കിള


ആലം ഉടയവന്‍ യേകല്‍ അരുളാലെ, ആയെ മുഹമ്മദ് അവര്‍കിള ആണോവര്‍ യെല്ലാ കിളയിലും ബൻകിള ആയോവർ എല്ലാ തിശയിലും കേളി മികച്ചോവർ തുലാമാസ രാവാണ്. പകൽ മുഴുക്കെ ഇടിയോടും മിന്നലോടുംകൂടി തകർത്തുപെയ്ത മഴക്കു ശേഷമുള്ള ശാന്തമായ രാത്രി. വനത്തിന്റെ തെല്ലു നടുക്കുള്ള, വലിയൊരു കുന്നിറങ്ങി ആറരയടിയിലേറെ പൊക്കമുള്ള ഒരു മനുഷ്യൻ വരികയാണ്. ഏറ്റവും പതിയെയാണ് നടത്തം. വെള്ളവസ്ത്രധാരിയായ അയാളുടെ മുഖം ഇരുട്ടിൽ വ്യക്തമല്ല. പൊടുന്നനെ വെട്ടിയ മിന്നലിൻ വെളിച്ചത്തിൽ, കരിങ്കട്ട നിറമുള്ള, എണ്ണ മിനുപ്പുള്ള കൂട്ടുപുരികം മാത്രം ഒരു ഞൊടിനേരത്തേക്ക് തെളിഞ്ഞു. കാട്ടുവള്ളികൾ വകച്ചുമാറ്റിയും, കുറ്റിക്കാടുകൾ ചവിട്ടിമെതിച്ചും...
Your Subscription Supports Independent Journalism
View Plansആലം ഉടയവന്‍
യേകല്‍ അരുളാലെ,
ആയെ മുഹമ്മദ്
അവര്‍കിള ആണോവര്‍
യെല്ലാ കിളയിലും
ബൻകിള ആയോവർ
എല്ലാ തിശയിലും
കേളി മികച്ചോവർ
തുലാമാസ രാവാണ്. പകൽ മുഴുക്കെ ഇടിയോടും മിന്നലോടുംകൂടി തകർത്തുപെയ്ത മഴക്കു ശേഷമുള്ള ശാന്തമായ രാത്രി.
വനത്തിന്റെ തെല്ലു നടുക്കുള്ള, വലിയൊരു കുന്നിറങ്ങി ആറരയടിയിലേറെ പൊക്കമുള്ള ഒരു മനുഷ്യൻ വരികയാണ്. ഏറ്റവും പതിയെയാണ് നടത്തം. വെള്ളവസ്ത്രധാരിയായ അയാളുടെ മുഖം ഇരുട്ടിൽ വ്യക്തമല്ല. പൊടുന്നനെ വെട്ടിയ മിന്നലിൻ വെളിച്ചത്തിൽ, കരിങ്കട്ട നിറമുള്ള, എണ്ണ മിനുപ്പുള്ള കൂട്ടുപുരികം മാത്രം ഒരു ഞൊടിനേരത്തേക്ക് തെളിഞ്ഞു. കാട്ടുവള്ളികൾ വകച്ചുമാറ്റിയും, കുറ്റിക്കാടുകൾ ചവിട്ടിമെതിച്ചും അയാൾ വരുന്നത് ഒറ്റയ്ക്കല്ല, തന്റെ സന്തതസഹചാരിയായ കഴുതക്കൊപ്പമാണ്.
കുന്നിറങ്ങി, ഉയരം കുറഞ്ഞ മുളങ്കൂട്ടങ്ങൾക്കു മുന്നിൽ ആ ജീവി ഒന്നുനിന്നു. തലയുയർത്തി, ഇനിയെന്തെന്ന ഭാവത്തിൽ യജമാനനെ നോക്കി. ഉടൻ, കാര്യം മനസ്സിലായെന്നപോലെ, അയാൾക്കു കയറാനായി മുതുകു താഴ്ത്തിക്കൊടുത്തു. തുടയകത്തിപ്പിടിച്ചു മാത്രം നടക്കുക സാധ്യമായിരുന്ന ആ മനുഷ്യൻ, ശരീരവേദനയോടും മനോവേദനയോടുംകൂടി കഴുതയുടെ നെറുകയിൽ തലോടി. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പതിഞ്ഞ ഒച്ചയിൽ കഴുതയൊന്ന് ചിനച്ചു. മേഘശകലങ്ങൾക്കിടയിലൂടെ ഒളിച്ചുകളി നടത്തുന്ന അമ്പിളിയെ തലക്കു മുകളിൽ വഹിച്ചുകൊണ്ട്, ഇരുവരും നടത്തം തുടർന്നു. ഇലത്തുമ്പുകളിൽനിന്ന്, ഒന്നു രണ്ടു ജലത്തുള്ളികൾ അവർക്കു മുന്നിലേക്ക് പൊഴിഞ്ഞുവീണു.
