മുടിയറകൾ - 7
ഞാറക്കടവിലെത്തിയതിനു ശേഷമാണ് സുബ്ഹി കേൾക്കുന്നത്. കൂടപ്പാലയിൽ മുസ്ലിംകളില്ലായിരുന്നു. ഒന്നോ രണ്ടോ ക്രിസ്ത്യൻ കുടുംബങ്ങളൊഴിച്ചാൽ ബാക്കിയെല്ലാവരും ഹിന്ദുക്കൾ. | ചിത്രീകരണം: കന്നി എം
28ഓർമച്ചക്കിലെ എണ്ണ വറ്റി. എന്നാലും വെളിവിന്റെ നേരങ്ങളിൽ മിഖായേലിന്റെ മനസ്സിലേക്ക് നാനയെത്തും. പട്ടിപ്പുണ്യാളന്റെ മുന്നിലെ കാലണപങ്കുവെച്ചുള്ള കച്ചവടം. തട്ടിവാതിലും തുറന്നുപിടിച്ചുള്ള കാത്തുനിൽപ്. പുഴയൊരുക്കിയ മരണച്ചുറ്റിലേക്ക് നാന താഴുന്നിടത്ത് അയാളുടെ ദുർബലമായ നെഞ്ചിന്റെ താളംതെറ്റും.കൂടപ്പാലയിലെ സരസ്വതിയെയും കൂട്ടി ഞാറക്കടവിലെത്തിയ മിഖായേലിന് ഇരട്ടച്ചങ്കാണെന്ന് നാട്ടുകാർ പറയുമായിരുന്നു. മാടമ്പിജീവിതം അധികകാലം...
Your Subscription Supports Independent Journalism
View Plans28
ഓർമച്ചക്കിലെ എണ്ണ വറ്റി. എന്നാലും വെളിവിന്റെ നേരങ്ങളിൽ മിഖായേലിന്റെ മനസ്സിലേക്ക് നാനയെത്തും. പട്ടിപ്പുണ്യാളന്റെ മുന്നിലെ കാലണപങ്കുവെച്ചുള്ള കച്ചവടം. തട്ടിവാതിലും തുറന്നുപിടിച്ചുള്ള കാത്തുനിൽപ്. പുഴയൊരുക്കിയ മരണച്ചുറ്റിലേക്ക് നാന താഴുന്നിടത്ത് അയാളുടെ ദുർബലമായ നെഞ്ചിന്റെ താളംതെറ്റും.
കൂടപ്പാലയിലെ സരസ്വതിയെയും കൂട്ടി ഞാറക്കടവിലെത്തിയ മിഖായേലിന് ഇരട്ടച്ചങ്കാണെന്ന് നാട്ടുകാർ പറയുമായിരുന്നു. മാടമ്പിജീവിതം അധികകാലം നീണ്ടില്ല. കൊപ്രാവ്യാപാരവുമായി ജോനകർ വന്നതോടെ ചന്തക്കടവിന്റെ നിയന്ത്രണം അയാൾക്ക് നഷ്ടമായി. വരത്തരുടെ യന്ത്രവത്കൃത എണ്ണയാട്ടിനൊപ്പം പിടിച്ചുനിൽക്കാൻ കഴിയാതെ മിഖായേലിന്റെ ചക്കുകാളകൾ കിതച്ചു. കൊപ്രയുണക്കും ചക്ക് തിരിയലുമൊെക്കയായി തിരക്കേറിയ മുറ്റം അനക്കമറ്റതോടെ അയാളുടെ സമനിലതെറ്റി. നിസ്സഹായതയിലേക്ക് ഒരുവളെ തള്ളിവിട്ടതിന്റെ ശാപം. ഞാറച്ചില്ലയിലിരുന്ന് പിറുപിറുക്കുന്ന ആത്മാക്കളുടെ ഒച്ച മേൽക്കൂര തുളച്ച് അയാളുടെ കാതുകളിലെത്തി.
എണ്ണ കിനിയുന്ന മരച്ചക്ക് നിലച്ചതോടെ സരസ്വതിയും മകളുംകൂടി ഉരുക്കളെ അറവുകാരൻ ഔതോക്ക് വിറ്റു. ചാണകമണം മുറ്റമൊഴിഞ്ഞിട്ടും, മിണ്ടാപ്രാണികളുടെ അണപ്പും കിതപ്പും മിഖായേലിനെ വിട്ടുപോകാതെ വട്ടം ചുറ്റിനിന്നു.
"സരസൂ, നീ അതുങ്ങൾക്ക് കാടിവെള്ളം കൊടുത്തില്ലേ."
