടത്ത് ആകെ രക്തം തളംകെട്ടി നിന്നിരുന്നെന്ന് പോയി വന്നവർ പറഞ്ഞു. തനിക്ക് ആ ദുർവിധി ഉണ്ടാകാതെ ഇരിക്കാനാകും അസനാർ അലറിയത്.
“കണ്ണെത്താ ദൂരത്തോളം കാടും, അത്രതന്നെ നിലങ്ങളും കാണാമായിരുന്നു ഗ്രാമത്തിൽനിന്ന് നോക്കിയാൽ. പിന്നെന്തുകൊണ്ട് ഭക്ഷണം കിട്ടില്ല?”
അസനാർ ഇടക്കിടെ ചോദിക്കും. ശരിയാണ്, ഗ്രാമം അങ്ങനെയാണ്, അത് കാടിനെ നോക്കി കിടക്കുന്നു. മാമ്പഴം കൊതിയോടെ നോക്കുന്ന കുട്ടിയെപ്പോലെ. കുട്ടിയുടെ വിശപ്പ് മാറ്റാനുള്ളത് മാവ് കൊടുക്കുകയും ചെയ്യും. അതുപോലെ ഗ്രാമത്തിനു വിശക്കാതിരിക്കാനുള്ളതെല്ലാം കാട് കൊടുത്തു. കായും കനിയും ജലവും ഉർവരതയുമെല്ലാം. കുട്ടികളെയെല്ലാം കാട് കാണിക്കാൻ കൊണ്ടുപോകുക അസനാരാണ്. ഭക്ഷണം പാകം ചെയ്തും കഴിച്ചുമെല്ലാം കുന്നിന്റെ ഉച്ചിവരെ ചെല്ലും.
അതിന്റെ ഉച്ചിയിലാകട്ടെ ഒരു വലിയ തടാകമാണ്. മഴപെയ്തു കുഴിഞ്ഞുണ്ടായതല്ല. യുഗങ്ങൾക്ക് മുന്നേ മനുഷ്യന്മാർ കല്ലും മണ്ണുംകൊണ്ട് ഉണ്ടാക്കിയെടുത്ത സംഭരണിയാണ്. കുന്നിന്റെ പൊക്കത്തിന്റെ അത്രയും അതിനാഴമുണ്ടെന്ന് പറയും. അതിൽനിന്നും നാല് നദികൾ കുന്നിറങ്ങിപ്പോകുന്നുണ്ടെന്നാണ് വെപ്പ്. മൂന്നു ദിക്കിലേക്ക് ആ തടാകം കരകവിഞ്ഞൊഴുകുന്നത് കാണാം. അവ മൂന്നും നദികളാണ്. വട്ട, നന്ദ, പാലി –അവയായിരുന്നു ആ മൂന്നു നദികൾ. പൈവയുടെ ഗ്രാമത്തിന്റെ ദിക്കിലേക്ക് മാത്രം അങ്ങനെയൊന്നില്ല.
‘‘ഇത് മൂന്നല്ലേയുള്ളൂ...’’ കുട്ടികൾ ഒറ്റ സ്വരത്തിൽ ചോദിക്കും.
‘‘നാലാമതൊന്നുകൂടിയുണ്ട്. അതിന്റെ പേരറിയാമോ?’’ അസനാർ പറയും. ഇല്ലാത്ത നദിക്കും പേരോ എന്നാണ് പൈവ ചിന്തിച്ചത്.
ഈ നാലിന്റെ കണക്ക് തങ്ങളെ പറ്റിക്കാൻവേണ്ടി പറയുന്നുവെന്നാണ് പൈവയടക്കമുള്ള കുട്ടികൾ അന്നു കരുതിയിരുന്നത്. ആ രാത്രി സ്പെഷ്യൽ പൊലീസ് ഗ്രാമത്തിനുള്ളിലേക്ക് വരും വരെയും അങ്ങനെതന്നെ കരുതിയിരുന്നു.