മുറിച്ചുകടക്കാൻ മുന്നിലൊരു ചോലയുണ്ട്. കണ്ണാടിച്ചില്ലുപോലെ തെളിഞ്ഞ വെള്ളമായിരുന്നു അതിൽ. നിലാവിന്റെ നേർത്തൊരു പ്രഭയിൽ അയാൾ കണ്ടു; ചോലയോടു ചേർന്നിട്ടുള്ള ചെറിയ പൊത്തുകളിൽനിന്ന് ധൃതിപ്പെട്ട് ഇറങ്ങിവരുന്ന നൂറു കണക്കിനുള്ള ചുവപ്പൻ കുറുഞണ്ടുകളെ. അതിന്റെ കത്തിരിപ്പല്ലുകൊണ്ടുള്ള കടിയേൽക്കാതിരിക്കാൻ പാടവത്തോടെ അയാൾ കഴുതയുടെ ദിശതെറ്റിച്ചു. ഇരുവരും ശ്രദ്ധാപൂർവം ചോല മുറിച്ചുകടന്നു. ഈർപ്പമുള്ള ചേറ്റുമണ്ണിൽ ചവിട്ടിയതും അയാൾക്കു കുളിർന്നു. മുളങ്കൂട്ടങ്ങൾക്കിടയിൽ പൂഴ്ന്ന് കിടക്കുന്ന ചീർത്ത മരത്തടികളിൽനിന്ന് അസഹ്യമായ ഈർപ്പമണം പ്രസരിച്ചു. തലേക്കെട്ടിന്റെ തലപ്പിനാൽ അയാൾ ഉടൻ മൂക്ക് പൊത്തി. കഴുത അപ്പോൾ തല ചെരിച്ചൊന്ന് നോക്കി.
നാഗക്കാവിൽ ആരോ കത്തിച്ചുെവച്ച നേർത്ത തിരിയുടെ ജ്വാലയും ആലിലകളിൽ തട്ടിയെത്തിയ തെന്നലും കടന്ന് ഇരുവരും തെരുവിലേക്കെത്തി. നക്ഷത്രങ്ങളെ ഉറ്റുനോക്കി അയാൾ സമയം തിട്ടപ്പെടുത്തി. നടത്തത്തിന്റെ വേഗം കൂട്ടി. കൂർത്തതും പരന്നതുമായ കല്ലുകളിൽ തടഞ്ഞ് അയാൾ വീഴാൻ പോയപ്പോഴെല്ലാം കഴുതയുടെ നോട്ടമെത്തി. ആ നോട്ടത്തിൽ സഹതാപം കലർന്നിരുന്നതായി അയാൾക്ക് തോന്നി. വനത്തിനും കുന്നിനും ചോലക്കും നിരത്തിനുമപ്പുറം അറ്റമില്ലാത്ത കടലാണ്. വീണ്ടുമൊരു മഴച്ചൊരിച്ചിലിനുള്ള കോപ്പുകൂട്ടിക്കൊണ്ട് ശക്തിയിലൊരു കാറ്റെത്തി. അയാളുടെ കുപ്പായവും മുട്ടറ്റംവരെയുള്ള ഉടുതുണിയും ഒച്ചപ്പാടോടെ ഇളകി. കഴുത, പരിഭ്രമത്തോടെ അയാളോട് ചേർന്നു നടന്നു. ചെവിയിൽ മൃദുവായി ഞെരടിക്കൊണ്ട് അയാളപ്പോൾ ആ പ്രാണിയെ ആശ്വസിപ്പിച്ചു.
ഒടുക്കം അവർ കടലിനെക്കണ്ടു. തീരം ശൂന്യമാണ്. തണുപ്പേറ്റുറങ്ങുകയായിരുന്നു, പനയോലകളാൽ മേഞ്ഞ തീരത്തെ സകല കുടിലുകളും. കെടുത്താൻ മറന്നുപോയ മണ്ണെണ്ണവിളക്കിന്റെ വെട്ടം മാത്രം, ഒരു കുടിലിന്റെ ഉമ്മറത്തിരുന്ന് കാറ്റിൽ അങ്ങോട്ടുമിങ്ങോട്ടുമാടി. അതിനോടു ചേർന്ന്, എങ്ങുനിന്നോ ഒരു താലോലം പാട്ടൊഴുകിയെത്തി.
അതിരാവിലെത്തന്നെ മറുദേശങ്ങളിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പോടെ ചില ഉരുക്കൾ കടലിനെ തൊട്ടുനിൽക്കുന്നുണ്ട്. വെള്ളത്തിനു നേർക്ക് നടക്കുന്ന അയാൾക്കൊപ്പം കൂടാതെ കഴുത മടിച്ചുനിന്നു. അയാൾ അതിനെ വലിച്ചു, വലിയൊരു പാറക്കെട്ടിനു ചാരെ കൊണ്ടുപോയി, കൂർത്തുനിന്ന ഒരു മുനമ്പിലേക്ക് കെട്ടിയിട്ടു. കലങ്ങിയ കണ്ണുകളോടെ, ആയാസത്തിൽ വളഞ്ഞ് അതിന്റെ മൂർധാവിൽ മുത്തമിട്ടു. സംശയത്തോടെ ആ ജന്തു യജമാനനു നേർക്ക് മുഖമുയർത്തി, ബേ എന്നൊന്നമറി. അത് കേൾക്കാത്തമട്ടിൽ കൂട്ടത്തിലെ ഏറ്റവും വലിയ ഉരുവിനു നേർക്ക് അയാൾ നോക്കി. ചാഞ്ഞും ചെരിഞ്ഞും, തുട വിടർത്തിപ്പിടിച്ച് സാവധാനം നടന്നുകൊണ്ട് കടലിലേക്കിറങ്ങി. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായില്ല...