അയാളുടെ പരുക്കനൊച്ച. ഉണർന്നെങ്കിലും മാറാല നിറഞ്ഞ മച്ചിലേക്ക് നോക്കി സരസ്വതി കിടന്നു. നേരം വെളുത്തുവരുന്നേയുള്ളൂ. ജോനകപ്പള്ളിയിൽനിന്നും വെളുപ്പിനേയുള്ള ബാങ്കുവിളി. ഞാറക്കടവിലെത്തിയതിനു ശേഷമാണ് സുബ്ഹി കേൾക്കുന്നത്. കൂടപ്പാലയിൽ മുസ്ലിംകളില്ലായിരുന്നു. ഒന്നോ രണ്ടോ ക്രിസ്ത്യൻ കുടുംബങ്ങളൊഴിച്ചാൽ ബാക്കിയെല്ലാവരും ഹിന്ദുക്കൾ.
പ്രശ്നംവെപ്പിക്കാനാണ് മിഖായേൽ കൂടപ്പാലയിലെത്തുന്നത്. അയാളുടെ കൈയിലന്ന് വെള്ളിച്ചെല്ലവും പിച്ചള കെട്ടിയ വടിയുമുണ്ടായിരുന്നു. ചെല്ലത്തിനുള്ളിൽ രഹസ്യഅറകൾ. കച്ചവടത്തിലെ പൊലിവും സഹദായുടെ തിരുശേഷിപ്പും അതിലാണ് സൂക്ഷിച്ചിരുന്നത്. അപ്പാപ്പൻ കൊടുത്ത ആനക്കൊമ്പിന്റെ പിടിയുള്ള കത്തിയാണ് വേറൊരു തിരുവസ്തു.
കൂടപ്പാലയിൽ മിഖായേൽ എത്തിയ ദിവസംതന്നെ സരസ്വതീടച്ഛൻ താമ്പൂലമെടുത്തു. സാധാരണ വ്രതം നോറ്റ് മറ്റൊരു ദിവസം വരാനാണ് ആളുകളോടു പറയുക. അന്ന് പതിവുകളെല്ലാം തെറ്റി. മഷി തേക്കുമ്പോൾ കൈ വിറച്ചു. നീട്ടിയ വെറ്റിലയിൽ നാനയുടെ പാമ്പുകളിഴയുന്ന കാഴ്ച. പേടിച്ചുപോയ മിഖായേലിനോട് ചെല്ലത്തിലെ കത്തിയെടുത്ത് സർപ്പത്തറയിൽ വെക്കാൻ അയാൾ ആവശ്യപ്പെട്ടു. കത്തിയിലേക്കാണ് നാഗങ്ങളെ ആവാഹിച്ചത്. അതു കൈയിലുള്ളിടത്തോളം കാലം വിഷം തീണ്ടില്ലെന്നൊരു ഉറപ്പും സരസ്വതീടച്ഛൻ മിഖായേലിനു കൊടുത്തിരുന്നു.
ജാതകദോഷം പരിഹരിക്കാൻ കൂടപ്പാലയിൽ മുടങ്ങാതെ വന്നുകൊണ്ടിരുന്ന മിഖായേലിനോട് എപ്പോഴാണ് ഒരു അടുപ്പം തോന്നിയതെന്ന് സരസ്വതിക്ക് അറിയില്ല. നൂറും പാലും നിറവേറ്റി മടങ്ങുന്ന സന്ധ്യക്കാണ് കൂടെവരുന്നോയെന്ന് അയാൾ ചോദിച്ചത്. അച്ഛൻ എതിരു പറയുമെന്നാണ് കരുതിയത്. മകളുടെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അങ്ങനെയാവട്ടെ എന്നായിരുന്നു അച്ഛന്റെ മറുപടി.
പുള്ളുവൻ പാട്ടും തിരി ഉഴിച്ചിലും കഴിഞ്ഞതിന്റെ പിറ്റേന്നായിരുന്നു കല്യാണം. കെട്ടുകഴിഞ്ഞ് വരനോടൊപ്പമുള്ള ആദ്യ യാത്ര. മിഖായേലിന്റെ കൈയും പിടിച്ച് ഞാറക്കടവിലെത്തുമ്പോൾ കലങ്ങിമറിയുന്ന പുഴയിലൂടെ നിലവിട്ട് ഒഴുകിപ്പോകുന്നൊരു പെണ്ണ്. മരണം കണ്ടുകൊണ്ടാണ് ഞാറക്കടവിലെ ജീവിതം തുടങ്ങിയത്. ഏറെ കൊല്ലം കാത്തിരുന്നു ഒരു കുഞ്ഞ് പിറക്കാൻ. വയസ്സാംകാലത്താണെങ്കിലും ചെല്ലം കൈമാറ്റത്തിന് വീറുള്ളൊരുത്തി ജനിച്ചതിൽ രണ്ടാളും സന്തോഷിച്ചു.
