മുടിയറകൾ - 8
സാഞ്ചോയുടെ പെടുമരണത്തോടെ മിഖായേലിന്റെ മകളുടെ കൊലപാതകവും ഞാറക്കടവിൽനിന്നുള്ള രായന്റെയും കുഞ്ഞാപ്പിയുടെയും തിരോധാനവും വീണ്ടും ദുരൂഹതയിലായി. അന്വേഷണം പലവഴിക്ക് നീങ്ങി. ഒടുക്കം തൂങ്ങിമരിച്ച സാഞ്ചോയെ പ്രതിയാക്കി പോലീസ് കേസ് അവസാനിപ്പിച്ചു. | ചിത്രീകരണം: കന്നി എം
32നാടുവിട്ടുപോയ കുഞ്ഞാപ്പിയെയും രായനെയും അന്വേഷിച്ച് അച്ചമ്മ ഒരുപാട് അലഞ്ഞെങ്കിലും രണ്ടാളെയും കുറിച്ച് വിവരമൊന്നും കിട്ടിയില്ല. നാനയുടെ പറമ്പിൽവെച്ച് ഒടുക്കം അവരെ കണ്ടത് കറവക്കാരൻ സാഞ്ചോയാണ്. പശുവിന്റെ പള്ളക്ക് കമ്പി കുത്തുന്നതും പൊളിഞ്ഞുകിടന്ന വീട്ടിലേക്ക് പെൺകൊച്ചിനെ രണ്ടാളും ചേർന്ന് വലിച്ചിഴക്കുന്നതും കണ്ടെന്ന് അയാൾ പള്ളിക്കാരോടു പറഞ്ഞു. കൊല്ലുന്നത്...
Your Subscription Supports Independent Journalism
View Plans32
നാടുവിട്ടുപോയ കുഞ്ഞാപ്പിയെയും രായനെയും അന്വേഷിച്ച് അച്ചമ്മ ഒരുപാട് അലഞ്ഞെങ്കിലും രണ്ടാളെയും കുറിച്ച് വിവരമൊന്നും കിട്ടിയില്ല. നാനയുടെ പറമ്പിൽവെച്ച് ഒടുക്കം അവരെ കണ്ടത് കറവക്കാരൻ സാഞ്ചോയാണ്. പശുവിന്റെ പള്ളക്ക് കമ്പി കുത്തുന്നതും പൊളിഞ്ഞുകിടന്ന വീട്ടിലേക്ക് പെൺകൊച്ചിനെ രണ്ടാളും ചേർന്ന് വലിച്ചിഴക്കുന്നതും കണ്ടെന്ന് അയാൾ പള്ളിക്കാരോടു പറഞ്ഞു. കൊല്ലുന്നത് കണ്ടോയെന്ന ചോദ്യത്തിനു മുന്നിൽ സാഞ്ചോയൊന്നു പരുങ്ങി.
അച്ചമ്മ ചെല്ലുമ്പോൾ മേടയുടെ മുറ്റത്ത് പോലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. സാഞ്ചോയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിസ്സഹായത നിറഞ്ഞ അച്ചന്റെ നിൽപു കണ്ടതോടെ അവർ പെട്ടെന്ന് വീട്ടിലേക്ക് മടങ്ങി.
സ്റ്റേഷനിൽവെച്ചുള്ള ചോദ്യങ്ങൾക്കെല്ലാം പേടിച്ചിട്ടാവും സാഞ്ചോക്ക് ഉത്തരം മുട്ടി. മൂന്നാലു ദിവസം ലോക്കപ്പിൽ കിടന്നയാൾ തല്ലുകൊണ്ടു. തിരിച്ചെത്തിയ രാത്രി കറവപ്പശുവിനെയുംകൊണ്ട് തീണ്ടാത്തുരുത്തിലെത്തി. തല്ലിമരത്തിൽ ഉരുവിനെ കെട്ടിയിട്ട് സാഞ്ചോ അതിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചുനിന്ന് ഇത്തിരിനേരം കരഞ്ഞു. തളപ്പിട്ട് മരമുകളിലേക്ക് കയറിപ്പോകുന്നവനെ ദൈന്യതയോടെ നോക്കി പശു അമറാൻ തുടങ്ങി.
