കൊമ്പത്തി -മിനി പി.സിയുടെ നോവലെറ്റ് -1
1 കാറ്റ് ഒരായോധകനെപ്പോലെ കൊമ്പൻമലയുടെ തുഞ്ചത്ത് മാനംനോക്കി നിൽക്കുന്ന നെടുങ്കൻപൂമരങ്ങളെ വില്ലുപോലെ വളക്കുന്നതും ആ ഊക്കിൽ ചില്ലകളുടെ ആത്മാവിൽ കുരുത്ത പൂവുകൾ ശലഭങ്ങളെപ്പോലെ താഴ്വരയിലേക്ക് പറന്നിറങ്ങുന്നതും നോക്കി ഞാൻ നിന്നു. എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്; എന്നും കാക്കത്തോടിന്റെ കരയിലെത്തുമ്പോൾ അറിയാതെ മുകളിലേക്കു നോക്കി നിന്നുപോകും, അത്ര...
Your Subscription Supports Independent Journalism
View Plans1
കാറ്റ് ഒരായോധകനെപ്പോലെ കൊമ്പൻമലയുടെ തുഞ്ചത്ത് മാനംനോക്കി നിൽക്കുന്ന നെടുങ്കൻപൂമരങ്ങളെ വില്ലുപോലെ വളക്കുന്നതും ആ ഊക്കിൽ ചില്ലകളുടെ ആത്മാവിൽ കുരുത്ത പൂവുകൾ ശലഭങ്ങളെപ്പോലെ താഴ്വരയിലേക്ക് പറന്നിറങ്ങുന്നതും നോക്കി ഞാൻ നിന്നു. എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്; എന്നും കാക്കത്തോടിന്റെ കരയിലെത്തുമ്പോൾ അറിയാതെ മുകളിലേക്കു നോക്കി നിന്നുപോകും, അത്ര വശ്യതയാണ്! പതിവുപോലെ പൂമഴയും കണ്ടുനിന്ന് സമയം പോയതറിഞ്ഞില്ല. വാച്ചർ സേവ്യറേട്ടൻ വന്നു വിളിച്ചപ്പോഴാണ് ആ നിൽപിൽനിന്നുണർന്നത്...
‘‘ഇതെന്തൊരു കിളിപോയ നിൽപ്പാ രാജീവൻ സാറേ? കൊമ്പൻ വന്നു മുന്നീ നിന്നാപോലും അറിയില്ലല്ലോ? ഒരു ഗാർഡ് ഇത്രേം പ്രകൃതിസ്നേഹിയാവരുത്’’, സേവ്യറേട്ടൻ ചിരിച്ചു.
‘‘മലമുകളിൽ എന്തൊരു കാറ്റാണ്! അവിടെ ചെന്നുനിന്നാൽ ഈ താഴ്വര കാണാൻ നല്ല രസമായിരിക്കുമല്ലേ! നമുക്കൊരു ദിവസം അവിടേക്കു പോകണം’’, ഞാൻ കൊമ്പനാനയുടെ മുഖാകൃതിയുള്ള കൊമ്പൻമലയുടെ തുഞ്ചത്തേക്ക് കൈചൂണ്ടി.
‘‘അയ്യോ! നമുക്കൊന്നും അങ്ങോട്ട് കേറാൻ പറ്റില്ല്യ സാറേ റിസ്ക് വഴിയാ.
പണ്ടൊക്കെ ആദിവാസികള് കേറുമായിരുന്നു. ഇപ്പൊ അവരും കേറാറില്ല്യ. എന്റെ കുട്ടിക്കാലത്ത് ഒരു കള്ളവാറ്റുകാരൻ എക്സൈസുകാരെ പേടിച്ച് കൊമ്പൻമല കേറീന്നും പറക്കണ ആനകളെ കണ്ട് പേടിച്ച് വട്ടായീന്നും കേട്ടിട്ടുണ്ട്. പറക്കണ ആനകളൊന്നും ഇല്ലെങ്കിലും മലേടെ തുഞ്ചത്ത് ഒരു ഗണപതി പ്രതിഷ്ഠയും അടുത്തൊരു താമരക്കുളവും ഉണ്ടെന്നു കേട്ടിട്ടുണ്ട്. പണ്ട് എല്ലാ ചിങ്ങമാസത്തിലും ഒരുദിവസം അവടെ പൂജ നടത്താറുണ്ടായിരുന്നത്രെ! പിന്നീടത് നിന്നുപോയീന്നും അതുകൊണ്ടാ ഈ കാട്ടിലെ ആനകൾ കൊലവെറിയന്മാരായതെന്നുമൊക്കെ പഴയ കാർന്നോന്മാർ പറയുന്നുണ്ട്. സത്യാണോ ആവോ?ഒക്കെ കേൾവികൾ മാത്രാണ്, കാഴ്ചയല്ലാത്തോണ്ട് സത്യാണെന്ന് പറയാൻ പറ്റില്ലല്ലോ’’, സേവ്യറേട്ടൻ കാഴ്ചയില്ലാത്ത കേൾവികളുടെ സത്യസന്ധത ചികഞ്ഞുകൊണ്ട് പറഞ്ഞു.
‘‘പൂജ മുടങ്ങാനുള്ള കാരണമെന്താ?’’, ഞാൻ തിരക്കി.
‘‘ഒരുപക്ഷേ, അവിടെ കയറിപ്പോയിരുന്ന അഭ്യാസികളുടെ കാലം കഴിഞ്ഞിരിക്കാം. അല്ലെങ്കി ഇപ്പോഴുമവിടെ പൂജകൾ നടക്കുന്നുണ്ടായിരിക്കാം. കൂടുതൽ കാര്യങ്ങൾ എനിക്കറിയില്ല്യ’’, സേവ്യറേട്ടൻ കൈമലർത്തി.
‘‘ചിങ്ങത്തിലെ ചതുർഥി ദിവസം ഇപ്പോഴും അവിടെ പൂജ നടക്കുന്നുണ്ട്, പൂജയ്ക്കുവെച്ച മൺവിഗ്രഹം അടുത്തുള്ള താമരക്കുളത്തിൽ നിമജ്ജനം ചെയ്യുന്നുമുണ്ട്. എനിക്കറിയാം’’, ഒരു കാര്യവുമില്ലാതെ ഞാൻ തർക്കിച്ചു.
‘‘സാറ് ചുമ്മാ ഓരോന്നു പറയാതെ. കൊമ്പൻമലയെപ്പറ്റി ഇത്രേം കാലമായിട്ടും ഇവിടെയാർക്കും ഒന്നുമറിയില്ല’’,
‘‘ഇത് ഹിമാലയമൊന്നുമല്ലല്ലോ ഇത്രയും നിഗൂഢത ഒളിച്ചുവെക്കാൻ കൊമ്പൻമല തന്നെയല്ലേ, ഒരിക്കൽ ഞാനിത് കയറും, നോക്കിക്കോ’’, ഞാൻ വീരവാദം മുഴക്കി.
ഞങ്ങളങ്ങനെ ഓരോന്നു തർക്കിച്ചു നിൽക്കുമ്പോഴാണ് കരികാലനെ തളയ്ക്കാനുള്ള കുങ്കിയാനകളെയും കൊണ്ടുള്ള മൂന്നു ലോറികളുടെ ചുരം കയറിയുള്ള വരവ്. മുകളിൽനിന്നുള്ള കാഴ്ചയിൽ ലോറികളും ആനകളും സ്ക്രൂ കൊടുത്താൽ ഓടുന്ന കളിപ്പാട്ടങ്ങൾപോലെ തോന്നിച്ചു.