മകൾ വലുതായതോടെ മിഖായേലിനു ഓർമ നഷ്ടപ്പെട്ടു. ദാരിദ്ര്യം കൂട്ടിനെത്തി. കൂടപ്പാലയിൽനിന്ന് ഇടക്കിടെ സരസ്വതീടച്ഛൻ ഞാറക്കടവിലെത്തും. മുറ്റത്തുനിന്നേ അയാൾ മകളോടു സംസാരിക്കുകയുള്ളൂ. കരിക്ക് കൊടുത്താൽ കുടിയ്ക്കും. മറ്റൊന്നും കഴിക്കില്ല. വീട്ടിലേക്ക് ചെല്ലാൻ അയാൾ സരസ്വതിയെ നിർബന്ധിക്കുമെങ്കിലും മിഖായേലിനെ വിട്ട് അവർ എങ്ങോട്ടുമില്ലായിരുന്നു. കൊച്ചുമോളുടെ കൈയിൽ എന്തെങ്കിലും വെച്ചുകൊടുത്തിട്ട് ഇരുട്ടുവീഴും മുന്നേ അയാൾ മടങ്ങും.
"സരസൂ. നീയകത്ത് എന്നായെടുക്കുവാ?"
ഇളംതിണ്ണയിൽനിന്ന് മിഖായേലിന്റെ പരുക്കനൊച്ച ഉയർന്നു. ഉറക്കച്ചടവോടെ സരസ്വതി എഴുന്നേറ്റു പുറത്തേക്കിറങ്ങി. തണുത്തുവിറച്ച് കട്ടിളപ്പടിയിൽ കുത്തിയിരിക്കുന്ന രൂപം കണ്ടതോടെ അവരുടെ ദേഷ്യം അകന്നു. താങ്ങി എഴുന്നേൽപിച്ച് മുള്ളിനനഞ്ഞ മുണ്ടു മാറ്റി. സരസ്വതിയുടെ തോളിൽ പിടിച്ച് നടക്കുമ്പോൾ ചക്കു തിരിയുന്ന ഒച്ചയും കാളകളുടെ കിതപ്പുമൊക്കെ മിഖായേൽ വീണ്ടും കേട്ടു.
"അതുങ്ങക്ക് എന്തേലും കൊടുക്കെടീ."
രാത്രി മുഴുവൻ അയാളുടെ പിച്ചും പേയും കേട്ട് ഉറങ്ങാനാവാതെ വെളുപ്പിനെയാണ് മകളൊന്നു മയങ്ങിയത്. അപ്പോഴേക്കും മുറ്റത്തുനിന്നും മിഖായേലിന്റെ ഒച്ച വീണ്ടും. ഉറക്കംപോയ ദേഷ്യത്തിൽ അവളെഴുന്നേറ്റ് മുടി വാരിക്കെട്ടി പിച്ചളക്കലമെടുത്ത് തള്ളയുടെ മുന്നിലേക്ക് ഇട്ടുകൊടുത്തു.
''അമ്മയിതിലോട്ട് വെള്ളമൊഴിച്ച് അച്ഛനടങ്ങുംവരെ ഇളക്ക്."
ചെമ്പുപാത്രത്തിൽ ചിരട്ടത്തവിയിട്ട് ഇളക്കുന്ന സരസ്വതിയെ കണ്ട് അയാൾ അവരുടെ അടുത്ത് കുത്തിയിരുന്നു.
"കുറച്ചു പിണ്ണാക്കുകൂടി ചേർക്കെടീ."
പാത്രത്തിൽനിന്നും തലയുയർത്തിയ കാളകളുടെ കീഴ്ത്താടിയിലൂടെ പിണ്ണാക്കും ഈളയും ഇറ്റുന്നത് മിഖായേൽ കണ്ടു. അയാളതും നോക്കി സമാധാനത്തോടെ ഇളംതിണ്ണയിലേക്ക് കയറി ചാരുകസേരയിലിരുന്നു. മയക്കം പിടിച്ചതോടെ ആകാശത്തേക്ക് മറഞ്ഞ കൂറ്റൻപക്ഷി വീണ്ടും താണിറങ്ങി, വീടിനു മുകളിൽ വട്ടം ചുറ്റാൻ തുടങ്ങി. ഇരയെ കണ്ടതുപോലെ അതിന്റെ ചിലയ്ക്കൽ. മിഖായേൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:
"എടി സരസുവേ. ഉച്ചവെയിലു മൂത്തതു കണ്ടില്ലേ. നീയതുങ്ങളെ അഴിച്ച് തണലത്തു കെട്ടെടീ."