സാഞ്ചോയുടെ പെടുമരണത്തോടെ മിഖായേലിന്റെ മകളുടെ കൊലപാതകവും ഞാറക്കടവിൽനിന്നുള്ള രായന്റെയും കുഞ്ഞാപ്പിയുടെയും തിരോധാനവും വീണ്ടും ദുരൂഹതയിലായി. അന്വേഷണം പലവഴിക്ക് നീങ്ങി. ഒടുക്കം തൂങ്ങിമരിച്ച സാഞ്ചോയെ പ്രതിയാക്കി പോലീസ് കേസ് അവസാനിപ്പിച്ചു. കുറേക്കാലം അതൊക്കെതന്നെയായിരുന്നു മാധവന്റെ ചായക്കടയിലും ചന്തക്കടവിലുമൊക്കെ സംസാരം. പിന്നീട് ഫിലിപ്പ് മുതലാളിയുടെ വരവോടെ ജനം അതെല്ലാം മറന്നു.
മേപ്പാളത്തെ തോട്ടം മുതലാളിയായിരുന്നു ഫിലിപ്പ്. മേപ്പാളം വിട്ട് മലയിറങ്ങാൻ അയാൾക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. തന്റെ കാര്യങ്ങളിലൊക്കെ ഇടപെടാനൊരാൾ വേണമെന്നുള്ള വിചാരത്തോ ടെയാണ് സായിപ്പച്ചൻ ഫിലിപ്പിനെ ഞാറക്കടവിലേക്ക് വരുത്തുന്നത്. കുന്നേക്കാർ എതിർത്തെങ്കിലും ചന്തക്കടവിലെ പള്ളിസ്ഥലത്ത് നീളത്തിലൊരു കടമുറി പണിയാൻ ഫിലിപ്പിന് അനുവാദം കൊടുത്തു. ചന്തയിലേക്ക് ആവശ്യമുള്ളതെല്ലാം അയാൾ ലോറിയിൽ കയറ്റിക്കൊണ്ടുവന്ന് ആദായവിലയ്ക്ക് വിറ്റു. ഫിലിപ്പിന്റെ വ്യാപാരത്തോടെ ഞാറക്കടവു ചന്ത പഴയ തിരക്കുകളിലേക്ക് തിരിച്ചെത്തി.
കള്ളത്തടി വെട്ടിയുള്ള പരിചയത്തിൽ ഒരു തടിമില്ലുകൂടി ഫിലിപ്പ് ഞാറക്കടവിൽ തുടങ്ങി. തടിയുരുളുകളുമായി മേപ്പാളത്തുനിന്നെത്തിയ ഫിലിപ്പ് മുതലാളിയുടെ ലൈലൻഡ് ലോറികളുടെ ഇരമ്പലും 'സെന്റ് ജോർജ്' മില്ലിലെ ഈർച്ചവാളിന്റെ ഇരുമ്പൊച്ചയുമായി ഞാറക്കടവിനു തിരക്കേറി. അധികം വൈകാതെ ഫിലിപ്പ് ഞാറക്കടവിലൊരു ചെരിപ്പു ഫാക്ടറികൂടി തുടങ്ങി. തരംകിട്ടുമ്പോഴൊക്കെ കുന്നേക്കാർ ആളെയിറക്കി അയാളുടെ സ്ഥാപനങ്ങൾക്കു മുന്നിൽ കൊടികുത്തിച്ചും മുദ്രാവാക്യം വിളിപ്പിച്ചും കോണ്ടസാ വഴിയിൽ തടഞ്ഞും ദേഷ്യം തീർത്തിരുന്നു.
നാട്ടുകാരുടെ എരിവിളി മറയ്ക്കാൻ മതിൽ കെട്ടിപ്പൊക്കിയതിനുശേഷം പുത്തൻ ബംഗ്ലാവ് പണിതാൽ മതിയെന്ന് ഫിലിപ്പിനെ ഉപദേശിച്ചത് സായിപ്പച്ചനായിരുന്നു. മിഖായേലിന്റെ കാടുപിടിച്ചു കിടന്ന പറമ്പ് വാങ്ങി അതിനുചുറ്റും ജയിലിനെ വെല്ലുന്നൊരു കൂറ്റൻ മതിൽ ഫിലിപ്പ് പണിതു. ഇടവപ്പാതിക്കു മുന്നേ ഒരുഗ്രൻ ഇരുനില ചതുപ്പിൽനിന്നു പൊന്തുകയും ചെയ്തു. വെഞ്ചരിപ്പിനു വന്ന സായിപ്പച്ചൻ വീടിനകം മുഴുവൻ പുത്തൻവെള്ളം തളിച്ചു. മുറ്റത്തേക്കിറങ്ങി ബാവാ തമ്പുരാന്റെ പ്രാർഥന ചൊല്ലി മേപ്പോട്ടു നോക്കി. മട്ടുപ്പാവിലൊരു പുണ്യാളൻ. വാല്യക്കാരൻ പയ്യനെക്കൊണ്ട് ഏണിയെടുപ്പിച്ചു. മുകളിലേക്കു കയറാൻ തുടങ്ങുമ്പോഴേക്കും ഫിലിപ്പ് തടസ്സം പറഞ്ഞു:
''അച്ചാ മുകളിലേക്ക് കയറണ്ടാ അതു വെറും സിമന്റു രൂപാ.''