‘‘ഒന്ന് മുതുമലേൽനിന്നുള്ളവനാ. മറ്റവന്മാരു രണ്ടും മുത്തങ്ങേന്നും’’, സേവ്യറേട്ടൻ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു. ഞാനും പുള്ളിക്കാരനും ഭാഗമായിട്ടുള്ള മിഷൻ കരികാലനെന്ന ദൗത്യത്തിനു വേണ്ടിയാണ് കുങ്കിയാനകൾ വരുന്നത്. പനമ്പട്ടയും ഈറ്റയുമൊക്കെ സമയാസമയങ്ങളിൽ സംഘടിപ്പിച്ചു കൊടുക്കേണ്ട ചുമതല സേവ്യറേട്ടന്റേതാണ്. അതിനുള്ള ഈറ്റയുമായി ഏതോ മൂലയിൽനിന്നും വരുന്നതിനിടയ്ക്കാണ് എന്നോട് വിശേഷം പറയാൻ നിന്നത്.
‘‘രണ്ടുദിവസം കഴിഞ്ഞല്ലേ പരിപാടി? എന്തൊക്കെയാകുമോ ആവോ?’’, ഞാൻ ദൗത്യത്തെക്കുറിച്ചോർത്ത് ആകുലപ്പെട്ടു. മുമ്പൊരിക്കൽ കരികാലനെ തളയ്ക്കാൻ രണ്ടു കുങ്കിയാനകൾ വന്നെന്നും അതിലൊന്നിനെ കരികാലന്റെ സുഹൃത്തും അംഗരക്ഷകനുമായ മോഴ ചവിട്ടിക്കൊന്നിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. പുതിയ സ്ഥലമായതുകൊണ്ട് കാടിന്റെ സ്വഭാവത്തെക്കുറിച്ച് ഇപ്പോഴും വലിയ പിടിയില്ല. കാടിപ്പോഴും ഇണങ്ങാൻ മടിക്കുന്ന കുഞ്ഞിനെപ്പോലെ ഒളിഞ്ഞുമാറി നിൽക്കുകയാണ്. അതിനിടയ്ക്കാണ് ഇത്രയും വലിയൊരു കാര്യം നടക്കുന്നത്.
‘‘സാറെന്തിനാ ടെൻഷനടിക്കണേ? ഈ ആനക്കാടിന്റെ മുക്കും മൂലയും അറിയണ ഞാനില്ല്യേ കൂടെ?’’, എന്റെ സമ്മർദം കണ്ട് സേവ്യറേട്ടൻ ആശ്വസിപ്പിച്ചു.
ഒരു പാവം മനുഷ്യനാണ് സേവ്യറേട്ടൻ. പുള്ളിക്ക് കരികാലനെ വലിയ ഇഷ്ടമാണ്. പലരും കരികാലൻ എന്ന് ഭയത്തോടും വെറുപ്പോടും വിളിക്കുമ്പോൾ സേവ്യറേട്ടൻ വിളിക്കുന്നത് കുഞ്ഞാപ്പിയെന്നാണ്. അത്ര ആത്മബന്ധം അവർ തമ്മിലുണ്ട്. അവനെ കാട്ടിൽനിന്നും പറഞ്ഞുവിടാൻ പുള്ളിക്കാരന് തീരെ താൽപര്യമില്ല. പുറമെ പ്രകടിപ്പിച്ചില്ലെങ്കിൽക്കൂടിയും കുങ്കിയാനകളോടും പാപ്പാൻമാരോടും ഈ ദൗത്യത്തോടുമൊക്കെത്തന്നെ പുള്ളിക്ക് ഉള്ളിൽ വെറുപ്പാണ്.
‘‘മുതുമലയിൽനിന്നുള്ളവനാണ് അഴകൻ. മഹാ പെശകാ! അവന്റെ നോട്ടക്കാരി ഒരു പെണ്ണാ, പേര് വിനായകി. തള്ള മറാഠി, തന്ത തമിഴൻ. വളർന്നതൊക്കെ തെപ്പക്കാട് ക്യാമ്പിലും പരിസരത്തുമാ. ഇക്കാലംകൊണ്ട് മൂന്നുനാല് ഓപറേഷനിലൊക്കെ പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ ജവലഗിരിയെന്ന സ്ഥലത്തുചെന്ന് ഒരു മദിച്ച കൊലക്കൊമ്പനെ പൂട്ടിയെന്നാ കേട്ടത്. അതോടെ ആനക്കും പെണ്ണിനും വല്യ പേരായി. അതാ ഇവിടേക്കും വിളിപ്പിച്ചത്. ഇതൊക്കെ എന്നോട് ഡി.എഫ്.ഒ സാറു പറഞ്ഞതാ. പക്ഷേ, എന്റെ കുഞ്ഞാപ്പിയോട് അവൾടേം അവൾടെ ആനേടേം ഒരു പരിപ്പും വേകൂല, അതുറപ്പാ’’, ഈറ്റയുമായി താഴോട്ടിറങ്ങുന്നതിനിടെ സേവ്യറേട്ടൻ പുച്ഛത്തോടെ പറഞ്ഞു. എന്നെ അതൊന്നും ബാധിച്ചില്ല. ഉത്സാഹത്തിലായിരുന്നു ഞാൻ.
‘‘അങ്ങനെ ജീവിതത്തിലാദ്യമായി ഇന്നു ഞാനൊരു പെൺപാപ്പാനെ കാണും’’, ഉള്ളിലെ ആകുലതകൾ മറച്ചുകൊണ്ട് ഞാൻ അതിശയം ഭാവിച്ചു. സേവ്യറേട്ടൻ അസ്വസ്ഥനായി:
‘‘എന്റെ പൊന്നുസാറെ, അതിലൊന്നും ഒരു കാര്യോമില്ല. ഇപ്പൊ പെണ്ണുങ്ങള് എന്നാ കോപ്പാ ചെയ്യുകേലാത്തത്? പിന്നെ ഏത് തൊഴിൽ എടുക്കുന്നതിലും എളുപ്പമാ പെണ്ണുങ്ങക്ക് പാപ്പാൻപണി. ആനയിണങ്ങിക്കിട്ടിയാ അതുമതി. പിന്നെ ചുമ്മാ മുതുകിലോട്ട് കേറി ഇരിക്കാമല്ലോ. അതിന്റെ കൂടെ മൂത്ത പാപ്പാന്മാരേം ഉദ്യോഗസ്ഥരേയുമൊക്കെ വേണ്ടപോലെ കാണണം അത്രതന്നെ. അവർക്കാണെങ്കി ഇതൊക്കെ വെറും നേരമ്പോക്ക്. പിന്നല്ലാതെ എന്നാ കഴിവുണ്ടായിട്ടാ പെണ്ണുങ്ങളെയൊക്കെ ഈ പണിക്കെടുക്കുന്നേ?’’, സേവ്യറേട്ടൻ പുച്ഛിച്ചു. കാര്യം പുള്ളിക്കാരൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്കവളോട് ഒരാകർഷണം തോന്നി. അതിന്റെ ഉത്സാഹത്തിൽ കമ്യൂണിസ്റ്റു പച്ചയും താകയും വകഞ്ഞുമാറ്റി കാട്ടുവഴിയിലൂടെ വേഗം മുമ്പോട്ടു നടന്നു. വഴിയിൽ ഒരു കുട്ടിക്കുരങ്ങനും തള്ളയും വലിയ കശപിശ! ചപ്പുകൾക്കിടയിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഒരു പാമ്പാണ് കാരണം. കുട്ടിക്കുരങ്ങന് അതിന്റെ വാലിൽ പിടിക്കണം. അവൻ പിടിച്ചു കഴിയുമ്പോൾ അമ്മ അതു തട്ടിമാറ്റും. പാമ്പാണെങ്കിൽ ഒരു കളിപ്പാട്ടം കണക്കെ അതിനുള്ള സാവകാശവും കൊടുക്കുന്നുണ്ട്.