29
മിഖായേലിനു സുബോധം നഷ്ടപ്പെട്ടതൊന്നും അറിയാതെയാണ് റായന്റച്ഛൻ കോളനിയിലെ വീടും സ്ഥലവും വിൽക്കുന്ന കാര്യത്തിന് ഇളംകുന്നത്ത് തറവാട്ടിലെത്തിയത്. മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ട് മുറ്റത്ത് നിൽക്കുമ്പോൾ പണ്ടവിടെ കൊപ്രയുണക്കാൻ തള്ളയോടൊപ്പം പോയിരുന്ന കാലം അയാളോർത്തു.
അക്കാലത്ത് ഞാറക്കടവിലെ മാളികയുള്ള വീട് കുന്നേക്കാരുടേതായിരുന്നു. പിന്നീടെത്തിയ മിഖായേലിന്റെ അപ്പാപ്പൻ ലിയോനാർദ് ചക്കാലപ്പാടത്തിനടുത്ത് അതിനെക്കാൾ മുഴുപ്പിലൊരെണ്ണം പണിതു. ആറ്റിലൂടെ കേവുവള്ളത്തിൽ കൊണ്ടുവന്ന കല്ലും മരവും രാപ്പകലില്ലാതെ അടിയാളരെക്കൊണ്ട് തലച്ചുമടായി എടുപ്പിച്ചാണ് വീടുപണി പൂർത്തിയാക്കിയത്. ഞാറക്കടവു പള്ളിയോളം വലുപ്പം അതിനുണ്ടെന്ന കേട്ടുകേൾവിയിൽ അമ്പനാപുരത്തുനിന്നും പറോട്ടിയിൽനിന്നും വീടുപണി കാണാൻ ആളുകളെത്തി. പണിക്കാഴ്ച കണ്ടു വയൽവരമ്പിൽ നിന്നിരുന്ന രണ്ടു പറോട്ടിക്കാർ തുലാത്തിലെ ഇടിമിന്നലേറ്റു മരിച്ചതും അന്ന് വലിയ വാർത്തയായിരുന്നു.
കുഞ്ഞിലേ ആ വീടിന് മുഴുപ്പ് തോന്നിയെങ്കിലും താൻ വളരുന്നത് അനുസരിച്ച് അത് ചെറുതാകുന്നപോലെ രായന്റച്ഛന് അനുഭവപ്പെട്ടിരുന്നു. അമ്മക്കൊപ്പം കൊപ്രാ ഉണക്കാൻ ചെല്ലുമ്പോഴുള്ള വലുപ്പം പിന്നീട് മിഖായേലിന്റെ അമ്മയുടെ മരണത്തിനു ചെല്ലുമ്പോഴില്ലായിരുന്നു. മിഖായേലിന്റെ കല്യാണത്തിനുള്ള മധുരസോഡയുമായി കെട്ടുപന്തലിൽ എത്തുമ്പോൾ വീട് വീണ്ടും ചെറുതായി. ഇപ്പോഴത് ചുരുങ്ങി മാധവന്റെ ചായക്കടപോലെ മെലിഞ്ഞു.
മൊരിയും പായലും പിടിച്ച ഇളംകുന്നത്തു വീടിനു മുന്നിൽ പഴയ പേടിയോടെ രായന്റച്ഛൻ മുരടനക്കി. കാഴ്ച മങ്ങിയ കണ്ണിനുമീതെ കൈ ഉയർത്തി ഇളംതിണ്ണയിലേക്കിറങ്ങിയ മിഖായേൽ കാളകളെ കുളിപ്പിക്കാതിരുന്നതിന് രായന്റച്ഛനോട് വഴക്കിട്ടു. കാര്യമറിയാതെ വിരണ്ടുപോയ അയാളോടു സരസ്വതി ഒച്ച താഴ്ത്തി.
''നിങ്ങള് പോയി കുന്നേക്കാരോടു ചോദിക്ക്. ഇങ്ങേർക്കിപ്പോ ഓർമ്മേം വെളിവൊന്നുമില്ല.''
30
കാവനാട്ടുനിന്നെത്തിയ വരത്തൻമാർക്ക് വീട് കൊടുക്കില്ലെന്ന വാശിയിൽ രായന്റച്ഛൻ പലവഴി നോക്കി. ഒടുക്കം ഞാറക്കടവു പള്ളിയിലെ സായിപ്പച്ചൻ വഴിയും അയാളൊരു അന്വേഷണം നടത്തിയിരുന്നു. മിഖായേലിന്റെ തറവാടു ക്ഷയിച്ചതോടെ കുന്നേക്കാർ മാത്രമായിരുന്നു ഞാറക്കടവു പള്ളിക്ക് സാമ്പത്തികമായി ആശ്രയിക്കാവുന്നൊരു ഇടം. കുന്നേക്കാരുമായി സായിപ്പച്ചൻ അത്ര സ്വരചേർച്ചയിലുമല്ല. കച്ചവടമുറക്കാതെ വന്നപ്പോൾ ജോനകർക്ക് തന്നെ വീട് വിറ്റിട്ട് മലമുകളിലെ ചുരമാവിൽ അയാളിത്തിരി മണ്ണു വാങ്ങി. തീറാധാരമെഴുതിയ ദിവസം കൊരവിയും അരകല്ലുമുൾപ്പെടെയുള്ള സാധനങ്ങൾ വണ്ടിയിൽ കയറ്റുമ്പോൾ സഹായിക്കാനെത്തിയവരോട് അയാൾ ദേഷ്യപ്പെട്ടു.