കാര്യങ്ങൾ എത്ര പെട്ടെന്നാണ് മാറിമറിഞ്ഞത്. ഗ്രാമത്തിനു നടുവിലൂടെ പൊടിപറത്തി വന്നുപോയ വെളുത്ത വാഹനം തങ്ങൾക്ക് ദുഃഖംകൂടിയാണ് കൊണ്ടുവരുന്നതെന്ന് ആരും അറിഞ്ഞില്ല. എന്ന് മാത്രമല്ല, അത്രകാലവും അങ്ങനെ സർക്കാർ വാഹനങ്ങളൊന്നും അവിടെ വന്നുപോയിട്ടില്ലായിരുന്നു. കൃഷിക്കും വെള്ളം ശേഖരിക്കാനും എല്ലാം പണം നൽകുന്ന ഒന്നാണ് സർക്കാർ എന്നു ഗ്രാമവാസികൾ മനസ്സിലാക്കിയിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചുവെന്ന് ഉറപ്പാക്കുന്നതും സർക്കാറിന്റെ കടമയാണ്. അതെല്ലാം ഉണ്ടാകുന്നുവെങ്കിൽ സർക്കാർ വാഹനങ്ങൾ യഥേഷ്ടം വന്നോട്ടെ എന്നായിരുന്നു അവരുടെ ചിന്ത. പിന്നീട്, കമ്പനി വരുന്നുവെന്ന് കേട്ടപ്പോൾ ഗ്രാമവാസികളും സന്തോഷത്തിലായി. ഇപ്പോളുള്ളതിനേക്കാൾ മെച്ചപ്പെട്ട വീടുകളും ജോലിയും ഉണ്ടാകാൻ പോകുന്നുവെന്ന് അവരെല്ലാം ധരിച്ചു.

“ആയിരക്കണക്കിന് മനുഷ്യജീവനുകൾ കവർന്ന ശേഷമാണ് ഖേൽക്കർ കെമിക്കൽസ് അവിടം വിട്ടത്.’’
അസനാർ കൊടുത്ത പത്രം നിവർത്തി എല്ലാ ഗ്രാമവാസികളെയും വായിച്ചു കേൾപ്പിക്കുകയായിരുന്നു പൈവ. അസനാർ അവളെ അഭിമാനത്തോടെ നോക്കി. ഇപ്പോൾ യൗവനത്തിലെത്തിയെങ്കിലും പൈവയിൽ വായന പഠിക്കുന്ന കൊച്ചു പെൺകുട്ടിയെയാണ് അസനാർ കാണുന്നത്.
വായന കഴിഞ്ഞപ്പോൾ അസനാർ എല്ലാവരോടുമായി സംസാരിക്കാൻ തുടങ്ങി.
“കേട്ടിടത്തോളം ഇതുപോലെയൊന്നാണ് ഇവിടെയും വരാൻ പോകുന്നത്. സാധാരണ രണ്ടു വഴികളാണ് ഉള്ളത്. ഒന്നുകിൽ നമുക്കിവിടെനിന്നും ഒഴിഞ്ഞുകൊടുക്കാം, അല്ലെങ്കിൽ കമ്പനി വേണ്ടെന്ന് സർക്കാരുമായി ചർച്ചചെയ്യാം.”
ശരിക്കും അന്നേരം അങ്കലാപ്പിൽ പെട്ടതുപോലെയായിരുന്നു ഗ്രാമത്തിൽ എല്ലാവരും. അതിനോടകംതന്നെ പലരും പല സ്വപ്നങ്ങളും കണ്ടിരുന്നു. വിശക്കുന്ന കുഞ്ഞുങ്ങളോട്, നല്ലകാലം വരാൻ പോകുന്നതായി പറഞ്ഞിരുന്നു. ഇനിയെന്ത്? പക്ഷേ അൽപനേരമേ അതാ ജനക്കൂട്ടത്തെ ചൂഴ്ന്നുനിന്നുള്ളൂ. കുന്നിറങ്ങിവന്ന തണുത്ത കാറ്റ് എല്ലാവരെയും തഴുകി കടന്നുപോയി.
“നമ്മൾ എങ്ങോട്ടും പോകുന്നില്ല.” ആനന്ദമിത്രനാണ് അതു പറഞ്ഞത്. മറ്റുള്ളവർ അതേറ്റു പിടിച്ചു. പിറ്റേന്നു മുതൽ, ഗ്രാമത്തിലേക്ക് വരുന്ന സർക്കാർ മേധാവികളോട് കാര്യം സംസാരിക്കാൻ അസനാർ തയാറായി.
‘‘പോ... നിന്നെ ഇവിടെ ആര് വിളിച്ചു? സർക്കാറിന് സംസാരിക്കണമെങ്കിൽ വിളിക്കും. അല്ലാതെ നീയാണോ തീരുമാനിക്കുന്നത്?’’
ഒരുദ്യോഗസ്ഥൻ അസനാരോട് ദേഷ്യത്തോടെ സംസാരിക്കുന്നത് പൈവ കണ്ടതാണ്. ഗ്രാമത്തിൽ ആരുംതന്നെ അയാളോട് അങ്ങനെ സംസാരിച്ചിട്ടില്ല. പക്ഷേ അപ്പോഴും അസനാർ പുഞ്ചിരിക്കുകയായിരുന്നു. അപ്പോളാകണം, പൈവക്ക് അസനാരോട് ആദ്യം സഹതാപം തോന്നിയത്. വർഷങ്ങൾക്കുമുമ്പ് പാവങ്ങളായ തന്റെ അച്ഛനെയും അമ്മയെയും വിറപ്പിച്ച അസനാർ എവിടെയാണാവോ? അവളോർത്തു.