* * *
സുൽത്താൻ എന്തിനാണ് ഇങ്ങനെ വിമുഖത കാണിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും സേബക്ക് മനസ്സിലാക്കാനായില്ല. കാര്യം കേട്ടാൽ തുള്ളിച്ചാടുമെന്നുറപ്പിച്ചാണ് അതിരാവിലെത്തന്നെ മാളികയിലേക്ക് അയാളെക്കാണാനായി അവൾ ചെന്നത്. പക്ഷേ, എല്ലാം കേട്ടശേഷം മുറിയിലെ കട്ടിലിൽ കുറേ നേരത്തേക്ക് ഒറ്റയിരിപ്പായിരുന്നു. പിന്നെ അവിടെ നിന്നിറങ്ങി, മറ്റൊരു അറയിലേക്ക് അവളെയും കൂട്ടി പോയി. അത് സാധാരണമായ ഒന്നല്ല; പതുപതുത്തൊരു പഞ്ഞിമെത്തയും തൂവെള്ള നിറത്തിലുള്ള കിടക്കവിരിപ്പും, ജാലകവിരികളുമുള്ള ആ അറ, പണ്ടേക്കും പണ്ടേ ആരെയോ പ്രതീക്ഷിച്ചുകൊണ്ട് ഒരുക്കിെവച്ചിരിക്കുന്നതാണ്. സേബ മുമ്പ് ഒരിക്കലും അതിനുള്ളിലേക്ക് പ്രവേശിച്ചിട്ടില്ല. സുൽത്താൻ കൊണ്ടുപോയിരുന്നില്ല എന്നതാണ് ശരി. അകത്തെത്തിയതും സേബ ശരിക്കും അന്തിച്ചു. അവൾ കരുതിയിരുന്നത്, കഴുക്കോലുകളിലെമ്പാടും മാറാല പൊതിഞ്ഞ, ഇരുട്ടിന്റെ കനം താങ്ങിയ ഒന്നായിരിക്കും അത് എന്നാണ്. പക്ഷേ, വെണ്മക്കുള്ളിലും മൂകത കുത്തിനിറച്ചുെവച്ച ആ അറ, എത്രയോ തലമുറകളായി കെട്ടും മട്ടും മാറാതെ പരിപാലിച്ചുപോരുന്ന ഒന്നാണെന്ന് മനസ്സിലാക്കിയപ്പോൾ അവൾ അകമേ സന്തോഷിച്ചു.
“നീയോർത്തുനോക്ക്, എന്നെങ്കിലും ഏതെങ്കിലുമൊരു ദേശത്ത് നിന്ന് എന്നെത്തേടി മാത്രമെത്തുന്ന ഒരു അപൂർവ വിരുന്നുകാരനെക്കുറിച്ച്... അല്ലെങ്കിലൊരു വിരുന്നുകാരി! വാസ്തവത്തിൽ അത്തരത്തിലുള്ളൊരു മനുഷ്യനു വേണ്ടിയുള്ള കാത്തിരിപ്പു മാത്രമായി മാറിയിരിക്കുകയാണ് എന്റെ ജീവിതം.’’
പതുങ്ങിയ ഒച്ചയിൽ സുൽത്താൻ പറഞ്ഞു.
‘‘എല്ലാവരും ഇങ്ങോട്ട് തേടിവരുമെന്ന് എന്തിനു കരുതണം! ചിലപ്പോഴെല്ലാം നമ്മൾ അങ്ങോട്ട് അന്വേഷിച്ചു ചെല്ലണം.’’
കിട്ടിയ അവസരം വിദഗ്ധമായി സേബ ഉപയോഗിച്ചു. അവളെണീറ്റ്, സുൽത്താന്റെയരികിൽ ചെന്നു നിന്നു.
‘‘എല്ലാം ഞാൻ ശെയ്ഖിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഉത്സാഹത്തോടെ കാത്തിരിക്കുകയാണ്. നിങ്ങളൊന്നു ചെന്നാൽ മാത്രം മതി. എനിക്കു തോന്നുന്നു, ഇതോടെ ലക്ഷ്യത്തിലേക്കുള്ള നമ്മുടെ അകലം നന്നേ കുറയുമെന്ന്...’’ അയാളുടെ തണുത്ത കരം കവർന്നുകൊണ്ട് സേബ പറഞ്ഞു.
സുൽത്താൻ അവളെ വല്ലാതൊന്നു നോക്കി. എന്നിട്ട്, തിരികെ തന്റെ അറയിലേക്ക് തന്നെ നടന്നു. അലമാര തുറന്ന് ഒരു ചെറിയ തുകൽസഞ്ചിയെടുത്തു. അന്നേരം, മയിലുകളുടെ രൂപം കൊത്തിെവച്ചിട്ടുള്ള മുറിയിലെ നിലക്കണ്ണാടിയിൽ തെളിഞ്ഞ, സ്വന്തം പ്രതിബിംബത്തെ ഏറ്റവും അരുമയോടെ നോക്കിക്കാണുകയായിരുന്നു സേബ. ആദ്യമായിട്ടാണ് തന്നെ അതിൽ കാണുന്നതെന്ന പ്രതീതിയുണ്ടായി അവളിൽ. തലേന്ന്, വീഡിയോകോളിൽ കണ്ട മയിൽക്കണ്ണാടിയുമായി അവളതിനെ തുലനംചെയ്യാൻ ശ്രമിച്ചു. ഓരോ കോണിലേക്കും സൂക്ഷ്മമായി ഉറ്റുനോക്കി.