''ഒരുത്തനുമെന്നെ സഹായിക്കണ്ട.''
''ഇതെന്ത് പുകില്. നിങ്ങക്കിവിടം വിട്ടുപോവേണ്ട വല്ല കാര്യോണ്ടോ.''
ആളുകളോട് ഒന്നും പറയാതെ അയാളും കുടുംബവും ചുരമാവിലേക്ക് യാത്രയായി. അപ്പനും അമ്മക്കും സഹോദരങ്ങൾക്കും പിന്നാലെ വീടുവിട്ടിറങ്ങിയ രായനു കരച്ചിൽ വന്നു. ഞാറക്കടവു പാലത്തിന്റെ കയറ്റമിറങ്ങുമ്പോൾ രായന്റച്ഛൻ വണ്ടിയൊതുക്കി പുറത്തേക്കിറങ്ങി.
''എടാ മോനെ നിൽക്ക് നീയിതെങ്ങോട്ടാ.''
ഒപ്പമിറങ്ങിയ മകനെ രായന്റമ്മ വട്ടംപിടിച്ചു. അവൻ അവരുടെ കൈതട്ടിമാറ്റി ചരിവിറങ്ങി കിഴക്കോട്ട് ഓടിപ്പോയി.
ചുരമാവിൽ ചെന്ന് സാധനങ്ങളൊക്കെ ഇറക്കിവെച്ചിട്ട് ആ രാത്രിതന്നെ മകനെ കൂട്ടിക്കൊണ്ടുപോകാൻ രായന്റച്ഛൻ ഞാറക്കടവിലേക്ക് തിരിച്ചു. ഞാറക്കടവിലിനി കാലുകുത്തില്ലെന്ന് കോളനിക്കാരോടുപറഞ്ഞതിന്റെ ചൂടാറും മുന്നേ അവിടേക്കു തിരിച്ചെത്തിയ ചളിപ്പ് അയാളുടെ മുഖത്തുണ്ടായിരുന്നു. കാതടക്കം തോർത്തുകെട്ടി കടലാമണക്കുവേലി നൂണ്ട് അയാൾ അധികമാരുടെയും കണ്ണിൽപ്പെടാതെ അച്ചമ്മയുടെ വീട്ടിലേക്ക് ചെന്നു. അയൽപക്കത്തെ ആൾബലം പോയതിൽ വീർപ്പുമുട്ടിനിന്ന അവരുടെ മുഖത്തേക്കൊരു വെട്ടം. നിറഞ്ഞ കണ്ണ് തുടച്ച് കലത്തിൽ മിച്ചമുണ്ടായിരുന്നത് അവർ വിളമ്പി.
അയാൾ ചോറുണ്ണുന്നതും നോക്കി, നെറ്റിയിലേക്ക് പാറിക്കിടന്ന മുടി കൈപ്പുറംകൊണ്ട് ഒതുക്കി അവർ അടുത്തിരുന്നു.
തീറ്റിയും കഴിഞ്ഞ് രായന്റച്ഛൻ മുറ്റത്ത് ചാക്ക് വിരിക്കുമ്പോൾ നിലാവിൽ അയാളുടെ മേത്തേക്ക് ആത്തകൊമ്പിന്റെ നിഴലുകൾ ഇളകി. കളിയും കഴിഞ്ഞെത്തിയ പിള്ളാരെയും ചേർത്തുപിടിച്ച് അയാൾ കിടക്കുന്നതു കണ്ട് അച്ചമ്മയുടെ സ്വരമിടറി.
''വീടു ചരിഞ്ഞില്ലായിരുന്നേ എല്ലാർക്കും അകത്ത് കിടക്കായിരുന്നു.''
''അത് സാരമില്ല. ഇവിടാകുമ്പോ കുമർച്ചയുണ്ടാവില്ല.''
കുറച്ചുനേരം മുറ്റത്ത് ചുറ്റിപ്പറ്റി നിന്നിട്ട് അവർ മോനിച്ചേടുത്തിക്കൊപ്പം നടന്നു. അവരങ്ങനെ തിരിഞ്ഞുനോക്കി പോയെങ്കിലും, അതു കാണാത്തപോലെ അയാൾ രായനെയും കുഞ്ഞാപ്പിയെയും ചേർത്തുപിടിച്ചു കിടന്നു.