''ദൈവദോഷം പറയാതെ ഫിലിപ്പേ. തടിയായാലും സ്വർണമായാലും സിമന്റായാലും രൂപം വെച്ചിട്ട് പുത്തൻവെള്ളം തളിച്ചില്ലേ ദോഷാ.''
ഫിലിപ്പ് വേണ്ടെന്നു പറഞ്ഞിട്ടും അച്ചൻ ഏണിയിൽ വലിഞ്ഞുകയറി. സഹദായുടെ സിമന്റുരൂപത്തിൽ വെഞ്ചരിപ്പുവെള്ളം തളിച്ചിറങ്ങുംവരെ വാല്യക്കാരൻ പയ്യനോടൊപ്പം ഫിലിപ്പും അച്ചന് ഏണി പിടിച്ചുകൊടുത്തു.
33
മഴക്കാലത്താണ് ഫിലിപ്പു മുതലാളിയുടെ മതിലിന്റെ കെടുതികൾ ഞാറക്കടവുകാർ അറിഞ്ഞുതുടങ്ങിയത്. ചതുപ്പ് നികത്തി ചുറ്റുമതിൽ പൊക്കിയതിനൊപ്പം കോളനിയുടെ പിന്നാമ്പുറത്തുകൂടി ഒഴുകിയിരുന്ന ചീക്കത്തോടിന്റെ കൈവഴിയും ഫിലിപ്പ് പൂഴിയിട്ടു മൂടിയിരുന്നു. ആറ്റിലേക്കുള്ള ഒഴുക്കു നിലച്ചതോടെ പെരുമഴയത്ത് കോളനി മുങ്ങി. മുതലാളിയുടെ ഗേറ്റിനു മുന്നിലെത്തിയ കോളനിയിലെ പെണ്ണുങ്ങൾ മുച്ചൂടും തെറി പറഞ്ഞു. കലിപ്പു തീരാതെ അയാളുടെ നേരെ തുണിപൊക്കി. ഇതെല്ലാം കണ്ടുകൊണ്ട് ഇരുനില മുഖപ്പിലിരുന്ന പുണ്യാളന്റെ തല കുമ്പിട്ടുപോയി.
''കൈത്തോടു തുറന്നില്ലേ മുതലാളി വിവരം അറിയും.''
വാക്കത്തിയുമായി കൂട്ടംകൂടിയ ആളുകൾ ഗേറ്റ് തള്ളിത്തുറന്നതോടെ ഫിലിപ്പ് പട്ടികളെ തുറന്നുവിട്ടു. ചിതറിയോടുന്ന മനുഷ്യരുടെ തുടയിലെ മാംസം പട്ടി കടിച്ചെടുത്തു. മട്ടുപ്പാവിൽനിന്ന് അതെല്ലാം കണ്ട ലാലമ്മക്ക് സങ്കടമായി. അവൾ കെട്ടിയവനെ വഴക്കുപറഞ്ഞു. ഇത്തിരി കഴിഞ്ഞപ്പോഴേക്കും വീടിനു മുന്നിൽനിന്ന് പ്രാണൻ പോകുന്നപോലെയുള്ള കരച്ചിൽ. ഇരട്ടക്കുഴൽ തോക്കുമായി ഫിലിപ്പ് ഇറങ്ങിച്ചെല്ലുമ്പോഴേക്കും പന്നിപ്പടക്കം കടിച്ച അയാളുടെ മുന്തിയ ഇനം പട്ടികൾ മുറ്റത്ത് ചിതറിപ്പോയിരുന്നു.