ഞാനും സേവ്യറേട്ടനും അടിവാരത്തിൽ എത്തുമ്പോഴേക്കും ലോറിയിൽനിന്നും ആനകൾ മൂന്നും ഇറങ്ങിയിരുന്നു. ഏകദേശം നാനൂറുമീറ്റർ ദൂരത്തേക്ക് ആളുകളിങ്ങനെ തിങ്ങി കോട്ട കണക്കെ വഴിയടച്ച് നിൽക്കുന്നു! അടുത്തെത്തുന്തോറും കാഴ്ചകൾ അടഞ്ഞു. അകത്തു നിന്നുമുള്ള വിനായകീ… വിനായകീ എന്നുള്ള ആരവം മാത്രം അവശേഷിച്ചു. എനിക്ക് ആ മനുഷ്യരോടെല്ലാം കടുത്ത ഈർഷ്യ തോന്നി.
‘‘എല്ലാരും ഒന്നു മാറിനിന്നേ…’’, ഞാൻ യൂനിഫോമിന്റെ ബലത്തിൽ ആളുകളെ തിക്കിത്തിരക്കി കഷ്ടപ്പെട്ട് മുമ്പോട്ടു ചെല്ലാൻ ശ്രമിച്ചു; പുറകെ സേവ്യറേട്ടനും. ഒരുവിധത്തിൽ ആൾക്കോട്ടക്കുള്ളിൽ കടന്നപ്പോഴുണ്ട്, കൊമ്പൻമലയുടെ തുഞ്ചത്തുനിന്നും കാറ്റ് കട്ടെടുത്തു കൊണ്ടുവന്നിട്ട പൂക്കളും കരിയിലകളും ഇടകലർന്ന വഴിയിലൂടെ ഒരു കരിവീരനെയും മുട്ടിയിരുമ്മി ഒരു പയ്യൻ നടന്നുവരുന്നു.
‘‘ഇതാണെന്നു തോന്നുന്നു ഞാൻ പറഞ്ഞ ആന, അഴകൻ’’, സേവ്യറേട്ടൻ പറഞ്ഞു.
‘‘ഇതിന്റെ പാപ്പാൻ ആണാണല്ലോ? പെണ്ണെവിടെ?’’, ഞാൻ പിറകിൽ വരുന്ന രണ്ടാനകളുടെ പാപ്പാൻമാരെക്കൂടി നോക്കിക്കൊണ്ട് ചോദിച്ചു.
‘‘ങേ? ഇതല്ലേ ആ ആന?’’, സേവ്യറേട്ടന് ആകെ സംശയമായി. അപ്പോഴേക്കും മാധ്യമങ്ങളും ജനങ്ങളും ആനയുടെ ചുറ്റും കൂടി. ഒപ്പം യുവാക്കളുടെ വിളിയുടെ ആവേശവും: ‘‘വിനായകീ… വിനായകീ...’’
‘‘എവിടെ വിനായകി? എനിക്കു കാണാൻ പറ്റുന്നില്ല’’, ഞാൻ സേവ്യറേട്ടനോട് പരാതിപ്പെട്ടു.
‘‘ഞാനും ഇതുവരെ കണ്ടിട്ടില്ല സാറേ’’, സേവ്യറേട്ടൻ മൂന്നു കുങ്കികൾക്കു ചുറ്റും നോക്കി.
‘‘സാറെ നേരെ നോക്ക്. ആനേടെ അടുത്തുനിക്കുന്നില്ലേ ആ ബ്ലൂ ടീഷർട്ട് കണ്ടോ? അതുതന്നെ ആള്!’’, ഞങ്ങളുടെ ആശയക്കുഴപ്പം കണ്ട് തൊട്ടടുത്തു നിന്ന ഒരു കോളേജ് പയ്യൻ പറഞ്ഞു. പലപ്പോഴും അവന്റെ ബൈക്കിന്റെ പിറകിൽ കയറി ഞാൻ ടൗണിലേക്ക് പോയിട്ടുണ്ട്.
‘‘എന്താടാ ഇന്നു കോളേജിൽ പോയില്ലേ?’’, ഞാൻ ചമ്മൽ മറച്ച് ചോദിച്ചു.
‘‘ഓ... ഇല്ല സാറേ. ഇവിടെ ഇത്രേം വലിയ കാര്യം നടക്കുമ്പോ എന്ത് കോളേജ്?’’, അവൻ വിനായകിയെ സാകൂതം നോക്കി പറഞ്ഞു.
‘‘ഓ... എന്തൊരു നോട്ടമാടാ! ഇവളെന്താ സിനിമാസ്റ്റാറാണോ?’’, ഞാനവനെ കളിയാക്കി.
‘‘സിനിമാസ്റ്റാറൊക്കെ എന്ത്? ഇത് ഒന്നാന്തരമൊരു കൊമ്പത്തിയാ! സാറ് ഇൻസ്റ്റഗ്രാമിലൊന്നും ഇല്ലേ? യൂട്യൂബൊന്നും കാണാറില്ലേ?’’, അവൻ പുച്ഛഭാവത്തോടെ നിൽക്കുന്ന എന്നോട് ചോദിച്ചു.
‘‘ഇല്ല’’, ഞാൻ പറഞ്ഞു.
‘‘വെറുതെയല്ല മുഖത്ത് പുച്ഛം. ഇൻസ്റ്റഗ്രാമിൽ നാലു ലക്ഷത്തോളം ഫോളോവേഴ്സുള്ള എലഫന്റ് ട്രെയ്നറാണ് സാറെ ഇത്. യൂട്യൂബിൽ വെറുതെ വിനായകീന്ന് അടിച്ചുകൊടുത്താ മതി കൊറേ അടിപൊളി വീഡിയോസ് കിട്ടും. ലേറ്റസ്റ്റ് ജവലഗിരിയിലെ ഒരു ഓപറേഷന്റെ വീഡിയോ കിടപ്പുണ്ട്, ട്രെൻഡിങ്ങാ. മുപ്പത്തഞ്ചു ലക്ഷം പേരാ ഒരു മാസംകൊണ്ട് കണ്ടത്. ജീവിതകഥ സിനിമയാക്കാൻ ആഗ്രഹം പറഞ്ഞു ചെന്ന നമ്പർവൺ തമിഴ്-തെലുങ്കു നിർമാതാക്കളോട് അതിലൊന്നും താൽപര്യമില്ലെന്നു പറഞ്ഞ കക്ഷിയാ!’’, അവൻ വേഗത്തിൽ അവൾക്കൊപ്പം സെൽഫിയെടുക്കാൻ ഒരവസരത്തിനു വേണ്ടി ഓടി. എനിക്കതൊന്നും ഉൾക്കൊള്ളാൻ പറ്റിയില്ല. എന്റെയുള്ളിൽ സേവ്യറേട്ടൻ പറഞ്ഞ പാപ്പാത്തിയുടെ ചിത്രം തെളിഞ്ഞുകിടന്നു. അതുകൊണ്ട് വെറുതെ ചുറ്റും നിന്ന ചെറുപ്പക്കാരുടെ ഗോഷ്ടികൾ നോക്കിനിന്നു. അവരിൽ ചിലർ
‘‘ഹാ! യൂടൂബില് കണ്ടപോലെ തന്നെയാലേ നേർക്കാഴ്ച പോലും. എന്നാ സെറ്റപ്പാ!’’ എന്ന് ആവേശത്തോടെ തലകുലുക്കി. പക്ഷേ, ചിലർക്കവളെ കാഴ്ചക്ക് അത്ര പറ്റിയില്ല. അവർ,