രാത്രിയോരോന്ന് ആലോചിച്ചു മോനിച്ചേടുത്തിയുടെ വീട്ടിൽ കിടന്ന അച്ചമ്മ വെട്ടംവീഴും മുന്നേ തിരിച്ചെത്തി. അവരെത്തും മുന്നേ എഴുന്നേറ്റ രായന്റച്ഛൻ മാവിലപൊട്ടിച്ച് പല്ല് തേച്ചുതുടങ്ങിയിരുന്നു. അച്ചമ്മ അയാൾക്ക് കട്ടനിട്ടു. രായനെയും കൂട്ടി യാത്രപറയുമ്പോൾ അച്ചമ്മയും അവരോടൊപ്പം ഇറങ്ങി. ചന്തക്കടവിലെത്തിയപ്പോൾ അവനച്ഛന്റെ കൈവിടുവിച്ച് ചാഞ്ഞുകിടന്ന ഞാറച്ചില്ലയിലേക്ക് കയറി, കുഞ്ഞാപ്പിക്കൊപ്പം പുഴയിലേക്ക് ചാടി. ഒഴുക്കിലവരുടെ തല പൊങ്ങുന്നതും നോക്കി അന്ധാളിച്ചു നിന്ന അയാളെ അച്ചമ്മ സമാധാനിപ്പിച്ചു.
''ദേ പിള്ളേര് തെക്കേ കടവിൽ പൊങ്ങി.''
ദേഷ്യവും സങ്കടവും കൂടിക്കുഴഞ്ഞ മനസ്സോടെ അയാൾ നയമ്പുമെടുത്ത് വഞ്ചി തള്ളാൻ തുടങ്ങുന്നതു കണ്ട് അച്ചമ്മ തടസ്സം പറഞ്ഞു.
''നല്ലൊഴുക്കാ. വഞ്ചിയിറക്കണ്ട. ഞാനവനെ കൊണ്ടുവന്നാക്കാം.''
31
ചുരമാവിലേക്ക് പോയ രായന്റച്ഛൻ പിന്നീടൊരിക്കലും മകനെ കൂട്ടിക്കൊണ്ടുപോകാൻ ഞാറക്കടവിലേക്ക് വന്നില്ല. വർഷങ്ങൾ മൂന്നാലു കഴിഞ്ഞതോടെ ആളുകൾ അയാളെ മറന്നു. വീട്ടിലെ പ്രയാസങ്ങളൊന്നും അറിയിക്കാതെ അച്ചമ്മ കുഞ്ഞാപ്പിക്കൊപ്പം രായനും വെച്ചുവിളമ്പി.
കരിക്കച്ചിറ സ്കൂളിലെ പഠിപ്പു മുടങ്ങിയ വർഷം രായനും കുഞ്ഞാപ്പിയുംകൂടി പതിവുപോലെ നാനയുടെ പറമ്പിലേക്ക് മിഖായേലിന്റെ മകളെ കൂട്ടിക്കൊണ്ടു വന്നു. സ്കൂളിൽ അവരൊന്നിച്ചായിരുന്നു പഠിപ്പ്. പൊളിഞ്ഞു കിടന്നിരുന്ന വീട്ടിലേക്ക് പൂച്ചക്കണ്ണുള്ള വെളുത്തവൾ കയറുന്നതു കണ്ട് പശുവിനെ മേയിച്ചോണ്ടു നിന്ന സാഞ്ചോ സംശയത്തോടെ നോക്കി. രായൻ അയാളെ ഗൗനിക്കാതെ പിന്നാലെ കയറി. കാടുപിടിച്ച പറമ്പിലെ മരങ്ങൾക്കിടയിലൂടെ എത്തിയ കാറ്റിന് പാടവള്ളിയുടെ പാമ്പുമണം. പതിവുപോലെ അകത്തൊരു മൂലക്ക് പെണ്ണിനെ പിടിച്ചിരുത്തിയിട്ട് രായൻ മുണ്ടിന്റെ മടക്കഴിച്ച് ചാമ്പയ്ക്കയും കാരപ്പഴവും അവളുടെ മടിയിലേക്ക് കുടഞ്ഞിട്ടു.
''നീയിത് തിന്നോണ്ടിരി, ഞങ്ങളിപ്പോ വരാം.''
രണ്ടുപേരും കൂടി പുറത്തേക്കിറങ്ങുമ്പോൾ പെണ്ണിനു പേടി.
''എങ്ങോട്ടാ പോണേ. കഴിഞ്ഞ തവണത്തെപ്പോലെ വൈകരുതും.''
ചെല്ലം ചേർത്തുപിടിച്ചിരിക്കുന്ന അവളെ നോക്കി ചിരിച്ചിട്ട് രായൻ ചിതലരിച്ച വാതിൽ ചാരി പുറത്തേക്കിറങ്ങി.