തൊട്ടടുത്ത ദിവസം വന്ന ഉദ്യോഗസ്ഥൻ കുറച്ചുകൂടി സൗമ്യനായിരുന്നു.
‘‘നോക്ക്, ഞങ്ങളൊക്കെ വെറും സാധാരണക്കാരാണ്. വെറും താഴ്ന്ന ഉദ്യോഗസ്ഥർ. സർക്കാരും ഖേൽക്കറും ആണ് ഒന്നിച്ചിരിക്കുന്നത്. അവരെ എതിരിടണമെങ്കിൽ നിങ്ങൾ പട്ടണത്തിലേക്ക് പോ. അവിടെ നേതാക്കളെയെല്ലാം കാണ്. സർക്കാർ പറയാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.”
പട്ടണത്തിലേക്ക് പോകുന്ന കാര്യം നിശ്ചയിക്കാനായിരുന്നു അടുത്ത ആലോചനായോഗം. പോകേണ്ടവരുടെ പട്ടികയിൽ പെടാൻ ആഗ്രഹമുള്ള ചില പുരുഷന്മാർ യോഗത്തിന്റെ മുന്നിൽ തന്നെ സ്ഥാനം പിടിച്ചു. അന്നേ ദിവസമാണ് കാര്യങ്ങൾ മറ്റൊരു വഴിക്ക് ഒഴുകിത്തുടങ്ങിയത്.
“നമ്മളാരും പട്ടണത്തിലേക്ക് പോകുന്നില്ല. അവരല്ലേ ഇങ്ങോട്ട് വന്നത്. അവർക്കല്ലേ കുന്നും വെള്ളവും വേണ്ടത്. എന്തിനാണ് നമ്മൾ അങ്ങോട്ടേക്ക് പോയി ഇരക്കുന്നത്. ആവശ്യക്കാർ അവരാണ്.”
കമാലിന്റെ ശബ്ദം ഇടിമുഴക്കംപോലെ മുഴങ്ങി. അസനാർ ഒന്നു പകച്ചു. വളരെപ്പെട്ടെന്നാണ് ആ ഗ്രാമം മുഴുവൻ കമാലിന്റെ വശം ചേർന്നത്.
“എന്തിനാണ് നമ്മൾ ഇരക്കുന്നത്?” ഗ്രാമം ഒന്നടങ്കം ചോദിച്ചു. അതൊരു ഇരമ്പമായി മാറാൻ അധികം നേരം വേണ്ടി വന്നില്ല. ആർപ്പുകൾ അടങ്ങിയപ്പോൾ അസനാർ എല്ലാവരോടുമായി പറഞ്ഞു.
‘‘ആരെയൊക്കെയാണ് എതിരിടേണ്ടത് എന്നു നിങ്ങൾക്കറിയാമോ? അവരുടെ ശക്തിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? അവരീ ഗ്രാമത്തെ തുടച്ചുനീക്കും.”
അത്രകാലവും അസനാർ പറയുന്നതിനപ്പുറം ആരും പോയിരുന്നില്ല. പക്ഷേ ഇക്കുറി ഗ്രാമം എല്ലാം അയാൾക്കു മുഖം തിരിഞ്ഞുനിന്നു. എല്ലാവരും അയാളെ ഒറ്റുകാരനെപ്പോലെ കണ്ടു. അന്നു രാത്രിമുതൽ ഗ്രാമം സ്വയം കവചമൊരുക്കാൻ തുടങ്ങി. കല്ലുകൾ ഉരുട്ടി വഴിയടക്കുക എന്നതാണ് ആദ്യം ചെയ്തത്. പിന്നെ മാറിമാറിയുള്ള കാവലിരിപ്പ്. വഴി അടഞ്ഞതിന്റെ പിറ്റേന്ന് തന്നെ സർക്കാർ വാഹനം പൊലീസ് അകമ്പടിയോടെ എത്തുന്നതും മടങ്ങിപ്പോകുന്നതും അവർ കണ്ടു.