‘‘എന്റെ പൊന്നോ ഇതിനെ കണ്ടിട്ട് പെണ്ണാണെന്ന് തോന്നുന്നില്ലല്ലോ. ഒരു പാപ്പാത്തിയുണ്ടെന്നു പറഞ്ഞപ്പോ രോമാഞ്ചിച്ച് ഓടിവന്നതൊക്കെ വെറുതെയായിപ്പോയി’’ എന്ന് നിരാശപ്പെട്ടു. കണ്ടാൽ പത്തിരുപതു വയസ്സുള്ള ആൺകുട്ടിയാണെന്നേ തോന്നൂ. നീണ്ടുമെലിഞ്ഞതെങ്കിലും ഉറച്ച ദേഹം, ക്രോപ്പുചെയ്ത തലമുടി, ട്രാക്ക്പാന്റ്സും ടീഷർട്ടുമൊക്കെയാണ് വേഷം. കാൻവാസ് ഷൂസ് ഇട്ടിട്ടുണ്ട്. അടുത്തുചെന്ന് സൂക്ഷിച്ചുനോക്കിയാൽ മാത്രമേ പെണ്ണാണെന്ന് തിരിയൂ. പാപ്പാന്മാരെ കൂട്ട് കയ്യിൽ വടിയൊന്നുമില്ലാത്തതുകൊണ്ട് ആനനോട്ടക്കാരിയാണെന്ന് ഒട്ടും തോന്നില്ല. ചുമ്മാ ആനയെ തൊട്ടുരുമ്മി കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് കളിച്ചുചിരിച്ചു നടക്കുന്ന ഒരു ഫ്രീക്കൻ ചെറുക്കനെ പോലെ! ജവലഗിരിയിലെ മദയാനയെ അടക്കിയ വീരശൂരപരാക്രമിയെന്നു പറയപ്പെടുന്ന അഴകനാനയാണെങ്കിലോ, അവളുടെ കിന്നാരങ്ങളും കേട്ട് ചെവിയുമാട്ടി തലയും കുലുക്കി ഒരു ആട്ടിൻകുഞ്ഞിനെപ്പോലെ നടക്കുന്നു! രണ്ടുപേരുടെയും ഇണക്കവും സൗമ്യതയും കണ്ട് നാട്ടുകാരിൽ ചിലർ പുച്ഛിച്ചു:
‘‘കണ്ടിട്ട് കരികാലന്റെ ഒരു രോമത്തെപ്പോലും തൊടാനൊക്കുമെന്ന് തോന്നുന്നില്ല. ഒരു ചൂരും ചൊണേമില്ലാത്ത ആനേം പാപ്പാനും.’’
‘‘എന്തൊരു കൊട്ടും പാട്ടും മേളവുമാ! വല്ലോം നടന്നാ മതിയായിരുന്നു’’, എന്ന് ആരോ സംശയം പ്രകടിപ്പിച്ചത് സേവ്യറേട്ടന് ബോധിച്ചു.
‘‘അവര്ടെ സംശയം ന്യായാണല്ലോ. എന്റെ കുഞ്ഞാപ്പിയാരാ? കൊടും ഭീകരനല്ലേ?
പത്തോളം പേരെ കുത്തിക്കൊന്നവൻ, അഞ്ചു കുങ്കിയാനകളെ മുട്ടുകുത്തിച്ചവൻ!’’, സേവ്യറേട്ടൻ ആശ്വസിച്ചു.
കരികാലൻ ലക്ഷണമൊത്ത കൊമ്പനാണ്. ഒത്ത പൊക്കം,നീളമുള്ള ഉടൽ, നിലത്ത് രണ്ടു ചുറ്റ് ഇഴയാൻ പാകത്തിന് നാക്ക് നീളമുള്ള തുമ്പി, താമരപോലെ വിടർന്നിരിക്കുന്ന പുഷ്കരം, ആദ്യം കീഴേയ്ക്കും പിന്നെ വശങ്ങളിലേക്ക് നീണ്ടുവളർന്ന് അറ്റം മേൽപ്പോട്ടു വളഞ്ഞ എടുത്തുപിടിച്ച തേൻനിറമുള്ള കൊമ്പുകൾ, മുന്നിലേക്ക് മറിഞ്ഞു വളർന്നു വികസിച്ച വായുകുംഭം, ഉയർന്നു പൊങ്ങിയ വികസിച്ച തലക്കുനി, നാരായണപ്പക്ഷിയുടെ നിറമുള്ള കണ്ണുകൾ, മുടക്കമില്ലാതെ നിവർന്നു നിലത്തു മുട്ടാത്ത വാൽ, ഇരുപതു നഖങ്ങൾ, തുമ്പിയുടെ വലുപ്പത്തിനൊപ്പിച്ചുള്ള വലിയ ചെവികൾ, തൂണുകൾ പോലെയുള്ള നടയും അമരവും. അങ്ങനെയുള്ള അവനെ തളയ്ക്കാൻ അതിലും കുറുമ്പും ആക്രമണശേഷിയുമുള്ള ഒരാനയും അതിനൊത്ത പാപ്പാനും വേണമെന്ന നിർദേശപ്രകാരമാണ് മുതുമലയിൽനിന്നും അഴകനെയും വിനായകിയെയും വരുത്തിയിരിക്കുന്നത്. ആദ്യകാഴ്ചയിൽതന്നെ അഴകൻ സേവ്യറേട്ടന്റെയുള്ളിൽ ഭയത്തിന്റെ വിത്ത് പാകിയതുപോലെ എനിക്ക് തോന്നി. ആ തിരക്കിൽനിന്നും ഒരുവിധത്തിൽ ഞങ്ങൾ പുറത്തുകടന്നു.
2
മിഷൻ കരികാലനു വേണ്ടിയുള്ള നടപടികൾ ഊർജിതമായി നടന്നുകൊണ്ടിരുന്നു. ആനയെ നിരീക്ഷിക്കുന്നവരും മയക്കുവെടി വെക്കാനുള്ളവരും ജി.പി.എസ് പിടിപ്പിക്കാനുള്ളവരും ജെ.സി.ബിയും തുടങ്ങി വലിയൊരു സംഘം അണിയറയിൽ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. കുങ്കിയാനകൾക്കും പാപ്പാൻമാർക്കും രണ്ടു ദിവസം വിശ്രമമാണ്. സമയം കിട്ടിയപ്പോൾ ഞാൻ വിനായകിയെ കാണാൻ ചെന്നു. ഔദ്യോഗികമായി പരിചയപ്പെടുമ്പോൾ കിട്ടുന്ന ഒരു ബഹുമാനംവെച്ച് മേൽക്കൈ നേടണമെന്ന് തോന്നി. പെൺപാപ്പാൻ എന്നുള്ളതിനേക്കാൾ അതിപ്രശസ്തയായ പെൺപാപ്പാൻ എന്നുള്ള അവളുടെ പരിവേഷം സേവ്യറേട്ടനെപ്പോലെ എനിക്കുമത്ര ദഹിച്ചിട്ടില്ല. അല്ലെങ്കിലും പ്രശസ്തരായ ആളുകളെ കാണുമ്പോൾ പണ്ടുതൊട്ടെ എനിക്കാ അസ്വസ്ഥതയുണ്ട്. വിനായകിയെ കാണാൻ ചെന്നപ്പോൾ കുങ്കിയാനകളും മുത്തങ്ങയിൽനിന്നും വന്ന ചെറുപ്പക്കാരായ രണ്ടു പാപ്പാന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ രണ്ടുപേരും ആനകളുടെ അടുത്തുകിടന്ന് മൊബൈലിൽ എന്തോ കാണുകയാണ്. കാട്ടിൽ റേഞ്ച് ഇല്ലാത്തതുകൊണ്ട് നേരത്തേ ഡൗൺലോഡ് ചെയ്തുവെച്ച സിനിമയോ മറ്റോ ആവാമെന്ന് ഞാനൂഹിച്ചു. ആനകൾ മൂന്നും ഭക്ഷണം കഴിഞ്ഞുള്ള വിശ്രമത്തിലാണ്. അവർ ഇടനേരങ്ങളിൽ തുമ്പികൾ പിണച്ചും കൊമ്പുകൾ കോർത്തും ഓരോരോ കുസൃതികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ദൗത്യത്തിനു വരും മുമ്പ് മൂന്നെണ്ണത്തിനെയും കുറച്ചു ദിവസം ഒന്നിച്ചുനിർത്തി ഇണക്കുകയും നിർദേശങ്ങളും പരിശീലനങ്ങളും കൊടുക്കുകയും ചെയ്തിരുന്നു. അതിന്റെ സ്നേഹം കാണാനുണ്ട്. അത്തരമൊരു ഒരുമയുണ്ടെങ്കിലേ കരികാലനോട് ഇടിച്ചുനിൽക്കാൻ പറ്റൂ.