“നോക്ക് സേബാ... ഇതിലെ ആദ്യത്തെ പേജുകൾ പ്രത്യേകമൊന്ന് നോക്ക്.” സഞ്ചിയിൽനിന്ന് പഴയതും പുതിയതുമായ ഓരോ പാസ്പോർട്ട് എടുത്ത് സുൽത്താൻ അവളുടെ കൈയിലേക്കു തിരുകി. ഞെട്ടൽ മറച്ച്, സേബ ആകാംക്ഷയോടെ താളുകൾ മറിച്ചുനോക്കി. അയാൾ ചുറ്റിക്കറങ്ങിയ യൂറോപ്യൻ രാജ്യങ്ങളെക്കുറിച്ച് പലപ്പോഴായി സേബ കേട്ടിട്ടുണ്ട്. പക്ഷേ, സൗദി അറേബ്യ ഒരിക്കലും അക്കൂട്ടത്തിലില്ലായിരുന്നു.
“പതിനഞ്ചു വട്ടം ആ രാജ്യത്ത് പോയിട്ടുണ്ട്. ഒന്നും ഉംറക്കോ ഹജ്ജിനോ വേണ്ടിയല്ല. എന്റെ ഭ്രാന്തിനെക്കുറിച്ച് അറിയുന്ന ഓരോരുത്തർ പറയും, ഞാൻ തേടുന്ന ആളെപ്പോലുള്ള ഒരാളെ അവിടെ കണ്ടു, മകനായിരിക്കാം, മകളാവാം എന്നൊക്കെ.”
സുൽത്താൻ, അവളോടൊപ്പം നിലക്കണ്ണാടിയിൽ പ്രത്യക്ഷപ്പെട്ടു. കൊത്തിെവച്ച മയിൽരൂപങ്ങൾക്കു നടുവിൽ ഒന്നായലിഞ്ഞ ഇരുരൂപങ്ങൾ!
‘‘അന്നത്തെക്കാലത്ത് ഞങ്ങളുമായി വ്യാപാരം നടത്തിയ അറബികളുടെ പുതിയ തലമുറയിൽപ്പെട്ട ആളുകളെക്കുറിച്ചാണ് ആ പറച്ചിലൊക്കെ. മൂപ്പര് സൗദിയിലേക്ക് കടന്നതാണെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. അതിനു പിറകേ കുറെ ഓടി. എല്ലാം വെറുതെയായി!’’
എപ്പോഴും ഉന്മേഷവാനായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന സുൽത്താനിൽ ദുഃഖം പടരുന്നത് ആദ്യമായി സേബ കണ്ടു. അവൾ, അയാളെ തൊട്ടെന്ന മട്ടിൽ നിന്നു.
‘‘ഇത് അതുപോലെയല്ല! ഈ യാത്ര തീർച്ചയായും ഗുണത്തിൽപ്പെടും. ഞാൻ വാക്ക് തരുന്നു. ശെയ്ഖ് പറഞ്ഞ പല കാര്യങ്ങളും ഞാൻ തട്ടിച്ചു നോക്കി. എല്ലാം കൃത്യമാണ്.” സുൽത്താന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്, അയാളുടെ നെഞ്ചുവരെ മാത്രം ഉയരമുള്ള സേബ പറഞ്ഞു. സുൽത്താന്റെ മുഖമൊന്നയഞ്ഞു. കണ്ണിൽ സ്നേഹം തെളിഞ്ഞു.
“എങ്കിൽ നീയും കൂടെ വരണം...” അവൾ വരുമെന്ന് ഉറപ്പിച്ച മട്ടിൽ ഭാവവ്യതിയാനം കൂടാതെ അയാൾ നിന്നു.
ഒരുമാത്ര, അവൾ സുൽത്താനിൽനിന്നു കണ്ണുകളെടുത്തു. ദേഹമകറ്റി. അവളുടെ മുഖം വലിഞ്ഞുമുറുകി. പഴങ്കാലം, അതിന്റെ മൂർച്ചയേറിയ തേറ്റ കാട്ടിക്കൊണ്ട് മുന്നിലേക്ക് കുതിച്ചുവരുന്നത് തളർച്ചയോടെ സേബ അറിഞ്ഞു. മനസ്സിൽ സന്ദേഹത്തിന്റെയും ഭീതിയുടെയും മേളനം നടന്നു. ആദ്യമായി ആ ദേശം തൊട്ടതു മുതൽക്കുള്ള സംഭവങ്ങൾ ഒരുകൂട്ടം ചിത്രങ്ങളായി അവളുടെയുള്ളിൽ ചിതറി. വെറും അരനിമിഷംകൊണ്ട് തനിക്ക് താങ്ങാൻ പറ്റുന്നതിലും കൂടുതൽ ഭാരം വഹിക്കേണ്ടിവന്ന ശിരസ്സിൽ, സേബ ഇരു കൈകളും െവച്ചമർത്തി. ഇമകൾ കടുപ്പത്തോടെ പൂട്ടി, ‘‘ഹോ, ആ നശിച്ച കാലം’’ എന്നു പിറുപിറുത്തു.
* * *
അതൊരു ഇറങ്ങിപ്പോക്കായിരുന്നു...
കത്തുന്ന വെയിലിലേക്ക്...
മരുഭൂമിയുടെ തിളയ്ക്കും മണ്ണിലേക്ക്...