കോളനി മൊത്തം ഇളകിയതറിഞ്ഞ് സായിപ്പച്ചൻ ലാമ്പിയുമെടുത്താണ് ഫിലിപ്പിന്റെ വീട്ടിലെത്തിയത്. പോർട്ടിക്കോയിൽ വെച്ചിരുന്ന പൂച്ചെട്ടിയെ ഇടിച്ചുതെറിപ്പിച്ച് അച്ചന്റെ വണ്ടി നിന്നു. കാര്യങ്ങൾ പറഞ്ഞ് തീർപ്പാക്കുന്നതിൽ ഫിലിപ്പ് സഹകരിക്കാമെന്നു പറഞ്ഞതോടെ അച്ചൻ ഊണുമേശയോടു ചേർത്തിട്ടിരുന്ന കസേര പുറകിലേക്ക് വലിച്ചിട്ട് ഭക്ഷണം കഴിക്കാനിരുന്നു.
ആവി പറക്കുന്ന പുട്ടും കുരുമുളകു ചേർത്ത ചിക്കൻ പെരട്ടും ഫിലിപ്പിന്റെ ഭാര്യ ലാലമ്മ വിളമ്പി. വന്ന കാര്യമൊക്കെ മറന്ന് അച്ചന്റെ ഉള്ളൊന്നു ആന്തി. അരിയസിനു പിടിക്കാത്ത എരിവു സാധനമാണ് കൺമുന്നിൽ. കഴിച്ചില്ലേ ഫിലിപ്പിന്റെ പെണ്ണ് പിണങ്ങും. കഴിച്ചാൽ ഒരാഴ്ചത്തേക്ക് അടിയുടുപ്പിനുള്ളിൽ തുണി വെക്കേണ്ടിവരും. വെളുപ്പിനെയുള്ള പാടുപീഡകൾ സഹിച്ചിട്ടാണെങ്കിലും കഴിക്കാൻതന്നെ അച്ചൻ തീരുമാനിച്ചു. പെരട്ടു തീരുന്ന മുറക്ക് ലാലമ്മ വിളമ്പിക്കൊണ്ടിരുന്നു. കുമ്പിട്ടിരുന്ന ഫിലിപ്പിന്റെ പ്ലേറ്റിലേക്ക് അവളൊരു കോഴിക്കാലെടുത്തുവെച്ചു.
''ഫിലിപ്പേ. നീയാ കൈത്തോടു നിന്നിരുന്നിടത്ത് കാണ പണിത് കൊടുക്ക്. മേപ്പാളല്ലിത് പട്ടിയെ തുറന്നുവിടാനും തോക്കെടുത്ത് പേടിപ്പിക്കാനും.''
അച്ചൻ സംസാരിച്ചു തുടങ്ങി. രാവിലത്തെ ഭയാനക സംഭവങ്ങളുടെ നടുക്കത്താൽ വലിഞ്ഞു മുറുകിയ ലാലമ്മയുടെ മുഖത്തൊരു അയവു വന്നു.
സായിപ്പച്ചൻ എന്തുപറഞ്ഞാലും ഫിലിപ്പ് അനുസരിക്കുമെന്ന് അവർക്കറിയാമായിരുന്നു. ഫിലിപ്പു മുതലാളിയുടെ അപ്പാപ്പന്റെ അനിയന്റെ മകനാണ് സായിപ്പച്ചൻ. കീഴാറ്റൂർ ഇടവകയിലെ സഭാവിരോധികളോടു മല്ലിട്ട് രണ്ടു കപ്പേളയും ഒരു സ്കൂളും പണിതിട്ടാണ് അച്ചൻ ഞാറക്കടവിലെത്തുന്നത്. ശരിക്കുമുള്ള പേര് മോറിസ് പാലത്തിങ്കൽ എന്നാണെങ്കിലും ദേഹം മുഴുവൻ വെളുപ്പുദീനമുള്ളതുകൊണ്ട് ആളുകളെല്ലാവരും സായിപ്പച്ചനെന്നാണ് വിളിച്ചിരുന്നത്.
35
വള്ളത്തിന്റെ ഓട്ടയടച്ചുകൊണ്ടിരുന്ന തെക്കേച്ചിറയിലെ ചൌരോയാണ് ഞാറക്കടവിലെത്തിയ സായിപ്പച്ചന്റെ കത്തനാരുപെട്ടി ചുമന്നത്. കടവു മുതൽ പള്ളിവരെയുള്ള കുശലാന്വേഷണത്തിൽ അയാൾക്ക് മരപ്പണികൂടി വശമുണ്ടെന്ന് സായിപ്പച്ചന് മനസ്സിലായി. ഞായറാഴ്ച പള്ളിയിൽ വരുമ്പോൾ തന്നെ കാണണമെന്നും പറഞ്ഞ് കുറച്ച് പൈസ അച്ചൻ ചൌരോക്ക് കൊടുത്തു.