''രായാ. എനിക്കൊരു പേടി.''
''എന്തിന്?''
''നീയെളുപ്പം വാ കാവിലെ ഉത്സവത്തിനെന്നും പറഞ്ഞാണ് അവളു വീട്ടീന്നിറങ്ങിയത്. സന്ധ്യക്കു മുന്നേ പറഞ്ഞുവിടണം.''
രണ്ടുപേരും പെട്ടെന്ന് തോട്ടിലിറങ്ങി. ആമ്പൽപ്പൂക്കൾ പൊട്ടിച്ച് മാലയുണ്ടാക്കുമ്പോൾ ചെല്ലം അവളുടെ കൈയീന്ന് അടിച്ചുമാറ്റുന്ന കാര്യം രായൻ സൂചിപ്പിച്ചു.
''അവള് തരില്ല. കഴിഞ്ഞതവണയും നമ്മൾ ചോദിച്ചതല്ലേ.''
''തന്നില്ലേ, ഇന്നത് ബലമായിട്ടു വാങ്ങും.''
കുഞ്ഞാപ്പി പൂക്കളുമായി മുന്നേ നടന്നു. നടവഴിയിലേക്ക് കയറുമ്പോൾ മേടയിലെ പശുവിനെ കുറ്റിയിൽ കെട്ടിയിട്ട് സായിപ്പച്ചന്റെ കറവക്കാരൻ സാഞ്ചോ നാനയുടെ അയ്യമിറങ്ങുന്നു.
''ഈ മാരണത്തെ പറഞ്ഞുവിടാൻ എന്താണ് വഴി.''
രായൻ പ്ലാവില കുത്തുന്ന കമ്പിയെടുത്ത് പശുവിന്റെ പള്ളക്കു കുത്തി. എളിയിൽ തറഞ്ഞ കമ്പിയുമായി പശു കയറും പൊട്ടിച്ച് പായുന്നതിന്റെ കരച്ചിൽ കേട്ടതും സാഞ്ചോ അതിന്റെ പിന്നാലെ ഓടി. കയറിൽ തൂങ്ങി നെഞ്ചുരച്ചുള്ള അയാളുടെ പോക്കും നോക്കിനിന്നിട്ട് രണ്ടാളും നാനയുടെ അയ്യമിറങ്ങി. നടച്ചാലിനു കുറുകെ ഒരു പാമ്പ്.
''രായാ. പള്ളിപ്പശുവിനെ കുത്തിയതിനു പുണ്യാളനയച്ച മൂർഖനാ.''
''നിനക്ക് പ്രാന്താ. ഇത് കരിഞ്ചേരയാ.''
വട്ടം കിടന്നതിനെ രായൻ പുളിങ്കമ്പിനു പൊക്കി.
''നോക്കടാ പത്തിയുണ്ടോന്ന്.''
രായനതിന്റെ വാലിൽ പിടിച്ച് തലക്കു മീതെ ചുഴറ്റി. എല്ല് നുറുങ്ങുന്ന ഒച്ച. പാതി ചത്തതിനെ തോളേ ചുറ്റി ഒരു മുട്ടൻ തെറിയോടെ രായൻ ചുവടുവെച്ചു. മണ്ണിലേക്ക് മലർന്നു വീണുപോയ കുഞ്ഞാപ്പിയുടെ നെഞ്ചിൽ ചവിട്ടി രായൻ ചിരിച്ചു. ഒച്ച കേട്ട് പെണ്ണിറങ്ങി വന്നു. അവളുടെ കൈയിലിരുന്ന ചെല്ലത്തിലായിരുന്നു രായന്റെ കണ്ണ്.
പറമ്പിൽ വീണുകിടന്നിരുന്ന ചുള്ളിക്കമ്പുകൾ കൂമ്പലാക്കി രണ്ടാളും മുറ്റത്ത് ആഴികൂട്ടുന്നതും നോക്കി പെണ്ണ് തൊട്ടടുത്തിരുന്നു. രായൻ പാമ്പിനെ തീയിലിട്ടു. ചാരം തെറിപ്പിച്ചു പുറത്തേക്ക് പുളഞ്ഞ അതിന്റെ വെളുത്ത വയറിന്റെ മിനുക്കത്തിൽ കൂർപ്പിച്ച പുളിങ്കമ്പ് കുത്തിയിറക്കിയതോടെ പെണ്ണ് പേടിച്ച് അകത്തേക്ക് കയറി.
''വെന്തുവരാൻ സമയമെടുക്കും. ഞാനകത്തോട്ട് ചെല്ലട്ടെ.''
നെയ് മുറ്റിയ പാമ്പിന്റെ മാംസം രായൻ തിന്നാറുള്ളത് ഓർത്തപ്പോൾ കുഞ്ഞാപ്പിക്ക് ഓക്കാനം വന്നു. ഉരഞ്ഞുപൊട്ടിയ മുറിവിലെ മണ്ണ് തുടച്ച് അവനെഴുന്നേറ്റു.