മൺകട്ടകൾകൊണ്ടു പണിത, കൊടും ചൂടിനാൽ വിണ്ടുപൊളിഞ്ഞ ചുമരുകളുള്ള, നരച്ച നിർമിതികൾ മാത്രമുള്ള ഒരിടത്തെക്കുറിച്ച് എങ്ങനെയാണ് ഖുത്ബ് അറിഞ്ഞതെന്ന് നിശ്ചയമില്ല. രാവിലെ ഉറക്കമുണർന്ന്, അൽപനേരത്തെ ആലോചനക്കൊടുവിൽ സേബയോട് ഒരു യാത്രക്കൊരുങ്ങാൻ അവൻ ആവശ്യപ്പെടുകയായിരുന്നു. മറുത്തൊന്നും പറയാതെ അവൾ ഒപ്പമിറങ്ങി. കാതങ്ങൾ താണ്ടിയെത്തിയത് മരുഭൂമിയുടെ ഹൃദയം എന്നു ധ്വനിപ്പിക്കുന്ന ഒരു ഇടത്തേക്കാണ്. മണൽക്കാറ്റേറ്റു മുമ്പോട്ടു നടക്കുമ്പോൾ, മദീനപ്പള്ളിയിലേക്ക് നീളുന്ന ഒരു പാത അവിടെനിന്നെങ്ങാനും മുളപൊട്ടുന്നുണ്ടാവുമോ എന്ന ആശങ്കയായിരുന്നു സേബക്കുള്ളിൽ.
നിറയെ നിറയെ മൺകട്ടച്ചുമരുകൾ –ഏതോ അറബ്ഗോത്രത്തിന്റെ അവശേഷിപ്പുകൾ. ഓരോന്നിലേക്കും അവൾ ഖുത്ബിനെ അനുഗമിച്ചു. ഏറ്റവും ശാന്തമായ കുളിർമ ഓരോ മൺകട്ടയും ഉതിർക്കുന്നപോലെ തോന്നി. പെട്ടെന്ന്, അവൾക്കരികിലേക്ക് ഒരു ചുടുകാറ്റോടിയെത്തി. കറുത്ത അബായ പിറകിലേക്ക് പറന്നു.
“പ്രവാചകചര്യ പിന്തുടർന്നവർ കുടുംബമായി ജീവിച്ച സ്ഥലമാണ്.'’ അവന്റെ വാക്കുകളിൽ അതിരറ്റ ആദരവ്. “ഇതാ നോക്ക്, ഇവിടെയാവാം ഭാര്യക്കും മക്കൾക്കുമൊപ്പം അവർ അന്തിയുറങ്ങിയിട്ടുണ്ടാവുക... രാപ്പകൽ അധ്വാനിച്ചു കിട്ടുന്ന നാണയത്തുട്ടുകൾ, ചന്തയിലെ കച്ചവടക്കാർക്കു നൽകി, വിലപേശലിനുശേഷം ലഭിക്കുന്ന ഒട്ടകപ്പാലും കാരക്കാച്ചീന്തുകളും നൽകി കുടുംബത്തിന്റെ പശിയകറ്റിയിട്ടുണ്ടാവുക..”
ഉന്മാദച്ചുവയോടെ അവൻ വിവരിക്കുന്നതൊന്നും തനിക്ക് മനസ്സിലാക്കാനാവുന്നില്ല എന്നപോലെ ഖുത്ബിനെ വെറുതെ നോക്കുക മാത്രം ചെയ്തു സേബ. അവൻ അപ്പോഴേക്കും, പൊട്ടിയടർന്ന മൺചുമരുകളിൽ ഒന്നിൽ സസൂക്ഷ്മം കാതു ചേർത്തുവെക്കാൻ തുടങ്ങിയിരുന്നു. ഖുത്ബിന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ സേബ ഉറ്റുനോക്കി. കിരുകിരുത്ത ആ മൺതരികൾ ചെകിടിൽ ഉരയുമ്പോഴുള്ള ശബ്ദം എന്തായിരിക്കുമെന്ന് അവൾ ഭാവന ചെയ്തു.

അതു മറ്റൊരു ഖുത്ബായിരുന്നു; എന്നോ അവൾക്ക് കൈമോശം വന്ന ഒരുവന്റെ ഏറ്റവും പുതിയ പതിപ്പ്. ഖുത്ബ് കാതുകളെടുത്ത് ചുമരിനോട് പിറുപിറുക്കാൻ തുടങ്ങി. നിറഞ്ഞ ആ കണ്ണുകൾ തുളുമ്പിക്കഴിഞ്ഞിരുന്നു. പെട്ടെന്നാണ് അവളെ അടുത്തേക്കു വിളിച്ച്, ചെവി ചുമരിലേക്ക് ചേർത്തുവെച്ചു നോക്കാൻ ആവശ്യപ്പെട്ടത്. സേബ പക്ഷേ വിദഗ്ധമായി കുതറിമാറി.
“നാശം, ഇതെല്ലാം എന്തുതരം വിചിത്രമായ ശീലങ്ങളാണ്” –മനസ്സിൽ ഒരു നൂറുതവണ അവൾ അതിനോടകം പറഞ്ഞു കഴിഞ്ഞിരുന്നു.