സായിപ്പച്ചനാണ് ഞാറക്കടവു പള്ളിയിലെ അൾത്താരയോടു ചേർന്ന് െബഞ്ചിടുന്ന ശീലം തുടങ്ങിയത്. ചൌരോയെക്കൊണ്ട് പണിയിച്ച െബഞ്ചുകൾ മൂന്നു വരിയായി അച്ചൻ അൾത്താരക്ക് മുന്നിലിട്ടു. മുൻവരി െബഞ്ചിനായിരുന്നു ഏറ്റവും കൂടുതൽ പണം ഈടാക്കിയത്. െബഞ്ച് സ്വന്തമാക്കുന്ന കുടുംബക്കാർ അതിൽ ഇരിക്കാനുള്ള അവകാശമായി എല്ലാ ആണ്ടിലും ഒരു നിശ്ചിത തുക പതവാരം കൊടുക്കണമായിരുന്നു. ലേലത്തിൽ ഞാറക്കടവിലെ പണക്കാർ മുന്തിയ വിലയ്ക്ക് െബഞ്ച് സ്വന്തമാക്കി അതിലവരുടെ കുടുംബപ്പേര് എഴുതി.
മരപ്പണിയും കഴിഞ്ഞ് വീട്ടിലെത്തിയ ചൌരോയോട് കുട്ടികൾ ഒരാശ പറഞ്ഞ് വാശി പിടിച്ചു.
''നിങ്ങള് പണിത ബഞ്ചല്ലേ. മക്കളേം അതിലൊന്നിരുത്ത്."
ഭാര്യയുടെ നിർബന്ധത്താലാണ് ആരുമില്ലാത്ത നേരം നോക്കി ചൌരോ അതുങ്ങളേയും കൂട്ടി പള്ളിയിലേക്ക് ചെന്നത്. മുൻവരി െബഞ്ചിലിരുന്ന കൊച്ചുങ്ങളുടെ ചിരിയും സന്തോഷവുമൊക്കെ കുറച്ചു നേരമേ നീണ്ടുള്ളൂ. വിവരമറിഞ്ഞ് പള്ളിയിലേക്ക് പാഞ്ഞെത്തിയ കുന്നേലെ പണിക്കാരുടെ അടിയേറ്റ് ചൌരോയുടെ കണ്ണു കലങ്ങി. പേടിച്ചുപോയ പിള്ളാരെയും ചേർത്തുപിടിച്ച് അയാൾ ബലിപീഠത്തിനു മുന്നിലിരുന്ന് നിലവിളിക്കുന്നത് കണ്ട് സായിപ്പച്ചൻ നിസ്സഹായതയോടെ മേടയിലേക്ക് മടങ്ങി.
സായിപ്പച്ചൻ പറഞ്ഞിട്ടാണ് ഊറാൻകുത്തിയ കുടുംബ െബഞ്ച് മാറ്റി പുത്തനൊന്ന് ഫിലിപ്പ് മലമുകളിൽനിന്നും കൊണ്ടുവരുന്നത്. ചെണ്ടക്കാരും വാദ്യമേളങ്ങളുമായി ആഘോഷപൂർവം അത് പള്ളിയിലേക്ക് എഴുന്നള്ളിച്ചു. അലങ്കരിച്ച ലൈലൻഡ് ലോറിയിലെത്തിയ വരത്തന്റെ സാധനം പുത്തൻവെള്ളം തളിച്ച് പള്ളിയിലേക്ക് കയറ്റിയത് കുന്നേക്കാർക്ക് പിടിച്ചില്ല. എങ്കിലും എതിരു പറയാനുള്ള അവരുടെ ബലമൊക്കെ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
കുടുംബവഴക്കിനെ തുടർന്നു സ്വത്തുക്കളൊക്കെ കുന്നേക്കാർ വിറ്റു തുടങ്ങിയപ്പോൾ അതെല്ലാം ആളുകളെ വിട്ട് വാങ്ങിക്കൂട്ടിയത് ഫിലിപ്പാണ്. കുന്നേക്കാരുടെ വസ്തുവകകൾ വിജാതീയരുടെ കൈകളിലേക്ക് പോകരുതെന്ന ഉദ്ദേശ്യംകൂടി ഫിലിപ്പിനെ ഞാറക്കടവിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോൾ സായിപ്പച്ചനുണ്ടായിരുന്നു.