‘‘ആരെയാ സാറെ നോക്കുന്നെ? മച്ചാനെയാണോ? കുളിക്കാനോ മറ്റോ പോയെന്ന് തോന്നുന്നു’’, എന്റെ കള്ളനോട്ടവും കറക്കവും കണ്ട് അവരിലൊരാൾ പറഞ്ഞു.
‘‘മച്ചാനാ? അതാര്?’’, ഞാൻ ഗൗരവത്തിൽ ചോദിച്ചു.
‘‘അല്ല സാറേ വിനായകി…’’ ഒരുത്തൻ അബദ്ധം പിണഞ്ഞമട്ടിൽ ചിരിച്ചു.
‘‘ഏതു വിനായകി? ഞാനാ സേവ്യറേട്ടനെ നോക്കി വന്നതാ’’ എന്നും പറഞ്ഞ് ഞാൻ ജാള്യതയോടെ വേഗം കാക്കത്തോടിനടുത്തേക്ക് നടന്നു.
കാക്കത്തോടിന്റെ ഇരുകരകളിലും കമ്യൂണിസ്റ്റ് പച്ചയും അരിപ്പൂച്ചെടികളും ആനത്തൊട്ടാവാടിയും ഒന്നിനൊന്ന് തലപ്പൊക്കത്തിൽ നിൽക്കുന്ന കുറ്റിക്കാടാണ്. ഇടക്കു നിൽക്കുന്ന മരങ്ങളിലൂടെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ധൃതരാഷ്ട്രപ്പച്ച അടിമുതൽ മുടിവരെ പൂമൂടി പടർന്നുകൊണ്ട് മരങ്ങളുടെ നഗ്നതയെ മറച്ചിരിക്കുന്നു. അരിപ്പൂച്ചെടിയുടെ മനോഹരമായ പൂവുകൾ കുറ്റിക്കാടിനു മുകളിലേക്ക് പലയിടത്തും എത്തിനോക്കുന്നുണ്ട്. ആ സൗന്ദര്യം ആസ്വദിച്ച് ചെന്നു കയറിക്കൊടുത്താൽ ചൊറിഞ്ഞു ചാകും. അടിക്കാട്ടിൽ മദാലസയെപ്പോലെ എല്ലാവരെയും മാടിവിളിക്കുന്ന ചേലിൽ കയ്യും വിരിച്ച് നിൽക്കുന്ന ആനത്തൊട്ടാവാടികളുണ്ട്. അതുകൊണ്ട് വളരെ സൂക്ഷിച്ച് തോടിന്റെ കരയിലുള്ള ഇടുങ്ങിയ വഴിയിലൂടെ നടന്നു. അൽപം ചെന്നതും അവളെ കണ്ടു. കുളി കഴിഞ്ഞ് ഫുൾക്കയ്യുള്ള കരിനീല ചെക്ക്ഷർട്ട് കൈമുട്ടുവരെ തെറുത്തുകയറ്റി വെച്ച്, ട്രാക്ക് പാന്റ്സുമിട്ട് മുടിയൊക്കെ പറപ്പിച്ച്… അങ്ങനെ കണ്ണുപായുമ്പോഴാണ് അൽപമകലെ നിന്ന് ‘‘സാറേ...’’ എന്ന വിളി. സേവ്യറേട്ടനാണ്. ഒരു വീശുകത്തികൊണ്ട് വലിയ ആവേശത്തോടെ ആ കുറ്റിക്കാട് വെട്ടിത്തെളിക്കുകയാണ്. ഞാൻ വിനായകിയെ തീർത്തും അവഗണിച്ചുകൊണ്ട് അയാളുടെ അടുത്തേക്കു ചെന്ന് ഗൗരവത്തിൽ ചോദിച്ചു: ‘‘ഇതെന്താ സേവനവാരമാണോ സേവ്യറേട്ടാ?’’
‘‘സാറേ, ഈ ചെടികളൊക്കെ മഹാ പ്രശ്നക്കാരാണെന്ന്, വെട്ടിക്കളഞ്ഞില്ലെങ്കി എല്ലാറ്റിന്റേം മണ്ടേക്കൂടി കേറി മൊത്തം നശിപ്പിക്കുമെന്ന് ഈ കൊച്ച് പറഞ്ഞു.’’ പൂർവാധികം വേഗത്തിൽ വെട്ടിനിരത്തിക്കൊണ്ട് പറഞ്ഞു. എനിക്ക് ദേഷ്യംവന്നു.
‘‘സേവ്യറേട്ടാ, കരികാലനെ ലൊക്കേറ്റ് ചെയ്യണ്ട പണിയാട്ടോ നിങ്ങക്ക്. നാളെ കഴിഞ്ഞാണ് പരിപാടിയെന്നോർക്കണം, അപ്പോഴാ നിങ്ങളിവിടെ ആനക്കാരീടെ വിവരക്കേടും കേട്ട് കാടും വെളുപ്പിച്ചുനിൽക്കുന്നത്.’’
പുള്ളിയാകെ വല്ലാതായി. പെട്ടെന്ന് വിനായകി എന്റടുത്തേക്ക് വന്നു:
‘‘വിവരക്കേടല്ല സാറെ. ഇതൊക്കെ വിദേശത്തുനിന്ന് ഗോതമ്പിന്റെയൊക്കെ കൂടെ വന്നുപെട്ട ചെടികളാണ്. ഇതൊന്നും തിന്നൊടുക്കാനുള്ള ജീവികൾ ഇവിടെയില്ലാത്തതുകൊണ്ട് പ്രകൃതിക്ക് വലിയദോഷം ചെയ്യും’’, നല്ല പച്ചമലയാളം കേട്ട് ഞാനാകെ വല്ലാതായി. സേവ്യറേട്ടന്റെ മുഖത്ത് തനിക്കങ്ങനെ തന്നെ വേണം എന്നൊരു ഭാവം വിടർന്നതുപോലെ തോന്നി. അയാൾ അപ്പോൾതന്നെ കാടുവീശൽ നിർത്തി മുകളിലേക്കു കയറിപ്പോയി.
‘‘മലയാളം?’’, അവിടെ ഞങ്ങൾ മാത്രമായതിന്റെ ആശ്വാസത്തിൽ ചോദിച്ചു.
‘‘അറിയും. പണ്ടൊക്കെ ഇവിടുന്ന് ആളുകൾ ആനകളെ ചട്ടം പഠിപ്പിക്കാൻ അവിടേക്ക് വരാറുണ്ടായിരുന്നല്ലോ. ചെറുപ്പം മുതൽ അവരോടൊക്കെ സംസാരിച്ചു പഠിച്ചു’’, നീണ്ട മുഖത്തിനു ചുറ്റും പാറിക്കളിക്കുന്ന മുടിയിഴകൾ മാടിവെച്ചുകൊണ്ട് അവൾ പറഞ്ഞു.