പതിമൂന്നു മൺവീടുകൾ –സേബ എണ്ണമെടുത്തു. ഇടിഞ്ഞു പൊളിഞ്ഞവ. എല്ലാത്തിനുള്ളിലേക്കും നന്നേ കുനിഞ്ഞു വേണം കയറാൻ. ഉത്തരം തലയെ മുട്ടും. ഈ പതിമൂന്നെണ്ണത്തിനെയും വിട്ട് തെല്ലകലെ മാറി മറ്റൊരു നിർമിതിയുണ്ട്. അതിനു ചാരെ കോലൻ ഇലകൾ തൂങ്ങിയാടുന്ന ഏതോ ഒരുതരം ചെടിയും –മരുഭൂമിയോട് മല്ലിട്ട് അതിജീവിച്ച പച്ചപ്പ്. ഖുത്ബ് തറപ്പിച്ചു പറഞ്ഞു, ഒറ്റപ്പെട്ടു കിടക്കുന്ന ആ മൺവീട് ഒരു നിസ്കാരപ്പള്ളിയായിരുന്നുവെന്ന്. അതിന്റെ പിറകിലെ യുക്തി സേബക്ക് മനസ്സിലാക്കാനായില്ല. ഒരുപക്ഷേ, അന്നത്തെ ഗോത്രങ്ങൾക്കിടയിൽ പതിവായിരുന്ന തർക്കങ്ങൾക്കൊടുവിൽ മാറിത്താമസിക്കേണ്ടിവന്ന ഏതെങ്കിലും ഒരു കുടുംബമാവാം അവിടെ വസിച്ചിരുന്നത്. മനുഷ്യർക്കിടയിലെ കലഹങ്ങൾക്ക് നൂറ്റാണ്ടുകളോളം പ്രായമുണ്ടെന്ന വസ്തുത അവളോർത്തു. ഇതെല്ലാം ഖുത്ബിനോട് പറയാൻ വെമ്പലുണ്ടായെങ്കിലും അടക്കിപ്പിടിച്ചു.
പെട്ടെന്ന്, ഒറ്റപ്പെട്ട ആ മൺവീടിനു നേർക്ക് ഖുത്ബ് കുതിച്ചു. കാലടികൾ മണലിൽ പൂണ്ടുപൊയ്ക്കൊണ്ടിരുന്നതോ, ഇടർച്ചയോടെ വീഴാൻ പോയതോ ഒന്നും അവൻ വകവെച്ചില്ല. സേബയാകട്ടെ, വളരെ മന്ദഗതിയിൽ മാത്രം അവനെ പിന്തുടർന്നു. നന്നേ കുനിഞ്ഞുകൊണ്ട് ഉള്ളിലേക്ക് കയറിയതും ഖുത്ബ് നിലത്ത് നെറ്റി മുട്ടിച്ച് ഏങ്ങിക്കരയാൻ തുടങ്ങി. കരച്ചിലിന്റെ താളത്തിനൊത്ത് ചലിക്കുന്ന അവന്റെ പുറം –സേബ നിർമമതയോടെ ആ കാഴ്ചയിലേക്ക് മിഴികൾ നീട്ടി. ഒരു സ്ത്രീയുടെ മാത്രം ദൃഷ്ടിയിൽപെടാൻ സാധ്യതയുള്ള, അടുപ്പുകൂട്ടിയതിന്റെയോ, കുട്ടികളെ തൊട്ടിലിലിട്ട് ഉറക്കിയതിന്റെയോ നേരിയ അടയാളങ്ങൾക്കായി അവൾ ചുറ്റും പരതി.
പുകച്ചുരുളുകളും നറുപാൽമണവും അവളുടെ മൂക്കിനെ തൊട്ടു. അതൊരു പ്രാർഥനാലയമല്ലായിരുന്നുവെന്ന് സേബ സ്വയം തീർപ്പുകൽപിച്ചു. തലപ്പാവുകളും നീളൻ വസ്ത്രങ്ങളും ധരിച്ച പുരുഷന്മാരെയും സ്ത്രീകളെയും കാൽപ്പൊള്ളലുകളെ വകവെക്കാതെ ഓടിക്കളിച്ചിരുന്ന അറബ് ബാലിക-ബാലന്മാരെയും അവൾ സങ്കൽപ്പിച്ചു. അന്നൊന്നും ഇതേ പടിയായിരിക്കില്ല, ഇണയെ ബഹുമാനിക്കാനറിയാവുന്ന മനുഷ്യന്മാർ സഭ കൂടിയിരുന്ന ഇടങ്ങൾക്ക് തണലേകി അസംഖ്യം കാരക്ക മരങ്ങളും ഉണ്ടായിരുന്നിരിക്കണം.
‘‘കുറച്ചു നേരത്തേക്ക് നീ ഇവിടെ നിൽക്ക്... ഞാൻ ആ താഴ്വരയിലേക്ക് ഒന്നു പോയിനോക്കട്ടെ.” അഴിച്ചുവെച്ച ചെരിപ്പ് വീണ്ടും ധരിച്ച് ഖുത്ബ് ധൃതിയിൽ നടന്നു. സേബ നോക്കി, താഴ്വരക്കായി. പക്ഷേ ഒന്നും കണ്ടില്ല. അറ്റമില്ലാത്തത്രയും വിസ്താരത്തിൽ ചുറ്റുപിണഞ്ഞൊഴുകിക്കിടക്കുന്ന മരുഭൂപ്രദേശത്ത് അങ്ങനൊന്നുണ്ടാവില്ലെന്ന് അവൾക്ക് തോന്നി. എങ്കിലും അവനെ തിരിച്ചു വിളിക്കാൻ മുതിർന്നില്ല. ഏകാന്തത സേബക്ക് ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും, അന്യരുടെ ഔദാര്യത്താൽ തരപ്പെടുന്ന ലഹരിയൽപമേറിയ ഒറ്റയ്ക്കിരുപ്പ്! അവൾ ചെടിയോട് ചേർന്ന് മെല്ലെയിരുന്നു. മണൽപ്പൊടി തീണ്ടിയ അതിന്റെ ഇലകൾ, കറുത്ത മുഖപടമണിഞ്ഞ അവളുടെ മുഖത്തു വന്നുരസി.