സ്പെഷൽ പോലീസ് തമ്പടിച്ച കാലത്തും അസനാർ ആയുധപ്പോരാട്ടത്തെ പിന്തുണച്ചില്ല. മണി കൊണ്ടുവരാറുള്ള പത്രങ്ങൾ അയാൾ മറിച്ചുനോക്കി. ഇപ്പോൾ പത്രങ്ങളിലെല്ലാം സർക്കാറിനെക്കുറിച്ചുള്ള നല്ല വാർത്തകളേയുള്ളൂ. കമ്പനിയെക്കുറിച്ചുള്ള വാർത്തകളൊന്നും കാണാനുമില്ല. എന്നാൽ ഗ്രാമത്തെയും അവിടെ ഒരുങ്ങുന്ന യുദ്ധസന്നാഹങ്ങളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ ചില പത്രങ്ങളിൽ കാണാനുമായി. അതെല്ലാം, ഓരോ വട്ടവും കമാലിനോടും ആനന്ദമിത്രനോടും അസനാർ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ അതൊന്നും അവർ വകവെക്കുന്നുണ്ടായിരുന്നില്ല.
പെരുമഴയുടെ ശബ്ദത്തെയും കവിഞ്ഞ ഒരു വെടിയൊച്ചയാണ് ആദ്യം കേട്ടത്. ആയൊച്ചയിൽ കുന്നിൻമുകളിലെ മരങ്ങളിൽ നിന്നുവരെ പക്ഷികൾ പാറി. കൂട്ടത്തിൽനിന്നു ഗ്രാമകവാടത്തിലേക്ക് ആദ്യം ഓടിയത് പൈവയാണ്. ആർക്കെങ്കിലും തടയാൻ കഴിയും മുമ്പുതന്നെ അവളാ ഇരുട്ടിലേക്ക് മറഞ്ഞു. ഗ്രാമകവാടത്തോട് അടുക്കുംതോറും അവളാ കാഴ്ച കണ്ടു. ദാറുസ്സലാമിന്റെ ഉള്ളിൽനിന്നും ഇറങ്ങിവരുന്ന സെർച്ച് ലൈറ്റുകൾ. അവൾ ഒരു നിമിഷം നിന്നു. എങ്ങോട്ടേക്കാണ് മറയുക? ദാറുസ്സലാമിലെ പോലെ ഓരോ വീട്ടിലും ഇവർ കയറുമോ? സ്ത്രീകൾ, കുഞ്ഞുങ്ങൾ എല്ലാം ഉള്ള വീടുകളുണ്ട്. അവിടങ്ങളിലേക്ക് ചെന്നു പറയണം, വാതിൽ തുറക്കരുതെന്ന്. അതിനു മുമ്പേ കൂടെയുള്ളവരെ വിവരമറിയിക്കണ്ടേ? കുന്നിനു നേരെ തിരിഞ്ഞുനിന്ന് അവൾ ഉറക്കെ നിലവിളിച്ചു. അതൊരു അടയാളമാണ്, എല്ലാവർക്കും പോരാടാൻ നേരമായെന്ന്.
അപ്പോഴേക്കും പോലീസുകാർ പൈവയെ ലക്ഷ്യമാക്കി നീങ്ങി. വീടുകൾ ഭദ്രമായി പൂട്ടിയിട്ടുണ്ടോ എന്നു നോക്കാൻ അവൾ വാതിലുകളിൽ മുട്ടി. വീതിയേറിയ പാതയിൽനിന്നും ഒരു വീടിന്റെ മുന്നിലേക്ക് കയറിയപ്പോഴാണ് അവൾ ഒന്നുകൂടി അലറിയത്. പക്ഷേ കൊടൂരമായ ഒരു ശബ്ദത്തിലത് മുങ്ങിപ്പോയി. പോലീസ് വെടിവെക്കാൻ ഒരുങ്ങുന്നുവെന്നാണ് അവൾ കരുതിയത്. മരണം ഉറപ്പാക്കി പാതയിലേക്ക് തിരിഞ്ഞുനോക്കിയ അവൾ കണ്ടത് മറ്റൊന്നാണ്. വീതിയേറിയ ഗ്രാമവീഥികളെ പുതച്ചുകൊണ്ട് ഒരു നദി കുന്നിറങ്ങി വന്നു. കുതിച്ചുവരുകയായിരുന്ന പോലീസ് സേനയെ തന്റെ ജലത്താൽ പൊതിഞ്ഞു. ഒരായുധങ്ങൾക്കും അതിനെ കീഴടക്കാനായില്ല.
“നാലാമത്തെ നദിയെവിടെ?”
അസനാരോട് ചോദിക്കാറുള്ള ചോദ്യം പൈവക്ക് ഓർമവന്നു.
“അതിവിടെയുണ്ട്. അതിന്റെ പേരറിയുമോ?’’ അസനാർ ചോദിക്കും.