കുപ്പിവള പൊട്ടുന്നപോലെ അകത്തൊരു ചിണുങ്ങൽ. കുഞ്ഞാപ്പി ചുമർവിടവിലൂടെ നോക്കി. മാലയുമായി രായൻ അവളുടെ അടുത്തേക്ക് ചെന്നതും ചാമ്പയ്ക്ക തിന്നോണ്ടിരുന്ന പെണ്ണ് എഴുന്നേറ്റു.
''കുഞ്ഞാപ്പിയെന്തിയേ.''
''അവൻ വരും.''
''അവനെക്കൂടി വിളിക്ക്.''
പെണ്ണിന് കുഞ്ഞാപ്പിയോടാണ് കൂറെന്ന് അറിഞ്ഞതോടെ രായന് വെറഞ്ഞെങ്കിലും വള്ളിപ്പാവാടയുടെ അതേനിറമുള്ള മേലുടുപ്പിൽ അവൻ കൈവെച്ചു. മണ്ണപ്പം ചുട്ടപോലെയുള്ളതിൽ രായന്റെ കുസൃതി. ഭിത്തിയുടെ വിടവിലൂടെ എത്തിവലിഞ്ഞു അതെല്ലാം കണ്ടുനിന്ന കുഞ്ഞാപ്പിയുടെ കുതികാലിടറി.
രായന്റെ കൈ തട്ടിമാറ്റിയിട്ട് പെണ്ണ് ദേഷ്യപ്പെട്ടു.
''ഇങ്ങനൊന്നും വേണ്ട. എനിക്ക് പേടിയാ.''
''എന്തിനാ പേടിക്കുന്നേ. ഞാൻ നിന്നെ കെട്ടാൻ പോകുവാ.''
കൂട്ടിക്കെട്ടിയ ആമ്പൽമാല രായൻ അവളുടെ കഴുത്തിലിട്ടു. നിർബന്ധിച്ച് അവളെക്കൊണ്ട് അവന്റെ കഴുത്തിലിടീക്കുകയും ചെയ്തു. വിരലുകൾ മുടിയിഴകളിലൂടെ പരതിനടന്നു. എതിർപ്പു കുറഞ്ഞ് അവൾ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി. മുതുകിൽ അവളുടെ നഖം ആഴുന്നതിന്റെ വേദന. അരക്കെട്ടിൽ പിടിച്ചുയർത്തി രായനവളെ ഭിത്തിയോടു ചേർത്തു. അഴുക്കു നിറഞ്ഞ തറയിൽ ആമ്പൽപ്പൂക്കൾ ചിതറി.
ഇരുട്ട് ഡെറിനാനയുടെ ചതുപ്പിലേക്ക് അമർന്നു. ചേക്കേറിയ കിളികളുടെ കലമ്പൽ. തലപ്പൊക്കം ഒരു വവ്വാൽ പറന്നതിന്റെ ചിറകടി കേട്ട് കുഞ്ഞാപ്പി നിലത്തേക്ക് കുമ്പിട്ടു. തീയാളിക്കൊണ്ടിരുന്ന ആഴിയിൽനിന്നും വെന്ത പാമ്പ് തലപൊക്കിയതുപോലെ. അകത്തുനിന്നും പെണ്ണിന്റെ നിലവിളി. കുറച്ചു നേരത്തേക്ക് അനക്കമില്ല. കുഞ്ഞാപ്പി വിടവിലൂടെ വീണ്ടും ഉള്ളിലേക്ക് നോക്കി. കൊത്തവന്റെ കണ്ണിനു കിട്ടേണ്ടതായിരുന്നു. പിടഞ്ഞുമാറുമ്പോൾ പുറത്തേക്ക് വന്നവൻ തിളങ്ങുന്ന തലയും ഉടലും വളച്ച് അളയിലേക്ക് വീണ്ടും ചുരുണ്ടു. ഇരുട്ടിലവൻ പേടിച്ചു നിൽക്കുമ്പോഴേക്കും വേർത്തു കുളിച്ച്, മിഖായേലിന്റെ ചെല്ലവുമായി രായൻ പുറത്തേക്കിറങ്ങി വന്നു.
ചെല്ലം തുറന്നു രായൻ അണപ്പോടെ പറയുന്നതൊന്നും കേൾക്കാതെ കുഞ്ഞാപ്പി അകത്തേക്ക് കയറി. മുറിയുടെ നടുക്ക് ചോരയിൽ കുളിച്ച പെണ്ണ്.
കണ്ണു രണ്ടും പുറത്തേക്ക് തള്ളിനിന്നിരുന്നു.
(തുടരും)