നഗ്നമായ വലതുകൈത്തണ്ടയിൽ തുമ്പി ഉയർത്തിപ്പിടിച്ചിരിക്കുന്ന ഗണപതിയുടെ ചിത്രം പച്ചകുത്തിയിരുന്നു.
‘‘ഉം... ഈ അധിനിവേശച്ചെടികളുടെ കാര്യം ആദ്യമായിട്ടാ കേൾക്കുന്നത്. താങ്ക്സ്. ഒരറിവും ചെറുതല്ല. കുട്ടി പൊക്കോളൂ ’’, ചമ്മൽ മറച്ചുകൊണ്ട് ഞാനവൾക്ക് പോകാൻ കഷ്ടപ്പെട്ട് വഴിയൊതുങ്ങിക്കൊടുത്തു. അവൾ പോയ പോക്കിൽ മൂക്കിലേക്ക് ചെമ്പകപ്പൂ മണമുള്ള ഷാംപൂഗന്ധം അടിച്ചുകയറി. അൽപദൂരം ഒന്നും സംസാരിക്കാതെ അവൾക്കു പിറകെ നടന്നു. അന്തരീക്ഷത്തിൽ കുയിലുകളും കാക്കാംപീച്ചികളും കരഞ്ഞു. മേൽക്കാട്ടിലേക്ക് കടന്നപ്പോൾ സ്വാഭാവികമെന്നോണം ഞാൻ സംസാരത്തിനു തുടക്കമിട്ടു:
‘‘ശരിക്കും നാടെവിടെയാ? എങ്ങനെയാ ഈ പണിയിലേക്ക് വന്നത്? ഞാൻ തന്റെ യൂട്യൂബ് ചാനലൊന്നും കണ്ടിട്ടില്ല. ആളുകൾ ഓരോന്നു പറയുന്നതുകേട്ട് ചോദിച്ചതാ.’’
അവൾ നടത്തം നിർത്തി എന്റെ നേർക്ക് തിരിഞ്ഞു.
‘‘നദിപോലെ ഒരിടത്തുനിന്നും ഒഴുകിയൊഴുകി മറ്റൊരിടത്തേക്ക്, അവിടെനിന്നും പുതിയ കൈവഴികളിലേക്ക്’’, അവൾ ചിരിച്ചു. എനിക്ക് നീരസം തോന്നി. തലക്കു മുകളിലെ മരച്ചില്ലയിലിരുന്ന് ഭ്രാന്തമായി പ്രണയിച്ചുകൊണ്ടിരുന്ന രണ്ട് മലയണ്ണാറക്കണ്ണന്മാരെ ഞാനൊരു കമ്പെടുത്ത് എറിഞ്ഞു.
‘‘എല്ലാവരും അങ്ങനെയൊക്കെത്തന്നെ. കുട്ടിയുടെ നാടും വീടുമൊക്കെയാണ് ഉദ്ദേശിച്ചത്’’, ഞാൻ പറഞ്ഞു.
‘‘വലിയ കഥയാണ്. ക്ഷമയുണ്ടെങ്കിൽ പറയാം’’, അവൾ തുടർന്നു: ‘‘എന്റെ പൂർവികർ മഹാരാഷ്ട്രയിലെ പഴയ ഒസ്മാനാബാദുകാരാണ്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ ഭീമാനദിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായി ഒരുപാടു പേർ മരിച്ചു. എന്റെ പൂർവികർ വലിയ ഗണേശഭക്തരായിരുന്നു. അവരെ പ്രളയത്തിൽനിന്നും രക്ഷിച്ചത് ഒരു കാട്ടാനയായിരുന്നു. ആ ആന അവരെയും മുതുകിലേറ്റി ഭീമാനദിയിലൂടെ നീന്തി കർണാടക അതിർത്തിയിൽ ഭീമാനദിയും കൃഷ്ണാനദിയും കൂടിച്ചേരുന്ന നിർവൃതിസംഗമത്ത് എത്തി. എത്തിയതും അത്ഭുതമെന്നോണം പ്രളയം ശമിച്ചു. ആന അപ്രത്യക്ഷമാവുകയും ചെയ്തു. അന്ന് കുടുംബകാരണവർ ആന അപ്രത്യക്ഷമായയിടത്തുനിന്നും മണ്ണെടുത്ത് കുഴച്ച് ഒരു ഗണേശവിഗ്രഹമുണ്ടാക്കി ആ തീരഗ്രാമത്തിൽ പ്രതിഷ്ഠിക്കുകയും അതിനെ പൂജിച്ച് അവിടെ കഴിയുകയും ചെയ്തു. അവർക്ക് ആനകളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്നു. അവരത് തലമുറകളിലേക്കും പകർന്നു. കണ്ടോ, അവർ ഇതുപോലെ വലതു കൈത്തണ്ടയിൽ തുമ്പിക്കയ്യും ഉയർത്തിനിൽക്കുന്ന ഗണപതിയുടെ ചിത്രം പച്ചകുത്തിയിരുന്നു. ആനകളുടെ സർവരോഗങ്ങൾക്കുമുള്ള ഔഷധക്കൂട്ടുകൾ അവർക്ക് അറിയാമായിരുന്നു. ഗണേശപൂജയും ആനപരിപാലനവും പുണ്യമായി കരുതി അവർ ജീവിച്ചു. തലമുറകൾ കുറെ കഴിഞ്ഞു. എന്റെ അമ്മയുടെ കാലം വന്നു. അവർ ജവലഗിരി വനമേഖലയിലെ വാച്ചറായിരുന്ന എന്റെ അച്ഛനെ പ്രണയിച്ചു വിവാഹംചെയ്തു. ആറുവയസ്സുവരെ സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു എന്റേത്. ഏഴാം പിറന്നാളിന്റെ തലേന്നാണ് ജീവിതത്തെയാകമാനം കീഴ്മേൽ മറിച്ച ആ ദുരന്തമുണ്ടാവുന്നത്. എല്ലാ വർഷവും സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള റാഗിയുടെ വിളവെടുപ്പ് കാലത്തോടനുബന്ധിച്ച് ബന്നാർഘട്ടയിൽനിന്നും കാവേരി വന്യജീവിസങ്കേതത്തിൽനിന്നും ആനകൾ തല്ലി, ജവലഗിരി വനമേഖലകളിലൂടെ നഗനൂർ, ശൂളഗിരി, ഡങ്കിണികോട്ടയ്, മേലുമല തുടങ്ങിയ വനമേഖലകളിലേക്ക് ദേശാടനം നടത്തുമായിരുന്നു. ഈ പലായനത്തിനിടക്ക് ആനകളും റാഗികർഷകരും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാവുക പതിവായിരുന്നു. ജവലഗിരിയിൽ ആ സംഘർഷങ്ങൾ വൻതോതിലുള്ള ആനക്കുരുതിയിലാണ് കലാശിച്ചത്. അതിന്റെ സൂത്രധാരൻ ഗ്രാമത്തലവനായ സുന്ദരം ചെട്ടിയാരായിരുന്നു. കാടുകയ്യേറി അയാൾ നടത്തുന്ന റാഗികൃഷി കാക്കാൻ എന്നപേരിൽ പണിക്കാർക്ക് അയാൾ നാടൻ തോക്കുകൾ കൊടുത്തിരുന്നു. വിളസംരക്ഷണത്തിന്റെ മറവിൽ അവർ ദേശാടനയാനകളെ കൊല്ലുകയും കൊമ്പുകൾ ഗ്രാമത്തലവന് സമർപ്പിക്കുകയും ചെയ്തു. എന്റെ അച്ഛനടക്കമുള്ള വനപാലകർക്ക് ചെട്ടിയാരെ ഭയമായിരുന്നതുകൊണ്ട് അതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാൽ, ഗണേശഭക്തയായ അമ്മയെ ജീവിതത്തിന്റെ ഭാഗമാക്കിയതോടെ അച്ഛൻ മാറി ചിന്തിച്ചു. അമ്മയിൽനിന്നും ആനകളെക്കുറിച്ച് കൂടുതൽ പഠിച്ചു. അങ്ങനെ അച്ഛൻ ആ വഴി കടന്നുപോകുന്ന ആനകളുടെ രക്ഷകനായി മാറി. ചെട്ടിയാരുടെ ആളുകളുള്ളയിടങ്ങളിൽ ആനകളെത്തിയാൽ അച്ഛൻ അപായസൂചനകൾ നൽകുകയും അവ കാടുകയറിപ്പോകുകയും ചെയ്തു. ഇത് സ്വാഭാവികമായും ചെട്ടിയാരുടെ ശത്രുതക്ക് കാരണമായി. എന്റെ ഏഴാം പിറന്നാളിന്റെ തലേരാത്രി പൂർണഗർഭിണിയായിരുന്ന അമ്മ അച്ഛനെ വിളിക്കുന്നതു കേട്ട് ഞാൻ ഉണർന്നു. എങ്ങും ഏഴിലംപാലപ്പൂക്കളുടെ ഗന്ധം, മയിലുകൾ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.