മിത്താ നദി.
അവൾ ഉരുവിട്ടു. പെട്ടെന്ന് നദി അവൾക്ക് നേരെ കൈനീട്ടി. കൊതിയോടെ അവളതിലൊന്ന് തൊട്ടു. അതിന്റെ തണുപ്പിലേക്ക് പതിയെ വീണു. രൗദ്രമായ അതിന്റെ ഭാവത്തിൽ വീണുകിടക്കുമ്പോഴും സുരക്ഷിതയാണെന്ന് അവൾക്ക് തോന്നി.
ഈ നദിയെ ചാലുകീറി കൊണ്ടുവന്നതാരാണ്?
9. അണ്ണലാർ
ഗ്രാമത്തിലാരുംതന്നെ അയാളെക്കുറിച്ചുള്ള കഥകൾ കേൾക്കാതെ വളരുന്നില്ല. ആ ഗ്രാമത്തിലെ ഓരോ മനുഷ്യന്റെയും കുട്ടിക്കാലം ഒരു കഥയാൽ നിറഞ്ഞിരുന്നു. കുന്നിറങ്ങി ഒരു സംഘവുമായി വരുന്ന അണ്ണലാർ. അമാവാസി രാത്രികളിൽ ഗ്രാമത്തിലാകെ അയാൾ റോന്ത് ചുറ്റും. ആരെങ്കിലും കൊള്ളക്കായി വരുന്നുണ്ടോ എന്നു നോക്കും. അണ്ണലാർ വിചാരിച്ചാൽ മാത്രമേ അയാളുടെ അനുയായികൾ അല്ലാത്തവർക്ക് അയാളെ കാണാൻ പറ്റൂ. അത്രമേൽ വേഗത്തിൽ മറയാൻ അയാൾക്ക് കഴിയും. വന്നുപോകുന്ന രാത്രികൾ കഴിഞ്ഞാൽ ഗ്രാമപാതയിൽ ആറു വിരലുകളുള്ള കാൽപ്പാടുകൾ കാണാം. അങ്ങനെയാണ് അണ്ണലാർക്ക് കാലിൽ ആറു വിരലുകളുണ്ടെന്ന് മനസ്സിലാകുന്നത്.
അണ്ണലാരുടെ സംഘത്തിൽ ഗ്രാമത്തിൽനിന്നുള്ളവരുണ്ട്. പക്ഷേ, അതാരൊക്കെ എന്നത് തീർത്തും രഹസ്യമാണ്. അവരുടെ വീടിന്റെ വാതിലിൽ ചില രാത്രികളിൽ ഒരാൾ വന്നു തട്ടുമായിരുന്നു. അത് സന്ദേശമാണ്; അണ്ണലാർ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു എന്ന്. പിറ്റേന്ന് തന്നെ കുന്നിൻമുകളിലേക്ക് അവർ പുറപ്പെടണം. അവർ ആരൊക്കെയെന്ന് തിരിച്ചറിയുക പ്രയാസം.
ചെമ്പൻമുടിയും കൊമ്പൻ മീശയും പിന്നിലേക്ക് ചീകിയൊതുക്കിയ നീളൻ താടിരോമങ്ങളുമാണ് അയാളെ തിരിച്ചറിയാനുള്ള അടയാളം. പിന്നിലേക്ക് അൽപം നീട്ടി വളർത്തിയ മുടി നടക്കുന്നതിനൊപ്പം താളംതട്ടും. പകുതിയടഞ്ഞ പോലത്തെ കണ്ണുകളാണ്, ആരെയാണ് നോക്കുന്നതെന്നുപോലും മനസ്സിലാകില്ല.
ഗ്രാമത്തിലേക്ക് ഖേൽക്കർ കെമിക്കൽസ് വരണ്ട എന്നു തീരുമാനിക്കപ്പെട്ട ദിനം എല്ലാരും ആർപ്പുവിളിച്ചതിനു പിന്നിലെ ശക്തി അതായിരുന്നു. അയാൾ കുന്നിറങ്ങി വന്നു പോരാട്ടം നയിക്കുമെന്ന വിശ്വാസം. കമ്പനിക്കെതിരായ സമരം തടയാൻ ആദ്യം വന്ന പോലീസ് സംഘത്തിൽനിന്നും മൂന്നുപേരെ കാണാതായതോടെയാണ് അണ്ണലാർ ചിത്രത്തിലേക്ക് വരുന്നത്. ആ പോലീസുകാർ ഭയന്നിട്ട് ഓടിപ്പോയതായിരുന്നുവെന്നും കേൾക്കുന്നു.