തളർച്ച കാരണം സേബയുടെ കണ്ണുകൾ അടഞ്ഞും തുറന്നുമിരുന്നു. നടന്ന് നടന്ന്, ഭൂമിക്കടിയിലേക്ക് തുറന്നുെവച്ച ഒരു കവാടത്തിലൂടെ ഇറങ്ങിപ്പോവുന്ന ഖുത്ബിനെ ഒരു ദിവാസ്വപ്നത്തിലെന്നപോലെ അവൾ കണ്ടു; കുതറിയെണീറ്റു. പേരോ മറ്റെന്തെങ്കിലുമോ വിളിച്ചു ശീലമില്ലാത്തതിനാൽ, ‘‘ഏയ്’’ എന്നു വിളിച്ചുകൊണ്ടവൾ ഖുത്ബ് നടന്നുപോയ ദിശയിലേക്കോടി.
അവിടം എന്നാൽ ശൂന്യമായിരുന്നു.
അതൊരു ഇറങ്ങിപ്പോക്ക് തന്നെയായിരുന്നു...
സകല സുഖലോലുപതകളിൽനിന്നും, ഉത്തരവാദിത്തങ്ങളിൽനിന്നുമുള്ള ഖുത്ബിന്റെ ഇറക്കം...
സേബക്കാകട്ടെ, നേരെ തിരിച്ചും!
* * *
അന്നും പതിവ് പ്രഭാതമായിരുന്നു. പതിവെന്നു പറഞ്ഞാൽ ഒന്നരക്കൊല്ലമായി സേബക്ക് ശീലമായ പ്രഭാതമെന്നർഥം. ചര്യകൾ യാന്ത്രികമായിത്തന്നെ ആരംഭിച്ചു. കാപ്പിയിടൽ, കൂട്ടിെവച്ച മാവെടുത്ത് അപ്പം ചുടൽ, തേങ്ങയരച്ചു ചേർത്ത മുട്ടക്കറിയുണ്ടാക്കൽ. സ്കൂളിലേക്കു കൊണ്ടുപോവേണ്ട, ചപ്പാത്തിക്കുള്ളിൽ ഇറച്ചി നിറച്ച ഷവർമ ഉണ്ടാക്കാൻ ലാദുവും കൂടി. കുഞ്ഞിവിരലുകൾ, ശ്രദ്ധാപൂർവം ചപ്പാത്തി ഉരുട്ടുന്നത് ചിരിയോടെ സേബ കണ്ടുനിന്നു. ലാദുവിനെ സ്കൂളിലേക്കയക്കൽ ഒട്ടുമേ പ്രയാസമുള്ള കാര്യമല്ല. തുള്ളിയിറ്റി വീഴുന്ന തലമുടിയൊന്നു തോർത്തിക്കൊടുത്താൽ മാത്രം മതി. പിന്നെ, വില്ലയുടെ മുന്നിലേക്ക് ഇരമ്പിയെത്തുന്ന മഞ്ഞബസിലേക്ക് കയറ്റിവിടാൻ നേരമൊന്നു കൂടെച്ചെല്ലുകയും വേണം. ബാക്കിയെല്ലാം ഒറ്റയ്ക്ക് ചെയ്തോളും.
“ഇന്നെനിക്ക് സ്കൂളീ പോവാൻ തോന്നണില്ല...”
അപ്പം കഴിക്കുന്നതിനിടെ, സോഫയിൽ ചടഞ്ഞിരിക്കുന്ന ഖുത്ബിനെയും ഷവർമ പൊതിയുന്ന സേബയെയും ലാദു മാറി മാറി നോക്കി. എന്നത്തേയുംപോലെ അവളതു ചിരിച്ചുതള്ളി. ഖുത്ബോ, യാതൊന്നും ഗൗനിച്ചതായി തോന്നിയില്ല. സാധാരണയായി സ്കൂൾബസ് പോയിക്കഴിയുമ്പോഴേക്കും അവൻ കുളിച്ചൊരുങ്ങി പോകാൻ തയാറായി നിൽക്കാറുണ്ട്; അന്നു പക്ഷേ അതുണ്ടായില്ല. ഒരേയിരിപ്പ്. സോഫയിലേക്ക് കാലുകൾ കയറ്റിെവച്ച്, മുന്നിലെ ലാപ്ടോപ്പിൽ കാര്യമായെന്തോ തെരച്ചിൽ. അരികിലുള്ള കടലാസിൽ എന്തൊക്കെയോ കുത്തിക്കുറിക്കൽ.

“ഇന്ന് പോണ്ടേ?” സേബ രണ്ടാം വട്ടവും ചോദിച്ചു.