‘‘ആനകളുടെ ദേശാടനകാലം തുടങ്ങി’’, അമ്മ പറഞ്ഞു. അതുകേട്ട് അച്ഛൻ വേഗം എഴുന്നേറ്റ് ഷർട്ടും എടുത്തിട്ട് പുറമേക്കു നടന്നു; കൂടെ ഞാനും. പകൽ മുഴുവനും ഒരിടത്ത് വിശ്രമിച്ചതിനുശേഷം രാത്രിയാണ് ദേശാടനയാനകൾ സഞ്ചരിക്കുക. ഓരോ കൂട്ടത്തിലും കൊമ്പന്മാരും പിടികളും കുട്ടിയാനകളും കാണും. ആ രാത്രിയും ആനക്കൂട്ടം അതുവഴി വന്നു. നേരിയ നിലാവുള്ള, നിറയെ നക്ഷത്രങ്ങളുള്ള രാത്രിയിൽ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന റാഗി പാടങ്ങളിലെ കതിർക്കുലകളും അകത്താക്കിക്കൊണ്ട് അവ മുന്നോട്ടുപോയിക്കൊണ്ടിരുന്നു.
ആദ്യം പോയ ആനകള്ക്കു നേരെ ചെട്ടിയാരുടെ പണിക്കാർ വെടിയുതിർത്തു. വെടിയൊച്ച കേട്ട് അച്ഛൻ എന്നെയും കൊണ്ട് അവിടേക്കോടി. പക്ഷേ, അവിടെയെത്തിയപ്പോഴേക്കും ഒരു കുട്ടിയാനയും രണ്ടു കൊമ്പനാനകളും ചരിഞ്ഞിരുന്നു. മറ്റുള്ളവയിൽ പലതിനും വെടിയേറ്റിരുന്നു. അച്ഛൻ ഉറക്കെയൊരു ഒച്ചയുണ്ടാക്കി. അതുകേട്ട് പരിഭ്രാന്തരായ ആനകൾ കാടുകയറിപ്പോയി. കാലിനു വെടികൊണ്ട ഒരു കുട്ടിക്കൊമ്പൻ മാത്രം നടക്കാനാവാതെ അവിടെ നിന്നു. അപ്പോഴേക്കും നാലുപാട് നിന്നും ചെട്ടിയാരുടെ പണിക്കാർ അച്ഛനെ വളഞ്ഞു. അച്ഛൻ ഒറ്റക്കവരെ നേരിടുന്നത് ഞാനും കുട്ടിക്കൊമ്പനും പകപ്പോടെ കണ്ടുനിന്നു. അച്ഛൻ അസാമാന്യ ധൈര്യത്തോടെ അവരെ മുഴുവനും അടിച്ചോടിച്ചു. പക്ഷേ, അപ്പോഴേക്കും അച്ഛനെയാരോ വെടിവെച്ചിരുന്നു. അച്ഛനു വെടിയേറ്റെന്നറിഞ്ഞതും ഞാൻ കരഞ്ഞുകൊണ്ട് അമ്മയെ വിളിക്കാനോടി. അവിടെ ചെന്നപ്പോഴേക്കും അതിലും വലിയൊരു ദുരന്തത്തിന് എനിക്കു സാക്ഷിയാകേണ്ടിവന്നു. ചെട്ടിയാരുടെ ആളുകൾ എന്റെ വീടിനു തീയിട്ടിരുന്നു. വീടിനകത്ത് നിറവയറോടെ കത്തിത്തീരുന്ന അമ്മയെ നിസ്സഹായതയോടെ ഞാൻ കണ്ടുനിന്നു. തിരികെ എത്തുമ്പോഴേക്കും അച്ഛനും മരിച്ചിരുന്നു. അച്ഛന്റെ ദേഹത്തിനരികെ അപ്പോഴും ആ കുട്ടിക്കൊമ്പൻ നിൽപുണ്ടായിരുന്നു. അച്ഛന്റെ ദേഹവും കെട്ടിപ്പിടിച്ച് ഞാൻ ഉറക്കെ കരഞ്ഞു. അൽപസമയം കഴിഞ്ഞപ്പോൾ ദൂരെനിന്നും കുറെ തീപ്പന്തങ്ങൾ വരുന്നതു കണ്ടു. അത് വെടികൊണ്ട് ചെരിഞ്ഞ കൊമ്പനാനകളുടെ കൊമ്പെടുക്കാനുള്ളവരുടെ വരവായിരുന്നു. എന്നെയും കുട്ടിക്കൊമ്പനെയും അവർ കൊല്ലുമെന്ന് ഉറപ്പായിരുന്നു. എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മുന്നിൽ പെട്ടെന്നൊരു മിന്നൽ തെളിഞ്ഞത്. അതിന്റെ തീവ്രവെളിച്ചത്തിൽ കണ്ണുകൾ മങ്ങിപ്പോയി എങ്കിലും ആ മങ്ങലിനിടയിലൂടെ ഞാനൊരു കാഴ്ച കണ്ടു, ആകാശത്തുനിന്നെന്നോണം മിന്നലിന്റെ തിളക്കമുള്ള കൊമ്പുകളുമായി ഒരാന ഇറങ്ങി വരുന്നു... അതിന്റെ തുമ്പിക്കൈക്ക് കിലോമീറ്ററുകളോളം നീളമുണ്ടായിരുന്നു. അതുകൊണ്ട് എന്നെയും കുട്ടിക്കൊമ്പനെയും ചുരുട്ടിയെടുത്ത് അത് പറന്നു. പിന്നീടെന്തു സംഭവിച്ചുവെന്ന് ഓർമയില്ല. ബോധം വരുമ്പോൾ ഏതോ ഒരു കാട്ടിലാണ്. കൂടെ കുട്ടിക്കൊമ്പനുമുണ്ട്. ഞങ്ങളെയുംകൊണ്ട് പറന്ന ആ കൊമ്പനാനയെ ചുറ്റും തിരഞ്ഞു. പക്ഷേ കണ്ടില്ല. പിന്നെ ഞാൻ അച്ഛന്റെയും അമ്മയുടെയും ആത്മാക്കൾ വഴികാട്ടിയതുപോലെ കുട്ടിക്കൊമ്പനൊപ്പം നടന്നു. അന്ന് അഴകന് എന്നേക്കാൾ പ്രായം കുറവായിരുന്നു. അൽപദൂരം നടന്നപ്പോഴേക്കും ഞങ്ങൾ മുതുമലയിൽ എത്തി. അപ്പോഴേക്കും അഴകന് തീരെ നടക്കാൻ പറ്റാതായി. അവനവിടെ തളർന്നുകിടന്നു. ഞാൻ അവന്റെ അടുത്തുതന്നെയിരുന്നു. അന്ന് ആ വഴി പോയ വനപാലകരാണ് അവനെ തെപ്പക്കാട് ക്യാമ്പിലേക്ക് കൊണ്ടുപോയത്. പിന്നീടുള്ള കാലം അവനവിടെ നിന്നപ്പോൾ അവിടത്തെ വനപാലകരുടെ വീടുകളിൽ പല വേലകളും ചെയ്താണ് ഞാൻ കഴിഞ്ഞത്. എല്ലാ വേലകളും ചെയ്തുചെയ്ത് എന്റെ ദേഹം ആൺകുട്ടികളുടേതുപോലെ ഉറച്ചു. എന്നും പണികളൊക്കെ കഴിഞ്ഞ് ഞാൻ അഴകനെ കാണാൻ പോകും. അവിടെയെത്തുമ്പോൾ അവൻ മിക്കവാറും കുളിക്കാനോ ആഹാരം കഴിക്കാനോ കൂട്ടാക്കാതെ ഇരിക്കുകയാവും. പിന്നെ ഞാൻ വേണം കുളിപ്പിക്കാനും ആഹാരം കൊടുക്കാനും. മറ്റുള്ളവരുടെ അടുത്ത് അവൻ മഹാകുറുമ്പനും ദേഷ്യക്കാരനുമായിരുന്നു. അതുകൊണ്ട് ഇടക്കിടെ പാപ്പാന്മാർ മാറിക്കൊണ്ടിരുന്നു.