കമ്പനിക്കെതിരെ സമരം നയിക്കാൻ നേതൃത്വം നൽകുന്നവരുണ്ട്, കമാൽ സാബ്, അസനാർ, ആനന്ദമിത്രൻ, പൈവ. ഇവരെല്ലാം ആ രക്ഷാസേനയുടെ കമാൻഡർമാരാണ്. അതിൽ മൂന്നുപേരും ഇന്നും ഒളിവിലാണ്; പൈവയൊഴികെ. ഓപറേഷൻ ഫൂട്ട്ഹില്ലിന്റെ രാത്രി പോലീസ് സേനയെ കൂട്ടക്കൊല ചെയ്തശേഷം ഇവരെല്ലാം ഒളിവിൽ പോയതാകാം. അന്നു പൈവ മാത്രമാണ് പോലീസിന്റെ പിടിയിലായത്. അതും ബോധമില്ലാതെ വീണുപോയതുകൊണ്ടു മാത്രം.

അന്നേദിവസം രാത്രി നഗരത്തിലെ റിസർവ് പോലീസ് കാര്യാലയത്തിലേക്ക് ഗ്രാമത്തിൽ നടന്ന ഓപറേഷനെക്കുറിച്ചുള്ള സന്ദേശമെത്തിയതും ക്യാമ്പ് ആകെ ഉണർന്നു. രാത്രികളുടെ ആ രാത്രിയിൽ ക്യാമ്പിലെ മുഴുവൻ പോലീസുകാരെയും തെളിച്ച് വാഹനങ്ങൾ ഗ്രാമത്തിലേക്ക് പാഞ്ഞു. പക്ഷേ, വഴിയിലെല്ലാം വെള്ളം നിറഞ്ഞിരുന്നു. പക്ഷേ അന്നു പത്രങ്ങൾക്ക് സർക്കാർ എഴുതിക്കൊടുക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാനേ കഴിഞ്ഞുള്ളൂ. അണ്ണലാരെ പിടിക്കാൻ പോയ സ്പെഷൽ പോലീസ് ഫോഴ്‌സിലെ നാൽപതു പേർ മരിച്ചു എങ്കിലും, കൂടുതൽ ഫോഴ്‌സ് എത്തി അണ്ണലാരെയും കൂട്ടാളികളെയും വധിച്ചു. ആ സംഘത്തിൽനിന്നും ഒരു സ്ത്രീ പിടിയിലാവുകയുംചെയ്തു.
സ്വയം സൃഷ്ടിച്ച ആ വാർത്തയുടെ ആശ്വാസത്തിൽ സർക്കാർ അൽപകാലം മുന്നോട്ടുപോയി. പരാജിതമായ ഗ്രാമത്തെ പട്ടിണിയിലേക്ക് തള്ളിവിടാൻ കഴിയുന്നതെല്ലാം ചെയ്തു. അവശേഷിക്കുന്ന ജീവനുകൾ വിശന്നു മരിക്കട്ടെയെന്നുതന്നെ കരുതി. പക്ഷേ, കോടതിയിൽനിന്നും തിരിച്ചെത്തിയ പൈവ ഗ്രാമത്തെ തിരികെക്കയറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാൻ ഇടം നൽകില്ലെന്ന സർക്കാ൪ തീരുമാനത്തെ അവർ സ്വന്തം നിലക്ക് മറികടന്നു.
കൃഷിസ്ഥലങ്ങളെ വീണ്ടും സജീവമാക്കി. സർക്കാർ വാഹനങ്ങൾ ഖേൽക്കർ കെമിക്കൽസിനു വേണ്ട ഒത്താശ ചെയ്യാൻ വീണ്ടും വന്നു. അങ്ങനെയെത്തിയ ഒരു എൻജിനീയറെ കാണാതായതോടെയാണ് വീണ്ടും പ്രശ്നങ്ങൾ സജീവമാകുന്നത്. കുന്നിലെ തടാകത്തിൽനിന്നും ഊർന്നിറങ്ങുന്ന ഒരു നദീതീരത്ത് അയാളുടെ മൃതദേഹം കണ്ടെത്തുംവരെ അണ്ണലാരെക്കുറിച്ചുള്ള ഭയം സർക്കാറിനെ വേട്ടയാടിയില്ല. പക്ഷേ അപ്പോഴേക്കും പത്രങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാമെന്നായി. എൻജിനീയറുടെ മരണം അന്വേഷിച്ചുപോയ പത്രങ്ങൾ രണ്ടു വർഷം മുമ്പ് നടന്ന കൊടൂരമായ ഏറ്റുമുട്ടലിന്റെ കഥകളിലേക്കെത്തി. അണ്ണലാരെ പിടിക്കാനായി വീണ്ടും സ്പെഷൽ ഫോഴ്സ് രൂപവത്കരിക്കപ്പെട്ടു. നാൽപത്തിയഞ്ചു കൊല്ലമായി ഇന്നും പോലീസ് റെക്കോഡുകളിൽ ആ പേര് മായാതെ കിടപ്പുണ്ട്. അണ്ണലാർ!