തലയുയർത്തി ഖുത്ബ് നോക്കിയെന്നല്ലാതെ ഒന്നും പറഞ്ഞില്ല. വീണ്ടും ലാപ്ടോപ്പിലേക്ക് നൂളുകയായിരുന്നു. അൽപനേരം കൂടി, അവനെന്തെങ്കിലും പറഞ്ഞേക്കുമെന്ന് കരുതി സേബ വെറുതെ നോക്കിനിന്നു. ആ കണ്ണുകളിൽ അവശേഷിച്ചിരുന്ന നേരിയ തിളക്കവും കെട്ടിട്ടുണ്ട്. ഇപ്പോൾ ചോരയുതിരുമെന്ന മട്ടിലുണ്ടായിരുന്ന കവിൾത്തടമാകട്ടെ, എന്നേ കരുവാളിച്ചിരുന്നു. മാറ്റങ്ങളുടെ കാലഗണനയൊന്നും അവൾക്ക് ഓർത്തെടുക്കാൻപോലുമായില്ല.
ശൈഖിന്റെ കൊട്ടാരത്തിലെ ജോലി, നല്ല ശമ്പളം –കല്യാണച്ചന്തയിൽ ഖുത്ബിന്റേതായി കേട്ടറിഞ്ഞ മേന്മകൾ ഓർത്തുകൊണ്ടവൾ ഭക്ഷണം കഴിക്കാനിരുന്നു. ഓരോ ചവയ്ക്കലിനൊപ്പവും അതിന്റെതന്നെ ഒച്ച ചെവിയിൽ വന്നലയ്ക്കുന്നയത്ര നിശ്ശബ്ദതയാണ് അവൾ അനുഭവിച്ചത്. സേബയുറപ്പിച്ചതായിരുന്നു, ഖുത്ബിന്റെ അന്നേദിനം അസാധാരണമാവുമെന്ന്. ആരോടെങ്കിലും ഒന്നു സംസാരിച്ചാൽ കൊള്ളാമെന്ന തോന്നലുണ്ടായപ്പോൾ ദയാപൂർവം ഖുത്ബിനെ നോക്കി.
“സേബാ, നീ വേഗം ഒരുങ്ങ്. ഒരിടംവരെ പോവാനുണ്ട്.” പെട്ടെന്നാണ് ഖുത്ബ് പറഞ്ഞത്.
കഴുകിയ പാത്രം കമിഴ്ത്തിവെച്ചു തിരിഞ്ഞ അവളുടെ മുഖത്ത് ചോദ്യഭാവം. അവൻ പക്ഷേ കിടപ്പുമുറിയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. സേബയുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പതിവില്ല എന്നതാണ് ആ ദാമ്പത്യത്തിന്റെ എക്കാലത്തെയും സവിശേഷത. വേഷം മാറാൻ ഒട്ടും നേരം വേണ്ട ഖുത്ബിന്, അറബ് വംശജരുടെ നീളൻ വെള്ളക്കുപ്പായമായ തോബണിയാൻ, കുടുക്കുകൾ ഏറെയുള്ള ഷർട്ടിടുന്നത്ര പ്രയാസമില്ലല്ലോ. മറ്റൊരു മുറിയിലേക്കു കയറി, അവൾ കറുത്തൊരു അബായ എടുത്തണിഞ്ഞു. കറുത്ത സോക്സും കറുത്ത കൈയുറകളും അണിഞ്ഞപ്പോൾ സേബക്ക് ബുദ്ധിമുട്ട് തോന്നിയില്ല. തട്ടത്തിന്റെയറ്റത്ത്, ഒരു പിന്നെടുത്തു കുത്തി. കണ്ണാടിയിലേക്ക് നോക്കി. ഒരു ചെറിയ കഷണം കറുത്ത തുണിയെടുത്ത്, കണ്ണൊഴികെയെല്ലാം മറച്ച്, പിറകിലേക്ക് വലിച്ചുകെട്ടി. അവൾക്കു പതിവുപോലെ ചിരിവന്നു, ചില്ലിനുള്ളിൽനിന്ന് മറ്റൊരു സേബ തന്നെക്കാണുന്നുണ്ടാവുമല്ലോ എന്നോർത്തിട്ട്.
‘‘ലാദു ഉച്ചയ്ക്കെത്തില്ലേ, അപ്പോഴേക്കും നമുക്ക് മടങ്ങിയെത്താൻ പറ്റുമോ?’’ സേബ ചോദിച്ചു.
തലയിലെ വെള്ളത്തൊപ്പി നേരാംവണ്ണം വെക്കുകയായിരുന്നു ഖുത്ബ്. പതിവുപോലെ ഉത്തരമുണ്ടായില്ല.
“മൺകട്ടകൾകൊണ്ടു പണിത ഒരു പ്രാർഥനാലയം നീയിതുവരെ കണ്ടിട്ടില്ലല്ലോ... വാ, വേഗം... വെയിൽ മൂക്കും മുമ്പേ ഇറങ്ങണം.”
സേബ സ്തബ്ധയായി നിന്നു. അനേകമായിരം പ്രാർഥനാലയങ്ങൾ അവളുടെ ഓർമയിൽ തിരതള്ളിയെത്തി. ചുറ്റും ചന്ദനത്തിരി വാസനയെന്നു തോന്നിയതും കണ്ണുകൾ നനഞ്ഞു. തൊണ്ട കനത്തു. അധികസമയമില്ലെന്ന ബോധത്തോടെ, മുമ്പേയിറങ്ങിയ ഖുത്ബിനെ അവൾ പിന്തുടർന്നു. കാറിൽക്കയറി.