എന്നോടു മാത്രമേ അവന് സ്നേഹവും അനുസരണയുമുണ്ടായിരുന്നുള്ളൂ. ഒടുവിൽ കുറുമ്പുകൂടി പാപ്പാന്മാരെയെല്ലാവെരയും അവൻ ഓടിച്ചു. ചിലർ അവനെ മാരകമായി ഉപദ്രവിച്ചു. അങ്ങനെ അവനും അവെനയും ആർക്കും പറ്റാതെ വന്നപ്പോഴാണ് അവന്റെ നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥരെല്ലാവരും ചേർന്ന് അവന്റെ ചുമതല ഏൽക്കാമോ എന്നെന്നോട് ചോദിച്ചത്. ഒഴിഞ്ഞ വയറും പേഴ്സും നിറയ്ക്കാനല്ല ഞാനീ പണിയിലേക്ക് വന്നത്, എനിക്ക് അവനും അവന് ഞാനും മാത്രമേ ഈ ലോകത്തിലുള്ളൂ എന്ന ചിന്തകൊണ്ടാണ്. അങ്ങനെയാണ് ഞാൻ അവനൊപ്പം കുങ്കിപരിശീലനത്തിൽ ഏർപ്പെടുന്നത്’’, അവൾ പറഞ്ഞു. അവളുടെ സംസാരത്തിന് പ്രത്യേക താളമായിരുന്നു, ഉറപ്പും ഉൾക്കരുത്തും ചേർന്ന സ്പഷ്ടമായ വാക്കുകളും! അവളെ വിലകുറച്ചു കണ്ടതിൽ എനിക്ക് എന്നോടുതന്നെ വെറുപ്പും പുച്ഛവും തോന്നി.
‘‘അച്ഛനെയും അമ്മയെയും കൊന്നവരല്ലേ ജവലഗിരിക്കാര്. വർഷങ്ങൾക്കുശേഷം അവിടെ ആനയെ മെരുക്കാൻ പോയപ്പോ എന്തുതോന്നി? അവര് തിരിച്ചറിഞ്ഞോ?’’, ഞാൻ ചോദിച്ചു. ആ ചോദ്യംകേട്ട് അവൾ നടത്തം നിർത്തി സോപ്പുപെട്ടിയും നനഞ്ഞ തുണികളും അടുത്തുള്ള മരക്കുറ്റിയിൽ വെച്ച് തോർത്ത് കഴുത്തിലൂടെ വളച്ചിട്ട് ഒരു ചന്ദനമരത്തിൽ ചാരിനിന്നു. അവളുടെ വലിയ കണ്ണുകളിൽ ആരും ഇതേവരെ ചോദിക്കാത്ത ഒരു ചോദ്യം കേട്ടതിന്റെ ആഹ്ലാദമോ ആത്മനിർവൃതിയോ കണ്ടു. അവൾ പറഞ്ഞു:
‘‘കഴിഞ്ഞ കുറേ വർഷങ്ങളായി ജവലഗിരിയിൽ മനുഷ്യരെ ഭരിക്കുന്നത് ആനകളായിരുന്നു. കർമഫലംപോലെ സുന്ദരം ചെട്ടിയാരടക്കമുള്ളവരുടെ പുതുതലമുറകളിൽെപട്ടവർ പലരും അങ്ങോട്ടുചെന്ന് കൊമ്പുകളിൽ കുരുങ്ങിയും കാലടികളിൽപെട്ടും മരണം ഇരന്നുവാങ്ങി. സിറ്റികളിൽ താമസിക്കുന്ന അവരൊക്കെ വാരാന്ത്യത്തിൽ അവധിയാഘോഷിക്കാൻ ഗ്രാമത്തിലേക്ക് ചെല്ലുമായിരുന്നു. ആനവേട്ടയായിരുന്നു പ്രധാനഹോബി. മാത്രമല്ല കാട്ടിറച്ചിയും സുലഭമായി കിട്ടും. കൊമ്പിനും വാലിനും പല്ലിനും വേണ്ടിയല്ലാതെ വിനോദത്തിനു വേണ്ടിയും ആനകളെ കൊല്ലുന്നവരുടെ താവളമായി അവിടം മാറുകയായിരുന്നു. സിറ്റികളിൽനിന്നും വരുന്ന ആളുകൾക്ക് താമസിക്കാനുള്ള ഹോംസ്റ്റേകളും മദ്യശാലകളും പബ്ബുകളുമടക്കം എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു. അത് ചെട്ടിയാരുടെയും ഗ്രാമത്തിലെ മറ്റു പ്രമുഖൻമാരുടെയും വരുമാനം കൂട്ടി. പക്ഷേ കാട് മെലിഞ്ഞുകൊണ്ടിരുന്നു.
അങ്ങനെയൊരു ദിവസം ചെട്ടിയാരുടെ പേരക്കുട്ടികളടക്കമുള്ളവർ ആഴ്ചയവസാനത്തെ ഉല്ലാസത്തിനുവേണ്ടി ഗ്രാമത്തിലെത്തി. അതൊരു വലിയ കൂട്ടുകുടുംബമായിരുന്നു. രാത്രി എല്ലാവരും ആട്ടവും പാട്ടും തീറ്റയും കുടിയുമായി ആഘോഷമാക്കുകയായിരുന്നു. അപ്പോഴാണ് കൂട്ടുകൊമ്പും മടക്കമുള്ള വാലുമുള്ള ഒരു കൊലയാന പാഞ്ഞുവന്ന് എല്ലാറ്റിനെയും കുത്തിയും ചവിട്ടിയരച്ചും കൊല്ലുന്നത്. തോക്ക് കയ്യിലുണ്ടായിരുന്ന പലരും വെടിവെച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പക്ഷേ ഒറ്റ വെടിപോലും അതിന് കൊണ്ടില്ല.
(തുടരും