ഓരോ തവണ മരണത്തിനു കീഴടങ്ങിയെന്നു കരുതുമ്പോഴും അയാൾ ഓരോരുത്തരെയും സാന്നിധ്യംകൊണ്ട് ഞെട്ടിച്ചു. ഓപറേഷൻ ഫൂട്ഹില്ലിനും പതിനാറു വർഷങ്ങൾക്കു ശേഷം രണ്ടു കോളേജ് കുട്ടികളെ കാണാതായി. അവർ വെറും കുട്ടികളായിരുന്നുവെങ്കിൽ കുഴപ്പമില്ല, കാട്ടിൽ വഴിതെറ്റിയതാകാം എന്ന് കരുതാം. എന്ന് മാത്രമല്ല അണ്ണലാരുടെ കമാൻഡർ ആയിരുന്ന പൈവയുടെ ആതിഥ്യം സ്വീകരിക്കുകയും അവർ ചെയ്തു. പ്രശ്നം, അതിലെ ആൺകുട്ടി പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ആന്റൺ ദൈവസഹായത്തിന്റെ മകനും പെൺകുട്ടി ഖേൽക്കർ കെമിക്കൽസിന്റെ ടൗൺഷിപ് ഡിസൈനറുടെ മകളും ആയിരുന്നതാണ്. വീണ്ടും പോലീസ് ഫോഴ്‌സ് പരിശോധനകൾ തുടങ്ങി.
ശരിക്കും അതിനുശേഷമാണ് നഗരങ്ങൾ കേന്ദ്രീകരിച്ചുകൂടി അണ്ണലാരെ അന്വേഷിക്കാൻ തുടങ്ങിയത്. പ്രത്യേകിച്ച് മൂന്നു നദീതീരങ്ങളിലുള്ള നഗരങ്ങൾ! ഗ്രാമത്തിൽനിന്നുള്ള കുട്ടികളോ മുതിർന്നവരോ മറ്റു നഗരങ്ങളിൽ എത്തിയാൽ അവരെ പിന്തുടർന്ന് സ്പെഷൽ ബ്രാഞ്ച് വരുന്നതുപോലും പതിവായി. ഇടവേളകളിൽ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യുന്ന ഈ മനുഷ്യനെ പിടിക്കാതെ കമ്പനി തുറക്കാൻ കഴിയില്ലായെന്ന് ഖേൽക്കർ കെമിക്കൽസിന് അറിയാമായിരുന്നു. കൃഷ്ണ ഖേൽക്കർ മരണപ്പെട്ടു, മകൾ മാനവ ഖേൽക്കർ സാരഥ്യം ഏറ്റെടുത്തു. അപ്പോൾ അണ്ണലാരെക്കുറിച്ചുള്ള എന്തെങ്കിലുമൊക്കെ കേട്ടിട്ട് പതിനഞ്ച് വർഷങ്ങൾ പിന്നിട്ടിരുന്നു. അതുകൊണ്ടുതന്നെ നടക്കാതെപോയ ആ േപ്രാജക്ട് അവർ പൊടിതട്ടിയെടുത്തു.
അതിനിടെ ജനാധിപത്യത്തിനുമേൽ ഒരു വൻ വൃക്ഷമായി പ്രിയദാസ് പടർന്നു പന്തലിച്ചിരുന്നു. ഇരുവരും വീണ്ടും ഒന്നിച്ചുനീങ്ങാൻ തീരുമാനിച്ചു. പക്ഷേ, പ്രിയദാസ് അപ്രതീക്ഷിതമായി മരണപ്പെട്ടു. അന്നാണ് പ്രിയദാസിനെ അവമതിച്ചുകൊണ്ടുള്ള പോസ്റ്റർ നഗരങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പകയോടെ തിരിച്ചടിക്കാൻ അണ്ണലാരും അയാൾക്ക് ചുറ്റും ഉള്ളവരും ഇപ്പോഴും കാത്തിരിപ്പുണ്ടെന്ന് അങ്ങനെ ലോകമറിഞ്ഞു. എല്ലാത്തിനും പകരം ചോദിച്ചിട്ടേ ഞങ്ങളീ ഭൂമി വിട്ടുപോകൂ എന്ന്, അറസ്റ്റ് ചെയ്യപ്പെടുമ്പോൾ പൈവ പറഞ്ഞത് പലരും ഓർമിപ്പിച്ചു.