''നാട്ടുകാരുമായി ഇണങ്ങെടാ. ഈ ഇടവക മൊത്തത്തില് നിന്റെ വരുതീ വന്നാ പള്ളിക്കു കൂടിയാണ് അതിന്റെ ഗുണം.''
അച്ചൻ പറയുന്നത് കേട്ടെങ്കിലും ഫിലിപ്പ് ഒന്നും പറയാതെ ഊണുമേശയിലിരുന്ന കുപ്പി വീണ്ടും തുറന്നു. ഇഹലോകത്തെറികളും പന്നിപ്പടക്കയൊച്ചയും കേട്ടതിന്റെ നടുക്കം ഇടക്കിടെ ലാലമ്മയെ അലട്ടിക്കൊണ്ടിരുന്നു. കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇരട്ടക്കുഴൽ തോക്കിനൊപ്പം ഫിലിപ്പിന്റെ അപ്പൻ വെടിവെച്ചിട്ട കാണ്ടാമൃഗത്തിന്റെ തല ഭിത്തിയിലിരുന്ന് അച്ചനെ നോക്കി. തിളങ്ങുന്ന കണ്ണൊന്നു ചിമ്മിയപോലെ അച്ചനു തോന്നി.
സായിപ്പച്ചന്റെ നിർബന്ധങ്ങൾക്ക് വഴങ്ങുമെങ്കിലും ഫിലിപ്പിനു ഞാറക്കടവു വെറിയായിരുന്നു. അപ്പന്റെ തോക്കുമായി കാടിളക്കി കിട്ടുന്ന വെടിയിറച്ചി, ഏലത്തോട്ടത്തിലെ ഒളിസേവ, മലമുകളിലെ പള്ളിയിൽ അമ്പുപെരുന്നാളിന് കിരീടം വെച്ചുള്ള പ്രസുദേന്തി വാഴ്ച, എന്തുപറഞ്ഞാലും ഏത്തമിട്ടു കേൾക്കുന്ന തോട്ടംപണിക്കാർ, മേപ്പാളത്തെ രസച്ചരടുകളൊന്നും ഞാറക്കടവിൽ അയാൾക്ക് കൂട്ടിക്കെട്ടാനായില്ല.
സായിപ്പച്ചന്റെ ധ്യാനംകൂടാൻ വന്ന ലാലമ്മ, സംസാരത്തിനിടയിലാണ് കെട്ടിയവന്റെ വഴിവിട്ട ജീവിതം സായിപ്പച്ചനോടു പറയുന്നത്. കേട്ടപാടെ അച്ചൻ ആളെ അയച്ച് ഫിലിപ്പിനെ ഞാറക്കടവിലെത്തിക്കുകയായിരുന്നു.
കോളനിക്കാരുമായുള്ള വഴക്കിനൊരു പരിഹാരം പറഞ്ഞ് യാത്രചോദിക്കുമ്പോൾ ലാലമ്മയുടെ പേടി മാറാൻ അച്ചനവളുടെ റോസ്നെറ്റിയിലൊരു കുരിശു വരച്ചു.
"ലാലമ്മേ നീയവന്റെ കൈയീന്നാ ഇരട്ടക്കുഴൽ തോക്ക് വാങ്ങി മേടയിലേക്ക് കൊടുത്തു വിട്ടേര്. അതിനി ഇവിടിരുന്നാ ശരിയാവില്ല.''
''തോക്കുമാത്രം അച്ചൻ ചോദിക്കരുത്. ഇവിടം മുഴുവൻ പരട്ട കമ്യൂണിസ്റ്റുകളാ. എനിക്ക് മടുത്തച്ചാ. ഒന്നുകിൽ ഞാനെല്ലാറ്റിനേം വെടിവെച്ചു കൊല്ലും. ഇല്ലേ എന്നെ മലയിലേക്ക് തിരിച്ചുപോകാൻ സമ്മതിക്ക്.''
''ന്റെ ഫിലിപ്പേ, നീ പോയാ അച്ചനാരാ ഒരു ബലം.''
ഫിലിപ്പ് ഒന്നും മിണ്ടാതെയിരിക്കുന്നതു കണ്ട് സായിപ്പച്ചൻ സ്വരം താഴ്ത്തി.
''ഞാറക്കടവൊരു കാനാൻദേശമാ. വിജാതീയര് വിലപറഞ്ഞ് ഉറപ്പിക്കുന്നതിനു മുന്നേ നീയതൊക്കെ അടപടലെ വാങ്ങ്.''
(തുടരും)