പിന്നെയും കൊല്ലങ്ങൾ കടന്നുപോയി. ഇടക്കിടെ ചിലപ്പോൾ അജ്ഞാത മൃതദേഹങ്ങൾ അയാളാണോ എന്ന ആകാംക്ഷ ജനിപ്പിക്കപ്പെട്ടു. മാ കിങ്കർ ബിശ്വാസിന്റെ ഡയറിക്കുറിപ്പുകൾ വെളിപ്പെടുന്നതോടെയാണ് പിന്നെയും അണ്ണലാരെ തേടിയുള്ള അന്വേഷണങ്ങൾ തുടങ്ങുന്നത്. വനത്തിന്റെ ഉള്ളിൽ കാണുന്ന അജ്ഞാത മൃതദേഹങ്ങൾ, നദീതീരങ്ങളിലെ ചില ആത്മഹത്യകൾ എല്ലാം അണ്ണലാരിലേക്ക് വിരൽ ചൂണ്ടുന്നതായി. അവയെ തിരിച്ചറിയാൻ മിക്കപ്പോഴും പോവുക പൈവയാണ്. അവർ ആ കാലുകളിലേക്ക് മാത്രം നോക്കി. ഒരിക്കൽപോലും അണ്ണലാരെക്കുറിച്ചു പറഞ്ഞുകേട്ട ഒന്നിനോടും സാമ്യമുള്ള ഒരു ദേഹം അവൾ കണ്ടിട്ടില്ല.
ഇനിയെപ്പോഴാണ് തന്റെ സാന്നിധ്യം അയാൾ അറിയിക്കുക?
ഇതുപോലെ ഗ്രാമങ്ങളോ അതുമല്ലെങ്കിൽ തന്റെ ജനങ്ങളോ പ്രതിസന്ധിയിൽ ആകുമ്പോഴാകും.
ആൻ ആൾട്ടർനേറ്റ് ഹിസ്റ്ററി എന്ന തന്റെ പരമ്പരക്കുവേണ്ടി പൈവയോട് സംസാരിച്ച് ഉണ്ടാക്കിയ കുറിപ്പ് വായിക്കുകയായിരുന്നു കൗസർ. കുന്നിൻമുകളിൽനിന്നും വീശിയ കാറ്റ് ഒരു മേഘത്തെ അന്നേരം പെയ്യിച്ചു.
മഴക്കൊപ്പം വന്ന തണുത്ത കാറ്റിന്റെ സുഖംകൊണ്ടാകാം കൗസർ അൽപനേരം ഒന്നും മിണ്ടിയില്ല. നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് കൗസറിന്റെ ഫോൺ മുഴങ്ങി. ഖേൽക്കർ കെമിക്കൽസ് ഓഫിസിൽനിന്നാണ്. അവർ കൗസർ തുടങ്ങുന്ന ചാനലിന് ഫണ്ട് ചെയ്യാൻ തയാറാണെന്ന് നേരത്തേതന്നെ അറിയിച്ചിരുന്നു. കൗസർ ഫോൺ ഓഫാക്കി െവച്ചു. അവർക്ക് താൽപര്യങ്ങളുണ്ട്. ദീർഘകാലമായി അണ്ണലാരെക്കുറിച്ച് ഒന്നും കേൾക്കാനില്ല. ഗ്രാമം ശുഷ്കമാകുന്നു. പല കുടുംബങ്ങളും അതുപേക്ഷിച്ചു പോകുന്നു. കമാൻഡർ പൈവ വാർധക്യത്തിലേക്ക് കടന്നിരിക്കുന്നു. ഇനി കാര്യങ്ങൾ എളുപ്പമാണ്. അതിനു കൗസറിന്റെയും പുതിയ ചാനലിന്റെയും സഹായം വേണം.

ഗ്രാമത്തിന്റെ പുറത്ത് ഇപ്പോഴും വീണു കിടപ്പുണ്ടൊരു വിഷാദം.
അതെങ്ങനെ നീങ്ങിപ്പോകുമെന്ന് കൗസർ ഓർത്തുനിന്നു.
കുന്നിൻപുറത്തെ ചളിമണ്ണിൽ അപ്പോൾ ആറു വിരൽപ്പാടുകൾ പതിഞ്ഞു.
അത് മെല്ലെ ഗ്രാമത്തിലേക്ക് ഇറങ്ങിവരാൻ തുടങ്ങി; മിത്താ നദി ഒഴുകാറുള്ള വഴിയിലൂടെ.